close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 04 28


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 04 28
ലക്കം 502
മുൻലക്കം 1985 04 21
പിൻലക്കം 1985 05 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

യേശു അവരോടു മറ്റൊരു ദൃഷ്ടാന്തരൂപ കഥ പറഞ്ഞു: “സ്വർഗ്ഗരാജ്യം ഇതു പോലെയാണ്. ഒരുത്തൻ വയലിൽ നല്ല വിത്തുവിതച്ചു. ഒരു ദിവസം രാത്രി എല്ലാവരും ഉറക്കമായിരുന്നപ്പോൾ ഒരു ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ട് പൊയ്ക്കളഞ്ഞു. ചെടികൾ വളർന്നു ധാന്യശീർഷകങ്ങൾ ഉണ്ടായപ്പോൾ കളകളും പ്രത്യക്ഷങ്ങളായി. അയാളുടെ പരിചാരകർ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങ് വയലിൽ നല്ല വിത്താണു വിതച്ചത്. കളകൾ എവിടെ നിന്ന് വന്നു?’ അയാൾ മറുപടി നൽകി: ‘ഏതോ ശത്രു ചെയ്തതാണിത്.’ അവർ ചോദിച്ചു: ‘ഞങ്ങൾ ചെന്ന് കളപറിച്ച് കളയണോ.’ അയാൾ പറഞ്ഞു: ‘വേണ്ട. കളപറിക്കുമ്പോൾ നിങ്ങൾ ഗോതമ്പുചെടികളും പിഴുതെടുത്തെന്ന് വരും. കൊയ്ത്തുകാലം വരെ ഗോതമ്പും കളകളും ഒരുമിച്ച് വളരട്ടെ. അപ്പോൾ ഞാൻ കൊയ്ത്തുകാരോടു പറയാം കളകൾ ആദ്യം പറിച്ചെടുത്ത് ഒരുമിച്ചുകെട്ടി കരിച്ചുകളയാൻ; എന്നിട്ട് ഗോതമ്പു എന്റെ അറപ്പുരയിൽ ഇടാനും.” (മാത്യു 13:24 — തർജ്ജമ സ്വന്തം). മനോഹരമായ ഈ ഹിതോഉപദേശകഥയ്ക്ക് ഏതോ പ്രതിഭാശാലി വിഭിന്നമായ പര്യവസാനം നൽകിയിട്ടുണ്ട്. അതിങ്ങനെ:

പരിചാരകർ ഒരുമിച്ചുകൂടി. അവർ പറഞ്ഞു: “ഇപ്പോൾ കള പറിക്കുന്നതാണ് നല്ലത്. പക്ഷേ ഉടമസ്ഥൻ തെറ്റു പറഞ്ഞാലും നമ്മൾ അനുസരിക്കണമല്ല്ലോ. ഇതിനിടയ്ക്ക് ആരാണ് ശത്രുവെന്ന് നമുക്കു കണ്ടുപിടിക്കാം. അവർ അന്വേഷണം തുടങ്ങി. പക്ഷേ കുറ്റക്കാരനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ ഒരു പരിചാരകൻ വന്ന് പ്രധാനപ്പെട്ട പരിചാരകനോടു പറഞ്ഞു: “ക്ഷമിക്കണം. ഈ രഹസ്യം എനിക്കിനി ഒളിച്ചു വയ്ക്കാൻ കഴിയില്ല. കള വിതച്ച ശത്രു ആരാണെന്ന് എനിക്കറിയാം. വിതയ്ക്കുന്ന സമയത്ത് ആളിനെ ഞാൻ കണ്ടു. എന്റെ അടുത്തുകൂടെത്തന്നെയാണ് ആ മനുഷ്യൻ പോയത്. അയാൾ എന്നെ തിരിച്ചറിഞ്ഞില്ല; ഞാൻ അറിയുകയും ചെയ്തു.” ക്ഷോഭത്തോടു കൂടി പ്രധാനപ്പെട്ട പരിചാരകൻ ചോദിച്ചു: “ആരാണ് അയാൾ? എന്നോടു വേഗം പറയു. അയാൾക്ക് ശിക്ഷ നൽകട്ടെ ഞാൻ.” പരിചാരകൻ തലതാഴ്ത്തി വളരെ പതുക്കെ പറഞ്ഞു: “ഉടമസ്ഥൻ തന്നെയാണ് അത് ചെയ്തത്.” ആ രഹസ്യം പുറത്തുപറയേണ്ടതില്ലെന്നു രണ്ടുപേരും തീരുമാനിച്ചു.

സാഹിത്യക്ഷേത്രത്തിൽ പാഴ്‌ചെടികൾ ധാരാളം വളർന്നുനിൽക്കുന്നോ? ഉണ്ട്. എങ്കിൽ അതിനു കാരണക്കാർ സാഹിത്യം രചിക്കുന്നവർ തന്നെയാണ്. സമുദായമാകെ ജീർണ്ണിച്ചതുകൊണ്ട് സമുദായത്തിന്റെ പ്രതിധിയായ സാഹിത്യകാരൻ ജീർണ്ണിച്ച മട്ടിൽ സാഹിത്യം സൃഷ്ടിക്കുന്നു എന്ന് കരുതേണ്ടതില്ല. കളവിതച്ചിട്ട് അയാൾ അക്കാര്യം രഹസ്യമായി വയ്ക്കുന്നു. അതുകണ്ട ആളുകൾ രഹസ്യം ഒളിച്ചു വയ്ക്കുകയല്ല വേണ്ടത്. ഗോതമ്പുവയലിൽ കളവിതയ്ക്കുന്നവന്റെ മുഖത്തു നോക്കി “ആ മനുഷ്യൻ നീ തന്നെ” എന്നു ഉറക്കെപ്പറയണം. അതിനു മടിക്കരുത്. “ചിത്തം ചലിപ്പതിനു ഹേതു മുതിർന്നുനിൽക്കെ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ”.

പണത്തിന്റെ ഭാഷ

ജീവിതത്തെസ്സംബന്ധിച്ച് അധമവും സങ്കുചിതവും ആയ വീക്ഷണഗതിയുള്ള പലരേയും നമുക്കറിയാം. അവർ എപ്പോഴും സ്വാർത്ഥത്തെ മുൻനിർത്തി പര്യാലോചന ചെയ്യുന്നവരാണ്. എന്തും സ്വായത്തമാക്കുക എന്നതാണ് അക്കൂട്ടരുടെ ലക്ഷ്യം. അവർ പണം സമ്പാദിച്ചു കൂട്ടുന്നു; വസ്തുക്കൾ വാങ്ങിക്കുന്നു; ഒരു ബന്ധു വസ്തുക്കളിൽ തല്പരനല്ലങ്കിൽ അവന്റെ ‘വക’യും പിടിച്ചെടുക്കുന്നു. ഇങ്ങനെയുള്ളവരുടെ വീട്ടിലേക്കൊന്നു കയറൂ. ഈട്ടിയും തേക്കും കൊണ്ടുള്ള ഫർണിച്ചർ. അവയുടെ ആധിക്യം കൊണ്ട് നമുക്കു കാലു തട്ടാതെ നടക്കാൻ ഒക്കുകയില്ല. സ്റ്റീൽ പാത്രങ്ങളുടെ ബഹളം. സേഫിനകത്ത് കറൻസിനോട്ടൂം സ്വർണ്ണവും വെള്ളിയും നിറഞ്ഞിരിക്കും. മുൻവശത്തേക്കു നോക്കു. കാറ്, സ്കൂട്ടർ, മോട്ടോർസൈക്കിൾ, ബൈസിക്കിൾ. എനിക്കറിയാവുന്ന ഒരാളിനു മൂന്നു കാറുണ്ട്. ഫിയറ്റിൽ സായാഹ്നസവാരി. ഭാര്യയ്ക്ക് ഓടിക്കാൻ ആ കാറാണ് സൗകര്യം. ഓഫീസിൽ പോകാൻ അംബാസിഡർ. അതാണ് അന്തസ്സ്. മകനു കൊണ്ടു പോകാൻ മാരുതി. ഇവയ്ക്കു പുറമേയാണ് സ്കൂട്ടറും മറ്റും. ഇവർക്കു ഇ. എഫ്. ഷൂമാഹറുടെ enough — മതി — എന്ന സിദ്ധാന്തം മനസ്സിലാവില്ല. ‘ചെറുതാണു സുന്ദരം’ — Small is beautiful — എന്നതും ഗ്രഹിക്കാനാവില്ല. (E. F. Schumacher ജർമ്മനിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പേര് ഷൂമാഹർ എന്നാണ്. ഷൂമേക്കർ എന്നു കലാകൗമുദിയിൽ എഴുതിയിരുന്നത് ശരിയല്ല). ഈ രീതിയിൽ കൊതിയാർന്ന ഒരു സ്ത്രീയെയാണ് ബി. മാധവമേനോൻ “മനസ്സിലാകുന്ന ഭാഷ”യിൽ അവതരിപ്പിച്ചിട്ടുള്ളത്. അവർക്കു മനസ്സിലാകുന്ന ഭാഷ പണത്തിന്റെ ഭാഷയാണ്. ദാമ്പത്യജീവിതത്തിന്റെ മൂല്യങ്ങളെ നിരാകരിച്ച് പണത്തിന്റെ മൂല്യത്തിനുവേണ്ടി ജീവിച്ച അവർക്ക് തിരിച്ചടി കിട്ടുന്നു. അന്യദേശത്ത് ജോലിക്കുപോയ മരുമകൻ (മകളുടെ ഭർത്താവ്) പണം മുറയ്ക്ക് അയയ്ക്കുന്നു. നാട്ടിൽ ഭാര്യയെ കാണാൻ, കുഞ്ഞിനെ കാണാൻ വരുന്നില്ല. മകളുടെ ദുഃഖം കണ്ടപ്പോൾ ജീവിതത്തെക്കുറിച്ച് തനിക്കുള്ള മാനസികനില തെറ്റാണെന്ന് അവർ മനസ്സിലാക്കുന്നു. ആശയത്തിന്റെ ചാരുതയുള്ള ഭേദപ്പെട്ട കഥ (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

കെ. പി. ശങ്കരന്റെ അനുഭാവം

“ഇതിൽ വല്ല മേനിപറച്ചിലും ഉള്ളതായി ‘അമ്പലമണി’ അനുഭാവപൂർവ്വം പരിശോധിക്കുന്ന ആർക്കും തോന്നുകയില്ല” എന്ന വാക്യം കെ. പി. ശങ്കരന്റേതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനത്തിൽ കണ്ടതുമാണ്. അനുഭാവം എന്ന് ലേഖകൻ പ്രയോഗിച്ചത്, ‘മനസ്സലിവോടെ, അനുകമ്പയോടെ’ എന്ന അർത്ഥത്തിലാണെങ്കിൽ അത് ‘സാധു സാധു’ എന്നു ‘ബഹുശഃ പ്രഘോഷിക്കാൻ’ വയ്യ. ‘അനുഭാവഃ പ്രഭാവേ ച സതാം ച മതി നിശ്ചയഃ’ എന്ന് അമരം. പ്രഭാവത്തിന്റെയും (തേജസ്സിന്റെയും), സജ്ജനങ്ങളുടെ ബുദ്ധിനിശ്ചയത്തിന്റേയും പേരാണ് അത്. ഭയം തുടങ്ങിയ മനോവികാരങ്ങളെ പുറത്തേക്ക് അറിയിക്കുന്ന ചേഷ്ടാവിശേഷത്തിന്റെയും പേരാണ് അനുഭാവം (അനുഭാവഃ). “അനുഭാവ വിശേഷാന്തു സേനാപരിവൃതാവിവ” എന്ന് രഘുവംശത്തിൽ (സർഗ്ഗം 1, ശ്ലോകം 35). “അധൃഷ്യത തോന്നിക്കുന്ന തേജോവിശേഷമത്രേ അനുഭാവം” എന്ന് കുട്ടിക്കൃഷ്ണമാരാർ. ഇനി പത്രക്കാർക്ക് പറയാം “മന്ത്രി അനുഭാവപൂർവ്വം മറുപടി നൽകി”യെന്ന്. അതുകൊണ്ട് കെ. പി. ശങ്കരനും പറയാം. അദ്ദേഹം അദ്ധ്യാപകനാണെങ്കിലും ഏറിയ കൂറും പത്രഭാഷയിൽ പ്രബന്ധങ്ങൾ എഴുതുന്ന ആളാണല്ലോ. ഇനി ഇതിനു മറുപടിയായി ‘ശബ്ദതാരാവലി’ യിൽ അനുഭാവത്തിന് ഉള്ളഴിഞ്ഞ കാരുണ്യം എന്ന് അർത്ഥം നൽകിയിരിക്കുന്നതായി ആരും ചൂണ്ടിക്കാണിക്കരുതേ. ശബ്ദതാരാവലി പ്രാമാണിക ഗ്രന്ഥമല്ല.

യൗവനം

‘വാർദ്ധക്യം വരുന്നത് കേൾക്കാൻ സാധിച്ചില്ലെങ്കിൽ വാതിലടച്ച് സാക്ഷയിട്ടിട്ട് “വീട്ടിലില്ല” എന്ന് പറയാമായിരുന്നു’ – ഈ അർത്ഥത്തിൽ ഒരു ജപ്പാനീസ് കവിത ഞാൻ വായിച്ചിട്ടുണ്ട്. വാതിലിൽ തട്ടുന്നത് കേൾക്കുമ്പോൾ അത് തുറന്ന് നോക്കി. വാർദ്ധക്യമല്ല, യൗവനം തേജസ്സാർന്ന് നിൽക്കുന്നു, എന്റെ മുൻപിൽ. പ്രശസ്തനായ കഥാകാരൻ സക്കറിയ. ആകൃതി സൗഭഗത്താൽ അനുഗൃഹീതനാണ് അദ്ദേഹം. ഞാനാദ്യം പറഞ്ഞത് “പടത്തിൽ കാണുന്നതുപോലെയല്ലല്ലോ ആള് നേരിട്ട് കാണാൻ”. കൂടെയുണ്ടായിരുന്ന എസ്സ്. ജയചന്ദ്രൻ നായർ പറഞ്ഞു, ‘സുമുഖൻ, അല്ലേ?” “അതേ” എന്നു ഞാൻ. സുജനമര്യാദയുടേയും വിനയത്തിന്റേയും പ്രതിരൂപമാണ് സക്കറിയ. ഞങ്ങൾ മൂന്നുപേരും പല വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. സക്കറിയയ്ക്കും ജയചന്ദ്രൻ നായർക്കും ഏതു വിഷയത്തെ സംബന്ധിച്ചും മൗലികമായി പലതും പറയാനുണ്ട്. ഹൈന്റിഹ് ബോയ്‌ൽ, താരിഖ് അലി, ഒ. വി. വിജയൻ ഇവരുടെ സംഭാവനകളെ അവർ വിലയിരുത്തി. അപ്പോൾ സക്കറിയ പറഞ്ഞു: ‘വിജയന്റെ ”ധർമ്മപുരാണം” റിവൈസ് ചെയ്ത് പ്രസിദ്ധപ്പെടുത്താൻ പോകുന്നു. വെരി ഗ്രേറ്റ് എന്നു വേണം ആ നോവലിനെ വിശേഷിപ്പിക്കാൻ’. റിവിഷനിൽ മഹനീയത കൈവരിക്കുമെന്ന് ഞാൻ വിചാരിച്ചു. പുതുമ പഴമയാകുമ്പോൾ പഴമയ്ക്ക് നവീകരണം നൽകാം. അപ്പോൾ പഴമ പുതുമയാകും.ആ നവീനത വൈക്കം മുഹമ്മദ് ബഷീറിനുമുണ്ടെന്നാണ് സക്കറിയയുടെ മതം. ബഷീറിന്റെ “പാത്തുമ്മയുടെ ആട്” ചേതോഹരവും ഉജ്ജ്വലവും ആണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമണിക്കൂർ നേരത്തെ സംഭാഷണത്തിനു ശേഷം ആ നല്ല സുഹൃത്തുക്കൾ യാത്ര പറഞ്ഞു. ശൂന്യത. വാർദ്ധക്യം വീണ്ടും വാതിലിലെത്തി യൗവനത്തെ കാത്തു നിൽക്കുകയാണ്. കൈയിൽ കുങ്കുമം വാരികയുണ്ട്. ബഷീറുമായി, വൈക്കം ചന്ദ്രശേഖരൻ നായരും ഡോക്ടർ എം. എം. ബഷീറും നടത്തിയ ഇന്റർവ്യൂവിന്റെ റിപ്പോർട്ടുണ്ട് ആർ. പവിത്രന്റേതായി. വായിച്ചു. ഒട്ടൊക്കെ രസമുണ്ട്, ബഷീറിന്റെ അഭിപ്രായങ്ങളറിയാൻ.

* * *

ഗഹനമായി ചിന്തിക്കുന്ന മനുഷ്യൻ അന്തരീക്ഷത്തിലേക്ക് നോക്കുന്നു. ലജ്ജാവതിയായ നവവധു താഴത്തേക്ക് നോക്കുന്നു. സാഹിത്യത്തെക്കുറിച്ച് വിചാരിക്കുമ്പോഴൊക്കെ ഇതെഴുതുന്ന ആൾ പടിഞ്ഞാറോട്ട് നോക്കുന്നു. ആദ്യത്തെ രണ്ടും ശരിയാണെങ്കിൽ മൂന്നാമത്തേതും ശരി.

പാപകർമ്മം

ജനങ്ങൾ തിരഞ്ഞെടുത്തയച്ചവർ മന്ത്രിമാരാകുമ്പോൾ അധികാരഗോപുരത്തിന്റെ അഗ്രത്തിൽ കയറിയിരിക്കുന്നു. അവരെക്കാണാൻ ജനങ്ങൾക്ക് കഴിയുന്നില്ല. ഗോപുരാഗ്രത്തിൽ ഇരുന്നുകൊണ്ട് അവർ ദിവസവും കള്ളം പറയുന്നു. ആ കള്ളമൊക്കെ സത്യമാണെന്ന് കുറേപ്പേരെങ്കിലും വിശ്വസിക്കുന്നുണ്ട്. സ്ത്രീകൾ അഹങ്കരിക്കുന്നു (പുരുഷന്മാരും അഹങ്കരിക്കുന്നുണ്ടെങ്കിലും അഹങ്കരിക്കുന്ന സ്ത്രീ കാരിക്കേച്ചറാണ്). കാമുകിയും കാമുകനും, ഭാര്യയും ഭർത്താവും, ബസ്സിലും, ട്രൈനിലും, പാതവക്കത്തും വച്ച് കാമാവേശം പ്രകടിപ്പിക്കുന്നു. അടിയും ഇടിയും കൊലപാതകവും സർവ്വസാധാരണം. സന്ധ്യയ്ക്കു ശേഷം ഒരു സ്ത്രീക്കും പട്ടണത്തിൽ ഒറ്റയ്ക്ക് പോകാൻ വയ്യ. ബസ്സ്‌സ്റ്റോപ്പിൽ ബസ്സ് കാത്ത് തനിച്ച് നിൽക്കുന്ന സ്ത്രീയെ ആഭാസന്മാർ വളയുന്നു. മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൊതി പ്രത്യക്ഷപ്പെടുന്നു. കടയുടമസ്ഥൻ വിൽക്കുന്ന സാധനങ്ങൾക്കു തോന്നിയ വില വാങ്ങുന്നു. കരുതിക്കൂട്ടി വഞ്ചിക്കുന്നു. ഇങ്ങനെ എത്രയെത്ര പാപങ്ങൾ. സംഘം ചേർന്നു പാപം ചെയ്യുന്നവരും ധാരാളം. സാഹിത്യം രചിച്ചു ആളുകളെ കുത്സിതമാർഗ്ഗത്തിൽ വീഴ്ത്തുന്നവർ ഈ ഗ്രൂപ്പിൽപ്പെടുന്നു. അവരിൽ ഒരാളാണു വഴിത്തല രവി. മനോരാജ്യം വാരികയിൽ അദ്ദേഹമെഴുതിയ “ഒടുവിൽ ഒരു ദിവസം” എന്ന കഥ വായിച്ചപ്പോഴാണു എനിക്കങ്ങനെ തോന്നിയത്. ബി.എ. പരീക്ഷ ജയിച്ചവളെ വിവാഹം കഴിക്കാനെത്തിയ ഒരുത്തനെ അവൾ ആട്ടിയോടിച്ചു. വർഷങ്ങൾ കഴിഞ്ഞു അയാൾ ഉന്നതസ്ഥാനത്തു എത്തുമ്പോൾ അവൾ ജോലി വേണമെന്നു പറഞ്ഞു അയാളുടെ അടുക്കലെത്തി. ആദ്യം അവളെ സംശയത്തിലേക്കു എറിഞ്ഞിട്ടു അയാൾ ജോലി കൊടുക്കുന്നു. ദൈനംദിന ജീവിതത്തിലെ അനുഭവത്തെ തീക്ഷ്ണമാക്കുമ്പോഴാണു കലയുടെ ആവിർഭാവം. സാധാരണത്വത്തിൽ അസാധാരണത്വം കാണുന്നവനാണു കലാകാരൻ. അങ്ങനെയുള്ള കാഴ്ചയൊന്നും ശക്തനല്ല വഴിത്തല രവി. ശക്തനല്ലെന്നു മാത്രമല്ല അരോഗാവസ്ഥയെ രോഗാവസ്ഥയാക്കാൻ വിരുതനുമാണ് അദ്ദേഹം. പാപാധിഷ്ഠിതമായ ഒരു “ഗ്രൂപ്പ്തിങ്കിങ്ങി”ന്റെ വക്താവാണു അദ്ദേഹം. മറ്റുള്ളവവരുടെ പേരുകൾ ഇപ്പോൾ പറയുന്നില്ല. എന്റെ ശത്രുക്കളുടെ സംഖ്യ ക്രമേണ കൂട്ടിയാൽ മതിയല്ലോ.

* * *

ജർമ്മൻ കവിയും നാടകകർത്താവുമായ ഫ്രാങ്ക് വേഡകിന്റിന്റെ (Frank Wedekind, 1864–1918) മാസ്റ്റർ പീസാണു മാർക്വിസ് ഒഫ് കീത്ത് എന്ന നാടകം. മാർക്വിസ് ഒഫ് കീത്ത് എന്നു സ്വയം പേരു സ്വീകരിച്ച ഒരു കള്ളന്റെ കഥ പറഞ്ഞു ഇടത്തരം വർഗ്ഗത്തിന്റെ ജീവിത വിജയത്തെ പരിഹസിക്കുകയാണു വേഡകിന്റ്. രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ ആരും മറ്റേയാൾ പറയുന്നത് ശ്രദ്ധിക്കാറില്ല എന്നത് ഇപ്പോഴത്തെ ഒരാശയമാണു. ആ ആശയം നാടകകർത്താവു ഇങ്ങനെ ആവിഷ്കരിക്കുന്നു:

മോളി
അപ്പോൾ നിങ്ങൾ ബുക്ക്ബർഗ്ഗിൽ വരുന്നില്ലേ?
കീത്ത്
(ചുരുട്ടിയെടുത്ത പ്ലാനെല്ലാം ഭുജത്തിനു താഴെ വച്ചിട്ട് നടുക്കുള്ള മേശമേൽ നിന്നു ഹാറ്റെടുത്ത് തലയിൽ ചരിച്ചുവയ്ക്കുന്നു) അയാളെങ്ങനെ വിഷയാസക്തനാകാൻ പോകുന്നു എന്നത് എനിക്കു ആലോചിക്കാതിരിക്കാനേ വയ്യ (തിടുക്കത്തിൽ പോകുന്നു).
ഒന്നാമങ്കം

ഒരാൾ മറ്റൊരാൾ പറയുന്നത് ശ്രദ്ധിക്കുന്നില്ല എന്ന ആശയം വേഡകിന്റ് ഭംഗിയായി ആവിഷ്കരിക്കുന്നു. ക്ഷുദ്രങ്ങളായ കഥകൾ എഴുതുന്ന നമ്മുടെ ആളുകൾക്കു ഒരാശയവും പകർന്നുതരാനില്ല [വേഡകിന്റിന്റെ നാടകത്തോടു ബന്ധപ്പെട്ട ആശയത്തിനു മാർട്ടിൻ എസ്‌ലിനോടു കടപ്പാടു].

ദാസ്യം

വ്യക്തികൾ മരിക്കും, കഥാപാത്രങ്ങൾ മരിക്കുകയില്ല എന്ന ആശയം പ്രചരിപ്പിച്ചത് ഇറ്റലിയിലെ മഹാനായ നാടകകർത്താവു പീറാന്തെല്ലോയാണു. ഭാവനയുടെ സന്താനമായ കഥാപാത്രം നാടകത്തിലൂടെ ചിരം ജീവിയായിത്തീരുന്നു. ഈ ലോകത്തെ വ്യക്തി കുറച്ചുകാലം മാത്രമേ ജീവിക്കുന്നുള്ളു (“Six Characters in Search of an author” എന്ന തന്റെ ഉജ്ജ്വലമായ നാടകത്തിനു പീറന്തെല്ലോ എഴുതിയ അവതാരിക നോക്കുക). ഈ വിചാരത്തിന് അനുരൂപമായ മട്ടിൽ അദ്ദേഹം A Character in Distress എന്നൊരു ചെറുകഥയും എഴുതിയിട്ടുണ്ടു. ഒരു ദിവസം ഗ്രന്ഥകാരൻ – പീറാന്തെല്ലോ — രോഗം ഭേദമായി ആരോഗ്യം വീണ്ടെടുക്കുന്ന കാലത്തു ഒരു കഥാപാത്രം അദ്ദേഹത്തെ കാണാൻ വന്നു. Old Music എന്നൊരു ചെറുകഥ അദ്ദേഹം എഴുതിയിരുന്നു. അതിൽ നിഗ്രഹിക്കപ്പെട്ട കഥാപാത്രമാണു അയാൾ കാതരമായ മന്ദഹാസത്തോടു കൂടി ആ കഥാപാത്രം പീറാന്തെല്ലോയുടെ മുറിയിലെത്തി ചോദിച്ചു: “May I? … If you don’t mind …” അദ്ദേഹം മറുപടി നൽകി: “Yes do come in my dear little old man.”

ഇതൊക്കെ പല പരിവൃത്തി കണ്ട ഞങ്ങളെ ബാലകൃഷ്ണൻ മാങ്ങാടു “കഥ ഇതുവരെ” എന്ന ചെറുകഥയെഴുതി ഉപദ്രവിക്കേണ്ടിയിരുന്നില്ല. കഥാകാരന്റെ കഥാപാത്രമായ ഒരു പെണ്ണു അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രമായ യുവാവിനെ ഭൂമിയിലേക്കിറങ്ങി കാണുന്നു, അയാളോടു സംസാരിക്കുന്നു. അവൻ നല്ലവനല്ലെന്നു കഥാകാരൻ അവളോടു പറഞ്ഞിട്ടും അവൾ കൂട്ടാക്കുന്നില്ല. “ഉള്ളിൽ കൊടുങ്കാറ്റുയർത്തി വിട്ടു എല്ലാം കശക്കിയെറിഞ്ഞു ചവിട്ടി മെതിച്ച്” അവൾ നടന്നുപോകുമ്പോൾ കഥാകാരൻ വധം നടത്താൻ തീരുമാനിച്ചു. പെണ്ണിനെ കൊല്ലണമോ അതോ ആണിനെ കൊല്ലണമോ എന്നതിലേ അദ്ദേഹത്തിനു സംശയമുള്ളു. എന്തൊരു ദാസ്യം! എന്തൊരു ഹീനമായ ദാസ്യം! (കഥ ‘കലാകൗമുദി’യിൽ).

ശബ്ദഭേദി, ലക്ഷ്യവേധി

ദശരഥൻ യുവാവായിരുന്ന കാലത്തു വനത്തിൽ വേട്ടയാടി നടന്നപ്പോൾ അകലെ ആന വെള്ളം കുടിക്കുന്ന രീതിയിലുള്ള ശബ്ദം കേട്ടു. ശബ്ദഭേദിയായ അസ്ത്രം അദ്ദേഹം അയച്ചു. മനുഷ്യ വിലാപം കേട്ടു അദ്ദേഹം ചെന്നു നോക്കിയപ്പോൾ ഒരു മുനികുമാരൻ അമ്പേറ്റു പിടയ്ക്കുന്നതു കണ്ടു. അച്ഛനമ്മമാർക്കു വേണ്ടി കുടത്തിൽ വെള്ളം മുക്കിയെടുത്തപ്പോൾ ഉണ്ടായ ശബ്ദമാണു ആനയുടെ ജലപാനനിസ്വനമായി ദശരഥൻ തെറ്റിദ്ധരിന്നു. ഉള്ളൂരിന്റെ സാങ്കല്പികങ്ങളായ ഡയറിക്കുറിപ്പുകളെഴുതിയാണു് അദ്ദേഹം ഇതനുഷ്ഠിക്കുന്നതു്. ഒരുദാഹരണം “എന്റെ സാഹിത്യ ചരിത്രത്തിലെ ഏതാനും പേജുകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്താൽ പി. എച്ച്. ഡി. ലഭിക്കുമോ?”

(സാങ്കല്പിക ഡയറിക്കുറിപ്പിൽ, ജി. ശങ്കരക്കുറുപ്പു് ’നിമിഷം’ എന്ന കവിതയെഴുതിയതിന്റെ പേരിലാണു് സർക്കാർ നടപടിയെടുത്തതെന്നു കാണിച്ചിരിക്കുന്നു. അതുതെറ്റു്. ’നാളെ’ എന്ന കവിത രചിച്ചതിന്റെ പേരിലായിരുന്നു കേസ്സ്).

ഷാക്ക് മൊണൊ

1965-ൽ നോബൽ സമ്മാനം നേടിയ ഫ്രഞ്ച് മോളിക്യുലർ ബയോളജിസ്റ്റ് ഷാക്ക് മൊണോയുടെ Chance and Necessity എന്ന പുസ്തകം വായിച്ചു.

പ്രപഞ്ചത്തിന്റെ നേർക്കു കണ്ണു തുറന്ന നമ്മുടെ പൂർവികർ വിചാരിച്ചില്ല അവർ അന്യരാണെന്നു്. നമുക്കു് എന്നു തോന്നുന്നു നമ്മൾ അന്യരാണെന്നു്. നമുക്കു് അങ്ങനെ തോന്നാനുള്ള കാരണങ്ങൾ പൂർവികർക്കു് ഇല്ലായിരുന്നു. അവർ ആദ്യം കണ്ടതു് മൃഗങ്ങളേയും ചെടികളെയുമാണു്. ചെടികൾ വളരുന്നു. മൃഗങ്ങൾ ഇരയുടെ പിറകേ പാത്തും പതുങ്ങിയും പോകുന്നു. ശത്രുക്കളെ ആക്രമിക്കുന്നു. സന്തതികൾക്കു് ആഹാരം നല്കുന്നു. അവയെ രക്ഷിക്കുന്നു. പെണ്ണിനെ കൈക്കലാക്കാൻ ആണു് സമരം ചെയ്യുന്നു. ചെടികൾക്കും മൃഗങ്ങൾക്കും ലക്ഷ്യമുണ്ടു്; ജീവിക്കുക, സന്തതികളിലൂടെ ജീവിച്ച് മരണത്തെ തോല്പിക്കുക എന്ന ലക്ഷ്യം. പൂർവികർ പാറകളും നദികളും കണ്ടു. മിന്നലും മഴയും ദർശിച്ചു. അവയ്ക്കു് അസ്തിത്വമുള്ളതുകൊണ്ടു് അവയ്ക്കും ലക്ഷ്യമുണ്ടെന്നു് അവർ കരുതി. നദിയുടെ അടിത്തട്ടിലും പർവതാഗ്രത്തിലും എന്തോ ശക്തി വിശേഷം പ്രവർത്തിക്കുന്നുണ്ടു്. സർവ്വ വസ്തുക്കളെയും ആനിമേറ്റ് ചെയ്യുന്ന – ഉത്തേജിപ്പിക്കുന്ന – ശക്തിവിശേഷം. ഇതാണു് ആനിമിസം എന്ന സിദ്ധാന്തം. തന്റെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ ചലനങ്ങളെ മനുഷ്യൻ അചേതനമായ പ്രകൃതിയിൽ അധ്യാരോപം ചെയ്യുമ്പോൾ ’ആനിമിസം’ എന്ന അവാസ്തവികത്വം ജനിക്കുന്നു. മാർക്സിന്റെയും എംഗൽസിന്റെയും ഡയലക്ടിക്കൽ മെറ്റീരിയലിസം ഈ വിധത്തിൽ ഒരു ആനിമിസമാണെന്നു് ഷാക്ക്മൊണോ വാദിക്കുന്നു. ജീവന്റെ ഉല്പത്തികാരണം ആകസ്മികത്വമാണെന്നും (Chance) അതിനു് സാമാന്യമായ ലക്ഷ്യമില്ലെന്നുമാണു് അദ്ദേഹത്തിന്റെ അഭിപ്രായം. റൊളാങ്ബാർതേഷും (Roland Barthes – ഫ്രഞ്ചെഴുത്തുകാരൻ) പ്യജേയും (Piaget – സ്വിസ്സ് മനഃശാസ്ത്രജ്ഞ്ഞൻ) മൊണോയുടെ വാദം നിരർത്ഥകമാണെന്നു പറഞ്ഞിട്ടുണ്ട്. 1976-ൽ മൊണോ മരിച്ചു.

ഒഴിഞ്ഞു പോകൂ

ലൗഡ്‌സുവും (Lao Tzu) ജ്വങ്‌ഡ്സുവും (Chuang Tzu) രൂപം കൊടുത്ത ചൈനീസ് തത്വചിന്തയാണു് തൗളസം (Taoism). ജ്വാങ്‌ഡ്‌സുവിന്റെ വിശിഷ്ഠമായ ദാർശനികഗ്രന്ഥം അദ്ദേഹത്തിന്റെ പേരു നൽകി ഇംഗ്ലീഷിലേക്കു് തർജ്ജമചെയ്തിട്ടുണ്ട്. (Chuang Tzu – Translated by Herbert Agiles) അതിൽ വർണ്ണിച്ചിട്ടുള്ള ഒരു സംഭവം. ഒരു വള്ളം നദികടക്കുന്നുവെന്നു വിചാരിക്കൂ. അപ്പോൾ ആളില്ലാത്ത മറ്റൊരു വള്ളം അതിൽ വന്നു് ഇടിക്കാൻ പോകുകയാണു്. പെട്ടെന്നു് ദേഷ്യപ്പെടുന്ന മനുഷ്യനും ആ സന്ദർഭത്തിൽ ദേഷ്യപ്പെടില്ല എന്നാൽ രണ്ടാമത്തെ വള്ളത്തിൽ ആരെങ്കിലുമുണ്ടെന്നു കരുതൂ. അപ്പോൾ ആദ്യത്തെ വള്ളത്തിലുള്ളവൻ മാറിപ്പോകാൻ വിളിച്ചു പറയും. മൂന്നു തവണ വിളിച്ചുപറഞ്ഞിട്ടും രണ്ടാമത്തെ വള്ളക്കാരൻ കേട്ടില്ലെങ്കിൽ ചീത്ത വാക്കുകൾ തീർച്ചയായും ഉണ്ടാകും. ആദ്യത്തെ സംഭവത്തിൽ ദേഷ്യമില്ല. രണ്ടാമത്തെതിൽ ദേഷ്യമുണ്ടു്. ദേഷ്യമില്ലാത്തതു് രണ്ടാമത്തെ വള്ളത്തിൽ ആളില്ലാത്തതുകൊണ്ടു്. ദേഷ്യമുണ്ടായതു് രണ്ടാമത്തെ വള്ളത്തിൽ ആളുണ്ടു് എന്നതിനാലാണു്. ഇതുപോലെതന്നെയാണു് മനുഷ്യന്റെ സ്ഥിതിയും. അവൻ ജീവിതത്തിലൂടെ ശൂന്യനായി അലഞ്ഞുതിരിഞ്ഞാൽ ആർക്കു് അവനെ മുറിവേല്‌പിക്കാൻ കഴിയും?

ഞാൻ ശൂന്യനായിട്ടല്ല സഞ്ചരിക്കുന്നതു്. ഏതാണ്ടു് നാൽപത്തഞ്ചുകൊല്ലത്തെ വായനയുണ്ടു് എനിക്കു്. മനസ്സു് ആണുങ്ങളെഴുതിയ മാസ്റ്റർപീസുകൾകൊണ്ടു് നിറഞ്ഞിരിക്കുന്നു. അതു് ഞാൻ തുഴഞ്ഞുവിടുന്ന വള്ളമാണു്. അതിലിടിക്കാൻ ആറ്റക്കോയ പള്ളിക്കണ്ടി “ഡാലിയ” എന്ന വള്ളത്തിൽ കയറി ’കുമാരി’ എന്ന ജലാശയത്തിലൂടെ വരുന്നു. “ആറ്റക്കോയ പള്ളിക്കക്കണ്ടീ താങ്കളുടെ ഡാലിയ വഞ്ചിക്കു വൈരൂപ്യത്തിന്റെ കനം കൂടുതല്ലണു്. ഒഴിഞ്ഞുപോകൂ.”

ഒരു മുട്ട

പീക്കിങ് ഈവനിങ് ന്യൂസി’ന്റെ എഡിറ്ററായിരുന്നു തെങ് തോ. അദ്ദേഹം ഒരു പഴയ ചൈനീസ് കഥയ്ക്കു വ്യാഖ്യാനം നൽകി. കഥയും വ്യാഖ്യാനവും സംഗ്രഹിച്ചെഴുതാം.

ഒരിക്കൽ ഒരു ദരിദ്രനു് ഒരു മുട്ട കളഞ്ഞുകിട്ടി. അതെടുത്തുകൊണ്ടുവന്നു് അയാൾ ഭാര്യയോടു പറഞ്ഞു. ’നമ്മൾ ഇതുകൊണ്ടു് ധനികരാവും പത്തുകൊല്ലത്തിനകം.’ ’അതെങ്ങനെ?’ എന്നു ഭാര്യയുടെ ചോദ്യം. ആയാൾ മറുപടി പറഞ്ഞു: ‘അയൽക്കാരന്റെ കോഴിയെ കടംവാങ്ങി ഞാൻ ഈ മുട്ടയുടെ മേൽ അടയിരുത്തും. കോഴിക്കുഞ്ഞു് വളരുമ്പോൾ മുട്ടയിടും. അങ്ങനെ പതിനഞ്ചു കോഴിക്കുഞ്ഞുങ്ങൾ ഓരോ മാസവും കിട്ടും. ഒടുവിൽ മൂന്നുകൊല്ലംകൊണ്ടു് പത്തു് ഔൺസ് വെള്ളിയുണ്ടാക്കിത്തരും നമുക്കു്. പത്തു് ഔൺസ് വെള്ളികൊണ്ടു് അഞ്ചു പശുക്കൾ വാങ്ങാം. മൂന്നു കൊല്ലംകൂടി കഴിയുമ്പോൾ നൂറ്റൻപതു പശുക്കൾ ഉണ്ടാകും. അവയെ വിറ്റാൽ മുന്നൂറു ഔൺസ് വെള്ളികിട്ടും. അതു നിരതദ്രവ്യമാക്കി അഞ്ഞൂറു് ഔൺസ് വെള്ളിയുണ്ടാക്കാം.’ ഇങ്ങനെ പറയുന്നതിനിടയിൽ അയാൾ ഭാര്യയെ അറിയിച്ചു ഒരു വെപ്പാട്ടിയെക്കൂടി സ്വീകരിക്കാൻ പദ്ധതിയുണ്ടെന്നു്. ഭാര്യ അതുകേട്ട് ദേഷ്യപ്പെട്ട് മുട്ടയിൽ ഒരടി. മുട്ട തകർന്നു.

ഇനിയാണു് തെങ്തോയുടെ കമന്റു്. ധനത്തിൽ അത്യാർത്തിയുള്ള അയാൾക്കു് അതാർജ്ജിക്കാൻ കുറേക്കാലം വെണ്ടിയുരുന്നു. പക്ഷേ, വ്യാമോജത്തിൽപ്പെട്ടാണു് ഓരോന്നും അയാൾ കണക്കുകൂട്ടിയതു്. ഭാര്യക്കു ദേഷ്യം തോന്നി. മുട്ടയും സമ്പാദ്യവും തകർത്തതിൽ കുറ്റം പറയാനെന്തിരിക്കുന്നു?

ഇതുവായിച്ച ചൈനീസ് അധികാരികൾ പ്രഖ്യാപിച്ചു: നമ്മുടെ സോഷ്യലിസ്റ്റ് റീകൺസ്റ്റ്രക്‌ഷൻ പരാജയപ്പെട്ടു എന്നാണു് തെങ്തോ സൂചിപ്പിക്കുന്നതു്. ഇതു അപകീർത്തികരമാണു്. സോഷ്യലിസ്റ്റ് റീകൺസ്റ്റ്രക്ഷൻ നമ്മൾ പ്രഖ്യാപിച്ചപ്പോൾ തിരുത്തൽ വാദി ക്രൂഷ്ചേവ് 1നമുക്കു കാത്തിരുന്നു അതിന്റെ വികാസം കാണാ’ മെന്നു പറഞ്ഞില്ലേ? നമ്മുടെ Great Leap forward തകർന്നെന്നു തിരുത്തൽ വാദികൾ പ്രഖ്യാപിച്ചില്ലേ? തെങ്തോ ‘വ്യാമോഹത്തിൽപ്പെട്ട്’ എന്നുപറഞ്ഞതു നമ്മുടെ പരാജയത്തെസൂചിപ്പിക്കാനല്ലേ? അയാൾ ക്രൂഷ്ചേവിനോടൊരുമുച്ച് യുഗ്മഗാനം പാടുകയല്ലേ?

1966-നുശേഷം തെങ്തോയെ ആരും കണ്ടില്ല. ജനയുഗം വാരികയിൽ മലയാറ്റൂർ രാമകൃഷ്ണനെഴുതിയ ‘തത്തമ്മ‘ എന്ന സറ്റയർ വായിച്ചപ്പോൾ ഞാൻ ഈ യഥാർത്ഥസംഭവം ഓർമ്മിച്ചുപോയി. മലയാറ്റൂരിനും എനിക്കും സർകാറിനെ വിബർഷിക്കാൻ ധൈര്യം നൽകുന്ന ജനാധിപത്യവ്യവസ്ഥയാണല്ലോ ഇവിടെയുള്ളതു്.