close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 09 27


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 09 27
ലക്കം 628
മുൻലക്കം 1987 09 20
പിൻലക്കം 1987 11 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുറെക്കാലംമുമ്പ് കേശവദേവും കര്‍മ്മചന്ദ്രനും ഞാനും അഞ്ചുതെങ്ങിനടുത്തുള്ള ഒരു സ്ഥലത്ത് ഒരു സമ്മേളനത്തിനു പോയി. വള്ളത്തിലിരിക്കുമ്പോള്‍ ആരോ കുമാരനാശാനെക്കുറിച്ച് എന്തോ പറഞ്ഞിട്ട് ഞങ്ങളോടു ചോദിച്ചു: “ഇത്രത്തോളം പ്രകൃതി സുന്ദരമായ സ്ഥലത്തു കഴിഞ്ഞു കൂടിയ ആശാന്‍ എന്താണ് ആ സൗന്ദര്യം സ്വന്തം കവിതയില്‍ പ്രതിഫലിപ്പിക്കാത്തത്?” ഞാന്‍ മറുപടി നല്കി: “ഉണ്ടല്ലോ. ‘പ്രരോദന’ത്തിലെ ആദ്യത്തെ ഒന്നു രണ്ടു ശ്ലോകങ്ങളില്‍ കേരളത്തിന്റെ പ്രകൃതി പ്രതിഫലിക്കുന്നു.” ചോദ്യകര്‍ത്താവിന് ആ മറുപടി തൃപ്തി നല്കിയില്ല. “എന്നാല്‍ പ്രസംഗത്തിന്റെ വിഷയം അതു തന്നെയാകട്ടെ” എന്നു കേശവദേവ് നിര്‍ദ്ദേശിച്ചു. അന്ന് ഞാനെന്തു പറഞ്ഞുവെന്ന് ഓര്‍മ്മയില്ല. ഇന്നാണെങ്കില്‍ എന്തു പറയുമെന്നു ചുരുക്കിയെഴുതാം. കുമാരനാശാന്റെ കവിതയിലെ ധിഷണാ പ്രഭാവം ആദരണീയമാണ്. അധഃസ്ഥിതരെ ചവിട്ടാനുയര്‍ത്തുന്ന കാലിന്റെ നേര്‍ക്കും അടിക്കാനോങ്ങുന്ന കൈപ്പത്തിയുടെ നേര്‍ക്കും ധിഷണയുടെ നേത്രങ്ങള്‍ വ്യാപരിപ്പിച്ച മഹാകവിക്ക് ‘മാനത്തെത്തിയ’ മഴവില്ലിന്റെ അഴകു കാണാനും തീനാളം പോലെ നടക്കുന്ന ചെറുപ്പക്കാരിയുടെ സൗന്ദര്യം ദര്‍ശിക്കാനും സമയമില്ലായിരുന്നു. വള്ളത്തോള്‍ക്കവിതയിലെ നായികയുടെ നിതംബം, ജി. ശങ്കരക്കുറുപ്പു പറഞ്ഞതു പോലെ, അനുവാചകനെ സ്പര്‍ശിച്ചെന്നു വരും. കുമാരനാശാന്‍ സ്ത്രീയെ കണ്ടിരിക്കാം. പക്ഷേ, അവളുടെ പ്രത്യേകമായ ഒരവയവത്തിലേക്കും കണ്ണോടിച്ചിട്ടില്ല. പിന്നെയല്ലേ.

“ചുമലണിവസനത്തിനുള്ളില്‍ വിങ്ങും
സുമഹിത വാര്‍മുലയും നിതംബവായ്പും
ശ്രമമൊടനുമദിച്ച വേഗമാര്‍ന്ന്”

കമനി നടക്കുന്നത് അദ്ദേഹം കാണുക. തകര്‍ന്നുകിടക്കുന്ന കരിങ്കല്‍ത്തൂണുകളിലെ അദ്ഭുതസ്ത്രീരൂപങ്ങള്‍ കണ്ട് ‘നിങ്ങള്‍ ദിര്‍ഘകാലം ആട്ടമാടി മേനി വിയര്‍ത്തുനില്ക്കുകയാണോ? എന്നു കുഞ്ഞുരാമന്‍ നായരെപ്പോലെ ചോദിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ഹരിതാഭങ്ങളായ പാടങ്ങള്‍ പുഞ്ചിരിപൊഴിക്കുന്നതും പൂക്കള്‍ സൗരഭ്യം പ്രസരിപ്പിക്കുന്നതും ശ്രദ്ധിക്കാന്‍ കുമാരനാശാനു സമയമെവിടെ? മനുഷ്യപുരോഗതിയെ ലക്ഷ്യമാക്കി കാവ്യം രചിക്കുന്ന കവിയുടെ പദവിന്യാസക്രമം പലപ്പോഴും പരുക്കനായിരിക്കും.

അളിപടലികള്‍മൂളിരന്ധ്രമേലും
മുളകള്‍ മരുത്തിലുലഞ്ഞു മെല്ലെയൂതി
തളിര്‍നിരമൃദുതാളമേകിയേവം
കളകളമായതിമോഹനം വനത്തില്‍

എന്ന് ആശാന്‍ എഴുതിയിട്ടുണ്ടാവും എന്നാല്‍ ആ ശബ്ദഭംഗി അദ്ദേഹത്തിന്റെ കാവ്യത്തിനുള്ള സാമാന്യഗുണമായി പറയാവുന്നതല്ല.

കുളിയതുപൊഴുതേ കഴിഞ്ഞകൊണ്ടല്‍
ക്കുളിര്‍കുഴലാളുടെ കോമളാമലാംഗം
ഒളിവിതറി, മിനുക്കുവേലതീരും
ലളിതസുവര്‍ണ്ണശലാകയെന്നപോലെ

എന്നു വള്ളത്തോള്‍ വിശ്വവശ്യമായ സൗന്ദര്യം സ്ത്രീയില്‍ ദര്‍ശിച്ചെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ കവിത പ്രകൃതിരാമണീയകത്തില്‍നിന്നു പ്രചോദനം കൈവരിച്ചതാണെന്നു കരുതാവുന്നതാണ്. വിരളമായി പ്രകൃതിസൗന്ദര്യത്തില്‍ അഭിരമിക്കുന്ന കുമാരനാശാന്‍ ‘ജനനി മരിച്ചു ചിത്തതാപം തീരാത്ത ഉണ്ണികളുടെ കണ്ണുനീര്‍ക്കുളത്തില്‍’ കണ്ണയയ്ക്കുന്നതിലാണു തല്പരന്‍. വള്ളത്തോളും പി. കുഞ്ഞിരാമന്‍ നായരും പ്രകൃതിഭംഗി ആസ്വദിക്കട്ടെ. കുമാരനാശാന്‍ സമ്പൂര്‍ണ്ണമനുഷ്യന്റെ ഭംഗി കാണാന്‍ ശ്രമിച്ചെങ്കില്‍ അതിലെന്തു തെറ്റിരിക്കുന്നു.

* * *

ഈച്ച: മധുരപലഹാരങ്ങള്‍ തിന്നു വളരാന്‍ വേണ്ടി തിരുവനന്തപുരത്തെ ഹോട്ടലുകാര്‍ കണ്ണാടിപ്പെട്ടികളില്‍ അടച്ചുവളര്‍ത്തുന്ന ജീവി.

* * *
ഫൗണ്ടന്‍ പേന
കടകളിലെ കണ്ണാടിക്കൂട്ടിലിരിക്കുമ്പോള്‍ മനോഹരമായ വസ്തു. വലിയ വിലകൊടുത്തു വാങ്ങിക്കഴിഞ്ഞാല്‍ ദൂരെ എറിയേണ്ടത്.
വിപ്ലവകവി
കൊട്ടാരം പോലുള്ള കെട്ടിടത്തില്‍ താമസിച്ച്, മോട്ടോര്‍കാറില്‍ സഞ്ചരിച്ച്. വിലകൂടിയ ഭക്ഷണംകഴിച്ച്. ബൂര്‍ഷ്വാസിയുടെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ച് വാക്കുകളിലൂടെമാത്രം വിപ്ലവം പ്രസംഗിക്കുന്ന കാരുണ്യ സിന്ധു.

നാലപ്പാട്ട്

ധിഷണാപരമായ ഭാവനയുണ്ട്, കാവ്യാത്മക ഭാവനയുണ്ട്. ഷെല്ലി, കീറ്റ്സ് ഈ കവികളുടെ ഭാവന കാവ്യാത്മകമകമത്രെ. ബ്രൗണിങിന്റെ ഭാവന ധിഷണാപരവും. അതുകൊണ്ടാണ് കീറ്റ്സ് പാടിയപ്പോള്‍ ബ്രൗണിങ് ഗര്‍ജ്ജിച്ചുവെന്ന് ആരോ പറഞ്ഞത്. നാലപ്പാടന്റെ ഭാവന ഈ രണ്ടു മല്ല. അതിനു ഭാഷാന്തരകാരീഭാവന എന്ന പുതിയ പേരുനല്കാം. അഴീക്കോട് അത്യുക്തിയെ കൂട്ടുപിടിച്ചുകൊണ്ടു നടത്തുന്ന ഉദീരണങ്ങള്‍ അവാസ്തവികങ്ങളായി എനിക്കു തോന്നിപ്പോയി.

കവിത ചിത്രശലഭത്തെപ്പോലെ പറന്നു വരണം. അല്ലെങ്കില്‍ പൂപോലെ സ്വയം വിടരണം. ഇവ രണ്ടുമല്ല നാലപ്പാടന്റെ കവിത (കണ്ണുനീര്‍ത്തുള്ളി). അത് ഫിലിപ്പിന്‍സിലെ സ്വേച്ഛാധിപതിയായിരുന്ന മാര്‍കോസിന്റെ പത്നിയെപ്പോലെ അയണ്‍ ബട്ടർഫ്ലൈയാണ്. ഈ ചിത്രശലഭം — അയോമയ ചിത്രശലഭാ ‘പ്യൂപ്പ’ പൊട്ടി പുറത്തുവന്നതല്ല. ടെനിസണ്‍ എന്ന പടിഞ്ഞാറന്‍ കവിയുടെ ‘ഇന്‍മെമ്മോറിയം’ എന്ന വിലാപകാവ്യത്തില്‍നിന്നു ജനിച്ചതാണ്. സദൃശങ്ങളായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികള്‍ ഈ ലേഖകന്‍ മുന്‍പെടുത്തു കാണിച്ചിട്ടുണ്ട് തത്ത്വചിന്തയില്ലും “കണ്ണുനീര്‍ത്തുള്ളി” ഇന്‍ മെമ്മോറിയലിനെ അനുകരിക്കുന്നു. ഡ‍ോക്ടര്‍ ലീലാവതി അഭിമാനധുരന്ധരയായി ഉദ്ധരിക്കുന്ന ശ്ലോകം —

ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു
നീരില്‍ പിടിപ്പിച്ചൊരു കോട്ടകെട്ടി
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ
പ്രപഞ്ചമേ നീയിതുതന്നെയെന്നും

— എന്ന ശ്ലോകം മൗലികമല്ല. പ്രപഞ്ചത്തിന്റെ ഈ സംഹാരാത്മകത്വം ടെനിസണും സ്വന്തം കൃതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ‘നരന്‍ക്രമാല്‍ത്തന്റെ ശവം ചവിട്ടിപ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ” എന്ന നാലപ്പാടന്റെ വരികള്‍ That men may rise upon their dead selves എന്നാരംഭിക്കുന്ന ഇന്‍മെമ്മോറിയത്തിലെ വരികളുടെ ഭാഷാന്തരീകരണമാണ്.

കണ്ണുനീര്‍ത്തുള്ളിയിലെ രചനാരീതി നല്ല കവിയുടേതല്ല. നൈസര്‍ഗ്ഗികത്വമോ സൗന്ദര്യമോ ഇല്ലാത്ത രീതിയാണത്. ഭാരം കൊണ്ടു നീലാന്തരീക്ഷത്തിലേക്കുയരാന്‍ കഴിയാതെ ഈ ഇരുമ്പു ചിത്രശലഭം ഭൂമിയില്‍ത്തന്നെ നിശ്ചലമായി വര്‍ത്തിക്കുന്നു. ഇതൊക്കെക്കൊണ്ടാവണം വള്ളത്തോള്‍ സ്വകാര്യസംഭാഷണത്തില്‍ “ങ്ഹാ നാലപ്പാടന്‍ അനന്തതയിലേക്കു നോക്കി നില്ക്കുകയാണ് വാക്കുകള്‍ക്കു വേണ്ടി” എന്നു പറഞ്ഞത്. വിലാപകാവ്യം മനുഷ്യത്വം ഓളംവെട്ടുന്ന ഗാനതല്ലജമാണ്. അതു ദാരുമയമായ നാല്ക്കാലിയല്ല.

ധിഷണാപരമായ ഭാവനയുണ്ട്. കാവ്യാത്മക ഭാവനയുണ്ട്. ഷെല്ലി, കീറ്റ്സ് ഈ കവികളുടെ ഭാവന കാവ്യാത്മകമത്രെ. ബ്രാണിങിന്റെ ഭാവന ധിഷണാപരവും അതുകൊണ്ടാണ് കീറ്റ്സ് പാടിയപ്പോള്‍ ബ്രൗണിങ് ഗര്‍ജ്ജിച്ചുവെന്ന് ആരോ പറഞ്ഞത്. നാലപ്പാടന്റെ ഭാവന ഈ രണ്ടുമല്ല. അതിന് “ഭാഷാന്തരകാരീഭാവന” എന്ന പുതിയ പേരു നല്കാം. തര്‍ജ്ജമയിലാണ് അദ്ദേഹം കൗതുകം കാണിച്ചത്. ‘പൗരസ്ത്യദീപം’, ‘പാവങ്ങള്‍’ ഇവയൊക്കെ തര്‍ജ്ജമകള്‍. ‘വേശുഅമ്മയുടെ വിശറി’യും അദ്ദേഹത്തിന്റെ മറ്റൊരു തര്‍ജ്ജമയല്ലേ? നല്ല ഓര്‍മ്മയില്ല. നാലപ്പാടന്റെ ‘ആര്‍ഷജ്ഞാനം’ Derivative (മറ്റൊന്നില്‍നിന്നു സ്വീകരിച്ചത്) ആണെന്നത് നിരാക്ഷേപമാണ്. അദ്ദേഹത്തിന്റെ ‘രതിസാമ്രാജ്യം’ ഹാവ്ലക് എലിസിന്റെ സൈക്കോളജി ഒഫ് സെക്സ് വായിച്ചിട്ടെഴുതിയതും. ഭാവനയുടെ കിനാക്കളില്‍ മുഴുകാന്‍ താല്പര്യമില്ലാത്ത ഈ കവി സ്വന്തം രക്തത്തില്‍ അലിഞ്ഞുചേരാത്ത വൈദേശികാശയങ്ങളെ മലയാളത്തില്‍ ആക്കിയതേയുള്ളു. സത്യമിതായതുകൊണ്ട് സുകുമാര്‍ അഴീക്കോട് അത്യുക്തിയെ കൂട്ടുപിടിച്ചുകൊണ്ട് മാതൃഭൂമി ഓണപ്പതിപ്പിലൂടെ നടത്തുന്ന ഉദീരണങ്ങള്‍ അവാസ്തവികങ്ങളായി എനിക്കു തോന്നിപ്പോയി. (‘നാലപ്പാടന്റെ ചക്രവാളം’ എന്ന ലേഖനം)

* * *

അത്യുക്തി ടെംപര്‍ പോയ — ദൃഢത പോയ — സത്യമാണെന്നു ജിബ്രാന്‍ എഴുതിയിട്ടുണ്ട്. മഹാകവിയോട് എനിക്കു യോജിക്കാന്‍ പ്രയാസം. കഷണ്ടിത്തല കണ്ടിട്ട് ‘എത്ര നിബിഡമായ തലമുടി’ എന്നു പറയുന്നതാണ് അത്യുക്തി.

അതിദീനം

തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് എന്നെയും കൂട്ടുകാരെയും ബോട്ടണി പഠിപ്പിച്ചത് നാരായണന്‍ നായര്‍ എന്ന സാറ്. ഒരുദിവസം സസ്യശാസ്ത്രം പഠിപ്പിക്കാന്‍ എത്തിയ അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയോട് “ഒരു ചെമ്പരത്തിപ്പൂ പറിച്ചുകൊണ്ടുവാടാ” എന്നാജ്ഞാപിച്ചു. അതുകേട്ട് ഓടിയ വിദ്യാര്‍ത്ഥിയുടെകൂടെ ഞാനും ഓടി. ഞങ്ങള്‍ രണ്ടുപേരും ഓരോ പൂ അടര്‍ത്തിയെടുത്തു സാറിന്റെ മുന്‍പിലെത്തി. ഞാന്‍ നീട്ടിയ പൂവ് അദ്ദേഹം പുറംകൈകൊണ്ടു തട്ടിക്കളഞ്ഞിട്ട് ചോദിച്ചു: “ആരു പറഞ്ഞെടാ നിന്റടുത്തു പൂ പറിക്കാന്‍? നശിപ്പിക്കല്ലേ ഇത്?” മിണ്ടാതെനിന്ന എന്റെ തലയില്‍ അദ്ദേഹം ഒരു ‘കിഴുക്ക്’തന്നു. ഗുരുനാഥനെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ചെയ്ത യത്നം അങ്ങനെ ദുഃഖാനുഭൂതിയില്‍ കലാശിച്ചു. സാറ് പൂവെടുത്ത് ഓരോ ഭാഗം അടര്‍ത്തി എപ്പികാലിക്സ്, കാലിക്സ്, കൊറോള, സ്റ്റേമന്‍, സ്റ്റിഗ്മ എന്നൊക്കെ പറഞ്ഞുതുടങ്ങി. ഒടുവില്‍ ചില നുള്ളിക്കീറലുകള്‍ നടത്തി ‘ഇതാണു പിസ്റ്റില്‍’ എന്നു പറഞ്ഞ് ഒരു വെളുത്ത നൂലു കാണിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു: സാറിന്റെ പ്രവൃത്തിയല്ലേ വലിയ നശിപ്പിക്കല്‍. മനോഹരമായ പൂവ് ഉത്പാടനതല്പരനായ അദ്ധ്യാപകന്റെ നഖാഗ്രങ്ങളില്‍പ്പെട്ട് അപ്രത്യക്ഷമായി. അപ്പോള്‍ ഞാനോ സാറോ പുഷ്പനാശനവിദഗ്ദ്ധന്‍?

ഇപ്പോള്‍ ഞാനാലോചിക്കുന്നത് ആ ചെമ്പരത്തിച്ചെടി നട്ട ഉദ്യാനപാലകനെയാണ്. അയാളാണ് യഥാര്‍ത്ഥമനുഷ്യന്‍. മണ്ണിളക്കികമ്പുനട്ട്. അയാള്‍ വെള്ളമൊഴിച്ചു. ഇലകള്‍ ഉണ്ടായി. മൊട്ടുണ്ടായി. അതു വിരിഞ്ഞു. വള്ളത്തോളും ആശാനും ഉള്ളൂരും ശങ്കരക്കുറുപ്പുമൊക്കെ ഈവിധത്തില്‍ പൂന്തോട്ടക്കാരാണ്. അവര്‍ വിടര്‍ത്തിയ പൂക്കളുടെ പരിമളം നമ്മെ തഴുകുന്നു. കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ നമ്മള്‍ അവരുടെ മുന്‍പില്‍ നില്ക്കുന്നു. ഈ വിധത്തില്‍ ഒരു സര്‍ഗ്ഗപ്രക്രിയയില്‍ വ്യാപരിക്കുകയാണ് “വ്യഥ” എന്ന കാവ്യമെഴുതിയ സുഗതകുമാരി എന്നു പറഞ്ഞുകൂടാ. (ജനയുഗം ഓണം വിശേഷാല്‍പ്രതി) നാട്ടിന്റെ അവസ്ഥാന്തരങ്ങളെ ആവിഷ്കരിക്കാന്‍ യത്നിക്കുന്ന കവി നാരായണന്‍ നായര്‍സ്സാറിനെപ്പോലെ ഇതാ പുഷ്പകോശം, ഇതാ ദലപുടം, ഇതാ കേസരം, ഇതാ പരാഗണസ്ഥലം എന്നെല്ലാം പറയുന്നു. ഒടുവില്‍ ഇതാ ‘പിസ്റ്റില്‍’ എന്നും ദഃഖത്തോടെ ഞാന്‍ വള്ളത്തോള്‍ തുടങ്ങിയ ഉദ്യാനപാലകരെ ഓര്‍മ്മിക്കുന്നു. പുഷ്പഭാഗങ്ങളുടെ പ്രദര്‍ശനം മുഴുവന്‍ ഇവിടെ വരികളിലൂടെ എടുത്തു കാണിക്കാന്‍ സ്ഥലമില്ല. പിസ്റ്റലിന്റെ പ്രദര്‍ശനം മാത്രമാകട്ടെ:

“എന്റെയീജ്വരാര്‍ത്തമാ
മുള്ളത്തിലൊരു ചൂടായ്
നൊമ്പരമായി ക്രോധ-
ജ്വാലയായ് നിറയവേ
ഇതിനെക്കുറിച്ചെന്തു
പാടുവാന്‍? ഈ നാടല്ലോ
വ്യഥ! പാടലിന്നെല്ലാ-
മപ്പുറത്തേതാം വ്യഥ.”

വര്‍ത്തമാനകാലത്തിന്റെ ഒരു നൂതനാംശം — അനുവാചകന്‍ എത്ര യത്നിച്ചാലും സ്വയം കാണാന്‍ കഴിയാത്തതായ അംശം — കാണിച്ചുതരുന്നയാളാണ് കവി. ‘വ്യഥ’പോലുള്ള അതിദീനങ്ങളായ പദ്യങ്ങള്‍ രചിച്ചുവയ്ക്കുന്ന ആളല്ല.

* * *
“കാവ്യമെന്നാല്‍?”

“ഗദ്യത്തില്‍ എഴുതിയിട്ട് പതിന്നാല് അക്ഷരംങ്ങള്‍ വീതം മുറിച്ചെടുക്കുന്ന ഒരു പണി.”

മിതം ച സാരം ച

പണ്ട് പോളണ്ടില്‍ കല്ക്കരിക്കു ക്ഷാമം നേരിട്ടപ്പോള്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനുതകുന്ന മട്ടില്‍ ഓരോ കവിയും കാവ്യമെഴുതിക്കൊള്ളണമെന്ന് അന്നത്തെ സര്‍ക്കാര്‍ ആജ്ഞാപിച്ചു. ഫലമോ‍? ജി. ശങ്കരക്കുറുപ്പു പറഞ്ഞതുപോലെ കല്ക്കരിയെക്കാള്‍ കറുത്ത കവിതകള്‍ ധാരാളമുണ്ടായി. ചൈന ഇന്‍ഡ്യയെ ആക്രമിച്ചപ്പോള്‍ ദേശാഭിമാനോജ്ജ്വലരായി ഇവിടത്തെ കവികള്‍ കവിതകള്‍ എഴുതി. ഓരോ കാവ്യവും ‘ഫാഴ്സാ’യിരുന്നു. ‘ഡിസ്ഗ്രേസാ’യിരുന്നു. അവ വായിച്ചപ്പോള്‍ ആ കവിമാനികളുടെ സമകാലികനാണല്ലോ ഞാനെന്നു വിചാരിച്ചു ദുഃഖമുണ്ടായി എനിക്ക് ശ്രീലങ്കയിലെ മനുഷ്യക്കുരുതികൊണ്ടു ഹൃദയം തകര്‍ന്ന നമ്മള്‍ക്ക് ഇപ്പോഴത്തെ ശാന്തികണ്ട് അല്പം ആശ്വാസമുണ്ട്. പക്ഷേ, ആ ആശ്വാസത്തെ നശിപ്പിച്ചുകൊണ്ട് വീണ്ടും ഹൃദയം തകര്‍ക്കുന്നു ഒളപ്പമണ്ണ എന്ന കവി. “ശ്രീലങ്ക” എന്ന തലക്കെട്ടിനു താഴെയുള്ള “ബീഭത്സ”ങ്ങളായ ചില വരികളിതാ:

ശ്രീലങ്കയില്‍നിന്നു നീന്തിവരുന്നതാം
കാലവര്‍ഷക്കരിങ്കാറിരുട്ടേ
കാറ്റടിച്ചാഞ്ഞിങ്ങു വീഴുന്നതാം വേലി
യേറ്റമേ രാമേശ്വരത്തു നില്ക്കേ
തള്ളയും കുട്ടിയുതന്തയുമായോരോ
വള്ളത്തില്‍വന്നു കേറുന്നു നിങ്ങള്‍
(കുങ്കുമം ഓണം വിശേഷാല്‍ പ്രതി)

ഇതിനെക്കുറിച്ചു കൂടുതലെഴുതുന്നത് എന്റെ bad taste-നെ പ്രദര്‍ശിപ്പിക്കലാവും അമാന്യമായതിനെക്കുറിച്ചും വിമര്‍ശകന്‍ മിതമായ മട്ടിലേ സംസാരിക്കാന്‍ പാടുള്ളു. ഞാന്‍ വിദ്വാനല്ലെങ്കിലും ‘മൗനം വിദ്വാനു ഭൂഷണം’ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

* * *

“സന്മാര്‍ഗ്ഗമെന്നാല്‍ എന്ത്?”

“വീട്ടില്‍ മാന്യന്മാര്‍ വന്നു കയറുമ്പോള്‍ അവരുടെ മുഖത്തടിക്കുന്നതുപോലെ വാതില്‍ വലിച്ചടച്ചു സ്വന്തം വിശുദ്ധി പെണ്ണുങ്ങള്‍ പ്രഖ്യാപിക്കുന്നതു സന്മാര്‍ഗ്ഗം.”

“പ്രമേഹരോഗിയെ എങ്ങനെ തിരിച്ചറിയാം.?”

“ചായയിലോ കാപ്പിയിലോ പഞ്ചാരയിടാന്‍ സമ്മതിക്കില്ല. പക്ഷേ, ജിലേബി കണ്ടാലുടനെ തിന്നും.”

എം. പി. നാരായണപിള്ള

ജീവിതത്തിന്റെ സെക്യൂരിറ്റിയെക്കരുതി സ്ത്രീ കാമമടക്കിവയ്ക്കുന്നു. സുരക്ഷിതത്വത്തില്‍ അത്രകണ്ടു പുരുഷനു ശ്രദ്ധിക്കേണ്ടതില്ല. അവന്‍ അതു പ്രകടിപ്പിക്കുന്നു. ഇതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ സ്ത്രീകളുടെ ഉറക്കപ്പരാക്രമങ്ങളെക്കുറിച്ച് തെല്ലൊന്ന് ആലോചിച്ചുനോക്കിയാല്‍ മതി. സ്ത്രീയോളം വരില്ല പുരുഷന്‍ അക്കാര്യത്തില്‍.

നില്ക്കു വായനക്കാരാ, ഞാന്‍ എനിക്കിഷ്ടമുള്ള എം.പി. നാരായണപിള്ളയെക്കുറിച്ചു പറയാന്‍ ആരംഭിക്കുകയാണ്. അദ്ദേഹം എഴുതുന്ന എല്ലാക്കാര്യങ്ങളോടും യോജിക്കുന്നതിന്റെ ഫലമല്ല ഈ ഇഷ്ടം. പറയാനുള്ളതു തന്റേടത്തോടെ കേള്‍ക്കുന്നവന്റെ ഹൃദയത്തിലും ബുദ്ധിയിലും ചെന്നു തറയ്ക്കുന്ന മട്ടില്‍ പറയുന്ന അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാളാണ് എം.പി. നാരായണപിള്ള. ഒരിക്കല്‍ ഞാന്‍ കുട്ടിക്കൃഷ്ണമാരാര്‍ക്ക് എഴുതിയ എഴുത്തു വായിച്ചിട്ട് മഹാപണ്ഡിതനായ എം.എച്ച്. ശാസ്ത്രികള്‍ പറഞ്ഞു. “നിങ്ങള്‍ ഒരു വാക്യമേ എഴുതുന്നുള്ളു എന്നു വിചാരിക്കു. അതിലും നിങ്ങളുടെ വ്യക്തിത്വം വരണം. കുട്ടിക്കൃഷ്ണമാരാരുടെ ഓരോ വാക്യത്തിലും അദ്ദേഹത്തിന്റെ വ്യക്തിത്വമുണ്ട്. അതുപോലെ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതരുത്. ശാസ്ത്രികളുടെ ഉപദേശം സ്വീകരിച്ച് ഞാന്‍ കത്തു മാറ്റിയെഴുതി. വ്യക്തിത്വവും സ്വത്വം പ്രതിഫലിക്കുന്ന രീതിയിലേ എം.പി. എഴുതാറുള്ളു. കേരളകൗമുദി ഓണം വിശേഷാല്‍ പ്രതിയിലുള്ള അദ്ദേഹത്തിന്റെ “അല്പം ബലപ്രയോഗം” എന്ന ലേഖനവും ഈ സാമാന്യനിയമത്തിന് നിദര്‍ശകം തന്നെ. സവിശേഷതയാര്‍ന്ന മട്ടിലാണ് ഈ ലേഖനത്തിന്റെയും തുടക്കം. “പതിനേഴു വര്‍ഷം മുന്‍പ് ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയാണ് ഇന്ത്യയില്‍ നിലനിന്നിരുന്നതെങ്കില്‍ ഞാന്‍ കല്യാണം കഴിക്കില്ലായിരുന്നു.” കാരണമറിയാന്‍ വായനക്കാരന്‍ ആകാംക്ഷയോടെ അടുത്ത വാക്യത്തിലേക്കു കടക്കുന്നു. സ്ത്രീയുടെ ആത്മഹത്യയാണ് വിഷയം. ഭര്‍ത്താവ് സിഗററ്റ് വാങ്ങാന്‍ കടയില്‍പ്പോയ തക്കംനോക്കി ഭാര്യ വീട്ടിലുള്ള സ്വല്പം മണ്ണെണ്ണ ഉടുതുണിയിലൊഴിച്ചു തീപ്പെട്ടിക്കോലുരച്ചുകത്തിക്കുന്നു. വെന്തുചാകുന്നു. ഞാന്‍ ആ സമയത്ത് സിഗററ്റ് വാങ്ങാന്‍ പോയിരിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് തെളിയിച്ചുകൊള്ളണം. ഇല്ലെങ്കില്‍ അയാള്‍ക്കു കൊലപാതകക്കുറ്റത്തിനുവേണ്ടി കഴുമരത്തില്‍ കയറേണ്ടിവരും.

ഒറ്റക്കാരണംകൊണ്ട് ആരും ആത്മഹത്യചെയ്യുകില്ല. ഒരുത്തന്റെ ജോലി പോയിയെന്നു വിചാരിക്കു. ഉടനെ അയാള്‍ കയറെടുത്തു ജീവിതം അതിന്റെ കുരുക്കില്‍ കുടുക്കുകയില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ അയാള്‍ ബന്ധുക്കളോടു സഹായമഭ്യര്‍ത്ഥിക്കും. സഹായം കിട്ടാതെ വരുമ്പോള്‍ പരിചയമില്ലാത്തവരോടും കടം ചോദിക്കും. അതു കിട്ടാതെ വരുമ്പോള്‍ യാചിക്കും. അതും നിഷ്ഫലമാകുമ്പോള്‍ പട്ടിണികിടക്കും. അങ്ങനെ നരകിച്ചു നരകിച്ചു കഴിഞ്ഞുകൂടുമ്പോള്‍ ഭാര്യ ചോദിച്ചെന്നുവരും: “പിന്നെ എന്നെ യെന്തിന് വിവാഹംകഴിച്ചു? പോക്കില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടായിരുന്നോ?” അതുകേട്ട് ഭാര്യയോട് ഒരു വിരോധവും തോന്നാതെ അയാള്‍ അന്നുരാത്രി ഉറക്കഗ്ഗുളിക വിഴുങ്ങുന്നു. ഭാര്യയുടെ ചോദ്യമാണ് അയാളെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ആളുകള്‍ പറയും. അതു തെറ്റ്. ഓരോ ആത്മഹത്യയ്ക്കും ആയിരമായിരം ഹേതുക്കളുണ്ടാവും. ഓരോന്നും സാഹായ്യകാരി (contributing) ആകുന്നെന്നേയുള്ളു. “എന്തെടീ അരി വേകിക്കാത്തത്?” എന്നു ദേഷ്യത്തോടെ ഭര്‍ത്താവു ചോദിച്ചതുകൊണ്ടു മാത്രം ഒരു സ്ത്രീയും മണ്ണെണ്ണ കൈയിലെടുക്കുകയില്ല. “നിന്റെ തന്ത എനിക്കു തരാമെന്നു പറഞ്ഞ രൂപയെവിടെയടീ” എന്നു കോപിച്ചു ചോദിച്ചിട്ടായിരിക്കും അയാള്‍ സിഗററ്റ് വാങ്ങാന്‍ റോഡിലേക്കു പോകുന്നത്. സിഗററ്റ് വാങ്ങുന്നതോടൊപ്പം ഭാര്യയോടു കയര്‍ത്തതില്‍ പശ്ചാത്താപമുണ്ടായി അവള്‍ക്കു മണമുള്ള സോപ്പും വാങ്ങിക്കൊണ്ടായിരിക്കും അയാള്‍ തിരിച്ചെത്തുക. അപ്പോഴേക്കും ഭാര്യ, അടുക്കളയില്‍ കരിഞ്ഞു കരിക്കട്ടപ്രായത്തില്‍ കിടക്കുകയാവും.” അയ്യോ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ ശണ്ഠയുണ്ടായി. അവള്‍ മണ്ണെണ്ണയൊഴിച്ചു തീകത്തിച്ചു ചത്തു” എന്ന് ആളുകള്‍ മുറവിളികൂട്ടും. പൊലീസ് വരും. അയാള്‍ കൂട്ടിലാവും. ഇടി മേടിക്കും. ആവര്‍ത്തിച്ച് പറയുന്നു. മകനോ മകളോ പരീക്ഷയില്‍ തോറ്റു എന്നതിന്റെ പേരില്‍മാത്രം, ഒരുത്തന്‍ ചീത്തവാക്കുകള്‍ പറഞ്ഞു എന്നതിന്റെ പേരില്‍മാത്രം, ഭര്‍ത്താവ് അടികൊടുത്തു എന്നതിന്റെ പേരില്‍ മാത്രം ഒരു സ്ത്രീയും ആത്മഹത്യ ചെയ്യുകയില്ല. contributing causes ധാരാളം നേരത്തെയുള്ളപ്പോള്‍ അവസാനത്തെ നിസ്സാരസംഭവവും ഒരു ഹേതുവാകുന്നുവെന്നേയുള്ളു. എം.പി. നാരായണപിള്ളയുടെ ലേഖനത്തിന് ‘സമകാലിക പ്രസക്തി’യുണ്ട്.

ബലാത്സംഗത്തെക്കുറിച്ച് എം.പി. നാരായണപിള്ള പറയുന്നതൊക്കെ ചിന്തോദ്ദീപകം തന്നെ. ബലാല്‍ക്കാരസംഭോഗത്തില്‍ പുരുഷന്റെ ഭാഗത്തുനിന്നു ബലവും സ്ത്രീയുടെ ഭാഗത്തുനിന്നു ചെറുക്കലും ഉണ്ടല്ലോ. ഈ ബലത്തെയും എതിര്‍പ്പിനെയും സ്ഥൂലീകരിക്കുന്ന സെക്ഷ്വല്‍ എത്തിക്ക്സാണ് ഇന്നു നമുക്കുള്ളത്. വേഷംകൊണ്ടും ശാരീരിക ചലനങ്ങള്‍കൊണ്ടും ഭാവഹാവങ്ങള്‍കൊണ്ടും ലൈംഗികാവയവങ്ങളുടെ അല്പപ്രദര്‍ശനം കൊണ്ടും പുരുഷനെ സ്ത്രീ ഇളക്കിക്കഴിയുമ്പോള്‍ അവന്‍ താല്ക്കാലികമായ എതിര്‍പ്പിനെ വകവയ്ക്കാതെ പെരുമാറുന്നു. അത് അന്യന്‍ കണ്ടില്ലെങ്കില്‍ സ്ത്രീക്കു പരാതിയില്ല. ചാരിത്രത്തിന്റെ വെണ്‍മയാര്‍ന്ന സാരിധരിച്ചുകൊണ്ട് അവള്‍ ശീലാവതിയായി കഴിഞ്ഞുകൊള്ളും. കണ്ടാലാണ് കുഴപ്പം. അപ്പോള്‍ ധര്‍ഷണത്തിന്റെ മുറവിളിയുണ്ടാകുന്നു. സമുദായം കോപിക്കുന്നു നിയമപാലകര്‍ എത്തുന്നു.

ഭര്‍ത്താവല്ലാത്ത പുരുഷനോടു വേഴ്ചയുണ്ടാക്കുന്നത് ശരിയല്ല എന്ന് നമ്മുടെ നിയമം. ആ പുരുഷനോടു കാമം തോന്നിയാലും അതടക്കിവയ്ക്കണമെന്നും നിയമം. പക്ഷേ, പുരുഷന്‍ തന്റെ സൗന്ദര്യംകൊണ്ടും സ്നേഹംകൊണ്ടും ആ നിയമത്തെ ലംഘിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു. അവള്‍ വഴങ്ങുന്നു. ഇതൊക്കെ സാമാന്യസംഭവങ്ങള്‍. പക്ഷേ, സ്ത്രീയുടെ പാവനത്വത്തെ ബലൂണ്‍ ഊതി വലുതാക്കുന്നതുപോലെ പെരുപ്പിച്ചു പെരുപ്പിച്ചുകൊണ്ടു വരുന്നവര്‍ (സ്ത്രീകളാണ് ഇക്കൂട്ടരില്‍ അധികംപേരും) മുകളിലെഴുതിയ വസ്തുത പാടേ വിസ്മരിക്കുന്നു. ഓഫീസില്‍നിന്ന് ഭര്‍ത്താവെന്ന തടിമാടന്‍ ഏതു സമയവും എത്തിയേക്കാമെന്നു പേടിക്കുന്ന സ്ത്രീ തന്നെ രസിപ്പിക്കുന്ന കാമുകനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നു. പക്ഷേ, അത് ലജ്ജ കൊണ്ടാണെന്നു ബുദ്ധിശൂന്യനായ കാമുകന്‍ കരുതുന്നു. അങ്ങനെ കരുതുന്ന അവന്‍ അവളെ കൂടുതല്‍ രസിപ്പിക്കാനായി ശ്രമിക്കുന്നു. അപ്പോള്‍ അവള്‍ കൂടുതലായി എതിര്‍പ്പ് കാണിക്കുന്നു. അതിനെ വര്‍ദ്ധിച്ച ലജ്ജയായി അവന്‍ കരുതുന്നു. ഈ സന്ദര്‍ഭത്തില്‍ ചന്തുമേനോനെയാണ് ഞാന്‍ ഓര്‍മ്മിക്കുക. ഉത്സവം നടത്തിയവര്‍ ചെണ്ട കൊട്ടുന്നവന് രണ്ടാംതരക്കാരന്റെ കൂലിയേ കൊടുത്തുള്ളു. മാരാര്‍ ചന്തുമേനോന്റെ കോടതിയില്‍ കെയ്സ് കൊടുത്തു. തന്റെ മേലാവായ സായ്പിന് ഒരുശബ്ദവും കേട്ടുകൂടാ. അതിന്റെപേരില്‍ അയാളെ പീഡിപ്പിക്കാന്‍ ചന്തുമേനോന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാരാരുടെ അന്യായം എത്തിയത്. ചെണ്ടകൊട്ടല്‍ കേട്ടാലേ അയാള്‍ ഒന്നാന്തരക്കാരനാണോ രണ്ടാം തരക്കാരനാണോ എന്നു തീരുമാനിക്കാനാവൂ. ചന്തുമേനോന്‍ അയാളോടു ചെണ്ടകൊട്ടാന്‍ ആജ്ഞാപിച്ചു. ചെണ്ടയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അടുത്ത മുറിയിലിരിക്കുന്ന ജഡ്ജി സായ്പ് കോപാകുലനാകുന്ന ചിത്രം മനസ്സില്‍ക്കണ്ടു ചന്തുമേനോന്‍ പുഞ്ചിരിപൊഴിക്കുകയായിരുന്നു. ആ പുഞ്ചിരി തന്റെ ചെണ്ടകൊട്ടലിന്റെ വൈദഗ്ദ്ധ്യം കണ്ടുണ്ടായതാണെന്നു വിചാരിച്ച മാരാര്‍ കൂടുതലുറക്കെ ചെണ്ടകൊട്ടി. ചന്തുമേനോന്‍ കൂടുതലായി പുഞ്ചിരിയിട്ടു. ഇവിടെ കാമുകന്‍ ചെണ്ടകൊട്ടുന്ന മാരാരാണ്.

സ്ത്രീയെ അപേക്ഷിച്ചു കാമാസക്തി പുരുഷനു കുറവാണെന്ന വാദമുണ്ട്. അതു ശരിയല്ലെന്ന് ഇരിക്കട്ടെ. എന്നാലും രണ്ടു കൂട്ടര്‍ക്കും ഒരേയളവിലാണ് കാമമെന്നു സമ്മതിക്കണം. പ്രകൃതിനിയമമാണത്. ജീവിതത്തിന്റെ സെക്യൂരിറ്റിയെക്കരുതി സ്ത്രീ കാമമടക്കിവയ്ക്കുന്നു. സുരക്ഷിതത്വത്തില്‍ അത്രകണ്ടു പുരുഷനു ശ്രദ്ധിക്കേണ്ടതില്ല. അവന്‍ അതു പ്രകടിപ്പിക്കുന്നു. ഈ സത്യത്തിലേക്ക് എം.പി. നാരായണപിള്ള വിദഗ്ദ്ധമായി കൈചൂണ്ടുന്നു. ഇതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ സ്ത്രീകളുടെ “ഉറക്കറപ്പരാക്രമങ്ങ”ളെക്കുറിച്ച് തെല്ലൊന്ന് ആലോചിച്ചുനോക്കിയാല്‍ മതി. സ്ത്രീയോളം വരില്ല പുരുഷന്‍ അക്കാര്യത്തില്‍. മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശ്യ ശുദ്ധിയാല്‍ മാപ്പു നല്കിന്‍.”

* * *

സെക്സ് എന്നുപറഞ്ഞാല്‍ 1+1=3 ആണെന്ന് ഒരാള്‍ എഴുതിയിട്ടുണ്ട്. നവീനങ്ങളായ കണ്ടുപിടിത്തങ്ങളുടെ ഫലമായി ഈ കണക്കുകൂട്ടല്‍ തെറ്റായി മാറിയിരിക്കുന്നു. ഇപ്പോള്‍ ഒന്നും ഒന്നും മൂന്നല്ല. ഒന്നും ഒന്നും വെവ്വേറെയിരിക്കുന്നു. മറ്റാരും കൃത്യം കാണുന്നില്ലെങ്കില്‍ അങ്ങനെ വേറെ വേറെയായിത്തന്നെ ഇരിക്കാം. കണ്ടുപോയാല്‍ മുറവിളി. അപ്പോള്‍ രണ്ടുപേരില്‍ ഒരാള്‍ ഇല്ലാതെയാവുന്നു. ഇതു തെറ്റായ സെക്ഷ്വല്‍ എത്തിക്സ് തന്നെ.

പാലാ നാരായണന്‍നായര്‍

വക്കം അബ്ദുള്‍ ഖാദര്‍ എന്റെ കൂട്ടുകാരനായിരുന്നു. ‍ഞാനും അദ്ദേഹവും പതിവായി സായാഹ്നത്തില്‍ നടക്കാന്‍ പോകും. ചിലപ്പോള്‍ കാഴ്ചബംഗ്ലാവിലെ ചാരുബഞ്ചിലിരുന്നു സാഹിത്യത്തെക്കുറിച്ചു സംസാരിക്കും. ഒരുദിവസം അദ്ദേഹം പലതും പറഞ്ഞകൂട്ടത്തില്‍ അറിയിച്ചു: എ. ബാലകൃഷ്ണപിള്ളയ്ക്ക് പാലാ നാരായണന്‍ നായരുടെ കവിത വലിയ ഇഷ്ടമാണ്. കര്‍ഷകരെക്കുറിച്ച് അദ്ദേഹമെഴുതിയ കവിതകള്‍ വായിച്ചു ബാലകൃഷ്ണപിള്ള ആവേശഭരിതനായി എഴുന്നേറ്റുനില്ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പില്ക്കാലത്ത് വക്കം അബ്ദുള്‍ഖാദര്‍ രചിച്ച ബാലകൃഷ്ണപിള്ളയുടെ തൂലികാചിത്രത്തില്‍ ഇക്കാര്യം എഴുതിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയും ഒരിക്കല്‍ പാലായെക്കുറിച്ച് എന്നോടു പറഞ്ഞു: “അങ്ങോരു കവിയാണ്.”

രണ്ടു മഹാവ്യക്തികള്‍ പ്രശംസിച്ച ഈ കവിയുടെ കവിതയെക്കുറിച്ച് അല്പജ്ഞനായ ഞാനൊന്നും എഴുതേണ്ടതില്ല. എങ്കിലും എഴുതുന്നു: പാലാ നാരായണന്‍ നായരുടെ കവിത മണ്‍ചെരാതിലെരിയുന്ന കനകദീപമാണ്. പ്രശാന്തങ്ങളായ മയൂഖങ്ങള്‍ അതില്‍ നിന്നു പ്രസരിക്കുന്നു. അവ കണ്ണില്‍വന്നു വീഴുമ്പോള്‍ നമുക്കു സുഖാനുഭൂതി കവിതയിലെ പദങ്ങള്‍ ചിത്രശലഭത്തെപ്പോലെ മെല്ലെ പറക്കുന്നു. മാറിടം പിളര്‍ന്ന് ചോരയൊലിപ്പിക്കുന്ന വാക്കുകള്‍ മറ്റു കവികള്‍ക്കുണ്ട്. അന്തരീക്ഷം പിളര്‍ന്നുചെല്ലുന്ന ഉല്ക്കകളെപ്പോലെ പദങ്ങള്‍ എയ്തുവിടുന്നവരുണ്ട്. അവരെയൊന്നും നാരായണന്‍ നായര്‍ക്ക് ഇഷ്ടമല്ല. വായനക്കാര്‍ക്കും ഇഷ്ടമല്ല. ഇപ്പറഞ്ഞതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അദ്ദേഹം മനോരമ ഓണപ്പതിപ്പിലെഴുതിയ “ചൈത്രം മുതല്‍ ശ്രാവണംവരെ” എന്ന കാവ്യം വായിക്കട്ടെ.

ചിത്രശലഭത്തെപ്പോലെ മന്ദമായി പറക്കുന്ന ഒരു കഥയും കലാകൗമുദിയില്‍ വായിച്ചു. വി.എസ്. അനില്‍കുമാറിന്റെ “ഉണ്ണി പോകുന്നു” എന്ന ചെറുകഥ. “എന്നെ തൊടരുത് എന്റെ ചിറകുകള്‍ തകര്‍ന്നുപോകും” എന്ന് അത് എന്നോടു പറയുന്നു. പരുക്കന്‍ കൈകൊണ്ടു തൊടാതെ ഞാന്‍ മാറിനില്ക്കട്ടെ.

* * *

ദക്ഷിണ തിരുവിതാംകൂറിലെ തക്കലയ്ക്കടുത്തുള്ള കേരളപുരമെന്ന സ്ഥലത്ത് ഞാന്‍ താമസിക്കുന്ന കാലം. ഒരു കൊച്ചു ചട്ടിയില്‍ തീക്കനലെടുത്ത് അതില്‍ അവിടെക്കിട്ടുന്ന മട്ടിപ്പാല് എന്ന സുഗന്ധദ്രവ്യം ഞാനിടും. പരിമളം കലര്‍ന്ന പുക ഉയര്‍ന്നുയര്‍ന്നു പോകും; അങ്ങു സ്വര്‍ഗ്ഗത്തിരിക്കുന്ന ആരെയോ സമാരാധനം ചെയ്യാനെന്നപോലെ. മലയാളഭാഷയാകുന്ന മണ്‍പാത്രത്തില്‍നിന്നുയരുന്ന കലാധൂമം ഇതുപോലെ സുഗന്ധം പ്രസരിപ്പിച്ചെങ്കില്‍! അത് ഔന്നത്യങ്ങളിലെത്തി സമാരാധനം നിര്‍വ്വഹിച്ചെങ്കില്‍!