സാഹിത്യവാരഫലം 1996 04 21
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1996 04 21 |
ലക്കം | 1075 |
മുൻലക്കം | 1996 04 14 |
പിൻലക്കം | 1996 04 28 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഓസ്റ്റ്രിയന്‍ നോവലിസ്റ്റ് ഹെര്‍മന്‍ ബ്രോഹിന്റെ (Hermann Broch, 1886–1951) ‘The Sleepwalkers’ എന്ന നോവലാണ് അദ്ദേഹത്തിനു മഹായശസ്സ് നേടിക്കൊടുത്തത് (ആദ്യത്തെ പ്രസാധനം 1930–32-ല്‍). ‘The Death of Virgil’ എന്ന നോവല്‍ എഴുതിയതോടെ അദ്ദേഹം ജോര്‍ജ്ജ് സ്റ്റൈനര്‍ എന്ന നിരൂപകന്‍ പറഞ്ഞതു പോലെ ജോയിസിനു ശേഷം യൂറോപ്യന്‍ സാഹിത്യം നല്കിയ ഏറ്റവും വലിയ നോവലിസ്റ്റായി മാറി. (“Broch is the greatest novelist European literature has provided since Joyce”—George Steiner, ആദ്യത്തെ പ്രസാധനം 1945-ല്‍.) ബ്രോഹിന്റെ ഉദാത്തമായ വേറൊരു നോവലാണ് ‘The Guiltless’ എന്നത് (പ്രഥമ പ്രസാധനം 1950-ല്‍). നോവല്‍ എന്നു ഞാന്‍ എഴുതിയെങ്കിലും പതിനൊന്നു കഥകളുടെ സമാഹാരമാണിത്. ഒരടിസ്ഥാന വിഷയം അവയെയെല്ലാം കൂട്ടിയിണക്കുന്നു.
ഈ നോവലിന്റെ ഒടുവില്‍ച്ചേര്‍ത്ത പ്രബന്ധത്തില്‍ ബ്രോഹ് ചോദിക്കുന്നു.
ആരുടെ നേര്‍ക്കാണു ‘കല ദര്‍പ്പണമുയര്‍ത്തേണ്ടത്? അങ്ങനെ ചെയ്യുമ്പോള്‍ അതിന് എന്തു നേട്ടമുണ്ടാകുന്നു? ഉണര്‍ത്താനോ? ഉന്നമിപ്പിക്കാനോ? കല ഒരിക്കലും ആരെയും വേറൊന്നിലേക്കു പരിവര്‍ത്തനം ചെയ്തിട്ടില്ല. [ഹൗപ്റ്റ്മാന്റെ] ‘നെയ്ത്തുകാരെ’ സംബന്ധിച്ചും [Weavers എന്ന നാടകം] ബ്രഹ്റ്റിന്റെ നാടകങ്ങളെ സംബന്ധിച്ചും ബൂര്‍ഷ്വാ പ്രേക്ഷകര്‍ക്ക് അത്യുത്സാഹം ഉണ്ടായിയെങ്കിലും ആ രചനകള്‍ അവരെ സോഷലിസ്റ്റുകളാക്കിയില്ല. [ഫ്രഞ്ച് കവി] ക്ളോദലിന്റെ കൃതികളിലൂടെ ആരും കത്തോലിക്കാ മതവിശ്വാസിയായില്ല. എല്യറ്റിന്റെ രചനകളിലൂടെ ആരും പള്ളി മതവും അംഗീകരിച്ചില്ല. ഓരോ സന്ദര്‍ഭത്തിലും ഗ്രന്ഥകാരന്‍ തന്റെ വിശ്വാസമാണ് സ്ഫുടീകരിക്കുന്നത്. പക്ഷേ അതിന്റെ ഫലപ്രാപ്തി കലാത്മകതയുടെ മണ്ഡലത്തിലാണ് ഒതുങ്ങി നില്ക്കുക. നേരത്തേ വിശ്വാസമുണ്ടായവനേ വീണ്ടും വിശ്വസിക്കുന്നുള്ളു. മത നേതാവ് തന്റെ വിശ്വാസത്തിനോ വേറൊരു വിശ്വാസത്തിനോ വേണ്ടി ആത്മത്യാഗം ചെയ്താലും പ്രേക്ഷകര്‍ അതു പരിഗണിക്കുന്നതേയില്ല. ത്യാഗത്തെ വ്യക്തമാക്കിക്കൊണ്ടുള്ള അയാളുടെ മരണത്തിന്റെ നാടകീയത മാത്രമേ പ്രേക്ഷകര്‍ക്കു വേണ്ടു. കലാസൃഷ്ടിയുടെ സാന്മാര്‍ഗ്ഗിക ലക്ഷ്യം എന്തുമാകട്ടെ. മതത്തോടു ബന്ധപ്പെടുത്തിയ പീഡനത്തിന് എതിരാവട്ടെ അത്. അല്ലെങ്കില്‍ സദാചാരത്തിന് എതിരായുള്ള കുറ്റത്തെ അതു വിപ്രതിപത്തിയോടെ നോക്കട്ടെ. തികഞ്ഞ കുറ്റത്തിന് അത് എതിരായി നില്ക്കട്ടെ. എന്തായാലും അതിന്റെ പരമ ലക്ഷ്യം കലയുടെ മണ്ഡലത്തിലെ ഫലപ്രാപ്തിയാണ്. സദാചാരപരങ്ങളായ പരിഗണനകള്‍ക്ക് അപ്രധാന സ്ഥാനമേയുള്ളു.
ഈ വിശ്വാസത്തിലുള്ള ദൃഢതയോടു കൂടി ബ്രോഹ് എഴുതിയ ഈ നോവല്‍ ഉജ്ജ്വലമായ കലാസൃഷ്ടിയാണ്. അദ്ദേഹം പറയുന്നു:
അധ്യാപകനായ സക്കറിയാസ് കുട്ടികളുടെ ഉത്തരങ്ങള്‍ താല്‍പര്യമില്ലാതെ കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം കാമുകിയുടെ പേരു ബ്ളോട്ടറില്‍ എഴുതും. അല്ലെങ്കില്‍ ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നെഴുതും. ‘നിങ്ങള്‍ എന്റെ ശരീരത്തെ മാത്രമേ സ്നേഹിക്കുന്നുള്ളു’ എന്നാവും പെണ്‍കുട്ടിയുടെ ചൊല്ല്. സക്കറിയാസ് ബ്ളോട്ടറില്‍ കൂടെക്കൂടെ കാമുകിയുടെ പേര് എഴുതിയെങ്കിലും അയാളില്‍ സത്യസന്ധമായ വികാരമില്ലായിരുന്നു.
“ഹിറ്റ്‌ലര്‍ക്കു മുന്‍പുണ്ടായിരുന്ന പരിതഃസ്ഥിതികള്‍, റ്റൈപ്പുകള്‍ ഇവയെയാണ് ഈ നോവലില്‍ ആവിഷ്കരിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ‘എപൊളിറ്റിക്ക’ലാണ് [apolitical = രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവര്‍]. അവര്‍ക്കുള്ള രാഷ്ട്രീയാശയങ്ങള്‍ അവ്യക്തങ്ങളാണ്. രൂപരഹിതങ്ങളാണ്. ഹിറ്റ്‌ലറുളവാക്കിയ കൊടും വിപത്തിന് അവരിലാരും തന്നെ നേരിട്ട് ഉത്തരവാദിയല്ല. അതുകൊണ്ടാണ് ഇപ്പുസ്തകത്തിന് The Guiltless എന്ന പേരിട്ടത് (Guiltless = കുറ്റമില്ലാത്തവര്‍). എന്നിരുന്നാലും ആത്മാവിന്റെയും മനസ്സിന്റെയും ഈ അവസ്ഥയില്‍ നിന്നു തന്നെയാണ് തീര്‍ച്ചയായും നാറ്റ്സിസം അതിന്റെ ഊര്‍ജ്ജങ്ങള്‍ വലിച്ചെടുത്തത്. കാരണം രാഷ്ട്രീയമായ നിസ്സംഗത സദാചാരത്തെ സംബന്ധിച്ച് നിസ്സംഗത തന്നെയാണ്. അതുകൊണ്ട് സദാചാരത്തിന്റെ ഭ്രംശത്തോട് അത് അടുത്ത ബന്ധം പുലര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയമായ തലത്തില്‍ കുറ്റം ചെയ്യാത്തവര്‍ക്കു സദാചാരപരമായ കാര്യങ്ങളിലുള്ള കുറ്റങ്ങളില്‍ സാരമായ പങ്കുണ്ട്.”
ഇനി നമുക്കു നോവലിലെ ഒരു കഥയിലേക്കു മാത്രം കടന്നുചെല്ലാം. ചെറിയ പട്ടണങ്ങളില്‍ പെണ്‍കുട്ടികള്‍ തീവണ്ടിയാപ്പീസില്‍ ചെന്നു നിന്ന് കടന്നുപോകുന്ന എക്സ്പ്രെസ് ട്രെയിനിനെ നോക്കി നില്ക്കാറുണ്ട്. കഥയിലെ പെണ്‍കുട്ടിയും അങ്ങനെ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍, ചലനം കൊള്ളാന്‍ പോകുന്ന തീവണ്ടിയില്‍ നില്ക്കുന്ന യുവാവ് “അകത്തേക്കു വരൂ. വരൂ” എന്നു വിളിച്ചേക്കും തീവണ്ടി പൊയ്ക്കഴിഞ്ഞാല്‍ — അത് ‘കനം കുറഞ്ഞ വായുവില്‍’ അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍ അവള്‍ ക്ഷീണിച്ചു വീട്ടിലേക്കു മടങ്ങിപ്പോരും. ഈ നിലയിലാണ് പെണ്‍കുട്ടി സക്കറിയാസിനെ കണ്ടത്. അവര്‍ പരസ്പരം സ്നേഹിച്ചു. അധ്യാപകനായ സക്കറിയാസ് കുട്ടികളുടെ ഉത്തരങ്ങള്‍ താല്‍പര്യമില്ലാതെ കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം കാമുകിയുടെ പേരു ബ്ളോട്ടറില്‍ എഴുതും. അല്ലെങ്കില്‍ ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നെഴുതും. ‘നിങ്ങള്‍ എന്റെ ശരീരത്തെ മാത്രമേ സ്നേഹിക്കുന്നുള്ളു’ എന്നാവും പെണ്‍കുട്ടിയുടെ ചൊല്ല്. സക്കറിയാസ് ബ്ളോട്ടറില്‍ കൂടക്കൂടെ കാമുകിയുടെ പേര് എഴുതിയെങ്കിലും അയാളില്‍ സത്യസന്ധമായ വികാരമില്ലായിരുന്നു. വൈകാരികമായ പിരിമുറുക്കം വന്ന് അയാളുടെ യാഥാര്‍ത്ഥ്യ ബോധം നശിച്ചു. അയാള്‍ ആത്മരക്ഷയ്ക്കാണെന്നു പീടികക്കാരനോടു പറഞ്ഞ് ഒരു കൈത്തോക്കു വാങ്ങി. അയാള്‍ അതില്‍ വെടിയുണ്ടയിട്ട് അടുത്തു വച്ചു. അവസാനത്തെ ചുംബനം സക്കറിയാസിനു നല്കിക്കൊണ്ട് അവള്‍ അയാളോട് ആവശ്യപ്പെട്ടു. “വേഗം അതു ചെയ്യു” ഇനി ബ്രോഹിന്റെ നിസ്തുലങ്ങളായ വാക്യങ്ങള്‍ തന്നെ എഴുതട്ടെ:
- “Meeting in infinity, like the straight lines and join to form an eternal circle, Zacharias’s insight: ‘I am the universe”-to form an ultimate meaning.” .... “True the readiness of two people to die together is in itself an act of ethical liberation...” “But life is long, and marriage makes people forgetful.”
അതുകൊണ്ട് സര്‍ക്കറിയാസും കാമുകിയും അവസാനത്തെ തീവണ്ടിയില്‍ കയറിപ്പോയിരിക്കും. കാമുകിയുടെ അമ്മയുടെ മുന്‍പില്‍ച്ചെന്നു മുട്ടുകുത്തി അവരുടെ അനുഗ്രഹത്തിനായി അഭ്യര്‍ത്ഥിച്ചിരിക്കും. ഇതാണ് കുറ്റം ചെയ്യാത്തവരുടെ കുറ്റം. സദാചാരശൂന്യമായ ഈ സമുദായമാണ് ഹിറ്റ്ലറുടെ ഫാസ്സിസത്തിനു വഴിതെളിച്ചത്. അത്യുജ്ജ്വലമായ നോവലാണിത്. കലാസൃഷ്ടി മനസ്സിനെ ഉന്നമിപ്പിക്കണമെന്ന സിദ്ധാന്തത്തെ ബ്രോഹ് അംഗീകരിക്കുന്നില്ലെങ്കിലും എനിക്കിതു മാനസികോന്നമനം നല്കുകയുണ്ടായി. ഇവിടെയെങ്ങും കിട്ടാനില്ലാത്ത ഈ കലാസൃഷ്ടി എനിക്ക് എത്തിച്ചുതന്ന ശ്രീ. വൈക്കം മുരളിയോട് എനിക്കു കടപ്പാടുണ്ട്.
Contents
ശങ്കരാടി
പ്രഗല്ഭനായ അഭിനേതാവ് ശ്രീ. ശങ്കരാടിയെ ഞാന്‍ മാര്‍ച്ച് 28-നാണ് ആദ്യമായി കണ്ടത്. ചലച്ചിത്രത്തില്‍ എങ്ങനെ നമ്മള്‍ ശങ്കരാടിയെ കാണുന്നുവോ അതുപോലെ തന്നെയാണ് നിത്യജീവിതത്തിലും അദ്ദേഹം. ബാഹ്യാകൃതിക്കോ ആന്തര പ്രകൃതിക്കോ വ്യത്യാസമില്ല എന്നര്‍ത്ഥം. ആര്‍ജ്ജവമാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെയും സംഭാഷണത്തിന്റെയും മുദ്രകള്‍. ഓരോ വാക്യത്തിലും ധിഷണാശക്തിയുടെ സ്ഫൂരണമുണ്ടായിരിക്കും. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു ‘കലാകൗമുദിയിലെഴുതുന്ന കൃഷ്ണന്‍ നായരല്ലേ’ എന്ന് എന്നോടു ചോദിച്ചു. ‘അതേ’ എന്ന മറുപടി കേട്ടയുടനെ അദ്ദേഹം പോകുകയും ചെയ്തു. ശങ്കരാടിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞു. “ഞാനും തോപ്പില്‍ ഭാസിയും ഒ.എന്‍.വിയും ഒരു സമ്മേളനത്തിനു പോയി. സ്വാഗത പ്രഭാഷകന്‍ ഞാന്‍ പ്രഗല്ഭനായ നടനാണെന്നു പറഞ്ഞു. തോപ്പില്‍ ഭാസിയെ നല്ല നാടക കര്‍ത്താവായി വിശേഷിപ്പിച്ചു. ഒ.എന്‍.വിയെക്കുറിച്ചു പറഞ്ഞത് അദ്ദേഹം ഭാസിയുടെ എല്ലാ നാടകങ്ങള്‍ക്കും പാട്ടുകള്‍ എഴുതിയ ആളെന്നാണ്”. അന്നും മഹായശസ്കനായിരുന്ന ഒ.എന്‍.വിയെ അങ്ങനെ വിശേഷിപ്പിച്ചത് ശങ്കരാടിക്ക് ഇഷ്ടപ്പെട്ടില്ല. എന്നോട് ആഗതന്‍ അമ്മട്ടില്‍ ചോദിച്ചതും അദ്ദേഹത്തിനു നീരസമുളവാക്കി. ഇവ രണ്ടും ശങ്കരാടിയുടെ വിശുദ്ധ മനസ്സിനെ കാണിക്കുന്നു. നല്ല മനുഷ്യന്‍, നല്ല അഭിനേതാവ്, നിഷ്കളങ്കന്‍ ഇവയെല്ലാമായ അദ്ദേഹത്തെ ഞാന്‍ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.
ചോദ്യം, ഉത്തരം
സൂര്യന്‍ അസ്തമിക്കാറായി. ആ ഗോളത്തോടൊരുമിച്ചു പോകാന്‍ ആശയുണ്ടോ?
- താങ്കളുടെ ആഗ്രഹം നന്ന്. പക്ഷേ ഇരുപത്തിയൊന്നാം ശതാബ്ദത്തിന്റെ ഉദയം കണ്ടിട്ടേ ഞാന്‍ അന്നത്തെ ഒരസ്തമയത്തിന്റെ കൂടെ പോകൂ. ചങ്ങാതീ, അതുവരെ ക്ഷമിക്കൂ.
ടോള്‍സ്റ്റോയിയോ ഡോസ്റ്റോവ്സ്കിയോ വലിയ നോവലെഴുത്തുകാരന്‍?
- ടോള്‍സ്റ്റോയിയെന്ന് എന്റെ മതം. രണ്ടുപേരുമല്ല റൊമാങ് റൊളാങ്ങാണെന്നു ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ദസ്തെയേവ്സ്കിയുടെ നോവലുകളില്‍ നോവലിസ്റ്റിന്റെ ആധികാരിക ശബ്ദമില്ലെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ രചയിതാവിനോടു തന്നെ സംസാരിക്കുന്നുവെന്നും റഷ്യന്‍ പോസ്റ്റ് ഫോര്‍മലിസ്റ്റ് ബാഹ്തിന്റെ അഭിപ്രായം. ദസ്തെയെവ്സ്കിയുടെ നോവലുകള്‍ക്ക് അന്യാദൃശമായ രൂപമുണ്ടെന്നും ടോള്‍സ്റ്റോയിയുടെ നോവലുകള്‍ക്കു പരമ്പരാഗതമായ രൂപമേയുള്ളുവെന്നും അദ്ദേഹം എടുത്തു പറയുന്നു. ബാഹ്തിന്റെ മതം ടോള്‍സ്റ്റോയിയെക്കാള്‍ കേമന്‍ ദസ്തെയെവ്സ്കി എന്നാണ്. ഇതിനൊന്നും അന്തിമത്വമോ സുനിശ്ചിതത്വമോ ഇല്ല. ദസ്തെയെവ്സ്കിയുടെ കലയെക്കുറിച്ച് ബാഹ്തിന്‍ എഴുതിയ പുസ്തകം വായിച്ചാല്‍ ദസ്തെയെവ്സ്കിയെ അതിശയിച്ച ഒരു നോവലിസ്റ്റുമില്ലെന്നു നമുക്കു തോന്നും.
- ‘ലോകത്തിന്റെ അഗാധത’യിലേക്കു ചെല്ലാന്‍ ഏതൊരാള്‍ക്കു കഴിയുമോ അയാള്‍ മഹാകവി. ഷെയ്ക്സ്പിയ, ദാന്തേ, വ്യാസന്‍, ഇവര്‍ മഹാകവികള്‍. Pierre Macherey എഴുതിയ The Object of Literature എന്ന പുസ്തകത്തില്‍ ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞ ഈ പേരുകള്‍ അദ്ദേഹം പറയുന്നില്ല.
ഞാന്‍ പ്രസംഗകനാകാന്‍ ഉദ്ദേശിക്കുന്നു. ഒരുപദേശം തരൂ.
- പ്രസംഗകന്‍ എന്ന പ്രയോഗം തെറ്റ്, പ്രാസംഗികന്‍ എന്നതും ശരിയല്ല. പിന്നെ മലയാള ഭാഷയിലെ ഒരു പ്രയോഗമെന്ന രീതിയില്‍ അതാകാം. പ്രഭാഷകന്‍ എന്നതു ശരി. പ്രഭാഷണം നിര്‍വഹിക്കുമ്പോള്‍ സദസ്സിന് ഒന്നുമറിഞ്ഞുകൂടെന്ന മട്ടില്‍ ഒന്നും പറയരുത്. അവര്‍ക്കു ബുദ്ധിവേണ്ടിടത്തോളമില്ലെന്നും സൂചിപ്പിക്കരുത്. സദസ്സ് ഈ ശ്വരസദൃശം എന്ന വിചാരത്തോടുകൂടി ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ മാത്രം പറയു. നിങ്ങള്‍ നല്ല പ്രഭാഷകനാകും.
“സഹോദരിയുടെ സ്നേഹത്തെക്കാള്‍ പാവനമായി വേറെ എന്തുണ്ട് സഹോദരന്?” “സഹോദരി വിവാഹം കഴിക്കാതെ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം സഹോദരനെ സ്നേഹിക്കുന്നു. എന്ന് അവള്‍ കല്യാണം കഴിഞ്ഞ് അന്യഭവനത്തില്‍ പോകുന്നുവോ അന്നു തൊട്ട് അവളുടെ ‘നമ്പര്‍ വണ്‍ ശത്രു’ സഹോദരന്‍.”
സഹോദരിയുടെ സ്നേഹത്തെക്കാള്‍ പാവനമായി വേറെ എന്തുണ്ട് സഹോദരന്?
- സഹോദരി വിവാഹം കഴിക്കാതെ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം സഹോദരനെ സ്നേഹിക്കുന്നു. എന്ന് അവള്‍ കല്യാണം കഴിഞ്ഞ് അന്യഭവനത്തില്‍ പോകുന്നുവോ അന്നു തൊട്ട് അവളുടെ ‘നമ്പര്‍ വണ്‍ ശത്രു’ സഹോദരന്‍.
ചങ്ങമ്പുഴയെ ഗാനഗന്ധര്‍വ്വന്‍ എന്നു വിളിക്കുന്നതു ശരിയോ?
- ചങ്ങമ്പുഴ നല്ല കവിയാണ്. പക്ഷേ അദ്ദേഹത്തെ ഗാനഗന്ധര്‍വ്വന്‍ എന്നു വിളിച്ചാല്‍ ഗന്ധര്‍വ്വന്മാര്‍ക്കു പാടാന്‍ അറിഞ്ഞുകൂടെന്നു പറയേണ്ടതായി വരും.
ഈ ലോകത്ത് ഏകാന്തതയുടെ ദുഃഖം ആര്‍ക്കാണ് കൂടുതലായി ഉള്ളത്?
- ഞാനൊരിക്കല്‍ തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കു പോകുമ്പോള്‍ ഒരു വിജനപ്രദേശത്ത് ‘നാഗര്‍കോവിലിലേക്ക് 45 കിലോമീറ്റര്‍’ എന്നു നെഞ്ചിലെഴുതി വച്ചുകൊണ്ട് ഒരു കരിങ്കല്‍ക്കുറ്റി റോഡു വക്കത്തു നില്ക്കുന്നതു കണ്ടു. അതിനുള്ള ദുഃഖം ഈ ലോകത്ത് വേറെ ആര്‍ക്കുമില്ലെന്ന് എനിക്കു തോന്നി.
ലിറ്റ്ററി പോസിങ്
“ആക്ഷര ശുദ്ധിയോടെ എഴുതാന്‍ കഴിയാത്ത സാഹിത്യകാരന്മാരോടും ഉച്ചാരണ ശുദ്ധിയില്ലാതെ വാര്‍ത്തകള്‍ വായിക്കുന്ന ദൂരദര്‍ശനിലെ ആളുകളോടും പഴത്തിനു പയമെന്നു പറയുന്ന അക്ഷരശൂന്യന്മാരോടും നിങ്ങള്‍ ഏറെ വര്‍ഷങ്ങളായി മലയാള ഭാഷയുടെ പാവനത്വം സൂക്ഷിക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ? എന്തു ഫലമുണ്ടായി നിങ്ങളുടെ പേനയിലെ മഷി വറ്റിയതല്ലാതെ?” ഈ ചോദ്യം എനിക്കു കാര്‍ഡില്‍ അയച്ചുതന്നത് ഒരു വായനക്കാരനാണ്. ചോദ്യം നിരര്‍ത്ഥകമല്ല. സാര്‍ത്ഥകമാണു താനും. ഇതു മാത്രമല്ല എന്റെ പ്രവര്‍ത്തനം ചെറുകഥയെന്ന പേരില്‍ ഉപന്യാസമെഴുതി മനുഷ്യനെ ദ്രോഹിക്കരുത്. പ്രബന്ധമെഴുതിയാല്‍ത്തന്നെ ആളുകള്‍ക്കു മനസ്സിലാകണം എന്നും ഈ കോളമിസ്റ്റ് വളരെക്കാലമായി പറയുന്നു. പ്രയോജനമില്ല ഒരുകണക്കില്‍ ഇക്കൂട്ടരെ കുറ്റം പറയാനുമില്ല. പഠിച്ചതല്ലേ പാടാന്‍ കഴിയൂ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘വിയറ്റ്നാം’ എന്ന ചെറുകഥ (?) എഴുതിയ ശ്രീ. കെ.എ. സെബാസ്റ്റ്യനോട് താങ്കളെഴുതിയതു ചെറുകഥയല്ല. നല്ല ഉപന്യാസം പോലുമല്ല എന്നു പറയുന്നതുകൊണ്ടു പ്രയോജനമുണ്ടാവുകയില്ല. അദ്ദേഹം ഇനി എന്തെഴുതിയാലും ഇങ്ങനെയേ ആവു. കാരണമുണ്ട്. രചനയെസ്സംബന്ധിച്ച് സവിശേഷമായ മാനസികനില എഴുതുന്നയാളിന് ഉണ്ടെങ്കില്‍ അതിനു യോജിച്ച വിധത്തിലേ പിന്നെയും പിന്നെയും എഴുതാന്‍ പറ്റൂ.
‘വിയറ്റ്നാം’ എന്ന തലക്കെട്ടിന്റെ താഴെയായി കടലിനെ പ്രതിരൂപമാക്കിക്കൊണ്ടു സെബാസ്റ്റ്യന്‍ എന്തൊക്കെയോ എഴുതുന്നു. ദുര്‍ഗ്രഹങ്ങളായ ആ വാക്യങ്ങളെ സമാഹരിച്ചു വച്ച് അദ്ദേഹം അതിനു ചെറുകഥയെന്ന പേരിടുന്നു. എഴുതുന്നത് ഉപന്യാസമായാലും കഥയായാലും അതിന് ആശയം അനുവാചകനു പകര്‍ന്നു കൊടുക്കാനാവണം. വാക്യങ്ങള്‍ക്ക് അന്യോന്യം ബന്ധമുണ്ടാവണം. ചെറുകഥയിലാണെങ്കില്‍ ആശയങ്ങള്‍ ബിംബങ്ങളായി മാറണം. സെബാസ്റ്റ്യന്റെ പ്രക്രിയ ലിറ്റ്റച്ചറിനോടു ബന്ധപ്പെട്ടതല്ല. ഇത് വെറും ‘ലിറ്റ്ററി പോസിങ്ങാ’ണ്.
മാങ്കോയിക്കല്‍ ഭവനം തീപിടിക്കുന്നതിന്റെ വര്‍ണ്ണന ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലില്‍ വായിക്കുമ്പോള്‍ അത് സി.വി. രാമന്‍പിള്ള എഴുതിയതാണ്. ആരോ ഒരാള്‍ അച്ചടിച്ചതാണ് ആ നോവല്‍. ഞാന്‍ അത് പുസ്തകക്കടയില്‍ നിന്നു വാങ്ങിയതാണ് എന്നൊന്നും ഓര്‍മ്മിക്കുന്നില്ല. ആകെ കാണുന്നത് ഭവനം അഗ്നിക്കിരയാകുന്നതും. കുറുപ്പ് ഓടുന്നതുമൊക്കെയാണ് ‘ആരുണ്ടെടാ ബ്രാഹ്മണനെ രക്ഷിക്കാന്‍’ എന്ന ചോദ്യം കുറുപ്പില്‍ നിന്നുണ്ടാകുമ്പോള്‍ ‘അടിയന്‍ ലച്ചിപ്പോം’ എന്നു ഭ്രാന്തന്‍ ചാന്നാന്‍ പറയുന്നതു ഞാന്‍ കേള്‍ക്കുന്നു. മറ്റൊരു തരത്തില്‍ പറയാം. പുസ്തകത്തിന്റെ താളില്‍ നിന്ന് ഈ സംഭവം പൂര്‍ണ്ണതയാര്‍ന്ന് അതില്‍ നിന്നു താഴെ വീഴുന്നു. ആ പൂര്‍ണ്ണതയിലാണ് കലയുടെ ഭംഗിയിരിക്കുന്നത്. അങ്ങനെ വീഴാതെ പുസ്തകത്തിന്റെ താളില്‍ വര്‍ണ്ണന ഒട്ടിപ്പിടിച്ചിരുന്നാല്‍ അത് വെറും അച്ചടിയായേ നമുക്കു തോന്നൂ. നമ്മുടെ പല കഥകളും കവിതകളും വാരികകളുടെ പുറങ്ങളില്‍ പറ്റിപ്പിടിച്ചു നില്ക്കുന്നതേയുള്ളു. നീരാവി വേണ്ടുവോളം തണുത്ത് മഴത്തുള്ളിയായി ഭൂമിയില്‍ വീഴുമ്പോഴാണ് അതിന് (മഴത്തുള്ളിക്ക്) അന്യൂനാവസ്ഥ കൈവരുന്നത് മഴത്തുള്ളി നീരാവിയായിരിക്കുന്നിടത്തോളം കാലം അന്യൂനാവസ്ഥയില്ല. സമ്പൂര്‍ണ്ണതയുമില്ല.
ആരുണ്ട് എന്നെ രക്ഷിക്കാന്‍?
മിക്ക സാഹിത്യ സമ്മേളനങ്ങളും പരാജയങ്ങളാണ്. വള്ളത്തോളിന്റെ കവിത സുന്ദരമാണെന്നു സ്ഥാപിക്കാനായി തൊണ്ടകീറുന്നവനെ ശ്രോതാക്കള്‍ വെറുക്കും.
നോക്കെത്താത്ത ദൂരത്തില്‍ കടല്‍ പോലെ മരുഭൂമി പരന്നുകിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിലൂടെ ‘മണല്‍ക്കാട്ടിലെ യാനപാത്ര’മായ ഒട്ടകം തമിഴ് നാട്ടിലെ ഒരു നര്‍ത്തകിയെപ്പോലെ താഴ്ന്നും പൊങ്ങിയും നൃത്തം വച്ചു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാറ്റടിച്ച് മണല്‍ പലതരത്തിലുള്ള ഡിസൈനുകള്‍ ഉണ്ടാക്കി ദ്രഷ്ടാക്കള്‍ക്ക് ആഹ്ളാദാതിശയം നല്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും മണല്‍ മലപോലെ ഉയര്‍ന്ന് പാറ്റേണുകള്‍ നിര്‍മ്മിച്ച് കലാസൃഷ്ടികള്‍പോലെ വിലസുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മണല്‍ക്കാടാണെങ്കിലും അതിലുമുണ്ട് ചേതോഹരദൃശ്യങ്ങള്‍. പക്ഷേ നമ്മുടെ കഥാമണലരണ്യത്തില്‍ ഒരു രമണീയദൃശ്യവുമില്ലല്ലോ. ശ്രീ. വി.പി. മനോഹരന്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ “ശാന്തം പാപം” എന്ന കഥ മണലാരണ്യമല്ലെങ്കില്‍ പിന്നെന്താണ്. പ്രധാന കഥാപാത്രത്തിന്റെ ഭാര്യയുടെ ചലച്ചിത്രാസ്വാദനം. അയാളുടെ അമ്മയുടെ പത്രപാരായണാസക്തി. ഹവാലയുടെ പ്രതിപാദനം ഇങ്ങനെ അന്യോന്യബന്ധമില്ലാത്ത കുറെ വിഷയങ്ങളെക്കുറിച്ചു പലതും പറഞ്ഞ് കഥ അവസാനിപ്പിക്കുന്നു കഥാകാരന്‍. മനോഹരന്റെ ഈ രചന ഒട്ടും മനോഹരമല്ല: എന്നല്ല ബീഭത്സവുമാണ് കലയെ അവലംബിച്ചു നോക്കിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മണല്‍ക്കാടുകളില്‍ അവയ്ക്കു സവിശേഷത നല്കിയ ചില അംശങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞല്ലോ. മനോഹരന്റെ കഥാമണലരണ്യത്തില്‍ ഡിസൈനില്ല. പാറ്റേണില്ല. സ്വയം ശ്രേണികള്‍ നിര്‍മ്മിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണല്‍ മലകളില്ല. ആകെയുള്ളത് എനിക്കു വളരെ ഇഷ്ടം തോന്നുന്ന പരിഹാസം മാത്രം. ആ പരിഹാസം കലയുടെ മണ്ഡലത്തില്‍ ഒതുങ്ങിനില്ക്കാത്തതുകൊണ്ട് വെറും പരിഹാസമായിബ്ഭവിക്കുന്നു. വിജനമായ മണല്‍ക്കാട്ടില്‍ നിന്ന് അതിന്റെ സാന്‍ഡ്ഡ്യൂണ്‍സിനെയും മറ്റും നോക്കിനിന്ന എന്നെ സുഹൃത്ത് അബ്ദുള്‍ ഖാദര്‍ (അലൈനിലെ ഉദ്യോഗസ്ഥന്‍) വിളിച്ചു പറഞ്ഞു. ‘സര്‍ വേഗം കാറില്‍ കയറു. കാറ്റടിക്കാന്‍ തുടങ്ങി. നമ്മള്‍ മണല്‍ക്കൂനയ്ക്ക് അകത്തായിപ്പോകും.’ ഞാന്‍ ഓടി കാറില്‍ കയറി. വണ്ടിയോടിക്കുന്ന അതിന്റെ ഉടമസ്ഥന്‍ റോബിന്‍ വളരെ വേഗത്തില്‍ കാറോടിച്ചു. ഞങ്ങള്‍ രക്ഷപ്പെട്ടു. മനോഹരന്റെ കഥാമരുഭൂമിയില്‍ നിന്ന് എന്നെ രക്ഷിക്കാനാരുണ്ട്?
ഡോക്ടര്‍ എസ്. പരമേശ്വരന്‍
മലയാളസാഹിത്യത്തില്‍ അവഗാഹമുള്ള വ്യക്തി. വിദ്യാര്‍ത്ഥികളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിച്ച ഗുരുനാഥന്‍. ഗണിതശാസ്ത്രത്തില്‍ മഹാപാണ്ഡിത്യമുള്ള ശാസ്ത്രകാരന്‍ — ഡോക്ടര്‍ എസ്. പരമേശ്വരന്‍ ആരെന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയാവും ഞാന്‍ പറയുക. എനിക്കദ്ദേഹത്തെ നാല്പതു വര്‍ഷത്തെ പരിചയമുണ്ട്. ഓരോ തവണ കാണുമ്പോഴും സംഭാഷണ വൈദഗ്ദ്ധ്യം കൊണ്ട് അദ്ദേഹം എന്നെ രസിപ്പിച്ചിട്ടുണ്ട്. ഓരോ വാക്യം അദ്ദേഹത്തിന്റെ നാവില്‍ നിന്നു വീഴുമ്പോഴും ശ്രോതാക്കള്‍ ചിരിക്കും. അത്രയ്ക്കു മൗലികതയുള്ള നര്‍മ്മോക്തികളാണ് അദ്ദേഹത്തിന്റേത്.
ഡോക്ടര്‍ പരമേശ്വരന്റെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പാണ്ഡിത്യത്തെയും വായനക്കാരെ ഗ്രഹിപ്പിക്കാനാണ് ശ്രീ. എം. ഹരികുമാര്‍ യത്നിക്കുന്നത് (കലാകൗമുദിയിലെ ‘ഭാരതീയ ഗണിതത്തിന്റെ സുവര്‍ണ്ണയുഗം’ എന്ന ലേഖനം). സാരാനര്‍ഘ പ്രകാശ പ്രചുരിമ തിരളും ദിവ്യരത്നങ്ങളേറെക്കിടപ്പുണ്ട്’ പാരാവാരത്തിന്റെ അഗാധതയില്‍. അതിലൊരെണ്ണം ഹരികുമാര്‍ എടുത്ത് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നു. ആദരണീയമായ പ്രക്രിയയാണിത്.
മിക്ക സാഹിത്യസമ്മേളനങ്ങളും പരാജയങ്ങളാണ്. വള്ളത്തോളിന്റെ കവിത സുന്ദരമാണെന്നു സ്ഥാപിക്കാനായി തൊണ്ട കീറുന്നവനെ ശ്രോതാക്കള്‍ വെറുക്കും. അയാളെ ബോറനായി കരുതും. രണ്ടും രണ്ടും നാലാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവനാണ് ഈ ലോകത്തെ ഏറ്റവും വലിയ ബോറന്‍ എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്.
|