close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 06 16


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 06 16
ലക്കം 509
മുൻലക്കം 1985 06 09
പിൻലക്കം 1985 06 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ മേശയുടെ പുറത്തു് ഒരു കൊച്ചുസുന്ദരി ഇരിക്കുന്നു. കാലുകള്‍ ഒരു വശത്തേക്കാക്കി. ഞൊറിയുള്ള പാവാട ലേശമുയര്‍ത്തി, പുഞ്ചിരിപൊഴിച്ചു് അകലെ നോക്കിയിരിക്കുന്ന അവള്‍ ആന്നാ പവ്ലോവയാണു്: വിശ്വവിഖ്യാതയായ ബാലേനര്‍ത്തകി. മഹായശസ്കനായ റഷ്യന്‍ ബാലേ ഡാന്‍സര്‍ വസ്ലാഫ് നിഷിന്‍സ്കിയോടൊരുമിച്ചു ന‍ൃത്തം ചെയ്തിട്ടുണ്ടു് ആന്നാ പവ്ലോവ. സ്വര്‍ഗ്ഗീയാനുഭൂതി കൈവരുത്തുന്ന നൃത്തമാണത്രേ അവരുടേതു്. ഈ നര്‍ത്തകി മോസ്കോയില്‍നിന്നു വിമാനത്തില്‍ കയറി എന്റെ വീട്ടിലേക്കു പോന്നവളാണു്. മാര്‍ബിളിനകത്തു ചൈതന്യമൊതുക്കിയിരിക്കുന്ന ഇവളെ കാണുമ്പോഴെല്ലാം ‘പൊന്‍പൂവു കാറ്റില്‍ പറന്ന’തുപോലെ യൂറോപ്പിലെ നൃത്തവേദികളില്‍ ഇവള്‍ നൃത്തം ചെയ്തതു് എന്റെ അന്തര്‍നേത്രം കാണും. സാക്ഷാല്‍ ആന്നാ പവ്ലോവ ഇന്നില്ല. 1931-ല്‍ അവര്‍ മരിച്ചുപോയി. മേശപ്പുറത്തിരിക്കുന്നതു് കൊച്ചു പ്രതി മാത്രം. ബാലേസ്കേര്‍ട്ടിന്റെ ഒരറ്റം വിരലുകള്‍ കൊണ്ടു പിടിച്ചുകൊണ്ടു് അവള്‍ ഇരിക്കുന്നു. കാലത്തു് ഉറക്കമെഴുന്നേറ്റു ഞാന്‍ നോക്കുമ്പോഴും അര്‍ദ്ധരാത്രി ഞെട്ടിയുണര്‍ന്ന ‘ടോര്‍ച്ച്’ തെളിച്ചു നോക്കുമ്പോഴും ആ വിരലുകള്‍ അതേ രീതിയില്‍ത്തന്നെ. പാവാഭത്തുമ്പില്‍ നിന്നും വിരലുകള്‍ വിട്ടുകളയുന്ന ആന്നാ പവ്ലോവ ആന്നാ പവ്ലോവയല്ല. ആയത ക്ഷേത്രാകൃതിയായ Oxford Advanced Learner’s Dictionary മേശപ്പുറത്തുണ്ടു്. അതു നിമിഷംതോറും ആകൃതി മാറ്റിക്കൊണ്ടിരുന്നാല്‍? അതു ഡിക്ഷണറിയേയല്ല. എന്നാല്‍ വെള്ളക്കടലാസ്സില്‍ കറുത്ത അക്ഷരങ്ങളോടു കൂടി കിടക്കുന്ന ഒരു കാവ്യസമാഹാര ഗ്രന്ഥം ഹാര്‍വേഡ് ഓറിയന്‍റല്‍ സീരീസിന്റെ 42-ആം വാല്യം An Anthology of Sanskrit Court Poetry Vidyakara’s Subhashitaratnakosa - ഓരോ പാരായണത്തിലും മാറിക്കൊണ്ടിരിക്കുന്നു. “അന്തരീക്ഷം നക്ഷത്രങ്ങളാല്‍ അലംകൃതമാണെന്നു വിചാരിക്കരുതു്. നൃത്തംചെയ്തു തളര്‍ന്ന ശിവന്‍ സ്വേദംകൊണ്ടു് നനഞ്ഞ ഭസ്മപാളികള്‍ ശരീരത്തില്‍ നിന്നു് അടര്‍ത്തിയെടുത്തു ആകാശത്തേക്കു എറിഞ്ഞതാണു് അമ്മട്ടില്‍ കാണപ്പെടുന്നതു്” എന്നു് ലക്ഷ്മീധരന്‍ എഴുതിയതു് അതില്‍ കാണുമ്പോള്‍ ഞാന്‍ നക്ഷത്രാകീര്‍ണ്ണമായ ആകാശം കാണുന്നു. വേറൊരിക്കല്‍ നോക്കുമ്പോള്‍ ശിവന്റെ നൃത്തം കാണുന്നു. മറ്റൊരിക്കല്‍ നോക്കുമ്പോള്‍ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകള്‍ നൃത്തമാടുന്നതു കാണുന്നു. ഒരിക്കലും മാറാത്ത കലാശില്പം കലാശില്പമേ അല്ല അതുകൊണ്ടാണു് ഗ്രീക്ക് തത്ത്വചിന്തകനായ ഹെറക്ലീറ്റസ് പറഞ്ഞതു് ആരും ഒരു നദിയില്‍ത്തന്നെ രണ്ടുതവണ മുങ്ങുന്നില്ലെന്നു്. ഒരു തവണ മുങ്ങിയെഴുന്നേല്ക്കുമ്പോള്‍ വേറെ വെള്ളം ഒഴുകി അതു് മറ്റൊരു നദിയായി മാറുന്നു. ‘രഘുവംശം’ പല തവണ വായിക്കുമ്പോള്‍ പല ജീവിതാനുഭവങ്ങളാണു നമുക്കു് ഉണ്ടാവുക.

നിശ്ചലാവസ്ഥ

ഈ മാറാത്ത അവസ്ഥയാണു് - നിശ്ചലാവസ്ഥയാണു് - ജോസഫ് വൈറ്റിലയുടെ കഥകള്‍ക്കുള്ളതു്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹമെഴുതിയ ‘പുകയുന്ന നെഞ്ചു തടവാറുള്ള അച്ഛന്‍’ എന്ന കഥയുടെ സ്ഥിതിയും വിഭിന്നമല്ല. മകന്‍ കുട്ടിക്കാലത്തു് അച്ഛനെ അവഗണിച്ചു, ധിക്കരിച്ചു. ഓണക്കാലത്തു് അച്ഛന്‍ കൊണ്ടുവന്ന ഒരു പൊതി അദ്ദേഹം വിലക്കിയിട്ടും അവന്‍ അഴിച്ചുനോക്കി. അച്ഛന്‍ തല്ലിയപ്പോള്‍ മകന്‍ പൊതിയെടുത്തു കുളത്തിലെറിഞ്ഞു. ഈ ധിക്കാരം അവന്‍ എല്ലാക്കാലവും കൊണ്ടുനടന്നു. അച്ഛന്‍ മരിച്ചു. മകന്‍ യുവാവായി. വിവാഹം കഴിച്ചു. അയാള്‍ അച്ഛനായി. അപ്പോള്‍ മകന്‍ അവനു തോന്നിയ മട്ടില്‍ പെരുമാറുന്നു, മകന്റെ ഈ സ്വച്ഛന്ദത (താന്തോന്നിത്തം) അമ്മയെ ചൊടിപ്പിക്കുന്നു. ഭാര്യയുടെ പരാതികേട്ടു ഭര്‍ത്താവു് തന്റെ പൂര്‍വ്വകാലാനുഭവങ്ങളെ പ്രത്യാനയിക്കുന്നു. പൊതിയെടുത്തു കളത്തിലെറിഞ്ഞതും മറ്റും ഓര്‍മ്മിക്കുന്നു. പുതിയ തലമുറയെ അതിന്റെ പാട്ടിനു വിടുന്നതാണു് നല്ലതു് എന്നു വിചാരിക്കുകയും അതു ഭാര്യയോടു പറയുകയും ചെയ്യുന്നു. ടെക്‍നിക്കിന്റെ അസ്വാഭാവികതയും ഡെന്‍സിറ്റിയില്ലാത്ത രചനയും ആദ്യത്തെ പാരായണത്തില്‍ സഹിക്കാം. രണ്ടാമതു വായിക്കാന്‍വയ്യ. വായിച്ചാല്‍ സഹിക്കാനൊട്ടു് ഒക്കുകയുമില്ല. ഈ ബഹിര്‍ഭാഗസ്ഥത അല്ലെങ്കില്‍ ഉപരിപ്ലവത തികച്ചും വേദനാജനകമാണു്. ‘സൂപ്പര്‍ഫിഷല്‍ മൈന്‍ഡാ’ണു് ജോസഫ് വൈറ്റിലയുടേതു്. അതു് പ്രത്യക്ഷമാക്കി അദ്ദേഹം വായനക്കാരെ നിരന്തരം ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആന്നാ പവ്ലോവയുടെ മാര്‍ബിള്‍ പ്രതിമ പോലെ, ഓക്സ്ഫോര്‍ഡ് ഡിക്‍ഷണറിപോലെ, അദ്ദേഹത്തിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിശ്ചലമായി ശയിക്കുന്നു.

* * *

ലക്ഷ്മീധരന്റെ കാവ്യം വായിച്ചപ്പോള്‍ എനിക്കു ജി. ശങ്കരക്കുറുപ്പിന്റെ “ശിവതാണ്ഡവം” എന്ന കാവ്യം ഓര്‍മ്മവന്നു. “മതിമറനനാടീടുന്നൂ തൂനിലാവില്‍ ഭസ്മ മുതിര്‍ന്നുതിര്‍ന്നു വീഴുകയാണെന്‍ മുഗ്ദ്ധജീവനില്‍” എന്നു ജി. അദ്ദേഹത്തിന്റെ ഭാരതീയ സംസ്കാരാഭിമുഖ്യം നോക്കിയാലും.

ഭാരതീയ കാവ്യങ്ങളുടെ പാരായണം നിസ്തുലാനുഭവമത്രേ. വസുകല്പന്‍ തെക്കന്‍കാറ്റിനെക്കുറിച്ചു പറയുന്നതു കേട്ടാലും:

“ആന്ധ്രപ്രദേശത്തെ യുവതികളുടെ കഠനസ്തനങ്ങളില്‍ തട്ടി തെക്കന്‍കാറ്റിന്റെ ശക്തി കുറഞ്ഞുപോകുന്നു. തമിഴ് നാട്ടിലെ സുന്ദരികളുടെ കെട്ടിവച്ച തലമുടിയെ അതു ചിക്കിച്ചിതറുന്നു. സിലോണിലെ യുവതികളുടെ താമരപ്പൂ മണമാര്‍ന്ന ചുണ്ടുകളെ അതു നുകരുന്നു. കേരളത്തിലെ ചെറുപ്പക്കാരികളുടെ കവിള്‍ത്തടങ്ങളെ അതു് ഉമ്മവയ്ക്കുന്നു. ചന്ദനമണമാര്‍ന്ന തെക്കന്‍കാറ്റു് പതുക്കെ വീശിക്കൊണ്ടിരിക്കുന്നു.”

വസുകല്പനു് ഇതൊന്നും നേരേയങ്ങു പ്രവര്‍ത്തിക്കാന്‍ വയ്യ. പ്രവര്‍ത്തിച്ചാല്‍ പണ്ടു് പച്ചക്കുളം വാസുപിള്ള (രസികന്‍ മാസികയുടെ പത്രാധിപര്‍) പറഞ്ഞതുപോലെ മാംസപിണ്ഡത്തില്‍ തൊട്ടുകളിക്കും ആളുകള്‍. അതുകൊണ്ടു തെക്കന്‍ കാറ്റിനെക്കൊണ്ടു് അദ്ദേഹം അതെല്ലാം പ്രവര്‍ത്തിപ്പിക്കുന്നു. അല്ലേ? ആയിരിക്കാം. എങ്കിലും കാവ്യം വായിക്കുമ്പോള്‍ എന്തുരസം!

അച്ഛന്‍, മകന്‍, വീടു്

അച്ഛനും മകനും തമ്മിലുള്ള സംഘട്ടനം പടിഞ്ഞാറന്‍ സാഹിത്യത്തില്‍ ചിത്രീകരിച്ചുതുടങ്ങിയിട്ടു കാലമേറെയായി. എക്സ്പ്രഷനിസ്റ്റ് നാടക കര്‍ത്താവായ ഗേഭാര്‍ഹ് കൈസ്സറുടെ ഒരു നാടകത്തില്‍ (Coral) “അച്ഛനും മകനും അന്യോന്യം അകലുന്നു. മരണവും ജീവിതവും തമ്മിലുള്ള പോരാട്ടമാണതു്” എന്നു പറഞ്ഞിട്ടുണ്ടു്. കവിയും നാടക കര്‍ത്താവുമായ ഫ്രാന്റ്സ് വെര്‍ഫലിന്റെ കൃതികളില്‍ പലതും അച്ഛനെ മകന്‍ അടിച്ചമര്‍ത്തേണ്ടതിന്റെ ആവശ്യകതയെ പ്രതിപാദിക്കുന്നു. കാഫ്കയും അച്ഛനും തമ്മിലുള്ള സംഘട്ടനം കുപ്രസിദ്ധമാണു്. അച്ഛനോടുള്ള ഈ വെറുപ്പിനു വ്യാപകത്വം നല്കുക, അതു് സ്വന്തം ഭവനത്തോടുള്ള വെറുപ്പായി മാറും. അതിനു കുറേക്കൂടി വ്യപേകത്വം നല്കു. ലോകത്തോടുള്ള വെറുപ്പായി അതു രൂപംകൊള്ളും. വെറുപ്പു് തീക്ഷ്ണമായാല്‍ ആത്മഹത്യയില്‍ അവസാനിക്കും. ചേസാറെ പാവേസെ അങ്ങനെയാണു് ജീവിതം ഒടുക്കിയതു്. അദ്ദേഹത്തിന്റെ Away from Home എന്ന കാവ്യത്തിന്റെ തുടക്കം നോക്കുക:

Too much sea, We’ve seen enough sea
Late in the day, as the wide water stretches
into nothing, my friend stared at the sea,
I stare at him, and we do not speak.

ഓനിലിന്റെ റോബര്‍ട്ട് എന്ന കവിയെപ്പോലെ (Beyond the Horizon എന്ന നാടകം) ചക്രവാളത്തിനപ്പുറത്തുള്ള മഹാരഹസ്യം തേടി വീടുവിട്ടുപോയവരുണ്ടു്. പാവേസെ രഹസ്യം തേടിയ കവിയല്ല. ശൂന്യതയില്‍ നിന്നു ശൂന്യതയിലേക്കു് പോയി മരണമെന്ന വലിയ ശൂന്യതയില്‍ വിലയംകൊണ്ട ആളാണു് അദ്ദേഹം. ഇതു് - ഭവനം അല്ലെങ്കില്‍ ലോകം ഉപേക്ഷിക്കുക എന്ന ആശയം - ഒരു പടിഞ്ഞാറന്‍ ആശയമാണു്. ‘വീടു് - ലോകം - റിയാലിറ്റിയല്ല; അതുകൊണ്ടു് മടങ്ങിവരാത്ത വിധത്തില്‍ ഞാന്‍ പോകുന്നു’ എന്നു തീരുമാനിച്ചുകൊണ്ടു് അനന്തമായ സഞ്ചാരം നിര്‍വഹിക്കുന്ന വ്യക്തികളെ അവതരിപ്പിക്കുന്ന ചില കവികളെക്കുറിച്ചു് ആര്‍. നരേന്ദ്രപ്രസാദ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു. വ്യാകരണസമ്മതങ്ങളല്ലാത്ത പ്രയോഗങ്ങള്‍ ഏറെയുണ്ടെങ്കിലും ഈ പ്രബന്ധം നന്നായിട്ടുണ്ടു്. സ്വീകരണീയങ്ങളല്ലാത്ത ആശയങ്ങളെ ഇമേജുകളാക്കി കഥയിലൂടെ, കാവ്യത്തിലൂടെ ആവിഷ്കരിച്ചാല്‍ സഹൃദയന്‍ രസിക്കും. ഫാസിസ്റ്റ് വിരുദ്ധനായ ചേസാറെ പാവേസെയുടെ കാവ്യങ്ങളും കഥകളും വായിച്ചു രസിക്കുന്ന സഹൃദയന്‍ ഫാസിസ്റ്റായ എസ്റ പൊണ്ടിന്റെ കാവ്യങ്ങള്‍ വായിച്ചു രസിക്കുന്നു. അതുകൊണ്ടു് ലോക വിദ്വേഷം വമിക്കുന്ന കാവ്യങ്ങളും എനിക്കു രസപ്രദങ്ങള്‍തന്നെ. പക്ഷേ ആശയങ്ങളായി അവയെ അടര്‍ത്തിയെടുക്കുമ്പോള്‍ നമുക്കു വല്ലായ്മയുണ്ടാകും. ആ വല്ലായ്മയുണ്ടായാല്‍ പാവേസെയെ വിട്ടു് ഞാന്‍ വേഡ്സവര്‍ത്തിന്റെ കാവ്യങ്ങളിലേക്കു പോകും. രണ്ടു ന്യൂനതകള്‍കൂടിയുണ്ടു് നരേന്ദ്രപ്രസാദിന്റെ പ്രബന്ധത്തിനു്. വായനക്കാര്‍ക്കു് എല്ലാമറിയാം എന്നൊരു ‘പ്രീ സപ്പോസിഷന്‍’ പ്രബന്ധകാരനുണ്ടു്. സാഹിത്യത്തില്‍ കുറെക്കാലമായി പ്രവര്‍ത്തിക്കുന്ന എനിക്കുപോലും ഈ പ്രബന്ധത്തിലെ സിദ്ധവല്‍കരണങ്ങളില്‍ പിടിയില്ല. ഏതു പ്രബന്ധവും സ്വയം വിശദീകരിക്കുന്ന സ്വഭാവത്തോടുകൂടിയതായിരിക്കണം. രണ്ടാമത്തെ ന്യൂനത ലബ്ധ പ്രതിഷ്ഠരല്ലാത്തവരെ കവികളാക്കി സങ്കല്പിച്ചുകൊണ്ടുള്ള വിമര്‍ശനമാണു്. ഇവയെല്ലാം ദോഷങ്ങളാണെങ്കിലും മൗലികത എന്ന ഗുണം ഈ പ്രബന്ധത്തിനുണ്ടു്.

വരട്ടുചൊറികള്‍

വരട്ടുചൊറി ശരീരത്തിന്റെ ഏതു ഭാഗത്തും വരാം. തൊലി നീര്‍ക്കൊണ്ടു ചുവന്നു നിറമാകും. ചിലപ്പോള്‍ പൊള്ളിക്കയറും, പഴകിയാല്‍ തൊലിയുടെ കട്ടികൂടും. വരട്ടു ചൊറിയുള്ളവര്‍ ചൊറിഞ്ഞു ചൊറിഞ്ഞിരിക്കുന്നതു് നമ്മളെല്ലാവരും കണ്ടിട്ടുണ്ടു്. തൊലിക്കു് അസുഖമുണ്ടാക്കുന്ന ചില വസ്തുക്കളുടെ നിരന്തരമായ സ്പര്‍ശംകൊണ്ടു് വരട്ടുചൊറിവരും. ഫ്രഞ്ച് പോളീഷ് എടുത്തു പെരുമാറുന്നവരുടെ രോഗമാണു് വരട്ടുചൊറി. വൈകാരികാഘാതത്താലും ഇതു പൊടുന്നനവേ ഉണ്ടാകും. എന്റെ ഒരു പരിചയക്കാരന്‍ കാട്ടില്‍ പോയപ്പോള്‍ ആന ഓടിച്ചു. പ്രാണഭീതിയോടുള്ള ആ ഓട്ടം കാടുവിട്ടു കഴിഞ്ഞപ്പോള്‍ മാത്രമേ അയാള്‍ അവസാനിപ്പിച്ചുള്ളു. വീട്ടിലെത്തിയപ്പോള്‍ ആ മനുഷ്യന്റെ പാദങ്ങളില്‍ കണ്ടാല്‍ അറപ്പുതോന്നിക്കുന്ന വരട്ടുചൊറി.

അംബിക കുടമാളൂര്‍ മനോരാജ്യം വാരികയിലെഴുതിയ ‘ബാധയൊഴിപ്പിക്കല്‍’ എന്ന കഥ വല്ലാത്ത ചൊറിച്ചിലുണ്ടാക്കുന്ന വരട്ടുചൊറിയാണു്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കെ മരിച്ചുപോയി എന്നു കരുതപ്പെട്ട ഒരുത്തന്‍ വീട്ടിലെത്തുമ്പോള്‍ അയാളുടെ ഭാര്യ മന്ത്രവാദിയുടെ അടുത്തിരിക്കുന്നു. മരിച്ച ഭര്‍ത്താവിന്റെ പ്രേതം അവളുടെ ശരീരത്തില്‍നിന്നൊഴിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുകയാണു്. താന്‍ ജീവനോടെ വന്നിരിക്കുന്നുവെന്നു ഭര്‍ത്താവു പറഞ്ഞാലും ഭാര്യ വിശ്വസിക്കില്ല; മന്ത്രവാദി തീരെ വിശ്വസിക്കില്ല. സാഹിത്യവുമായി ഒരുബന്ധവുമില്ലാത്ത ജൂഗുപ്സാവഹമായ ഈ കഥ വരട്ടുചൊറിതന്നെ. ഇവിടെ തീരുന്നില്ല. എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിന്റെ 11-ആം പുറം നോക്കു. സുജ ജയിംസിന്റെ ‘ഓര്‍മ്മയില്‍ ഒരോളം’ എന്ന ‘എക്സിമ’യും അവിടെ കാണാം. വിവാഹിത വ്യഭിചരിക്കുന്നു. ഭര്‍ത്താവു് ഉപേക്ഷിക്കുന്നു അവളെ. സ്വന്തം മകനെ കാണാന്‍ അവള്‍ ഭര്‍ത്താവിന്റെ അടുക്കലെത്തുമ്പോള്‍ മകന്‍തന്നെ അവളെ ആട്ടിപ്പായിക്കുന്നു. പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിച്ചു് ഉപയോഗിക്കാതെ വിദഗ്ദ്ധനായ ഏതെങ്കിലും ഡോക്ടറെ കാണിച്ചു് ഒരോയിന്റ്മെന്റ് എഴുതിവാങ്ങിച്ചു സാഹിത്യാംഗനയുടെ ശരീരത്തില്‍ പുരട്ടണം. ഒറ്റ ലേപനംകൊണ്ടൊന്നും ഭേദമായിയെന്നുവരില്ല. കൂടക്കൂടെ മരുന്നു പുരട്ടണം. അപ്പോള്‍ ഈ വരട്ടുചൊറികള്‍ അപ്രത്യക്ഷമായിയെന്നു വരും. എന്റെ ക്രൂരത! അല്ലേ? വരട്ടുചൊറിയുള്ളവര്‍ക്കു് അതു മാന്തുന്നതു് എന്തു രസമാണെന്നോ! അംബിക കുടമാളൂരും സുജ ജെയിംസും എക്സിമ മാന്തിപ്പൊളിക്കുമ്പോള്‍ അരുതെന്നു പറയാന്‍ എനിക്കെന്തു കാര്യം? സ്ക്രാച്ചിങ് നടുത്തു സഹോദരിമാരേ. അതു കണ്ടു ഭേഷ്, ഭേഷ് എന്നു പറയുന്നവരും ധാരാളമുണ്ടു് ഈ നാട്ടില്‍.

* * *

എക്സിമ, ഡോക്ടര്‍, ചികിത്സ ഇവയെക്കുറിച്ചു് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചു് രസകരങ്ങളായ നോവലുകളെഴുതിയ റിച്ചാ‍ഡ് ഗോര്‍ഡന്‍ സ്പഷ്ടമാക്കിയ ഒരു കാര്യം അറിയിക്കാന്‍ എനിക്കു കൗതുകം. നാലായിരം നാഴിക കാറോടിക്കുന്നതും നൂറു സിഗററ്റ് വലിക്കുന്നതും തുല്യം. (ആപത്തിന്റെ കാര്യത്തില്‍) ഒരു കെമിക്കല്‍ വര്‍ക്ക്ഷോപ്പില്‍ ഒരു കൊല്ലം ജോലിചെയ്യുന്നതും രണ്ടു മണിക്കൂര്‍നേരം പര്‍വ്വതാരോഹണം ചെയ്യുന്നതും തുല്യം.

ഗോര്‍ഡന്റെ മറ്റൊരഭിപ്രായംകൂടി മദ്യം കുടിക്കുന്നതിനെക്കാള്‍ ആപത്താണു് കണക്കറ്റു വെള്ളം കുടിക്കുന്നതു്. തലച്ചോറും വീര്‍ക്കും, സന്നിയുണ്ടാകും, ബോധക്കേടു സംഭവിക്കും. ഒടുവില്‍ മരണവും ജിന്നാണു് വെള്ളത്തെക്കാള്‍ നല്ലതു്.

ശിഖണ്ഡിഭാഷ

ജിന്നിനെക്കാളും വെള്ളത്തെക്കാളും ദോഷം ചെയ്യും ശിഖണ്ഡിഭാഷ‍. കേട്ടാലും:

“ആകാശത്തില്‍ സന്ധ്യ തന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂവാട വിടര്‍ത്തവേ, കിളികള്‍ കളകള സ്വരമുതിര്‍ക്കുക മാത്രം ചെയ്തുകൊണ്ടു് നിരനിരയായി പറന്നുയര്‍ന്നു് ഇടതൂര്‍ന്ന പൊന്തയിലേക്കു മടങ്ങവേ, ഇളംകാറ്റില്‍ പറവകളുടെ മസൃണതയെഴുന്ന ചിറകുകളില്‍നിന്നും കുഞ്ഞോളങ്ങള്‍ ഉതിരവേ, കരുത്തുറ്റ തിരകള്‍ക്കിടയില്‍ പേര്‍ത്തും പേര്‍ത്തും കാറ്റു് ഇരുട്ടിനെ പിടിച്ചു വലിച്ചുകൊണ്ടിരിക്കേ, കൂടുതല്‍ കൂടുതല്‍ പരിമളം ചൊരിഞ്ഞുകൊണ്ടു് പനിനീര്‍പുഷ്പം പച്ചവിരിപ്പില്‍ മുഖം മറച്ചുവയ്ക്കാന്‍ നിനയ്ക്കേ”. ഇവിടെയൊന്നുമില്ല, ഹിന്ദിയിലാണെല്ലാം എന്നു ചിലര്‍ക്കു വിചാരമുണ്ടു്. അവര്‍ അവിടെയുള്ള ചവറെല്ലാം കോര്‍പ്പൊറേഷന്‍ ലോറിയില്‍ കയറ്റി ഇവിടെ കൊണ്ടിറക്കുന്നു. അങ്ങനെ ഇറക്കിയ ചവറുകളില്‍ ഒന്നാണു് ദീപിക ആഴ്ചപ്പതിപ്പിലെ ‘ബുള്‍ബുള്‍ പക്ഷിയെ തേടുന്ന പനിനീര്‍ പുഷ്പം’ എന്ന ഹിന്ദി ചെറുകഥ. ആ തര്‍ജ്ജമയില്‍നിന്നാണു് മുകളില്‍ നല്‍കിയ വാക്യം. ഇതു വായിച്ചപ്പോള്‍ എനിക്കിങ്ങനെ എഴുതാന്‍ തോന്നി:

നല്ല കഥ വായിക്കാമെന്ന വിചാരത്തോടെ ദീപിക ആഴ്ചപ്പതിപ്പെടുത്തു് പതിനേഴാംപുറം നോക്കവേ, ജയശങ്കര്‍ പ്രസാദെന്ന ഹിന്ദി സാഹിത്യകാരന്റെ ഒരു കഥയുടെ തര്‍ജ്ജമ കാണവേ, അതാദ്യംതൊട്ടു വായിക്കാന്‍ പലതവണ ശ്രമിക്കവേ, കഥാസാഹിത്യം വളരെ വികസിച്ച കാലത്തു് ഇങ്ങനെയുമൊരു ബലാല്‍ക്കാരമോ എന്നോര്‍ത്തു വിഷാദിക്കവേ, വാലും തുമ്പുമില്ലാത്ത പര്യവസാനത്തില്‍ കഥയെത്തവേ, വിലകൂടിയ സമയം വ്യര്‍ത്ഥമായിത്തീര്‍ന്നല്ലോ എന്നു വിചാരിച്ചു ദുഃഖിക്കവേ, ന്യൂസ്പ്രിന്റ് കിട്ടാത്ത കാലത്തു് ഇങ്ങനെയൊരു വ്യര്‍ത്ഥവ്യയമോ എന്നു് പത്രാധിപരോടു ചോദിക്കവേ, തര്‍ജ്ജമക്കാരനായ വേണുമരുതായി മലയാളഭാഷയെ വസ്ത്രാക്ഷേപം ചെയ്യവേ…

ഞാന്‍ മുസ് ബ്രുഗ്ഗര്‍

എന്നെ വിസ്മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും മഹത്ത്വമെന്നാല്‍ എന്തെന്നു ഗ്രഹിപ്പിക്കുകയും ചെയ്ത നോവലാണു് റോബര്‍ട്ട് മൂസിലിന്റെ The Man Without Qualities നോവല്‍ പൂര്‍ണ്ണമാകുന്നതിനു മുന്‍പു് മൂസില്‍ മരിച്ചുപോയി. ഇരുപതാം ശതാബ്ദത്തിലെ ഏതെങ്കിലും നോവലിനു very great എന്ന വിശേഷണം ചേരുമോ? ചേരും. മൂസിലിന്റെ നോവല്‍ ‘വെരിഗ്രേറ്റ്’ തന്നെ. ഇതില്‍ മുസ് ബ്രൂഗ്ഗര്‍ എന്ന ആശാരി ഒരു വേശ്യയെ കൊല്ലുന്നതിന്റെ പ്രതിപാദനമുണ്ടു്. ശ്വാസക്കുഴലില്‍ തുടങ്ങി കഴുത്തിന്റെ പിറകുവശംവരെ എത്തുന്ന ഒരു മുറിവു്. നെഞ്ചില്‍ രണ്ടു കത്തിക്കുത്തു്. അവയാണു് ഹൃദയം പിളര്‍ക്കുന്നതു്! മുതുകിന്റെ ഇടതുഭാഗത്തു് രണ്ടു കുത്തുകള്‍. മുലകളെ മുറിച്ചുകളഞ്ഞു. വയറ്റില്‍ മുപ്പത്തഞ്ചു കുത്തുകളുണ്ടു്. പൊക്കിള്‍തൊട്ടു് നട്ടെല്ലിന്റെ താഴെയുള്ള ഭാഗംവരെ എത്തുന്ന ഒരു വലിയ മുറിവു്. വേശ്യയുടെ കഴുത്തു ഞെരിച്ചു എന്നതിനും തെളിവുണ്ടു്. നോവലിലെ പ്രധാന കഥാപാത്രവും മൂസിലിന്റെ ‘ഓള്‍ട്ടര്‍ ഈഗോ’യുമായ (ദ്വിതീയാത്മാവു്) ഉള്‍റിഹ് ഈ കൊലപാതകത്തെക്കുറിച്ചു് അറിഞ്ഞിട്ടു പറയുന്നു: If mankind could dream collectively, it would dream Moosbrugger - മനുഷ്യവര്‍ഗ്ഗത്തിനു കൂട്ടായി സ്വപ്നം കാണാമെങ്കില്‍ അതു മുസ് ബ്രുഗ്ഗറെ സ്വപ്നം കാണും. എങ്ങനെ കാണാതിരിക്കും? സ്വപ്നം അഭിലാഷസാഫല്യത്തെയാണു് സൂചിപ്പിക്കുന്നതെങ്കില്‍ ഓരോ മനുഷ്യനും മുസ് ബ്രുഗ്ഗറാകും. വിശേഷിച്ചും മനോരമ ആഴ്ചപ്പതിപ്പിലെ ജഡം പോലുള്ള കഥകള്‍ കാണുമ്പോള്‍. (സി. പി. വസന്തകുമാരി എഴുതിയതു്). ഒരു സ്ത്രീയോടുകൂടി തീവണ്ടിയില്‍ സഞ്ചരിച്ച ഒരു ചെറുപ്പക്കാരിക്കു തീവണ്ടിയാപ്പീസ് തെറ്റിപ്പോകുന്നു. രാത്രി അവിടെയിറങ്ങിയ അവളെ ആരോ ബലാല്‍സംഗം ചെയ്തു കൊന്നു. അതു പത്രത്തില്‍ വായിച്ചപ്പോള്‍ അവര്‍ക്കു ദുഃഖം. ഇത്തരം കഥകള്‍ എന്തുകൊണ്ടു വിരൂപങ്ങളായിയെന്നു് പ്രിയപ്പെട്ട വായനക്കാര്‍ ചോദിക്കരുതേ. പെരിക്കാലട്ട, മൂങ്ങ, ചേര ഇവയൊക്കെ വിരുപങ്ങളായത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നതെങ്ങനെ? പ്രയാസം. ‘ജഡം’ എന്ന കഥ കാണുമ്പോൾ ഞാൻ മൂസ്ബ്രൂഗ്ഗറായി മാറുന്നു. കഥയുടെ ശ്വാസനാളംതൊട്ടു പിൻകഴുത്തുവരെ കത്തികൊണ്ടു ഞാൻ കീറുന്നു. ഹൃദയം നോക്കി രണ്ടുകുത്ത്. വയറ്റിൽ മുപ്പത്തഞ്ചുകുത്തുകളല്ല ഞാൻ കൊടുക്കുക; മുപ്പത്തയ്യായിരം കുത്തുകളാണ്. മുസിലിന്റെ നോവലിലെ ഉൾറിഹിന് ആ കൊലപാതകിയെ രക്ഷിച്ചാൽ കൊള്ളാമെന്നുണ്ട്. വായനക്കാർ എന്റെ രക്ഷയ്ക്ക് എത്തുമോ?

എന്തൊരു കാലം

നമുക്ക് ജെറ്റ് വിമാനങ്ങളുണ്ട്. മണിക്കൂറിനു നൂറ്റമ്പതു കിലോമീറ്റർ വേഗത്തിൽ പായുന്ന തീവണ്ടികളുമുണ്ട്. ത്രീ ഡൈമൻഷൻ ടെലിവിഷനുണ്ട്, ടെലിഫോണുണ്ട്. എല്ലാ ജീവിതസൗകര്യങ്ങളുമുണ്ട്. പക്ഷേ, ഇരുണ്ട കാലത്താണ് നമ്മൾ ജീവിക്കുക. സമുദ്രജലം പോലും വിഷമയമായി മാറിയിരിക്കുന്നു. അതിനാൽ അനുനിമിഷം വലിച്ചിടുന്ന മാലിന്യങ്ങൾ സ്പർശിച്ചു മനുഷ്യർ കാലപുരിയിലേക്കു യാത്രയാകുന്നു. വിഷവും ന്യീക്ലിയർ ബോംബും സംഭരിച്ചുവച്ചുകൊണ്ട് നേതാക്കന്മാർ നിരപരാധികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നു. രാഷ്ട്രവ്യവഹാരത്തിൽ എതിരഭിപ്രായം പറയുന്നവനെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുവന്ന് വിമാനത്തിന്റെ പടിയിൽ വച്ച് ആരുമറിയാതെ വെടിവച്ചുകൊല്ലുന്നു. അതുകണ്ട് കരഞ്ഞ സ്ത്രീയുടെ ചുമലിൽ വേദനയുളവാക്കുന്നമട്ടിൽ സൈനികോദ്യോഗസ്ഥൻ കൈവച്ചമർത്തുന്നു. അവളുടെപേരിൽ കള്ളക്കേസുകൾ ഉണ്ടാക്കുന്നു. ലക്ഷക്കണക്കിന് ജൂതന്മാരെ ഗ്യാസ്ചേംബറിലിട്ടു ശ്വാസം മുട്ടിച്ചുകൊന്ന നാത്സികളുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ ജനനായകൻ പോകുന്നു. പിഞ്ചുകുഞ്ഞുങ്ങൾ ട്രാൻസിസ്റ്ററെടുത്തു തിരിക്കുമ്പോൾ തല ഉടലിൽനിന്നു തെറിച്ചുപോകുന്നു. ഒന്നും സംഭവിക്കാനിടയില്ല എന്ന വിശ്വാസത്തോടെ പോകുന്ന നിരപരാധന്റെ മുതുകിൽ ആരോ കത്തി കുത്തിയിറക്കുന്നു. എന്നും ഞെട്ടിപ്പിക്കുന്ന വാർത്തകളേയുള്ളൂ.

എന്റെ കുട്ടിക്കാലത്ത് റോഡിൽ വച്ച് ആരെങ്കിലും വേറൊരു വ്യക്തിയെ തടഞ്ഞാൽ, ഒരു വാഹനത്തിന്റെ ഗതിക്കു തടസ്സമുണ്ടാക്കിയാൽ അവരെ ഉടൻതന്നെ പോലീസ് അറസ്റ്റുചെയ്യുമായിരുന്നു. ഇന്ന് എല്ലാ ദിവസവും ജാഥകൾ. അവ റോഡിന്റെ രണ്ടറ്റവും കൂടിയാണ് പോവുക. ഹൃദയസ്തംഭനം വന്നു മരിക്കാൻ പോകുന്നവനെ തടഞ്ഞിടുന്നു, ജാഥ. അവൻ കാറിനകത്തുവച്ചു മരിക്കുന്നു. പ്രസവവേദനകൊണ്ടു നിലവിളിക്കുന്ന സ്ത്രീയെയും കൊണ്ടുപായുന്ന കാർ ജാഥകണ്ടു നിൽക്കുന്നു. അവർ അതിനകത്തു പ്രസവിച്ച് ചോരപ്പുഴ ഒഴുക്കുന്നു. ഭക്ഷണശാലകളിൽ വിഷമാണ് വലിയ വിലയ്ക്കു വിൽകുന്നത്. ഉച്ചക്കു മിച്ചം വരുന്ന ചോറ് ആദ്ധ്യാത്മികത്വം പ്രസംഗിക്കുന്നവന്റെ ഹോട്ടലിലും ഇഡ്ഡലിയായിമാറുന്നു. കടുകെണ്ണയിലോ റബ്ബർക്കുരുവിൽനിന്നെടുക്കുന്ന തൈലത്തിലോ പൂരി ഉണ്ടാക്കപ്പെടുന്നു. കഴിച്ചാൽ വളരെ ദിവസത്തേക്കു വയറ്റുവേദന. ബസ്സിലും തീവണ്ടിയിലും കയറാൻ ആളുകൾക്കുപേടി. എപ്പോഴാണ് മിന്നൽപ്പണിമുടക്ക് എന്ന് എങ്ങനെ തീരുമാനിക്കും. ഞാൻ ഇരുട്ടിനെമാത്രം ചൂണ്ടിക്കാണിക്കുകയാണെന്നു വായനക്കാർ കരുതരുത്. ഇരുട്ടേയുള്ളൂ ഇവിടെ. എന്തുചെയ്യണം എന്തുപറയണം എന്നറിയാതെ ആളുകൾ ഉഴലുകയാണിവിടെ. ഈ കിരാതാവസ്ഥയിലേക്കു കുറ്റപ്പെടുത്തുന്ന വിരൽ ചൂണ്ടുകയാണ് ഇ. വി. ശ്രീധരൻ (കലാകൗമുദിയിലെ ആസുരമായ നമ്മുടെ കാലം എന്ന ലേഖനം നോക്കുക). സത്യം സത്യമായി ആവിഷ്കരിക്കുമ്പോൾ ശക്തിവിശേഷം അനുഭവപ്പെടുമല്ലോ. ആ ശക്തിവിശേഷം ഇ. വി. ശ്രീധരന്റെ പ്രബന്ധത്തിനുണ്ട്.

* * *

​​ “Violence is less and less embarrassed by the limits imposed by centuries of lawfulness, is brazenly and victoriously striding across the whole world” - സോൾ ഷെനിറ്റ്സ്യൻ നോബൽസമ്മാനം വാങ്ങിക്കൊണ്ടുചെയ്ത പ്രഭാഷണത്തിൽനിന്ന്.

പലരും പലതും

തുഞ്ചത്തെഴുത്തച്ഛന്റെ പേരെന്തെന്നോ ജീവിതകാലമേതെന്നോ ആർക്കുമറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ പടം കുമാരിവാരികയിൽ കൊടുത്തിരിക്കുന്നു (പുറം 13). അക്കാഡമിക്കാർ കണ്ടാൽ ഇതു വലുതാക്കിവരച്ച് അക്കഡമിഹാളിൽ വയ്ക്കും. ചിത്രം അനാവരണം ചെയ്യാൻ അനുജൻ തിരുവാങ്കുളത്തിനെ ക്ഷണിക്കുകയും ചെയ്യും. മാർത്താണ്ഡത്തുള്ള എന്റെ ഒരു സ്നേഹിതന്റെ ആറ് പോസിൽ എടുത്ത ഫോട്ടോ ഒന്നാക്കി ഇരയിൻതമ്പിയാക്കിമാറ്റി, പാറശ്ശാലയിലുള്ള ഒരു ചിത്രകാരൻ. അതവിടെ വിരാജിക്കുന്നുണ്ട്. കുടുമ്മയുള്ള ഈ എഴുത്തച്ഛനും അവിടെ വിരാജിക്കാൻ ഇടവരട്ടെ.

ബ്രസീലിലെ മഹാനായ നോവലിസ്റ്റ് ഷൊർഷി അമാദു (Jorge Amado 1912) ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് ചെക്കൊസ്ലൊവാക്യയിലെ താമസക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റാണ് അദ്ദേഹം. അമാദുവിന്റെ നോവലുകളിൽ Gabriele, Clove, Cinnamon എന്നതിന് പ്രമുഖസ്ഥാനമുണ്ട്. വിശ്വാസംകൊണ്ടു കമ്മ്യൂണിസ്റ്റാണ് അദ്ദേഹമെങ്കിലും പാർട്ടിയോടുള്ള ന്യാസീകൃതത്വം (commitment) ഈ നോവലിൽ കാണാനില്ല. ഇതിലെന്നല്ല ഒരു നോവലിലും അതില്ല. അതിസുന്ദരങ്ങളായ അനേകം നോവലുകൾ എഴുതിയ അമാദു നോബൽ സമ്മാനത്തിന് അർഹനാണ്. കമ്മ്യൂണിസ്റ്റായതുകൊണ്ട് അദ്ദേഹത്തിന് അതുകിട്ടുന്നില്ലെന്നേയുള്ളൂ. അമാദുവിന്റെ Gabriele എന്ന നോവലിനെക്കുറിച്ച് ഹരി ലേഖാലയം ഗൾഫ് കൈരളിയിൽ എഴുതിയിരിക്കുന്നു. വിശ്വസാഹിത്യകാരന്മാരെ മലയാളികൾക്കു പരിചയപ്പെടുത്തുന്ന ഈ യത്നം ആദരണീയം തന്നെ.

കാർത്ത്യായനി അക്ക പ്രശാന്തനെന്ന പിഞ്ചുപയ്യനെ ഉമ്മവച്ചു കാമോത്സുകതയിലേക്കു നയിച്ചു. കാർത്ത്യായനിയക്കയുടെ മകൾ ഭാർഗ്ഗവിയെ പ്രശാന്തൻ സ്നേഹിച്ചു. അവൾ വേറൊരുത്തന്റെ ഭാര്യയായി. ഭാർഗ്ഗവിയുടെ മകൾ ജ്യോതി പ്രശാന്തനെന്ന അദ്ധ്യാപകന്റെ ക്ലാസ്സിലെ വിദ്യാർത്ഥിനി. അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലെന്നപോലെ പ്രായത്തിന്റെ വ്യത്യാസം. എങ്കിലും കിഴവൻ പ്രശാന്തനു കാമം. സന്മാർഗ്ഗച്യുതിയുള്ള ഇക്കഥ ശിവരാമൻ ചെറിയനാട് ഭേദപ്പെട്ട രീതിയിൽ പറഞ്ഞിരിക്കുന്നു. ജ്യോതിയെ കഥാകാരൻ വർണ്ണിക്കുമ്പോൾ ‘താമരമൊട്ടുകൾ ഒളിപ്പിച്ച മാറ്’ എന്നാണ് പറയുക. പക്ഷേ ജ്യോതിയുടെ ചിത്രത്തിൽ (ജെയിംസ് വരച്ചത്) തമരമൊട്ടുകളല്ല, ശീമച്ചക്കകളാണുള്ളത്. ശീമച്ചക്കപോലുള്ള ‘മാമറി ഗ്ലാന്റ്സ്’ ഹൃദയം കവരുമെന്നാണ് ഉള്ളൂർ പറഞ്ഞത്. ജെയിംസ് ‘ഉമാകേരളം’ വായിച്ചിരിക്കും. (കഥയും പടവും മാമാങ്കം വാരികയിൽ).

* * *

​​ കൃഷ്ണാനദിയുടെ മുകളിലുള്ള നീളം കൂടിയ പാലത്തിൽക്കൂടി തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ പാലം തകർന്നുവീഴുമെന്ന പേടിയില്ല. ആശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങൾ വായിക്കുമ്പോൾ മനസ്സിന് ഒരുറപ്പ്. കഴിഞ്ഞ ഒരു ദിവസം തിരുവനന്തപുരത്തെ ഒരു ദുർബലമായ പാലത്തിന്റെ മദ്ധ്യത്തിൽ ഞാനെത്തിയപ്പോൾ ഒരു സ്റ്റീം റോളർ പിറകെവന്നു. പാലം കുലുങ്ങി. ഞാൻ പേടിച്ചു. നവീനസാഹിത്യം വായിക്കുമ്പോൾ ഈ പേടിയാണെനിക്ക്.