close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 07 28



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 07 28
ലക്കം 828
മുൻലക്കം 1991 07 21
പിൻലക്കം 1991 08 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


ചെറുകഥയ്ക്കുമുണ്ട് പാറ്റേണ്‍. അതില്‍ കൊച്ചു കൊച്ചു ഭാഗങ്ങള്‍ പലതും കാണുമല്ലോ. ഓരോ ഭാഗത്തിനും മറ്റു ഭാഗങ്ങളോട് ഐക്യം ഉണ്ടായിരിക്കണം. അവയെല്ലാം ചേര്‍ന്നു സാകല്യാവസ്ഥയില്‍ ഒരു പാറ്റേണുണ്ടാകും. ചെറിയ ഭാഗങ്ങളില്‍ ഏതെങ്കിലും മൊന്ന് ചേര്‍ച്ചയില്ലായ്മയുടെ പ്രതീതിയുളവാക്കിയാല്‍ കഥയാകെ തകരും.

“ആഹ്ളാദത്തിന്റെ ഫലം വിഷാദമാണെന്നു അറിയില്ലേ?” വടക്കേയിന്ത്യയിലെ ഒരുദ്യാനത്തില്‍ സായാഹ്നവേളയില്‍ കാറ്റു കൊണ്ടിരിക്കവെ പരിചയപ്പെടാന്‍ ഇടവന്ന ഒരു മഹാരാഷ്ട്രയുവതി ഇംഗ്ളീഷില്‍ എന്നോടു ചോദിച്ചതാണ് ഈ ചോദ്യം. നാഗപ്പൂർ സര്‍വകലാശാലയില്‍ എഞ്ചിനീയറിങ്ങിനോ മറ്റോ പഠിക്കുന്ന അവൾ, ടോള്‍സ്റ്റോയിയുടെ ക്രൊയിറ്റ്സര്‍ സനാറ്റ (Kreutzer Sonata) എന്ന നോവല്‍ ഏഴാമത്തെ തവണ വായിച്ചു കൊണ്ടിരുന്ന എന്റെ അടുത്തു വന്നിരുന്നു പുസ്തകത്തിലേക്കു നോക്കിയിട്ടു സംഭാഷണം തുടങ്ങിയതാണ്. “It is an absorbing novel. Really a pleasure to read it” എന്നു ശ്രീമതി ആരംഭിച്ച സംഭാഷണം ആഹ്ളാദത്തിലേക്കും അതിന്റെ അന്തിമഫലമായ വിഷാദത്തിലേക്കും വരികയാണുണ്ടായത്. ടോള്‍സ്റ്റോയിയില്‍ നിന്ന് അവര്‍ കേട്ടിരിക്കാനിടയില്ലാത്ത ഫ്രഞ്ചെഴുത്തുകാരന്‍ റോബ് ഗ്രിയേയിലേക്കു ഞാന്‍ സംഭാഷണം മാറ്റി. പക്ഷേ എന്നെ പരാജയപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു:- “Yes. ‘The Voyeur’ by Robbe Grillet shows the consciousness of a criminal.” തുടര്‍ന്ന് എന്തെല്ലാം വിഷയങ്ങളാണ് ആ ചെറുപ്പക്കാരി അനായാസമായി കൈകാര്യം ചെയ്തത്. ശുഷ്കമായ കൈകാര്യം ചെയ്യലല്ല. ആ സന്ദര്‍ഭത്തില്‍ റോസാദലങ്ങള്‍ വിടരും, ശോഭ പ്രസരിക്കും. തേനൊഴുകും എനിക്കെവിടെ പനിനീര്‍പ്പൂവിന്റെ ഇതളുകള്‍? ധൂമ്രപാനം കൊണ്ടു കറുത്തു പോയ ചുണ്ടുകളല്ലേ എനിക്കുള്ളു. എന്റെ മന്ദസ്മിതത്തിനു തിളക്കമെവിടെ? എന്റെ വാക്കുകള്‍ക്കു തേനിന്റെ മാധുര്യമുണ്ടോ? അതു പോകട്ടെ. അവളെ പരാജയപ്പെടുത്താനുള്ള വിജ്ഞാനവും ആവിഷ്കാര സാമര്‍ത്ഥ്യവും എനിക്കില്ല. എനിക്കു ദുഃഖം തോന്നി. “ക്രൊയിറ്റ്സര്‍ സനാറ്റ” കണ്ട് അതിലെ ആദ്യത്തെ ആഹ്ളാദം വിഷാദമായി മാറുന്നുവെന്നു തോന്നിയതു കൊണ്ടാണ് ആ യുവതി ആച്ചോദ്യം എന്റെ നേര്‍ക്കെറിഞ്ഞത്. അവളുടെ വര്‍ത്തമാനം കേട്ടുണ്ടായ ആഹ്ളാദം എനിക്കു ദുഃഖകാരണമായിത്തീര്‍ന്നു. ആ ചെറുപ്പക്കാരിയുടെ ബുദ്ധിയോ ഭാവനയോ എനിക്കില്ലല്ലോ എന്ന ദുഃഖം. ടോള്‍സ്റ്റോയിയുടെ നോവല്‍ മാത്രമല്ല ബുദ്ധി കൂടിയവരോടു ബുദ്ധി കുറഞ്ഞവര്‍ സംസാരിക്കുമ്പോഴും അന്തിമഫലം വിഷാദമായിരിക്കും. “ഡോക്ടര്‍ ഷിവാഗോ” എന്ന നോവല്‍ ചവറാണെന്നു പറയുന്നവര്‍ ധാരാളം. പ്രതിഭ കൂടിയ പസ്തര്‍നക്ക് പ്രതിഭ ഇല്ലാത്തവരോടു നോവലിലൂടെ സംസാരിക്കുമ്പോള്‍ അവര്‍ക്കു ദുഃഖമുണ്ടാകും. മഹരാഷ്ട്രക്കാരിയോടു സംസാരിച്ചിട്ട് ഒന്‍പതു വര്‍ഷം കഴിഞ്ഞു. എങ്കിലും അവളുടെ സൂക്തം എന്റെ കാതിന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

സേതു

ആഹ്ളാദത്തില്‍ ആരംഭിച്ച് വിഷാദത്തിലെത്തി ഞാന്‍ കഴിഞ്ഞ ഖണ്ഡികയില്‍. ശ്രീ. സേതുവിന്റെ “ഉച്ച” എന്ന മനോഹരമായ കഥയിലാവട്ടെ വിഷാദത്തില്‍ തുടങ്ങി വിഷാദത്തില്‍ത്തന്നെ എത്തുന്നു. വെറും വിഷാദമോ? അല്ല ഉത്കടവിഷാദമാണത്. ബന്ധനസ്ഥനായ മകന്‍ നട്ടെല്ലു തകരുന്ന ജോലിയില്‍ മുഴുകിയിരിക്കുന്നത് അറിയുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന ആ കൊടും വിഷാദം ഒരുത്കടവികാരമാണ്. അതിനെ ആളിക്കത്തിക്കുന്നു മകന്‍ അമ്മയെ കാണാന്‍ വരുന്നുവെന്ന് അറിയിക്കുന്ന കുറിമാനം. അത് എത്രകണ്ടു സത്യമാണെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ. അവനോടു ബന്ധപ്പെട്ട രണ്ടു പേരുടെ പ്രവേശം അവരെ (അമ്മയെ) തളര്‍ത്തുന്നുണ്ടെങ്കിലും മകനോടുള്ള സ്നേഹം ജനിപ്പിക്കുന്ന യുക്തിക്കു ഭാഗം വരാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലുമൊന്നു കൈക്കലാക്കുവാന്‍ വേണ്ടി അദമ്യമായ ആഗ്രഹം ഉണ്ടായാല്‍ യുക്തി തെറിച്ചു പോകും. പക്ഷേ കഥയിലെ അമ്മയ്ക്ക് അതു സംഭവിക്കുന്നില്ല. അവര്‍ യാതനയ്ക്കും കനത്ത ദുഃഖത്തിനും വിധേയയായിക്കൊണ്ട് ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നു. സാര്‍വലൗകികമായ, സാര്‍വജനീനമായ ഒരുവികാരത്തെ ചില വ്യക്തികളിലേക്കു സംക്രമിപ്പിച്ച് ഒരു ശാശ്വതസത്യത്തെ തന്റേതു മാത്രമായ രീതിയില്‍ പ്രകാശിപ്പിച്ചിരിക്കുകയാണ് സേതു.

ഭാവതീക്ഷ്ണതയാണ് ഈ കഥയുടെ സവിശേഷത. ലിറിക്കില്‍ ഒരുഭാവത്തെ സാന്ദ്രതയോടെ ആവിഷ്കരിക്കുന്നു കവി. കഥാകാരനാവട്ടെ അത് സംഭവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും ബന്ധിപ്പിക്കുന്നു (ഈ ആശയം ഫിലിപ്പ് ലാര്‍ക്കിന്റേത്). പ്രതിഭ കുറഞ്ഞവര്‍ ആ പ്രക്രിയ നടത്തുമ്പോള്‍ കഥയുടെ ഭാവാത്മകത നഷ്ടപ്പെടും. സേതു പ്രതിഭാശാലിയായതു കൊണ്ട് ഭാവ

യഥാതഥമായി എന്തെങ്കിലുമെഴുതുക. എഴുതിവരുമ്പോള്‍ ‘ശ്ശേ കലയായില്ലല്ലോ’ എന്നു തോന്നലുണ്ടാവുക. അതുണ്ടായാലുടന്‍ വായനക്കാരനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഒരു ഇമേജ് കൊണ്ടുവരിക. അതിനെ ആവുന്നിടത്തോളം ഇരുട്ടില്‍ നിറുത്തുക. അനുവാചകനു പിടി കിട്ടാത്ത ഒരു തലക്കെട്ടു നല്കുക. ഇതാണ് കഥാരചനയെന്നു നമ്മുടെ ചെറുപ്പക്കാര്‍ ധരിച്ചുവച്ചിരിക്കുന്നു.

ഗാനം പോലെ ഇക്കഥ തീക്ഷ്ണത ആവഹിക്കുന്നു. വിഷാദത്തില്‍ത്തുടങ്ങി വിഷാദത്തില്‍ അവസാനം. പക്ഷേ ആ വിഷാദം കലയിലൂടെ എനിക്കു ലഭിക്കുന്നതുകൊണ്ട് ആഹ്ളാദം എന്ന ഫലപ്രാപ്തി.

ചവറ്

എനിക്ക് എസ്.കെ. പൊറ്റെക്കാട്ടിനെ അറിയാമായിരുന്നു. നേരിട്ട് അദ്ദേഹത്തെ കാണുന്നതിനു മുന്‍പ്, അദ്ദേഹം വക്കം അബ്ദുള്‍ ഖാദറിന് പതിവായി എഴുതിയിരുന്ന കത്തുകളിലൂടെയാണ് പരോക്ഷമായി പരിചയമായത്. കത്തുകളില്‍ നിന്നു കിട്ടുന്ന സ്വത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും അറിവുകള്‍ പലപ്പോഴും ശരിയായിരിക്കും. കാശ്മീരില്‍ നിന്ന് പൊറ്റെക്കാട്ട് അബ്ദുള്‍ ഖാദറിന് എഴുതിയ എഴുത്തുകള്‍ ഭാഷയുടെ ഭംഗികൊണ്ടും ആശയത്തിന്റെ ചാരുത കൊണ്ടും ഇമേജുകളുടെ സൗന്ദര്യം കൊണ്ടും എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയിരുന്നു. കാശ്മീരിലെ താഴ്‌വരകൾ വളഞ്ഞു തിരിയുന്നിടത്തു മരങ്ങള്‍ പൊക്കമാര്‍ന്നു നിൽക്കുന്നതും അവയുടെ ചുവട്ടില്‍നിന്നു സുന്ദരിപ്പെണ്‍കുട്ടികള്‍ പൊറ്റെക്കാട്ടിനെ കൌതുകത്തോടെ നോക്കുന്നതും പെട്ടെന്ന് അവരുടെ മധ്യത്തില്‍ മഞ്ഞിന്റെ തിരശ്ശീല വീഴുന്നതുമൊക്കെ അദ്ദേഹം വര്‍ണ്ണിച്ചിരുന്നത് എന്റെ ഓര്‍മ്മയില്‍ നിന്ന് ഇപ്പോഴും പോയിട്ടില്ല. പക്ഷേ ആ കത്തുകള്‍ ഇന്നു വായിച്ചാല്‍ എനിക്ക് അതേ വികാരങ്ങള്‍ ഉണ്ടാവണമെന്നില്ല. യൗവനകാല കൗതുകങ്ങള്‍ പില്ക്കാലത്തു മാറിപ്പോകും, വിരസങ്ങളായിത്തീരുകയും ചെയ്യും.

കത്തുകള്‍ വെറും പ്രകൃതിവര്‍ണ്ണനമോ വനിതാ വര്‍ണ്ണനമോ ആയാല്‍പ്പോരാ എനിക്കിന്ന്. പ്രകൃതിയും വനിതയും സങ്കീര്‍ണ്ണമായ ജീവിതത്തിനു നല്കുന്ന സന്ദേശങ്ങള്‍ എഴുത്തുകാരന്‍ എനിക്കു പകര്‍ന്നു തരണം. അല്ലാതെ ‘ആനന്ദലബ്ധിക്കിനിയെന്തു വേണം!’ എന്നു അദ്ഭുതം കൂറിയതു കൊണ്ടോ ‘കടാക്ഷശാസ്ത്ര പഠിപ്പു നേടാത്ത വിടര്‍ന്ന കണ്ണാല്‍’ അവളെന്നെ നോക്കിയെന്നു പറഞ്ഞതു കൊണ്ടോ പ്രയോജനമില്ല. ജീവിതത്തെയും സ്ഥലത്തെയും വര്‍ണ്ണിക്കുന്ന എഴുത്തുകാരന്‍ അദ്ദേഹത്തെയും എന്നെയും കൂട്ടിയിണക്കുമ്പോഴാണ് രചന ഫലപ്രദമാകുന്നത്. ഇതൊന്നും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തുന്ന, പൊറ്റെക്കാട്ടിന്റെ കത്തുകളില്‍ ഇല്ല. വാരികയുടെ മൂല്യമാര്‍ന്ന പുറങ്ങളെ നിഷ്പ്രയോജനങ്ങളാക്കി മാറ്റുന്നതേയുള്ളു ഈ ചവറുകള്‍.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങള്‍ കണ്ട ഒരു രസാവഹമായ കാഴ്ച?

മീറ്റിങ്ങിന് ഒരുമിച്ചു പോകുന്നു. രണ്ടുപേര്‍ മിണ്ടാതിരിക്കുന്നു. ഇടയ്ക്കു കൊല്ലത്തു സേവിയറില്‍ കയറുന്നു. ഓരോ പെഗ്ഗ് അകത്തു ചെല്ലുമ്പോള്‍ രണ്ടുപേരും സ്നേഹിച്ചു തുടങ്ങുന്നു. പെഗ്ഗ് കൂടുന്തോറും ‘അളിയാ’ എന്ന് അങ്ങോട്ടു മിങ്ങോട്ടും വിളിക്കുന്നു. ലഹരിയുടെ പാരമ്യത്തില്‍ അന്യോന്യം ചുംബിക്കുന്നു. പിന്നെയും ലാര്‍ജിന്മേല്‍ ലാര്‍ജാകുമ്പോള്‍ മട്ടുമാറുന്നു. ‘എടാ... മോനേ!’ തുടങ്ങിയ വിളികള്‍. ഒുടുവില്‍ നൂലു ബന്ധമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഇടിയും ചവിട്ടും. എത്രതവണയാണ് ഞാന്‍ ഇമ്മാതിരിക്കാഴ്ചകള്‍ കണ്ടിട്ടുള്ളത്!

Symbol question.svg.png ചങ്ങമ്പുഴയും കെടാംഗലം പപ്പുക്കുട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത്?

ചങ്ങമ്പുഴ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ ഭവനമാകെ അദ്ദേഹം നിറഞ്ഞുനില്ക്കുന്നുവെന്നു തോന്നും. പപ്പുക്കുട്ടി വന്നാല്‍ വന്നതായി അറിയില്ല.

Symbol question.svg.png നിങ്ങള്‍ ദുഃഖത്തോടെ പറയുന്ന വാക്കുകള്‍ വല്ലതുമുണ്ടോ?

ഞാന്‍ ജനിച്ചു എന്ന വാക്കുകള്‍.

Symbol question.svg.png എനിക്ക് അംഗീകരിക്കാവുന്ന ഒരു സൂക്തം പറയൂ?

ഞാന്‍ തനിച്ചു ജനിച്ചു. തനിച്ചു മരിക്കും. (ഈ ആശയം എന്റേതല്ല. ഡി.എച്ച്. ലോറന്‍സിന്റേതാണ്.)

Symbol question.svg.png ചങ്ങമ്പുഴക്കവിതയും ഇടപ്പള്ളിക്കവിതയും തമ്മിലുള്ള വ്യത്യാസമെന്ത്?

ചങ്ങമ്പുഴക്കവിതയില്‍നിന്നു ചങ്ങമ്പുഴ കൃഷ്ണപിള്ളയെ മനസ്സിലാക്കാനാവില്ല. ഇടപ്പള്ളിക്കവിതയില്‍നിന്ന് ഇടപ്പള്ളി രാഘവന്‍ പിള്ളയെ മനസ്സിലാക്കാം.

Symbol question.svg.png ആരുടെയെല്ലാം പ്രേമം സഹിക്കാം?

വണ്ണം വളരെക്കൂടിയ സ്ത്രീയുടെ ശൃംഗാരം സഹിക്കാനാവില്ല. അവളുടെ പ്രേമവും അതു പോലെ.

Symbol question.svg.png സ്ത്രീകളെ നിന്ദിക്കുന്ന നിങ്ങള്‍ ഒരുകാര്യം മനസ്സിലാക്കണം. യേശുക്രിസ്തുവിനെ ചതിച്ചത് സ്ത്രീയല്ല എന്ന്.

[പ്രശസ്തയായ ഒരുകഥയെഴുത്തുകാരിയുടെ കത്തില്‍നിന്ന്. പേരുപറയുന്നതു മര്യാദയല്ല; കത്തിലെ മര്യാദകേട് അത്രയ്ക്കുണ്ടെങ്കിലും.]
ഞാന്‍ സ്ത്രീകളെ നിന്ദിക്കാറില്ല. എനിക്ക് അവരോടു ബഹുമാനമേയുള്ളു. പിന്നെ യേശുവിനെ ചതിച്ചതു സ്ത്രീയല്ലെങ്കിലും രാജീവ് ഗാന്ധിയെ വധിച്ചത് പുരുഷനല്ലായിരുന്നുവെന്ന് ശ്രീമതി ഓര്‍മ്മിക്കണം. അതും ഒരുസ്ത്രീയോ? എത്രയോ സ്ത്രീകള്‍.

Symbol question.svg.png നിങ്ങള്‍ക്ക് എങ്ങനെ മരിക്കണം?

വഴിയില്‍ വീണ്, ഇടിമിന്നലേറ്റ്, ഭീകരന്മാരുടെ വെടിയേറ്റ്, തീവണ്ടിയുടെ അടിയില്‍ അകപ്പെട്ട് ചതഞ്ഞരഞ്ഞ് ഒക്കെ മരിക്കാന്‍ സന്നദ്ധന്‍. പക്ഷേ ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ വയ്യ.

പാറ്റേണ്‍

വായനക്കാരെ ചലനം കൊള്ളിക്കുകയും ഉദാത്തമണ്ഡലത്തിലേക്കു പ്രവേശിപ്പിക്കുകയും അവര്‍ക്കു ജീവിതമാര്‍ഗ്ഗം എന്തെന്നു കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത് (ഓബ്രി മേനന്റെ ‘The Space Within the Heart’). ജീവിതത്തിന്റെ സ്പന്ദം ഇതിലെ ഓരോ വാക്യത്തിലുമുണ്ട്. ആര്‍ജ്ജവത്തിന്റെ തിളക്കം എങ്ങും.

പണ്ടു പീരുമേട്ടിനടുത്തുള്ള മാട്ടുപ്പെട്ടി എന്ന കാട്ടുപ്രദേശത്ത് ഞാനൊരു സമ്മേളനത്തിനു പോയി. ജീവിതത്തിലെ വലിയ ദൗര്‍ഭാഗ്യങ്ങളില്‍ ഒന്നായിരുന്നു അത്. ഭീമാകാരമാര്‍ന്ന കാളയെക്കൊണ്ട് പശുവിനെ സമാക്രമിപ്പിക്കുക, പശു ഒഴിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി തടികൊണ്ടുള്ള ഒരു മുക്കോണില്‍ നേരത്തേ അതിനെ കയറ്റി നിറുത്തുക, എന്നിട്ടു ആനയോളം വലിപ്പമുള്ള കാളയെ അതിന്റെ അടുത്തു കൊണ്ടു ചെല്ലുക, അച്ചടിക്കാന്‍ വയ്യാത്ത വൈകൃതത്വം പ്രദര്‍ശിപ്പിച്ചുകൊണ്ട് ആ മൃഗം ജന്മവാസന പ്രകടിപ്പിക്കുക ഇവയെല്ലാം മാന്യന്മാരുടെ മുന്‍പില്‍ വച്ചു നടന്നു. മാന്യന്മാരുടെ മാന്യത ഉളവാക്കിയ ഒരു പാറ്റേണിനെ തകര്‍ത്തു കാളയെ കയറൂരിവിടലും അതിനുശേഷമുള്ള അതിന്റെ ആഭാസപ്രവൃത്തികളും.

അകലെ മലനിരകള്‍, അവയ്ക്കുതാഴെ കാടുകള്‍, കൃത്രിമോദ്യാനങ്ങളും സ്വാഭാവികോദ്യാനങ്ങളും. മന്ദഗതിയാര്‍ന്ന കാറ്റ്, നേരിയ ശൈത്യം, ഇങ്ങനെ പ്രശാന്തിയരുളുന്ന അന്തരീക്ഷത്തില്‍ ഒരു കിഴവന്‍ കാളയെ കൊണ്ടുനിറുത്തി ഒരാള്‍. പ്രയോജനശൂന്യമായ മൃഗത്തെ അവര്‍ ഇല്ലാതാക്കുന്നതെങ്ങനെയെന്ന് അതിഥികളെ ധരിപ്പിക്കുകയായിരുന്നു അയാള്‍. കാളയുടെ മുഖം ഒരു കെണിയിലാക്കിയിട്ട് കൈത്തോക്കിന്റെ രീതിയിലുള്ള ഒരു മാരകായുധം അതിന്റെ കണ്ണുകള്‍ക്കു നടുവിലമര്‍ത്തി അയാള്‍ കാഞ്ചി വലിച്ചു. ഒരു നേരിയ ശബ്ദം. കാള ‘നാലുകാലും പറിച്ച്’ ചത്തു മലര്‍ന്നു. ദയാപൂര്‍വം. ഉപയോഗമില്ലാത്ത മൃഗത്തെ കൊല്ലുന്ന രീതിയാണ് അതെന്ന് എന്റെ അടുത്തു നിന്ന ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു. ഞാന്‍ വിചാരിച്ചു:- “ഞാന്‍ പ്രയോജന­മില്ലാത്തവനായി­ത്തീരുമ്പോള്‍ ആരെങ്കിലും എന്റെ നെറ്റിയില്‍ ഇങ്ങനെ മാരകായുധം അമര്‍ത്തി കാഞ്ചി വലിച്ചാലോ?” കാനനരാശിയുടെ ആകര്‍ഷകമായ പാറ്റേണിന് ഭംഗംവരുത്തി ഈ കാളക്കൊലപാതകം.

അതുകഴിഞ്ഞ് കാപ്പികുടി. അദ്ധ്യക്ഷനായ മന്ത്രി ശ്രീ. വക്കം പുരുഷോത്തമന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. വിളമ്പുന്ന ഒരു തടിയന്‍ തമിഴന്‍, മന്ത്രിയുടെ പ്ളേറ്റില്‍ മാത്രമേ ഭക്ഷണസാധനങ്ങള്‍ വയ്ക്കൂ. എന്റെ മുന്‍പിലിരുന്ന പ്ളേറ്റില്‍ ഒന്നും വയ്ക്കില്ല. ഞാന്‍ ഒഴിഞ്ഞ പിഞ്ഞാണവുമായി ഇരുന്നു. വക്കം പുരുഷോത്തമന്‍ യാദൃച്ഛികമായി അതു കണ്ടപ്പോള്‍ വിളമ്പുകാരനോട് “നിങ്ങള്‍ അതിലൊന്നും വച്ചില്ലല്ലോ” എന്നു പറഞ്ഞതു കൊണ്ട് എനിക്ക് ഒരു കഷണം റൊട്ടി കിട്ടി. റ്റീപ്പാര്‍ട്ടിയുടെ ആകര്‍ഷകമായ പാറ്റേണില്‍ ഒരു തമിഴന്‍ പാറ്റേണ്‍ ഭംഗം ഉണ്ടാക്കി.

സമ്മേളനമായി, സാഹിത്യസംസ്കാരവുമായി ഒരു ബന്ധവുമില്ലാത്ത കുറെ തൊഴിലാളികള്‍. മലയാളം അറിഞ്ഞുകൂടാത്ത തമിഴരും തെലുങ്കരും കന്നടക്കാരും. പിന്നെ ദേവികുളത്തെയും മൂന്നാറ്റിലെയും എസ്റ്റേറ്റുകളില്‍ ജോലി നോക്കുന്ന കുറെ സായ്പന്മാര്‍ എത്ര അടിസ്ഥാന­പരങ്ങളായ കാര്യങ്ങള്‍ എത്ര ലളിതമായി ഏതു ഭാഷയില്‍ പറഞ്ഞാലും മനസ്സിലാക്കാന്‍ കഴിയാത്ത സദസ്സ്. അവിടെ എന്റെ സാഹിത്യ പ്രഭാഷണം. പാറ്റേണില്ലായ്മയില്‍ പാറ്റേണ്‍ ഭംഗം. പ്രസംഗം കഴിഞ്ഞയുടനെ വൈക്കത്തു­കാരനായ ഒരു പയ്യന്‍ കയറി എന്നെ കുറെ തെറി വിളിക്കല്‍. കരുതിക്കൂട്ടി ഏര്‍പ്പാടു ചെയ്തതാണ് അതെന്നു പിന്നീടു മനസ്സിലായി എനിക്ക്. ആ പയ്യന്റെ ഉപാലംഭം അത്ര ശരിയായില്ലെന്നു വക്കം പുരുഷോത്തമന്‍ ഉപസംഹാര­പ്രസംഗത്തില്‍ സൂചിപ്പിച്ചതു മാത്രമേ എനിക്ക് ആശ്വാസ­ദായകമായുള്ളു. ഇങ്ങനെ എത്രയെത്ര പാറ്റേണുകളും പാറ്റേണ്‍ ഭംഗങ്ങളും!

ചെറുകഥയ്ക്കുമുണ്ട് പാറ്റേണ്‍ അതില്‍ (കഥയില്‍) കൊച്ചുകൊച്ചു ഭാഗങ്ങള്‍ പലതും കാണുമല്ലോ. ഓരോ ഭാഗത്തിനും മറ്റുഭാഗങ്ങളോട് ഐക്യം ഉണ്ടായിരിക്കണം. അവയെല്ലാം ചേര്‍ന്നു സാകല്യാ­വസ്ഥയില്‍ ഒരു പാറ്റേണുണ്ടാകും. ചെറിയ ഭാഗങ്ങളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ച്ചയില്ലായ്മയുടെ പ്രതീതി­യുളവാക്കിയാല്‍ കഥയാകെ തകരും. ഈ തകര്‍ച്ചയ്ക്കു നിദര്‍ശകമാണ് ശ്രീ. സോക്രട്ടീസ് വാലത്തിന്റെ “പാഴ്മരക്കൊമ്പിലെ കാക്ക” എന്ന ചെറുകഥ (കലാകൗമുദി). അച്ഛനും മകളും മകനും. ദാരിദ്ര്യത്തിന്റെ ഉടലെടുത്ത രൂപങ്ങളാണ് അവര്‍. കൂടക്കൂടെ വീടുകള്‍ മാറാന്‍ നിര്‍ബ്ബദ്ധരായ അവര്‍ ഒരു ശവപ്പറമ്പിന്റെ അടുത്ത് എത്തി പാര്‍ക്കാനായി. അതുവരെ കഥയ്ക്കു പാറ്റേണുണ്ട്. അപ്പോള്‍ കയറിവരുന്നു ഒരുരൂപം. ദുര്‍ഗ്രഹതയാര്‍ന്ന ആരൂപം — അത് ഏതിന്റെയോ പ്രതീകമാവാം — യഥാതഥമായ ആഖ്യാനത്തിന്റെ ഐക്യം തകര്‍ക്കുന്നു. യഥാതഥമായി എന്തെങ്കിലുമെഴുതുക. എഴുതിവരുമ്പോള്‍ ‘ശ്ശേ കലയായില്ലല്ലോ’ എന്ന തോന്നലുണ്ടാവുക. അതുണ്ടായാലുടന്‍ വായനക്കാരനു ചിന്താക്കുഴപ്പ­മുണ്ടാക്കുന്ന ഒരു ഇമേജ് കൊണ്ടുവരിക. അതിനെ ആവുന്നിടത്തോളം ഇരുട്ടില്‍ നിറുത്തുക. അനുവാചകനു പിടികിട്ടാത്ത ഒരു തലക്കെട്ടു നല്കുക. ഇതാണ് കഥാരചനയെന്നു നമ്മുടെ ചെറുപ്പക്കാര്‍ ധരിച്ചു വച്ചിരിക്കുന്നു. നടുക്ക് ഒരു വലിയ നിലവിളക്കു പല തിരികളിട്ടു കത്തിച്ചു വച്ചിരിക്കുന്നു. ചുറ്റും കത്തിച്ചുവച്ച കൊച്ചു നിലവിളക്കുകള്‍, ചെറിയ വിളക്കുകള്‍ വലിയ വിളക്കിനും വലിയ വിളക്കു ചെറിയ വിളക്കുകള്‍ക്കും വെളിച്ചം നല്കുന്നുണ്ട്. എന്നാല്‍ ചെറിയ വിളക്കുകളുടെ കൂട്ടത്തില്‍ മണ്ണെണ്ണ ചിമ്നി കത്താതെ ഇരുന്നാലോ? എല്ലാം തകരില്ലേ? അതാണ് ഈ കഥയില്‍ സംഭവിച്ചിരിക്കുന്നത്.

ഇപ്പോള്‍ തോന്നുന്നത്

ജീവിതത്തെയും സ്ഥലത്തെയും വര്‍ണ്ണിക്കുന്ന എഴുത്തുകാരന്‍ അദ്ദേഹത്തെയും എന്നെയും കൂട്ടിയിണക്കുമ്പോഴാണ് രചന ഫലപ്രദമാകുന്നത്.

  1. ഏതോ നവാബ് ശതാബ്ദങ്ങള്‍ക്കു മുന്‍പു കെട്ടിയ കോട്ട ഇന്നും ഇവിടെ പരിരക്ഷിപ്പെടുന്നു. ശിവജിയുടെ ആക്രമണം ഭയന്നാണത്രേ ആകോട്ട നിര്‍മ്മിക്കപ്പെട്ടത്. അതിന്റെ തുറന്ന വാതിലിലൂടെ ഞാന്‍ പട്ടണത്തിന്റെ ഉള്ളിലേക്കു കടന്നു. പട്ടണമെന്നു പറഞ്ഞെങ്കിലും ഒരു കടപോലുമില്ല. തികഞ്ഞ ശൂന്യത. നവീന മലയാള­സാഹിത്യ­ത്തിലേക്കു കടന്ന പ്രതീതി.
  2. എം.സി. ജോസഫ് സഹജാവബോധത്തെ നിന്ദിച്ചിട്ട് യുക്തിയെ മാത്രം അവലംബിച്ചു എന്ന അര്‍ത്ഥത്തില്‍ പ്രഫെസര്‍ എം.കെ. സാനു കുങ്കുമം വാരികയില്‍ എഴുതിയിരിക്കുന്നു. സഹജാവബോധവും (intuition) സത്യദര്‍ശനത്തിനുള്ള മാര്‍ഗ്ഗമാണെന്ന് ബര്‍ട്രഡന്‍ഡ് റസ്സല്‍ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. വലിയ ഇടിവെട്ടുമ്പോള്‍ മൂച്ചുപെരുക്കി ‘ബൈ സെപ്സ്’ മാംസപേശി കൈമടക്കി വലുതാക്കിക്കൊണ്ടു ഗുസ്തിക്കാരന്‍ മിന്നലിനെ നേരിടാന്‍ നില്ക്കുന്നതുപോലുണ്ട് എം.സി. ജോസഫിന്റെ നില. ഒരുവ്യത്യാസമേയുള്ളു അവര്‍ക്കു തമ്മില്‍. ഗുസ്തിക്കാരന്‍ ലങ്കോട്ടി മാത്രം ധരിച്ചിരിക്കുന്നു. എം.സി. പൂര്‍ണ്ണമായും വസ്ത്രധാരണം നിര്‍വഹിച്ചിരിക്കുന്നു.
  3. വരാപ്പുഴ പൊലിസ് സ്റ്റേഷനടുത്താണ് ഞാന്‍ 1938 ല്‍ താമസിച്ചിരുന്നത്. ഒരു ദിവസം കാലത്ത് സ്റ്റേഷന്റെ മുന്‍വശത്തു ചെന്നപ്പോള്‍ ഇരുമ്പഴികള്‍ക്ക് അകത്തു കിടക്കുന്ന തടവുപുള്ളികള്‍­ക്കുള്ള പ്രഭാതഭക്ഷണം കണ്‍സ്റ്റബിള്‍ തറയുടെയും അഴികളുടെയും ഇടയിലുള്ള വിടവിലൂടെ തള്ളി അകത്തേക്ക് ആക്കിക്കൊടുക്കുന്നതു കണ്ടു. അക്കാഴ്ച അന്നൊരു വിചാരവും ജനിപ്പിച്ചില്ല. ഇന്നിങ്ങനെ തോന്നുന്നു. “ആധുനികോത്തര” സാഹിത്യാചാര്യന്മാര്‍ തങ്ങളുടെ കുഞ്ഞാടുകളുടെ ബുദ്ധി വികസിക്കുന്നതിനുവേണ്ടി സ്വന്തം പുസ്തകങ്ങള്‍ രഹസ്യമായി ഏല്പിക്കുമ്പോലെയാണ് അതെന്ന്.
  4. ഒരുമാസം കഴിഞ്ഞേ താനെത്തുകയുള്ളു എന്നു ഭാര്യയോടു പറഞ്ഞിട്ട് മറുനാട്ടിലേക്കു പോയ ഭര്‍ത്താവ് ഒരാഴ്ച കഴിഞ്ഞോ അതിനു മുന്‍പോ പെട്ടെന്നു വീട്ടില്‍ വന്നുകയറിയാല്‍ അവള്‍ക്ക് എന്തൊരാഹ്ളാദ­മായിരിക്കും! മീലാന്‍ കുന്ദേരയുടെ പുതിയ നോവല്‍ ഇംഗ്ളണ്ടിലും അമേരിക്കയിലു­മൊക്കെ വാങ്ങാന്‍ കിട്ടുന്നത് ഒരു വര്‍ഷം കഴിഞ്ഞേ കേരളത്തിലെ­ത്തുകയുള്ളു എന്ന് ഇവിടത്തെ വായനക്കാരന്‍ വിചാരിക്കുന്നു. എന്നാല്‍ അയാള്‍ നാളെ കാലത്ത് പുസതകക്കടയില്‍ ചെല്ലുമ്പോള്‍ ആ നോവലിരിക്കുന്നതു കണ്ടാല്‍ ഭര്‍ത്തൃ­ദര്‍ശനത്തില്‍ ഭാര്യയ്ക്കുണ്ടായ ആഹ്ളാദത്തെക്കാള്‍ വലിയ ആഹ്ളാദമാകും വായനക്കാരന് ഉണ്ടാവുക.

കുട്ടിയുടെ കഥ

എനിക്കു കുട്ടികളുടെ ചിത്രകല ഇ‍ഷ്ടമല്ല. അവര്‍ ഭാവനയുള്ളവ­രാണെന്നു സമ്മതിക്കുന്നു. പക്ഷേ ഈ ഭാവനാശക്തിക്കു ചിന്തയോടു ചേര്‍ന്നുണ്ടാകുന്ന ദാര്‍ഢ്യം കൈവരാറില്ല. തിരയിളകുന്ന കുളത്തെ നോക്കി നാലോ അഞ്ചോ വയസ്സുള്ള കുട്ടി കുളം എന്നെ നോക്കി ചിരിക്കുന്നുവെന്നു പറയുമായിരിക്കും. ഈ പ്രസ്താവത്തില്‍ ഭാവനയുണ്ടെങ്കിലും.

An old silent pond.
Into the pond
A frog jumps,
Splash! Silence again.

എന്ന ജാപ്പനീസ് കവിത കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ളാദം അത് ജനിപ്പിക്കുന്നില്ല. കാരണം തിരയുടെ ചലനത്തെ കുട്ടിക്കു മാത്രം കഴിയുന്ന മട്ടില്‍ അത് (കുട്ടി) ആവിഷ്കരിച്ചു എന്നതാണ്. എന്നാല്‍ ജാപ്പനീസ് കവിയാകട്ടെ ചിന്തയോടു അതിനെ ബന്ധപ്പെടുത്തി ഒരന്യാദൃശയമായ അനുഭവമായി പ്രകാശിപ്പിക്കുകയാണ്. കുളം എന്നെ നോക്കി ചിരിച്ചു എന്നു പറയുന്ന കുട്ടി അവനു പ്രായപൂര്‍ത്തിയാവുമ്പോള്‍ ജാപ്പനീസ് കവിതയെ അതിശയിക്കുന്ന കവിത എഴുതുമായിരിക്കും. അതു കാര്യം വേറെ.

നമ്മുടെ ചില കഥാകാരന്മാര്‍ കുട്ടികളെപ്പോലെയാണ്. പ്രായമേറെയുണ്ടെങ്കിലും കുളം എന്നെ നോക്കി ചിരിച്ചു എന്നു മാത്രമേ അവര്‍ക്കു പറയാനാവൂ. കുങ്കുമം വാരികയില്‍ പതിവായി കഥയെഴുതുന്ന ശ്രീ.വേണുനമ്പ്യാര്‍ ആ വിധത്തിലൊരു കുട്ടിയാണ്. ഈ ആഴ്ചയില്‍ അദ്ദേഹം എഴുതിയ ‘സങ്കീര്‍ത്തനം’ എന്ന കഥയും ഒരു ബാലരചന മാത്രമാണ്. ഏതുവിധത്തില്‍ ബാലിശം എന്നറിയണമെങ്കില്‍ വായനക്കാര്‍ കഥതന്നെ വായിച്ചുനോക്കണം. വേണു നമ്പ്യാരുടെ ശരീരത്തിനു വളര്‍ച്ചയുണ്ടായിയെങ്കിലും അതിന് അനുസരിച്ചു മനസ്സു വളര്‍ന്നില്ല.

ചേതോഹരമായ ആത്മകഥ

ഞാന്‍ വായിച്ച ആത്മകഥകളില്‍ മഹനീയങ്ങള്‍ എന്നു വിശഷിപ്പിക്കാവുന്നവ: ക്ളോദ് ലേവി സ്റ്റ്രോസിന്റെ “ത്രീസ്തേ ത്രോപികേ” (Claude Levi–Strauss — “Trieste Tropiques”), റൂസോയുടെ “The Confessions”, ഷാതോ ബ്രീയാങ്ങിന്റെ “The Memoirs” (Chateaubriand), കാസാന്‍ദ്സാക്കീസിന്റെ “Report to Greco” (ഫിക്ഷനാണെന്നു ചിലര്‍, ആ മതം ശരിയല്ല), ബെന്‍വെനൂറ്റോ ചെല്ലിനിയുടെ “The Autobiography” (Benvenuto Cellini), ആങ്ന്ദ്രേ മല്‍റോയുടെ (Andre Malraux) “Anti-Memoirs” എന്നതും മഹനീയമാണ്. മഹത്ത്വമാര്‍ന്നതല്ലെങ്കിലും ചേതോഹരമാണ് കാര്‍ലോ ലേവിയുടെ (Carlo Levi) “Christ Stopped at Eboli” എന്ന ആത്മകഥ. ഇതിനെക്കാള്‍ സുന്ദരമാണ് ഓബ്രി മേനന്റെ “The Space Within the Heart” (Penguin Books, 1991, Rs.60).

The Space Within the Heart, It is All Right ഇങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ ആത്മകഥയില്‍. ഐറിഷ് അമ്മയും മലയാളിയായ അച്ഛനുമുള്ള മേനന്‍ ആത്മതയെ (identity) കണ്ടെത്തുന്നതാണ് ഒന്നാംഭാഗത്തിലെ പ്രതിപാദ്യം. രണ്ടാമത്തെ ഭാഗം അര്‍ബ്ബുദം പിടിച്ച് (വായിലെ ക്യാന്‍സര്‍) മരണത്തോട് അടുത്ത മേനന്‍ അതിനെ എങ്ങനെ ശാന്തതയോടെ കണ്ടു എന്നു സ്പഷ്ടമാക്കുന്നു. അതു വായിച്ചു തീരുമ്പോള്‍ മരണത്തിന് അഭിമുഖീഭവിച്ചു നില്ക്കേണ്ടതെങ്ങനെയെന്നു നമുക്കു ഗ്രഹിക്കാന്‍ കഴിയും. പ്രതിഭാശാലിയും മഹാനുമായ ആളിനു മാത്രമേ മരണത്തെ ഇങ്ങനെ നോക്കാന്‍ കഴിയൂ; ഇങ്ങനെ അതിനെ വര്‍ണ്ണിക്കാന്‍ കഴിയൂ. എന്തൊരു സമചിത്തത! എന്തൊരു ഉജ്ജ്വലത! ഉപനിഷത്തുകള്‍ വായിച്ച് സത്തയുടെ കേന്ദ്രം കണ്ടെത്തിയ മേനന്‍ (ആ കേന്ദ്രത്തെയാണ് the space within the heart എന്ന് അദ്ദേഹം വിളിക്കുന്നത്) മരണം തന്നെ ഗ്രസിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ ഡാന്റേയുടെ ഡിവൈന്‍ കോമഡി, കഠോപനിഷത്ത്, St Augustine -ന്റെ City of God, ഗിബണ്‍ എഴുതിയ കത്തുകള്‍, ഇവയെയെല്ലാം ശരണം പ്രാപിച്ചു. ഈ പുസ്തകങ്ങളെല്ലാം അദ്ദേഹത്തിനു കൊണ്ടുകൊടുത്തത് തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഉദ്യോഗസ്ഥയായ ശ്രീമതി മേരി മാണി. ആ യുവതിയെക്കുറിച്ച് മേനന്‍ പറയുന്ന നല്ല വാക്കുകള്‍ കേട്ടാലും: The problem was solved by the charming young assistant librarian, Mary Mani, who maintained her remarkable good looks amid all the dust, holding that she actually liked finding books. തന്നെ ചികിത്സിച്ച ക്യാന്‍സര്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍ എം. കൃഷ്ണന്‍ നായരെക്കുറിച്ചും പുസ്തകങ്ങള്‍ കിട്ടാന്‍ സഹായിച്ച യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ശ്രീ. ജോണിനെക്കുറിച്ചും മേനന്‍ പറയുന്ന നല്ല വാക്കുകള്‍ അദ്ദേഹത്തിന്റെ വിശുദ്ധിയാര്‍ന്ന മാനസിക­മണ്ഡലത്തെയാണ് പ്രത്യക്ഷമാക്കുന്നത്. മേരി മാണിയെയും ജോണിനെയും ഡോക്ടര്‍ കൃഷ്ണന്‍ നായരെയും വിശിഷ്ടമായ ആത്മകഥയിലൂടെ അദ്ദേഹം immortalise ചെയ്തിരിക്കുന്നു — ശാശ്വത­യശസ്വികളാക്കി­യിരിക്കുന്നു. അവര്‍ക്കു വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ ആത്മാവിനോടു നന്ദി പറയുന്നു.

ലിറിക്കില്‍ ഒരു ഭാവത്തെ സാന്ദ്രതയോടെ ആവിഷ്കരിക്കുന്നു കവി. കഥാകാരനാവട്ടെ അത് സംഭവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും ബന്ധിപ്പിക്കുന്നു (ഈ ആശയം ഫിലിപ്പ് ലാര്‍ക്കിന്റേത്). പ്രതിഭ കുറഞ്ഞവര്‍ ആ പ്രക്രിയ നടത്തുമ്പോള്‍ കഥയുടെ ഭാവാത്മകത നഷ്ടപ്പെടും.

വായനക്കാരെ ചലനം കൊള്ളിക്കുകയും ഉദാത്ത­മണ്ഡലത്തിലേക്കു പ്രവേശിപ്പിക്കുകയും അവര്‍ക്കു ജീവിതമാര്‍ഗ്ഗം എന്തെന്നു കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്. ജീവിതത്തിന്റെ സ്പന്ദം ഇതിലെ ഓരോ വാക്യത്തിലുമുണ്ട്. ആര്‍ജ്ജവത്തിന്റെ തിളക്കം എങ്ങും. സര്‍വോപരി, വിശുദ്ധിയുടെ പരകോടിയിലെത്തിയ ഒരു മഹാന്റെ നിഷ്കളങ്കങ്ങളായ പ്രസ്താവങ്ങളും. ഇന്ത്യന്‍ പെന്‍ഗ്വിന്‍ ബുക്ക്സ് ഒടുവില്‍ ഒരുനല്ല പുസ്തകം പ്രസാധനം ചെയ്തല്ലോ. അഭിനന്ദനം.

ദൗര്‍ഭാഗ്യം

ഒരുദിവസം കാലത്ത് ഇലക്ട്രിസിറ്റി ബോര്‍ഡിലെ സമുന്നതരായ ചില ഉദ്യോഗസ്ഥന്മാര്‍ എന്റെ വീട്ടിലെത്തി “കറന്റ് കൂടക്കൂടെ ഇല്ലാതാവുന്നോ” എന്നു ചോദിച്ചു. അവരുടെ ആഗമനം എന്നെ അമ്പരപ്പിച്ചു. അപ്പോള്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു: “ഞങ്ങളുടെ മേലുദ്യോഗസ്ഥന്‍ ശ്രീ. കാളീശ്വരന്‍ ഹൃദ്രോഗബാധയാല്‍ ആശുപത്രിയില്‍ കിടക്കുകയാണ്. അദ്ദേഹം അവിടെ കിടന്നു കൊണ്ടു ‘സാഹിത്യ­വാരഫലം’ വായിച്ചപ്പോള്‍ താങ്കളുടെ ഒരു പ്രസ്താവം കണ്ടു. “നാഴികയ്ക്ക് അഞ്ഞൂറു വട്ടം കറന്റ് പോകുന്ന തിരുവനന്തപുരം എന്ന ഈ പട്ടിക്കാട്ടില്‍...” അതു വായിച്ചയുടനെ കാളീശ്വരന്‍ ഞങ്ങളെ വിളിച്ചു അന്വേഷിച്ചിട്ടു വരാന്‍ ആജ്ഞാപിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഉദ്യോഗസ്ഥന്മാരുടെ ആ വാക്കുകള്‍ കേട്ട് നീതിതല്‍പരരായ കാളീശ്വരനോടും അന്വേഷണത്തിനു വന്ന അവരോടും എനിക്കു സ്നേഹബഹു­മാനങ്ങള്‍ ഉണ്ടായി. കാളീശ്വരനെ­പ്പോലെയുള്ള ഉദ്യോഗസ്ഥന്മാര്‍ എങ്ങും ഉണ്ടായെങ്കില്‍ ലോകം സ്വര്‍ഗ്ഗമായേനെ എന്നു ഞാന്‍ വിചാരിച്ചു. ഇപ്പോള്‍ അതേ സ്നേഹവും ബഹുമാനവും എനിക്കു ശ്രീ.ടി.എന്‍. ജയചന്ദ്രനോടും (ചീഫ് എലക്ട്രല്‍ ഓഫീസര്‍) തോന്നുന്നു. എന്റെയും വീട്ടിലുള്ളവരുടെയും അയല്‍ക്കാരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ എനിക്കും മറ്റുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല എന്നു സാഹിത്യ­വാരഫലത്തില്‍ എഴുതിയതിന് അദ്ദേഹം എനിക്കു കത്ത് അയച്ചിരിക്കുന്നു. എന്റെ ലേഖനം വായിച്ചതിന് അദ്ദേഹത്തോടു നന്ദി പറയുന്നു; കത്തയച്ചതിനും നന്ദി.

136 തിരുവനന്തപുരം ഈസ്റ്റ് അസംബ്ളി നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ മൂന്നാം ഭാഗത്തില്‍ ശാസ്തമംഗലം വാര്‍ഡില്‍ എന്റെയും സഹധര്‍മ്മിണിയുടെയും പേരുകള്‍ ഉള്‍പ്പെടുത്തി­യിട്ടുണ്ടെന്നും സത്യമതായിരിക്കെ അസത്യസൂചകമായ പരസ്യ­പ്രസ്താവം നടത്തിയതു നിര്‍ഭാഗ്യ­കരമായി­പ്പോയിയെന്നും ജയചന്ദ്രന്‍ അവര്‍കള്‍ അറിയിച്ചിരിക്കുന്നു. വോട്ടര്‍ പട്ടികയുടെ പ്രസക്തഭാഗവും അദ്ദേഹം അയച്ചിട്ടുണ്ട്.

പട്ടികയുടെ പ്രസക്തഭാഗത്തില്‍ രണ്ടു പേരുകളുമുണ്ട്. പക്ഷേ അത് മൂന്നു കൊല്ലം മുന്‍പ് ഞാന്‍ ജവഹര്‍ ലെയ്നിലെ ഒരു വാടക­ക്കെട്ടിടത്തില്‍ താമസിച്ചിരു­ന്നപ്പോള്‍ ഉണ്ടാക്കിയ ഒരു ലിസ്റ്റിന്റെ ഭാഗമാണ്. ഇപ്പോള്‍ താമസിക്കുന്ന വീടും പണ്ടത്തെ വാടക­ക്കെട്ടിടവും തമ്മിലുള്ള ദൂരം കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ വരും. ഈ രണ്ടു വീട്ടില്‍ താമസമായിട്ടു രണ്ടു കൊല്ലമാകാന്‍ പോകുന്നു. ഒരാന്റിഡിലുവിയന്‍ ലിസ്റ്റില്‍ പേരുകളുണ്ടെന്ന് ഞാന്‍ തിരഞ്ഞെടുപ്പിനു മുന്‍പ് മനസ്സിലാക്കുന്ന­തെങ്ങനെ? വസ്തുത പ്രകടമാണ്. ഇന്യൂമെറെയ്ഷന്‍ നടത്തിയ ആളുകള്‍ എന്റെ വീട്ടില്‍ വന്നില്ല. എന്റെ വീട്ടില്‍ മാത്രമല്ല, അടുത്തുള്ള വീടുകളിലും പോയില്ല. എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ പി.ഡബ്ള്‍യു.ഡി യിലെ ഒരുദ്യോഗസ്ഥനും കുടുംബവും; അതിനപ്പുറത്ത് ചീഫ് എഞ്ചിനീയറാ­യിരുന്ന ശ്രീ. മുസ്തഫ. അവരാരും ലിസ്റ്റില്‍ ഉള്ളവരല്ല. വേറെയും പല വീട്ടുകാരുമുണ്ട് ലിസ്റ്റില്‍ വരാത്തവരായി. തിരഞ്ഞെടുപ്പു സമയത്ത് ശ്രീ. കെ. രാമന്‍പിള്ളയും അദ്ദേഹത്തെ­പ്പോലുള്ള സമുന്നത നേതാക്കന്മാരും ദയാപൂര്‍വം എന്റെ വീട്ടില്‍ വരികയുണ്ടായി. ലിസ്റ്റില്‍ പേരുകളില്ലെന്നു തോന്നുന്നുവെന്ന് ഞാനവരെ അറിയിച്ചപ്പോള്‍ ഇങ്ങനെ പല സ്ഥലത്തും സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

സത്യം ഇതായിരിക്കെ ജയചന്ദ്രന്‍ ഭാഗികവീക്ഷണം നടത്തി കത്തയച്ചത് എന്റെ ദൗര്‍ഭാഗ്യം കൊണ്ടു തന്നെയാണ്. ദോഷങ്ങള്‍ മാത്രം കാണാന്‍ പലരുമുള്ളപ്പോള്‍ താന്‍ സാഹിത്യ സൃഷ്ടികളിലെ ഗുണങ്ങള്‍ മാത്രം കാണുക­യാണെന്ന് മുന്‍പ് അദ്ദേഹം പ്രസംഗിച്ചത് സഭാവേദി­യിലിരുന്ന ഞാന്‍ കേട്ടു. സാഹിത്യത്തിലായാലും വ്യക്തിയുടെ പരാതിയിലായാലും തിരഞ്ഞെടുപ്പിനെ­സ്സംബന്ധിച്ച എഴുത്തുകുത്തു­കളിലായാലും രണ്ടുവശങ്ങളും കാണുന്നതാണ് നല്ലത്.

* * *

എനിക്കു തീരെക്കൊതിയില്ലാത്തതു പണത്തിനാണ്. എങ്കിലും പുസ്തകങ്ങള്‍ വാങ്ങിക്കാനായി ഞാന്‍ പ്രസാധകരെയും പത്രാധിപന്മാരെയും പണത്തിനായി ശല്യംചെയ്യാറുണ്ട്. ഒരുദിവസം കേശവദേവിനോ­ടൊരുമിച്ച് ഒരിടത്തു സമ്മേളനത്തിനു പോയി. അതുകഴിഞ്ഞ് ഒരാറ്റിന്‍തീരത്തു ചെന്നു നിന്നപ്പോള്‍ “സാര്‍ ഇവിടം കഴിച്ചാല്‍ രത്നം കിട്ടും” എന്ന് ഒരാള്‍ പറഞ്ഞു. രത്നങ്ങള്‍ പറമ്പുകളിലും നദീതീരങ്ങളിലും കിടക്കുന്നുവെന്നു വാര്‍ത്ത പ്രചരിച്ച കാലം. ആരോ മണ്‍വെട്ടി കൊണ്ടുവന്ന് കുഴികുഴിച്ചു. കിട്ടിയതു കുപ്പിച്ചില്ലുകള്‍ മാത്രം. ഞാന്‍ ചിരിച്ചുകൊണ്ടു കാറില്‍ കയറിയപ്പോള്‍ അവര്‍ പറഞ്ഞു: “സാറിനിയും വരുമ്പോള്‍ ഞങ്ങള്‍ കുഴിക്കാം. രത്നം കിട്ടും. അതു സാറിനു തരാം.” ഞാന്‍ മറുപടി നല്കി: “രത്നം കിട്ടുകയാ­ണെങ്കില്‍ ദേവിനു കൊടുത്തേക്കു. എനിക്കു വേണ്ട.” കാറില്‍ കയറിയിരുന്നിട്ടും ദേവ് ആറ്റിനരികത്തു നിന്നു വന്നില്ല. അദ്ദേഹം അവിടെയൊക്കെ ‘പരപരാ’ നോക്കുകയാണ്. കഥാരത്നങ്ങള്‍ കേരളീയര്‍ക്കു നല്കിയ ദേവിനു സാക്ഷാല്‍ രത്നം പകരമായി വേണം. പാവം പോയി.