close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 05 14


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 05 14
മുൻലക്കം 1999 05 07
പിൻലക്കം 1999 05 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കണ്ണാടിത്തുണ്ടു പോലെയുള്ള ഗദ്യം. ഇങ്ങനെയാണ് നിരൂപകർ ഇംഗ്ലീഷ് എഴുത്തുകാരനായ ജോർജ്ജ് ഓർവെലിന്റെ രചനകളെ വിശേഷിപ്പിക്കുന്നത് (George Orwell, 1903–1950). ബംഗാളിൽ ജനിച്ച ഓർവെൽ 1922-ൽ ബർമ്മയിൽ ചെന്ന് ഇൻഡ്യൻ ഇംപീരിയൽ പോലീസിൽ ചേർന്നു. അഞ്ചു വർഷം അങ്ങനെ സേവനമനുഷ്ടിച്ചതിനു ശേഷം ഇംഗ്ലണ്ടിൽ പോയ അദ്ദേഹം പാരീസിലെത്തി. രണ്ടു കൊല്ലം ദുസ്സഹമായ ദാരിദ്ര്യത്തിൽപ്പെട്ട് നന്നേ കഷ്ടപ്പെട്ട ഓർവെൽ അവിടെയും പിന്നീട് ഇംഗ്ലണ്ടിലെയും അനുഭവങ്ങളെ സ്ഫടികപ്രഭമായ ഗദ്യത്തിലൂടെ ആവിഷ്കരിച്ചതിന്റെ ഫലമാണ് ആത്മകഥാരൂപത്തിലുള്ള “Down and Out in Paris and London” എന്ന മനോഹരമായ പുസ്തകം. ഇരുപത്തിയൊന്നാം ശതാബ്ദത്തിലേക്കു പ്രവേശിക്കുന്ന നമുക്ക് ക്ലാസിക്കുകൾ നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി പെൻഗ്വിൻ പ്രസാധകർ അവയെ വീണ്ടും മുദ്രണം ചെയ്തിരിക്കുന്നു. അങ്ങനെ പുനർമുദ്രിതമായ പുസ്തകമാണ് Down and Out… എന്നത്. അതിലെ രസകരങ്ങളും ഹൃദയസ്പർശികളുമായ ചില സംഭവങ്ങളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകണമെന്നേ എനിക്കു ലക്ഷ്യമുള്ളൂ.

* * *

സോവിയറ്റ് സൈന്യത്തിൽ ഒരുകാലത്ത് ക്യാപ്റ്റനായിരുന്ന ബോറിസ് പാരീസിലെത്തിയിട്ടുണ്ട്. ഓർവെലും അദ്ദേഹവും ചങ്ങാതികളാണ്. ജൂതന്മാരുടെ സ്വഭാവം വ്യക്തമാക്കാൻ ബോറിസ് ഒരു യഥാർഥ സംഭവം ഓർവെലിനെ പറഞ്ഞു കേൾപ്പിച്ചു.

യുദ്ധം നടക്കുന്ന വേളയിൽ ബോറിസും സൈന്യവും ഒരു ഗ്രാമത്തിലെത്തി രാത്രി സമയത്ത് അന്ന് അവർ അവിടെ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. ജൂഡാസിനെപ്പോലെ ഭയങ്കരനായ ഒരു ജൂതൻ — ചുവന്ന താടിരോമങ്ങളുള്ള ജൂതൻ — ബോറിസിന്റെ അടുക്കലെത്തി പറഞ്ഞു: “പ്രഭോ ഞാനൊരു പെൺകുട്ടിയെ അങ്ങയ്ക്കുവേണ്ടി കൊണ്ടുവന്നിട്ടുണ്ട്. പതിനേഴുവയസ്സുള്ള സുന്ദരിപ്പെണ്ണാണ് അവൾ. അമ്പതു ഫ്രാങ്കേ എനിക്കു വേണ്ടൂ.” ബോറിസ് മറുപടി പറഞ്ഞു: “നന്ദി. അവളെ തിരിച്ചു കൊണ്ടുപൊയ്ക്കൊള്ളൂ. രോഗം പിടിപെടാൻ എനിക്കു താല്പര്യമില്ല.” ജൂതൻ ഉച്ചത്തിൽ പറഞ്ഞു: “രോഗമോ? അങ്ങനെ പേടിക്കണ്ട. അവൾ എന്റെ മകൾ തന്നെയാണ്” “ഇതാണ് ജൂതന്റെ സാന്മാർഗ്ഗിക നിലവാരം” എന്നു ബോറിസ് പറഞ്ഞു നിറുത്തി.

* * *

ഓർവെലിന്റെ വേരൊരു ചങ്ങാതി അദ്ദേഹത്തോട് ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞു. അയാൾ ഹോട്ടൽ …ൽ പാർക്കുകയാണ്. വരയിട്ട സ്ഥലത്ത് ആ പ്രദേശത്തെ കുപ്രസിദ്ധയായ വേശ്യയുടെ പേരാണ്. അഞ്ചു ദിവസമായി അയാൾ പട്ടിണി കിടക്കുന്നു. അഞ്ചാമത്തെ ദിവസം ഉച്ചയ്ക്ക് അയാൾ അരക്കിറുക്കനായി. ചുവരിൽ മങ്ങിയ ഒരു ചിത്രം തൂങ്ങിക്കിടക്കുന്നുണ്ട്. അത് ഏൽവാസ് പുണ്യാളത്തിയുടെ ചിത്രമാണെന്നു കരുതി നിരീശ്വരനായ അയാൾ അതിന്റെ മുൻപിൽ നിന്നു പ്രാർത്ഥിച്ചു. “പുണ്യാളത്തീ, ഭവതിയുണ്ടെങ്കിൽ എനിക്കു കുറച്ചു പണം എത്തിച്ചു തരൂ. മൂന്നോ നാലോ ഫ്രാങ്ക് മതി. കൂടുതൽ വേണ്ട. കുറച്ചു റൊട്ടിയും ഒരു കുപ്പി വൈനും വാങ്ങാനുള്ളതു മതി. അങ്ങനെ പണം കിട്ടുകയാണെങ്കിൽ ഞാൻ ഭവതിയുടെ പള്ളിയിൽച്ചെന്ന് ഒരു മെഴുകുതിരി കത്തിച്ചേക്കാം.”

പ്രാർത്ഥന കഴിഞ്ഞ് അയാൾ കിടക്കുമ്പോൾ വാതിലിൽ തട്ടു കേൾക്കുന്നു. മാറീ എന്ന പെൺകുട്ടി വന്നു നിൽക്കുകയാണ്. അഞ്ചു ദിവസമായി പട്ടിണി കിടന്നു മരിക്കാൻ പോകുകയാണ് അയാളെന്നു മനസ്സിലാക്കി അവൾ അവിടെയുണ്ടായിരുന്ന ഒരു ‘റ്റിൻ’ കടയിൽ തിരിച്ചു കൊടുത്ത് മൂന്നര ഫ്രാങ്ക് നേടി രണ്ടു പൗണ്ട് റൊട്ടിയും പകുതി ലിറ്റർ വൈനും വാങ്ങിക്കൊണ്ടുവന്നു. ഇര കണ്ട മൃഗത്തെപ്പോലെ റൊട്ടിയിൽ അയാൾ ചാടി വീണു. മുഴുവനും തിന്നു കഴിഞ്ഞപ്പോൾ അയാൾക്കു സിഗ്ററ്റ് വലിക്കണം. അയാളുടെയും മാറീയുടെയും കൈയിലുള്ള ചില്ലറ നാണയങ്ങൾ ‘തട്ടിക്കൂട്ടി’ സിഗ്ററ്റ് വാങ്ങാൻ അവൾ പോകാൻ ഭാവിച്ചപ്പോൾ അയാൾ പറഞ്ഞു: “വേണ്ട, ഞാൻ ഏൽവാസ് പുണ്യാളത്തിക്കു മെഴുകുതിരി കത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് സിഗററ്റ് വേണ്ട. അതിനു പകരം മെഴുകുതിരി വാങ്ങിച്ചാൽ മതി”. പെൺകുട്ടി ചോദിച്ചു: ‘ആരാണു ഈ പുണ്യാളത്തിയെ സംബന്ധിച്ചു നിങ്ങളോട് പറഞ്ഞത്?’ അയാൾ ചുവരിലെ പടം ചൂണ്ടിക്കാണിച്ചു. അവൾ പറഞ്ഞു: “സ്ഥലത്തെ കുപ്രസിദ്ധയായ വേശ്യയുടെ പേരാണ് ഈ ഹോട്ടലിനു നല്കിയിരിക്കുന്നത്. ആ വേശ്യയുടെ പടമാണിത്”.

* * *

വേറൊരു സുഹൃത്ത് ഓർവെലിനോടു പറഞ്ഞ സംഭവം. അയാൾ കാമുകിയുമായി താമസിക്കുകയാണ്. മൂന്നു ദിവസമായി രണ്ടുപേരും പട്ടിണിയിൽ. വിശപ്പ് സഹിക്കാനാനാതെ അവൾ വയറ്റിൽ അമർത്തിപ്പിടിച്ചുകൊണ്ട് അങ്ങോടും ഇങ്ങോട്ടും നടന്നു. പൊടുന്നനെ അയാൾക്കൊരാശയം. സർക്കാർ മെറ്റേണിറ്റി ആശുപത്രിയിൽ ഗർഭിണികൾക്കു സൗജന്യമായി ആഹാരം കൊടുക്കും. അധികാരികൾ ഒന്നും ചോദിക്കുകയുമില്ല. സുഹൃത്ത് പെണ്ണിനോടു പറഞ്ഞു: “നിന്റെ നിലവിളി നിർത്തു”. സർക്കാർ മെറ്റേണിറ്റി ആശുപത്രിയിൽ ഗർഭിണികൾക്കു ഭക്ഷണം വെറുതെ നൽകും. പോകൂ. അവൾ പറഞ്ഞു: ‘അതിനു ഞാൻ ഗർഭിണിയല്ലല്ലോ’ ഒന്നോ രണ്ടോ തലയണകൾ കൊണ്ട് അത് ശരിപ്പെടുത്താമെന്ന് അയാൾ. കുഷൻ വച്ചുകെട്ടി അവൾ ആശുപത്രിയിൽ ചെന്നു ദിവസവും ആഹാരം കഴിച്ചു. ഒരു വർഷം കഴിഞ്ഞു. അവർ രണ്ടുപേരും റോഡിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീയെക്കണ്ട് അവൾ ഞെട്ടി. മെറ്റേണിറ്റി ആശുപത്രിയിലെ നേഴ്സ് വരുകയാണ്. അവർ അവളോടു ചോദിച്ചു. “നീ ആശിച്ചതുപോലെ കുട്ടി ആണായിരുന്നോ?” മറുപടി “അല്ല” നേഴ്സ്: “അപ്പോൾ തീർച്ചയായും പെണ്ണ് അല്ലേ?” അവൾ പറഞ്ഞു: “അല്ല” അതുകേട്ടു ഞെട്ടിയതു നേഴ്സാണ്. അവർ: “ആണുമല്ല പെണ്ണുമല്ല. അതെങ്ങനെ?” ശാന്തത കൈവിടാതെ അയാൾ പറഞ്ഞു: “ഇരട്ടക്കുട്ടികളായിരുന്നു” “ഇരട്ടകളോ?” എന്നു സന്തോഷാധിക്യത്തോടെ ചോദിച്ചുകൊണ്ട് നേഴ്സ് അവളെ ആലിംഗനം ചെയ്തു.

* * *

ഹോട്ടൽ എക്സിലാണ് ഓർവെലും ബോറീസും ജോലി ചെയ്തിരുന്നത്. ലോകത്തെ എല്ലാ ഹോട്ടലുകളും വൃത്തികേടിന്റെ ഇരിപ്പിടങ്ങളാണ്. ഹോട്ടൽ എക്സിനും ഈ സാമാന്യ നിയമത്തിൽ നിന്നും വിഭിന്നതയുണ്ടായിരുന്നില്ല. താനല്ല സൂപ്പ് കുടിക്കുന്നതെങ്കിൽ ഒരു ഫ്രഞ്ച് പാചകക്കാരൻ അതിൽ തുപ്പുമായിരുന്നു. (നമ്മുടെ നട്ടിലെ പരിചാരകനും ഗൃഹനായികയോടു ദേഷ്യം തോന്നിയാൽ ഇതു ചെയ്യാറുണ്ട്. അതിനാൽ ജോലിക്കാരെ ശാസിക്കരുത് — സാഹിത്യവാരഫലക്കാരൻ.) ഇറച്ചിക്കറി കൊണ്ടുവന്നാൽ പ്രധാനപ്പെട്ട പാചകക്കാരൻ അതു ഫോർക്കു കൊണ്ടല്ല എടുത്തു നോക്കുന്നത്. വിരലുകൾ കൊണ്ടെടുത്ത് പ്ലെയ്റ്റിലേയ്ക്ക് ശക്തി കലർത്തി അടിക്കും. എന്നിട്ട് ചാറിന്റെ രുചിയറിയാൻ വേണ്ടി നക്കിനോക്കുമത്. ചിത്രകാരൻ ചിത്രത്തിന്റെ മൂല്യമറിയാൻ വേണ്ടി പിറകോട്ടു മാറി നിന്ന് നോക്കുന്നതു പോലെ അയാൾ പിന്നിലേക്കു മാറി അതിനെ നോക്കും. കാലത്തു നൂറു തവണയെങ്കിലും നക്കിയ വിരൽ കൊണ്ടു അത് അമർത്തി പരിശോധിക്കും. പാരീസിൽ പത്തു ഫ്രാങ്കിലധികം കൊടുത്തു പതിവുകാരൻ വാങ്ങിക്കഴിക്കുന്ന ഏതു ഇറച്ചിക്കറിയും ഇതുപോലെ വിയർപ്പും തുപ്പലും കലർന്നതായിരിക്കും.

കാൻസർ പിടിച്ചു മരിക്കുന്ന ആളിനെ ഡോക്ടർ കെയ്സായി കാണുന്നതുപോലെ ഹോട്ടൽ ജോലിക്കാരൻ ഭക്ഷണത്തെ അതു കഴിക്കാൻ വന്നിരിക്കുന്നവന്റെ ഓർഡറായി കാണുന്നു. റൊട്ടി മൊരിക്കുമ്പോൾ അയാളുടെ വിയർപ്പിന്റെ വലിയ തുള്ളികൾ അതിൽ വീഴും. അയാളെന്തിനു വിഷമിക്കണം. റൊട്ടിയിൽ വിയർപ്പു വീണതിന്? തറയിലെ മരപ്പൊടിയിൽ റൊട്ടിക്കഷണം വീണുപോയാൽ വേറൊരു കഷണം മൊരിക്കുകയല്ല അയാൾ. അതിനു സമയം വേണ്ടേ? അതിനാൽ അത് താഴെ നിന്നെടുത്ത് തറയോടു പറ്റിയ ഭാഗം തുടച്ചിട്ട് പ്ലേറ്റിൽ വയ്ക്കുന്നു. കോണിപ്പടികൾ കയറി പോകുമ്പോൾ റൊട്ടിക്കഷണം വീണ്ടും താഴെ വീഴുകയും വെണ്ണ തേച്ച വശം താഴെ പറ്റുകയും ചെയ്താൽ ഒന്നുകൂടി കൈകൊണ്ടു തുടയ്ക്കുകയേ വേണ്ടു അയാൾക്ക്. മുകളിൽ നിന്ന് റോസ്റ്റ് ചിക്കൻ താഴത്തെ നിലയിലേയ്ക്കു വീണാൽ വേറൊരു പാചകക്കാരൻ അതു കൈകൊണ്ടു തുടച്ചിട്ട് മുകളിലേയ്ക്ക് അയക്കും വീണ്ടും. ഇമ്മട്ടിൽ പല സംഭവങ്ങളും ഈ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.

ഓർവലിന്റെ ഇപ്പുസ്തകം ആത്മകഥയാണോ. നോവലാണോ. അതോ ഫിക്ഷനും ആത്മകഥയും സങ്കലനം ചെയ്ത രചനയാണോ? ഉത്തരം നല്കാൻ വയ്യ. യഥാർത്ഥ സംഭവങ്ങൾ നോവലിന്റെ രീതിയിൽ അടുക്കിവച്ച കൃതിയാകാമിതെന്ന് ഒരു നിരൂപകൻ പറയുന്നു. എന്തായാലും വായിച്ചു രസിക്കാൻ പറ്റിയ രചന തന്നെയാണിത്. സ്വിഫ്റ്റ്. ബർട്രൻഡ് റസ്സൽ, അൽഡസ് ഹക്സിലി, ബർനാർഡ് ഷാ, ഓർവൽ, ഇവരുടെ ഇംഗ്ലീഷ് ഭാഷയാണ് യഥാർത്ഥ ഇംഗ്ലീഷ് ഭാഷ. ഇംഗ്ലീഷ് പത്രങ്ങളിലെയും ഇംഗ്ലീഷ് വാരികകളിലേയും ശിഖണ്ഡിപ്രായമായ ജേണലിസ്റ്റ് ഇംഗ്ലീഷ് വായിച്ചു ക്ലേശിക്കുന്ന എനിക്ക് അനല്പമായ ആഹ്ലാദമുണ്ടാക്കി ഈ ഗ്രന്ഥത്തിന്റെ ശൈലി.

പെരുമ്പടവം ശ്രീധരൻ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സ്പഷ്ടമാക്കുന്ന ഹൃദ്യമായ ഒരു കഥയുണ്ട്. ഫ്രാൻസിസ് പുണ്യാളൻ ക്ലേർ പുണ്യാളത്തിയുമായി ഇറ്റലിയിലെ സ്പെല്ലോയിൽ നിന്ന് അസീസിയിലേയ്ക്ക് പോകുകയായിരുന്നു. വഴിക്കിടയ്ക്ക് അവർ ഒരു വീട്ടിൽ കയറി കുറച്ചു റൊട്ടിയും വെള്ളവും ചോദിച്ചു. അവിടെയുള്ളവർ അവരെ സംശയത്തോടെ നോക്കി. അവരുടെ ബന്ധത്തെക്കുറിച്ച് മറഞ്ഞ രീതിയിൽ ചിലതു പറഞ്ഞു. മഞ്ഞു കാലം അവർ യാത്ര തുടർന്നു. സന്ധ്യയായി. ഫ്രാൻസിസ് പെട്ടെന്നു പറഞ്ഞു. “സിസ്റ്റർ, അവരെന്തു പറഞ്ഞുവെന്നു ഭവതിയ്ക്കു മനസ്സിലായോ?” ക്ലേർ മറുപടി പറഞ്ഞില്ല. അത്രയ്ക്കായിരുന്നു അവരുടെ വൈഷമ്യം. പുണ്യാളൻ പറഞ്ഞു: “നമുക്കു പിരിഞ്ഞു പോകേണ്ട സമയമായി. രാത്രിയാകുന്നതിനു മുൻപ് ഭവതി കോൺവെന്റിൽ എത്തും. ഈശ്വരൻ നയിക്കുന്നിടത്തേയ്ക്കു ഞാൻ തിരിച്ചു പോകും”. ക്ലേർ പാതയുടെ നടുക്ക് മുട്ടുകുത്തി പ്രാർത്ഥിച്ചു. എന്നിട്ട് തല കുനിച്ച് ചുറ്റും നോക്കാതെ നടന്നു. അവർ ഒരു കാട്ടിലെത്തി. യാത്ര പറയാതെ സഹതാപാർദ്രമായ ഒരു വാക്കു കേൾക്കാതെ മുന്നോട്ടു പോകാൻ അവർക്കു വയ്യാതെയായി. അതുകൊണ്ട് അവർ ഫ്രാൻസിസ് പുണ്യാളനെ കാത്തു നിന്നു. അദ്ദേഹം വന്നപ്പോൾ അവർ ചോദിച്ചു: “ഫാദർ നമ്മൾ വീണ്ടും കാണുന്നത് എപ്പോഴാണ്?” അനുഗ്രഹിക്കപ്പെട്ട ഫാദർ പറഞ്ഞു: “ഗ്രീഷ്മകാലം വീണ്ടും വന്ന് റോസാച്ചെടികൾ പൂക്കുന്ന കാലത്ത്” അപ്പോൾ വിസ്മയജനകമായ ഒരു സംഭവം. മഞ്ഞു നിറഞ്ഞ വേലികളിലും കുറ്റിക്കാടുകളിലും ആകെ റോസാപ്പൂക്കൾ വിടർന്നു നിൽക്കുന്നു. അദ്‌ഭുതത്തിൽ നിന്നു ക്‌ളേർ വിമോചനം നേടിയപ്പോൾ അവർ കുറെ റോസാപ്പൂക്കൾ അടർത്തിയെടുത്തു് ഫ്രാൻസിസ് പുണ്യാളനു കൊടുത്തു. അതിനുശേഷം അവർ തമ്മിൽ പിരിഞ്ഞിട്ടില്ല എന്നാണു കഥ (Otto Karrer, St. Francis of Assisi: The Legends and Lauds, Translated by N. Wydenbruck). ഇപ്പുസ്തകം ഞാൻ കണ്ടിട്ടില്ല. കഥ വേറൊരു ഗ്രന്ഥത്തിൽ നിന്നു്.

“കവിത എങ്ങനെയിരിക്കണം?” “അടിത്തട്ടു കാണാവുന്ന പുഴ പോലെയിരിക്കണം”.

ഇംഗ്ലീഷിൽ Spirit of place എന്നു പറയാറുണ്ടു്. ഉപരിതലത്തിനു താഴെ അജ്‌ഞാതവും അജ്ഞേയവുമായ ശക്തിവിശേഷങ്ങളുണ്ടെന്നാണു് അതിന്റെ അർത്ഥം. അവ മനുഷ്യനിൽ സ്വാധീനത ചെലുത്തുന്നു. ആ ശക്തിവിശേഷങ്ങൾക്കും മനുഷ്യനും തമ്മിൽ ബന്ധമുണ്ടു്. അതിനാലാണു് ഫ്രാൻസിസ് പുണ്യാളൻ പുനസ്സമാഗമത്തെക്കുറിച്ചു പറഞ്ഞയുടനെ പനിനീർപ്പൂക്കളുണ്ടായതു്. ഈ ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടു് ശ്രീ. പെരുമ്പടവം ശ്രീധരൻ ‘മരവും മനുഷ്യനും തമ്മിലുള്ള അന്തരമെന്തു്?’ എന്ന പേരിൽ ഹൃദ്യമായ ഒരു കഥ എഴുതിയിരിക്കുന്നു (ജനയുഗം വിഷുപ്പതിപ്പു്).

വിവിക്തതയെ സമാശ്ലേഷിച്ചു് ദുഃഖസാന്ദ്രമായ ജീവിതം നയിക്കുന്ന ഒരാൾ വീട്ടിന്റെ ജന്നൽ കാലത്തു തുറന്നു നോക്കിയപ്പോൾ ഒരു മരം അടിമുടി പൂത്തു നിൽക്കുന്നു. വിസ്മയിച്ചു് അയാൾ അങ്ങനെ നിൽക്കുമ്പോൾ പൂർവ കാമുകിയായ മായ വരുന്നു. സ്‌പെയിനിലെ ഒരു ഗ്രാമത്തിൽ ഒരു കുന്നിൻപുറത്തു് വിശുദ്ധമാതാവിന്റെ പള്ളിയുണ്ടു്. അതിനടുത്തു പന്ത്രണ്ടു വർഷം കൂടുമ്പോൾ പൂക്കുന്ന മരവും. എയ്‌ൻഞ്ചൽ വൃക്ഷം എന്നാണു് അതിനെ വിളിക്കുക. മാലാഖമാർ പൊയ്ക്കഴിയുമ്പോൾ മരത്തിലെ പൂക്കൾ കൊഴിയും. അതുപോലെ മായ എന്ന എയ്‌ൻഞ്ചൽ വരാൻ പോകുന്നുവെന്നു് അറിഞ്ഞു അയാളുടെ അംഗണത്തിലെ മരം പൂത്തു. തെല്ലൊരു അസ്വസ്ഥതയോടെ മായ അവിടെനിന്നു പോയപ്പോൾ പൂക്കളും കൊഴിഞ്ഞുപോയി. അയാൾ വീണ്ടും അവളെ കണ്ടു. സ്‌നേഹത്തെക്കുറിച്ചു സംസാരിച്ചു. അപ്പോൾ അയാൾ പൂക്കൾ നിറഞ്ഞ മരമായി മാറി.

മനുഷ്യൻ എല്ലാ അനുഭവങ്ങളെയും പ്രതീകങ്ങളാക്കി മാറ്റുന്നു. ആ പ്രതീകങ്ങളെ കാണുമ്പോൾ അവനു് ആ വൈകാരികാനുഭവങ്ങൾ വീണ്ടുമുണ്ടാകുന്നു. ആ പ്രക്രിയ നടക്കുന്നു ശ്രീധരന്റെ കഥയിൽ. വൃക്ഷം പൂക്കളണിഞ്ഞു ശോഭിക്കുന്നതുപോലെ മനുഷ്യൻ ജീവിതത്തിന്റെ പ്രകാശം ആവഹിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിൽ. കാമുകിയും കാമുകനും തമ്മിലുള്ള ബന്ധത്തെ കുറഞ്ഞ വാക്കുകൾ കൊണ്ടു പെരുമ്പടവം പ്രകാശിപ്പിക്കുന്നതിലാണു് ഇക്കഥയുടെ സൗന്ദര്യമിരിക്കുന്നതു്. ഒരു ലോകത്തിനകത്തുള്ള ലോകം കഥാകാരൻ അനായാസമായി ചിത്രീകരിക്കുന്നു.

“All these phenomena have no certain explanation but are concealed within the majesty of Nature” എന്നു് Pleny the Elder (Natural History, Penguin Classics, Page 23).

ആൾമാറാട്ടം

ഇതെഴുതുന്ന ആൾ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന കാലം. അവിടെ കുട്ടികൾ കൗഷെഡ്‌ഡ് എന്നു പരിഹസിച്ചു വിളിക്കുന്ന ഹോളിലിരുന്നു് ഞാൻ പരീക്ഷയെഴുതുകയാണു്. സമയം തീരാറായിയെന്നു് അറിയിക്കുന്ന മണി മുഴങ്ങി. പെട്ടെന്നു് ഇടതു വശത്തേക്കു നോക്കിയപ്പോൾ കൗഷെഡ്‌ഡിന്റെ ചുവരിനും കോളേജ് മതിലിനുമിടയ്‌ക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ഒരുത്തൻ — കോളേജിലെ ഒരു ശിപായി — ഇരുന്നു നീങ്ങി നീങ്ങി ജന്നലിന്റെ അടുത്തുവന്നു് ഇരിക്കുന്നതു് ഞാൻ കണ്ടു. ഉടനെ, പരീക്ഷയെഴുതുന്ന കുട്ടികളെ സൂക്ഷിക്കാൻ നിയമിക്കപ്പെട്ട അധ്യാപകൻ ആ ജന്നലിന്റെ അടുത്തു ചെന്നു് അയാൾ കൊടുത്ത ഒരു കടലാസ്സു് ചുരുൾ വാങ്ങി നാലുപാടും നോക്കിയിട്ടു് കുട്ടികൾ കൊടുത്ത ഉത്തരക്കടലാസ്സികൾക്കിടയിൽ വച്ചു. അപ്പോഴും പരീക്ഷയെഴുതിക്കൊണ്ടിരുന്ന ഒരു തടിയൻ വിദ്യാർത്ഥി കുത്തിക്കുറിച്ച ഉത്തരക്കടലാസ്സ് വാങ്ങി മടക്കി ജൂബയുടെ വലിയ കീശയിൽ അദ്ദേഹം നിക്ഷേപിക്കും. അന്നൊക്കെ ഈ വിദ്യ തന്നെ ആവർത്തിച്ചു. ദിനംപ്രതി ഓരോ അധ്യാപകനാണു് ‘ഇൻവിജിലെയ്‌ഷനു്’ വരേണ്ടതു്. പക്ഷേ അന്നു് അധ്യാപകൻ മാറിയതേയില്ല. കോളേജ് ഓഫീസിന്റെ സഹായം. പിന്നീടാണു് ഇതിന്റെ പിന്നിലുള്ള കള്ളക്കളി എനിക്കു മനസ്സിലായതു്. ചോദ്യക്കടലാസ്സു് കുട്ടികൾക്കു കൊടുത്താലുടൻ കോളേജ് ശിപായി ജന്നലിന്നടുത്തു് എത്തും. അധ്യാപകൻ ഒരു ചോദ്യക്കടലാസ്സു് ജന്നലിൽക്കൂടി താഴെയിടും. അതു് അയാളെടുത്തു് രഹസ്യ സങ്കേതത്തിലെത്തിക്കും. അവിടെ ഒരധ്യാപകൻ ഇരിക്കുന്നുണ്ടാവും. അയാൾ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ പേപ്പറിൽ ഉത്തരങ്ങൾ എഴുതും. പരീക്ഷ തീരാറാവുമ്പോൾ ശിപായി അധ്യാപകനെഴുതിയ കടലാസ്സു് ഹോളിലെ അധ്യാപകന്റെ കൈയിലെത്തിക്കും ഇടവഴിയിലൂടെ ഇരുന്നു നീങ്ങിവന്നു്. വിദ്യാർത്ഥി ഒന്നാം ക്ലാസ്സിൽ ജയിച്ചു. ഹോളിൽ നിന്ന സാറിനു് രണ്ടായിരം രൂപ അയാൾ നേരത്തേ കൊടുത്തു. ഉത്തരങ്ങൾ എഴുതിക്കൊടുത്ത അധ്യാപകനും ആ കടലാസ്സുകൾ എത്തിച്ച ശിപായിക്കും അയാൾ എന്തു കൊടുത്തുവെന്നു് എനിക്കറിഞ്ഞുകൂടാ. വിദ്യാർത്ഥി — കേരളത്തിലെ ധനികരിൽ ഒരാളായിരുന്നു അയാൾ — മരിച്ചുപോയി. ഇൻവിജിലെയ്‌ഷൻ നടത്തിയ കള്ളൻ അധ്യാപകനും മരിച്ചു. ആൾമാറാട്ടം നടത്തിയ അധ്യാപകനും ശിപായിയും ഇന്നുണ്ടോ എന്നു് എനിക്കറിഞ്ഞുകൂടാ. ഇക്കളിക്കുള്ള ഇംഗ്ലീഷ് വാക്കാണു് impersonation (വേറൊരാളായിച്ചമയുക). നിത്യജീവിതത്തിൽ ധാരാളമായി നടക്കുന്ന ഈ ആൾമാറാട്ടം സാഹിത്യത്തിലുണ്ടോ? ഉണ്ടേയുണ്ടു്. ശ്രീമതി. കെ.ആർ. മല്ലിക മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെഴുതിയ ‘മരത്തിന്റെ ഭാഷ’ ഒന്നാന്തരം ഇംപേഴ്‌സണെയ്‌ഷനാണു് — ആൾമാറാട്ടമാണു്. സാക്ഷാൽ ഉപന്യാസം കഥയുടെ വേഷം കെട്ടി ജനവാഞ്ചന നടത്തുന്നു. അതു് ആത്മവഞ്ചനയുമാണെന്നു ശ്രീമതി അറിഞ്ഞാൽ നന്നു്. ഞാൻ ഈ പ്രബന്ധത്തിന്റെ സംഗ്രഹമൊന്നും നൽകുന്നില്ല. പിഡാജനമാണു് അതിന്റെ പാരായണമെന്നു് മാത്രം എഴുതുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png കലാശൂന്യമായ കഥകൾ നിങ്ങൾക്കു വായിക്കാതിരുന്നുകൂടേ. വായിച്ചിട്ടെന്തിനു് പള്ളു പറയുന്നു?

വായിക്കാതിരുന്നാൽ പ്രയോജനമില്ല. അവ പേടിസ്സ്വപ്‌നങ്ങളായി എന്നെ രാത്രി ആക്രമിക്കും. വായിച്ചാൽ അപ്പോഴുള്ള അസ്വസ്ഥതയേയുള്ളു. രാത്രി ആക്രമണം ഉണ്ടാകുകില്ല.

Symbol question.svg.png പള്ളിയിൽ പോകുന്ന സ്ത്രീകൾ തല വസ്‌ത്രം കൊണ്ടു മൂടുന്നതെന്തിനു്?

തലമുടിയാണു് സ്‌ത്രീക്കു് ആകർഷകത്വം നൽകുന്നതു്. വിശുദ്ധ ദേവാലയത്തിൽ പുരുഷന്മാരുടെ സെക്‌സ് ഉദ്ദീപിപ്പിക്കപ്പെടരുതു്. അതുകൊണ്ടു് മതാധികാരികൾ സ്‌ത്രീകൾ തലമുടി മറയ്‌ക്കണമെന്ന നിയമം വച്ചിരിക്കുന്നു. തലമുടി ബോബ് ചെയ്യുന്ന ഏതൊരു സ്‌ത്രീയോടും പുരുഷനു വെറുപ്പാണു്.

Symbol question.svg.png കവിത എങ്ങനെയിരിക്കണം?

അടിത്തട്ടു കാണാവുന്ന പുഴ പോലെയിരിക്കണം.

Symbol question.svg.png ഇപ്പോൾ വാദപ്രതിവാദങ്ങളുടെ കാലമാണല്ലോ. അവയെക്കുറിച്ചു് എന്താണഭിപ്രായം?

അവ നിഷ്‌പ്രയോജനങ്ങളാണു്. ശരിയാണെന്നു തനിക്കു തോന്നിയതു പറഞ്ഞിട്ടു എഴുത്തുകാരൻ മിണ്ടാതെയിരിക്കണം. ആരെന്തു പറഞ്ഞാലും മറുപടി പറയരുതു്. Controversy is a bourgeois pastime എന്നു ഓർവെലിന്റെ പുസ്തകത്തിൽ കണ്ടു (ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞ പുസ്തകം).

Symbol question.svg.png ദാമ്പത്യജീവിതം തകരുന്നതു് എന്തുകൊണ്ടു്?

ഭാര്യക്കും ഭർത്താവിനും വീട്ടുകാര്യങ്ങൾ ഭദ്രമായി നടന്നാൽ മാത്രം പോരാ. ധാരാളം പണമുണ്ടായിരുന്നാൽ മാത്രം മതിയാവുകയില്ല. ഇവയ്‌ക്കെല്ലാമപ്പുറത്തായി എന്തോ ഒന്നുണ്ടു്. അതു ഭർത്താവിനു് ഭാര്യക്കു നൽകാനാവില്ല. ഭാര്യക്കു് ഭർത്താവിനു് അതു നൽകാൻ കഴിയുകയില്ല. അതുകൊണ്ടാണു് ദാമ്പത്യജീവിതം തകരുന്നതു്. (പലരും പറഞ്ഞ ആശയം. മൗലികതയില്ല ഈ ഉത്തരത്തിനു്.)

Symbol question.svg.png ചലച്ചിത്രതാരങ്ങളെ ജനങ്ങൾ ബഹുമാനിക്കുന്നുണ്ടോ?

താരങ്ങളെക്കുറിച്ചു പറയുമ്പോൾ ‘അവൾക്കു സൗന്ദര്യമുണ്ടു്. അവളുടെ അഭിനയം കൊള്ളാം’ എന്നൊക്കെയല്ലാതെ ബഹുമാനം സൂചിപ്പിക്കുന്ന ഒരു പദവും ആരുടെ നാക്കിലും വരില്ല. എന്നാൽ സരോജിനി നായിഡുവിന്റെ കവിതയെക്കുറിച്ചു പറയുമ്പോൾ ‘അവർ നന്നായി എഴുതുന്നു’വെന്നേ ആളുകൾ പറയൂ. ‘അവളുടെ കവിത കൊള്ളാം’ എന്നാരും പറയുകയില്ല.

Symbol question.svg.png നമ്മുടെ ഭാരതത്തിലെ ഇപ്പോഴത്തെ പൊളിറ്റിക്കൽ ആക്‌റ്റിവിറ്റിയെക്കുറിച്ചു താങ്കൾ എന്തു പറയുന്നു?

ഇവിടെ താങ്കൾ പറയുന്ന പൊളിറ്റിക്കൽ ആക്‌റ്റിവിറ്റി ഇല്ല. ക്രിമിനൽ ആക്‌റ്റിവിറ്റിയേ ഉള്ളൂ.

കത്തു്

ഒന്നും വായിക്കാതിരിക്കുന്നതു് എത്ര ദോഷം ചെയ്യുമോ, അതിൽക്കൂടുതൽ ദോഷം ചെയ്യും അപരിമിതമായ വായനയും.

പ്രിയപ്പെട്ട ശ്രീ. നീല പദ്മനാഭൻ,

തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് സ്‌ക്കൂളിന്റെ വാർഷികാഘോഷത്തോടു ചേർന്ന സമ്മേളനത്തിൽ നമ്മൾ രണ്ടുപേരും പ്രഭാഷകരായിരുന്നല്ലോ. അന്നു താങ്കൾ എന്നോടു പറഞ്ഞ സംഭവം എന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു. താങ്കൾക്കും സഹധർമ്മിണിക്കും പെൺകുഞ്ഞു ഉണ്ടായിരുന്നില്ല. (അതോ ആൺകുഞ്ഞോ? ഓർമ്മിക്കുന്നില്ല.) സത്യസായി ഭക്തരായ നിങ്ങൾ രണ്ടുപേരും ഒൻപതു കൊല്ലം തുടർച്ചയായി അദ്ദേഹത്തെ കാണാൻ പോയി. ഈ ഒൻപതു കൊല്ലവും അദ്ദേഹം നിങ്ങളെ വിളിച്ചില്ല. പത്താമത്തെ വർഷത്തിൽ അദ്ദേഹം നിങ്ങളെ രണ്ടു പേരെയും വിളിച്ചു. കണ്ടയുടനെ സത്യസായി ബാബ ചോദിച്ചു. ‘പെൺകുഞ്ഞു വേണമല്ലേ. ശരി. ഞാൻ ചില പൂജാവിധികൾ പറഞ്ഞു തരാം. അതനുസരിച്ചു് പൂജകൾ നടത്തൂ. പെൺകുഞ്ഞു കിട്ടും.’ തിരുവനന്തപുരത്തു് തിരിച്ചെത്തിയ നിങ്ങൾ പൂജകൾ നിരന്തരം നടത്തി. സഹധർമ്മിണി പെൺകുഞ്ഞിനെ പ്രസവിച്ചു. കുറെ മാസങ്ങൾ കഴിഞ്ഞു് നന്ദി പറയാൻ രണ്ടുപേരും പുട്ടപ്പർത്തിയിൽ പോയി. നിങ്ങളെക്കണ്ടയുടനെ അദ്ദേഹം പറഞ്ഞു: ‘പെൺകുഞ്ഞു് കിട്ടി. അല്ലേ. ശരി. പൂജ നിറുത്തരുതു്. ഇനി ചെന്നിരുന്നുകൊള്ളൂ. ഒരു വശത്തു് കടൽപോലെ പുരുഷന്മാർ. മറ്റേ വശത്തു് കടൽപോലെ സ്‌ത്രീകൾ. (ഈ സാദൃശ്യകല്പന താങ്കളുടേതാണു്.) കുറെ നേരം കഴിഞ്ഞപ്പോൾ താങ്കൾ വാച്ച് നോക്കി, തീവണ്ടിക്കുള്ള സമയമായി എന്നു മനസ്സിലാക്കി. പക്ഷേ ഭാര്യയെ വിളിക്കാനൊക്കുകയില്ല. സ്‌ത്രീകളുടെ ശിരസ്സുകൾ മാത്രമേ കാണുന്നുള്ളൂ. സഹധർമ്മിണിയെ തിരിച്ചറിയാൻ ഒരു മാർഗ്‌ഗവുമില്ല. ആ തീവണ്ടി പോയാൽപ്പിന്നെ അടുത്ത ദിവസമേ തീവണ്ടിയുള്ളൂ. താങ്കൾ ആകുലാവസ്ഥയിലിരിക്കുമ്പോൾ സത്യസായിബാബ സ്‌ത്രീകൾ ഇരിക്കുന്നിടത്തേക്കു നോക്കി ഒരു സ്‌ത്രീയോടു് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു. അവർ എഴുന്നേറ്റു നിന്നു. നിന്ന സ്‌ത്രീ താങ്കളുടെ സഹധർമ്മിണിയാണെന്നു താങ്കൾക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അപ്പോൾ ബാബ താങ്കളെ നോക്കിപ്പറഞ്ഞു: ‘എടോ തന്റെ ഭാര്യയാണു് അവിടെ നിൽക്കുന്നതു്. വേഗം വിളിച്ചുകൊണ്ടു പോകൂ. തീവണ്ടിക്കുള്ള സമയമായി’. ഇതു എന്നോടു പറഞ്ഞ താങ്കൾ കണ്ണീരൊഴുക്കുകയായിരുന്നു. ഇതിനു ശേഷം എനിക്കു താങ്കളോടുള്ള സ്‌നേഹം കൂടി. ഇപ്പോഴും അതിനു ഒരു കുറവുമില്ല. ആ വികാരം നിലനിറുത്തിക്കൊണ്ടു തന്നെ താങ്കളോടു പറയട്ടെ: കുങ്കുമം വാരികയിൽ താങ്കളെഴുതിയ ‘ഒരു തെരുവിന്റെ ആത്മകഥ’ എന്ന ചെറുകഥ സാഹിത്യമല്ല. തിരുവനന്തപുരത്തെ പുത്തൻ തെരുവു് ബ്യൂറോക്രസിയുടെ വങ്കത്തം കൊണ്ടു വൃത്തികെട്ട തെരുവായി മാറിയതിനെ ആ തെരുവിന്റെ ഭാഷയിലൂടെ ചിത്രീകരിക്കാൻ ശ്രമിക്കുകയാണു താങ്കൾ. ആ യത്നത്തിൽ വസ്തുസ്ഥിതികഥനം മാത്രമേയുള്ളു. ഭാവനയില്ല. വസ്തുസ്ഥിതികഥനം സാഹിത്യമാകണമെങ്കിൽ ഉൾക്കാഴ്ച വേണം. കഥ വേണം. രണ്ടും ഇതിലില്ല. ഞാൻ എപ്പോഴും എഴുതുന്നതു പോലെ ഇതൊരു ഉപന്യാസമാണു്. നല്ല ഉപന്യാസം പോലുമല്ല. അതിനാലാണു് വായനക്കാരന്റെ മനസ്സിനു് പരിവർത്തനം വരുത്തുന്നതാണു് സാഹിത്യമെന്നു്. ആ തത്ത്വമറിയാവുന്ന താങ്കളോടു പറയേണ്ടി വരുന്നതു് എനിക്കു്. ഭാവനാത്മകമായ രചനയാണു് കഥയും കവിതയും നോവലും. ഭാവനയില്ലാത്തതു് ജേണലിസത്തിന്റെ സന്തതി മാത്രം.

നല്ല സാഹിത്യകാരനും മാന്യനുമായ ശ്രീ. ഇളയാവൂർ വാണിദാസ് എനിക്കൊരു സമ്മാനം തന്നു കേരളത്തിലെ അദ്വിതീയനായ വായനക്കാരൻ എന്ന നിലയ്‌ക്കു്. ഞാൻ കണ്ണൂരു ചെന്നു് ആ സമ്മാനം വാങ്ങുകയും അദ്ദേഹം വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. വാണിദാസിന്റെ സൗജന്യത്തിൽ എനിക്കദ്ദേഹത്തോടു് നന്ദിയുണ്ടായെങ്കിലും ആ ബഹുമതിക്കു് ഞാൻ അർഹനല്ലല്ലോ എന്ന തോന്നലുമുണ്ടായി. ശ്രീ. പി. ഗോവിന്ദപ്പിള്ള വായിച്ചിടത്തോളം ഗ്രന്ഥങ്ങൾ ഞാൻ വായിച്ചിട്ടില്ല. അദ്ദേഹം അവ മനസ്സിലാക്കിയിടത്തോളം ഞാൻ മനസ്സിലാക്കിയിട്ടുമില്ല. അതിരിക്കട്ടെ. ഏറെ വായിക്കുന്നതു ഗുണം ചെയ്യുമോ? അതോ ദോഷം ചെയ്യുമോ? ഗുണകരമല്ല അമിതമായ ഗ്രന്ഥപാരായണം. നമ്മൾ ആഹാരം കഴിക്കുന്നുവെന്നു വച്ചു് എപ്പോഴും ആഹാരം കഴിക്കില്ലല്ലോ. വായൊഴിയാതെ തിന്നുന്നവൻ വളരെ വേഗം തൈക്കാട്ടേക്കോ പുത്തൻകോട്ടയിലേക്കോ പോകും. അതുപോലെ ഏറെ വായിച്ചാൽ ബുദ്ധിശക്തി കെട്ടുപോകും. നിശ്ചിതസമയത്തു കുറച്ചു വായിക്കുക. ഇതാവണം വായനക്കാരുടെ ശീലം. ഒന്നും വായിക്കാതിരിക്കുന്നതു് എത്ര ദോഷം ചെയ്യുമോ അതിൽക്കൂടുതൽ ദോഷം ചെയ്യും അപരിമിതമായ വായനയും. നമ്മൾ അമിതമായി വായിച്ചാൽ ചിന്താശക്തി ഇല്ലാതാവും.