close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 04 17


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 04 17
മുൻലക്കം 1998 04 10
പിൻലക്കം 1998 04 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം


Symbol question.svg.png മലയാള സാഹിത്യകാരന്മാരെ പുച്ഛമാണല്ലേ?

അയ്യോ, പുച്ഛമൊട്ടുമില്ല. നല്ല സാഹിത്യകാരന്മാർ ഇവിടെയേറെയുണ്ട്. പക്ഷേ അമ്പതു കൊല്ലം കഴിഞ്ഞ് നിഷ്പക്ഷമായി രചിക്കുപ്പെടുന്ന മലയാള സാഹിത്യചരിത്രത്തിൽ ഇവർക്കുള്ള സ്ഥാനം ഫുട്‌നോട്ടുകളിൽ മാത്രമായിരിക്കും.

Symbol question.svg.png ഏതു ജീവിത തത്വചിന്ത നല്ലത്?

നിങ്ങൾ ഇവിടെ തൽകാലത്തേക്കു മാത്രമുള്ള അതിഥി. മറ്റുള്ളവർ ആതിഥേയർ. അവരിൽ ആരെയും വേദനിപ്പിക്കരുത്.

Symbol question.svg.png ഞാൻ കല്യാണം കഴിക്കാൻ പോകുന്നു. എങ്ങനെ പെരുമാറണം ഞാൻ വധുവിനോട്?

ഭാര്യയുമായി എന്നും വൈകുന്നേരം നടക്കാൻ പോകണം. അങ്ങനെ പോകുമ്പോൾ അവളെ തൊട്ടടുത്ത് നടക്കാൻ പറയണം. ചിലരെപ്പോലെ ഭാര്യയെ കാൽ ഫർലോങ് ദൂരെ പുറകിലായി നടത്തരുത്. ഒരുമിച്ചു നടക്കുമ്പോൾ നിങ്ങൾ മുണ്ട് മടക്കിക്കുത്തരുത്. വൾഗറാണത്.

Symbol question.svg.png നിങ്ങൾ ചത്തുമണ്ണടിഞ്ഞാൽ?

എന്റെ വീട്ടിന്റെ മുൻപിലുള്ള വയലിലെ നെല്ലോലകളുടെ ഇടയിൽക്കൂടി മന്ദവാതം അനവരതം ഒഴുകിക്കൊണ്ടിരിക്കും.

Symbol question.svg.png സാറേ പൊറുതിയില്ല. ഇവിടെയൊരുത്തൻ എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. എന്തു ചെയ്യണം ഞാൻ?

ഒന്നും ചെയ്യേണ്ടതില്ല. നേരിട്ടു നിങ്ങളോട് അത്തരത്തിൽ വല്ലതും പറഞ്ഞാൽ അവന്റെ പല്ലുകൾ കൊഴിയുമാറ് അടി കൊടുക്കണം. പിന്നെ നിങ്ങൾ നല്ലവനായതുകൊണ്ടാണ് അപവാദങ്ങൾ ഉണ്ടാകുന്നത്.

Symbol question.svg.png ശുദ്ധമായ മലയാളം എഴുതുന്നവർ ആരെല്ലാം?

സി. വി. കുഞ്ഞുരാമൻ, ഈ. വി. കൃഷ്ണപിള്ള, എം. ആർ. നായർ, മന്നത്തു പദ്‌മനാഭൻ, എസ്. ഗുപ്തൻനായർ.


ധൈഷണിക ഭാവന

ഫ്രഞ്ച് സാഹിത്യനായകൻ യൂഗോ ഒരിക്കൽ ഫ്രഞ്ച് മഹാകവി ബോദലേറിനോടു പറഞ്ഞു: You have created a new shudder താങ്കൾ പുതിയ ഞടുക്കം സൃഷ്ടിച്ചിരിക്കുന്നു. ധൈഷണിക ഭാവന കൊണ്ട് നൂതനമായ പ്രകമ്പനം ഉളവാക്കിയ മഹാനായ സാഹിത്യകാരനാണ് ഈ താലോ കാൽവീനോ (Italo Calvino 1923-1985). എന്താണ് ധൈഷണിക ഭാവന? വൽറ്റർ ഡിലമർ എന്ന ബ്രിട്ടീഷ് കവി എഴുതിയ Rupert Brooke and intellectual imagination എന്ന പ്രബന്ധം നാല്പതു വർഷം മുൻപ് ഞാൻ വായിച്ചു. പക്ഷേ അതിലെ ഒരു ചിന്തയും എന്റെ ഓർമ്മയിലില്ല ഇപ്പോൾ. അതുകൊണ്ട് എനിക്കു തോന്നുന്നത് എഴുതാം. ധൈഷണിക ഭാവന കലാത്മക ഭാവന പോലെ ആകർഷകമാണെങ്കിലും അത് (ധൈഷണിക ഭാവന) അനുവാചകനിൽ സവിശേഷമായ മാനസികാവസ്ഥ ഉളവാക്കും. കലാത്മക ഭാവന സഹൃദയരിൽ പഞ്ഞിക്കെട്ടിൽ തീ പിടിച്ചതു പോലെയുള്ള അവസ്ഥയുളവാക്കുമ്പോൾ ധൈഷണിക ഭാവന പ്രഭാഷണാത്മകതയോടു സാദൃശ്യമുള്ള മാനസികാവസ്ഥയാണ് ഉളവാക്കുക. കലാത്മക ഭാവന രൂപം നൽകുന്ന രചനകൾക്കു ബേനോ ദേതോ ക്രോചെ പറഞ്ഞ infinity of expression ഉണ്ട്. ഈ ആവിഷ്കാരത്തിന്റെ അനന്തത ധൈഷണിക ഭാവനയുടെ സൃഷ്ടികൾക്കില്ല. എങ്കിലും ഇവയ്ക്കായിരിക്കും കലാത്മക ഭാവനയുടെ സൃഷ്ടികളേക്കാൾ ബഹുജനമദ്ധ്യത്തിൽ പ്രചാരം.

ഇതാലോ കാൽവിനോയുടെ നോവലുകളും ചെറുകഥകളും വിസ്മയാവഹങ്ങളായ ധൈഷണിക സൃഷ്ടികളാണ്. പക്ഷേ കാലപ്രവാഹത്തിൽ അവ കട പുഴകി നിലം പതിക്കും. ക്രമവും വ്യവസ്ഥയും ഉള്ളപ്പോൾ ക്രമമില്ലായ്മയും വ്യവസ്ഥയില്ലായ്മയും സൃഷ്ടിക്കാനുള്ള പ്രവണത കലാകാരന്മാർക്കുണ്ടാകുമെങ്കിലും അതാണ് തന്റെ കൃതികളിൽ കാണുന്നതെന്നും കാൽവിനോ പറഞ്ഞിട്ടുണ്ട്. (I am) prompted by a kind of intellectual agoraphobia എന്നും ‘Intellectual process is quite simply the revenge and triumph of all that is combinatory over continuous flux’ എന്നും കാൽവിനോ അഭിപ്രായപ്പെട്ടു. ഈ ധൈഷണികത്വമാണ് ശ്രീ. വൈക്കം മുരളി ഭാഷാന്തരീകരണം ചെയ്ത ഒരു കാൽവിനോ കഥയിലുള്ളത്. (മലയാളം വാരിക) ‘ഗ്രന്ഥശാലയിൽ ഒരു ജനറൽ’ എന്ന രചനയിൽ ആന്റിഫാസ്സിസ്റ്റായ കാൽവിനോയെ കാണാം. സംസ്കാരത്തെ ഫാസ്സിസം മർദ്ദിച്ചൊതുക്കുന്നതു ദർശിക്കാം. കഥാകാരൻ അന്യാദൃശമായ ഒരു ലീകത്തെ ആലേഖനം ചെയ്തിട്ടുണ്ടെന്നും ഇത് ആന്റി റിയലിസമാണെന്നും മാത്രമേ എനിക്കു പറയാനുള്ളൂ.

ജോസ് പനച്ചിപ്പുറം

ലേഡി സാറാഷീന എന്ന ജാപ്പനീസ് എഴുത്തുകാരിയുടെ ‘As I Crossed A Bridge of Dreams’ എന്ന പുസ്തകം സുന്ദരമാണ്. അതിലൊരിടത്ത് അവർ പറയുന്നു: The moon was wonderfully clear and beautiful. That down, and I wrote the poems.

 Even as I wander on my journey
It always stays above me in the sky-
This moon I gazed on in the capital

… No longer having any sorrows of my own, I concentrated on providing the best possible upbringing for my children and waited impatiently for them to grow up. I also, prayed for my husbands future and I was confident that my prayers would be answered.

ഇവരെപ്പോലെ കുഞ്ഞുങ്ങളുടെ ഭാവിയിൽ മനസ്സിരുത്തുന്നവളും ഭർത്താവിന്റെ ഭാവി ഭാഗധേയത്തിൽ തല്‌പരത്വമുള്ളവളും ആയ എത്ര സ്ത്രീകൾ കാണും? തീരെയില്ലാതെയില്ല. പക്ഷേ അവർക്കു സംഖ്യാവലംബമില്ല. സാറാഷീനയുടേത് പ്രണയമാണ്. സ്ത്രീയും പുരുഷനും പരസ്‌പരം കാണുമ്പോൾ ഒരാളിന് ഉണ്ടാകുന്നത് രാഗം. രണ്ടുപേർക്കും അതു ജനിക്കുമ്പോൾ അനുരാഗമായി. അവർ വിവാഹം ചെയ്തുകഴിയുമ്പോൾ പ്രേമം. ഈ കാലയളവിൽ ഭർത്താവ് അന്യസ്ത്രീയെ പ്രാപിക്കുന്നതു ഭാര്യ സഹിക്കില്ല. വളരെക്കാലം അങ്ങനെ കഴിയുമ്പോൾ രണ്ടുപേരുടേയും സ്വാർഥതാത്പര്യങ്ങൾ നശിക്കുന്നു. ഭാര്യയുടെ ആഹ്ലാദത്തിൽ ഭർത്താവിനും ഭർത്താവിന്റെ ആഹ്ലാദത്തിൽ ഭാര്യയ്ക്കും തല്‌പരത്വം വരും. ഇതാണു പ്രണയാവസ്ഥ. ഇതിന്റെ പരകോടിയിൽ ഭർത്താവിന്റെ പരസ്ത്രീഗമനം ഭാര്യ അനുവദിച്ചു കൊടുക്കും. ഇങ്ങനെയൊക്കെയാണ് ഞാൻ ഏതോ സംസ്കൃതഗ്രന്ഥത്തിൽ കണ്ടത്.

ദമ്പതീവിഷയകമായ ഈ ആദർശവത്‌കരണം (ആദർശവത്‌കരണം എന്ന പ്രയോഗം വ്യാകരണ സമ്മതമല്ല)ഭാരതീയരുടെ സവിശേഷതയാണ്. പ്രായോഗിക തലത്തിൽ അതിൻ സംവീക്ഷണം ചെയ്യുന്നത് പടിഞ്ഞാറുള്ളവരാണ്. ഇഷ്ടപ്പെടാൻ കഴിയാത്ത ഒരുത്തനെയാണ് പെണ്ണിനു കിട്ടുന്നതെങ്കിലോ? അപ്പോൾ സ്ത്രീ എങ്ങനെ പെരുമാറും എന്നതിന്റെ ചിത്തവൃത്തിപരമായി പ്രകാശിപ്പിക്കുന്ന കഥയാണു ശ്രീ. ജോസ് പനച്ചിപ്പുറം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘സ്വപ്‌നം ബലക്ഷയം’ എന്നത്. വിവാഹം കഴിഞ്ഞു മൂന്നു ദിവസമായില്ല. ഭാര്യയും ഭർത്താവും തീവണ്ടിയിൽ കയറി മധുവിധു ആഘോഷിക്കാൻ പോകുന്നു. കഥാകാരന്റെ ഓരോ വാക്യവും സ്ത്രീയുടെ വിദ്വേഷത്തെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. അവളുടെ നിസ്സംഗത ജനിപ്പിക്കുന്ന മൗനം തന്നെ ഒരുതരം പ്രതികാര നിർവ്വഹണമാണ്. അതിനെ അവൾ വിദഗ്ധമായി നിയന്ത്രിക്കുന്നു. പക്ഷേ ഈ നിയന്ത്രണം ഒരു സന്ദർഭത്തിൽ ഇല്ലാതെയാവും.അതിനാലാണ് അവൾ കൂടെ സഞ്ചരിച്ച മറ്റൊരു പുരുഷനിൽ കൗതുകമുള്ളവളായി മാറുന്നത്. അയാൾ തീവണ്ടിയിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിലേക്കു മറയുന്നു. അവളുടെ കണ്ണുകൾ ആ അജ്ഞാതപുരുഷനെ തേടുന്നു. ഇതു രതിഭാവമല്ല. തന്നെ വിവാഹം കഴിച്ചവനോടുള്ള നീരസത്താൽ ഉളവായതാണ്. ആഖ്യാനത്തിന്റെ ശീഘ്രഗതി തീവണ്ടിയുടെ ശീഘ്രഗതിക്ക് അനുരൂപമായിരിക്കുന്നു. എല്ലാം കൊണ്ടും ചാരുതയാർന്ന കഥയാണിത്.

കാഴ്ചപ്പാടുകൾ

സത്യത്തിന്റെ മുഖം സ്വർണ്ണപ്പാത്രം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്ന ചൊല്ല് ആദ്യമായി കേൾക്കനിടയായപ്പോൾ ഒരു മുൻകേന്ദ്രമന്ത്രി ഉടനേ രഹസ്യമായി അന്വേഷിച്ചു പോലും‘എവിടെ’

“സത്യത്തിന്റെ മുഖം സ്വർണ്ണപ്പാത്രം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്ന ചൊല്ല് ആദ്യമായി കേൾക്കനിടയായപ്പോൾ ഒരു മുൻകേന്ദ്രമന്ത്രി ഉടനേ രഹസ്യമായി അന്വേഷിച്ചു പോലും‘എവിടെ’ ശ്രീ. സി. രാധാകൃഷ്ണൻ മാധ്യമം ആഴ്ചപ്പതിപ്പിൽ- ഒന്നാംതരം ഫലിതം. കുറച്ചു വർഷം മുൻപു ഒരു വൈസ് ചാൻസലർ അധ്യക്ഷനായിരുന്ന മീറ്റിംഗിൽ ഞാൻ പ്രസംഗിച്ചു. അധ്യക്ഷൻ ഭാരതനാട്യം എന്നു കൂടെക്കൂടെ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞു ഹോളിനു പുറത്തേക്കു പോന്ന എന്നോടു ശ്രോതാക്കളിലൊരാൾ ചോദിച്ചു.‘സാർ ആ ഭാരതനാട്യ പ്രയോഗം തിരുത്താത്തത് എന്ത്’ ഞാൻ മറുപടി നല്‌കി: ‘എന്തിനു തിരുത്തണം. ഭാരതത്തിലുള്ളതു ഭാരതനാട്യം. ശരിയാണല്ലോ വൈസ് ചാൻസലർ പറഞ്ഞത്’

2. ‘പറയാൻ വയ്യാത്ത രീതിയിൽ ബുദ്ധിശൂന്യമായതു പാട്ടായി ആവിഷ്കരിക്കപ്പെടുന്നു’ എന്ന് ഒരു ഫ്രഞ്ച് തത്ത്വചിന്തകൻ. ശരിയല്ലേ? ഒന്നാലോചിച്ചു നോക്കുക. നമ്മുടെ സിനിമാപ്പാട്ടുകൾ തന്നെയാവട്ടെ. ‘ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും’ എന്ന് ആരെങ്കിലും നമ്മളോടു പറഞ്ഞാൽ സാക്ഷാൽ തിരുവനന്തപുരം ഭാഷയിൽ ‘അതിനു ഞാനെന്തരു വേണമെടേ. പോയിട്ടു വാ’ എന്നു മറുപടി നല്‌കും. പക്ഷേ അനുഗൃഹീതനായ ഗായകൻ ആ ശുഷ്കവാക്യത്തെ ലയത്തിൽ നൃത്തം ചെയ്യിക്കുമ്പോൾ ബുദ്ധിശൂന്യമായതു ഉദാത്തമാകുന്നു. അദ്ദേഹമുള്ളതു നമ്മുടെ പാട്ടെഴുത്തുകാരുടെ ഭാഗ്യം.

3. മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ശ്രീ. ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ യുഗനിർമ്മാണ നോവലാണ്. ‘രാമരാജബഹദൂർ’ ‘ബാല്യകാലസഖി’ ഇവ ഓരോ കാലയളവു സൃഷ്ടിച്ചതുപോലെ. പക്ഷേ അതിനെക്കുറിച്ച് ഉണ്ടാകുന്ന നിരൂപണങ്ങൾ ഹിമാലയ പർവ്വതത്തോളം വലിപ്പമാർജ്ജിക്കുന്നു. സായ്‌പിന്റെ ഒരു നേരമ്പോക്ക് ഓർമ്മയിലെത്തുന്നു.

നിങ്ങൾ സിനിമ കാണാനിരിക്കുമ്പോൾ ഒരാന വന്നു നിങ്ങളുടെ മുൻപിലുള്ള സീറ്റിൽ ഇരുന്നാൽ എന്തു ചെയ്യും? എന്നു ചോദ്യം. ‘സിനിമയുടെ ഭൂരിഭാഗവും കാണാൻ കഴിയാതെ വരും’ എന്നു മറുപടി. വിമർശനഗജം വന്ന് അനുവാചകന്റെ മുൻപിൽ ഇരിക്കുന്നു. വളരെക്കാലമായി. അതിനാൽ ഖസാക്കിന്റെ ഇതിഹാസം ആസ്വദിക്കാൻ വായനക്കാരനു കഴിയുന്നില്ല. ‘ഗോകുലം കതിർ’ മാസികയിൽ ശ്രീ. ബാലൻ തളിയൽ എഴുതിയ ‘വീണ്ടും ഖസാക്കിലേക്ക്’ എന്ന ലേഖനം വായിച്ചപ്പോൾ ഇത്രയും കുറിക്കണമെന്നു തോന്നി.

4. A narrow Fellow in the Grass
Occasionally rides-
You may have met Him did you not
His notice sudden is-
The Grass divides as with a comb
A spotted shaft is seen-
And then it closes at your feet
And open further on-

Emily Dickinson എഴുതിയ ഒരു കാവ്യത്തിന്റെ ഒരു ഭാഗമാണിത്. സർവസാധാരണങ്ങളായ പദങ്ങൾ പ്രയോഗിച്ച് പാമ്പ് ഇഴഞ്ഞുവരുന്നതിനെ വർണ്ണിക്കുകയാണ് കവി. (സ്ത്രീ) ഇതു വായിച്ചു കഴിയുമ്പോൾ യഥാർത്ഥമായ പാമ്പിനെ കണ്ടാൽ നമുക്ക് ഉണ്ടാകുന്ന അറപ്പും വെറുപ്പും ഇല്ലാതാകുന്നു. കവി വർണ്ണിക്കുന്ന പാമ്പിനെകാണാൻ നമ്മൾ വീണ്ടും വീണ്ടും കവിത വായിക്കുന്നു. ഇതാണ് കവിതയുടെ മാജിക്ക്. ഈ മാന്ത്രികത്വമുളവാക്കാൻ എപ്പോഴും കഴിയുന്ന കവിയാണ് ശ്രീരേഖ. കടലമ്മയോട് അദ്ദേഹം ചോദിക്കുന്നു:

കയ്യിൽ നിറച്ചും മുത്താണോ?
കാണാപ്പൊന്നിൻ കിഴിയാണോ?
കരയിലതെല്ലാം വിതറുമ്പോൾ
ചിരിയുതിരുന്നതു പതിവാണോ?
എവിടുന്നാണീ നീലപ്പ-
ട്ടെവിടന്നാണീ നീലവള?

ഇവിടെ enchanting എന്ന ഇംഗ്ലീഷ് പദം പ്രയോഗിച്ചാലേ എനിക്കു മതിയാവുകയുള്ളൂ. ശ്രീരേഖയുടെ കവിതയ്ക്കുള്ള നൈസർഗ്ഗികതയും മനോഹാരികതയും സഹൃദയർ വേണ്ട വിധത്തിൽ അറിയുന്നില്ല. പരുക്കൻ പദ്യങ്ങളാണല്ലോ ഇക്കാലത്തു കവിതയുടെ വേഷം കെട്ടി നമ്മുടെ മുൻപിലേക്കു വരുന്നത്.

5. നാത്സി ഗവൺമെന്റിന്റെ വാസ്തുവിദ്യാ വിദഗ്ദ്ധനും മന്ത്രിസഭയിലെ അംഗവുമായിരുന്ന ആൽബർട്ട് ഷ്‌പേറിന്റെ (Albert Speer 1905-1981) ഷ്പാൻഡൗ (Spandau) എന്ന രഹസ്യഡയറികൾ ചിന്തയുടെ ഔന്നിത്യം കൊണ്ടും ആവിഷ്കാരത്തിന്റെ ചാരുത കൊണ്ടും നിസ്തുലമാണ്. Fascinating എന്നാണ് മഹാന്മാർ ഈ ഗ്രന്ഥത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം ഒരിടത്തു പറയുന്നു: “ഞാൻ ഷാങ് പോൾ സാർത്രിന്റെ The Age of Reason (എന്ന നോവൽ) വായിക്കുകയാണ്. ഇന്നത്തെ ഏറെ രചനകളെപ്പോലെ ഇത് എന്നെ ഞെട്ടിക്കുന്നു. ക്ഷോഭിപ്പിക്കുന്നു. എന്താണ് സംഭവിക്കുന്നത്. വെളിയിലുള്ള ആളുകളെക്കാൾ ആശ്രയസ്വഭാവമുള്ളതും സുരക്ഷിതത്വമാർജ്ജിച്ചതുമായ ജീവിതമാകാം ഞാൻ ജയിലിൽ നയിക്കുന്നത്. തടവറകളിൽ കിടക്കുന്ന ഞങ്ങൾക്കുള്ളതിനേക്കാൾ ഏകാന്തത സാർത്രിന്റെ കഥാപാത്രങ്ങൾക്കുണ്ട്. കൂടാതെ അവരുടെ വിവിക്തതയ്ക്കു അവസാനമില്ല. അവർ ഒരിക്കലും സ്വതന്ത്രരാകുകയില്ല. എനിക്കു ഒരു പ്രതീക്ഷയെങ്കിലുമുണ്ട്. ഒരു പക്ഷേ ഇതൊരു വ്യാമോഹമാകാം. എങ്കിലും എനിക്കതിൽ പിടിച്ചു നിൽക്കാം. ഈ നോവൽ യഥാർത്ഥാവസ്ഥകളെ വർണ്ണിക്കുന്നോ അതോ ഉത്‌കണ്ഠകളെ വർണ്ണിക്കുന്നോ എന്നാണ് എന്റെ ചോദ്യം എന്നോടുതന്നെ. സാമാന്യമായി പറയാം. ആധുനിക സാഹിത്യം ബാഹ്യജീവിതത്തിന്റെ സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. ബൽസാക്ക്, ടോൾസ്റ്റോയി, പത്തൊൻപതാം ശതാബ്ദത്തിലെ മഹാന്മാരായ ഇംഗ്ലീഷ് നോവലിസ്റ്റുകൾ ഇവരുറ്റെ നോവലുകളിൽ നിന്ന് ജനങ്ങൾ ജീവിച്ച കാലത്തിന്റെയും സമുദായത്തിന്റെയും സൂക്ഷ്മചിത്രം കിട്ടും. എനിക്കു തോന്നുന്നു ഇന്നത്തെ സാഹിത്യകഥാപാത്രങ്ങൾ മിഥ്യാരൂപങ്ങളെപ്പോലെയാണ്. സമുദായം യഥാർത്ഥത്തിൽ ഇവയിലില്ല. അതിനെക്കുറിച്ചുള്ള വർത്തമാനങ്ങളേയുള്ളൂ”.

നാസ്തികളെ വെറും കുറ്റവാളികളെന്നു മുദ്രയടിച്ചു വിടരുത് നമ്മൾ. മറ്റു രാജ്യങ്ങളിലെ ഏതു സമുന്നത നിരൂപകർക്കും സദൃശരാണ് അവർ.

വീർത്തകണങ്കാൽ

പിതാക്കന്മാർ മകളെ വേഷം കെട്ടിച്ച് ഭാവി വരന്റെ മുൻപിൽ കൊണ്ടുവരുമ്പോൾ അവൾക്കു കണങ്കാൽ വീക്കമുണ്ടെങ്കിൽ സ്വർണ്ണക്കൊലുസ്സു കൂടെ ചാർത്താൻ സമ്മതിക്കരുത്

വധുവിന്റെ മുഖസൗന്ദര്യം കുറവാണെങ്കിൽ പുരുഷൻ സഹിക്കും. പക്ഷേ അവളുടെ കണങ്കാൽ തടിച്ചതാണെങ്കിൽ അയാൾക്കു സഹിക്കാനാവില്ല. എന്റെ ഒരു കൂട്ടുകാരൻ കൂടെക്കൂടെ പെണ്ണുകാണാൻ പോകുമായിരുന്നു. അയാൾ തിരിച്ചെത്തുമ്പോൾ ഞാൻ ചോദിക്കും ‘പെണ്ണിനെ ഇഷ്ടപ്പെട്ടോ?’ അയാൾ മറുപടി പറയും. ‘കാണാനൊക്കെ തരക്കേടില്ലടേ, പക്ഷേ അവൾക്കു കണങ്കാൽ വീക്കം. വേണ്ടെന്നു വച്ചു’. അങ്ങനെ പല പെൺകുട്ടികളെയും വേണ്ടെന്നു വച്ച അയാൾ എറണാകുളത്ത് ഒരു വലിയ ഉദ്ദ്യോഗസ്ഥന്റെ മകളെ കാണാൻ പോയി. ആ വിവാഹം നടക്കുമെന്ന് വിചാരിച്ച എനിക്കു ഇച്ഛാഭംഗമാണുണ്ടായത്. അയാൾ എറണാകുളത്തു നിന്നു തിരുവല്ലയിൽ തിരിച്ചെത്തിയിട്ട് മുത്തൂറ്റ് ജങ്ഷനിൽ വച്ച് വക്കം അബ്ദുൾ ഖാദറിന്റെ സാന്നിദ്ധ്യത്തിൽ എന്നോടു പറഞ്ഞു. “അവൾക്കുമുണ്ട് കണങ്കാൽ വീക്കം. എങ്കിലും അങ്ങ് നടത്തിക്കളയാം എന്ന തീരുമാനമായിരുന്നു എനിക്ക്. പക്ഷേ വീങ്ങിയ കണങ്കാലുകളിൽ അവൾ സ്വർണ്ണക്കൊലുസ്സ് ഇട്ടിരുന്നു. വീങ്ങിയ ചതയിൽ സ്വർണ്ണക്കൊലുസ്സ് കൂടിയായപ്പോൾ വൈരൂപ്യം ഇരട്ടിച്ചു. പെണ്ണ് ആഭരണം ചാർത്താതെയാണ് വന്നതെങ്കിൽ ശരിയെന്നു ഞാൻ പറഞ്ഞേനേ.” ഇതുകേട്ട് വക്കം അബ്ദുൾ ഖാദർ ബീഡി ശക്തിയോടെ വലിച്ചു പുക വിട്ടിട്ടു പൊട്ടിച്ചിരിച്ചു. മുത്തൂറ്റ് രാഘവൻ നായർ എന്ന കവി ഞങ്ങളോടൊപ്പമുണ്ടായിരുന്നു അപ്പോൾ. അദ്ദേഹം വാപൊത്തി ചിരിച്ചു കൊണ്ട് അടുത്തുള്ള കടയിലേക്കു പോയി എന്തോ വാങ്ങാൻ.

ശ്രീ. പി. വി. ആന്റണി കുങ്കുമം വാരികയുടെ താളിൽ നിർത്തിയിരിക്കുന്ന ‘തത്തക്കൂട്’ എന്ന കഥാംഗനയ്ക്ക് കണങ്കാൽ വീക്കം. സഹൃദയനെന്ന വരൻ അതുകണ്ട് പിന്മാറുന്നു. പിന്മാറേണ്ടതില്ല എന്ന് ഉത്തരക്ഷണത്തിൽ അയാൾക്കു തോന്നിയാൽ ‘അലിഗറി’ എന്ന സ്വർണ്ണക്കൊലുസ്സ് അവൾ അണിഞ്ഞിരിക്കുന്നതു കാണാം. അതോടെ പെണ്ണിനെ വേണ്ടെന്നു അയാൾ ഉറക്കെപ്പറഞ്ഞു കളയും.

ഒരു പ്രൊഫസർ തത്തയുള്ള കൂടുമായി നടക്കുന്നു. ആ പക്ഷിയോടു സംസാരിക്കുന്നു. ഒരു ദിവസം തത്ത അപ്രത്യക്ഷമായി. അപ്പോൾ പ്രൊഫസറുടെ ഒരു ശിഷ്യത്തി തത്തയായി മാറി ആ കൂട്ടിൽ കയറിയിരിക്കുന്നു. കുറെദൂരം അയാളോടൊത്തു സഞ്ചരിച്ചിട്ട് ആ തത്തയും രക്ഷപ്പെടുന്നു. Silly എന്ന വിശേഷണമാണ് ഈ കഥയ്ക്കു ചേരുക. പിതാക്കന്മാർ മകളെ വേഷം കെട്ടിച്ച് ഭാവി വരന്റെ മുൻപിൽ കൊണ്ടുവരുമ്പോൾ അവൾക്കു കണങ്കാൽ വീക്കമുണ്ടെങ്കിൽ സ്വർണ്ണക്കൊലുസ്സു കൂടെ ചാർത്താൻ സമ്മതിക്കരുത്.

സൗന്ദര്യമേളം

കോളിൻ റോബോത്തമിന്റെ Relative Sadness എന്ന കൊച്ചു കവിത:

Einstein’s eyes
were filled with tears
when he heard about Hiroshima
Mr Tamihi
had no eyes left
to show his grief

(ഹിരോഷിമയെക്കുറിച്ചു കേട്ടപ്പോൾ ഐൻസ്റ്റൈന്റെ കണ്ണുകൾ നിറഞ്ഞു കണ്ണീരു കൊണ്ടു. എന്നാൽ സ്വന്തം ദുഃഖം കാണിക്കാൻ തമീഹിക്കു കണ്ണുകൾ ഇല്ലായിരുന്നു)

ജപ്പാനിൽ ആറ്റംബോംബിട്ടതു മനുഷ്യക്കുരുതി നടത്തിയതിനെക്കുറിച്ച് ആയിരം പുറങ്ങളിൽ മഹാകാവ്യമെഴുതിയാലും ഈ ആറുവരികൾ ഉളവാക്കുന്ന ചിത്തോദ്വോഗം അതിനു ജനിപ്പിക്കുവാൻ കഴിയുകയില്ല.

ഒക്താവ്യോ പാസ്സിന്റെ Touch എന്ന കവിത:

My hands
open the curtain of your being
clothe you in a further nudity
uncover the bodies of your body
My hands
invent another body for your body.

(എന്റെ കൈകൾ നിന്റെ അസ്തിത്വത്തിന്റെ തിരശ്ശീലകളെ അനാവരണം ചെയ്യുന്നു. വീണ്ടും ഒരു നഗ്നതയിൽ ആച്ഛാദനം ചെയ്യുന്നു. നിന്റെ ശരീരത്തിന്റെ ശരീരങ്ങളെ അനാവരണം ചെയ്യുന്നു. എന്റെ കൈകൾ നിന്റെ ശരീരത്തിന് മറ്റൊരു ശരീരം കണ്ടുപിടിക്കുന്നു)

ഇങ്ങനെ ആറുവരികൾ എനിക്കെഴുതാൻ കഴിഞ്ഞെങ്കിൽ! അല്ലെങ്കിൽ വേണ്ട ഒരുവരി എഴുതാൻ കഴിഞ്ഞാൽ എന്റെ ജീവിതം ധന്യമാകും. ഞാൻ മഹാകവിയാകും. എ. മോറിതാക്കെ എന്ന ജാപ്പാനീസ് കവിയുടെ “Fallen Flower” എന്ന കവിത.

 
Fallen flower I see
Returning to its branch
Ah!a butterfly.

(വീണപൂവു് അതിന്റെ ചില്ലയിലേക്കു തിരിച്ചു പോകുന്നതു ഞാൻ കാണുന്നു. ഹാ! ഒരു ചിത്രശലഭം) ഭാവനയുടെ പ്രകാശപൂർണ്ണമായ ലോകം സൃഷ്ടിക്കുകയാണ് ഈ മഹാകവി.

ഇതുപോലെയുള്ള 150 കൊച്ചു കവിതകളുണ്ട്. The Macmillan Book of Short Poems എന്ന പുസ്തകത്തിൽ (Edited by Leelavati Mohapatra, K. K. Mohapatra and N. P. Tripathy- Pages 156-Rs 80) ഇതു വായിച്ചാൽ നമ്മുടെ കവിതാസ്വാദനത്തിന്റെ അതിരുകൾ വികസിക്കും. നമ്മൾ ഉത്കൃഷ്ടതയിലേക്കു ചെല്ലും.