close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 11 16


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 11 16
ലക്കം 583
മുൻലക്കം 1986 11 09
പിൻലക്കം 1986 11 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ചങ്ങമ്പുഴയുടെ ഫോട്ടോ കൈയിലുണ്ടോ? പടം വരയ്ക്കാനാണു്.” കാലത്തു വീട്ടിൽ വന്ന ചിത്രകാരൻ എന്നോടു ചോദിച്ചു. ഫോട്ടോ ഞാൻ സമ്പാദിച്ചതു വളരെ പ്രയാസപ്പെട്ടാണു്. അതു കൊടുത്താൽ തിരിച്ചു കിട്ടുകയില്ലെന്നു് എനിക്കു നല്ല പോലെ അറിയാം. അതുകൊണ്ടു് കള്ളം പറയാൻ തന്നെ തീരുമാനിച്ചു. പക്ഷേ ‘ഇല്ലല്ലോ’ എന്ന വാക്കു് നാവിൽ വരുന്നതിനു മുമ്പു് ചിത്രകാരൻ പറഞ്ഞു: “ഡോക്ടർ കെ. രാമചന്ദ്രൻ നായർ പറഞ്ഞു സാറിന്റെ കൈയിൽ ചങ്ങമ്പുഴയുടെ പടമുണ്ടെന്നു്.” രസാനാഗ്രത്തിലെത്തിയ വാക്കിനെ വിഴുങ്ങിക്കൊണ്ടു് ഞാൻ ആൽബമെടുത്തു കൊടുത്തു. അതിലെ ഫോട്ടോ വലിച്ചിളക്കി ആൽബത്തിന്റെ കറുത്ത കട്ടിക്കടലാസിൽ വലിയ മുറിവുകൾ ഉണ്ടാക്കി കൊണ്ടു് ചിത്രകാരൻ സ്ഥലം വിട്ടു. ദിവസങ്ങൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു, വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ചിത്രകാരനെ റോഡിൽ വച്ചു കണ്ടു. വിനയത്തോടെ ഞാൻ ചോദിച്ചു: “ചങ്ങമ്പുഴയുടെ ഫോട്ടോ തിരിച്ചു തരുമോ ആവശ്യം കഴിഞ്ഞെങ്കിൽ?” ആർട്ടിസ്റ്റ്: “ഏതു ഫോട്ടോ? ഞാൻ നിങ്ങളുടെ കൈയിൽ നിന്നു ഒരു ഫോട്ടോയും വാങ്ങിയില്ലല്ലോ.” അദ്ദേഹം വീട്ടിൽ വന്നതും ആൽബത്തിൽ നിന്നു ഫോട്ടോ ഇളക്കിയെടുത്തതും മറ്റും ഞാൻ വിശദീകരിച്ചു. അപ്പോൾ അദ്ദേഹം അറിയിച്ചു. “എന്റെ സഹോദരനായിരിക്കും വന്നതു്. ഞങ്ങൾ ഇരട്ടയായി ജനിച്ചവരാണു്. നിങ്ങൾക്കു് ആളു മാറിപ്പോയി.” ദേഷ്യത്തോടെ അദ്ദേഹം പോയി. ഇളിഭ്യനായി ഞാൻ നിന്നു. പിന്നീടു് അദ്ദേഹത്തെ കണ്ടു പലതവണ. (അതോ ചിത്രകാരനെയോ?) എങ്കിലും ഫോട്ടോ ചോദിക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല. പ്രകൃതി ആവർത്തനം കൊണ്ടു നമ്മളെ ചതിക്കുന്നു എന്നതിനു് ഒരുദാഹരണമാണിതു്.

വായനക്കാരെ ചതിക്കാതെ ഒരു യഥാർത്ഥ സംഭവം ആവർത്തിച്ചു കൊള്ളട്ടെ. ഈശ്വരദത്തങ്ങളായ അവയവങ്ങൾ മറ്റുള്ളവർക്കു് കണ്ടുരസിക്കാനുള്ളതാണെന്ന മട്ടിൽ വസ്ത്രധാരണം ചെയ്തു് ഒരു പെൺകുട്ടി തിരുവനന്തപുരത്തെ ഒരു കോളേജിൽ പതിവായി വരുമായിരുന്നു. ആൺകുട്ടികൾ അതു കണ്ടു് ആഹ്ലാദിച്ചു കൂവി. കോളേജിലെ അച്ചടക്കം തകരുന്നുവെന്നു ഗ്രഹിച്ച പ്രിൻസിപ്പൽ അദ്ധ്യാപികമാരെക്കൊണ്ടു വിദ്യാർത്ഥിനിയോടു് പറയിച്ചു നേരേ ചൊവ്വേ വസ്ത്രമുടുത്തു വരണമെന്നു്. അവൾ വക വച്ചില്ല. കണ്ണാടിക്കൂട്ടിൽ കയറിത്തന്നെ കോളേജിലെത്തി. ഗത്യന്തരമില്ലാതെ പ്രിൻസിപ്പൽ വിദ്യാർത്ഥിനിയെ വിളിച്ചു പറഞ്ഞു: “നാളെ അച്ഛനെ വിളിച്ചു കൊണ്ടു വരൂ. എന്നിട്ടു് ക്ലാസ്സിൽ കയറിയാൽ മതി.” അദ്ദേഹം കണ്ണടച്ചുകൊണ്ടാണു് അവളോടു് സംസാരിച്ചതു്. അല്ലെങ്കിൽ പലതും അദ്ദേഹത്തിനു കാണേണ്ടതായി വന്നേനെ. ഏമീൽ സോലേയുടെ നാന നിന്ന നില്പ് അദ്ദേഹം വീണ്ടും കണ്ടേനേ. സോലെ കഥാനായികയെ വർണ്ണിച്ചതെങ്ങനെയെന്നു് വായനക്കാർക്കു് അറിയണോ? A slight gauze enveloped her; her round shoulders, her amazonian breasts, the rosy tips of which stood out straight and firm as lances. Her broad hips swayed by the most voluptuous movements, her plump thighs infact her whole body could be divined, may, seen white as the foam, beneath the transparent covering… And when Nana raised her arms, the glare of the footlights displayed to every gaze the golden hairs of her armpits.

തിരുവനന്തപുരത്തെ ചില കൊച്ചു റോഡുകൾക്കു് പേരിടാറുണ്ടു്. വാരിയർ ലെയ്ൻ, ശങ്കരപ്പിള്ള ലെയ്ൻ. ആരാണു് വാരിയർ? ആരാണു് ശങ്കരപ്പിള്ള? എന്തോ? എവിടെപ്പോയി അവരെല്ലാം ആളുകൾ അതൊന്നും ഓർക്കുന്നില്ല.

പെൺകുട്ടി അച്ഛനുമായി എത്തിയ ദിവസം ഞാനും പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്നു. മാന്യമായി വസ്ത്രധാരണം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു് പ്രിൻസിപ്പൽ അവളുടെ തന്തയോടു് വിനയത്തോടെ പറഞ്ഞു. മര്യാദയുള്ള ആരും “അങ്ങനെ ചെയ്യാം സാർ” എന്നേ പറയൂ. പക്ഷേ, അയാൾ എടുത്ത വാക്കിനു് ഇങ്ങനെ മൊഴിഞ്ഞു: “ഞാൻ ഇതൊക്കെ അവൾക്കു വാങ്ങിക്കൊടുത്തിരിക്കുന്നതു് ധരിക്കാൻ തന്നെയാണു്.” പ്രിൻസിപ്പൽ ഒട്ടും ക്ഷോഭിക്കാതെ മറുപടി നൽകി: അങ്ങനെയാണെങ്കിൽ നിങ്ങൾ ഇതൊക്കെ അവളെ ഉടുപ്പിച്ചു് കാഴ്ചബംഗ്ലാവിലോ കടപ്പുറത്തോ കൊണ്ടുപൊയ്ക്കൊള്ളണം. ഈ കോളേജിൽ അവൾ വരണമെന്നുണ്ടെങ്കിൽ മുണ്ടു നേരേ ഉടുത്തേ കഴിയൂ.” അയാൾ മോളെയും വിളിച്ചു് ഗൗരവത്തിൽ ഒറ്റപ്പോക്കു്. ഞാനും പ്രിൻസിപ്പലും കണ്ണടച്ചു കളഞ്ഞു. ഈ പെൺകുട്ടിയെപ്പോലെ ഗദ്യശൈലിയുണ്ടു്. അതു വൈഷയിക കൗതുകം വളർത്തും. ശത്രുക്കളുടെ സംഖ്യ വളരെക്കൂടുതൽ. അതു് ഇനിയും വർദ്ധിപ്പിക്കുന്നതെന്തിനു്? അതിനാൽ ഉദാഹരണം വേണ്ട.

ചിലർ ഓവർഡ്രസ്സ് ചെയ്തു നടക്കുന്നതു നമ്മൾ കാണാറുണ്ടു്. അവരെക്കണ്ടാൽ വെറുപ്പു് മാത്രമല്ല അറപ്പും ഉണ്ടാകും. പണ്ടു് തിരുവനന്തപുരത്തു് ഒരു പ്രഭാഷകനുണ്ടായിരുന്നു. മോഡൽ സ്കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഒരിക്കൽ ആ മനുഷ്യൻ സയൻസ്‌കോ‌ളേജിൽ പ്രസംഗിക്കാൻ വന്നു. തുടക്കമിങ്ങനെ: “നിശിതമായും നിരങ്കുശമായും നിരതിശയമായും നിർദ്ദാക്ഷിണ്യമായും നിരൂപണം ചെയ്യുന്ന നിരൂപകകേസരികളുടെ …” ഇതു കേട്ടയുടനെ വിദ്യാർത്ഥിയായിരുന്ന ഞാൻ ഹോളിൽ നിന്നു് ഇറങ്ങിപ്പോയി. ഓവർ ഡ്രസ്സ് ചെയ്ത “ഗൾഫ് റിട്ടേൺഡ്” മനുഷ്യൻ വെറുപ്പും അറപ്പും ജനിപ്പിക്കും. മോഡൽ സ്കൂളിലെ അദ്ധ്യാപകന്റെ പ്രഭാഷണവും വികാരങ്ങൾ ഉളവാക്കി. ഉചിതങ്ങളായ പദങ്ങളെ ഉചിതങ്ങളായ രീതികളിൽ നിവേശിപ്പിക്കുകയാണു് യോഗ്യത. ആ സാരസ്വത രഹസ്യം എഴുത്തുകാരും പ്രഭാഷകരും മറക്കരുതു്. [ഇംഗ്ലണ്ടു് റിട്ടേൺഡ് എന്ന പ്രയോഗം തെറ്റായിരിക്കുന്നതുപോലെ ഗൾഫ് റിട്ടേൺഡ് എന്ന പ്രയോഗവും തെറ്റ്.]

ഞാൻ — കൊട്ടാരത്തിലെയാ

ഞാൻ ദാരിദ്ര്യത്തെ കളിയാക്കുകയല്ല. സമ്പന്നനൊന്നുമല്ല ഞാനും. എങ്കിലും ദാരിദ്ര്യവും ദുരഭിമാനവും കൂടി ചേരുമ്പോൾ ജുഗുപ്സാവഹമാകും. അപ്പോൾ സത്യം ചൂണ്ടിക്കാണിക്കേണ്ടി വരും. കഥാപാത്രം കാലത്ത് പുഴുങ്ങിയ കപ്പയും മുളകരച്ചതും കഴിക്കുന്നു. അത് അന്നനാളത്തിൽ നിന്നു ജഠരത്തിലേക്കു താഴ്ന്നു പോകാൻ കട്ടൻകാപ്പി വായിലൊഴിക്കുന്നു. ഉച്ചയ്ക്ക് റേഷനരിച്ചോറും ചമ്മന്തിയും. വൈകിട്ടു വല്ലവനേയും വളച്ച് ഒരു ചായയും ഉഴുന്നുവടയും. രാത്രി ലേശം കഞ്ഞി. വേഷമോ? നനച്ചു നനച്ചു നീലം മുക്കി മുക്കി ശബരിമലയ്ക്കുപോകാൻ ഇടുന്ന ഷർട്ടുപോലെ ഒരുനീലകഞ്ചുകം. മുണ്ടും അതുപോലെ തന്നെ. കഥാപാത്രത്തെ നമ്മൾ പരിചയപ്പെട്ടുവെന്നിരിക്കട്ടെ. ഉടനെ പറയും: “ഞാൻ — കൊട്ടാരത്തിലെ അംഗമാണ്.” ഇതറിയിച്ചു കഴിഞ്ഞാൽ നമ്മൾ അയാളെ തിരുമേനിയെന്നോ തമ്പുരാനെന്നോ വിളിച്ചുകൊള്ളണം. ഇല്ലങ്കിൽ കഥാപാത്രത്തിനു ദേഷ്യമാണ്. ഇമ്മട്ടിൽ പരിചയപ്പെടുത്തിയ ഒരു തമ്പുരാന്റെ കൊട്ടാരത്തിനടുത്തുകൂടെ ഒരിക്കൽ എനിക്കു പോകേണ്ടി വന്നു. ഞാൻ ആ “ഡിലാപിഡേറ്റഡ് പാലസി’നെ ഒന്നുറ്റു നോക്കി. ഓലയല്ല, ഓടുതന്നെ. ചെന്നു കയറുന്നതു നീളമാർന്ന വരാന്തയിൽ. ആ വരാന്തയെ മറയ്ക്കത്തക്ക വിധത്തിൽ മേൽക്കൂര താണുവന്നിരിക്കുന്നു. മുറ്റത്തുനിന്നു നേരെ വരാന്തയിലേക്കാണ് കയറേണ്ടതെങ്കിൽ തല നന്നായി താഴ്ത്തി കൊള്ളണം. ഇല്ലങ്കിൽ ഓടിന്റെ അറ്റം കൊണ്ട് തലയോട് തകരും. കേറികഴിഞ്ഞാൽ തറയോടിളകി പൊടിയിളകുന്ന വരാന്ത. അവിടെ നിന്നുകയറുന്ന ഒരോ മുറിയും കൂരിരുട്ടിലാണ്. രാത്രി ഒരു നിലവിളക്ക് ആ വരാന്തയിൽ വല്ലയിടത്തും കത്തിച്ചുവച്ചാലായി, ഇല്ലങ്കിലായി. വവ്വാലും പ്രാവും പാർക്കുന്ന സ്ഥലം. ഈ പൊളിഞ്ഞ കെട്ടിടത്തെയാണ് കഥാപാത്രം കൊട്ടാരമെന്നു വിശേഷിപ്പിക്കുന്നത്. ഈ കൊട്ടാരം കണ്ടതിനു ശേഷം “ഞാൻ — കൊട്ടാരത്തിലെ അംഗമാ” എന്നു പറയുന്ന ഏതു ആ നീലകഞ്ചുകക്കാരനേയും ഇതെഴുതുന്ന ആൾ സംശയത്തോടെയാണ് നോക്കാറ്. കൊട്ടാരം എന്നു കേൾക്കുമ്പോൾ കവടിയാർ കൊട്ടാരം കനകക്കുന്നു കൊട്ടാരം എന്നൊക്കെയാണ് നമുക്കു തോന്നുക. കഥാപാത്രത്തിന്റെ കൊട്ടാരത്തിനടുത്തുകൂടെ പോകുന്നതുവരെ നമ്മൾക്ക് ആ തോന്നലുണ്ടായിരിക്കുകയും ചെയ്യും. കണ്ടു കഴിഞ്ഞാൽ തോന്നൽ മാറും. റെറ്റിബിൾ (കരാളമായ) മോഹഭംഗം സംഭവിക്കുകയും ചെയ്യും. കുറെക്കാലം മുൻപ് ഒരു വിദ്യാർത്ഥിനി എന്നോടു പറഞ്ഞു: “സാർ വടക്കൻ പറവൂരിൽ പ്രസംഗത്തിനു പോകുകയാണെങ്കിൽ എന്റെ വീട്ടിൽ വരണം.” ജാക്കൊബയിറ്റ് ചർച്ചിനടുത്താണ് എന്റെ വീട്. ഇതുകേട്ട് തൊട്ടടുത്തു നിന്ന വേറൊരു വിദ്യാർത്ഥിനിയും ക്ഷണിച്ചു. “സാർ, ഞാൻ …കൊട്ടാരത്തിലെയാ …ൽ മീറ്റിംഗിനു സാർ വരികയാണെങ്കിൽ എന്റെ കൊട്ടാരത്തിലും വരണം.” പഴയ ഓടുകളുടെ അറ്റം കൊണ്ട് എന്റെ തലയും മുതുകും പൊളിയുന്നത് ഓർമ്മിച്ച് ഞാൻ ‘ങാ’ എന്ന് ഒന്നു മൂളി.

ഇതുപോലൊരു കൊട്ടാരത്തിലെ ഒരു തമ്പുരാനാണ് പി. സുരേന്ദ്രൻ ‘എക്സ്പ്രസ്സ്’ ആഴ്ച്ചപ്പതിപ്പിലെഴുതിയ “തട്ടാന്റെ പ്രസക്തി” എന്ന കഥയിലെ നായകൻ. പ്രൈമറി സ്കൂളിലോ മറ്റോ അദ്ധ്യാപകനാണ് അയാൾ. പക്ഷേ, മട്ടത്രയം രാജകുടുംബാംഗമായി. ദുരഭിമാനക്കാരനായ ആ തമ്പുരാൻ ഒരു സ്വർണ്ണപ്പണിക്കാരന്റെ മുൻപിൽ മുട്ടുമടക്കുന്നതാണ് കഥയുടെ വിഷയം. ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്താലുണ്ടാകേണ്ട ആഹ്ലാദം ഇക്കഥ ഉളവാക്കുന്നില്ല. കഥപറയുന്നതിലും സ്വഭാവം ചിത്രീകരിക്കുന്നതിലും കഥാകാരനു അവിദഗ്ദ്ധതയല്ലാതെ മറ്റൊന്നുമില്ല. സുരേന്ദ്രനു കുറച്ചെങ്കിലും നർമ്മബോധമുണ്ടായിരുന്നെങ്കിൽ ഇതു വായിച്ചു നമ്മൾ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുമായിരുന്നു.

* * *

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ മലയാളം പ്രൊഫസർ ഇരിക്കുന്ന മുറിയിൽ പലരുടെയും പടങ്ങൾ വച്ചിട്ടുണ്ട്. ആ പടങ്ങളിൽ നാലഞ്ചുപേരെ എല്ലാവർക്കുമറിയാം. പലരെയും അറിഞ്ഞുകൂട. ‘അതാരുടെ പടം?’ എന്നു ഞാൻ ഒരദ്ധ്യാപകനോട് ചോദിച്ചു. ‘രാമക്കുറിപ്പു മുൻഷി’ എന്നു മറുപടി. ഉടനെ വേറൊരാൾ തിരുത്തി “അല്ലല്ല കെ. പി. കറുപ്പൻ.” ഇപ്പോൾ ഇത്രയെങ്കിലും പറയുന്നു. അമ്പതുകൊല്ലം കഴിയട്ടെ. രാമക്കുറുപ്പിനെയും കറുപ്പനെയും അന്നത്തെ ആളുകൾ അറിയില്ല. ഇതുപോലെ തിരുവനന്തപുരത്ത് ചില കൊച്ചു റോഡുകൾക്കു പേരിടാറുണ്ട്. വാരിയർ ലെയ്ൻ, ശങ്കരപ്പിള്ള ലെയ്ൻ. ആരാണ് വാരിയർ? ആരാണ് ശങ്കരപ്പിള്ള? എന്തോ? ആ പട്ടണത്തിൽ ഒരു പള്ളിയും പള്ളിക്കടുത്തൊരു സെമിട്രിയുമുണ്ട്. എത്രയെത്ര സൈനികോദ്യോഗസ്ഥന്മാർ അവിടെ ശയിക്കുന്നു. ആരെങ്കിലുമൊരാളെ ഇന്നത്തെ തലമുറയ്ക്കറിയാമോ? ജീവിച്ചിരുന്ന കാലത്ത് അവർ എന്തെല്ലാം പരാക്രമങ്ങൾ കാണിച്ചിരിക്കും? എവിടെപ്പോയി അവരെല്ലാം? ആളുകൾ അതൊന്നും ഓർമ്മിക്കുന്നില്ല. “ഞാൻ — കൊട്ടാരത്തിലെ അംഗമാണ്” എന്ന് വീമ്പടിക്കാനാണ് അവർക്കു താല്പര്യം.

കനൂറ്റ് ഹാംസുൺ

ഓവർഡ്രസ്സ് ചെയ്ത ഗൾഫ് റിട്ടേൺഡ് മനുഷ്യൻ വെറുപ്പും അറപ്പും ജനിപ്പിക്കും. മോഡൽ സ്കൂളിലെ അദ്ധ്യാപകന്റെ പ്രഭാഷണവും ആ വികാരങ്ങൾ ഉളവാക്കി. ഉചിതങ്ങളായ പദങ്ങളെ ഉചിതങ്ങളായ രീതിയിൽ നിവേശിപ്പിക്കുകയാണ് യോഗ്യത. ഈ സാരസ്വത രഹസ്യം എഴുത്തുകാരും പ്രഭാഷകരും മറക്കരുത്.

നോർവയിലെ നോവലിസ്റ്റ് കനൂറ്റ് ഹാംസുൺ (Knut Hamsun, 1859–1952) Hunger എന്ന നോവലിന്റെ പ്രസാധനത്തോടു കൂടിയാണ് ലോകപ്രശസ്തനായത്. The Growth of the Soil എന്ന നോവൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്നു. വ്യാവസായികലോകത്തിന്റെ മൂല്യങ്ങളെക്കാൾ ക്ഷേത്രവിഷയക മൂല്യങ്ങൾക്കു (agarian values) പ്രധാന്യം കല്പിച്ച ഹാംസുണിനെ ഈ നോവലിൽ കാണാം. എങ്കിലും അദ്ദേഹത്തിന്റെ Mysteries എന്ന നോവലാണ് ഉത്കൃഷ്ടം. ഹാംസുണിന്റെ മനോഹരമായ Victoria എന്ന നോവൽ പ്രേമ കഥയാണ്. വിശ്വവിഖ്യാതനായ റ്റോമാസ്മാനിനോട് ഒരിക്കൽ ചില ഗ്രന്ഥ പ്രസാധകർ ചോദിച്ചു: കപ്പൽച്ചേതം വന്നു താങ്കൾ ഒരു ദ്വീപിൽ അകപ്പെട്ടു പോയാൽ, പത്തു പുസ്തകങ്ങൾ മാത്രം താങ്കൾക്കു തരമെന്നു പറഞ്ഞാൽ ഏതു പുസ്തകങ്ങളായിരിക്കും തിരഞ്ഞെടുക്കുക? റ്റോമാസ്മാൻ നൽകിയ ലിസ്റ്റിൽ ഹാംസുണിന്റെ ‘വിക്ടോറിയ’, ‘പാൻ’ (Pan) ഈ നോവലുകൾ ഉൾപ്പെടുത്തിയിരുന്നു. ഡോക്ടർ എസ്. വേലായുധൻ തർജ്ജമ ചെയ്തു ചന്ദ്രിക ആഴ്ച്ചപതിപ്പിൽ പ്രസിദ്ധപ്പെടുത്തുന്നത് വിക്ടോറിയ തന്നെയാണ്. അതെഴുതിയ ആളിന്റെ പേര് നുട്ട്‌ഹാംസൻ എന്നാണെന്നു ആഴ്ച്ചപതിപ്പിൽ കാണുന്നു. ശരിയല്ല അത്. ക്‌നൂറ്റ് ഹാംസുൺ എന്നു വേണം. ചില ശബ്ദ കോശങ്ങളിൽ ക്‌നൂറ്റ് എന്നു കാണുന്നുണ്ട്. അതിനെ നുട്ട് എന്നാക്കുന്നത് അപരാധമത്രേ. ഡോക്ടർ എസ്. വേലായുധൻ ഇംഗ്ലീഷിലും മലയാളത്തിലും അവഗാഹമുള്ള എഴുത്തുകാരനാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാഷാന്തരീകരണത്തിൽ തെറ്റൊന്നും വരില്ല. തർജ്ജമയുടെ സ്വഭാവം കണ്ടാലും: “The Miller’s son walked in thought. He was a big lad of fourteen, tanned by sun and wind, and full of all manner of ideas. when he grew up he would go to work in a match factory. It was so jolly and dangerous. ഡോക്ടർ വേലായുധന്റെ തർജ്ജമ:

നടക്കവേ ആലോചിക്കുകയായിരുന്നു മില്ലറുടെ മകൻ. അവനു വയസ്സു പതിന്നാല്, പ്രായത്തിലുമേറെ വളർച്ച. കാറ്റും വെയിലുമേറ്റ് ശരീരത്തിനു നല്ല ഊതനിറം. മനസ്സു നിറയെ ആശയങ്ങൾ. വളർന്നു വലുതായിട്ടു തീപ്പെട്ടി ഫാക്ടറിയിൽ ജോലി ചെയ്യണം. സന്തോഷവും അപകടവും നിറഞ്ഞ പണി.

എന്റെ തർജ്ജമ:

മില്ലറുടെ മകൻ ചിന്തയിലാണ്ടു നടന്നു. പതിന്നാലു വയസ്സുള്ള വലിയ കുട്ടിയായിരുന്നു അവൻ. വെയിലും കാറ്റുമേറ്റ് ചെമ്പിച്ചു പോയി. മനസ്സിലാകെ എല്ലാവിധത്തിലുമുള്ള ആശയങ്ങൾ. വളർന്നു കഴിയുമ്പോൾ അവൻ തീപ്പെട്ടി കമ്പനിയിൽ ജോലി ചെയ്യാൻ പോകും. അതെത്ര രസകരവും ആപൽക്കരവും.

വേലായുധന്റെ ആദ്യത്തെ വാക്യത്തിൽ ആലോചനയിലാണ് ഊന്നൽ. ഇംഗ്ലീഷ് വാക്യത്തിൽ അതില്ല. biglad എന്നേ ഇംഗ്ലീഷിലുള്ളു. അതിനെ “പ്രായത്തിലുമേറെ വളർച്ചയാക്കി ഹാംസുണിന്റെ മനോധർമ്മത്തെ തർജ്ജമക്കാരൻ പുഷ്ടിപ്പെടുത്തിയിരിക്കുന്നു. tanned എന്നതിനു ചെമ്പിച്ചു എന്നേ അർത്ഥമുള്ളൂ. ഊതനിറം violet ആണ്. ഇങ്ങനെയൊക്കെ ദോഷാരോപണം നടത്താമെങ്കിലും ഒരു പടിഞ്ഞാറൻ മാസ്റ്റർപീസിനെ കേരളത്തിന്റെ മണ്ണിൽ കൊണ്ടുവയ്ക്കുന്നത് തീർച്ചയായും പ്രശംസാർഹമായ പ്രവൃത്തിയാണ്.

നീരീക്ഷണങ്ങൾ

 1. അച്ഛൻ കേന്ദ്രസർക്കാരിന്റെ ഓഫീസിൽ പ്യൂണായിരുന്നതിന്റെ പേരിൽ അതേ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടിയ ഒരു എസ്. എസ്. എൽ. സിക്കാരി ബസ്സിൽ ഒരു പുസ്തകവുമായി ഇരിക്കുന്നു. ആ ബസ്സിൽ കയറിയ എന്നെ കണ്ട് അവൾ പുസ്തകത്തിന്റെ പുറംചട്ട എനിക്കു കാണത്തക്ക വിധത്തിൽ ഇടത്തേത്തുടയിൽ വച്ചു. ഞാൻ പുസ്തകത്തിന്റെ പേരു നോക്കി. സാർത്രിന്റെ Being Nothingness. എസ്. എസ്. എൽ. സി ജയിച്ചവർക്കേ ഈ ഗ്രന്ഥം മനസ്സിലാകൂ.
 2. പ്രശസ്തനായ സാഹിത്യകാരൻ രോഗ ശയ്യയിൽ. ഞാൻ അന്വേഷിച്ചു ചെന്നു. അദ്ദേഹത്തിന്റെ അടുത്തു സഹധർമ്മിണി. “എങ്ങനെയിരിക്കുന്നു സുഖക്കേട്?” എന്ന് എന്റെ ആർജ്ജവമില്ലാത്ത ചോദ്യം. സഹധർമ്മിണി മറുപടി പറഞ്ഞു: “ഇന്നലെ രാത്രി വളരെ കൂടുതലായിരുന്നു. അർദ്ധരാത്രിയായപ്പോൾ പട്ടി ഒരുപാടു മോങ്ങി. ഇന്നലെ തന്നെ മരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്.” എല്ലാ ഭാര്യമാരും ഇങ്ങനെ പറയുമായിരിക്കും. സാഹിത്യകാരൻ പിന്നെയും വളരെക്കാലം ശയനീയത്തിൽ ശയിച്ചു. പട്ടി പലപ്പോഴും മോങ്ങിയിരിക്കും. അപ്പോഴൊക്കെ ഭാര്യ ആഹ്ലാദിച്ചിരിക്കുകയും ചെയ്യും.
 3. മഞ്ജരിവൃത്തം മുമ്മൂന്ന് അക്ഷരങ്ങളായി മുറിഞ്ഞു വരണമെന്നു വള്ളത്തോൾ ഒരിക്കൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു. സദസ്സിലിരുന്ന ഞാൻ മഹാകവിയുടെ രണ്ടു വരികൾ മനസ്സിൽ ചൊല്ലി നോക്കി.

  ചമ്പക/കങ്കേളി/കുന്‌ദാദി/പുഷ്പങ്ങ/
  ളെമ്പാടും/ചിന്നിയ/വന്യഭൂവിൽ

  ശരി. മുമ്മൂന്ന് അക്ഷരങ്ങളായി മുറിയുന്നു. പിന്നെയും രണ്ടു വരികൾ മനസ്സിൽ കയറി വന്നു.

  കെട്ടഴിഞ്ഞോമനപ്പൃഷ്ഠഭാഗത്തേയും
  പുഷ്ടനിതംബപ്പരപ്പിനേയും

  മൂന്നായി മുറിയുന്നുണ്ടോ? ഇല്ല. കെട്ടഴി – ഞ്ഞോമന – പ്പൃഷ്ഠഭാ – ഗത്തേയും പുഷ്ടനി – തംബപ്പ — രപ്പിനേയും.

 4. മഞ്ചേരി രാമകൃഷ്ണയ്യർ പ്രഖ്യാതനായ അധ്യാപകനായിരുന്നു. പ്രഭാഷകനായിരുന്നു. ‘പ്രകൃതിനിയമം’ എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം പ്രസംഗിക്കുന്നത് ആദ്യമായി കേട്ട ഞാൻ അദ്ഭുതപ്പെട്ടു പോയി. രണ്ടാഴ്ച്ച കഴിഞ്ഞ് വേറൊരു സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടെന്നറിഞ്ഞ് ഞാൻ പോയി. “ഇന്ന് എന്തിനെ കുറിച്ചാണ് പ്രസംഗിക്കേണ്ടത്? പ്രകൃതിനിയമം തന്നെയാവട്ടെ.” പിന്നെയും പല തവണ ഞാൻ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ പോയി. ഓരോ തവണയും “ഇന്ന് പ്രകൃതിനിയമാവട്ടെ പ്രസംഗത്തിന്റെ വിഷയം” എന്ന് അദ്ദേഹം പറയും. തുടർന്ന് മുൻപു പറഞ്ഞ വാക്യങ്ങൾ. അതേ നേരമ്പോക്ക്. അതേ അംഗവിക്ഷേപങ്ങൾ. വിദ്യാർത്ഥിയായിരുന്ന എനിക്ക് അദ്ദേഹത്തെ കുറിച്ചുള്ള ബഹുമാനവും സ്നേഹവും ഇല്ലാതെയായി. ഞാൻ ആലോചിക്കുകയാണ് എത്രയെത്ര വിദ്യാർത്ഥികളുടെ സ്നേഹ ബഹുമാനങ്ങൾ എനിക്കു നഷ്ടമായി ഭവിച്ചിട്ടുണ്ട്? പിന്നെ ഒരു കാര്യം. മഞ്ചേരി സാറിനെപ്പോലെ ഒറ്റ പ്രസംഗവുമായി ഞാൻ കേരളത്തിലെങ്ങും നടന്നിട്ടില്ല. പുതുതായി ഒന്നും പറയാനില്ലെങ്കിൽ മീറ്റിങ്ങിനു പോകാതിരിക്കുന്നതാണ് നല്ലത്.

പൂതങ്ങൾ

മരണാനന്തര പ്രേതങ്ങൾ വസിക്കുന്ന ശ്മശാനത്തിൽ ബുദ്ധൻ ധ്യാനനിരതനായി ഇരുന്നുവെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പേടി മാറ്റാനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. ബുദ്ധനു പോലും പ്രേതങ്ങളെ പേടിയായിരുന്നുവെങ്കിൽ നമ്മളെപ്പോലുള്ള സാധാരണക്കാരുടെ കഥയെന്തു പറയാനാണ്. പ്രേതങ്ങളുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായങ്ങളുണ്ട്. ചില സ്ഥലങ്ങൾക്ക് അവയുടേതായ ‘ഇലക്ട്രിക്കൽ ഫീൽഡ്’ – വൈദ്യുതമണ്ഡലം – ഉണ്ടെന്നും അവിടെ വച്ചു മരിക്കുന്ന ആളുകളുടെ വികാരങ്ങൾ ആ സ്ഥലത്തു പതിയുമെന്നും ഒരു സിദ്ധാന്തമുണ്ട്. സൂക്ഷ്മഗ്രാഹക ശക്തിയാർന്ന മനസ്സുള്ളവർ അവിടെ ചെന്നാൽ അവർക്ക് ആ വികാരങ്ങൾ അനുഭവിക്കാൻ കഴിയുമത്രേ. ഇതാണ് “പ്രേതാനുഭൂതി.” പ്രേതങ്ങൾ ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി നിത്യജീവിതത്തിൽ മനുഷ്യരെ ശല്യം ചെയ്യുന്ന ജീവനാർന്ന പ്രേതങ്ങളുണ്ട്. ഒരു രചന നന്നായില്ലെന്ന് ഒരുത്തൻ പറഞ്ഞാൽ “അവന് അങ്ങനെ തോന്നി. ശരിയാവണമെന്നില്ല ആ തോന്നൽ” എന്നു വിചാരിച്ചു സമാധാനിക്കാതെ അവനെക്കുറിച്ചു പുസ്തകമെഴുതുകയും അതിന്റെ പ്രതികൾ നാടൊട്ടുക്കുള്ള ആളുകൾക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നവൻ പ്രേതമാണ്. കൊളോക്വിയൽ സ്റ്റൈലിൽ – ഗ്രാമ്യഭാഷണ ശൈലിയിൽ – രചിക്കപ്പെടുന്ന ലേഖനങ്ങളിൽ അഷ്ടാധ്യായിയിലെ സൂത്രങ്ങളനുസരിച്ച് തെറ്റുകളുണ്ടെന്ന് ചൂണ്ടി കാണിക്കുന്നവൻ പ്രേതമാണ്. നാലുപേർ സ്വൈരസംഭാഷണം നടത്തുമ്പോൾ അവരുടെ ഇടയിൽ കയറിച്ചെന്നു അതിനു ഭംഗം വരുത്തുന്നവൻ പ്രേതമാണ്. നമ്മൾ എന്തു പറഞ്ഞാലും (അത് അനുകൂലമാകട്ടെ, പ്രതികൂലമാകട്ടെ) ‘പോളിസി’ യുടെ പേരിൽ റിയാക്റ്റ് ചെയ്യാത്തവൻ പ്രേതമാണ്. അന്യന്റെ ദോഷം നമ്മൾ ‘വസ്തുനിഷ്ഠ’മായി മാത്രം ചൂണ്ടി കാണിക്കുമ്പോൾ അതു ശരിയാണെന്നു ഉള്ളിൽ തോന്നിയാലും ആ അന്യനെ വാഴ്ത്തുന്നവൻ (ശ്രോതാവ്) പ്രേതമാണ്. ഈ ലോകത്ത് ജീവനുള്ളവരെക്കാൾ

പ്രേതങ്ങളാണ് കൂടുതലുള്ളത്. വയറുപിഴയ്ക്കാൻ വേണ്ടി ഹോട്ടലിൽ എച്ചിലെടുക്കുന്നവനെ പേടിപ്പിക്കുന്ന ഉടമസ്ഥൻ ഒന്നാന്തരം പ്രേതമാണ്. അവനെ കാണണമെന്നുണ്ടെങ്കിൽ എൻ. പ്രഭാകരൻ ദേശാഭിമാനി വാരികയിലെഴുതിയ ‘പൂതം’ എന്ന നല്ല കഥ വായിച്ചു നോക്കിയാലും. ഏതാനും വാക്യങ്ങൾ കൊണ്ട് കഥാകാരൻ ഉടമസ്ഥന്റെ നൃശംസത ചിത്രീകരിക്കുന്നു. പാവപ്പെട്ട പരിചാരകരുടെ ദയനീയാവസ്ഥ ആവിഷ്കരിക്കുന്നു. പൂതത്തെക്കുറിച്ച് ഒരു സാങ്കല്പിക കഥ പറഞ്ഞ് യഥാർഥമായ പൂതത്തിന്റെ (ഉടമസ്ഥന്റെ) ക്രൂര പ്രവർത്തനത്തോട് അതിനെ ബന്ധിപ്പിക്കുന്ന കലാവൈദഗ്ദ്ധ്യം പ്രശംസനീയമത്രേ.

കക്കാട്

പകൽ സമയത്ത് സിംഹങ്ങൾ ഗർജ്ജിക്കാറില്ല. കോട്ടുവായിടുന്നതേയുള്ളൂ. ഉപയോഗിക്കാത്ത നഖങ്ങൾ കൈപ്പത്തിയുടെ അറ്റത്ത് ഉള്ളിലേക്ക് ആക്കിവയ്ക്കുന്നു… കൂട്ടിലിട്ട സിംഹമാണ് ദക്ഷിണാഫ്രിക്ക.

മലയാള സാഹിത്യത്തിൽ തല്പരനായ ഒരു സായ്പിനെ ഞാൻ കൂടെക്കൂടെ കാണാറുണ്ട്. ഇന്നലെ അദ്ദേഹത്തിനെ കണ്ടു. വയലാർ രാമവർമ്മ അവാർഡിനെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. അതു ലഭിച്ച കക്കാടിനെപ്പറ്റി എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു. He is a perfect gentleman എന്നായിരുന്നു എന്റെ ഉദീരണം. അത് സത്യമാണു താനും. കക്കാടിന്റെ മുഖത്തേക്ക് നോക്കൂ. അദ്ദേഹത്തിന്റെ ഹൃദയ വിശുദ്ധി അവിടെ പ്രതിഫലിക്കുന്നുണ്ട്. അന്യനെക്കുറിച്ച് ഒരു ദോഷവും അദ്ദേഹം പറയുകയില്ല. തന്റെ കവിതയെക്കുറിച്ച് പ്രതികൂലമ്മയി എഴുതുന്നവരോട് അദ്ദേഹത്തിന് കോപമില്ല. രോഗത്തിന്റെ യാതന അനുഭവിക്കുന്ന കക്കാട് ഒരിക്കലും ആ തീവ്രവേദന അംഗചേഷ്ടകൾ കൊണ്ടോ മുഖഭാവങ്ങൾ കൊണ്ടോ പ്രദർശിപ്പിക്കുന്നില്ല. “എനിക്ക് Sanskrit Poetics-നെക്കുറിച്ച് ഒരു പുസ്തകമെഴുതണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.” എന്നദ്ദേഹം എന്നോട് പറഞ്ഞു. ആ പ്രസ്താവത്തിൽ ഒരു ദുഃഖച്ഛായ മാത്രമുണ്ടായിരുന്നു. കക്കാടിനെക്കുറിച്ച് ഞാൻ പലരോടും സംസാരിച്ചു. “നല്ല മനുഷ്യൻ, നല്ല മനുഷ്യൻ’ എന്നേ അവർക്കൊക്കെ പറയാനുള്ളൂ. നല്ല മനുഷ്യൻ എന്നതിനോട് നല്ല കവി എന്നു കൂടി ഞാൻ ചേർത്തുകൊള്ളട്ടെ. ‘സഫലമീയാത്ര’ എന്ന കാവ്യത്തിന്റെ സവിശേഷത എന്താണെന്ന് സായ്പ് ചോദിച്ചു എന്നോട്. അതിനു മറുപടി നൽകിയിട്ട് ഞാൻ അറിയിച്ചു. The poem is irresistible in its artistic beauty, morality and logic. കക്കാടിന്റെ കവിതയുടെ സവിശേഷത അനാവരണം ചെയ്യുന്നു, കലാകൗമുദിയിലുള്ള ലേഖനം.

ഇങ്ങനെയാണു ലോകം

സർക്കാരിന്റെ ഒരു വകുപ്പുകാർ റോഡ് തൂത്ത് വൃത്തിയാക്കുന്നു. കീലിൽ മുക്കിയ കരിങ്കൽച്ചില്ലികൾ നിരത്തുന്നു. കീലിൽ കുഴച്ച പൊടിമണൽ വിതറുന്നു. റോളർ ഉരുളുന്നു പലതവണ. എന്തു സുഖം അതിലൂടെ നടക്കാൻ. അടുത്ത ദിവസം സർക്കാരിന്റെ വേറൊരു വകുപ്പുകാർ വന്ന് ആ റോഡ് വെട്ടിക്കുഴിക്കുന്നു. ഒരു വീട്ടിലേക്ക് പൈപ്പ് ലൈൻ നീട്ടാനാണത്രേ അത്. ജോലി കഴിഞ്ഞ് റോഡിന് ക്ഷതമുണ്ടാക്കാതെ അവർ പോകും. വാഹനങ്ങൾ നടുറോഡിലെ ആ ചാലിൽ വന്നു വീഴും. യാത്രക്കാരുടെ നട്ടെല്ലൊടിയും. അതിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ഫുഡ്പാത്തിൽ നടക്കുന്നവന്റെ വസ്ത്രങ്ങൾ മലിനമാക്കും. ഒരുത്തൻ നന്മ ചെയ്യുന്നു. വേറൊരുത്തൻ ആ നന്മയെത്തന്നെ തിന്മയാക്കുന്നു. സാഹിത്യവാരഫലത്തിന് എന്തെല്ലാം ന്യൂനതകൾ ഉണ്ടെങ്കിലും അതു കുറെയൊക്കെ നന്മയുള്ളതാണ്. വിശ്വസാഹിത്യത്തിലെ രത്നങ്ങളെയെടുത്ത് അത് പ്രദർശിപ്പിക്കാറുണ്ട്. മൂല്യനിർണ്ണയം അന്യരുടെ ദൃഷ്ടിയിൽ തെറ്റായിരിത്തീരാമെങ്കിലും നിഷ്പക്ഷതയെ അതു ലംഘിക്കാറില്ല. എന്നിട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു കൊച്ചു ലേഖനം അതിനെ കുറ്റം പറയുന്നു. വാട്ടർ കണക്ഷൻ കൊടുക്കാനാണ് നല്ല റോഡ് വെട്ടിക്കുഴിക്കുന്നത്. നടക്കട്ടെ ആ പ്രവൃത്തി.

* * *

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റ് നേഡീൻ ഗോർഡിമർ (Nadine Gordimer) എഴുതിയ A Soldier‘s embrace എന്ന പുസ്തകത്തിലെ ഒരു ഭാഗം: പാലു കൊണ്ടു പോകുന്ന ട്രക്കിന്റെ റബ്ബർ ടയറുകൾ അവരുടെ ഉറക്കത്തിലൂടെ കയറിയിറങ്ങുമ്പോൾ കൂട്ടിൽക്കിടക്കുന്ന സിംഹങ്ങൾ ഗർജ്ജിക്കുന്നത് കേൾക്കാറാവുന്നു. അവ കൂട്ടിനകത്തു തന്നെ ജനിച്ചവയാണ്. പകൽ സമയത്ത് സിംഹങ്ങൾ ഗർജ്ജിക്കാറില്ല. കോട്ടുവായിടുന്നതേയുള്ളൂ. ഉപയോഗിക്കാത്ത നഖങ്ങൾ കൈപ്പത്തിയുടെ അറ്റത്ത് ഉള്ളിലേക്ക് ആക്കി വച്ചിട്ടേയുള്ളൂ… അതിനുവേണ്ടി കാത്തിരിക്കുന്നു, അതിനുവേണ്ടി കാത്തിരിക്കുന്നു… കൂട്ടിന്റെ കമ്പി വളച്ച് സിംഹം പുറത്തു ചാടുന്നു. മനോഹരമായ തലതിരിച്ച് തന്റെ രാജ്യമാകെ അതു നോക്കുന്നു. ആ രാജ്യത്തെ രാജാവാണ് അവൻ (ആശയം മാത്രം നേഡീൻ ഗോർഡിയുടേത്). കൂട്ടിലിട്ട സിംഹമാണ് ദക്ഷിണാഫ്രിക്കക്കാരനെന്നും അവൻ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുമെന്നും സൂചന.