close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 10 20


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 10 20
ലക്കം 840
മുൻലക്കം 1991 10 13
പിൻലക്കം 1991 10 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ദിനക്കുറിപ്പുകള്‍

  1. ഒരു നൃത്തം കാണാന്‍ പോയി ഞാന്‍. പതിനേഴു വയസ്സോളമുള്ള ഒരു പെണ്‍കുട്ടി അത്യാകര്‍ഷകമായി നൃത്തം ചവിട്ടുന്നു. അസ്തമിക്കുന്ന സൂര്യന്‍ ചക്രവാളത്തിലേക്ക് ഇറങ്ങി കടലില്‍ അപ്രത്യക്ഷമാകുന്നതിനുമുന്‍പ് അരുണാഭങ്ങളായ രശ്മികള്‍ അന്തരീക്ഷത്തിലേക്കു പ്രസരിപ്പിച്ച് അവിടെമാകെ തിളക്കുന്നതുപോലെ വര്‍ണ്ണക്കടലാസ്സുകൊണ്ട് പൊതിഞ്ഞ വിദ്യൂച്ഛക്തിവിളക്കില്‍നിന്ന് അരുണശോഭയാര്‍ന്ന രശ്മികള്‍ പ്രസരിപ്പിച്ച് ഒരാള്‍ ആ പെണ്‍കുട്ടിയെയും അവളുടെ വസ്ത്രങ്ങളെയും സിന്ദൂര വര്‍ണ്ണത്തില്‍ മുക്കി. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ അവള്‍ ഹരിതാഭയില്‍ ആമജ്ജനം ചെയ്തു. ഉത്തരക്ഷണത്തില്‍ ധവളവര്‍ണ്ണം അവളെ ആവരണം ചെയ്തു. ഇങ്ങനെ എത്രയെത്ര വര്‍ണ്ണങ്ങള്‍! ഇന്നു മഹാകവി വള്ളത്തോളിനെ ആധുനിക സാഹിത്യകാരന്മാര്‍ കുററപ്പെടുത്തുന്നു. അദ്ദേഹം കവിയല്ലെന്നുവരെ ചിലര്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റ ‘മഗ്ദലനമറിയ’വും ‘കൊച്ചുസീത’യും മററും വായിക്കുമ്പോള്‍ മാറിമാറിവരുന്ന നിറങ്ങളോടുകൂടി വേദിയില്‍ നൃത്തമാടുന്ന സുന്ദരിയെ കാണുന്ന പ്രതീതിയാണ് എനിക്ക്.
  2. ഒരത്യന്താധുനിക കവി കാലത്ത് എന്നെക്കാണാന്‍ വന്നു. വളരെനേരം നവീനതമസാഹിത്യത്തെ നീതിമത്കരിച്ചുകൊണ്ട് സംസാരിച്ചു. അതില്‍ തെററില്ല. താന്‍ വിശ്വസിക്കുന്ന കാര്യം അസന്ദിഗ്ദ്ധമായിത്തന്നെ പറയേണ്ടതാണ് ആരും. ഏറെനേരം അങ്ങനെ കാര്യങ്ങള്‍ പറഞ്ഞിട്ട് അദ്ദേഹം യാത്ര പറഞ്ഞു. മര്യാദയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തൊടൊരുമിച്ച് ഗെയ്ററ്‌വരെ പോയി. അദ്ദേഹം വന്നതു സ്ക്കൂട്ടറിലായിരുന്നു. അതില്‍ കയറിയിരുന്ന് നീളമുള്ള ഒരു കമ്പിയില്‍ ഒററച്ചവിട്ട്. സ്ക്കൂട്ടര്‍ നിശ്ശബ്ദം. പിന്നെയും ചവിട്ട്. അനക്കമില്ല. ദേഷ്യത്തോടെ അനവധി ചവിട്ടുകള്‍. ചലനരഹിതം അദ്ദേഹം സ്ക്കൂട്ടറില്‍നിന്നിറങ്ങി സ്വന്തം വാഹനത്തെ സ്നേഹപൂര്‍വ്വം പാടേ ചരിച്ചു. നേരേനിറുത്തി പിന്നീട്. എന്നിട്ട് അനുനയിപ്പിക്കുന്ന മട്ടില്‍ മൃദുലമായ ചവിട്ട്. ഇല്ല. നിശ്ചേതനത്വംതന്നെ “അടുത്ത് വര്‍ക്കഷോപ്പ് ഉണ്ട്. അങ്ങോട്ടു കോണ്ടുപോകു” എന്നു ഞാന്‍ നിര്‍ദ്ദേശിച്ചു. പാടുപെട്ട് ആ മനുഷ്യന്‍ അതു തള്ളിക്കൊണ്ടു പോയി. ദയനീയമായ ആ കാഴ്ച മുഴുവനും കാണാതെ ഞാന്‍ വീട്ടിനകത്തേക്കു പോന്നു. ഇതുപോലെയാണ് അദ്ദേഹം നവീനതമസാഹിത്യത്തെ അര്‍ത്ഥത്തിനുവേണ്ടി ചവിട്ടുന്നത്. പാദാഭിഘാതങ്ങള്‍ ഏറെയേററിട്ടും സാഹിത്യം അര്‍ത്ഥത്തിന്റെ യന്ത്രധ്വനി കേള്‍പ്പിക്കുന്നില്ല. മൃദുലമായി ചരിച്ചുവയ്ക്കുന്നു. നിവര്‍ത്തിവയ്ക്കുന്നു. കടുത്ത പാദപ്രഹാരത്തിനു പകരം മൃദുലമായ പാദസ്പര്‍ശം നടത്തു്ന്നു. ഫലമില്ല. ഗത്യന്തരമില്ലാതെ നവീനനിരൂപകന്റെ വര്‍ക്ക്ഷോപ്പിലേക്ക് അയാള്‍ നവീനസാഹിത്യയന്ത്രത്തെ തള്ളിക്കൊണ്ടു പോകുന്നു.

ശ്രീ സത്യസായിബാബ

മനുഷ്യനു മനസ്സിലാകാത്ത കവിതയെഴുതുന്നത് മനുഷ്യനോടു മാത്രമല്ല ഈശ്വരനോടും ചെയ്യുന്ന പാപമാണ്.

സത്യസായിബാബയില്‍ വിശ്വസിക്കുന്നവര്‍, വിശ്വസിക്കാത്തവര്‍ ഇവരൊക്കെ വായിക്കേണ്ട പുസ്തമാണ്. “Miracles Are my Visiting Cards” — “An investigative report on the psychic phenomena associated with Sathya Sai Baba” (Century Paperbacks — A Rider Book \pounds{6.95.) ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ Eriendur Haraidsson Ph.D ഐസ്‌ലണ്ട് സര്‍വകാലാശാലയിലെ സൈക്കോളജി പ്രഫെസറാണ്. അദ്ദേഹം സഹപ്രവര്‍ത്തകനായ ഡോക്ടര്‍ ഓസിസിനോടുകൂടി സത്യസായിബാബയെ നേരിട്ടു കണ്ടു; അദ്ദേഹത്തിന്റെ വിസ്മയാവഹങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പ്രമുഖന്മാരെ കണ്ടു. “Miracles are my visiting cards” എന്ന് ഹരല്‍ഡ്സണ്ണിനോടും കൂട്ടകാരനോടും മററു ഗവേഷകന്മാരോടും അസന്ദിഗ്ദ്ധമായ പ്രഖ്യാപിച്ച സത്യസായിബാബയുടെ അത്യദ്ഭുത പ്രവൃത്തികളെക്കുറിച്ചുള്ള പഠനമാണ് ഇപ്പുസ്തകം. തങ്ങള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കു സായിബാബ വിധേയനാകണമെന്നായിരുന്നു ഗവേഷകരുടെ അഭ്യര്‍ത്ഥന. താന്‍ ഈശ്വരനാണെന്നും ജനതയെ വിശ്വസിപ്പിക്കാന്‍വേണ്ടി മാത്രം ദിവ്യാദ്ഭുതപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും സായിബാബ അവരോടു പറഞ്ഞു. ഒരുദാഹരണം അദ്ദഹേം നല്‍കുകയും ചെയ്തു. “പ്രധാനമന്ത്രിക്ക് വലിയ അധികാരങ്ങളുണ്ട്. ചില പരിതഃസ്ഥിതികളില്‍ ജനങ്ങളെ അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന് ആജ്ഞാപിക്കാം. എന്നാല്‍ അധികാരമുണ്ടെന്നു കാണിക്കാന്‍വേണ്ടി പ്രധാനമന്ത്രിക്ക് ഒരു വിശദീകരണപ്രകടനം നടത്തനൊക്കുകയില്ല. ഭക്തന്മാരുടെ നന്മയ്ക്കും സംരക്ഷണത്തിനുംവേണ്ടി മാത്രമേ ദൈവികശക്തികള്‍ പ്രയോജനപ്പെടുത്താനാവൂ.” സായിബാബ ഇങ്ങനെ അറിയിച്ചതിനുശേഷവും ഗവേഷകര്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ സായിബാബ വഴങ്ങിയില്ല. പിന്നീട് ദിവ്യപ്രവര്‍ത്തികള്‍ നേരിട്ടു കാണുക; പ്രമുഖന്മാരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക ഇതേ മാര്‍ഗ്ഗമായി ഉണ്ടായിരുന്നുള്ളു. എല്ലാം ഗവേഷകരെ അമ്പരിപ്പിച്ചു. ആഫ്രിക്കന്‍ രീതിയില്‍ വളര്‍ത്തിയ തലമുടിക്കകത്തുനിന്നോ നീണ്ട കുപ്പായത്തിനകത്തുനിന്നോ ആണ് സായിബാബ വിഭൂതിയും സ്വര്‍ണ്ണാഭരണങ്ങളും എടുക്കുന്നതെന്ന ചിലരുടെ അഭിപ്രായം ഈ പ്രഫെസര്‍ക്കു സ്വീകരിക്കാൻ വയ്യ.പലപ്പോഴും ഭസ്മമെടുക്കുന്നതിനുമുമ്പ് ദ്രഷ്ടാക്കള്‍ സംശയിക്കാതിരിക്കാനായി സായിബാബ കുപ്പായത്തിന്റെ കൈകള്‍ കൈമുട്ടുവരെ തെറുത്തുകയററി വയ്ക്കാറുണ്ട്. മണ്ണില്‍നിന്നു മധുരപലഹാരങ്ങള്‍ അദ്ദേഹം എടുത്തുകൊടുക്കുമ്പോള്‍ അവയില്‍ ഒരു മണ്‍ത്തരിപോലും പററിയിരിക്കില്ല. നല്ല ചൂടും. ചില സന്ദര്‍ഭങ്ങളില്‍ കൈയില്‍ അവ വയ്ക്കാന്‍ വയ്യാത്ത വിധത്തിലായിരിക്കും ചൂട്. സ്വാദ് സവിശേഷതയുള്ളതു്. ചിത്രവതിനദിക്കടുത്ത് ഒരു കല്പവൃക്ഷമുണ്ട്. ഭക്തജനങ്ങള്‍ക്ക് എന്തു പഴമാണ് വേണ്ടെതെന്ന് സായിബാബ ചോദിക്കും. ചോദിക്കുന്ന സമയത്തു കിട്ടാത്തവ മാത്രമല്ല വടക്കേയിന്ത്യയില്‍ വിരളമായി മാത്രം കിട്ടുന്ന പഴങ്ങള്‍പോലും ഭക്തര്‍ ആവശ്യപ്പെടാറുണ്ട്. “ചെന്ന് അടര്‍ത്തിയെടുക്കൂ” എന്നു ദൂരെയിരിക്കുന്ന സായിബാബ പറയും. ഭക്തര്‍ മരത്തിനടുത്ത് ചെല്ലുമ്പോള്‍ അവ അതിലുണ്ടായിരിക്കും. പറിച്ചെടുത്താല്‍ മതി.

ഗ്രന്ഥത്തില്‍, മനഃശാസ്ത്രജ്ഞനായ പ്രഫെസര്‍ വിവരിക്കുന്ന അദ്ഭുതകൃത്യങ്ങളില്‍ ചിലതു പോലും ഇവിടെ എടുത്തെഴുതാന്‍ വയ്യ. സ്ഥലമില്ല. ഒരെണ്ണംകൂടി പറയാം. 1970 ഓഗസ്റ്റ് 30–ആം തീയതിയാണ് കോഴിക്കോട്ട് ഇതുണ്ടായത്. ഡോക്ടര്‍ പി. ബി. മേനോന്‍, മുത്തലക്ഷ്മിയുടെ കണ്ണില്‍ തിമിരം മാററാന്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുമുന്‍പ് അവര്‍ പുട്ടപ്പര്‍ത്തിയില്‍ പോയി സായിബാബയെ കണ്ടു. തിമിരമെന്നു പറയുന്നതിനുമുന്‍പ് അദ്ദേഹം അവരോടു പറഞ്ഞു: ഒരു കണ്ണില്‍ തിമിരം. മറ്റേക്കണ്ണിനു് ചെറിയ കുഴപ്പം. വിഷമിക്കേണ്ട. ശസ്ത്രക്രിയ നടക്കുമ്പോള്‍ ഞാന്‍ നിന്റെ അടുത്തുണ്ടാവും. ശസ്ത്രിക്രിയ നടക്കുന്നതിന്റെ തലേദിവസം കാല്പെരുമാററം. ഒരു സ്പര്‍ശം, മുത്തലക്ഷ്മി കണ്ണുകള്‍ തുറന്നപ്പോള്‍ സായിബാബ നില്ക്കുന്നു. ആ സന്ദര്‍ഭത്തില്‍ ഡോക്ടര്‍ മേനോന്റെ അസിസ്റ്റന്റ് മൂസ്സത് ആ മുറിയിലേക്കു വന്നു. അദ്ദേഹം സായിബാബയെ കണ്ടു അമ്പരന്നു അവിടെ നിന്നു. തെല്ലുകഴിഞ്ഞ് മൂസ്സതു ബോധം കെട്ടു. അടുത്തദിവസം ശസ്ത്രക്രിയ നടന്നു. അതുണ്ടായി എന്നൊരു തോന്നല്‍പോലും ആര്‍ക്കുമുണ്ടാവാത്തവിധത്തില്‍ മുത്തലക്ഷ്മിയുടെ കണ്ണുകള്‍ തെളിച്ചമുള്ളവയായിരുന്നു. മൂസ്സത് സായിബാബ ഭക്തനായി മാറി. ഡോക്ടര്‍ മേനോനും അങ്ങനെ തന്നെ.

പരിഗണനാര്‍ഹമായ ഒരനുമാനത്തിലുമെത്താതെ ഗ്രന്ഥകാരന്‍ ഗ്രന്ഥം അവസാനിപ്പിക്കുന്നു. ഏതു സംഭവത്തിന്റെയും സത്യമറിയണമെങ്കില്‍ ശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ മാത്രമേ മാര്‍ഗ്ഗമായുള്ളു. സത്യസായിബാബ ആ പരീക്ഷണങ്ങള്‍ക്കു സമ്മതം നല്കിയില്ല. അതിനാല്‍ paranormal phenomena യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ എന്നു തീരുമാനിക്കാന്‍ ഈ ശാസ്ത്രകാരനു കഴിഞ്ഞില്ല. വിശ്വവിഖ്യാതനായ റഷ്യന്‍ ചിത്രകാരന്‍ നീക്കോലൌസ്റ്റൊറിഹിന്റെ പുത്രന്‍ ഡോക്ടര്‍ സ്വെററസ്ളാവ് റോറിഹിന്റെ (ഫിലിം സ്റ്റാര്‍ ദേവികാറാണിയെ വിവാഹം കഴിച്ച ചിത്രകാരന്‍) പറഞ്ഞ വാക്കുകള്‍ ഈ ഗ്രന്ഥത്തിലുള്ളത് ഇവിടെ എടുത്തെഴിതിക്കൊണ്ട് ഇത് അവസാനിപ്പിക്കാം. “There can be no doubt about it for the time being that Baba is a great pheneomenon” (Page 198).

* * *

Encash എന്ന പദം Oxford Dictionary-യില്‍പ്പോലുമുണ്ടെന്ന് പലരും റ്റെലിഫോണില്‍ വിളിച്ചു പറഞ്ഞു എന്നോട്. ഉണ്ട്. സമ്മതിച്ചു. പക്ഷേ അത് വാണിജ്യമണ്ഡലത്തില്‍ മാത്രമുള്ള പ്രയോഗമാണ്. King’s English-ല്‍ encash എന്ന പ്രയാഗമില്ല. അനുനിമിഷം വികാസം കൊള്ളുന്ന ഭാഷയില്‍ ഒരു പുതിയ വാക്കു വന്നാലെന്ത് എന്നു ചോദിക്കുന്നവര്‍ കാണും. അവരോടു് എനിക്കുള്ള മറുപടിയിതാണ്: “ഞാന്‍ ഭാഷാശുദ്ധിയിലും ശൈലിശുദ്ധിയിലും നിഷ്ഠയുള്ള ആളാണ്. ‘ആംഗല’മെന്നോ ‘മാസ്മര’മെന്നോ പ്രയോഗിച്ചുകൂടാ എന്ന മതമാണ് എനിക്ക്.”

Symbol question.svg.png “തത്ത്വമസി എന്ന മഹാവാക്യത്തിനു യോജിച്ച വിധത്തില്‍ ജീവിക്കുന്ന ഒരാളിന്റെ പേരു പറയു.”

“എല്ലാ സുഖസൌകര്യങ്ങളോടുംകൂടിയ രണ്ടു നിലക്കെട്ടിടം. കളര്‍ റ്റെലിവിഷന്‍, റ്റെലിഫോണ്‍, ബാങ്കില്‍ വലിയ തുക, മക്കളൊക്കെ നല്ല നിലയില്‍ ഇത്രയുമായിക്കഴിഞ്ഞ ചില ആളുകള്‍ തിരുവനന്തപുരത്തെ തീര്‍ത്ഥപാദമണ്ഡപത്തിലും രാമകൃഷ്ണാശ്രമത്തിലും കയറിനിന്ന് ‘അതു നീതന്നെയാണ്’, ‘എല്ലാം മായ, ഒന്നേ സത്യമായുള്ള അതു ബ്രഹ്മമാണ്’ എന്നൊക്കെ പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. വല്ല ഹിമാലയത്തിലോ മറ്റോ സന്ന്യാസിമാരെയും നിങ്ങള്‍ പറഞ്ഞ രീതിയില്‍ കണ്ടെന്നു വരും.” “കേരളത്തില്‍ ആരുമില്ല. സന്ന്യാസിമാരെയും വിശ്വസിക്കരുത്. ‘കര്‍മ്മകോല’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഹിമാലയത്തിലെ സന്ന്യാസിമാര്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഒരു സ്ത്രീയുടെ ഇപ്പോഴത്തെ ഭ്രാന്തുപിടിച്ച ജീവിതത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വായിച്ചുനോക്കുക.

Symbol question.svg.png “ഒറിജിനാലിററിയുള്ള സ്ത്രീകളുണ്ടോ?”

“എത്രയോ പേരെ എനിക്കു നേരിട്ടറിയാം. പുരുഷന്മാര്‍‌ക്ക് അവരുടെ അടുത്തു വരാനെക്കുകയില്ല. പക്ഷേ ഏറിയകൂറും സ്ത്രീകള്‍ അവിവാഹിതകളായിരിക്കുമ്പോള്‍ പിതാക്കന്മാരുടെ അഭിപ്രായങ്ങള്‍ സ്വന്തമഭിപ്രായങ്ങളായി ആവിഷ്കരിക്കും. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ് ഇഡിയററാണെങ്കിലും അയാള്‍ പറയുന്നതൊക്കെ സ്വന്തമാക്കിപ്പറയും. പ്രായമായ മകന്റെ മതങ്ങള്‍ സ്വന്തം മതങ്ങളാക്കി മാററും വൃദ്ധയാകുമ്പോള്‍. ഭര്‍ത്താവു മാറുന്നതനുസരിച്ച് അഭിപ്രായം മാററുന്ന സ്ത്രീയെ കാണണമെങ്കില്‍ ചെക്കോവിന്റെ ‘ഡാര്‍ലിങ്’ എന്ന കഥവായിക്കുക.”

Symbol question.svg.png “ഒരുത്തനുമായി ഒളിച്ചോടുന്ന സ്ത്രീയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്?”

“അരമണിക്കൂര്‍ കഴിയേണ്ടതില്ല. അതിനുമുമ്പ് അവള്‍ ദുഃഖിക്കും. അവള്‍ അവന്റെകൂടെ അങ്ങനെ യാതനാനിര്‍ഭരമായി ജീവിതം കഴിച്ചു കൂട്ടുമ്പോള്‍ അവളുടെ ബന്ധുക്കള്‍ക്ക് അവളോടു ബഹുമാനം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും നേരേചൊവ്വേ ജീവിക്കുന്നവരോട് ആ ബന്ധുക്കള്‍ക്കു പുച്ഛവും.”

Symbol question.svg.png “കാമുകിയെ റ്റെലിഫോണില്‍ കാമുകന്‍ വിളിക്കുമ്പോള്‍ അച്ഛനമ്മമാരുടെ മാനസിക നില എന്തായിരിക്കും?”

“തന്ത അത് മിക്കവാറും അറിയില്ല. തള്ള തീര്‍ച്ചയായും അറിയും. അറിയുമ്പോള്‍ വിളിക്കുന്നവനോട് ‘ഇതരുത്’ എന്നു പറയും. ആ തള്ള ചെറുപ്പക്കാരിയായിരുന്നപ്പോള്‍ അവരുടെ അമ്മയും അതുപോലെ ‘ഇത് അരുത്’ എന്ന് അന്നത്തെ കാമുകനെ വിലക്കിയിരിക്കും.”

Symbol question.svg.png “നിങ്ങള്‍ ദൈവമായാല്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തു രോഗം വരുത്തും?”

“തൊണ്ടയ്ക്കു രോഗമുണ്ടാക്കും. പിന്നെ പ്രസംഗിക്കാനൊക്കുകയില്ല.”

Symbol question.svg.png “ഡോക്ടര്‍ പൂവററൂര്‍ രാമകൃഷ്ണപിള്ളയുടെ ഒരു പുസ്തകം റീലീസ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ അധിക്ഷേപിച്ചതു മാന്യമായ പ്രവൃത്തിയാണോ?”

“ഞാന്‍ അദ്ദേഹത്തെ ആക്ഷേപിച്ചില്ല. തീസിസ് എന്ന നിലയില്‍ അതു നല്ലതാണന്നും പാണ്ഡിത്യത്തിലും ബുദ്ധിശക്തിയിലും ഡോക്ടര്‍ പൂവററൂര്‍ രാമകൃഷ്ണപില്ല അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന എന്നെ ബഹുദൂരം അതിശയിച്ചിരിക്കുന്നുവെന്നുമാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, രാമകൃഷ്ണപിള്ളയും അദ്ദേഹത്തന്റെ സഹധര്‍മ്മിണി പ്രഫെസര്‍ രമയും വേറെ ചിലരും തെററിദ്ധരിച്ചു. “സാര്‍ വധിച്ചുകളഞ്ഞല്ലോ” എന്നു രമ ചിരിച്ചുകൊണ്ടാണെങ്കിലും എന്നോടു പറഞ്ഞു. രാമകൃഷ്ണപിള്ളയുടെ ഗ്രന്ഥം കേരളവര്‍മ്മയുടെ ‘വിശാഖ വിജയം’ എന്ന കാവ്യത്തെക്കുറിച്ചാണ്. കേരളവര്‍മ്മയെ കവിയെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍ ഞാന്‍ മാനിക്കുന്നില്ല. മനുഷ്യനെ വിട്ടിട്ട് കവിയെ ഞാന്‍ വിമര്‍ശിച്ചു. എന്റെ അഭിപ്രായം ഞാന്‍ പറയാതിരിക്കുന്നതെങ്ങനെ? മലയാളഭാഷയെ സംസ്കൃതത്തിന്റെ ദാസിയാക്കിയ പത്താംതരം സംസ്കൃതകവിയും പതിനൊന്നാംതരം മലയാളകവിയുമാണ് കേരളവര്‍മ്മ. പിന്നെ എനിക്ക് ഒരു കാര്യമാകാമായിരുന്നു. അത്തരം സമ്മേളനത്തിനു പോകാതെ വീട്ടിലിരിക്കാമായിരുന്നു. പോയതു തെററ്.”

Symbol question.svg.png “പണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തത് സ്ത്രീക്കോ പുരുഷനോ?”

“മറുപടി നല്കാന്‍ വൈഷമ്യമുണ്ട്. സ്നേഹിക്കുന്ന പുരുഷന് ഉള്ളതെല്ലാം വാരിക്കോരിക്കൊടുക്കുന്ന സ്ത്രീകള്‍ ധാരാളം. അതേസമയം പഴയ രീതിയില്‍ ജീവിക്കുന്നവരും ഏറെയുണ്ട്. എന്റെ കുട്ടിക്കാലത്ത് വീട്ടിലെ പരിചാരികയ്ക്ക് രണ്ടു രൂപയായിരുന്നു പ്രതിമാസ ശമ്പളം എന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ പരിചാരികയ്ക്കും. പ്രതിമാസം രണ്ടുരൂപയേ ശമ്പളം കൊടുക്കൂ. ഞാന്‍ എന്റെ അമ്മയെ കുററപ്പെടുത്തുകയില്ല. പല സ്ത്രീകള്‍ക്കും സാമ്പദികകാര്യങ്ങളില്‍ പുരോഗമനമില്ല.”

സംയോഗം

ഞാന്‍ താജ്‌മഹല്‍ കണ്ടിട്ടില്ല. അതു നിലാവില്‍ മുങ്ങിനില്‍ക്കുന്ന സമയത്ത് അതിനടുത്തു ഞാനുണ്ടായിരുന്നു. എങ്കിലും പോയില്ല. എന്റെ സാന്നിദ്ധ്യംകൊണ്ട് താജ്മഹലിന്റെയും നിലാവിന്റെയും സംയോഗത്തില്‍ വൈലക്ഷണ്യമുണ്ടാക്കേണ്ടതില്ല എന്നു ഞാന്‍ വിചാരിച്ചു. ചന്ദ്രികയില്‍ വിലയംകൊണ്ട ആ കലാശില്പത്തെക്കുറിച്ച് ആലോചിക്കൂ. ചന്ദ്രികയില്‍നിന്നു താജ്മഹലിനെ വേര്‍തിരിക്കാനാവില്ല. താജ്മഹലില്‍നിന്നു നിലാവിനെയും. അവയ്ക്കു പശ്ചാത്തലമരുളുന്ന അന്തരീക്ഷവും അവയുടെ അവിഭാജ്യഘടകമാണ്. അല്ലെങ്കില്‍ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന പൂഞ്ചോലയെ സങ്കല്പിക്കൂ. ജലത്തിനും പ്രകാശത്തിനും വിഭിന്നത് കാണില്ല. താജ്മഹലില്‍ നിലാവും നീലാന്തരീക്ഷവുമെന്നപോലെ, പൂഞ്ചോലയില്‍ സൂര്യപ്രകാശമെന്നപോലെ, കടപ്പുറത്തെ പഞ്ചാരമണ്ണില്‍ അമൃതതരംഗിണിയെന്ന പോലെ ജീവിതസംഭവങ്ങളില്‍ കല ജനിപ്പിക്കുന്ന അലീകത (illusion) വീണിരിക്കണം. അതു വീണാലെ കലയുടെ ആവില്‍ഭാവം സംഭവിക്കൂ. ശ്രീ. സി. വി. ബാലകൃഷ്ണന്‍ കലാകൌമുദിയിലെഴുതിയ ‘മാലാഖമാര്‍ ചിറകുവീശുമ്പോള്‍’ എന്ന കഥയില്‍ കലയുടെ കൌമുദി വീണിട്ടില്ല. മോരും മുതിരയുമെന്നപോലെ വിഭിന്ന സംഭവങ്ങള്‍ വേര്‍തിരിഞ്ഞു നില്ക്കുന്നു. ഒരു ക്രൈസ്തവപുരോഹിതന്‍ മാലാഖമാരുടെ ചിത്രം വരയ്ക്കുന്നു. മറ്റൊരിടത്ത് ഒരുത്തന്‍ പന്നിക്കൂടുണ്ടാക്കി പന്നികളെ അവയ്ക്കുള്ളിലാക്കി വളര്‍ത്തുന്നു. ഒരുദിവസം പന്നികളെ വളര്‍ത്തുന്നവര്‍ സ്വന്തം ഭാര്യയെ നഗ്നയാക്കി അവയുടെകൂടെ ഇരുത്തിയിട്ടു കൂടും പൂട്ടി അപ്രത്യക്ഷനാകുന്നു. പുരോഹിതന്‍ അതുകണ്ടു സ്തംഭിച്ചു നില്ക്കുമ്പോള്‍ സര്‍ഗ്ഗാത്മകത്വത്തിന്റെ പ്രേരണ. കലയുടെ ആദര്‍ശാത്മകലോകവും പ്രായോഗികതയുടെ വിലക്ഷണലോകവും ചിത്രീകരിക്കാനുള്ള കഥാകാരന്റെ യത്നം നന്ന്. പക്ഷേ സംഭവങ്ങള്‍ക്കു സംയോഗമില്ല. രവിവര്‍മ്മയുടെ ദമയന്തി എന്ന ചിത്രം കാണുമ്പോള്‍ അരയന്നം വേറെ ദമയന്തി ദമയന്തി വേറെ അവയുടെ പശ്ചാത്തലം വേറെ എന്ന തോന്നലുണ്ടാകുന്നില്ല. ആ സംയോഗം ഏതു ചെറുകഥയ്ക്കുണ്ടോ അതാണ് ഉത്കൃഷ്ടമായ ചെറുകഥ.

* * *

ഇവിടെ വെളുപ്പാന്‍കാലത്ത് ഇതെഴുതുമ്പോള്‍ അങ്ങകലെ ജന്തുശാലയില്‍ കിടന്നു സിംഹങ്ങള്‍ ഗര്‍ജ്ജിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു. പക്ഷേ സിംഹങ്ങളെ നേരിട്ടു കാണാത്തതുകൊണ്ട് ഗര്‍ജ്ജനം വേണ്ടപോലെ എന്നെ സമാക്രമിക്കുന്നില്ല. ഞാന്‍ ജന്തുശാലയില്‍ ചെന്നുനില്‍ക്കുന്നുവെന്നു വിചാരിക്കൂ. സിംഹങ്ങള്‍ മൌനമവലംബിച്ചു കിടക്കുകയാണെങ്കില്‍ അവയുടെ ഗര്‍ജ്ജനത്തെക്കുറിച്ചു് എനിക്ക് ഊഹിക്കാമെന്നല്ലാതെ അനുഭൂതിക്കു വിധേയനാകാന്‍ കഴിയില്ല. എന്നാല്‍ കൂട്ടിനകത്തു കിടക്കുന്ന സിംഹങ്ങള്‍ ഗര്‍ജ്ജിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് നിസ്തുലമായ ഒരനുഭൂതി ഉണ്ടാകും. സംഭവങ്ങള്‍ ഭാഗിക സ്വാഭാവമാവഹിച്ചാല്‍ ഭാവനയ്ക്കു വലിയ സ്ഥാനമില്ല.

വഞ്ചന

സംഭവങ്ങള്‍ ഭാഗിക സ്വഭാവമാവഹിച്ചാല്‍ ഭാവനയ്ക്കു വലിയ സ്ഥാനമില്ല.

എന്റെ വീട്ടില്‍ സ്വര്‍ണ്ണമില്ല. തീരെയില്ലെന്നു പറഞ്ഞുകൂടാ. ഈയിടെ മസ്കററില്‍‌ പോയപ്പോള്‍ അവിടത്തെ പാവപ്പെട്ട തെഴിലാളികളുടെ ഒരു സംഘടന എന്നെ വിളിച്ചുകൊണ്ടുപോയി ബഹമാനിച്ചു. ഈട്ടിത്തടിയികൊണ്ടുണ്ടാക്കിയ ഒരു ശില്പത്തിന്റെ നടക്കു കുറച്ചു സ്വര്‍ണ്ണംകൊണ്ട് ഒരുരൂപമുണ്ടാക്കി ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇതു സ്വര്‍ണ്ണമാണ് എന്ന് അവരുടെ കാര്യദര്‍ശി പറഞ്ഞതുകൊണ്ടാണ് ഞാനതു സ്വര്‍ണ്ണമാണെന്നു മനസ്സിലാക്കിയത്. അല്ലെങ്കില്‍ അവയ്ക്കുചുററുമുള്ള സുവര്‍ണ്ണവൃത്തംപോലെ അതും വിലകുറഞ്ഞ എന്തോ ലോഹമാണെന്നേ കരുതുമായിരുന്നുള്ളു. ഞാനിതു പറയുന്നത് യഥാര്‍ത്ഥമായ സ്വര്‍ണ്ണവും അതിന്റെ നിറമാര്‍ന്ന മററു ലോഹവും എനിക്കു വേര്‍തിരിച്ചറിയാന്‍ കഴിയില്ല എന്നു വ്യക്തമാക്കാനാണ്.

മസ്കററില്‍ പോകുന്നതിനും കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് ഒരുദിവസം കാലത്ത് രണ്ടു മാന്യന്മാര്‍ എന്റെ വീട്ടില്‍ കയറിവന്നു. അവരില്‍ പ്രായം കുറഞ്ഞയാള്‍ സാഹിത്യവാരഫലത്തിലെ സൂക്ഷ്മാംശങ്ങളെക്കുറിച്ചു പാണ്ഡിത്യത്തോടു സംസാരിച്ചു. മറ്റേയാള്‍ രാഷ്ട്രവ്യവഹാരത്തെക്കുറിച്ചും, സാഹിത്യപ്രതിപാദനത്താല്‍ എന്നെ വശീകരിച്ചിട്ട് അവരില്‍ ഒരാള്‍ ഒരാഭരണപ്പെട്ടി തുറന്നു. എന്തൊരു മായികലോകം. വളകള്‍, കൊലുസ്സുകള്‍, കമ്മലുകള്‍, ഇവയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം. അതു കാണാനെത്തിയ എന്റെ പേരക്കുട്ടിയെ നോക്കി ഒരാള്‍ പറഞ്ഞു: “സാര്‍ എഴുതിപ്പേരെടുത്താല്‍ മാത്രം പോരാ. ഈ കുട്ടിയുടെ കാലുകളില്‍ സ്വര്‍ണ്ണക്കൊലുസ്സുകള്‍ ഇട്ടുകൊടുക്കണം. ഇവ തനിസ്വര്‍ണ്ണമല്ല. കൂടുതല്‍ ഗ്രാം സ്വര്‍ണ്ണംകൊണ്ടു വിശേഷപ്പെട്ട മെററലില്‍ പൂശിയിരിക്കയാണ്. മൂന്നു കൊല്ലത്തെ ഗാരന്റി. ഇതു ഞങ്ങള്‍ വില്ക്കില്ല. സാറ് ഓര്‍ഡര്‍ തന്നാല്‍, മുന്നൂറുരൂപ അഡ്വാന്‍സ് തന്നാല്‍ ഒരാഴ്ചയ്ക്കകം ഞങ്ങള്‍ കൊലുസ്സ് കൊണ്ടുവരും. അന്നു ബാക്കി നാന്നൂറുരൂപകൂടി തന്നാല്‍ മതി.” ഇതു കേള്‍ക്കാത്ത താമസം പേരക്കുട്ടി സ്വര്‍ണ്ണക്കൊലുസ്സിനുവേണ്ടി നിലവിളി തുടങ്ങി. അവര്‍ ബില്‍ബുക്ക് തുറന്നു കാണിച്ചു. ഒരു മുന്‍മന്ത്രിയുള്‍പ്പെടെ പല മാന്യന്‍മാരും പലവിധത്തിലുളള ഓര്‍ഡറുകള്‍ കൊടുത്തിരിക്കുന്നു. ഞാന്‍ അഡ്വാന്‍സ് കൊടുത്ത രസീതു വാങ്ങിവച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവരുടെ ഹെഡ്ഓഫീസില്‍നിന്ന് ഫോർമല്‍ രസീത്, ആഭരണം തരുന്ന തീയതി അറിയിച്ചുകൊണ്ടുള്ള ‌കത്ത് ഇവയൊക്കെ കിട്ടി. അവര്‍ വീട്ടില്‍ വന്നു പോയ ദിവസം വൈകുന്നേരം ശ്രീ. ബിച്ചു തിരമലയെ നാഷനല്‍ ബുക്ക് സ്റ്റാളില്‍വച്ചു കണ്ടു. അദ്ദേഹം പറഞ്ഞു: “സാറ് പറഞ്ഞയച്ചുവെന്നു അറിയിച്ചുകൊണ്ടു രണ്ടു സ്വര്‍ണ്ണവ്യാപാരികള്‍ വന്നിരുന്നു. കളിപ്പീരാണെന്നു തോന്നിയതുകൊണ്ടു് ഞാന്‍ അവരോടു പോകാന്‍ പറഞ്ഞു. ക്ഷമിക്കണം സാര്‍.” അദ്ഭുതപ്പെട്ടുപോയി ഞാന്‍. “അയ്യോ ഞാന്‍ പറഞ്ഞില്ലല്ലോ” എന്ന എന്റെ പ്രഖ്യാപനം കേട്ടു ബിച്ചു ചിരിച്ചു. പിന്നീടു ഞാനറിഞ്ഞു അവര്‍ എന്റെ പേരും പറഞ്ഞു പല വീടുകളിലും പോയെന്ന്. പക്ഷേ പറഞ്ഞ ദിവസംതന്നെ അവര്‍ കൊലുസ്സു കൊണ്ടുവന്നപ്പോള്‍ ആ വ്യാജപ്രസ്താവത്തിന്റെ കാര്യം ഞാന്‍ എടുത്തിട്ടില്ല. മാന്യതയോടെ പൊരുമാറുന്നവരെ വേദനിപ്പിക്കരുതല്ലോ. തന്ന ആഭരണത്തിനു നേരത്തെ കാണിച്ച ആഭരണത്തില്‍നിന്നു അല്പം വ്യത്യാസമുണ്ടായിരുന്നെങ്കിലും പേരക്കുട്ടി സ്വര്‍ണ്ണക്കൊലുസ്സ് അണിഞ്ഞുകാണാനുള്ള ആഗ്രഹത്തിന്റെ പേരില്‍ ഞാന്‍ മിണ്ടിയില്ല ഒന്നും. ബാക്കി പണം കൊടുത്തു; കൊലുസ്സ് കാലുകളില്‍ ഇട്ട് പേരക്കുട്ടി തുള്ളിച്ചാടി. “സ്ക്കൂളില്‍ ഇട്ടുകൊണ്ടു പോയാല്‍ കളയും. അതുകൊണ്ടു വല്ല സ്ഥലത്തും പോകുമ്പോള്‍ ഇട്ടാല്‍ മതി” എന്ന് വീട്ടിലാരോ പറഞ്ഞു. അന്നു സാഹിത്യ വാരഫലത്തെക്കുറച്ചു ഒന്നും പറഞ്ഞില്ല ചെറുപ്പക്കാരന്‍. വളരെപ്പതുക്കെ നടന്ന് അകന്നു. കള്ളന്മാരാണെങ്കില്‍ തിടുക്കത്തില്‍ രക്ഷപ്പെടില്ലേ? അതുണ്ടായില്ല. ആഭരണം അലമാരിയില്‍ വച്ചുപൂട്ടി. നേരം വെളുത്തു. വീണ്ടുമണിയാല്‍ പേരക്കുട്ടി തിടുക്കം കൂട്ടിയതുകൊണ്ടു ഞാന്‍തന്നെ അലമാരി തുറന്നു അതെടുത്ത്. സാക്ഷാല്‍ ചെമ്പ്. രൂപ പോയതിലുള്ള സങ്കടം തീര്‍ന്നു. പക്ഷേ പററിച്ചതിലുള്ള ദുഃഖം ഇതെഴുതുമ്പോഴുമുണ്ട്. (അഡ്വാന്‍സിന്റെയും ബാക്കിയുടെയും തുക കാണിച്ചത് ഓര്‍മ്മയില്‍നിന്നാണ്. ചിലപ്പോള്‍ കുറവായിരിക്കും. അല്ലെങ്കില്‍ കൂടുതലായിരിക്കും.)

വിശന്നു പൊരിയുന്നവനെ നോക്കി ‘മാത്രാസ്പര്‍ശസ്തുകൌന്തേയ’ എന്ന ഗീതാവചനം പറയുകയും രഹസ്യമായി ചിക്കന്‍ ഫ്രൈയും ഫിഷ്ഫ്രൈയും ആവോളം തട്ടിക്കൊണ്ടു സഭാവേദിയില്‍ കയറി ‘പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാ വശിഷ്യതേ’ എന്ന് ഉദ്ഘോഷിക്കുയും ചെയ്യുന്നവന്‍ ബ്രഹ്മത്തിന്റെ പേരും പറഞ്ഞു വ്യഭിചാരകര്‍മ്മം നടത്തുകയാണ്.

ഇതുപോലെയും ഇതിനെക്കാള്‍ ഹീനമായുള്ള പററിക്കലുകള്‍ നമ്മുടെ നാട്ടില്‍ അനവരതം നടന്നുകൊണ്ടിരിക്കുന്നു. വേറൊന്ന് സുഹൃത്താണെന്നു നടച്ചികൊണ്ടു കടം വാങ്ങിക്കലാണ്. നമ്മള്‍ “മറന്നുപോയിരിക്കും ഇയാളെ. കൊടുത്തില്ലെങ്കില്‍ മോശമല്ലേ” എന്ന വിചാരത്തോടെ പണം കൊടുക്കുന്നു. അതു നഷ്ടപ്പെടുന്നു. ജീവിച്ചിരിക്കുന്ന ഒരുത്തന്റെ പേരും താമസസ്ഥലവും പറഞ്ഞു കടം വാങ്ങിച്ചിട്ട് കടം കൊടുത്തവനെ പററിക്കുന്ന ഒരു കഥയാണ്. ശ്രീ. ബി. കൃഷ്ണന്‍നായര്‍ എഴുതിയിരിക്കുന്നത്. (ഞാന്‍ ഗുണശേഖരന്‍ — മാതൃഭൂമി വാരിക.) സ്ഥലത്തുചെന്ന് അന്വേഷിച്ചപ്പോള്‍ ഗുണശേഖരന്‍ എന്നൊരാളുണ്ട്. പക്ഷേ കടം മേടിച്ചയാളല്ല ആ ഗുണശേഖരന്‍. മാത്രമല്ല, പണം തിരിച്ചു കൊടുക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ട് അയാള്‍ പണം കൊടുത്ത ആളിന്റെ അഭാവത്തില്‍ അയാളുടെ വീട്ടില്‍ ചെല്ലുകയും ചെയ്യുന്നു. സമുദായത്തിലെ ഒരു മാലിന്യത്തെ — സമകാലിക സമുദായത്തില്‍ ഉള്ള ഒരു മാലിന്യത്തെ — കഥാകാരന്‍ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. കഥയ്ക്കു ദീര്‍ഘത. സംക്ഷിപ്ത സുന്ദരമായി ഇത് ആവിഷ്കരിച്ചിരുന്നെങ്കില്‍ ആകര്‍ഷികത്വം ലഭിക്കുമായിരുന്നു. ഒരു സ്ഥിരീകൃത ലക്ഷ്യത്തിലേക്കു സംഭവങ്ങളെ കൊണ്ടുചെല്ലുന്നതിനു പകരം വാഗ്വിസ്താരത്തില്‍ (വിസ്തരത്തില്‍) രസിക്കുകയാണ് കഥാകാരന്‍ അദ്ദേഹത്തിന്റെ ആ രസം അനുവാചകനു കിട്ടുന്നില്ല.

അപ്പുറത്ത് ഒരു ലോകമുണ്ട്

രണ്ടായിരം രൂപയുടെ കാഞ്ചീപുരം സാരിയുടുത്ത് അതിനു യോജിച്ച ബ്ളൌസിട്ട് കഴുത്തിലും കൈയിലും രണ്ടുലക്ഷം രൂപ വിലവരുന്ന രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് വിലകൂടിയ ഫോറിന്‍ കാറില്‍ വന്നിറങ്ങി സ്വര്‍ണ്ണച്ചെരിപ്പിട്ട് അമ്പലത്തിനകത്തേക്കു കയറി താമരമൊട്ടിന്റെ വടിവില്‍ കൈകള്‍ക്കൂപ്പി മന്ദസ്മിതത്തോടെ ശ്രീകോവിലില്‍ നില്ക്കുകയും നീണ്ടയിലയില്‍ പോററി കൊടുക്കുന്ന പൂവും ചന്ദനവും സ്വീകരിച്ചുകൊണ്ട് നേരിയ നിതംബചലനത്തോടെ തിരിച്ചു കാറില്‍ കയറിപ്പോകുകയും ചെയ്യുന്ന സ്ത്രീ ഭക്തിയെന്ന ഉത്കൃഷ്ടവികാരത്തെ വ്യഭിചരിക്കുകയാണ്.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞ് വാങ്ങിയോ, കൈക്കൂലി വാങ്ങിയോ, സര്‍ക്കാരിനെ വഞ്ചിച്ചോ, മോഷ്ടിച്ചോ പണമുണ്ടാക്കി അവള്‍ക്കു സാരിയും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിക്കൊടുക്കുന്നവര്‍ സ്നേഹത്തെ സാക്ഷാത്കരിക്കുകയില്ല, ആ ഉത്കൃഷ്ടവികാരത്തെ വ്യഭിചരിക്കുകയാണ്.

വിശന്നു പൊരിയുന്നവനെ നോക്കി ‘മാത്രാസ്പര്‍ശസ്തു കൌന്തേയ’ എന്ന ഗീതാവചനം പറയുകയും രഹസ്യമായി ചിക്കന്‍ ഫ്രൈയും ഫിഷ് ഫ്രൈയും ആവോളം തട്ടിക്കൊണ്ട് സഭാവേദിയില്‍ കയറി ‘പൂര്‍ണ്ണസ്യപൂര്‍ണ്ണ മാദായ പൂര്‍ണ്ണമേവാവശിഷ്യതേ’ എന്നു ഉദ്ഘോഷിക്കുകയും ചെയ്യുന്നവന്‍ ബ്രഹ്മത്തിന്റെ പേരും പറഞ്ഞ വ്യഭിചാരകര്‍മ്മം നടത്തുകയാണ്.

അന്തര്‍വീക്ഷണപാടവമില്ലാതെ ദൈനംദിന ജീവിതസംഭവങ്ങളെ ജേണലിസത്തിന്റെ രീതിയില്‍ വര്‍ണ്ണിച്ചുവയ്ക്കുകയും കുത്സിതകര്‍മ്മത്രേ. ശ്രീ. വി. എസ്. കുമാരന്‍ ‘ആള്‍മാറാട്ടം’ എന്ന കഥയിലൂടെ അനുഷ്ഠിക്കുന്ന കൃത്യം അതുതന്നെയാണ്. സുവര്‍ണ്ണക്ഷേത്രത്തിലുണ്ടായ ആക്രമണം, ഇന്ദിരാഗാന്ധിയുടെ മരണം, വര്‍ഗ്ഗീയലഹള, ആളുകളില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി തലമുടി മുറിച്ച് സിക്കുകാര്‍ നടത്തുന്ന ആള്‍മാറാട്ടം ഇവയെയൊക്കെ ജേണലിസമാക്കി പ്രതിപാദിക്കുകയാണ് കുമാരന്‍. ഈ സംഭവങ്ങള്‍ക്കപ്പുറത്ത് കലയുടെ തേജോമയമായ ലോകമുണ്ട്. അവിടെ കുമാരന്‍ കടക്കുന്നില്ല. അനുവാചകനും കടക്കുന്നില്ല. (കഥ ദോശാഭിമാനി വാരികയില്‍)

അവര്‍ പറഞ്ഞു

  1. കുട്ടിക്കൃഷ്ണമാരാരുടെ സാഹിത്യസേവനത്തെക്കുറിച്ച് കെ. ബാലകൃഷ്ണന്റെ ‘കൌമുദി’ വാരികയില്‍ ഞാന്‍ ലേഖനമെഴുതിയത് വായിച്ചിട്ട് അദ്ദേഹം: (കുട്ടിക്കൃഷ്ണമാരാര്‍) “നിങ്ങള്‍ എന്നെ രാജാവാക്കിയിരിക്കുകയാണ്.”
  2. പ്രഫെസര്‍ ജോസഫ് മുണ്ടശ്ശേരിയുടെ ഒരു പുസ്തകത്തെ വിമര്‍ശിച്ച എന്നെ തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫി ഹൌസില്‍ വച്ച് അദ്ദേഹം കണ്ടപ്പോള്‍: “ങ്ഹാ, ആ കൃഷ്ണന്‍ നായര്‍ നിങ്ങളാണെന്ന് ആരോ എന്നോടു പറഞ്ഞു. നിങ്ങളെന്തിനാണ് പേഴ്സനലായ കാര്യങ്ങളൊക്കെ പത്രത്തില്‍ എഴുതുന്നത്?”
  3. എമില്‍ സൊലയുടെ പല നോവലുകളും ‘ബാഡ് ടെയ്സ്റ്റി’നെ കാണിക്കുന്നുവെന്നു ഞാന്‍ പ്രസംഗിച്ചിട്ട് ഇരുന്നപ്പോള്‍ പ്രഫെസര്‍ ​എം. എസ്. ദേവദാസ് പറഞ്ഞു: “ആ കാലയളവിലെ മഹാനായ കലാകാരനായിരുന്നു അദ്ദേഹമെന്ന നിങ്ങള്‍ ഓര്‍ക്കണം.”
  4. രാഷ്ട്രം അനുശാസിക്കുന്നതനുസരിച്ച് കവിതയെഴുതുമ്പോള്‍ കവിതയല്ലാതെയായിത്തീരുന്നുവെന്ന് കഴക്കൂട്ടത്തു കൂടിയ ഒരു സമ്മേളനത്തില്‍ മഹാകവി ജി. ശങ്കരക്കുറുപ്പ് പ്രസംഗിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു. “പോളണ്ടില്‍ കല്ക്കരിക്കു ക്ഷാമം നേരിട്ടപ്പോള്‍ എല്ലാക്കവികളും കല്ക്കരിയുടെ ഉല്‍പ്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കവിതയെഴുതിക്കൊള്ളണമെന്ന്. അതിന്റെ ഫലമായി കല്ക്കരിയെക്കാള്‍ കറുത്ത കവിതകള്‍ പോളണ്ടില്‍ ധാരാളമുണ്ടായി.”
  5. വിവാഹത്തിനു സമ്മാനങ്ങള്‍ നല്കുന്നതിനെക്കുറിച്ച് സാറിന് എന്തഭിപ്രായമാണുള്ളതെന്ന് ഞാന്‍ ഒരിക്കള്‍ കൈനിക്കര കുമാരപിള്ളയോടു ചോദിച്ചു. അദ്ദേഹം മറുപടി നല്കിയത് ഇങ്ങനെ: “ഏതു വസ്തുവും സ്വന്തമാകുമ്പോല്‍ നമുക്ക് ആഹ്ളാദമുണ്ടാകുന്നത് നമ്മളൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായ പണംകൊടുത്തു അതു മേടിച്ചു എന്നതിനാലാണ്. സമ്മാനം കിട്ടുമ്പോള്‍ അതിന് ആ വിലയില്ല. അതിനാല്‍ വിവാഹ സമ്മാനങ്ങള്‍ എനിക്കു ദുഃഖദായകങ്ങളാണ്.”

ഹാസ്യം

മനുഷ്യനു മനസ്സിലാകാത്ത കവിതയെഴുതുന്നത് മനുഷ്യനോടു മാത്രമല്ല ഈശ്വരനോടും ചെയ്യുന്ന പാപമാണ്. അതിനെക്കാള്‍ വലിയ പാപമാണ് സ്ത്രീകളും പുരുഷന്മാരും കൊച്ചു കുഞ്ഞുങ്ങളുമുള്ള സദസ്സിനെ നോക്കി ഫലിതമെന്ന രീതിയില്‍ അസഭ്യം പറയുന്നത്. പക്ഷേ ഈ പാപമാണ് കേരളത്തില്‍ എപ്പോഴും ചെയ്യപ്പെടുന്നത്. അവ കേട്ട് ആളുകള്‍ തല്‍ക്കാലത്തേക്കു ചിരിക്കുമായിരിക്കും. എന്നാല്‍ അവര്‍ വീട്ടില്‍ച്ചെന്നു കഴിയുമ്പോള്‍ ‘അതു പറഞ്ഞവന്‍ എന്തൊരാഭാസന്‍!’ എന്നു വിചാരിക്കും. ക്ളാസ്സുകളില്‍ അശ്ളീലപ്രസ്താവങ്ങള്‍ നടത്തുന്ന അധ്യാപകരും ഇതോര്‍മ്മിക്കേണ്ടതാണ്.

ഹാസ്യത്തെസ്സംബന്ധിച്ച് ആകുലാവസ്ഥയില്‍പ്പെട്ടിരിക്കുന്ന നമുക്ക് സംസ്കാരഭദ്രമായ ഹാസ്യോക്തി കേള്‍ക്കാനുള്ള ഭാഗ്യം ഈ. വി. കൃഷ്ണപിള്ളയുടെ ചരമത്തോടെ നഷ്ടപ്പെട്ടുപോയി. ഈ. വി. ഒരുമണിക്കൂര്‍ പ്രസംഗിച്ചാല്‍ ആ ഒരു മണിക്കൂറും ആളുകള്‍ ഓരോ വാക്യവും കേട്ടു ചിരിക്കം. ഒരുക്തിയില്‍പ്പോലും അശ്ളീലച്ഛായ കാണുകയുമില്ല. ഇതുപോലെ സംസ്കാരഭദ്രങ്ങളായ ഹാസ്യോക്തികളുടെ പ്രയോക്താവായിരുന്നു മഹാകവി വള്ളത്തോള്‍. പക്ഷേ അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ക്കു കലാസൌന്ദര്യത്തിന്റെ പരിവേഷമുണ്ടായിരിക്കും. ‘ഇടപ്പളളിയിലേക്കു കാലുകുത്തിയപ്പോള്‍ അവിടത്തെ കരിമ്പനയോലകളും മഹാഗണപതിയുടെ ചെവികളും സ്വയം ചലനംകൊണ്ട് ഉദ്ഭവിച്ച വായു ഞങ്ങളുടെ ഉഷ്ണമകററി’ എന്നു വള്ളത്തോള്‍ പറഞ്ഞപ്പോള്‍ നേരിയ ഫലിതമായി; ഒന്നാന്തരം കവിതയായി. മഹാകവിയുടെ ഈ ഹാസ്യോക്തിപ്രവണതയെ സൂചിപ്പിച്ചുകൊണ്ട് ശ്രീ. ചെമ്മനം ചാക്കോ മനോരാജ്യം വാരികയില്‍ എഴുതിയിരിക്കുന്നു. അശ്ളീലമില്ലാതെ ഹാസ്യ കവിത രചിക്കുന്ന ചാക്കോ സംസ്കാരസുരഭിലമായ ഹാസ്യത്തെ മാനിച്ചതില്‍ എന്തേ അദ്ഭുതമിരിക്കുന്നു!

* * *

‘working girl’, ‘working woman’, ‘gay’ എന്ന വാക്കുകളുടെ അശ്ളീലാര്‍ത്ഥങ്ങള്‍ ഞാനെടുത്തു കാണച്ചതിനെക്കുറിച്ചും ചിലര്‍ക്കു സംശയങ്ങള്‍. അവര്‍ക്കുവേണ്ടി ഇതാ: working girl = a whore. gay = homosexual (The Faber Dictionary of Euphemisms).