close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 10 13


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 10 13
ലക്കം 839
മുൻലക്കം 1991 10 06
പിൻലക്കം 1991 10 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കാമുകിയുടെ പേരുവരെ വാര്‍ദ്ധക്യത്തിലെത്തിയ കാമുകന്‍ വിസ്മരിച്ചിരിക്കും. പക്ഷേ കോപനയായി അവര്‍ നിന്ന നിമിഷം അയാള്‍ മറക്കില്ല. അവള്‍ മനോഹരമായി ചിരിച്ചത് അയാള്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

അന്ന് എന്റെ ചെറുപ്പകാലം. തിരുവനന്തപുരത്തുനിന്ന് തിരിച്ച എക്സ്പ്രസ് ബസ്സില്‍ ഞാന്‍ ആലപ്പുഴയ്ക്കു. പോകുകയായിരുന്നു. ബസ്സ് കഴക്കൂട്ടം കഴിഞ്ഞു കുറച്ചുകൂടെ മുന്‍പോട്ടുപോയി ഒരു വളവിലെത്തി. വലതു ഭാഗത്തുള്ള ആ വളവിന്റെ താഴത്തെ ഭാഗം ചരിവാണ്. ബസ്സ് അവിടെയെത്തിയതും ചരിവില്‍നിന്ന് ആകര്‍ഷകത്വമുള്ള ഒരു മുസ്ലിം യുവതി മുകളിലേക്കു കയറി റോഡില്‍ നിലയുറപ്പിച്ചതും ഒന്നായിക്കഴിഞ്ഞു. വെണ്‍മയാര്‍ന്ന വസ്ത്രങ്ങളായിരുന്നു അവളുടേത്. വെള്ളക്കുപ്പായം, വെള്ളമുണ്ട്, വെള്ളത്തട്ടം, മൂന്നിലും നീലനിറത്തിലുള്ള ചിത്രത്തയ്യല്‍. അവിടെനിന്ന് ‘അവള്‍ ബസ്സിലേക്കു നോക്കാതെ ദൂരത്തേക്കുതല ചരിച്ചു നോക്കി; മാനെന്ന പോലെ. ആരുടെ ഹൃദയത്തിലും അവളുടെ നില്പും നോട്ടവും ചലനമുണ്ടാക്കും. നീലാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, സൂര്യപ്രകാശത്തിന്റെ ഉജ്ജ്വലതയില്‍ ആ ചെറുപ്പക്കാരി ദേവതയെപ്പോലെയായി. അതിവേഗം പോകുന്ന ബസ്സ് ആ മനോഹരദൃശ്യം ഇല്ലാതാക്കിക്കളഞ്ഞു. എങ്കിലും ആ ഒരു നിമിഷം അതിന്റെ സൗന്ദര്യത്തോടെ, വൈകാരികത്വത്തോടെ ഇപ്പോഴും ആഗമിക്കുന്നു. വര്‍ഷമേത്? മാസമേത്? ദിവസമേത്? സമയമേത്? അറിഞ്ഞുകൂടാ. എങ്കിലും ആ നിമിഷം മായുന്നില്ല. ഇന്നും അതുണ്ടു്. നമ്മള്‍ ജീവിക്കുന്നത് അത്തരം ഭൂതകാല നിമിഷങ്ങളിലാണ്.

ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം. എന്റെ ഗുരുനാഥന്‍ സി.ഐ.ഗോപാലപിള്ള അവര്‍കള്‍ പഠിപ്പിച്ചു കഴിഞ്ഞിട്ട് “ഇതൊന്നു ചുരുക്കിയെഴുതിക്കൊണ്ടുവരണം” എന്നു എന്നോടു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് അതേ ക്ളാസ്സ്. സാറ് ചോദിച്ചു: “എഴുതാന്‍ പറഞ്ഞത് എഴുതിയോ?” “ഇല്ല സാര്‍” എന്ന് എന്റെ മറുപടി. അദ്ദേഹം ദേഷ്യപ്പെടാതെ എന്നെ നോക്കി ആക്ഷേപത്തിന്റെ മട്ടില്‍ ഒന്നു ചിരിച്ചു. എല്ലാം മറന്നുപോയി ഞാന്‍. അക്കാലത്തെ മറ്റദ്ധ്യാപകര്‍ ആര്? ക്ളാസ്സേത്? വര്‍ഷമേത്? ഒന്നും ഓര്‍മ്മയില്ല. പക്ഷേ സി.ഐ. സ്സാറിന്റെ ആക്ഷേപച്ചിരി ഇന്നും ഹൃദയം പിളര്‍ക്കുന്നു. നിമിഷമേ, നീ തന്നെ സുപ്രധാനം. കാമുകിയുടെ പേരുവരെ വാര്‍ദ്ധക്യത്തിലെത്തിയ കാമുകന്‍ വിസ്മരിച്ചിരിക്കും. പക്ഷേ കോപനയായി അവള്‍ നിന്ന നിമിഷം അയാള്‍ മറക്കില്ല. അവള്‍ മനോഹരമായി ചിരിച്ചത് അയാള്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

സാഹിത്യകൃതികളിലെ നിമിഷങ്ങളും ഇതുപോലെ വായനക്കാരെ ‘ഹോണ്‍ടു’ ചെയ്യും. യൂഗോയുടെ ‘പാവങ്ങ’ളിലെ മെത്രാന്‍ വെള്ളി മെഴുകുതിരിക്കാലുകളെടുത്ത് ഷാങ്വല്‍ ഷാങ്ങിനു കൊടുത്തിട്ട് എന്തേ നിങ്ങള്‍ ഇവകൂടി കൊണ്ടുപോയില്ല? എന്നു ചോദിക്കുന്ന നിമിഷം; എടുത്തുയര്‍ത്താന്‍ വയ്യാത്ത ഒരുതൊട്ടി വെള്ളം പൊക്കിക്കൊണ്ടു കൊച്ചുകുട്ടി കോസത്ത് നടക്കുമ്പോള്‍, അവളറിയാതെ ഷാങ്വല്‍ഷാങ് പിറകേ ചെന്ന് അത് കൈയില്‍ വാങ്ങുന്ന നിമിഷം. ഇവയെല്ലാം മറക്കാന്‍ വയ്യ. നിമിഷങ്ങളാണ് നമ്മെ ഭരിക്കുന്നത്.

രാജന്‍ കാക്കനാടന്‍

“കമ്മ്യൂണിസം മരിച്ചോ?” “ഒരാശയത്തിനും മരണമില്ല. ചിലപ്പോള്‍ ആശയത്തിനു വേഗമുണ്ടായിരിക്കും. മറ്റു ചിലപ്പോള്‍ മന്ദഗതിയും ലെനിന്റെ കാലത്ത് അത് വേഗത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ന് അതിനു മന്ദഗതി. ഇനിയും ഒരു കാലത്ത് വേഗമുണ്ടാകും.”

“The moon shines bright. In such a night as this,
When the sweet wind did gently kiss the trees
And they did make no noise…”

കവിതയുടെ അധിത്യകയിലെത്തിയ ഇത്തരം വരികള്‍ ഷെയ്ക്സ്പിയറിന്റെ The Merchant of Venice എന്ന നാടകത്തില്‍ ഏറെയുണ്ടെങ്കിലും അതിന്റെ ഇതിവൃത്തം ബാലിശമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. ദുഷ്ടകഥാപാത്രം one pound of flesh എന്നു വിളിക്കുന്നത് അയാളുടെ നൃശംസതയുടെ ഫലമാണെങ്കിലും പണം കടം കൊടുക്കുന്നവര്‍ക്ക് ആ വിധത്തിലുള്ള ക്രൂരതയില്‍നിന്ന് ഒഴിഞ്ഞു നില്ക്കാനാവില്ല. ഒഴിഞ്ഞു നിന്നാല്‍ പലിശ കിട്ടില്ല. മുതല്‍ പോലും കിട്ടില്ല. അതുകൊണ്ട് എന്നോട് ഇത്തരം ക്രൂരത കാണിച്ചിട്ടുള്ളവരോട് എനിക്ക് നീരസമൊട്ടും തോന്നിയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരാളിനോട് ആയിരം രൂപ കടം വാങ്ങിയപ്പോള്‍ നാലായിരം രൂപ വാങ്ങിയതായി എനിക്കു മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുക്കേണ്ടിവന്നു. ഞാന്‍ പണം കൊടുത്തില്ലെങ്കില്‍ നാലായിരം രൂപയ്ക്കാവും അദ്ദേഹം കോടതിയില്‍ കെയ്സ് കൊടുക്കുക. “God is that which satisfies our vital longing and evil in that which does not satisfy it” എന്ന് ഊനമൂനോ (Unamuno) അദ്ദേഹത്തിന്റെ വിശിഷ്ടമായ “Tragic Sense of Life” എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. (Page 320 Dover Publications 1954-ലെ വില ഒരു ഡോളര്‍ ഇരുപത്തഞ്ചു സെന്റ്) കൊടുക്കാത്ത രൂപയ്ക്ക് പ്രമാണം എഴുതിവാങ്ങുന്നതും ആയിരം രൂപയ്ക്ക് ഭീമമായ പലിശ വാങ്ങുന്നതും തിന്‍മതന്നെ. എങ്കിലും ആ തിന്‍മയെ ഞാന്‍ വെറുക്കുന്നില്ല. കടം കൊടുക്കുന്നവരെസ്സംബന്ധിച്ച് എന്റെ മാനസികനില ഇതായതു കൊണ്ട് സൂത്രപ്പണികളിലൂടെ കടം വാങ്ങുന്നവരോടും എനിക്കു വെറുപ്പില്ല. ആ പ്രവര്‍ത്തനത്തെ റഷ്യന്‍ സാഹിത്യകാരന്‍ ഫാസില്‍ ഇസ്കന്തറെപ്പോലെ ലാഘവത്തോടെ കാണാന്‍ നമ്മള്‍ പഠിക്കണം. അദ്ദേഹത്തിന്റെ “Borrowers” എന്ന ചെറുകഥ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതാണ്. കഥയുടെ തുടക്കത്തിലെ ആശയമിങ്ങനെ: കടം വാങ്ങാന്‍ കരുതുന്നവന്‍ മുന്‍കൂറായി ടെലിഗ്രാമൊന്നും നിങ്ങള്‍ക്ക് അയയ്ക്കില്ല. വ്യാപകമായ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് അയാള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങുന്നു. മിക്കവാറും ശൂന്യാകാശത്തെക്കുറിച്ചാവും സംഭാഷണം. നിങ്ങള്‍ പറയുന്നതൊക്കെ വലിയ ശ്രദ്ധയോടെ കേള്‍ക്കും. ഇങ്ങനെ നിങ്ങളും അയാളും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടാകുമ്പോള്‍ സംഭാഷണത്തിലെ ആദ്യത്തെ മൗനത്തെ മുതലെടുത്തുകൊണ്ട് അയാള്‍ ജഗത്സംബന്ധിയമായ ഔന്നത്യത്തില്‍നിന്ന് പെട്ടെന്നു താഴത്തേക്കു വന്ന് “പിന്നെ ഒരു പത്തു റൂബിള്‍ പതിനഞ്ചു ദിവസത്തേക്കു കടം തരുമോ?” എന്നു ചോദിക്കും. ശ്രോതാവ് കറങ്ങി വീണതുതന്നെ. തുടര്‍ന്ന് ഇക്കഥ മുഴുവനും വായിക്കു. യഥാര്‍ത്ഥമായ ഹാസ്യത്തിന്റെ തരംഗങ്ങളില്‍ നിങ്ങള്‍ നീന്തിത്തുടിക്കും. ഭക്ഷണശാലയില്‍ നിങ്ങള്‍ ഇരിക്കുമ്പോഴാവും ഒരുത്തന്‍ വന്നു കടം ചോദിക്കുക. “അയ്യോ ഇല്ലല്ലോ” എന്നു മറുപടി. എങ്കിലും നിങ്ങളുടെ ഹൃദയം വേദനിക്കുന്നു. “നോക്കട്ടെ ഒരു സ്നേഹിതനോടു ചോദിക്കാം” എന്നു പറഞ്ഞിട്ട് നിങ്ങള്‍ ഏതെങ്കിലും റ്റെലിഫോണ്‍ ബൂത്തില്‍ കയറി നില്ക്കുന്നു. ട്രൗസര്‍ പോക്കറ്റില്‍നിന്ന് അയാള്‍ ചോദിച്ച പണമെടുത്തു ഷേര്‍ട്ടിന്റെ പോക്കറ്റില്‍ വയ്ക്കുന്നു. കരുതിക്കൂട്ടി നേരം വൈകിച്ചിട്ട് ‘സ്നേഹിതന്റെ കൈയില്‍നിന്നു വാങ്ങിയത്’ എന്നു പറഞ്ഞു പണം അയാള്‍ക്കു കൊടുക്കുന്നു. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണസാധനങ്ങള്‍ നിങ്ങളുടെ അഭാവത്തില്‍ മേശപ്പുറത്തു വെയ്റ്റര്‍ കൊണ്ടുവച്ചത് അയാള്‍ അതിനകം ഭക്ഷിച്ചിരിക്കും.

ഇങ്ങനെ പൊരിക്കുന്നവരെക്കുറിച്ചു ഒരു കഥ (അങ്ങനെ വിളിക്കാമോ എന്തോ) എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചിട്ട് ശ്രീ.രാജന്‍ കാക്കനാടന്‍ ഈ ലോകം വിട്ടുപോയി. പക്ഷേ ഈ രചനയില്‍ ഹാസ്യമില്ല, ഇതിനു പ്രബന്ധത്തിന്റെ സ്വഭാവമേയുള്ളു എന്നൊക്കെ എനിക്കു പറയേണ്ടിയിരിക്കുന്നു. എന്റെ ആ ക്രൂരത ആ നല്ല സ്നേഹിതന്റെ ആത്മാവ് ക്ഷമിക്കട്ടെ. ഇസ്കന്തറുടെ കഥയാണ് രാജന്‍ കാക്കനാടന്റെ പ്രചോദനകേന്ദ്രം എന്നു കൂടി എഴുതിയില്ലെങ്കില്‍ നിരൂപണത്തെസ്സംബന്ധിച്ച സത്യസന്ധത ഉണ്ടാവുകയില്ല. പാതിരിമാരും കാക്കകളും ഒരുപോലിരിക്കുമെന്ന് ചൊല്ല്. പക്ഷേ ഓരോ പാതിരിക്കും ഓരോ കാക്കയ്ക്കും ‘വ്യക്തിത്വ’മുണ്ട്. കഥകളും ഒരേ മട്ടിലിരിക്കുമെങ്കിലും ഓരോന്നിനും അതിന്റേതായ ‘വ്യക്തിത്വം’ ഉണ്ടാകുമെന്നും പറയാം.

* * *

മധുവിധു ആഘോഷിക്കാന്‍ നവദമ്പതികള്‍ തീവണ്ടിയില്‍ യാത്ര പോകുകയായിരുന്നു. “ഓമനേ ഇവിടെ നിന്നുകൊള്ളു. ഞാന്‍ പോയി റ്റിക്കറ്റ് വാങ്ങിക്കൊണ്ടുവരാം.” എന്നു പറഞ്ഞ് അയാള്‍ പോയി. ഒറ്റയ്ക്കു യാത്ര ചെയ്തു ചെയ്ത് അതൊരു ശീലമായിപ്പോയി അയാള്‍ക്ക് അതുകൊണ്ട് വധുവിന്റെ കാര്യമോര്‍മ്മിക്കാതെ ഒരു റ്റിക്കറ്റ് വാങ്ങിക്കൊണ്ട് അയാള്‍ അവളുടെ അടുത്തെത്തി. ഒറ്റ റ്റിക്കറ്റ് കണ്ട അവള്‍ കരഞ്ഞു. പെട്ടെന്ന് അയാള്‍ പറഞ്ഞു… “ഓമനേ, താല്‍ക്കാലികമായ ക്ഷോഭംകൊണ്ട് ഞാന്‍ എനിക്കു റ്റിക്കറ്റ് വാങ്ങാന്‍ മറന്നുപോയി (ഈസാക് അസമൊഫ് Isaac Asimov, “Treasury of Humor”).

നാട്യക്കാരന്‍

റഷ്യന്‍ അതിര്‍ത്തിയിലെ ഒരു ആര്‍മീനിയന്‍ പട്ടണത്തില്‍ ജനിച്ച George Ivanovich Gurdjieff ന്റെ പേര് ഉച്ചരിക്കേണ്ടതെങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. രണ്ടുകൊല്ലം മുന്‍പ് ഒരു റഷ്യാക്കാരനോടു ചോദിച്ചപ്പോള്‍ അത് റഷ്യന്‍ പേരല്ല എന്നാണ് മറുപടി കിട്ടിയത് എനിക്ക്. അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ ഗ്രീക്കുകാരായിരുന്നു. അതിനാല്‍ ഗ്രീക്കു പേരായിരിക്കാമത്. പക്ഷേ George എന്നതും Ivanovich എന്നതും റഷ്യന്‍ പേരുകളാണ്. Gurdjieff-നെ റഷ്യന്‍ സംജ്ഞാനാമമായി കരുതാമെങ്കില്‍ പേരു ഗ്യോര്‍ഗി ഇവാനവിച്ച് ഗുര്‍ദ്ഷ്യേവ് എന്നാവും ഉച്ചാരണം. റഷ്യന്‍ സംജ്ഞാനാമങ്ങളുടെ നിഘണ്ടുവില്‍ Gurdjieff എന്ന പേരു കാണാത്തതിനാല്‍ അതു റഷ്യന്‍ പേരല്ല എന്നു റഷ്യാക്കാരന്‍ പറഞ്ഞതാവും ശരി. ഇക്കാരണങ്ങളാല്‍ ശ്രീ. രവി വിലങ്ങനും ശ്രീ. ഇ.വി. ശ്രീധരനും എഴുതിയതു പോലെ (കലാകൗമുദി) അദ്ദേഹത്തിന്റെ പേരു ഗുര്‍ജിഫ് എന്നു തന്നെ ആയിക്കൊള്ളട്ടെ. ഈ മിസ്റ്റിക്കിനെക്കുറിച്ച് അറിയാന്‍ പാടില്ലാത്തവര്‍ക്കു പ്രയോജനപ്രദമാണ് രണ്ടു പ്രബന്ധങ്ങളും.

“ഇന്ത്യയിലെ ഏറ്റവും അന്തസ്സുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാര്?” “ജ്യോതിബാസു. ആവര്‍ത്തിക്കട്ടെ ഈ ഉത്തരമെഴുതിയ ഞാന്‍ കമ്മ്യൂണിസ്റ്റല്ല.”

കോളിന്‍ വില്‍സന്റെ അഭിപ്രായമനുസരിച്ച് ഈ മിസ്റ്റിക്കിന്റെ ഉദ്ബോധനത്തിന്റെ സാരാംശം പ്രവൃത്തിയാണ്. മനുഷ്യന് ഇരുപത്തൊന്നു വയസ്സുവരെ മാത്രമേ വളര്‍ച്ചയുള്ളു. അതിനു ശേഷം വളര്‍ച്ചയില്ലാത്തതിനാല്‍ അവന്‍ ആലസ്യത്തില്‍ വീഴും. അവനെ അതില്‍നിന്ന് ഉണര്‍ത്താനായി വിറകു കീറിക്കുക, കല്ലു പൊട്ടിക്കുക ഈ പണികളിലേക്കു നയിക്കും ഗുരുനാഥന്‍. അസഹനീയങ്ങളായിരുന്നു അവയെന്നു മിസ്റ്റിക്കിന്റെ’ ശിഷ്യന്‍മാര്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്.

രണ്ടാമത്തേത് വിശുദ്ധനൃത്തങ്ങളാണ്. ഈ നൃത്തങ്ങളെ ഗുരുനാഥന്‍ ചലനാത്മകമായ യോഗം എന്നു വിളിച്ചിരുന്നു. ഇവ മനുഷ്യരെ ആധ്യാത്മിക നിദ്രയില്‍നിന്ന് (spiritual slumber) ഉണര്‍ത്തിയിരുന്നുപോലും.

പൗരസ്ത്യ ദര്‍ശനമുസരിച്ച് മൂന്നു മാര്‍ഗ്ഗങ്ങളാണുള്ളത് 1) ശാരീരിക ദമനം (physical discipline) 2) വൈകാരിക ദമനം (emotional discipline) 3) ധൈഷണിക ദമനം (Intellectual discipline). ആദ്യത്തേത് ഫക്കീറിന്റേത്. രണ്ടാമത്തേത് സന്യാസിയുടേത്. മൂന്നാമത്തേത് യോഗിയുടേത്. ഇവയ്ക്കു തമ്മില്‍ സമനിലയില്ലെന്നു റഷ്യന്‍ മിസ്റ്റിക് കരുതി. അതിനാല്‍ അവയെ നിരാകരിച്ച് അദ്ദേഹം നാലാമതൊരു മാര്‍ഗ്ഗം സ്വീകരിച്ചു. ത്യജിക്കലോ നിരാകരിക്കലോ ജീവിതത്തില്‍ പാടില്ല എന്നതിനെയാണ് നാലാമത്തെ മാര്‍ഗ്ഗമെന്നു അദ്ദേഹം വിളിച്ചത്. (Stephen Annett പ്രസാധനം ചെയ്ത The Many Ways of Being എന്ന ഗ്രന്ഥത്തിനോടു കടപ്പാട്.)

മനുഷ്യന്‍ ഒറ്റയായ ‘ഞാന്‍’ എന്നതല്ല. അനേകം ‘ഞാന്‍’ ഒരുമിച്ചു കൂടിയതാണ്. ഈ അനേകം ‘ഞാനു’കളെ യോജിപ്പിച്ച് ഒറ്റയായ ഞാന്‍ ഉണ്ടാക്കുകയാണ് വേണ്ടത്. സ്ഫടികസിതോപലങ്ങളെപ്പോലെയാണ് ഓരോ ഞാനും. കാറിന്റെ വിന്‍ഡ് സ്ക്രീനില്‍ ഒരിടി ഇടിച്ചാല്‍ അത് അനേകം ക്രിസ്റ്റലുകളായി — സിതോപലങ്ങളായി — ചിതറുമല്ലോ. ഇച്ഛാശക്തികൊണ്ട് ഞാന്‍, ഞാന്‍ എന്ന സിതോപലങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ ഉപകരിക്കുന്നതാണ് നാലാമത്തെ മാര്‍ഗ്ഗം (കോളിന്‍ വില്‍സന്‍).

ഏതു കൊച്ചു കുട്ടിക്കും കാണാവുന്നതു പോലെ ഈ ചിന്താഗതിയില്‍ ഒരു മൗലികതയുമില്ല. പലയിടങ്ങളിലും നിന്നും കടം കൊണ്ടു ചിന്തകളെ ഒരുമിച്ചു ചേര്‍ത്തു നൂതന ചിന്തയായി അവതരിപ്പിച്ച ഷാലട്ടന്‍ — (Charlatan) നാട്യക്കാരന്‍ ആയിരുന്നു ഈ റഷ്യന്‍ മിസ്റ്റിക് അദ്ദേഹം ശിഷ്യകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നു Rom Landau തന്റെ “God is my Adventure” എന്ന വിശിഷ്ടമായ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഭക്ഷണശാലയില്‍ ഇരുന്ന ഒരു സ്ത്രീക്കു പെട്ടെന്നു വൈഷയിക ചലനമുണ്ടായി. ആരോതന്റെ ലൈംഗിക കേന്ദ്രത്തെ പിളര്‍ന്നു എന്നൊരു തോന്നല്‍ അവള്‍ക്ക്. തിരിഞ്ഞു നോക്കിയപ്പോള്‍ ഈ മിസ്റ്റിക് ഇരിക്കുന്നു അവളെ ഉറ്റുനോക്കിക്കൊണ്ട്. ഇങ്ങനെ നോട്ടം കൊണ്ടു സ്ത്രീകളെ ഇളക്കി സ്വന്തമിച്ഛയ്ക്കു വിധേയകളാക്കിയ ഒരാളിനെ എനിക്ക് കള്ള ‘പ്രോഫിറ്റ്’ (prophet) ആയി അംഗീകരിക്കാം. മിസ്റ്റിക്കായി അംഗീകരിക്കാന്‍ വയ്യ. ഏതായാലും ഈ ലേഖനങ്ങള്‍ കലാകൗമുദിയില്‍ വന്നതു നന്നായി. വായനക്കാര്‍ ആ “മിസ്റ്റിക്കി”നെ ക്കുറിച്ചു ചിന്തിക്കുമല്ലോ.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങള്‍ സാഹിത്യകാരന്‍മാര്‍ക്കു തമ്മില്‍ത്തമ്മില്‍ സ്നേഹമുണ്ടോ?”

“സാഹിത്യകാരന്‍ എന്നത് മഹത്ത്വമുള്ള പേരാണ്. ഞാനതില്‍ പെടില്ല. സാഹിത്യത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ മാത്രമാണ് ഞാന്‍. സാഹിത്യകാരന്മാര്‍ക്ക് തമ്മില്‍ത്തമ്മില്‍ ഇല്ലാത്തത് ഒരു വികാരം മാത്രം. സ്നേഹം എന്നാണ് അതിന്റെ പേര്.”

Symbol question.svg.png “കമ്മ്യൂണിസം മരിച്ചോ?”

“ഒരാശയത്തിനും മരണമില്ല. ചിലപ്പോള്‍ ആശയത്തിനു വേഗമുണ്ടായിരിക്കും. മറ്റു ചിലപ്പോള്‍ മന്ദഗതിയും, ലെനിന്റെ കാലത്ത് അതു വേഗത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ന് അതിനു മന്ദഗതി, ഇനിയും ഒരുകാലത്ത് വേഗമുണ്ടാകും.”

Symbol question.svg.png “നമ്മള്‍ ഇന്ത്യാക്കാര്‍ ഓരോ നിമിഷവും എന്തു ചെയ്യുന്നുവെന്നു നിങ്ങള്‍ക്കറിയാമോ?”

“അറിയാം. ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു. ചോദ്യം ചോദിച്ച നിങ്ങളും ഉത്തരമെഴുതുന്ന ഞാനും പഞ്ചാബിലോ ജമ്മു-കാശ്മീരിലോ ആണ് ജനിച്ചതെങ്കില്‍ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഉത്തരമെഴുതാന്‍ ഞാനും കാണുകില്ല.”

Symbol question.svg.png “ഇന്ത്യയിലെ ഏറ്റവും അന്തസ്സുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാര്?”

“ജ്യോതിബാസു ആവര്‍ത്തിക്കട്ടെ ഈ ഉത്തരമെഴുതിയ ഞാന്‍ കമ്മ്യൂണിസ്റ്റല്ല.”

Symbol question.svg.png “നിങ്ങള്‍ മൂര്‍ഖനായി നടക്കുന്നതല്ലാതെ ശീട്ടുകളിയെങ്കിലും കളിച്ചിട്ടുണ്ടോ?”

“ഞാന്‍ ബാല്യകാലത്ത് പേരെടുത്ത ബാഡ്മിന്റന്‍ കളിക്കാരനായിരുന്നു. ചീട്ടുകളിക്കാരനും. അതിന്റെ എല്ലാ നിയമങ്ങളും മനസ്സിലാക്കിയിട്ടേ കളി തുടങ്ങിയുള്ളു. ഇന്നു രാഷ്ട്രീയക്കളി നടത്തുന്നവര്‍ക്ക് അതിന്റെ ഒരു നിയമവുമറിഞ്ഞുകൂടാ.”

Symbol question.svg.png “സാല്‍വഡോര്‍ ഡാലിയുടെ ആത്മകഥ വായിക്കുന്നത് നിങ്ങളുടെ വാക്കുകളിലാണെങ്കില്‍ മഹനീയമായ അനുഭവമല്ലേ?”

“സാല്‍വാദോര്‍ ഡാലിയുടെ ആത്മകഥയ്ക്കു രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും വായിച്ചിട്ടുണ്ട്. അവ പച്ചക്കള്ളമാണ്, വള്‍ഗറാണ്.”

Symbol question.svg.png “‘വേരിലും തടിയിലും കയ്പിന്‍ ഗന്ധം’ അപ്പേള്‍ പൂവിലോ?”

“വേരിലും തടിയിലും കയ്പ് ഉണ്ടെങ്കില്‍ പൂവിലും അതുകൊണും സംശയിക്കേണ്ടതില്ല.”

മുട്ടായിക്കവിത

പുരുഷനെയാണ് ആദ്യം സൃഷ്ടിച്ചത്. പിന്നെ സൃഷ്ടാവ് ചന്ദ്രന്റെ മസൃണതയും അരയന്നപ്പുടയുടെ മൃദുത്വവും പൂക്കളുടെ സൗന്ദര്യവും പക്ഷിയുടെ ചിലമ്പലും ഒരുമിച്ചു ചേര്‍ത്തു സ്ത്രീയെ സൃഷ്ടിച്ചു.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഒരു കാവ്യസമാഹാര ഗ്രന്ഥത്തിന് അവതാരികയെഴുതിക്കൊടുത്തില്ലല്ലോ എന്നു ശ്രീ. റ്റി.എന്‍. ഗോപിനാഥന്‍ നായര്‍ അച്ഛനെ — സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ളയെ — കൂടക്കൂടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ഒരുദിവസം, മകന്റെ ഉപദ്രവം സഹിക്കാനാവാതെ അച്ഛന്‍ പറഞ്ഞു — “എന്നാല്‍ ആ മുട്ടായിക്കവിത ഇങ്ങ് എടുത്തുകൊണ്ടുവാ” എന്ന്. ചങ്ങമ്പുഴക്കവിത മുട്ടായിയാണെങ്കില്‍ അതു ഫൈവ് സ്റ്റാറോ കാഡ്‌ബറീസോ ആയിരിക്കും. മുട്ടായികളില്‍ അധമന്‍മാരുണ്ട്. വെറും അമേരിക്കന്‍ മാവും കളറും പഞ്ചാരയും ചേര്‍ത്ത് ഗ്രീന്‍പീസിന്റെ ആകൃതിയില്‍ ഉണ്ടാക്കിവച്ചിരിക്കുന്ന മുട്ടായികള്‍ ആ വിഭാഗത്തില്‍പെടുന്നു. പത്തുപൈസ കൊടുത്താല്‍ ഒരുകിലോ വരെ തൂക്കിയിട്ടു തരും. കുട്ടികള്‍ക്കു പുഴുപ്പല്ലും വയറ്റുവേദനയും നല്കുന്ന അത്തരം ഉരുണ്ട മുട്ടായികളുടെ പേരെന്തെന്ന് എനിക്കറിഞ്ഞുകൂടാ. ശ്രീ. കെടാകുളം കരുണാകരന്‍ ‘മലയാള സാഹിത്യം’ വാര്‍ഷികപ്പതിപ്പില്‍ എഴുതിയ ‘മധുരം; മധുരതരം’ എന്ന കാവ്യം ഇത്തരത്തില്‍ മുട്ടായിക്കവിതയാണ്.

“ഓര്‍മ്മിക്കുന്നുവോ നമ്മ-
ളൊരു സായംകാലം
പൂക്കളം നെയ്യുന്നതാം
സുന്ദര മുഹൂര്‍ത്തത്തില്‍,
രണ്ടു ദിക്കില്‍നിന്നെത്തി
സ്സന്ധിച്ചാരിവരും,
തണ്ടലര്‍ പുളകംപോല്‍
വിരിയും പുഴവക്കില്‍.
ഒന്നിനുമാകാതെ നീ
പരുങ്ങിപ്പതുങ്ങിപ്പോം
സുന്ദരമുഖം താഴ്ത്തി
നാണിച്ചുനിന്നു മൗനം.”

ഇതിലെ തണ്ടലര്‍ പുളകം പോല്‍ വിരിയും എന്ന രീതിയിലുള്ള അനേകം ക്ളീഷെകള്‍ കുഞ്ഞുങ്ങള്‍ക്കു പുഴുപ്പല്ലു വരുത്തുന്ന പഞ്ചാരയാണ്. രണ്ടുപേരും — കാമുകനും കാമുകിയും — ഒരുമിച്ചു ചേരുന്നത് വയറ്റുവേദനയുണ്ടാക്കുന്ന അമേരിക്കന്‍ മാവാണ്; സര്‍വസാധാരണത്വമുള്ള അമേരിക്കന്‍ മാവ്. ബാക്കിയുള്ളതെല്ലാം കുഞ്ഞിനു വമനേച്ഛ ജനിപ്പിക്കുന്ന കളറും, ഇതൊക്കെയാണെങ്കിലും പിള്ളേര്‍ അച്ഛനമ്മമാരറിയാതെ ഉരുണ്ട മുട്ടായി വാങ്ങിത്തിന്നും. പ്രായം കൂടിയ ഞാന്‍ തന്നെ ‘മലയാള സാഹിത്യ’ത്തിന്റെ താളില്‍നിന്ന് അതെടുത്തു നാക്കിലിട്ടല്ലോ.

കരിങ്കല്ലുകള്‍

കോണ്‍കേയ്വ് (ഉള്ളിലേക്കു വളഞ്ഞ) ദര്‍പ്പണത്തില്‍ നിന്നുള്ള പ്രതിഫലനത്തിനു ശേഷം രശ്മികള്‍ ഒരുമിച്ചു കൂടുന്ന ബിന്ദുവിനെ ‘ഫോക്കസ്’ എന്നു പറയുന്നു. പുറത്തേക്കു വളഞ്ഞ (കോണ്‍വെക്സ്) കാചംവഴി അപവര്‍ത്തനം (റിഫ്രാക്ഷന്‍) സംഭവിച്ച് രശ്മികള്‍ ഒരുമിച്ചു കൂടുന്ന ബിന്ദുവും ‘ഫോക്കസ്’ തന്നെ. പ്രാപഞ്ചിക സംഭവങ്ങളുണ്ടാകുന്ന കാചത്തിലൂടെ ‘വിഷ’ന്റെ രശ്മികള്‍ പായിച്ചു ഫോക്കല്‍ പോയിന്റില്‍ എത്തിക്കുമ്പോള്‍ തിളക്കമുണ്ടാകും. അപ്പോള്‍ സത്യം സത്യാത്മകമാകുന്നു. ദേശാഭിമാനി വാരികയില്‍ ‘എന്നും വേനല്‍’ എന്ന ചെറുകഥയെഴുതിയ ശ്രീമതി ജാനമ്മ കുഞ്ഞുണ്ണിക്ക് രശ്മികളെ ഫോക്കസിലെത്തിക്കാന്‍ അറിഞ്ഞുകൂടാ. ഓവര്‍ ഫോക്കസ്സിങ് എന്നു പറയാമോ എന്തോ? പറയാമെങ്കില്‍ അതാണ് ശ്രീമതി നിര്‍വഹിക്കുക. ഒരു തെമ്മാടി ധനികന്റെ കൂടെ ഒരുത്തിയെ പറഞ്ഞയയ്ക്കുന്നു അവളുടെ അച്ഛനമ്മമാര്‍ അവന്റെ ദൗഷ്ട്യം സഹിക്കാനാവാതെ അവള്‍ വീട്ടില്‍ വരുന്നു. മറ്റൊരുത്തന്റെ കൂടെ പോയപ്പോള്‍ അമ്മായിയുടെ ഉപദ്രവം. അതുകൊണ്ടു സാമൂഹിക പ്രവര്‍ത്തനത്തില്‍ അവള്‍ മുഴുകി. അതിന്റെ ഫലമായി ഭര്‍ത്താവിന്റെ സ്നേഹം നഷ്ടപ്പെട്ടു. അതു വീണ്ടെടുക്കാന്‍ കഴിയാതെ അവള്‍ നൈരാശ്യത്തിലേക്കു വീഴുമ്പോള്‍ കഥയുടെ പര്യവസാനം. സര്‍ഗ്ഗാത്മകത്വമാണ് ഫോക്കസ് സൃഷ്ടിക്കുന്നത്. അതിനു കഴിവില്ല ജാനമ്മ കുഞ്ഞുണ്ണിക്ക് എന്നു പറഞ്ഞു കഴിഞ്ഞു. അതിനു വൈദഗ്ദ്ധ്യമില്ലെങ്കില്‍ ഏതെങ്കിലുമൊരു വാക്യം അനുഭൂതി ജനിപ്പിച്ചാലും മതിയായിരുന്നു. അതുമില്ല. എന്റെ വീട്ടിനടുത്ത് ഒരു മാന്യന്‍ കെട്ടിടം നിര്‍മ്മിക്കുന്നു. ലോറിയില്‍ കയറ്റിക്കൊണ്ടുവന്നു പറമ്പിലിട്ട കരിങ്കല്ലുകള്‍ സ്ത്രീകള്‍ ഓരോന്നായി തലയിലെടുത്ത് ഒരിടത്തു കൊണ്ടിടുന്നു. അവര്‍ക്കു കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ഒരു ‘വിഷനു’മില്ല. ദിവസക്കൂലിക്കു കരിങ്കല്‍ ചുമക്കുകയാണ്. ഒരു ദര്‍ശനവുമില്ലാതെ (Vision) ശ്രീമതി ജാനമ്മ വാക്കുകളാകുന്ന കരിങ്കല്‍ക്കഷണങ്ങളെടുത്തു താഴത്തേക്ക് എറിയുന്നു. തന്റെ തലയിലെ ഭാരം ഒന്നൊഴിവാക്കിയാല്‍ മതിയെന്നേ അവര്‍ക്കുള്ളു. അവ വന്നുവീഴുന്നത് ദേശാഭിമാനി വാരികയുടെ നെഞ്ചിലും വായനക്കാരന്റെ നെഞ്ചിലും.

നാനാവിഷയകം

പാതവക്കുകളിലോ ശവപ്പറമ്പിന്റെ മുകളിലോ ഇരുന്ന് സ്വപ്നം കാണുന്ന കല്ലുകൊണ്ടുള്ള കൊച്ചു ബുദ്ധപ്രതിമകളുടെ മുഖങ്ങളില്‍ ജാപ്പനീസ് ശൈശവത്തിന്റെ മൃദുലാകര്‍ഷകത്വമുണ്ട്.

  1. പുരുഷനെയാണ് ആദ്യം സൃഷ്ടിച്ചത്. പിന്നെ ത്വഷ്ടാവ് ചന്ദ്രന്റെ മസൃണതയും അരയന്നപ്പൂടയുടെ മൃദുത്വവും പൂക്കളുടെ സൌന്ദര്യവും പക്ഷിയുടെ ചിലമ്പലും ഒരുമിച്ചു ചേര്‍ത്തു സ്ത്രീയെ സൃഷ്ടിച്ചു. ആദ്യം പുരുഷന് ആഹ്ളാദം. പക്ഷേ കുറെക്കഴിഞ്ഞ് അയാള്‍ ത്വഷ്ടാവിന്റെ അടുക്കലെത്തിപ്പറഞ്ഞു: “അവള്‍ സുന്ദരിയാണ്. ഞാന്‍ അവളെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ അവള്‍ വാതോരാതെ ചിലയ്ക്കുന്നു. എന്റെ ജീവിതത്തിലെ ശാപമാണ് അവള്‍. തിരിച്ചെടുത്താലും അവളെ.” രണ്ടുമാസം കഴിഞ്ഞ് അയാള്‍ വീണ്ടുമെത്തി ത്വഷ്ടാവിനോടു പറഞ്ഞു. “എനിക്കു വല്ലാത്ത ദുഃഖം. അവളെ തിരിച്ചു തരു.” കുറച്ചു ദിവസം കഴിഞ്ഞ് അയാള്‍ വീണ്ടും എത്തി അദ്ദേഹത്തെ അറിയിച്ചു: “ദയവുചെയ്ത് അവളെ തിരിച്ചെടുക്കു.” ത്വഷ്ടാവ് പറഞ്ഞു: “ഇല്ല. നീ അവളോടു കഴിഞ്ഞുകൊള്ളണം.” പാവം പുരുഷന്‍ അയാള്‍ക്ക് അവളോടൊരുമിച്ചു ജീവിക്കാന്‍ വയ്യ. അവളില്ലാതെയും ജീവിക്കാന്‍ വയ്യ. (Autobiography of a Yogi എന്ന പുസ്തകമെഴുതിയ ശ്രീ പരമഹംസ യോഗാനന്ദന്റെ മറ്റൊരു വിശിഷ്ട ഗ്രന്ഥമായ Man’s Eternal Quest എന്ന പുസ്തകത്തില്‍ നിന്ന് പുറം 322, Oxford & IBH publishing co. വില 75 രൂപ.)
  2. ആന്റീറോ ദി കീന്റല്‍ (Antero de Quental) എന്ന പോര്‍ത്തുഗീസ് (പോറ്റ്യൂഗീസ്) ദുരന്തകവി അദ്ഭുതാവഹങ്ങളായ രണ്ടു ഗീതകങ്ങളിലൂടെ ബന്ധനസ്ഥമായ ചൈതന്യത്തെസ്സംബന്ധിച്ച സ്വപ്നത്തിനു രൂപം നല്കിയിട്ടുണ്ട്. ആ തടവ് പരമാണുക്കളിലല്ല, ‘അയണി’ലല്ല (ion), സിതോപലങ്ങളിലല്ല. കവി സ്വാഭാവികമായി കാണുന്നതുപോലെ സമുദ്രത്തിലും വൃക്ഷങ്ങളിലും വനങ്ങളിലും പര്‍വ്വതങ്ങളിലും കാറ്റിലും എല്ലാ ഭൗതികവസ്തുക്കളിലും രൂപങ്ങളിലുമാണ്. ബന്ധനസ്ഥങ്ങളായ ഈ ആത്മാക്കളെല്ലാം ബോധത്തിലേക്ക് ഉണരുമെന്നും അവയെ ബന്ധിച്ച രൂപങ്ങളില്‍നിന്നു സ്വാതന്ത്ര്യം നേടി ശുദ്ധമായ ചിന്തയായി ആവിര്‍ഭവിക്കുമെന്നും അദ്ദേഹം സങ്കല്പിക്കുന്നു. മോഹത്തിന്റെ സൃഷ്ടികളായ ഈ രൂപങ്ങള്‍ വീണുപോകുന്നെന്നും അടിസ്ഥാനരഹിതമായ ‘വിഷന്‍’ എന്ന പോലെ അലിഞ്ഞുപോകുന്നെന്നും അവ കാണും. ബോധം എല്ലാത്തിലും കടന്നുകയറുമെന്നത് ഒരുജ്ജ്വലസ്സ്വപ്നം തന്നെ. (ഊനാ മുനോയുടെ Tragic Sense of Life എന്ന പുസ്തകത്തില്‍ നിന്ന്. പുറം 240.)
  3. പാതവക്കുകളിലോ ശവപ്പറമ്പിന്റെ മുകളിലോ ഇരുന്നു സ്വപ്നം കാണുന്ന കല്ലുകൊണ്ടുള്ള കൊച്ചു ബുദ്ധ പ്രതിമകളുടെ മുഖങ്ങളില്‍ ജാപ്പനീസ് ശൈശവത്തിന്റെ മൃദുലാകര്‍ഷകത്വമുണ്ട്. ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങളുമായി സാദൃശ്യമുണ്ട് അവയ്ക്ക്. വിചിത്രമായ സൌന്ദര്യവും അപക്വമായ മുഖരേഖകളും അറിയണമെങ്കില്‍ ജപ്പാനിലെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് നിങ്ങള്‍ കാണേണ്ടിയിരിക്കുന്നു — കണ്‍പോളകളുടെയും ചുണ്ടുകളുടെയും രേഖകളുടെ അസ്പഷ്ടമാധുര്യം. ബുദ്ധപ്രതിമകളുടെ നിര്‍മ്മാതാക്കളുടെ കലയില്‍ ഐശ്വരാവസ്ഥയുടെ ശാന്തി കുഞ്ഞിന്റെ നിദ്രയെ സുന്ദരമാക്കുന്ന നേരിയ മന്ദഹാസത്തിലൂടെയാണ് വ്യജ്ഞിപ്പിക്കപ്പെടുന്നത്. (Laf cadio Hearn-ന്റെ Writings from Japan എന്ന പുസ്തകത്തില്‍നിന്ന്.)

നൂതനം

ഇംഗ്ളീഷിലെ ‘ഹോണ്‍ടിങ്’ എന്ന പദത്തെ സാര്‍ത്ഥകമാക്കുന്ന കഥകളാണ് കോര്‍തസാറിന്റേത്. അവയ്ക്കു തുല്യം കലാസുന്ദരങ്ങളായ മറ്റു കഥകള്‍ ഞാനധികം കണ്ടിട്ടില്ല. കഥാസമാഹാരങ്ങളില്‍ അച്ചടിച്ചു വരുന്ന ചെറുകഥകള്‍ക്കു പുറമേ അദ്ദേഹത്തിന്റെ “We love Glenda so much”, “A change of Light” ഈ സമാഹാര ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. രണ്ടാമതു പറഞ്ഞ പുസ്തകത്തിലെ “Summer” എന്ന കഥ അദ്ഭുതാവഹമത്രേ. മേരിയാനോയും സുല്‍മയും താമസിക്കുന്ന ക്യബിനില്‍ കൊച്ചു മകളെ കൊണ്ടുവിട്ടിട്ട് ഫ്ളോറന്‍ഷ്യോ കടല്‍ത്തീരത്തേക്കു പോയി. രാത്രി കുഞ്ഞിനെ നോക്കിക്കൊള്ളണമെന്നായിരുന്നു അയാളുടെ അപേക്ഷ. ദമ്പതികള്‍ കുഞ്ഞിനു ആഹാരം കൊടുത്ത് മുറിയുടെ മൂലയില്‍ കിടത്തി. മേരിയാനോ രണ്ടാമത്തെ നിലയില്‍ കീടനാശിനി തളിക്കുന്നതിന്റെയും സുല്‍മ മുറിച്ച ഒരു ഉള്ളിയുടെ മണം വ്യാപിക്കുന്നതിനുമിടയ്ക്കു രാത്രിയെത്തി. പെട്ടെന്ന് ഒരു ശബ്ദം. ഉദ്യാനത്തിലെ കല്പടവുകളിലാണത്. പട്ടിയാണോ? അല്ല. കുതിര. മേരിയാനോ അതിന്റെ കുളമ്പുകളില്‍ നിന്നു വരുന്ന ശബ്ദംകേട്ടു. ആ മൃഗത്തിന്റെ കുഞ്ചിരോമവും ചോരയൊലിക്കുന്ന ചുണ്ടുകളും വലിയ തലയും ജന്നലില്‍ ഉരസുന്നു. വീണ്ടും കുളമ്പുകളുടെ ശബ്ദം. കുതിര ജന്നല്‍ തകര്‍ത്തു അകത്തു കയറുമെന്നു സുല്‍മയ്ക്കു പേടി. കുതിര കരയുന്നതിന്റെയും കുളമ്പുകള്‍ ഉദ്യാനത്തില്‍ പതിക്കുന്നതിന്റെയും ശബ്ദം ഉയര്‍ന്നുയര്‍ന്നു വന്നു. സുല്‍മ തകരുകയാണ്. അവന്‍ പോയിയെന്നു മേരിയാനോ പറഞ്ഞു. പക്ഷേ അവള്‍ സമാശ്വസിച്ചില്ല. ഒരു ‘ട്രാന്‍ക്വിലൈസര്‍’ കൊടുത്ത് അവളെ ഉറക്കാന്‍ കിടത്തി അയാള്‍. കിടക്കാനായി നഗ്നയായി മാറിയ അവള്‍ക്കു പേടി മൂലയില്‍ കിടക്കുന്ന പെണ്‍കുഞ്ഞു വാതില്‍തുറന്നിട്ട് കുതിരയെ വീട്ടിനകത്തു കയറ്റുമെന്ന്. ചെന്നു നോക്കിയപ്പോള്‍ അവള്‍ എഴുന്നേറ്റു നില്ക്കുന്നു. “നീ എന്താണ് ഈ സമയത്ത് ചെയ്യുന്നത്” എന്നു സുല്‍മ അവളോടു ചോദിച്ചപ്പോള്‍ “I go up to tinkle” എന്നു മറുപടി. (tinkle = മൂത്രമൊഴിക്കുക) ഉദ്യാനത്തില്‍ മൂത്രമൊഴിക്കാന്‍ വേണ്ടി വാതില്‍ തുറക്കരുത്, മുകളിലുള്ള കുളിമുറിയില്‍ പോകണമെന്നു താന്‍ പറഞ്ഞിട്ടില്ലേ എന്നു സുല്‍മ കുട്ടിയോടു ചോദിച്ചു. പേടിക്കാനില്ല എന്നു മേരിയാനോ ധൈര്യം കൊടുത്തിട്ടും സുല്‍മയ്ക്കു ഭയംതന്നെ. കുതിരയെ അകത്തേക്കു വരുത്താനാണ് പെണ്‍കുട്ടി വാതില്‍ തുറന്നിട്ടതെന്ന് സുല്‍മ കരുതി. വാതില്‍ ഇപ്പോഴും തുറന്നിരിക്കുന്നു അവന്‍ വരും, വരും എന്നായി അവള്‍. വരുന്നെങ്കില്‍ വരട്ടെ എന്ന് അയാള്‍. മേരിയാനോയുടെ ഭാരമാര്‍ന്ന ശരീരം സുല്‍മയിലമര്‍ന്നു. “I don’t want to, I don’t want to, I don’t want to ever again, I don’t want to” എന്നു പറഞ്ഞ് അവള്‍ വിലപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പോസ്റ്റ്മാന്‍ എഴുത്തുകകള്‍ കൊണ്ടിടാത്ത ഉഷ്ണകാലം കുതിരകളില്ലാത്ത ഉഷ്ണകാലം ഈ ഭൂതകാലത്തേക്കു അവള്‍ ആ ഞെരിഞ്ഞമരലിലൂടെ ചെന്നു. രാത്രിയേറെക്കഴിഞ്ഞപ്പോള്‍ അയാള്‍ വസ്ത്രധാരണം ചെയ്ത് താഴത്തേക്കു ചെന്നു. പെണ്‍കുഞ്ഞ് വായില്‍ വിരലിട്ടുകൊണ്ടു ഉറങ്ങുകയാണ്. സുല്‍മ പറഞ്ഞതു ശരി. പെണ്‍കുഞ്ഞ് വലിയ വാതില്‍ തുറന്നിട്ടിരിക്കുന്നു. പക്ഷേ കുതിര അകത്തേക്കു വന്നില്ല. കുതിര അകത്തു കയറിയില്ലെന്ന് എങ്ങനെ തീരുമാനിക്കാം? എല്ലാം ക്രമമായി നടക്കുമെങ്കില്‍, നാഴികമണി സമയം ശരിയായി അളന്നു കുറിക്കുമെങ്കില്‍ ഫ്ളോറന്‍ഷ്യോ മകളെ കൊണ്ടുപോകാന്‍ വരും. പന്ത്രണ്ടു മണിയോട് അടുപ്പിച്ച് പോസ്റ്റ്മാന്‍ വരും. താനോ സുല്‍മനോ അതെടുക്കും. ഭക്ഷണത്തിന് എന്താണ് വേണ്ടതെന്ന് അവര്‍ പരസ്പരം സമ്മതിച്ചു തീരുമാനത്തിലെത്തും. സെക്സിനോടു ബന്ധപ്പെട്ട, വിവാഹിതയായ സൂല്‍മയുടെ പേടിയെ ഒരു പ്രതീകത്തിലൂടെ ആവിഷ്കരിക്കുന്ന ഇക്കഥ മിസ്റ്ററിയുടെ തീക്ഷണത ആവഹിക്കുന്നു.

ഞാന്‍, ശ്രീ. കെ.എസ്. രാമന്‍ ഭാഷാപോഷിണി മാസികയിലെഴുതിയ “മോട്ടോര്‍ സൈക്കിളുകള്‍” എന്ന ചെറുകഥ വായിച്ച് ഇതേതീക്ഷ്ണത ദര്‍ശിച്ചു. മോട്ടോര്‍ സൈക്കിളപകടത്തില്‍ മരിച്ച ഭര്‍ത്താവിനെ ധ്യാനിച്ചു കിടക്കുന്ന വിധവ മതിവിഭ്രമത്തിലൂടെ മറ്റൊരു മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം പതിവായി കേള്‍ക്കുന്നതും ഒടുവില്‍ അതില്ലാതെയാകുമ്പോള്‍ തകര്‍ന്നടിയുന്നതും കഥാകാരന്‍ പ്രഗല്ഭമായി ചിത്രീകരിച്ചിരിക്കുന്നു. നൂതനമായ ഭാവസംദൃബ്ധത, നൂതനമായ വിഷയം. കഥാകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.