close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 01 21


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 01 21
ലക്കം 749
മുൻലക്കം 1990 01 14
പിൻലക്കം 1990 01 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഗള്‍ഫ് രാജ്യത്ത് ജോലിയുള്ള ഒരു സ്നേഹിതന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തുമ്പോള്‍ എന്നെക്കാണാന്‍ വരും. വിലകൂടിയ വസ്തുക്കളാണ് അദ്ദേഹം സ്നേഹത്തിന്റെ പേരില്‍ എനിക്കു തരുന്നത്. സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ എനിക്കു മടിയുണ്ടെങ്കിലും ഒരുദേശ്യവുമില്ലാതെ നിഷ്കളങ്കമായ സൗഹൃദം കൊണ്ടുമാത്രം തരുന്ന അവയെ ഞാന്‍ സ്വീകരിക്കാറുണ്ട്. ഒരിക്കല്‍ അദ്ദേഹം ആദരപൂര്‍വം എനിക്കു തന്നത് ഒരു വലിയ കത്തിയായിരുന്നു. അതിന്റെ ബ്ലയ്ഡ് വെട്ടിത്തിളങ്ങുന്നു. നീളം ഒന്നരയടി. വീതി രണ്ടിഞ്ച്. പിടിയാണെങ്കില്‍ അതിസുന്ദരം. സ്നേഹിതന്‍ അത് എനിക്കു തന്നത് എങ്ങനെയാണെന്നോ? ചില സമ്മേളനങ്ങള്‍ക്കു പോകുമ്പോള്‍ യുവതി പ്ലാസ്റ്റിക്കിനകത്തുവച്ച ഇലകളോടുകൂടിയ ചുവന്ന പനിനീര്‍പ്പു നമുക്കു തരാറില്ലേ? അതുപോലെ തന്നെ. “മലായള സാഹിത്യത്തിലെ കോള്‍റിജ്ജും മാത്യം ഓര്‍നോള്‍ഡും എല്യറ്റുമായ പ്രഫെസര്‍ എം. കൃഷ്ണന്‍നായര്‍ക്ക് എന്റെ സ്വന്തം പേരിലും ഈ സംഘടനയുടെ പേരിലും ഞാന്‍ സ്വാഗതമാശംസിക്കുന്നു” എന്ന് നമമുടെ തോലി പൊള്ളത്തക്കവിധത്തില്‍ സ്വാഗതപ്രഭാഷകന്‍ പറയുമ്പോള്‍ ദുര്‍ബ്ബലവും പുച്ഛം കലര്‍ന്നതുമായ കൈയടി. അപ്പോഴാണ് ഒരു ചെറുപ്പക്കാരി റോസാപ്പു എടുത്തുകൊണ്ട് കുണുങ്ങിക്കുണുങ്ങി ദൂരെനിന്ന് വരുന്നത്. വേദിയിലേക്കു കയറി അത് കൈയില്‍ അര്‍പ്പിക്കുന്നത്. അതുപോലെയാണ് സ്നേഹിതന്‍ കത്തി തന്നത് എനിക്ക്. അപ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ചിരിച്ചുകൊണ്ടു ചോദിച്ചു: “എന്തിനാ മാഷിന് ഈ ഭയങ്കരമായ കത്തി? വല്ലവനെയും കൊല്ലാനാണോ? കത്തിയില്ലാതെ പേന കൊണ്ട് അദ്ദേഹം ആഴ്ചതോറും ആളുകളെ കൊല്ലുകയല്ലേ?” ഞാന്‍ അതുകേട്ട് വിനയത്തോടെ ചിരിച്ചതേയുള്ളു. ‘ജനങ്ങള്‍ക്ക് അര്‍ഹതയുള്ള സര്‍ക്കാര്‍‌ അവര്‍ക്കു കിട്ടുന്നു’ എന്നു പറയാറില്ലേ? അതുപോലെ എനിക്കു അര്‍ഹമായത് എനിക്കു കിട്ടുന്നു. സ്വാഗത പ്രഭാഷണത്തിന്റെ ഒടുവില്‍ പനിനീര്‍പ്പു കൊണ്ടുവരുന്ന ചെറുപ്പക്കാരികള്‍ക്കും വ്യത്യാസമുണ്ട്. അധ്യക്ഷനും ഉദ്ഘാടകനും പൂ കൊടുക്കുന്നത് സുന്ദരികളായിരിക്കും, ലലനാമണികളായിരിക്കും. എന്നെപ്പോലെ പ്രാധാന്യമല്ലാത്തവന്, ആകൃതി സൗഭഗമില്ലാത്തവന് സൗന്ദര്യം ഒട്ടുമില്ലാത്ത സ്ത്രീയാവും പൂ കൊണ്ടുവരുന്നത്. ഈ ലോകത്ത് ആളുകള്‍ക്ക് അര്‍ഹതയുള്ളതു കിട്ടുന്നു. സാഹിത്യത്തെസ്സംബന്ധിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. മലയാളികള്‍ക്കു അര്‍ഹതയുള്ള സാഹിത്യം അവര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്നു.

* * *

പക്ഷിയെപ്പിടിച്ചു കൂട്ടിലിട്ട് പഞ്ചാമൃതം വച്ചു കൊടുത്താലും അതു ചത്തുപോകും. അതു ജിവിക്കണമെങ്കില്‍? മരക്കൊമ്പുകളിലിരുന്നു അതിനു രസിക്കണം. അന്തരീക്ഷത്തില്‍ പാറിപ്പറക്കണം. കായും കനിയും കൊത്തിത്തിന്നണം. സാഹിത്യവിഹംഗമത്തെ കൂട്ടിലിട്ട് എക്സിസ്റ്റെന്‍ഷ്യലിസത്തിന്റെ പാല് കൊടുത്താല്‍ പോരാ, ‘‍ഡികണ്‍സ്ട്രക്ഷ’ന്റെയും സറ്റൈലിസ്റ്റിക്ക്സിന്റെയും പലഹാരങ്ങള്‍ നൽകിയാല്‍ പോരാ.

ചെറിയ എഴുത്തുകാരന്‍

ഈ ലോകത്ത് ആളുകള്‍ക്ക് അര്‍ഹതയുള്ളത് കിട്ടുന്നു. സാഹിത്യത്തെ സംബന്ധിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. മലയാളികള്‍ക്ക് അര്‍ഹതയുള്ള സാഹിത്യം അവര്‍ക്കുകിട്ടിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ സിദ്ധികളുള്ളവരെ കണ്ടുപിടിക്കാന്‍ വയ്യാത്തതുകൊണ്ടോ അനുഗൃഹീതര്‍ ഇല്ല എന്നതു കൊണ്ടോ ആവാം ഇവിടത്തെ പെന്‍ഗ്വിന്‍ ബുക്സ്, മറ്റുള്ളവര്‍ പണ്ടു പ്രസാധനം ചെയ്ത പുസ്തകങ്ങള്‍ വീണ്ടും പ്രസാധനം ചെയ്യുന്നത്. ഒബ്രിമേനന്റെ The Fig Tree 1957–ലാണ് ഇംഗ്ലണ്ടില്‍ പ്രസിദ്ധപ്പെടുത്തിയത്. ആ തുച്ഛമായ നോവല്‍ മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഇത്തരത്തിലുള്ള പുനരുൽപാദനം കൊണ്ട് പ്രസാധകര്‍ക്കു നിലനിൽക്കാന്‍ കഴിയുമോ? അതിരിക്കട്ടെ. നമുക്ക് നോവലിലേക്കു കടക്കാം.

ഹാരി വെസ്ലി ഇംഗ്ലീഷുകാരനാണ്. അയാള്‍ ലണ്ടിനിലെ ഒരു സ്ക്കൂളില്‍ പഠിക്കുന്ന കാലത്തു ഹെഡ്മാസ്റ്റര്‍ ചോദിച്ചു. ഭാവിയെക്കുറിച്ച് എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോയെന്ന്. മറുപടി ഇങ്ങനെ: Yes, Sir, I have. I wish to invent an oral contraceptive. അന്നനാളത്തിലൂടെ കഴിക്കുന്ന ഗര്‍ഭനിരോധന മരുന്നു കണ്ടുപിടിക്കാനായിരുന്നു ഹാരി വെസ്‌ലിയുടെ താല്‍പര്യം. പക്ഷേ, അതിനുള്ള പരീക്ഷണങ്ങള്‍ നടത്തിയപ്പോൾ അയാൾ കണ്ടുപിടിച്ചത് ഫലവൃക്ഷങ്ങളുടെ ഫലോല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന ഒരു ദ്രാവകമായിരുന്നു. അതിന്റെ പേരില്‍ ഹാരിക്ക് നോബല്‍ സമ്മാനം കിട്ടി. ഇറ്റലിയിലെ സര്‍ക്കാര്‍ ഇതറിഞ്ഞു. അയാളെ ആ ദ്രാവകമുണ്ടാക്കാനായി അങ്ങോട്ടു ക്ഷണിക്കുകയും ചേയ്തു. ഒരത്തിമരത്തില്‍ ദ്രാവകം കുത്തിവച്ചപ്പോള്‍ അതില്‍ വലിപ്പം കൂടിയ കായ്കളുണ്ടായി. ഹാരിയുടെ കൂട്ടൂകാരന്‍ കോടീശ്വരനായ ജോബെല്‍മാനായിരുന്നു. രണ്ടുപേരും അത്തിപ്പഴം കഴിച്ചപ്പോള്‍ അവര്‍ക്കു കാമോത്സുകത കൂടി. പഴത്തിനു കാമോദ്ദീപകശക്തിയുണ്ടെന്നറിയാതെയാണ് അവരതു ഭക്ഷിച്ചത്. അതോടെ അവര്‍ സ്ത്രീജിതരായി മാറി. ആദ്യം അതു കഴിച്ച ജോ, ഇസബെല്ല എന്ന യുവതിയെക്കണ്ടു കാമത്തില്‍ വീണ്. (“I’am a good man, a soberman, a clean-minded man, a man who keeps himself to himself. Just look’ he said suddenly, ‘What I am doing with my hands’.

She did not need to look, because he was stroking her breasts through her frock: expertly, she thought.” Page 40). ഈ സമാരംഭം പിന്നീട് വേഴ്ചയില്‍ അവസാനിച്ചു. ഹാരിക്ക് കാമം തുടങ്ങിയപ്പോള്‍ വേറൊരു വിധത്തിലാണ് അയാള്‍ അത് പ്രകടിപ്പിച്ചത്. (She felt Harry’s hand on her seat. Page 50). ഇസബെല്ലയുടെ നിതംബത്തില്‍ നടത്തിയ സ്പര്‍ശം ക്രമാനുഗതമായി മറ്റവയവങ്ങളിലുള്ള സ്പര്‍ശമായി വികാസംകൊണ്ട് വേഴ്ചയിലെത്തി. ഇസബെല്ലയില്‍ മാത്രം അതു ഒതുങ്ങിനിന്നില്ല. ഹാരിയും ജോയിയും പല സ്ത്രീകളെയും വീഴ്‌ത്തി. അവര്‍ക്കതിനു സമ്മതവുമായിരുന്നു. ഒടുവില്‍ ബഹളമായപ്പോള്‍ അത്തിമരം മുറിച്ചുകളയാനുള്ള തീരുമാനമുണ്ടായി. പള്ളി, സര്‍ക്കാര്‍, കുടുംബക്ഷേമ സംഘടനകള്‍ ഇവയുടെ പ്രതിനിധികള്‍ അടങ്ങിയ ഒരു കമമീഷന്റെ മുന്‍പില്‍ വച്ച് മരം നശിപ്പിച്ചു. അതോടെ അവരുടെ ലൈംഗികവികാരം കെട്ടടങ്ങി.

മനുഷ്യന്റെ വീഴ്ചയ്ക്കു കാരണമായ ഫലാശനത്തെ മനസ്സില്‍ വച്ചുകൊണ്ട് എഴുതിയ ഈ നോവല്‍ വെറും അലിഗറിയാണ് (ലാക്ഷണിക കഥയാണ്). അലിഗറി യാന്ത്രിക സ്വഭാവമാര്‍ന്നതാണ്. സിംബലിസത്തിന്റെ ചലനാത്മകത്വം അതിനില്ല. കനി എപ്പോഴും വികാരത്തിന്റെ പ്രതിരൂപമാണ് പശ്ചാത്യ സാഹിത്യത്തില്‍. വികാരവിവശരായ രണ്ടുപേരെ മേനൻ ഇതില്‍ ചിത്രീകരിക്കുന്നു. വികാരം ഇല്ലാതാവുമ്പോള്‍ (കനി കിട്ടാതെയാവുമ്പോള്‍) അവര്‍ അനിയതാവസ്ഥയില്‍ നിന്നു മോചനം നേടുന്നു. തുച്ഛമായ ഈ നോവലിനെ പരിഹാസകൃതിയായി കാണാം. അങ്ങിങ്ങായി കാണുന്ന നേരമ്പോക്കിനുവേണ്ടി ഇതു വായിക്കുകയും ചെയ്യാം. ഒബ്രിമേനന്‍ ഒരു ചെറിയ എഴുത്തുകാരനാണെന്ന് ഈ നോവലും തെളിയിക്കുന്നു (The Fig Tree, Penguin Books, Rs. 50).

* * *

ഈ ചെറിയ എഴുത്തുകാരന്‍ ചിലപ്പോള്‍ ജീവിത നിരീക്ഷണം നടത്താറുണ്ട്. അവ സത്യത്തിന്റെ നാദമുയര്‍ത്തുന്നു. ഒരുദാഹരണം.

ജോ പറഞ്ഞു
‘സ്ത്രീയും പുരുഷനും രതിലീലകളില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോ വ്യക്തിയും മറ്റേ വ്യക്തിയെക്കുറിച്ചായിരിക്കും ചിന്തിക്കുക. അല്ലേ?’
ഇസബെല്ല
‘അല്ല. അവര്‍ തങ്ങളെക്കുറിച്ചാണ് വിചാരിക്കുന്നുത്.’

‘അയാള്‍ തന്നെക്കുറിച്ചും അവള്‍ അവളെക്കുറച്ചും വിചാരിക്കുന്നുവോ?’

‘തീര്‍ച്ചയായും. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞു വളരെക്കാലമായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് വേഴ്ചയിലേര്‍പ്പെടാന്‍ കഴിയുന്നതെങ്ങനെ? ഒരാള്‍ മറ്റൊരാളെക്കുറിച്ചു വിചാരിച്ചാല്‍ അഞ്ചു മിനിറ്റിനകം ശണ്ഠയുണ്ടാവുകയില്ലേ?’ (പുറം 95).

ദൗര്‍ഭാഗ്യം

പണ്ടൊരു ഡെപ്യൂട്ടി മുഖ്യമന്ത്രിയുണ്ടായിരുന്നു. അദ്ദേഹം മുഖ്യാതിഥിയായിരുന്ന ഒരു സ്ഥാപനത്തില്‍ പ്രസംഗിക്കാനുള്ള ദൗര്‍ഭാഗ്യമുണ്ടായി എനിക്ക്. സ്വാഗതവും റിപോര്‍ട് വായനയും കഴിഞ്ഞു. മുഖ്യാതിഥി ഒരുമണിക്കൂര്‍ നേരം പ്രസംഗിച്ചു. ഞാന്‍ ആ പ്രഭാഷണം മുന്‍പു പലതവണ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി കേള്‍ക്കുകയാണെന്ന ഭാവത്തില്‍ ഇരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം ഡാന്‍സ് എന്ന ‘ഉഡാന്‍സ്’ നടന്നു. പിന്നീട് എന്റെ പ്രഭാഷണവും അതിനുശേഷം ഡെപ്യൂട്ടി മുഖ്യന്റെ സഹധര്‍മ്മിണി നിര്‍വഹിക്കുന്ന സമ്മാനദാനവുമായിരുന്നു ‘കാര്യപരിപാടി’യില്‍ എഴുതിവച്ചിരുന്നത്. പക്ഷേ, ഡാന്‍സ് കഴിഞ്ഞയുടനെ അദ്ദേഹം സമ്മാനദാനം എന്നു മൈക്കില്‍ക്കൂടെ പറഞ്ഞു. തീപ്പെട്ടിക്കൂടുവരെ എടുത്തു കൊടുക്കുന്ന ആ കൃത്യം കഴിഞ്ഞയുടനെ അദ്ദേഹവും സഹധര്‍മ്മിണിയും സ്ഥലം വിട്ടു. അവരെ യാത്രയാക്കാന്‍ സ്ഥാപനത്തിന്റെ അധ്യക്ഷനും മറ്റുള്ളവരും ഓടി. അവരൊട്ടു തിരിച്ചു സമ്മേളന സ്ഥലത്തേക്കു വന്നതുമില്ല. സദസ്സ് എന്നു പറയുന്നത് പത്തുപേര്‍. ഞാന്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ അവരില്‍ പകുതിയും എഴുന്നേറ്റു പോയി. എനിക്ക് ആ അപമാനം സംഭവിച്ചത് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പ്രവൃത്തിയാലായിരുന്നു. അദ്ദേഹം എന്റെ മുഖത്ത് ഒരു സെക്കന്‍ഡ് നേരം പോലും നോക്കിയില്ല. പോകാന്‍ നേരത്ത് എന്നെ നോക്കാതിരിക്കാന്‍ അദ്ദേഹം വളരെ ശ്രദ്ധിക്കുകയും ചെയ്തു. അദ്ദേഹത്തിന് എന്നെ അറിയാന്‍ പാടില്ലാത്തതു കൊണ്ടല്ല അത്തരത്തിലുള്ള പെരുമാറ്റമുണ്ടായതെന്നതിന് തെളിവുണ്ട്. ഈ സംഭവത്തിനുശേഷം ആശാന്‍ സ്മാരകക്കമ്മിറ്റി അദ്ദേഹത്തോട് ആരെയൊക്കെയാണ് മഹാകവിയുടെ ജന്മദിനാഘോഷത്തിന് വിളിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ ‘മംഗളാനന്ദസ്സ്വാമിയെ വിളിക്കൂ. പിന്നെ പ്രസംഗിക്കാന്‍ ആ ​എം. കൃഷ്ണന്‍നായരെയും വിളിക്കണം. അയാളെ വിളിച്ചാല്‍ അയാള്‍ ആശാനെ ചീത്ത പറയും. അപ്പോൾ മറുപടി പറയും മംഗളാനന്ദന്‍. മീറ്റിങ് കൊഴുക്കും’ എന്ന് സംഘാടകരോടു പറഞ്ഞു. പിന്നെന്തിനായിരുന്നു അദ്ദേഹം എന്നെ കൊട്ടിയത്തുവച്ച് അവഗണിച്ചത്? തന്റെ സ്ഥാനവലിപ്പത്തിലുള്ള ദുരിഭിമാനത്താല്‍ എന്നെ മറുപടിയുളളു. ഗാന്ധിജിയുടെ തത്ത്വങ്ങള്‍ പ്രചരിപ്പിച്ചിരുന്ന അദ്ദേഹം അങ്ങനെ പെരുമാറിയതില്‍ എനിക്ക് വലിയ ദുഃഖം തോന്നി. ഈ സംഭവത്തോട് താഴെപ്പറയുന്ന സംഭവം ഒന്നു തട്ടിച്ചു നോക്കുക.

കുറെ മാസം മുന്‍പ് ഞാന്‍ തൃശ്ശൂര്‍ തീവണ്ടിയാപ്പീസില്‍ വണ്ടി വരുന്നതു നോക്കി നില്‍ക്കുകയായിരുന്നു. ഒരാള്‍ മുണ്ട് മടക്കിക്കുത്തി പ്ലറ്റ്ഫോമില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തെത്തി ചോദിച്ചു: “സാറ് എങ്ങോട്ട്?” ഞാന്‍ അദ്ഭുതപ്പെട്ടുപോയി. മന്ത്രിയായ പങ്കജാക്ഷന്‍. ഞാന്‍ വിനയത്തോടെ മറുപടി നൽകി: “ഞാന്‍ സാഹിത്യ അക്കാഡമിയുടെ മീറ്റിങ്ങിനു വന്നതാണ്. ഈ ട്രെയിനില്‍ തിരിച്ചു പോകുന്നു. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ഞാനും ഇതേ വണ്ടിയില്‍ വരുന്നുണ്ട്.”

നോക്കൂ വായനക്കാരേ സാത്ത്വിക ഗാന്ധിസത്തിന്റെയും മിലിറ്റന്റ് മാര്‍ക്സിസത്തിന്റെയും വ്യത്യാസം. ഞാന്‍ മാര്‍ക്സിസ്റ്റല്ലെങ്കിലും റെവല്യൂഷനറി സോഷ്യലിസ്റ്റ് അല്ലെങ്കിലും മന്ത്രി പങ്കജാക്ഷനെ ബഹുമാനിക്കുന്നു. എന്നോട് രണ്ടു വാക്ക് അദ്ദേഹം ചോദിച്ചതു കൊണ്ടല്ല; അതു ചോദിക്കാനുള്ള മനുഷ്യസ്നേഹം അദ്ദേഹത്തിനുള്ളതുകൊണ്ടു മാത്രം.

അന്തസ്സും ആഭിജാത്യവും ആത്മധൈര്യവും വിനയത്തിലൂടെയാണ് പ്രകടമാകുന്നത്. അപമാനനത്തിലൂടെയല്ല, നിന്ദനത്തിലൂടെയല്ല. എവിടെയൊക്കെ നാട്യമുണ്ടോ അവിടെയൊക്കെ കാപട്യവും നൃശംസതയുമുണ്ട്. ചില ഉദ്യോഗസ്ഥന്മാരുടെ പ്രൌഢിയിലും വിദ്വാന്മാരുടെ ഗര്‍വ്വിലും ഇവയുണ്ട്. അതു തെറ്റാണെന്ന് മനീഷികള്‍ പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

ഒരിക്കല്‍ ലൗറ്റ്സറുടെ (Laotse) ഒരു ശിഷ്യന്‍ വനത്തില്‍ നിന്നു വിറകു ശേഖരിക്കുകയായിരുന്നു. അവിടെവച്ച് അയാള്‍ കണ്‍ഫ്യൂഷ്യയസ്സിനെ കണ്ടു. ശിഷ്യന്‍ ഗുരുവന്റെ അടുക്കലെത്തിപ്പറഞ്ഞു: “ഞാന്‍ കാട്ടില്‍ തലപൊക്കിപ്പിടിച്ചു നടന്ന തടിച്ചു കുറുകിയ ഒരുത്തനെ കണ്ടു. ഈ ലോകം മുഴുവന്‍ ഭരിക്കുമെന്ന ഭാവമായിരുന്നു അയാളുടെ കണ്ണുകളില്‍. ആരാണയാള്‍?”

ഗുരു പറഞ്ഞു
“അതു കണ്‍ഷ്യൂഷ്യസ് തന്നെ. അയാളോട് ഇവിടെ വരാന്‍ പറയു.”

അദ്ദേഹമെത്തിയപ്പോല്‍ ലൗറ്റ്സര്‍ പറഞ്ഞു. “കണ്‍ഷ്യൂഷ്യസ്, നിങ്ങളുടെ ഈ അഹങ്കാരവും പണ്ഡിതനാണെന്ന നാട്യവും ഉപേക്ഷിക്കു. എങ്കില്‍ നിങ്ങള്‍ മാന്യനായി മാറും.”

ഒന്നും അതിരു കടക്കരുത്. വികാരം ഒരു പരിധി കഴിഞ്ഞാല്‍ വികാരചാപല്യമാകും. “ആനന്ദം കൊണ്ടു തളര്‍ന്നല്ലോ ഞാന്‍, ആരു നീയാരുനീ ഓമലാളേ?” എന്ന ചോദ്യത്തില്‍ വികാരമല്ല, വികാരചാപല്യമാണുള്ളത്. I fall upon the thorns of life! I bleed എന്നെഴുതിയത് ഷെല്ലിയാണോ? ആണെങ്കിലുമില്ലെങ്കിലും അതു കവിതയല്ല; അതിഭാവുകത്വമാണ്.

ഈ വികാരചാപല്യത്തിന് ശരിയായ ഉദാഹരണമാണ് സതീഷ് ബാബു പയ്യന്നൂര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘വിശുദ്ധ ഹൃദയം’ എന്ന ചെറുകഥ. ഗ്രാമവികസന വകുപ്പില്‍ ജോലിയുണ്ടായിരുന്ന ഒരുത്തന് പൊന്ന എന്നൊരു കൊച്ചുകുട്ടിയെ പരിചയപ്പെടാനുള്ള സന്ദര്‍ഭം കിട്ടി. അവന്‍ അയാളുടെ മകൾ അനിതയുടെ കൂട്ടുകാരനായി. ഉടുപ്പില്‍ തീപിടിച്ചത് അവനാണ്. കാലം കഴിഞ്ഞു. അനിതയുടെ വിവാഹദിനമായി. ‘അനിതയുടെ കല്യാണത്തിന് എന്നെയും വിളിക്കില്ലേ സാര്‍’ എന്ന് അവന്‍ എഴുതിച്ചോദിച്ച കത്ത് രണ്ടു ദിവസത്തിനുമുന്‍പ് അയാള്‍ക്കു കിട്ടി. പശ്ചാത്താപവിവശനായി അവനെ വരാന്‍ കമ്പി കൊടുത്തിട്ട് മകള്‍ കല്യാണമണ്ഡപത്തില്‍ കയറുമ്പോഴും അതില്‍ ശ്രദ്ധിക്കാതെ നിൽക്കുന്ന അയാളെ ചിത്രീകരിച്ചുകൊണ്ട് കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നു. സന്ദര്‍ഭത്തിനു യോജിക്കാത്ത ഈ വികാരാധിക്യമാണു കഥയെ അസത്യപൂര്‍ണ്ണമാക്കുന്നത്. ‘വായനക്കാര്‍ക്കു കണ്ണീരുണ്ടോ? ഉണ്ടെങ്കില്‍ ഞാനതു പ്രവഹിപ്പിക്കും’ എന്നാണ് കഥാകാരന്റെ മട്ട്. അദ്ദേഹം ചെക്കോവും കമ്യൂവുമൊക്കെ കഥയെഴുതുന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. അതു മനസ്സിലാക്കിയാല്‍ ഈ രീതിയില്‍ കഥകള്‍ എഴുതുകില്ല.

പാവം വൃദ്ധന്‍

ഞാന്‍ സ്വിഫ്റ്റിന്റെ കൃതികളില്‍ ചിലതു വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിട്ടില്ല. ജീവചരിത്രം വിഷയകമായി ഇനിപ്പറയുന്ന കാര്യം കീര്‍ക്കഗോറിന്റെ ഒരു പുസ്തകത്തില്‍ നിന്നു കിട്ടിയതാണ്. താന്‍ ചെറുപ്പത്തില്‍ സ്ഥാപിച്ച ഭ്രാന്താലയത്തില്‍ സ്വിഫ്റ്റ് വാര്‍ദ്ധ്യക്യകാലത്തു നയിക്കപ്പെട്ടു. കണ്ണാടിയുടെ മുന്‍പില്‍ ‘പെങ്ങച്ച’ത്തോടുകൂടി നിൽക്കുന്ന യുവതിയെപ്പോലെ അദ്ദേഹം നിന്നു. പക്ഷേ, ചെറുപ്പക്കാരിയുടെ വിചാരങ്ങൾ അദ്ദേഹത്തിനില്ലായിരുന്നു. അങ്ങനെ കണ്ണാടിയുടെ മുന്‍പില്‍ നിന്ന സ്വിഫ്റ്റ് തന്റെ പ്രതിഫലനം നോക്കി “പാവപ്പെട്ട വൃദ്ധന്‍” എന്നു പറഞ്ഞിരുന്നു. വേണു ആലപ്പുഴ ദേശാഭിമാനി വാരികയില്‍ എഴുതിയ “ഒഴുക്കിനൊപ്പം” എന്ന ചെറുകഥ എന്നെസ്സംബന്ധിച്ചിടത്തോളം കണ്ണാടിയാണ്. ഞാന്‍ എന്റെ പാവത്തത്തെ ഇവിടെ നിന്ന് ഉദ്ഘോഷിക്കുന്നു. ഭ്രാന്തനായതുകൊണ്ട് ഞാനതില്‍ നോക്കുന്നു. കലാത്മകതയ്ക്കു പകരം ചോരയും നീരും വറ്റിയ എന്നെത്തന്നെ കാണുന്നു. ഒരു സൈക്കിള്‍ റിക്ഷാക്കാരന്റെ ദുരന്തം ചിത്രീകരിക്കുകയാണ് കഥാകാരന്‍. പക്ഷേ, ദുരന്തവുമല്ല, ചിത്രീകരണവുമില്ല. അനുഭൂതി ഉളവാക്കാത്ത ഒരു ഉപന്യാസമാണിത്.

സമുദായത്തെ പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരന്‍ വ്യക്തിയിലൂടെയാണ് അത് അനുഷ്ഠിക്കുന്നത്. വ്യക്തിയെ ശരിയായി പ്രതിഫലിപ്പിക്കാന്‍ അയാളെക്കുറിച്ച് ജിജ്ഞാസയുണ്ടാകണം എഴുത്തുകാരന്. ചതഞ്ഞ, വികാരശൂന്യങ്ങളായ വാക്യങ്ങള്‍ ധാരാളമെഴുതിവയ്ക്കാനല്ലാതെ ഈ കഥാകാരന് ഒന്നുമറിഞ്ഞുകൂടാ.

ഞാന്‍ ആലപ്പുഴെ സനാതന ധര്‍മ്മവിദ്യാലയത്തില്‍ സെക്കന്‍ഡ് ഫോമില്‍ പഠിക്കുന്ന കാലം. താമസിച്ചിരുന്നത് തത്തംപള്ളിക്കടുത്ത്. ഞാനും എന്റെ അച്ഛനും കൂടി കിടങ്ങാം പറമ്പു മൈതാനം കടന്ന് വിദ്യാലയത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ ഞങ്ങള്‍ക്കെതിരെ ഒരു ലോറി പാഞ്ഞു വരുന്നുണ്ടായിരുന്നു. എന്റെ വലതുഭാഗത്തായി നടന്നിരുന്ന പിതാവിനെ അതു സ്പര്‍ശിച്ചുകൊണ്ടു പോകുമെന്നും ആപത്തുണ്ടാകുമെന്നും ഞാന്‍ വല്ലാതെ ഭയന്നു. പക്ഷേ, ഒരു നിമിഷത്തിനകം അച്ഛന്‍ എന്നെപ്പിടിച്ച് വലതു ഭാഗത്തു നിറുത്തി. ചാകുന്നെങ്കില്‍ മകന്‍ ചത്തുകൊള്ളട്ടെ എന്ന വിചാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല പിതാവിന്. ലോറി എന്നെ തൊടാതെ ഇരച്ചു കൊണ്ടുപോയി. വേണു ആലപ്പുഴക്കാരനല്ലേ. അദ്ദേഹം യുവാവായിരിക്കാം. എങ്കിലും അദ്ദേഹം പ്രായം കൂടിയ ആളാണെന്നു ഞാന്‍ സങ്കല്പിച്ചു കൊള്ളട്ടെ. ബാലനായ സഹൃദയനെ അദ്ദേഹം ഇരച്ചു വരുന്ന ലോറിയുടെ മുന്‍പില്‍ പിടിച്ചു നിറുത്തുന്നു. എന്റെ പിതാവിനെ ഞാനന്നുതൊട്ടു വെറുത്തു. വേണുവിനോട് എനിക്കു വെറുപ്പില്ല. കഥാരചനയില്‍ അദ്ദേഹത്തിനു വൈദഗ്ദ്ധ്യമില്ലെന്നേയുള്ളു; ക്രൂരതയില്ലല്ലോ.

മറ്റൊരാളിന്റെ ചൊല്ലുകള്‍

“ ‘നിങ്ങള്‍ വിവാഹം കഴിഞ്ഞയാളാണ് അല്ലേ?’ — ‘ഹേയ്. എന്റെ പുറത്ത് കാറിടിച്ചതേയുള്ളു.’”

“അയാള്‍ക്കു വളരെക്കുറച്ചു വാക്കുകളേ അറിയാമായിരുന്നുള്ളു. അതുകൊണ്ട് അയാള്‍ വിവാഹം കഴിച്ചു.”

“ ‘ഈ വീട് ചോരുമോ എപ്പോഴും?’ — ‘ഇല്ല. മഴക്കാലത്തു മാത്രമേ അതുള്ളു.’ ”

“എനിക്കു ടാക്സിയില്‍ പോകാനാണിഷ്ടം. പക്ഷേ, വണ്ടിയെക്കാള്‍ വേഗത്തില്‍ മീറ്റര്‍ കറങ്ങും.”

“പ്രേതങ്ങളില്‍ എനിക്കു വിശ്വാസമില്ലായിരുന്നു — ടെലിവിഷന്‍ സെറ്റ് വാങ്ങുന്നതു വരെ.”

“(ഓഫീസില്‍) എത്ര വൈകിവന്നുവെന്നു സ്ത്രീയെ അറിയിക്കാന്‍ സഹായിക്കുന്ന ഉപകരണമെന്ന് റിസ്റ്റ് വാച്ച്.”

“ ‘ജോണ്‍, നീ അടുക്കളയില്‍ നിന്നു കളിക്കരുതെന്ന് ഞാന്‍ എത്ര തവണ പറഞ്ഞെടാ.” ’ ‘പതിനേഴു തവണ’ പറഞ്ഞു.

“ ‘എന്റെ അച്ഛനു നിന്റെ അച്ഛനെ അടി കൊടുക്കാന്‍ കഴിയും.’ ‘അതിനെന്താ എന്റെ അമ്മയ്ക്കും അതിനു കഴിയുമല്ലോ.’”

“ ‘ എന്നെ നിങ്ങള്‍ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം പറയു.’ ‘ഒന്നല്ല, നാലു കാരണങ്ങള്‍ പറയാം. എന്റെ ഭാര്യയും മൂന്നു പിള്ളേരും.’”

(Leopold Fechtner സമാഹരിച്ച ചൊല്ലുകള്‍)

റുബൈയാത്

അന്തസ്സും ആഭിജാത്യവും ആത്മധൈര്യവും വിനയത്തിലൂടെയാണ് പ്രകടമാകുന്നത്. അപമാനത്തിലൂടെയല്ല, നിന്ദനത്തിലൂടെയല്ല. എവിടെയൊക്കെ നാട്യമുണ്ടോ അവിടെയൊക്കെ കാപട്യവും നൃശംസയുമുണ്ട്. ചില ഉദ്യോഗസ്ഥന്മാരുടെ പ്രൗഢിയിലും വിദ്വാന്മാരുടെ ഗര്‍വ്വിലും ഇവയുണ്ട്. അതു തെറ്റാണെന്ന് മനീഷികള്‍ പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പെര്‍ഷന്‍ കവി ഓമാര്‍ കൈയാമിന്റെ (Omar Khayyam) ‘റുബൈയാത്’ എന്ന കാവ്യം ഇംഗ്ലീഷ് കവി ഫിറ്റ്സ് ജെറള്‍ഡാണ് (Edward Fitz-Gerald, 1809–83) ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്ത് 1859–ല്‍ പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് മൂന്നു പ്രസാധനങ്ങള്‍ കൂടിയുണ്ടായി. ഓരോന്നിലും മാറ്റങ്ങള്‍ നിരവധി. ആദ്യത്തെ പ്രസാധനത്തില്‍.

(Here with a Loaf of Bread beneath the Bough)
A Flask of Wine, a Book of Verse — and Thou
Beside me singing in the Wilderness–
And Wilderness is Paradise now.

ഫിറ്റ്സ് ജെറള്‍ഡ് പിന്നീട് അതിങ്ങനെ മാററി:

A Book of Verses underneath the Bough
A Jug of Wine, a Loaf of Bread — and Thou
Oh, Wilderness were Paradise now.

ജി. ശങ്കരക്കുറുപ്പ് റുബൈയാത് തര്‍ജ്ജമ ചെയ്തല്ലോ. ആ തര്‍ജ്ജമയുടെ പോരായ്മ ധ്വനിപ്പിച്ചുകൊണ്ടു കൊളാടി ഗോവിന്ദന്‍കുട്ടി ജനയുഗം വാരികയില്‍ എഴുതിയത് വായിച്ചപ്പോള്‍ എനിക്കു തെല്ലു സന്തോഷം തൊന്നി. ജി. ശങ്കരക്കുറുപ്പിന്റെ ഭാഷാന്തരികരണം മാത്രമല്ല, കെ. എം. പണിക്കരുടെ തര്‍ജ്ജമയുടെ നല്ല തര്‍ജ്ജമ എം. പി. അപ്പന്റേതു മാത്രമാണ്.

ഫിറ്റ്സ് ജെറള്‍ഡിന്റെ തര്‍ജ്ജമ യഥാര്‍ത്ഥത്തില്‍ തര്‍ജ്ജമയല്ല. മൂലഗ്രന്ഥത്തിലെ ചില ആശയങ്ങളെടുത്തു സ്വന്തം ആശയങ്ങളോടു കൂട്ടിചേര്‍ത്താണ് അദ്ദേഹം അതെഴുതിയത്. മുകളില്‍ച്ചേര്‍ത്ത പദ്യത്തിന്റെ ‘ഒറിജിനല്‍’ തികച്ചും വിഭിന്നമാണ്. കവി റോബര്‍ട് ഗ്രേയ്‌വ്സും ഓമാര്‍ ആലിഷായും ചേര്‍ന്നു തര്‍ജ്ജമ ചെയ്തതില്‍ അത് ഇപ്രകാരമായി കാണുന്നു:

A gourd of wind and a Sheaf of poems
A bare subsistence, half a loaf not more–
Supplied us two alone in the free desert:
What Sultan could we envy on his throne?

ഫിറ്റ്സ് ജെറള്‍ഡിന്റെ തര്‍ജ്ജമയും ഈ തര്‍ജ്ജമയും എത്ര വിഭിന്നം! ആശയങ്ങള്‍ പോലും ഫിറ്റ്സ് ജെറള്‍ഡ് മാറ്റിക്കളഞ്ഞു. അതിനാലാണ് ഫിറ്റിസ് ജെറള്‍ഡിന്റേത് translation (തര്‍ജ്ജമ) അല്ല, transmogrification (ബീഭത്സമായ രൂപാന്തരം) ആണെന്നു ചിലര്‍ പറയുന്നത്. ഇക്കാരണത്താല്‍ ഫിറ്റ്സ് ജെറള്‍ഡിന്റെ തര്‍ജ്ജമയെ അവലംബിച്ചുകൊണ്ട് ഓമാര്‍ കൈയാമിന്റെ ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനാവില്ല. കാരണം ഈ ഇംഗ്ലീഷ് കവി ഓമാറിന്റെ ദര്‍ശനത്തെത്തന്നെ മാറ്റിക്കളഞ്ഞു എന്നതത്രേ. കൊളാടി ഗോവിന്ദന്‍കുട്ടിയുടെ പ്രബന്ധം ഉളവാക്കാനിടയുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഞാനിത്രയും എഴുതിയത്.

* * *

C.M. Bowra എഴുതിയ In General and Particular എന്ന പുസ്തകത്തില്‍ ഫിറ്റ്സ് ജെറള്‍‌ഡിന്റെ തര്‍ജ്ജമയെക്കുറിച്ച് ഒരു പ്രബന്ധമുണ്ട്. പ്രൌഢമാണത്. റൊബര്‍ട് ഗ്രെയ്പ്സ് എഴുതിയ The Fitz-Omar Cult എന്ന പ്രബന്ധവും അതുപോലെ പ്രൌഢമത്രേ. (പെന്‍ഗ്വിന്‍ ബുക്ക്സിന്റെ The Rubaiyat of Omar Khayaam എന്ന പുസ്തകത്തിലുണ്ട് അത്.)

ഇനി ഞാന്‍ എന്തോന്നു ചൊല്ലേണ്ടതും

‘പ്രതാപികളായ വടക്കേലെ ആങ്ങളമാര്‍ കെട്ടിയ കോട്ടയില്‍ വളരുന്ന ലക്ഷ്മിയെ’ ശങ്കരന്‍കുട്ടി സ്നേഹിച്ചു. അത് ആര്‍ക്കും ഇഷ്ടമായില്ല. അപമാനം സഹിക്കാനാവാതെ അയാള്‍ അമ്മയുടെ മാലയുംകൊണ്ടു സ്ഥലം വിട്ടു. ഏഴുവര്‍ഷം കഴിഞ്ഞ് ധനികനായി അയാള്‍ തിരിച്ചെത്തി. ആഹ്ലാദത്തോട് ആഹ്ലാദം. ബന്ധുക്കള്‍ വന്നുകൂടി. തിരുവോണമാഘോഷിക്കാനുള്ള തയ്യാറെടുപ്പാണ്. പ്രഭാതമായപ്പോള്‍ ശങ്കരന്‍കുട്ടിയെ കാണാനില്ല. എല്ലാവരും പരിഭ്രമിച്ചു നിന്നപ്പോള്‍ ശങ്കരന്‍കുട്ടി അടുത്ത വീട്ടില്‍നിന്നു തിരിച്ചെത്തി. സൗമ്യമായിത്തന്നെ അയാള്‍ പറഞ്ഞു: ‘അമ്മേ പരിഭ്രമിക്കേണ്ട. ലക്ഷ്മിക്കു ഞാന്‍ ബടെ വേണംന്നാമോഹം. അതോണ്ടു ഇക്കുറി എന്റെ ഓണം ബട്യേണ്.” വിധവയായ ലക്ഷ്മിയെ സഹധര്‍മ്മിണിയാക്കാന്‍ ശങ്കരന്‍കുട്ടി തീരുമാനിക്കുമ്പോള്‍ മുണ്ടൂര്‍ സേതുമാധവന്‍ കലാകൗമുദിയില്‍ എഴുതിയ ‘അത്തംതൊട്ട്’ എന്ന ചെറുകഥ അവസാനിക്കുന്നു. ഇക്കഥയുടെ ന്യൂനതകള്‍

  1. കോടാനുകോടിയാളുകള്‍ കൈകാര്യം ചെയ്ത വിഷയമാണിത്. അതിനു പുതുമ നൽകാനോ വൈവിധ്യം വരുത്താനോ കഥാകാരനു കഴിഞ്ഞിട്ടില്ല.
  2. ഭാവത്തെക്കാള്‍ പ്രാധാന്യം ഭാഷയ്ക്കാണ്. കഥ വായിക്കുമ്പോള്‍ ഭാഷ നമ്മള്‍ മറക്കുകയും ചിത്രങ്ങള്‍ മാത്രം മനസ്സില്‍ തങ്ങിനിൽക്കുകുകയും ചെയ്യും. ഈ കഥയില്‍ ഭാഷ നമ്മെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.
  3. ജീവിതത്തിന്റെ അഗാധതയില്‍ യുക്തികൊണ്ടു പിടിച്ചെടുക്കാന്‍ വയ്യാത്ത പല രഹസ്യങ്ങളുമുണ്ട്. സാഹിത്യകാരന്‍ സഹജാവബോധംകൊണ്ട് അത് ആഗ്രഹിക്കുന്നു, ആവിഷ്കരിക്കുന്നു. നമ്മുടെ കഥാകാരന്‍ ജീവിതത്തിന്റെ ഉപരിതലം മാത്രമേ കാണുന്നുള്ളു.
  4. ജീവിതത്തിന്റെ പുതിയ പുതിയ മാനങ്ങള്‍ കലാസൃഷ്ടിയില്‍ വരുമ്പോഴാണ് അത് അന്യാദൃശ്യമാകുന്നത്. ഈ രചനയില്‍ ഒരു മാനവും (dimension) ഇല്ല.
  5. ഭാവനയുടെ ശക്തിയും വികാരത്തിന്റെയും കലാസൃഷ്ടിയില്‍ വേണം. രണ്ടും ഇതില്‍ കാണാനില്ല.

“ഇനി ഞാന്‍ എന്തോന്നു ചൊല്ലേണ്ടതും?”

ചോദ്യം, ഉത്തരം

Symbol question.svg.png ചിരിക്കുന്നതു നല്ലതല്ലേ?

അതേ. പക്ഷേ കാര്‍ട്ടനെപ്പോലെ ഏതു സമയവും പല്ലിളിച്ചാല്‍ അതു കള്ളത്തരമാണെന്ന് മനസ്സിലാക്കാം.

Symbol question.svg.png ജപ്പാനിലെ ഏറ്റവും നല്ല എഴുത്തുകാരന്‍ ആര്?

നോവലിസ്റ്റുകളില്‍ കാവബാത്ത. ചിന്തകരില്‍ എനിക്കേറ്റവും ഇഷ്ടം ദസൈക്കു ഐക്കേഡ. അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തോടു ബഹുമാനം തോന്നി. ഞാന്‍ അദ്ദേഹത്തിന് കത്തയച്ചു. ഐക്കേഡ അദ്ദേഹത്തിന്റെ എല്ലാപ്പുസ്തകങ്ങളും എനിക്കയച്ചുതന്നു.

Symbol question.svg.png പ്രസംഗിക്കാന്‍ പോകാമെന്ന് ഏറ്റിട്ടു പോകാതിരിക്കുന്നതിനെക്കാള്‍ നല്ലത് ഏൽക്കാതിരിക്കുന്നതല്ലേ?

ചിലപ്പോള്‍ അസൗകര്യങ്ങളുണ്ടാകും. അപ്പോള്‍ പോകാനൊക്കുകയില്ല. പലരുടെയും കാര്യം അങ്ങനെയല്ല. ക്ഷണിക്കുമ്പോള്‍ പ്രസംഗിക്കാനുള്ള കൗതുകം കൊണ്ട് അത് ഏൽക്കും. പിന്നീട് ഭാര്യ തടസ്സപ്പെടുത്തുമ്പോള്‍ പോകുകയില്ല. എന്റെ കൂടെ ചങ്ങനാശ്ശേരിയില്‍ ഒരു സമ്മേളനത്തിനു വരുമെന്ന് ഏറ്റ ഒരു സാഹിത്യകാരന്‍ സമയമായപ്പോള്‍ വയ്യെന്നു പറഞ്ഞു. എന്താണ് കാരണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ‘റ്റെറിബിള്‍ ബ്ലീഡിങ്ങാ’യി അകത്തു കിടക്കുന്നുവെന്നു മറുപടി. ഞാന്‍ ഉള്ളിലേ മുറിയിലേക്കു കണ്ണോടിച്ചപ്പോള്‍ ഭാര്യ കുതിരക്കുട്ടിയെപ്പോലെ ചാടിച്ചാടി നടക്കുന്നുണ്ടായിരുന്നു.

Symbol question.svg.png ഏതു പുരുഷനാണ് ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്നത്?

വിവാഹം കഴിഞ്ഞവന്‍.

ബുക്കര്‍ സമ്മാനം

ബുക്കര്‍ സമ്മാനങ്ങള്‍ക്കു സത്യസന്ധതയില്ലാത്ത അവസ്ഥയിലാണ്. പീറ്റര്‍ കാരിയുടെ Oscar and Lucinda വിരസമായ നോവലാണ്. സമ്മാനം അദ്ദേഹത്തിനു കിട്ടി. അതിനുമുന്‍പ് Bone People എന്ന നോവലെഴുതിയ ഒരു ന്യൂസിലണ്ടുകാരി കെറി ഹൂമിന് (Keri Kulme) ആയിരുന്നു സമ്മാനം. പാരായണയോഗ്യമല്ലാത്ത നോവലാണത്. 1889–ലെ ബുക്കര്‍ സമ്മാനം കാസുദാ ഈഷിഗുരോക്കാണ് നൽകിയത്. അദ്ദേഹത്തിന്റെ The Remains of the Day എന്ന നോവലിന് റ്റൈം, ന്യൂസ് വീക്ക് ഈ വാരികകളില്‍നിന്നു പ്രശംസയാണ് ലഭിച്ചത്. ഒരു ബട്ലറുടെ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന ഈ നോവലിന്റെ കേന്ദ്രം കലാത്മകമല്ല. അത് പ്രതിപാദിക്കുന്ന അനുഭവങ്ങള്‍ക്കു് സാര്‍വലൗകിക സ്വഭാവവുമില്ല. ഇംഗ്ലണ്ടിലുള്ളവര്‍ക്ക് ഇതു രസകരമായിത്തോന്നിയെന്നു വരും. ആ രസം കലാബാഹ്യമായ വസ്തുതയാലാണ് ഉണ്ടാകുന്നത്. പരിതഃസ്ഥിതികളും ചിന്തകളും എന്തുമാകട്ടെ അവയ്ക്കു സാര്‍വജനീനസ്വാഭാവം ഇല്ലെങ്കില്‍ ആ നോവല്‍കൊണ്ട് എന്തു പ്രയോജനം?