close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 07 06


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 07 06
ലക്കം 564
മുൻലക്കം 1986 06 29
പിൻലക്കം 1986 07 13
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഈ രാജ്യത്ത് എന്തു സംഭവിക്കുന്നുവോ അതിന്റെയൊക്കെ ജീവനുള്ള പ്രതീകമാണു ഞാൻ. വെള്ളക്കാരന്റെ പേടിയുടെ ജീവനുള്ള പ്രതീകമാണു ഞാൻ. ബ്രാൻഡ്ഫോർട്ടിൽ എത്തുന്നതുവരെ ഈ പേടി എത്രമാത്രം അഗാധസ്ഥിതമാണെന്നു ഞാൻ അറിഞ്ഞിരുന്നതേയില്ല. ഞങ്ങളുടെ പോരാട്ടം ഇനിയൊരിക്കലും വിദൂരതയിലുള്ളതല്ല. ഇവിടെ ഇത് യാഥാർത്ഥ്യമാണ്.” തെക്കനാഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മഹാനായ നേതാവ് നെൽസൺ മാൻഡേലയുടെ സഹധർമ്മിണി വിനി മാൻഡേല പറഞ്ഞതാണ് ഈ വാക്യങ്ങൾ. ഇവ പ്രതിഫലിപ്പിക്കുന്ന ആത്മധൈര്യവും ആത്മവിശ്വാസവും എത്രകണ്ട് ഉണ്ടെന്നു മനസ്സിലാക്കണമെങ്കിൽ അവരുടെ ‘Part of my Soul’ എന്ന പുസ്തകം വായിക്കണം. സംഭാഷണങ്ങളുടെയും എഴുത്തുകളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമായി ഈ ഗ്രന്ഥത്തിലൂടെ വിനി ആത്മകഥ ആഖ്യാനം ചെയ്യുന്നു. അതിലൂടെ നമ്മൾ ധീരവനിതയായ വിനി മണ്ടേലയെ കാണുന്നു. മഹാനായ നെൽസൺ മണ്ടേലയെ കാണുന്നു. 1964 തൊട്ട് കാരാഗൃഹത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെയും വർണ്ണവിവേചനത്തിന് എതിരായി പോരാടുന്നതിന് ഇറങ്ങിയ നാളുമുതൽ മർദ്ദനമനുഭവിക്കുന്ന വിനിയുടെയും അദമ്യ ചൈതന്യം ദർശിക്കുന്നു. ഗ്രന്ഥത്തിന്റെ പുറംചട്ടയിൽ പറയുന്ന: ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർ അവരെ [നെൽസൺ, വിനി ഇവരെ] അസ്വസ്ഥതയുടെ പ്രതിരൂപമായിട്ടാണ് കാണുക. പക്ഷേ, കറുത്ത വർഗ്ഗക്കാർ തങ്ങളുടെ ലക്ഷ്യങ്ങളുടെയും വിശ്വാസങ്ങളുടെയും മൂർത്തിമദ്ഭാവങ്ങളായി അവരെ കരുതുന്നു. ഈ അസ്വസ്ഥതയുടെയും ആഫ്രിക്കൻ ചൈതന്യത്തിന്റെയും സംഘട്ടനം തീക്ഷ്ണമാണെന്ന് ഈ ഗ്രന്ഥം നമ്മെ ഗ്രഹിപ്പിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ ഒരു കൊച്ചു ഗ്രാമത്തിൽ 1934-ൽ ജനിച്ച വിനി ജോഹനിസ് ബർഗ്ഗിൽ വിദ്യാഭ്യാസം നടത്തിയതിനു ശേഷം സമുദായസേവനത്തിനിറങ്ങി. അങ്ങനെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആഫ്രിക്കൻ നേഷനൽ കോൺഗ്രസ്സിന്റെ നേതാവായ നെൽസൺ മാൻഡേലയെ അവർ കണ്ടതും പരിചയമായതും. സമൂഹത്തെയും സംസ്കാരത്തെയും സംബന്ധിക്കുന്ന പ്രവർത്തനങ്ങളിൽ മാത്രം അവർ മുഴുകിയിരിക്കുമ്പോൾ ഒരു ദിവസം നെൽസൺ വഴിവക്കിൽ വച്ച് വിനിയോടു പറഞ്ഞു: “ഒരു തയ്യൽക്കാരിയുള്ളത് നിനക്കറിയാമല്ലോ. അവളെ കാണു. ‘നിന്റെ വെഡ്ഡിങ് ഗൗൺ’ അവർ തുന്നിത്തരും.” വിനി ഇതിനെക്കുറിച്ച് എഴുതുന്നു: “ഇങ്ങനെയാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കാൻ പോകുന്നുവെന്നു അറിയിച്ചത്” (പുറം 59). സ്നേഹസാന്ദ്രതയാർന്ന ആ ദാമ്പത്യം തടസ്സം കൂടാതെ നാലുകൊല്ലമേ പുരോഗമിച്ചുള്ളൂ. അപ്പോഴേക്കും നെൽസൺ മണ്ടേലയെ പോലീസ് അറസ്റ്റ് ചെയ്തു (1962-ൽ). 1964-ൽ അദ്ദേഹത്തെ ജീവപര്യന്തം തടവു ശിക്ഷക്കു വിധിച്ചു. 1958-ൽ വിനിയും കാരാഗൃഹത്തിൽ കിടന്നിട്ടുണ്ട്. അന്നു് അവർ ആദ്യത്തെ മകളെ — സെനാനിയെ — ഗർഭാശയത്തിൽ വഹിക്കുകയായിരുന്നു. പലപ്പോഴും അവരെ തടങ്കലിൽ വച്ചിട്ടുണ്ട്; വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ഒടുവിൽ ഓറഞ്ച് ഫ്രീസ്റ്റേറ്റിലെ ബ്രാൻഡ്ഫോർട്ടിലേക്കു സ്ഥിരമായി നാടുകടത്തി. തടങ്കലിൽ കിടക്കുമ്പോൾ വിനി അനുഭവിച്ച പ്രയാസങ്ങൾ വർണ്ണനാതീതങ്ങളാണു്. വല്ലപ്പോഴും ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം കൊണ്ടുകൊടുക്കും. പാന്റ്സ് ആ വെള്ളത്തിൽ മുക്കി അവർ ശരീരം തുടക്കും. ആർത്തവസമയത്ത് ടോയ്‌ലറ്റ് പേപ്പറേ നല്‌കൂ. “പോ, നിന്റെ വലിയ കൈകൾ ഉപയോഗിക്കാമല്ലോ” എന്നാണു് അധികാരികൾ പറയുക. കാരാഗൃഹത്തിൽ നേരം പോക്കുന്നതിനു് എന്തു ചെയ്യാൻ കഴിയും? ഒരു ദിവസം രണ്ടെറുമ്പുകളെക്കണ്ടപ്പോൾ വിനിക്കു സന്തോഷമായി. അവയെ കൈയിൽ കയറ്റി അവർ പകൽ മുഴുവൻ കളിച്ചു. രാത്രി വർഡറന്മാർ വിളക്കു് സ്വിച്ചോഫ് ചെയ്തപ്പോൾ വിനിക്കു ദുഃഖമായി. എങ്കിലും അവർ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി ജീവിച്ചു. ജീവിച്ചുപോരുന്നു. നെൽസൺ മാൻഡേലയെ വിവാഹം കഴിച്ചപ്പോൾ അവർ നാട്ടിനു വേണ്ടിയുള്ള പോരാട്ടത്തെയാണ്, സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തെയാണ് വിവാഹം കഴിച്ചത്. വീട്ടിലായിരുന്നപ്പോൾ നെൽസൺ വന്നു ജന്നലിൽ തട്ടുന്നോ എന്നു വിനി കാതോർത്തിരിക്കും. പാവനമാണ് ആ ശബ്ദം. എനിക്കു കൂടുതൽ എഴുതാൻ സ്ഥലമില്ല. വിനി ഗ്രന്ഥത്തിലൊരിടത്തു പറയുന്നു: “വ്യക്തിയെന്ന നിലയിൽ ഞാൻ ജീവിക്കതെയായിട്ടു കാലം വളരെയായി. ഏതു രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ആദർശങ്ങൾക്കും ഞാൻ പ്രാതിനിധ്യം വഹിക്കുന്നുവോ അവ ഈ രാജ്യത്തിന്റെ ജനങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആദർശ്യങ്ങളുമത്രേ.” ഈ പുസ്തകം വായിക്കു. വെള്ളക്കാരന്റെ നൃശംസതയിൽ അമർന്ന ഒരു സ്ത്രീയുടെ വേദനയും ഒരു രാജ്യത്തിന്റെ വേദനയും നിങ്ങളറിയും.

[Winnie Mandela—Part of My Soul Edited by Anne Benjamin and adapted by Mary Benson. Published in Penguin Books 1985. £.2.95.]

മാന്യതയ്ക്കു നഷ്ടം

അടൂർഭാസി സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുൻപുള്ള കാര്യമാണു് പറയുന്നത്. കെ. സുരേന്ദ്രൻ (നോവലിസ്റ്റ്), എൻ. രാമചന്ദ്രൻ (കൗമുദിയിൽ ‘കഴിഞ്ഞയാഴ്ച’ എന്ന പ്രസിദ്ധമായ പംക്തി കൈകാര്യം ചെയ്തിരുന്ന വ്യക്തി), കെ.എസ്. കൃഷ്ണൻ (ഹാസ്യസാഹിത്യകാരൻ), അടൂർ ഭാസി ഇവരൊരുമിച്ച് നടക്കൻ പോകും. ചിലപ്പോൾ അവരുടെ കൂടെ ഞാനും ഉണ്ടായിരിക്കും. ഒരു ദിവസം അടൂർ ഭാസി ഒരാളോട് പറയുന്നതു് ഞാൻ കേട്ടു. “പലരും സംഘടനയ്ക്കു പണം തന്നു സഹായിച്ചു. നിങ്ങൾ ലിസ്റ്റിൽ നൂറു രൂപ എന്നെഴുതി സഹായിച്ചു.” കൊടുക്കാമെന്നു് ഏറ്റിട്ടു് അതു കൊടുക്കാതിരുന്ന ആളിനെ അടൂർ ഭാസി തന്റേതായ രീതിയിൽ കളിയാക്കുകയായിരുന്നു. നൂറു രൂപയെന്ന് എഴുതുമ്പോൾ പണപ്പിരിവുകാർക്ക് സന്തോഷം. പിന്നീടു പറ്റിക്കുമ്പോൾ നിരാശതയും വിഷാദവും.

ഒരു കഥ കേട്ടിട്ടുണ്ട്. ഒരു ക്രിസ്ത്യാനി മരിച്ചപ്പോൾ അയാളുടെ സ്നേഹിതൻ പറഞ്ഞു: പത്തു രൂപ ഈ ശവപ്പെട്ടിയിൽ വച്ചാൽ സ്വർഗ്ഗത്തേക്കു പ്രയാസ്സം കൂടാതെ എന്റെ സ്നേഹിതനു പോകാം. അയാൾ പത്തു രൂപയുടെ നോട്ട് ശവപ്പെട്ടിയിൽ വച്ചു. അതുകണ്ടു വേറൊരു സ്നേഹിതൻ ഇരുപതു രൂപ ഇട്ടു. മറ്റൊരു സ്നേഹിതൻ അമ്പതു രൂപ വച്ചു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഒരു പിശുക്കനായ ധനികൻ അമ്പതിനായിരം രൂപയുടെ ചെക്ക് എഴുതി പെട്ടിക്കകത്തു വച്ചിട്ട് അവിടെ ഇരുന്ന എൺപതു രൂപയെടുത്തു സ്വന്തം പോക്കറ്റിലിട്ടു. രൂപ വച്ചവർക്ക് ഇതു കണ്ടു നൈരാശ്യവും ദുഖഃവുമുണ്ടായി.

അടൂർ ഭാസിയോ മറ്റാരോ നീട്ടിയ സംഭാവന ലിസ്റ്റിൽ നൂറു രൂപയെഴുതിയ മാന്യനാണ് ‘റാങ്ക്’ എന്ന കൊച്ചുകഥ മനോരാജ്യം ആഴ്ച്പ്പതിപ്പിൽ എഴുതിയ കെ. ജി. പങ്കജാക്ഷൻ പിള്ള. അദ്ദേഹം അമ്പതിനായിരം രൂപയുടെ ചെക്കെഴുതിയിട്ട ധനികനുമാണ്. ഒന്നാം സമ്മാനർഹമായ കഥ എന്നാണ് തലക്കെട്ട്. പങ്കജാക്ഷൻ പിള്ളയ്ക്ക് അതിൽ നേരിട്ടുള്ള ഉത്തരവാദിത്വമില്ലെങ്കിലും ഉപകല്പിതമായ ഉത്തരവാദിത്വമുണ്ട്. വലിയ പ്രതീക്ഷയോടു കൂടി നമ്മൾ കഥ വായിക്കുന്നു. സമൂഹത്തിൽ മാന്യസ്ഥാനമുള്ള ഒരു സ്ത്രീയുടെ മകനു പരീക്ഷയിൽ എന്നും രണ്ടാം റാങ്കേ കിട്ടുന്നുള്ളൂ. ഒന്നാം റാങ്ക് ഒരു ക്ലാർക്കിന്റെ മകനാണ് കിട്ടുക. അത്തവണയെങ്കിലും ഫസ്റ്റ് റാങ്ക് മകനു ലഭിക്കുമെന്നു് അവൾ വിചാരിച്ചു. വ്യർത്ഥമായ വിചാരം. അവനു സെക്ക്ൻഡ് റാങ്ക് തന്നെ. ക്ലബ്ബിൽ ചെല്ലുമ്പോൾ തലതാഴ്ത്തിയിരിക്കേണ്ടി വരുന്ന ദൗർഭാഗ്യമോർത്ത് അവൾ ദുഃഖിച്ചു പോലും. ഇവിടെ വാഗ്ദാനം ചെയ്ത രൂപ കിട്ടുന്നില്ല. ചെക്ക് മണ്ണിനടിയിൽ ആവുകയും ചെയ്യുന്നു. നഷ്ടപ്പെട്ടതോ? എൺപതു രൂപയുടെ നല്ല പേര്.

വിനിയും നെൽസൺ മാൻഡേലയും

“ഞാനിത് എഴുതുമ്പോൾ നിന്റെ മനോഹരമായ ഫോട്ടോ എന്റെ ഇടത്തേ തോളിൽനിന്നു രണ്ടടി മുകളിലായി ഇരിക്കുന്നുണ്ട് ഇപ്പോഴും. എന്നും കാലത്ത് ഞാൻ ശ്രദ്ധിച്ച് അതിലെ പൊടി തുടയ്ക്കുന്നു. അതു ചെയ്യുമ്പോൾ പണ്ടു ഞാൻ നിന്നെ തഴുകുന്നതുപോലുള്ള ആഹ്ലാദാനുഭൂതി എനിക്കുണ്ടാകുന്നു. എന്റെ മൂക്കുകൊണ്ട് നിന്റെ മൂക്കിനെ ഞാൻ സ്പർശിക്കുക പോലും ചെയ്യുന്നു. പണ്ട് ഞാനങ്ങനെ ചെയ്തപ്പോൾ എന്റെ രക്ത്ത്തിലൂടെ പ്രവഹിച്ച വിദ്യുച്ഛ്ക്തി പിടിച്ചെടുക്കാനാണ് ഇപ്പോഴും അമ്മട്ടിൽ പ്രവർത്തിക്കുന്നത്… ഞാൻ നിന്നെ സ്നേഹിക്കുന്നു (15.4.76-ൽ നെൽസൺ വിനിക്ക് എഴുതിയ കത്തിൽ നിന്ന്).”

എഗ്-സ്റ്റ്രാ-ഓർഡിനറി

മണ്ടന്മാർ രണ്ടു തരത്തിലാണെന്നു ടോൾസ്റ്റോയി പറഞ്ഞിട്ടുണ്ട്; (War & Peace എന്ന നോവലിന്റെ ഒന്നാമദ്ധ്യായത്തിൽ) ചൊടിയുള്ള മണ്ടന്മാരും ചൊടിയില്ലാത്ത മണ്ടന്മാരും (active fools and inactive fools). ടോൾസ്റ്റോയി അവതരിപ്പിക്കുന്ന കഥാപാത്രം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന കാര്യം ഞാൻ മറന്നു പോയി. ‘യുദ്ധവും സമാധാനവും’ എന്ന നോവൽ കൈയിലില്ലതാനും. അതുപോലെ സ്റ്റുപ്പിഡിറ്റിക്കും രണ്ടു വിഭാഗം കൽപ്പിക്കാം. ലിമിറ്റഡ് സ്റ്റുപ്പിഡിറ്റിയും അൺലിമിറ്റഡ് സ്റ്റുപ്പിഡിറ്റിയും. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ മന്ത്രിയും ഒറീസ്സയിൽ മുഖ്യമന്ത്രിയുമയിരുന്ന നന്ദിനി സത്പഥി ഒറിയ ഭാഷയിലെഴുതിയ ഒരു ചെറുകഥ —‘ടെലിഗ്രം’ — പ്രീതിഷ് നന്ദിയുടെ Illustrated Weekly യിൽ ആംഗലവാണിക്ക് അകത്തു കയറി വന്നിട്ടുണ്ട്. അതു വായിച്ചപ്പോൾ ടോൾസ്റ്റോയിയെ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവത്തിൽ നിന്ന് ‘ഡിറൈവ്’ ചെയ്ത ഒരാശയം എനിക്ക് തോന്നുകയും ചെയ്തു. ജ്യോത്സ്ന സുന്ദരിയണ്. പക്ഷേ ഏതും ഉടനെ മറക്കും. ‘ചേച്ചി എനിക്കു പൗഡർ തരുന്നില്ല. അച്ഛാ, എനിക്കു ഒരു ടിൻ പൗഡർ വേണം’ എന്ന് അവൾ പറയും. പക്ഷേ, പൗഡർ വാങ്ങിക്കൊടുക്കേണ്ടതില്ല. അവളതു മറന്നു പോകും. അങ്ങനെയിരിക്കെ അവളുടെ അച്ഛന് — പോസ്റ്റ് മാസ്റ്റർക്ക് — സ്ഥലംമാറ്റമായി. അവൾ നിർബന്ധപൂർവ്വം അയാളോടു കൂടി പോയി. അവിടെ ചെന്നപ്പോൾ അവളുടെ അമ്മയ്ക്കു രോഗം കൂടുതലാണെന്ന് അറിവുകിട്ടി. ജ്യോത്സ്നയെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോകാൻ പ്രയാസമുള്ളതുകൊണ്ട് പോസ്റ്റ്മാസ്റ്റർ അവളെ ഒരു ബന്ധുവിന്റെ വീട്ടിലാക്കിയിട്ട് യാത്രയായി. സ്ഥലം മാറ്റത്തിന്റെ കല്പന ടെലിഗ്രാമായിട്ടാണ് വന്നത്. അപ്പോൾ യാത്ര തീവണ്ടിയിൽ. അമ്മയുടെ രോഗവിവരവും ടെലിഗ്രാം വഴിയാണ് അറിഞ്ഞത്. തീവണ്ടിയാത്ര ജ്യോത്സ്നയ്ക്കു രസപ്രദമായിരുന്നു. അതുകൊണ്ട് രണ്ടാമത്തെ ടെലിഗ്രാമിന്റെ ആഗമനവും തീവണ്ടി യാത്രയുടെ സാങ്കല്പികാഹ്ലാദത്തിലേക്ക് അവളെ കൊണ്ടുചെന്നു. അമ്മയുടെ രോഗവിവരം ഉത്തരക്ഷണത്തിൽ മറന്ന അവൾ കുറേ ദിവസങ്ങൾക്കു മുമ്പുണ്ടായ തീവണ്ടിയാത്ര മറന്നില്ല. ടെലിഗ്രാമാണോ വന്നത്? എങ്കിൽ ട്രെയിനിൽ സഞ്ചരിക്കാം. ആഹ്ലാദിക്കാം. അച്ഛൻ കയറിയിരുന്ന ടെയിനിൽ ഓടിക്കയറാൻ ശ്രമിച്ചു കാൽ വഴുതിവീണു ജ്യോത്സ്ന മരിച്ചു. എങ്ങനെയിരിക്കുന്നു കേന്ദ്ര ഗവണ്മന്റിലെ മന്ത്രിയായിരുന്ന — ഒറീസ്സയിൽ മുഖ്യമന്ത്രിയായിരുന്ന — നന്ദിനിയുടെ കഥ? അത് ലിമിറ്റഡ് സ്റ്റുപിഡിറ്റിയാണോ അൺ ലിമിറ്റഡ് സ്റ്റുപിഡിറ്റിയാണോ എന്ന കാര്യം വായനക്കാർ തീരുമാനിച്ചാൽ മതി. ഏഴോ എട്ടോ വയസ്സുള്ള ബാലനോ ബാലികയോ എഴുതാവുന്ന തരത്തിലുള്ള ഈ കഥാബീഭത്സതയെ “an unusual work of fiction” എന്നാണ് വീക്ക്‌ലിയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

* * *

ഇൻഡ്യയിലെ ജനസംഖ്യ 4734 ആണെന്നു പറഞ്ഞാൽ 4734 എന്ന സംഖ്യ സത്യം. ‘4’ സത്യം. ‘7’ സത്യം. ‘3’ സത്യം. ‘4’ സത്യം. പക്ഷേ, അതിന്റെ പിറകിലുള്ള ആശയം പച്ചക്കള്ളം. unusual work of fiction എന്നതിലെ ഒരോ വാക്കും സത്യം. എന്നാൽ അതുൾക്കൊള്ളുന്ന ആശയം പച്ചക്കള്ളം. കഥ പ്രസിദ്ധപ്പെടുത്താം. അതിന്റെ മുകളിൽ മൂല്യനിർണ്ണയമുൾക്കൊള്ളുന്ന വാക്കുകൾ ചേർക്കരുത്. ജനങ്ങൾ പത്രമാപ്പീസിലിരിക്കുന്നവരേക്കാൾ നല്ല നിരൂപകരാണ്.

ഒരു കടങ്കഥ

കാവ്യാംഗനയെ നൃത്തം ചെയ്യിച്ച കവിയാണെങ്കിലും കൊച്ചുകുട്ടികളെ ആഖ്യയും ആഖ്യാതവും പഠിപ്പിച്ച ആൾ.

മുഷിഞ്ഞമുണ്ടും മുഷിഞ്ഞഷർട്ടും ധരിച്ച് വെയിലിലും മഴയിലും തിരുവനന്തപുരത്ത് അലഞ്ഞിരുന്ന ആൾ.

ജൂബായുടെ കീശകളിൽ മുന്തിരിങ്ങയും ചോക്ക്‌ലെറ്റും നിറച്ചു നടന്നിരുന്ന ആൾ.

മൂക്കുപിഴിഞ്ഞിട്ട് ആ കൈ തുടയ്ക്കാതെ മുന്തിരിങ്ങയെടുത്തു നമുക്കു നീട്ടുന്ന ആൾ.

ആറും ഏഴും കാവ്യങ്ങൾ എഴുതി ഒരേ സമയം പത്രാധിപർക്ക് അയയ്ക്കുന്ന ആൾ.

മഹാകവിയേയും ഓട്ടോറിക്ഷാ ഡ്രൈവറേയും ഒരേ നിലയിൽ കണ്ടിരുന്ന ആൾ.

വയലാർ രാമവർമ്മയെക്കാൾ ആയിരം മടങ്ങു പ്രതിഭാശക്തിയുണ്ടെങ്കിലും അന്തരിച്ചതിനു ശേഷം അവഗണിക്കപ്പെട്ടിരിക്കുന്ന ആൾ.

“വരുമോ കുങ്കുമംതൊട്ട സാന്ധ്യശോഭകണക്കവൾ” എന്ന ദിവ്യമായ വരിയെഴുതികൊണ്ട് അതാ ആ അന്തരീക്ഷത്തിലെ ഉജ്ജ്വല നക്ഷത്രമായി മാറിയ ആൾ.

ആരാണു വായനക്കാരേ ഈ പ്രതിഭാശാലി?

* * *

ഭീമാകാരമാർന്ന ആന മനുഷ്യനെക്കാൾ വേഗത്തിലോടും. അതുകൊണ്ട് ആനയെ ഓട്ടത്തിൽ പരാജയപ്പെടുത്താമെന്നു വിചാരിക്കരുത്. കൊതുകിനു വളരെ വേഗത്തിൽ പറക്കാൻ വയ്യ. എങ്കിലും അതിന്റെ ദംശനം രഹസ്യമായി നടക്കും. മനുഷ്യൻ വേദനകൊണ്ട് അസ്വസ്ഥനാകും. മശകസദൃശമാണ് ദിവാകരൻ പനന്തറയുടെ ‘ഭാര്യയുടെ ദു:ഖ’മെന്ന കഥ (എക്സ്പ്രസ്സ് വാരിക). എല്ലാ “സൊസൈറ്റി ലേഡീസി”ന്റെ ഭർത്താക്കന്മാർക്കും ഏതെങ്കിലും രോഗമുണ്ട്. പക്ഷേ, കഥനായികയുടെ ഭർത്താവിന് ഒരു രോഗവുമില്ല. അതുകൊണ്ട് അവൾക്കു ദു:ഖം. ഭർത്താവ് അവളുടെ കവിളിൽ ആഞ്ഞൊരടികൊടുത്തിട്ടു പറഞ്ഞു: “ദേഷ്യം വന്നാൽ നിന്റെ ഭർത്താവിന് ഇങ്ങനെയൊരു അസുഖമുണ്ട്.” കൊതുകു വർദ്ധിച്ചതുകൊണ്ടു സംസ്ക്കാരം തകർന്ന യഥാർത്ഥ സംഭവങ്ങളുണ്ട്. ഇത്തരം കഥാമശകങ്ങളുടെ കടിയേറ്റു മനുഷ്യൻ ഓടാൻ തുടങ്ങിയിരിക്കുന്നു.

അരുത്

ഹംഗറിയിലെ പ്രശസ്തനായ തത്ത്വചിന്തകനാണ് പോലാനൈ (Michael Polanyi). അദ്ദേഹം പറഞ്ഞു നമ്മൾ ഏതെങ്കിലും വസ്തുവിനെയോ സംഭവത്തെയോ നോക്കുമ്പോൾ അതിന്റെ അർത്ഥം ഗ്രഹിക്കുന്നില്ലെന്ന്. പിയാനോ വായിക്കുന്നവൻ സ്വന്തം വിരലുകളിലേക്കു നോക്കിയാൽ ആ വിരലുകൾ തളരും. നല്ലപോലെ വായിക്കണമെങ്കിൽ അയാൾക്ക് വിരലുകൾക്ക് അതീതമായി സംഗീതത്തെ നോക്കണം. നമ്മൾ വസ്തുവിനെ നോക്കുമ്പോൾ അതിനെ കാണുന്നുണ്ട്. പക്ഷേ, അതിന്റെ അർത്ഥം പിടിച്ചെടുക്കുന്നില്ല. അർത്ഥം ഗ്രഹിക്കണമെങ്കിൽ അതിനെ ശ്രദ്ധിക്കരുത്; അതിൽ നിന്നുകൊണ്ടു ശ്രദ്ധിക്കണം. (വിരലുകളെ നോക്കരുത്; വിരലുകൾക്ക് അപ്പുറത്തുള്ള സംഗീതത്തെ നോക്കണം). വസ്തുവിനെ നോക്കുമ്പോൾ നമ്മളെന്തു കൊണ്ടാണ് അതിന്റെ അർത്ഥം നശിപ്പിക്കുന്നത്? തത്ത്വചിന്തകൻ മറുപടിനൽകുന്നു: “വസ്തുവിൽ നിന്നുകൊണ്ട് അർത്ഥത്തിലേക്കു നോക്കുമ്പോൾ നമ്മൾ അതിനെ ‘ഇന്റീറിയറൈസ്’ ചെയ്യുകയാണ് (ബാഹ്യലോകത്തേക്കു നോക്കാതെ ആന്തരലോകത്തേക്കു നോക്കുന്നതാണു ഇന്റീറിയറൈസം). എന്നാൽ വസ്തുവിനെ നേരിട്ടു നോക്കുമ്പോൾ നമ്മൾ അതിനെ എക്സ്റ്റീറിയറൈസ് ചെയ്യുകയാണ്; അല്ലെങ്കിൽ അന്യവത്കരിക്കുകയാണ്. (പോലാനൈയുടെ ഗ്രന്ഥം ഞാൻ വായിച്ചിട്ടില്ല. മന:ശാസ്ത്രജ്ഞൻ റീഹിന്റെ (Reich) സിദ്ധാന്തങ്ങളെക്കുറിച്ച് കോളിൻ വിൽസൻ എഴുതിയ The Queen for Wilhelm Reich എന്ന പുസ്തകത്തിൽ നിന്നാണ് ഈ ആശയമടുത്തത്). ഇതിവിടെ എഴുതിയത് ‘ലേഖ’വാരികയിൽ വന്നിട്ടുള്ള ഒരാത്മഹത്യയുടെ വിവരണം വായിച്ചതുകൊണ്ടാണ്. പേരുകൾ പറയാൻ എനിക്കു വൈമനസ്യമുണ്ട്. ഈ വിവരണമോ ഇതുപോലെ മറ്റു വാരികകളിൽ വരുന്ന വിവരണങ്ങളോ ഒരിക്കലും നമ്മളെ സത്യത്തിലേക്കു നയിക്കുകയില്ല. മരിച്ച പെൺകുട്ടിയുടെ അച്ഛൻ സംഭവം വർണ്ണിച്ചാൽ മകളോടുള്ള സ്നേഹംകൊണ്ടും മരണത്തിലുള്ള ദു:ഖംകൊണ്ടും വർണ്ണനം അയഥാർത്ഥീകരിക്കപ്പെടും. റിപ്പോർട്ടർ വിവരണമഴുതുമ്പോൾ അദ്ദേഹത്തിന്റെ ‘പ്രൊഫൊഷനൽ മൈൻഡാ’യിരിക്കും അതിന്റെ നിറം കൂട്ടുന്നത്. കുറ്റക്കാരനെന്നു കരുതപ്പെടുന്ന ചെറുപ്പക്കാരനാണു എഴുതുന്നതെങ്കിൽ തന്റെ നിഷ്കളങ്കതയ്ക്ക് ഊന്നൽ കൊടുക്കാനായിരിക്കും യത്നം. അതുകൊണ്ടു ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാര്യമില്ല എന്നാണു തോന്നുന്നത്. അതുമാത്രമല്ല. ഇതു വായിക്കുന്ന ആളിനു മാനസികമായ ഇടിവും ഉണ്ടാകും. അതു അയാളുടെ സ്വസ്ഥതയില്ലാതാക്കും. അസ്വസ്ഥത ശരീരത്തെ ബാധിക്കും. എന്നെസ്സംബന്ധിച്ചാണെങ്കിൽ ഇതു വായിച്ചതിനു ശേഷം ഞാൻ വളരെ നേരം വൈഷമ്യത്തോടെ ഇരുന്നുപോയി. ഇമ്മട്ടിൽ ഇരിക്കുന്നവർ പലരും കാണും. അതുകൊണ്ട് അരുത്.

നിരീക്ഷണങ്ങൾ

വീട്ടിലെ പെണ്ണുങ്ങൾ
ചിത്രഗീതവും ചിത്രഹാറും ടെലിവിഷനിൽ ഉള്ളപ്പോൾ ഉറ്റു ശ്രദ്ധിക്കുന്നവർ. അപ്പോൾ മൗനമാണ് അവർക്ക്. അവ രണ്ടും കാണാത്ത പുരുഷന്മാർ സ്വന്തം മുറികളിൽ നിശ്ശബ്ദരായി ഇരിക്കും. സ്റ്റ്രീകൾക്ക് ഉപദ്രവം ഉണ്ടാകരുതല്ലോ എന്നു കരുതി. എന്നാൽ ന്യൂസ് കേൾക്കാൻ പുരുഷന്മാർ ടെലിവിഷന്റെ മുന്നിൽ വന്നിരിക്കുമ്പോൾ പെണ്ണുങ്ങൾ ഉറക്കെ വർത്തമാനം തുടങ്ങും. സംസാരിക്കാൻ ആളു കിട്ടിയില്ലെങ്കിൽ മിക്സറെങ്കിലും പ്രവർത്തിപ്പിച്ചു ശബ്ദമുണ്ടാക്കും.
പത്തുവയസ്സിനു താഴെയുള്ള കുട്ടികൾ
എപ്പോഴും ടെലിവിഷന്റെ മുൻപിൽ കയറിനിന്ന് പ്രായം കൂടിയവരുടെ കാഴ്ചയ്ക്കു തടസ്സമുണ്ടാക്കുന്നവർ. ‘മാറ്’ എന്നു പറഞ്ഞാൽ ഒന്നു മാറും. പിന്നെയും വന്നു നിൽക്കും.
മിനു
വളരെ വ്യക്തമായി ഇംഗ്ലീഷ് വാർത്ത വായിക്കുന്നതിൽ വിദഗ്ദ്ധ. അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീ.
ശശികുമാർ
ചുണ്ടു വക്രിപ്പിച്ചാൽ ഇംഗ്ലീഷായി എന്നു വിചാരിക്കുന്ന ആൾ. അദ്ദേഹത്തിന്റെ ന്യൂസ് വായന പോലീസിന്റെ ഉരുട്ടലിനേക്കാൾ വേദനാജനകമാണ്.

മലയാറ്റൂരിന്റെ നേർക്ക്

“മലയാറ്റൂർ രാമകൃഷ്ണൻ വളരെയേറെ ബുദ്ധിമുട്ടി വയലാർ ട്രസ്റ്റ് ഉണ്ടാക്കി. പല നല്ല കാര്യങ്ങളും ചെയ്തു. നല്ലത്. ആദ്യത്തെ വയലാർ സാഹിത്യ അവാർഡ് അദ്ദേഹത്തിന്റെതന്നെ ഒരു നാലാംകിട നോവൽ അടിച്ചെടുത്തുവെന്നത് പറയാതിരിക്കാൻ നിവൃത്തിയില്ല. മാന്യതയുണ്ടായിരുന്നെങ്കിൽ താൻതന്നെ ബുദ്ധിമുട്ടി സമാഹരിച്ചെടുത്ത ‘വയലാർ സാഹിത്യ അവാർഡ് കമ്മിറ്റി ഫണ്ടിൽ നിന്നു പ്രഥമപുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങുമായിരുന്നില്ല’ കെ. ചെറിയാൻ വർഗ്ഗീസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു കത്തിലെ രണ്ടാമത്തെ ഖണ്ഡികയാണിത്. ഒന്നിനും മര്യാദയില്ലാത്ത കാലമാണിത്. അതെനിക്കു അറിയാം. എങ്കിലും ഇത്രത്തോളമാകാമോ എന്നു ചോദിച്ചു പോവുകയാണ്. വയലാർ രാമവർമ്മ അവാർഡ് ആദ്യമായി നൽകിയത് ലളിതാംബിക അന്തർജ്ജന‌ത്തിനായിരുന്നു. അടുത്ത വർഷത്തെ സമ്മാനം പി. കെ. ബാലകൃഷ്ണനാണ് കൊടുത്തത്. സത്യമിതായിരുന്നിട്ടും മലയാറ്റൂർ രാമകൃഷ്ണൻ സമ്മാനം ആദ്യമായിതന്നെ “അടിച്ചെടുത്തു” എന്നു എഴുതിയത് സൗമ്യമായിപ്പറഞ്ഞാൽ മലിനവും നിന്ദ്യവുമാണ്. “മാന്യതയുണ്ടായിരുന്നെങ്കിൽ” എന്ന് എഴുതിയത് അപകീർത്തികരവും. ആളുകളുടെ നേർക്ക് “മെക്കിട്ടു” കയറുന്നതിനു മുൻപ് തനിക്കതിന് അർഹതയുണ്ടോ എന്ന് ആലോചിക്കുന്നത് കൊള്ളാം.

ഡാഡി, എനിക്ക് കളികാണണം

‘വിജ്ഞാപനത്തെ’ ‘വിഞ്ഞാപന’മാക്കുകയും കേന്ദ്രമന്ത്രി കൃഷ്ണകുമാറിനെ കൃഷ്ണപിള്ളയാക്കുകയും വിദ്യാഭ്യാസത്തെ വിധ്യഭ്യാസമാക്കുകയും ചെയ്യുന്ന ഒരു പെട്ടിയാണ് ടെലിവിഷൻസെറ്റ് ഇന്നലെ (10-6-86) രാത്രി കുറെ പെണ്ണുങ്ങൾ പാവാട പൊക്കി ഡാൻസെന്ന ഉഡാൻസ് നടത്തുന്നതു കണ്ടു. ഈ ഉച്ചാരണ വൈകല്യങ്ങളും ഈ ഡാൻസുകാരികളും അതിനകത്ത് ഇരിക്കുന്നുണ്ടോ എന്നറിയാനായി ഞാൻ സെറ്റിന്റെ പിറകുവശം ഇളക്കി നോക്കി. കുറെ പ്ലാസ്റ്റിക് കമ്പികളും കോളാമ്പി പോലുള്ള ഒരു ഉപകരണവും പേരറിയാൻ പാടില്ലാത്ത കൊച്ചു കൊച്ചു സാധങ്ങളും മാത്രമേ അതിൽ കണ്ടുള്ളൂ. ഇവയാണ് പാവാട പിറകുവശവും മുൻവശവും പൊക്കി ഡൻസ് ചെയ്യുന്ന ചെറുപ്പക്കാരികളെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നത്. ഇവതന്നെയാണ് സുന്ദരന്മാരെ നീഗ്രോകളെപ്പോലെ കറുത്ത മുഖമുള്ളവരാക്കി അവതരിപ്പിക്കുന്നത്. ഇവതന്നെയാണ് മെക്സിക്കോയിലെ ലോകകപ്പ് ഫുട്ബോൾ കളികളെ നമ്മുടെ മുൻപിൽ കൊണ്ടുവരേണ്ടതും. രാത്രി ഒൻപതര മണിക്കു ഞാൻ ഈ പെട്ടിയുടെ മുൻപിലിരിക്കുന്നതും ഈ കളിയുടെ ചിലഭാഗങ്ങളെങ്കിലും കാണാനാണ്. പക്ഷേ ഹെഗ്ഡയുടെയും പവാറിന്റെയും കാര്യങ്ങൾ വിശദീകരിച്ചു വിശദീകരിച്ച് സമയം തീർന്നുപോയി. അതുകൊണ്ട് ചിരിയോടുകൂടിയ ഗുഡ്നൈറ്റ് മത്രമേ കിട്ടിയുള്ളൂ. ഈ പേടകത്തെക്കുറിച്ചു ട്രയൽ വാരികയിൽ രസകരമായ ഒരു വാർത്തയുണ്ട്. ദൂരദർശനിൽ ഗോസായികൾ കളി ടെലികാസ്റ്റ് ചെയ്യുകയില്ലെന്നു വീണ്ടും വീണ്ടും പറഞ്ഞത്രേ. അപ്പോഴാണ് പുതിയ തീരുമാനം. മൂന്നു കളി ഒറ്റയടിക്കു ടെലികാസ്റ്റ് ചെയ്യുംപോലും. ഇതിന്റെ പിന്നിലെ കഥയിതാണ്: “പയ്യൻ രാഹുലൻ അച്ഛൻ രാജീവിന്റെ അടുത്തു പറഞ്ഞത്രേ: ‘ഡാഡി’ മോനു മെക്സിക്കോയിലെ കളികാണണം” നേരമ്പോക്കാണെങ്കിലും സത്യമാകാവുന്ന നേരമ്പോക്ക്. കേരളത്തിൽ ടെലിവിഷൻ വരുന്നതിനു മുൻപ് ചങ്ങമ്പുഴ മരിച്ചുപോയി. അല്ലെങ്കിൽ ഫിലോളജി ക്ലാസ്സ്, എൻ. എസ്. കൃഷ്ണനും റ്റി. എ. മധുരവും അഭിനയിക്കുന്ന ചലചിത്രം, പിംഗള, ഗൊണോറിയ, ബജ്റ, മംഗളപത്രങ്ങൾ ഇവയുടെകൂടെ ടെലിവിഷനും അദ്ദേഹം ചേർക്കുമായിരുന്നു.

അജയകുമാറിന്റെ കല

ജോൺബർഗർ എഴുതിയ The Success and Failure of Picasso പ്രസിദ്ധമായ പുസ്തകമാണ്. അതിൽ പീകാസ്സോയുടെ ചില വാക്യങ്ങൾ എടുത്തു ചേർത്തിട്ടുണ്ട്. “ഞാൻ വസ്തുകളെ പരിഗണിക്കുന്നതു പോലെ ചിത്രങ്ങളെ പരിഗണിക്കുന്നു. ജന്നലിൽക്കൂടി പുറത്തേക്കു നോക്കുന്നതുപോലെയാണ്. ഞാൻ ജനലിനെ ചിത്രീകരിക്കുന്നത്. തുറന്ന ജനൽ ചിത്രത്തിൽ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ഞാൻ കർട്ടൻവരച്ച് അതടയ്ക്കും; എന്റെ മുറിയിലെ ജന്നലിൽ കർട്ടനിടുന്നതുപോലെ” (പേജ് 99). ചിത്രകാരനായ അജയകുമാറിനെക്കുറിച്ച് കെ. സി. ചിത്രഭാനു കലാകൗമുദിയിലെഴുതിയ ലേഖനത്തിൽ അജയകുമാറിന്റെ നാലു ചിത്രങ്ങൾ നല്കിയിട്ടുണ്ട്. അവയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘യാത്ര’ എന്നതാണ്. യാത്രക്കാരിൽ ചിലർ ഉറങ്ങുന്നു. വേറെ ചിലർ പുറംതിരിഞ്ഞിരിക്കുന്നു. കുഞ്ഞിനെ മടിയിലിരുത്തി ബസ്സിലിരിക്കുന്ന സ്ത്രീക്കു നിസ്സംഗത. വൈരസ്യം നിറഞ്ഞ യാത്ര എന്ന മട്ടിൽ ഒരാൾ തലയിൽ കൈവച്ചിരിക്കുകയാണ്. ഡ്രൈവർക്കുമാത്രം സന്തോഷം. സ്റ്റിയറിങ്‌വീലിൽ കൈവച്ച് റോഡിലേക്കു നോക്കി ബസ്സ് ഓടിക്കുന്ന അയാളെക്കണ്ടാൽ, അതു കാണുന്ന നമ്മളും ബസ്സിലിരുന്നു പുറത്തെ കാഴ്ചകൾ കാണുകയാണെന്നു തോന്നും. മറ്റുള്ളവരുടെ ആലസ്യവും നിദ്രയും ഡ്രൈവറുടെ ആഹ്ലാദത്തെ വർദ്ധിപ്പിച്ചുകാണിക്കുന്നു. പീകാസ്സോ പറഞ്ഞതു ശരി. അജയകുമാറും ബസ്സിലിരുന്നു പുറത്തേയ്ക്കു നോക്കുന്നു. ചിത്രകലയ്ക്ക് അവാർഡ് നേടിയ ഈ കലാകാരനെക്കുറിച്ച് എഴുതിയത് നന്നായി.

രണ്ടു കഥകൾ

ഹൃദയം സ്പന്ദിക്കുന്നു. ഡോക്ടറുടെ ആ കുഴലൊന്നുകിട്ടിയാൽ സ്പന്ദനം നേരിട്ടറിയാമായിരുന്നു. കൈതണ്ടയിൽ വിരലമർത്തിയാലുംമതി. ഒരു കാലത്ത് ഈ സ്പന്ദനം നില്ക്കും. പക്ഷേ കാലത്തിന്റെ സ്പന്ദനം നില്ക്കുകയില്ല. അതിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ സ്നേഹിച്ചും വെറുത്തും ആഹ്ലാദിച്ചും വിഷാദിച്ചും കഴിയുന്നു. ഒടുവിൽ അവൻ തകർന്നു വീഴുമ്പോൾ ആരെയും കാത്തുനില്ക്കാത്തകാലം സ്പന്ദിച്ചുകൊണ്ടു മുന്നോട്ടുപോകും. ഇതിനെ മൂർത്തചിത്രങ്ങളായി അവതരിപ്പിക്കുന്നു ഇ. വി. ശ്രീധരൻ (കഥാദ്വൈവാരികയിലെ ‘ഒരു നിലാവലപോലെ’ എന്ന കഥ). റിയലിസ്റ്റികുതലത്തിൽ ആദ്യമൊക്കെ അമർന്നിരിക്കുന്ന ഈ കഥ പര്യവസാനത്തിൽ ഫാന്റസിയുടെ തലത്തിലേക്കു ചെന്ന് തലയുയർത്തിയത് എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും കഥ പറയനുള്ള കഴിവ് കാവ്യാത്മകതയോടു മേളിക്കുന്നുണ്ട് ഈ രചനയിൽ. മുഹമ്മദ് റോഷന്റെ ‘മനസ്സുടയുമ്പോൾ ’ എന്ന കഥ (കഥാദ്വൈവാരിക) ഒരു humourless absurdity തന്നെ. ഒരുത്തൻ വ്യഭിചാരിണിയായ ഭാര്യയെ കൊന്നു. എന്നിട്ട് മനസ്സിന്റെ രോഗം ചികിത്സിച്ചുമാറ്റുന്ന ഉഷയെന്ന ഡോക്ടറെ കാണാൻവരുന്നു. ഭാര്യയെന്തിനു വ്യഭിചരിച്ചു എന്നു് അയാൾക്ക് ഡോക്ടറിൽനിന്ന് അറിയണം. മറുപടി കിട്ടുന്നില്ല. അയാൾ അവളെ ഒട്ടൊക്കെ നഗ്നയാക്കി കഴുത്തിൽ വിരലമർത്തുന്നു. ഡോക്ടറുടെ ഭർത്താവു വരുന്നുണ്ട്. കഥ തീർന്നു. ഇങ്ങനെയുമുണ്ടോ ഒരു സൈക്കോളജി. നമ്മൾ ചില അമ്പലങ്ങളുടെ മുൻപിൽക്കൂടെ പോകുമ്പോൾ വെടിപൊട്ടും. നമ്മൾ ഞെട്ടിപ്പോകും. പതിവായിപ്പോയാൽ വെടിപൊട്ടിയാലും ഞെട്ടുകില്ല. വളരെക്കാലമായി റോഷൻ സെക്സിന്റെ ഗന്ധകത്തിനു തീ കൊളുത്തുന്നു. ഇപ്പോൾ ആരും ഞെട്ടാറില്ല.

* * *

പണ്ട് — വളരെ പണ്ടാണേ — പത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ഇങ്ങനെ കണ്ടു: “കുട്ടികൾക്ക് വിദ്യാഭ്യാസം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെന്ന്… ഡിസ്ട്രിക്ടിലെ കളക്ടർ.” കളക്ടർക്ക് ഇതു പറയാമെങ്കിൽ മന്ത്രിമാർക്കു തഴെക്കൊടുക്കുന്ന രീതിയിൽ പ്രഖ്യാപനങ്ങൾ ആകാം: “ഞാൻ നിങ്ങളോടു പറയുന്നു എഴുത്തച്ഛൻ മലയാള ഭാഷയിലാണ് കവിത് എഴുതിയതെന്ന്” (കൈയടി). “സുഹൃത്തുക്കളേ, ഞാൻ നിങ്ങളെ അറിയിക്കട്ടെ മഴ പെയ്യുമ്പോൾ കുട പിടിച്ചില്ലെങ്കിൽ തല നനയുമെന്ന്” (കരഘോഷം). “പ്രതിപക്ഷം എതിർത്തേക്കും. എങ്കിലും ഞാൻ സത്യം പറയുകയാണ്. ഭൂമി പരന്നതല്ല, ഉരുണ്ടതാണെന്ന്” (മന്ത്രിയുടെ കക്ഷി കൈയടിക്കുന്നു). “ആരെല്ലാം സമരം ചെയ്താലും ക്യാബിനറ്റ് ഡിസിഷൻ ഞാൻ പ്രഖ്യാപിക്കുകയാണ് ‘ഒന്നും ഒന്നും രണ്ടാണ്’” (സുദീർഘമായ കരഘോഷം).