close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 03 17


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 03 17
ലക്കം 489
മുൻലക്കം 1985 03 10
പിൻലക്കം 1985 03 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാം സവസാദി വികാരം
മനസി വിചിന്തയ വാരം വാരം”

[സ്ത്രീയുടെ കനമാർന്ന മൂലകളും അടിവയറും കണ്ട് മനസ്സിന്റെ ഉറപ്പില്ലായ്മയിൽ ചെന്നു വീഴരുത്. അവ മാംസത്തിന്റെയും കൊഴുപ്പിന്റെയും രൂപഭേദങ്ങളാണ്. ഇതു മനസ്സിൽ എപ്പോഴും കരുതിക്കൊള്ളു.] എന്ന് ശങ്കരാചാര്യർ ‘മോഹമുദ്ഗര’ത്തിൽ. തുടർന്ന് അദ്ദേഹം പറയുന്നു:

അംഗം ഗലിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹിത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം

[ശരീരം തളർന്നു. തല നരച്ചു. വായ്ക്കകത്ത് പല്ലില്ലാതെയായി. വടിയൂന്നി വയസ്സൻ നടക്കുന്നു. എന്നിട്ടും അയാൾക്ക് ആഗ്രഹങ്ങൾ വിട്ടുകളയാൻ വയ്യ.] ഇതാണു മനുഷ്യന്റെ അവസ്ഥ. ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന, അനുനിമിഷം അഴികിക്കൊണ്ടിരിക്കുന്ന ശരീരത്തിനകത്താണ് നമ്മുടെ വാസം. ഈ ശരീരത്തോടു കൂടി നമ്മൾ മൂല്യങ്ങൾ സൃഷ്ടിക്കാൻ യത്നിക്കുന്നു. നമ്മൾ എന്തെല്ലാമാണു ചെയ്യുക? രഘുവംശം എഴുതുന്നു. താജ്മഹൽ നിർമ്മിക്കുന്നു. ‘മോണലീസ’ വരയ്ക്കുന്നു. മൂല്യമുള്ളതു സൃഷ്ടിച്ച് അമരത്വം വരിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളാണിവ. സ്പന്ദിക്കുന്ന കുറെ പരമാണുക്കളുടെ കൂട്ടം മാത്രമാണ് മനുഷ്യൻ. അവനെ മരണം പൊതിഞ്ഞിരിക്കുന്നു. ക്ഷുദ്രത്വമാർന്ന ഈ മനുഷ്യൻ നക്ഷത്രസമലംകൃതമായ അന്തരീക്ഷത്തിലേക്കു പറന്നുയരുന്നു. ആ പറന്നുയരലാണ് സാഹിത്യ രചന. അതിൽ മൂല്യാവിഷ്കാരം നടക്കുന്നില്ലെങ്കിൽ മനുഷ്യന്റെ യത്നം വ്യർത്ഥമായി ഭവിക്കുന്നു. അതിനാലാണ് നിരൂപണവും വിമർശനവും ഉണ്ടാകുന്നത്. അത് മനസ്സിലാക്കിയാൽ നിരൂപണത്തിൽ ആഹ്ലാദിക്കേണ്ടി വരില്ല. വിമർശനത്തിൽ ക്ഷോഭം ഒഴിവാക്കുകയും ചെയ്യാം.

മൂല്യച്യുതി

ഈ ചിന്തയോടു കൂടി നദീ തീരത്തു നിന്ന് ആഴത്തിലേക്ക് എടുത്തുചാടുന്ന ആ ചെറുപ്പക്കാരനെ നോക്കുക. അയാൾ എന്തിനാണ് ജീവൻ പുല്ലുപോലെ കരുതി ആറ്റിലേക്കു ചാടിയത്? ഒരു കുഞ്ഞ് വീണു. അതിനെ രക്ഷിക്കാൻ. രക്ഷിച്ചോ? രക്ഷിച്ചു. ശിശുവിന്റെ അച്ഛനമ്മമാർ അയാളോടു നന്ദി പറഞ്ഞു. നാട്ടുകാർ ചുറ്റും കൂടി അഭിനന്ദിച്ചു. സമ്മേളനം കൂടി നല്ല വാക്കുകൾ പറഞ്ഞ് അയാളെ ബഹുമാനിച്ചു. സർക്കാർ, ധീരത കാണിച്ചതിനു പണക്കിഴി നൽകി. ഇനി അയാളോടു ചോദിക്കൂ എന്തിനായിരുന്നു ആ ചാട്ടമെന്ന്. കുഞ്ഞു മരിക്കുന്നുവെന്നുകണ്ടുണ്ടായ ദുഃഖം കൊണ്ടാണോ? അതോ അതിന്റെ അമ്മയോടുള്ള താല്പര്യം കൊണ്ടോ? നാട്ടുകാർ അഭിനന്ദിക്കുമല്ലോ എന്നു കരുതിയോ? അയാൾ ആർജ്ജവമുള്ളവനാണെങ്കിൽ ഈ ചോദ്യങ്ങൾക്കെല്ലാം നിഷേധ രൂപത്തിലുള്ള മറുപടികളേ നൽകൂ. “എനിക്കു ചാടണമെന്നു തോന്നി. ചാടി. ഇംപൾസീവായ പെരുമാറ്റം. മറ്റൊരു സന്ദർഭത്തിൽ ഞാൻ ചാടിയില്ലെന്നു വരും” എന്നാകും സത്യസന്ധനായ അയാളുടെ ഉത്തരം. ഇത് പുറത്തേക്കു വരില്ല. മനസ്സിൽ ഒതുങ്ങി നിൽക്കും. എങ്കിലും സമുദായവും സർക്കാരും അയാളുടെ പ്രവർത്തനത്തെ അംഗീകരിക്കുന്നു. ധീരത എന്ന മൂല്യമുള്ള പ്രവൃത്തിയായി അതിനെ കാണുന്നു. ആ മൂല്യം പ്രകടിപ്പിച്ച, ആവിഷ്കരിച്ച അയാൾക്കു സമ്മാനം നൽകി പരോക്ഷമായി മൂല്യ പ്രകീർത്തനം നിർവ്വഹിക്കുന്നു.

രാജ്യതന്ത്രജ്ഞന്മാരുടെയും ദേശസ്നേഹികളുടെയും സാഹിത്യകാരന്മാരുടെയും പ്രതിമകൾ സ്ഥാപിക്കുമ്പോഴും നമ്മൾ മൂല്യങ്ങളെ വാഴ്ത്തുകയാണ്. പക്ഷേ മൂല്യങ്ങൾ ആ പ്രതിമകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നില്ല എന്നു വന്നാൽ? അതു മഹാപരാധമായി മാറും. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരിക്കൽ എം.കെ. കുമാരനോടു പറഞ്ഞു ലീലാകാവ്യത്തിലെ “മടുമലർശില തന്നിലന്തിമേഘക്കൊടുമുടിപറ്റിയതാരപോൽ വിളങ്ങി” എന്നു തുടങ്ങുന്ന നാലഞ്ചു ശ്ലോകങ്ങൾ തനിക്ക് എഴുതാൻ കഴിഞ്ഞെങ്കിൽ ജീവിതം ധന്യമായിത്തീരുമായിരുന്നുവെന്ന്. അങ്ങനെ ചങ്ങമ്പുഴ വാഴ്ത്തിയ കുമാരനാശാൻ സമര സന്നദ്ധനായി യൂണിവേഴ്സിറ്റി ഓഫീസിന്റെ മുമ്പിൽ നിൽക്കുന്നതു കാണുമ്പോൾ എനിക്കു ദുഃഖമുണ്ടാകുന്നു. ഭാരതീയരുടെ പൗരുഷത്തിന്റെ ശാശ്വത പ്രതീകമായ സുഭാഷ് ചന്ദ്രബോസ് ഒരു പട്ടാളശ്ശിപായിയെപ്പോലെ മസ്കറ്റ് ഹോട്ടലിന്റെ തെക്കു വശത്തു നിലയുറപ്പിച്ചിരിക്കുന്നതു കാണുമ്പോൾ എനിക്കു വേദന തോന്നുന്നു. തേജസ്വിനിയായ പട്ടം താണുപിള്ള തികച്ചും “സാധാരണക്കാരനാ”യി. വെറും പേട്ടുനായരായി ടൗൺഹാളിന്റെ മുൻപിൽ ഷാള് കഴുത്തിൽച്ചുറ്റി നിൽക്കുന്നതു കാണുമ്പോൾ ക്ഷോഭമുണ്ടാകുന്നു. ഇതെഴുതുന്ന ആൾ പട്ടം താണുപിള്ളയെ കണ്ടിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ട്. ആ വ്യക്തിപ്രഭാവത്തിന്റെ ഒരംശംപോലും പ്രതിമയിൽ ഇല്ലതന്നെ. മൂല്യം ആവിഷ്ക്കരിച്ചില്ലെങ്കിലും വേണ്ടില്ല. മൂല്യച്യുതി വരുത്തരുത്. അതു ജാഡ്യത്തിലേക്കും ദൈന്യത്തിലേക്കും മനുഷ്യരെ കൊണ്ടു ചെല്ലും.

* * *

“തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തിൽ നിറുത്തിയിരിക്കുന്ന ഗാന്ധിപ്രതിമയെക്കുറിച്ച് നിങ്ങൾ എഴുതിയിരുന്നല്ലോ! ഒന്നുകൂടെ അതിനെ വിശേഷിപ്പിക്കു” എന്ന് സാങ്കല്പികമായ ചോദ്യം. “വിശേഷിപ്പിക്കാം. ഇംഗ്ലീഷ് വാക്കുകളെ അതിനുള്ളു. Colossal vulgarity” എന്നു ഉത്തരം.

എം.കെ.കെ. നായർ; എം.കെ.ബി.

വൾഗർ എന്ന ഇംഗ്ലീഷ് പദത്തിന് ‘സാധാരണം’ എന്നർത്ഥമേയുള്ളുവെന്ന് വോൾട്ടയർ സ്കോട്ട് പറഞ്ഞെങ്കിലും ‘മര്യാദയില്ലാത്ത്’, ‘സ്വഭാവത്തിന്റെ അംഗീകൃത മാനദണ്ഡങ്ങളെ മാനിക്കാത്ത്’ എന്ന അർത്ഥങ്ങൾകൂടി അതിനുണ്ട്. ഈ വൾഗാരിറ്റി കലയുടെ മണ്ഡലത്തിൽ കാണുന്നതിനെ എം.കെ.കെ. നായർ വിമർശിക്കുന്നു. പത്രപ്രവർത്തനത്തിൽ അതു പ്രത്യക്ഷമാകുന്നതിനെ എം.കെ.ബി. കുറ്റപ്പെടുത്തുന്നു. രണ്ട് ഉപാലംഭങ്ങളും ശരിതന്നെ. ഉത്കൃഷ്ടമായ കലയെ തെരുവിലിറക്കി വൾഗറൈസ് ചെയ്യുന്നതിനോടാണ് എം.കെ.കെ. നായർക്കു അമർഷം. അധികാരികളാണ് ഇതു ചെയ്യുന്നതെന്ന കാര്യം അതിന്റെ ഗർഹണീയത കൂട്ടുന്നു. കഴിഞ്ഞ സംഭവങ്ങളെയൊക്കെ തോണ്ടിയെടുത്ത് വീണ്ടും വീണ്ടും പോസ്റ്റുമോർട്ടം എക്സാമിനേഷൻ നടത്തുന്നു പ്രതീഷ് നന്ദി. (ഉദാ: കമ്മ്യൂണിസ്റ്റുകാരുടെ വഞ്ചന എന്നു പറഞ്ഞു പരസ്യപ്പെടുത്തിയ ചില ലേഖനങ്ങൾ) ആന്റി ഡിലൂവിയൻ (മഹാപ്രളയത്തിനു മുമ്പുള്ള) കഥകൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യിച്ച് പ്രസിദ്ധപ്പെടുത്തുന്നു അദ്ദേഹം. ഓരോ കഥയുടെയും മുകളിൽ ‘ഫാസിനേറ്റിങ്’ തുടങ്ങിയ വിശേഷണങ്ങൾ അച്ചടിച്ചു വയ്ക്കുന്നു. വായിച്ചു നോക്കുമ്പോൾ ട്രാഷ് അല്ലെങ്കിൽ സർവ്വസാധാരണങ്ങൾ. വലിയ വില കൊടുക്കാതെ കിട്ടുന്ന അസ്സിമോവിന്റെ ചില പുസ്തകങ്ങളിൽ നിന്ന് ജ്ഞാനകുലങ്ങളെടുത്തു വിളമ്പുന്നു വളരെക്കാലമായി. എല്ലാവരും വായിച്ചു കഴിഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങളിൽ നിന്ന് എക്സേപ്റ്റുകൾ — ഉദ്ധരണികൾ — തുടരെത്തുടരെ അച്ചടിക്കുന്നു (ഒരുദാഹരണം ജർമേൻ ഗ്രീറുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ) “50 Indians who matter” എന്ന തലക്കെട്ടിൽ ഒരു ഫോട്ടോഗ്രാഫർ രഘുറായി, സെൻസേഷൻ മാത്രം ഉണ്ടാക്കുന്ന ഒരു നാടകർത്താവ് വിജയ ടെണ്ഡുൽക്കർ, ഒരു അർത്ഥ ശാസ്ത്രപ്രൊഫസർ മൻ മോഹൻ സിങ്, ജർണ്ണലിസ്റ്റ് ചോ രാമസ്വാമി ഇവരെയൊക്കെ ഉൾപ്പെടുത്തി വായനക്കാർക്ക് ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നു. ഇലസ്ട്രേറ്റഡ് വീക്ക്‌ലിയുടെ ഈ അധഃപതനത്തിന്റെ നേർക്കാണ് കലാകൗമുദി ലേഖകൻ കൈ ചൂണ്ടുന്നത്; കുറ്റപ്പെടുത്തുന്ന കൈചൂണ്ടൽ. ഞാൻ കുറെക്കാലമായി ഈ ആഴ്ചപ്പതിപ്പ് വായിക്കുന്നു. ബംഗാളികൾക്കാണ് അമിത പ്രാധാന്യം. സത്യജിത്റേയുടെ അച്ഛനായാൽ, അപ്പൂപ്പനായാൽ അവർ ഭാഗ്യ പരിലാളിതർ തന്നെ. അവരുടെയെല്ലാം പുരാണ രചനകൾ ഇതിൽ വരും. വായനക്കാരനെന്ന നിലയിൽ എനിക്കു പറയാനുള്ളത് എം.കെ.ബി. പറഞ്ഞിരിക്കുന്നു. മഞ്ഞുകാലം. തണുപ്പ്. ജനലുകളും വാതിലുകളും അടച്ചിട്ടാണ് ഞാനിത് എഴുതുന്നത്. എനിക്കു ജലദോഷപ്പനി. പനിയറിയാൻ ഞാനെടുത്ത തെർമോമീറ്റർ നാക്കിനടിയിൽ വച്ചാൽ കൂടിയ ചൂട് അതു കാണിക്കും. പക്ഷേ, മുറിയുടെ തണുപ്പ് മാറുമോ? ചൂട് കൂട്ടുന്നു പ്രീതിഷ് നന്ദി ഇലസ്ട്രേറ്റഡ് വീക്ക്‌ലി എന്ന തെർമോമീറ്റർ കൊണ്ട്. വായനക്കാരുടെ മനസ്സിൽ തണുപ്പു മാത്രം.

“ലീലാങ്കണം” എന്ന പ്രേതം

ഏമീൽ സൊലയുടെ (Emile Zola) ചെറുകഥകൾ മനോഹരങ്ങളാണ്. അദ്ദേഹത്തിന്റെ “പ്രേതബാധയുള്ള വീട്” എന്ന കഥ ഓർമ്മയിലെത്തുന്നു. നാല്പതു കൊല്ലമായി ഒരു വീട് ഒഴിഞ്ഞു കിടക്കുന്നു. ആരും അതു വാങ്ങാൻ ധൈര്യപ്പെടുന്നില്ല. മുൻപ് അവിടെയൊരാൾ പാർത്തിരുന്നു അതിസുന്ദരിയായ ഭാര്യയോടു കൂടി. അവളെക്കാൾ സുന്ദരിയായ ഒരു മകളും അയാൾക്കുണ്ടായിരുന്നു. കുറെകഴിഞ്ഞപ്പോൾ അയാളുടെ ഭാര്യ മരിച്ചു. അവളുടെ മരണത്തിനു ശേഷം അയാൾ അവളെപ്പോലെ സുന്ദരിയായ വേറൊരുത്തിയെ വിവാഹം കഴിച്ചു കൊണ്ടു വന്നു. ഒരിക്കൽ ഭർത്താവ് ആവേശത്തോടെ മകളെ ചുംബിക്കുന്നതു അവൾ കണ്ടുപോലും. ഉടനെ ആ പെൺകുട്ടിയെ അവൾ തലയ്ക്കടിച്ചു കൊന്നു. രാത്രിതോറും ആ പെൺകുട്ടി — അഞ്ചലീൻ — ആ വീട്ടിൽ സഞ്ചരിക്കുന്നുവെന്നാണ് വിശ്വാസം. സംഭവം അങ്ങനെയല്ലെന്നാണ് വേറൊരാൾ പറഞ്ഞത്. അച്ഛന്റെ രണ്ടാമത്തെ ഭാര്യയോടുള്ള വെറുപ്പുകൊണ്ട് അഞ്ചലീൻ കത്തി ഹൃദയത്തിൽ കുത്തിയിറക്കി ആത്മഹത്യ ചെയ്തു എന്നാണ് അയാളുടെ അഭിപ്രായം. അങ്ങനെയിരിക്കെ ആ വീട്ടിൽ ആരോ താമസമായിയെന്ന് കഥ പറയുന്ന ആൾ കണ്ടു. അയാൾ അവിടെ ചെന്നപ്പോൾ ആരുമില്ല. രാത്രി സമയം. പെട്ടെന്ന് അഞ്ചലീൻ എന്നു ആരോ വിളിച്ചു. അവൾ അയാളായിരിക്കുന്ന മുറിയിൽ വന്നിട്ട് അപ്രത്യക്ഷനായി. അയാൾ വിറച്ച് ഇരുന്നു. കുറെക്കഴിഞ്ഞപ്പോൾ പുതിയ ഗൃഹനായകൻ പട്ടണത്തിൽ നിന്നു തിരിച്ചെത്തി. കഥ പറയുന്ന ആൾ അഞ്ചലീൻ അവിടെ പ്രത്യക്ഷയായിയെന്ന് അയാളോടു പറഞ്ഞപ്പോൾ ‘അതെന്റെ മകളായിരിക്കും’ എന്ന് അയാൾ മറുപടി നൽകി. മരിച്ച പെൺകുട്ടിയുടെ ഓർമ്മയ്ക്കായി തന്റെ മകൾക്ക് ആ പേരിട്ടതാണെന്നും അയാൾ അറിയിച്ചു. അമ്മ മകളെ വിളിച്ചപ്പോഴായിരിക്കും ആഗതൻ ആ പേരു കേട്ടത്. ഗൃഹനായകൻ ഉടനെ ‘അഞ്ചലീൻ’ എന്നു വിളിച്ചു. സന്തോഷം കൊണ്ട് തിളച്ചു മറിയുന്ന ഒരു കൊച്ചു “പ്രേതം” അവിടെയെത്തി. സ്നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും വാഗ്ദാനമെന്നകണക്കേ അവൾ വെള്ളയുടുപ്പുകളണിഞ്ഞു കൊണ്ട് അവിടെ നിന്നു. മരിച്ച പെൺകുട്ടിയിൽ നിന്നു ജനിച്ച ഓമനയായ അഞ്ചലീൻ. ഒന്നും ഇല്ലാതാവുന്നില്ല. എല്ലാം പുതുതായി സമാരംഭിക്കുന്നു. മരണത്തിന് ജയമോ? ഇല്ല തന്നെ. അഞ്ചലീന്റെ പ്രേതമാണ് ചങ്ങമ്പുഴയുടെ “ലീലാങ്കണം” (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). അത് കുറെ ആഴ്ചകളായി മനുഷ്യരെ പേടിപ്പിച്ചുകൊണ്ട് വാരികയെ ഹോണ്ട് ചെയ്തിരുന്നു. സാക്ഷാൽ അഞ്ചലീൻ “ബാഷ്പാഞ്ജലി”യിൽ ഉണ്ട്. അവളെക്കണ്ട് ആഹ്ലാദിച്ചിരുന്നവരെ ‘ലീലാങ്കണ’മെന്ന ഗോസ്റ്റിനെക്കൊണ്ട് പേടിപ്പിക്കേണ്ടിയിരുന്നില്ല. അമ്പലപ്പുഴ ഗോപകുമാറാണത്രേ ഈ ഗോസ്റ്റിനെ എഴുന്നള്ളിച്ചത്. സാഹിത്യ പഞ്ചാനനൻ മൗനമന്ത്രം ചൊല്ലി അടക്കിവച്ചിരുന്ന ഈ പ്രേതത്തെ ഇങ്ങനെ ഇളക്കിവിട്ടതു ശരിയായില്ല.

വെള്ളമൊഴിച്ചാലും

ചാൾസ് ഡേന ഗിബ്സൻ (Charles Dana Gibson, മരണം 1944) പേരുകേട്ട അമേരിക്കൻ ചിത്രകാരനായിരുന്നു. പുസ്തകങ്ങൾക്കു പടം വരയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ജോലി. ഗിബ്സൻ പറഞ്ഞു: ഇരുണ്ട വീട്ടുമുറ്റത്തു അല്പം നിലാവു ചേർക്കണം. രണ്ടാളുണ്ടെന്നു വിചാരിക്കു. ശക്തിയാർന്ന രണ്ടു കൈകൾ അമർത്തിച്ചേർക്കു. ഒന്നു മൃദുലമായ കൊച്ചുകൈ. രണ്ട് ഔൺസ് ആകർകത്വം അരിച്ചു ചേർക്കണം. എന്നിട്ട് മണ്ടത്തരം നല്ലയളവിൽത്തന്നെ ഒഴിക്കു. ഒന്നോ രണ്ടോ അടക്കം പറച്ചിലുകളും സ്വല്പം പരിഭവവും ഒഴിച്ചു കലക്കിയാലും. നിശ്ശബ്ദതയുടെ കിണറ്റിൽ അരഡസ്സൻ കടാക്ഷങ്ങൾ അലിയിക്കുക ശങ്കയുടെ പൊടി അല്പം വിതറു. തടസ്സം ഒരു ഔൺസ്. വഴങ്ങിക്കൊടുക്കൽ രണ്ടു ഔൺസ്. ചുവന്ന കവിളിലോ ചുണ്ടുകളിലോ ചുംബനങ്ങൾ വയ്ക്കു. ചെറിയ സീൽക്കാരം കൊണ്ട് വാസന വരുത്തണം. എന്നിട്ടു തണുത്തു കിട്ടാനായി മാറ്റിവയ്ക്കു. ഈ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം പരിപാലിച്ചാൽ എന്തു ശീതോഷ്ണാവസ്ഥയിലും ഇതു ഫലിക്കാതിരിക്കില്ല.

തണുക്കുന്നതിനു മുൻപുതന്നെ വിവാഹം കഴിയും. കഴിഞ്ഞാൽപ്പിന്നെ വെറുപ്പിന്റെയും അവഗണനയുടെയും കഷായമാണ് രണ്ടു പേരും കുടിക്കുന്നത്. അവളുടെ മാധുര്യം കലർന്ന വാക്കുകൾ അയാൾക്കു വിഷം കലർന്ന വാക്കുകളായി മാറും. അവളുടെ ചേതോഹരമായ ചിരി മാംസ പേശികളുടെ ജുഗുപ്സാവഹമായ വക്രീകരണമാകും. വിവാഹത്തിനു മുൻപ് രണ്ടു പേരും മൂന്നു നിമിഷത്തേക്കു തമ്മിൽത്തമ്മിൽ നോക്കിയുള്ളു. അതോടെ പ്രേമമായി. ഇപ്പോൾ അത്രയും സമയം പരസ്പരം നോക്കിയാൽ അയാൾ കോടാലിക്കൈ തട്ടിയൂരും. അവൾ മനസ്സിൽ ആ പ്രക്രിയ നടത്തും. ദാമ്പത്യ ജീവിതത്തിന്റെ ഈ വൈരസ്യത്തെയാണ് മനോരമ ആഴ്ചപ്പതിപ്പിലെ “തെറ്റുപറ്റിയതാർക്ക്?” എന്ന ലേഖനം വ്യക്തമാക്കാൻ ശ്രമിക്കുന്നത്. ദാമ്പത്യ ജീവിതത്തിനെ വൈരസ്യത്തെക്കാൾ അസഹനീയമായ വൈരസ്യമാണ് മറിയത്തിന്റെ ഈ ലേഖനം ഉളവാക്കുക. ശ്രീമതി അല്ലെങ്കിൽ ശ്രീമാൻ ഇതെഴുതിയ സമയംകൊണ്ട് വീട്ടുമുറ്റത്തെ ചെടികൾക്കു വെള്ളം കോരുകയോ പുല്ലുപറിക്കുകയോ ചെയ്താൽ മതിയായിരുന്നു.

* * *

ഇംഗ്ലീഷ് ബയോ കെമിസ്റ്റും ജനറ്റിസിസ്റ്റും ആയ ജെ.ബി.എസ്. ഹൊൽഡേൻ (J.B.S. Haldane, 1892–1964. ഹാൽഡേൻ എന്നു ചിലർ പറയുന്നത് ശരിയല്ല. ഹൊൽഡേം എന്നാണ് Daniel Jones ന്റെ നിഘണ്ടുവിൽ) മുങ്ങിച്ചാകാൻ പോകുന്നവനെക്കുറിച്ചു പറഞ്ഞത് സ്മരണമണ്ഡലത്തിൽ കയറി വരുന്നു. സഹോദരനാണ് മുങ്ങിച്ചാകുന്നതെന്നിരിക്കട്ടെ. കരയിൽ നിൽക്കുന്നയാൾ അമ്പതുശതമാനം ‘റിസ്ക്’ സ്വീകരിക്കും. വെള്ളം കുടിക്കുന്നവർ അനന്തരവനാണെങ്കിലോ? അത് ഇരുപത്തിഅഞ്ച് ശതമാനമായിപ്പോകും. കസിനാണെങ്കിൽ? പരോപകാര തല്പരമായ ജീനിന്റെ (Gene — സഹജവാസനകളെ തലമുറ തലമുറയായി പകർത്തുന്നത്) “ഫ്രീക്വൻസി’ പന്ത്രണ്ടു ശതമാനമായിപ്പോകും. ഭർത്താവ് മുങ്ങിമരിക്കാൻ പോകുമ്പോൾ ഭാര്യയുടെ “ജീൻ ഫ്രീക്വൻസി” ആറേകാൽ ശതമാനമായിരിക്കുമെന്ന് എനിക്കു തോന്നുന്നു. ഭാര്യ മുങ്ങിച്ചാകാൻ പോകുമ്പോൾ ഭർത്താവിന്റെ ഫ്രീക്വൻസി മൂന്നേയരയ്ക്കാലായിരിക്കും. ഭർത്താവിനെയും ഭാര്യയെയും കുറിച്ച് ഹൊൽഡേൻ ഒന്നും പറഞ്ഞിട്ടില്ല.

കാൽവീനോ

ഈറ്റാലോ കാൽവീനോ (Italo Calvino, b. 1923) മഹാനായ സാഹിത്യകാരനാണ്. മൊറാവ്യയെക്കാൾ ഉന്നതനാണ് അദ്ദേഹം. കഴിഞ്ഞ വർഷത്തെ നോബൽ സമ്മാനം കാൽവീനോയ്ക്ക് കിട്ടുമെന്ന് പലരും വിചാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘If On A winter’s Night A Traveller’ എന്ന നോവൽ ഞാൻ വായിച്ചു. പ്രതിഭാശാലിനിയായ സൂസൻ സൊൺടാഗ് ‘Italy’s best living writer of fiction. His new book is endlessly inventive… idea within idea, tale within tale’ എന്നും ഫ്രൻസീൻ ദ്യു പ്ലെസി (Francine du Plessis) The most astaundingly intentive novel I’ve come across in a long time എന്നും വാഴ്ത്തിയ ഈ കൃതി പത്തു വ്യത്യസ്ഥങ്ങളായ നോവലുകളെക്കുറിച്ചുള്ള ഒരു നോവലാണ്. ആദ്യമായി ഒരു പോളിഷ് നോവലിനെക്കുറിച്ച് പറയുന്നു. അത് പൂർണ്ണമാകുന്നതിനു മുൻപ് ഒരു ജപ്പാനീസ് നോവലിനെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്നു. അങ്ങനെ പലതും. രണ്ടു വായനക്കാരാണ് ഈ കൃതിയിലുള്ളത്. ഒരാൾ പുരുഷൻ, അയാളൂടെ പേരു പറഞ്ഞിട്ടില്ല. രണ്ടാമത്തെയാൾ സ്ത്രീ; ലൂഡ്‌മില്ല. “Ludmilla closes her book, turns off her light, puts her head back against the pillow and says, “Turn off your light too. Aren’t you tired of reading?” And you say “Jusy a moment, I’ve almost finished”. If on a winter’s night a traveller” by Italo Calvio (Page 205).

നോവലിസ്റ്റ് സഹാറാ മരുഭൂമിയിലെ വിറകുവെട്ടുകാരനാണെന്ന് ഒർട്ടേഗ ഈഗാസറ്റ് എന്ന സ്പാനിഷ് തത്ത്വചിന്തകൻ പണ്ട് പറഞ്ഞില്ലേ. കോടാലിയുണ്ടെങ്കിലും മരമില്ല വെട്ടിയിടാൻ. സർഗ്ഗശക്തിയുണ്ടെങ്കിലും പ്രതിപാദ്യവിഷയം തീർന്നുപോയി എന്നാണ് ഒർട്ടേഗ പറഞ്ഞത്. അതു തെറ്റാണെന്ന് ഈ നോവൽ സ്ഥാപിക്കുന്നു. വൈചിത്ര്യവും വൈജാത്യവും ഉള്ളതാണ് മനുഷ്യജീവിതം. അത് എത്ര നോവലുകളുടെയും വിഷയങ്ങളാവാം. ഒരിക്കലും വിഷയങ്ങൾ തീർന്നുപോകുന്നില്ല എന്നാണ് കാൽവീനോയുടെ വാദം.

രചനയുടെ സവിശേഷത ഈ നോവലിനെ മറ്റു നോവലുകളിൽ നിന്ന് മാറ്റിനിറുത്തുന്നു. പുസ്തകം വായിക്കുന്നതുപോലെ കാമുകിയും കാമുകനും പരസ്പരം വായിക്കുന്നുവെന്ന് കൽവീനോ പറയുന്നു: “Lovers reading of each other’s bodies (of that concentrate of mind and body which lovers used to go to bed together) differs from the reading of written pages in that it is not linear. It starts at any point, skips, repeats itself, goes backward, insists..(Page 124). ഫാന്റസി സൃഷ്ടിക്കുന്നതിൽ, ഒരിക്കലും അനുരഞ്ജിക്കാൻ വയ്യാത്ത വസ്തുതകളെ അടുത്തടുത്ത് പ്രദർശിപ്പിക്കുന്നതിൽ ഇവയിലൊക്കെ നിസ്തുലനാണ് മഹാനായ ഈ സാഹിത്യകാരൻ. നോവൽ വായിച്ചു തീർക്കാൻ വയ്യേ വയ്യ. എന്നാൽ കാൽവീനോയുടെ ഈ നോവൽ വായിച്ചു തീർക്കാം. ജീവിതത്തിന്റെ വൈവിധ്യം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം.

കമന്റുകൾ

മോഹനനും തങ്കമണിയും പരസ്പരം സ്നേഹിച്ച് വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം ബന്ധുക്കൾ സ്ത്രീധനം ചോദിച്ചപ്പോൾ ഭർത്താവും ഭാര്യയും അകന്നു. എങ്കിലും അയാൾ വല്ലപ്പോഴും അവളെ കാണാൻ വരും. അതുക്കൊണ്ട് സന്താനങ്ങളുണ്ടായി. മോഹനൻ സുഖക്കേടായി ആശുപത്രിയിൽ കിടന്നപ്പോൾ അയാളുടെ കൊച്ചുമകൻ അന്വേഷിച്ചു പോയി. അവന്റെ പുറത്ത് തടി ലോറി കയറി. ആ കുട്ടി ചതഞ്ഞരഞ്ഞു . ഇതാണ് കെ. കെ. പടിഞ്ഞാറപ്പുറം ‘മംഗളം’ വാരികയിൽ എഴുതിയ “ഒരിക്കലും കാണാത്തവർ” എന്ന കഥയുടെ സാരം — മംഗളം വാരികയുടെ ചെലവ് വർദ്ധിച്ചു വരികയല്ലേ? വരട്ടെ. വർദ്ധിച്ച് വർദ്ധിച്ച് ഇരുപതു ലക്ഷമാകുമ്പോൾ മറ്റുള്ള വാരികകൾ നിന്നു പോകും അപ്പോൾ ഇമ്മാതിരി കക്കൂസ്സ് കഥകളേ കേരളത്തിൽ ഉണ്ടായിരിക്കൂ.

പിരിവുകാരെക്കൊണ്ടുള്ള ഉപദ്രവം ജെ. ഫിലിപ്പോസ് തിരുവല്ല ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു (മനോരാജ്യം). പണ്ടൊരു പിരിവുകാരൻ കാട്ടിൽ പോയി. അയാൾക്കെതിരേ ഒരു കടുവ വന്നു. മരണം സുനിശ്ചിതമെന്നു കരുതി വെപ്രാളപ്പെട്ടപ്പോൾ പിരിവിനു വേണ്ടിയുള്ള രസീത് ബുക്ക് അറിയാതെ താഴെ വിണു. അതു കണ്ട് കടുവ പ്രാണനും കൊണ്ട് തിരിഞ്ഞോടി. അങ്ങനെ പിരിവുകാരൻ രക്ഷപ്പെട്ടു.

‘വേലക്കാരികൾ കഥ പറയുന്നു’ എന്നൊരു പംക്തിയുണ്ട് “മാമാങ്കം” വാരികയിൽ. ലേഖകൻ അസംഖ്യം വേലക്കാരികളെ സന്ദർശിച്ചതിനു ശേഷമാണത്രേ ആ ലേഖനങ്ങൾ തയ്യാറാക്കിയത്. 22-ആം ലക്കത്തിലെ വേലക്കാരി കലാകൗമുദിയിൽ ഞാനെടുത്തു ചേർത്തിരുന്ന ഒരു ചൈനീസ് നേരമ്പോക്ക് അതേ മട്ടിൽ പറയുന്നു (പുറം 14 കോളം 2,3,4). ഈ വേലക്കാരി സാഹിത്യവാരഫലം വായിക്കുന്നവളാണ്. അവൾക്ക് നന്ദി.

രാജേശ്വരി ദീപിക വാരികയിലെഴുതിയ ‘കരിയില’ എന്ന കഥ. ഇതു സാഹിത്യമല്ല, സാഹിത്യാഭാസമാണ്. മാലതി വിവാഹം കഴിക്കാതെ കഴിഞ്ഞു കൂടുന്നു. അവളൂടെ വിവാഹം നിശ്ചയിച്ചതാണ്, പണ്ട്. പക്ഷേ ഭാവിവരൻ സ്കൂട്ടറിടിച്ച് മരിച്ചുപോയി. രാജേശ്വരി എന്ന പേരിൽ മുൻപ് മനോരമ ആഴ്ച്ചപ്പതിപ്പിൽ വന്ന ഒരു “യഥാർത്ഥ സംഭവ വിവരണവും” ഇതു തന്നെയായിരുന്നു എന്നാണ് എന്റെ ഓർമ്മ. ആളുകളെ ഏതെല്ലാം വിധത്തിലാണ് എഴുത്തുകാർ പറ്റിക്കുന്നത്! സാഹിത്യാഭാസം പെണ്ണിന്റെ പേരിൽ രചിക്കുമ്പോൾ കുറച്ച് ‘ഫെമിനിൻ ടച്ചസ്’ വരുത്തുന്നത് നന്ന് . എന്തൊരു കാലം! എന്തൊരു ജീർണ്ണത!

ഡോക്ടർ എം.എം. ബഷീർ പുതിയ എഴുത്തുകാരോട് ‘മലയാളശൈലി’യും ‘സാഹിത്യസാഹ്യവും’ വായിക്കാൻ ഉപദേശിക്കുന്നു (ചന്ദ്രിക ആഴ്ചപ്പതിപ്പ്). നല്ല ഉപദേശം. വ്യാകരണത്തെറ്റ് ഒഴിവാക്കാനും ശൈലീഭംഗം വരുത്താതിരിക്കാനും അവയുടെ പാരായണം സഹായിക്കുമല്ലോ. ഇവിടെ ഒരു സംശയം. “പുതിയ എഴുത്തുകാരോട് അനുഭാവപൂർവ്വം” എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ബഷീർ നൽകിയതു തന്നെയാണോ അത്? എങ്കിൽ “അനുഭാവ” ത്തിന് അദ്ദേഹം ഉപദേശിച്ച അർത്ഥമില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ‘അനുഭാവഃപ്രഭാവേ ചസതാം ച മതിനിശ്ചയേ’. അനുഭാവഃ = പ്രഭാവത്തിന്റെയും നല്ലയാളൂകളൂടെ ബുദ്ധിനിശ്ചയത്തിന്റെയും പേര്. ഇത്രയും എഴുതിയതുകൊണ്ട് ബഷീറിന്റെ പ്രയോഗം തെറ്റാണെന്ന് ഞാൻ കരുതുന്നതായി വിചാരിക്കരുത്. “മന്ത്രി അനുഭാവപൂർവ്വം മറുപടി പറഞ്ഞു” എന്ന് പത്രക്കാർക്ക് എഴുതാം. മലയാളം പഠിപ്പിക്കുന്നവർ അത്തരം പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കൊള്ളാം.

ഡോക്ടർ കെ. പി. ഹാഷിമിന്റെ ‘വരയും കുറിയും’ എന്ന ഹാസ്യചിത്രം 17-ആം ലക്കം ‘ഈയാഴ്ച’ യിൽ ഡ്രൈവറെയാണ് വരച്ചിട്ടുള്ളത്. ഒരു ‘രസ’മൊക്കെയുണ്ട് ചിത്രം കാണാനും വിവരണം വായിക്കാനും.

വി. സി. ബാലകൃഷ്ണപ്പണിക്കരെക്കുറിച്ച് ‘കൈരളീസുധ’യിൽ മൂപ്പത്ത് രാമചന്ദ്രൻ എഴുവന്തല എഴുതിയിരിക്കുന്നു. മനുഷ്യന് മുൻപോട്ടും പിറകോട്ടും വശത്തോട്ടും വീഴാം. എങ്ങനെ റോഡിൽ വീണാലും കണ്ടു നിൽക്കുന്നവർ ഉള്ളാലെയെങ്കിലും ചിരിക്കും. മൂപ്പത്തു രാമചന്ദ്രന്റെ മൂപ്പെത്താത്ത ഈ ലേഖനം കണ്ട് — വീഴ്ച്ച കണ്ട് — സ്കൂൾക്കുട്ടിയും ചിരിക്കുന്നു.

* * *

സ്ത്രീരോഗ ചികിൽസാവിദഗ്ദ്ധന് — ഗൈനക്കോളജിസ്റ്റിന് — സ്ത്രീയുടെ മനഃശാസ്ത്രം അറിയാമെങ്കിൽ കോളേജിൽ മലയാളം പഠിപ്പിക്കുന്ന ആളിന് സാഹിത്യത്തെക്കുറിച്ചുമറിയാം.