close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 01 17


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 01 17
ലക്കം 905
മുൻലക്കം 1993 01 10
പിൻലക്കം 1993 01 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി ഇവരുടെ കാലയളവുകളിലും ചീത്തക്കവിതകള്‍ ധാരാളമുണ്ടായി. എണ്ണമറ്റവിധത്തില്‍ ആവിര്‍ഭവിച്ച അത്തരം ദുഷ്ടകാവ്യങ്ങളെ ആരും പരിഗണിച്ചിരുന്നില്ല. “അച്ചക്രവാളത്തിനപ്പുറത്താണെന്റെ യുള്‍ച്ചക്രം തിരിക്കുന്ന തങ്കം. മുന്തിരിച്ചാറതില്‍ മുങ്ങിക്കുളിച്ചവള്‍ പൊന്‍പന്തവളാടിക്കളിക്കും” (ഓര്‍മ്മയില്‍നിന്നെഴുതിയ ഈ വരികളില്‍ പിശകുണ്ട്) എന്നും മറ്റും അന്നും കവികള്‍ എഴുതിയിരുന്നു. സ്വര്‍ണ്ണത്തിന്റെ ‘സ്പെസിഫിക് ഗ്രാവിറ്റി’ — ആപേക്ഷിക ഘനം — കൂടുതലായതുകൊണ്ട് തങ്കത്തിന്റെ ആ കളി പ്രയാസം നിറഞ്ഞതായിരിക്കും. ആശാന്‍ തുടങ്ങിയവരുടെ കാവ്യങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ഇന്നാകട്ടെ അതുപോലെ ഔന്നത്യമുള്ള കാവ്യങ്ങളില്ല. ഇടത്തരം കാവ്യങ്ങളോ താണതരം കാവ്യങ്ങളോ മാത്രമേയുള്ളു. കുമാരനാശാനും മറ്റു കവികളും കവിതയുടെ അധിത്യകയില്‍ സഞ്ചരിച്ചു. ഇന്നത്തെ കവികള്‍ ഉപത്യകയില്‍ വര്‍ത്തിച്ചുകൊണ്ടു മേലോട്ടു കയറാന്‍ ശ്രമിക്കുന്നു. കാലുവഴുതി അവര്‍ താഴെ വീഴുന്ന വീഴ്ചകണ്ടു ചിരിക്കുന്നവരെ അവര്‍ അസഭ്യങ്ങളില്‍ കുളിപ്പിക്കുന്നു.

ഹന്‍ഡ്കെ

പേറ്റര്‍ ഹന്‍ഡ്കെ(Peter Handke, b. 1942) എന്ന ഒസ്റ്റ്രിയന്‍ നാടകകര്‍ത്താവിനെയും നോവലിസ്റ്റിനെയും കുറിച്ച് ഞാന്‍ ഈ പംക്തിയില്‍ മുന്‍പെഴുതിയിട്ടുണ്ട്; അദ്ദേഹത്തിന്റെ ‘Repetition’ എന്ന അന്യാദൃശമായ നോവലിനെപ്പറ്റി ഒട്ടൊക്കെ ദീര്‍ഘമായും. അദ്ദേഹത്തിന്റെ “Across” എന്ന ചെറിയ നോവലിന്റെ സ്വഭാവം വിശദമാക്കാനാണ് എനിക്കിപ്പോള്‍ കൗതുകം. ‘Like Kafka, Handke is groping for new forms of spiritual. sustenance in an age that has dispensed with God…” ‘Across’ is filled with existential pain. But it is also a book that exudes serenity, the serenity of Virgil’s ‘Georgics’ and of Chinese landscape painting” എന്നാണ് ഈ നോവലിനെക്കുറിച്ച് ഒരു നിരൂപകന്‍ അഭിപ്രായപ്പെട്ടത്.

കുമാരനാശാനും മറ്റു കവികളും. കവിതയുടെ അധിതൃകയില്‍ സഞ്ചരിച്ചു. ഇന്നത്തെ കവികള്‍ ഉപത്യകയില്‍ വര്‍ത്തിച്ചു കൊണ്ടു മേലോട്ടു കയറാന്‍ ശ്രമിക്കുന്നു. കാലു വഴുതി അവര്‍ താഴെ വീഴുന്നു. വീഴ്ച കണ്ടു ചിരിക്കുന്നവരെ അവര്‍ അസഭ്യങ്ങളില്‍ കുളിപ്പിക്കുന്നു.

കഥ പറയുന്ന ആന്‍ഡ്രീയസ് ലൂസര്‍ പുരാവസ്തു ഗവേഷകനും അധ്യാപകനുമാണ്. വെര്‍ജിലിന്റെ “ജൊര്‍ജിക്സ്’’ എന്ന കാവ്യം അയാള്‍ക്ക് ഏറെ ഇഷ്ടം. ജൊര്‍ജിക്സ് മാത്രമല്ല എല്ലാ ക്ലാസിക് കൃതികളും ലൂസര്‍ക്ക് ആഹ്ലാദം നല്കുന്നു. പുരാവസ്തു ഗവേഷണത്തില്‍ മുഴുകിയിരുന്ന ആദ്യകാലയളവില്‍ പ്രായം കൂടിയ ഒരു പുരാവസ്തു ഗവേഷകന്‍ അയാളോടു പറഞ്ഞു “All you care about is finding something.” ഇതുകേട്ടാണ് കുഴിച്ചെടുക്കല്‍ നടക്കുമ്പോള്‍ കണ്ടതിനെയല്ല കാണാന്‍ കഴിയാത്തതിനെ അയാള്‍ അന്വേഷിച്ചു തുടങ്ങിയത്. തിരിച്ചെടുക്കാന്‍ വയ്യാത്തവിധം നഷ്ടപ്പെട്ടതിനെ, (അത് ആരെങ്കിലും എടുത്തുകൊണ്ടു പോയതാകാം; അഴുകിപ്പോയതുമാകാം) ശൂന്യതയായി കാണപ്പെട്ടതിനെ ലൂസര്‍ തേടി (പുറം 11). പ്രവേശനസ്ഥാനങ്ങളിലാണ് (threshold) അയാള്‍ക്കു താല്‍പര്യം. തന്നെ thresholdologist എന്നാണ് അയാള്‍ നേരമ്പോക്കായി വിശേഷിപ്പിക്കുക. പ്രവേശസ്ഥാനം മാത്രം കണ്ടാല്‍ മതി അയാള്‍ സൗധത്തെയാകെ, പ്രദേശത്തെയാകെ മനസ്സിലാക്കും (പുറം 12). ഒരു ദിവസം അയാള്‍ ഒരു പുരോഹിതനോടു ചോദിച്ചു: “Do thresholds occur in the religious tradition?”

ഈ പ്രവേശനസ്ഥാനം അല്ലെങ്കില്‍ പ്രവേശനദ്വാരം പ്രതീകമാണെന്നത് നോവലിലെ ഒരു സംഭവം തെളിയിക്കും. ലൂസര്‍ ഒരു സായാഹ്നത്തില്‍ ചീട്ടുകളിക്കാന്‍ പോകുമ്പോള്‍ ഒരു ബീച്ച്മരത്തില്‍ സ്വസ്തിക ചിഹ്നം ചായംകൊണ്ടു വരച്ചിരിക്കുന്നതു കണ്ടു. “No, a swastika is a swastika. And this sign, this negative image, symbolized the cause of all my melancholy — of all melancholy, ill humor, and false laughter in this country” (Page 51). ലൂസര്‍ കല്ലെറിഞ്ഞ് സ്വസ്തിക വരച്ചവനെ കൊന്നു. ഈ സംഭവം പ്രവേശനദ്വാരമായി മാറി. അതിലൂടെ അയാള്‍ സ്വന്തം ജീവിതത്തിലേക്ക്, ആന്തരസത്തയിലേക്ക്, ചരിത്രത്തിലേക്കു കടന്നു. പുതിയ നിയമത്തില്‍ “I am the door: by me if any man enter in, he shall be saved” എന്നു കാണുന്നുണ്ട്. കാമുകിയും കാമുകനും സ്നേഹിതരും ശക്തിയാര്‍ജ്ജിക്കുന്നത് പ്രവേശനദ്വാരത്തിലൂടെയാണ് (പുറം 67) നശിപ്പിക്കട്ടെ അത്തരം ‘ത്റെഷോള്‍ഡു’കള്‍ നമ്മളിലല്ലാതെ വേറെയെവിടെയാണു കാണുക? സ്വസ്തിക വരച്ചവന്റെ മരണം എന്ന പ്രവേശനസ്ഥാനത്തിലൂടെ ലൂസര്‍ മറ്റൊരാളായി മാറുന്നു. സ്വസ്തിക ഹിറ്റ്ലറോടു ബന്ധപ്പെട്ടതാണെങ്കിലും നിഗ്രഹത്തെ നീതിമത്കരിക്കുകയാണോ ഹന്‍ഡ്കെ? അല്ലെന്നു പറയാന്‍ എനിക്കു ധൈര്യം പോരാ. ഒരു നൂതന സദാചാരമാര്‍ഗ്ഗത്തിനുള്ള ആഹ്വാനമായി ഈ നോവലിനെ കാണേണ്ടിയിരിക്കുന്നു. ഹന്‍ഡ്കെയുടെ മതത്തോടു യോജിക്കാത്തവര്‍ക്കും ഈ നോവലിന്റെ രചനാസൗന്ദര്യത്തെ അംഗീകരിക്കാതിരിക്കാന്‍ സാധിക്കുകയില്ല. (Across, Peter Handke, Translated by Ralph Manheim- Collier Books, New York, $6.95, Pages 138.)

ചോദ്യം, ഉത്തരം

Symbol question.svg.png മതപരവും തത്ത്വചിന്താപരവുമായ കവിതയെഴുതിയ അരവിന്ദഘോഷിനെ സമീപിക്കാന്‍ രവീന്ദ്രനാഥ ടാഗോറിനുപോലും കഴിയുമോ

കവിതയുടെ സ്വഭാവത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഈ ചോദ്യത്തിലുള്ളതെന്നു പറഞ്ഞാല്‍ താങ്കള്‍ ക്ഷമിക്കണം. ഷെയ്ക്സ്പിയറിന്റെ കവിതയില്‍ മതമില്ല. തത്ത്വചിന്തയില്ല. പക്ഷേ വ്യാസന്‍, വാല്മീകി ഇവര്‍ക്കു പോലും ഷെയ്ക്സ്പിയറിനെ സമീപിക്കാനൊക്കുകയില്ല.

Symbol question.svg.png മരണങ്ങള്‍ മാത്രം റിപോര്‍ട് ചെയ്യുന്ന ഒരു പത്രം ഞാന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. താങ്കളുടെ ഉപദേശമെന്ത്

നന്ന്. നായരായ താങ്കള്‍ മറ്റു ജാതികളില്‍പ്പെട്ടവര്‍ മരിക്കുന്നതും റിപോര്‍ട് ചെയ്യണം.

Symbol question.svg.png നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ എത്ര പ്രായമുണ്ടോ അത്രയും പ്രായം കാഴ്ചയ്ക്കു തോന്നുന്നില്ലല്ലോ. എന്താ കാര്യം

മാനസികമായി വളര്‍ന്നിട്ടില്ലാത്തവര്‍ക്കു വാസ്തവത്തില്‍ ഉള്ള പ്രായം തോന്നിക്കില്ല. എന്റെ മനസ്സിനു വല്ല തകരാറും കാണും നിങ്ങളുടെ പ്രസ്താവം ശരിയാണെങ്കില്‍.

Symbol question.svg.png പുരുഷന്‍ സ്ത്രീയെ ബഹുമാനിക്കുമ്പോള്‍, സ്ത്രീ പുരുഷനെ ബഹുമാനിക്കുമ്പോള്‍ എന്തു സംഭവിക്കും

ഒരു പുരുഷനും സ്ത്രീയെ ബഹുമാനിക്കുന്നില്ല. ബഹുമാനിക്കുന്നെന്നു അയാള്‍ പറഞ്ഞാല്‍ അതു കള്ളം. സ്ത്രീ പുരുഷനെ ബഹുമാനിച്ചാല്‍ അതു പ്രേമത്തിലെത്തും

Symbol question.svg.png ദെറീദയുടെ സിദ്ധാന്തങ്ങളെക്കുറിച്ച് എന്തു പറയുന്നു

സാഹിത്യത്തിന്റെ നിയമങ്ങള്‍ക്ക് എതിരായുള്ള ഏതു സിദ്ധാന്തവും തകര്‍ച്ചയിലെത്തും.

Symbol question.svg.png റോഡില്‍ നടക്കുമ്പോള്‍ നിങ്ങളെ വേദനിപ്പിക്കുന്ന കാഴ്ചയേത്

തത്തകളെ കൂടുകളിലടച്ചു വില്പനയ്ക്കു വച്ചിരിക്കുന്നത്.

Symbol question.svg.png എന്നെ ഒരു സ്ത്രീ മന്ദഹാസത്തോടെ നോക്കി തൊഴുതിരുന്നു. ഇപ്പോള്‍ കണ്ടാലുടനെ മുഖം വെട്ടിക്കുന്നു. എന്താണു കാരണം

നിങ്ങള്‍ നല്ലയാളല്ല എന്നു അവളുടെ ഭര്‍ത്താവു പറഞ്ഞുകൊടുത്തിരിക്കും. അല്ലെങ്കില്‍ നിങ്ങളുടെ അങ്ങോട്ടുള്ള പുഞ്ചിരിയില്‍ ആഭാസച്ഛായ വന്നിരിക്കും. ഇക്കാര്യത്തില്‍ സ്ത്രീയെ കുറ്റപ്പെടുത്തരുത്. ഒരു സ്ത്രീയും കാരണമില്ലാതെ വെറുപ്പു കാണിക്കില്ല.

Symbol question.svg.png സോഷ്യലിസ്റ്റ് എന്നാല്‍ ആരാണ്

എഴുത്തിലും പ്രസംഗത്തിലും. അയാള്‍ നിത്യജീവിതത്തില്‍ കഠിനഹൃദയമുള്ളവനായി കാണപ്പെടും.

Symbol question.svg.png നരകത്തില്‍ പോകണോ

എന്തിന്? നരകത്തിനു തിരുവനന്തപുരത്തെ ചില സ്ഥലങ്ങളെക്കാള്‍ നാറ്റമില്ലല്ലോ. നാറ്റം തന്നെ നല്ലത്.

Symbol question.svg.png വേണ്ടിവന്നാല്‍ നിങ്ങള്‍ പണം മോഷ്ടിക്കുമോ

വിശപ്പു തീര്‍ക്കാന്‍ വേറെ ഒരു മാര്‍ഗ്ഗവുമില്ലെങ്കില്‍ ഞാന്‍ മോഷ്ടിക്കും. ബസ്സില്‍ കയറി പോക്കറ്റടി നടത്തും. ജീവിക്കാന്‍ വേണ്ടത് ഉള്ളതുകൊണ്ടാണ് ഞാന്‍ ഇന്നു സദാചാരം പ്രസംഗിക്കുന്നത്.

ഒറ്റപ്പെട്ട കഥകള്‍

സമുദായത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരുണ്ട്. കാലത്തെഴുന്നേറ്റ് ദിനകൃത്യങ്ങള്‍ ചെയ്ത് തലേദിവസവും തലയ്ക്കും തലേദിവസവും അവയ്ക്കുമുന്‍പുള്ള പല ദിവസങ്ങളും ധരിച്ച പാന്റ്സും ഷേര്‍ട്ടും ധരിച്ച് ഓഫീസില്‍ പോകും. ബനിയന്‍പോലും മാറ്റുകില്ല. പൊതിഞ്ഞുകൊണ്ടു പോകുന്ന തണുത്ത ചോറ് ഉച്ചയ്ക്കു കഴിക്കും. വൈകുന്നേരം ഓഫീസ് കന്റീനില്‍നിന്നുംപോലും ഒരു കപ്പ് ചായ കുടിക്കില്ല. വീട്ടിലെത്തി ഭാര്യ കൊടുക്കുന്ന തണുത്ത ചായ മോന്തി ടെലിവിഷന്‍ സെറ്റ് പ്രവര്‍ത്തിപ്പിച്ച് രാത്രിയേറെയാകുന്നതുവരെ അതിന്റെ മുന്‍പിലിരിക്കും. ഇങ്ങനെ പോകും ആണ്ടില്‍ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും. ആരോടും മിണ്ടാട്ടമില്ല. ഒരുത്തനെക്കുറിച്ചും നല്ല വാക്കു പറയുകയില്ല, ചീത്ത വാക്കും പറയുകയില്ല. വേണ്ടിവന്നാല്‍ പരമദുഷ്ടനെപ്പോലും നല്ലവനാക്കി അവതരിപ്പിക്കും. ഇയാള്‍ ഒരു റ്റൈപ്പ്. വേറൊരു റ്റൈപ്പുമുണ്ട്. ഒറ്റയ്ക്കു താമസം. കാലത്ത് ചായക്കടയില്‍ച്ചെന്ന് ‘ഒരു ചായ’ മാത്രം. ഉച്ചയ്ക്ക് ഏതെങ്കിലും ഹോട്ടലില്‍ച്ചെന്ന് അവിടത്തെ ഓക്കാനമുണ്ടാക്കുന്ന ഊണു കഴിക്കും. വൈകുന്നേരം കടയിലെ ചായ. രാത്രിയിലേക്ക് ആവശ്യമുള്ളതു അവിടെനിന്നു വാങ്ങിക്കൊണ്ടു പോരും. ഇയാളും മിണ്ടാട്ടമില്ലാത്തവനാണ്. അന്യര്‍ ചെല്ലരുതെന്ന് നിര്‍ബ്ബന്ധമുള്ളതിനാല്‍ പാര്‍ക്കുന്ന സ്ഥലമോ ലോഡ്ജ്ജിന്റെ പേരോ ചോദിച്ചാലും പറയുകയില്ല. കൂനിപ്പിടിച്ചു മുഖം താഴ്ത്തിയാവും റോഡിലൂടെ നടക്കുക.

സാധാരണത്വമുള്ള മനുഷ്യരില്‍ അസാധാരണത്വമുള്ളവരാണ് ഈ രണ്ടു റ്റൈപ്പുകളും. സാഹിത്യത്തിലുമുണ്ട് ഇമ്മാതിരി റ്റൈപ്പുകള്‍. ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവു ക്ഷമിക്കണം. അദ്ദേഹം സാഹിത്യത്തിലെ ഒരു റ്റൈപ്പാണ്. ജീവിതത്തെ വിരസമായേ അദ്ദേഹം കാണൂ. നിഷ്പ്രയോജനമായേ അദ്ദേഹം അതിനെ ദര്‍ശിക്കൂ. “നേരേ ചൊവ്വേ”യുള്ള ഒരു പ്ളോട്ടുമില്ല. എല്ലാം ഫാന്റസിയോളം അല്ലെങ്കില്‍ ഉന്മാദത്തോളം ചെന്നുനില്ക്കുന്നു. വേശ്യാലയത്തില്‍ കയറിയാല്‍ വേശ്യകളെയല്ലേ കാണു. മദ്യശാലയില്‍ കയറിയാല്‍ മദ്യപരെയല്ലേ കാണൂ. യഥാക്രമം ചാരിത്രശാലിനികളെയും മദ്യവര്‍ജ്ജകരെയും കാണുമോ? ബാര്‍ബര്‍ ഷോപ്പില്‍ കയറിയാല്‍ മുടിവെട്ടല്ലേ ദര്‍ശിക്കാനാവൂ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകളില്‍ അനിയത പ്രവൃത്തികളും അനിയത മാനസിക വ്യാപാരങ്ങളുമേയുള്ളു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹമെഴുതിയ “അനന്തകൃഷ്ണന്റെ ഇടവഴികള്‍” എന്ന നീരസപ്രദമായ കഥയും ഈ സാമാന്യതത്ത്വത്തിന് അപവാദമല്ല. അനന്തകൃഷ്ണന്‍ മാത്രം വിദ്യാലയത്തില്‍ മാന്യന്‍. ശേഷമുള്ളവരെല്ലാം — ലക്ചറര്‍മാരും. വിദ്യാര്‍ത്ഥി അധ്യാപികയോടു ലൈംഗികവേഴ്ച നടത്തുന്നു. മാന്യനായ ഒരുത്തന്റെ ഭാര്യയെ വേറൊരുത്തന്‍ പ്രാപിക്കുന്നു. തന്റെ വീട്ടിലും ആരോ വരുന്നു എന്ന തോന്നല്‍. ഒടുവില്‍ അയാളങ്ങു ചാവുന്നു. ആത്മഹത്യയോ കൊലപാതകമോ? ആര്‍ക്കറിയാം! ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ദീര്‍ഘമായ കഥ വായിച്ചുകൊണ്ടിരുന്നപ്പോള്‍ മൂന്നുതവണ റ്റെലിഫോണ്‍ ബെല്‍ മുഴങ്ങി. ‘ഇന്‍സ്ട്രുമെന്റ് ഒഫ് റ്റോര്‍ച്ചര്‍’ എന്നാണ് ഞാന്‍ ആ ഉപകരണത്തെ വിളിക്കുക. ഈ മൂന്നുതവണയും അതു കണ്ടുവിടിച്ച ശാസ്ത്രജ്ഞനു നന്ദി പറഞ്ഞുകൊണ്ട് ‘ഇന്‍സ്ട്രുമെന്റ് ഒഫ് ബ്ളെസ്സിങ്’ എന്നു വിളിച്ചു കൊണ്ട് ഞാന്‍ റിസീവറെടുത്തു കാതില്‍ വച്ചു. മറ്റേത്തലയ്ക്കലെ ആളുകള്‍ സംസാരം നിറുത്താന്‍ സമ്മതിച്ചില്ല അതിന്. അതുമിതും അവരോടു ചോദിച്ചുകൊണ്ടിരുന്നു.

എന്തോ ഒരു കഴിവുണ്ട് ഈ കഥാകാരന്. പക്ഷേ അദ്ദേഹം അതിനെ മറയ്ക്കത്തക്കവിധത്തില്‍ “അനിയതക്കാര”ന്റെ കുപ്പായം എടുത്തിടുന്നു. പേടിപ്പിക്കുന്ന മുഖാവരണം ധരിക്കുന്നു. രണ്ടും കളഞ്ഞ് സാധാരണ മനുഷ്യനായി അദ്ദേഹം നമ്മുടെ മുന്‍പില്‍ നിന്നാല്‍ മതി.

* * *

“A girl smells better than book. I remember Helen’s smell” എന്നു നോബല്‍ സമ്മാനം നേടിയ കരിബീയന്‍ കവി ഡെറിക് വൊള്‍കട്ട്. കഥ പെണ്ണിനെപ്പോലെ മണത്തില്ലെങ്കിലും കലയെപ്പോലെ മണത്തേ മതിയാകൂ.

മുന്‍സീറ്റില്‍

പണ്ട് വരാപ്പുഴ താമസിച്ചുകൊണ്ട് ഞാന്‍ പ്രൈവറ്റ് ബസ്സില്‍ കയറി വടക്കന്‍ പറവൂരേക്കുപോയിരുന്നു വിദ്യാഭ്യാസത്തിനായി. ബസ് സ്റ്റാന്‍ഡില്‍ ചെന്നാലുടന്‍ ബസ് ഡ്രൈവര്‍ ശിങ്കാരം എക്സൈസ് ഇന്‍സ്പെക്ടറുടെ മകനായ എന്നെ ഫ്രന്‍ട് സീറ്റില്‍ ഇരുത്തുമായിരുന്നു. തൊട്ടപ്പുറത്ത് ശിങ്കാരത്തിന്റെ വല്ല പരിചയക്കാരനും. ഇങ്ങനെ ഗമയില്‍ മറ്റു യാത്രക്കാരുടെ അസൂയയ്ക്കു പാത്രമായി ഞാന്‍ മുന്‍സീറ്റിലിരുന്നു യാത്രചെയ്യുമ്പോള്‍ വഴിവക്കില്‍നിന്നു പൊലിസ് സബ്ബ് ഇന്‍സ്പെക്ടറും ഹെഡ് കണ്‍സ്റ്റബിളും ബസ് നിറുത്താന്‍ കൈകാണിച്ചാല്‍ ശിങ്കാരം സ്നേഹപൂര്‍വം പറയും. ‘പിറകിലിരുന്നാട്ടെ.’ ഞാനും അടുത്തിരിക്കുന്നവനും തിടുക്കത്തില്‍ എഴുന്നേറ്റു പിറകിലുള്ള സീറ്റില്‍ ചെന്ന് ഇരിക്കും. എഴുന്നേല്ക്കുന്നതിനിടയില്‍ വല്ല പുസ്തകവും താഴെ വീണ് അത് എടുക്കാന്‍ കുനിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായ നോട്ടം എന്റെ നേര്‍ക്ക് എയ്തുവിടും. പേടിച്ചാണ് ഞാന്‍ പിന്‍സീറ്റിലേക്കു ഓടുക. ശ്രീ.സമരന്‍ തറയില്‍ സാഹിത്യ ബസ്സിന്റെ പിന്‍സീറ്റിലായിരുന്നു ഇത്രയും നാളത്തെ യാത്ര. ദേശാഭിമാനിവാരികയില്‍ “പ്രീതിലത ഇനിയും വരാത്തതെന്ത്?” എന്ന ചെറുകഥ എഴുതിയതോടെ ഒരു ശിങ്കാരത്തിന്റെയും സഹായംകൂടാതെ അദ്ദേഹം മുന്‍സീറ്റില്‍ വന്നു ഇരിപ്പ് ഉറപ്പിച്ചിരിക്കുന്നു. വല്ല പൊലിസ് സബ്ബിന്‍സ്പെക്ടറും വന്ന് അദ്ദേഹത്തെ അവിടെനിന്ന് ഇറക്കി വിടാതിരിക്കണം, അദ്ദേഹം തനിയെ പിന്‍ സീറ്റില്‍ ചെന്ന് ഇരിക്കരുത് എന്നൊക്കെയാണ് എന്റെ ആഗ്രഹം.

ചരിത്ര പ്രവര്‍ത്തനത്തിന്റെ ഗതിവേഗത്തില്‍ നമ്മള്‍ ഓരോരുത്തരായി തകര്‍ന്നടിയുകയും നിരാശതയും വിഷാദവും മിച്ചമായി നില്ക്കുകയും ചെയ്യുമ്പോള്‍, ഉണ്ടായിരുന്ന സൗഭാഗ്യത്തിനു വേണ്ടി ഉത്കണ്ഠാകുലരായി കാത്തുനില്ക്കുന്ന നമ്മുടെയെല്ലാം പ്രതീകമായിട്ടുണ്ട് സമരന്റെ കഥയിലെ പിതാവ്. വരാത്ത മകളെ അയാള്‍ ഓരോ ബസ്സിലും നോക്കുന്നു. കാണുന്നതേയില്ല. സമകാലിക ജീവിതത്തിന്റെ നല്ല പരിച്ഛേദമായിട്ടുണ്ട് ഇക്കഥ.

അക്കാഡമി സമ്മാനങ്ങള്‍

ഷെക്സ്പിയറിന്റെ കവിതയില്‍ മതമില്ല. തത്ത്വചിന്തയില്ല. പക്ഷേ വ്യാസന്‍, വാത്മീകി ഇവര്‍ക്കുപോലും ഷെയ്ക്സ്പിയറിനെ സമീപിക്കാനൊക്കുകയില്ല.

ശ്രീ. അജയന്‍ ഓച്ചന്തുരുത്ത് (ഈ സ്ഥലപ്പേരു അജയന്‍ എഴുതരുതെന്ന് ഒരപേക്ഷയുണ്ട് എനിക്ക്) ശ്രീ. അഷ്ടമൂര്‍ത്തിയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ടു കുങ്കുമം വാരികയില്‍. അഷ്ടമൂര്‍ത്തി ചില നല്ല കഥകളെഴുതിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് സാഹിത്യ അക്കാഡമി സമ്മാനം നല്കിയതില്‍ തെറ്റില്ല. ‘വീടു വിട്ടുപോകുന്നു’ എന്ന കഥാസമാഹാരഗ്രന്ഥത്തിനാണത്രേ സമ്മാനം. ഞാനതു വായിച്ചിട്ടില്ലെങ്കിലും നല്ല കഥകള്‍ അതിലുണ്ടാകുമെന്നു വിചാരിക്കുന്നു. ശ്രീ. പി.എന്‍. വിജയന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനം നടക്കുന്ന വേളയിലാണ് ശ്രീ. മാടമ്പ് കുഞ്ഞിക്കുട്ടന്‍ അഷ്ടമൂര്‍ത്തിയോടു സമ്മാനത്തെക്കുറിച്ചു പറഞ്ഞത്. അതോടെ പ്രകാശനസമ്മേളനം “അരോചകമായി”പ്പോയിപ്പോലും. എന്തുകൊണ്ട്? വിജയന് സമ്മാനം കിട്ടാത്തതുകൊണ്ടോ? മനസ്സിലായില്ല എനിക്ക്.

അഷ്ടമൂര്‍ത്തിക്ക് അക്കാഡമി സമ്മാനം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ഒന്നുകൂടെ പറഞ്ഞുകൊണ്ട് സമ്മാനം നിശ്ചയിക്കലിനെക്കുറിച്ചു ചിലതു എഴുതിക്കൊള്ളട്ടെ. നിശ്ചയിക്കപ്പെട്ട കാലയളവിലെ എല്ലാക്കഥാസമാഹാരങ്ങളും അക്കാഡമി വരുത്തുന്നു. രണ്ടുപേര്‍ അവയില്‍നിന്ന് അമ്പതു പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നു. വേറെ രണ്ടുപേര്‍ അമ്പതു പുസ്തകങ്ങളില്‍നിന്ന് പത്തെണ്ണം തിരഞ്ഞെടുക്കുന്നു. ഈ പത്തു പുസ്തകങ്ങള്‍ വേറെ മൂന്നുപേരെ ഏല്പിക്കുന്നു. ആ മൂന്നുപേരും ഓരോ പുസ്തകത്തിനും മാര്‍ക്കിടുന്നു. മാര്‍ക്കുകള്‍ കൂട്ടി സെക്രട്ടറി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്‍പില്‍ വയ്ക്കുന്നു. ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയ പുസ്തകം സമ്മാനത്തിന് അര്‍ഹമാകുന്നു. ഉദാഹരണംകൊണ്ട് ഇത് സ്പഷ്ടമാക്കാം. ‘എ’ എന്ന കഥാകാരന്റെ പുസ്തകത്തിന് ഒരാള്‍ നൂറില്‍ 50 മാര്‍ക്കിടുന്നു എന്നു വിചാരിക്കുക. രണ്ടാമത്തെ ആള്‍ 45 മാര്‍ക്കിട്ടു. മൂന്നാമത്തെയാള്‍ 60 മാര്‍ക്ക് നല്കി. എല്ലാംകൂടെ കൂട്ടുമ്പോള്‍ 50+45+60=155 മാര്‍ക്ക്. ഇനി ബി എന്ന കഥാകാരന് ആകെ കിട്ടിയ മാര്‍ക്ക് 140 ആണെന്നു കരുതു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ള ഒരുത്തന്‍ ബിയുടെ സ്നേഹിതനാണെങ്കില്‍ അയാള്‍ക്ക് ഇങ്ങനെ പറയാം. ‘ജഡ്ജിമാര്‍ എ എന്ന കഥാകാരന് 155 മാര്‍ക്കിട്ടെങ്കിലും എന്റെ അഭിപ്രായത്തില്‍ 140 മാര്‍ക്ക് കിട്ടിയ ‘ബി’യാണ് എയെക്കാള്‍ നല്ല കഥാകാരന്‍. അതുകൊണ്ട് സമ്മാനം ‘ബി’ക്കാണു കൊടുക്കേണ്ടത്’. നിര്‍വാഹകസമിതി അംഗം ഇതു പറഞ്ഞാല്‍ മറ്റംഗങ്ങള്‍ മിണ്ടുകില്ല. സമ്മാനം ‘ബി’ക്കാവും. ചുരുക്കിപ്പറയാം. ഒരു എക്സിക്യൂട്ടീവ് അംഗം വിചാരിച്ചാല്‍ മതി അയാളുടെ സ്നേഹിതനു സമ്മാനം നല്‍കാം. ഞാനിവിടെ എഴുതിയ രീതിതന്നെയാവണം ഇപ്പോഴുമുള്ളത്. അതുകൊണ്ട് അക്കാഡമി സമ്മാനങ്ങള്‍ കിട്ടേണ്ടവര്‍ക്കാണു കിട്ടുന്നതെന്നു പറയാന്‍ എനിക്കത്ര ധൈര്യമില്ല. നിര്‍വ്വാഹകസമിതിക്ക് ജഡ്ജിമാരുടെ തീരുമാനത്തെ മറികടന്നു വേറൊരു തീരുമാനത്തിലെത്താനുള്ള അധികാരമെങ്കിലും ഉടനടി റദ്ദാക്കണം. ഇല്ലെങ്കില്‍ നിര്‍വാഹകസമിതി അംഗങ്ങളുടെ സ്നേഹിതന്മാര്‍ക്കാവും സമ്മാനങ്ങള്‍ ലഭിക്കുക. നിര്‍വ്വാഹകസമിതിയുടെ അധികാരം റദ്ദാക്കിയതുകൊണ്ടും നീതിപൂര്‍വ്വകമാകണമെന്നില്ല സമ്മാനം നിശ്ചയിക്കല്‍. സര്‍ക്കാര്‍തന്നെ അതിനു പോംവഴികള്‍ കണ്ടുപിടിക്കണം. ആവര്‍ത്തിക്കട്ടെ. ഞാന്‍ സാഹിത്യ അക്കാഡമിയില്‍ അംഗമായിരുന്ന കാലത്തുള്ള രീതിതന്നെയാണ് ഇപ്പോഴുമുള്ളതെന്നു കരുതിയാണ് ഇത്രയും എഴുതിയത്. രീതി മാറിയിട്ടുണ്ടെങ്കില്‍ ഞാന്‍ മുകളിലെഴുതിയത് പിന്‍വലിക്കാന്‍ തയ്യാറാണ്. എന്തായാലും സമ്മാനദാനത്തിന്റെ പേരില്‍ ബഹുജനം വഞ്ചിക്കപ്പെടരുത്. അവര്‍ ഉടനെ പുസ്തകക്കടകളില്‍ ഓടിച്ചെന്ന് സമ്മാനം കിട്ടിയ പുസ്തകങ്ങള്‍ വാങ്ങിയാല്‍ നിരാശതയാവും ഫലം. കൂടുതല്‍ മാര്‍ക്കു കിട്ടിയ പുസ്തകത്തെത്തള്ളി കുറഞ്ഞ മാര്‍ക്ക് കിട്ടിയ പുസ്തകത്തിന് സമ്മാനം കൊടുക്കേണ്ടതാണെന്നു പറയുന്ന നിര്‍വ്വാഹകസമിതിയംഗം പ്രാഡ്വിവാകനെപ്പോലെ നീതിതല്‍പരനാണെങ്കില്‍ കുറ്റം പറയാനുമില്ല. പക്ഷേ ഈ ലോകത്ത് ആശ്രിതവാത്സല്യത്തിനും കൂട്ടുകാരനോടുള്ള സ്നേഹത്തിനുമല്ലേ പ്രാധാന്യം?

സംഭവങ്ങള്‍

സാഹിത്യത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍വിവരിക്കുന്ന ലേഖനങ്ങളില്‍ സാഹിത്യത്തോടു ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് എന്തു സ്ഥാനമെന്നു പലരും എന്നോടു ചോദിക്കാറുണ്ട്. ഈപംക്തി വെറും സാഹിത്യവിമര്‍ശനമല്ല; ജീവിതത്തില്‍ വായനക്കാര്‍ക്ക് ഉപകാരപ്രദമാകാനിടയുള്ള കാര്യങ്ങള്‍കൂടി പ്രതിപാദിക്കലാണ് എന്റെ ലക്ഷ്യം എന്നു മറുപടി.

  1. സാഹിത്യത്തെസ്സംബന്ധിക്കുന്ന കാര്യങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങളില്‍ സാഹിത്യത്തോടു ബന്ധമില്ലാത്ത സംഭവങ്ങള്‍ക്ക് എന്തു സ്ഥാനമെന്നു പലരും എന്നോടു ചോദിക്കാറുണ്ട്. ഈ പംക്തി വെറും സാഹിത്യവിമര്‍ശനമല്ല; ജീവിതത്തില്‍ വായനക്കാര്‍ക്ക് ഉപകാരപ്രദമാകാനിടയുള്ള കാര്യങ്ങള്‍ കൂടി പ്രതിപാദിക്കലാണ് എന്റെ ലക്ഷ്യം എന്നു മറുപടി. ഞാന്‍ തിരുവനന്തപുരത്തെ എയര്‍പോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു. ദൂരെ നിന്ന് ഒരാള്‍ ചിരിച്ചുകൊണ്ട് അടുത്തു വന്നു. “സാറ് ദൂബായിലേക്കു പോകുകയല്ലേ? ഒരു ഉപകാരം ചെയ്യുമോ? ഇതാ ഈ സഞ്ചി അവിടത്തെ എയര്‍പോര്‍ട്ടില്‍ കൊടുത്തേക്കുമോ? ഒരാളു വന്നു വാങ്ങിക്കൊള്ളും.” ഞാന്‍ നോക്കി. പ്ലാസ്റ്റിക് കൂടിനകത്ത് ഒരടി നീളത്തില്‍ മുക്കാലടി വീതിയില്‍ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു. ഒരു സംശയവും കൂടാതെ ഞാനതു വാങ്ങി അടുത്തു വച്ചു. അതു ദൂരെ നിന്നു കണ്ട എന്റെ ഒരു ബന്ധു ഓടി എന്റെ അടുക്കലെത്തി” വാങ്ങരുത്, വാങ്ങരുത്” എന്നു പറഞ്ഞു. സഞ്ചി തന്നിട്ട് അല്പമൊന്നു നീങ്ങിയതേയുള്ളു ആ മനുഷ്യന്‍. ഞാന്‍ “സാദ്ധ്യമല്ല” എന്നു പറഞ്ഞു അതു തിരിച്ചു കൊടുത്തു. അയാള്‍ ഉടനെ അപ്രത്യക്ഷനായി. പിന്നീട് ബന്ധു പോലീസുകാരെ അക്കാര്യമറിയിച്ചു. അവര്‍ അവിടെയെല്ലാം നോക്കിയിട്ടും അയാളെ കണ്ടു കിട്ടിയില്ല. സഞ്ചിയുമായി ഞാന്‍ ദൂബായി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിരുന്നെകില്‍ അവിടത്തെ കാരാഗൃഹത്തില്‍ കിടക്കേണ്ടതായി വന്നേനെ. 28 കൊല്ലമാണത്രേ കഠിന തടവ്. ഇമ്മട്ടില്‍ ഏതോ ഒരു യുവതിയെ പറ്റിച്ചു എന്ന് ഒരു പരിചയക്കാരന്‍ എന്നോടു പറഞ്ഞു. ആ യുവതി ഇപ്പോഴും കാരാഗൃഹത്തിലാണത്രേ. ആളുകള്‍ ഏതെല്ലാം വിധത്തിലാണ് അപരാധം ചെയ്യാത്തവരെ ചതിക്കുന്നത്.
  2. ഞാന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉറൂബ് അന്വേഷിച്ചു വന്നു. രോഗവിവരങ്ങള്‍ ചോദിച്ച് അവശനായി കിടക്കുന്നവനെ കൂടുതല്‍ അസ്വസ്ഥതയിലേക്കു നയിക്കുന്ന ആളല്ല അദ്ദേഹം. അതുകൊണ്ടു കുറെ നേരമ്പോക്കുകള്‍ മാത്രം പറഞ്ഞു. അവയില്‍ ഒന്ന്: ഒരുഡോക്ടര്‍ സൗധം നിര്‍മ്മിച്ചു താഴത്തെ നിലയിലുള്ള ഒരു മുറി കിടപ്പു മുറിയാക്കി. അതിന്റെ ചുവരില്‍ ഒരു ദ്വാരമിട്ട് അതിലൂടെ കൈകടത്തി ചുവരിനപ്പുറത്തിട്ടു കൊണ്ടാണ് അയാള്‍ ഉറങ്ങിയിരുന്നത്. എന്തിന് അതു ചെയ്യുന്നുവെന്ന് ചോദ്യമുണ്ടായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ‘രാത്രി വല്ലവരും ഇതിലേ നടന്നു പോകുമ്പോള്‍ പണം വയ്ക്കണമെന്നു തോന്നിയാല്‍ കൈയില്‍ വച്ചു കൊള്ളട്ടെ എന്നു വിചാരിച്ചാണ് ഞാന്‍ ഇങ്ങനെ കിടന്നുറങ്ങുന്നത്.
  3. ഞാന്‍ വള്ളിക്കുന്നത്ത് ഒരു സമ്മേളനത്തിനു പോയപ്പോള്‍ തോപ്പില്‍ ഭാസിയുടെ വീട്ടില്‍പ്പോയി അദ്ദേഹത്തെ കണ്ടു. ചാരുകസേരയില്‍ ഇരുന്നു എന്തോ എഴുതുകയായിരുന്നു അദ്ദേഹം. എന്നെ കണ്ടയുടനെ തോപ്പില്‍ ഭാസിയുടെ മുഖം വികസിച്ചു. “സാറ് എന്റെ വീട്ടില്‍ വന്നോ?” എന്ന് ആഹ്ലാദാതിരേകത്തോടെ ചോദിച്ചു. എന്നിട്ട് വടിയൂന്നി അകത്തു ചെന്ന് അദ്ദേഹത്തിന്റെ പുതിയ നാടകത്തിന്റെ ഒരു കോപ്പി എടുത്തു കൊണ്ടുവന്നു. ‘സ്നേഹപൂര്‍വം കൃഷ്ണന്‍ നായര്‍ക്ക്’ എന്ന് എഴുതുമെന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെയല്ല എഴുതിയത്. അങ്ങനെ എഴുതിയാല്‍ തോപ്പില്‍ ഭാസി തോപ്പില്‍ ഭാസിയാവുകയില്ല. അദ്ദേഹം എഴുതിത്തന്നത് ഇങ്ങനെ: “എന്റെ കൃഷ്ണന്‍ നായര്‍ സാറ് എന്റെ വീട്ടില്‍ വന്നു. ഇതില്‍പ്പരം എന്തൊരാഹ്ലാദമാണ് എനിക്കുണ്ടാകേണ്ടത്. ഈ സന്ദര്‍ശത്തിന്റെ ഓര്‍മ്മയ്ക്കായി ഈ നാടകം അദ്ദേഹത്തിനു നല്കുന്നു.” ഇതെഴുതുമ്പോള്‍ എന്റെ നയനങ്ങള്‍ ആര്‍ദ്രങ്ങളാകുന്നു. ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രനും ഈ സംഭവത്തിനു സാക്ഷിയാണ്.
  4. വി.കെ. കൃഷ്ണമേനോന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ‘മലയാളനാടി’ന്റെ എഡിറ്ററായിരുന്ന എസ്.കെ. നായര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. കൃഷ്ണമേനോനെ എസ്.കെ. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും മേനോന്‍ അദ്ദേഹത്തെ മറന്നു പോയിരുന്നു. “who are you” എന്നു കൃഷ്ണമേനോന്‍ ചോദിച്ചു. താന്‍ എസ്.കെ. നായരാണെന്നും ‘മലയാളനാട്’ എന്ന പേരില്‍ വാരിക തുടങ്ങാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതു കേട്ടു മേനോന്‍ ചോദിച്ചു: “കൈയിലുള്ള പണമെല്ലാം നശിപ്പിക്കാനാണോ നിങ്ങള്‍ വാരിക തുടങ്ങുന്നത്?” അതു തന്നെ സംഭവിച്ചു.