close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 12 02


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 12 02
ലക്കം 481
മുൻലക്കം 1984 11
പിൻലക്കം 1984 11 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സൂര്യരശ്മികൾ വന്നുവീഴുന്തോറും പനിനീർപ്പൂവിന്റെ ശോഭ കൂടിക്കൊണ്ടിരിക്കും. കാലത്ത് നാണംകുണുങ്ങിനിൽക്കുന്ന പൂവ് ഉച്ചയാകുമ്പോൾ പ്രൗഢയെപ്പോലെ തീക്ഷ്ണ ശോഭയോടെയായിരിക്കും നിൽക്കുക. കടുത്ത രശ്മികൾ ഏറ്റിട്ടും പൂവിനു ഈ ഉജ്ജ്വലത എങ്ങനെയുണ്ടാവുന്നു? ആരോഗ്യമുള്ള യുവാവിനോ യുവതിക്കോ അഞ്ചുമിനിറ്റിൽ കൂടുതലായി വെയിലത്തു നിൽക്കാനാവില്ല. എന്നാൽ മൃദുത്വമുള്ള റോസാപ്പൂ വാടുന്നില്ലെന്നു മാത്രമല്ല, ഒന്നിനൊന്നു കാന്തിയുള്ളതായിത്തീരുകയും ചെയ്യുന്നു. സായാഹ്നമായി, രാത്രിയായി. പനിനീർപ്പൂവിനു ശോഭയില്ല. യുവതികളും ഇതുപോലെയാണു്. ചെറുപ്പക്കാരനാണു വിവാഹം കഴിക്കുന്നതെങ്കിൽ അവളുടെ സൗന്ദര്യം വർദ്ധിക്കും. കിഴവനാണെങ്കിലോ? അവളുടെ ഭംഗി ഏതാനും ദിവസംകൊണ്ട് ഇല്ലാതാകും. ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ അവൾ കിഴവിയായി മാറിയിരിക്കും. അതുകൊണ്ടാണു യുവതിയാകുന്ന പനിനീർപൂവിനു യുവത്വത്തിന്റെ തീക്ഷ്ണമയൂഖങ്ങളാണു വേണ്ടത്, വാർദ്ധക്യത്തിന്റെ ശിതളരശ്മികളല്ല എന്ന് ആരോ പറഞ്ഞത്. സൂര്യരശ്മികൾ ഏൽക്കുമ്പോൾ വെള്ളാരംകല്ലുകൾ തിളങ്ങും, പച്ചയിലകൾ ശോഭിക്കും. സൂര്യൻ അസ്തമിക്കട്ടെ. വെള്ളാരംകല്ലുകളെക്കാൾ, ഇലകളെക്കാൾ അനാകർഷകങ്ങളായി വേറെയൊന്നുമില്ല. ഇതുപോലെയാണു കലാസൃഷ്ടികളും. അനുഭവത്തിന്റെ കിരണങ്ങൾ വന്നുവീണാൽ അവ പ്രകാശിക്കും, രത്നം പോലെ. അനുഭവരശ്മികൾ പതിച്ചില്ലെങ്കിൽ അവ മൺകട്ടകളാണ്. അനുഭവങ്ങൾക്കു തീക്ഷ്ണത കൂടുമ്പോൾ അനുവാചകൻ അന്നുവരെ കണ്ടിട്ടില്ലാത്ത പലതും കാണും. എന്നാൽ പ്രചാരണം എഴുത്തുകാരന്റെ ലക്ഷ്യമാകുമ്പോൾ സങ്കുചിതങ്ങളായ അനുഭവങ്ങളെ മാത്രമേ പ്രതിപാദിക്കാനാവൂ. അതിന്റെ ഫലമായി കലാസൃഷ്ടികൾക്കും സങ്കുചിതത്വം വരുന്നു. ടൊൾസ്റ്റോയിയുടെയും ദസ്തെയെവ്സ്കിയുടെയും മഹത്വം മാക്സിം ഗോർക്കിക്ക് ഇല്ലാത്തത് അതിനാലാണ്.

കടപ്പുറത്തെ മണൽത്തരികളേ, നിങ്ങൾക്ക് മദ്ധ്യാഹ്നത്തിൽ എന്തൊരു ശോഭ! നിങ്ങളാണു എനിക്കു കലാരഹസ്യം പറഞ്ഞുതന്നത്.

എന്തൊരു വീഴ്ച

പ്രചാരണം വി. വി. രുക്മിണിയുടെ ലക്ഷ്യമല്ല. ലക്ഷ്യമായിരുന്നെങ്കിൽ അതു രചനയെ വിഴുങ്ങുമായിരുന്നു. ലക്ഷ്യമെന്ന തവള, രചനയെന്ന ചേരയെ ഉള്ളിലാക്കിക്കൊണ്ട് പള്ളവീർപ്പിച്ച് ഇരിക്കുമായിരുന്നു. ഭാഗ്യംകൊണ്ട് ആ ബീഭത്സത രുക്മിണിയുടെ കഥയ്ക്കില്ല. (ദേശാഭിമാനി വാരിക) പ്രായംകൂടിയ ഒരദ്ധ്യാപിക തനിക്കു പൂർവ്വകാലത്തുണ്ടായ ഒരനുഭവത്തെ കൂട്ടുകാരി രുക്കുവിനെ അറിയിക്കുന്ന മട്ടിലാണു ഇക്കഥ രചിച്ചിട്ടുള്ളത്. വേണ്ടിടത്തോളം ഉറപ്പില്ലാത്ത ഒരു മുറിയിൽ അദ്ധ്യാപിക ഉറങ്ങുന്നു. അടുത്ത മുറിയിൽ അവർ പ്രൈമറിസ്കൂളിൽ പഠിപ്പിച്ചവൻ. അവനിന്ന് ബലിഷ്ഠനായ യുവാവ്. ആലിപ്പഴം വീണ രാത്രിയിൽ അവന്റെ കാമം ജ്വലിച്ചു. തന്റെ ഗുരുനാഥയെ അവൻ കയറിപ്പിടിച്ചു. പക്ഷേ, അവരുടെ അടിയേറ്റ് അവൻ ചൂളിപ്പോയി. അടിയുടെ ശബ്ദംകേട്ട് വായനക്കാർ ഞെട്ടണമെന്ന് വി. വി. രുക്മിണിക്കു വിചാരമുണ്ട്. അടികൊടുത്ത അദ്ധ്യാപികയുടെ സന്മാർഗ്ഗതല്പരത്വം ഒരോ വായനക്കാരിക്കും മാർഗ്ഗദർശകമാകണമെന്നും അവർ കരുതുന്നുണ്ട്. പക്ഷേ രണ്ടും സംഭവിക്കുന്നില്ല. യാന്ത്രികവും അസത്യപൂർണ്ണവുമായ ഒരു കഥ. കാമവെറി പിടിച്ച വല്ല അനാഗതശ്മശ്രുവുമുണ്ടെങ്കിൽ അയാളിതു വായിച്ച് ‘ഹാ, എന്തു നല്ല കഥ’ എന്നു മൊഴിയാടിയേക്കും. ‘രാച്ചിയമ്മ’ യും ‘വാടകവീടു’ കളും ‘പൂവമ്പഴ’ വും ( ബഷീർ) ‘മരപ്പാവ’ കളും കണ്ട മലയാളസാഹിത്യത്തിനു എന്തൊരു അധ:പതനം.

​​

* * *

​​ സ്വർഗ്ഗം ലൈബ്രറിയായിരുന്നെങ്കിൽ എന്നു ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ബോർഹെസ് ആഗ്രഹിക്കുന്നു. ആ ലൈബ്രറിയിൽ കേരളത്തിലെ ചെറുകഥകളുടെ തർജ്ജമയുണ്ടെങ്കിൽ ബോർഹെസ് നരകത്തിലേക്കു പാഞ്ഞുപോകും.

കെട്ടിടങ്ങൾ തേനീച്ചകൾ

ഭൂമിശാസ്ത്രം നൽകുന്ന സ്ഥിരത വലിയ ഭാഗ്യമാണെന്നാണു ബർട്രൻഡ് റസ്സൽ പറയുന്നത്. ആ സ്ഥിരത ഇല്ലെങ്കിലോ? അദ്ദേഹത്തെ അവലംബിച്ചുകൊണ്ട് - ലണ്ടൻ പട്ടണത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിനെ അവലംബിച്ചുകൊണ്ട് - തിരുവന്തപുരം നഗരത്തെക്കുറിച്ച് എഴുതട്ടെ. തിരുവനന്തപുരത്തെ കെട്ടിടങ്ങൾ കൂടെക്കൂടെ സ്ഥലം മാറിക്കൊണ്ടിരിക്കുന്നുവെന്നു കരുതുക. കാലത്ത് ഓട്ടൊറിക്ഷയിൽ കയറി ‘ഹജൂർക്കച്ചേരി’ എന്നു നമ്മൾ ഡ്രൈവറോടു പറയുന്നു. ശാസ്തമംഗലത്തുനിന്ന് ഹജൂർക്കച്ചേരിവരെയുള്ള സവാരിക്ക് അഞ്ചുരൂപ വാങ്ങാം എന്ന വിചാരത്തോടുകൂടി ഡ്രൈവർ വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്പെൻസർജങ്ഷൻ ഈ സ്ഥലങ്ങൾ കടന്ന് മാധവറാവുവിന്റെ പ്രതിമയ്ക്കുമുമ്പിൽ റിക്ഷ നിറുത്തുന്നു. പക്ഷേ, ഇടതുവശത്ത് ഹജൂർക്കച്ചേരി കണാനില്ല. അപ്പോൾ അതുവഴിവന്ന വേറൊരു ഓട്ടൊറിക്ഷക്കാരനെ തടഞ്ഞുനിർത്തി നമ്മൾ ചോദിക്കുന്നു; “ഹജൂർക്കച്ചേരി എവിടെ?” അയാളുടെ മറുപടി; “ഒരു മണിക്കൂറിനുമുമ്പ് ശംഖുമുഖത്തേക്കു പോയി.” ( പട്ടണത്തിനു പടിഞ്ഞാറുള്ള സ്ഥലം, കടലിനടുത്ത്). വീണ്ടും പന്ത്രണ്ട് രൂപ ചിലവാക്കി നമ്മൾ ശംഖുമുഖത്ത് ചെല്ലുന്നു. കച്ചേരി കാണാനില്ല. അതിലേ കുട്ട ചുമന്നുപോയ ഒരു സ്ത്രീയോടു ചോദിക്കുന്നു; “ഹജൂർകച്ചേരി ഇവിടെ വന്നില്ലേ? എവിടെ അത്?” അവളുടെ മറുപടി: “ഹജൂർക്കച്ചേരി വേണമോ? തിരുമലയിൽ കാണുമേ.” (തിരുമല- നഗരത്തിന്റെ കുഴക്കുഭാഗത്തുള്ള സ്ഥലം).ഇരുപതുരൂപ ചിലവ്. തിരുമലയിൽ എത്തുമ്പോൾ കച്ചേരി നെയ്യാറ്റിങ്കരയിലേക്കു നീങ്ങിയിരിക്കുന്നു. ( നെയ്യാറ്റിങ്കര- തിരുവന്തപുരത്തിനു തെക്കുള്ള സ്ഥലം). തേനീച്ചയെപ്പോലെ ഹജൂർക്കച്ചേരി കറങ്ങുന്നു. നമ്മൾ എത്ര ശ്രമിച്ചാലും അതു കാണില്ല. നവീനകവിതയുടെ കലാത്മകത്വം എവിടെയെന്ന് അന്വേഷിക്കുന്ന സഹൃദയനും ഇതുതന്നെയാണു സംഭവിക്കുന്നത്. ഡോക്ടർ അയ്യപ്പപ്പണിക്കരും അല്പം കോപത്തോടെ പറയുന്നത് മറ്റൊന്നുമല്ല. കേട്ടാലും:

“ആർക്കെല്ലാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആധുനികോത്തര സാഹിത്യം

ഡോക്ടര്‍ അയ്യപ്പപ്പണിക്കരും അദ്ദേഹത്തിന്റെ കൂട്ടുകാരും ഉണ്ണിക്കൃഷ്ണനെ എവിടെയോ ഒളിച്ചുവച്ചിരിക്കുകയാണു്. വരൂ കൃഷ്ണാ! കംസനായ ഞാന്‍ അയ്യപ്പപ്പണിക്കരുടെ മുന്‍പില്‍വച്ചുതന്നെ നിന്നെ നിഗ്രഹിക്കട്ടെ

മലയാളത്തില്‍ ആവിര്‍ഭവിച്ചു കഴിഞ്ഞിട്ടുണ്ടു്.

എവിടെയെന്നു കംസന്മാര്‍ തിരഞ്ഞെടുക്കട്ടെ.

പൂതനയെയും ശകടാസുരനെയും അയയ്ക്കട്ടെ.

അക്രൂരനെത്തന്നെ അയച്ചാലും വിരോധമില്ല.”

സംസ്കാരം വാര്‍ഷികപ്പതിപ്പു്

പക്ഷേ കംസനും പൂതനയും ശകടാസുരനും അന്വേഷിച്ചാലും നവീന കവിതയിലെ കലാംശം എന്ന ദേവകീനന്ദനെ കാണുകയില്ല. അതുകൊണ്ടു് കംസനു് ആ കുഞ്ഞിനെയെടുത്തു താഴെയടിക്കാന്‍ പററുന്നില്ല. പൂതനയ്ക്കു ലളിതവേഷംകെട്ടി കുഞ്ഞിനു മുല കൊടുക്കാനും സാധിക്കുന്നില്ല. ഡോക്ടര്‍ അയ്യപ്പപ്പണിക്കരും അദ്ദേഹത്തിന്റെ കൂട്ടുകാരും ഉണ്ണിക്കൃഷ്ണനെ എവിടെയോ ഒളിച്ചുവച്ചിരിക്കുകയാണു്. വരൂ കൃഷ്ണാ! കംസനായ ഞാന്‍ അയ്യപ്പപ്പണിക്കരുടെ മുന്‍പില്‍വച്ചുതന്നെ നിന്നെ നിഗ്രഹിക്കട്ടെ.

കുറുനരിയും കോഴിയും

പകല്‍ മുഴുവനും വല്ല കുററിക്കാട്ടിലും ഒളിച്ചിരുന്നിട്ടു് രാത്രിയാകുമ്പോള്‍ അവിടെ വിട്ടിറങ്ങി ഗ്രാമപ്രദേശത്തെ കോഴിക്കൂടുകളില്‍ ചെന്നു മണപ്പിക്കുകയും സൌകര്യമുണ്ടെങ്കില്‍ അഴികളുടെ ഇടയിലൂടെ കോഴിയെ വലിച്ചെടുക്കുകയും ചെയ്യുന്ന കുറുക്കന്മാര്‍ ധാരാളം. കേരളത്തിനു പുറുത്തുള്ള പല സംസ്ഥാനങ്ങളിലെയും സാഹിത്യകാരന്മാര്‍ ഈ ഊളന്മാരെപ്പോലെയാണു്. അവര്‍ക്കു സ്വന്തം നാട്ടിലെ കോഴികളെ മാത്രം കിട്ടിയാല്‍ മതിയാവുകയില്ല. കേരളത്തിലെ കോഴികളെയും വേണം. പക്ഷേ, ഇങ്ങോട്ടു വരാനുള്ള വഴി അറിഞ്ഞുകൂടാ. തര്‍ജ്ജമക്കാരന്‍ എന്ന ‘വഴികാട്ടി’ ചെല്ലുന്നു. സഹായിക്കുന്നു. കേരളത്തിലെത്തിയ അവര്‍ “പ്രൌള്‍” ചെയ്യുന്നു — പാത്തുനടക്കുന്നു മണപ്പിക്കുന്നു. അഴികള്‍ക്കിടയിലൂടെ മോന്തായം കടത്തുന്നു. പാവപ്പെട്ട കോഴികള്‍ ഉണര്‍ന്നു ദയനീയമായി കരയുന്നു. ആ കരച്ചിലാണു് ഇപ്പോഴെന്നല്ല എപ്പോഴും ഞാന്‍ കേള്‍ക്കുന്നതു്.

കുങ്കുമം വാരികയില്‍ നിന്നിതാ കുക്കുടത്തം. ജഞാനപീഠസമ്മാനം നേടിയ മാസ്തി വെങ്കടേശ്വര അയ്യങ്കാരുടെ “വെങ്കിട്ട സ്വാമിയുടെ പ്രണയം.” എന്ന ക്ഷുദ്രമായ കഥയെ ലക്ഷ്യമാക്കിയാണു് ഞാനിങ്ങനെ പറയുന്നതു്. വെങ്കിട്ട സ്വാമി ക്ഷുരക യുവാവാണു്. അയാള്‍ ഒരു സർക്കസ്സു കാരിയെക്കണ്ടു് രാഗത്തില്‍ വീഴുന്നു. ബന്ധുക്കളുടെ വിരോധം രാഗസാഫല്യത്തിനു തടസ്സം സൃഷ്ടിക്കുന്നു. വെങ്കിട്ടസ്വാമി സന്നിപാതജ്വരമോ മറ്റോ പിടിച്ചു മരിക്കുന്നു. സര്‍വ്വസാധാരണമായ ഈ കഥ സര്‍വ്വസാധാരണമായ രീതിയില്‍ തന്നെ പറഞ്ഞിരിക്കുന്നു മാസ്തി. സ്നേഹിതന്മാർ ഒരുമിച്ച കൂടുമ്പോള്‍ ഒരുത്തന്‍ കഥ പറയുകയും മററുള്ളവര്‍ അതു കേള്‍ക്കുകയും ചെയ്യുന്ന മട്ടിലാണല്ലോ മോപസാങ് പല കഥകളും എഴുതിയിട്ടുള്ളതു്. മാസ്തിയുടെ രീതിയും അതുതന്നെ. ടെക്നിക്കിന്റെ ഈ പഴഞ്ചന്‍ സ്വാഭാവത്തിനു മാപ്പു നല്‍കാം. എന്നാല്‍ എന്റെ ജീവിതാനുഭവത്തെ തീക്ഷണമാക്കാത്ത, ജീവിതത്തിലേക്കു ഒരു പുതിയ ഉള്‍ക്കാഴ്ചയും നല്കാത്ത ജേര്‍ണ്ണലിസത്തെ സാഹിത്യസൃഷ്ടിയായി ഞാന്‍ അംഗീകരിക്കുന്നതെങ്ങനെ? മറ്റു ദേശങ്ങളില്‍ പനിനീര്‍പ്പൂക്കളുണ്ടു്. വേണമെങ്കില്‍ അവ കൊണ്ടുവന്നു കേരളത്തിന്റെ മണ്ണില്‍ നടൂ. ദുര്‍ഗ്ഗന്ധം പരത്തുന്ന പൂക്കളെ ഇങ്ങോട്ടു കൊണ്ടുവരാതിരിക്കു. കഥ തര്‍ജ്ജമചെയ്ത വേണു കൊടുങ്ങല്ലൂരിനോടു് ഒരു വാക്കു്; നേരം വെളുത്തു. മാസ്തിക്ക് കര്‍ണ്ണാടകത്തിലെക്കുള്ള വഴി കാണിച്ചുകൊടുക്കു.

* * *

കെ. ബാലകൃഷ്ണനോടൊരുമിച്ചു് കായങ്കുളത്തു് ഒരു സമ്മേളനത്തിനു പോകുകയായിരുന്നു ഇതെഴുതുന്ന ആള്‍. കാറോടിച്ചതു പേട്ടയിലുള്ള സത്യന്‍. ഞങ്ങളുടെ കാറിനു മുന്‍പേ പോകുന്ന മറ്റൊരു കാറു് കണ്ടാലുടന്‍ ബാലകൃഷ്ണന്‍ സത്യനോടു പറയും: “അവനെ തട്ടു്” ഡ്രൈവര്‍ വേഗംകൂട്ടി ആ കാറിനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബാലകൃഷ്ണന്‍ ആഹ്ലാദിക്കും. അപ്പോഴുണ്ടു് ഒരു ചക്കടാവണ്ടി പോകുന്നു. ഞാന്‍ പറഞ്ഞു: “അവനെയും തട്ടു്.” അതുകേട്ടു ബാലകൃഷ്ണന്‍: “അവനെ തട്ടുന്നതില്‍ എന്തു രസമിരിക്കുന്നു?” ശരിയാണു് ചക്കടാവണ്ടിയെ തട്ടുന്നതില്‍ ഒരു രസവുമില്ല. നമ്മുടെ തര്‍ജ്ജമക്കാര്‍ മററു പ്രദേശങ്ങളിലെ ചക്കടാവണ്ടികള്‍ക്കു സൈഡ് കൊടുക്കുന്നു.

എം. ഗോവിന്ദന്‍

ഉന്മാദം പ്രേരിപ്പിക്കുന്നതും യുക്തി എഴുതുന്നതുമായവയാണ് ഏറ്റവും മനോഹരങ്ങൾ എന്ന് ഫ്രഞ്ചെഴുത്തുകാരൻ ആങ്ദ്രേഷീദ് പറഞ്ഞിട്ടുണ്ട്. സ്വപ്നം കാണുമ്പോൾ ഉന്മാദത്തോടും എഴുതുമ്പോൾ യുക്തിയോടും അടുത്തുനിൽക്കണം എന്നാണ് അദ്ദേഹത്തിന്റെ മതം. എം. ഗോവിന്ദൻ യൗവനകാലത്തെ ഒരുന്മാദത്തെ ഭംഗിയായി ചിത്രീകരിക്കുന്നു:

“പുത്തരിച്ചുണ്ടുകൾ പൂവിട്ട കാലത്ത്
പുഞ്ചിരിച്ചെണ്ടുമായ് നീയുമെത്തി.
എന്തിനുവന്നു നീയെന്നറിയാതെ ഞാ-
നെന്തോ പറഞ്ഞതെന്നോർമ്മയുണ്ടോ
ഇത്തിരിനേരം നീയെന്മുന്നിൽ നിൽക്കയായ്
ചോദ്യത്തിനുത്തരം ചൊല്ലിടാതെ.
ചോദിച്ചതെന്തെന്നു ഞാനും മറന്നു; നീ
ചോർന്നുപോയ്, ചിത്തത്തിൽനിന്നു മാഞ്ഞു.”

(പുത്തിരിച്ചുണ്ടയുടെ കഥ- മാതൃഭൂമി ആഴ്ചപ്പതിപ്പ്)

ഉന്മാദമുണ്ടെങ്കിലും രചനയിൽ യുക്തിയുണ്ട്. ആ യുക്തി കാവ്യത്തിന്റെ പര്യവസാനത്തിൽ ആകർഷകമായി വിരിഞ്ഞു നിൽക്കുന്നു:

“ആരോ തിരിഞ്ഞെന്നെ നോക്കുന്നു, കണ്ടുഞാൻ
ആരോമലാളേ, നീതന്നെയാവാം
ആളൊന്നു കൈകോർത്തു നിന്നൊപ്പം നിന്മണ-
വാളൻ ചമയും ചെറുക്കനാവാം,
പൂവിട്ട പുത്തരിച്ചുണ്ട ഉണക്കമായ്;
വേനലിൽ വേർപാടുമാത്രം മണ്ണിൽ!’’

മറഞ്ഞുപോയ ഒരു പൂർവകാല സൗഭാഗ്യത്തെ ചേതോഹരമായി പ്രതിപാദിക്കുന്നു കവി. ഈ കാവ്യത്തെ “സ്ഥിരം തത്ത്വങ്ങൾ” കൊണ്ട് അളന്നുനോക്കാനും മറ്റും എനിക്കു കൗതുകമില്ല. 1936-ൽ പി. കെ. വിക്രമൻ നായർ (പ്രശസ്തനായ അഭിനേതാവ്) ഒരു കവിതയുടെ കൈയെഴുത്തുപ്രതി എന്റെ വീട്ടിൽ കൊണ്ടുവന്നു. വിഷയം ഇങ്ങനെ: സുന്ദരിയായ പെൺകുട്ടി കുളിക്കാനായി ശരീരം അനാവരണം ചെയ്തു. മറവില്ലാത്ത മാറണിച്ചെപ്പുകളോടുകൂടി അവൾ വെള്ളത്തിൽ ഇറങ്ങിനിന്നപ്പോൾ കാമുകൻ കുളക്കരയിൽ എത്തി താനെന്തുചെയ്യണമെന്നറിയാതെ നാണിച്ചു നിന്നുപോയിയെന്നു അവൾ പറയുമ്പോൾ തോഴി ചോദിക്കുന്നു:

നീയൊരുമുഗ്ദ്ധയാം ബാലികതന്നെയ
ന്നീരിലേക്കെന്തു നീ മുങ്ങിയില്ല?

കവിതയുടെ മറ്റു വരികൾ എനിക്കു ഓർമ്മയില്ല. ആരെഴുതിയതാണു അതെന്ന് ഞാൻ വിക്രമൻ നായരോടു ചോദിച്ചപ്പോൾ “ചങ്ങമ്പുഴ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശരിയായിരിക്കും. ശൈലി ചങ്ങമ്പുഴയുടേതുതന്നെ. ഈ കാവ്യത്തിന്റെ ഓർമ്മ മറ്റൊരു ചിന്തയിലേക്ക് എന്നെ കൊണ്ടുചെല്ലുന്നു. കാമുകി നഗ്നയായി കുളിക്കുന്ന കുളത്തിൽ നിങ്ങൾ ചങ്ങമ്പുഴക്കവിത ചൊല്ലിക്കൊണ്ട് എടുത്തു ചാടിയിട്ടുണ്ടോ? തെങ്ങോലത്തുമ്പിൽ ഒറ്റ നക്ഷത്രം തൂങ്ങിക്കിടക്കുന്നതു കണ്ടിട്ടുണ്ടോ? സുന്ദരി കണ്ണുകൊണ്ട് പുഞ്ചിരി പൊഴിക്കുന്നതു ദർശിച്ചിട്ടുണ്ടോ? സ്ഫടികഭാജനത്തിലെ നിർമ്മലജലത്തിൽ സൂര്യരശ്മി കടന്നു വന്ന് അതിനെ രജതദ്രാവകമാക്കുന്നതു കണ്ടിട്ടുണ്ടോ? ഉത്തമമായ ഭാവാത്മകകാവ്യങ്ങൾ വായിക്കുമ്പോൾ ഇവയ്ക്കു തുല്യമായ അനുഭൂതി ഉണ്ടാകും.

നിർവ്വചനങ്ങൾ

എക്സിസ്റ്റെൻഷ്യലിസം: ഷാങ്പോൾ സാർത്ര മരിക്കുന്നതിനു മുൻപ് മരിച്ച ഭ്രാന്ത്. മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വേറൊരു സ്റ്റക്ചറലിസം.

അവതാരിക: റോസാപ്പൂവിനു മുള്ളുള്ളതുപോലെ, കരിമ്പിനു മുട്ടുള്ളതുപോലെ, സുന്ദരിക്ക് അസൂയയുള്ളതുപോലെ, രചനയിൽ അത്യുക്തിയുള്ളത്.

മരപ്രേമം: കല്പവൃക്ഷമായ തെങ്ങുമുറിച്ചിടുമ്പോൾ ചലനമറ്റിരിക്കുന്നതും പട്ടുപോയ കാറ്റാടി മരം മുറിക്കുമ്പോൾ കൊടുമ്പിരിക്കൊള്ളുന്നതുമായ ഒരു വികാരം.

ആകാശവാണിയുടെ ‘സാഹിത്യചിന്ത’ എന്ന പരിപാടി: ഒരു ദിവസം കൊണ്ട് ഒരുത്തൻ മനുഷ്യരെ കൊന്നുകൊണ്ടിരുന്ന ഏർപ്പാട് ആ ഒരുത്തൻ തന്നെ ആറുദിവസം കൊണ്ട് കൊല്ലണമെന്നു തീരുമാനിച്ച ധിഷണാവിലാസം. പ്രതിഫലം പ്രതിദിനം 42 ക. ഉറുപ്പികയല്ല, വെറും ‘ക’.

ലൈബ്രറികൾ: പ്രേമം പുഷ്പിക്കുന്ന നികുഞ്ജങ്ങൾ.

ലൈബ്രറികാർഡുകൾ: പുസ്തകം തിരിച്ചുകൊടുക്കുന്ന പ്രായംകൂടിയ പുരുഷന്മാരുടെ മുൻപിലേക്കു യുവതികൾക്കു വലിച്ചെറിയാനുള്ളവയും യുവാക്കളുടെ കൈയിൽ മധുരപ്പുഞ്ചിരിയോടെ സമർപ്പിക്കാനുള്ളതുമായ രെക്റ്റംഗുലർ കാർഡ്ബോർഡുകൾ.

സ്പർശം: പരസ്യമായിട്ടാണെങ്കിൽ സ്ത്രീക്കു കോപമുണ്ടാക്കുന്ന പുരുഷന്റെ പ്രക്രിയ. നേരെ മറിച്ച് രഹസ്യമായിട്ടാണെങ്കിൽ നഖക്ഷതത്തിൽ അവസാനിക്കുന്ന സ്ത്രീയുടെ പ്രക്രിയ.

പിതാ പുത്ര ബന്ധം

മഹാനായ നേതാവു മരണത്തിലേക്കു നീങ്ങിക്കൊണ്ട് ആശുപത്രിയിൽ കിടക്കുന്നുവെന്നു കരുതൂ. മരിക്കാൻ പോകുന്ന ഒരു കുഞ്ഞും അവിടെയുണ്ടെന്നു ഇരിക്കട്ടെ. രണ്ടുപേർക്കും ഓക്സിജൻ കൊടുത്താൽ മരണം ഒഴിവാക്കാം. പക്ഷേ, ആശുപത്രിയിൽ ഒരു ഉപകരണമേയുള്ളൂ പ്രാണവായു നൽകാൻ. ആ ഉപകരണം ആർക്ക് ഉപയോഗിക്കണം? നേതാവിന്റെ സേവനം രാജ്യത്തിനു ഒഴിച്ചുകൂടാൻപാടില്ലാത്തതായതുകൊണ്ട് അദ്ദേഹത്തെയാണോ രക്ഷിക്കേണ്ടത്? പ്രകൃതിയുടെ ദൃഷ്ടിയിൽ നേതാവിനും ശിശുവിനും വ്യത്യാസമില്ല. അത് ആരുടെ കഴിവിനും മേന്മ കല്പിക്കുന്നില്ല. തെരുവുതെണ്ടിയുടെ ശ്വാസകോശം തകർക്കുന്ന ക്ഷയരോഗാണു ജീനിയസ്സായ ചങ്ങമ്പുഴയുടേയും ശ്വാസകോശം തകർക്കുന്നു. നേതാവിനും ശിശുവിനും ഇവിടെ ജീവിച്ചിരിക്കാൻ തുല്യമായ അവകാശമുണ്ട്. നേതാവ് വാർദ്ധക്യത്തിലെത്തിയവനാണു. ശിശുവിനു ഇനിയുമുണ്ട് എൺപതുവർഷം. അതു പ്രായമെത്തുമ്പോൾ ഈ നേതാവിനെക്കാൾ വലിയ നേതാവ് ആയേക്കാം. മഹാനായ കലാകാരനാകാം. വിശ്വവിഖ്യാതനായ ശാസ്ത്രജ്ഞനാകാം. അതിനാൽ ശിശുവിനെയല്ലേ പ്രാണവായു നൽകി രക്ഷിക്കേണ്ടത്? ഇവിടെ തീരുമാനത്തിലെത്താൻ പ്രയാസമുണ്ട്. മൂല്യങ്ങൾ തമ്മിലുള്ള സംഘട്ടനമാണു ഇവിടെ നടക്കുക. സംഘട്ടനമുണ്ടെങ്കിലും മൂല്യം ഉണ്ട് എന്നതു വ്യക്തം.

ജനയിതാവിനോടുതോന്നുന്ന സ്നേഹവും ബഹുമാനവും മൂല്യങ്ങളാണ്. നാലക്ഷരം പഠിപ്പിച്ച ഗുരുവിനോടുള്ള ബഹുമാനം മൂല്യമാണ്. പരിത:സ്ഥിതികൾകൊണ്ട് മൂല്യങ്ങൾക്കു താൽക്കാലികമായ ഭ്രംശംവരാം. വീടു തീ പിടിക്കുന്നുവെന്നു സങ്കല്പിക്കൂ. അച്ഛനും മകനും മാത്രമുണ്ട് ആ വീട്ടിൽ. അച്ഛൻ വാതിൽക്കൽ ബോധംകെട്ടുകിടക്കുന്നു. അച്ഛന്റെ മുഖത്തു ചവിട്ടിക്കൊണ്ടുതന്നെ പോയെങ്കിലേ മകനു തീയിൽനിന്നു രക്ഷപ്പെടാൻ കഴിയൂ എന്നിരിക്കട്ടെ. മകൻ അച്ഛന്റെ മുഖത്തു ചവിട്ടി പല്ലുകൾ തെറിപ്പിച്ചുകൊണ്ട് ഓടും. ഇവിടെ സ്നേഹമെന്ന മൂല്യം തകരുകയാണു. സമ്മതിച്ചു. പക്ഷേ രക്ഷ പ്രാപിച്ച മകനു താനങ്ങനെ ചെയ്തതു ശരിയായില്ല എന്നു തോന്നുന്നത് - പശ്ചാത്താപമുണ്ടാകുന്നത് - മൂല്യത്തിന്റെ ഉത്കൃഷ്ടതയെ സൂചിപ്പിക്കുന്നു.

തീവണ്ടി വേഗത്തിൽ പാലത്തിൽകൂടി പോകുമ്പോൾ താഴെയുള്ള നദി ഒരു വെള്ളിരേഖപോലെ മിന്നും. ഒന്നുകൂടെ നോക്കാൻ ശ്രമിക്കുന്ന യാത്രക്കാരനു നിരാശതയായിരിക്കും ഫലം. ഈ വെള്ളിരേഖപോലെയാവണം മിനിക്കഥ

വിജയൻ കാരോട്ടിന്റെ “ലഹരി” എന്ന കഥയിൽ (മനോരമ ആഴ്ചപ്പതിപ്പ്) മകനു അച്ഛനോടുള്ള സ്നേഹത്തിനു വന്ന തകർച്ച ചിത്രീകരിച്ചിരിക്കുന്നു. കഥാകാരന്റെ ആശയം നന്ന്; പക്ഷേ കഥയ്ക്കു രൂപശില്പമില്ല. മിനിക്കഥയാണു വിജയന്റേത്. തീവണ്ടി വേഗത്തിൽ പാലത്തിൽകൂടി പോകുമ്പോൾ താഴെയുള്ള നദി ഒരു വെള്ളിരേഖപോലെ മിന്നും. ഒന്നുകൂടെ നോക്കാൻ ശ്രമിക്കുന്ന യാത്രക്കാരനു നിരാശതയായിരിക്കും ഫലം. ട്രെയിൻ അതിനിടയിൽ വളരെദൂരം സഞ്ചരിച്ചുകഴിഞ്ഞിരിക്കും. ഈ വെള്ളിരേഖപോലെയാവണം മിനിക്കഥ.

ഡോക്ടർ പി. എസ്. ഹബീബ് മുഹമ്മദ്

ഡോക്ടർ പി. എസ്. ഹബീബ് മുഹമ്മദിനു ആത്മകഥാരചനയെക്കുറിച്ചു വലിയ മതിപ്പില്ല. ഗോയ്ഥേയും മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവും ആത്മകഥകൾ എഴുതിയിട്ടുണ്ടെങ്കിലും “രണ്ടാംകിട നേതാക്കന്മാ” രേ സ്വന്തം ജീവിതം കടലാസിലേക്കു പകർത്തൂ എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം. “സ്റ്റാലിനോ ലെനിനോ ആത്മകഥകൾ എഴുതാൻ ബുദ്ധിമുട്ടില്ല. പക്ഷേ ട്രോട്സ്കി ആത്മകഥ എഴുതി. മഹത്വത്തെപ്പറ്റി സ്വയം ബോധമുള്ളവർ മറ്റുള്ളവർ തങ്ങളെപ്പറ്റി ജീവചരിത്രം എഴുതട്ടെ എന്നു നിനയ്ക്കുന്നു.” എന്ന് ഉദീരണം ചെയ്ത് ഹബീബ് മുഹമ്മദ് താൻ ഉപന്യസിച്ച ഒരു സാരസ്വതരഹസ്യത്തിനു ഊന്നൽ നൽകിയിരിക്കുനു; ടെലഫോൺ പോസ്റ്റ് വീഴാതിരിക്കാൻ മറ്റൊരു തൂണുകൊണ്ട് താങ്ങുകൊടുക്കുന്നതുപോലെ.

പ്രബന്ധകർത്താവിനു ഏതാശയവും പ്രതിപാദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ ആശയ - പുഷ്പത്തിനു ചുറ്റും മനസ്സാകുന്ന ചിത്രശലഭം എങ്ങനെ പാറിപ്പറക്കുന്നു എന്നു കാണിച്ചുതരുമ്പോഴാണു പ്രബന്ധം - എസ്സേ - ആകർഷകമാകുന്നത്. ഡോക്ടർ പി. എസ്. ഹബീബ് മുഹമ്മദിന്റെ പ്രബന്ധം ശുഷ്കമാണ്; സ്കൂൾ ബോയ് കോംപൊസിഷൻപോലെ വിരസമാണ്. ഷാങ്പോൾസാർത്രിനെ ജീൻപോൾസാർത്ര ആക്കുന്നതും അനതൊൽ ഫ്രാങ്സിനെ അനറ്റോളേ ഫ്രാങ്സാക്കുന്നതും ക്ഷമിക്കാം. ഞാനെഴുതിയതും ഫ്രഞ്ചുച്ചാരണത്തോടു അത്രകണ്ട് അടുത്തതല്ല. എന്നാൽ “അറിയാനുള്ള ജിജ്ഞാസ” എന്നെഴുതുന്നത് കടുപ്പമാ

ണു്. ജിജ്ഞാസാ (ജ്ഞ+സന്‍+അ+ടാപ്) — അറിയാനുള്ള ആഗ്രഹം. മലയാള ഗദ്യരചന ഡോക്ടര്‍ പി. എസ്. ഹബീബ് മുഹമ്മദിന്റെ ‘സ്ട്രോങ് പോയിന്റ’ല്ല. (പ്രബന്ധം ഈനാടു് ദിനപത്രത്തില്‍ 1984, നവംബര്‍ 10). വര്‍ഷങ്ങള്‍ക്കു മുന്‍പു് ഒരു വൈസ്ചാന്‍സലറുടെ ആദ്ധ്യക്ഷത്തില്‍ ഞാന്‍ പ്രസംഗിച്ചു. അദ്ദേഹം ഭാരതനാട്യം എന്നു പലതവണ പറഞ്ഞു. ശരിതന്നെ. ഭാരതത്തിലെ നാട്യം ഭാരതനാട്യം.

വി. രാമചന്ദ്രന്‍

കേരളസര്‍ക്കാര്‍ ചീഫ് സെക്രട്ടറി വി. രാമചന്ദ്രന്‍ മലയാള മനോരമ ദിനപത്രത്തില്‍ (10.11.84) എഴുതിയ “സംഭവബഹുലമായ ഏതാനും വര്‍ഷങ്ങളും കുറെ ഓര്‍മ്മകളും” എന്ന ലേഖനത്തിലേക്കു് ഞാന്‍ പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു. ഇന്ദിരാഗാന്ധിയുടെ ഹൃദയനൈര്‍മ്മല്യത്തിലേക്കു് ആ പ്രബന്ധം പ്രകാശം പ്രസരിപ്പിക്കുന്നു. ഒരു ഭാഗം എടുത്തെഴുതട്ടെ. “തിരുവനന്തപുരത്തു വ്യോമസേന കമാന്‍ഡ് ഉദ്ഘോടനം ചെയ്യാന്‍ ഇന്ദിര എത്തിയ ദിവസം. സമ്മേളനം കഴിഞ്ഞു അവര്‍ എന്റെ അടുത്തേക്കു വന്നു. അവര്‍ മന്ദസ്മിതത്തോടെ ചോദിച്ചു: ‘സുഖമല്ലേ?’ സുഖമാണെന്നും ഇപ്പോള്‍ ഇവിടെയാണെന്നും പറഞ്ഞു ഞാന്‍ നന്ദിയും അറിയിച്ചു. അപ്പോള്‍ ഇന്ദിര: ‘എനിക്കറിയാം’.കുസൃതിച്ചിരിയോടെ ഇന്ദിര ഇത്രയുംകൂടി പറഞ്ഞു: ‘കണ്ടാല്‍ത്തന്നെ അറിയാം സുഖമാണെന്നു്’.” ‘തിന്മയെ ജയിച്ചാല്‍ മാത്രം പോരാ. തിന്മയെ നന്മകൊണ്ടു ജയിക്കണം’ എന്നു ബൈബിള്‍. തിന്മയെ നന്മകൊണ്ടു ജയിച്ച ഇന്ദിരാഗാന്ധിയുടെ നല്ല ചിത്രം രാമചന്ദ്രന്റെ ലേഖനത്തിലുണ്ടു്.

* * *

മുള്ള് അടർത്തിയെടുക്കാവുന്ന സ്ഥലത്തൊക്കെ അവ അടർത്തിയെടുക്കുക; എന്നിട്ട് ആ സ്ഥലങ്ങളിൽ റോസ് നടുക- ഇത് എബ്രഹാം ലിങ്കന്റെ ഉപദേശമായിരുന്നു. റോസ് നട്ട ഇന്ദിരാഗാന്ധി പോയി. ആ മഹതിയെക്കുറിച്ചാണു കലാകൗമുദിയുടെ ഈ ലക്കം. ഉചിതജ്ഞതയാർന്ന പ്രസാധനം.

തയ്യൽക്കാരൻ മതി

പെരുമ്പടവം ശ്രീധരനുമായി എ. വി. തമ്പാൻ കൂടിക്കാഴ്ച നടത്തിയതിന്റെ റിപ്പോർട് കഥാമാസികയിലുണ്ട്. ശ്രീധരൻ ഇങ്ങനെ പറഞ്ഞു;

“ഒരു നിരൂപകന്റെയും പരിലാളനയില്ലാതെ ജനഹൃദയങ്ങളിൽ ജീവിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഒരു നിരൂപകന്റെയും വക്കാലത്ത് എനിക്കാവശ്യമില്ല. നിങ്ങൾക്കറിയുമോ NBS ൽ ഏറ്റവും കൂടുതൽ റോയൽറ്റി വാങ്ങുന്ന പത്ത് എഴുത്തുകാരിൽ അഞ്ചാമത്തെ ആളാണു പെരുമ്പടവം ശ്രീധരൻ.”

പെരുമ്പടവം ശ്രീധരൻ വിമർശകരെയും ജനങ്ങളെയും വെവ്വേറെ കാണുന്നതാണു ഇവിടത്തെ വൈകല്യം. സാഹിത്യകാരന്റെ കൃതി വായിക്കുന്ന ആളിനു ഉണ്ടാകുന്ന പ്രതികരണമാണു ഏറ്റവും പ്രധാനം. എല്ലാവരും ആ പ്രതികരണത്തെ വിശദമാക്കിയെന്നു വരില്ല. അവരുടെ പ്രതിനിധിയായി ഒരാൾ ആ കൃത്യം അനുഷ്ഠിക്കുന്നു. അയാളെ വിമർശകനെന്നോ നിരൂപകനെന്നോ വിളിക്കുന്നു. അത്രമാത്രം. നിരൂപകർ വേണ്ടെന്ന് പറഞ്ഞാൽ ആസ്വാദകർ വേണ്ടെന്ന് അർത്ഥം. തനിയെ പാടുന്നതിൽ - മറ്റാരും കേൾക്കാതെ പാടുന്നതിൽ - രസമുണ്ട്. പക്ഷേ, അത് പരിപൂർണ്ണാവസ്ഥയിലെത്തുന്നത് വേറൊരാൾ അതു കേട്ടു രസിക്കുമ്പോഴാണു്. ഉണങ്ങിയ വിറക് അഗ്നിസ്ഫുലിംഗത്തെ കാത്തിരിക്കുമ്പോലെയാണത്. വിറക് ഇല്ലെങ്കിൽ അഗ്നിസ്ഫുലിംഗം കൊണ്ടെന്തു പ്രയോജനം? താൻ അഞ്ചാമത്തെ റോയൽറ്റി വാങ്ങുന്ന എഴുത്തുകാരനാണെന്നു ശ്രീധരൻ പറയുന്നു. ആദ്യത്തെ സാഹിത്യകാരൻ മുട്ടത്തു വർക്കിയാണോ?

ജി. ശങ്കരക്കുറുപ്പ് കവിയല്ലെന്നു ചിലർ പറഞ്ഞ കാലം. താൻ കവിയാണെന്നു സ്ഥാപിക്കാൻ ജി. ഒരു സംഭവത്തെക്കുറിച്ചെഴുതി. കാറോ ബസ്സോ കേടായപ്പോൾ ജി.യും കൂട്ടുകാരും ഒരു തയ്യൽക്കടയിൽ കയറിച്ചെന്നു, വിശ്രമിക്കാനായി. തയ്യൽക്കാരൻ ചാടിയെണീറ്റ് “മഹാകവി ജീയല്ലേ?” എന്നു ചോദിച്ചത്രേ. അതോടുകൂടി ശങ്കരക്കുറുപ്പിനു ബോധപ്പെട്ടു താൻ മഹാകവി തന്നെയെന്ന്. മനസ്സിന്റെ ക്ഷുദ്രത്വം വാക്കുകളിലൂടെയാണല്ലോ പ്രകടമാകുന്നതു്.