close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 03 15


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 03 15
മുൻലക്കം 2002 03 08
പിൻലക്കം 2002 03 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

റ്റെലിഫോണിലൂടെയുള്ള അന്യോന്യസംഭാഷണം പലപ്പോഴും അസ്വസ്ഥതയുളവാക്കും. മലയാളികള്‍ സംഭാഷണം നടത്തുമ്പോഴാണ് ഈ വ്യാകുലത ജനിക്കുന്നത്. കേരളത്തിനു വെളിയിലുള്ളവരോടു സംസാരിച്ചാല്‍ അസ്വസ്ഥതയില്ല. റ്റെലിഫോണിന്റെ മണിനാദം കേട്ടാലുടനെ ഞാന്‍ റിസീവറെടുത്തു ‘കൃഷ്ണന്‍ നായര്‍’ എന്നു പറയും. അതു കേട്ടാലുടനെ പേരു പറയുകയില്ല. വിളിക്കുന്നയാള്‍. “സാര്‍ സാഹിത്യവാരഫലത്തിന്റെ ഒരു വായനക്കാരനാണ്. എനിക്കൊരു സംശയം.” “പറയൂ എന്താ സംശയമെന്ന്” എന്നു ഞാന്‍. സംശയം പറയുന്നു. എനിക്കറിയാമെങ്കില്‍ പറഞ്ഞു കൊടുക്കുന്നു ഉത്തരം. റ്റെലിഫോണ്‍ താഴെ വയ്ക്കുന്നതിനു മുന്‍പ് ഞാന്‍ തിടുക്കത്തില്‍ ചോദിക്കുന്നു — “ആരാണ് വിളിച്ചത്?” മറുപടി “ഞാന്‍ ഇവിടെ ഒരാഫീസില്‍ ജോലിയാണ്. ഇത്രയും പറഞ്ഞിട്ട് ‘ടക്’ എന്ന ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അയാള്‍ റിസീവര്‍ താഴെ വയ്ക്കുന്നു. കവിളില്‍ അടിയേറ്റതു പോലെ ഞാന്‍ സ്തംഭിച്ചു നില്ക്കുന്നു. ഇവരൊക്കെ കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണനെ കണ്ടു പഠിക്കണം. അദ്ദേഹത്തെ വിളിച്ചാല്‍ റിസീവറെടുത്ത് “ബാലന്‍” എന്നു ഉടനെ പറയും. പ്രെഫസര്‍ ജി. എന്‍. പണിക്കരും അങ്ങനെയാണ്. “പണിക്കരാണ് സംസാരിക്കുന്നത്” എന്ന് അദ്ദേഹം ആ നിമിഷത്തില്‍ത്തന്നെ അറിയിക്കും. ഈ മാന്യത ഇവിടത്തെ റ്റെലിഫോണ്‍ വിളിക്കാര്‍ക്ക് കൂടെ ഉണ്ടായെങ്കില്‍! ഇക്കാര്യത്തില്‍ സ്ത്രീകളാണ് കൂടുതല്‍ സാപരാധകള്‍. ഒരിക്കല്‍ വിളിച്ചാല്‍ അരമണിക്കൂറോളം സംസാരിക്കും അവര്‍. നൂറിനു നൂറുപേരും സ്വന്തം പേരു പറയുകയില്ല. എവിടെയാണ് ജോലിയെന്ന് അറിയിക്കുകയില്ല. പേരെന്തെന്ന് കൂടെകൂടെ ചോദിച്ചാല്‍ പേരു മാറ്റിപ്പറയും. നമ്മള്‍ പുരുഷന്മാരത് വിശ്വസിക്കുകയും ചെയ്യും.

ചില പുരുഷന്മാര്‍ തെമാടികളാണ്. റ്റെലിഫോണില്‍ വിളിക്കുന്നു. അവരില്‍ ഒരാളെന്നിരിക്കട്ടെ. സ്ത്രീയാണ് റിസീവറെടുക്കുന്നതെങ്കില്‍, നമ്പര്‍ തെറ്റിപ്പോയെങ്കില്‍ wrong number എന്നു പറയും. പക്ഷേ വിളിക്കുന്നവന്‍ തുടരും. “റോങ്ങ് നമ്പറോ? അവിടത്തെ നമ്പരെത്ര?” സ്ത്രീകളല്ലേ? അവര്‍ അത്രവേഗം ക്ഷോഭിക്കില്ല. നമ്പര്‍ പറയുന്നു. “സ്ഥലമെവിടെ?” സ്ഥലവും പറയുന്നു സ്ത്രീ. തുടര്‍ന്നു അയാള്‍ പല ചോദ്യങ്ങളും കമ്പിയിലൂടെ എറിയുന്നു. സ്ത്രീയുടെ ശ്ബ്ദം മാധുര്യമേറിയതാണല്ലോ. അതുകൊണ്ട് അനവരതം ചോദ്യങ്ങള്‍ തന്നെ. നിഷ്കളങ്കയായ സ്ത്രീ ഉത്തരങ്ങള്‍ നല്കുകയും ചെയ്യും. സ്വരത്തിമുടെ മാധുര്യം കേട്ടാല്‍ ഒരുത്തിയെന്നു തീരുമാനിക്കാമെന്ന് ഉണ്ണായിവാരിയര്‍. സാത്ത്വികനായ ഉണ്ണായിവാരിയര്‍ സ്ത്രീയുടെ മധുരശബ്ദത്താല്‍ ആകര്‍ഷിക്കപ്പെടുമെങ്കില്‍ നമ്മുടെ ഇവിടത്തെ അലവലാതികളെക്കുറിച്ച് എന്തു പറയാനിരിക്കുന്നു‌!

ഒസ്യിപ് മന്‍സില്‍ഷ്തം (Osip Mandelshtam, 1891–1938) റഷ്യന്‍ മഹാകവിയാണ്. സ്റ്റാലിനെ അധിക്ഷേപിച്ച് കവിതയെഴുതിയതിന് അദ്ദേഹം 1934-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആശുപത്രിയിലായ ആ കവി ആത്മഹനനത്തിനു ശ്രമിച്ചു. 1937-ല്‍ മോചനം നേടിയ ആ കവിയെ 1938-ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. തടങ്കല്‍പ്പാളയത്തിലേക്കു കൊണ്ടുപോയ അദ്ദേഹത്തിനെക്കുറിച്ച് പിന്നീടൊന്നും കേട്ടില്ല. മന്‍ദില്‍ഷ്തമ്മിന്റെ ഭാര്യ നദ്യേഷ്ദ (Nadezhada) അദ്ദേഹത്തിന് എഴുതിയ കത്ത് നോക്കുക.

“പ്രിയതമാ ഈ കത്തെഴുതാന്‍ എനിക്കു വാക്കുകളില്ല. ഒരുപക്ഷേ അങ്ങ് ഇതു വായിച്ചെന്നു വരില്ല. ശൂന്യസ്ഥലത്താണ് ഞാനിത് എഴുതുന്നത്. ഒരു പക്ഷേ അങ്ങ് തിരിച്ചുവരുമായിരിക്കും. അപ്പോള്‍ ഞാന്‍ ഇവിടെ കണ്ടില്ലെന്നു വരാം. ജീവിതം ദീര്‍ഘമായിരിക്കാം. നമ്മള്‍ക്ക് ഒറ്റയ്ക്കായി മരിക്കാനിടവരുന്നത് എത്ര കഠിനം. വേര്‍പിരിയാത്ത നമുക്ക് ഇതാണോ വിധി? എന്റെ ഒടുവിലത്തെ സ്വപ്നത്തില്‍ ഞാന്‍ വൃത്തികെട്ട ഒരു ഹോട്ടലില്‍ നിന്ന് അങ്ങേയ്ക്ക് ഭക്ഷണം വാങ്ങുകയായിരുന്നു… ഞാന്‍ ഉണര്‍ന്നപ്പോള്‍ ഷൂരയോടു പറഞ്ഞു ഒസ്യിപ് മരിച്ചു. അങ്ങ് ഇപ്പോഴും ജീവിച്ചിരിക്കുന്നോ എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ കിനാവു കണ്ട സമയം തൊട്ട് അങ്ങ് എവിടെയാണെന്ന് എനിക്കറിഞ്ഞുകൂടാ. അങ്ങു ഞാന്‍ പറയുന്നതു കേള്‍ക്കുമോ? ഞാന്‍ അങ്ങയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നത് അറിയാമോ? അത് എനിക്കു പറയാന്‍ ഒക്കുകില്ല. ഇപ്പോഴും അതു പറയാന്‍ എനിക്കു വയ്യ. ഞാന്‍ അങ്ങയോടു മാത്രമേ സംസാരിക്കുന്നുള്ളൂ. അങ്ങയോടു മാത്രം. അങ്ങ് എപ്പോഴും എന്റെ കൂടെയുണ്ട്. അനിയന്ത്രിതമായി കോപിക്കുന്ന ഞാന്‍, ലളിതമായി കണ്ണീരൊഴുക്കാന്‍ കഴിയാത്ത ഞാന്‍ കരയുന്നു, കരയുന്നു, കരയുന്നു, കരയുന്നു. ഇത് ഞാനാണ്, നാദിയ. അങ്ങ എവിടെയാണ്?

ഹൃദയഭേദകമായ ഈ കത്തെഴുതിയ നദ്യേഷ്ദയെ നമ്മള്‍ കണ്ടിട്ടില്ല. അവരുടെ ഭര്‍ത്താവായ മഹാകവിയെയും നമ്മള്‍ കണ്ടിട്ടില്ല. എങ്കിലും ഇതു വായിക്കുമ്പോള്‍ നമ്മുടെ ഹൃദയം പിടയുന്നു. ഈ അവസ്ഥാവിശേഷം നമുക്ക് ഉളവാക്കുന്ന വാക്കുകളുടെ ശക്തിയെ Literary Seduction എന്ന് ഫ്രാന്‍സെസ് വില്‍സന്‍ വിളിക്കുന്നു. പ്രൂസ്തിനെക്കുറിച്ച് “How Proust Can Change Your Life’ എന്ന നല്ല പുസ്തകമെഴുതിയ Alain De Bottom ഇതിനെപ്പറ്റി പറഞ്ഞത് I was seduced എന്നാണ്. പ്രിയപ്പെട്ട വായനക്കാര്‍ക്ക് വശീകരിക്കപ്പെടാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഫ്രാന്‍സെസിന്റെ ഈ പുസ്തകം വായിക്കൂ (Literary Seductions, Frances Wilson, faber and faber, pages 258). എന്താണ് സാഹിത്യത്തെസ്സംബന്ധിച്ച വശീകരണം? ഗ്രന്ഥകര്‍ത്ത്രിയുടെ മതം സംഗ്രഹിച്ചെഴുതാം. വശീകരണം ഒരു പ്രതികരണമാണ്. ഭാഷയുടെ വശീകരണത്തിന് അടിമകളാകുന്നു ചില എഴുത്തുകാര്‍. രചന മാത്രമാണ് അവരുടെ അഭിലാഷവസ്തു. അവര്‍ രചനയ്ക്ക് നിര്‍ബന്ധരാകുന്നു. ജീവിതത്തെ പണയപ്പെടുത്തിയും അവര്‍ എഴുതും. വാക്കുകള്‍ അവര്‍ക്ക് ഒരുതരത്തില്‍ ‘ത്രില്‍’ — തുടനം — ഉളവാക്കും. അവര്‍ അതിനുവേണ്ടി മാത്രം എഴുതുന്നു. ഈ വശീകരണം ഹാര്‍ഡിയുടെ ഒരു ചെറുകഥയില്‍ എങ്ങനെ കാണുന്നു എന്നു വ്യക്തമാക്കാന്‍ ഗ്രന്ഥകര്‍ത്ത്രി പറയുന്നുണ്ട്. അനതിവിസ്തരമായി. ഞാന്‍ അക്കഥ പണ്ടേ വായിച്ചുള്ളതുകൊണ്ട് കൂടുതല്‍ വിശദമായി ആവിഷ്കരിക്കാം. ‘On the Western Circuit’ എന്നാണ് ചെറുകഥയുടെ പേര്. ലണ്ടനിലെ ഒരഭിഭാഷകന്‍ വാര്‍ഷികപ്രദര്‍ശനം നടക്കുന്ന വേളയില്‍ അക്ഷരശൂന്യനായ, സുന്ദരിയായ ഒരു പെണ്‍കുട്ടിയെക്കണ്ട് രാഗത്തില്‍ പതിക്കുന്നു. എഡിത് എന്നയുവതി ഭര്‍ത്താവിനോടൊരുമിച്ച് താമസിക്കുന്ന വീട്ടിലാണ് പെണ്‍കുട്ടിയും താമസിക്കുക. പരിചാരികയാക്കാന്‍വേണ്ടി അവളെ സ്വന്തം വീട്ടില്‍ വിളിച്ചു താമസിപ്പിച്ചിരിക്കുകയാണ് എഡിത്. പത്തു മിനിറ്റ് നേരത്തേക്കു പ്രദര്‍ശനസ്ഥലത്തു പോകാന്‍ അന്നയ്ക്ക് (പെണ്‍കുട്ടിയുടെ പേര് അതാണ്) അനുമതി നല്കിയിരുന്നു എഡിത്. അവള്‍ തിരിച്ചെത്താന്‍ വൈകിയതുകൊണ്ട് എഡിത് തന്നെ അന്വേഷിച്ചുപോയി. അന്ന ഒരു യുവാവിനോടു സംസാരിച്ചുനില്ക്കുന്നത് എഡിത് കണ്ടു. അഭിഭാഷകന്റെ പ്രേമലേഖനങ്ങള്‍ പതിവായി അന്നയ്ക്ക് വരാന്‍ തുടങ്ങി. വിദ്യാഭ്യാസമില്ലാത്ത അന്ന എഡിത്തിനെക്കൊണ്ട് കത്തുകള്‍ വായിപ്പിച്ചു. പ്രേമം തുളുമ്പിനിന്ന മറുപടികള്‍ എഡിത് തന്നെ അവള്‍ക്ക് എഴുതിക്കൊടുത്തു. കത്തിന്റെ ഒടുവില്‍ ‘അന്ന’ എന്നെഴുതുകയും ചെയ്തു. പ്രേമലേഖനങ്ങളുടെ മാന്ത്രികശക്തിക്ക് വിധേയരായ അഭിഭാഷകന്‍ — ചാള്‍സ് — അന്നയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹം നടന്നു. ചാള്‍സിന്റെ നിര്‍ബന്ധമനുസരിച്ച് അന്നയ്ക്കു നവവരന്റെ സഹോദരിക്ക് കത്തെഴുതേണ്ടിവന്നു. അതോടെ സത്യം വ്യക്തമായി. താനെഴുതിയ കത്തുകളുടെ കര്‍ത്തൃത്വം എഡിത്തിനാണെന്ന് അന്ന സമ്മതിച്ചു.

“നീ എന്ന ചതിച്ചു. നശിപ്പച്ചു.” ചാള്‍സ് എഡിത്തോട് പറഞ്ഞു.

“എനിക്ക് ആഹ്ലാദമൂണ്ടാകാന്‍ വേണ്ടിയാണ് ഞാനതു ചെയ്തത്” എന്ന് എഡിത്.

“അത് എന്തുകൊണ്ട് നിനക്ക് ആഹ്ലാദമുണ്ടാക്കി?” എന്നു ചാള്‍സിന്റെ ചോദ്യം.

“ഞാനതു പറയില്ല” എന്ന അവളുടെ മറുപടി. ഗാഢാലിംഗനത്തിനു ശേഷം ചാള്‍സും എഡിത്തും പിരിഞ്ഞു.

അന്നയും ഭര്‍ത്താവും തീവണ്ടിയില്‍ പോകുകയാണ്. ചാള്‍സിന്റെ വീട്ടിലേക്ക്. പോക്കറ്റ് ബുക്കില്‍ വച്ചിരുന്ന ആ കത്തുകള്‍ ഓരോന്നായി വായിച്ചു ചാള്‍സ്. അയാളെ ഈശ്വരനെന്നു വിചാരിച്ച് അന്ന അടുത്തുവന്നു ചോദിച്ചു: “പ്രിയപ്പെട്ട ചാള്‍സ്. അങ്ങ് എന്തു ചെയ്യുന്നു?”

“അന്ന” എന്ന് ഒപ്പിട്ട മധുരതമായ കത്തുകളാകെ ഞാന്‍ വായിക്കുകയാണ്” എന്ന് അയാള്‍ വൈരസ്യത്തോടെ മറുപടി നല്കി.

ഇവിടെ കത്തുകള്‍ എഴുതുന്നത് ഒരു സ്ത്രീ. ആ കത്തുകള്‍ വായിച്ച് കാമുകന്‍ തെറ്റിദ്ധാരണയില്‍ വീഴുന്നു കാമുകി എഴുതിയതാണ് അവയെന്ന്. ആ എഴുത്തുകളിലൂടെ അയാള്‍ കാമുകിയുടെ — അന്നയുടെ — ജീവിതത്തിളേക്കു കടന്നു ചെല്ലുന്നു. പക്ഷേ കത്തുകള്‍ ആരുടെ ചിത്തവൃത്തികളെ പ്രകാശിപ്പിക്കുന്നു എന്നു മനസ്സിലാക്കിയതോടെ അയാള്‍ അവ എഴുതിയ സ്ത്രീയെ സ്നേഹിച്ചു തുടങ്ങുന്നു. ഭാര്യയോടുകൂടി തീവണ്ടിയില്‍ പോകുമ്പോഴും മാന്ത്രികത്വമുള്ള ആ കത്തുകള്‍ വായിച്ചു രസിക്കുകയാണ് അയാള്‍. രചനയാല്‍ വശീകരിക്കപ്പെടുന്ന പുരുഷനെയാണ് നമ്മള്‍ ഇക്കഥയില്‍ കാണുന്നത്. ഹാര്‍ഡി കഥ എഴുതിയപ്പോള്‍ ഇതെല്ലാം ഉദ്ദേശിച്ചിരുന്നോ എന്നു സംശയം. ഉദ്ദേശിച്ചില്ലെങ്കില്‍ത്തന്നെ ഇതാകുമെന്നാണ് എനിക്കു തോന്നുന്നത്. ബര്‍ഗ്സോങ്ങ് എന്ന ഫ്രഞ്ച് തത്ത്വചിന്തകന്റെ ചിന്താമണ്ഡലത്തെ ബര്‍നാഡ് ഷാ അനാവരണം ചെയ്തപ്പോള്‍ അദ്ദേഹം (ബര്‍ഗ്സോങ്ങ്) പറഞ്ഞു. ഷാ പറഞ്ഞതെല്ലാം തന്റെ തത്ത്വചിന്തയിലില്ലെന്ന്. ഷായുടെ മറുപടി രസകരമായിരുന്നു. ബര്‍ഗ്സോങ്ങിന് സ്വന്തം തത്ത്വചിന്ത സമ്പൂര്‍ണ്ണമായും ഗ്രഹിക്കാനായില്ല എന്നാണ് ഷാ പറഞ്ഞത്. എഴുത്തുകാരന്‍ കാണാത്ത ‘ഡൈമന്‍ഷന്‍’ (മാനം) കണ്ടുപിടിക്കുന്നവനാണ് നിരൂപകന്‍. അതുകൊണ്ട് ഈ ഗ്രന്ഥകര്‍ത്ത്രിയുടെ ശ്രമം നിഷ്ഫലമല്ല എന്ന മതമാണെനിക്ക്.

ഫ്രാന്‍സെസ് ഇതുപോലെയുള്ള വശീകരണങ്ങളെക്കുറിച്ച് ഉപന്യസിക്കുന്നുണ്ട്. അവയിലെല്ലാം അവരുടെ തുളച്ചുകയറുന്ന ധിഷണാശക്തി സംദൃശ്യമാണ്. ഒരു കാര്യം മറുപടി പറഞ്ഞുകൊണ്ട് ഞാനിത് അവസാനിപ്പിക്കാം. മറ്റൊരു റഷ്യന്‍ മഹാകവിയാണ് അന്ന ആഹ്മാതവ (Anna Akhmatova, 1889–1966, സ്ത്രീ). വേറൊരു പ്രതിഭാശാലിനി റ്റ്സ്വൈഈതായവയെ (Marina Tsvetayeve, 1892–1941)-നെക്കുറിച്ച് അന്ന ഒരു നിരൂപകനോടു ചോദിച്ചു. ‘Oh. remarkable’ എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ അന്ന — സാഹിത്യത്തിലെ വശീകരണക്കാരി എന്ന പദവി സൂക്ഷിക്കുന്ന അന്ന — അയാളോടു ചോദിച്ചു: “പക്ഷേ അവരെ സ്നേഹിക്കാനൊക്കുമോ” എന്ന്. “സ്നേഹിക്കാതിരിക്കാന്‍ ഒക്കുകയില്ല” എന്ന നിരൂപകന്റെ മറുപടി റ്റ്സ്വൈഇതാവയ്ക്ക് ആഹ്മാതവയുടെ കവിതയെക്കുറിച്ചു വലിയ അഭിപ്രായമാണുണ്ടായിരുന്നത് അവര്‍ ഒരിക്കല്‍ ആഹ്മാതവ്യ്ക്ക് എഴുതി അയച്ചു.

At a sleepy, morning hour,
it seems as it was four fifteen-
I fell in love with you
Anna Akhmatova

ഇതാണ് യഥാര്‍ത്ഥമായ literary seduction. സാഹിത്യത്തിലെ ഈ വശീകരണശക്തിയെക്കുറിച്ചറിയാന്‍ കൊതിയുള്ളവര്‍ക്ക് ഈ പുസ്തകം പ്രയോജനം ചെയ്യും.

ചോദ്യം, ഉത്തരം

Symbol question.svg.png “സ്ത്രീകളുടെ സ്വഭാവത്തില്‍ നിങ്ങള്‍ക്കു രസിക്കാത്തതായി വല്ലതുമുണ്ടോ?”

“ഉണ്ട്. സാരിക്കടയില്‍ നിന്ന് സാരി വാങ്ങിക്കൊണ്ടു വരും. ചെരിപ്പു കടയില്‍ നിന്ന് ചെരിപ്പും. അടുത്തദിവസം രണ്ടും മാറ്റിവാങ്ങാന്‍ കടകളിലേക്കു പോകും. ഒരു പുരുഷനും ഇതു ചെയ്യുകയില്ല.”

Symbol question.svg.png “എല്ലാ എഴുത്തുകാര്‍ക്കും സൗന്ദര്യബോധമില്ലേ?”

“എഴുത്തുകാരുടെ ഭാര്യമാരെ നോക്കിയാല്‍ സത്യം മനസ്സിലാക്കാം. ഒരെഴുത്തുകാരന്റെയും ഭാര്യയെ സുന്ദരിയായി ഞാന്‍ കണ്ടിട്ടില്ല.”

Symbol question.svg.png “താന്‍ എഴുതുന്നതിനുപകരം വേറൊരാളെക്കൊണ്ടു എഴുതിച്ച് അതു വാരികയില്‍ കൊടുക്കുന്നവരെക്കുരിച്ച് എന്താണ് അഭിപ്രായം?”

“രാവണനാകാന്‍ എനിക്കാഗ്രഹമുണ്ട്. എന്നാല്‍ പത്തു നാക്കുകള്‍ കൊണ്ട് എനിക്കു സമകാലിക കവിതയെ നിന്ദിക്കാമല്ലോ.”

അങ്ങനെ മറ്റൊരള്‍ക്ക് വേണ്ടി എഴുതുന്നവനെ ഗോസ്റ്റ് റെറ്റര്‍ എന്നു ഇംഗ്ലീഷില്‍ പറയും. ആ രീതിയില്‍ ജനവഞ്ചന നടത്തുന്നവരെ നാട്ടില്‍ നിന്ന് ബഹിഷ്കരിക്കേണ്ടതാണ്. ‘എനിക്കിന്ന് കളിക്കാന്‍ തോന്നുന്നില്ല. പകരം നീയൊന്നു കളിച്ചേരേ’ എന്ന് ഭര്‍ത്താവ് ഭാര്യയോടു പറഞ്ഞാല്‍ അവള്‍ അതുപോലെ കളിച്ചാല്‍ നമ്മള്‍ രണ്ടുപേരെയും പുച്ഛിക്കില്ലേ? വേറൊരാളെക്കൊണ്ട് എഴുതിക്കുന്നവനും ഗോസ്റ്റ് റെറ്റിങ്ങ് നടത്തുന്നവനും ഒരുപൊലെ നിന്ദ്യന്മാരാണ്.

Symbol question.svg.png “നിങ്ങള്‍ നിരൂപകനല്ല. രാവണനാണ്. യോജിക്കുന്നോ?”

നിരൂപകനല്ല എന്നതിനോടു യോജിക്കുന്നു. രാവണനാകാന്‍ എനിക്കാഗ്രഹമുണ്ട്. എന്നാല്‍ പത്തു നാക്കുകള്‍ കൊണ്ട് എനിക്കു സമകാലിക കവിതയെ നിന്ദിക്കാമല്ലോ”

Symbol question.svg.png “സ്ത്രീ പുരുഷനെ അപേക്ഷിച്ചു നല്ലവളല്ലേ?”

“അതിലെന്താ ഇത്ര സംശയം? പുരുഷന്‍ ബലാത്സംഗം നടത്തും. സ്ത്രീ അതു ചെയ്യുകയില്ല.”

Symbol question.svg.png “യഥാര്‍ത്ഥകവിയും നിങ്ങള്‍ എപ്പോഴും ചീത്ത പറയുന്ന ആധുനിക കവിയും തമ്മില്‍ എന്താ അത്രയ്ക്കു വ്യത്യാസം?”

നല്ല കവി അതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത വസ്തുവിനെയും ഗ്രഹിച്ചിട്ടില്ലാത്ത വസ്തുതകളെയും വാക്കുകള്‍കൊണ്ട് പ്രത്യക്ഷങ്ങളാക്കുന്നു. ആധുനിക കവി ഉള്ള വസ്തുവിനെയും വസ്തുതകളെയും ഭയം തോന്നിപ്പിക്കുന്ന മട്ടില്‍ ആവിഷ്കരിക്കുന്നു.”

Symbol question.svg.png “നിരൂപണം എഴുതുന്നവര്‍ സഹൃദയരെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുകയല്ലേ?”

“കേരളത്തിലെ നവീന നിരൂപകര്‍ നിരൂപണം മതിയാക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ അവര്‍ക്കു ജന്തുശാലയിലെ കടുവകള്‍ക്കു പല്ലു തേച്ചു കൊടുക്കുന്ന ജോലി നല്കണം.”

പറയരുത്, കാണിക്കണം

“വേറൊരാളെക്കൊണ്ട് എഴുതിക്കുന്നവനും ഗോസ്റ്റ് റ്റെറ്റിങ്ങ് നടത്തുന്നവനും ഒരുപൊലെ നിന്ദ്യന്മാരാണ്.”

ഐറിഷ് കവിയും നാടകകര്‍ത്താവുമായ ഒസ്കര്‍ വൈല്‍ഡ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍ കാരാഗൃഹത്തിലായി. രണ്ടു കൊല്ലത്തോളം അദ്ദേഹം ജയിലില്‍ കിടന്നു. വൈല്‍ഡിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനെക്കുറിച്ച് ജോണ്‍ ബറ്റ്ചമന്‍ എന്ന ബ്രിട്ടീഷ് കവി രസകരമായ കവിതയെഴുതിയിട്ടുണ്ട് (John Betjeman, 1906–1984). അതില്‍ നിന്ന് ഒടുവിലത്തെ രണ്ടു ഭാഗങ്ങള്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വൈല്‍ഡിനോടു പറയുന്നു:

“Mr Woilde, we’ave come for tew take yew
Where felons and criminals dwell:
We must ask yew tew leave with us quoietly
For this is the Cadogan Hotel!
അതുകേട്ട് വൈല്‍ഡ്
He rose,and he put down The Yellow Book
He staggered-and terrible eyed,
He brushed past the paimson the staircase
And was helped to a hansom outside”

(The Best of Betjman, Penguin Boഒks, Pages 22 and 23.)

ഒസ്കര്‍ വൈല്‍ഡ് കോടതിയിലെ ബ്ലോക്കില്‍ നില്ക്കുകയാണ്. വാദിയുടെ വക്കീല്‍ അദ്ദേഹത്തോടു ചോദിച്ചു: ‘നിങ്ങള്‍ ആ യുവാവിനെ ചുംബിച്ചോ?” “ഇല്ല, അയാള്‍ സുന്ദരനായിരുന്നില്ല.” വീണ്ടും വക്കീല്‍” “ചുംബിക്കാതിരുന്നത് അയാള്‍ സുന്ദരനല്ലാത്തതുകൊണ്ടാണോ?” പ്രത്യുല്‍പന്നമതിത്വത്തിനു പേരുകേട്ട വൈല്‍ഡിനു മറുപടി പറയാന്‍ വയ്യാതെയായി പോയി. ഈ സംഭാഷണത്തിന് യുക്തിദ്രമായ ഘടനയുണ്ട്. അതാണ് നമ്മെ രസിപ്പിക്കുന്നതും. എന്നാല്‍ ഇനി ഞാന്‍ പറയാന്‍ പോകുന്ന സംഭാഷണത്തില്‍ അതില്ല. ഇല്ലാത്തതുകൊണ്ട് ആ സംഭാഷണം കഴിയുന്നതും വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ ഈവനിങ്ങ് കോളേജില്‍ എനിക്കു ജോലി. അഞ്ചു മണിക്കു സ്റ്റാഫ് റൂമില്‍ കയറിയ ഞാന്‍ ഒരു ലക്ചറര്‍ ഒറ്റയ്ക്ക് ഇരിക്കുന്നതു കണ്ടു. നേരം പോകണമല്ലോ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. “സാററിഞ്ഞോ എന്തോ രാസദ്രവ്യം കലര്‍ന്ന പഞ്ചാര കഴിച്ച് ഒരുപാടാളുകള്‍ മരിച്ചുപോയി.”

സാര്‍
എന്തു രാസദ്രവ്യം?
ഞാന്‍
അതറിഞ്ഞുകൂടാ സാര്‍. ഫോളിഡോള്‍ എന്നോ മറ്റോ പറയുന്നതു കേട്ടു.
സാര്‍
പഞ്ചാരയില്‍ വീണോ രാസദ്രവ്യം?
ഞാന്‍
അതേ.
സാര്‍
പഞ്ചാരയുണ്ടാക്കുന്നത് എവിടെ?
ഞാന്‍
അതുമറിഞ്ഞുകൂടാ. തിരുവല്ലയില്‍ മന്നം ഷുഗര്‍ മില്‍സ് ഉണ്ട്.
സാര്‍
മന്നമോ? നായര്‍ നേതാവോ?
ഞാന്‍
അതേ.
സാര്‍
നായന്മാര്‍ക്ക് ഈഴവരോളം സംഖ്യാബലമുണ്ടോ?
ഞാന്‍
ഇല്ല.
സാര്‍
സംഖ്യാബലം നല്ലതല്ലേ?
ഞാന്‍
അതേ
സാര്‍
പിന്നെ നിങ്ങള്‍ എന്തുകൊണ്ട് ഈഴവനാകുന്നില്ല.
ഞാന്‍
എനിക്കു ജാതിയില്‍ വിശ്വാസമില്ല. നായര്‍ കുടുംബത്തില്‍ ഞാന്‍ ജനിച്ചു. അങ്ങനെ കഴിയുന്നു. മരണം വരെ അങ്ങനെ കഴിഞ്ഞു പോകുകയും ചെയ്യും.
സാര്‍
മരണത്തിനു പേടിക്കേണ്ടതല്ലേ?

ഇങ്ങനെ പോകുമായിരുന്നു അദ്ദേഹം. പക്ഷേ ഭാഗ്യം കൊണ്ട് കോളേജ് ആരംഭിക്കാനുള്ള ബെല്‍ അടിച്ചു. ഞാന്‍ ക്ലാസിലേക്കു പോയി. മണിനാദമേ, അതു കേള്‍പ്പിച്ച പ്യൂണേ നന്ദി. നിങ്ങള്‍ സഹായിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ലക്ചറുടെ മുന്‍പിരുന്നു ചത്തുപോകുമായിരുന്നു. ഹനുമാന്‍ ഇവിടെ നിന്നു ലങ്കയിലേക്കു ചാടിയതു പോലെയാണ് ആ സാറ് ഒരു ചോദ്യത്തില്‍ നിന്നു വേറെ ചോദ്യത്തിലേക്കു ചാടിയത്. ഒരു വ്യത്യാസം ഹനുമാന് സീതയെ കാണണമെന്ന ലക്ഷ്യമൂണ്ടായിരുന്നു. അദ്ദേഹം ബുദ്ധിമാനുമായിരുന്നു. ലക്ചറര്‍ക്ക് ലക്ഷ്യമില്ല. തിരുമണ്ടനുമായിരുന്നു അദ്ദേഹം. രാസദ്രവ്യത്തില്‍ തുടങ്ങിയ സംഭാഷണം ചെന്നു നിന്നതു പേടിയില്‍. യുക്തിരഹിതങ്ങളായ ചോദ്യങ്ങള്‍ സാറിന്റേത്. അദ്ദേഹമെങ്ങനെ ലക്ചറായി എന്നാലോചിച്ച് ഞാന്‍ അദ്ഭുതപ്പെട്ടു.

കോളേജില്‍ കണ്ട ലക്ചററെ വീണ്ടും ഞാന്‍ കാണുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ഇരുളിനെ അകറ്റുന്നത് എന്ന ചെറുകഥയെഴുതിയ മധുപാലിലാണ്. ഒരു കരുണാകരേട്ടനെക്കുറിച്ച് അദ്ദേഹം അന്യോന്യബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു. ഒടുവില്‍ ദുര്‍ഗ്രഹങ്ങളായ ചില വാക്യങ്ങള്‍ എഴുതിക്കൊണ്ട് രചന! തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ എന്നെ ഗണിതശാസ്ത്രം പഠിപ്പിച്ച സുന്ദരമയ്യര്‍സ്സാറ് സാഹിത്യതല്‍പരനായിരുന്നു. ഞാന്‍ ചെറുകഥയെഴുതി അദ്ദേഹത്തെ കാണിച്ചു. സാറ് ക്ഷമയോടെ അതു വായിച്ചിട്ട് ‘Show incidents. Don’t tell’ എന്നു പറഞ്ഞു. ലൂക്കാച്ചിന്റെ ഒരു പ്രബന്ധത്തില്‍ ഇതുതന്നെ പറഞ്ഞിരുന്നു. മധുപാലിന് പ്രദര്‍ശിപ്പിക്കാൻ അറിഞ്ഞുകൂടാ. പറയാനേ അറിയൂ. പറയുന്നത് ലക്ചറുടെ

രീതിയില്‍ അന്യോന്യബന്ധമില്ലാതെയും വസ്തുതകളുടെ യുക്തിപരമായ ബന്ധമില്ലാതെ വായില്‍ വന്നതു കോതയ്ക്കു പാട്ട് എന്ന മട്ടില്‍ എഴുതുന്നത് വായനക്കാരെ കൊല്ലാതെ കൊല്ലാന്‍ മാത്രമേ പ്രയോജനപ്പെടൂ.

1921-ല്‍ നോബല്‍ സമ്മാനം നേടിയ ഫ്രഞ്ച് സാഹിത്യകാരന്‍ തീബോയുടെ (Thibauit) തൂലികാ നാമമാണ് അനതൊല്‍ ഫ്രാങ്ങ്സ് (Anatole France, 1844–1924) എന്നത്. ‘നോബല്‍ സാഹിത്യജേതാക്കള്‍’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുന്ന മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അദ്ദേഹത്തെ അനാടോള്‍ ഫ്രാന്‍സ് എന്നാക്കിയിരുന്നു. ഫ്രാങ്ങ്സിനു സാഹിത്യഗ്രന്ഥങ്ങള്‍ എഴുതുക എന്ന ജോലി മാത്രമല്ല ടോള്‍ പിരിവും ഉണ്ടായിരുന്നു എന്നു ഞാന്‍ അങ്ങനെ ഗ്രഹിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം ലക്ചറര്‍ ആയിരുന്ന കീഴ്ക്കുളം രാമന്‍പിള്ള സാറ് ഉള്ളൂരിന്റെ

“ഒരൊറ്റ മതമുണ്ടൂലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെപ്പാലമുരുട്ടും പാര്‍വണ ശശിബിംബം.”

എന്ന രാഗത്തില്‍ ചൊല്ലുമ്പോള്‍ ക്ലാസിലെ പിന്‍വശത്തെ ബഞ്ചിലിരുന്നു ഒരാഭാസപ്പയ്യന്‍ “പൂജപ്പുരയില്‍ ടോളുപിരിക്കും മന്തന്‍ നാരായണാ നിന്റെ മന്തുകാലും തൊന്തി വയറുമെന്തൊരു ചന്തമെടാ” എന്നു ഉറക്കെപ്പറയും. ക്ലാസ്സില്‍ ബഹളം ഡസ്കിലടി. കൂവല്‍. ചിരി. ഫ്രാങ്ങ്സ് പാരീസില്‍ ഏതോ റോഡില്‍ നിന്ന് ടോള്‍ പിരിച്ചിരിക്കും.

പിടികിട്ടാപ്പുള്ളികള്‍

ഞാന്‍ വടക്കന്‍ പാവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഏഴോ എട്ടോ മൈല്‍ അകലെയുള്ള വാരാപ്പുഴയിലാണ് താമസിച്ചിരുന്നത്. പിതാവ് വാടകയ്ക്ക് എഴുത്ത ‘പാവന’ വീടിന്റെ തൊട്ടടുത്തായിരുന്നു പൊലീസ് സ്റ്റെയ്ഷന്‍. ഇന്‍സ്പെക്ടര്‍ ഇല്ല അവിടെ. ഒരു ഹെഡ് കണ്‍സ്റ്റബിളും അഞ്ച് കണ്‍സ്റ്റബിളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പ്രീതി നേടി എപ്പോഴും സ്റ്റെയ്ഷന്‍ വരാന്തയില്‍ ചെന്നിരുന്ന് ഏതെങ്കിലും കണ്‍സ്റ്റബിളിനോടു സംസാരിച്ചുകൊണ്ടിരിക്കും. എന്നെ ആ സ്റ്റെഷ്യനില്‍ ആകര്‍ഷിച്ചത് പിടികിട്ടാപുള്ളികളുടെ ഫോട്ടോകളായിരുന്നു. അവ ഫ്രയിം ചെയ്ത് സ്റ്റെയ്ഷന്‍ വരാന്തയുടെ ചുവരില്‍ വച്ചിട്ടുണ്ട്. അവയെക്കുറിച്ച് എന്തെങ്കിലും വിവരം നല്കിയാല്‍ അതു നല്കുന്നവന് പ്രതിഫലം നല്കുമെന്ന് കുറിപ്പുമുണ്ടായിരുന്നു. ഫോട്ടോകളുടെ താഴെയായി എന്നെ എപ്പോഴും ഹോണ്‍ട് ചെയ്ത ആ ചിത്രങ്ങള്‍. അവരില്‍ ആരെങ്കിലും പിടികിട്ടിയാല്‍ എന്റെ കൂട്ടുകാരായ കണ്‍സ്റ്റബിള്‍സ് എന്തുചെയ്യുമെന്ന് വിചാരിച്ച് ഞാന്‍ ഞെട്ടുമായിരുന്നു. കുറ്റം ചെയ്തവനെങ്കിലും അവന്‍ മര്‍ദ്ദനമേല്ക്കുന്നത് എനിക്ക് വിചാരിക്കാന്‍ പോലും വയ്യ. അതുകൊണ്ടാണ് ആ പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോകള്‍ എന്നെ ഹോണ്‍ട് ചെയ്തിരുന്നുവെന്ന് പറഞ്ഞത് ഇതെഴുതുമ്പോഴും എന്റെ നിലയ്ക്കു മാറ്റമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള സാഹിത്യ അക്കാഡമിയിലെ അംഗമായി ഞാന്‍ ഒരു ദിവസം അവിടെ ചിത്രങ്ങള്‍ വച്ച മുറിയില്‍ ഞാന്‍ ചെന്നുപെട്ടു. എനിക്കോര്‍മ്മ ഉടനെ വന്നത് വരാപ്പുഴ പൊലീസ് സ്റ്റെയ്ഷനിലെ ചുവരും അവിടെ വച്ച ഫോട്ടോകളുമാണ്. ഓരോ ചിത്രവും ഞാന്‍ നോക്കി. ആരെയും പരിചയമില്ല. ഒടുവില്‍ എനിക്കറിയാവുന്ന ഒരെഴുത്തുകാരന്റെ ചിത്രം കണ്ടു. അതോടെ പിടികിട്ടാപ്പുള്ളികള്‍ ജനിപ്പിച്ച സംഭ്രമം ഇല്ലാതായി.

കലാകാരന്മാരുടെ കഥകള്‍ (ചിലപ്പോള്‍ രചയിതാക്കളുടെ ചിത്രങ്ങളോടുകൂടി) വാരികകളില്‍ അച്ചടിച്ചു വരുന്നതു കാണുമ്പോള്‍ എനിക്കു സ്റ്റെയ്ഷന്‍ വരാന്തയും അവിടത്തെ ചുവരിലെ ചിത്രങ്ങളും ഓര്‍മ്മയിലെത്തും. എന്നല്‍ അക്കാഡമി ഹോളിലെ പരിചയക്കാരന്റെ ചിത്രം സംഭ്രമം അകറ്റിയ പോലെ ഒന്നും സംഭ്രമമില്ലാതാക്കാന്‍ പ്രയോജനപ്പെടുന്നുമില്ല. ഈ ആഴ്ചത്തെ ദേശാഭിമാനി വാരികയില്‍ “ദുരന്തത്തിന്റെ വഴികള്‍” എന്ന കഥ അച്ചടിച്ചിരിക്കുന്നതു കണ്ടു. അതിനു മുകളിലായി എന്‍.കെ. കണ്ണന്‍ മേനോന്‍ എന്ന പേരു കണ്ടതോടെ സന്ത്രാസമില്ലാതെയായി. ആശ്വാസത്തോടെ കഥ വായിച്ചു. അതിന്റെ ദീര്‍ഘതയെ വകവയ്ക്കാതെ. വായിച്ചുതീര്‍ന്നപ്പോള്‍ കണ്ണന്‍ മേനോന്‍ അപരിചിതനായി. ഒരുത്തന്റെ ചെറുപ്പക്കാരിയായ ഭാര്യ അയാളുടെ അനുമതി ഇല്ലാതെ വീടുവിട്ട് ഇറങ്ങിപ്പോകുന്നു. അത്തവണ അവള്‍ കൂട്ടുകാരിയുമൊരുമിച്ച് മദ്രാസിലേക്കാണ് പോയത്. ഭര്‍ത്താവിന് വല്ലാത്ത ഉത്കണ്ഠ. മാനക്ഷയം. അവള്‍ റ്റെലിഫോണിലൂടെ ഒരു വലിയ സംഖ്യ അയാളോടു ആവശ്യപ്പെടുന്നു. ഭാര്യയുടെ താന്തോന്നിത്തരം കണ്ടുമടുത്ത അയാള്‍ പണം അയച്ചുകൊടുക്കുന്നില്ല. മാത്രമല്ല അവളുമായുള്ള ബന്ധം വേണ്ടെന്നു വയ്ക്കുകയും ചെയ്തുന്നു.

നിത്യജീവിതത്തിലെ യഥാര്‍ത്ഥ്യമില്ല. കലയുടെ യാഥാര്‍ത്ഥ്യവുമില്ല ഇതില്‍. ചില സംഭവങ്ങള്‍ നിവേശിപ്പിച്ച് ഫലപ്രാപ്തി ഉണ്ടാക്കാനാണ് കഥാകാരന്റെ യത്നം. നേരത്തെക്കൂട്ടി തീരുമാനിച്ച ഫലപ്രാപ്തി സ്വാഭാവികമായ ആഖ്യാനമുണ്ടായിട്ടും അസ്വാഭാവികമായി മാറുന്നു. ഭാവനയുടെ സഹായംകൊണ്ട് സത്യത്തിലേക്കു ചെല്ലുന്നതാണ് ചെറുകഥ. അങ്ങനെ ചെല്ലാന്‍ കണ്ണന്‍മേനോനു കഴിയുന്നില്ല. സാഹിത്യ അക്കാഡമി ഹോളില്‍ ഞാന്‍ കണ്ട പരിചയക്കാരന്റെ ചിത്രം പരിചയക്കാരന്റേത് അല്ലാതെയായി മാറുന്നു. എനിക്കു വാരാപ്പുഴ പൊലീസ് സ്റ്റെയ്ഷനിലെ ഫോട്ടോകള്‍ ഓര്‍മ്മയിലെത്തുന്നു. ഹോണ്‍ട് ചെയ്യപ്പെടാനാണ് എന്റെ വിധി.

വശീകരണം, ബലാത്സംഗം

ഷൊലകോഫിന്റെ (Mikhaif Sholokhov, 1905–1984) “Quiet Flows the Don” എന്ന നോവലില്‍ ഒരു ചെറുപ്പക്കാരിയുടെ വസ്ത്രധാരണരീതിയെക്കുറിച്ച് വര്‍ണ്ണനയുണ്ട്. “The Sun shone through her white dress and Mlikta saw the vague outlines of shapely legs and the broad flowing lace of her underskirt. What surprised him most was the sanity whiteness of her bared claves..” ഇതുകണ്ട് ‘What a skirt, eh! It’s like glass! You can see right through it!” എന്നൊരു കഥാപാത്രം പറയുന്നുണ്ട്. ഇവിടെ ശൃംഗാരത്തിന്റെ ഛായയേയുള്ളൂ. അശ്ലീലതയ്ക്കാണ് പ്രാധാന്യം. ഇതു വായിച്ചാവും തകഴി ശിവശങ്കരപ്പിള്ള “അവള്‍ ഒരു മുണ്ടേ ഉടുത്തിരുന്നുള്ളൂ. അടിയില്‍ തോര്‍ത്തില്ലായിരുന്നു. ആ മുണ്ടുതന്നെയും നേര്‍ത്തതായിരുന്നു” എന്നു “ചെമ്മീനില്‍” എഴുതുമ്പോള്‍ അശ്ലീലതയില്‍ നിന്നു രക്ഷനേടുന്നില്ല.

“കേരളത്തിലെ നവീന നിരൂപകന്‍ നിരൂപണം മതിയാക്കുന്നതാണ് നല്ലത്.സര്‍ക്കാര്‍ അവര്‍ക്കു ജന്തുശാലയിലെ കടുവകള്‍ക്കു പല്ലുതേച്ചു കൊടുക്കുന്ന ജോലി നല്കണം.”

ചില ആഭാസന്മാര്‍ യുവതികളെ പാട്ടിലാക്കാനായി അശ്ലീലങ്ങളായ കഥകള്‍ അവരോടു പറയും. ഒരിക്കല്‍ ഞാനതു കേട്ട് കഥ പറയുന്ന ആളിനോട് അതിനെക്കൂറിച്ചു ചോദിച്ചു. അയാള്‍ തുറന്നു സമ്മതിച്ചു. “ഞാന്‍ verbal seduction നടത്തുകയാണ്. അവള്‍ക്കതു വേണം. ഞാന്‍ കഥപറയുന്നു” ഇങ്ങനെ അസഭ്യങ്ങള്‍ പറഞ്ഞുപറഞ്ഞ് അവളെ ഏതാണ്ടു പാട്ടിലാക്കി അയാള്‍. Verbal seduction എങ്ങനെയിരിക്കുന്നു? എന്നു അയാളോടു ചോദിച്ച എനിക്കു കിട്ടിയ മറുപടി “ആ സ്റ്റെയ്ജ് കഴിഞ്ഞു. ഇപ്പോള്‍ verbal rape നടത്തുകയാണ് ഞാന്‍” എന്നായിരുന്നു. കാലത്ത് പത്തു മണി ആകേണ്ടതില്ല. അതിനു മുന്‍പ് ചെറുപ്പക്കാരി അ

യാളുടെ മുന്‍പില്‍ വന്ന് ഇരിക്കാം. verbal rape-ന് വിധേയനാകാന്‍. Verbal rape സാക്ഷാല്‍ rape ആയോ എന്നെനിക്കറിഞ്ഞുകൂടാ. മിക്കവാറും സംഭവിക്കേണ്ടത് സംഭവിച്ചിരിക്കും എന്നാണ് എന്റെ വിചാരം.

അശ്ശ്ലീലത വേറെ, ശൃംഗാരപ്രതീതി വേറെ
“വെണ്ണ തോല്ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണ തേച്ചരയിലൊറ്റമൂണ്ടായി
തിണ്ണമേലതളുമാ നതാംഗി മു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം”

എന്ന വള്ളത്തോള്‍ ശ്ലോകത്തില്‍ അശ്ലീലതയില്ല. ശൃംഗാരമേയുള്ളൂ. തകഴി ശിവശങ്കരപ്പിള്ളയുടെ വര്‍ണ്ണനം തികഞ്ഞ അസഭ്യമാണ്.

verbal seduction-ഉം verbal rape-നും വിധേയരാവുന്ന സ്ത്രീകള്‍ ഒന്നു മനസ്സിലാക്കണം. തെറിക്കഥ പറയുന്ന ആള്‍ അശ്ലീലതയിലും കവിഞ്ഞുള്ള ഡിമാന്റ് (ആജ്ഞ കലര്‍ന്ന ആവശ്യപ്പെടല്‍) വച്ചാല്‍ ഒഴിഞ്ഞുമാറാന്‍ പ്രയാസമായിരിക്കും. നമ്മുടെ കഥാകാരന്മാര്‍ വായനക്കാരെ verbal seduction നടത്തുന്നു. രണ്ടും തെഠാണെന്ന് നിരൂപകര്‍ ഉറക്കെപ്പറയേണ്ടതാണ്.