close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 04 30


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 04 30
മുൻലക്കം 1999 04 23
പിൻലക്കം 1999 05 07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“കുതിരക്കു ചിരിക്കാൻ കഴിയുമോ?” എന്നു ജർമ്മൻ സാഹിത്യകാരൻ റോബർട് മൂസിൽ (Robert Musil, 1880–1942) ചോദിച്ചു. മൃഗങ്ങൾക്കു ചിരിക്കാനോ പുഞ്ചിരി പൊഴിക്കാനോ സാധിക്കുകയില്ലെന്ന ഒരു മനഃശാസ്ത്രജ്ഞന്റെ മതം അദ്ദേഹം സാകൂതം എടുത്തു കാണിക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ ഒരു കുതിര ചിരിക്കുന്നതു മൂസിൽ കണ്ടു. യുദ്ധത്തിനു മുൻപായിരുന്നു അത്. അതിനു ശേഷം കുതിരകൾ ചിരിച്ചിട്ടില്ലായിരിക്കാം. കുതിരയെ ഒരു വേലിയിലാണ് കെട്ടിയിട്ടിരിക്കുന്നത്. ലായത്തിലെ ഒരു കുട്ടി അതിനെ ‘ബ്രഷ്’ ചെയ്യുകയായിരുന്നു. സൂര്യൻ കുതിരയുടെ ശരീരം ശോഭിപ്പിക്കുന്നുണ്ട്. കുതിരയ്ക്കു നാലു തോളുകളുണ്ടല്ലോ. അവയ്ക്കു താഴെ അതിനു ഇക്കിളിയുണ്ടാകും. അതിനാൽ മനുഷ്യന്റെ ഇക്കിളിയേക്കാൾ ഇരട്ടി ഇക്കിളിയാണ് അതിന്. മാത്രമല്ല ആ കുതിരയ്ക്ക് തുടകളിൽ വളരെ ‘സെൻസിറ്റീവായ’ സ്ഥലമുണ്ടായിരുന്നു. ഓരോ തവണ അവിടെ തൊടുമ്പോഴും കുതിരയ്ക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ബ്രഷ് അതിന്റെ ദേഹത്ത് ഉത്സാഹത്തോടെ സഞ്ചരിക്കുമ്പോൾ അതിന്റെ ചുണ്ടുകൾ കൂടുതൽ കൂടുതലായി പല്ലുകൾ കാണിക്കുമായിരുന്നു. പെട്ടെന്നു കുതിര ചിരിച്ചു. ഇക്കിളിപ്പെടുത്തുന്ന കുട്ടിയെ തള്ളി മാറ്റാൻ കുതിര ആവുന്നടുത്തോളം ശ്രമിച്ചു. പണ്ഡിതനായ സംശയവാദി പറയും കുതിരയ്ക്കു ചിരിക്കാനേ കഴിയില്ലെന്നു. പക്ഷേ കുതിരയ്ക്കു ചിരിക്കണമെന്നുണ്ടായിരുന്നു. സംവേദനങ്ങളുടെ പരമ്പര അതു പ്രതീക്ഷിച്ചു. സംശയമില്ല ഇതൊക്കെയാണെങ്കിലും കുതിരയുടെ കഴിവിനു പരിമിതികളുണ്ട്. നേരമ്പോക്ക് കേൾക്കുമ്പോൾ കുതിരയ്ക്കു ചിരിക്കാനാവുകയില്ല. ഇത് കുതിരയ്ക്ക് എതിരായി ആരും കൊണ്ടുവരരുത്.

ഹാസ്യോക്തി കേട്ടാൽ കുതിര ചിരിക്കുകയില്ലെന്നു മൂസിൽ പറഞ്ഞതു അത്ര ശരിയല്ല. അതിന്റെ ആ കഴിവുകേടിനെ ദോഷമായി ആരും കാണരുതെന്നു പറഞ്ഞതും ശരിയായില്ല. മൂസിലിന്റെ കുതിര ഇപ്പോഴും ജീവിച്ചിരിക്കുണ്ടെങ്കിൽ. അതിനു മലയാളം അറിയാമെങ്കിൽ. ആരെങ്കിലും ശ്രീ. കെ. രഘുനാഥൻ ‘ഭാഷാപോഷിണി’യുടെ വാർഷികപ്പതിപ്പിൽ എഴുതിയ ‘ചങ്ങമ്പുഴയുടെ കത്രിക ചലിക്കുന്നു’ എന്ന ‘കഥ’ അതിനെ വായിച്ചു കേൾപ്പിച്ചെങ്കിൽ അതു നിർത്താതെ ചിരിച്ചേനേ. ആ അശ്വഹാസം നേരമ്പോക്കു കേട്ടിട്ടല്ല ഉണ്ടാകുന്നത്. കോപം വരുമ്പോഴും ദുഃഖം വരുമ്പോഴും ചിരി വരുമല്ലോ. ഒരു മഹാകവിയെ — ചങ്ങമ്പുഴയെ — ബാർബറായി രഘുനാഥൻ കഥയിൽ കൊണ്ടുവന്നിരിക്കുന്നതു കണ്ടാണു കുതിര ചിരിക്കുന്നത്. “മുടി വെട്ടിക്കഴിഞ്ഞു” താഴേക്കിറങ്ങി ബാർബർ വീണ്ടും ആരാഞ്ഞു.

“താടി?”

“വടിക്കണം”

എന്തൊരു സംസ്കാര രാഹിത്യം! ‘കഥാകാരൻ’ ആരോടെങ്കിലുമുള്ള ദേഷ്യം തീർക്കുകയാവാം. പക്ഷേ മലയാള ഭാഷ ഉള്ളിടത്തോളം കാലം ജീവിക്കുന്ന ചങ്ങമ്പുഴ എന്തു ചെയ്തു? ഇതിനെ bad taste എന്നു വിശേഷിപ്പിച്ചാൽ പോരാ. അതിലും ഹീനമായ എന്തോ ആണിത്.

രഘുനാഥന്റെ രചന ഹാസ്യമാണോ? സറ്റയറാണോ? ഫാന്റസിയാണോ? എന്തോ. അറിഞ്ഞുകൂടാ. നമുക്കൊക്കെ വാക്കുകൾ സുതാര്യങ്ങളാണ്. രഘുനാഥന് അവ അവതമസബാധിതങ്ങളാണ്. തെറ്റ് അവതമസം അല്പമായ ഇരുട്ടാണ്. അദ്ദേഹം അന്ധതമസ്സായിട്ടാണ് വാക്കുകൾ പ്രയോഗിക്കുക. അതുകൊണ്ട് രചയിതാവിന്റെ ഉദ്ദേശ്യം ‘കഥ’യിലൂടെ വ്യക്തമാകുന്നില്ല. സങ്കീർണ്ണതയും ദുർഗ്രഹതയും അദ്ദേഹത്തിന്റെ രചനയുടെ മുദ്രകളാണ്.

ചങ്ങമ്പുഴയെ ബാർബറാക്കി മലയാള മനോരമയുടെ പ്രസാധനമായ ഭാഷാപോഷിണിയിൽ അച്ചടിച്ചതും നിന്ദ്യമാണ്. സാഹിത്യനായകരെയും സംസ്കാരനേതാക്കളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ പാരമ്പര്യമാണ് മലയാള മനോരമയ്ക്കുള്ളത്. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള തൊട്ടു ശ്രീ കെ.എം. മാത്യു വരെയുള്ളവർ ആ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്നു. മാമൻ മാപ്പിളയുടെ ഹൃദയവിശാലതയും ഔദാര്യവും പ്രഖ്യാതമാണ്. ചങ്ങമ്പുഴയ്ക്കു തന്നെ പലപ്പോഴും പണം വെറുതേ കൊടുത്തിട്ടുണ്ട് മലയാള മനോരമയുടെ അധികാരികൾ. ഒരിക്കൽ പി.കെ. പരമേശ്വരൻ നായർ മാമൻ മാപ്പിളയെ കാണാൻ പോയി. ഒരു ‘പ്രശ്രയസന്ദർശനം’ (Courtesy Visit) എന്നതിൽക്കവിഞ്ഞ് പരമേശ്വരൻ നായർക്ക് ഒരുദ്ദേശ്യവുമില്ലായിരുന്നു. കുറേനേരം സംസാരിച്ചിട്ട് പരമേശ്വരൻ നായർ യാത്ര പറഞ്ഞപ്പോൾ മാമൻ മാപ്പിള ഒരു കവർ അദ്ദേഹത്തിനു നൽകി. രൂപയാണെന്നു മനസ്സിലാക്കി അദ്ദേഹം അതു വിനയപൂർവം വേണ്ടെന്നു പറഞ്ഞു. സൗജന്യ മാധുര്യത്തിന്റെ മൂർത്തിമദ്ഭാവമായ മാമൻ മാപ്പിള സമ്മതിച്ചില്ല. അദ്ദേഹം അതു നിർബന്ധിച്ചു പരമേശ്വരൻ നായരെ ഏല്പിച്ചു. കവറിനകത്തു ആയിരം രൂപയുണ്ടായിരുന്നു. അന്നത്തെ ആയിരം രൂപയ്ക്കു ഇന്നത്തെ ഒരു ലക്ഷം രൂപയുടെ വിലയുണ്ട്. പി.കെ. പരമേശ്വരൻ നായർ തന്നെയാണ് ഇക്കാര്യം എന്നോടു പറഞ്ഞത്. ഇങ്ങനെ എത്രയോ സാഹിത്യകാരന്മാർക്കു മലയാള മനോരമയുടെ അധികാരികൾ പണം വാരിക്കോരി കൊടുക്കുന്നു. ആ രീതിയിൽ സാഹിത്യകാരന്മാരെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു മഹാസ്ഥാപനത്തിന്റെ പ്രസാധനമായ ഭാഷാപോഷിണിയിൽ ചങ്ങമ്പുഴയെ ബാർബറാക്കി വർണ്ണിച്ചത് എനിക്കു ദുഃഖത്തിനു കാരണമായി. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീ. കെ.എം. മാത്യുവിനോടു ഒരു വാക്യം ഇംഗ്ലീഷിൽ: Esteemed Sir, such acts of commision and omission are occuring in the office of ‘Bhashaposhini’ without your knowledge.

ആനന്ദ്

മാമന്മാപ്പിളയുടെ ഹൃദയവിശാലതയും ഔദാര്യവും പ്രഖ്യാതമാണ്. ചങ്ങമ്പുഴയ്ക്കു തന്നെ പലപ്പോഴും പണം വെറുതേ കൊടുത്തിട്ടുണ്ട് മലയാള മനോരമയുടെ അധികാരികൾ.

യേശുക്രിസ്തുവിന്റെ ഐശ്വാരാംശത്തെ നിരാകരിക്കാതെ തന്നെ അദ്ദേഹത്തിന്റെ മാനുഷികാംശത്തെ സ്പഷ്ടമാക്കാനുള്ള യത്നം പത്തൊൻപതാം ശതാബ്ദത്തിലുണ്ടായി. അതിന്റെ ഫലമായി ഏറെ നോവലുകൾ ആവിർഭവിച്ചു. ഇരുപതാം ശതാബ്ദത്തിലുണ്ടായ അത്തരം നോവലുകളിൽ ഒന്നാമത്തെ സ്ഥാനം കാസാന്ദ്സാക്കീസിന്റെ ‘The Last Temptation of Christ’ എന്നതിനാണ്. ഉണ്ണിയേശു ‘God, make me God’ എന്നു ഈശ്വരനോടു വിളിച്ചു പറഞ്ഞതായി നോവലിൽ കാണുന്നു. മനുഷ്യശിശുവായി പിറന്ന തന്നെ ഈശ്വരനാക്കണമെന്ന ആ പ്രാർത്ഥനയിൽ യേശുവിന്റെ മനുഷ്യത്വത്തിനു ഊന്നൽ നൽകിയിരിക്കുന്നു കാസാന്ദ്സാക്കീസ്.

ഇറ്റലിയിലെ സാഹിത്യകാരനായ ജോവാന്നി പാപ്പീനിയുടെ (Giovanni Papini, 1881–1956) “Life of Christ” (1921) ഈ മനുഷ്യത്വാംശത്തിനു അമിത പ്രാധാന്യം നൽകുന്നുവെന്നു തോന്നുന്നു. “Jesus was born in a stable, a real stable, not the bright, airy portico which Christian painters have created for the son of David, as if ashamed that their God should have lain down in poverty and dirt… A real stable in the house, the prison of the animals who work for man” (Life of Christ, Giovanni Papini, Dell Book). ഈ വിഷയത്തെക്കുറിച്ചു Theodore Ziolklwski എന്ന വലിയ നിരൂപകൻ ‘Fictional Transfigurations of Jesus’ എന്ന പ്രൗഢമായ ഗ്രന്ഥമെഴുതിയിട്ടുണ്ട്. വ്യവസ്ഥാപന ക്രൈസ്തവമതത്തിനു (institutionalized christianity) ഈ കൃതികളാകെ എതിരാണെങ്കിലും മതവിശ്വാസത്തിനെ അവഹനിക്കുന്നില്ല. ശ്രീ. ആനന്ദ് ഭാഷാപോഷിണിയുടെ വാർഷികപ്പതിപ്പിൽ എഴുതിയ ‘നാലാമത്തെ ആണി’ എന്ന മനോഹരമായ നീണ്ടകഥയിലും മതപരങ്ങളായ വികാരങ്ങൾക്കു ക്ഷതമേൽപിക്കാതെ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെയും പ്രസ്താവങ്ങളെയും സമകാലിക ചിന്താഗതിക്കു യോജിച്ച വിധത്തിൽ സംവീക്ഷണം ചെയ്യുന്നു. ജിപ്സികളുടെ ഇടയിൽ പ്രചരിക്കുന്ന ഒരു കഥയാണ് ആനന്ദ് രചനയ്ക്കു സ്വീകരിച്ചത്. ക്രിസ്തുവിനെ കുരിശിൽത്തറയ്ക്കാൻ വേണ്ട ആണികൾ ഒരു ജിപ്സിയാണത്രേ ഉണ്ടാക്കിക്കൊടുത്തത്. മൂന്നു ആണികളാണ് അയാൾ നിർമ്മിച്ചത്. നാലാമത്തെ ആണി നിർമ്മിക്കുന്നതിനു മുൻപ് ആണികളുണ്ടാക്കാൻ കല്പിച്ചവർ പൊയ്ക്കളഞ്ഞു. ആ നാലാമത്തെ ആണി ജ്വലിച്ചു കൊണ്ടു ജിപ്സിയെ പിന്തുടർന്നു പോലും. അതുകൊണ്ടാണ് ജിപ്സികൾ അനവരതം അലസസഞ്ചാരം നിർവഹിക്കുന്നത്.

ഡോംബ എന്ന പേരുള്ള ജിപ്സി മൂന്നാണികളുണ്ടാക്കിക്കഴിഞ്ഞപ്പോൾ പടയാളികൾ നാലാമത്തെ ആണിക്കു വിലകൊടുക്കാൻ പണമില്ലാതെ അയാളുടെ അടുത്തുനിന്നു ഓടിയകന്നു. ഡോംബ തിരിച്ചു ആലയിലെത്തിയപ്പോൾ നാലാമത്തെ ആണിക്കായി അയാളിട്ട ഇരുമ്പുകഷ്ണം ജ്വലിക്കുന്നതു കണ്ടു. അയാൾ പല സ്ഥലങ്ങളിലേക്കും ഓടി. ചുട്ടുപഴുത്ത നാലാമത്തെ ഇരുമ്പുകഷ്ണം എപ്പോഴും അയാളെ പിന്തുടർന്നു. കൈകളിൽ മാത്രം ആണി തറച്ചു കുരിശിലേറ്റിയ യേശുവിനെ ശതാധിപന്റെ ആജ്ഞയനുസരിച്ചു സ്വതന്ത്രനാക്കി. അങ്ങനെ അദ്ദേഹം പതിഞ്ചു ശതാബ്ദങ്ങൾ അലഞ്ഞു തിരിഞ്ഞു. ഡോംബയും യേശുവും പരസ്പരം കണ്ടു. കഥയുടെ മർമ്മസ്പർശിയായ ഭാഗം ഡൊംബയുടേ വാക്കുകളിലൂടെത്തന്നെ കേട്ടാലും: “യേശു, നിന്റെ ആളുകൾ പറഞ്ഞു പരത്തിയ കഥ പോലെ നിന്നെ ക്രൂശിക്കാൻ ആണിയുണ്ടാക്കിയതിന്റെ പാപഭാരമല്ല. നിന്നെ ക്രൂശിക്കാൻ മുഴുവൻ ആണികളും ഉണ്ടാക്കിക്കൊടുക്കാഞ്ഞതിലുള്ള എന്റെ വംശത്തിന്റെ രോഷമാണ് ആ ജ്വലിക്കുന്ന ഇരുമ്പിന്റെ രൂപത്തിൽ മേൽ തീവർഷം ചൊരിയുന്നത്.” കുറച്ചു കഴിഞ്ഞു യേശു ഡോംബയോടു പറയുന്ന വാക്യങ്ങൾ ഉദാത്തങ്ങളാണ്. “ഡോംബ, നീ നാലാമത്തെ ആണി കാച്ചിയെടുക്കാഞ്ഞതു അതിനുള്ള കാശുകിട്ടാഞ്ഞതുകൊണ്ടോ, കുരിശിൽ തറയ്ക്കപ്പെടാൻ പോകുന്ന യേശുവിനോടു ദയവു തോന്നിയിട്ടോ. നിന്റെ വംശത്തിന്റെ രോഷം വിളിച്ചുവരുത്തുവാനോ അല്ല. നിനക്കും എനിക്കും ഞാനുണ്ടാക്കിയ സഭയ്ക്കും ആ സഭ വേട്ടയാടുന്ന നിന്റെ വംശത്തിനും മീതെ ഒരു നിയമമുണ്ട്. കാലത്തിന്റെ നിയമം! ഒടുവിലത്തെ ആണി ഒരിക്കലും കാച്ചപ്പെടരുത് എന്ന്.” യേശുവിന്റെ ഈ വാക്കുകൾക്കു ശേഷം ഇരുമ്പിൻ കഷ്ണത്തിന്റെ ജ്വാലയ്ക്കു എന്തു പ്രസക്തി? യേശു അതെടുത്തു മണ്ണിലിട്ടു. അതിൽ അദ്ദേഹം വെള്ളമൊഴിച്ചു. സീൽക്കാരമില്ലാതെ അതു വീണ്ടും വെറും ഇരുമ്പുകഷ്ണമായി.

സ്നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം കലയിലൂടെ വിളംബരം ചെയ്യുന്ന ഇക്കഥ മനോജ്ഞമായ കാവ്യമാണ്.

കാന്റിന്റെ മനസ്സു ഹോളിവുഡിലെ ചലച്ചിത്രതാരത്തിന്റെ ഉള്ളിൽ കാണാനാവില്ലല്ലോ എന്ന് ആരോ പറഞ്ഞു. ആനന്ദ് ആവിഷ്കരിക്കുന്ന ഉജ്ജ്വല ചിന്തകൾക്കു് യേശുക്രിസ്തുവിന്റെ മനസ്സിലേ സ്ഥാനമുള്ളൂ. അതുകൊണ്ടു് അദ്ദേഹം യേശുവിനെ കഥാപാത്രമായി തിരഞ്ഞെടുത്തു. ആ ഔചിത്യം പ്രശംസാർഹമത്രേ. ഭൂതവും വർത്തമാനവും വിഭിന്നമല്ല. രണ്ടുകാലങ്ങളും ഒന്നായി ഈ നീണ്ടകഥയിൽ പ്രവഹിക്കുന്നു. സമകാലിക സമുദായത്തിന്റെ രോഗാർത്തമായ അവസ്ഥകളെ ഒരു മിത്തിലൂടെ പ്രകാശിപ്പിക്കുന്ന ഇക്കഥ. ഒരിക്കലും ക്ഷുദ്രതയിലേക്കു താഴാതെ ഉദാത്ത മണ്ഡലത്തിൽ എപ്പോഴും വർത്തിക്കുന്ന ഇക്കഥ മലയാള സാഹിത്യത്തിനു ലഭിച്ച ഭൂഷണമാണു്.

ചോദ്യം, ഉത്തരം

“ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. താങ്കൾക്കു് ഒരു ഉപദേശം തരാമോ?” “കടലിൽച്ചാടി ചാകാൻ പോകുന്നവനു് ഉപദേശമെന്തിനു്?”

Symbol question.svg.png ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. താങ്കൾക്കു് ഒരു ഉപദേശം തരാമോ?

കടലിൽച്ചാടി ചാകാൻ പോകുന്നവനു് ഉപദേശമെന്തിനു്?

Symbol question.svg.png ഞാൻ കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി പശുക്കറവ കൊണ്ടു ജീവിക്കുന്നു. ഇനി പശുക്കളെ വിറ്റിട്ടു് ചെറുകഥകൾ എഴുതിത്തുടങ്ങാമെന്നു വിചാരിക്കുന്നു. താങ്കൾ എന്തു പറയുന്നു?

വേണ്ട. താങ്കൾ ചെറുകഥയെഴുതിത്തുടങ്ങിയാൽ പശുക്കൾ. തൊഴുത്തു്. പച്ചപ്പുല്ലു്. പാലുകറക്കൽ ഇവയാകും ചെറുകഥകളുടെ വിഷയങ്ങൾ. അക്കഥകൾ വായനക്കാർക്കു സഹിക്കാൻ വയ്യാതെയാവും.

Symbol question.svg.png കടൽക്കരയിൽ താമസിക്കുന്നവർ വെളുത്ത നിറമുള്ളവരാണെങ്കിലും കറുത്തുപോകുന്നതു് എന്തുകൊണ്ടു്?

ഞാൻ ഡോക്ടറാണോ ഇതിനു് ഉത്തരമെഴുതാൻ? അതിരുകടന്ന ചൂടു് സഹിക്കാൻ വേണ്ടി പ്രകൃതി തൊലിപ്പുറം കറുപ്പിക്കുന്നതാവാം. ഇതു് അഭ്യൂഹമല്ല ഏതോ പുസ്തകത്തിൽ വായിച്ചതാണു്.

Symbol question.svg.png നിങ്ങളെ എഴുത്തുകാരനാക്കിയതാരു്?

സി.വി. കുഞ്ഞുരാമനും കെ ബാലകൃഷ്ണനും.

Symbol question.svg.png റ്റാഗോറോ ജിബ്രാനോ വലിയ കവി?

ജിബ്രാന്റെ ഭാവാത്മകതയുടെ തീക്ഷ്ണത റ്റാഗോറിനില്ല. റ്റാഗോറിന്റെ റെയ്ഞ്ച് — വ്യാപ്തി — ജിബ്രാനില്ല. ആരു കേമൻ എന്നു് എനിക്കു പറയാൻ വയ്യ.

Symbol question.svg.png രാഷ്ട്രീയക്കാരുടെ അധികാരക്കൊതിയെക്കുറിച്ചു് എന്തു പറയുന്നു?

അധികാരം ഏതു മണ്ഡലത്തിലുമുണ്ട്. സന്ന്യാസികളുടെ മഠങ്ങളിൽ പ്രധാനപ്പെട്ട സന്ന്യാസി കാണിക്കുന്ന അധികാരക്കൊതി ഹിറ്റ്‌ലർ പോലും കാണിച്ചിട്ടില്ല. സാഹിത്യവാരഫലവും ഒരുതരത്തിൽ അധികാര പ്രകടനമല്ലേ? കോളമിസ്റ്റിനുള്ള ‘സോഷൽ പൗവർ’ വല്ലപ്പോഴും ലേഖനമഴുതുന്ന ആളിനില്ല.

Symbol question.svg.png തെറിക്കത്തുകൾ കിട്ടാറുണ്ടോ?

കഴിഞ്ഞ നാലു കൊല്ലമായി ഒരഭ്യസ്തവിദ്യൻ എനിക്കു് കാർഡിൽ തെറി എഴുതി അയയ്ക്കുന്നു. എനിക്കതിൽ ഒരു ക്ഷോഭവുമില്ല. ഇപ്പോൾ ആ മനുഷ്യന്റെ കൈയക്ഷരം കണ്ടാൽ ഞാനതു വായിച്ചു നോക്കാതെ ചവറ്റുകുട്ടയിലേക്കു തള്ളൂന്നു. അതു കീറി ഊർജ്ജം നശിപ്പിക്കുന്നതു പോലുമില്ല.

Symbol question.svg.png മനുഷ്യൻ മരിക്കുന്നവനല്ലേ? പിന്നെന്തിനു് ഈ എടുത്തു ചാട്ടങ്ങൾ?

മനുഷ്യൻ മരിക്കുന്നവനാണു്. അവന്റെ ലോകം അനന്തമല്ല. എങ്കിലും കാളിദാസൻ എന്ന മനുഷ്യൻ സൗന്ദര്യം ചിത്രീകരിച്ചു് അമരത്വത്തിങ്കലേക്കു ചെന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ലോകം പരിമിതമല്ല. അപരിമിതമാണതു്.

Symbol question.svg.png ‘The unsurpassable philosophy of our time’ എന്നു് മാർക്സിസത്തെ വിശേഷിപ്പിച്ച വിഡ്ഢിയാരു്?

അദ്ദേഹം വിഡ്ഢിയല്ല. ഇരുപതാം ശതാബ്ദത്തിലെ അദ്വിതീയനായ ചിന്തകൻ ആണു് ആ മനുഷ്യൻ. അദ്ദേഹത്തിന്റെ പേരു് ഷാങ് പോൾ സാർത്ര് എന്നു്.

നമ്പൂതിരിയായി ജനിച്ചെങ്കിൽ

ഫ്രഞ്ചെഴുത്തുകാരനായ റിമൊങ് കനോ (Raymond Queneau, 1903–1976) എഴുതിയ ഒരു കവിത:

“കൊച്ചോമനേ, കൊച്ചോമനേ പ്രേമത്തിന്റെ ഈ കാലയളവു് എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്നു നീ വിചാരിച്ചാൽ നീ ബുദ്ധിശൂന്യതയിലേക്കു ചെല്ലുകയാണു്. ആ പനിനീർപ്പൂ പോലുള്ള ശരീരവും കൃശമായ അരക്കെട്ടും ഭംഗിയാർന്ന മാംസപേശികളും മാലാഖയ്ക്കുള്ള തുടകളും കൊച്ചോമനേ എല്ലാക്കാലത്തുമുണ്ടായിരിക്കുമെന്നു നീ വിചാരിച്ചാൽ നീ ബുദ്ധിശൂന്യതയിലേക്കു ചെല്ലുകയാണു്. മനോഹരങ്ങളായ ദിനങ്ങൾ മറയുന്നു. സൂര്യനും ഗ്രഹങ്ങളും ചാക്രിക ഗതിയാർജ്ജിച്ചിരിക്കുന്നു. പക്ഷേ നീ ഋജുരേഖയിലൂടെ മുന്നോട്ടു പോകുകയാണു്. എങ്ങോട്ടാണു് ആ പോക്കെന്നു് അറിഞ്ഞുകൂടാ. പൊടുന്നനെ ചുളിവുകൾ. കനം കൂടിയ കൊഴുപ്പ്. മൂന്നു ഭാഗമായ താടി ഇവയെല്ലാം സമാഗതമാകും. വരൂ. ജീവിതത്തിന്റെ പനിനീർപ്പൂക്കൾ. പനിനീർപ്പൂക്കൾ ശേഖരിക്കു. അവയുടെ ഇതളുകൾ സുഖത്തിന്റെ ശാന്തതയുള്ള കടലാകട്ടെ. വരൂ. അവ കൈക്കലാക്കൂ. കൈക്കലാക്കൂ. നീ അതു ചെയ്യുന്നില്ലെങ്കിൽ കൊച്ചോമനേ നീ ബുദ്ധിശൂന്യതയിലേക്കു ചെല്ലുകയാണു്. നീ ബുദ്ധിശൂന്യതയിലേക്കു് ചെല്ലുകയാണു്.

പ്രകൃതിക്കു മാറ്റമില്ല. പക്ഷേ സുന്ദരി ഋജുരേഖയിലൂടെ മുന്നോട്ടുപോയി വാർദ്ധക്യത്തിലെത്തുകയും സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു. എത്ര ശരി! പക്ഷേ മലയാളം വാരികയുടെ 37-ആം പുറത്തു് അനുഗൃഹീതനായ ചിത്രകാരൻ നമ്പൂതിരി നിറുത്തിയിരിക്കുന്ന ആ സുന്ദരി എല്ലാക്കാലത്തും പുരുഷന്മാരെ ആകർഷിച്ചുകൊണ്ടു് അങ്ങനെ തന്നെ നിൽക്കും. അവളുടെ സൗന്ദര്യത്തിനു ലോപം വരില്ല. അവളുടെ പുഞ്ചിരിയും ഭാവഹാവങ്ങളും മാറുകയില്ല. ഈ സൗന്ദര്യം സൃഷ്ടിച്ച നമ്പൂതിരിക്കു് അഭിനന്ദനം. അടുത്ത ജന്മത്തിലെങ്കിലും കലാകാരനായ നമ്പൂതിരിയായി ജനിക്കാൻ എനിക്കാഗ്രഹം.

നിരീക്ഷണങ്ങൾ

 1. റുഷ്ദിയുടെ ചവറു നോവലിനു് 395 രൂപയാണു് വില. ആ ചവറിനെക്കാൾ ഹീനമായ ചവറാണു് വിക്രം സേത്തിന്റെ ‘An equal Music’ എന്ന നോവൽ. അതിന്റെ വില 500 രൂപ. ഈ 895 രൂപ ഒരാഴ്ചയിൽ ചെലവാക്കിയ ഞാൻ ക്രിമിനലാണു്. ആരെങ്കിലും എന്നെ ക്രിമിനൽ എന്നു വിളിച്ചാൽ ‘എന്തേ’ എന്നു ഞാൻ വിനയപൂർവ്വം വിളികേൾക്കും. യൂറോപ്പിന്റെയും ഇംഗ്ലണ്ടിന്റെയും സംഗീതത്തിന്റെ സങ്കേതങ്ങൾ — ദുർഗ്രഹങ്ങളായ സങ്കേതങ്ങൾ — മനുഷ്യനെ കൊല്ലുന്ന രീതിയിൽ പ്രതിപാദിച്ചു് ഒരു പ്രേമകഥ കൂടി ഉൾപ്പെടുത്തി രചിക്കപ്പെട്ട ഈ നോവൽ വായനക്കാർക്ക് അസഹനീയമായി പീഡ ഉളവാക്കുന്നു. ആഖ്യാനത്തിന്റെ സവിശേഷതയില്ല. കഥാപാത്രങ്ങളുടെ വ്യക്‌തിത്വമില്ല. അവയുടെ സ്വത്വശക്‌തിയുടെ പ്രദർശനമില്ല. literary expression എന്നു ഇംഗ്ലീഷിൽ പറയുന്ന സാഹിത്യസംബന്ധിയായ ആവിഷ്‌കാരം ഒരിടത്തുമില്ല. ഈ വിക്രം സേത്തിനെക്കാൾ ആയിരം മടങ്ങ്. പതിനായിരം മടങ്ങ്. പതിനായിരം മടങ്ങ്. ലക്ഷം മടങ്ങ്. ലക്ഷം മടങ്ങ് കേമന‌്മാരാണ് നമ്മുടെ ഉറൂബും തകഴിയും ബഷീറുമെല്ലാം.
 2. ചിറ്റൂർ കോളേജിനടുത്തു നിന്ന് ദൂരത്തേക്കു നോക്കിയാൽ പർവ്വതപംക്‌തികൾ നീല നിറമാർന്നു ഗജരാജന്മാരെപ്പോലെ നിൽക്കുന്നതു കാണാം. അവയിലൂടെ ഒഴുകുന്ന കൊച്ചു നദികൾ വെള്ളിരേഖകൾ പോലെ കാണപ്പെടും. അപ്പോഴൊക്കെ ആനയ്‌ക്കു ഭസ്‌മക്കുറിയിട്ടപോലെ എന്ന കാളിദാസോപമ എന്റെ ഓർമ്മയിലെത്തും. അതിരാവിലെ ഉണർന്നു അക്കാഴ്ച കാണാൻ ഞാൻ കോളേജിനടുത്തു ചെന്നു നിന്നിട്ടുണ്ട്. തിരിച്ചുവന്നു കുളികഴിഞ്ഞു തിടുക്കത്തിൽ കോളേജിൽ പഠിപ്പിക്കാൻ പോകും. നെല്ലിൻ പാടങ്ങളിലൂടെ എനിക്കു നടക്കേണ്ടതായിട്ടുണ്ട്. നെൽച്ചെടികളിൽ പറ്റിയ മഞ്ഞിൻതുള്ളികൾ മുണ്ടിന്റെ അറ്റത്തുതട്ടി നനവുണ്ടാക്കും. അതു കാലുകളിലേക്കു വ്യാപിക്കുമ്പോൾ എനിക്ക് ആഹ്ലാദം അതനുഭവിക്കാൻ വേണ്ടി പാടത്തിന്റെ വരമ്പിൽക്കൂടി പലതവണ ഞാനങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. അറ്റം നനഞ്ഞ മുണ്ടുമായി കാസ്സിൽ നിൽക്കുമ്പോൾ എന്തും കണ്ടുപിടിക്കാൻ സാമർഥ്യമുള്ള പെൺകുട്ടികൾ ‘മാഷ്‌ടെ മുണ്ടിന്റെ അറ്റം എന്തേ നനഞ്ഞു?’ എന്നു ചോദിച്ചിട്ടുണ്ട്. അതിനുശേഷം കുഞ്ഞിരാമൻ നായരുടെ ‘മലനാടൻ മങ്കമാർ’ എന്ന കാവ്യം പഠിപ്പിക്കലാണ്. കുട്ടികൾ രസിച്ചിരിക്കും. കവിതയുടെ മാധുര്യം നുണഞ്ഞ്. ദൂരെക്കാണുന്ന മലകൾ രമണീയം. അവയിലെ വെള്ളിരേഖകൾ സുന്ദരം. ഹരിതാഭമായ പാടങ്ങൾ മനോഹരം. നെ‌ൽച്ചെടികളിലെ മഞ്ഞിൻ തുള്ളികൾ ഭംഗിയാർന്നവ. അവയുടെ സ്‌പർശം ഹൃദ്യം. കുഞ്ഞിരാമൻ നായരുടെ കവിത അതിസുന്ദരം. അതു കേട്ടൂ ചുണ്ടുകളിൽ ഊറിയ ചിരിയുമായിരിക്കുന്ന വിദ്യാർത്ഥികളും സൗന്ദര്യമാർന്നവർ ആനന്ദലബ്‌ധിക്കിനിയെന്തുവേണം?
 3. വ്യക്‌തികളും രചനകളും ‘അസേർട്ടീവാ’കുമ്പോൾ — സ്വയമുറപ്പിക്കുന്നതായി കാണിക്കുമ്പോൾ — യഥാക്രമം ദ്രഷ്‌ടാക്കൾക്കും അനുവാചകർക്കും രസിക്കില്ല. രസിക്കില്ലെന്നു മാത്രമല്ല. വിരോധമുണ്ടാവുകയും ചെയ്യും. തകഴി ശിവശങ്കരപ്പിള്ള വ്യക്‌തിയെന്ന നിലയിൽ ‘മമേതി’ ഭാവം കാണിച്ചില്ല. അദ്ദേഹത്തിന്റെ രചനയിൽ തീരെയില്ല ‘അസേർഷൻ’. ബർട്രൻഡ് റസ്സലോ അൽഡസ് ഹക്‌സിലിയോ രചനകളിൽ ഈ ദോഷം പ്രകടിപ്പില്ല. അതല്ല ബർനാർഡ് ഷായുടെ രീതി. സ്വയമുറപ്പിക്കുന്ന രീതിയിലേ അദ്ദേഹത്തിന് എഴുതാൻ കഴിഞ്ഞിരുന്നുള്ളൂ.‘മമേതി’ ഭാവം കാണിക്കുന്ന വരെ ജനത ശത്രുക്കളായി കരുതും. അതില്ലാത്തവരെ സ്‌നേഹിക്കും. തകഴിയുടെ മരണത്തിൽ എല്ലാവരും ദുഃഖിച്ചതിന്റെ കാരണം ഇതുതന്നെ.
 4. റൊമേനിയയിൽ ജനിച്ച അമേരിക്കൻ നോവലിസ്റ്റ് ഈലി വിസലിന്റെ (Elie Wiesel-born 1928) ധീരമായ ശബ്‌ദം ലോകജനത ആദരത്തോടെ കേൾക്കും. ആറു ദശലക്ഷം ജൂതന്മാരെ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഹിറ്റ്‌ലർ കൊന്നൊടുക്കി. അതിനെതിരായി വീസൽ എഴുതിയ ‘Night’ എന്ന പുസ്‌തകം അതിന്റെ ആവിഷ്‌കാര ശക്‌തികൊണ്ടു ലോകസാഹിത്യത്തിൽ നിസ്തുലമായിത്തീർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയെയും നാ‌ത്‌സികൾ ഔഷ്‌വിറ്റ്‌സിൽ വച്ചു കൊന്നു. വീസൽ ജൂതനായിപ്പോയതുകൊണ്ട് നാത്‌സികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പിതാവിനെയും ജർമ്മനിയിലെ തടങ്കൽപ്പാളയമായ ബൂഹൻവൾറ്റിലേക്ക് (Buchenwald) അയച്ചു. അച്ഛനെ നാത്‌സികൾ അവിടെ വച്ചു വധിച്ചു. അക്രമത്തിനും വിദ്വേഷത്തിനും എതിരായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വീസലിന് 1986-ൽ സമാധാനത്തിനുള്ള നോബൽസമ്മാനം കിട്ടി. മഹാനായ ഈ സാഹിത്യകാരന്റെ ‘The quest of Genocide’ എന്ന ലേഖനത്തിലേക്ക് (Newsweek, 12th April) ഞാൻ വായനക്കരുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു. അൽബേനിയൻ ജനതയെ പീഡിപ്പിക്കുന്നതിനെതിരായി വീസൽ സിംഹനാദം മുഴക്കുന്നു. ആ കണ്ഠധ്വനി ലോകമെമ്പാടും പരക്കുന്നു.

  President Sloban Milosevic is a criminal എന്നു തുടങ്ങുന്ന ആ പ്രബന്ധം അതിശക്‌തമാണ്. “like all nightmares this too will come to an end. And then Milesevic’s actions in Bosnia will also be remembered. And he will appear before an international tribunal, charged with the ultimate offence; crimes against humanity.” എന്ന് ലേഖനത്തിന്റെ പര്യവസാനം. ഈ മനുഷ്യസ്‌നേഹിയെ ഞാൻ ഇവിടിരുന്നുകൊണ്ട് നസ്‌മരിക്കുന്നു.

  ഒരപരാധവും ചെയ്യാത്ത ആളുകളെ മാസഡോണിയയിലേക്കു ബലാത്‌കാരമായി അയയ്‌ക്കുന്ന ദുഷ്‌ടതയെ കാണിക്കുന്ന ചിത്രങ്ങൾ ന്യൂസ് വീക്കിലിയിലുണ്ട്. അവ നോക്കുക. ‘മാനസം കല്ലുകൊണ്ടല്ലാതുള്ള’ മനുഷ്യർ കരയാതിരിക്കില്ല.

  അടുത്ത ജൻമത്തിലെങ്കിലും കലാകാരനായ നമ്പൂതിരിയായി ജനിക്കാൻ എനിക്കാഗ്രഹം.

 5. ശ്രീമതി മാധവിക്കുട്ടി (കമലാദാസ്) ഈജിപ്‌തിൽ ഒരു സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പല സാഹിത്യകാരന്മാരെയും പരിചയപ്പെട്ട കഥകൾ എന്നോടു പറഞ്ഞു. ഫ്രഞ്ച് നോവലിസ്റ്റ് റോബ് ഗ്രിയേയിക്കുറിച്ചു ശ്രീമതിക്കു നല്ല വാക്കുകളേ പറയാനുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പത്‌നീസ്നേഹമാണ് മാധവിക്കുട്ടിയെ ആകർഷിച്ചത്. എന്നാൽ വിശ്വവിഖ്യാതനായ ഒരു ലാറ്റിനമേരിക്കൻ നോവലിസ്റ്റിനെ ‘വൾഗേറിയൻ’ എന്നാണ് അവർ വിശേഷിപ്പിച്ചതു. സഹിത്യകാരന്മാരിൽത്തന്നെ ‘വൾഗേറിയൻസ്’ ഉള്ളപ്പോൾ സാധാരണക്കാരിൽ അവരുടെ സംഖ്യാബലം വരുന്നതിൽ എന്തേ അദ്‌ഭുതം.’ എന്റെ ഒരു ബന്ധു വൾഗേറിയൻസിൽ വൾഗേറിയനായിരുന്നു. സ്‌തീകൾ വസ്‌ത്രം മാറ്റുന്നിടത്തു നിന്ന് അയാൾ പോകുകയേയില്ല. ഒടുവിൽ ‘സഹികെട്ട്’ ഒരു യുവതി അയാളോടു പറഞ്ഞു: “അണ്ണാ. ഒന്നു വെളിയിലോട്ടു പോകൂ. ഞങ്ങൾ സരിയുടുക്കട്ടെ.” അങ്ങനെ അയാൾ ഗളഹസ്‌തം ചെയ്യപ്പെട്ടു. ഇത് ഒരു സാമാന്യതത്ത്വത്തിലേക്ക് എന്നെ കൊണ്ടുചെല്ലുന്നു. നമ്മളെ ബഹിഷ്‌കരിക്കാൻ ഇടയുള്ള സ്ഥലത്ത് നമ്മൾ ഒരിക്കലും പോകരുത്. അബദ്ധത്തിൽ അവിടെ പെട്ടുപോയാൽ മറ്റാളുകൾ നീരസം കാണിക്കുന്നതിനു മുൻപ് അവിടെനിന്നു ഇറങ്ങിപ്പോരണം. പണ്ടു ഞാൻ സിനിമ കാണാൻ പോകുമായിരുന്നു. തീയെറ്ററിൽചെന്നാൽ ചലച്ചിത്രമല്ല ഞാൻ നോക്കുക. രണ്ടുവശത്തും Exit എന്നെഴുതിവച്ചിരിക്കുന്നതിലായിരിക്കും എന്റെ നിരന്തരമായ നോട്ടം. മനസ്സിൽ Exit എന്നെഴുതിവച്ച് ജീവിച്ചാൽ പല കുഴപ്പങ്ങളും ഒഴിവാക്കാം.