close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 03 13


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 03 13
മുൻലക്കം 1998 03 06
പിൻലക്കം 1998 03 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം

Symbol question.svg.png എന്നെ നിങ്ങൾക്കറിയാമോ?

ചോദ്യത്തോടൊരുമിച്ചുള്ള പേരിൽ നിന്ന് ആളിനെ മനസ്സിലായി. ശേഷമുള്ള കാര്യങ്ങൾ എൻസൈക്ലോപ്പീഡിയ ബ്രിട്ടാണിക്കായിൽ നിന്നു ഗ്രഹിച്ചുകൊള്ളാം.

Symbol question.svg.png തിരുവനന്തപുരത്തെ റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞവയായത് എന്തുകൊണ്ട്?

ഇവിടത്തെ റോഡുകൾ ആളുകൾക്ക് നടക്കുവാനുള്ളവയല്ല. കന്നുകാലികൾക്ക് നിരന്തരം ചാണകമിടാനുള്ളവയാണ്, നായ്ക്കൾക്ക് അലഞ്ഞുതിരിയാനുള്ളവയാണ്. അക്കാരണത്താൽ കുണ്ടും കുഴിയും ഉണ്ടായാലും തെറ്റില്ല.

Symbol question.svg.png തീവണ്ടിയപകടങ്ങൾ ഉണ്ടാകുമ്പോൾ പണ്ടൊക്കെ മന്ത്രിമാർ രാജിവച്ചിരുന്നു. അപകടങ്ങൾക്കും രാജിവയ്ക്കലിനും എന്തുബന്ധം?

പ്രജാധിപത്യമുള്ള രാജ്യങ്ങളിൽ അത്തരം ആപത്തുക്കൾ സർക്കാരിന്റെ കുറ്റമായി പരിഗണിക്കപ്പെടുന്നു. മന്തിമാരെ അവരുടെ സമുന്നത സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നത് ജനങ്ങളാണല്ലോ. ആ ജനതയ്ക്ക് ആപത്ത് ഉണ്ടാകുമ്പോൾ മന്ത്രിക്ക് മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ഏതാപത്തുണ്ടായാലും മന്ത്രിക്കസേരയിൽ നിന്നിറങ്ങാത്തവൻ പ്രജാധിപത്യത്തെ പുല്ലുപോലെ കരുതുന്നുവെന്ന് വിചാരിച്ചാൽ മതി.

Symbol question.svg.png പത്രങ്ങളിലും വാരികകളിലും നടക്കുന്ന വാദപ്രതിവാദങ്ങളെക്കുറിച്ച് എന്തു പറയുന്നു?

പ്ലേറ്റോ പറഞ്ഞിട്ടുണ്ട് കുളിക്കുന്നത് ശരീര ശുചീകരണത്തിനാണെന്ന്. വാദപ്രതിവാദം ആശയശുചീകരണത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ അതല്ല സ്ഥിതി. പ്രതിയോഗിയെ തേജോവധം ചെയ്യാനാണ് വാദപ്രതിവാദം നടത്തുന്നത്.

Symbol question.svg.png കേരളത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരെ നിങ്ങളുടെ പരുക്കൻ വാക്കുകൾ സ്പർശിക്കുമോ?

കാട്ടുപോത്ത് അതിന്റെ കൊമ്പ് പാളത്തിൽ കൊണ്ടു വച്ചാൽ ഭീമാകാരമാർന്ന തീവണ്ടി മറിയും. പരുന്തും കഴുകനും വിമാനത്തിലിടിച്ചാൽ വിമാനം തകരുമെന്ന് നിങ്ങൾക്കറിയില്ലേ?

Symbol question.svg.png എ. ഡി. രണ്ടായിരമാകുമ്പൊൾ ഏതു വസ്തുവിന് കുറവുവരും? അരിക്കാണോ?

അരിക്കല്ല. ചാണകത്തിന്. കിട്ടുന്ന ചാണകമെല്ലാം രാഷ്ട്രീയ നേതാക്കളുടെ നേർക്ക് ബഹുജനമെറിയും. നേതാക്കാന്മാരുടെ സംഖ്യാബലം കൂടുന്നതുകൊണ്ട് ചാണകം മതിയാവാത്ത അവസ്ഥ അടുത്ത രണ്ടുകൊല്ലത്തിനകമുണ്ടാകും?

Symbol question.svg.png ഈ ലോകത്ത് സത്യസന്ധമായി എന്തെങ്കിലുമുണ്ടോ?

ഉണ്ട്. അമ്മയുടെ കണ്ണുനീർ

Symbol question.svg.png മുഖസ്തുതി ചീത്തയാണോ?

വളരെ. അതൊഴിവാക്കിയില്ലെങ്കിൽ കാമുകി നിങ്ങളെ വിവാഹം കഴിക്കും.

വെറും പ്രസ്താവങ്ങൾ

‘നാസ്തി അയാളുടെ ഭാര്യക്ക് എന്തയച്ചുകൊടുത്തു?’ എന്ന പേരിൽ ബ്രഹ്റ്റ് ഒരു കവിത എഴുതിയിട്ടുണ്ട്.

Symbol question.svg.png ഭടന്റെ ഭാര്യയ്ക്ക് പ്രാഗ് [1] പട്ടണത്ത്ല് നിന്ന് എന്തു കിട്ടി?

പ്രാഗിൽ നിന്ന് അവൾക്ക് ഉയർന്ന മടമ്പുള്ള ഷൂസ് കിട്ടി. അതാണവൾക്ക് പ്രാഗിൽ നിന്ന് കിട്ടിയത്

Symbol question.svg.png ഭടന്റെ ഭാര്യയ്ക്ക് സൗണ്ടി[2]നു മുകളിലൂടെ ആസ്‌ലോ[3]യിൽ നിന്ന് എന്തു കിട്ടി?

ആസ്‌ലോയിൽ നിന്ന് അവൾക്ക് തോലോടുകൂടി രോമമുളള തൊപ്പികിട്ടി. സൗണ്ടിന് മുകളിലൂടെ ആസ്‌ലോയിൽ നിന്ന് കിട്ടിയ ആ തൊപ്പി അവൾക്ക് യോജിക്കുന്നു.

Symbol question.svg.png ഭടന്റെ ഭാര്യയ്ക്ക് സമ്പന്നമായ ആംസ്റ്റർഡാമിൽ[4]നിന്ന് എന്തു കിട്ടി?

അംസ്റ്റർഡാമിൽ നിന്ന് അവൾക്ക് ഒരു ഹാറ്റ് കിട്ടി. ആ ഡച്ച് ഹാറ്റ് ധരിച്ച് അവൾ ഭംഗിയുള്ളവളും ശുചിത്വമുള്ളവളുമായി.

Symbol question.svg.png ഭടന്റെ ഭാര്യയ്ക്ക് ബൽജിയൻ ഭൂമിയിൽ നിന്ന് എന്തു കിട്ടി?

ബ്രസ്സൽസ്സിൽ നിന്ന് അവൾക്ക് അതിമനോഹരമായ ‘ലെയ്സ്’ കിട്ടി. അത് എത്ര മനോഹരമായാണ് അവളുടെ മുഖത്തെ വേർതിരിച്ചു കാണിക്കുന്നത്.

Symbol question.svg.png ഭടന്റെ ഭാര്യയ്ക്ക് പ്രകാശനഗരമായ പാരീസിൽ നിന്ന് എന്തുകിട്ടി?

ഓ, പാരീസിൽ നിന്ന് അവൾക്ക് സാറ്റിൻ വസ്ത്രങ്ങൾ കിട്ടി. പ്രകാശനഗരമായ പാരീസിൽ നിന്നും കിട്ടിയ ആ സാറ്റിൻ ഡ്രസ്സ് കണ്ട് അവളുടെ അയൽക്കാർ എത്ര കണ്ട് അസൂയപ്പെട്ടു!

ഭടന്റെ ഭാര്യക്ക് തണുത്ത റഷ്യൻ രാജ്യത്തു നിന്ന് എന്തുകിട്ടി?

എന്ത്, അവിടെ നിന്ന് അവൾക്കു വിധവയുടെ മൂടുപടം കിട്ടി. ഓ. റഷ്യൻ ഭൂമിയിയിൽ നിന്നു കിട്ടിയ ആ മൂടുപടം ധരിച്ച് അവൾ വിവർണ്ണവദനയായി കാണപ്പെട്ടു.”

ഷൂസും തൊപ്പിയും സാറ്റിനും സർവ സാധാരണങ്ങൾ. യുദ്ധത്തിൽ ഭർത്താവു മരിച്ചതുകൊണ്ടു വിധവയായി കഴിയേണ്ടി വരുന്ന അവസ്ഥയ്ക്കും നൈയാമിക സ്വഭാവവുമുണ്ട്-സാധാരണ സ്വഭാവവുമുണ്ട്. എന്നാൽ കവി അവയെ നമുക്ക് ഒരിക്കലും കഴിയാത്ത രീതിയിൽ ചേർത്തുകഴിയുമ്പോൾ യുദ്ധം, മരണം, ഇവയെക്കുറിച്ചൂള്ള നമ്മുടെ അവബോധത്തിനു വ്യാപകത്വവും തീക്ഷ്ണതയുമുണ്ടാകുന്നു. ബ്രഹ്റ്റിനെപ്പോലെ അനുഗൃഹീതരല്ല നമ്മൾ. എത്ര ശ്രദ്ധിച്ചാലും കാണാൻ കഴിയാത്തതിനെയാണ് അദ്ദേഹം നമുക്ക് കാണിച്ചുതരുന്നത്. ഇതാണു കലയുടെ സ്വഭാവം. ശ്രീ. എ. കെ. നാരായണഭട്ടതിരി കുങ്കുമം വാരികയിലെഴുതിയ ‘മനസ്സിലാകുന്നവ’ എന്ന ചെറുകഥയിൽ ഇല്ലാത്തത് കലാംശം മാത്രമാണ്. മുസ്ലീമും ഹിന്ദുവും തമ്മിൽ ഒരു വ്യത്യാസവുമില്ലന്നും മനുഷ്യത്വമാണ് അവരെ കൂട്ടിച്ചേർക്കുന്നതെന്നും വരുത്താൻ വേണ്ടി കഥാകാരൻ ഒരു ഹിന്ദുവിനെ ഒരു മുസ്ലീമിന്റെ വീട്ടിൽ എത്തിച്ച് രണ്ടുപേരെക്കൊണ്ടും സംസാരിപ്പിക്കുന്നു. നാരായണഭട്ടതിരിയുടെ ഉദ്ദേശ്യം നന്ന്. എന്നാൽ അദ്ദേഹത്തിന്റെ രചന വായനക്കാരന്റെ ഹൃദയതന്ത്രികളെ സ്പർശിക്കുന്നില്ല. ‘എന്റെ വീട്ടിൽ മേശയുണ്ട്’ എന്നു പറഞ്ഞാൽ അതു സത്യമാണെങ്കിലും എന്റെയോ ആ വാക്യം കേൾക്കുന്നവന്റെയോ ജീവിതാവബോധത്തിനു വ്യാപ്തി വരുമോ? വെറും പ്രസ്താവങ്ങളാണു നാരായണഭട്ടതിരിയുടെ കഥയിലുള്ളത്. ബ്രഹ്റ്റിന്റെ വാക്യങ്ങളിൽ ഇല്ലാത്തതും എന്നാൽ എവിടെയോ മറഞ്ഞിരിക്കുന്നതുമായ ഒരംശം- കാരണം കൂടാതെ റഷ്യയെ ആക്രമിച്ച ജർമ്മനി പരാജയപ്പെട്ടു എന്ന അംശം- നമ്മളറിയാതെ നമ്മളിലേക്കു സംക്രമിക്കുന്നു. ഭട്ടതിരി തനിക്കു പറയാനുള്ളതു പച്ചയായിപ്പറഞ്ഞു കലയുടെ കഴുത്തു മുറിക്കുന്നു.

കാലത്തിന്റെ സംഹാരാത്മകത

നമ്മുടെ അവബോധത്തിന്റെ വ്യാപ്തി കൂട്ടുന്നു ശ്രീ. കിളിമാനൂർ രമാകാന്തന്റെ ‘കാലം’ എന്ന മനോഹരമായ കാവ്യം. കൈത്തണ്ടയിൽ കെട്ടിയ വാച്ച് കാലമാകുന്ന കൃഷ്ണസർപ്പമാണെന്നു കവി സങ്കല്പിക്കുന്നു. വാച്ചിന്റെ രണ്ടു സൂചികളും ദ്വിജിഹ്വത്തെ (രണ്ടു നാവുള്ളത്) സൂചിപ്പിക്കുന്നു. വാച്ചിന്റെ സ്റ്റ്രാപ്പ് സർപ്പത്തിന്റെ ഉടലും വാച്ച് അതിന്റെ തലയുമത്രേ. കാലത്തിന്റെ സൂക്ഷ്മമായ വച്ച് അതിന്റെ (കാലത്തിന്റെ) ദീർഘതയേയും അപ്രമേയസ്വഭാവത്തേയും സ്പഷ്ടമാക്കുന്നു. തുടർന്നു കവിത വായിക്കുക. കാലത്തിന്റെ സംഹാരാത്മകത അനുഭവപ്പെടും. പല കവികളും അലങ്കാരം പ്രയോഗിക്കുമ്പോൾ ഉദ്ദേശിച്ച അർത്ഥത്തിനു മാറ്റം വരും. രമാകാന്തന്റെ അലങ്കാരപ്രയോഗം ആ മാറ്റം വരുത്തുന്നില്ലെന്നു മാത്രമല്ല അർത്ഥത്തിനു സാന്ദ്രത ഉളവാക്കുകയും ചെയ്യുന്നു. നല്ല കവിതകളിൽ കവിയുടെ ആത്മാംശം അപ്രത്യക്ഷമാവുകയും പ്രതിപാദനത്തിനു നൈസർഗ്ഗികത വരികയും ചെയ്യും. രമാകാന്തന്റെ കവിതയ്ക്ക് ആ ഗുണമുണ്ട്.

കവിയുടെ പ്രസ്താവങ്ങളിൽ നിന്നു വ്യക്തമാകാത്തതും എന്നാൽ പ്രച്ഛന്നമായി വർത്തിക്കുന്നതുമായതിനെ കാണിച്ചുതാരാൻ വേണ്ടി ഞാൻ എഡ്രിയേൻ റിച്ച് എന്ന ലെസ്ബിയൻ (സ്വവർഗ്ഗാനുരാഗിണി) കവിയുടെ ഒരു കവിതയെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നു. ‘Aunt Jennifer’s Tiger’എന്നാണ് ആ കവിതയുടെ പേര്. അമ്മായിയുടെ കടുവകൾ യഥാർത്ഥ കടുവകളല്ല. അവർ കമ്പിളികൊണ്ട് തുണിയിൽ തയ്ക്കുന്നവയത്രേ. അവ തുണിയിൽ ചാടുന്നു. അവയ്ക്കു മരച്ചുവടുകളിലെ ആളുകളെ പേടിയില്ല. കമ്പിളിയുടെ ഇടയിലൂടെ ചലനം കൊള്ളുന്ന അമ്മായിയുടെ വിരലുകൾ അവർക്കു വലിച്ചെടുക്കാൻ പ്രയാസമുണ്ട്. കാരണം അവരുടെ ഭർത്താവിന്റെ വൈവാഹിക പാശം കൈയിൽ ഭാരമേല്പിക്കുന്നു എന്നതാണ്. അമ്മായി മരിച്ചാൽ അവരുടെ പേടിപ്പിക്കപ്പേട്ട വിരലുകൾ വിവാഹ മോതിരമണിഞ്ഞു വർത്തിക്കുന്നുണ്ടാകും. പക്ഷേ അവർ തുണിയിലുണ്ടാക്കിയ കടുവകൾ ചിത്തോദ്രേകത്തോടെ ഭയരാഹിത്യത്തോടെ ചാടിക്കൊണ്ടിരിക്കും (The tigers in the panel that she made will go on prancing, proud and unafraid) അമ്മായിക്കു ദാമ്പത്യജീവിതം ക്ലേശപൂർണ്ണമാണ്. ഭർത്താവ് സർക്കസ്സിലെ മൃഗപീഡനക്കാരനെപ്പോലെ അവരെ പീഡിപ്പിക്കുന്നു. എന്നാൽ അവർ തുണിയിൽ തയ്ച്ച കടുവകൾക്ക് അഭിമാനമുണ്ട്. ഭയമില്ലായ്മയുണ്ട്. ചാടാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിമാനമില്ലാതെ, സ്വാതന്ത്ര്യമില്ലാതെ, ചലനശക്തിയില്ലാതെ കഴിയുന്ന ഒരു സ്ത്രീയുടെ ചിത്രം ഈ കവിതയിൽ പ്രച്ഛന്നമായി ഇരിക്കുന്നു. അതിനെ നേരിട്ടുള്ള പ്രതിപാദനമില്ലാതെ പ്രത്യക്ഷമാക്കുന്ന കവിയുടെ പ്രാഗൽഭ്യം അസാധാരണം തന്നെ.

പല കാര്യങ്ങൾ

മുന്നറിയിപ്പു കൂടാതെ ഒരാൾ വീട്ടിൽ വന്നു രണ്ടുമണിക്കൂർ സംസാരിച്ച ശേഷം ഞാൻ വാച്ച് നോക്കുന്നതു കണ്ടു മനസ്സില്ലാമനസ്സോടെ യാത്ര പറയുമ്പോൾ എനിക്കുണ്ടാകുന്ന അശ്വാസം ഒരു നിമിഷത്തേക്കു മാത്രം. അടുത്തയാൾ കൈയെഴുത്തു പ്രതികൾ അടങ്ങിയ വലിയ സഞ്ചി തൂക്കിക്കൊണ്ട് എന്റെ വീട്ടിൽ വന്നുകയറും. അദ്ദേഹവും രണ്ടുമണിക്കൂർ നേരമിരിക്കും. ആ വ്യക്തിയെ കണ്ടയുടൻ ഞാൻ നീരസം മറച്ചുകൊണ്ട് ‘വരു. വരു. ഇരിക്കു’ എന്നു ക്ഷണിക്കും. എന്റെ കാപട്യം!

2. ജീപ്പ് വന്ന് വീട്ടിന്റെ മുൻപിൽ നിൽക്കും. ശബ്ദത്തിന്റെ വോള്യും കൂട്ടി പ്രജാധിപത്യം സംരക്ഷിക്കാൻ. അഴിമതിയൊഴിവാക്കാൻ ഇന്ന് സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യുക എന്ന അഭ്യർത്ഥന അതിൽ നിന്നു കർണ്ണകഠോരമായി ഉയരും. ഒരു നിച്ഛിത വോള്യുമിലുള്ള ശബ്ദമേ സഹിക്കാനാവൂ. കാതടപ്പിക്കുന്ന കാതു പൊട്ടിക്കുന്ന ഈ നിർഘോഷം കേട്ടു ഞാൻ തളരും. അന്യന് അസ്വസ്ഥതയുണ്ടാക്കുന്നതു ജനാധിപത്യ ഭഞ്ജനമാണെന്നു ജീപ്പിൽ വന്നവർ അറിയുകയില്ല.

3. ഉഷ്ണകാലമായതുകൊണ്ട് ഞാൻ ബനിയനിടാതെ വീട്ടിന്റെ മുൻപിൽ നിൽക്കും. അപ്പോൾ സൗന്ദര്യമുള്ള യുവതി വീട്ടിൽ വരും. അവരുടെ മുൻപിൽ നെഞ്ചു കാണിച്ചു നിൽക്കാൻ മടിയുള്ളതുകൊണ്ടു ഞാൻ ‘വരു. വരു’ എന്നു ക്ഷണിച്ചിട്ട് ഷേർടോ ബനിയനോ ഇടാൻ വേണ്ടി വീട്ടിനകത്തേക്ക് ഓടും. എന്റെ ഓട്ടം കണ്ടു സ്ത്രീ വിചാരിക്കും ‘ഞാൻ വന്നത് ഇയാൾക്കു രസിച്ചില്ലെന്നു തോന്നുന്നു. അതുകൊണ്ടാണു വീട്ടിനകത്തേക്ക് ഓടുന്നത്’.

ഈ ലോകത്ത് സത്യസന്ധമായി എന്തെങ്കിലുമുണ്ടോ? ഉണ്ട്. അമ്മയുടെ കണ്ണുനീർ.

4. ഒട്ടൊക്കെ പേരുള്ള എഴുത്തുകാരൻ പത്രപ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിന്റെ റിപോർട്ട് അച്ചടിച്ചു വരും. അതിൽ നിസ്സാരനായ എന്നെ കണ്ടമാനം ആക്ഷേപിച്ചിരിക്കും. അല്പം കഴിയുമ്പോൾ റ്റെലിഫോൺ മണിനാദമുയരും. മറ്റേത്തലയ്ക്കൽ നിന്ന് ശബ്ദം ഇങ്ങനെ കേൾക്കും. “സാർ ഇന്നത്തെ … ദിനപത്രം കണ്ടോ, ഞാൻ പറഞ്ഞതൊന്നുമല്ല അതിലുള്ളത്. തെറ്റിദ്ധരിക്കരു’’തു” “ഇല്ല” എന്നു ഞാൻ മറുപടി പറയും. മാനനഷ്ടക്കെയ്സിനു വക്കീൽ നോട്ടീസ് അയയ്ക്കാനുള്ള സൗകര്യം ആ നിഷേധിക്കലുണ്ടാകുമ്പോൾ ഇല്ലാതെയാകും.

5. കനേഡിയൻ നോവലിസ്റ്റും കവിയുമായ മാർഗറിറ്റ് അറ്റ്‌വുഡ് (Margaret Atwood) പ്രചോദനാത്മകമായ ഒരു നിമിഷത്തിൽ എഴുതിയത്:

I like to read novels in which the heroine has a costume rustling discreetly over her breasts, or discreet breasts rustling under her costume, some breasts, some rustling and, over all, discretion.

6. യുക്തിക്കു അതീതമായി ഉണ്ടാകുന്ന ഉൽകട വികാരങ്ങളെ ചിത്രീകരിക്കാൻ ഫാന്റസി പ്രയോജനപ്പെടും. അതു വിദഗ്ദമായി പ്രയോജനപ്പെടുത്തുന്നു ദേശാഭിമാനി വാരികയിൽ ‘കടൽ’ എന്ന കഥയെഴുതിയ ശ്രീ. ശ്രീധരൻ പള്ളിക്കർ. കുറവനും കുറുത്തിയും. കുറുത്തിയെ കളിയാക്കി കുറവൻ കൊണ്ടു നടക്കുന്നു. പണം സമ്പാദിക്കുന്നു. ഒരു ദിവസം അവൾ കുറുത്തിയായി തന്നെ നടന്നപ്പോൾ കുറേ സമ്പന്നന്മാർ അവളെ ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കി. പിന്നീട് അവർ മന്ത്രം ജപിച്ച് കിളികളായി മാറി ഓരോ വഴിക്കു പറന്നു പോയി. സ്വാഭാവികവും അയത്നലളിതവുമായ രീതിയിൽ ‘മേലേത്തരത്തിലുടയോരുടെ ഹീനകൃത്യം’ നിഷ്കളങ്കതയെയും നിർമ്മല സ്നേഹത്തെയും എങ്ങനെ ധ്വംസിക്കുന്നുവെന്നു കഥാകാരൻ സ്പഷ്ടമാക്കിത്തരുന്നു. ഇതു കിളികളുടെ കഥയാണ്. അതേ സമയം മനുഷ്യരുടെ - പാവപ്പെട്ടവരുടെ - കഥയുമാണ്.

പുതിയ പുസ്തകം

നല്ല കവിതകളിൽ കവിയുടെ ആത്മാംശം അപ്രത്യക്ഷമാവുകയും പ്രതിപാദനത്തിനു നൈസർഗ്ഗികത വരികയും ചെയ്യും.

“പ്രപഞ്ചത്തിന്റെ അധീശനും കാരുണ്യശാലിയുമായ പ്രിയപ്പെട്ട ഈശ്വര, പാപത്തിൽ കുതിർന്ന ഞങ്ങൾ അങ്ങയുടെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു വലിയ മതഭക്തിയും ഗുണോൽകർഷവും ഉണ്ടായിരുന്ന ഗുലാം ഹസൻ മന്തോയുടെ മകനായ സാദത് ഹസൻ മന്തോയെ ഈ ലോകത്തു നിന്നു തിരിച്ചു വിളിക്കേണമേ എന്ന്. പ്രഭോപരിമളത്തെ ഉപേക്ഷിച്ച് മാലിന്യത്തിന്റെ പിറകേ ഓടുന്ന അയാളെ ഇവിടെ നിന്ന് എടുത്തുകളഞ്ഞാലും. അയാൾ സൂര്യപ്രകാശത്തെ വെറുക്കുന്നു. ഇരുട്ടിൽ കാലിടറി നടക്കാനാണ് അയാൾക്ക് ഇഷ്ടം. വിനയത്തോട് അയാൾക്കു പുച്ഛമല്ലാതെ വേറൊന്നുമില്ല. നഗ്നവും ലജ്ജാശൂന്യവും ആയവയോടെ അയാൾക്കു ആഭിമുഖ്യമുള്ളൂ. മാധുര്യത്തെ അയാൾ വെറുക്കുന്നു. കയ്പുള്ള ഫലമാസ്വദിക്കാൻ അയാൾ ജീവനുപേക്ഷിക്കും. വീട്ടമ്മമാരെ നോക്കുക പോലുമില്ല അയാൾ. വേശ്യകളുടെ ഇടയിൽ അയാൾക്കു ഹർഷാതിരേകമാണ്. ഒഴുകുന്ന ജലത്തിനടുത്ത് അയാൾ പോകുകില്ല. മാലിന്യത്തിലൂടെ ക്ലേശിച്ചു നടക്കും. മറ്റുള്ളവർ കരയുന്നിടത്ത് അയാൾ ചിരിക്കും. മറ്റുള്ളവർ ചിരിക്കുന്നിടത്ത് അയാൾ കരയും. തിന്മകൊണ്ടു കറുത്ത മുഖങ്ങളെ അയാൾ ഇഷ്ടത്തോടെ കഴുകും; അവരുടെ മുഖഭാവം കാണാനായി. അയാൾ അങ്ങയെക്കുറിച്ചു വിചാരിക്കുന്നില്ല. അങ്ങയെ അനുസരിക്കാതെ അധഃപതിച്ച മാലാഖയുണ്ടല്ലോ സാത്താൻ അവനെയാണ് അയാൾ എവിടെയും അനുഗമിക്കുന്നത്.” സാഹിത്യാന്തരീക്ഷത്തിൽ ഉൽക്ക പോലെ ഉദിച്ചുയർന്നു കണ്ണഞ്ചിക്കുന്ന പ്രഭ പ്രസരിപ്പിച്ചു പൊടുന്നനെ അപ്രത്യക്ഷനായ ഉർദു സാഹിത്യകാരൻ സാദത്ത് ഹസൻ മന്തോ ഈശ്വരനോടു നടത്തിയ അഭ്യർത്ഥനയാണിത്. പാശ്ചാത്താപ വിവശനായി മന്തോ ജഗന്നിയന്തോവിനോടു ചെയ്ത ഈ അപേക്ഷയിൽ അത്യുക്തിയുണ്ടെന്നു നമ്മൾ കരുതിയേക്കും. പക്ഷേ അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ മന്തോയുടെ ജീവചരിത്രം വായിച്ചാൽ അദ്ദേഹം സത്യത്തിൽ സത്യമായതേ ഈശ്വരന്റെ മുൻപിൽ പ്രദർശിപ്പിച്ചുള്ളുവെന്നു നമുക്കു മനസ്സിലാക്കാം (Manto Naama, The life of sadal Hasan Manto, Jagdish Chander Wadhawan, Translated by Jai Ratan, Lotus Collection, Roli Books, Pages 192).

പക്ഷേ ആ സത്യത്തിലും മന്തോയുടെ മനുഷ്യത്വമുണ്ട് എന്നാണ് ജീവചരിത്രകാരന്റെ അഭിപ്രായം. മന്തോ വേശ്യാലയത്തിൽ ചെന്നിരിക്കുകയാണ്. ഇനി ജീവചരിത്രകാരൻ പറയുന്നത് കേൾക്കുക:

“അവളോടു ഏതാനും ചോദ്യങ്ങൾ ചോദിച്ചിട്ട് അദ്ദേഹം അവളെ നിരാകരിച്ചു. പോകാനായി പത്താൻ അവളോടു ആംഗ്യം കാണിച്ചു. അവൾ പോയി. അതിനുശേഷം പത്താൻ വേറൊരു വേശ്യയെ കൊണ്ടുവന്നു. പിന്നീടു മറ്റൊരു വേശ്യയെയും. മന്തോ അവരിൽ ആരെയും ഇഷ്ടപ്പെട്ടില്ല. അപ്പോൾ വേറൊരു വേശ്യ വന്നു. തീക്ഷ്ണമുഖരേഖകൾ. ലൈംഗികത്വമാർന്ന മന്ദഹാസം. ഇരുണ്ട കണ്ണട. കാലുകൾ മടക്കിവച്ച് അവൾ ഇരുന്നു. മന്തോക്ക് ആ ഇരിപ്പ് ഇഷ്ടപ്പെട്ടു … ‘നീ എന്താണ് രാത്രിയിലും ഈ കറുത്ത കണ്ണട വച്ചിരിക്കുന്നത്?’ എന്നു അദ്ദേഹം ചോദിച്ചു. ‘താങ്കളുടെ സൗന്ദര്യം എന്റെ കണ്ണുകളെ അന്ധത്വത്തിലേക്കു കൊണ്ടുചെല്ലുമെന്നു വിചാരിച്ച്’ എന്നു അവളുടെ മറുപടി … മന്തോ അവളുടെ കണ്ണട വലിച്ചെടുത്തു. കോങ്കണ്ണി. ‘ഓമനേ കണ്ണട ഇല്ലാതെ നീ വന്നിരുന്നെങ്കിലും കോങ്കണ്ണുള്ള നിന്നെ ഞാൻ സ്നേഹിക്കുമായിരുന്നു’ എന്നു മന്തോ പറഞ്ഞു. അവളെയും അദ്ദേഹം പറഞ്ഞയച്ചു’ (പുറം 58).

അതിമദ്യപനായിരുന്നു മന്തോ. ആറു പെഗ് വിസ്കി കുടിച്ചിട്ട് ഏഴാമത്തെതിന് കൈ വച്ചപ്പോൾ അടുത്തിരുന്ന വേശ്യ അദ്ദേഹത്തെ തടഞ്ഞു. വേശ്യയുടെ സ്നേഹം കണ്ട് അദ്ദേഹം വികാരപരവശനായി. ‘നീ ക്ലീയപത്രയാണ്. ഹെലനാണ് എന്നു മന്തോ അവളോടു പറഞ്ഞു. അച്ഛൻ സ്നേഹിച്ചില്ല; മൂത്ത സഹോദരന്മാർ അകറ്റി നിറുത്തി. അതുകൊണ്ടാണ് മന്തോ കുടിച്ചത് എന്നാണ് ജീവചരിത്രകാരന്റെ വാദം. 1955 ജനുവരി 17-ന് മന്തോ വൈകിയാണ് വീട്ടിലെത്തിയത്. അദ്ദേഹം രക്തം ഛർദ്ദിച്ചു. തുടരെത്തുടരെ ഛർദ്ദിക്കുകയായി. ആംബ്യൂലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിക്കു വച്ചു തന്നെ അദ്ദേഹം അന്ത്യശ്ശ്വാസം വലിച്ചു.

‘The undisputed master of the modern Indian short story’ എന്നു സൽമാൻ റുഷ്ദിയാലും ‘Manto’s irony and humanity raise him on a par with Gogol’ എന്നു അനിത ദേശായിയാലും വാഴ്ത്തപ്പെട്ട ഈ സാഹിത്യകാരൻ ‘ഗ്രെയ്റ്റ്’ ആണെന്നു ജീവചരിത്രകാരൻ പ്രസ്താവിക്കുന്നു. ‘Only the greatness of his art and his great stature as a writer will keep him alive’ എന്നു ജീവചരിത്രത്തിൽ അസന്ദിഗ്ദ്ധമായ രേഖപ്പെടുത്തൽ. സംവേദനങ്ങളെയും വികാരങ്ങളെയും അന്യൂനമായ രീതിയിൽ ആവിഷ്കരിച്ച മന്തോ ആഖ്യാന വൈദഗ്ദ്ധ്യത്തിൽ, ഭാഷയിലുള്ള ആധിപത്യത്തിൽ നിസ്തുലനായിരുന്നുവെന്നും ജീവചരിത്രകാരൻ ഉദ്ഘോഷിക്കുന്നു.

ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത മന്തോയുടെ രചനകളാകെ ഈ ലേഖകൻ വായിച്ചിട്ടുണ്ട്. അതിശക്തങ്ങളാണ് അദ്ദേഹത്തിന്റെ കഥകളെന്നതിൽ സംശയമില്ല. ഇന്ത്യയുടെ വിഭജനത്തെത്തുടർന്നുണ്ടായ കൊലപാതകങ്ങളിലും ബലാത്സംഗങ്ങളിലും ശിശുവധങ്ങളിലും ‘സെൻസിറ്റീവ് ആർടിസ്റ്റാ’യ മന്തോ എങ്ങനെ പ്രതികരിച്ചു എന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് ആ കഥകൾ. വേദനകൊണ്ട് അദ്ദേഹം ആവശ്യകതയിൽ കവിഞ്ഞു ശബ്ദമുയർത്തിയോ എന്നു എനിക്കു സംശയം. എങ്കിലും മഹായശസ്കനായ ഒരെഴുത്തുകാരന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നു ഗ്രഹിക്കാൻ താല്പര്യമുള്ളവർക്ക് ഈ ഗ്രന്ഥം വായിക്കാം. ഏതറിവും നമ്മുടെ സംസ്കാരത്തെ വികസിപ്പിക്കുമല്ലോ.

മന്തോയുടെ ഒരു സ്കെച്ച്:

നീയാര്
നീയാരെന്നു പറ
ഹര ഹര മഹാദേവ, ഹര ഹര മഹാദേവ
ഹര ഹര മഹാദേവ!
നീ പറയുന്ന ആൾ നീതന്നെയെന്നതിന് എന്താണു തെളിവ്?
തെളിവോ? എന്റെ പേര് ധരംചന്ദ്. ഹിന്ദുവിന്റെ പേര്
തെളിവില്ല ഇതിനു
ശരി. എനിക്കു വേദങ്ങളെല്ലാം കാണാതെ അറിയാം. പരിശോധിക്കൂ
ഞങ്ങൾക്കു വേദങ്ങളെക്കുറിച്ചു ഒന്നുമറിഞ്ഞു കൂടാ. തെളിവാണ് വേണ്ടത് ഞങ്ങൾക്കു
എന്തു?
ട്രൗസേർഴ്സ് താഴ്ത്തു
ട്രൗസേർഴ്സ് താഴ്ത്തിയപ്പോൾ കൂട്ടക്കലക്കം.
കൊല്ലവനെ, കൊല്ലവനെ
ക്ഷമിക്കൂ ദയവായി. ഞാൻ നിങ്ങളുടെ സഹോദരനാണ്. ഭഗവാനെ സാക്ഷി നിറുത്തി പറയുകയാണ് ഞാൻ നിങ്ങളുടെ സഹോദരൻ
അങ്ങനെയാണെങ്കിൽ സൂന്നത്ത് എന്തിനു?
ഞാൻ കടന്നു വന്ന പ്രദേശത്തെ നിയന്ത്രിച്ചത് ശത്രുക്കളായിരുന്നു. അതുകൊണ്ടു ഞാൻ ഈ മുങ്കരുതലെടുത്തു. ജീവൻ രക്ഷിക്കാൻ വേണ്ടിമാത്രം… ഇതൊരു തെറ്റു മാത്രം. ശേഷമുള്ളതെല്ലാം ശരി.
ആ തെറ്റു മാറ്റൂ

തെറ്റു മാറ്റപ്പെട്ടു. അതോടൊപ്പം ധരംചന്ദും. ‘മാല’ എന്ന പേരിലുള്ള ഒരു സ്കെച്ചു കൂടി:

ജനക്കൂട്ടം ഇടത്തോട്ടു തിരിഞ്ഞു. അതിന്റെ പ്രതികാരേച്ഛ മുഴുവൻ ലാഹോറിലെ മഹാനായ മനുഷ്യസ്നേഹി സർ ഗംഗാറാമിന്റെ മാർബിൾ പ്രതിമയുടെ നേർക്കായി. ഒരാൾ പ്രതിമയുടെ മുഖത്തു കീലു പുരട്ടി. വേറൊരാൾ ചെരിപ്പുകൊണ്ടു മാലയുണ്ടാക്കി മഹാനായ അദ്ദേഹത്തിന്റെ കഴുത്തിലിടാൻ ഭാവിച്ചതാണ്. അപ്പോൾ തോക്കുകളുടെ ദീപ്തിയോടെ പോലീസ് വന്നു.

ചെരിപ്പുമാലയുണ്ടാക്കിയവനെ അവർ വെടിവച്ചു. എന്നിട്ട് അടുത്തുള്ള സർ ഗംഗാറാം ആശുപത്രിയിലേക്കു അയാളെ കൊണ്ടുപോയി. ഈ സ്കെച്ചുകൾക്കുള്ള സ്വഭാവം തന്നെയാണ് മന്തോയുടെ ചെറുകഥകൾക്കുമുള്ളത്.

  1. 1. ചെക്കസ്ലോവാക്യയിലെ നഗരം
  2. 2. The sound - കടലിടുക്ക് - ഡെന്മാർക്കിനും സ്വീഡനുമിടയ്ക്ക്
  3. 3. Oslo പട്ടണം. നോർവേയിൽ
  4. 4. നെതർലാൻഡ്സിലെ നഗരം