close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 02 19


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1999 02 19
മുൻലക്കം 1999 02 12
പിൻലക്കം 1999 02 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജീവനാർന്ന, പ്രാധാന്യമാർന്ന പുരാവൃത്തത്തിൽ അടിയുറച്ച രാജ്യത്തിനേ നിലനില്‌പുള്ളൂ. രാമായാണം, മഹാഭാരതം ഈ പുരാവൃത്തങ്ങൾ കേന്ദ്രസ്ഥാനത്തു നിലനില്ക്കുന്നതുകൊണ്ടാണ് ഭാരതം ഇത്രയും കാലം അന്യൂനമായി വർത്തിച്ചതു. എപ്പോൾ ആ പുരാവൃത്തങ്ങൾക്കു ശൈഥില്യം സംഭവിക്കുന്നുവോ അപ്പോൾ ഇന്ത്യ തകർന്നു പോകും. ഗ്രീസിലെ പുരാവൃത്തങ്ങളിൽ അവിടത്തെ ജനത വിലയം കൊണ്ടിരിക്കുന്നതുകൊണ്ടാണ് രാജ്യം സംഘട്ടനങ്ങൾ ഉണ്ടായിട്ടും ഭദ്രതയോടെ നിലകൊള്ളുന്നത്. ഉത്‌കൃഷ്ടങ്ങളായ ഈ പുരാവൃത്തങ്ങൾക്കു രൂപം നല്‌കാൻ കവികളുണ്ടാകുന്നു. വാല്‌മീകിയും കാളിദാസനും നമ്മുടെ പുരാവൃത്തങ്ങൾക്കു രൂപം നല്‌കിയ പ്രതിഭാശാലികളാണ്. ഗ്രീസിലെ പുരാവൃത്തങ്ങൾക്ക് ’ഇലിയഡി’ലൂടെ ’ഒഡീസി’യിലൂടെ ആവിഷ്കാരം നല്‌കി ഹോമർ.

ഇവരുടെ നിർമ്മാണശക്‌തിയിൽ അദ്ഭുതപരതന്ത്രരായി കലാകാരന്മാരും കവികളും ആവിർഭവിക്കുന്നു. ലിയോനാർ ദോ ഡാവിഞ്ചി. മീക്കലാഞ്ചലോ, രാജാരവിവർമ്മ, കാളിദാസൻ, രവീന്ദ്രനാഥ ടാഗോർ, വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ ഇങ്ങനെ ആയിരക്കണക്കിനു പ്രതിഭാശാലികൾക്കു മാർഗ്ഗം തെളിയിച്ചതു വാല്മീകിയും വ്യാസനും ഹോമറുമാകുന്നു. രാമായണകഥയുടെ അധ്യാത്‌മികതേജസ്സു കണ്ട് കണ്ണഞ്ചി രേഖകളിലൂടെ ആ തേജസ്സിനെ ആലേഖനം ചെയ്ത ഒരു മഹാകവി കേരളത്തിലുമുണ്ടായി. അദ്ദേഹ രാമാണകഥയുടെ ദാർശനികശോഭയാൽ, കലാരാമണീയകത്താൽ ആകർഷിക്കപ്പെട്ട് പനയോലയിൽ ഏതാനും ചിത്രങ്ങൾ നാരായം കൊണ്ടുവരച്ചു. അവയെ ആർട് പേപ്പറിൽ കമനീയമായി അച്ചടിച്ച് കേരള സർവകലാശാലയുടെ Oriental Research Institute and manuscripts Library പ്രസാധനം ചെയ്തിരിക്കുന്നു. ഡോക്‌ടർ കെ. വിജയനാണ് ഈ ചിത്രരാമായണത്തിന്റെ എഡിറ്റർ. അദ്ദേഹത്തിന്റെ വിദ്വജ്ജനോചിതമായ അവതാരിക ഈ ഗ്രന്ഥത്തിനു ഭൂഷണം തന്നെയാണ്. ശ്രീരാമന്റെ ദേവകരണം (deification), കേരളത്തിലെ രാമായണ പാരമ്പര്യം, പനയോലയിലെ രമായണകഥ ചിത്രീകരണം.ചിത്രരാമായണത്തിന്റെ അന്യാദൃശസ്വഭാവം അതിന്റെ പ്രഭവകേന്ദ്രം. കഥകളിയുമായി ചിത്രരാമായണത്തിനുള്ള ബന്ധം ഈ വിഷയങ്ങളെക്കുറിച്ചുള്ള പ്രതിപാദനം. വിജയനെന്ന പ്രകൃഷ്ട പണ്ഡിതനിൽ നിന്നേ നമുക്കു ലഭിക്കൂ. അദ്ദേഹത്തിന്റെ ധിഷണാശക്‌തിയേയും പാണ്ഡിത്യത്തെയും മാനിച്ചുകൊണ്ട് നമ്മൾ ചിത്രങ്ങളിലേക്കു കടക്കുമ്പോൾ ആദരാദ്‌ഭുതങ്ങൾ ജനിക്കുന്നു.

രാമായണകഥയെ ജഗത്‌സർവ്വമായി പരിഗണിക്കമെങ്കിൽ അതിനെ അവലംബിച്ചുള്ള ഈ ചിത്രസമാഹാരത്തെ സൂക്‌ഷ്മജഗത്തായി കരുതാവുന്നതാണ്. ഒരു തുള്ളി കടൽവെള്ളത്തിൽ കടലിന്റെയാകെയുള്ള ധർമ്മം കാണാമെന്ന് ഖലീൽ ജിബ്രൻ പറഞ്ഞിട്ടൂണ്ട്. അതുപോലെ പരാവാര സദൃശമായ രാമായണകഥയെ ഏതാനും ചിത്രങ്ങളിലാക്കി സൂക്ഷ്‌മജഗത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു ഈ ചിത്രകാരൻ. ബൃഹദാകാരമാർന്ന പുരാവൃത്തത്തെ കവിതയിലേക്കു സംക്രമിപ്പിക്കുന്ന കവിക്ക് അതിനൊരു വിധാനം നല്‌കിയേ തീരൂ. അതിനുവേണ്ടി കവി അഖ്യാനം എന്ന പ്രക്രിയ സ്വീകരിക്കുന്നു. വാൽമീകിരാമായാണമോ നോക്കുക. ആഖ്യാനമാണ് പുരാവൃത്തഖണ്ഡങ്ങളെ കൂട്ടിയിണക്കുന്നത്. ആ ആഖ്യാനത്തെ സൂക്ഷ്മതമമാക്കിയിരിക്കുന്നു ചിത്രരാമായണ കർത്താവ്. സന്തതിയില്ലാതെ ദശരഥൻ വസിഷ്ഠന്റെ ഉപദേശമനുസരിച്ച് പുത്രകമേഷ്ഠിയാഗം നടത്താൻ സുമന്ത്രനോട് നിർദ്ദേശിക്കുന്നതാണ് ആദ്യത്തെ ചിത്രത്തിന്റെ വിഷയം. അയോദ്ധ്യയിലെ രാജവായി ശ്രീരാമൻ കിരീടധാരണം നിർവഹിക്കുന്ന ചിത്രത്തോടുകൂടി ഈ ചിത്രരാമായണം പര്യവസാനത്തിൽ എത്തുന്നു. അകെ മുന്നൂറ്റിപ്പതിനെട്ടു ചിത്രങ്ങൾ. ഓരോ ചിത്രവും വൈകാരികാംശത്തിനു പ്രാധാന്യം നല്‌കുന്നു. എല്ലാച്ചിത്രങ്ങളും കണ്ടു കഴിയുമ്പോൾ വൈപുല്യമാർന്ന രാമായണകഥയിലൂടെ സഞ്ചരിച്ച പ്രതീതിയാണ് നമുക്ക്.

ഓരോ ചിത്രവും കലാകാരനുണ്ടായ ഉൾക്കാഴ്ചയുടെ ചലനാത്‌മകതയെ കാണിക്കുന്നുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടമായവ അറുപതാമത്തെയും എഴുപതാമത്തെയും ചിത്രങ്ങളാണ്. ആദ്യത്തെത് രാമൻ വില്ലു പരിശോധിക്കുന്നതും രണ്ടാമത്തെത് വില്ലു കുലയ്‌ക്കുന്നതുമാണ്. രാമനും മറ്റുള്ളവരും ദണ്ഡകാരണ്യത്തിൽ കടന്നിരിക്കുകയാണ്. അരണ്യമെങ്ങനെ?

ഝില്ലി ഝങ്കാരനാദങ്ങൾ മുഴങ്ങുന്ന മഹാവനം
പുലി സിംഹം മൃഗക്കൂട്ടമിവിടെയൊത്തതിഭീഷണം
മാംസം തിന്നും നിശാടന്മാർ നിറഞ്ഞതിഭയങ്കരം
ദണ്ഡകാനനമുൾപ്പുക്കു രാമൻ തമ്പിയൊടോതിനാൻ
(തർജ്ജമക്കാരൻ ഏ. കെ. കുഞ്ഞൻ രാജാ. കാലടി)

ഝില്ലി ഝങ്കാരമണ്ഡിതവും നാനാമൃഗഗണാകീർണ്ണവും സിംഹവ്യാഘ്രാദിഭീഷണവുമായ കാനനത്തിൽ പ്രവേശിക്കുമ്പോൾ ചാപത്തിന്റെ ശക്തി പരിശോധിക്കേണ്ടതുതന്നെ. ശ്രീരാമനേക്കാൾ പൊക്കം കൂടിയ വില്ല് ഇടത്തേക്കാൽമുട്ട് അതിന്റെ മധ്യഭാഗത്ത് ചേർത്തു മലർന്നു നിന്ന് അതിന്റെ അഗ്രഭാഗത്ത് ശ്രദ്ധിച്ചു നോക്കി രാമൻ പരിശോധന നിർവഹിക്കുന്നത് കാണേണ്ട കാഴ്ചയാണ്. ധീരതയും സ്വഭാവദാർഢ്യവും അദ്ദേഹത്തിന്റെ മുഖത്തുണ്ട്. ചാപത്തിന്റെ ശക്തിയിൽ വിശ്വാസവും. ഭർത്താവിന്റെ പാടവത്തെ ആദരാത്ഭുതങ്ങളോടു നോക്കിക്കൊണ്ടു അഭിമാനിതയായി സീത പിറകിലിരിക്കുന്നു. ചാപത്തിന്റെ ബലം പരീക്ഷിച്ചിട്ട് അതു കുലയ്ക്കുമ്പോൾ മുഖത്തെ ഭാവങ്ങൾ അത്രയ്ക്കു വേണ്ട. അനുഗ്രഹീതനായ ചിത്രകാരൻ ശ്രീരാമന്റെ മുഖഭാവങ്ങൾക്ക് ഉചിതജ്ഞതയോടെ മാറ്റം വരുത്തിയിരിക്കുന്നു. എത്ര കണ്ടാലും മതിയാവാത്ത ചിത്രങ്ങളാണവ. പനയോലയിൽ നാരായം കൊണ്ടു കാണിച്ചിരിക്കുന്ന മാന്ത്രികവിദ്യയാണിത്. അതുപോലെ കാടിന്റെ ഭയങ്കരത്വം കാണിക്കാൻ മാഹാവൃക്ഷത്തിന്റെ സ്ഥൂലത കാണിക്കാൻ ഏതാനും വരകളേ അദ്ദേഹത്തിനു വേണ്ടൂ. പുരാവൃത്തത്തേയും പൂർവ്വകവികളുടെ കൃതികളേയും ആശ്രയിച്ചാണെങ്കിലും ചലനാത്മങ്ങളായ രേഖകളിലൂടെ മാനുഷികാനുഭവങ്ങളെ വ്യജ്ഞിപ്പിച്ച് കാഴ്ചക്കാരെ ഉന്നമിപ്പിക്കുന്ന ഈ ചിത്രങ്ങൾ നിസ്തുലങ്ങളാണ്. അതു ഈ രീതിയിൽ പ്രസിദ്ധപ്പെടുത്തിയ കേരള സർവകലാശാലയും ഡോക്ടർ കെ. വിജയനും കേരളീയരുടെ കൃതജ്ഞത അർഹിക്കുന്നു. ഒപ്പം ഓറിയന്റൽ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മാന്യുസ്ക്രിപ്റ്റ്സ് ലൈബ്രറിയും. ശ്രീ. പി. വി. കൃഷ്ണന്റെ കവർ ഡിസൈനും ഗ്രന്ഥത്തിന്റെ മുദ്രണവും ഒന്നാന്തരം എന്നു കൂടി പറയട്ടെ (പുറങ്ങൾ 199 വില ആയിരം രൂപ).

സാഹിത്യമണ്ഡല ബഹിഷ്കൃതർ

കുങ്കുമം വാരികയുടെ 24- ലക്കം കൈയിലെടുത്ത് അതിലെ 32- പുറത്തെ ‘വാടാമല്ലി’ എന്ന തമിഴ് കഥ വായിച്ചപ്പോൾ ഒരു റിവോൾവർ എന്റെ കൈയിലുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോയി. കഥാകാരനായ പുതുമൈപിത്തന്റെ നേർക്കോ അദ്ദേഹത്തിന്റെ കഥ മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്ത നസീർ ഹുസൈന്റെ നേർക്കോ പ്രയോഗിക്കാനല്ല ആ കൈത്തോക്കു വേണ്ടത്. എന്റെ നെഞ്ചിൽ ചേർത്ത് കാഞ്ചി വലിക്കാൻ വേണ്ടിയാണ് എനിക്ക് ആ മാരകായുധം വേണ്ടത്. ‘വാടാമല്ലി’ എന്ന കഥ വായിച്ചിട്ടു ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലതു മരിച്ചു മണ്ണടിയുന്നതാണ്. ഞാൻ ഭീരുവായതുകൊണ്ട് ചിലപ്പോൾ ആത്മഹനനം നടത്തിയില്ലെന്നു വരും. അപ്പോൾ നസീർ ഹുസൈൻ കത്തിയുമായി വന്ന് എന്റെ നെഞ്ചിൽ അതു കുത്തിയിറക്കി എന്നെ പരലോകത്തേക്കു യാത്രയാക്കിയാൽ മതി. ചെറുപ്പത്തിലേ വിധവയായിപ്പോയ ഒരു ബ്രാഹ്മണ സ്ത്രീയെ ഒരുത്തൻ പാട്ടിലാക്കാൻ ശ്രമിക്കുന്നു. അവൾ കിണറ്റിൽ ചാടി ചത്തു പോലും. പടിഞ്ഞാറൻ കഥാകാരന്മാരെ പോലും അതിശയിക്കുന്ന പ്രതിഭയുള്ള മൗനിയുടെ നാട്ടിൽ പുതുമൈപിത്തനെന്നൊരു സാഹിത്യമണ്ഡല ബഹിഷ്കൃതൻ. അദ്ദേഹം വലിച്ചു കൂട്ടിയ മാലിന്യങ്ങളെ കേരളത്തിലേക്കു വാരിക്കൊണ്ടു വരുന്ന ഒരു നസീർ ഹുസൈൻ!

ചോദ്യം, ഉത്തരം

ഭാര്യയുടെ സൗന്ദര്യം പോയെങ്കിൽ അതിനു കാരണക്കാരൻ നിങ്ങൾ മാത്രമാണെന്നു ഓർമ്മിക്കൂ


Symbol question.svg.png നമ്മുടെ കവികളെങ്ങനെ?

ഇങ്ങനെ ചോദിച്ചാൽ ഉത്തരം പറയുന്നതെങ്ങനെ? കവിത്വശക്തിയോ സ്വഭാവമോ? കവിത്വശക്തി അതിസാധാരണം. സ്വഭാവത്തെക്കുറിച്ചു പറയുന്നത് ശരിയല്ല. അവരേക്കാൾ മോശപ്പെട്ട സ്വഭാവമായിരിക്കും എന്റേത്. പിന്നെ ഒരു കാര്യത്തിൽ മാത്രം വ്യത്യാസമുണ്ട്. നമ്മുടെ കവികളിൽ ഭൂരിപക്ഷവും (അവരിൽ പ്രഭാവർമ്മ, ഏഴാച്ചേരി ഇവർ ഉൾപ്പെടുന്നില്ല) റുമേനിയൻ പ്രസിഡന്റായിരുന്ന നീക്കോലി ചൗഷസ്കൂവിനെപ്പോലെയാണ് പെരുമാറുന്നത്. സ്തുതിക്കാത്തവരെ അവർ കശാപ്പു ചെയ്തു കളയും.

Symbol question.svg.png വയറ്റുപിഴപ്പിനുവേണ്ടി മാത്രമല്ലേ നിങ്ങൾ ഈ കണിയാൻ വേഷം കെട്ടുന്നത്?

എല്ലാവരും വയറ്റുപിഴപ്പിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബർട്രൻഡ് റസ്സൽ തത്ത്വശാസ്ത്രം വിറ്റു ജീവിച്ചു. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിൽ പ്രവർത്തിക്കുന്നവർ പൊളിറ്റിക്സ് വിറ്റു ജീവിക്കുന്നു. കവികൾ കവിത വിറ്റാണ് കഴിഞ്ഞുകൂടുന്നത്. സിനിമാപ്പാട്ടെഴുതുന്നവർ ചക്കാത്തിനാണോ അതെഴുതുന്നത്? സാഹിത്യവാരഫലക്കാരൻ ചിന്തകൾ വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു.

Symbol question.svg.png ഞാൻ വിവാഹിതനാണ്. പ്രായമായ മക്കളും ഉണ്ടെനിക്ക്. ഞാനൊരു ചെറുപ്പക്കാരിയെ കണ്ട് ഭ്രമിച്ചിരിക്കുന്നു. എന്റെ അവസാനം ഏതു തരത്തിലായിരിക്കും?

നിങ്ങൾ പശ്ചാത്താപത്തോടുകൂടി സഹധർമ്മിണിയുടേയും കഞ്ഞുങ്ങളുടേയും അടുത്തെത്തുന്ന കാലം അത്ര വിദൂരമല്ല. അവർ കണ്ണീരോടെ നിങ്ങളെ കാത്തിരിക്കുന്നു. കണ്ണീരോടെ നിങ്ങളെ അവർ സ്വീകരിക്കും. ഭാര്യയുടെ സൗന്ദര്യം പോയെങ്കിൽ അതിനു കാരണക്കാരൻ നിങ്ങൾ മാത്രമാണെന്നു ഓർമ്മിക്കൂ.

Symbol question.svg.png പ്രാചീന കാലത്തെ രാക്ഷസീയത ഇന്നുണ്ടോ?

കവിതയെഴുതാൻ അറിഞ്ഞുകൂടാത്തവർ കവിതയെഴുതുന്നതും കഥയെഴുതാൻ അറിഞ്ഞുകൂടാത്തവർ കഥയെഴുതുന്നതും അഭിമുഖസംഭാഷണം നടത്താൻ യോഗ്യതയില്ലാത്തവർ പത്രക്കാരന്റെ മുൻപിൽ ഞെളിഞ്ഞിരുന്ന് അഭിപ്രായങ്ങൾ പറയുന്നതും ഈ കാലയളവിൽ കൂടുതലാണ്. അതു രാക്ഷസീയത തന്നെ.

Symbol question.svg.png ശാസ്ത്രകാരന്മാരെക്കാൾ നിങ്ങൾ കലാകാരന്മാരെ ബഹുമാനിക്കുന്നത് എന്തുകൊണ്ട്?

ശാസ്ത്രകാരന്മാർ എന്റെ മനസ്സിനെ ബോധമനസ്സെന്നും അബോധ‌മനസ്സെന്നും വിഭജിക്കുന്നു. ഈഗോ, സൂപ്പർ ഈഗോ ഇവ എന്താണെന്നു മനസ്സിലാക്കിത്തരുന്നു. അതു ഗ്രഹിച്ചതുകൊണ്ട് ഞാൻ വിശേഷിച്ച് ഒന്നും നേടുന്നില്ല. പക്ഷേ ഷേക്സ്പിയറും ടോൾസ്റ്റോയിയും എന്റെ മനസ്സിനു പരിവർത്തനം വരുത്തി എന്നെ ഉത്കൃഷ്ടതയിലേക്കു നയിക്കുന്നു.

Symbol question.svg.png എനിക്കൊന്നും അറിഞ്ഞുകൂടാ. അറിയാൻ ഞാൻ എന്തു ചെയ്യണം?

എനിക്കറിയാവുന്നത് നിങ്ങൾക്കറിഞ്ഞുകൂടാ. നിങ്ങൾക്കറിയാവുന്നത് എനിക്ക് ഒട്ടുമറിഞ്ഞുകൂടാ. ആരും അജ്ഞനല്ല. ഓരോ വ്യക്തിക്കും ഓരോ കഴിവുണ്ട്. രണ്ടുകൊല്ലം മുൻപ് അനുഗൃഹീത ഗായകനായ ജയചന്ദ്രനുമായി ഞാൻ ദുബായിൽ നിന്നു തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധികളെക്കുറിച്ച് ഞാൻ ബഹുമാനത്തോടെ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ. “അതൊന്നുമില്ല. ഞാൻ പാടുന്നു. താങ്കൾ എഴുതുന്നു. ഓരോ വ്യക്തിക്കും സിദ്ധിയുണ്ട്”. നിങ്ങൾക്കും കഴിവുകളുണ്ട്. ജയചന്ദ്രൻ പറഞ്ഞത് ഗ്രഹിച്ച് ജീവിക്കു”.


ഞാൻ മിണ്ടുന്നില്ല

സംസ്കൃതത്തിലോ മലയാളത്തിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഈശ്വരൻ എന്ന വാക്ക് വാക്കുകളെപ്പോലെ മാത്രമേ എഴുതപ്പെടുന്നുള്ളൂ. ഇംഗ്ലീഷിൽ അതല്ല സ്ഥിതി. വാക്യത്തിന്റെ മധ്യത്തിൽ വന്നാലും God - ന്റെ ആദ്യത്തെ അക്ഷരം ക്യാപ്പിറ്റലായിരിക്കണം. സർവ്വനാമം പ്രയോഗിക്കുമ്പോൾ He, Him എന്ന് ‘എച്ച്’ അക്ഷരത്തിന് ബൃഹദാകാരം വരുന്നു (ചിലർ ഈശ്വരനെക്കുറിക്കുന്ന സർവ്വനാമങ്ങൾക്ക് capitalization ഇല്ലാതെയും എഴുതുന്നുണ്ട്). ഭാരതീയർക്ക് ലോകം ബ്രഹ്മമാണ്. സിംഹം ബ്രഹ്മം, അതു കിടക്കുന്ന കൂട് ബ്രഹ്മം, ഇരുമ്പഴികൾക്ക് പുറത്തുനിന്ന് ആ ക്രൂരമൃഗത്തെ നോക്കുന്ന കാഴ്ചക്കാർ ബ്രഹ്മം, സിംഹത്തിന് അഴികൾക്കിടയിലൂടെ ഇടച്ചിക്കഷണങ്ങൾ ഇട്ടുകൊടുക്കുന്ന ജോലിക്കാരൻ ബ്രഹ്മം. സിംഹം കൂട്ടിൽ നിന്ന് വെളിയിലേക്ക് ചാടി കാഴ്ചക്കാരിലൊരുവനെ കൊന്നുതിന്നുവെന്നാൽ ബ്രഹ്മം ബ്രഹ്മത്തെ തിന്നുവെന്ന് മാത്രം മനസ്സിലാക്കിയാൽ മതി നമ്മൾ. എന്തൊരു സങ്കല്പം! എന്തായാലും എല്ലാം സമമത്രേ. അതിനാൽ ഈശ്വരന് ആകെയോ ‘ഈ’ എന്ന അക്ഷരത്തിന് മാത്രമായോ capitalization വേണ്ടെന്ന് ഭാരതീയർ തീരുമാനിച്ചു. നന്ന് സാഹിത്യത്തിലാണെങ്കിൽ പറട്ടക്കഥകൾക്ക് കൊച്ചരക്ഷരങ്ങളേ മുദ്രണത്തിലാവൂ എന്നൊരു നിർദ്ദേശം എനിക്കുണ്ട്. തീരെക്കൊച്ചക്ഷരങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഞാനും എന്നെപ്പോലെ പ്രായം കൂടിയവരും കണ്ണിനെ വേദനിപ്പിക്കരുത് എന്നു കരുതി അവ വായിക്കാതെ വാരികയുടെ പുറങ്ങൾ മറിച്ചുതള്ളും. ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥ കഴിയുന്നതും വലിയ അക്ഷരങ്ങളിൽ അച്ചടിക്കണം. വിപുലീകരണകാചത്തിലൂടെയോ സൂക്ഷ്മദർശിനിയുപകരണാത്തിലൂടെയോ നോക്കിയാലും കാണാൻ കഴിയാത്ത കൊച്ചക്ഷരങ്ങളിൽ വേണം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘അത്യാസന്നം’ എന്ന കഥ അച്ചടിക്കാൻ (സന്തോഷ് എച്ചിക്കാനം എഴുതിയത്). അത്രകണ്ട് ഗർഹണീയമാണ് ഇത്. ആളൂകൾക്ക് വായിക്കാൻ കഴിയുന്ന വിധത്തിൽ റ്റൈപ്പുകൾ ഉപയോഗിച്ച് ഇത്തരം പത്തുകഥകൾ അച്ചടിച്ചാൽ മലയാളസാഹിത്യം തകരും. വിമർശനത്തിന്റെ ഭാഷ ഉപയോഗിച്ച് ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ വിമർശനപ്രക്രിയയെ അപമാനിക്കുകയാവും. അതുകൊണ്ട് ഞാൻ ഒന്നും മിണ്ടുന്നില്ല.

ദുർഗ്രഹത എത്ര ഭേദം

എന്റെ ചർമ്മം ജീവിതാവസാനം വരെ കറുത്തേ ഇരിക്കൂ. ഇത് ആ ധൗതചർമ്മക്കാരന് മാത്രമുള്ള മറുപടിയല്ല. കേരളത്തിലുള്ള എല്ലാ അമലചർമ്മക്കാർക്കും ഒരു കൃഷ്ണവർണ്ണക്കാരൻ കൊടുക്കുന്ന മറുപടിയാണ്.

തെക്കേ ആഫ്രിക്കയിൽ നോവലിസ്റ്റായ നേഡീൻ ഗോർഡിമറുടെ (Nadine Gordimer) ഒരു ചെറുകഥയുണ്ട്. “Is there no where else where we can meet?” എന്ന പേരിൽ. വെളുത്ത വർഗ്ഗത്തിൽപ്പെട്ട ഒരു യുവതി നടക്കാൻ പോകുന്നു. വഴിവക്കിൽ നിന്ന് മൂന്ന് പൈൻ മുള്ളുകൾ വലിച്ചെടുത്ത് ആ മുള്ളൂകളെ തള്ളവിരലിൽ ഉരസിപ്പിച്ചുകൊണ്ട് അവൾ നടക്കുകയാണ്. അതിന്റെ കറ അവളൂടെ വിരലുകളിൽ പറ്റി. ചെല്ലേണ്ടിടത്ത് ചെന്നാലുടൻ അത് അവൾക്ക് കഴുകിക്കളയണം. ഒരു കറുത്ത വർഗ്ഗക്കാരനെ അവൾ കണ്ടു. അവൻ അനങ്ങാതെ നിന്നു. അവളൂം. ഭയം അവളെ സമാക്രമിച്ചു. തുടർന്ന് അവർ തമ്മിലുണ്ടായ മല്ലിടലിൽ അവളുടെ ഹാൻഡ്ബാഗും പാഴ്സലും താഴെ വീണു. അവയെടുത്തുകൊണ്ട് അവൻ പോയി. അവൾ വിറച്ചു. വിയർത്തു. കക്ഷങ്ങളിലൂടെയും നിതംബത്തിന്റെ വിടവിലൂടെയും വിയർപ്പ് ഒലിച്ചിറങ്ങി. “ഞാനെന്തിന് ഏറ്റുമുട്ടി അയാളോട്? പണം കൊടുത്ത് ഞാൻ എന്തുകൊണ്ട് അയാളെ പറഞ്ഞയച്ചില്ല?” എന്നൊക്കെ അവൾ വിചാരിച്ചു. അവന്റെ ചുവന്ന കണ്ണുകൾ, അവന്റെ ഗന്ധം, അതൊക്കെ അവൾ ഓർമ്മിച്ചു. അവൾ ഞെട്ടി. പ്രഭാതത്തിന്റെ തണുപ്പ് അവളിലേക്ക് ഒഴുകി. രോഗിണിയെപ്പോലെ നടന്നു അവൾ. ചെറുകഥയുടെ പേരു നോക്കുക. ‘നമുക്ക് പരസ്പരം കാണാവുന്ന വേറൊരു സ്ഥലമില്ലേ?’ സ്പഷ്ടമല്ല കഥാകാരിയുടെ ഉദ്ദേശ്യം. കറുത്തവർഗ്ഗക്കാരും വെളുത്തവർഗ്ഗക്കാരും തമ്മിലുള്ള സംഘട്ടനമാണ് ഗൊർഡിമർ എപ്പോഴും പ്രതിപാദിക്കുക. വിജനസ്ഥലത്ത് വച്ച് കണ്ടുമുട്ടാതെ ജനവാസമുള്ളിടത്ത് വച്ച് തമ്മിൽ കാണുകയു, വർഗ്ഗശത്രുത മറന്ന് സൗഹൃദത്തോടെ പ്രിരിഞ്ഞുപോവുകയും ചെയ്തുകൂടേ എന്നാവാം ഗൊർഡിമർ ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ ആ യുവതിയുടെ അബോധാത്മകമായ കാമമാവാം ധ്വനിപ്പിക്കപ്പെടുന്നത്. മൂന്ന് മുള്ളുകൾ അടർത്തിയെടുത്ത് തള്ളവിരൽ അതിലൂടെ ഓടിക്കുന്നതു, ഒട്ടുന്ന ദ്രാവകം കഴുകിക്കളയാൻ ആഗ്രഹിക്കുന്നതും എല്ലാം ലൈംഗികപ്രക്രിയയുടെ സിംബലുകളായും കരുതാം. ആകെ ദുർഗ്രഹത. ദുർഗ്രഹതയുണ്ടെങ്കിലും ചിലത് ഊഹിക്കാമെങ്കിലും ഗൊർഡിമർ സൂചകസംഭവങ്ങൾ കഥയിൽ നിവേശിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള കഥകൾ ഒരു വിധം.

മറ്റു വിഭാഗങ്ങളിൽപ്പെടുന്ന കഥകൾ സൂചകപദങ്ങളോ ഇല്ലതെയോ വായനക്കാരെ വ്യാകുലതയിലേക്ക് എറിയുന്നു. കെ. പി. നിർമ്മൽ കുമാറിന്റെ കഥകൾ എറിയകൂറും ഇങ്ങനെയാണ്. തികച്ചും ആശയപ്രധാനങ്ങളായ കഥകൾ വേറൊരു വിഭാഗത്തിൽപ്പെടുന്നു. ഇപ്പറഞ്ഞ വിഭാഗങ്ങളിൽ ഒന്നിലും പെടാതെ വെറും വാചികതലത്തിൽ നിൽക്കുന്ന കഥകളുമുണ്ട്. ശബ്ദമല്ലാതെ, പ്രകടനമല്ലാതെ അവയിൽ വേറൊന്നുമില്ല. ഭാവാവിഷ്കാരമില്ലാത്ത അത്തരം കഥകൾക്ക് മകുടോദാഹരണമായി ദേശാഭിമാനി വാരികയിൽ ദാമോദരൻ കുളപ്പുറമെഴുതിയ ‘ദുസ്സ്വപ്നങ്ങളൂടെ രാവ്’ വർത്തിക്കുന്നു. ആശുപത്രിയിൽ കിടക്കുന്ന ഒരു പെണ്ണ് സ്വപ്നം കാണുന്നുപോലും. കരഞ്ഞുകൊണ്ട് അവൾ പൂച്ചക്കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തുപോലും.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിച്ചാൽ ‘Basheer, he is my man എന്നു നമ്മൾ പറഞ്ഞുപോകും. അങ്ങനെ നമ്മളെക്കൊണ്ട് പറയിക്കാതെ ലോറിയിൽ നിന്ന് ചുടുകട്ടകളെടുത്ത് പറമ്പിലേക്ക് എറിയുന്ന കൂലിക്കാരനെപ്പോലെ വാക്കുകളെടുത്ത് നമ്മുടെ മുഖത്തേക്ക് എറിയുന്നതെന്തിനാണ് കഥയെഴുത്തുകാർ?

വിചാരങ്ങൾ

സ്വന്തം അഭിപ്രായത്തോട് എല്ലാവരും യോജിച്ചുകൊള്ളണമെന്നാണ് ഓരോ വ്യക്തിയുടേയും വിചാരം. യോജ്ജിച്ചില്ലെങ്കിൽ അയാൾ യോജിക്കാത്തവരെ ഭർത്സിക്കും. ഒരു പുസ്തകത്തെക്കുറിച്ചും, ഒരു സമ്മാനദാനത്തെക്കുറിച്ചും ഇതെഴുതുന്ന ആൾ അഭിപ്രായം പറഞ്ഞു. അത് എനിക്കുണ്ടായ അഭിപ്രായം. അതിനോട് എല്ലാവരും യോജിക്കണമെന്ന് എനിക്ക് വിചാരമേയില്ല. അതിനെ എതിർത്ത് വിമർശനത്തിന്റെ ഭാഷയിൽ എന്തും പറായാം. പക്ഷേ അതല്ല ഉണ്ടായത്. ഒരു ദിവസം ഞാനൊരു സ്ഥാപനത്തിന്റെ അടുത്തുകൂടെ പോകുകയായിരുന്നു. ആരോ പ്രസംഗിക്കുന്നു. പരിചയമുള്ള ശബ്ദം. ഞാൻ നടത്തം മന്ദഗതിയിലാക്കി ശ്രദ്ധിച്ചു. ശബ്ദം: “ഈ മനുഷ്യന് നാണമില്ലേ? അർഹതയുള്ള ഒരു മഹാവ്യക്തിക്ക് സമ്മാനം നൽകിയപ്പോൾ നാണംകെട്ട ഇയാൾ അദ്ദേഹത്തെ നിന്ദിച്ച് പ്രസ്ഥാവന നൽകിയിരിക്കുന്നു. മനുഷ്യനായിപ്പിറന്നാൽ അല്പമെങ്കിലും നാണം വേണം…” ഇങ്ങനെ ഉപാലംഭം നീണ്ടു. ശബ്ദത്തിന്റെ ഉടമസ്ഥന്റെ അഭിപ്രായത്തോട് യോജിച്ച അഭിപ്രായം എന്നിൽ നിന്നുണ്ടായില്ല എന്നതാണ് അദ്ദേഹത്തിന്റെ കോപാഗ്നിയെ ജ്വലിപ്പിച്ചുവിട്ടത്. ഞാൻ പിന്നെ അവിടെ നിന്നില്ല. നടന്നകന്നു. നിന്നെങ്കിൽ ലോകത്തുള്ള സകല തെറിവാക്കുകളുടേയും ഉടമസ്ഥനാണ് താനെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നത് ഞാൻ കാണേണ്ടതായി വന്നേനെ. മനുഷ്യനെന്ന നിലയ്ക്ക് ഈ ജീവിതത്തിൽ നാണം കെട്ട പല പ്രവൃത്തികളും ഞാൻ ചെയ്തേക്കാം. പക്ഷേ സഹിത്യമണ്ഡലത്തിൽ ഒരു നാണംകെട്ട പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ഞാൻ കറുത്ത നിറമുള്ളവനാണ്. പ്രഭാഷകൻ വെളുത്ത നിറമുള്ളവനും. കൃഷ്ണൻനായരുടെ കറുത്ത തൊലി എന്റെ വെളുത്ത തൊലി പോലെയാകണമെന്നു അദ്ദേഹം ശഠിച്ചാൽ ഞാൻ എന്തു ചെയ്യും? എംറ്റെ ചർമ്മം ജീവിതാവസാനം വരെ കറുത്തേയിരിക്കൂ. ഇത് ആ ധൗതചർമ്മക്കാരനു മാത്രമുള്ള മറുപടിയല്ല. കേരളത്തിലുള്ള എല്ലാ അമല ചർമ്മക്കാർക്കും ഒരു കൃഷ്ണവർണ്ണക്കാരൻ കൊടുക്കുന്ന മറുപടിയാണ്.

2)പ്രഥമകാലിക സംസ്കാരം വേറെ, നവീനകാലിക സംസ്കാരം വേറെ. ആദ്യത്തെ സംസ്കാരം യുക്തിരഹിതമാണ്. മിശ്രിതസ്വഭാവമുള്ളതാണ് അതിൽപ്പെട്ട ആളുകളുടെ ലൈംഗികജീവിതം. ഒരിടത്തും സ്ഥിരമായി വസിക്കാതെ പ്രാഥമിക മനുഷ്യൻ അലഞ്ഞുതിരിഞ്ഞു ജീവിതം നയിച്ചു. കുടുംബവ്യവസ്ഥ അവർക്കില്ലേയില്ല. സ്വകാര്യസ്വത്തും അവർക്കില്ല. പ്രതിഭാശാലികൾ ആധുനിക സംസ്കാരത്തിനു യോജിച്ച വിധത്തിൽ കലാസൃഷ്ടികൾ നിർമ്മിക്കുമ്പോൾ ചിലപ്പോൾ ഭാവന കൊണ്ടു പ്രാകൃതസംസ്കാരത്തിന്റെയും അധുനാതനസംസ്കാരത്തിന്റെയും അതിരുകൾ തട്ടിക്കളയാറുണ്ട്. അപ്പോൾ പ്രാക്തനസംസ്കാരവും രമണീയമായി പ്രത്യക്ഷമാകും. ലൊർകയുടെ നാടകങ്ങളിൽ വിശേഷിച്ചും Blood Wedding എന്ന നാടകത്തിൽ ഈ പ്രാകൃതസംസ്കാരത്തിന്റെ ഹൃദ്യമായ ആലേഖനമുണ്ട്. കേരളത്തിൽ സി. വി. രാമൻപിള്ള ഭാവനകൊണ്ടു പ്രാഥമികസംസ്കാരത്തെയും പ്രാഥമിക മനുഷ്യന്റെ മാനസികനിലയെയും പ്രകാശിപ്പിക്കുന്നു. ഇതു ചെയ്യാതെ പ്രാകൃതസംസ്കാരത്തെ മാത്രം പ്രതിഫലിപ്പിക്കുന്ന ചില കലാരൂപങ്ങളെ ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുന്നതു കൊണ്ടു ഒരു പ്രയോജനവുമില്ല.

ജീവിതം മെച്ചപ്പെടുത്താൻ

ഇടപ്പള്ളി രാഘവൻപിള്ള താടിയിൽ കൈവച്ചു ശംഖുംമുഖം കടപ്പുറത്തു സായാഹ്നവേളയിൽ വിഷാദമഗ്നനായി ഇരുന്നതു ഞാൻ കണ്ടിട്ടുണ്ട്.

ഞാൻ കോളേജാധ്യപകനായിരുന്നപ്പോൾ വിചിത്ര സ്വഭാവമുള്ള ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു. ഏതു മലയാളകാവ്യം പഠിപ്പിക്കേണ്ടി വന്നാലും അതിലെ അശ്ലീല ഭാഗങ്ങൾ കുട്ടികളെ വായിപ്പിച്ചു കേൾപ്പിക്കേണ്ടതായി വരും. ഉണ്ണുനീലി സന്ദേശം എന്നെ പഠിപ്പിച്ചത് ഒരു അധ്യാപികയായിരുന്നു. സ്ത്രീയുടെ ഒരു ഗോപനീയാംഗം ഏറെ വളർന്നതുകൊണ്ടു ഒരു ‘ദുർവൈദ്യനെ’ വിളിപ്പിച്ചു അതു മുറിപ്പിച്ചു എന്ന ആശയം ഉൾക്കോള്ളുന്ന ശ്ലോകം അതിലുണ്ട്. പൂർവശ്ലോകം വായിച്ച് അർത്ഥം പറഞ്ഞിട്ട് ഒരു സംശയവും കൂടാതെ അടുത്ത ശ്ലോകം വായിച്ച അധ്യാപിക നന്നേക്കുഴങ്ങി. ‘ശ്ശേ’ എന്നു ശബ്ദം കേൾപ്പിച്ചു കൊണ്ടു അവർ പുസ്തകം ദൂരെയെറിഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ചന്ദ്രോത്സവത്തിലും ചമ്പുക്കളിലും ഒക്കെ തെറിയുണ്ട്. അത്തരം പുസ്തകങ്ങൾ പെൺപിള്ളേരുള്ള ക്ലാസ്സുകളിൽ പഠിപ്പിക്കാൻ ചില അധ്യാപകർക്കു താല്പര്യമുണ്ട്. അവരുടെ കൂട്ടത്തിലായിരുന്നില്ല ഞാൻ. മുകളിൽ പറഞ്ഞ സഹപ്രവർത്തകൻ തനിക്കു ഈഡിപ്പസിന്റെ കഥ വിദ്യാർത്ഥികളോടു പറയാൻ വയ്യെന്നു അദ്ദേഹം ഒരിക്കൽ എന്നെ അറിയിച്ചു. കുമാരസംഭവം പഠിപ്പിക്കാനും അദ്ദേഹത്തിനു വൈഷമ്യമായിരുന്നു. അതുകൊണ്ടു അദ്ദേഹം ചില വാക്കുകൾ ഉച്ചരിക്കാതെ വിഴുങ്ങിക്കളയും. ‘കുളിർ മുല മേലഥവീണുടൻ തകർന്നു’ എന്നു പുസ്തകത്തിലുണ്ട്. സഹപ്രവർത്തകൻ ‘കുളിർ’ എന്നു പറയും, അടുത്തവാക്കു വിഴുങ്ങും. പിന്നീട് ‘മേൽ’ എന്നു പറയും. മുല എന്ന വാക്കു വിഴുങ്ങുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ചലനം കൊള്ളും എന്നാണ് വിദ്യാർത്ഥികൾ എന്നോടു പറഞ്ഞത്. ഈ വിഴുങ്ങൽ പരിപാടി അദ്ദേഹഥ്റ്റിനു ഒരു വട്ടപ്പേരു നേടിക്കൊടുത്തു. “അടുത്ത ക്ലാസ്സ് മുലവിഴുങ്ങിസ്സാറിന്റേതാണെടേ” എന്നു വിദ്യാർത്ഥികൾ ഉറക്കെപ്പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അധ്യാപരുടെയും വിദ്യാർത്ഥികളുടെയും കോളേജ് ജീവിതം അശ്ലീലതയില്ലാത്ത പുസ്തകങ്ങൾ മെച്ചപ്പെടുത്തും.

പകൽ മുഴുവൻ എഴുത്തു, രാത്രി പതിനൊന്നുമണി വരെ വായന. മസ്തിഷ്കം കൂടുതൽ പ്രവർത്തിക്കുന്നതുകൊണ്ട് കിടന്നാലും ഉറക്കം വരില്ല. താനേ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധമൊന്നു കണ്ണടയ്ക്കുമ്പോൾ ഒരു മണിക്ക് കാതുകീറുന്ന ടെലിഫോൺ മണിനാദം. മരണമറിയിപ്പു പ്രതീക്ഷിച്ചു കട്ടിലിന്റെ കാലിൽ വിരലിടിച്ച വേദനയോടെ റിസീവർ എടുത്തു കാതിൽ വയ്ക്കുമ്പോൾ “സാർ അസമയത്തു വിളിച്ചതിനു ക്ഷമ ചോദിക്കുന്നു. ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തോ അതോ വല്ലവനും…” സർവക്ഷമയും നശിച്ച് “ഒരു മര്യാദ വേണ്ടേ മിസ്റ്റർ, അർദ്ധരാത്രിക്കാണോ ഇതെല്ലാം ചോദിക്കുന്നത് അതും ഉറങ്ങികിടക്കുന്നവനെ വിളിച്ചുണർത്തി” എന്നു ഞാൻ ശബ്ദം കഴിയുന്നതും മയപ്പെടുത്തി പറയുന്നു. കോഴിക്കോട്ടെ ഏതോ ഒരു മദ്യശാലയിലിരുന്നാണ് ആ മനുഷ്യൻ അമ്പത്തിയഞ്ചു വർഷം മുൻപ് കൊള്ളരുതാത്ത ഈ ലോകത്തു നിന്നു പിരിഞ്ഞു പോയ മഹാനായ ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മാവിനെ അപമാനിക്കുന്നത്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരം നീണ്ട ടെലിഫോൺ കമ്പിയിലൂടെ വരുന്ന വിസ്കിയുടെ മണം എനിക്കു ഓക്കാനമുണ്ടാക്കുന്നു. ഭാഗ്യം കൊണ്ടു ജിജ്ഞാസയുള്ളവൻ എന്നെ തെറി പറയാതെ സംഭാഷണം അവസാനിപ്പിക്കുന്നു. പല രാത്രികളിലും ഇതുണ്ടാകാറുണ്ട്. തീർച്ചയായും ടെലിഫോൺ എന്ന മർദ്ദനോപകരണമില്ലാത്ത ജീവിതം മെച്ചപ്പെട്ടതാണ്.

പഞ്ചാരക്കാർഡിനുള്ള അപേക്ഷ കൊടുക്കാൻ ഓഫീസിൽ നിന്നു തുടങ്ങുന്ന ‘ക്യൂ’ ഏതാണ്ട് ഒരു ഫർലോങ് വരെ നീളുന്നു. എരിച്ചു കളയുന്ന വെയിലിൽ മണിക്കൂറുകളല്ല ദിനങ്ങളോളം കാത്തുനിന്ന് രോഗം പിടിപെടുന്നു ആളുകൾക്ക്. അവരുടെ ആ നില്പുകണ്ട് എനിക്കു ദുഃഖമുണ്ടായിട്ടുണ്ട്. ക്യൂവിൽ നിന്നു പിള്ളേരുടെ അസഹനീയമായ നിലവിളി ഉയരും ‘ഛീ അങ്ങോട്ടു മാറിനിൽക്കെടാ തൊടാതെ’ എന്നു സ്ത്രീ ശബ്ദം ഉയരും, ഉന്തും തള്ളും, നാറ്റമാണെങ്ങും. ഇങ്ങനെ ആളുകളെ കഷ്ടപ്പെടുത്താതെ അപേക്ഷകൾ വാങ്ങാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അവയിൽ ഒന്നു പോലും സ്വീകരിക്കില്ല ഡിപാർട്ട്മെന്റ്. ജനതയെ നരകവേദന അനുഭവിപ്പിക്കാത്ത സിവിൽ സപ്ലൈസ് ഡിപാർട്ട്മെന്റ് ഉണ്ടാകുന്നതു തീർച്ചയായും മനുഷ്യജീവിതത്തെ മെച്ചപ്പെടുത്തും.

ഗ്രന്ഥാലോകം മാസികയിൽ പി. എ. ഉത്തമൻ എഴുതിയ ‘ദൃക്സാക്ഷികൾ’ എന്നൊരു ചെറുകഥ. മകൾ രോഗിണിയായി കിടക്കുമ്പോൾ തന്ത ടെലിവിഷനിൽ ക്രിക്കറ്റ് കളി കാണുന്നു. സകല ക്രിക്കറ്റ് ജാർഗണും (Jargon = ജാഗൺ എന്നു ഉച്ചാരണം. സാങ്കേതികപദങ്ങൾ നിറച്ചു വച്ച ഭാഷണം) അതിലുണ്ട്. തിരുവനന്തപുരത്തെ കുട്ടിയും കോലും കളിയാണ് കപിൽദേവിന്റെയും സച്ചിന്റെയും ക്രിക്കറ്റ് കളിയെക്കാൾ മെച്ചമെന്നു അഭിപ്രായമുള്ള എനിക്കു ഈ ജാർഗൺ അസഹനീയമായി തോന്നി. ഒരക്ഷരം പോലും എനിക്കു മനസ്സിലായില്ല. ഇതിവൃത്തമില്ല, കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണമില്ല, ആഖ്യാനമില്ല, ആകെയുള്ളത് ജാർഗൺ മാത്രം. ഗ്രന്ഥാലോകത്തിലെ ഈ കഥയും ഇതുപോലെയുള്ള മറ്റു കഥകളും ഇല്ലാത്ത ലോകം മെച്ചപ്പെട്ടതായിരിക്കും.

* * *

‘ഞാൻ ടോൾസ്റ്റോയിയെക്കാൾ വലിയ എഴുത്തുകാരനാണെടാ ഉവ്വേ’ എന്നു പി. കേശവദേവ് അഭ്യസ്തവിദ്യർ ഇരുന്ന സദസ്സിനെ നോക്കി പല തവണ പറഞ്ഞതു ഞാൻ കേട്ടിട്ടുണ്ട്. ഇടപ്പള്ളി രാഘവൻപിള്ള താടിയിൽ കൈവച്ച് ശംഖുമുഖം കടപ്പുറത്തു സായാഹ്നവേളയിൽ വിഷാദമഗ്നനായി ഇരുന്നതു ഞാൻ കണ്ടിട്ടുണ്ട്. മന്നത്തു പദ്മനാഭൻ. പനമ്പിള്ളി ഗോവിന്ദമേനോൻ. ബി. സി. വർഗ്ഗീസ് (പി. എസ്. പി. അംഗം. തൃശ്ശൂർ). രങ്കനാഥാനന്ദസ്സ്വാമി ഇവരുടെ ഉജ്ജ്വല പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ മണൽക്കാടുകളിൽ മൃഗതൃഷ്ണകൾ കണ്ട് അവയുടെ അടുത്തേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ള തേനിന്റെ മാധുര്യം പകർന്നുതന്ന് ഭാവനാത്മകങ്ങളായ പ്രഭാഷണങ്ങൾ നിർവഹിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. സാഹിത്യകാരന്മാരുടെ സാഹിത്യകാരനായ തമിഴ് കഥാകാരൻ മൗനിയുടെ ചെറുകഥകൾ വായിച്ച് ഞാൻ കലയുടെ ഗന്ധർവ്വലോകത്തേക്ക് ഉയർന്നു പോയിട്ടുണ്ട്. ഇരുട്ടിലാണ്ട പൂമുഖത്ത് വന്നു വിദ്യുച്ഛക്തിവിളക്കിന്റെ സ്വിച്ച് അമർത്തി പ്രകാശം പ്രസരിപ്പിച്ച ഒരു സുന്ദരിയുടെ മുഖം ആ പ്രകാശത്തേക്കാൾ സാന്ദ്രതയേറിയ പ്രകാശമാർന്നു വന്നതു ഞാൻ കണ്ടിട്ടുണ്ട്.

* * *

ഗീതാ ഹരിഹരന്റെ When Dreams Travel എന്ന നോവൽ - An outstanding new writer എന്ന് ഞാൻ ബഹുമാനിക്കുന്ന ജെ. എം. കുറ്റ്സി (J. M. Coetzee) - Superticial Story - telling എന്ന് സാഹിത്യവാരഫലക്കാരൻ.