സാഹിത്യവാരഫലം 1999 04 02
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 1999 04 02 |
മുൻലക്കം | 1999 03 26 |
പിൻലക്കം | 1999 04 09 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
നിലാവു ചന്ദ്രനോടുകൂടി പോകുന്നു. മിന്നൽ മേഘത്തോടുകൂടി അപ്രത്യക്ഷമാകുന്നു. സ്ത്രീകൾ പതിമാർഗ്ഗത്തിലൂടെ (ഭർത്താവ് പോയ വഴിയിലൂടെ) പോകുകയെന്നത് അല്പചേതനയുള്ളവരാൽപ്പോലും സ്വീകരിക്കപ്പെട്ടതാണല്ലോ. (ശശിനാസഹയാതി കൗമുദീ. സഹമേഘേന തടിത് പ്രലീയതേ. പ്രമദഃ പ്രതിവർത്മഗാ ഇതി പ്രതിപന്നംഹി വിചേതനൈരപി- കുമാരസംഭവം, നാലാം സർഗ്ഗം, 33-ആം ശ്ലോകം.) ഭർത്താവ് ശിവന്റെ നേത്രാഗ്നിയിൽ ഭസ്മമായി മാറിയതുകണ്ട് ഭാര്യ &mash; രതി &mash; വിലപിക്കുന്നതാണിത്. ഇതിലെ രതിയുടെ സ്‌ഥാനത്ത് ഞാൻ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു. അങ്ങനെ ഞാൻ രതിയായി മാറുന്നു.
സുന്ദരിയായ ബത്ഷീബ നഗ്‌നയായി കുളിക്കുന്നതു ഡേവിഡ് രാജാവ് കൊട്ടാരത്തിന്റെ മുകളിൽ നിന്നു കണ്ടു.അയാൾ അവളെ കൊട്ടാരത്തിൽ കൊണ്ടുവന്നു ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കി. ജനിച്ച കുഞ്ഞിന്റെ പിതൃത്വം ബത്ഷീബയുടെ ഭർത്താവിൽ ആരോപിക്കാൻ ഡേവിഡ് ശ്രമിച്ചെങ്കിലും അതിൽ വിജയം വരിച്ചില്ല. രാജാവു അതുകൊണ്ട് അയാളെ സമരമുഖത്ത് അയച്ചു നിഗ്രഹിപ്പിച്ചു. അയാളുടെ മരണത്തിനുശേഷം ഡേവിഡ് ബത്ഷീബയെ വിവാഹം കഴിച്ചു. ബത്ഷീബ, നീ മരിച്ചെന്നു ബൈബിൾ പറയുന്നു. എങ്കിലും നീ മരിച്ചിട്ടില്ല. ഡേവിഡും മരിച്ചിട്ടില്ല. ഞാൻ ഡേവിഡിന്റെ സ്ഥാനത്തു എന്നെത്തന്നെ പ്രതിഷ്ഠിച്ചു ഇസ്രായേലിലെ രാജാവായി വർത്തിക്കുന്നു. നീ കുളിക്കാൻ പോകുന്നുണ്ടോ എന്നു നോക്കികൊണ്ടു ഞാൻ എന്റെ കൊട്ടാരത്തിന്റെ മുകളിൽ നില്‌ക്കുന്നു.
ജോസഫ് കാംബെൽ വിശ്വവിഖ്യാതനായ പുരാവൃത്ത ശാസ്ത്രകാരനാണല്ലോ. അദ്ദേഹം ഇന്ത്യയിലെത്തിയപ്പോൾ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ആത്‌മാനന്ദസ്സ്വാമിയെ കാണണമെന്നു കരുതി. താൻ ‘funny little hotel’ എന്നു വിളിക്കുന്ന മാസ്‌കറ്റ് ഹോട്ടലിലെത്തി കാംബെൽ. വലിയ ചൂടായിരുന്നതുകൊണ്ട് അദ്ദേഹം മുറിയിൽ നിന്നിറങ്ങി വരാന്തയിൽ ഇരുന്നു. ആചാര്യനെ ദർശിക്കുന്നതിനു മുൻപ് കിറുക്കന്മാരെയും കാണേണ്ടതായി വരും. അപ്പോൾ ഒരുത്തൻ വലിയ വാച്ചുമായി വന്നു അദ്ദേഹത്തോടു പറഞ്ഞു: “സ്ത്രീകൾക്കെന്നപോലെ പുരുഷൻമാർക്കും ആർത്തവമുണ്ട്. അതാണ് ഈ വാച്ചിൽ കാണുന്നത്.” വാച്ചിൽ ഒരു വശത്തു ചുവപ്പും വെളുപ്പും നിറമുള്ള ത്രാസ്സ്. മറ്റേവശത്ത് കറുത്തതും വെളുത്തതുമായ ത്രാസ്സ്. വന്നയാൾ തുടർന്നു: ‘ഈ സൂചി ചുവന്ന ഭാഗത്തു വരുമ്പോൾ എനിക്കു ആർത്തവമായി. മറ്റേ ഭാഗത്തു സൂചിയെത്തുമ്പോൾ എനിക്കു മാസമുറയില്ല.’ പുച്ഛിച്ചു കാംബെൽ പറയുന്നു: ‘ഇതുണ്ടാക്കാൻ അയാൾക്ക് എത്ര പണം ചെലവായിരിക്കുമെന്നു സങ്കൽപിച്ചുനോക്കൂ.’ എന്നെപ്പോലെ സാധാരണക്കാരന് അപ്രാപ്യമായ മാസ്‌കറ്റ് ഹോട്ടലിനെ funny little hotel എന്നാണ് കാംബെൽ വിശേഷിപ്പിക്കുന്നത്. ഞാൻ കാംബെലായി മാറുന്നു ഇതു വായിച്ച്.
പ്യേർ പാഓലോ പസോലീനീ (Pier Paolo Pasolini, 1922&nash;1975) മഹാനായ എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായിരുന്നു. ചിത്രകാരനും കവിയും നോവലിസ്റ്റുമായിരുന്ന പാസോലീനീ പാർടികാർഡില്ലാത്ത കോമ്യൂണിസ്റ്റുമായിരുന്നു. ഇറ്റലിയിലെ പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ ആൻതോന്യോ ഗ്രാംഷീ (Antonio Gramsei, 1891&nash;1937) സ്വാധീനത ചെലുത്തി പാസോലീനീയിൽ. അദ്ദേഹത്തിന്റെ ‘A Violent Life’ എന്ന ശക്തമായ നോവലിനെക്കുറിച്ച് ഞാൻ ഈ കോളത്തിൽ മുൻപ് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കാവ്യമാണ് ‘To a Pope’ എന്നത്. പോപ്പ് മരിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ പ്രായമുണ്ടായിരുന്ന ഒരാൾ മരിച്ചു. പിൽക്കാലത്തെ പോപ്പ് ഇരുപതാമത്തെ വയസ്സിൽ വിദ്യാർത്ഥിയായിരുന്നു. മരിച്ചയാൾ ഒരു തൊഴില്‌ക്കാരൻ കുട്ടിയും. അക്കാലത്ത് അവർ ഒരുമിച്ചു താമസിച്ചും പ്രാചീന റോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണാഗ്നിയാൽ പ്രകാശമാർന്നവരായി. റ്റ്‌സുക്കേത്തോ (Zucchetto) എന്ന് അയാളുടെ പേര്. ട്രാം കയറി അയാൾ മരിച്ചു. റ്റ്‌സുക്കേത്തോ പോപ്പിന്റെ അതേ മതവിശ്വാസമുള്ള ആളായിരുന്നു. അയാൾക്കു കുടുംബമില്ല. വീടില്ല. രാത്രിസമയത്ത്
അയാൾ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു. പോപ്പ് അതറിഞ്ഞതേയില്ല. അയാളെപ്പോലെയുള്ള ആയിരം യേശുക്രിസ്തുകളെയും അറിഞ്ഞില്ല. റ്റ്സുക്കേത്തോയെപ്പോലെയുള്ളവർ പോപ്പിന്റെ സ്നേഹഭാജനങ്ങളാവാത്തതെന്തു എന്നു ചോദിക്കുന്നതു പാസോലീനിയും കൂട്ടുകാരും ഭ്രാന്തർമാരായതു കൊണ്ടാവാം. മരിച്ചവനു വേണ്ടി, അയാളെപ്പോലെയുള്ളവർക്കു വേണ്ടി പോപ്പ് ഒരു വാക്ക് പറഞ്ഞാൽ മതി. നല്ല മേൽക്കൂര അവരുടെ മുകളിൽ ഉണ്ടാകുമായിരുന്നു. ഇനി പാസോലീനീയുടെ വാക്കുകൾ തന്നെയാവട്ടെ (ഇംഗ്ലീഷ് തർജ്ജമ):
- “No one asked you to pardon
- Marx! an immense
- wave breaking from millennia of life
- seperated you from him, from his religion
- but in your religion don’t they speak of mercy?
- Thousands of people under your pontificate,
- before your eyes, lived in stalls and pigsties,
- You knew it:to sin does not mean to do evil;
- not to do good, that’s what it means to sin…
- How much good you could have done!
- And you did not do it
- There has never been a greater sinner than you”
പാസോലിനി സ്വവർഗ്ഗാനുരാഗതല്പരനായിരുന്നു. എങ്കിലും ഞാൻ ഇപ്പോൾ പാസോലീനിയായി മാറിയിരിക്കുന്നു.
സമകാലിക അമേരിക്കൻ നോവലിസ്റ്റുകളിൽ പ്രമുഖനായ എഡ്മണ്ട് വൈറ്റും 1922-ൽ മരിച്ച ഫ്രഞ്ച് നോവലിസ്റ്റ് മർസൽ പ്രൂസ്തുമാണ് ഞാനിപ്പോൾ (Marcel Proust, 1871&nash;1922). അത്രകണ്ട് അവരുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരിക്കുന്നു. പ്രൂസ്തിന്റെ “Remembrance of Things Past” എന്ന നോവൽ വർഷങ്ങൾക്കു മുൻപു വായിച്ചപ്പോൾ തന്നെ എനിക്കു അദ്ദേഹവുമായി മാനസികമായ ഐക്യം ഉണ്ടായി. ഇന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ എഡ്മണ്ട് വൈറ്റുമായി താദാത്മ്യം. ‘Proust was the greatest novelist of the twentieth century, just as Tolstoy was in the nineteenth’ എന്നു ഇംഗ്ലീഷ് നോവലിസ്റ്റ് ഗ്രേയം ഗ്രീൻ പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ടാണ് വൈറ്റ് പ്രൂസ്തിന്റെ ചെറിയ ജീവചരിത്രമെഴുതുന്നത്. പ്രൂസ്തിന്റെ കീർത്തി ജോയിസ് ബെക്കറ്റ്, വെർജീനിയ വുൾഫ്, ഫോക്നർ, ഹെമിങ്‌വേ, ഫിറ്റ്സ് ജെറൾഡ്, ഷീദ്, വലേറി, ഷെനെ, റ്റോമസ്മാൻ, ബ്രഹ്റ്റ് ഇവരുടെ കീർത്തിക്കു മങ്ങലേല്പിച്ചിരിക്കുന്നു എന്നാണു വൈറ്റിന്റെ അഭിപ്രായം. ഇപ്പറഞ്ഞ സാഹിത്യകാരന്മാർക്ക് അവരുടെ നാടുകളിൽ പ്രൂസ്തിനുള്ളതിനെക്കാൾ അംഗീകാരമുണ്ടായിരിക്കാം. പക്ഷേ രാഷ്ട്രാന്തരീയ പ്രശസ്തിയിൽ പ്രൂസ്ത് അദ്വിതീയനാണെന്നു ഈ ജീവചരിത്രകാരൻ പ്രസ്താവിക്കുന്നു.
വിശ്വനോവൽ സാഹിത്യത്തിൽ മഹത്തായ നൂതന സംവിധാനം കൈവരുത്തി രൂപത്തിലും ഭാവത്തിലും മൗലികത കാണിച്ച പ്രൂസ്തിനെയല്ല വൈറ്റ് ഈ ജീവചരിത്രത്തിൽ ചിത്രീകരിക്കുന്നത്. കാണാൻ വയ്യാത്ത കാലമെന്നതിനെ വായനക്കാരെ കൊണ്ട് അനുഭവിപ്പിക്കുന്ന പ്രൂസ്തിന്റെ അത്യുജ്ജ്വലമായ പ്രതിഭയെയും വൈറ്റ് നമുക്കു കാണിച്ചു തരുന്നില്ല. രണ്ടു കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. ഒന്ന് പ്രൂസ്തിന്റെ സ്വവർഗ്ഗാനുരാഗം, രണ്ട് അനിച്ഛാപൂർവകങ്ങളായ സ്മരണകളിലൂടെ അദ്ദേഹം ഭൂതകാലത്തിന്റെ സത്യം എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നത്. ഈ രണ്ടു വിഷയങ്ങളിലും വൈറ്റിനെ സമീപിക്കാൻ മറ്റു ജീവചരിത്രകാരന്മാർക്കു കഴിഞ്ഞിട്ടില്ല. ഭൂതകാലത്തു നമ്മൾ അനുഭവിച്ചതെല്ലാം ഇട്ടുവച്ച ഭാജനമായി സ്മരണയെ പരിഗണിക്കരുതെന്നാണ് പ്രൂസ്ത് പറഞ്ഞത്. രുചി, മണം, മറ്റു സംവേദനങ്ങൾ ഇവ നമ്മുടെ ഇച്ഛ കൂടാതെ പൂർവകാലസ്മരണകളെ പുനരുല്പാദിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രാധാന്യം കല്പിച്ചത്.
പ്രൂസ്തിനു തണുക്കുന്നുവെന്നു കണ്ട് അദ്ദേഹത്തിന്റെ അമ്മ ചൂടുള്ള ചായ കൊടുക്കുന്നു. ഒരു സ്പൂണിൽ കെയ്ക്കിന്റെ കഷ്ണം കുതിർത്ത് അതു അദ്ദേഹം വായ്ക്കകത്തേക്കു ആക്കിയപ്പോൾ വിവരിക്കാനാവാത്ത ഒരനുഭൂതി ഉണ്ടായി. പണ്ട് കൊച്ചുന്നാളിൽ പ്രൂസ്തിന്റെ വല്യമ്മായി കെയ്ക്ക് ചായയിൽ കുതിർത്ത് ആ കുട്ടിക്കു കൊടുക്കുമായിരുന്നു. അപ്പോഴുണ്ടായ ആഹ്ലാദാനുഭൂതി ഇപ്പോഴുമുണ്ടാകുന്നു. സ്മരണയെക്കാൾ സുനിശ്ചിതവും സുശക്തവുമാണ് ഈ അനുഭവം. ഇങ്ങനെ ഇച്ഛാപൂർവകമല്ലാത്ത സ്മരണകളിലൂടെ പുർവകാലാനുഭവങ്ങളെ ആവിഷ്കരിക്കുന്ന നോവലാണ് പ്രൂസ്തിന്റേത്. ഇതാണു അദ്ദേഹത്തിന്റെ സാഹിത്യവാസ്തുവിദ്യയുടെ പ്രധാനപ്പെട്ട തത്ത്വമെന്ന് വൈറ്റ് അസന്ദിഗ്ദ്ധമായി സ്ഥാപിക്കുന്നു. യുക്തി കൊണ്ടു കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ പ്രത്യാനയിക്കാൻ കഴിയുകയില്ലെന്നു പ്രൂസ്ത് തെളിയിച്ചു. ധിഷണ അല്ലെങ്കിൽ ഇച്ഛാശക്തി ഇതിന്റെ നിയന്ത്രണത്തിനു അതീതമായ ഒരു വ്യാപാരമണ്. ‘Involuntary memory, by definition antiintellectual, nevertheless refines away all the unnecessary details of a forgotten moment and retains only its unadorned core’ എന്നു വൈറ്റ്. തന്റെ നോവലിൽ സ്വവർഗ്ഗാനുരാഗത്തിനു അമിത പ്രാധാന്യം നൽകിയ പ്രൂസ്ത് ആ മാനസിക ഭ്രംശത്തിനു വിധേയനായിരുന്നുവെന്നു നിരൂപകർ പറയുന്നു. ചിലർ അതിനെ എതിർക്കുകയും ചെയ്യുന്നു. ഒരു ജേണലിസ്റ്റ് പ്രൂസ്തിന്റെ ഈ വൈകല്യത്തെക്കുറിച്ച് സൂചിപ്പിച്ചതുകൊണ്ടു അദ്ദേഹം അയാളുമായി ‘ദ്വന്ദ്വയുദ്ധ’ ത്തിനു (duel) സന്നദ്ധനായി. ഈ സന്ദേഹാസ്പദമായ വിഷയത്തിൽ വൈറ്റ് സന്ദേഹരഹിതമായ തീരുമാനത്തിൽ എത്തുന്നു. പ്രൂസ്ത് സ്വവർഗ്ഗാനുരാഗതല്പരനായിരുന്നുവെന്ന് ഈ ജീവചരിത്രകാരൻ തെളിയിക്കുന്നുണ്ട്; നമുക്ക് അതിൽ താല്പര്യമില്ലെങ്കിലും.
വിരസങ്ങാളാണ് പല ജീവചരിത്രങ്ങളും. പുതിയ കലാസങ്കേതത്തിന്റെ അവലംബത്തോടെ രചിച്ച ഈ ജീവചരിത്രത്തിൽ വൈരസ്യജനകമായി ഒന്നുമില്ല. ഷെനെയുടെ ജീവചരിത്രമെഴുതി (Genet: A Biography) എവോർഡുകൾ നേടിയ സാഹിത്യകാരനാണല്ലോ വൈറ്റ്. എനിക്കു അദ്ദേഹത്തിന്റെ ഇപ്പുസ്തകം രസപ്രദമായിഭവിച്ചതു കൊണ്ടാണ് ഞാൻ എഡ്മണ്ട് വൈറ്റായി മാറിയിരിക്കുന്നുവെന്നു നേരത്തേ എഴുതിയത് (Marcel Proust, Edmund White, Penguin Lives, A Lipper Viking Book, Pages 165).
Contents
ചോദ്യം, ഉത്തരം
നമ്മുടെ ആധുനിക സാഹിത്യകൃതികളും നവീന സാഹിത്യകൃതികളും ഉറക്കെ വായിച്ചാൽ താടിയെല്ലിനു വേദന ഉണ്ടാകും. അപ്പോൾ ബോൺ സ്പെഷലിസ്റ്റിനെ കാണേണ്ടതായി വരും.
ഉറക്കെ വായിച്ചു ശീലിക്കണോ അതോ നിശ്ശബ്ദമായോ?
- നിശ്ശബ്ദമായി വായിച്ചാൽ മതി. നമ്മുടെ ആധുനിക സാഹിത്യകൃതികളും നവീന സാഹിത്യകൃതികളും ഉറക്കെ വായിച്ചാൽ താടിയെല്ലിനു വേദന ഉണ്ടാകും. അപ്പോൾ ബോൺ സ്പെഷലിസ്റ്റിനെ കാണേണ്ടതായി വരും.
ആളുകൾ വീട്ടിൽ വരുമ്പോൾ എന്താവും നിങ്ങളുടെ മാനസികനില?
- തത്ത്വചിന്തകൻ കാന്റ് പറഞ്ഞതാണു എനിക്കു ഇക്കാര്യത്തിൽ മാർഗ്ഗം കാണിക്കുന്നത്. ആളുകൾ വരുമ്പോൾ ഞാൻ അവരുടെ വസ്ത്രങ്ങൾ നോക്കി വിലയിരിത്തുന്നു. അവർ പോകുമ്പോൾ അവരെന്തു പറഞ്ഞു എന്നതിനെ ആസ്പദമാക്കിയാവും എന്റെ വിലയിരുത്തൽ’
“പുരുഷനെങ്ങനെ സ്ത്രീയെങ്ങനെ?” “പുരുഷൻ ഉണ്ണായിവാരിയരുടെ നളചരിതം പോലെ. സ്ത്രീ ചങ്ങമ്പുഴയുടെ ഭാവഗീതം പോലെ”
- സായാഹ്നം വളരെ വേഗത്തിൽ വരുന്നു.
സ്നേഹമല്ലേ ഏറ്റവും ശ്രേഷ്ഠമായ മൂല്യം?
- അല്ല. ഈ ലോകത്ത് ആരും ആരെയും സ്നേഹിക്കുന്നില്ല. സ്വാർത്ഥ താൽപര്യത്തിന്റെ പേരിലുള്ള പ്രകടനമേയുള്ളൂ. കാമുകന്റെയും കാമുകിയുടെയും സ്നേഹം passing fancy മാത്രം. ക്ഷമ മാത്രമാണ് മൂല്യം.
ലബ്‌ധപ്രതിഷ്ഠരായ ഇന്നത്തെ മലയാള സാഹിത്യകാരന്മാരെ കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും?
- തിരുവനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്ത് എന്റെ അചഛനമ്മമാർക്കു ഒരു വീടും ഇരുപത്തിയഞ്ചുസെന്റ് പുരയിടവും ഉണ്ടായിരുന്നു. അതു കൈമാറ്റം ചെയ്തു പോയി. ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം. ആ പുരയിടത്തിന്റെ പടിഞ്ഞാറേയറ്റത്ത് ഒരുറവ ഉണ്ടായിരുന്നു. അതിൽ നിന്നു ഒരടിപ്പൊക്കത്തിൽ വെള്ളം ചാടും. അതു കാണാൻ ഞാൻ എപ്പോഴും അവിടെ ചെന്നിരിക്കുമായിരുന്നു. അറുപതുവർഷം മുൻപു നിരന്തരം കണ്ട ആ നീർച്ചാട്ടം കാണാൻ ഞാൻ കഴിഞ്ഞകൊല്ലം ചെന്നു ഇപ്പോഴത്തെ ഗൃഹനായകന്റെ അനുമതിയോടുകൂടി. ഉറവ വറ്റിയിരിക്കുന്നു. ജലമേയില്ല. നമ്മുടെ സാഹിത്യകാരന്മാർ ഈ ഊറ്റുപൊലെയാണ്. ഉറവ എന്നേ വറ്റിപ്പോയി അവർക്ക്. ‘പഴയ കീർത്തിയിലാണ് അവർ ഞെളിഞ്ഞു നടക്കുന്നത്’.
ഞാനിഷ്ടപ്പെടുന്നത് പ്രഭാതമോ മദ്ധ്യാഹ്നമോ സായാഹ്നമോ?
- നിങ്ങളുടെ പ്രായമനുസരിച്ചിരിക്കും ഇഷ്ടം. കുട്ടിയാണു നിങ്ങളെങ്കിൽ പ്രഭാതമാണ് ഇഷ്ടമാവുക. യുവാവാണെങ്കിൽ മദ്ധ്യാഹ്നം. പുരുഷൻ ഉണ്ണായിവാരിയരുടെ നളചരിതം പോലെ. സ്ത്രീ ചങ്ങമ്പുഴയുടെ ഭാവഗീതം പോലെവൃദ്ധനാണെങ്കിൽ സായാഹ്നം.
- പുരുഷൻ ഉണ്ണായിവാരിയരുടെ നളചരിതം പോലെ. സ്ത്രീ ചങ്ങമ്പുഴയുടെ ഭാവഗീതം പോലെ.
ആയാൽ
ഞാൻ കേന്ദ്രമന്ത്രിയായാൽ? ന്യൂഡൽഹിയിലിരുന്നുകൊണ്ടു റ്റോർനേഡോ (ചുഴലിക്കാറ്റ്) അയയ്ക്കും. അതോടെ തീവണ്ടി മറിയും. നൂറ്റുക്കണക്കിനു ആളുകൾ ചതഞ്ഞരഞ്ഞും വെള്ളത്തിൽ മുങ്ങിയും മരിക്കും. ഞാൻ മൊറാർജിയായാൽ? ദിവസവും കാലത്ത് സ്വന്തം മൂത്രം കുടിക്കും. എങ്കിലും ഞാൻ മരിക്കും. ഞാൻ നേഡീൻ ഗോർഡിമറായാൽ? ഒരു വിഷയം തന്നെ നൂറു നോവലുകളാക്കി എഴുതും. ഞാൻ എസ്. രാധാകൃഷ്ണനായാൽ? മൗലീകദർശനമില്ലാതെ ഫിലോസഫർ എന്ന സ്ഥാനമാർജ്ജിക്കും. ഞാൻ സർ. ടി. മാധവറാവു ആയാൽ? തിരുവനന്തപുരത്തെ സ്റ്റാച്യു ജങ്‌ഷനിൽ പ്രതിമയായി മാറിനിന്ന് കാക്കക്കാഷ്ഠം ശരീരത്തിൽ ഏറ്റുവാങ്ങും. ഞാൻ രണ്ടോ മൂന്നോ ചെറുകഥകളെഴുതിയാൽ? പ്രതിഭാശാലിയായ കഥാകാരനായി ഭാവിച്ച് പത്രപ്രതിനിധികളെ വിളിച്ചുവരുത്തി പാണ്ഡിത്യക്കഷ്ണങ്ങൾ അവർക്കു നേരെ എറിഞ്ഞുകൊടുക്കും. ഞാൻ ജി. ഹരിനീലഗിരി ആയാൽ? അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ കഥപോലെ (56-ആം ലക്കം) വീണ്ടും വീണ്ടും കഥകളെഴുതി മനുഷ്യരെ കൊല്ലാക്കൊല ചെയ്യും.
രേഖ കെ.
ഇന്നു ഐ.എ.എസ്. ഉദ്ദ്യോഗസ്ഥൻമാരും ധനികരും വസിക്കുന്ന സൗധങ്ങൾ ഉള്ള ജവാഹർ നഗർ പണ്ട് മരിച്ചീനിവിള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒന്നുകിൽ കാലിനു ക്ഷതമേൽപ്പിക്കുന്ന കാഠിന്യം. അല്ലെങ്കിൽ കാലു പുതഞ്ഞുപോകുന്ന ചതുപ്പു പ്രദേശങ്ങൾ. എത്ര വേഗത്തിലാണ് കീലുകൊണ്ടാണെങ്കിലും കണ്ണാടിയിട്ട രാജരഥ്യകൾ അവിടെ ഉണ്ടായത്. അവയിലൂടെ നടക്കുന്ന സുന്ദരികൾ കവി പറഞ്ഞതുപോലെ ചെമ്പനീരലരുകളുടെ ചുവന്ന രശ്മികൾ പ്രസരിപ്പിക്കുമെമ്പാടും. സൗധങ്ങളോ? സന്ദർശകർക്കു സ്ഥലജലഭ്രമമുണ്ടാക്കും. മരച്ചീനിവിളയ്ക്കുവന്ന ഭാഗ്യാതിരേകം എന്നേ അദ്ഭുതം കൂറേണ്ടതുള്ളൂ.
തിരുവനന്തപുരത്തെ മരിച്ചീനിവിളയ്ക്കു മാത്രമല്ല പുത്തരിക്കണ്ടം മൈതാനത്തിനും ഈ അവസ്ഥാന്തരം വന്നിട്ടുണ്ട്. മുട്ടുവരെ പുതഞ്ഞു പോകുന്ന ചെളിയായിരുന്നു എങ്ങും. ഇന്നു കീലുകൊണ്ടു കറുകറെ മിന്നുന്നു സ്ഥലമാകെ. കൂറ്റൻ ബസ്സുകൾ സഞ്ചരിച്ചാലും ആ സ്ഥലത്തിന്റെ ഒരണുവിന്നുപോലും ബലക്ഷയം വരില്ല. എന്റെ ബാല്യകാലത്തു തിരുവനന്തപുരത്തിന്റെ ഏറിയകൂറും ഇങ്ങനെതന്നെയായിരുന്നു. ഇന്നു സിമെന്റും കമ്പിയും കൊണ്ടു മാന്ത്രികവിദ്യകൾ കാണിച്ച എഞ്ചീനിയർമാരെ ഓർമ്മിച്ചുകൊണ്ടു ഞാൻ അദ്ഭുതത്തോടുകൂടി ഈ പട്ടണത്തെ നോക്കുന്നു.
ദുഃഖത്തിന്റെയും നിരാശയുടെയും സ്നേഹമില്ലായ്മയുടെയും കർദ്ദമ പ്രദേശങ്ങളിൽ വച്ച ആകർഷകമായ കലാസൗധമാണ് രേഖ കെ. യുടെ ‘മറന്നുവച്ചത്’ എന്ന ചെറുകഥ (മലയാളം വാരിക). ജവാഹർ നഗർ കാണുമ്പോൾ നമ്മൾ പഴയ മരിച്ചീനിവിളയെ കാണുന്നില്ല. ഓർമ്മിക്കുന്നില്ല. രേഖയുടെ കഥ വായിച്ചുകഴിയുമ്പോൾ നമുക്കു സൗന്ദര്യാനുഭൂതി മാത്രം. ബസ് സ്റ്റേഷനിൽ വച്ച് ഒരു യുവതി ഒരു വൃദ്ധയെ പരിചയപ്പെടുന്നു. അവർ തന്റെ ദയനീയമായ ജീവിതകഥ അവളോടു പറയുന്നു. വൃദ്ധയുടെ ഒരു മകൾ രാഗത്തിൽപ്പെട്ട് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി. അതുകൊണ്ടു താൽക്കാലികമായി അവളുടെ ചേച്ചിയുടെ വിവാഹം മുടങ്ങി. പിന്നീടതു നടന്നു. വളരെക്കാലമായി ഒളിച്ചോടിപ്പോയ മകളെ കാണാതിരുന്ന അമ്മ അവളെ കാണാൻ പോകുകയാണ്. തിടുക്കത്തിൽ പോയതുകൊണ്ടോ അബോധാത്മകമായ പ്രേരണകൊണ്ടോ അവർ അവൾക്കു കൊടുക്കാൻ കൊണ്ടുപോയ വിലകുറഞ്ഞ സാരി മറന്നിട്ടിട്ടുപോയി. അതു കഥ പറയുന്ന യുവതിയുടെ കൈയിൽ. ദുഃഖസാന്ദ്രമായ ജീവിതത്തിന്റെ സാരാംശം രേഖ വാക്കുകൾ കൊണ്ടു പിടിച്ചെടുത്തിരിക്കുന്നു. ചിരപരിചിതത്വം എന്ന ദോഷം ഇക്കഥയ്ക്കുമില്ലേ എന്നു ചിലർ ചോദിച്ചേക്കം. ഉണ്ട്. പക്ഷേ അതിനെ നൂതനമായ രീതിയിൽ കഥാകാരി പ്രതിപാദിച്ചിട്ടുണ്ട് എന്നാണ് ഉത്തരം. യുവതിയുടെ ദുഃഖസമ്മിശ്രമായ ജീവിതത്തെ വൃദ്ധയുടെ ജീവിതത്തോടു കൂട്ടിയിണക്കുന്നതിലും രേഖയുടെ പ്രാഗല്‌ഭ്യം കാണാം.
ഭാവനാദാരിദ്ര്യം
കാസാൻദ്‌സാക്കീസ് (വിശ്രുതനായ ഗ്രീക്ക് കവി, നോവലിസ്റ്റ്) കുട്ടിയായിരിക്കുമ്പോൾ സംഭവിച്ചത്, അധ്യാപകൻ വിദ്യാർത്ഥികളെ വ്യാകരണം പഠിപ്പിക്കുകയായിരുന്നു. അതിൽ ശ്രദ്ധിക്കാതെ ഒരു വിദ്യാർത്ഥി ജന്നലിലൂടെ വെളിയിലേക്കുനോക്കിക്കൊണ്ടിരുന്നപ്പോൾ പാടിക്കൊണ്ട് ഒരു പക്ഷി അന്തരീക്ഷത്തിലേയ്ക്ക് ഉയരുന്നതു അവൻ കണ്ടു. അടുത്ത നിമിഷത്തിൽ വിദ്യാർത്ഥി അധ്യാപകനോടു പറയുകയായി: Be quiet, let us hear the bird മിണ്ടാതിരിക്കൂ. പക്ഷിയുടെ പാട്ട് ഞങ്ങൾ കേൾക്കട്ടെ. ഇക്കഥയുടെ വേറൊരു രൂപമാണ് രാധാമണിയുടെ ‘കവികർമ്മം’ എന്ന കാവ്യത്തിന്റെ വിഷയമെന്നു ഞാൻ ഒരിക്കലും പറയുകയില്ല. കാരണം ഞാൻ പറഞ്ഞ സംഭവം എനിക്കും എന്നെപ്പോലെ രണ്ടോ മൂന്നോ ആളുകൾക്കും മാത്രം അറിയാമെന്നതാണ്. അധ്യാപിക കുമാരനാശാന്റെ ‘മിന്നാമിനുങ്ങ്’ എന്ന കവിത പഠിപ്പിക്കുകയായിരുന്നു കുട്ടികളെ. അവരിൽ ഒരുത്തൻ പുറത്തേക്കു നോക്കിയിരിക്കുകയാണ്. ക്ലാസിനു പുറത്തുള്ള മൈതാനം മഴകൊണ്ടു കടൽ പോലെയായി. ‘അറബിക്കടലുപോലെയായി മൈതാനം അതിലെ കൊറ്റി മീൻവഞ്ചിതന്നെ’ എന്നു അവൻ പറഞ്ഞുപോലും. അപ്പോൾ ടീച്ചർ (കവി) പറയുന്നു: ‘ഇടറി നിൻ ഭാവന’ അധ്യാപികയ്ക്കു സ്വന്തം ഭാവനാദാരിദ്രത്തിൽ ദുഃഖം. കുട്ടിയാണ് കവി. താനതുവരെ കുമാരനാശാന്റെ കവിതയെ വാക്യതലത്തിൽ കൊണ്ടുവന്നതേയുള്ളു എന്ന് അവർ പറയുന്നു.
ഗ്രീക്ക് സംഭവത്തിലെ കുട്ടി യഥാർത്ഥ കവിയാണ്. വിരസമായ വ്യാകരണത്തെക്കാൾ അവനിഷ്ടം പക്ഷിയുടെ പാട്ടാണ്. രാധാമണിയുടെ കവിതയിലെ കുട്ടി സഹൃദയത്വമില്ലാത്ത പാഷാണഹൃദയനാണ്. അതിനാലാണ് അവൻ വെള്ളം കയറിയ മൈതാനത്തെ കടലായിക്കണ്ടതും അതിലെ കൊറ്റിയെ മീൻവഞ്ചിയായി ദർശിച്ചതും. അവന്റെ ആ ഭാവശൂന്യത രാധാമണിയുടേതു താനും. സുപരിചിതാനുഭവത്തെ അത്ഭുതാനുഭൂതിജനകമാക്കി മാറ്റാൻ കവിയെ സാഹായിക്കുന്നതാണ് ഭാവന. അതില്ല രാധാമണിക്ക് (കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). ഒരിക്കൽ കൂടി പറയട്ടെ. ആകാശത്ത് ചന്ദ്രക്കല പ്രശോഭിക്കുന്നതുകണ്ട് വിക്തോർ യൂഗോ ചോദിച്ചു: “ഏതു ഈശ്വരനാണ്, ഏതു ശാശ്വത വസന്തത്തിന്റെ കൊയ്ത്തുകാരനാണ് മേഘങ്ങളുടെ വയലിൽ ഈ സ്വർണ്ണക്കൊയ്ത്തരിവാൾ അലക്ഷ്യമായി ഇട്ടിട്ടുപോയത്?” ഇവിടെ അരിവാളും ചന്ദ്രക്കലയും വേർതിരിക്കാനാവാതെ ഒന്നായിത്തീരുന്നു. രാധാമണി മരാശാരി പലകക്കഷണങ്ങളെ മരയാണികൾ തിരുകി യോജിപ്പിക്കുന്നതുപോലെ കൊറ്റിയെയും വഞ്ചിയെയും കൂട്ടിച്ചേർക്കുന്നു.
വിളറിയ ചന്ദ്രക്കല മറഞ്ഞെങ്കിൽ
ഞാൻ കാലത്തു നാലുമണിക്ക് ഉറക്കമുണർന്ന് എഴുന്നേൽക്കും. ഒരു ദിവസം ഈ പതിവുസമയത്ത് ഉണർന്നു കതകു തുറന്നു മുറ്റത്തേക്കിറങ്ങിയപ്പോൾ പ്രേതത്തിന്റെ വിളറിയ ചിരിപോലെ നിലാവു പരന്നിരിക്കുന്നതുകണ്ടു. പേടിയോടെ പടിഞ്ഞാറൻ ആകാശത്തേക്കു നോക്കിയപ്പോൾ രണ്ടു മരങ്ങൾക്കിടയിൽ വിവർണ്ണമായ ചന്ദ്രക്കല. എനിക്കു പേടികൂടി. ഇതങ്ങു മറഞ്ഞെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. എന്റെ ആഗ്രഹത്തിന് അനുസരിച്ച മട്ടിൽ ചന്ദ്രക്കല മറഞ്ഞു. എനിക്ക് സമാധാനമായി. പൂമുഖത്തുതന്നെ ഇരുന്നു. കിഴക്കുദിക്ക് ചുവന്നു തുടങ്ങി. സൂര്യൻ ഉദിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചു. മനുഷ്യന്റെ ആശയ്ക്ക് സാഫല്യം നൽകും പ്രകൃതി. സൂര്യന്റെ രശ്മികൾ പ്രസരിച്ചു.
ദേശാഭിമാനി വാരികയിൽ ചന്ദ്രൻ പള്ളിക്കര എഴുതിയ ‘പാതി മുറിഞ്ഞുപോയ നിലവിളി’ എന്ന കഥ വായിച്ചപ്പോൾ ചന്ദ്രക്കല അപ്രത്യക്ഷമായെങ്കിൽ എന്ന എന്റെ മാനസികനില പോലെയൊരു മാനസികനില എനിക്കുണ്ടായിരിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെയും അവളുടെ കുഞ്ഞിനെയും ഒരുത്തൻ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു താമസിപ്പിക്കുന്നു. നന്ദികേടുള്ള അവൾ വ്യഭിചരിക്കുന്നു. ഗൾഫ് രാജ്യത്തിൽ വേറൊരാളിനോടുകൂടി പോകാൻ അവൾ തീരുമാനിക്കുമ്പോൾ അയാൾ കുഞ്ഞിനെ കടലിൽ മുക്കിക്കൊല്ലുന്നു. ജഡ്ജി ആ കൊലപാതകിയെ തൂക്കിക്കൊല്ലാൻ വിധിക്കുന്നു.
ചന്ദ്രക്കല &mash; പ്രേതത്തിന്റെ വിളറിയ ചിരിയുള്ള ചന്ദ്രക്കല &mash; മറയണമെന്ന് ഞാൻ ആഗ്രഹിച്ചതുപോലെ ചന്ദ്രൻ പള്ളിക്കര കഥാരചനയിൽ നിന്നും പിന്മാറണമെന്ന് ഞാൻ ആശിച്ചാൽ അതിലെന്താണു തെറ്റ് പ്രിയപ്പെട്ട വായനക്കാരേ. കഥയുടെ ദോഷങ്ങളെ വിമർശനാത്മകമായി എടുത്തു കാണിക്കാതെ രചയിതാവ് കഥാരചനയിൽ നിന്നു പിന്മാറണമെന്നും മറ്റും പറയുന്നത് മര്യാദകേടാണെന്ന് ചിലർ അഭിപ്രായപ്പെട്ടേക്കാം. ആ അഭിപ്രായം ആവിഷകരിക്കുന്നവരോടു എനിക്കു പരാതിയില്ല. പരിഭവമില്ല. എങ്കിലും പ്രേതദർശനാനുഭൂതി ഉളവാക്കുന്ന ചന്ദ്രക്കല മറയണമെന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ.
സി. പി. നായർ
ഏതു സ്ത്രീയും വിവാഹം കഴിഞ്ഞ് ഒരു മാസമാകുന്നതിനു മുൻപ് ഭർത്താവ് ചിരിക്കുന്നതുപോലെ ചിരിക്കും. അയാൾ സംസാരിക്കുന്നതുപോലെ സംസാരിക്കും.
‘എന്തെരെടീ ഇത്’ എന്ന് അമ്മയുടെ ചോദ്യം. തിരുവനന്തപുരത്തുകാരിയായ ആ അമ്മയുടെ ചോദ്യം കേട്ട് തിരുവനന്തപുരത്തു ജനിക്കുകയും പഠിക്കുകയും വളരുകയും ചെയ്ത മോൾ ‘എന്തെരോ എന്തോ’ എന്നു മറുപടി നൽകുന്നു. അവളെ ഒറ്റപ്പാലത്തുകാരൻ വിവാഹം കഴിച്ചു. രണ്ടു മാസം കഴിഞ്ഞു അവൾ എന്റെ വീട്ടിൽ വന്നപ്പോൾ പണ്ട് വാ പൊളിച്ചു ചിരിച്ചിരുന്നവൾ ഭർത്താവിനെപ്പോലെ പല്ലുകൾ ഇറുക്കിവച്ച് ചിരിക്കുന്നു. അയാളുടെ ഒറ്റപ്പാലൻ ഭാഷയിൽ സംസാരിക്കുന്നു. വീട്ടിൽ വന്ന സന്തോഷം കൊണ്ട് ഞാൻ അവൾക്ക് ഗൾഫ് രാജ്യത്ത് നിന്നു കിട്ടിയ ഒരു ഫൗണ്ടൻ പേന സമ്മാനമായി കൊടുത്തു. വിവാഹത്തിനു മുൻപാണെങ്കിൽ ‘അണ്ണാ ഇത് എന്തര് പേന?’ എന്നു ചോദിക്കുമായിരുന്നവൾ ചോദിച്ചത് ‘ഇതു ഒന്നേയുള്ളൂ?’ എന്നാണ്. ഒന്നുകൂടി വേണമെന്നല്ല അവൾ പറഞ്ഞത്. എന്റെ ഒരേയൊരു പേനയാണോ ദാനം ചെയ്തത്. അപ്പോൾ ഞാൻ എഴുതുന്നതെങ്ങനെ? എന്നായിരുന്നു ‘ഇതു ഒന്നേയുള്ളൂ?’ എന്ന അവളുടെ ചോദ്യത്തിന്റെ അർത്ഥം. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഏതു സ്ത്രീയും വിവാഹം കഴിഞ്ഞ് ഒരു മാസമാകുന്നതിനു മുൻപ് ഭർത്താവ് ചിരിക്കുന്നതുപോലെ ചിരിക്കും. അയാൾ സംസാരിക്കുന്നതുപോലെ സംസാരിക്കും. ‘താക്കോൽ’, ‘ചെരിപ്പ്’ എന്നൊക്കെപ്പറയുന്ന വട്ടിയൂർക്കാവുകാരി (വട്ടിയൂർക്കാവ് തിരുവനന്തപുരമെന്ന നഗരത്തിന്റെ പരിധിക്കപ്പുറത്തുള്ള സ്ഥലം) മഹാരാഷ്ട്രയിൽ കുറച്ചുകാലം പാർത്തിട്ട് വട്ടിയൂർക്കാവിലെത്തിയാൽ അവളുടെ ഭർത്താവിന്റെ ഭാഷയിൽ അമ്മേ ചാവിയെവിടെ? അച്ഛാ ചപ്പലെവിടെ എന്നാവും ചോദിക്കുക (ഈ ചോദ്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്).
ഭർത്താവിനോടൊരുമിച്ചുള്ള വാസം കൊണ്ടല്ല പകിട്ടുകാണിക്കാൻ വേണ്ടി തിരുവനന്തപുരത്തുകാരി വള്ളുവനാടൻ ഭാഷയിലും ചെന്നിത്തലക്കാരി പട്ടാമ്പി ഭാഷയിലും സംസാരിക്കുന്നതിന്റെ അന്തസ്സാരശൂന്യത ഹൃദ്യമായി ശ്രീ. സി.പി. നായർ എടുത്തുകാണിക്കുന്നു. അച്ഛൻകോവിലാറിനെ നോക്കി ‘ഇതു പുഴയാ’ എന്നു ചോദിക്കുന്ന വഞ്ചിയൂർക്കാരി (തിരുവനന്തപുരത്തെ ഒരു സ്ഥലം) ‘നാലീസം കഴിഞ്ഞു മടങ്ങണത്രേ’ എന്നു പറയുന്ന ചെന്നിത്തലക്കാരി ഇവരെല്ലാം സി.പി. നായരുടെ ലേഖനത്തിൽ അണിനിരക്കുന്നു. അതിലൊക്കെയടങ്ങിയിരിക്കുന്ന ഹാസ്യമെടുത്തു കാണിക്കാൻ എനിക്കു കൗതുകമില്ലാതില്ല. പക്ഷേ അതിനു എന്റെ കൈയിലിരിക്കുന്ന പേനയ്ക്ക് ശക്തിയില്ല. സി.പി. നായയുടെ തൂലിക തന്നെ വേണമതിന് (ലേഖനം: എന്തൂട്ടു ഭാഷയാഡാത്, കുങ്കുമം വാരികയിൽ).
|