close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 11 13


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 11 13
ലക്കം 687
മുൻലക്കം 1988 11 06
പിൻലക്കം 1988 11 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“അക്രൊപൊലീസിന്റെ [1] ചുവട്ടിൽ വച്ച് ഞങ്ങൾ കടന്നുപോയ ആ പെൺകുട്ടിയെ എനിക്ക് എപ്പോഴെങ്കിലും മറക്കാൻ പറ്റുമോ? ഒരുപക്ഷേ, അവൾക്ക് പത്തുവയസ്സ് കാണുമായിരിക്കും. എരക്തീയമിലെ [2] കരീയറ്റിഡുകൾ [3] ക്കുള്ളതുപോലെ അവളുടെ ശരീരസവിശേഷതകൾ കുലീനങ്ങളും, ഗൗരവപൂർണ്ണങ്ങളും, അനാർഭാടങ്ങളും ആയിരിക്കാം. അവൾ കൂട്ടുകാരുമായി കളിക്കുകയായിരുന്നു… ഒരു സ്ത്രീയും, ഞാൻ കണ്ടിട്ടുള്ള അതിസുന്ദരിപോലും ഈ ബാലിക ഉളവാക്കിയതുപോലുള്ള ആദരത്തിന്റെ വികാരം എന്നിൽ മുൻപുളവാക്കിയില്ല, ഇപ്പോൾ ഉളവാക്കുന്നില്ല എന്നു പറഞ്ഞാൽ ‘വെനീസിലെ മരണം’ [4] വായിച്ച ഏതൊരാളും എന്റെ ആർജ്ജവത്തെ [5] അഭിനന്ദിക്കാതിരിക്കില്ല. വിധി അവളെ വീണ്ടും എന്റെ മാർഗ്ഗത്തിൽ കൊണ്ടു വരുകയാണെങ്കിൽ ഞാനെന്ത് ബുദ്ധിശൂന്യത കാണിക്കുമെന്ന് അറിയില്ല. അവൾ ശിശുവും, കന്യകയും, മാലാഖയും, വഴിപിഴപ്പിക്കുന്നവളും, പുരോഹിതയും, വേശ്യയും, ദൈവജ്ഞയും ഒരുമിച്ചുചേർന്നവളായിരുന്നു. അവൾ പ്രാചീന ഗ്രീസുകാരിയോ നവീന ഗ്രീസ്സുകാരിയോ അല്ല. ഗോത്രത്തിലോ കാലത്തിലോ വർഗ്ഗത്തിലോ പെടാത്തവൾ. അന്യാദൃശ. അവളെ നോക്കാനായി ഒരു നിമിഷം ഞങ്ങൾ നിന്നപ്പോൾ അവൾ നൽകിയ പുഞ്ചിരിയിൽ ഡാവിഞ്ചി അമരത്വം പ്രദാനം ചെയ്ത അജ്ഞേയധർമ്മം ഉണ്ടായിരുന്നു. ബുദ്ധമതകലയിൽ എവിടെയും കാണാവുന്നതും ഇൻഡ്യയിലെ മഹനീയങ്ങളായ ഗുഹകളിലും, അതിന്റെ [ഇൻഡ്യയുടെ] ദേവാലയങ്ങളിലെ മുഖപ്പുകളിലും, ജാവ, ബാലി ഈ സ്ഥലങ്ങളിലെ നൃത്തവിദഗ്ധരിലും, പ്രാകൃതവർഗ്ഗക്കാരിലും കാണുന്നതുമായ ധർമ്മം… ഇത് പടിഞ്ഞാറൻ സ്ത്രീയുടെ മുഖത്ത് നിശ്ശേഷം ഇല്ലാതെയായിരിക്കുന്നു.” രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച അമേരിക്കനെഴുത്തുകാരൻ ഹെൻറി മില്ലറുടെ പ്രകൃഷ്ടകൃതിയായ ‘The Colossus of Maroussi’ എന്ന പുസ്തകത്തിലെ ഒരു ഭാഗമാണിത്. ആർക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നുവോ അയാൾ ധന്യനാണ്.

“അദ്ദേഹം”

പ്രസസ്തനായ ചന്ദ്രചൂഡൻ നായർ നടത്തിയിരുന്ന ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകരായിരുന്നു ഞാനും വേറൊരാളൂം. ആ വേറൊരാളിനെ ‘അദ്ദേഹം’ എന്നു വിളിക്കട്ടെ. ഞാൻ തിരുവിതാംകൂർ സെക്രട്ടേറിയറ്റിൽ ഗുമസ്തൻ. ‘അദ്ദേഹം’ യൂണിവേഴ്സിറ്റി കോളെജിലെ ലക്ചറർ. സർക്കാരുദ്യോഗസ്ഥന്മാരെന്ന നിലയിൽ ഞങ്ങൾക്ക് ട്യൂറ്റോറിയൽ കോളേജുകളിൽ ചെന്നു പഠിപ്പിക്കാനും പ്രതിഫലം പറ്റാനും പാടില്ല. എങ്കിലും നാല്പത്തഞ്ചു രൂപ ശമ്പളം വാങ്ങിയിരുന്ന ഞാൻ പട്ടിണി കിടക്കാതിരിക്കാൻ വേണ്ടി ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുകയും ചന്ദ്രചൂഡൻ നായർ മാസം തോറും തന്ന അഞ്ഞൂറു രൂപ വാങ്ങുകയും ചെയ്തിരുന്നു. ശാസ്ത്രം പഠിപ്പിച്ചിരുന്ന ‘അദ്ദേഹ’ത്തിന് പ്രതിമാസം ആയിരം രൂപ കിട്ടുമായിരുന്നു. സർക്കാർ ജീവനക്കാർ ഇങ്ങനെ അവിഹിതമായി പണം പറ്റുന്നുണ്ടോ എന്നറിയാനായി സി. ഐ. ഡി. യിലെ ആളുകൾ രഹസ്യാന്വേഷണത്തിന് വരും. അതുകൊണ്ട് അദ്ദേഹം “ക്ലാസ്സ് എടുക്കുമ്പോൾ” ഞാൻ കോളേജിന്റെ ഗേറ്റിൽ വന്ന് വെയിലുകൊണ്ട് നോക്കിക്കൊണ്ടിരിക്കും. മുറിമീശവച്ച് മഫ്റ്റിയിൽ വരുന്ന സി. ഐ. ഡി. ഉദ്യോഗസ്ഥനെ കണ്ടാൽ ഞാൻ ‘അദ്ദേഹ’ ത്തിന്റെ ക്ലാസ്സിലേക്ക് ഓടിച്ചെന്ന് വിവരം പറയും. ഞങ്ങൾ രണ്ടുപേരും കോളേജിന്റെ പുറകുവശത്തുള്ള ഗേറ്റിലൂടെ രക്ഷപ്പെടും. ഞാൻ ക്ലാസ്സിലാണെങ്കിൽ ‘അദ്ദേഹ’ മായിരിക്കും മുൻവശത്തെ ഗേറ്റിൽ നിന്ന് പോലീസ് വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുക. വന്നാൽ ഞങ്ങൾ രണ്ടുപേരും ഓടും. ഇങ്ങനെ ‘വാച്ച്’ ചെയ്തും ഓടിയും ഞങ്ങൾ ആത്മമിത്രങ്ങളായി. കാലം കഴിഞ്ഞു, അദ്ദേഹം ഐ. എ. എസ്. പരീക്ഷ ജയിച്ച് അസിസ്റ്റന്റ് സെക്രട്ടറിയായി, ഡെപ്യൂട്ടി സെക്രട്ടറിയായി, കളക്ടറായി, സെക്രട്ടറിയായി. ഞാൻ കോളെജിലെ വാദ്ധ്യാരും. അങ്ങനെയിരിക്കെ, എന്നെ ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായി നിയമിക്കാനുള്ള ‘ശുപാർശ’ സെക്രട്ടേറിയേറ്റിൽ അയച്ചു, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ. ആ കത്ത് ചെന്നിട്ടും, ആറുമാസം കഴിഞ്ഞിട്ടും, കല്പന വന്നില്ല. അപ്പോൾ എന്റെ മകൻ എന്നെ ഉപദേശിച്ചു, ‘അദ്ദേഹ’ത്തെ പോയിക്കണ്ടു കാര്യം പറയാൻ. ‘അദ്ദേഹം’ വിദ്യാഭ്യാസ സെക്രട്ടറിയല്ലെങ്കിലും ബന്ധപ്പെട്ട അധികാരികളോട് പറയും. പ്രൊമോഷനും കിട്ടും. എന്നിട്ടും ഞാൻ പോയില്ല. ഒടുവിൽ മകന്റെ നിർബന്ധം കൊണ്ട് ഞാൻ ചെന്നു. ‘അദ്ദേഹ’ത്തെ കണ്ടു. ഇരിക്കാൻ പറഞ്ഞില്ല. “എന്താ?” എന്നൊരു ഉഗ്രൻ ചോദ്യം എറിഞ്ഞു. ഞാൻ എന്റെ പേരു പറഞ്ഞു. സി. ഐ. ഡി. ക്കാരെ പേടിച്ച് പണ്ട് ഒളിച്ചോടിയത് ഓർമ്മിപ്പിച്ചാൽ അയാളുടെ ദാരിദ്ര്യത്തെ സൂചിപ്പിക്കുകയാവുമെന്ന് കരുതി അതൊന്നും പറഞ്ഞതേയില്ല. ഞാൻ വിനയപൂർവ്വം കാര്യം അറിയിച്ചു. ഉടനെ ‘അദ്ദേഹം’ മൊഴിയാടി. “നിങ്ങളെ ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. എങ്കിലും ഞാനല്ല വിദ്യാഭ്യാസ വകുപ്പ് ഡീൽ ചെയ്യുന്നത്. വിദ്യാഭ്യാസ സെക്രട്ടറി… നാണ്. ഞാൻ അങ്ങനെയുള്ള കാര്യമൊന്നും പറയുകയില്ല.” ഇത്രയും അറിയിച്ചിട്ട് ‘അദ്ദേഹം’ ഫയൽ വായിക്കാൻ തുടങ്ങി. ചേതനയറ്റു നിന്നുപോയി ഞാൻ. അപ്പോൾ ‘അദ്ദേഹം’ തലയുയർത്തി “എന്താ പറഞ്ഞതു കേട്ടില്ലേ?” എന്നു ചോദിച്ചു. എന്റെ പാദങ്ങൾ ചലിച്ചു. അപമാനിതനായി ഫിനാൻസ് സെക്രട്ടേറിയേറ്റിന്റെ പടികൾ ഇറങ്ങിയപ്പോൾ അവിടത്തെ ക്ലാർക്കായിരുന്ന എന്റെ മകൻ നിൽക്കുന്നതു കണ്ടു. എനിക്കുണ്ടായ അനുഭവം ഞാൻ മകനെ അറിയിച്ചു. “അച്ഛൻ പത്തു മിനിറ്റ് ഇവിടെ നിൽക്കണം. ഞാനിപ്പോൾ വരാം” എന്നു പറഞ്ഞ് അവൻ പോയി. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ പ്രൊമോഷൻ ഓർഡർ അവൻ എന്റെ കൈയിൽ കൊണ്ടുതന്നു. ഉദ്യോഗസ്ഥന്മാർക്ക് അവരുടെ ഓഫീസുമായി ഒരു ബന്ധവുമില്ലാത്ത മാന്യന്മാരെ മാത്രമേ അപമാനിക്കാൻ പറ്റൂ. സ്വന്തമാഫീസിലെ ശിപായിയെപ്പോലും അവർക്ക് പേടിയാണ്. ഘൊരാവോ ഉണ്ടാകുന്നത് എപ്പോഴാണെന്ന് ആർക്കറിയാം. ആ ശിപായി ഒരു പക്ഷേ, മന്ത്രിയുടെ ബന്ധുവായിക്കൂടേ? എന്നെ അപമാനിച്ച ഉദ്യോഗസ്ഥൻ ഇപ്പോൾ ഇവിടെത്തന്നെയുണ്ടോ അതോ ഡൽഹിയിലാണോ എന്നെനിക്കറിഞ്ഞുകൂടാ. എവിടെയാണെങ്കിലും അദ്ദേഹം സി. ഐ. ഡിക്കാരെ അയച്ച് ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുന്ന സർക്കാർ ജീവനക്കാരെ പിടികൂടുന്നുണ്ടാവണം.

ഈ നൃശംസതയും നന്ദികേടും ഔദ്ധത്യവും ഞാനോർമ്മിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഗോപിക്കുട്ടൻ എഴുതിയ ‘മറക്കുന്ന വേരുകൾ’ എന്ന ചെറുകഥ വായിച്ചതുകൊണ്ടാണ്. നേരിട്ടുള്ള നിയമനം കൊണ്ട് ഉന്നതോദ്യോഗം നേടിയ ഒരു പയ്യൻ ശിപായിയെ ചേട്ടനെന്നു വിളിച്ചിരുന്നു. അധികാരം തലയ്ക്കു പിടിക്കുമല്ലോ. സർവീസ് ഏറെയായപ്പോൾ ആ ഉദ്യോഗസ്ഥൻ ആ ശിപായിയെത്തന്നെ ‘റസ്കൽ’ എന്നു വിളിച്ചു. ഇത്തരത്തിലുള്ള ‘ഡെഡ്പൊട്ടിസം’ ബീജത്തിൽത്തന്നെയുണ്ട്. സേവനദൈർഘ്യം അതിനു പ്രാദുർഭാവം നൽകുന്നുവെന്നേയുള്ളു.

ഗോപിക്കുട്ടന്റെ കഥയുടെ വിഷയം എനിക്കിഷ്ടമായി. പക്ഷേ, ദൗർഭാഗ്യംകൊണ്ട് അതു സാഹിത്യമല്ല. എന്താണ് കാരണം? ജീവിതം തന്റെ മുൻപിൽ വച്ചുകൊടുത്ത ഒരു വിഷയത്തെ വസ്തുനിഷ്ഠതയോടെ കഥാകാരൻ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, ആ ചിത്രീകരണം വായനക്കാരനു മാനസികമായ ഔന്നത്യം നൽകണമെങ്കിൽ സർഗ്ഗാത്മകത്വം ഉണ്ടാകണം. അത് ഇക്കഥയ്ക്കില്ല. വൃക്ഷത്തെ വൃക്ഷമായിത്തന്നെ വരച്ചുവയ്ക്കുന്ന ഡ്രോയിങ് മാസ്റ്ററെ കുട്ടികൾ അഭിനന്ദിക്കും. കലാവിമർശകൻ അഭിനന്ദിക്കില്ല. അയാൾ അഭിനന്ദിക്കണമെങ്കിൽ വൃക്ഷത്തിന്റെ സ്വത്വംകൂടി ആവിഷ്ക്കരിക്കപ്പെടണം. കലയുടെ ഈ മാന്ത്രികപ്രഭാവം ഗോപിക്കുട്ടൻ കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല.

* * *

സൽമാൻ റഷ്ദിയും നൈപോളും ഇൻഡ്യയെ വിറ്റു കാശുണ്ടാക്കുന്നുവെന്നു ഞാൻ കഴിഞ്ഞ ലക്കം കലാകൗമുദിയിൽ എഴുതിയത് തെറ്റായിപ്പോയില്ല എന്നതിന് ഓബ്രിമേനന്റെ ഒരു പ്രസ്താവം തെളിവു തരുന്നു. The Sunday Observer-ന്റെ ഒക്ടോബർ 16-22 ലക്കത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നു: [He] cautioned those who rushed to Rushdie’s defence to remember that showing India in a bad light was a habit with western publishers and writers. “Hanif Qureshi, the writer of TV plays, himself told me when I asked him why he was showing India in a bad light, that it was a gold mine.” അതിവസ്ത്രധാരണം ചെയ്യുന്നവരെ നോക്കുക. സ്ത്രീയായാലും പുരുഷനായാലും സ്വാർത്ഥതാല്പര്യമാണ് അതിവസ്ത്രധാരണത്തിനു ഹേതു. പ്രകടനാത്മകതയോടെ എഴുതുന്ന റഷ്ദി അതിലൂടെ തന്റെ സ്വാർത്ഥതാല്പര്യത്തെയാണ് പ്രകടിപ്പിക്കുക.

പ്രയോജനമില്ലാത്ത രചന

ടോൾസ്റ്റോയിയുടെ അന്ന കരേനിന എന്ന നോവലിൽ അന്ന തീവണ്ടിയുടെ ചക്രങ്ങൾക്കിടയിലാകാൻ ശ്രമിക്കുന്നതിന്റെ വർണ്ണനയുണ്ട്; ഒരു ബോഗിയുടെ അടിയിൽ വീഴാൻ തുടങ്ങുമ്പോൾ തന്റെ ചുവന്ന ബാഗ് അന്നയ്ക്ക് എടുക്കേണ്ടി വരുന്നു. അപ്പോഴേക്കും ആ ബോഗി കടന്നുപോയി. She wanted to throw herself under the middle of the first carriage as it came opposite her, but by the time she had taken the little red bag off her arm it was too late. ആത്മഹത്യയുടെ സുപ്രധാനമായ ഭാഗമാണ് ഈ ചുവന്ന ബാഗ്. അതുപോലെ ‘ഐവാൻ ഇലീച്ചിന്റെ മരണം’ എന്ന കഥയിൽ മരിക്കാൻ പോകുന്ന രോഗിയുടെ വിസർജ്ജനത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്യുന്നതും അതു രോഗിയെ വേദനിപ്പിക്കുന്നതും വേറൊരാൾകൂടി അതിൽ പങ്കുകൊള്ളുന്നല്ലോ എന്നു വിചാരിച്ച് അയാൾ ദുഃഖിക്കുന്നതുമൊക്കെ ടോൾസ്റ്റോയി വർണ്ണിക്കുന്നു. നമുക്കു ക്ഷുദ്രങ്ങളെന്നോ നിസ്സാരങ്ങളെന്നോ തോന്നുന്ന ഈ വർണ്ണനകളും പ്രസ്താവങ്ങളുമാണ് ദുരന്തത്തിന്റെ ശക്തി കൂട്ടുന്നത്. ഒരിടനാഴിയുടെ അറ്റത്തു വരച്ചുവച്ച തുറന്ന വാതിൽ നിത്യതയുടെ പ്രതീതിയുളവാക്കുമെന്നു മോറിസ് മദേർലങ് പറഞ്ഞതും എനിക്ക് ഓർമ്മ വരുന്നു.

ക്ഷുദ്രസംഭവങ്ങളുടേ വർണ്ണനമാണ് ഗൗതമന്റെ ‘പെരുമാറ്റച്ചട്ടങ്ങൾ’ എന്ന കഥയിലുള്ളത് (കലാകൗമുദി). റോഡിലെ ചാണകത്തിലൂടെ സൈക്കിളോടിച്ചുപോയ മകൻ തിരിച്ചുവരുമ്പോൾ ടയറിലെ ചാണകം അവനെക്കൊണ്ട് കഴികിച്ചിട്ടേ അകത്തു കയറാവൂ എന്നു ഭാര്യയ്ക്ക് നിർദ്ദേശം നൽകിയിട്ട് അവന്റെ അച്ഛൻ ഓഫീസിൽ പോകുന്നു. മകൻ തിരിച്ചെത്തിയപ്പോൾ സൈക്കിളില്ല. അതു മോഷണം പോയി. മകനെവിടെ എന്ന് അച്ഛൻ അന്വേഷിക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. മകന്റെ പെരുമാറ്റത്തിൽ ആദ്യം അരിശംകൊണ്ട അച്ഛൻ അവൻ സൈക്കിൾ നഷ്ടപ്പെട്ടതിന്റെ പേരിൽ നാടുവിട്ടുകളയുമെന്ന പേടിയോടെ അവനെ അന്വേഷിക്കുന്നു. അച്ഛന്റെ സ്നേഹം കഥാകാരൻ അങ്ങനെ ധ്വനിപ്പിക്കുന്നുണ്ടെങ്കിലും കഥയിലെ ക്ഷുദ്രസംഭവങ്ങൾ പ്രാധാന്യമുള്ള ഒരു ജീവിതാംശത്തെയും ആവിഷ്കരിക്കുന്നില്ല. ആ സ്നേഹവികാരമുണ്ടല്ലോ അതിനു ശക്തിയില്ലതാനും. കഥാകാരൻ നിത്യജീവിതസംഭവങ്ങളിലേക്ക് ഒതുങ്ങിനിൽക്കുമ്പോഴും ‘പ്രോഫിറ്റാ’യി (prophet) പ്രത്യക്ഷനാകണം. ഇല്ലെങ്കിൽ ആ രചനകൊണ്ട് പ്രയോജനമൊന്നുമില്ല.

നജീബ് മഹ്ഫൂസ്

ഈ വർഷത്തെ സഹിത്യത്തിനുള്ള നോബൽസമ്മാനം ഈജിപ്റ്റിലെ നോവലിസ്റ്റായ നജീബ് മഹ്ഫൂസിനു നൽകിയിരിക്കുന്നു. Martin Seymour Smith എഴുതിയ Guide to Modern World Literature എന്ന പുസ്തകത്തിൽ അദ്ദേഹത്തെക്കുറിച്ച് ഏതാനും വാക്യങ്ങളുണ്ട്. Bayn al-Qasrayn (1956) Qasr ash-Shawq (1957) as-Sukkariyya (1957) ഈ നോവൽ ത്രിതയം (trilogy) എഴുതിയ ആളാണ് അദ്ദേഹമെന്നും ആ നോവൽ നിസ്തുലമാണെന്നും സ്മിത്ത് പറയുന്നു. ഈ ലേഖകൻ മഹ്ഫൂസിന്റെ ‘മിറാമർ’ എന്ന നോവൽ വായിച്ചിട്ടുണ്ട്. ഇംഗ്ലീഷ് നോവലിസ്റ്റായ ജോൺ ഫൗൾസാണ് ഈ കൃതിക്ക് അവതാരിക എഴുതിയത്.

അലക്സാണ്ട്രറിയയിൽ ‘മിറാമർ’ എന്ന പേരുള്ള ഹോട്ടലിലാണ് കഥയുടെ ആരംഭം. മേറിയാന എന്ന വൃദ്ധയാണ് ഹോട്ടലിന്റെ ഉടമസ്ഥ. അവിടെ അമീർ എന്നൊരു റിട്ടയർഡ് ജേണലിസ്റ്റ് താമസത്തിനു വരുന്നു. അയാൾ വന്നതിനുശേഷം ബേ എന്ന പേരുള്ള മറ്റൊരു വൃദ്ധനും. അപ്പൂപ്പനോടു ശണ്ഠകൂടി വീട്ടിൽനിന്ന് ഒളിച്ചോടി ഹോട്ടലിൽ ആശ്രയസ്ഥാനം നേടിയ സുഹ്ര എന്ന അതിസുന്ദരിയാണ് വെയ്ട്രസ്. അവരങ്ങനെ കഴിഞ്ഞുകൂടുമ്പോൾ ഹുസ്നി, മൻസൂർ, സർഹൻ എന്നീ യുവാക്കന്മാർ അവിടെവന്നു താമസിക്കുന്നു. മൂന്നുപേരും സുഹ്രയെ കാമിക്കുന്നു. അവൾക്ക് ഒരുത്തനോടുമാത്രം സ്നേഹം. പെണ്ണിനെച്ചൊല്ലിയുണ്ടായ വഴക്കിൽ ഒരാൾ മരിക്കുന്നു. അതു കൊലപാതകമാണെന്നും അതല്ല ആത്മഹത്യയാണെന്നും അഭിപ്രായം. അഞ്ച് അധ്യായങ്ങളാണ് നോവലിനുള്ളത്. ഹോട്ടലിലെ സംഭവങ്ങൾ അമീർ ആദ്യമായി ആഖ്യാനം ചെയ്യുന്നു. അതേ സംഭവങ്ങളെ ഹുസ്നിയും മൻസൂറും സർഹനും ക്രമാനുഗതമായി വർണ്ണിക്കുന്നു. ഒടുവിൽ അമീറും. ഇങ്ങനെയുള്ള പ്രതിപാദനം കഴിയുമ്പോൾ സംഭവങ്ങളുടെ സമഗ്രസ്വഭാവം അനുവാചകനു ലഭിക്കുകയായി. ജാപ്പനീസ് ചലച്ചിത്രം റാഷോമോണിലും ബ്രൗണിങ്ങിന്റെ The Fling and the Book എന്ന കാവ്യത്തിലും പ്രയോഗിക്കപ്പെട്ട ടെക്നിക് തന്നെയാണ് ഈ നോവലിലുമുള്ളത്. ആവർത്തനവൈരസ്യമൊഴിവാക്കി മഹ്‌ഫൂസ് പല വ്യക്തികളെക്കൊണ്ട് ആഖ്യാനം ചെയ്യിച്ചുകഴിയുമ്പോൾ പ്രസിഡന്റ് നാസറിന്റെ ‘റെവല്യുഷൻ’ പരാജയപ്പെട്ടതിന്റെ ചിത്രം നമുക്കു ലഭിക്കുന്നു. 1967-ലാണ് നോവൽ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് അത് ഈജിപ്‌റ്റിന്റെ ഭൂതകാല ചരിത്രമായി പ്രത്യക്ഷപ്പെടുന്നു. ബേയും ഹിസ്‌നിയും ജന്മിമാർക്കു പ്രാതിനിധ്യം വഹിക്കുന്നു. (ഫൗൾസിന്റെ ആശയം) നോവൽ അവസാനിക്കുമ്പോൾ സുഹ്ര ഈജിപ്റ്റിന്റെ തന്നെ പ്രതീകമായി വിലസുന്നു. മനുഷ്യത്വത്തിന്റെയും അതിൽ അടിയുറച്ച കാരുണ്യത്തിന്റെയും മയൂഖങ്ങൾ പ്രസരിപ്പിക്കുന്ന നല്ല നോവലാണ് മഹ്‌ഫൂസിന്റെ ‘മിറാമർ’.

ഇതുവായിക്കൂ

ചില രചനകൾ കലാഭംഗികൊണ്ടും ഹൃദയദ്രവീകരണശക്തികൊണ്ടും നിസ്തുലങ്ങളാണെന്നു പറയാറുണ്ടല്ലോ. ബൊൾഡ്‌വിൻ എന്ന നീഗ്രോ എഴുത്തുകാരന്റെ The Fire Next Time, മഹാത്മാഗാന്ധി മരിച്ചപ്പോൾ ജവഹർലാൽ നെഹ്റു ചെയ്ത പ്രഭാഷണം ഇവ രണ്ടുദാഹരണങ്ങൾ മാത്രം. ഇത്തരം രചനകൾക്കു സദൃശമാണ് 1988 ഒക്ടോബർ മാസത്തെ Life മാസികയിൽ പ്രസിദ്ധപ്പെടുത്തിയ മുഹമ്മദ് ദൗലത്താബാദിയുടെ Nightmare’s End എന്ന ലേഖനം. ദൗലത്താബാദി(48 വയസ്സ്) ഇറാനിലെ അദ്വിതീയനായ നോവലിസ്‌റ്റാണ്. ഹമിങ്‌വേ, നയ്പോൾ ഇവരോടാണ് അദ്ദേഹത്തെ നിരൂപകർ ഉപമിക്കാറ്. അദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതി Kelidar എന്ന നോവലാണ്. ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള ആ നോവൽ (5 വാല്യങ്ങൾ) 1978-നും 1983-നും ഇടയ്ക്കാണ് പ്രസിദ്ധപ്പെടുത്തിയത്. (ലൈഫ് മാസികയിൽനിന്ന്)

ഇറാന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ദൗലത്താബാദി എഴുതിയത് വായിച്ചാൽ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടും. സ്ക്കൂൾ അധ്യാപകനായ സജ്‌ജദിനെ അദ്ദേഹം ഓർമ്മിക്കുന്നു. സജ്‌ജദ് ജയിലിൽനിന്നു പുറത്തുവന്നപ്പോൾ എല്ലുംതോലുമായി. പണമൊട്ടുമില്ലാത്തതുകൊണ്ട് തന്റെ ഒരു കിഡ്‌നി ആരെങ്കിലും ട്രാൻപ്ലാന്റിനു വേണ്ടി വാങ്ങുമോ എന്ന് അയാൾ അന്വേഷിച്ചു നടന്നു. വീട്ടിനു വെളിയിൽ ബോംബ് പൊട്ടുന്ന ശബ്‌ദം കുഞ്ഞുങ്ങൾ കേൾക്കതിരിക്കാൻ വേണ്ടി താൻ അവർക്കു ‘വാലിയം’ കൊടുത്തു ബോധം കെടുത്തിയിരുന്നുവെന്ന് അയാൾ ദൗലത്താബാദിയോടു പറഞ്ഞു. തുടർന്ന് ആ അധ്യാപകൻ അദ്ദേഹത്തെ അറിയിച്ചത് ഇങ്ങനെയാണ്: ’ഞാൻ തകർന്നുകൊണ്ടിരിക്കുന്നു. പൂർണ്ണമായും തകരുന്നു. ഞാൻ എന്റെ കുഞ്ഞുങ്ങളെ എങ്ങനെ സ്‌നേഹിക്കുന്നുവെന്ന് നിങ്ങൾക്കു സങ്കൽപിക്കാന്നവില്ല.’ എന്നിട്ട് അടക്കിയ സ്വരത്തിൽ അയാൾ പറഞ്ഞു. ‘സന്താനങ്ങളെ ജനിപ്പിക്കാനുള്ള ശക്തിയില്ലാതെ ഞാൻ ജനിച്ചിരുന്നതെങ്കിൽ. ഞാൻ തന്നെ ജനിക്കാതിരുന്നെങ്കിൽ.” ടെഹ്രാനിൽ ടാക്‌സി ഡ്രൈവർ കാറിൽ എത്രപേരെ തിരുകിക്കയറ്റാമോ അത്രയും പേരെ കയറ്റും. ദൗലത്താബാദി കാറിൽ സഞ്ചരിക്കുകയാണ്. അടുത്തകാലത്തുണ്ടായ ഒരു സംഭവം അദ്ദേഹം ഓർമ്മിച്ചു. ഒരമ്മ അവരുടെ മൂന്നു കുഞ്ഞുങ്ങളെയും ഒന്നൊന്നായി ചെളിയിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ തല ചെളിയിൽ താഴ്ത്തിപ്പിടിക്കും ആ അമ്മ; കുഞ്ഞു മരിക്കുന്നതുവരെ.

അദ്ഭുതം! നീണ്ട എട്ടുവർഷങ്ങളായി നടന്ന യുദ്ധത്തിനു വിരാമം. ഇറാന്റെ ഈ കഷ്ടപ്പാടിനൊക്കെ കാരണക്കാരൻ ആർ? ഇമാം[ആയതൊള്ള ഖൊമൈനി]തന്നെ. അത് സന‌്ദിഗ്‌ദ്ധമായ മട്ടിലല്ല. ദൗലത്താബാദി പറയുന്നത് അസന്‌ദിഗ്ദ്ധമായിത്തന്നെ. ഇറാനിലെ ഈ സാഹിത്യകാരന്റെ ലേഖനം അവിടത്തെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകില്ലേ? അങ്ങനെ സംഭവിച്ചാൽ എന്താവും ദൗലത്താബാദിയുടെ സ്ഥിതി? ഒരാളിന്റെ നൃശംസത കോടിക്കണക്കിനുള്ള നിരപരാധികളുടെ ജീവൻ ഒടുക്കുന്നതിന്റെ ചിത്രം ഇതിലുണ്ട്. നമ്മളെ ഞെട്ടിക്കുന്ന ചിത്രം.

നല്ല കവിത

“അന്യൂനമായ ഒരുനിമിഷത്തെ സാന്ദ്രീകൃതാവസ്ഥയിൽ കൊണ്ടുചെന്നതാണ് പ്രതിമ. ക്യാൻവാസ്സിൽ ചായം കൊണ്ടു പറ്റിച്ച രൂപത്തിൻ ആധ്യാത്‌മികാംശമില്ല, വളർച്ചയില്ല, മാറ്റമില്ല. അവയ്ക്കു മരണമെന്തെന്ന് അറിഞ്ഞുകൂടെങ്കിൽ ജീവിതത്തെക്കുറിച്ചും അറിഞ്ഞുകൂടെന്നേ അർത്ഥമുള്ളൂ… ചലനം — ദൃഷ്ടഗതങ്ങളായ കലകളുടെ വിഷയം — സാഹിത്യം കൊണ്ടു മാത്രമേ സത്യത്തിൽ സാക്ഷാത്‌കരിക്കാനാവൂ. ശരീരത്തിന്റെ വേഗവും ആത്‌മവിന്റെ ചലനവും സാഹിത്യമാണ് നമ്മെ കാണിച്ചുതരിക.”

ഓസ്‌കർ വൈഡിന്റെ കഥാപാത്രമായ ഗിൽബർട്ട് (The crutuc as Artist എന്ന സംഭാഷണരൂപത്തിലുള്ള പ്രബന്ധം) പറയുന്ന ഈ വാക്യങ്ങൾ ഉദ്ധരിച്ചിട്ട് Romantic Image എന്ന പുസ്തകത്തിന്റെ കർത്താവായ ഫ്രാങ്ക് കെർമോഡ് അഭിപ്രായപ്പെടുന്നു. ചിന്താക്കുഴപ്പമുണ്ടാക്കുന്ന സന്ദിഗ്ദധതയാണ് ഇതിലാകെയെന്ന്. കെർമോഡിനോടു യോജിക്കാൻ പ്രയാസമുണ്ട്. അതെന്തുമാകട്ടെ. ചലനമാണ് ഡി. വിനയചന്ദ്രന്റെ കവിതയുടെ മുദ്ര. ആ ചലനത്തോടൊത്ത് നമ്മളും ഒഴുകുന്നു എന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ “ഒരു കടലുപോലെ” എന്ന ഹൃദ്യമായ കാവ്യം. (സാഹിത്യലോകം ജൂലൈ-ആഗസ്റ്റ് ലക്കം)

 ഒരിടത്തു തിരകൾതൻ തീരാത്ത നൃത്തം
ഒരിടത്തു ശാന്തമാം മൗനപ്രഭുത്വം
കരയിൽനിന്നുതീരത്തിലേക്കേ പ്രഭാവം
എവിടെയും കണ്ണുനീരുപ്പിന്റെ ഭാവം
….
ഒരു കടലുപോലെ രമിക്കുന്നു കവിത
നടരാജനൃത്തം നയിക്കുന്നു കവിത

നടുവൊടിഞ്ഞ സിംഹം

തിരുവനനന്തപുരത്തെ മൃഗശാലയിൽ സിംഹങ്ങളുണ്ട്. (ഇപ്പോഴുമുണ്ടെന്നാണ് എന്റെ വിചാരം. മൃഗശാലയിൽ പോയിട്ട് വർഷങ്ങൾ ഏറെയായിരിക്കുന്നു.) പണ്ട് കൊച്ചുകൂട്ടിലായിരുന്നു അവയുടെ വാസം. ഇപ്പോഴും അങ്ങനെ തന്നെ.എങ്കിലും കുറെ വർഷങ്ങൾക്കുമുൻപ് സിംഹങ്ങൾക്ക് അലഞ്ഞുനടക്കാൻ ഒരു കൃത്രിമ വനം താഴെയായി ഉണ്ടാക്കി. കൂട്ടിലെ ഒരു ദ്വാരം തുറന്നാൽ സിംഹങ്ങൾക്ക് അതിലൂടെ നടന്ന് വനത്തിൽ പ്രവേശിക്കാം. സിംഹങ്ങളോടുള്ള ദയകൊണ്ടാണോ അതുണ്ടാക്കിയത്? അതോ കാഴ്ചക്കാരോടുള്ള സ്നേഹം കൊണ്ടോ? സിംഹം കൊച്ചു കൂട്ടിൽ വേച്ചു വേച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കണ്ടാൽ കാഴ്ചക്കാർക്കു ദുഃഖം. എഴുന്നേറ്റ് നിൽക്കാൻ വയ്യാത്ത ആ മൃഗരാജാക്കന്മാർ കൃത്രിമവനത്തിൽ നടക്കുന്നതു കണ്ടാൽ കാണുന്നവർക്കു സംതൃപ്‌തി. സിംഹങ്ങൾക്കും സംതൃപ്‌തി( വർഷങ്ങൾക്കു മുൻപുള്ള സിംഹങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇപ്പോഴത്തെ സിംഹങ്ങളെ പറ്റിയല്ല. ഇന്നത്തെ മൃഗങ്ങൾക്കു കൊഴുത്തു തടിച്ച വയറായിരിക്കാം. കൂടിന് ഒരു വശത്തായി കൃത്രിമ വനമുണ്ടാക്കിയ അധികാരികളുടെ മൃഗാനുകമ്പ അനുകരണീയം തന്നെ.

കൃത്രിമ വനമില്ലാതെ കൊച്ചുകൂട്ടിൽ നടുവൊടിഞ്ഞു നടക്കുന്ന കിഴവൻ സിംഹത്തിന്റെ പ്രതീതിയുളവാക്കുന്ന എം. രാഘവന്റെ ‘കുളക്കരയിൽ’ എന്ന ചെറുകഥ. റിയലിസത്തിന്റെ കൊച്ചുകൂട്. അതിനകത്ത് മകൻ എന്ന മാനേജർ സിംഹം. ആ സിംഹത്തിന് ചോറു ചുമന്നു കൊണ്ടു പോകുന്നത് അച്ഛനെന്ന കിഴവൻ സിംഹം. ആളുകൾ കുറ്റം പറയുന്നതു മകനെ. എങ്കിലും അച്ഛനും മോനും തമ്മിൽ സ്നേഹം. അവർ ഒരുമിച്ച് ഉണ്ണുന്നു. ഇമേജ് ഒന്നു മാറ്റിപ്പറയട്ടെ. ഈ റിയലിസത്തിന്റെ കൂട്ടിനകത്തു നടക്കുന്ന സർഗ്ഗാത്മകത്വമെന്ന സിംഹത്തിന് ശക്തി ഒട്ടുമില്ല. അതിനെ വിശാലമായ വനത്തിൽ നടത്തണം എം. രാഘവൻ. ഇന്നത്തെ നിലയിൽ ഇതു ദുസ്സഹമായ ദൃശ്യമാണ്.

ബഹുജനം പലവിധം

ആളുകൾ പലവിധത്തിലാണ്. ഹിമാലയ പർവ്വതം കണ്ടിട്ടു വരുന്ന ഒരുത്തനോട് അത് എങ്ങനെയെന്നു ചോദിക്കു. മറുപടി ഇങ്ങനെയായിരിക്കും. “ഓ ഒരു കൊച്ചു കുന്ന്. നമ്മുടെ നേമം എന്ന സ്ഥലത്തെ മൂക്കുന്നിമലപോലിരിക്കും.” ഗംഗാ നദിയാണ് അയാൾ കണ്ടതെങ്കിൽ “നമ്മുടെ കിള്ളിയാറ് അതിനെക്കാൾ എത്രയോ വലിയ നദിയാണ്” എന്നു പറയും. വേറെ ചിലരുണ്ട്. അത്യുക്തിയാണ് അവരുടെ രീതി. ‘സ്റ്റാഫലകോകസ്’ ബാക്ടീരിയയുടെ പ്രവർത്തനം സൂക്ഷ്മദർശിനിയിലൂടെ പഠിക്കുന്ന ആള് പറയും: “ഹായ്, എന്തു സൗന്ദര്യം! ചലച്ചിത്രതാരം സുഹാസിനിയുടെ ചിരിപോലെ മനോഹരമാണ് അതിന്റെ ചിരി. എന്നെ നോക്കി ചിരിച്ചു അത്. കണ്ടിട്ടും കണ്ടിട്ടും എനിക്കു മതിയായതേയില്ല. പിന്നെ ബുദ്ധിശക്തിയുടെ കാര്യത്തിലാണെങ്കിൽ ഈ രോഗാണുവിന് സാദൃശ്യം ഷാങ്പോൾ സാർത്രിനോടാണ്. Beeing and Nothingness എന്നതിനെക്കാൾ മഹനീയമായ ഗ്രന്ഥം ഇതെഴുതും. മൈക്രോസ്കോപ്പിൽ നിന്ന് അതിനെ ഒന്നു താഴെ ഇറക്കിവിടു. അപ്പോൾ കാണാം അതിന്റെ പ്രാഗൽഭ്യമൊക്കെ. കുങ്കുമം വാരികയിൽ “രാഘവപ്പറമ്പിലെ മണൽത്തരികൾ” എന്ന കാവ്യമെഴുതിയ കെ. എൽ. ശ്രീകൃഷ്ണദാസ് ദൗർഭാഗ്യത്താൽ ഈ രണ്ടാമത്തെ വിഭാഗത്തിലാണ് വന്നു വീഴുന്നത്. അതല്ലെങ്കിൽ അദ്ദേഹം വയലാർ രാമവർമ്മയെ ‘ദേവഗായകൻ’ എന്നു വിളിക്കുമായിരുന്നില്ലല്ലോ (നോവുമാത്മാവിൻ തത്ത്വശാസ്ത്രത്തെ സ്നേഹിച്ചൊരു ദേവഗായകൻ വീണമീട്ടിയതിവിടല്ലോ) കാവ്യത്തിൽ അത്യുക്തിയാകാം. എങ്കിലും അതിത്രയ്ക്ക് ആകാമോ? ഇരുപത്തെട്ടു വരികളുള്ള ഈ പദ്യത്തിൽ ഒരിടത്തു പോലും ‘കാവ്യഹൃദയ’ത്തിന്റെ സ്പന്ദനമില്ല. അതുണ്ടായിരുന്നെങ്കിൽ അത്യുക്തി ഒരളവിൽ ക്ഷന്തവ്യമാകുമായിരുന്നു.

* * *

സായ്പ് പണ്ടു പറഞ്ഞു: പുറ്റിനെ നിങ്ങൾ പർവ്വതമാക്കുമ്പോൾ അതിൽക്കയറി ആളുകൾ നാലുപാടും നോക്കുമെന്ന് വിചാരിക്കരുത്. സായ്പ് വീണ്ടും പറഞ്ഞു: ചിലർ മാനസികവ്യായാമം നടത്തുന്നത് പുറ്റിൽ കയറിയും ഇറങ്ങിയുമാണ്.

കോളേജുകളിൽ

1969 - ൽ മലയാളനാട് വാരികയിൽ എഴുതിയതാണിത്. ഇരുപതു വർഷത്തോളമാകുന്നതു കൊണ്ട് ആവർത്തിച്ചു കൊള്ളട്ടെ. ഒരു കോളേജിലെ ചില പെൺകുട്ടികൾ മധുരമീനാക്ഷി ക്ഷേത്രം കാണാൻ പോയി. അപ്പോൾ മറ്റൊരു കോളേജിലെ ഒരധ്യാപകന് ‘ഐഡിയ’. അദ്ദേഹത്തിനും അവരുടെ കൂടേ പോയി ക്ഷേത്രം കാണണം. അവർ ലക്ഷ്യസ്ഥാനത്ത് എത്തി. കാലത്ത് പെൺകുട്ടികൾ ക്ഷേത്രത്തിലേക്കു പോയി. പക്ഷേ, മൂന്നുപേർ പോകാതെ ഹോട്ടലിൽ തന്നെ ഇരിക്കുന്നു. നമ്മുടെ അധ്യാപകൻ ചോദ്യമായി:

എന്താ നിങ്ങൾ പോകാത്തത്?
ഞങ്ങൾക്കു സുഖമില്ല സാർ
എന്ത് അസുഖം? കണ്ടിട്ട് സുഖക്കേട് ഒന്നും ഉണ്ടെന്നു തോന്നുന്നില്ലല്ലോ.
സുഖമില്ല സാർ
അങ്ങനെ പറഞ്ഞാൽ പറ്റില്ല. അസുഖമെന്താണെന്ന് എനിക്കറിഞ്ഞേ തീരൂ.

പെൺപിള്ളേർ ചിരിച്ച് വാപൊത്തി കൊണ്ട് അകത്തേക്ക് ഓടിക്കളഞ്ഞു. അധ്യാപകൻ വാപൊളിച്ചു നിന്നുപോയി. ഇത് നിഷ്കളങ്കതയുടെ ‘ഫൂളിഷ്നെസ്സ്’ (ശുദ്ധാത്മാവായ ആ അധ്യാപകനെ എനിക്കറിയാം).

ചൈന ഇന്ത്യയെ ആക്രമിച്ച കാലം. അധ്യാപകരും വിദ്യാർത്ഥികളും സൈനികമുറകൾ അറിഞ്ഞിരിക്കണമെന്ന് ഇന്ത്യൻ സർക്കാർ കല്പിച്ചു. ഗത്യന്തരമില്ലാതെ, അധ്യാപകനായിരുന്ന ഞാനും ലെഫ്റ്റ് റെറ്റ് ചവിട്ടി. ഞങ്ങളെ മുറകൾ അഭ്യസിപ്പിച്ച മറ്റൊരധ്യാപകൻ (N. C. C ഓഫീസർ) അതു വേഗത്തിൽ അവസാനിപ്പിച്ചിട്ട് പെൺകുട്ടികളെ അവ പഠിപ്പിക്കാനായി വിളിച്ചു. അവരോടു കുനിയാനും പിറകോട്ടു വളയാനുമൊക്കെ അയാൾ പറയും. അതു കണ്ടാൽ അയാൾക്ക് ബഹുരസം. ഒരു ദിവസം പെൺകുട്ടികളെ അയാൾ ആഹ്വാനം ചെയ്തപ്പോൾ കായങ്കുളത്തുകാരിയായ ഒരു സുന്ദരിപ്പെൺകുട്ടി ‘എനിക്കു സുഖമില്ല സാർ’ എന്നു പറഞ്ഞു. ഉടനെ ഇൻസ്ട്രക്ടർ അധ്യാപകൻ (പൗനരുക്ത്യമെന്ന ദോഷമില്ല ഈ പ്രയോഗത്തിൽ) മൊഴിയാടി: “എന്തോന്നു സുഖക്കേട്? നിങ്ങൾക്കു മാസത്തിൽ നാലുദിവസം സുഖമില്ലാതാകുമെന്ന് എനിക്കറിയാം.” പെൺകുട്ടി കരഞ്ഞു. അവളുടെ തന്തയോ ചേട്ടനോ അവിടെ ഉണ്ടായിരുന്നെങ്കിൽ ആ അധ്യാപകന് ധാന്വന്തരം കുഴമ്പോ കൊട്ടംചുക്കാദി തൈലമോ പിന്നീട് അന്വേഷിക്കേണ്ടതായി വന്നേനേ. ഇത് തെമ്മാടിത്തരത്തിന്റെ പരകോടി.

ഞാൻ തിരുവനന്തപുരത്തെ ഈവനിങ് കോളേജിൽ അധ്യാപകനായിരുന്ന കാലം. രാത്രി എട്ടു മണിയായപ്പോൾ വിദ്യാർത്ഥിനിയായ ഒരു യുവതി എഴുന്നേറ്റ് സാർ എനിക്കു വീട്ടിൽ പോകണം” എന്നു പറഞ്ഞു. ‘പൊയ്ക്കൊള്ളു’ എന്നു ഞാൻ. അവൾ പോയപ്പോൾ ഒരു വിദ്യാർത്ഥി എഴുന്നേറ്റ് “സാർ എനിക്കും പോകണം” എന്നു പറഞ്ഞു. ക്ലാസ്സ് പൊട്ടിചിരിച്ചു. “പൊയ്ക്കൊള്ളു” എന്ന് അനുവാദം. അയാൾ വരാന്തയിലേക്ക് ഇറങ്ങിയില്ല. അതിനു മുൻപ് വേറൊരുത്തൻ എഴുന്നേറ്റ് “സാർ എനിക്കും പോകണം” എന്നായി. “ആകട്ടെ” എന്നു ഞാനും. രണ്ടു മിനിറ്റു കഴിഞ്ഞില്ല. പോയ യുവതി തിരിച്ചു വന്ന് വാതിൽക്കൽ നില്പായി. “എന്താ” എന്ന് എന്റെ ചോദ്യം. “സാർ എനിക്കു പോകണ്ട” എന്ന് ഉത്തരം. “ശരി, ക്ലാസ്സിൽ കയറി ഇരിക്കൂ” എന്ന് എന്റെ നിർദ്ദേശം. ക്ലാസ്സാകെ ഇളകി മറിഞ്ഞു ചിരിക്കുകയായി. ഈ സംഭവത്തിൽ അല്പം സെക്സുണ്ടെങ്കിലും ഹാസ്യമുണ്ട്.

കോളേജ് ക്ലാസ്സിൽ നടന്ന സംഭവം അമ്പലപ്പുഴ ഗോപകുമാർ പദ്യമായി വർണ്ണിക്കുന്നു. സീത എന്ന വിദ്യാർത്ഥിനിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ അവളുടെ അയൽക്കാരൻ ക്ലാസ്സ് വാതിൽക്കൽ വന്നു. അയാൾ രഹസ്യമായി അധ്യാപകനെ അറിയിച്ചു, ആ കുട്ടിയുടെ അച്ഛൻ പെട്ടെന്നു മരിച്ചു പോയെന്ന്. അച്ഛന്റെ മരണത്തെക്കുറിച്ചറിയാതെ ആ ബാലിക പോയപ്പോൾ ആരെങ്കിലും കൂട്ടായി ചെല്ലണമെന്ന് അധ്യാപകൻ നിർദ്ദേശിച്ചു. ആരും അതിന് ഒരുമ്പെടാത്തതു കൊണ്ട് ‘സീതയെ നിങ്ങളറിയില്ലേ’ എന്ന് അദ്ദേഹം ചോദിച്ചു. അറിയും ശ്രീരാമന്റെ ബെറ്ററാഫല്ലേ എന്ന് ഒരു വിദ്യാർത്ഥിനിയുടെ മറുചോദ്യം. ഗോപകുമാറിന്റെ കാവ്യം അനുഭൂതിജനകമല്ല. അത് വിരസമായ ഗദ്യം മാത്രമാണ്.

* * *

പല്ലിലെ ചെറിയ പോട് വല്ലാത്ത വേദനയുണ്ടാക്കുന്നു അയാൾക്ക്. ഡെന്റിസ്റ്റിന്റെ കസേരയിലിരിക്കുന്ന അയാളോട് ഉടനെ അദ്ദേഹം പറയുന്നത് “ഇളക്കിയെടുത്തു കളയാം” എന്നാണ്. റൂട്ട് കനാൽട്രീറ്റ്മെന്റ് നടത്തി പോട് അടച്ചാൽ ജീവിതവസാനം വരെയും ഇരിക്കുന്ന പല്ലാണ് ഡെന്റിസ്റ്റ് പിഴിതെടുക്കുന്നത്. പ്രൈവറ്റ് പ്രാക്ടീസിന്റെ താൽക്കാലിക സൗകര്യം! ഗർഭാശയത്തിന് നിസ്സാരമായ രോഗം വന്നാൽ “എടുത്തു മാറ്റിക്കളയാം” എന്നാണ് പല സ്ത്രീരോഗ ചികിത്സാവിദഗ്ധരുടെയും പ്രസ്താവം. There is retroversion എന്ന് ഡോക്ടർ. ‘മനസ്സിലായില്ലല്ലോ’ എന്ന് രോഗിണിയോ അവരുടെ ഭർത്താവോ പറയുന്നു. ഡോക്ടർ വീണ്ടും backward bending prolapse. അപ്പോഴും പാവങ്ങൾക്കു മനസ്സിലാകുന്നില്ല. കീറാൻ കത്തിയെടുക്കുമ്പോഴേ മനസ്സിലാകൂ. ആയുർവ്വേദ മരുന്നു കൊണ്ടു മാറുന്നതാണ് ഈ prolapse എങ്കിലും ഡോക്ടർ കത്തിധരനായി നിൽക്കുന്നു. ചില സാഹിത്യവിമർശകർ (ഞാനല്ല) ഈ ഡെന്റിസ്റ്റിനെപ്പോലെ, സ്ത്രീരോഗ ചികിത്സാവിദഗ്ധനെപ്പോലെയാണ്. രണ്ടു ഭിഷഗ്വർന്മാരോടും ഞാൻ മാപ്പു ചോദിക്കുന്നു. വിമർശകരോടു മാപ്പ് ചോദിക്കുന്നുമില്ല.


  1. Acropolis — ഏഥൻസിലെ കോട്ട
  2. Erechtheum — ഏഥൻസിലെ ഒരു ദേവാലയം
  3. Caryatids — തൂണായി ഉപയോഗിക്കുന്ന സ്ത്രീരൂപമായ ശില്പം. എരക്തീയമിലെ തൂണുകൾ ഇങ്ങനെയാണ്
  4. Death in Venice — തോമസ്മാന്റെ ചെറിയ നോവൽ
  5. Erechtheum — Sincerity