close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 02 26


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 02 26
മുൻലക്കം 1999 02 19
പിൻലക്കം 1999 03 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​​ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പലായിരുന്ന എം. പി മന്മഥനോടൊരുമിച്ച് ഒരു സമ്മേളനത്തിനുപോകാൻ ഞാൻ ആ കോളേജിൽ ചെന്നു, ഒരു സായാഹ്നത്തിൽ. പ്രിൻസിപ്പലിന്റെ മുറിയിലേക്കു പോകാമെന്ന് പ്രവർത്തകരിൽ ഒരാൾ ക്ഷണിച്ചതനുസരിച്ച് ഞാൻ കോണിപ്പടികൾ കയറി രണ്ടാമത്തെ നിലയിലെത്തിയപ്പോൾ ചുവരിൽ റഡിയാർഡ് കിപ്ലിങിന്റെ ‘If…’ എന്ന കവിത എഴുതി വച്ചിരിക്കുന്നതു കണ്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ പോകാതെ ഞാൻ അവിടെ നിന്ന് അതു വായിച്ചു. ഉത്തുംഗതയിലേക്കു ചെന്ന കവിത. അടുത്ത ദിവസം തന്നെ ഞാൻ കിപ്ലിങിന്റെ കാവ്യസമാഹാരഗ്രന്ഥം വാങ്ങി. ‘If…’ എന്ന കവിത പല പരിവൃത്തി വായിച്ചു. ഏതാനും വരികൾ കേൾക്കുക:

‘If you can talk with crowds and keep your virtue
Or walk with Kings-nor lose the common touch
If neither foes nor loving friends can hurt you
if all men count with you, but none too much;
… … … … …
Yours is the Earth and everything that’s in it,
And — which is more — you’ll be a
Man, my Son!’

യദി അല്ലെങ്കിൽ ചേത് എന്നു സംസ്കൃതത്തിലും അഗർ എന്നു ഹിന്ദിയിലും എങ്കിൽ എന്നു മലയാളത്തിലും പ്രയോഗിക്കുന്ന ഈ ശബ്ദമുണ്ടല്ലോ. അതാണു ലോകത്തെ ഭരിക്കുന്നതെന്ന് എനിക്കു തോന്നുന്നു. ക്ലിയപട്രയുടെ മൂക്കിനു നീളം കൂടിയിരുന്നെങ്കിൽ ചരിത്രത്തിന്റെ ഗതി മാറി വീഴുമായിരുന്നു. വെടിമരുന്നു മഴയേറ്റ് നനയാതിരുന്നെങ്കിൽ നെപ്പോളിയൻ പരാജയപ്പെടുകില്ലായിരുന്നു. മഹാത്മാ ഗാന്ധി പ്രാർത്ഥനായോഗത്തിൽ പോയില്ലെങ്കിൽ വെടിയേറ്റു മരിക്കില്ലായിരുന്നു. ഐ.എ.എസ്. എന്നൊരേർപ്പാട് വല്ലഭായി പട്ടേൽ ഉണ്ടാക്കിയില്ലെങ്കിൽ ഇന്നത്തെ കേമന്മാരായ പല ഐ.എ.എസ്. ഉദ്യോഗന്ഥന്മാരും ക്ലാർക്കുകളായി പെൻഷൻ പറ്റി പിരിയുമായിരുന്നു. പുരുഷന്മാർ ചെറുപ്പകാലത്ത് വിവാഹം കഴിക്കാതിരുന്നെങ്കിൽ അവർക്ക് നാല്പത്തഞ്ചാമത്തെ വയസ്സിൽ സഹധർമ്മിണിമാരെ സംബന്ധിച്ച് sexually disfunctional എന്ന അവസ്ഥ വരുമായിരുന്നില്ല. ഇങ്ങനെ പലതും പറയാനുള്ള കൗതുകം ഞാൻ തൽക്കാലം അടക്കി വെക്കട്ടെ. എന്റെ ജീവിതത്തിൽ ‘എങ്കിൽ’ എന്നതു പ്രവർത്തിച്ചത് എങ്ങിനെയെന്നു പറയാൻ പ്രിയപ്പെട്ട വായനക്കാരുടെ സദയാനുമതി തേടട്ടെ ഞാൻ. ഞാൻ സെക്രട്ടറിയേറ്റിൽ ജോലിയായി പോയില്ലായിരുന്നെങ്കിൽ ഫയലും കൊണ്ട് പൊടുന്നനെ സെക്രട്ടറിയുടെ മുറിയിലെ ഹാഫ് ഡോർ തുറന്നു കയറിയപ്പോൾ അദ്ദേഹം (ഐ.എ.എസു.കാരനല്ല. അന്ന് ആ ഏർപ്പാടില്ല) വുമൺ സ്റ്റെനോഗ്രാഫറുടെ കനം കൂടിയ കവിളിൽ അവിടം ചുളുങ്ങത്തക്കവിധത്തിൽ ഉമ്മ വയ്ക്കുന്നതു കാണേണ്ടതായി വരുമായിരുന്നില്ല. അക്കാഴ്ച കാണേണ്ടതായി വന്നില്ലെങ്കിൽ എനിക്ക അടുത്ത നിമിഷത്തിൽ ട്രാൻസ്ലേഷൻ സെക്ഷനിലേക്കു മാറ്റം വരുകില്ലായിരുന്നു. ഒരു മണ്ടൻ അസിസ്റ്റന്റ് സെക്രട്ടറിയോട് ഭീമമായ സംഖ്യക്കുള്ള ചെക്കിന്റെ മറുപുറത്ത് ഒപ്പിടാൻ അപേക്ഷിച്ചപ്പോൾ ‘ഈ പണമെല്ലാം എവിടെ സൂക്ഷിച്ചു വയ്ക്കും?’ എന്ന് അയാൾ എന്നോട് ചോദിക്കുകയും ‘സർ ഇത് നമ്മൾ കാഷ് ചെയ്യുകയില്ല. സാറിന്റെ ഒപ്പോടുകൂടി ചെക്ക് ഡിപ്പാർട്ട്മെന്റിലേക്ക് അയയ്ക്കുകയേയുള്ളൂ. ബുക്ക് അഡ്ജസ്റ്റ്മെന്റാണ് എന്നു ഞാൻ മറുപടി പറയുകയും ചെയ്തപ്പോൾ ‘പണം നിങ്ങൾ വീട്ടിൽ കൊണ്ടുപോകരുതെ’ന്ന് അയാൾ നിർദ്ദേശിച്ചത് അയാൾക്ക് തലച്ചോറുണ്ടായിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല. ‘ധിക്കൃതശക്രപരാക്രമനാകിന’ ഒരു ചീഫ് സെക്രട്ടറി പരിശോധനയ്ക്കു വന്നപ്പോൾ ഹാർബർ സെക്ഷനിൽ കയറി. ‘ഇസ് തിസ് ദ് ഹാർബർ സെക്ഷൻ?’ എന്നു ചോദിച്ചപ്പോൾ ‘സർ ദിസ് ഇസ് ദ് ഹാർബർ സെക്ഷൻ, ബട്ട് ദേർ ഇസ് നോ ഹാർബർ ഹിയർ’ എന്നു കിറുക്കനായ സൂപ്രണ്ട് മറുപടി പറഞ്ഞപ്പോൾ അയാളെ ഒരാഴ്ചക്കകം പറഞ്ഞയച്ചതും ആ മനുഷ്യൻ കണ്ണീരോടെ സെക്ഷനിൽ നിന്ന് ഇറങ്ങിപ്പോയതും ഞാനവിടെ ഗുമസ്തനല്ലായിരുന്നെങ്കിൽ കാണേണ്ടി വരുമായിരുന്നില്ല.

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ജനിച്ചിട്ടില്ലായിരുന്നെങ്കിൽ പിൽക്കാലത്തു പല കവികളും ഉണ്ടാകുമായിരുന്നില്ല.

ഓഫീസ് ജീവിതം വിരസമാണ്. ചിലപ്പോൾ ആഹ്ലാദദായകവും അതിനെക്കുറിച്ച് എന്തേ ഗ്രന്ഥമുണ്ടാകാത്തതെന്ന് ഞാൻ ആലോചിച്ചിരിക്കുകയായിരുന്നു. എന്റെ ആഗ്രഹത്തിനു സാഫല്യമുണ്ടായിരിക്കുന്നു. The Vintage Book of Office Life എന്നൊരു പുസ്തകം നമുക്കു കിട്ടിയിരിക്കുന്നു. ഈ ആന്തോളജി ‘സർവ്വംഗസുന്ദര’മെന്ന് പറയാൻ വയ്യ. എങ്കിലും ചിലതു രസാവഹമാണ്. David Nobbs എഴുതിയ ഹാസ്യപ്രധാനമായ രണ്ടു പുസ്തകങ്ങൾ The Fall and Rise of Reginald Perrin എന്നതും The Return of Reginald Perrin എന്നതും — ഞാൻ ഇരുപതു കൊല്ലം മുൻപു വായിച്ചിട്ടുണ്ട്. അന്ന് എന്നെ ആഹ്ലാദിപ്പിച്ച ഒരു ഭാഗം ഇതിലെടുത്തു ചേർത്തിരിക്കുന്നു സമാഹർത്താവ്. ഒരു പെൺകുട്ടി ഓഫീസിൽ പോകുന്നതിന്റെ വർണ്ണനയാണ്:

‘The eight forty-six was five minutes late. There was a girl aged about twenty in the compartment. She wore a mini-skirt and had slightly fat thighs. No-one looked at her thighs yet all men saw them out of the corner of their eyes. They shared the guilty secret of he girl’s thighs and Reggie knew that at Waterloo Station they would let her leave the compartment first, they would look furtively at the depression left in the upholstery by her recently departed bottom, and they would follow her down the platform.
… … … … …
The slightly fat girl left the compartment first. The upholstery had made little red lines on the back of her thighs.”
(The Fall and Rise of Reginald Perrin, David Nobbs, Penguin Books, page 18 and 19, The Vintage Book of Office Life, Edited by Jeremy Lewin, page 43.)

സമാഹാരഗ്രന്ഥത്തിൽ നിന്നു വേറൊരു ഭാഗം. ‘Couples’ എന്നു ശീർഷകം. Upstairs Mr. Goldberg has his secretary over a desk, her panties round her ankles (page 310).

വീണ്ടും ‘എങ്കിൽ’. ചില വിചാരങ്ങൾക്ക് ആൽഡസ് ഹക്സിലിയോട് കടപ്പാട്. ബിസ്സ്മാർക് ജനിച്ചിട്ടില്ലായിരുന്നെങ്കിൽ ജർമ്മനിക്ക് ഉത്കൃഷ്ടത ലഭിക്കുമായിരുന്നില്ല. ഗാരിബാൾഡി ജനിച്ചിട്ടില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ ഉണ്ടാകുമായിരുന്നില്ല. ഗർബച്ചേവ് ജനിച്ചില്ലെങ്കിൽ സോവിയറ്റ് യൂണിയൻ നശിക്കുമായിരുന്നില്ല. മാവോ സേതുങ് ജനിച്ചിട്ടില്ലായിരുന്നെങ്കിൽ ചൈനയ്ക്കു പുതിയ രൂപം കിട്ടുകില്ലായിരുന്നു. മഹാത്മാ ഗാന്ധി ജനിച്ചില്ലെങ്കിൽ ഭാരതത്തിനു സ്വാതന്ത്ര്യം കൈവരുമായിരുന്നില്ല. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ജനിച്ചിട്ടില്ലായിരുന്നെങ്കിൽ പിൽക്കാലത്തു പല കവികളും ഉണ്ടാകുമായിരുന്നില്ല.

എനിക്കു കഴിവില്ല

കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പ് ഇവരുടെ കാവ്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ വൈഷമ്യമില്ല അധ്യാപകന്. അതുപോലെ എഴുത്തച്ഛന്റെയോ കുഞ്ചൻ നമ്പ്യാരുടെയോ ഉണ്ണായി വാര്യരുടെയോ കാവ്യങ്ങളും അനായാസമായി പഠിപ്പിക്കാം. അർത്ഥം പറഞ്ഞാൽ മതി. ശബ്ദാലങ്കാരവും അർത്ഥാലങ്കാരവും വ്യക്തമാക്കിക്കൊടുക്കാം. ധ്വനിയുണ്ടെങ്കിൽ അതും ചൂണ്ടിക്കാണിക്കാം. എന്നാൽ നവീനകവിത പഠിപ്പിക്കാനൊക്കുകയില്ല. കാരണം അധ്യാപകന് അതെന്താണെന്ന് പിടികിട്ടുകയില്ല എന്നതു തന്നെ. പിന്നെച്ചിലർ നിരൂപണം എഴുതുന്നതോ എന്ന ചോദ്യമുണ്ടാകാം. അതിനുത്തരമുണ്ട്. നിരൂപകൻ ഒന്നുകിൽ കവിയോട് ചോദിക്കും, എന്താണ് അയാളെഴുതിയ കവിതയുടെ അർത്ഥമെന്തെന്ന്. അല്ലെങ്കിൽ തനിക്കു തോന്നിയതൊക്കെ അയാൾ നിരൂപണമെന്ന മാന്യമായ പദത്തെ വ്യഭിചരിച്ചു എഴുതി വെക്കും. ഇതാണ് ഇന്നു നടക്കുന്നത്.

പഴയത്, പുതിയത് എന്ന വിഭാഗങ്ങളിൽ പെടാത്ത രചനകളും ഏറെയുണ്ടാകുന്നുണ്ട്, ഇക്കാലത്ത്. അവയെക്കുറിച്ചും നമുക്കൊന്നും പറയാൻ കഴിയുകയില്ല. അത്തരത്തിലുള്ള രചനകളിൽ പെടുന്നു ശ്രീ. ടി.പി. വേണുഗോപാലന്റെ ‘പൂവും മുള്ളും’ എന്ന കഥ. പൂവ് അച്ഛന്റെ സ്നേഹനിർഭരമായ മനസ്സാണ്. മുള്ള് മകന്റെ നൃശംസത നിറഞ്ഞ മനസ്സ്. മകൻ തന്തയെ അടിക്കുന്നു. മറ്റൊരു ഹീനകൃത്യം ചെയ്തതിന്റെ പേരിൽ പോലീസിന്റെ പിടിയിലാകുന്നു. മകന്റെ ചവിട്ടേറ്റ തന്തയ്ക്ക് ഇരിക്കപ്പൊറുതിയില്ല. അപരാധമൊന്നും ചെയ്യാത്ത വേറൊരു മകനെ പീഡിപ്പിച്ചിട്ട് അയാൾ പോലീസിന്റെ കൈയിലായ മകനെ കാണാൻ പോകുന്നു. ഇതാണ് വേണുഗോപാലന്റെ കഥയുടെ സാരം. childish എന്നൊരു ഇംഗ്ലീഷ് പദം കൊണ്ടാണ് ഞാൻ ഈ രചനയെ വിശേഷിപ്പിക്കുന്നത്.

“ഭാവത്തിൽ പരകോടിയിൽ
സ്വയമഭാവത്തിൻ സ്വഭാവം വരാം”

എന്ന വരി വായിച്ചിട്ട് എനിക്കതിനെക്കുറിച്ച് ഒരു മണിക്കൂറോളം വിദ്യാർത്ഥികളോട് സംസാരിക്കാം. പക്ഷേ ‘തീപ്പെട്ടി പണ്ടില്ലാത്തതിനാൽ ജനങ്ങൾക്കേർപ്പെട്ട കഷ്ടം പറയാവതല്ല. ഇപ്പോളതിമ്മാതിരിയൊന്നുമില്ല, തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല’ എന്ന നാൽക്കാലിയെക്കുറിച്ച് ഒരു സെക്കൻഡ് നേരമെങ്കിലും എനിക്കൊന്നും പറയാൻ വയ്യ. ഈ കഴിവില്ലായ്മയാണ് എനിക്കു വേണുഗോപാലന്റെ കഥ വായിച്ചപ്പോഴും അനുഭവപ്പെട്ടത് (കഥ ചില്ല മാസികയിൽ).

ചോദ്യം, ഉത്തരം

Symbol question.svg.png സാഹിത്യാസ്വാദനവും പ്രായവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

വലിയ ബന്ധമുണ്ട്. ചെറുപ്പക്കാരുടെ ആസ്വാദനം എപ്പോഴും വികലമായിരിക്കും. ജീവിതാനുഭവങ്ങളും ഗ്രന്ഥപാരായണാനുഭവങ്ങളുമാണ് ഗ്രന്ഥങ്ങളുടെ മൂല്യനിർണ്ണയത്തിനു സഹായിക്കുന്നത്. ചെറുപ്പക്കാർക്ക് രണ്ടനുഭവങ്ങളുമില്ല. പിന്നെ പ്രായം കൂടിയവർക്ക് ഭാവന കൂടി വേണം എങ്കിലേ വിലയിരുത്തൽ അന്യൂനമാകൂ.

Symbol question.svg.png സ്നേഹബന്ധം അതിരുകടന്നാൽ?

ദോഷമാവും ഫലം. രണ്ടുപേർ കൂടുതൽ അടുക്കുന്തോറും ദൗർഭല്യങ്ങൾ പരസ്പരം മനസ്സിലാകും. ആ മനസ്സിലാക്കൽ കൊണ്ട് സ്നേഹവും ബഹുമാനവും കുറയും. ആ ന്യൂനത്വം അവഗണനയിലേക്കും പിന്നീട് വിരോധത്തിലേക്കും കൊണ്ടുചെല്ലും.

Symbol question.svg.png ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവർക്ക് നിങ്ങളുടെ കോളം കൊണ്ട് വല്ല പ്രയോജനമുണ്ടോ?

പടിഞ്ഞാറൻ സാഹിത്യത്തിൽ നല്ല അറിവുള്ളവർക്ക് ഈ കോളം കൊണ്ട് പ്രയോജനമില്ല. എങ്കിലും അങ്ങനെയുള്ളവർ ഇതു നോക്കാറുണ്ട്. ഏതു പടിഞ്ഞാറൻ പുസ്തകത്തെക്കുറിച്ചാണ് കോളമിസ്റ്റ് എഴുതിയിരിക്കുന്നതെന്ന് നോക്കാൻ.

Symbol question.svg.png നിങ്ങൾ ചിരിക്കുകില്ലേ?

ഞാൻ എന്റെ ദൗർഭല്യങ്ങളെയും കൊള്ളരുതായ്മകളെയും സ്വഭാവദോഷങ്ങളെയും നോക്കി ചിരിക്കാറുണ്ട്. ആ ചിരി എന്നെ ഒന്നിനൊന്നു ഉത്കൃഷ്ടതയിലേക്കു കൊണ്ടുചെല്ലാറുണ്ട്.

Symbol question.svg.png ഡോക്ടർമാർ പണം വാങ്ങുന്നതിനെക്കുറിച്ച് നിങ്ങളെന്തു പറയുന്നു?

ഒരു തെറ്റുമില്ല അതിൽ. ജീവനെ നിലനിറുത്തുന്നവനാണ് ഡോക്ടർ. അതുകൊണ്ട് കൊടുക്കാവുന്നിടത്തോളം പണം നിങ്ങൾ അദ്ദേഹത്തിനു കൊടുക്കണം. ഞാൻ എപ്പോൾ ഡോക്ടറെ കൺസൾട്ട് ചെയ്താലും നൂറു രൂപ കവറിലിട്ടു കൊടുക്കും. പലരും വേണ്ടെന്നു പറയും. എങ്കിലും നിർബന്ധിച്ച് ഞാൻ അതു വാങ്ങിപ്പിക്കും. പക്ഷേ മഹാരാഷ്ട്ര സ്റ്റേറ്റിൽ ഒരു ഡോക്ടറും അഞ്ചു രൂപയിൽ കൂടുതൽ ഫീയായി വാങ്ങില്ല. അവിടെ ബാന്ദക് എന്ന സ്ഥലത്ത് ദേശ്‌മുഖ് എന്നൊരു ഡോക്ടർ എന്നെ അര മണിക്കൂർ നേരം പരിശോധിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ‘What am I to pay you’ എന്ന്. അദ്ദേഹം ‘Five Rupees’ എന്നു മറുപടി പറഞ്ഞു. ഞാൻ അമ്പതു രൂപ കവറിലിട്ടു അദ്ദേഹത്തിനു കൊടുത്തു. ഡോക്ടർ അതു തുറന്നു നോക്കി. ദേഷ്യത്തോടെ ‘Are you insulting me?’ എന്നു ചോദിച്ചു. പിന്നീട് മേശവലിപ്പ് തുറന്ന് നാല്പത്തിയഞ്ചു രൂപയെടുത്ത് തിരിച്ചു തന്നു.

Symbol question.svg.png പഴയ കാലത്തെ ഗവേഷണം. ഇപ്പോഴത്തെ ഗവേഷണം. ഇവ തമ്മിൽ എന്തേ വ്യത്യാസം?

പണ്ടത്തെ ഗവേഷണം പ്രയോജനശൂന്യമായിരുന്നു. ഉണ്ണായി വാര്യരാണോ ഗിരിജാകല്യാണത്തിന്റെ കർത്താവ്, രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാളാണോ, പുനം നമ്പൂതിരിയും ചെറുശ്ശേരിയും ഒരാളാണോ ഇങ്ങനെ വ്യർത്ഥവ്യായാമങ്ങൾ നടത്തിയിരുന്നു അക്കാലത്ത്. ഇന്നത്തെ ഗവേഷണം അന്തസ്സാരശൂന്യം. ‘The use of exclamation marks in Muttathu Varki’s novels with special reference to the use of commas in Kalidasa’s ‘Malavikagnimithram’ എന്ന മട്ടിലാണ് വിഷയങ്ങൾ തിരഞ്ഞെടുക്കാറ്.

Symbol question.svg.png ആർടും ക്രാഫ്റ്റും തമ്മിലെന്താണ് വ്യത്യാസം?

ആർടിൽ കലാകാരന്റെ ചൈതന്യമുണ്ട്. ക്രാഫ്റ്റിൽ അതില്ല.

ഇത് വേണ്ടിയിരുന്നില്ല

ഫ്യൂഡൽ സമുദായമോ ബൂർഷ്വാ കാപിറ്റലിസ്റ്റ് ഡെമോക്രസിയോ ഇന്നുവരെ ഒരു വിപ്ലവസാഹിത്യകൃതി കൊണ്ടും മാറിയിട്ടില്ല. ഓർഡിനൻസ് കൊണ്ടേ — നിയമം കൊണ്ടേ — സമുദായത്തിൽ മാറ്റം വരുത്താനാവൂ.

ഗേർഹാർട് ഹൗപ്റ്റ്മാൻ (Gerhart Hauptmann, 1862–1946) ജർമ്മനിയിലെ മഹാനായ നാടകകർത്താവാണ്. 1912-ലെ നോബൽ സമ്മാനം അദ്ദേഹത്തിനു കിട്ടി. ഹൗപ്റ്റ്മാന്റെ പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നത് ‘നെയ്ത്തുകാർ’ എന്ന നാടകമാണ്. സുശക്തമായ ആ നാടകം കണ്ട് ജർമ്മൻ കൈസർ പറഞ്ഞു: “ഹൗപ്റ്റ്മാൻ ജർമ്മനിയിലെ വലിയ സാഹിത്യകാരൻ തന്നെ. പക്ഷേ ‘നെയ്ത്തുകാർ’ എഴുതിയതിന് എനിക്ക് അദ്ദേഹത്തിനു മാപ്പു കൊടുക്കാൻ സാധിക്കില്ല”. കാപിറ്റലിസത്തെ നിന്ദിച്ച് തൊഴിലാളികളുടെ നേർക്ക് സഹതാപം പ്രവഹിപ്പിച്ച് അദ്ദേഹമെഴുതിയ ആ നാടകം ജർമ്മനിയിൽ മാത്രമല്ല ലോകമാകെ വിപ്ലവത്തിന്റെ അഗ്നിജ്വാലകൾ ഉളവാക്കി. പക്ഷേ അതുകൊണ്ട് തൊഴിലാളികളുടെ ദയനീയാവസ്ഥയ്ക്കു പരിഹാരമുണ്ടായോ? ഏതെങ്കിലും തൊഴിൽക്കാരന്റെ വിശപ്പു മാറിയോ? ഇല്ല എന്ന ഉത്തരം നൽകാനേ കഴിയൂ. ഫ്യൂഡൽ സമുദായമോ ബൂർഷ്വാ കാപിറ്റലിസ്റ്റ് ഡെമോക്രസിയോ ഇന്നുവരെ ഒരു വിപ്ലവസാഹിത്യകൃതി കൊണ്ടും മാറിയിട്ടില്ല. ഓർഡിനൻസ് കൊണ്ടേ — നിയമം കൊണ്ടേ — സമുദായത്തിൽ മാറ്റം വരുത്താനാവൂ. വൊൾതേർ, റൂസോ ഇവർ എഴുതിയതുകൊണ്ടല്ല ഫ്രാൻസിൽ വിപ്ലവമുണ്ടായത്. മായകോവ്സ്കിയുടെയും ഗോർക്കിയുടെയും രചനകൾ റഷ്യൻ സമൂഹത്തിന്റെ പരിവർത്തനത്തെ സഹായിച്ചു എന്നു പറഞ്ഞുകൂടാ. സമുദായം പരിവർത്തനത്തിനു സന്നദ്ധമായിരിക്കുമ്പോൾ ആ സമുദായത്തിലെ അംഗമായ സാഹിത്യകാരനും അതിനെക്കുറിച്ച് എഴുതുന്നുവെന്നേയുള്ളൂ. അവർ എഴുതിയില്ലെങ്കിലും വിപ്ലവം ഉണ്ടാകും. കുമാരനാശാൻ ‘ചണ്ഡാലഭിക്ഷുകി’യും ‘ദുരവസ്ഥ’യും എഴുതിയതുകൊണ്ടാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായതെന്ന വാദം ഭോഷ്കാണ്. നിവർത്തന പ്രസ്ഥാനം കണ്ടുപേടിച്ചിട്ടാണ്, ഈഴവർ ക്രിസ്തുമതം സ്വീകരിക്കുമെന്നു മനസ്സിലാക്കി ഭയന്നിട്ടാണ് സർക്കാർ ഈഴവരെയും മറ്റുള്ളവരെയും അമ്പലങ്ങളിൽ പ്രവേശിപ്പിക്കാൻ കല്പന പുറപ്പെടുവിച്ചത്. ചിത്തിര തിരുനാൾ രാജാവിന്റെ ‘ഒരു തുള്ളിമഷി’യാണ് വമ്പിച്ച പരിവർത്തനം വരുത്തിയതെന്ന് മഹാകവി ഉള്ളൂർ പറഞ്ഞത് വെറും കവിവചനം മാത്രമായി കരുതിയാൽ മതി. സമുദായത്തിന്റെ സൂപർ സ്റ്റ്രക്ചറായ സാഹിത്യത്തിന് വിപ്ലവത്തിന്റെ കാര്യത്തിൽ ‘ചൊട്ടച്ചാൺ വഴിദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും കോഴിയായി’പ്പോലും പ്രവർത്തിക്കാൻ കഴിയില്ല.

തകഴി ശിവശങ്കരപ്പിള്ള പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. താൻ ‘രണ്ടിടങ്ങഴി’ എന്ന നോവൽ എഴുതിയതുകൊണ്ടാണ് വയലിൽ ജോലി ചെയ്യുന്ന പാവങ്ങൾക്ക് രണ്ടുപതം കൂടിയതെന്ന്. (പതം എന്നതു തകഴിയുടെ വാക്ക്. നെല്ലു കൂടുതൽ കൂലിയായി കിട്ടിയെന്നാവാം അദ്ദേഹം പറഞ്ഞത്. എനിക്കു പതത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ.) സാമൂഹികബന്ധങ്ങളിൽ വന്ന മാറ്റങ്ങൾക്കു കാരണം തന്റെ സാംസ്കാരികാവിഷ്കാരങ്ങളായ കൃതികളാണെന്ന് കേശവദേവ് പറഞ്ഞത് ഞാൻ എത്ര തവണയാണ് കേട്ടത്. അസമത്വങ്ങൾക്കും അധാർമ്മികപ്രവൃത്തികൾക്കും ചിത്രകാരനും സാഹിത്യകാരനും യഥാക്രമം ചായം കൊണ്ടും വാക്കുകൾകൊണ്ടും രൂപം നൽകിയാൽ അവയെ ജയിച്ചടക്കാമെന്ന വിചാരം ശരിയല്ല. തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും എഴുതിയിട്ടും കഴിഞ്ഞ അറുപതു കൊല്ലങ്ങൾക്കു മുൻപുണ്ടായ അനീതികളും അധാർമ്മിക പ്രക്രിയയും ഇന്നും നിലനിൽക്കുന്നു എന്നു മാത്രമല്ല പറയേണ്ടത്. അവയ്ക്ക് ആധിക്യവും ഉണ്ടായിരിക്കുന്നു. കലാകാരൻ, സാഹിത്യകാരൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ എത്ര ദുർബലൻ!

ഒരളവിൽ ഈ സാഹിത്യകാരന്മാർ അഭിനന്ദനാർഹരാണ്. സമൂഹത്തെസ്സംബന്ധിച്ച കാര്യങ്ങളും അവയുടെ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളും കണ്ട് അവരുടെ ഹൃദയം ചലനം കൊള്ളുന്നുവല്ലോ. അതു മതി. കുങ്കുമം വാരികയിൽ ‘ട്രാൻസ്ഫർ’ എന്ന കഥയെഴുതിയ സുജാതയെപ്പോലെ അറുപഴഞ്ചൻ വിഷയം കൈകാര്യം ചെയ്തു വായനക്കരെ ബോറടിപ്പിക്കുന്നില്ലല്ലോ. (കഥ തർജ്ജമ ചെയ്തത് കെ.എസ്. വിശ്വനാഥൻ.) ഭർത്താവും ഭാര്യയും. ഭാര്യയ്ക്കു സ്ഥലം മാറ്റം കിട്ടുന്നു. അവിടെച്ചെല്ലുമ്പോൾ അവളുടെ പൂർവകാമുകൻ. അവൻ അവളെ വശീകരിച്ചു ലൈംഗീകവേഴ്ച നടത്തുന്നു. അപ്പോൾ ഭർത്താവ് എത്തുന്നു. തറ്റെ വ്യഭിചാരമറിഞ്ഞാണ് അയാൾ എത്തുന്നതെന്ന് വിചാരിച്ച് പെണ്ണു സംഭ്രമിക്കുമ്പോൾ അയാൾ വന്നു പറയുന്നു ലത എന്നൊരുത്തിയെ അയാൾ വിവാഹം കഴിക്കാൻ പോകുന്നുവെന്ന്. തന്റെ വ്യഭിചാരകർമ്മം അവളൊട്ടു അയാളോട് പറയുന്നുമില്ല. വികസിച്ച കഥാസാഹിത്യം കണ്ടു പരിചയിച്ച കേരളീയരെ അപമാനിക്കുന്ന കഥയാണിത്. കലാരാഹിത്യത്തിന്റെ വിഷം ചേർത്തു കുഴച്ച ഈ കഥയാകുന്ന അന്നകബളം പാവപ്പെട്ട വായനക്കാരന്റെ തൊണ്ടയിലേക്കു കുത്തിയിറക്കേണ്ടിയിരുന്നില്ല തർജ്ജമക്കാരൻ.

സ്ത്രീകൾക്കു മാത്രം

തിരുവനന്തപുരത്തെ ടൗൺഹാൾ. ഒരു പരമബോറൻ പ്രസംഗം തുടങ്ങിയിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു. അയാൾ നിറുത്തുന്ന ഭാവമില്ല. അടുത്തിരുന്ന ഒരാൾ എന്നോട് ചോദിച്ചു. “ഇതൊന്നു നിറുത്തിക്കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?” അതിനു മറുപടിയായി “നിങ്ങൾ ഒന്നു കൂവു” എന്നു പറയാൻ ഞാൻ വിചാരിച്ചതാണ്. പക്ഷേ ആ വിചാരം വിചാരമായി മനസ്സിൽ തങ്ങിയതേയുള്ളൂ. നിങ്ങൾ എന്ന ആദ്യത്തെ വാക്കിന്റെ ‘നി’ എന്ന അക്ഷരം നാവിൽ വന്നപ്പോൾ എനിക്കു കോട്ടുവായുണ്ടായി. അന്യർ കാണുന്ന മട്ടിൽ ഞാൻ കോട്ടുവായിടാറില്ല. എങ്കിലും അപ്പോൾ അതു തടയാനായില്ല. കോട്ടുവായിട്ടതിനു ശേഷം വീണ്ടും ശ്രമിച്ചു അയാളോട് ആ വാക്യം പറയാൻ. അപ്പോഴും ‘നി’ എന്ന അക്ഷരത്തെ വേറൊരു കോട്ടുവാ ജയിച്ചടക്കി. വീണ്ടും അണ്ണാക്ക് അയാളെ കാണിക്കാൻ മടിച്ച് ഞാൻ ആ വാക്യം പറയാൻ ശ്രമിച്ചില്ല. ഞാൻ തിരിഞ്ഞു സദസ്സിനെ നോക്കി. പലരും കോട്ടുവാ പ്രയോഗം നടത്തുന്നു. വേറെ ചിലർ പ്രഭാഷകനെ നോക്കാതിരിക്കാനായി തിരിഞ്ഞ് ഇരിക്കുന്നു. എല്ലാം പ്രസംഗക്കാരന്റെ ബോറടി കൊണ്ടുണ്ടായതാണ്. സ്ത്രീകൾ ഇരിക്കുന്നിടത്തേക്ക് ഞാനൊന്നു നോക്കി. അവരുടെ പ്രതികരണമറിയാൻ. മഹാദ്ഭുതം. ഒരു സ്ത്രീയും കോട്ടുവായിടുന്നില്ല. ഇല്ലെന്നു മാത്രമല്ല. പ്രഭാഷകന്റെ വാക്കുകൾ ശ്രദ്ധിച്ച് കേട്ട് ഇരിക്കുകയാണ് അവർ. പെണ്ണുങ്ങൾ ഇത്ര വിവരം കെട്ടവരോ? അതെന്റെ ബുദ്ധിശൂന്യമായ സംശയം.

സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ ബുദ്ധിയുണ്ട്. അവരുടെ അസ്ഥികള്‍ക്കകത്തു തുളച്ചു കയറുന്നുണ്ടു്, പ്രസംഗം നടത്തുന്നവന്റെ ബോറിങ്ങായ വാക്കുകള്‍. എങ്കിലും ബോറടിക്കുന്നില്ല എന്ന മട്ടില്‍ അവര്‍ക്കു ഇരിക്കാനറിയാം. ആ സഹിഷ്ണുത പുരുഷന്മാര്‍ക്കില്ല. പുരുഷനു് ചെറിയ തലവേദന വന്നാല്‍ മതി ‘അയ്യോ, അമ്മേ, തല പിളരുന്നേ’ എന്നു നിലവിളിച്ചു വീട്ടുകാരെയാകെ ശല്യപ്പെടുത്തും. കാന്‍സറിന്റെ തീവ്രവേദന പോലും സഹിച്ചു് അന്യരെ അതറിയിക്കാതെ കിടക്കാന്‍ സ്ത്രീക്കു കഴിയും. ആ സഹിഷ്ണുത എന്ന ഗുണത്താലാണു് അവര്‍ പ്രഭാഷകന്റെ ബോറിങ് സഹിച്ചു ഭാവഭേദം കൂടാതെയിരുന്നതു്.

കെ.ജി. മരിയ ജറാള്‍ഡ് ദേശാഭിമാനി വാരികയില്‍ എഴുതിയ ‘കണ്ണട’ “ചെറുകഥ” വായിച്ചു് ഞാന്‍ കോട്ടുവായിട്ടു പലതവണ. സ്ത്രീയാണു് അതു വായിക്കുന്നതെങ്കില്‍ പുഞ്ചിരിയോടെ അവള്‍ കഥയുടെ അവസാനം വരെ വായിക്കും. മരിയ ജറാള്‍ഡിന്റെ ഇക്കഥയും ഇതുപോലെയുളള മററു കഥകളും പുരുഷന്മാര്‍ക്കുളളതല്ല. സ്ത്രീകള്‍ വായിക്കട്ടെ. കോട്ടുവായിടാതെ അവര്‍ അതു വായിക്കുന്നതു കണ്ടു് പുരുഷന്മാര്‍ രസിക്കട്ടെ.

നിരീക്ഷണങ്ങള്‍

അച്ഛനെ ബഹുമാനിക്കാന്‍ കഴിയുന്ന മകനാണു് ഈ ലോകത്തെ പുണ്യശാലി.

 1. സ്ത്രീകള്‍ സെന്റ് ശരീരത്തിലോ വസ്ത്രത്തിലോ തേയ്ക്കുമ്പാള്‍ അതു നിര്‍ദ്ദോഷവും അന്യര്‍ക്കു സുഖദായകവുമായ ചെറിയ പരിമളമായ അവര്‍ക്കു (സ്ത്രീകള്‍ക്കു) തോന്നു. പക്ഷേ സെന്റ് തേച്ച സ്ത്രീ പുരുഷന്റെ അടുത്തെത്തുമ്പോള്‍ ജന്തുശാലയിലെ കടുവാക്കൂട്ടിന്റെ അടുത്തു ചെന്നുനില്ക്കുന്ന പ്രതീതിയാണു് അയാള്‍ക്കു്. മൂക്കു പൊത്തി കൊണ്ടു് അയാള്‍ ഓടാത്തതു മാന്യതയുടെ പേരില്‍ മാത്രം. അതുപോലെ വൈരൂപ്യത്തിനു ഇരിപ്പിടമായ കവിതയോ കഥയോ എഴുതുന്നവര്‍ക്കു് ആ വൈരൂപ്യത്തിന്റെ തീവ്രത അറിയാനൊക്കുകയില്ല. അനുവാചകര്‍ അതുകണ്ടു് ഓടുമ്പോള്‍ ‘ഇത്രയ്ക്കു ഓടാനെന്തിരിക്കുന്നു?’ എന്നാലും കവിയുടെയും കഥാകാരന്റെയും പരിഭവം കലര്‍ന്ന ചോദ്യം.
 2. സെര്‍ബിയന്‍ നോവലിസ്ററും പരഭവം കലര്‍ന്ന ചോദ്യം. ലോ കീഷ് (Danilo Kis) അന്യദൃശമായ പ്രതിഭയാല്‍ അനുഗൃഹീതനായിരുന്നു. 1935-ല്‍ ജനിച്ച അദ്ദേഹം അമ്പത്തിനാലാമത്തെ വയസ്സില്‍ മരിച്ചുപോയി. നോബല്‍ സമ്മാനത്തിനു അര്‍ഹനാണു് അദ്ദേഹമെന്നത്രേ എന്റെ വിചാരം. കീഷിന്റെ പല ചെറുകഥകളും Garden Ashes, Hour Glass ഈ നോവലുകളും വായിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഭാവനയുടെ ത്രീഭുജകാചത്തിലൂടെ ജീവിതാനുഭവങ്ങള്‍ സപ്തവര്‍ണ്ണങ്ങളാര്‍ന്നു് ചിതറി വീഴുന്ന കാഴ്ച അദ്ദേഹത്തിന്റെ രചനകളില്‍ നിന്നു നമുക്കു കിട്ടും.
 3. അച്ഛനെ ബഹുമാനിക്കാന്‍ കഴിയുന്ന മകനാണു് ഈ ലോകത്തെ പുണ്യശാലി. പക്ഷെ പല പുത്രന്മാര്‍ക്കും അതിനു കഴിയുകയില്ല. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ തുടങ്ങുന്നതു തന്നെ പിതാവിനെ ബഹുമാനിച്ചു കൊണ്ടാണ്. പക്ഷേ കാഫ്കയ്ക്കു അച്ഛനെക്കുറിച്ചുള്ള മാനസികനില അതായിരുന്നില്ല.

  My heart leaps up when I behold
  A rainbow in the sky;
  Contrariwise my blood runs cold
  When little boys go by

  കവി Ogden Nash പറയുന്നതു നോരമ്പോക്കായിട്ടാണെങ്കിലും പല പീതാക്കന്മാരുടെയും മനോഭാവം അതുതന്നെ.

  “…An elegant, Elegant Alligator
  To play with in perambulator”

  എന്നു അദ്ദേഹം പറയുന്നതു ഹാസ്യത്തിനു വേണ്ടിയാകാം. എന്നാല്‍ ഹാസ്യവും അബോധാത്മകമായ ആഗ്രഹത്തില്‍ നിന്നാണു് ഉണ്ടാവുക എന്നു നാം ഓര്‍മ്മിക്കണം. ഇതു ശാഖാചംക്രണം. ഞാന്‍ പറായാന്‍ വന്നതു് ദാനിലോ കീഷ് അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരിക്കുന്നു എന്നാണു്. അദ്ദേഹത്തിന്റെ മാസ്ററര്‍ പീസായ Hour Glass എന്ന നോവല്‍ വായിക്കൂ. സ്നേഹപരതന്ത്രനായ കീഷ് എന്ന പുത്രന്‍ ആദരത്തോടെ അച്ഛന്റെ മുന്‍പില്‍ നില്ക്കുന്നതു നമുക്കു കാണാം.

 4. ചേര്‍ച്ചയുളളതു്. സദൃശമായതു് എന്ന അര്‍ത്ഥത്തില്‍ ‘അനുയോജ്യം’ എന്നു പലരും എഴുതുന്നതു് തെററാണു്. അനുയോഗത്തിന്റെ അര്‍ത്ഥം ചോദ്യമെന്നാണു്. (പ്രശ്നം, പൃച്ഛാ എന്നു സമാനാര്‍ത്ഥങ്ങള്‍.) അനുയോജ്യമെന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ചോദ്യം ചെയ്യപ്പെടേണ്ടതു് എന്നത്രേ. അതിനാല്‍ ‘അവന്‍ അവള്‍ക്കു അനുയോജ്യനായ വരനാണു്’ എന്നു പറഞ്ഞാല്‍ ആകെ കുഴപ്പമാകും. സ്ഥായിഭാവമെന്നല്ലാതെ സ്ഥായീഭാവം എന്നു വരില്ല. സ്ഥായിന് എന്നു് ശബ്ദം. അതിന്റെ കൂടെ ഭാവം ചേരുമ്പോള്‍ സ്ഥായിഭാവമെന്നേ വരൂ. വേര്‍തിരിച്ചെഴുതുമ്പോള്‍ ഈ എന്നു ദീര്‍ഘമാകാം. സ്ഥായീഭവതി എന്നതു ഉദാഹരണം. ‘സ്ഥായീഭാവമിയെന്നു’ എന്ന ‌കവിപ്രയോഗം തെററു്. സ്ഥായിനോര്‍ത്ഥേ പ്രവരപ്‍ത്തന്തേ എന്ന ശ്ലോകാരംഭത്തില്‍ (മാഘമഹാകാവ്യം, ദ്വതീയ സര്‍ഗ്ഗം, ശ്ലോകം 87). സ്ഥായി ശബ്ദത്തിലെ ഇകാരത്തിനു് ദീര്‍ഘതയില്ലെന്നു കാണുക.
 5. കാരുണ്യമുളള സാഹിത്യകാരനായിരുന്നു ജി. വിവേകാനന്ദന്‍. വിശേഷിച്ചും രോഗികളോടു, രോഗി ശത്രുവായിരിക്കട്ടെ. വിവേകാനന്ദന്‍ രോഗത്തെക്കുറിച്ചു് അറിഞ്ഞാന്‍ ഉടനെ സ്വന്തം കാറുമായി രോഗിയുടെ വീട്ടിലെത്തും. അയാളെ ഡോക്ടറെ കാണിക്കും. ചികിത്സിപ്പിക്കും. ഡോക്ടറോടു ഫീ രോഗിയെക്കൊണ്ടു കൊടുപ്പിക്കില്ല. വിവേകാനന്ദന്‍ തന്നെ കൊടുക്കും. എത്ര നിര്‍ബന്ധിച്ചാലും അദ്ദേഹം അതു തിരിച്ചു വാങ്ങുകയില്ല. ഇതെഴുതുന്ന ആളിനെ അദ്ദേഹം ഇമ്മട്ടില്‍ പല തവണ ഡോക്ടര്‍മാരുടെ അടുത്തു കൊണ്ടു പോയിട്ടുണ്ട്.
 6. ഒരു പ്രദോശത്തിന്റെ സമൂഹഘടനെയും അതിലെ വ്യക്തികളെയും റീയലിസമെന്ന കലാസങ്കേതമുപയോഗിച്ചു് ചിത്രീകരിച്ചു മലയാള സാഹിത്യത്തിലെ ആദ്യത്തെ റീജനല്‍ (Regional) നോവലെഴുതിയ ആളാണു് വിവേകാനന്ദന്‍. അതിന്റെ പേരു് ‘കളളിച്ചെല്ലമമ’ എന്നു്. ഊന്നല്‍ സമൂഹഘടനയ്ക്കാണു്. അതിലെ ആളുകള്‍ക്കാണു്. ചിത്തവൃത്തികളെസ്സംബന്ധിച്ച ഉള്‍ക്കാഴ്ചയ്ക്കല്ല. കളളിച്ചെല്ലമ്മ തന്നെയാണു് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. എന്റെ ഉപകര്‍ത്താവു് പോയി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ എനിക്കു് അനല്പമായ വിഷാദമുണ്ടു്.