close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 07 05


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 07 05
ലക്കം 877
മുൻലക്കം 1992 06 28
പിൻലക്കം 1992 07 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജലാശയത്തിന്റെ മറുകരയില്‍ നിന്നുകൊണ്ട് ആരോ ജലപ്പരപ്പില്‍ വച്ച കടലാസ്സുവഞ്ചി കാറ്റേറ്റ്, ഇക്കരെ നില്ക്കുന്ന എന്റെ അടുത്തേക്കു പതുക്കെപ്പതുക്കെ വന്നുചേരുന്നതുപോലെ മഹാകവി ജി.ശങ്കരക്കുറുപ്പിനെസ്സംബന്ധിച്ച ഓരോര്‍മ്മ കാലസരോവരത്തിലൂടെ ഒഴുകി എന്നിലെത്തുന്നു. ഞാന്‍ അന്നു വിദ്യാര്‍ത്ഥി. വേമ്പനാട്ടുകായല്‍ താണ്ടി എറണാകുളത്തുചെന്ന് കവിയെക്കണ്ട് അപേക്ഷിച്ചു.“മാഷിന്റെ ക്ളാസ്സിലിരിക്കാന്‍ ആഗ്രഹം. അതിനുവേണ്ടിയാണ് ഞാനിത്രയും ദൂരത്തുനിന്ന് ഇവിടെ എത്തിയത്.” അദ്ദേഹം അനുമതി നല്കി. ക്ളാസ്സില്‍ അദ്ദേഹം കയറിവന്നു. എന്തൊരു ഉജ്ജ്വലത! എന്തൊരു ആകൃതിസൗഭഗം! ഏതോ വിദ്യാര്‍ത്ഥിയുടെ കൈയില്‍നിന്നു പുസ്തകം വാങ്ങി പഠിപ്പിക്കേണ്ട കാവ്യത്തിന്റെ ആദ്യത്തെ രണ്ടു വരികള്‍ വായിച്ചു: “വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സങ്കല്പവായുവിമാനത്തിലേറിയാലും.” ഇതു വായിച്ചിട്ടു പുസ്തകം മേശമേല്‍ വച്ചു. പിന്നിടൊരു ഗംഗാപ്രവാഹമാണ്. ആ വാങ്മയ സ്രോതസ്വിനിയില്‍ വിദ്യാര്‍ത്ഥികള്‍ പലനിറമുള്ള പൂക്കളെപ്പോലെ ഒഴുകിപ്പോയി. കലാലയത്തിലെ മണി മുഴങ്ങിയപ്പോള്‍ പ്രവാഹം നിലച്ചു. ഞങ്ങള്‍ വീണ്ടും വിദ്യാര്‍ത്ഥികളായി. വള്ളത്തോള്‍ക്കവിതയെക്കുറിച്ച് നിരൂപകര്‍ അക്കാലത്ത് വ്യാപിപ്പിച്ച ഇരുട്ടിന്റെ കരിമ്പടത്തെ ജി എത്ര അനായാസമായിട്ടാണു വാക്കിന്റെ സൂച്യഗ്രംകൊണ്ട് കീറിക്കീറി എറിഞ്ഞത്! ക്ളാസ് കഴിഞ്ഞ് ഞാന്‍ കലാശാലയുടെ വരാന്തയിലേക്കു ചെന്നപ്പോള്‍ ഒരു വെളുത്ത ശലഭം അവിടെ പാറിക്കളിക്കുന്നുണ്ടായിരുന്നു; ജി. വായിച്ച വരികളുടെ രചയിതാവായ വള്ളത്തോളിന്റെ കവിത പോലെ.

പില്ക്കാലത്ത് ഞാന്‍ ജിയോടുകൂടി പല സമ്മേളനങ്ങള്‍ക്കും പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആവര്‍ത്തിക്കപ്പെടാത്ത പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നത് അന്യാദൃശങ്ങളായ അനുഭവങ്ങളാണ്. അക്കാലത്തെ സാഹിത്യ അക്കാദമി അവയെല്ലാം റ്റെയ്പ്പില്‍ എടുത്തു സൂക്ഷിക്കേണ്ടതായിരുന്നു. പക്ഷേ ആ അക്കാദമി അംഗങ്ങള്‍ക്കുണ്ടായിരുന്നോ അതിനു സമയം? അതിനു സന്മനസ്സ്? മഹാകവിത്വത്താല്‍ അനുഗൃഹീതനായിരുന്ന ജി. ശങ്കരക്കുറുപ്പിനെ തേജോവധം ചെയ്യാനും അദ്ദേഹം കവിയല്ലെന്നു വിളംബരം ചെയ്യാനുമായിരുന്നല്ലോ അവര്‍ക്കു താല്‍പര്യം. അദ്ഭുതപ്പെടാനില്ല. പൂക്കളില്‍ നിന്നു തേനെടുക്കുന്ന തേനീച്ചകള്‍ ഉണ്ട്; അന്യരെ കുത്തി മുറിവേല്പിക്കുന്ന കടന്നലുകളും.

“ജീവിതപ്പൂവിലെ തേന്‍ നുകര്‍ന്നങ്ങനെ” വിരാജിക്കുന്ന തേനീച്ചയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ഗൃഹാങ്കണത്തില്‍” എന്ന കാവ്യമെഴുതിയ ശ്രീ. കരിമ്പുഴ രാമചന്ദ്രന്‍. (അംഗണമെന്നേ ഞാനെഴുതൂ). വെറും ജീവിതമല്ല; ദാമ്പത്യജീവിതം. അതിലെ ആഹ്ളാദമാകുന്ന മധു. ദമ്പതികള്‍ നുകരുന്നതിന്റെ രമണീയമായ ചിത്രം ഈ രചനയില്‍നിന്നു കിട്ടുന്നു നമുക്ക്. ഭര്‍ത്താവിന്റെ ഷേര്‍ട്ടുകള്‍ സോപ്പിട്ട് അലക്കുമ്പോള്‍ മനസ്വിനി കലമ്പുകയായി. എള്ളിന്‍മണികള്‍ തൂവിയിട്ടതുപോലെ പോക്കറ്റിലാകെ മഷിക്കുത്തുകള്‍. ഷേര്‍ട്ടുകള്‍ക്കു തനിവെണ്മയും. ഇനി ഭര്‍ത്താവ് നീലക്കുപ്പായം ധരിച്ചാല്‍ മതിയെന്നു ഗൃഹനായികയുടെ നിര്‍ദ്ദേശം. കവിതയെഴുതിക്കൊണ്ടിരുന്ന ഭര്‍ത്താവ് അതു കേട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഉപമ അസ്സലായി. ഇനി ഞാന്‍ ഉല്‍പ്രേക്ഷ പ്രയോഗിക്കാം’ അയാള്‍ തുടര്‍ന്നു: ‘നിന്റെ തുടുത്ത കവിളിലെ കാക്കപ്പുള്ളി കാണുമ്പോള്‍ അത് എള്ളിന്‍മണിയാണോ എന്ന് എനിക്കു ശങ്ക. നിന്റെ കവിള്‍ത്തടങ്ങളിലെ വെണ്മ എന്റെ ഉള്ളിലും ഉണ്ടായെങ്കില്‍!’ ഇനി കവിവചനം തന്നെയാവട്ടെ.

“അലക്കിയൊലുമ്പി നിലംപിഴിഞ്ഞയക്കോലി-
ലുലര്‍ത്തിത്തോരാനിട്ടൊരാര്‍ദ്രമാം ചിരിപാറ്റി
ഗൃഹലക്ഷ്മിതന്‍ മുഖാമൃതമിങ്ങനെ: ‘താങ്ക-
ളുടെ ദാമ്പത്യാഹ്ളാദമൊരു സോപ്പിടല്‍ താനോ?’”

Soap up ഇംഗ്ലീഷ് പ്രയോഗത്തിനു മുഖസ്തുതി നടത്തിക എന്നാണര്‍ത്ഥം. അതിനെ അവലംബിച്ചുകൊണ്ടുള്ള ഈ ധര്‍മ്മപ്രയോഗം തികച്ചും ഹൃദ്യമായിരിക്കുന്നു. ഷേര്‍ട്ടില്‍ സോപ്പ് തേക്കുകയായിരുന്നല്ലോ സഹധര്‍മ്മിണി. ആ കൃത്യവും മുഖസ്തുതി നടത്തുക എന്ന ‘സോപ്പിടല്‍’ കര്‍മ്മവും വിദഗ്ദ്ധമായി കവി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വിഷയത്തിനു യോജിച്ച രചനാരീതി. അത്യുക്തിയിലേക്കോ സ്ഥൂലീകരണത്തിലേക്കോ കടക്കാത്ത ഹാസ്യപ്രയോഗം.

ചോദ്യം, ഉത്തരം

ചിരപരിചിതങ്ങളായ വിഷയങ്ങളോടു ഗുഡ്ബൈ പറഞ്ഞ്, സ്വത്വശക്തിയുള്ള കഥാപാത്രങ്ങളെ കൊണ്ടുവന്ന്, അവരെക്കൊണ്ടു ക്രിയാംശമുളവാകുമാറ് പ്രവര്‍ത്തിപ്പിച്ച് സമുദായത്തിന്റെ സ്വാഭാവികധര്‍മ്മത്തെ പ്രതിഫലിപ്പിച്ചാല്‍ സാഹിത്യരചനയ്ക്കുള്ള യത്നമാകും. ആ യത്നം സാഫല്യത്തിലെത്തണമെങ്കില്‍ പ്രതിഭയും വേണം.

Symbol question.svg.png റ്റെനിസണ്‍ കവിയല്ലെന്നു ചിലര്‍ പറയുന്നതു ശരിയോ? (ചോദ്യം സ്വന്തം)

“ ‘But what am I
An infant crying in the night:
An infant crying for the light:
And with no language but a cry’

എന്നെഴുതിയ കവി കവിയല്ലെന്ന് എങ്ങനെ പറയൂം?

Symbol question.svg.png ചിന്തിക്കാന്‍ കഴിവില്ലാത്തതുകൊണ്ടല്ലേ നിങ്ങള്‍ ഏറെ വായിക്കുന്നത്?

ശരിയായിരിക്കാം. നമ്മള്‍ വായിക്കുമ്പോള്‍ വേറൊരാള്‍ നമുക്കുവേണ്ടി ചിന്തിക്കുന്നുവെന്ന് ഒരു ജര്‍മ്മന്‍ ദാര്‍ശനികന്‍ പറഞ്ഞിട്ടുണ്ട്.

Symbol question.svg.png സ്വന്തം മക്കളെ പുകഴ്ത്തുന്നതു ശരിയോ?

ആരോട് അവരെ പ്രശംസിക്കുന്നുവോ അവര്‍ക്ക് ആ മക്കളെക്കാള്‍ ബുദ്ധിയുള്ള മക്കളുണ്ടെന്ന് ഓര്‍മ്മിച്ചാല്‍ ഈ പുകഴ്ത്തല്‍ ഉണ്ടാവുകയില്ല. എന്റെ മകന് അറുന്നൂറില്‍ 550 മാര്‍ക്ക് എന്ന് അച്ഛന്‍ മറ്റൊരാളോടു പറയുമ്പോള്‍ അയാളുടെ മകന് അറുന്നൂറില്‍ 590 മാര്‍ക്കുണ്ടെന്ന് അറിയില്ല. പക്ഷേ അയാള്‍ അത് സ്പഷ്ടമാക്കാതെ ‘ആങ്ഹാ 550 മാര്‍ക്കോ? Congratulations’ എന്നു പറയും.

Symbol question.svg.png ഗ്രാമപ്രദേശം നല്ലതല്ലേ?

അല്ല, അടികിട്ടിയാല്‍ അത് എല്ലാവരുമറിയും. പട്ടണത്തിലാണെങ്കില്‍ അടി കൊടുത്തവനും അതു കിട്ടിയവനും മാത്രമേ അറിയൂ.

Symbol question.svg.png പ്രവൃത്തിയില്‍ മന്ത്രി, ശയിക്കുമ്പോള്‍ വേശ്യ എന്നൊക്കെ സ്ത്രീയെ വാഴ്ത്തുന്നതു ശരിയാണോ?

അല്ല. ഭര്‍ത്താവ് വീട്ടിലെ സാരിയുള്‍പ്പെടെയുള്ള മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ സോപ്പ് തീര്‍ന്നുപോയാല്‍ അതു കൊണ്ടു കൊടുക്കുന്നവളും അയാള്‍ ചോറു വാര്‍ക്കുമ്പോള്‍ ‘തിളച്ച വെള്ളം അടുത്തു നില്ക്കുന്ന കുഞ്ഞിന്റെ കാലില്‍ വീഴ്ത്തരുതേ’ എന്നു അയാളോടു നിര്‍ദ്ദേശിക്കുന്നവളുമാണ് നല്ല ഭാര്യ.

Symbol question.svg.png അതിരു കടന്ന സദാചാരനിഷ്ഠയുള്ളവനെ നിങ്ങള്‍ക്കിഷ്ടമാണോ?

കിറുക്കനെ ഞാനെങ്ങനെ ഇഷ്ടപ്പെടും?

Symbol question.svg.png എല്ലാ ഞായറാഴ്ചയുമുള്ള പൈങ്കിളിസിനിമ ദൂരദര്‍ശന്‍ നിറുത്തിയാല്‍?

സ്ത്രീകള്‍ റ്റി.വി.സെറ്റുകളുടെ അകത്തുള്ളതെല്ലാം എടുത്തുകളഞ്ഞിട്ട് അവയെ സാരികളും ബ്ളൗസുകളും വയ്‌ക്കാനുള്ള പെട്ടികളാക്കി മാറ്റും.

Symbol question.svg.png നിങ്ങള്‍ എന്നും എത്ര മണിക്കു ഉറങ്ങാന്‍ കിടക്കും?

രാത്രി പതിനൊന്നുമണിക്ക്. ബുധനാഴ്ച ദിവസം വൈകുന്നേരംതന്നെ ഉറക്കമാരംഭിക്കും. ഇല്ലെങ്കില്‍ നാലു മുറികള്‍ക്കപ്പുറത്ത് ഇരിക്കുന്ന റ്റി.വി.സെറ്റില്‍നിന്ന് ഒരു പരിപാടി അവ്യക്തമായെങ്കിലും കേള്‍ക്കേണ്ടതായിവരും.

Symbol question.svg.png വലിയ മഴ. വലിയ ചൂട്. സഹിക്കാനാവാത്ത മഞ്ഞ് ഈ കാലാവസ്ഥയല്ലേ കേരളത്തിലെ ജനങ്ങളെ വികാരാധിക്യം ഉള്ളവരാക്കുന്നത്?

എന്തോ, അറിഞ്ഞുകൂടാ. പിന്നെ ഈ കാലാവസ്ഥ കൊള്ളാം. അതില്ലെങ്കില്‍ മഴ പെയ്യുമ്പോള്‍ ‘ഞാന്‍ കുട തരാം’ എന്നും ചൂടു കൂടിയിരിക്കുമ്പോള്‍ ‘എന്റെ കുട കൊണ്ടു പോകൂ’ എന്നും മഞ്ഞു പെയ്യുമ്പോള്‍ ‘എന്റെ കൈലേസ് തലയിലിട്ടുകൊണ്ടു പോകൂ’ എന്നും കാമുകന്‍ കാമുകിയോടു പറഞ്ഞ് കള്ളസ്‌നേഹം കാണിക്കുന്നതെങ്ങനെ?

Symbol question.svg.png സാഹിത്യവാരഫലം എന്ന കണിയാന്‍ പംക്തി നടത്തുന്നവന്‍ ഒരു തെമ്മാടിയല്ലേ?

അല്ല. സിനിമാശാലയിലെ സീറ്റില്‍ കൈയുകളില്‍ സ്വന്തം കൈരണ്ടും വച്ചു ഇരുന്നു സിനിമ കാണുന്നവന്‍, ബസ്സില്‍ കയറി വേറൊരാളെ ഇരുത്താതിരിക്കാന്‍ കാലുകള്‍ കവച്ചുവച്ച് ഇരിക്കുന്നവന്‍, ഫാദര്‍ എന്ന വാക്കിന്റെ സ്പെല്ലിങ് അറിയാതെ ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ ഇവരൊക്കെയാണ് തെമ്മാടികള്‍.

വിരസം

ഏത് ഓഫീസ് എന്നൊന്നും ഞാന്‍ പറുയുകയില്ല. എന്റെ മേലധികാരിയുടെ അടുക്കല്‍ ഞാന്‍ ചെന്നപ്പോള്‍ കൊച്ചിക്കാരനായ അദ്ദേഹം എന്നോടു ചോദിച്ചു: “ഇവിടെ…നായര്‍ എന്നൊരാളുണ്ടല്ലോ. അയാളുടെ അമ്മ മരിച്ചുപോയി ശവമടക്കാനാണ് എന്നു പറഞ്ഞു നൂറുരൂപ വാങ്ങിക്കൊണ്ടുപോയി എന്റെ കൈയില്‍നിന്ന്. പിന്നെ അയാളെ കണ്ടിട്ടേയില്ല. നിങ്ങള്‍ക്ക് അയാളെയൊന്നു കണ്ടുപിടിക്കാനാവുമോ?” ഞാന്‍ ചിരിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു: സര്‍, ആ രൂപ ഇനി കിട്ടുകയില്ല. അയാളുടെ അമ്മ ഇതുപോലെ പലതവണ മരിച്ചിട്ടുണ്ട്. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് അപ്പോഴാണ് ആ മേലധികാരി അറിഞ്ഞത്. കാലം കഴിഞ്ഞു. ഒരുദിവസം കാലത്ത്…നായര്‍ എന്റെ വീട്ടില്‍ കയറിവന്നു ദുഃഖഭാവത്തോടെ അറിയിച്ചു: “കൃഷ്ണന്‍നായര്‍, എന്റെ മദര്‍-ഇന്‍-ലാ മരിച്ചു അര്‍ദ്ധരാത്രിക്കുശേഷം. ശവസംസ്കാരത്തിനു പണമില്ല. നൂറുരൂപ കടം തരുമോ? ഒന്നാം തീയതി തിരിച്ചുതരാം.” ഞാന്‍ അതിലേറെ ദുഃഖത്തോടെ മറുപടി നല്കി: “അയ്യോ ഒരു കാശുപോലുമില്ല. തൊട്ടടുത്ത് പി.ജി.കൃഷ്ണപിള്ള (അക്കാലത്ത് ഡപ്യൂട്ടി കളക്ടര്‍) താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈയില്‍ പണം കാണും.അവിടെച്ചെന്നു ചോദിച്ചുനോക്കൂ.” പി.ജിയോടു ഒരിക്കലെങ്കിലും അയാള്‍ ചരമം പറഞ്ഞു പണം വാങ്ങിയിരിക്കും. അതുകൊണ്ടാവാം അയാള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറാതെ നേരെ റോഡിലേക്കു പോയത്. പിന്നീടു ഞാനറിഞ്ഞു ഈ…നായര്‍ കിട്ടുന്ന ശമ്പളമെല്ലാം ബാങ്കിലിട്ടിട്ട് വീട്ടുചെലവിനുവേണ്ടി അമ്മയെയും അമ്മായിയെയും പലതവണ കൊന്നുകൊണ്ടിരിക്കുന്നുവെന്ന്. ഈ യഥാര്‍ത്ഥ സംഭവംപോലൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ — ശ്രീ ബാലകൃഷ്ണന്‍ എഴുതിയ ‘സൈമണ്‍ പീറ്റര്‍.’ അപ്പന്‍ മരിച്ചു. അമ്മ മരിച്ചു എന്നൊക്കെ കള്ളംപറഞ്ഞ് അയാള്‍ മേലധികാരിയോടു പണം കടംവാങ്ങുന്നു. ഒടുവില്‍ റോഡപകടത്തില്‍പ്പെട്ട് അങ്ങു ചാവുകയും ചെയ്യുന്നു.എന്റെ യഥാര്‍ത്ഥ സംഭവ വിവരണത്തില്‍ സത്യത്തിന്റെ ചൂടുണ്ട്. ബാലകൃഷ്ണന്റെ കല്പിതകഥയില്‍ കലയുടെ ഊഷ്മളതയില്ല. നിരൂപണത്തിന്റെ ഭാഷ ഉപയോഗിക്കാം. ഫിക്ഷന്റെ തലത്തിലേക്കു ഉയരാതെ വെറും വിവരണമായി വര്‍ത്തിക്കുന്നു ബാലകൃഷ്ണന്റെ രചന. ഞാന്‍ ആലപ്പുഴെ താമസിക്കുന്ന കാലത്ത് പല നാടകങ്ങളും കണ്ടിട്ടുണ്ട് — എസ്.ഡി.സുബ്ബ ലക്ഷ്മിയും എം.കെ.ത്യാഗരാജഭാഗവതരും അഭിനയിച്ച നാടകങ്ങള്‍. ഒരിക്കല്‍ ഒരു നാടകത്തിനു ഹാര്‍മോണിയം വായിച്ചത് മലബാര്‍ ഗോപാലന്‍ നായരായിരുന്നു. അദ്ദേഹം ആ സംഗീതോപകരണത്തിന്റെ കട്ടകളില്‍ വിരലുകള്‍ മെല്ലെ വയ്ക്കുകയേയുള്ളു. മധുരനാദം പുറപ്പെടും. അങ്ങനെ കട്ടകളില്‍ വിരലുകള്‍ ഓടിക്കൊണ്ടിരിക്കും. നാദലഹരിയില്‍ ശ്രോതാക്കള്‍ വീഴുകയും ചെയ്യും. കഥയെഴുതുന്നതും ഇതുപോലെ അനായാസ പ്രവര്‍ത്തനമായിരിക്കണം. എങ്കിലേ കലാസത്യത്തിന്റെ നാദം അതില്‍നിന്ന് ഉയരുകയുള്ളു. കൊച്ചുകുട്ടികള്‍ ഹാര്‍മോണിയത്തിന്റെ ഓരോ കട്ടയിലും വിരലമര്‍ത്തി കര്‍ണ്ണകഠോരമായ ശബ്ദം പുറപ്പെടുവിക്കുന്നതുപോലെ ബാലകൃഷ്ണന്‍ ജീവിത സംഭവങ്ങളെ ആക്രമണോത്സുകതയോടെ സമീപിക്കുകയും പരുക്കന്‍ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ നിലയില്‍ എന്റെ വിവരണവും ബാലകൃഷ്ണന്റെകഥയും ഒരേ രീതിയില്‍ വിരസം.

* * *

ആല്‍ഡസ് ഹക്സിലൂടെ Brave New World Revisited എന്ന പ്രബന്ധത്തിലാണെന്നു തോന്നുന്നു മൂന്നു കാര്യങ്ങള്‍ ലോകത്ത് പരിവര്‍ത്തനമുണ്ടാക്കുന്നുവെന്നു പറഞ്ഞിട്ടുള്ളത്. ഒന്ന്: രാഷ്ട്രവ്യവഹാര സിദ്ധാന്തം. രണ്ട്: സാമ്പദിക പ്രതിസന്ധി. മൂന്ന്: മഹാവ്യക്തികള്‍. ശരിയാണ്. ലെനിന്‍, മവോസെതൂങ്ങ്, ഗാന്ധിജി, ബിസ്‌മാര്‍ക്ക് ഇവരാണ് യഥാക്രമം റഷ്യ, ചൈന, ഇന്ത്യ, യൂറോപ്പ് ഈ രാജ്യങ്ങളില്‍ പരിവര്‍ത്തനം സംഭവിപ്പിച്ചത്. അവരുടെ കാലത്തെ ജനങ്ങളെ എല്ലാവരും മറന്നുകഴിഞ്ഞു. പക്ഷേ ഈ മഹാവ്യക്തികള്‍ ജീവിച്ചിരിക്കുന്നു. ശ്രീരാമകൃഷ്ണപരമഹംസന്റെയും വിവേകാനന്ദസ്സ്വാമിയുടെയും രമണമഹര്‍ഷിയുടെയും കാലയളവുകളില്‍ എത്രകോടി ജനങ്ങളുണ്ടായിരുന്നു! അവരില്‍ ഒരാളെങ്കിലും ആര്‍ക്കെങ്കിലും ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. ഇനി ഏറെശ്ശതാബ്ദങ്ങള്‍ കഴിഞ്ഞാലും ഈ മൂന്നുപേരും ഭാരതത്തില്‍ ജീവിച്ചിരിക്കും. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും സ്ഥിതി അതുതന്നെ. അതിനാലാണ് ചരിത്രം ജനക്കൂട്ടത്തിന്റേതല്ല; ചില വ്യക്തികളുടേതു മാത്രമാണ് എന്ന് അഭിജ്ഞന്മാര്‍ പറയുക.

കൃത്രിമം

കലാകൗമുദിയില്‍ “മാലിനീ, ഇനി” എന്ന ചെറുകഥ എഴുതിയ ശ്രീ.സുന്ദറിന്റെ രചനകള്‍ക്കുള്ള സാമാന്യമായ ദോഷം കൃത്രിമത്വമാണ്. ആ ദോഷംതന്നെ ഈ കഥയിലും കാണാം. കേരളത്തിലെ സമുദായത്തിനു സവിശേഷ ധര്‍മ്മമുണ്ട്. ആ ധര്‍മ്മം അതിലെ ഓരോ വ്യക്തിക്കും കാണും. വ്യക്തികള്‍ വിഭിന്നസ്വഭാവമുള്ളവരായിരിക്കുമെങ്കിലും സമുദായത്തിന്റെ സാമാന്യധര്‍മ്മം അവരില്‍ പ്രകടമാകും. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ മാല, വള, മോതിരം ഇവയെല്ലാം രൂപത്തില്‍ വിഭിന്നമാണെങ്കിലും “കാഞ്ചനത്വം” എന്ന ധര്‍മ്മം അവയില്‍ ഓരോന്നിനുമുണ്ടല്ലോ. അതുപോലെ സമുദായത്തിലെ വ്യക്തികള്‍ മര്യാദക്കാരും മര്യാദയില്ലാത്തവരും മാന്യരും അമാന്യരുമായിരിക്കും. എന്നാലും അവരെയാകെ കൂട്ടിയിണക്കുന്ന ഒരു ധര്‍മ്മമുണ്ട്. വ്യക്തിയെ ചിത്രീകരിക്കുന്ന സാഹിത്യകാരന്‍ ആ വ്യക്തിയിലൂടെ ആ ധര്‍മ്മത്തെ ആവിഷ്കരിച്ചില്ലെങ്കില്‍ രചന കൃത്രിമമാകും. തകഴി ശിവശങ്കരപ്പിള്ളയുടെയോ കേശവദേവിന്റെയോ കഥകള്‍ സ്വാഭാവികങ്ങളും മുകുന്ദന്‍ തുടങ്ങിയവരുടെ കഥകള്‍ കൃത്രിമങ്ങളും ആകുന്നത് ഇതിനാലാണ്. സുന്ദറിന്റെ കഥയിലെ കഥാപാത്രങ്ങള്‍ സാമാന്യ മനുഷ്യര്‍ക്കു പ്രാതിനിധ്യം വഹിക്കുന്നവരല്ല. സാമാന്യ മനുഷ്യരില്‍നിന്ന് അകന്നുനില്ക്കുന്ന സമ്പന്നവര്‍ഗ്ഗത്തിനു പ്രാതിനിധ്യം വഹിക്കുന്നു അവര്‍ എന്നും പറയാന്‍ വയ്യ. രമേശും മാലിനിയും നേരത്തേ ഇഷ്‌ടക്കാര്‍. മാലിനി വേറൊരാളെ വിവാഹം ചെയ്തു. അയാള്‍ രതോപകാരിയാകാന്‍ (pimp) തുടങ്ങിയപ്പോള്‍ അവള്‍ പ്രതിഷേധിച്ചു രമേശന്റെ അടുത്തെത്തുന്നു. ഇനി അവര്‍ ഒരുമിച്ചു കഴിഞ്ഞുകൂടും. സുന്ദറിന്റെ കഥയില്‍ ‘കാക്കത്തൊള്ളായിരം’ എന്നൊരു പ്രയോഗമുണ്ട്. കാക്കത്തൊള്ളായിരം തവണ മറ്റുള്ളവര്‍ കൈകാര്യം ചെയ്ത ഈ വിഷയം വൈജാത്യമോ വൈരുദ്ധ്യമോ ഇല്ലാതെ ഇങ്ങനെ പ്രതിപാദിക്കുന്നതുകൊണ്ട് സുന്ദര്‍ എന്തു നേടുന്നു, നമ്മള്‍ എന്തു നേടുന്നു എന്നത് എനിക്കറിഞ്ഞുകൂടാ.

സമുദായത്തിന്റെ സാമാന്യധര്‍മ്മത്തെ ഗള ഹസ്തം ചെയ്തിട്ടു കൃത്രിമത്വത്തെ സ്വാഗതം ചെയ്യുമ്പോള്‍ കൃത്രിമങ്ങളായ കഥാപാത്രങ്ങളും കൃത്രിമങ്ങളായ സംഭാഷണങ്ങളും ഉണ്ടാകും. ഇക്കഥയില്‍ ഇവയ്ക്കു കൃതകസ്വഭാവമാണുള്ളത്. നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിലെ സംഭാഷണത്തിന് സവിശേഷരൂപമോ സംസ്കാരമോ കാണുമല്ലോ. ആ സംഭാഷണം സാഹിത്യത്തിലേക്കു കടക്കുമ്പോള്‍ അല്പം വിഭിന്നമാകും. പ്രേക്ഷകന്‍ ഇരിക്കുന്ന കസേരതന്നെയെടുത്ത് നാടകവേദിയിലിട്ടാല്‍ അതു theatrical chair ആയി മാറുമെന്നു പേറ്റര്‍ ഹന്‍ഡ്കെ പറഞ്ഞതു പോലെ സംഭാഷണത്തിന് ചെറിയ മാറ്റം വരും സാഹിത്യസൃഷ്ടികളില്‍. അതുപോലെയുള്ള ചെറിയ മാറ്റമല്ല സുന്ദറിന്റെ കഥയില്‍ കാണുന്നത്. അതിനു വക്രീകരണമോ വിരൂപകരണമോ ഉണ്ടാകുന്നു. തോല്‍പ്പാവകളെപ്പോലെയുള്ള രണ്ടു കഥാപാത്രങ്ങള്‍. അവര്‍ എവിടെപ്പോയാലെന്ത്? ചിരപരിചിതങ്ങളായ വിഷയങ്ങളോടു ഗുഡ്ബൈ പറഞ്ഞ്, സ്വത്വശക്തിയുള്ള കഥാപാത്രങ്ങളെ കൊണ്ടു വന്ന്, അവരെക്കൊണ്ടു ക്രിയാംശമുളവാകുമാറ് പ്രവര്‍ത്തിപ്പിച്ച് സമുദായത്തിന്റെ സ്വാഭാവിക ധര്‍മ്മത്തെ പ്രതിഫലിപ്പിച്ചാല്‍ സാഹിത്യരചനയ്ക്കുള്ള യത്നമാകും. ആ യത്നം സാഫല്യത്തിലെത്തണമെങ്കില്‍ പ്രതിഭയും വേണം.

പുതിയ പുസ്തകം

സിനിമാശാലയിലെ സീറ്റിന്റെ കൈയുകളില്‍ സ്വന്തം കൈരണ്ടും വച്ച് ഇരുന്നു സിനിമ കാണുന്നവന്‍. ബസ്സില്‍ കയറി വേറൊരാളെ ഇരുത്താതിരിക്കാന്‍ കാലുകള്‍ കവച്ച് വച്ച് ഇരിക്കുന്നവന്‍, ഫാദര്‍ എന്ന വാക്കിന്റെ സ്പെല്ലിങ്ങ് അറിയാതെ ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ ഇവരൊക്കെയാണ് തെമ്മാടികള്‍.

Sylvia Cole, Abraham H Lass ഇവര്‍ രചിച്ചതും ന്യൂഡല്‍ഹിയിലെ Viva Books Private Ltd. പ്രസാധനം ചെയ്തതും ആയ Dictionary of 20th Century Allusions എന്ന പുസ്തകം (വില രൂ.65. പുറം 287) പ്രയോജനമുള്ളതാണ്. മറ്റു നിഘണ്ടുക്കളില്‍നിന്നു ഇത് വിഭിന്നവുമത്രേ.അമേരിക്കന്‍ നോവലുകളുടെ പുറംചട്ടയില്‍ പരസ്യമെന്ന നിലയില്‍ blockbuster എന്ന് നമ്മളൊക്കെ കണ്ടിരിക്കും. അതിന്റെ വിശദീകരണം ഇപ്പുസ്തകത്തില്‍ ഇങ്ങനെ:

Blockbuster
Four-ton bombs dropped by the RAF in 1942, called blockbusters because they could destroy an entire city block. By the end of the war the Allies were dropping bombs of up to 11.tons on enemy cities. Now a blockbuster is anything gigantic, effective, impressive or having wide popular or financial success; eg, a movie or a sales campaign can be a blockbuster

വേറൊരു ഉദാഹരണം:

gulag
Russian acronym for Main Directorate of Corrective Labour Camps, a chain of forced-labour camps in the Soviet Union. The Russian Nobel prize-winner in literature, Aleksander I Solzhenitsyn drew upon his own experiences as a prisoner to reveal the horrors of the camps in such books as “One Day in the Life of Ivan Denisovich.” “The Cancer Ward”. “The First Circle” and the “Gulag Archipelago.”

നമ്മള്‍ എന്തു ചെയ്യും?

കൊലപാതകം കണ്ടാലുണ്ടാകുന്ന ജുഗുപ്സയും പേടിയുമാണ് അതു വര്‍ണ്ണിക്കുന്ന കാവ്യം ജനിപ്പിക്കുന്നതെങ്കില്‍ അതു കലയല്ല. അതല്ല വര്‍ണ്ണനം. രസാനുഭൂതി ജനിപ്പിച്ചാല്‍ കലയായി. അക്കാരണത്താലാണ് ദുഷ്യന്തനും ശകുന്തളയും പ്രേമത്തോടെ സംസാരിക്കുന്ന നാടകത്തില്‍ വായിച്ചു സഹൃദയര്‍ രസിക്കുന്നത്. അയാള്‍ തന്നെ ഒരഭിനവ ദുഷ്യന്തനും അഭിനവശാകുന്തളവും ലൈബ്രറി വളപ്പില്‍ നിന്നു ശൃംഗരിക്കുന്നതു കണ്ടാല്‍ പുച്ഛിച്ചു ചിരിച്ചെന്നുവരും. ലൗകികവികാരങ്ങള്‍ ആസ്വാദനത്തിന്റെ മണ്ഡലത്തിലേക്കു കടക്കില്ല. കലയില്‍ അതു സംഭവിക്കുകയും ചെയ്യും.

ഒരിക്കല്‍ പി.കെ.വിക്രമന്‍ നായരെ ഞാന്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു ഡോക്ടറായി നാടകവേദിയില്‍ അഭിനയിക്കുന്നവന്‍ താന്‍ ഡോക്ടര്‍ തന്നെയാനെന്നു വിചാരിച്ചാല്‍ ശരിയായിരിക്കുമോ? അക്കാലത്തു വേണ്ടിടത്തോളം വിവരമില്ലാതിരുന്ന ഞാന്‍ താദാത്മ്യം പ്രാപിക്കലാണ് കല, അതുകൊണ്ട് താന്‍ ഡോക്ടറാണെന്നുതന്നെ അഭിനേതാവു കരുതണമെന്നു മറുപടി നല്കി. ‘നോണ്‍സെന്‍സ്’എന്നായിരുന്നു വിക്രമന്‍നായരുടെ ഗര്‍ജ്ജനം. അഭിനേതാവ് അഭിനേതാവായിത്തന്നെ പുലരണമെങ്കില്‍ താന്‍ കഥാപാത്രം തന്നെയാണെന്നു കരുതരുതെന്നു ദിദറോ പ്രഖ്യാപിച്ചത് പിന്നീടാണ് ഞാന്‍മനസ്സിലാക്കിയത്. പ്രകൃതി, ജീവിതം ഇവയ്ക്കപ്പുറത്തുള്ള ഒരു മണ്ഡലത്തിലാണ് കലയുടെ നില. ഈ സാരസ്വത രഹസ്യം മഹാന്മാരായ വിപ്ലവകവികള്‍ — പാവ്ലോ നെറൂദ, യാനീസ് റീറ്റ്സോസ്,മായകോവ്സ്കി, ബ്രഹ്റ്റ് ഇവരെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ദേശാഭിമാനി വരികയില്‍ “കഴുകന്റെ കണ്ണുകള്‍” എന്ന പ്രഭാഷണം രചിച്ച ശ്രീ.വി.ജെ.തോമസ് ഗ്രഹിച്ചിട്ടില്ല. സമത്വവാദത്തെ ഞെരിച്ചുകൊല്ലുന്ന നൃശംസതയോടു തോമസിനുള്ള എതിര്‍പ്പുതന്നെ എനിക്കുമുണ്ട്. എനിക്കു മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട്. പക്ഷേ ഞാനും ആ എല്ലാവരും തോമസിന്റെ രചന കവിതയാണെന്നു പറയില്ല. നെറൂദയും റീറ്റ്സോസും മറ്റും കവിതയെഴുതുമ്പോള്‍ സ്വേച്ഛാധിപത്യമോ മര്‍ദ്ദനമോ തൊഴിലാളിപീഡനമോ കണ്ടുണ്ടായ കോപത്തെയല്ല ആവിഷ്കരിക്കുക. ആ കോപം ജനിപ്പിച്ച സെന്‍സിബിലിറ്റിയെയാണ്.

കമ്മ്യൂണിസ്റ്റാനെന്നു പറഞ്ഞ് മഹാകവി റീറ്റ്സോസിനെ സര്‍ക്കാര്‍ അറസ്റ്റുചെയ്ത് കാരഗൃഹത്തിലിട്ടു മര്‍ദ്ദിച്ചു. അദ്ദേഹം അവിടെകിടന്നുകൊണ്ട് 1950 നവംബറില്‍ ഫ്രഞ്ച് ന്യൂക്ലിയര്‍ ഫിസിസിസ്റ്റ് ഷോല്യോ ക്യൂറിക് (Joliot-Curie, 1897–1956) ഒരു കവിതയെഴുതി അത്:

Dear Joliot, I am writing you from Al Stratis,
About three thousand of us are here,
simple folk, hard workers, men of letters.
with a ragged blanket across our backs
an onion, five olives and a dry crust of light in our sacks,
folk as simple as trees in sunlight.
with only one crime to our accounts.
only this-that we, like you, love
peace and freedom

ഇതെഴുതിയ കവി തോമസിനെപ്പോലെ മേശപ്പുറത്തു കയറിനിന്ന് “കൈയും കലാശവും കാണിച്ച്” മൈതാന പ്രഭാഷണം നടത്തുകയല്ല. കവിതയെഴുതുകയാണ്. ദേഷ്യം കൂടിക്കൂടിവന്ന് (ആ ദേഷ്യം എനിക്കുമുണ്ടേ) “കഴുവേറി മക്കളെ മാപ്പില്ല നിങ്ങള്‍ക്ക്” എന്നുവരെ തോമസ് പറയുന്നു. ഭാഗ്യംകൊണ്ട് ഒരശ്ലീല സംബോധനയില്‍ അദ്ദേഹം നിറുത്തി. അതിനപ്പുറവും ചില വാക്കുകളുണ്ടല്ലോ. അവകൂടി പ്രയോഗിച്ചിരുന്നെങ്കില്‍ നമ്മള്‍ എന്തു ചെയ്യും?

നിരീക്ഷണങ്ങള്‍

  1. കുട്ടിക്കൃഷ്ണമാരാര്‍ ജീവിതസായാഹ്നത്തില്‍ സത്യസായിബാബയുടെ ഭക്തനായി. അധ്യാത്മവിദ്യയ്ക്ക് പ്രാധാന്യം നല്കി ‘ശരണാഗതി’ എന്ന ഗ്രന്ഥം എഴുതി. പക്ഷേ കേരളീയര്‍ അദ്ദേഹത്തെ കാണുന്നതും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ‘രാജാങ്കണ’ത്തിന്റെയും അതുപോലെയുള്ള മറ്റു ഗ്രന്ഥങ്ങളുടെയും കര്‍ത്താവെന്ന നിലയിലാണ്. അദ്ദേഹത്തിന്റെ സായിബാബ ഭക്തിയെക്കുറിച്ച് ആരും ഓര്‍മ്മിക്കുന്നില്ല. ‘ശരണാഗതി’ എന്ന പുസ്തകത്തെക്കുറിച്ച് ആരും നല്ലവാക്കു പറയുന്നുമില്ല. സ്വത്വശക്തിയുടെ ബലമാര്‍ന്ന പ്രത്യക്ഷീകരണങ്ങളെ മാത്രമേ ബഹുജനം അംഗീകരിക്കുകയുള്ളു.

    ടോള്‍സ്റ്റോയി തന്റെ വസ്തുക്കളെല്ലാം കര്‍ഷകര്‍ക്കു വീതിച്ചുകൊടുത്തു. അത് സ്വീകരിക്കാന്‍ അവര്‍ക്കു പേടിയായിരുന്നു. ടോള്‍സ്റ്റോയി ഒടുവില്‍ എല്ലാം വലിച്ചെറിഞ്ഞ് കര്‍ഷകന്റെ വേഷം ധരിച്ച് അവരുടെകൂടെ ചേര്‍ന്നു. എന്നിട്ടും അവര്‍ക്കു വിശ്വാസം വന്നില്ല. മഹാനായ ആ എഴുത്തുകാരന്‍ എടുത്തിട്ട ഈവേഷം ലോകജനത മറന്നുപോയിരിക്കുന്നു. ഇന്നു ‘War and Peace’, ‘Anna Karenina’ ഈ നോവലുകളുടെ കര്‍ത്താവെന്ന നിലയിലേ അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നുള്ളു. ഭാവിയിലും അങ്ങനെയായിരിക്കും. സ്വത്വശക്തിക്കു അനുരൂപമല്ലാത്ത ഒന്നും ചെയ്യാതിരിക്കുകയാണ് നല്ലത്.

  2. മറ്റു നാടുകളിലെ സ്ത്രീകളെക്കുറിച്ച് എനിക്കൊന്നുമറിഞ്ഞുകൂടാ. കേരളത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണ് ഞാനെഴുതുന്നത്. സാരികള്‍ വാങ്ങി വാങ്ങി മുടിയുന്നവരാണ് ഇവിടെയുള്ള സ്ത്രീകള്‍. അവ വാങ്ങുമ്പോള്‍ തങ്ങളുടെ പ്രായത്തെക്കുറിച്ച് അവര്‍ ഓര്‍മ്മിക്കുന്നതുപോലുമില്ല. പെന്‍ഷന്‍പറ്റി ആറോ ഏഴോ കൊല്ലം കഴിഞ്ഞ ഒരു പ്രിന്‍സിപ്പല്‍ കാഞ്ചീപുരം സാരിയുടുത്ത് അതിനുചേരുന്ന ബ്ലൗസിട്ട് ഒരു വിവാഹത്തിനു വന്നു നില്‍ക്കുന്നതു ഞാന്‍ കണ്ടു. എല്ലാവരും അതുകണ്ടു പുച്ഛിച്ചതേയുള്ളു. അവരെ ഒരു കണക്കില്‍ കുറ്റപ്പെടുത്താനില്ല. വിലകൂടിയ സാരിയുടുത്താല്‍ വാര്‍ദ്ധക്യത്തിന്റെ കെടുതികള്‍ മറയ്ക്കാമെന്നായിരുന്നു പാവത്തിന്റെ വിചാരം. യുവതികള്‍ക്കും വിലകൂടിയ സാരി ഭൂഷണമല്ല. കാമുകി വിലകുറഞ്ഞ വെളുത്ത സാരിയും വെളുത്ത ബ്ലൗസുംധരിച്ച് കാമുകന്റെ മുന്‍പില്‍ നിന്നാല്‍ അയാള്‍ എത്രകണ്ട് അവളെ സ്നേഹിക്കുമോ അതില്‍കൂടുതലായി ഒട്ടും അയാള്‍ക്കു സ്നേഹമുണ്ടാവുകയില്ല, അവള്‍ ആയിരം രൂപ വിലയുള്ള സാരിയും നൂറുരൂപ വിലയുള്ള ബ്ലൗസും ധരിച്ച് അയാളുടെ മുന്‍പില്‍ നിന്നാല്‍. കാരണം ഏതോ ഒരു ബുദ്ധിശാലിനി പണ്ടു സ്പഷ്ടമാക്കിയിട്ടുണ്ട്. പുരുഷന്‍ സ്നേഹിക്കുന്നതു സ്ത്രീയെയാണ് അവളുടുക്കുന്ന സാരിയെയല്ല. റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ ഉടുത്തിരിക്കുന്ന സാരികളെ ഒരു പുരുഷനും നോക്കാറില്ല. “ഞാന്‍ ഇന്ന സ്ത്രീയെ ഇന്ന സ്ഥലത്തുവച്ചു കണ്ടു. കുറച്ചുനേരം അവളോടു സംസാരിച്ചുനിന്നു” എന്ന് പുരുഷന്‍ വീട്ടില്‍വന്നു ഭാര്യയോടു പറയുമ്പോള്‍ അവളുടെ ആദ്യത്തെച്ചോദ്യം “നല്ല സാരിയാണോ ഉടുത്തിരുന്നത്” എന്നായിരിക്കും. “എന്തോ ഞാന്‍ ശ്രദ്ധിച്ചില്ല” എന്നാവും എല്ലാപ്പുരുഷന്മാരുടെയും മറുപടി.

    സാരി വാങ്ങി വാങ്ങി മുടിയുന്നവരാന് ഇവിടത്തെ സ്ത്രീകള്‍. അവ വാങ്ങുമ്പോള്‍ തങ്ങളുടെ പ്രായത്തെക്കുറിച്ച് അവര്‍ ഓര്‍മ്മിക്കുന്നതുപോലുമില്ല.

  3. ഞാന്‍ ചെറുപ്പകാലത്തു വലിയ ചീട്ടുകളിക്കാരനായിരുന്നു. ബ്രിജ്ജ്, ഗുലാന്‍ പെരിശ് അല്ലെങ്കില്‍ 28 ഈ കളികളിലൊക്കെ ഞാന്‍ വിദഗ്ദ്ധനായിരുന്നുവെന്നു ആത്മപ്രശംസയോടെ എഴുതിക്കൊള്ളട്ടെ. ഇന്ന് എല്ലാം മറന്നു പോയിരിക്കുന്നു. ഒരു ചീട്ടു പാക്കറ്റില്‍ എത്ര ചീട്ടുകളുണ്ടെന്ന് ചോദിച്ചാല്‍ എനിക്കു ഉത്തരം പറയാനാവില്ല. അക്ഷരങ്ങള്‍ ചീട്ടുകളാണെങ്കില്‍ അവ കൊണ്ടു പല കളികള്‍ കളിക്കുന്നവരാണു കവികള്‍. ‘മഗ്ദലനമറിയം’ ഒരു കളി. ‘ശിഷ്യനും മകനും’ വേറൊരു കളി. അവ കളിച്ച മഹാവ്യക്തി പ്രതിഭാശാലി. ഞാന്‍ പ്രതിഭാശാലിയല്ലാത്തതുകൊണ്ട് അക്ഷരങ്ങള്‍കൊണ്ടു സാഹിത്യവാരഫലമെന്ന ഒറ്റക്കളി കളിച്ചു കൊണ്ടിരിക്കുന്നു. വായനക്കാരുടെ സൗജന്യമാധുര്യത്താലാണ് ഇരുപത്തിമൂന്നു വര്‍ഷത്തെ ഈ കളി ഇങ്ങനെ തുടര്‍ന്നു പോകുന്നത്.
  4. “ഒന്നുമില്ലാത്തവര്‍ക്കു പിന്നെയെന്താ ശക്തി” കായംകുളം യാത്രയ്ക്കിടയില്‍ ഞാനൊരിക്കല്‍ ദേവിനെ കാണാന്‍ ശ്രമിച്ചു. ചോദിച്ചു കേട്ട് ഞാന്‍ ദേവിന്റെ വീട്ടുമുറ്റത്തെത്തി. ദേവിനെ അധിക്ഷേപിക്കുകയും അനായാസം ബഹിഷ്കരിക്കുകയും ചെയ്യുന്ന ശബ്ദമാണ് എനിക്കു കേള്‍ക്കാന്‍ സാധിച്ചത്. അധിക്ഷിപ്തനായിരുന്ന ദേവിന്റെ തോളില്‍ ഞാന്‍ വലതുകൈ അമര്‍ത്തി. വൈകാരികസാന്ദ്രമായ ഒരാശ്ലേഷവും കണ്ണുനീര്‍ക്കണ്ണുമാണ് ദേവ് എനിക്കു സംഭാവനചെയ്തത്. സാമ്രാജ്യത്വത്തിന്റെ ഉടവാളിനെപ്പോലും ദേവ് നിഷേധിക്കും. എന്നാല്‍ സ്നേഹിക്കപ്പെടുന്ന ഒരു പെണ്ണിന്റെ പുരികത്തിന്റെ ചലനം ദേവിനെ നൃത്തം ചെയ്യിക്കുമായിരുന്നു.”
  5. വര്‍ക്കിയുടെ കാലത്തെ എഴുത്തുകാര്‍ എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചു. അവകൊണ്ട് സാംസ്കാരിക പ്രയോജനങ്ങളുണ്ടായിട്ടുമുണ്ട്. വര്‍ക്കിയുടെ ഓര്‍മ്മയില്‍നിന്ന് ചില വിലയിരുത്തലുകള്‍ ഇങ്ങനെ പുറത്തുവന്നു:“ചങ്ങനാശ്ശേരിയില്‍ എം.പി.പോള്‍, പോള്‍സ് കോളേജ് എന്ന പേരില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് നടത്തിയിരുന്നു. ഒരിക്കല്‍ ആ കോളേജില്‍ മലയാളം വകുപ്പ് കൈകാര്യം ചെയ്യാന്‍ ഞാന്‍ നിയുക്തനായി. സ്വര്‍ഗ്ഗം, മതം ഇതില്‍ കുരുങ്ങിനില്‍ക്കുന്ന മനുഷ്യനെയല്ല പോളില്‍ ഞാന്‍ കണ്ടത്. അതുകൊണ്ട് പോളിന്റെയും എന്റെയും മാനസികബന്ധത്തിന് കൂടുതല്‍ അടുപ്പമുണ്ടായി. അന്ന് ഒരു പള്ളിപ്പിശാചായിരുന്ന മുണ്ടശ്ശേരി അതെല്ലാം വലിച്ചെറിഞ്ഞ് വന്നപ്പോള്‍ മുണ്ടശ്ശേരിയെ ഞങ്ങള്‍ സ്വീകരിച്ചു. ഉറക്കെ വര്‍ത്തമാനം പറയാന്‍ മുണ്ടശ്ശേരി മിടുക്കനായിരുന്നു. മുണ്ടശ്ശേരിയില്‍ ഉറക്കെ വര്‍ത്തമാനം പറയുന്ന മനുഷ്യനെയല്ലാതെ സാഹിത്യം കൈകാര്യം ചെയ്യുന്ന ഒരാചാര്യനെ ഞങ്ങള്‍ കണ്ടിരുന്നില്ല. ഉറക്കെ വര്‍ത്തമാനം പറയുന്ന മുണ്ടശ്ശേരി പതുക്കെ ചിന്തിക്കുന്ന ഞങ്ങളോടടുത്തു. അങ്ങനെയാണ് മുണ്ടശ്ശേരിയും പുരോഗമനസാഹിത്യവും തമ്മില്‍ ബന്ധമുണ്ടായത്. മുണ്ടശ്ശേരിക്ക് പള്ളിയും പട്ടക്കാരനും സ്വര്‍ഗ്ഗവുമൊക്കെ യുക്തി ബോധത്തോടുകൂടി അവലോകനം ചെയ്യേണ്ട വിഷയങ്ങളായിത്തീര്‍ന്നു. അതിനുശേഷമുള്ള മുണ്ടശ്ശേരിയെ ഇന്നു ജീവിക്കുന്നുള്ളു. കേരളത്തില്‍ വിളക്കു കത്തിച്ച കുറേ ആചാര്യന്മാരുണ്ട്. അതിലൊരാളാണ് പോള്‍.”
  6. മലയാള സര്‍ഗ്ഗാത്മക സാഹിത്യത്തിലെ അതികായന്മാര്‍ പലരും കേസരി എ. ബാലകൃഷ്ണപിള്ളയുടെ നാമത്തിനു മുന്‍പില്‍ പഞ്ചപുച്ഛമടക്കുമ്പോള്‍, പൊന്‍കുന്നം വര്‍ക്കി, കേസരിയുടെ സടയും ഗര്‍ജ്ജനവും മൃഗരാജത്വവും അംഗീകരിക്കുന്നില്ല. ഒറ്റയാന്റെ തലയെടുപ്പ് ഇവിടെയും — “സര്‍വ്വോന്നതനായ വിധികര്‍ത്താവാണ് കേസരി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എഴുത്തുകാര്‍ കേസരിയുടെ അഭിപ്രായം സ്വീകരിച്ച് വഴിതെറ്റുമായിരുന്നു. കേസരിയാണ് ആകെത്തുക എന്നു കരുതാതിരുന്ന ഞാന്‍ അദ്ദേഹവുമായുള്ള സന്ദര്‍ശനാവസരങ്ങള്‍ക്കു പ്രാബല്യം കൊടുത്തിരുന്നില്ല. വിവിധ പാചകങ്ങളുടെ രുചി ആസ്വദിക്കുന്ന ഒരാള്‍ പാചകകര്‍മ്മത്തിന്റെ തലയാളല്ല. എഴുതാന്‍ പ്രാപ്തിയില്ലാത്ത ഒരാള്‍ എഴുത്തിനെപ്പറ്റി അഭിപ്രായം പറയുന്നത് മനസ്സിലാക്കാവുന്നതേയുള്ളു.