close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 08 10


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 08 10
ലക്കം 569
മുൻലക്കം 1986 08 03
പിൻലക്കം 1986 08 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇരുട്ടിനു കനം കൂടുന്നു. തണുത്ത കാറ്റു വീശുകയാണ്. ഞാന്‍ തണുപ്പില്‍ നിന്നു രക്ഷ നേടാനായി സ്വെറ്റര്‍ എടുത്തിട്ടു ചാരുകസേരയിലേക്ക് ചരിഞ്ഞു. സ്വെറ്ററിനു കാപ്പിപ്പൊടിയുടെ നിറമാണ്. ഇതേനിറമുള്ള വേറൊരു സ്വെറ്ററിട്ടു തണുപ്പുകാലത്ത് കെ. ബാലകൃഷ്ണനുമായി ഒരു സമ്മേളനത്തിനു പോയപ്പോള്‍ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു: “ഇതു പോലൊരു സ്വെറ്റര്‍ എനിക്കുണ്ടല്ലോ. ഇതേ നിറം. എന്റേതുതന്നെയോ ഇത് എന്നു സംശയം.” ഇത് കമ്പിളിയുടുപ്പിനെസ്സംബന്ധിച്ച ഒരോര്‍മ്മ മാത്രം. മറ്റൊരോര്‍മയുണ്ട്. അന്നും തണുപ്പു കാലം. വയറ്റില്‍ ശസ്ത്രക്രിയ നടത്തി ആശുപത്രിയില്‍ ഞാന്‍ കിടക്കുകയാണ്. പാറപ്പുറത്തും കെ. സുരേന്ദ്രനും എന്നെക്കാണാന്‍ ആശുപത്രിയിലെത്തി. കമ്പിളിയുടുപ്പു നോക്കിക്കൊണ്ട് പാറപ്പുറത്തു ചോദിച്ചു: “ഇത്ര വലിയ തണുപ്പോ? ഞങ്ങള്‍ക്കു വിയര്‍ക്കുന്നു.” ഞാന്‍ മറുപടി നല്‍കി. ശസ്ത്രക്രിയ നടത്തിയതല്ലേ. ശരീരം ക്ഷീണിച്ചതു കൊണ്ടാവാം തണുപ്പു കൂടുതല്‍ തോന്നുന്നത്. ഞാന്‍ അല്പം മുന്പ് താങ്കളെക്കുറിച്ചു വിചാരിച്ചതേയുള്ളൂ. നേഴ്സ് വന്നു മരുന്നു കുത്തിവച്ചിട്ട് പോയി. ഉടനെ താങ്കളെഴുതിയ നേഴ്സിന്റെ കഥ ഞാനോര്‍മ്മിച്ചു. നോവലല്ല, ചെറുകഥ. പാറപ്പുറത്തും സുരേന്ദ്രനും ചിരിച്ചു. അവര്‍ കുറച്ചു നേരമിരുന്ന്‍ സംസാരിച്ചതിനു ശേഷം യാത്ര പറഞ്ഞു. പ്രിയപ്പെട്ട വായനക്കാര്‍ ”നാലാള്‍ നാലു വഴി” എന്ന കഥാസമാഹാരത്തിലെ ആ കഥ ഓര്‍മ്മിക്കുന്നുണ്ടാവും. എന്റെ ഓര്‍മ്മയില്‍ അതിന്റെ സ്ഥൂലരേഖകളേയുള്ളു. കഥയുടെ പേരു പോലും മറന്നിരിക്കുന്നു. സ്ഥൂലരേഖകള്‍ വീണ്ടും വരയ്ക്കുമ്പോള്‍ തെറ്റുണ്ടെങ്കില്‍ പൊറുക്കണം. കഥ പറയുന്ന ആള്‍ തീവണ്ടിയില്‍ സഞ്ചരിക്കുന്നു. അദ്ദേഹത്തിന് അഭിമുഖമായി കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരി. നേരേ ഇരിക്കുന്ന പുരുഷന്റെ നോട്ടത്തില്‍നിന്നു രക്ഷപ്പെടാനാവാം അവള്‍ ഒരു വാരികയെടുത്തു വായന തുടങ്ങി. വായിക്കുന്നത് ഒരു തുടര്‍ക്കഥയുടെ ഭാഗമാണെന്നു മനസ്സിലാക്കിയിട്ട് അദ്ദേഹം ചോദിച്ചു: “എന്തേ ഈ കഥാകാരന്റെ കഥ വായിക്കുന്നത്?” അവള്‍: “എനിക്ക് ഈ കഥയെഴുത്തുകാരനെ ഇഷ്ടമാണ്. കാരണം ഇദ്ദേഹം ഞങ്ങളുടെ കഥകള്‍ എഴുതുന്ന ആളാണ്.” അദ്ദേഹം: “ഞങ്ങളുടെ കഥകളെന്നു പറഞ്ഞാലോ?” അവള്‍ “നേഴ്സുകളുടെ കഥകള്‍. ഞാന്‍ പട്ടാളത്തില്‍ നേഴ്സാണ്. അപ്പച്ചനു സുഖമില്ലെന്നറിഞ്ഞു നാട്ടില്‍ പോയിട്ട് തിരിച്ചു ജോലിസ്ഥലത്തേക്കു പോവുകയാണ്. നാട്ടില്‍ പോയ സമയത്ത് കഥ വായിക്കുന്നതു മുടങ്ങിപ്പോയി.” തീവണ്ടി പായുന്നു. നേരം ഉച്ചയായി. അദ്ദേഹം ഊണു കഴിഞ്ഞ് ഒരു പൊതിയുമായി തിരിച്ചു വന്നു. “കുട്ടി ഊണുകഴിക്കൂ” എന്ന് അദ്ദേഹം. അവള്‍ ലജ്ജിച്ച് ഇരിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹം മാറി നിന്നു. അവള്‍ ഊണു കഴിച്ചു. കഥ പറയുന്ന ആള്‍ പെട്ടി തുറന്ന്‍ ഒരു പുതിയ പുസ്തകമെടുത്തുകൊടുത്തിട്ടു പറഞ്ഞു: “ഈ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവലാണിത്‌.” അവള്‍ വായന തുടങ്ങി. തീവണ്ടിയുടെ പ്രയാണവും ആ മനുഷ്യന്റെ സാനിദ്ധ്യവും അവളറിഞ്ഞതേയില്ല. പെട്ടെന്നു പുസ്തകമടച്ചുകൊണ്ട് അവള്‍ പറഞ്ഞു: “എനിക്കിറങ്ങേണ്ട തീവണ്ടിയാപ്പീസ് അടുക്കാറായി. ഇതാ പുസ്തകം.” അദ്ദേഹം: “കുട്ടി എടുത്തോളു ഇത്.” അവള്‍: “അയ്യോ എനിക്കു വേണ്ട. പുതിയ പുസ്തകം.” അദ്ദേഹം അതു വാങ്ങി എന്തോ എഴുതി അവള്‍ക്കു തിരിച്ചു നല്‍കി. അപ്പോള്‍ തീവണ്ടി നിന്നു. തിടുക്കത്തില്‍ അവള്‍ പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി. എഴുതിയതില്‍ കണ്ണോടിച്ചു. “അജ്ഞാതയായ പെണ്‍കുട്ടിക്ക്. പാറപ്പുറത്ത്” താന്‍ അത്രയും സമയം സഞ്ചരിച്ചത് പ്രസിദ്ധനും താന്‍ ആരാധിക്കുന്നവനുമായ കഥാകാരനോടുകൂടിയാണല്ലോ എന്നതു മനസ്സിലാക്കിയിട്ട് ആദരാദ്ഭുതങ്ങള്‍കൊണ്ടു കൂടുതല്‍ വിടര്‍ന്ന കണ്ണുകളോടു കൂടി അവള്‍ നില്‍ക്കുമ്പോള്‍ തീവണ്ടി പതുക്കെപ്പതുക്കെ നീങ്ങുന്നു. പാറപ്പുറത്ത് കഥ അവസാനിപ്പിക്കുന്നു. “അജ്ഞാതയായ പെണ്‍കുട്ടീ നിന്റെ കഥ ഞാനെഴുതി. നീ ഇതു വായിക്കുമോ എന്നെനിക്കു് അറിഞ്ഞുകൂടാ.”

ഈ രണ്ടു വ്യക്തികളിലും നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. അവര്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത സ്ഥലത്തു തീവണ്ടിയില്‍ സഞ്ചരിച്ചു. നമ്മുടെ കാലമല്ല അവരുടെ കാലം. എങ്കിലും അവര്‍ നമ്മള്‍ തന്നെയാണെന്നു തോന്നുന്നു. കഥാകാരന്‍ വര്‍ണ്ണിക്കുന്ന പരിതസ്ഥിതിയില്‍ ഓരോ യുവതിയും ഓരോ യുവാവും അദ്ദേഹം ചിത്രീകരിച്ച മട്ടിലേ പ്രവര്‍ത്തിക്കൂ. രവിവര്‍മ്മ വരച്ച ശകുന്തളയുടെ ചിത്രം കണ്ടിട്ടില്ലേ? പ്രേമത്തോടെ അവള്‍ തിരിഞ്ഞു നോക്കുന്നു. കാലില്‍ ദര്‍ഭമുന കൊണ്ടു എന്ന നാട്യം. ശകുന്തള മാത്രമല്ല സവിശേഷതയാര്‍ന്ന ആ പരിതഃസ്ഥിതിയില്‍പ്പെട്ട ഏതു ചെറുപ്പക്കാരിയും കാലില്‍ എന്തോ കൊണ്ടു എന്നു ഭാവിക്കും. ഇലപ്പടര്‍പ്പില്‍ സാരി ഉടക്കിയെന്നു നടിക്കും. മാനുഷികബന്ധങ്ങള്‍ സത്യാത്മകമായി ആലേഖനം ചെയ്യുമ്പോഴാണ് ഈ തോന്നലുണ്ടാകുന്നതു്. പൈങ്കിളി എന്നു പരിഹസിക്കപ്പെടുന്ന കഥകളോ നോവലുകളോ വായിച്ചാല്‍ ഈ തോന്നല്‍ ജനിക്കുകയില്ല. അവിടെ മാനുഷിക ബന്ധങ്ങള്‍ക്കു സത്യാത്മകതയില്ല എന്നതു സ്പഷ്ടം.

സ്വെറ്ററിന്റെ കാര്യം പറഞ്ഞുകൊണ്ടാണല്ലോ ഈ ലേഖനം തുടങ്ങിയത്. കുട്ടികൃഷ്ണമാരാര്‍ അത് ധരിച്ച് പുളയുന്നത് എനിക്കൊരിക്കല്‍ കാണാനിടയായി. മുണ്ടശ്ശേരിയുടെ വീട്. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, കെ. ബാലകൃഷ്ണന്‍ ഇവര്‍ ഒരു മുറിയിലിരിക്കുന്നു. കുട്ടികൃഷ്ണമാരാരും ഞാനും മറ്റൊരു മുറിയില്‍. അദ്ദേഹം ‘തിരിയുകയും പിരിയുകയും ചെയ്യുന്നു’. ‘എന്താ മാഷേ’ എന്നു എന്റെ ചോദ്യം. കുട്ടികൃഷ്ണമാരാര്‍ പുഞ്ചിരിയോടെ പറഞ്ഞു ”മഴക്കാ ലമല്ലേ. തണുപ്പു കാണുമെന്നു വിചാരിച്ച് ഷര്‍ട്ടിനടിയില്‍ സ്വെറ്റര്‍ എടുത്തിട്ടു. ഇപ്പോള്‍ ഉഷ്ണിച്ചിട്ട് ഇരിക്കാന്‍ വയ്യ” “അതങ്ങു മാറ്റരുതോ?” എന്നു് എന്റെ ചോദ്യം. എന്റെ മുന്‍പില്‍വച്ചു് ഷര്‍ട്ട് അഴിക്കാന്‍ അദ്ദേഹത്തിനു മടി. ഞാനതു മനസ്സിലാക്കി വരാന്തയിലേക്കു് ഇറങ്ങി നിന്നു. അല്പം കഴിഞ്ഞു തിരിച്ചു ചെന്നപ്പോള്‍ സ്വസ്ഥതയോടെ ഇരിക്കുന്നു മാരാര്‍. അടുത്തു് ഒരു സ്വെറ്റര്‍ ഭംഗിയായി മടക്കിവച്ചിരിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ക്കു് അറിയാമോ? രചനകളില്‍ ഉദ്ധതനായി കാണപ്പെട്ട കുട്ടികൃഷ്ണമാരാര്‍ കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായിരുന്നു. മൃദുലമനസ്കര്‍ എഴുതുമ്പോള്‍ ഔദ്ധത്യമുള്ളവരായി മാറും. കഠിനഹൃദയത്തിന്റെ ഉടമസ്ഥര്‍ രചനകളില്‍ വിനയസമ്പന്നരായി കാണപ്പെടും. സ്വത്വത്തിന്റെ സമനില പാലിക്കാന്‍വേണ്ടിയാണതു്.

ഹസ്താഭിമര്‍ദ്ദം

വടക്കൊരു കോളേജില്‍ ജോലി നോക്കിയിരുന്നു ഞാന്‍. ഹോട്ടലിലാണു് താമസം. കാലത്തു കഴിയുന്നതും വേഗം അവിടെനിന്നു രക്ഷപ്പെടും. ഇല്ലെങ്കില്‍ സ്നേഹം ഭാവിച്ചു ചിലയാളുകള്‍ മുറിയില്‍ കയറിവരും. അവര്‍ക്കു ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ബാറില്‍ നിന്നു വിസ്കി വാങ്ങികൊടുക്കേണ്ടി വരും. വാങ്ങിക്കൊടുത്താല്‍ വീക്കെന്‍ഡില്‍ ബില്ലിന്റെ പണം കൊടുക്കാന്‍ സാധിക്കാതെ വന്നേക്കും. അങ്ങനെ കാലത്തു് കോളേജിലെത്തിയപ്പോള്‍ ഒരു പ്രൊഫസര്‍ സ്വന്തം ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയിരിക്കുന്നതായി കണ്ടു. കാണാന്‍ കൊള്ളാവുന്ന തൂപ്പുകാരിയുടെ കൈയില്‍നിന്നു ചൂലു വാങ്ങിക്കുന്നു. അതുകൊണ്ടു് മച്ചില്‍ രണ്ടു തട്ടു തട്ടുന്നു. ചൂലു് അവളുടെ കൈയില്‍ കൊടുക്കുന്നു. പിന്നീടും വാങ്ങുന്നു. പിന്നീടും കൊടുക്കുന്നു. അവിരാമമായ പ്രവര്‍ത്തനം.

ഇങ്ങു തെക്കു് ഒരു കോളേജില്‍ ജോലിയായിരുന്ന കാലം. ബോട്ടണി ഡിപ്പാര്‍ട്ട്മെന്റില്‍ പുതുതായി എത്തിയ സുന്ദരിയായ ജൂനിയര്‍ ലെക്ചററുടെ കൈയില്‍നിന്നു് പ്രിന്‍സിപ്പല്‍, മറ്റൊരു കോളേജില്‍നിന്നു് അവര്‍ കൊണ്ടുവന്ന റിലീവിങ് ഒര്‍ഡര്‍ വാങ്ങുന്നു. ഒപ്പിടുന്നു. തിരിച്ചുകൊടുക്കുന്നു. പിന്നെയും വാങ്ങുന്നു. തീയതി നോക്കുന്നു. തിരിച്ചു നല്‍കുന്നു. തൂപ്പുകാരിക്കു സന്തോഷമേയുള്ളു പ്രൊഫസറുടെ ഹസ്താഭിമര്‍ദ്ദത്തില്‍. ജൂനിയര്‍ ലെക്ചറര്‍ക്കു പ്രിന്‍സിപ്പലിന്റെ ജഠരഹസ്തസ്പര്‍ശം സന്തോഷാവഹമായിരിക്കാനിടയില്ല. എങ്കിലും കൃത്രിമപ്പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ ഉണ്ടായിരുന്നുവെന്നാണ് ചിറ്റൂര്‍ കോളേജിലെ ഇന്നത്തെ തമിഴ് പ്രൊഫസര്‍ ആര്‍. എച്ച്. എസ്. മണി എന്നോടു പറഞ്ഞതു്.

സുന്ദരികളുടെ കരങ്ങള്‍ കണ്ടാല്‍ തൊടാതിരിക്കുന്നതെങ്ങനെ? കുങ്കുമം വാരിക ചെതോഹരാംഗിയുടെ സുന്ദരകരമാണെന്നു പറഞ്ഞാല്‍ അതു കല്പനാഭാസമായിയെന്നു് ആരെങ്കിലും ഉദ്ഘോഷിച്ചേക്കുമോ? അറിഞ്ഞുകൂടാ. എങ്കിലും അങ്ങനെയെഴുതട്ടെ. ആ കരംകണ്ടു ദേവസ്സി ചിറ്റമ്മല്‍ ആക്രമണം നടത്തുന്നു. കാഴ്ചക്കാരായ ഞങ്ങള്‍ക്കു ജുഗുപ്സയും. ’സഞ്ജയ്‌നഗറി’ലുണ്ടായ ലഹളയെക്കുറിച്ചാണ് കഥ. ലഹളയുടെ ഒരു പ്രതീതിയുമില്ല. ആകെക്കൂടിയുള്ളതു് വാക്കുകളുടെ ലഹള. ആവേശത്തിന്റെ ഫലമായിട്ടുള്ള ചൂലുവാങ്ങലും തിരിച്ചുകൊടുക്കലും. അപ്പോഴൊക്കെയുള്ള അമര്‍ത്തിപ്പിടിക്കലും.

കല്ലേറു്

തലമുടിയാകെ നരച്ച ഒരറുപതു വയസ്സുകാരി പനിനീര്‍പ്പൂ തലയില്‍ ചൂടി അമ്പലത്തിലേക്കു പോകുന്നു. അതു കാണുന്ന ഞാന്‍ പൂവണിയാത്ത ചെറുപ്പക്കാരിയുടെ കറുത്തതലമുടിയുടെ ഭംഗി മനസ്സില്‍ കാണുന്നു. ഇന്നലെ ഒരാവശ്യമായി ആശുപത്രിയില്‍ പോകേണ്ടി വന്നു. തലവേദനകൊണ്ടു പിടയുന്ന ഒരുത്തന്റെ തലയില്‍ എന്തോവയ്ക്കുന്നു നേഴ്സ്. ഐസായിരിക്കും. അതു കണ്ടപ്പോള്‍ ആരോഗ്യമുള്ള യുവാവിനെ എന്റെ അന്തര്‍നേത്രം കണ്ടു. അമ്പലപ്പുഴയ്ക്കടുത്തു് ഒരു സമ്മേളനത്തിനു പോയപ്പോള്‍ തോട്ടിനരികെ കരുമാടിക്കുട്ടന്റെ പ്രതിമ. ആദ്ധ്യാത്മികശോഭ പ്രസരിപ്പിക്കുന്ന ശ്രീനാരായണന്റെ, പ്രതിമ തോട്ടപ്പള്ളിയിലുള്ളതു്. കുറിച്ചിയിലുള്ളതു് ഞാന്‍ ഓര്‍മ്മിച്ചു. സ്നേഹം ലഭിക്കാത്ത ഊര്‍മ്മിള ഭ്രാന്തിയായിമാറുന്ന ചെറുകഥ മനോരമ ആഴ്ചപ്പതിപ്പില്‍ വായിച്ച ഞാന്‍ (വേരുകളില്‍ കുരുങ്ങിയവര്‍ — മീന) ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ പ്രേമകഥകളെക്കുറിച്ചു് ഓര്‍ത്തുപോയി; കര്‍സന്‍ മാക്‌കല്ലേഴ്സിന്റെ The Sojourner, ഡി. എച്ച്. ലോറന്‍സിന്റെ The Lady Bird, പെര്‍ഹല്‍സ്ട്രോമിന്റെ Amor, ടര്‍ജനീവിന്റെ (തുര്‍ഗന്യഫ്) First Love ഇവരൊക്കെ പദങ്ങള്‍ എടുത്തെറിഞ്ഞു് അനുഭവത്തിന്റെ തരംഗങ്ങള്‍ ഉളവാക്കി. മീന വാക്കുകളെറിഞ്ഞു് വായനക്കാരുടെ നെറ്റിപൊട്ടിക്കുന്നു. മനോരമയുടെ താളുകൊണ്ടുതന്നെ ചോരയൊപ്പിയാലും.

രണ്ടാം തരം

മാറാദോന ഇടതുകാലുകൊണ്ടു് പന്തടിക്കുമ്പോള്‍ ടെലിവിഷന്‍ സെറ്റിന്റെ മുന്‍പിലിരിക്കുന്നവരില്‍ ചിലരും കളി നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നവരില്‍ പലരും തങ്ങളറിയാതെ ഇടതുകാലു പൊക്കിപ്പോകും. വേറൊരുത്തന്റെ അനുഭൂതി അതേ മട്ടില്‍ ദൃഷ്ടാവിനുണ്ടാകുമ്പോള്‍ അതിനെ ഇംഗ്ളീഷില്‍ ‘എംപതി’ എന്നു വിളിക്കും.പ്രൊഫസര്‍ എസ്. ഗുപ്തന്‍നായരുടെ നിഘണ്ടുവില്‍ ഇതിനു് ‘തദനുഭൂതി’ എന്നു തര്‍ജ്ജമ നല്കിയിരിക്കുന്നു. സിനിമയില്‍ നായകന്‍ നായികയെ ആലിംഗനം ചെയ്യുമ്പോള്‍ അതുകണ്ടുകൊണ്ടിരിക്കുന്ന സ്ത്രീയും പുരുഷനും ആശ്ലേഷത്തിലമരുന്നത് എംപതിയാണു്. സിംപതി — സഹാനുഭൂതി — ഇതില്‍നിന്നു വിഭിന്നമാണു്. കഷ്ടപ്പെടുന്നവനെ നോക്കി ദുഃഖിക്കുന്നതു് സഹാനുഭൂതിയത്രേ. സാഹിത്യത്തില്‍ എംപതിയും സിംപതിയുമുണ്ട്. ചടുലമായ ആഖ്യാനത്തില്‍ പ്രഗല്ഭനാണു് തുളസി. അദ്ദേഹം മനോരാജ്യം വാരികയിലെഴുതിയ “പുതിയശാപം” എന്ന കഥയില്‍ ഏതാണ്ടു കിറുക്കനായ ഒരു യുവാവിനെ കാണാം. അവന്‍ തനിക്കു ദോശ വാങ്ങിക്കൊടുക്കുന്നവനെ അച്ഛനെന്നു വിളിക്കുന്നു. മസാലദോശ വാങ്ങാന്‍ രണ്ടു രൂപ കൊടുക്കുന്ന മുതലാളിയെ അച്ഛനെന്നു വിളിക്കുന്നു. സ്വന്തം നാട്ടില്‍നിന്നു് ഒരു കാറില്‍ക്കയറിപ്പോന്ന അവനെ ഡ്രൈവര്‍ ചതിച്ചു കൊണ്ടുപോന്നതാണെന്നു വിചാരിച്ച അവന്റെ അമ്മ ബഹളത്തിനെത്തുന്നു. അച്ഛാ എന്ന വിളികേട്ടു് സഹിഷ്ണുത നശിച്ച മുതലാളിയാണു് അവന്റെ തിരോധാനത്തിനു കാരണക്കാരന്‍ എന്നു ധരിച്ച അവന്റെ അമ്മ മുതലാളിയെ അമ്പലത്തില്‍ വച്ചു ശപിക്കുന്നു. അരക്കിറുക്കന്റെ സ്വഭാവചിത്രീകരണം വിശ്വാസ്യത ഉളവാക്കുന്നു. അവന്റെ ഭ്രാന്തു കണ്ടു് അന്യര്‍ക്കുണ്ടാകുന്ന റിയാക്ഷന്‍ സ്വാഭാവികമത്രേ. ആഖ്യാനത്തിന്റെ ചടുലത ആദരണീയം. പക്ഷേ, എംപതിയുണ്ടോ? ഇല്ല. സിംപതിയോ? അതുമില്ല. ഭ്രാന്തന്റെ തിരോധാനമോ അവന്റെ അമ്മയുടെ ദുഃഖമോ നമ്മളെ ചലിപ്പിക്കില്ല. സാഹിത്യസൃഷ്ടിയുടെ മൂല്യമിരിക്കുന്നതു് ഞാന്‍ പലപ്പോഴും പറയാറുള്ള ഉള്‍ക്കാഴ്ചയുടെ ആഴത്തിലാണു്. ഇതിന്റെ കുറവാണു് തുളസിയെ രണ്ടാംതരം കഥാകാരനാക്കിമാറ്റുന്നതു്.

കീററ്സും ഷെല്ലിയും പാടിയപ്പോള്‍ ബ്രൌണിങ് ഗര്‍ജ്ജിച്ചതേയുള്ളു എന്നതു് പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ചൊല്ലാണ്. ബ്രൌണിങ് വെറും ഗര്‍ജ്ജനക്കരനാണോ? ആണെങ്കില്‍ ആയിക്കൊള്ളട്ടെ. പക്ഷെ, ഇനിപ്പറയുന്നവരികള്‍ സഹാജാവബോധമുള്ള മഹാകവിക്കേ എഴുതാന്‍ പറ്റൂ.

“I see my way as birds their trackless way…
In sometime, His good time, I shall arrive.
He guides me and the bird.”

വലിയ എഴുത്തുകാര്‍ പക്ഷിയെപ്പോലെ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തുന്നു. കാല്പാടുകള്‍ മാത്രം നോക്കി സഞ്ചരിക്കുന്നവര്‍ ലക്ഷ്യത്തിലെത്തുന്നില്ല. അവര്‍ അനുകര്‍ത്താക്കള്‍ മാത്രം.

ഒ. വി. വിജയന്‍, ജെ. കൃഷ്ണമൂര്‍ത്തി

ജെ. കൃഷ്ണമൂര്‍ത്തിയോടു് ഒ. വി. വിജയന്‍ പറഞ്ഞു: ഇന്നത്തെ പ്രതിസന്ധിക്കു് നവീനതയുണ്ടോ എന്ന്‍ എനിക്കു സംശയം. സ്ഥിരമായ പ്രതിസന്ധി സമകാലിക സ്വഭാവം ആവഹിച്ചിരിക്കുകയല്ലേ? സാന്മാര്‍ഗ്ഗികത്വത്തിനു തകര്‍ച്ച വരാന്‍ കാരണമെന്തു്?

ഇതിനു കൃഷ്ണമൂര്‍ത്തി സമാധാനം നല്കി. സാന്മാര്‍ഗ്ഗികത്വത്തിലോ മൂല്യങ്ങളിലോ അല്ല പ്രതിസന്ധി. ബോധമണ്ഡലത്തിലും (Consciousness) ജ്ഞാനത്തിലുമാണ് അതു സംഭവിച്ചിരിക്കുന്നതു്. മനുഷ്യര്‍ ഈ ബോധമണ്ഡലത്തിനു മാറ്റം വരുത്തിയില്ലെങ്കില്‍ എല്ലാം യുദ്ധത്തിലവസാനിക്കും. ജ്ഞാനമൊരിക്കലും മനുഷ്യനു പരിവര്‍ത്തനം വരുത്തിയിട്ടില്ല. ഇതാണു പ്രതിസന്ധി. ഇരുപത്തയ്യായിരം വര്‍ഷങ്ങളായി മനുഷ്യന്‍ ഇവിടെ ജീവിക്കുന്നു. ഇത്രയും കാലമായിട്ടും അവനു മാറ്റമില്ല. അവനു് ഉത്കണ്ഠയുണ്ടു്, പേടിയുണ്ടു്, നിരാശതയുണ്ടു്, സന്തോഷക്കുറവുണ്ടു്. അവന്‍ അക്രമണോല്‍സുകനാണു്. ഏകാന്തതയുടെ ദുഃഖമുണ്ടു് അവനു്. ഈ ഉത്കണ്ഠയും ഭയവുമൊക്കെയാണു് മനുഷ്യന്റെ ബോധമണ്ഡലം.

തികച്ചും അസ്പഷ്ടമാണു് കൃഷ്ണമൂര്‍ത്തിയുടെ ഉത്തരം. മനുഷ്യനു് എങ്ങനെ ഉത്കണ്ഠയും ഭയവും നിരാശതയുമുണ്ടായി എന്ന ചോദ്യത്തിനു് സാംഗത്യമുണ്ടു്. അതിനു മറുപടിയില്ല കൃഷ്ണമൂര്‍ത്തിക്കു്. മനുഷ്യന്റെ ബോധമണ്ഡലമെന്നതു് ഉത്കണ്ഠയുടെയും ഭയത്തിന്റെയും മറ്റും സങ്കലനമാണു് എന്നതും ബഹിര്‍ഭാഗസ്ഥമായ ചിന്തയാണു് (വിജയന്റെ ചോദ്യവും കൃഷ്ണമൂര്‍ത്തിയുടെ ഉത്തരവും Illustrated Weekly, July 13–19 ലക്കത്തില്‍).

ജെയിംസ് ജോയിസിന്റെ യുലിസീസ് വായിക്കുകയാണു് ഞാന്‍. സിനോപ്റ്റിക് എഡിഷന്റെ 170-ാം പുറം വരെ എത്തിയപ്പോള്‍ വായിച്ച ചില വാക്യങ്ങള്‍ ഇവിടെ കുറിച്ചിടാന്‍ കൌതുകം.

The son unborn mars beauty: born he brings pain, divides affection, increase care. He is a new male: his growth is his father’s decline, his youth his father’s envy, his friend his father’s enemy.
[പഴയ പ്രസാധനങ്ങളില്‍ He is a male: എന്നേയുള്ളൂ. new എന്ന വാക്കു് ഇല്ല.]
(ജനിക്കാത്ത മകന്‍ സൌന്ദര്യത്തിനു കെടുതി വരുത്തുന്നു. ജനിച്ചാല്‍ അവന്‍ വേദനയ്ക്കു കാരണക്കാരന്‍. സ്നേഹം നശിപ്പിക്കുന്നു. ക്ലേശം വര്‍ദ്ധിപ്പിക്കുന്നു. അവന്‍ ഒരു പുതിയ പുരുഷപ്രജ: അവന്റെ വളര്‍ച്ച അച്ഛന്റെ താഴ്ച, അവന്റെ യൌവ്വനം അച്ഛന്റെ അസൂയയ്ക്കുകാരണം, അവന്റെ സ്നേഹിതന്‍ അച്ഛന്റെ ശത്രു.)

ബ്രഷ് കൈയിലല്ല

“പിക്കാക്സ് കൊണ്ടെഴുതുന്ന ഈ അസിസ്റ്റന്റ് സെക്രട്ടറിയാരു്?” കൈയക്ഷരം വിരൂപമായി കണ്ടതുകൊണ്ടു് ദിവാന്‍ സര്‍. സി. പി. രാമസ്വാമിഅയ്യര്‍ ഫയലില്‍ എഴുതിയ ചോദ്യമാണിതു്. ചീഫ് സെക്രട്ടറി തന്റെ ബന്ധുവിനെ സെക്രട്ടറിയേറ്റില്‍ കയറ്റാന്‍ കാത്തിരിക്കുകയായിരുന്നു. അയാള്‍ ആ പാവപ്പെട്ട അസിസ്റ്റന്‍റ് സെക്രട്ടറിയെ ഉടനെ സ്ഥലംമാറ്റി. പകരം സ്വന്തക്കാരനെ കൊണ്ടുവന്നു. വന്നയാള്‍ കോടാലികൊണ്ട് എഴുതുന്നവനായിരുന്നു. നിക്കൊലസ് റോറിക്ക് ബ്രഷ് ചായത്തില്‍ മുക്കി കൈകൊണ്ടു് ചിത്രങ്ങള്‍ വരച്ചു. നേരേമറിച്ചു് അദ്ദേഹം ചന്തിയില്‍ ബ്രഷ് വച്ചുകെട്ടി വരച്ചിരുന്നെങ്കിലോ? ആരറിയുമായിരുന്നു അദ്ദേഹത്തെ? റോയി ചൌദ്രി ശില്പങ്ങള്‍ നിര്‍മ്മിച്ചതു് കൈകൊണ്ടു്. അസംസ്കൃതവസ്തുവിന്റെ വേണ്ടാത്ത ഭാഗങ്ങള്‍ മാറാന്‍ അദ്ദേഹം ഓരോ ചാട്ടം ചാടി ഓരോ കടി നടത്തിയിരുന്നെങ്കില്‍? റോയി ചൌദ്രി എന്ന കലാകാരന്‍ ഉണ്ടാവുകയില്ലാരുന്നു. സൈഗാള്‍ വാ കൊണ്ടുപാടി. അതിനുപകരം അദ്ദേഹം…(ബാക്കി എഴുതാന്‍ വയ്യ). പിക്കാക്സ് കൊണ്ടു് സാഹിത്യാംഗനയുടെ ദേഹത്തു് വെട്ടുകയും പിറകുവശത്തു വച്ചുകെട്ടിയ ബ്രഷ്കൊണ്ടു് അവളുടെ ശരീരത്തില്‍ ചായം തേക്കുകയും മാറി തെല്ലുനേരം നിന്നിട്ടു് ചാടി അവളെ കടിക്കുകയും ചെയ്യുന്നു തൃക്കൊടിത്താനം സുരേന്ദ്രന്‍. എന്തിനു് നമ്മള്‍ പൈങ്കിളിക്കഥകളെ കുറ്റം പറയുന്നു? അവയേക്കാള്‍ ഹീനമാണു് അദ്ദേഹം ജനയുഗം വാരികയിലെഴുതിയ ‘ആറടി മണ്ണു്’ എന്ന കഥ. ഒരുത്തന്‍ വസ്തുവിറ്റു. അയാളുടെ മകള്‍ തൂങ്ങിച്ചത്തു. മകനെ അന്വേഷിച്ചുനടന്ന അയാളെ കള്ളനായിക്കരുതി പോലീസ് അറസ്റ്റ്ചെയ്തു് മര്‍ദ്ദിച്ചു. പക്ഷേ പോലീസ് ഇന്‍സ്പെക്ടര്‍ അയാളുടെ മകന്‍ തന്നെയായിരുന്നു. സാഹിത്യത്തിന്റെ പേരിലുള്ള ഈ നൃശംസതയ്ക്കു മാപ്പുകൊടുക്കാന്‍ വയ്യ.

“പരിണാമ”ത്തെക്കുറിച്ച്

സാഹിത്യവാരഫലം പതിവായി വായിക്കുന്ന വെറ്ററിനറിഡോക്ടര്‍ മോഹന്‍ എന്നോടു ചോദിച്ചു James Herriotന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്നു്. രസകരങ്ങളായ ആ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നു് ഞാന്‍ മറുപടി പറഞ്ഞു. വെറററിനറി സര്‍ജനായ ആ ഗ്രന്ഥകാരന്‍ മൃഗങ്ങളെ അവതരിപ്പിക്കുന്നതുകണ്ടാല്‍ നമുക്കു് അവയോടു സ്നേഹം തോന്നും. രചനാവൈദഗ്ദ്ധ്യം കണ്ടു് അദ്ദേഹത്തോടു ബഹമാനമുണ്ടാകും. “സാറിനു മൃഗങ്ങളെ ഇഷ്ടമാണോ?” എന്നു മോഹന്റെ ചോദ്യം വീണ്ടും. “ഇഷ്ടമില്ലെന്നു മാത്രമല്ല, വൈറുപ്പുമാണു്. പശുവിനെപ്പോലും എനിക്കു വെറുപ്പാണു്. പട്ടിയുടെ കാര്യം പറയാനുമില്ല. വാതോരാതെ പട്ടി കുരയ്ക്കുന്നതു കേട്ടാല്‍ തലവേദനയുണ്ടാകുമെനിക്ക്.” ഈ മാനസികനില തകരാറുള്ളതാണെന്നു മോഹന്‍ പറഞ്ഞില്ല. പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖഭാവം അതു വ്യക്തമാക്കി. “അനിമല്‍ എക്സ്യൂഡേഷന്‍’ എന്ന നിലയില്‍ പാലുപോലും എനിക്കിഷ്ടമില്ല.” എന്നും കൂടി ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. പക്ഷേ മൃഗങ്ങലെക്കുറിച്ചുള്ള കഥകള്‍ എനിക്കിഷ്ടമാണു്. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ പട്ടി മരിച്ചതു് എന്നെ ദുഃഖിപ്പിച്ചു. വ്വാന്‍ റാമൊന്‍ ഹീമിനെത്തിന്റെ (Juan Ramon Jimenez 1881–1958. നോബല്‍ സമ്മാനം 1956–ല്‍) Platero and I എന്ന സുന്ദരമായ ഗദ്യ കാവ്യത്തിലെ കഴുതയുടെ അന്ത്യം എന്നെ ശോകാകുലനാക്കി. ഫാന്റസിയോടു പലപ്പോഴും അടുത്തു നില്‍ക്കുന്ന കഥകള്‍ എം. പി. നാരായണപിള്ള എഴുതുമ്പോള്‍, മൃഗങ്ങള്‍ അവയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എനിക്കു സഹാനുഭൂതി ജനിക്കാറുണ്ടു്. അതിനു് ഹേതു കലാവൈദഗ്ദ്ധ്യമത്രേ. എസ്. ജയചന്ദ്രന്‍നായര്‍ ‘കഥയക്കു പിന്നിലെ മനുഷ്യന്‍’ എന്ന ലേഖനത്തില്‍ എടുത്തു കാണിക്കുന്ന ‘മൃഗാധിപത്യം’ എന്ന കഥയെ സംബന്ധിച്ചും എനിക്കു പറയാനുള്ളതു് ഇതുതന്നെ. ഡി. എഫ്. ഒ. യെ തിന്ന പുലിയെ റെയ്ഞ്ചര്‍ കൊല്ലുന്നില്ല. കോടതി അയാളെ ശിക്ഷിച്ചേക്കും. തോക്കുണ്ടായിരുന്നിട്ടും അയാള്‍ പുലിയെ വധിച്ചിലിലല്ലോ. സാക്ഷിയായി പുലിയെത്തന്നെ വിളിക്കാമെന്നാണു് പ്രതിയുടെ നിര്‍ദ്ദേശം. എം. പി. നാരായണപിള്ളയുടെ തത്ത്വചിന്തയാണു് ഇക്കഥയിലുള്ളതു്. അതു് ജയചന്ദ്രന്‍നായര്‍ സ്പഷ്ടമായി ആവിഷ്കരിച്ചിട്ടുണ്ട്. മനുഷ്യരെയും മൃഗങ്ങളെയും വിഭിന്നരായി കാണുവാന്‍ നാരായണപിള്ളയ്ക്ക് കഴിയുകയില്ല. ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും തുല്യമായ അവകാശമുണ്ടു്.

​എം. പി. നാരായണപിള്ളയുടെ ‘പരിണാമം’ എന്ന നോവലിനു പൂര്‍വ പീഠികയെന്ന നിലയില്‍ ജയചന്ദ്രന്‍ നായര്‍ എഴുതിയ ഈ ലേഖനം നോവലിലേക്കും നോവലിസ്റ്റിന്റെ തത്ത്വ ചിന്തയിലേക്കും പ്രകാശം വീഴ്ത്തുന്നു.

ഐ. എസ്. നാരായണപിള്ള

അച്ഛനമ്മമാര്‍ക്കു മക്കളെക്കുറിച്ചും മക്കള്‍ക്ക് അച്ഛനമ്മമാരെക്കുറിച്ചും ആര്‍ജ്ജവത്തോടെ നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നതാണു് വലിയ ഭാഗ്യം. ഈ ഭാഗ്യം ഈ ലോകത്തു പലര്‍ക്കുമില്ല. മകനും മകളും മാതാപിതാക്കന്മാരെ വിമര്‍ശിക്കാറില്ല. അതു് അച്ഛന്റെയും അമ്മയുടെയും നന്മകൊണ്ടാണെന്നു കരുതേണ്ടതില്ല. മകന്‍ അല്ലെങ്കില്‍ മകള്‍ അച്ഛനെ വിമര്‍ശിക്കുമ്പോള്‍ തന്നെത്തന്നെയാണു് വിമര്‍ശിക്കുന്നതു്. അതിനാല്‍ അച്ഛന്റെ എല്ലാ കൊള്ളരുതായ്മകളെയും മനസ്സിലാക്കിക്കൊണ്ടു് മകന്‍ മൌനം അവലംബിക്കുന്നു. തെമ്മാടിയും ആഭാസനുമാണു് അച്ഛനെന്നു മകനു് അറിയാമെന്നിരിക്കട്ടെ. വേറൊരാള്‍ അതു പറയാന്‍ മകന്‍ അനുവദിക്കില്ല. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ കൂടിയാണതു്. ഇക്കാര്യത്തില്‍ മകനെക്കാള്‍ കൂടുതല്‍ നിര്‍ബ്ബന്ധം മകള്‍ക്കാണു്. മകളുടെ ഭര്‍ത്താവു് അവളുടെ അച്ഛനെക്കുറിച്ചു് ദോഷം പറഞ്ഞാല്‍ അതു സത്യമാണെന്നു് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ എതിര്‍ക്കാരിരിക്കില്ല. ശണ്ഠകൂടുകയും ചെയ്യും. കുടുംബത്തിന്റെ അഭിമാനമാണു് ഇവിടെയും “പ്രശ്നം” (പ്രശ്നത്തിനു ചോദ്യം എന്ന അര്‍ത്ഥമേയുള്ളൂ. എങ്കിലും മലയാളത്തില്‍ പ്രയോഗിക്കുന്ന രീതിയില്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നു.)

ഈ ഖണ്ഡികയുടെ ആദ്യം പറഞ്ഞമട്ടില്‍ ലളിതാംബിക ഭാഗ്യശാലിനിയാണു്. അച്ഛന്‍ ഐ. എസ്. നാരായണപിള്ളയെക്കുറിച്ചു് അവര്‍ അഭിമാനത്തോടെ എഴുതുന്നു. (കലാകൌമുദി — എന്റെ അച്ഛന്‍) ഐ. എസ്. നാരായണപിള്ള പ്രഗ്‌ല്ഭനും സത്യസന്ധനമുമായ ഉദ്യോഗസ്ഥനായിരുന്നു. അതെനിക്കു നേരിട്ടറിയാം. അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ഞാന്‍ ക്ലാര്‍ക്കായി കഴിഞ്ഞുകൂടിയിട്ടുണ്ട്. ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ അദ്ദേഹം നിഷ്പക്ഷ ചിന്താഗതിയോടെ എഴുതിയ ഉജ്ജ്വലങ്ങളായ “നോട്ടുകള്‍” ഞാന്‍ വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ടു്. ഒരോര്‍മ്മ. ഞാന്‍ പബ്ലിക്‍ലൈബ്രറിയിലെ ഷെല്‍ഫുകള്‍ക്കിടയില്‍ പസ്തകം നോക്കിനടക്കുകയാണു്. പിറകിലൊരു ശബ്ദം “കൃഷ്ണന്‍നായര്‍, ഷെല്ലിയുടെ പ്രോസ് വര്‍ക്ക്സ് എവിടെയിരിക്കുന്നു?” “അറിഞ്ഞുകൂടാ സര്‍” എന്നു എന്റെ മറുപടി. “പിന്നെ നിങ്ങളെന്തിനു് ഇവിടെ ദിവസവും വരുന്നു?” എന്നു കനത്ത ശബ്ദത്തില്‍ സ്നേഹത്തോടെയുള്ള ചോദ്യം. ഞാന്‍ പുസ്തകം കണ്ടുപിടിച്ചുകൊടുത്തു. ഒരു ചിരിയോടെ അദ്ദേഹം പോകുകയും ചെയ്തു. ഫയലുകളുമായി മല്ലിടുന്ന വെറുമോരു ഉദ്യോഗസ്ഥനല്ല ഐ. എസ്. നാരായണപിള്ളയെന്നു് അപ്പോഴാണു് ഞാന്‍ മനസ്സിലാക്കിയതു്. പിതൃപിതാമഹബന്ധത്തെ ബന്ധുക്കള്‍ സംശയത്തോടെ നോക്കുന്ന കാലമാണിതു്. പിതാ പുത്രബന്ധുവും ശിഥിലം. മകന്‍ എതിര്‍പ്പിനു തയ്യാറായി നില്ക്കുന്നു. ചിലപ്പോള്‍ അച്ഛന്‍ പ്രതികാരത്തിനും അങ്ങനെയുള്ള കാലയളവില്‍ ഒരു മകള്‍ അച്ഛനെ ബഹുമാനത്തോടും സ്നോഹത്തോടും സംവീക്ഷണം ചെയ്യുന്നതു് എന്നെപ്പോലുള്ളവര്‍ക്കു് ആഹ്ലാദദായകമത്രേ.

* * *

ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് നാടക കര്‍ത്താവു് സൈസറിന്റെ Coral എന്ന നാടകത്തില്‍ ഒരു കഥാപാത്രം: “Father and son strain away from one another. It is always struggle of life and death.”

പത്രാധിപരാടു ചോദിക്കട്ടെ

സാഹിത്യവാരഫലം എന്ന പംക്തി 1968–ലാണു് മലയാളനാടു വാരികയില്‍ ആരംഭിച്ചതു്. അക്കാലത്തു് വാരികയില്‍വന്ന ഒരു ‘നവീനകഥ’ എനിക്കു് ഒട്ടും മനസ്സിലായില്ല. ആയിടെ ഞാന്‍ മലയാളനാടു് ഓഫീസില്‍ ചെന്നപ്പോള്‍ പത്രാധിരോടു ചോദിച്ചു: “…എന്ന ചെറുകഥയുടെ അര്‍ത്ഥമെന്താണു്?” പത്രാധിപര്‍ കൈമലര്‍ത്തിയിട്ടു പറഞ്ഞു: “എനിക്കും അറിഞ്ഞുകൂടാ.” സൂര്യഗോപന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “ജന്മദിനം” എന്ന കഥ മൂന്നു തവണ വായിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴാണു് മേല്പറഞ്ഞ സംഭവം ഓര്‍മ്മവന്നതു്. ചീഫ് സബ്ബ് എഡിററര്‍ കെ. സി. നാരായണന്‍ എന്റെ ഉത്തമ സുഹൃത്താണു്. അദ്ദേഹത്തിനൊരു കത്തയച്ചു നോക്കട്ടെ പ്രയപ്പെട്ട വായനക്കാരെ. അദ്ദേഹം അര്‍ത്ഥം പറഞ്ഞുതരികയാണെങ്കില്‍ ഞാനിതിനെക്കുറിച്ചു പിന്നീടു് എഴിതിക്കൊള്ളാം. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ “പടച്ചവനാണെ എനിക്കിതു മനസ്സിലായില്ല”. അലക്സാണ്ടറുടെ പ്രതിമയെടുത്തു് പോകുന്നുപോലും. കൊല്ലുന്നില്ല. അലക്സാണ്ടര്‍ക്കു് ഇതു വേണം. അയാള്‍ ചോരപ്പുഴ ഒഴുക്കിയവനല്ലേ. സൂര്യഗോപന്റെ പ്രതികാര നിര്‍വ്വഹണം നന്നായി.

ഭാഗ്യക്കേടു്

ചായക്കടയില്‍ കയറി ഓഡര്‍ ചെയ്യുന്നു: “നമ്മള്‍ കേള്‍ക്കെ ചായ കൊണ്ടു തരുന്ന പയ്യന്‍ അകത്തോട്ടു വിളിച്ചുപറയുന്നു “ഒരു ലൈററ് കോഫി, വിത്തൌട്ട്”. ആരെടാ പ്രമേഹരോഗി എന്ന മട്ടില്‍ മററുള്ളവര്‍ തുറിച്ചുനോക്കുമ്പോള്‍ നമ്മള്‍ ലജ്ജിച്ചു തല കുനിക്കുന്നു. വിത്തൌട്ട് കാപ്പി കുടിച്ചുകൊണ്ടുപോകുന്നു. മഴ പെയ്യുകയില്ല എന്ന പറഞ്ഞു് കടയെടുക്കാതെ പോയാല്‍ മഴ പെയ്യും. മഴയുണ്ടാകുമെന്നു കരുത് കടയും ഭേസിപ്പോയാല്‍ മഴ പെയ്യുകയില്ല. പേരു കേട്ട വാരികയല്ലേ നല്ല കഥ കാണുമെന്നു വിചാരിച്ചു വായിച്ചാല്‍ എല്ലാക്കഥകളും ചവറുകളായിരിക്കും. ലിററില്‍ മാഗസിന്‍! ഇതിലെവിടെ നല്ല കഥ എന്ന വിചാരത്താടെ ദൂരെയെറിയുന്നു അതു്. വായിക്കു. ചിലപ്പോള്‍ കഥാരത്നങ്ങള്‍ കാണും. നമ്മള്‍ വിചാരിക്കുന്നതുപാലെയല്ല ഒന്നും ഈ ലോകത്തു നടക്കുന്നതു്.