close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 03 08


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 03 08
ലക്കം 860
മുൻലക്കം 1992 03 01
പിൻലക്കം 1992 03 11
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഏറെക്കാലത്തിനുമുൻപ് എന്റെ അടുത്ത ബന്ധുവായ ഒരു സുന്ദരി അവിവാഹിതയായി കഴിയുകയാണ്. ആരു വിവാഹത്തിനു വേണ്ടി വന്നാലും അവർ മുഖം വീർപ്പിച്ച് “അനിക്കിയാളെ വേണ്ട” എന്നു പറയുമായിരുന്നു. കാരണം പ്രേമം തന്നെ. അവരുടെ വീട്ടിന്റെ കോംപൗണ്ടിൽ ഉണ്ടായിരുന്ന വേറൊരു വീട് വാടകയ്ക്കെടുത്തു താമസിച്ചിരുന്ന ഒരു കോളേജ് ലെക്‌ചററോട് അവർക്കു തോന്നിയ കലശലായ പ്രേമത്താലാണ് ഈ നിഷേധാത്മകപദങ്ങൾ അവരുടെ രസനാഗ്രത്തിൽ നിന്ന് ഊർന്നുവീണത്. സുന്ദരൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം വല്ല സമ്മേളനങ്ങൾക്കും പോയിട്ടു തിരിച്ചുവരുമ്പോൾ, കിട്ടിയ പൂമാല അവർക്കു കൊടുത്തയയ്ക്കുമായിരുന്നു. പിച്ചിപ്പൂമാലയുടെയോ മുല്ലപ്പൂമാലയുടെയോ പരിമളത്തെക്കാൾ ഹൃദ്യമായ പ്രേമപരിമളം ശ്രീമതി ഉറക്കെപ്പാടി അദ്ദേഹത്തിന്റെ നേർക്കു പ്രസരിപ്പിച്ചിരുന്നു. ഒടുവിൽ എല്ലാ പുരുഷന്മാരും ചെയ്യുന്നത് അദ്ദേഹവും ചെയ്തു. ആ പാവപ്പെട്ട യുവതിയെ രാഗവിഷയത്തിൽ പ്രോത്സാഹിച്ചിരുന്ന അദ്ദേഹം ഒരു ദിവസം വീടങ്ങു മാറി. മഷിയിട്ടു നോക്കിയാൽപ്പോലും കാണാൻ വയ്യാത്ത വിധത്തിലുള്ള ഉത്തരായനമോ ദക്ഷിണായനമോ ആ സമർത്ഥൻ നടത്തിക്കളഞ്ഞു. യുവതി നൈരാശ്യത്തിലും വീണു. സൗന്ദര്യത്തിന്റെ പേരിൽ പ്രശസ്തയായ അവരെ “പെണ്ണുകാണാൻ” എത്ര പേരാണ് വന്നത്. എല്ലാവർക്കും വിഷാദത്തോടെ തിരിച്ചു പോകേണ്ടിവന്നു. അങ്ങനെയിരിക്കെ മധുരയിൽ സബ്ബ് കലക്ടറായിരുന്ന ഒരു മേനോൻ അവരെക്കൊതിച്ച് കാണാൻ എത്തി. വേണ്ടെന്നു പറയരുത് എന്നു ചെറുപ്പക്കാരിയുടെ അമ്മയും മറ്റു ബന്ധുക്കളും ഉപദേശിച്ചു. ഒരു കപ്പ് ചായ കൈയിലെടുപ്പിച്ച് അവരെ സുന്ദരനായ ആ യുവാവിന്റെ മുൻപിലേയ്ക്കു തള്ളിവിട്ടു. ഞാൻ അവിടെ നിന്ന് അതൊക്കെ കാണുകയായിരുന്നു. ആഗതന്റെ ചോദ്യം: “ഞാൻ വന്നത് എന്തിനാണെന്ന് അറിയാമോ?” “അറിയം” എന്നു കടുപ്പിച്ച ഉത്തരം. “ഞാൻ കല്യാണം കഴിക്കുന്നതു സമ്മതമാണോ?” എന്നു വീണ്ടും ചോദ്യം. “അല്ല” എന്നു ഉത്തരം. സബ്ബ് കലക്ടർ എഴുന്നേറ്റു. ചായ കുടിക്കാതെ അദ്ദേഹം വീട്ടിൽ നിന്നിറങ്ങി കാറിൽ കയറിപ്പോവുകയും ചെയ്തു.

ആരെയും കാത്തുനില്ക്കാത്ത് സൂര്യൻ പല തവണ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. അവരുടെ വീട്ടുമുറ്റത്തെ ചാമ്പമരം അഞ്ചുവട്ടമല്ല പൂത്തതും കാച്ചതും. പലതവണ ആ പ്രക്രിയകൾ ഉണ്ടായി. ഒന്നോ രണ്ടോ വെള്ളിതലമുടിനാരുകൾ അവരുടെ വാർകുന്തളത്തിൽ ദൃശ്യങ്ങളായി. കവിളുകളിലെ ഒളിമങ്ങി. ചുവന്ന ചുണ്ടുകൾ കരുവാളിച്ചു തുടങ്ങി. അപ്പോഴുണ്ട് കാലിൽ സാമാന്യം മന്തുള്ള ഒരാൾ വിവാഹാലോചനയുമായി വരുന്നു. അവർ ആ കല്യാണത്തിന് സമ്മതം നല്കി. പിന്നീട് ‘സ്ത്രീരൂപിയാം കദനമോയിവളെന്നു തോന്നും’ എന്ന മട്ടിൽ അവർ ജീവിച്ചു. അടുത്തകാലത്ത് അവർ ബോധശൂന്യയായി ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ കാണാൻ ചെന്നു. അപ്പോഴുമുണ്ട് സൗന്ദര്യപ്രസരം. ഒരാഴ്ച കഴിഞ്ഞ് അവർ ഈ ലോകത്തോടു യാത്ര പറഞ്ഞു. 1950-ൽ ഞാൻ ആ പഴയ ലക്ചററെ കാണാനിടയായി. എന്നോട് അദ്ദേഹം ചോദിച്ചു: “കൃഷ്ണൻ നായരേ ആ…അമ്മ ഇപ്പോൾ എന്തു ചെയ്യുന്നു?” ഞാൻ അദ്ദേഹത്തെ കോപത്തോടു നോക്കിക്കൊണ്ട് “ഓരോ നിമിഷവും മരിച്ചുകൊണ്ട് ജീവിക്കുന്നു സർ” എന്നു പറഞ്ഞു. ഇതെഴുതുമ്പോൾ എന്റെ നയനങ്ങൾ ആർദ്രങ്ങളാവുന്നു. എന്റെ ആ ബന്ധുവിനോട് എനിക്കത്ര സ്നേഹവും ബഹുമാനവുമായിരുന്നു.

സാദൃശ്യം ഏറെയില്ല. എങ്കിലും എഴുതുകയാണ്. പടിഞ്ഞാറൻ പുസ്തകങ്ങളുടെ ഇറക്കുമതിയിൽ സർക്കാർ കല്പിച്ചു വച്ച നിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും അവിടെനിന്നു പുസ്തകങ്ങൾ വരുന്നില്ല. അതുകൊണ്ട് ശശി തരൂരിന്റെയും ശോഭാഡേയുടെയും വിക്രം സേത്തിന്റെയും ഖുശ്വന്തുസിങ്ങിന്റെയും ജുഗുപ്സാവഹങ്ങളായ കൃതികൾ വായിക്കാൻ ഞാൻ നിർബ്ബദ്ധനാവുന്നു. വായിക്കാതിരുന്നുകൂടേ എന്നു ചോദിക്കുമായിരിക്കും. അതെങ്ങനെ സാധിക്കും. എന്റെ ബന്ധുവിനു കാലിൽ നീരുള്ള ഒരാളിനെ ഭർത്താവായി സ്വീകരിക്കേണ്ടിവന്നില്ലേ? പദവല്മീകമുള്ള ഈ ഇന്ത്യൻ ഗ്രന്ഥങ്ങൾ ഞാൻ സ്വന്തമാക്കുന്നു. (പദവല്മീകം = Elephantiasis) അവയുടെ പൊട്ടിയുലിക്കുന്ന മന്തിന്റെ നാറ്റം സഹിച്ചുകൊണ്ട് ഞാൻ അവയെ നെഞ്ചേറ്റി ലാളിക്കുന്നു. ഈ നാറ്റം പനിനീർപ്പൂവിന്റെ പരിമളമാണെന്നാണു് ഇൻഡ്യൻ പ്രസ്സ് പറയുന്നതു്. നമുക്കും മൂക്കുണ്ടെന്നു് അവർ അറിയുന്നില്ലല്ലോ.

പീഡിപ്പിക്കരുത്

ശത്രുത വരുമ്പോൾ കാവ്യം പ്രകടനാത്മകമാകും. നല്ല കവിക്ക് ഒന്നിനോടും ശത്രുതയില്ല.

മൂക്കുള്ളതുകൊണ്ടു് എല്ലാം ഒരേ രീതിയിൽ അറിയണമെന്നില്ല. ഫ്രഞ്ച് മഹാകവി ബോദലെർ (Charles Baudelaire 1821 — 67) എല്ലാമറിഞ്ഞവനെങ്കിലും സ്ത്രീയുടെ പരിമളം അറിഞ്ഞവനല്ല. അദ്ദേഹം സ്ത്രീയെക്കുറിച്ചു് — വിശേഷിച്ചു് യുവതികളെക്കുറിച്ചു പറഞ്ഞത് — അത്ര കണ്ടു ശരിയല്ല.

“ Woman is the opposite of dandy
For that reason she should inspire horror

Woman is hungry and she wants to eat.
Thirsty and she wants to drink

She is in heat and she wants to be —

Fine virtues” (Baudelaire, A self Portrait, Page 188)

വേറൊരിടത്ത് ഇങ്ങനെയും: “ ആരാധ്യയായ ഒരു സ്ത്രീയെ ഞാനിപ്പോൾ കണ്ടതേയുള്ളൂ. അവൾക്കു് ഈ ലോകത്തെ ഏറ്റവും സുന്ദരങ്ങളായ പുരികക്കൊടികൾ ഉണ്ട് — തീപ്പെട്ടിക്കോലു കൊണ്ടാണു് അവൾ അതു വരക്കുന്നത് — വികാരജന്യങ്ങളായ കണ്ണുകൾ — മഷിയെഴുതിയതുകൊണ്ടു മാത്രം ഉജ്ജ്വലങ്ങളാണ് അവ. വിഷയാസക്തമായ വായ് — ചെഞ്ചായം തേച്ചത്. സർവോപരി സ്വന്തമെന്നു പറയാവുന്ന ഒരു മുടിനാരുപോലുമില്ല.” (Claude Pichois, Jean Ziegler ഇവരെഴുതിയ Baudelaire എന്ന ജീവചരിത്രത്തിൽ നിന്ന്. ഫ്രഞ്ചിൽ നിന്നു തർജ്ജിമ ചെയ്ത ആൾ Graham Robb, Vintage Book. Page 249. പ്രസാധനം 1991. വില U.K. £ 7.99. Spl. £ 3.50.)

ഇറ്റലിയിലെ സാഹിത്യകാരനായ ലൂയീജീപീറാന്തെല്ലോ (Luigi Pirandello 1867 – 1936) ഒരിക്കൽ ഒരു വൃദ്ധയെ കണ്ടതിനെ വർണ്ണിച്ചിട്ടുണ്ട്. തലമുടിയിൽ ചായം തേച്ച് ഭയജനകമായ ഏതോ കുഴമ്പ് അതിന്റെ പുറത്തു പുരട്ടി മുഖമാകെ ‘റൂഷ്’ തേച്ച് കൊച്ചുപെണ്ണിനെപ്പോലെ അവർ പ്രത്യക്ഷയായി. പീറാന്തെല്ലോ അവരെ കണ്ടു ചിരിച്ചു. മാന്യയായ വൃദ്ധയ്ക്കു നേരേ എതിരായിരുന്നു അവർ. വൈപരീത്യത്തിന്റെ ഈ പ്രതീതിയെയാണ് കോമിക്ക് എന്നു വിളിക്കുന്നത്. പെട്ടെന്നു മറ്റൊരു ചിന്ത പീറാന്തെല്ലോയ്ക്കു് ഉണ്ടായി. അവർക്കു തന്നെ ഈ കൃത്രിമമായ വേഷംകെട്ടൽ ഇഷ്ടപ്പെടാത്തതായിരിക്കാം. അവരെക്കൾ പ്രായം കുറഞ്ഞ ഭർത്താവ് വിട്ടുപോകാതിരിക്കാനാകാം അവർ അങ്ങനെ കൃത്രിമവേഷം ധരിച്ചത്. അതോർമ്മിച്ചപ്പോൾ മുൻപെന്നപോലെ അദ്ദേഹത്തിനു ചിരിക്കൻ കഴിഞ്ഞില്ല (Malcolm Bradbury എഴുതിയ The Modern World, Ten Great Writers എന്ന പ്രൗഢമായ ഗ്രന്ഥത്തിൽ നിന്ന്. പുറം 214. Penguin Books — £ 4.99). സ്വാഭാവികമായതിനെ കൃത്രിമമാക്കിയാൽ കാണുന്നവർ ചിരിക്കും. ശ്രീ. വിനയകുമാർ കലാകൗമുദിയിൽ എഴുതിയ “ചെരുപ്പ്” എന്ന ചെറുകഥ വായിച്ച് ഞാൻ ആദ്യം ചിരിച്ചു. പിന്നെ പീറാന്തെല്ലോയെപ്പോലെ സാഹതാപത്തോടെ ഇരുന്നു. കഥയിലെ ചെറുപ്പക്കാരിക്കു ചെരിപ്പ് വേണം. തീവണ്ടിയിൽ പോയപ്പോൾ വേറൊരു സ്ത്രീയുടെ ചെരിപ്പ് താനറിയാതെ അവൾ ധരിച്ചു. അവ ദൂരെയെറിഞ്ഞിട്ടു പുതിയ ചെരിപ്പു വേണമെന്നായി അവൾ. അതു കിട്ടിയില്ലെങ്കിൽ അവൾ ഭർത്താവിന്റെ ചെരിപ്പിടുമത്രേ. ഒടുവിൽ അവൾ ഗർഭത്തോടെ നടന്നകന്നു. ഭർത്താവ് സ്വന്തം ചെരിപ്പ് തീയിലേക്ക് എറിഞ്ഞു. ഇക്കഥയുടെ ‘ഗുട്ടൻസ്’ മനസ്സിലാക്കാൻ പടച്ചവൻ എനിക്കു ബുദ്ധി തന്നില്ലല്ലോ. എന്തൊരു കൃത്രിമത്വം! മനുഷ്യനു മനസ്സിലാകാത്ത കുറെ പ്രതിരൂപങ്ങൾ ചേർത്ത് അർത്ഥരഹിതങ്ങളായ വാക്യങ്ങൾ എഴുതിവച്ചാൽ സാഹിത്യസൃഷ്ടിയാകുമെന്നു കുറെപ്പേർ ധരിച്ചുവച്ചിട്ടുണ്ട്. അവരിൽ ഒരാളല്ല, അദ്വിതീയനാണ് വിനയകുമാർ. ബേദലെർ കൃത്രിമമോടിയാർന്ന സ്ത്രീയിലൂടെയും പീറാന്തെല്ലോ തരുണിയാവാൻ ശ്രമിച്ച വൃദ്ധയിലൂടെയും ഈ നിഷിദ്ധ സ്വഭാവം എത്ര നേരത്തേ കണ്ടു. പീറാന്തെല്ലോ ആദ്യം ചിരിച്ചു. ഭർത്താവു കൈവിട്ടു പോകാതിരിക്കൻവേണ്ടിയാണ് അവർ ആ സാഹസിക്യം കാണിച്ചതെന്നു മനസ്സിലാക്കി അദ്ദേഹം പിന്നീട് സഹതാപമുള്ളവനായി. വിനയകുമാർ ആരെന്ന് എനിക്കറിഞ്ഞുകൂടാ. എഴുതുന്ന രീതി കണ്ടിട്ട് ഒരു ആഡ്ഓലസെന്റ് (adolescent) എഴുത്തുകാരനാണെന്ന് ഉറപ്പിക്കാം. സാഹിത്യം പടച്ചുവയ്ക്കാനുള്ള വെമ്പൽ. ഞാൻ സഹതാപത്തോടെ ഈ രചയിതാവിനെ നോക്കുന്നു. ഇനിയും അദ്ദേഹം വായനക്കരെ ഇങ്ങനെ പീഡിപ്പിക്കാതിരിക്കണം എന്ന് ഒരപേക്ഷയുണ്ട്.

ചോദ്യം, ഉത്തരം

Symbol question.svg.png “ എളുപ്പം വിധേയയാകുന്ന സ്ത്രീയെ പുരുഷൻ ബഹുമാനിക്കാത്തതെന്ത്?”

“ ചുവരിൽ ആണിവച്ച് ചുറ്റികകൊണ്ട് അടിച്ചുകയറ്റാൻ ശ്രമിക്കുമ്പോൾ ചുവരിന്റെ കാഠിന്യംകൊണ്ട് ആണി കയറിയില്ലെങ്കിൽ അതിനോട് (ചുവരിനോട്) ആണിഅടിക്കുന്നവനു ബഹുമാനമാണ്. മെഴുക് എടുത്ത് ഏതു രൂപവും അനായസമായി ഉണ്ടാക്കാം. ആ മെഴുകിനെ ആരും ബഹുമാനിക്കില്ല. ഇല്ലെന്നു മാത്രമല്ല, പുച്ഛവും തോന്നും. സ്ത്രീ കാഠിന്യമുള്ള ചുവരാകണം, മെഴുക് ആകരുത്.”

Symbol question.svg.png “ഈശ്വരീയപ്രചോദനമാർന്ന കവിത കേരളത്തിൽ ആരുടേത്?”

“ചോദ്യം കണ്ടിട്ട് നിങ്ങൾ സംസ്കൃതമറിയാവുന്ന ആളാണെന്നു തോന്നുന്നു. ഈശ്വരീയപ്രകാരേണയുള്ള കവിത എഴുത്തച്ഛന്റേത്. പിന്നെ ചങ്ങമ്പുഴയുടേത്. വള്ളത്തോൾ ചങ്ങമ്പുഴയേക്കൾ വലിയ കവിയാണ്. പക്ഷേ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന ഈശ്വരീയപ്രചോദനം വള്ളത്തോളിന് അതേയളവിൽ ലഭിച്ചില്ല.”

Symbol question.svg.png “ഡാന്റെയോ കാളിദാസനോ വലിയ കവി?”

“ ദാന്തേ. സമ്പൂർണ്ണമായ ലോകം ചിത്രീകരിച്ച കവിയാണ് അദ്ദേഹം. അവിടെ കോമഡിയുണ്ട്, ട്രാജഡിയുണ്ട്, സൗന്ദര്യമുണ്ട്, വൈരൂപ്യമുണ്ട്. കാളിദാസന്റെ ലോകം സമ്പൂർണ്ണമല്ല. അദ്ദേഹം ഏറിയകൂറും സൗന്ദര്യം മാത്രമേ കണ്ടുള്ളൂ. “ഗാന്ധിജിയെപ്പോലെ ഒരു നേതാവ് ഇനിയുണ്ടാകുമോ?

Symbol question.svg.png ഗാന്ധിജിയെപ്പോലെ ഒരു നേതാവ് ഇനിയുണ്ടാകുമോ?

അടുത്തകാലത്തെങ്ങുമില്ല. ബ്രിട്ടീഷുകാർ ഭരിച്ചിരുന്നപ്പോൾ അസമത്വവും ക്രൂരതയും ഉണ്ടായിരുന്നെങ്കിലും ഭാരതീയർക്കാകെ സാന്മാർഗ്ഗികമായ ഒരടിത്തറ ഉണ്ടായിരുന്നു. അതാണ് ഗാന്ധിജിയെ സൃഷ്ടിച്ചത്; അദ്ദേഹത്തിന്റെ അനുയായികൾക്ക് കരുത്തേകിയത്. ഇപ്പോൾ ഇൻഡ്യയിലാകെ കലാപമേയുള്ളൂ. കലാപം ഗാന്ധിജിയെപ്പോലുള്ള മഹാന്മാരെ സൃഷ്ടിക്കില്ല.

Symbol question.svg.png മയകോവ്സ്കിയോ പാസ്റ്റർനാക്കോ വലിയ കവി?

പസ്തർനക്ക്. പലതിനെയും ശത്രുക്കളായി മനസ്സിൽ കണ്ടുകൊണ്ടാണ് മായക്കോഫ്സ്കി കാവ്യങ്ങൾ രചിച്ചത്. ശത്രുത വരുമ്പോൾ കാവ്യം പ്രകടനാത്മകമാകും. നല്ല കവിക്ക് ഒന്നിനോടും ശത്രുതയില്ല.

Symbol question.svg.png ഫ്രായിഡിന്റെ സൈക്കോ അനാലിസിസിനേക്കാൾ വലിയ മൻഃശാസ്ത്ര തത്വം വേറെയുണ്ടോ?

എല്ലാ മനഃശാസ്ത്രങ്ങളൂം ദുർബലങ്ങളാണ്. അവയുടെ ഉപജ്ഞാതാക്കളുടെ മാനബസിക നിലയെ ആശ്രയിച്ചാണ് തത്ത്വങ്ങൾ രൂപം കൊള്ളൂന്നത്. യൂറോപ്പിൽ ഫ്രൈറ്റിന്റെ കാലത്ത് പേട്രിയാർക്കി ഉണ്ടായിരുന്നു.

അതുകൊണ്ടാണ് ‘ഈഡിപ്പസ് കോംപ്ലക്സ്’ എന്ന ശുദ്ധമായ നോൺസെൻസ് ഫ്രായിറ്റ് കൊണ്ടു വന്നത്.

Symbol question.svg.png ധിഹണാലോകത്തെ ഏതെങ്കിലും ഒരു നേതാവ് നിങ്ങളെക്കുറിച്ച് നല്ലവാക്ക് പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ എല്ലാവർക്കും അനഭിമതനാണെന്ന് മനസ്സിലാക്കി സാഹിത്യവാരഫലം എന്ന ഈ പരദൂഷണം ഉടനെ നിറുത്തുമോ?

കുട്ടിക്കൃഷ്ണമാരാർ ഞാൻ കൂടി പ്രസംഗിക്കാനുള്ള ഒരു സമ്മേളനത്തിൽ വച്ച് എന്നെ നോക്കി ‘നമ്മുടെ [നിരൂപകരുടെ] ഇടയിലേക്ക് കടന്നു വന്ന ഒരു രത്നം’ എന്നു പറഞ്ഞു. ‘സിനിമാഡയറക്ടർ എം.. കൃഷ്ണൻ‌ നായരെ ഡയറക്ട് ചെയ്യാൻ കഴിവുള്ള ആളാണ് കൗമുദിയിൽ എഴുതുന്ന എം. കൃഷ്ണൻ നായർ’. രണ്ടു ധിഷണാശാലികളൂം സ്നേഹം കൊണ്ട് പറഞ്ഞതാണ് ഈ വാക്കുകൾ. എങ്കിലും എനിക്ക് കിട്ടിയ അംഗീകാരമായി ഞാൻ ആ വാക്കുകളെ കരുതുന്നു. എന്റെ ജീവിതാന്ത്യം വരെ ഞാൻ ആ രണ്ടുപേരോടും നന്ദിയുള്ളവനായിരിക്കും.

കമന്റുകൾ

ആത്മാഭിമാനമുള്ള മലയാളിക്ക് കൊണ്ടു നടക്കത്തക്കതായി ഏതു നവീനഗ്രന്ഥം മലയാളസാഹിത്യത്തിലുണ്ട്? മഹാകവിത്രയത്തിന്റേയും, സി. വി. രാമൻ പിള്ള, ചന്തുമേനോൻ, തകഴി, ബഷീർ, ഒ. വി. വിജയൻ, ഇവരുടേയും കൃതികൾ എത്ര പരിവൃത്തി വായിച്ചതാണ് മലയാളികൾ? അവ കൊണ്ട് നടക്കേണ്ടതില്ല. നവീനം, നവീനതരം, നവീനതമം ഈ വിഭാഗത്തിൽപ്പെടുന്ന ഒരു കൃതിയും വായിക്കാൻ കൊള്ളുകയില്ല. അതു കൊണ്ട് മലയാളാധ്യാപകർ ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടു നടക്കും.

മാധ്യമം ദിനപ്പത്രത്തിലെ ‘ശബ്ദരേഖ’ യിൽ നിന്ന്:

  1. വായിക്കാനല്ലെങ്കിലും കയ്യിൽ ഒരു ഇംഗ്ലീഷ് പുസ്തകം വേണമെന്ന് നിർബന്ധമുള്ള മലയാള അദ്ധ്യാപകരെ ഞാൻ മറക്കുന്നില്ല. മലയാളിക്ക് തീരെയില്ലാത്ത സാധനം ആത്മാഭിമാനമാണ് (ഡോ. ജോർജ്ജ് ഇരുമ്പയം). ആത്മാഭിമാനമുള്ള മലയാളിക്ക് കൊണ്ടു നടക്കത്തക്കതായി ഏതു നവീനഗ്രന്ഥം മലയാളസാഹിത്യത്തിലുണ്ട്? മഹാകവിത്രയത്തിന്റേയും, സി. വി. രാമൻ പിള്ള, ചന്തുമേനോൻ, തകഴി, ബഷീർ, ഒ. വി. വിജയൻ, ഇവരുടേയും കൃതികൾ എത്ര പരിവൃത്തി വായിച്ചതാണ് മലയാളികൾ? അവ കൊണ്ട് നടക്കേണ്ടതില്ല. നവീനം, നവീനതരം, നവീനതമം ഈ വിഭാഗത്തിൽപ്പെടുന്ന ഒരു കൃതിയും വായിക്കാൻ കൊള്ളുകയില്ല. അതു കൊണ്ട് മലയാളാധ്യാപകർ ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടു നടക്കും. അവരത് വായിക്കുന്നില്ലെന്ന് ഡോക്ടർ കണ്ടു പിടിച്ചത് ആറാമിന്ദ്രിയത്തിന്റെ സഹായത്തോടെയായിരിക്കും.
  2. കാമിച്ചുനടന്ന്, തുരത്തിയോടിക്കപ്പെട്ട് നിരാശരായപ്പോൾ ഇടവഴിയിൽ ഒളിച്ച് നിന്ന് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന 70 വയസ്സുകാരനാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ വിമർശിക്കുന്ന നിരൂപകർ.

    (ടി. പദ്മനാഭൻ)

    വാക്കുകളാകുന്ന വേട്ടപ്പട്ടികളുമായി സാഹിത്യവനത്തിൽ പ്രവേശിച്ച് ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ഓടി മറഞ്ഞുപോയ ഒരു ആശയശരത്തെ കടിച്ചുകീറിക്കാൻ ശ്രമിക്കുന്ന ശ്രീ. റ്റി. പദ്മനാഭൻ, പെൻഷൻ പറ്റിയെങ്കിലും നവയുവാവാണെന്ന് അറിഞ്ഞതിലും അദ്ദേഹം ബഷീറിന്റെ സാഹിത്യാംഗനയെ ആലിംഗനം ചെയ്ത് നിർവൃതിയടയുന്നു എന്ന് മനസ്സിലാക്കിയതിലും എനിക്ക് അനല്പമായ സന്തോഷമുണ്ട്. യുവതിയായ ആ സാഹിത്യാംഗനക്ക് ഈ യുവാവിന്റെ പരിരംഭണം ആഹ്ലാദദായകമാവുമോ എന്തോ [യുവതിയായ അംഗന എന്ന പ്രയോഗം അത്ര ഹൃദ്യമല്ല. ഞനങ്ങ് എഴുതിയെന്നേയുള്ളൂ].

വിജയലക്ഷ്മി

ഞാൻ വായിച്ച ഏതോ ഇംഗ്ലീഷ് പുസ്തകത്തിൽ പ്രാപഞ്ചിക സംഭവങ്ങളെ വാക്കുകളിലൂടെ ഹ്രസ്വാകരമുള്ളാതാക്കിത്തീർക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇരുമ്പു കുതിര എന്ന് വിളിക്കപ്പെടുന്ന തീവണ്ടി ദിക്കുകളെ വിറപ്പിച്ചുകൊണ്ട് വരുന്നതു കണ്ടാൽ നമുക്ക് പേടിയാകും. തീവണ്ടിപ്പാതയ്ക്കടുത്തെങ്ങാനുമാണ് നമ്മൾ താമസിക്കുന്നതെന്ന് കരുതൂ. അകലെ നിന്ന് തീവണ്ടി വരാൻ തുടങ്ങുമ്പോൾ തന്നെ നമ്മുടെ വീട് വിറയ്ക്കാൻ ആരംഭിക്കും. വീട്ടിനടുത്ത് അത് എത്തുമ്പോൾ വീട് പ്രകമ്പനം കൊണ്ട് താഴെ വീഴുമോ എന്ന് നമ്മൾ പേടിക്കും. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം എന്ന സ്ഥലത്തെ ഒരു ജീർണ്ണിച്ച കെട്ടിടത്തിൽ കുറേക്കാലം താമസിക്കേണ്ടി വന്ന എനിക്ക് ഈ അനുഭവമുണ്ടായിട്ടുണ്ട്. എത്ര “രാജകീയമായി” തീവണ്ടി എഴുന്നള്ളിയാലും കാഴ്ചക്കാർക്ക് അത് പേടിയേ ഉണ്ടാക്കൂ. അതിനകത്തിരിക്കുന്നവരും പേടിക്കണം. പാലത്തിൽ ട്രെയിൻ കയറുമ്പോൾ കേന്ദ്രമന്ത്രിയുടെ റ്റോർനാഡോ വരികില്ലെന്ന് ആരറിഞ്ഞു? എന്നാൽ തീവണ്ടിയെ കളിപ്പാട്ടമാക്കി ചാവിമുറുക്കി കൊച്ചു പാളത്തിൽ വച്ചാൽ അതു അങ്ങനെ വളഞ്ഞോടുന്നതു കാണാൻ എന്തു രസമാണ്!

മറ്റൊരു അനുഭവം പറയട്ടെ. ഞാൻ പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ ഹജൂർക്കച്ചേരിയുടെ മുൻപിലൂടേ എന്നും സായാഹ്ന വേളയിൽ നടന്നു പോകുമായിരുന്നു. ഒരിക്കൽപ്പോലും ഞാൻ ആ കെട്ടിടത്തെ നോക്കിയിട്ടില്ല. അറിയാതെ നോക്കി പോയപ്പോൾ വിശേഷിച്ച് ഒരു വികാരവും തോന്നിയതുമില്ല. അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് ആദ്യമായി ഒരു എക്സിബിഷൻ വന്നു. ഇന്നത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രദർശനം നടക്കുന്ന കാലം. വീട്ടുകാരോടൊരുമിച്ച് അതു കാണാൻ പോയ ഞാൻ ഒരിടത്ത് ഹജൂർക്കച്ചേരിയുടെ ചെറിയ രൂപം മെഴുകു കൊണ്ട് നിർമ്മിച്ചു വച്ചിരിക്കുന്നതു കണ്ടു. എനിക്കവിടെ നിന്നു പോകാൻ തോന്നിയില്ല. സാക്ഷാൽ ഹജൂർക്കച്ചേരിയുടെ അടുത്തെത്തിയാൽ തിരിഞ്ഞു നോക്കാത്ത ഞാൻ അതിന്റെ ഹ്രസ്വരൂപത്തെ വളരെ നേരം നോക്കി നിന്നു. ബൃഹദാകാരമാർന്നവയ്ക്കു ഹ്രസ്വാകാരം നൽകുമ്പോൾ അതു ദ്രഷ്ടാവിനു എന്തെന്നില്ലാത്ത ആഹ്ലാദം നൽകുമെന്ന് ആ ഇംഗ്ലീഷ് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. ശരിയാണ്. ഹിമാലയ പർവ്വതത്തിന്റെ ഉദാത്തതയും സൗന്ദര്യവും കാളിദാസൻ ഏതാനും വാക്കുകളിലൊതുക്കി ഹ്രസ്വരൂപം നിർമ്മിക്കുന്നതു നോക്കുക. വടക്കു ചെന്നു ഹിമാലയ പർവ്വതം കാണുന്നവൻ പേടിക്കും. കാളിദാസന്റെ വർണ്ണനം വായിക്കുന്ന സഹൃദയൻ രസിക്കും.

കായികമത്സരങ്ങളും ഭാരം പൊക്കലും നേരിട്ടു കാണാാൻ ഇടവന്നാൽ സാഹിത്യത്തിൽ മാത്രം തല്പരനായ എനിക്ക് അസ്വസ്ഥതയാണ്. ആ ഭാരോദ്വാഹന മത്സരം കവിതയിലൂടെ വന്നാലോ? അതു രസജന്യമാകും എന്നതിനു തെളിവ് ശ്രീമതി വിജയലക്ഷ്മിയുടെ “ഇടവേളയിൽ ഒരു നിമിഷം” എന്ന നല്ല കാവ്യം തന്നെ. ഒരിന്ത്യാക്കാരൻ ഭാരം പൊക്കുന്നതിന്റെ വർണ്ണനം ഇതാ:

മറ്റൊരാൾ, മറ്റൊരാൾ, ദർപ്പവും ക്രോധവും
പുച്ഛവും കയ്പും നിറഞ്ഞ ശിരസ്സുകൾ.
അങ്ങനെയിന്ത്യൻ മേഘവർണ്ണൻ വന്നു -
നമ്രശിരസ്കൻ — കരുത്തെടുത്തു ക്ഷ്‌ണം.
അമ്മയെ ധ്യാനിച്ചു (തീർച്ച!) പതുക്കനെ
പ്പൊന്തിച്ചു പൊന്തിച്ചു നിന്നു കുറച്ചിട
പണ്ടു ഗോവർധനം കണ്ണനെപ്പോൽ, പിന്നെ
പ്പുല്ലായൊടിഞ്ഞ ത്രൈയംബകംപോൽ മെല്ലെ
മെല്ലെ വെടിഞ്ഞു — നൊടിയിട — ഒന്നു നീ
നിന്നു, കൈകൂപ്പി, തൊഴുതൂ പ്രശാന്തനായ്.

കാവ്യം ഇവിടെ നിറുത്തിയിരുന്നെങ്കിൽ അതിന് ഇപ്പോഴുള്ള മേന്മ കൈവരുമായിരുന്നില്ല. ഈ സംഭവത്തെ വിജയലക്ഷ്മി ഭാരതത്തിലെ പൗരനോടും വികസിതോജ്ജ്വലമായ മനുഷ്യ സ്നേഹത്തോടും ബന്ധിപ്പിക്കുന്നു. അതിന്റെ ഫലം ചാരുത. അനുവാചകനു മാനസികോന്നമനം (കാവ്യം മാതൃഭൂമി ആഴ്ച്ചപതിപ്പിൽ).

അസമൊഫിന്റെ നേരമ്പോക്കുകൾ (Asimov)

കവിത മനുഷ്യഹൃദയ വിപഞ്ചികയിലെ സ്നേഹമെന്ന തന്ത്രിയെ സ്പർശിച്ച് നാദമുളവാക്കുന്നതാണ്; അത് സൗന്ദര്യ പ്രതീതി ജനിപ്പിക്കുന്നു. അത് മനുഷ്യനെ സഹതാപത്തോടെ സംവീക്ഷണം ചെയ്യാൻ സഹായ്യമരുളുന്നു. മനുഷ്യന്റെ ഭവിതവ്യത അതിൽ നിന്ന് പ്രകടമാവുന്നു.

  1. Symbol question.svg.png രണ്ടു വിവാഹങ്ങൾ നടത്തിയാലുള്ള ശിക്ഷയെന്താണ്?

    രണ്ടു അമ്മായിമാർ
  2. പ്രായം കൂടി. ആ സ്ത്രീക്കു സുഖമില്ല. ജീവിതത്തിലാദ്യമായി അവർ ചെറുപ്പക്കാരനായ ഗൈനിക്കോളജിസ്റ്റിനെ (സ്ത്രീരോഗ ചികിത്സാവിദഗ്ദ്ധൻ) കാണാൻ പോയി. മിടുക്കനായ ഡോക്ടർ അവരെ പൊക്കം കൂടിയ മേശമേൽ കിടത്തി പരിശോധന തുടങ്ങി. വൃദ്ധ പ്രതികൂല മാനസിക നിലയോടു കൂടി താഴത്തേക്കു നോക്കിയിട്ട് ചോദിച്ചു : “ജീവിക്കാൻ വേണ്ടി നിങ്ങൾ ഇതാണു ചെയ്യുന്നതെന്ന് നിങ്ങളുടെ അമ്മയ്ക്കറിയാമോ?”
  3. അയാൾക്കു വിമാനത്തിൽ കയറി സഞ്ചരിക്കാൻ പേടിയായിരുന്നു. ആ പേടി കണ്ട് അയാളുടെ ഒരു സ്നേഹിതൻ ഉപദേശിച്ചു: “ചങ്ങാതി ഇതിലൊക്കെ തത്ത്വചിന്താപരമായ നിലപാടു സ്വീകരിക്കണം. എന്റെ സമയമായില്ല, എന്റെ സമയമായില്ല എന്നു വിചാരിച്ചു കൊണ്ട് വിമാനത്തിൽ കയറണം.” അയാൾ അതുകേട്ടു ചോദിച്ചു: “ഞാൻ കയറുന്ന സന്ദർഭത്തിലാണ് പൈലറ്റിന്റെ സമയമാകുന്നതെങ്കിലോ?”

അലിഗറി സാഹസിക്യം

ഉപരിതലത്തിൽ ഒരു കഥ. അതിനു താഴെ മറ്റൊരു കഥ. ഇതാണ് അലിഗറിയുടെ സ്വഭാവം. ശ്രീ. കെ. ടി. ബാബുരാജിന്റെ “മരുഭൂമി” എന്ന കഥയിൽ അവിശ്വസനീയമായ ഉപരിതല കഥ. ഒരു കറുത്ത സുന്ദരിയെ ആഭരണങ്ങൾ അണിയിച്ച് കണ്ണാടിക്കൂട്ടിൽ നിറുത്തുന്നതും ഉടമസ്ഥൻ ഉൾപ്പെടെ ആളുകൾ അവളെ സമീപിക്കുന്നതും അവൾ കണ്ണാടിക്കൂടു പൊട്ടിച്ചു വരുന്നതുമൊക്കെയാണ് ഇതിവൃത്തം. ഈ ഉപരിതല കഥയുടെ താഴെയുള്ള കഥ ഏതുമാകാം. കഥാകാരൻ ഉദ്ദേശിച്ചതെന്തെന്നു വായനക്കാർക്കു മനസ്സിലാകണമെങ്കിൽ അതിനു സഹായിക്കുന്ന സൂചകപദങ്ങൾ കഥയിൽ നൽകണം. അത് ഇതിലില്ല. അതുകൊണ്ട് ഇതു വായിക്കുന്നവർ ആകുലാവസ്ഥയിൽ എത്തുന്നു. സംഭവിക്കാത്ത കഥ പറയുന്ന കഥാകാരന്റെ “നാവെനിക്കവിശ്വാസ്യം.” ആ കഥയ്ക്കു താഴെയുള്ള കഥ ദുർഗ്രഹമായതിനാൽ രണ്ടിനും ചേർച്ചയില്ല. ചേർച്ചയില്ലായ്മ കൊണ്ട് പിരിമുറുക്കം വരുന്നില്ല. ഈ അലിഗറിക്കകത്ത് ഇരുന്നുകൊണ്ട് കല എന്ന കറുത്ത സുന്ദരി എന്നെ തുറന്നു വിടൂ എന്ന് അപേക്ഷിക്കുന്നു (അലിഗറി സാഹസിക്യം ദേശാഭിമാനി വാരികയിൽ).

തല പോകാതിരിക്കാൻ

കുങ്കുമം വാരികയിൽ പരാതി എന്ന പദ്യമെഴുതിയ സ്വപ്നയോട്: ആദ്യമായി ഭവതിയുടെ “കാവ്യ” ത്തിൽ നിന്ന് ചില വരികൾ എടുത്തെഴുതിക്കൊള്ളട്ടെ.

വിശന്നപ്പോൾ എനിക്കു പരാതി
പശിക്കാഞ്ഞാൽ അമ്മയ്ക്കു പരാതി
മഴയായാൽ പരാതി വെയിലായാൽ പരാതി
ജോലി കൂടിയാൽ പരാതി
അല്ലാഞ്ഞാലോ
ബോറടിപ്പരാതി

Smt. Swapna, I am disgusted as every other

readers are ഭവതി എന്തിനിങ്ങനെ വായനക്കാരെ ഹിംസിക്കുന്നു. കവിത മനുഷ്യഹൃദയവിപഞ്ചികയിലെ സ്നേഹമെന്ന തന്ത്രിയെ സ്പർശിച്ച് നാദമുളവാക്കുന്നതാണ്; അത് സൗന്ദര്യപ്രതീതി ജനിപ്പിക്കുന്നു. അത് മനുഷ്യനെ സഹതാപത്തോടെ സംവീക്ഷണം ചെയ്യാൻ സഹായ്യമരുളുന്നു. മനുഷ്യന്റെ ഭ‌വിതവ്യത അതിൽനിന്നു പ്രകടമാകുന്നു. ഭവതിയുടെ കാവ്യം ഒരുതരത്തിലുള്ള outrage ആണ്; (ഔട്ട്റെജ്ജ്) വലിയ ദ്രോഹമാണ്.

രണ്ടാമംലോക മഹായുദ്ധം നടക്കുന്ന കാലം. സൈറൺ മുഴങ്ങി. പട്ടാളക്കാർ അപ്പോൾ കിടങ്ങിൽ ഒളിക്കണമെന്നായിരുന്നു സൈനികോദ്യോഗസ്ഥൻ നേരത്തെ നല്കിയ നിർദ്ദേശം. എല്ലാവരും ട്രെഞ്ചിൽ കടന്നുതലതാഴ്ത്തിയിരുന്നു. ശത്രുവിമാനത്തിന്റെ ശബ്ദം അകന്നപ്പോൾ വിരുതൻ—മലയാളി ആയിരുന്നു അയാൾ— തല വെളിയിലിട്ടുനോക്കി. ഒരു ഷെൽ അയാളുടെ തലയുംകൊണ്ടുപോയി. നവീന സാഹിത്യത്തിന്റെ സമരവിമാനം ഇരമ്പുമ്പോൾ പഴയ സാഹിത്യത്തിന്റെ കിടങ്ങിൽ കയറിയിരിക്കാനേ മാർഗ്ഗമുള്ളൂ. ശത്രുവിന്റെ വിമാനത്തിനുള്ള ശബ്ദം അകന്നകന്നുപോകുന്നു. അതു സമ്പൂർണമായും ഇല്ലാതാകുന്നതിനു മുൻപ് ഒരു ശരണാർത്ഥി തലയുയർത്തി നോക്കുന്നു. അപ്പോൾ പാഞ്ഞുവരുന്നത് നവീന സാഹിത്യത്തിന്റെ ഷെല്ലല്ല. പഴയ സാഹിത്യത്തിന്റെ സ്ഫോടകഗോളം തന്നെയാണ്. നവീന സാഹിത്യത്തെ പേടിക്കുന്നതിനെക്കാൾ നമ്മൾ ഇത്തരം പൂർവസാഹിത്യത്തെ പേടിക്കണം; തല പോകാതിരിക്കണമെങ്കിൽ. ഭവതി ഈ സത്യമറിഞ്ഞെങ്കിൽ!

* * *

പുസ്തകങ്ങളോടു പ്രതിപത്തി വന്നാൽ അതു വല്ലാത്ത പ്രതിപത്തിയായിരിക്കും. കൊടുങ്കാറ്റ് വന്നു കപ്പൽ മുങ്ങിമെന്നായപ്പോൾ അതു നങ്കൂരമിട്ടുറപ്പിച്ചിട്ട് ബോദലെറിനോട് അധികാരികൾ പറഞ്ഞു കപ്പലിൽനിന്നു സമുദ്രത്തിലെ ബോട്ടിലേക്കു തൂക്കിയിട്ടിരിക്കുന്ന കയറേണിയിൽക്കൂടി താഴത്തേക്കിറങ്ങാൻ. തിരയടിച്ച് താഴെ വീണുപോകാതിരിക്കാനായി ഏണിയുടെ കയർപ്പിടിയിൽ രണ്ടുകൈകൊണ്ടും പിടിച്ചുകൊണ്ടുനേണം ഇറങ്ങാനെന്നും നിർദ്ദേശമുണ്ടായി. ആരു പറഞ്ഞിട്ടും കേൾക്കാതെ ബൊദലെർ കക്ഷത്തു കുറെപ്പുസ്തകങ്ങളുമായി താഴത്തേക്കിറങ്ങി. പതിനഞ്ചടിയോളം ഉയർന്ന തിര കവിയെ പൊതിഞ്ഞു. വളരെ പ്രയാസപ്പെട്ട് കപ്പലിലെ ജോലിക്കർ അദ്ദേഹത്തെ ഇടവിടാതെ ഉയർന്നുകൊണ്ടിരുന്ന തിരകളിൽനിന്നു വലിച്ചെടുത്തു. അപ്പോഴും ബോദലെറിന്റെ കക്ഷത്തു പുസ്തകങ്ങൾ ഉണ്ടായിരുന്നു.; ഫ്രഞ്ച് എഴുത്തുകാരൻ ബൽസാക്കിന്റെ നോവലുകൾ. ഇതു കവിയുടെ വിലക്ഷണവൃത്തി–ഇഡിയോസിങ്‌ക്രസി.

ഒരു പരിധി വിട്ടാൽ ഇഡിയോസിങ്‌ക്രസി ആക്ഷേപാർഹമാകും. വിവാഹം നടക്കാൻ പോകുന്നു. കതിർമണ്ഡപത്തിനടുത്തുള്ള കസേരയിൽ ഇരുന്ന്, ക്ഷണിക്കപ്പെട്ട ഒരു മാന്യൻ പുസ്തകം വായിക്കുന്നു. വധുവും വരനും കല്യാണമണ്ഡപത്തിൽ കയറി. എന്നിട്ടും മാന്യൻ പുസ്തകമടച്ചുവയ്ക്കുന്നില്ല. വിവാഹത്തിൽ പങ്കുകൊള്ളാൻ എത്തിയവർ മാന്യരായിരുന്നതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അതു കണ്ടിട്ട് അമുന്നതനായ ഒരു മാർക്സിസ്റ്റ് നേതാവ് എന്നോടു പറഞ്ഞു: “എന്റെ മകളുടെ വിവാഹത്തിനാണ് ഇദ്ദേഹം ഇതു ചെയ്തതെങ്കിൽ ഞാൻ പതുക്കെച്ചെന്ന് ‘സാറ് പുറത്തേക്കുപോയി വായിച്ചാട്ടേ’ എന്നു അറിയിക്കുമായിരുന്നു.” ആ നേതാവ് ആരെന്നറിയാൻ വായനക്കാർക്കു കൗതുകമുണ്ടോ? എങ്കിൽ അദ്ദേഹത്തോടു മാപ്പു ചോദിച്ചുകൊണ്ടുപറയാം. ശ്രീ.കെ. അനിരുദ്ധൻ.

സ്ത്രീ കാഠിന്യമുള്ള ചുവരാകണം, മെഴുക് ആകരുത്.