close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 07 12


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 07 12
മുൻലക്കം 2002 07 05
പിൻലക്കം 2002 07 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പി. കേശവദേവ് ആത്മകഥ എഴുതിക്കൊണ്ടിരുന്ന കാലം. അദ്ദേഹം ഒരിക്കല്‍ എന്നോടു ചോദിച്ചു — “Revolt’ എന്ന വാക്കു് എങ്ങനെ തര്‍ജ്ജമ ചെയ്യാം?” “വിപ്ലവം, ലഹള, കലഹം എന്നൊക്കെയാവാം” എന്നു എന്റെ മറുപടി. “ഛേ അതൊന്നും പോര. എന്റെ ആശയം convey ചെയ്യുന്നില്ല ആ വാക്കുകള്‍. ആട്ടെ, ഞാന്‍ ആലോചിക്കാം” എന്നു കേശവദേവ് പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞു് അദ്ദേഹം കിട്ടിപ്പോയി വാക്കു്, എതിര്‍പ്പു് . എന്റെ കഥ ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണു്. എതിര്‍പ്പു് എന്നായിരിക്കാം അതിന്റെ പേരു്” എന്നു് ഉത്സാഹത്തോടെ അറിയിച്ചു ഞാന്‍ പിന്നീടൊന്നും മിണ്ടിയില്ല.

“വീടുവച്ചു. അതിന്റെ പേരു് എന്താവണം? എനിക്കു പെണ്‍കുഞ്ഞു് ഉണ്ടായിരിക്കുന്നു. അതിനു ഇടാന്‍ ഒരു പേരു പറഞ്ഞു തരു” എന്നു പലരും നമ്മോടു് ആവശ്യപ്പെടും. നമ്മള്‍ തലപുകഞ്ഞു് ആലോചിച്ചു് പേരു കണ്ടൂപിടിച്ചു് പറഞ്ഞുകൊടുക്കുന്നു. പക്ഷേ ആവശ്യപ്പെട്ടയാള്‍ നമ്മള്‍ പറയുന്ന പേരു സ്വീകരിക്കില്ല. അതു പോലെ ചലചിത്രസംവിധായകര്‍ക്കു് വൃത്തികെട്ട പണിയുണ്ടു്. നമ്മെക്കണ്ടാലുടന്‍ “ഒരു കഥ വേണം ചലച്ചിത്രമാക്കാന്‍. കഥ ഏതെന്നു് അറിയിക്കു” എന്നു പറയും. നമ്മള്‍ ആ നിമിഷം തൊട്ടു കഥ അന്വേഷിക്കും ഒരാഴ്‌ചത്തെ പ്രയത്നം. കഥയേതെന്നു് സംവിധായകനെ റ്റെലിഫോണില്‍ വിളിച്ചറിയിക്കുന്നു. വല്ല ഫലവുമുണ്ടോ? ഇന്നുവരെ ഞാന്‍ പറഞ്ഞ ഒരു കഥയും ചലച്ചിത്രമാക്കിയിട്ടില്ല സംവിധായകര്‍. അതിനാല്‍ കുഞ്ഞു്, കെട്ടിടം ഇവയ്ക്കു പേരുകള്‍ പറഞ്ഞുകൊടുക്കരുതു്. തര്‍ജ്ജമയും പറയരുതെന്നു് കേശവദേവ് ഗ്രഹിപ്പിച്ചു തന്നു. നമ്മുടെ ഊര്‍ജ്ജവും സമയവും എന്തിനു് പാഴാക്കിക്കളയണം?

കേശവദേവ് എതിര്‍പ്പു് തത്ത്വചിന്തയായി അംഗീകരിച്ച ആളാണു്. ആത്മകഥയിലാകെ എതിര്‍പ്പു് കാണാം. നോവലുകളിലും ചെറുകഥകളിലും പ്രധാനവിഷയം എതിര്‍പ്പുതന്നെ. ‘ഓടയില്‍ നിന്നു്’ എന്ന കൊച്ചു നോവലിന്റെ ആരംഭത്തില്‍ പപ്പു എതിര്‍പ്പു് പ്രകടിപ്പിക്കുന്നു. വ്യക്തികളോടു് എതിര്‍പ്പു്. അധികാരമുള്ള ഉദ്യോഗസ്ഥനോടു എതിര്‍പ്പു്. കുറെക്കാലം ആകാശവാണിയില്‍ അദ്ദേഹം ഉദ്യോഗസ്ഥനായിരുന്നല്ലോ. അവിടത്തെ ഡയറക്‍ടറോടു് എതിര്‍പ്പു് കാണിച്ചു് അദ്ദേഹത്തിന്റെ മുറിയില്‍ ഓടിച്ചെന്നു ഹാഫ് ഡോര്‍ ബലമായി തുറന്ന് അല്‌പനേരം അദ്ദേഹത്തെ തുറിച്ചുനോക്കിക്കൊണ്ടു നിന്നതു് ഞാന്‍ കണ്ടതാണു്. പ്രസംഗിക്കാന്‍ പോകുമ്പോള്‍ സദസ്സിനോടു് എതിര്‍പ്പു കാണിക്കും. ശ്രീനാരായണ കോളേജില്‍ (കൊല്ലം) അദ്ദേഹവും കാര്‍ട്ടൂണിസ്‌റ്റ് ശങ്കരന്‍കുട്ടിയും ഞാനും ഒരിക്കല്‍ പോയി. എന്നെയും ശങ്കരന്‍കുട്ടിയെയും കുട്ടികള്‍ പ്രോത്സാഹിപ്പിച്ചതേയുള്ളു. കേശവദേവ് എഴുന്നേറ്റയുടന്‍ അവര്‍ കൂവി. പകരമായി ദേവ് മൈക്കിന്റെ മുന്‍പില്‍ ചെന്നുനിന്നു് പത്തു മിനിറ്റോളം കൂവി. ‘ഓടയില്‍ നിന്നു് എന്ന നോവലിലെ കഥാപാത്രമായ പപ്പു വിദ്യാലയത്തോടു് എതിര്‍പ്പു കാണിച്ചതുപോലെ ദേവും പള്ളിക്കൂടത്തോടു് എതിര്‍പ്പു കാണിച്ചിരിക്കണം. ഞാന്‍ വിചാരിക്കാറുണ്ടു് ദേവ് ആനപ്പുറത്തു കയറിയെന്നു കരുതൂ. അദ്ദെഹം ആനയുടെ ചന്തിയില്‍ നോക്കത്തക്കവണ്ണം തിരിഞ്ഞേ ഇരിക്കു. ആനക്കാരന്‍ ഇരിക്കുന്നതുപോലെ മുന്‍വശത്തേക്കു നോക്കിക്കൊണ്ടിരുന്നാല്‍ എതിര്‍പ്പാകുമോ? ദേവിനെപ്പോലെ അനിയതത്വമുള്ള എതിര്‍പ്പു് ഏതിനോടും കാണിച്ച ഒരു ജാപ്പനീസ് കവിയുണ്ടായിരുന്നു. അദ്ദേഹം കുതിരപ്പുറത്തു കയറിയാല്‍ ആ മൃഗത്തിന്റെ ചന്തിയില്‍ നോക്കത്തക്കവിധത്തില്‍ തിരിഞ്ഞേയിരിക്കു. എതിര്‍ക്കുന്നതാണു് ജീവിതമെന്നു് കരുതിയ ആ കവി ഇപ്പോഴുമുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.

കമ്യൂവിനു് എതിര്‍പ്പാകാമെങ്കില്‍ കേശവദേവിനു് എതിര്‍പ്പായിക്കൂടേ എന്നു് പ്രഫെസര്‍ ജി.എന്‍. പണിക്കര്‍ ചോദിച്ചേക്കും. രണ്ടും വിഭിന്നങ്ങളത്രേ എന്നാണു് എനിക്കു പറയാനുള്ളതു്. ജീവിതത്തിലെ പൊരുത്തക്കേടു് (absurd) കണ്ടു് അതിനെ വെല്ലുവിളീക്കുകയാണു് വേണ്ടതെന്നു് ആ ഫ്രഞ്ചെഴുത്തുകാരന്‍ അഭിപ്രായപ്പെടുന്നു. ഈ വെല്ലുവിളിയെയാണു് അദ്ദേഹം revolt എന്നു വിളിക്കുന്നതു്. ഇതു തത്ത്വചിന്താത്മകമായ പ്രസ്‌താവം. വള്‍ഗാരിറ്റിയാണു് കേശവദേവിന്റെ എതിര്‍പ്പു്.

എതിരിടല്‍ ഇല്ലാതെ, പ്രതിക്രിയ ഇല്ലാതെ, വൈപരീത്യം ഇല്ലാതെ ജീവിതമില്ല. വലതുപക്ഷമുണ്ടെങ്കില്‍ ഇടതുപക്ഷവുമുണ്ടു്. ദക്ഷിണധ്രുവമുണ്ടെങ്കില്‍ ഉത്തരധ്രുവവും ഉണ്ടു്. പ്രസാദാത്മകതയോ? വിഷാദാത്മകതയെ ഒഴിവാക്കാന്‍ വയ്യ. അതുകൊണ്ടു് എതിര്‍പ്പില്‍ ന്യൂനതയൊന്നും ഇല്ല. പക്ഷേ എതിര്‍പ്പേയുള്ളു ഈ ലോകത്തു് എന്നു കരുതി അതിനെ രോഗാവസ്ഥയിലെത്തിക്കുമ്പോള്‍ ആപത്തുണ്ടാകും. അന്തസ്സുകെട്ട വിചാരഗതിയാവും അതു്. ഡിഗ്‌നിറ്റി ഇല്ലാത്ത ഒരു സംഭവം പറയട്ടെ. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണു് ഇതു്. ആകാശവാണി പുരോഗമനസാഹിത്യത്തെക്കുറിച്ചു് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ചങ്ങനാശ്ശേരിയിലെ ഒരു പ്രഫെസറെ അതിന്റെ നായകത്വം വഹിക്കാന്‍ അവര്‍ ക്ഷണിച്ചു. വയലാര്‍ രാമവര്‍മ്മയും കൂടിയുണ്ടായിരുന്നു അതില്‍ പങ്കെടുക്കാന്‍. പ്രഫെസര്‍ക്കു പുരോഗമനസാഹിത്യത്തെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാ. അതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം തിരുവനന്തപുരത്തെ ഒരു കവിയുടെ വീട്ടില്‍ച്ചെന്നു. തനിക്കൊന്നുമറിഞ്ഞുകൂടെന്ന സത്യം പ്രഫെസര്‍ കവിയെ അറിയിച്ചില്ല. Let us have a discussion on the maatter എന്ന മട്ടാണു് അദ്ദേഹത്തിനു്. കവി ബുദ്ധിമാനായതുകൊണ്ടു് പ്രഫെസറുടെ അജ്ഞത മനസ്സിലാക്കി. എങ്കിലും അദ്ദേഹത്തിന്റെ ആ ദൗര്‍ബല്യം താന്‍ ഗ്രഹിച്ചിട്ടില്ല എന്ന രീതിയില്‍ കവി പുരോഗമനസാഹിത്യത്തെക്കുറിച്ചു് പലതും പറഞ്ഞു. കവിയില്‍ നിന്നു വേണ്ടിടത്തോളം അറിവു നേടിയ പ്രഫെസര്‍ സാഹിത്യത്തിലെ പുരോഗമനത്തെക്കുറിച്ചു് അനുകൂലമായി പ്രസംഗിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ അദ്ദേഹത്തിനു് സംശയം. വയലാര്‍ രാമവര്‍മ്മ പുരോഗമനസാഹിത്യത്തെക്കുറിച്ചു് എന്തു പറയുമെന്നു്. കവി അറിയിച്ചു. “പുരോഗമനസാഹിത്യം വേണമെന്ന പക്ഷക്കാരനായിരിക്കും വയലാര്‍”. “അയാള്‍ കമ്മ്യൂണിസ്റ്റല്ലേ?” എന്നു പ്രഫെസർ കവിയോടു ചോദിച്ചു. “അതെ” എന്നു് അദ്ദേഹത്തിന്റെ ഉത്തരം. പ്രഫെസറുടെ മട്ടു മാറി. അദ്ദേഹം ഇടതുകൈയിലെ വിരലുകള്‍ മടക്കി. വലതുകൈയിലെ വിരലുകള്‍ കൊണ്ടു് അവയെ തട്ടിക്കൊണ്ടു് പറയുകയായി. “കമ്മ്യൂണിസ്‌റ്റായ വയലാര്‍ രാമവര്‍മ്മ പുരോഗമനസാഹിത്യത്തെക്കുറിച്ചു് അനുകൂലമായി സംസാരിച്ചാല്‍ എനിക്കു് എതിര്‍ക്കാതിരിക്കാന്‍ വയ്യ. ഞാന്‍ പുരോഗമന സാഹിത്യം പ്രതിലോമചിന്താഗതിയില്‍ പെട്ടതാണെന്നു പറയും” പിന്നെ പ്രഫെസര്‍ കവിയുടെ വീട്ടില്‍ ഇരുന്നില്ല. യാത്രപറഞ്ഞു് റോഡിലേക്കു് ഇറങ്ങി. ചങ്ങനാശ്ശേരിക്കോളേജിലെ ഈ അധ്യാപകന്റെ പ്രവൃത്തിക്കു് ഡിഗ്‌നറ്റി ഇല്ല. കൂടെയുള്ള പ്രഭാഷകന്‍ കമ്മ്യൂണിസ്‌റ്റാണെന്നറിഞ്ഞ നിമിഷത്തില്‍ത്തന്നെ അദ്ദേഹം എതിര്‍പ്പു പ്രകടിപ്പിച്ചു. അഭിപ്രായം മാറ്റുകയും ചെയ്‌തു. കേശവദേവിന്റെ എതിര്‍പ്പെന്ന സിദ്ധാന്തം shallow (ഉത്താനം) ആയിരുന്നു. അനിയതമായ സിദ്ധാന്തം മനുഷ്യനെ ഭരിക്കാന്‍ തുടങ്ങിയാല്‍ പിരിമുറുക്കമുണ്ടാകും. ആ പിരിമുറുക്കമാണു് കേശവദേവിന്റെ പ്രവൃത്തികള്‍ക്കു നീതിമത്കരണമില്ലാതാക്കിയതു്. “You are ill-educated and ill-mannered. That is why you oppose everything” എന്നു കെ. ബാലകൃഷ്‌ണന്‍ ദേവിനോടു് പറഞ്ഞതു് ഞാന്‍ കേട്ടു.

ചോദ്യം, ഉത്തരം

ന്യൂനപക്ഷം മറ്റുള്ളവരെ ഉപദ്രവിക്കുന്നതാണു് കേരളത്തിന്റെ സവിശേഷത സാഹിത്യരചന നിസ്സംഗമായ പ്രക്രിയയാണല്ലോ. അവിടെയും ന്യൂനപക്ഷം ആക്രമണം നടത്തി വിപ്ലവമുണ്ടാക്കുന്നു.

Symbol question.svg.png കേരളത്തിന്റെ പ്രത്യേകതയായി നിങ്ങള്‍ക്കു് എന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ?

ന്യൂനപക്ഷം മറ്റുള്ളവരെ ഉപദ്രവിക്കുന്നതാണു് കേരളത്തിന്റെ സവിശേഷത. സാഹിത്യരചന നിസ്സംഗമായ പ്രക്രിയയാണല്ലോ. അവിടെയും ന്യൂനപക്ഷം ആക്രമണം നടത്തി വിപ്ലവമുണ്ടാക്കുന്നു.

Symbol question.svg.png മിറക്കിള്‍സില്‍ നിങ്ങള്‍ വിശ്വസിക്കുന്നോ?

ഈ ജീവിതത്തില്‍ ഏതും, അതിമാനുഷകര്‍മ്മമാണു്. മരിക്കുന്നതല്ല മിറക്കിള്‍ ജീവിച്ചിരിക്കുന്നതാണു് എന്ന് അര്‍ത്ഥത്തില്‍ ഒരു സംസ്‌കൃത ശ്ലോകമുണ്ടു്. ഞാനതു മറന്നുപോയി.

Symbol question.svg.png ബ്രിട്ടീഷ് ഭരണത്തിന്റെ കെടുതികളില്‍ ഏറ്റവും വലിയ കെടുതിയേതാണു്?

പാരതന്ത്ര്യമല്ല. അവര്‍ ഇന്‍ഡ്യാക്കാരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചു. അതുകൊണ്ടു് ചിലര്‍ ഇംഗ്ലീഷില്‍ നോവലുകള്‍ എഴുതുന്നു. അതിനെക്കാള്‍ വലിയ കെടുതി വേറെയെന്തുണ്ടു്?

Symbol question.svg.png ഉണ്ണായിവാരിയര്‍ വലിയ കവിയാണു്. പക്ഷേ അദ്ദേഹത്തിന്റെ രണ്ടുവരിയെങ്കിലും ആരും ഹൃദിസ്‌ഥമാക്കത്തതെന്ത്?

മഹനീയമായ കവിത അങ്ങനെ ഹൃദിസ്ഥമാക്കാന്‍ വഴങ്ങിത്തരില്ല

Symbol question.svg.png സന്താനങ്ങള്‍ നന്നാവുമ്പോള്‍ കുടുംബം നന്നാകും. ശരിയല്ലേ?

ശരിയല്ല. കുടുംബത്തിലെ അഞ്ചു് ആണ്‍മക്കള്‍ പ്രതിമാസം മൂന്നുലക്ഷം രൂപ വീതം അമേരിക്കയില്‍ച്ചെന്നു ശംബളം വാങ്ങുന്നുവെന്നിരിക്കട്ടെ. ആ അഞ്ചുപേരും അന്യോന്യം അകന്നുപോകും. നേരെമറിച്ചു് ദാരിദ്ര്യമാണു് അവര്‍ക്കു് അനുഭവിക്കാനുള്ളതെങ്കില്‍ അവര്‍ ഒരുമിച്ചുകൂടും. സഹോദരസ്‌നേഹം കാണിക്കും. സമ്പന്നമായ കുടുംബത്തില്‍ നിന്നു് വിവാഹം കഴിക്കുന്നവനും അച്ഛനമ്മമാരെ അവഗണിക്കും ധനാര്‍ജ്ജനം വ്യക്തികളെ അകറ്റുന്നു. ദാരിദ്ര്യം ഒരുമിപ്പിക്കുന്നു.

Symbol question.svg.png ഭാഷയില്‍ നിന്നു നിഷ്‌കാസനം ചെയ്യേണ്ട വാക്കുകളുണ്ടോ?

ഉണ്ടു്. വിധവ എന്നതു് ഒരു പദം. സതി അനുഷ്‌ഠിച്ചില്ലെങ്കിലും ജീവിച്ചിരിക്കുന്ന കാലമത്രയും ആ പേരിനാല്‍ അറിയപ്പെടുന്നവള്‍ നീറിനീറി മരിക്കും ഇംഗ്ലീഷില്‍ നിന്നു നിഷ്‌കാസനം ചെയ്യേണ്ട വാക്കു് shit എന്നതു്. ആ വാക്കു പ്രയോഗിക്കാത്ത സായ്‌പ് എഴുത്തുകാരനില്ല

Symbol question.svg.png നിങ്ങള്‍ക്കു് ആരോടെങ്കിലും സംസാരിക്കാന്‍ വൈഷമ്യം തോന്നിയിട്ടുണ്ട്?

ഉണ്ടു്.വേളൂര്‍ കൃഷ്‌ണന്‍കുട്ടിയോടു സംസാരിക്കാന്‍ വൈഷമ്യമുണ്ടു്. രണ്ടു കാരണങ്ങള്‍. 1. വേഗം. അദ്ദേഹം പറയുന്നതൊക്കെ അമിതവേഗത്തിലാണു്. 2. നമ്മള്‍ പറയുന്ന വാക്കുകളെല്ലാം വ്യാകരണത്തിനു് സമ്മതമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കും.

സ്പഷ്ടത

ഭാഷയുടെ ലക്ഷ്യം ആശയം പകര്‍ന്നു കൊടുക്കലാണു്. അതു നടക്കുന്നില്ലെങ്കില്‍ ഭാഷാ പ്രയോഗമെന്തിനു്? സാഹിത്യത്തിലും ദുര്‍ഗ്രഹത പാടില്ല. ദുര്‍ഗ്രഹതയുണ്ടെങ്കില്‍ ആസ്വാദനം നടക്കില്ല എന്നതാണു് ഹേതു.

കൊട്ടാരക്കര അഞ്ചലാഫീസില്‍ കൂടെക്കൂടെ ഇടിവീഴുമായിരുന്നു. ഒരിക്കല്‍ മിന്നല്‍പ്രവാഹമുണ്ടായപ്പോള്‍ അഞ്ചലാഫീസിലെ സ്‌റ്റാഫാകെ ചാരമായിപ്പോയി. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയപ്പോള്‍ ദിവാനായിരുന്ന സര്‍. സി. പി. A very sad affair എന്നെഴുതിയിട്ടു് Consult C.V. Raman എന്നും കൂടെ കുറിച്ചിരുന്നു. But let me see the draft എന്ന നിര്‍ദ്ദേശവും അതിലുണ്ട്. സി.വി.രാമനുള്ള കത്തിന്റെ ഡ്രാഫ്‌റ്റ് ഭക്തിവിലാസത്തേക്കു അയച്ചു. സര്‍ സി. പി. ഏതു ഫയലും ഉടനെ തിരിച്ചയയ്‌ക്കും. പത്തുമിനിറ്റ് കഴിഞ്ഞു് ഫയല്‍ സെക്ഷനില്‍ എത്തി. Well drafted. This is the kind of draft that I want എന്നു് അതില്‍ ദിവാന്‍ എഴുതിയിരുന്നു. എം. സി. തോമസിനെക്കാള്‍ വിദഗ്‌ദ്ധനായ ഓഫീസറെ ഞാനിതുവരെ കണ്ടിട്ടില്ല. അദ്ദേഹമാണു് എന്നെ clarity-യോടുകൂടി എഴുതാന്‍ പഠിപ്പിച്ചതു്. എന്റെ മൂല്യനിര്‍ണ്ണയങ്ങളോടു മാന്യവായനക്കാര്‍ യോജിച്ചില്ലെന്നു വരും. പക്ഷേ മനസ്സിലാകായ്ക എന്ന ദോഷം ഈ കോളത്തില്‍ ഇല്ല. ആ സുഗ്രഹത എന്ന ഗുണമുണ്ടെങ്കില്‍ അതിനു കാരണക്കാരന്‍ അഭിവന്ദ്യനായ എം. സി. തോമസാണു്. ഭാഷയുടെ ലക്ഷ്യം ആശയം പകര്‍ന്നുകൊടുക്കലാണു്. അതു നടക്കുന്നില്ലെങ്കില്‍ ഭാഷാപ്രയോഗമെന്തിനു്? സാഹിത്യത്തിലും ദുര്‍ഗ്രഹത പാടില്ല. ദുര്‍ഗ്രഹതയുണ്ടെങ്കില്‍ ആസ്വാദനം നടക്കില്ല എന്നതാണു് ഹേതു. ദേശാഭിമാനി വാരികയില്‍ കെ.എസ്.അനിയന്‍ എഴുതിയ ‘ആഭയുടെ അച്‌ഛന്‍’ എന്ന കഥയും ജയചന്ദ്രന്‍ എഴുതിയ ‘കപ്പല്‍’ എന്ന കഥയും ആഖ്യാനത്തിന്റെ സങ്കീര്‍ണ്ണതയാല്‍ ദുര്‍ഗ്രഹമായിരിക്കുന്നു. രണ്ടു രചനകളിലും കഥാപാത്രങ്ങളുണ്ടു്. അവയെ സ്വതന്ത്രമായി പെരുമാറാന്‍ രചയിതാക്കള്‍ സമ്മതിക്കുന്നില്ല. നേരത്തെ പറഞ്ഞ സങ്കീര്‍ണ്ണത എന്ന കാരാഗൃഹത്തില്‍ അവയെ കഴുത്തിനു കുത്തിപ്പിടിച്ചു തള്ളുന്ന പ്രതീതി അനുവാചകനു്. അതിനാല്‍ രണ്ടുകഥകളും അനുഭൂതിജനകമല്ല. കഥാരചനയുടെ പ്രാഥമിക പാഠങ്ങള്‍ അനിയനും ജയചന്ദ്രനും അഭ്യസിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ നിലയില്‍ രണ്ടു കഥകള്‍ക്കുമുള്ളതു് സന്ദിഗ്ദ്ധതയാണ്. കൊല്ലുന്ന സന്ദിഗ്ദ്ധത.

എനിക്കു് എപ്പോഴും തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെക്കുറിച്ചു പറയാനേ ആവൂ. അതില്‍ കട്ടനാട്ടെ വെള്ളപ്പൊക്കത്തിന്റെ വര്‍ണ്ണനയുണ്ടു്. അതിലകപ്പെട്ട നായു് ചിത്രം പോലെ കാണപ്പെടുന്നു. ഇതാണു് അക്കഥയിലെ ചിത്രീകരിക്കപ്പെടുന്ന യഥാര്‍ത്ഥ ലോകം. ആ യഥാര്‍ത്ഥ ലോകത്തിലൂടെ നമ്മള്‍ കാണുന്നതു്, അനുഭവിക്കുന്നതു് വാക്കുകള്‍ക്കു് അതീതമായ മറ്റൊരു ലോകമാണു്. രണ്ടു ലോകങ്ങളും വേര്‍തിരിച്ചെടുക്കാനാവാത്ത മട്ടില്‍ ഒന്നായി പരിണമിച്ചിരിക്കുന്നു. അങ്ങനെയാണു് കഥ കലാസൃഷ്‌ടിയായി മാറുന്നതു്. ദേശാഭിമാനി വാരികയിലെ കഥാകാരന്മാര്‍ക്കു് രണ്ടു ലോകങ്ങളും ആലേഖനം ചെയ്യാനറിഞ്ഞുകൂടാ.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കാവ്യത്തിലും കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കാവ്യത്തിലും സാമൂഹികാംശങ്ങള്‍ പരിവര്‍ത്തനമൊന്നും കൂടാതെ നിവേശിച്ചിരിക്കുന്നു. അതിനാല്‍ വിശുദ്ധമായ കലയല്ല രണ്ടും ‘ആ പൂമാല’ എന്ന ചങ്ങമ്പുഴക്കവിതയിലും ലീലാകാവ്യത്തിലും (ആശാന്റെ) സാമൂഹികാംശങ്ങളുടെ പ്രതിഫലനങ്ങളേയുള്ളൂ. അവ അക്കാരണത്താല്‍ വിശുദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു. കുമാരനാശാന്റെ ‘ദുരവസ്ഥ’യാണു് ഉത്കൃഷ്ടമായ കാവ്യമെന്നു് തിരുനല്ലൂര്‍ കരുണാകരന്‍ പറഞ്ഞതു് ചിന്തനീയമായിരിക്കുന്നു.

2002-ലെ പുസ്തകം

നിങ്ങളുടെ ഹൃദയത്തെ രചനകള്‍ കൊണ്ടു പിടിച്ചുകുലുക്കുകയും കാണാന്‍ സാധിച്ചാല്‍ പാദങ്ങളില്‍ തൊട്ടു കണ്ണില്‍ വയ്ക്കാന്‍ തോന്നുകയും ചെയ്യുന്ന ഏതെങ്കിലും എഴുത്തുകാരന്‍ ഇരുപതാം ശതാബ്‌ദത്തിലുണ്ടോ എന്നു് ആരെങ്കിലും എന്നോടു ചോദിച്ചാല്‍ ഉടനെ ഞാന്‍ ഉത്തരം പറയും. “ഉണ്ടു്. പ്രിമോ ലേവി — Primo Levi” ഉത്തരം ഈ വിധത്തിലായിരിക്കുമെങ്കിലും മഹാനായ അദ്ദേഹത്തെ എനിക്കു കാണാനൊക്കുകയില്ല. 1987 ഏപ്രില്‍ 11-നു് അദ്ദേഹം നാലുനിലയുള്ള കെട്ടിടത്തിന്റെ ‘സ്‌റ്റെയര്‍വെല്ലി’ന്റെ താഴ്‌ചയിലേക്കു ചാടി ആത്മഹത്യ ചെയ്‌തു. 1919-ല്‍ ഇറ്റലിയിലെ റ്റ്യൂറിൻ പട്ടണത്തിലാണു് ലേവി ജനിച്ചതു്. ജൂതവംശജനായ അദ്ദേഹം ചെറുപ്പത്തിലേ കാരാഗൃഹത്തിലായി. 1944-ല്‍ പോളണ്ടിലെ നാത്‌സി തടങ്കല്‍പ്പാളയം ഔഷ്വിറ്റ്സിന്റെ (Auschwitz) ഉപപദവിയുള്ള വേറൊരു തടങ്കല്‍പ്പാളയത്തിലേക്കാണു് അദ്ദേഹത്തെ ബന്ധനസ്ഥനാക്കിപ്പാര്‍പ്പിച്ചതു്. കെമിസ്‌റ്റായ ലേവിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ വേണ്ടി നാത്‌സികള്‍ അദ്ദേഹത്തെ കൊന്നില്ല. 1945-ല്‍ റഷന്‍ സൈന്യം അദ്ദേഹത്തെ മോചിപ്പിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ലേവി ഒരു കെമിക്കല്‍ ഫാക്ടറിയുടെ മാനേജറായി. 1977-തൊട്ടു് സര്‍ഗ്ഗാത്മക പ്രവൃത്തികളില്‍ മുഴുകി. 1987-ല്‍ ആത്മഹനനം നടത്തുകയും ചെയ്തു.

ലേവി കവിയും കഥാകൃത്തും പ്രബന്ധകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ Agave എന്ന കവിത നോക്കുക. അഗേവ് ചെടിയാണു്. (അഗേവിയെന്നും ഉച്ചാരണം) “ഞാന്‍ പ്രയോജനമുള്ള ചെടിയല്ല. സുന്ദരവുമല്ല. ഇമ്പമരുളുന്ന വര്‍ണ്ണങ്ങളോ സുഗന്ധങ്ങളോ എനിക്കില്ല. സിമെന്റില്‍ എന്റെ വേരുകള്‍ താഴ്‌ന്നിറങ്ങുന്നു. മുള്ളുകളുള്ള, വാളിന്റെ മൂര്‍ച്ചയുള്ള എന്റെ ഇലകള്‍ എന്നെ രക്ഷിക്കുന്നു. ഞാന്‍ നിശ്ശബ്‌ദത പാലിക്കുന്നു. സസ്യത്തിന്റെ ഭാഷയിലാണു് എന്റെ സംസാരം. നിങ്ങള്‍ മനുഷ്യര്‍ക്കു് മനസ്സിലാകാത്ത പഴയ ഭാഷയാണതു്. വൈദേശികം. ക്രൂരമായ ഒരു രാജ്യത്തു നിന്നു് ഞാന്‍ വന്നു. വിഷമയം. അഗ്‌നിപര്‍വ്വതങ്ങളും കാറ്റുമുള്ള രാജ്യം. നൈരാശ്യദ്യോതകമായ, ഗോപുരസദൃശമായ എന്റെ പുഷ്‌പത്തെ മുകളിലേക്കു അയയ്‌ക്കാന്‍ ഞാന്‍ അനേക സംവത്സരങ്ങള്‍ കാത്തുനിന്നു. വിരൂപം, ദാരുമയം, ആ പൂവു്. പക്ഷേ ആകാശത്തേക്കു് അതു ഉയരുന്നു. ഉച്ചത്തില്‍ പറയാനുള്ള ഞങ്ങളുടെ മാര്‍ഗ്ഗമാണതു്. ഞാന്‍ നാളെ മരിക്കും. ഇപ്പോള്‍ മനസ്സിലായോ?” ആത്മകഥാപരമാണു് ഈ കവിത. വിനയന്വിതമായി ആദ്യത്തെ ചില പ്രസ്‌താവങ്ങള്‍. ചെടി മുകളിലേക്കു് അയയ്‌ക്കുന്ന പുഷ്‌പം ലേവിയുടെ കൃതിതന്നെ. അതു് ഉയര്‍ത്താന്‍ അദ്ദേഹത്തിനു് പല സംവത്സരങ്ങള്‍ വേണ്ടിവന്നു എന്നതും സത്യം. ലേവി പ്രായമേറെച്ചെന്നതിനുശേഷമാണു് സര്‍ഗ്ഗാത്മക പ്രക്രിയകളില്‍ വ്യാപരിച്ചതു്. ആ പുഷ്‌പത്തെ വിരൂപമെന്നു് കവി വിശേഷിപ്പിച്ചതു് വിനയം കൊണ്ടാണെന്നു് ഗ്രഹിച്ചാല്‍ മതി നമ്മള്‍. പക്ഷേ അതിന്റെ ശക്തിയില്‍ ലേവിക്കു വിശ്വാസമുണ്ടു്. നമുക്കും.

അപ്രമേയ പ്രഭാവനായ ലേവിയുടെ ജീവിതത്തെക്കുറിച്ചു വിശദമായി അറിയണമെങ്കില്‍, ഗോപുരസദൃശങ്ങളായ അദ്ദേഹത്തിന്റെ കൃതികളുടെ ഉദാത്തസ്വഭാവമറിയണമെങ്കില്‍ 2002-ല്‍ പ്രസിദ്ധപ്പെടുത്തിയ “The Double Bond, Premo Levi” എന്ന ജീവചരിത്രം വായിക്കണം. 898 പുറങ്ങളുള്ള മഹാഗ്രന്ഥമാണിതു്. Caroline Angier എഴുതിയതു് (Penguin Books).

ആത്മഹത്യ ചെയ്യാനുള്ള ദൃഢനിശ്ചയത്തോടുകൂടി അദ്ദേഹം വാതിലിനു പുറത്തേക്കു പോന്നപ്പോള്‍ മുറിയില്‍ റ്റെലിഫോണിന്റെ മണി ശബ്‌ദിച്ചു. അതുകേട്ടു് ശാന്തതയോടെ നേഴ്‌സിനെ വിളിച്ചു് റിസീവര്‍ എടുക്കാന്‍ പറഞ്ഞിട്ടാണു് അദ്ദേഹം ആത്മഹത്യ ചെയ്‌തതു്. ക്ഷോഭരഹിതമായിരുന്നു ആ മനസ്സു്. ഈ ക്ഷോഭരാഹിത്യം നിത്യജീവിതത്തില്‍ മാത്രമല്ല സ്വന്തം കലാസൃഷ്‌ടികളിലും അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

ഗ്രന്ഥകര്‍ത്ത്രി അതിക്ലേശം സഹിച്ചാണു് ഈ വിശിഷ്‌ടമായ ജീവചരിത്രം എഴുതിയതു്. ലേവിയുടെ സഹധര്‍മ്മിണി അവരോടു സംസാരിക്കാന്‍ കൂട്ടാക്കിയില്ല. പ്രായമായ രണ്ടു കുട്ടികളുണ്ടു് ലേവിക്കു്. അവരും മൗനം അവലംബിച്ചു. ലേവിയുടെ രചനകളും രേഖകളും വലിയ പൂട്ടിട്ടു്” പൂട്ടിവച്ചിരിക്കുകയാണു്. അവ കാണാന്‍ കഴിഞ്ഞില്ല ജീവചരിത്രകാരിക്കു്. (ഇതു സ്‌റ്റുപിഡിറ്റിയായി ഞാന്‍ കരുതുന്നു. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പ്രകാശം കാണുകില്ലേ? സമീകരിച്ചു പറയുകയല്ല ഞാന്‍. രാജലക്ഷ്‌മിയുടെ പുസ്‌തകങ്ങള്‍ വീണ്ടും അച്ചടിക്കാന്‍ അവരുടെ ബന്ധുക്കള്‍ കുറെക്കാലം സമ്മതിച്ചില്ലത്രേ. ഭര്‍ത്താവു് മരിച്ചാല്‍ കുറേക്കാലത്തേക്കു ഭാര്യ possessive instinct-ന്റെ പേരില്‍ ഒരു രേഖയും കാണിക്കില്ല. അന്യരെ. അവര്‍ ഈ ലോകത്തു് നിന്നു യാത്രയായാല്‍ പൂട്ടു് കുത്തിപ്പൊളിക്കുമാളുകള്‍. എല്ലാ രഹസ്യങ്ങളും ബഹുജനമറിയും. ഇനിയുമുള്ളവരെങ്കിലും ഈ ബുദ്ധിശൂന്യത കാണിക്കാതിരിക്കണം.)

ഗ്രന്ഥകര്‍ത്ത്രി പുസ്തകത്തിനു് നല്‌കിയ പേരു് Double Bond എന്നാണു്. അതു് അന്വര്‍ത്ഥം തന്നെ. ലേവിയുടെ തുറന്ന ജീവിതത്തിന്റെ നാനാവശങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുന്നു. അതേ സമയം ആ ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ആന്തരജീവിതവും അവര്‍ ആലേഖനം ചെയ്യുന്നു. ഈ രണ്ടാമത്തെ ജീവിതം വിശ്വാസ്യമായി പ്രതിപാദിക്കാന്‍ കഴിഞ്ഞു എന്നതിലാണു് ഈ ജീവചരിത്രത്തിന്റെ മഹത്ത്വമിരിക്കുന്നതു്. ഗോപുരം പോലെയുള്ള പുഷ്പങ്ങളാണു് ലേവിയുടെ കൃതികള്‍ . അവയുടെ കര്‍ത്താവു് ഗോപുരത്തിന്റെ ഔന്നിത്യമാര്‍ജ്ജിച്ചു് നില്‌ക്കുന്നതു കാണാന്‍ ആഗ്രഹമുള്ളവര്‍ ഈ ജീവചരിത്രം വായിക്കണം.

ആഭാസത്തരം

ഇറ്റലിയിലെ കുപ്രസിദ്ധനായ സ്‌ത്രീജിതന്‍ ജോവാന്നീ യാകോപോ കാസാനോവ (Giovanni Japcopo Casanova 1725–98) ആത്മകഥയില്‍ പറഞ്ഞു: “I saw, as so many times before that when the lamp is taken away all women are alike” (വിളക്കെടുത്തു മാറ്റിയാല്‍ എല്ലാ സ്‌ത്രീകളും ഒരുപോലെ എന്നു് ഞാന്‍ പലതവണ മനസ്സിലാക്കിയിട്ടുണ്ടു്) വിളക്കുണ്ടെങ്കിലും ഇല്ലെങ്കിലും അശ്ലീലരചനകള്‍ എപ്പോഴും ഒരേ രീതിയിലിരിക്കും. Pornography-യുടെ സ്വഭാവം മനസ്സിലാക്കാനായി ഞാന്‍ ആ വിഭാഗത്തില്‍ പെടുന്ന ഒരുപാടു് കൃതികള്‍ വായിച്ചിട്ടുണ്ടു്. ഒന്നും വേറൊന്നില്‍ നിന്നു വിഭിന്നമായി കണ്ടിട്ടില്ല. സി. എസ്. ചന്ദ്രികയുടെ “പ്രെണോയ്” എന്ന കഥ (മാതൃഭൂമി ആഴ്‌ചപ്പതിപ്പു്) അശ്ലീലരചന എന്ന വിഭാഗത്തില്‍ പെടുന്നു. ഒന്നേ വ്യത്യാസമായുള്ളു. പടിഞ്ഞാറന്‍ അശ്ലീലരചയിതാക്കള്‍ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടു് രചനയ്ക്കു് ഉജ്ജ്വലത നല്‌കും. ചന്ദ്രികയുടെ ‘ഒബ്സീനിറ്റിയില്‍ ധിഷണ നല്‌കുന്ന ചാരുതയില്ല. പച്ചവെള്ളം കുടിച്ചാല്‍, ഉമിക്കരി ചവച്ചാല്‍ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമോ അങ്ങനെതന്നെയിരിക്കുന്നു ഇക്കഥ. ആഴ്ചപ്പതിപ്പിന്റെ 37-ആം പുറത്തു് മദനന്‍ വരച്ച ചിത്രമുണ്ടു്. സ്‌റ്റോപീജിയയുള്ള സ്ത്രീ (Steatopygia=abnormal accumulation of fat on the buttocks) പുരുഷന്റെ ശരീരത്തോടു് ഒട്ടിക്കിടക്കുന്നു. അവളുടെ നെഞ്ചു് അവന്റെ വയറ്റിലമര്‍ത്തിയിരിക്കുന്നു. കഥയ്ക്കു് ആക്കം കൂട്ടുന്നു മദനന്റെ ഈ അശ്ലീലചിത്രം. ചന്ദ്രനും ജാനകിയും കഥയിലെ പാത്രങ്ങള്‍. ചന്ദ്രന്‍ ഭര്‍ത്താവു്. ജാനകി ഭാര്യ. സ്‌ത്രീസഹജമായ അസൂയയും സംശയവും കൂടിയ സ്‌ത്രിയാണു് ജാനകി. അവരുടെ വേഴ്ചയെ അനുവാചകന്റെ കാമാസക്തിയെ വളര്‍ത്തുമാറു്. കഥാകാരി വര്‍ണ്ണിക്കുന്നുണ്ടു്. ജാനകി ഷവറിന്റെ താഴെ പരിപൂര്‍ണ്ണ നഗ്നയായി കളിക്കുന്നു. അപ്പോഴാണു് ഭര്‍ത്താവു് എന്ന ഏഭ്യന്റെ വരവു്. അയാളെ അവള്‍ ക്ഷണിച്ചു. പരിപൂര്‍ണ്ണ നഗ്നനായി അയാളും ജലധാരയുടെ ഉള്ളില്‍ നിന്നത്രേ. അവര്‍ അവിടെ നിന്നു് ദശാവതാരങ്ങള്‍ ആടി പോലും. നിത്യജീവിതത്തിലോ കലാലോകത്തോ സംഭവിക്കാന്‍ ഇടയില്ലാത്ത ഈ ‘നഗ്‌നസ്‌നാനം’ മീശ മുളയ്‌ക്കാത്ത ആണ്‍പിള്ളാരെയും പ്രഥമാര്‍ത്തവം ആകാത്ത പെണ്‍പിള്ളേരെയും രസിപ്പിക്കും. വിവേകമുള്ള, സംസ്‌ക്കാരമുള്ള ഓരോ വായനക്കാരനും ഇതു വായിച്ചു് “ഛേ” എന്നാട്ടുകയേയുള്ളു. ജാനകി ദില്ലിയില്‍ പോകുന്നു നാടകം പഠിക്കാനായി അവിടെ ഒരു ഡോക്ടറെക്കണ്ടു് അനിയതവികാരത്തില്‍ നീന്തിത്തുടിക്കുന്നു.

കഥയെന്നാല്‍ എന്തെന്നു് സി. എസ്.ചന്ദ്രികയ്‌ക്കു അറിഞ്ഞുകൂടാ. ഒബ്സീനിറ്റി രചനകളില്‍ കൊണ്ടുവരാന്‍ മാത്രമറിയാം. നമ്മുടെ സംസ്‌കാരലോപത്തെ കാണിക്കുന്നു. ഈ അസഭ്യമായ കഥ. ആഭാസത്തരമാണിതു്.

കാമാസക്തി

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കാവ്യത്തിലും കുമാരനാശാന്റെ ‘ദുരവസ്ഥ’ എന്ന കാവ്യത്തിലും സാമൂഹികാംശങ്ങള്‍ പരിവര്‍ത്തന മൊന്നും കൂടാതെ നിവേശിപ്പിച്ചിരിക്കുന്നു. അതിനാല്‍ വിശുദ്ധമായ കലയല്ല രണ്ടും.

അനിയസ് നിന്‍ (Anais Nin, 1903–1977) എന്ന അമേരിക്കന്‍ എഴുത്തുകാരി റോഡില്‍ വച്ചോ ഭക്ഷണശാലയില്‍ വച്ചോ വണ്ണം കൂടിയ തൊഴിലാളികളെ കണ്ടാല്‍ കാമവിവശയാകും. അവര്‍ പറയുന്നു: “The female in me trembles and is fascinated. A desire to feel the brutality of a man, the force which can violate. To be violated is perhaps a need in women, a secret erotic need” (നിനിന്റെ ഡയറിയില്‍ നിന്നു്) നിയതമായ മാനസികാവസ്ഥയുള്ള ഒരു സ്‌ത്രീയും പുരുഷന്‍ ബലാത്കാര വേഴ്ച നടത്തണമെന്നു് ആഗ്രഹിക്കില്ല. ആഗ്രഹമല്ല ആ വിചാരം പോലും അവര്‍ക്കുണ്ടാകില്ല. ആഭാസജീവിതം നയിച്ച നിനിനു് ഇതു തോന്നും. ആ തോന്നലിനു് സാമാന്യകരണം നല്‌കിയതു് ശരിയായില്ല. തന്നെപ്പോലെയാണു് മറ്റു സ്‌ത്രീകളും എന്ന വിചാരമാണു് ഓ പ്രസ്‌താവത്തിനു് ആസ്‌പദം.

ഒരു രത്നത്തെക്കുറിച്ചു്

നമ്മള്‍ വിശ്വസാഹിത്യത്തിലെ മഹാന്മാരായ എഴുത്തുകാരെക്കുറിച്ചു് ഒന്നുമറിയുന്നില്ല. ഇപ്പോഴും മോപാസാങ്. ചെക്കോവ്, തോമാസ് മാന്‍, ബ്രോഹ് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതേയുള്ളു കേരളത്തിലെ അനുവാചകര്‍. ഈ എഴുത്തുകാരെ തരംതാഴ്ത്തി പറയുകയല്ല ഞാന്‍. സാഹിത്യത്തിന്റെ അദ്‌ഭുതാവഹമായ വികാസത്തെക്കുറിച്ചു് നമ്മള്‍ അജ്ഞതയില്‍ കിടക്കുന്നു എന്ന സത്യം ചൂണ്ടിക്കാണിക്കാനേ എനിക്കു് ഉദ്ദേശ്യമുള്ളു. ഈയിടെ ഞാന്‍ David Alvahari എന്ന യുഗോസ്ലാവ്യന്‍ കഥാകാരന്റെ ചെറുകഥകള്‍ വായിച്ചു. അദ്‌ഭുതാവഹം എന്നേ പറയേണ്ടതായിട്ടുള്ളൂ ആ കലാശില്പങ്ങളെക്കുറിച്ചു്. ‘Three Bus Stops Home’ എന്ന പേരില്‍ അദ്ദേഹമെഴുതിയ ഒരു കൊച്ചുകഥയുടെ സംഗ്രഹം നല്‌കട്ടെ യുവാവാണു് കഥ പറയുന്ന ആള്‍.

“അച്‌ഛനും ഞാനും നദിയുടെ തീരത്തിലൂടെ ജൂതശ്‌മശാനത്തിലൂടെ വീട്ടിലേക്കു പോയ നാളുകളുണ്ടു്. പത്തു കൊല്ലം മുന്‍പു് അച്‌ഛന്‍ തയ്‌പിച്ച കോട്ടു ധരിച്ചുകൊണ്ടാണു് ഞാന്‍ അദ്ദേഹത്തിനൊപ്പം നടന്നതു്. ഞങ്ങള്‍ പരസ്‌പരം സംസാരിക്കില്ല. നടത്തം വളരെ ദൂരത്തേക്കല്ല മഴ പെയ്‌താല്‍ ഞങ്ങള്‍ ബസ്സില്‍ കയറും. വീട്ടിലേ