close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 11 04


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 11 04
ലക്കം 477
മുൻലക്കം 1984 10 28
പിൻലക്കം 1984 11 11
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പണ്ടു ഒരു ശുദ്ധാത്മാവായ രാജാവു് ഉണ്ടായിരുന്നു. കൊട്ടാരത്തിനടുത്തുള്ള കാട്ടിലിരുന്നു കുറുനരികള്‍ കൂവുന്നതു കേട്ടു് അദ്ദേഹം മന്ത്രിയോടു ചോദിച്ചു: ഈ പാവപ്പെട്ട ജന്തുക്കള്‍ എന്തിനാണു് കരയുന്നതു്?” മന്ത്രി പറഞ്ഞു: “മഞ്ഞുകാലമല്ലേ. അവയ്ക്കു് തണുപ്പു തോന്നുകയാണു്. കമ്പിളിയുടുപ്പു വേണമെന്നു പറയുകയാണു് കുറുനരികള്‍. പാവങ്ങള്‍! കമ്പിളിയുടുപ്പു പോയിട്ട് അവയ്ക്കു് അണ്ടര്‍വേയര്‍പോലുമില്ല”. രാജാവു വീണ്ടും ചോദിച്ചു: “എത്ര രൂപയാകും അവയ്ക്കു കമ്പിളിയുടുപ്പുകള്‍ കൊടുക്കാന്‍?” മന്ത്രി: അഞ്ചുലക്ഷം രൂപയാകും.” ദയാശീലനായ രാജാവു് അഞ്ചുലക്ഷം രൂപ അനുവദിച്ചു. കുറെ ദിവസംകഴിഞ്ഞു് കുറുനരികള്‍ കൂവുന്നതു കേട്ടു് രാജാവു് ചോദിച്ചു: “എന്താ കമ്പിളിയുടുപ്പു കൊടുത്തതിനു ശേഷവും അവ കരയുന്നതു്?” മന്ത്രി: “കരയുകയല്ല പ്രഭോ കമ്പിളിയുടുപ്പു കിട്ടിയ സന്തോഷംകൊണ്ടു് അവ അങ്ങയ്ക്കു നന്ദിപറയുകയാണു്”. ഈ രാജാവിന്റെ ശുദ്ധമനസ്സാണു് “നാവു നഷ്ടപ്പെട്ടവര്‍” എന്ന ചെറുകഥയെഴുതിയവനോടു ഹനീഫിനു് (കുങ്കുമം). അതുകൊണ്ടു തന്നെയാണു് ഈ ബാലിശമായ കഥ അദ്ദേഹം എഴുതിപ്പോയതു്. പൊലീസ് അടുത്തടുത്തു വന്നപ്പോള്‍ സമരക്കാരുടെ നാവിന്റെ ശക്തി പോയിപോലും. വാക്കുകള്‍ കൊണ്ടുള്ള കലാരൂപമാണു് ചെറുകഥയെങ്കില്‍ ഇതു ചെറുകഥയല്ല. മനുഷ്യജീവിതത്തിലേക്കു നൂതനമായ ഇന്‍സൈറ്റ് നല്‍കുന്നതാണു് ചെറുകഥയെങ്കില്‍ ഇതു ചെറുകഥയല്ല. പിന്നെ ജേര്‍ണലിസമാണോ? ജേര്‍ണലിസത്തിനും ഒരുതരത്തിലുള്ള ഭംഗി കാണും. അതും ഇതിനില്ല.

* * *

ഇത്രയും എഴുതിയപ്പോള്‍ എനിക്കൊരു പേടി. വായനക്കാര്‍ പറയുന്നതു് എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന ഭയമാണതു്. “നിങ്ങള്‍ ഇതു വളരെക്കാലമായി പറയുന്നല്ലോ. ഓരോ തവണ പറഞ്ഞപ്പോഴും “ഞങ്ങള്‍ യോജിക്കുന്നു, ഞങ്ങള്‍ യോജിക്കുന്നു” എന്നു് പ്രഖ്യാപനമുണ്ടായി. “എന്നിട്ടും നിങ്ങള്‍ ആവര്‍ത്തിക്കുകയല്ലേ കൃഷന്‍നായരേ?” താന്‍ വിനയത്തോടെ ഈ ചോദ്യത്തിനു മറുപടി നല്കട്ടെ. “നിരൂപണത്തെ സംബന്ധിച്ച ആശയങ്ങള്‍ക്കു വൈരള്യമുണ്ടു്. ആഖ്യാനം, സ്വഭാവാവിഷ്കരണം, അന്തരീക്ഷസൃഷ്ടി എന്നിങ്ങനെ ഏതാനും കാര്യങ്ങളില്‍ അതു് ഒതുങ്ങിനില്ക്കും. ചക്കില്‍ കെട്ടിയ കാളയാണു് നിരൂപണം. അതു് ഒരേ വൃത്തത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കും. വായനക്കാരുടെ ക്ഷമകെടാറാകുമ്പോള്‍ ഞാന്‍ നിറുത്താം.”

ഡി.സി. കിഴക്കേമുറി

നിറുത്തേണ്ടതില്ല എന്നുണ്ടെങ്കില്‍ ഞാന്‍ ഡി.സി. കിഴക്കേമുറിയെപ്പോലെ “ചെറിയ കാര്യങ്ങള്‍ മാത്രം” ആകര്‍ഷകമായി എഴുതിയാല്‍ മതി. കോട്ടയത്തെ ഒരു “സാംസ്കരികകേന്ദ്രം” ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി കരുണാകരന്‍ ചെന്നു. അദ്ദേഹവും മറ്റുള്ളവരും സംസാരിച്ചിരിക്കുമ്പോള്‍ മലയാളമനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു പറഞ്ഞു: “ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതോടെ പത്രങ്ങളുടെ പ്രചാരം കുറയും.” അതുകേട്ടു് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു: “പത്രങ്ങള്‍ക്കു കുഴപ്പമൊന്നും വരില്ല. ടെലിവിഷനില്‍ കാണുക നടന്ന കാര്യങ്ങള്‍, സത്യമായവ, മാത്രമായിരിക്കും. സത്യമല്ലാത്ത കാര്യങ്ങള്‍ പത്രത്തില്‍നിന്നല്ലേ അറിയാന്‍ പറ്റൂ”. കൂട്ടച്ചിരി. ചെറിയ കാര്യം. പക്ഷേ, അതു ഹൃദ്യമായി അവതരിപ്പിക്കുന്നു ഡി.സി. കിഴക്കേമുറി.

ഇപ്പോള്‍ എനിക്കും ഒരു ചെറിയ കാര്യമെഴുതാന്‍ കൗതുകം. ഞാന്‍ സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു വിടുതി വീട്ടിലാണു് താമസിച്ചതു്. അവിടെ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഡ്രൈവറും അയാളുടെ സുന്ദരിയായ വളര്‍ത്തുമകളും. അവള്‍ വിവാഹിതയായിരുന്നു. ഭര്‍ത്താവു് വടക്കേയിന്ത്യയിലെവിടെയോ ജോലി നോക്കുന്നു. ഒരു ദിവസം വൈകുന്നേരം ഞാന്‍ കോളേജ് വിട്ടു് അവിടെ ചെന്നുകയറിയപ്പോള്‍ അക്കാലത്തെ ഒരു ഫിലിംസ്റ്റാര്‍ - അഭിനേതാവു് റൊനാള്‍ഡ് കോള്‍മാനെപ്പോലിരിക്കുമയാള്‍ - അവളെ ചുംബിച്ചിട്ടു് പോകുന്നതുകണ്ടു. ഞാന്‍ കണ്ട ഭാവം നടിച്ചില്ല. സന്ധ്യയ്ക്കു് ഇംഗ്ലീഷ് പഠിക്കാന്‍ അവളെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു: കമലം നിന്നെ ഉമ്മവച്ച ആ ദുഷ്ടനാരു്?

കമലം: എന്നെ ആരും ഉമ്മവച്ചില്ല. ആ മനുഷ്യന്‍ ദുഷ്ടനുമല്ല.

ഞാന്‍: നീ അവനോടു സല്ലപിച്ചില്ലേ?

കമലം: ഇല്ല ഞാന്‍: ഇല്ലെങ്കില്‍ വേണ്ട. ഇനി ഇംഗ്ലീഷ് പഠിക്കാം. ചോദ്യങ്ങള്‍ക്കു് ഉത്തരം പറയണം.

ഞാന്‍: Can a villain kiss a beautiful girl?

കമലം: No villain can kiss a beautiful girl.

ഞാന്‍: Can she flirt with this man?

കമലം: No, She cannot.

ഞാന്‍: ശരി പത്തില്‍ പത്തുമാര്‍ക്ക്. ജീവിതത്തിലാണെങ്കില്‍ പത്തില്‍ പൂജ്യമേ കിട്ടു നിനക്കു്. പഠിപ്പിക്കല്‍ അതോടെ അവസാനിച്ചു. വിടുതിയായുള്ള താമസം ഞാന്‍ മതിയാക്കി. ഗവണ്മെന്റ് ഹോസ്റ്റലിലേക്കു ഞാന്‍ മാറി. കമലം ഇന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു് ഞാനവളെ കോട്ടയ്ക്കകത്തുവച്ചു കണ്ടു. രാജകുമാരിയെപ്പോലെ കഴിഞ്ഞിരുന്ന അവള്‍ ഒരു പണം കൊടുത്തു് (നാലുചക്രം) ഒരു കട്ടച്ചോറു് അമ്പലത്തില്‍നിന്നു വാങ്ങിവച്ചു റോഡിലിരുന്നു് ഉണ്ണുന്നു. ഞാന്‍ കണ്ണീരൊഴുക്കിക്കൊണ്ടു് പത്തുരൂപയെടുത്തു് അവളുടെ നേര്‍ക്കു നീട്ടി. (ഇന്നത്തെ ആയിരം രൂപയുടെ വിലയുണ്ടു് അന്നത്തെ പത്തുരൂപയ്ക്കു്) കമലം അതു വാങ്ങിയില്ല. ചോറുമുഴുവനും ഉണ്ണാതെ എഴുന്നേറ്റു് പടിഞ്ഞാറേക്കോട്ടവാതിലിലേക്കു നടന്നുപോയി. സ്ത്രീയുടെ ചാരിത്ര ഭ്രംശം! സ്ത്രീയുടെ അഭിമാനം!

സംശയം

ചാരിത്ര ഭ്രംശമില്ലാത്ത ഒരു ചെറുപ്പക്കാരിയുടെ കഥ പറയുകയാണു് പോള്‍ ചിറക്കരോടു്. അവളുടെ വിവാഹദിനം കാമുകന്‍ ഒരു സ്ഥലം നിര്‍ദ്ദേശിക്കുന്നു. അവള്‍ അവിടെചെന്നു നിന്നാല്‍ അയാള്‍ എത്തിക്കൊള്ളും. രണ്ടുപേര്‍ക്കും വിവാഹത്തിനു മുന്‍പു് ഒളിച്ചോടാം. പക്ഷേ അയാള്‍ക്കു തീവണ്ടിയില്‍ കയറാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു് വിവാഹം നടന്നു. അയാള്‍ പിന്നീടു് അവളെ കണ്ടു. ഒട്ടും ദുഃഖമില്ല ആ യുവതിക്കു്. താലികോര്‍ത്ത മാലയുടെ തിളക്കം. ആ താലിയോ? സര്‍പ്പത്തിന്റെ ഒതുക്കിവച്ച തല പോലെ.

കാമുകിയുടെ അടുത്ത ചെല്ലാനുള്ള കാമുകന്റെ അതിരുകടന്ന ആവേശത്തെ, അതിനുവേണ്ടിയുള്ള അയാളുടെ പരിശ്രമത്തെ കഥാകാരന്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ടു്. തീവണ്ടിയില്‍ പിടിച്ചു കയറുന്നതും അയാള്‍ക്കു കംപാര്‍ട്ട്മെന്റിന്റെ അകത്തുകടക്കാന്‍ സാധിക്കുന്നതിനുമുന്‍പു് അതു പാഞ്ഞുപോകുന്നതും പിന്നീടൊരു തീവണ്ടിയാപ്പീസില്‍വച്ചു് ഒരു യാത്രക്കാരനു് ഇറങ്ങിപ്പോകാന്‍ വേണ്ടി അയാള്‍ പ്ലാറ്റ്ഫോമിലേക്കു് ഇറങ്ങിനില്ക്കുമ്പോള്‍ ട്രെയിന്‍ അയാളില്ലാതെ അതിവേഗം പോകുന്നതും ഒക്കെ വൈദഗ്ദ്ധ്യത്തോടെ പോള്‍ ചിറക്കരോടു വര്‍ണ്ണിക്കുന്നു. സ്ത്രീയുടെ വഞ്ചനയെ സൂചിപ്പിച്ചുകൊണ്ടു് കഥ പരിസമാപ്തിയില്‍

എത്തിക്കുന്നു. സംഭവങ്ങൾക്കു പൊടുന്നനെവരുന്ന മാറ്റം അല്ലെങ്കില്‍ അവയുടെ പ്രതിലോമഗതി. ഇതിനെ ‘പെറപിറ്റൈയ’ (Peri Peteia) എന്നു് അരിസ്റ്റോട്ടല്‍ വിളിക്കുന്നു. ഇവിടെ ദൗര്‍ഭാഗ്യത്തിനു ഹേതു തീവണ്ടിയില്‍കയറാന്‍ സാധിക്കാത്തതാണു്. തികച്ചും ദുര്‍ബലമായ സങ്കല്പം. താല്‍പര്യം അത്രയ്ക്കുണ്ടെങ്കില്‍ കുറേക്കൂടി നേരത്തേ പോകാന്‍ പാടില്ലായിരുന്നോ അയാള്‍ക്കു് എന്ന സംശയം സ്വാഭാവികമായും വായനക്കാരനു്, ഉണ്ടാകും.

എം.പി. നാരായണപിള്ള

മാക്സ് ഫ്രിഷ് എന്ന സ്വിസ്സ് സാഹിത്യകാരന്റെ I’m not Stiller എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ടു്. ആറു കൊല്ലം മുന്‍പു കാണാതെയായ ലൂട്ട്വിഹ് ഷ്ടൈലറാണു് അയാളെന്നു് പൊലിസ്. താന്‍ വൈറ്റ് എന്ന അമേരിക്കനാണെന്നു് അയാള്‍. ആ നിഷേധത്തിലൂടെ ഷ്ടൈലറുടെ വ്യക്തിത്വത്തിന്റെയും സ്വത്വത്തിന്റെയും സവിശേഷതകള്‍ പ്രത്യക്ഷമാകുന്നുണ്ടു്. ‘ഐഡന്റിറ്റി’ എന്ന വിഷയം കൈകാര്യം ചെയ്യുകയാണു് ഫ്രിഷ് ഈ നോവലില്‍. തനിക്കു ഷ്ടൈലറായി കഴിയാന്‍ വയ്യാത്തതുകൊണ്ടു് അയാള്‍ മുഖാവരണങ്ങള്‍ സൃഷ്ടിച്ചു് ജീവിക്കുന്നു. നോവലിലെ ഒരു ഭാഗം:

‘So you admit, Herr Stiller, that your American passport was a fake?’

‘My name’s not Stiller!’

ഈ നോവല്‍ വായിച്ചതിനുശേഷം ഏതാണ്ട് അതുപോലൊരു സംഭവം കേരളത്തില്‍ ഉണ്ടായിയെന്നു പത്രത്തില്‍ വായിച്ചു. സുകുമാരക്കുറുപ്പെന്നു കരുതി ഗംഗാധരന്‍ നായര്‍ എന്ന എഞ്ചിനീയര്‍ മര്‍ദ്ദനമേറ്റ സംഭവം. അതിനെക്കുറിച്ചു് എം.പി. നാരായണപിള്ള കലാകൗമുദിയില്‍ എഴുതിയതു വായിക്കേണ്ടതാണു്. മറ്റാര്‍ക്കും അനുകരിക്കാന്‍ വയ്യാത്ത ശൈലിയില്‍ ഹാസ്യാത്മകമായി, എന്നാല്‍ സംഭവത്തിന്റെ ദുരന്ത സ്വഭാവത്തിനു് ഒരു പോറല്‍പോലും വീഴ്ത്താതെ ലേഖകന്‍ ആവിഷ്കാരം നിര്‍വ്വഹിക്കുന്നു. സ്റ്റേറ്റ് ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ ഷ്ടൈലറോടു പറഞ്ഞു: ‘Just write the truth, nothing but the plain, unvarnished truth. They ’ll fill your pen for you whenever you want.” എം. പി. നാരായണപിള്ളയോടു വായനക്കാരായ ഞങ്ങള്‍ പറയുന്നു: “എഴുതൂ താങ്കളുടെ പേനയില്‍ ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങള്‍ മഷി ഒഴിച്ചു തരാം.”

പാഴ് വേല

അനിക്കു് എറുമ്പുകളെ സ്നേഹമാണു്. അവ വരാന്‍വേണ്ടി അവള്‍ പഞ്ചാരപ്പാവു നിലത്തു് ഒഴിച്ചുവയ്ക്കും. പിന്നെ അവള്‍ക്കു പക്ഷികളെ ഇഷ്ടമാണു്. അവ എന്നും പറന്നു ജനലില്‍ വന്നിരിക്കണം. ഇല്ലെങ്കില്‍ അനിക്കു ദുഃഖമാണു്. പിന്നെയോ? അവള്‍ക്കു് ആകാശവും ഇഷ്ടമാണു്. ആയിരം ആകാശം കിട്ടിയാലും അവള്‍ക്കു മതിയാവുകയില്ല. എവിടെയോ മുയലുകള്‍ക്കു കുഞ്ഞുങ്ങളുണ്ടായാല്‍ ആ തള്ളമുയലുകള്‍ വെള്ളിത്തില്‍ച്ചാടി മരിക്കുമത്രേ. അതുകൊണ്ടു തനിക്കു “കുഞ്ഞുണ്ടാക്കരുതെന്ന്” അനി ഭര്‍ത്താവിനോടു പറഞ്ഞു. ഈ വിചിത്ര കഥാപാത്രം എവിടെയാണെന്നോ? രവി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “അനിയുടെ ആകാശം” എന്ന ചെറുകഥയില്‍. നേരമ്പോക്കു് ഇതല്ല. പച്ചവെള്ളം ചവച്ചുകുടിക്കുന്ന, കൊച്ചുകുഞ്ഞിനെക്കാള്‍ കൊച്ചായ ഈ ചെറുപ്പക്കാരിക്കു് “ശബ്ദമുണ്ടാക്കാതെ കെട്ടിപ്പിടിച്ചോളൂ” എന്നു ഭര്‍ത്താവിനോടു പറയാന്‍ അറിയാം. ചോറുരുട്ടി അയാളുടെ വായ്ക്കകത്തുവയ്ക്കാന്‍ അറിയാം. കുഞ്ഞുണ്ടാക്കുന്ന വിദ്യയറിയാം. എന്തൊരു വൈരുദ്ധ്യം! ചില മലയാളം പ്രൊഫസര്‍മാരുടെ ഭാഷയിലാണെങ്കില്‍ എന്തൊരു “വിരോധാഭാസം!” ചില സ്ത്രീകള്‍ ഇങ്ങനെയാണു്. കാക്ക പറന്നാല്‍ മതി ‘അയ്യോ എനിക്കു പേടിയാവുന്നു’ എന്നു പറയും. ഭിക്ഷക്കാരന്‍ വീട്ടുമുറ്റത്തുവന്നു് ‘അമ്മാ’ എന്നു വിളിച്ചാല്‍ മതി. ‘അയ്യോ എനിക്കു പേടിയാവുന്നു’; തെങ്ങില്‍നിന്നു് ഒരുണക്ക ഓല വീണാല്‍മതി, ‘അയ്യോ എനിക്കു പേടിയാവുന്നു!’ ഇങ്ങനെ പേടിക്കുന്നവള്‍ രാത്രി സകല രതിവൈകൃതങ്ങളും കാണിക്കും. വാത്സ്യായനും കൊക്കോകനും ഹാവ്ലക്ക് എലീസും ഹെന്‍ട്രിമില്ലറും ഹാരോള്‍ഡ് റോബിന്‍സും സ്വപ്നം കണ്ടിട്ടില്ലാത്ത രതി വൈകൃതങ്ങള്‍. നിത്യജീവിതത്തില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടു്. അവര്‍ സാഹിത്യത്തില്‍ കടക്കുമ്പോള്‍ ‘കണ്‍വിന്‍സിങ്ങാ’കണം. ആ ദൃഢപ്രത്യയം ഉളവാക്കാന്‍ കഥാകാരനു കഴിഞ്ഞില്ല. അതുകൊണ്ടു് ഇതു് വെറും പാഴ്‌വേലയാണു്. കലയില്ല ഇവിടെ. കലയുടെ നാട്യമേയുള്ളു.

* * *

മുന്‍പ് ഒരു വാരികയില്‍ എഴുതിയതാണു് എങ്കിലും വായിച്ചിട്ടില്ലാത്തവരെക്കരുതി വീണ്ടും എഴുതുന്നു. വിക്രമാദിത്യന്‍, പ്രജകളുടെ ക്ഷേമമറിയാന്‍ വേണ്ടി പ്രച്ഛന്ന വേഷനായി നടക്കുകയായിരുന്നു. ഒരു കിഴവ പ്രാഹ്മണനും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും താമസിക്കുന്ന വീട്ടിനടുത്തു് എത്തി അദ്ദേഹം. കിഴവന്‍ ബലിയിട്ടു് ചോറുരുളകൊണ്ടുവച്ചു് കൈനനച്ചു് തട്ടി. ബലിക്കാക്കകള്‍ വന്നു. ഒരു കാക്ക യുവതിയുടെ അടുത്തായിട്ടാണു് പറന്നതു്. ഉടനെ അവള്‍ പേടിച്ചു താഴെവീണു. ബ്രാഹ്മണന്‍ കാര്യമന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “കാക്ക അടുത്തുവന്നാല്‍മതി. എനിക്കു ബോധക്കേടു് ഉണ്ടാകും.” കാക്ക വന്നാല്‍ ബോധം കെടുന്നവള്‍ക്കു ചെറുപ്പക്കാരന്‍ എത്തിയാല്‍ എന്തു സംഭവിക്കും? കിഴവന്‍ അതുകണ്ടു് ആഹ്ലാദിച്ചു. രാജാവിനുതോന്നി അവള്‍ കള്ളിയാണെന്നു്. അതിനാല്‍ രാത്രി അദ്ദേഹം ആ വീട്ടിനടുത്തു ചെന്നുനിന്നു. അപ്പോഴുണ്ടു് അവള്‍ ഇറങ്ങുന്നു ഒരു കൂടയില്‍ മാംസക്കഷണങ്ങളുമായി. നര്‍മ്മദാ നദിയുടെ തീരത്തെത്തിയ അവള്‍ കൊച്ചു വള്ളമിറക്കി അതില്‍ കയറി. രാജാവു് പിറകേയും. അവള്‍ മറുകരയിലെത്തി ഒരു കുടിലില്‍ കയറി. അവിടെയുള്ള ചെറുപ്പക്കാരനുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടിട്ടു തിരിച്ചുപോന്നു. അടുത്ത ദിവസം സദസ്സു കൂടിയപ്പോള്‍ രാജാവു് പറഞ്ഞു: കാക രവാത് ഭീതാ (കാക്കയുടെ ശബ്ദംകേട്ടു് അവള്‍ പേടിച്ചു). വിക്രമാദിത്യന്റെ സദസ്യനായിരുന്ന കാളിദാസന്‍ അതുകേട്ടു് “രാത്രൗ തരിതി നര്‍മ്മദാം” (അവൾ രാത്രി നര്‍മ്മദാ നദികടക്കുന്നു). രാജാവു് പിന്നെയും…“തത്രസന്തി ജലേ ഗ്രാഹാഃ ആ ജലത്തില്‍ മുതല തുടങ്ങിയ ജലജന്തുക്കളുണ്ടു്). കാളിദാസന്‍ വീണ്ടും: “മര്‍മ്മജ്ഞാ സൈവസുന്ദരി” (ആ സുന്ദരി കാര്യമറിയുന്നവളാണു്. ജലജന്തുക്കള്‍ക്കു കൊടുക്കാന്‍ ഇറച്ചിക്കഷണങ്ങള്‍ കൈയില്‍ കരുതിയിരിക്കും).

* * *

ആന്തരലോകത്തെയും ബാഹ്യലോകത്തെയും ഭാവനകൊണ്ടു് ഒന്നാക്കി ആ അദ്വൈതഭാവത്തെ സൂര്യവചനത്തിലൂടെ ആവിഷ്കരിക്കുന്ന ജയപ്രകാശ് അങ്കമാലിയുടെ കവിതയ്ക്കു് സവിശേഷതയുണ്ടു്. (‘സൂര്യവചനം’ - മാതൃഭൂമി ആഴ്ചപ്പതിപ്പു്) മരണവും ജീവിതവും കവി ഏതാനും വരികളില്‍ ഒതുക്കിയിരിക്കുന്നു. സൂര്യന്‍ പറയുന്നതു കേട്ടാലും:

“നിറയും പെരിയാറിന്‍ കണ്ണിലെക്കരുണയില്‍
ക്കുളിയും കഴിഞ്ഞെത്തും നിങ്ങള്‍ക്കു പുലരിയില്‍
വ്യഥയും നിരാശയും മായുന്ന കിഴക്കിന്റെ
മുഖമൊന്നുയരുമ്പോളവിടെ കാണാമെന്നെ.
അഗ്നിചുറ്റിയും പൊന്നിന്‍ മുടി ചൂടിയും കാല-
ചക്രങ്ങളുരുളുന്ന തേര്‍തെളിക്കുമീയെന്നെ.”

കൈനിക്കര

എന്റെ മകന്‍ ആരോ കരിങ്കല്‍ക്കഷണം കൊണ്ടിടിച്ച മുറിവിനു് സദൃശമായ മുറിവോടുകൂടി (തലയ്ക്കു്) മെഡിക്കല്‍കോളേജാശുപത്രിയിലെ ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ കിടന്നപ്പോള്‍ ഞാന്‍ ആ വരാന്തയില്‍നിന്നു പ്രാര്‍ത്ഥിച്ചു: “എന്റെ മകന്‍ ജീവിച്ചെങ്കില്‍! തലയ്ക്കു് അടിയേറ്റതുകൊണ്ടു് അവന്‍ ജീവിതകാലമത്രയും ബോധമില്ലാതെ കിടക്കുമോ? കിടക്കട്ടെ ഞാന്‍ നോക്കിക്കൊള്ളാം. ചിലപ്പോള്‍ കാഴ്ച നഷ്ടപ്പെടുമോ? എങ്കില്‍ ഞാന്‍ അവന്റെ നഷ്ടപ്പെട്ട നേത്രങ്ങളായി മാറിക്കൊള്ളാം. മകനെ ഞാന്‍ ചിലപ്പോള്‍ ശകാരിച്ചിട്ടുണ്ടു്. ഇനി ശകാരിക്കില്ല. എഴുന്നേറ്റു വരൂ.” വന്നില്ല. എന്റെ ദുഃഖം അന്വേഷിച്ച് എനിക്കു വലിയ പരിചയമൊന്നുമില്ലാത്ത കൈനിക്കര കുമാരപിള്ളസ്സാര്‍ വന്നിരുന്നു വീട്ടില്‍. അന്യന്റെ ദുഃഖത്തില്‍ ദുഃഖിക്കുന്ന പരമകാരുണികനാണു് കൈനിക്കര. മനുഷ്യത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമാണു് അദ്ദേഹം. ഈ മഹാ വ്യക്തിയെക്കുറിച്ചു് വള്ളംകുളം പി.ജി. പിള്ള മനോരാജ്യം വാരികയില്‍ എഴുതിയിരിക്കുന്നു. അന്യനെക്കുറിച്ചു് ഒരു ദോഷമെങ്കിലും പറയാതെ, അയാളോടു് അല്പമെങ്കിലും വെറുപ്പു കാണിക്കാതെ ജീവിക്കാന്‍ കഴിയാത്ത ആളുകളാണു് അധികം. എല്ലാവരുടെയും നന്മകണ്ടു്, ആരോടും വിദ്വേഷമില്ലാതെ സാഹിത്യകാരനായി, ചിന്തകനായി ജീവിക്കുന്ന കുമാരപിള്ളസ്സാറിന്റെ നന്മ കാണാന്‍ ഉല്‍സുകനായി പി.ജി. പിള്ള നില്ക്കുന്നു. ആദരണീയമാണതു്.

വൈ. ഡബ്ള്‍യു. സി. എ. യുടെ നേര്‍ക്ക്

പി.വി. തമ്പിയുടെ ‘അവതാരം’ എന്ന നോവലില്‍ തിരുവനന്തപുരം വൈ. ഡബ്ള്‍യു. സി. എ. ഹോസ്റ്റലിനെക്കുറിച്ചു ഗര്‍ഹണീയങ്ങളായ ചില പ്രസ്താവങ്ങല്‍ ഉണ്ടെന്നു് ഒരു അന്തേവാസിനി എഴുതിയിരിക്കുന്നു. (മനോരാജ്യം വാരിക) ആ പ്രസ്താവങ്ങള്‍ അന്തേവസിനി പറയുന്നതനുസരിച്ചു് ഇവയാണു്.

(1) ജേക്കബ്ബ് എന്ന മാര്‍ത്തൊമ അച്ഛന്‍ കോച്ചായി സ്ത്രീകളെ ഷട്ടില്‍കോര്‍ക്ക് പഠിപ്പിക്കാന്‍ എത്തുന്നു.

(2) അച്ചനു് ഏതു സമയത്തും എവിടെയും കടന്നുചെല്ലാം.

(3) മേട്രന്റെ മകന്‍ (അതോ സെക്രട്ടറിയുടെയോ) പെണ്ണുങ്ങളുടെ മുറികളില്‍ കയറിയിറങ്ങുന്നു.

ഈ കത്സിത പ്രസ്താവങ്ങള്‍ എടുത്തു കാണിച്ച അന്തേവാസിനിക്കു് പത്രാധിപ മറുപടി നല്കിയിട്ടുണ്ടു്. അതു് ഇതാ:

“ഒരു നൂറ്റാണ്ടിലധികം പ്രശസ്തസേവനപാരമ്പര്യമുള്ള വൈ. ഡബ്ലിയു. സി. എ. യ്ക്കു് ഒരു നോവലിലെ പരാമര്‍ശംകൊണ്ടു് മങ്ങലേല്‍ക്കുമെന്നു് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എല്ലാ കഥാപാത്രങ്ങളും അതിന്റെ പശ്ചാത്തലവും തികച്ചും സാങ്കല്‍പികമാണെന്നു് പറയുന്നതോടൊപ്പം, ഈ നോവലിന്റെ പേരില്‍ ആരെങ്കിലും വ്രണിതഹൃദയരായിട്ടുണ്ടെങ്കില്‍ അവരോടു് ആത്മാര്‍ത്ഥമായി മാപ്പുചോദിക്കുകയും ചെയ്തുകൊള്ളുന്നു.

പത്രാധിപ.”

സംസ്കാര സമ്പന്നമായ മറുപടിയാണിതു്. പക്ഷേ ഇതുകൊണ്ടു് പരിഹാരമായില്ല. തികച്ചും അപകീര്‍ത്തികരമായ ആരോപണങ്ങളാണു് പി.വി. തമ്പിയുടേതു് - അദ്ദേഹം അങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കില്‍. പി.വി. തമ്പി ക്ഷമായാചനം ചെയ്യുമെന്നു് ഞാന്‍ വിശ്വസിക്കുന്നു. കത്തെഴുതിയ അന്തേവാസിനിയുടെ ഹൃദയവേദന നമുക്കൊക്കെ ഊഹിക്കാവുന്നതേയുള്ളു. ഒരു കാര്യം രസകരമായിത്തോന്നി എനിക്കു്. അച്ചന്‍ ഷട്ടില്‍ക്കോര്‍ക്ക് പഠിപ്പിക്കാനെത്തുന്നില്ല എന്നതിനു തെളിവായി അന്തേവാസിനി പറയുന്നതു് ഇങ്ങനെയാണു്: “…മാര്‍ത്തോമ്മാ അച്ചന്മാര്‍ 99 ശതമാനവും വിവാഹിതരാണെന്നു് പി.വി. തമ്പിക്കു് അറിയില്ലായിരിക്കും” പാവം അന്തേവാസിനി! വിവാഹം കഴിഞ്ഞാല്‍ പുരുഷന്റെ എല്ലാ വികാരങ്ങളും കെട്ടടങ്ങുമെന്നു് മറ്റനേകം പെണ്ണുങ്ങളെപ്പോലെ അന്തേവാസിനിയും വിചാരിക്കുന്നു. എന്തൊരു തെറ്റിദ്ധാരണ! Unmarried scoundrels are always better than married scoundrels എന്നു് ‘ഫിലിമിന്‍ഡ്യ’യുടെ എഡിറ്ററായിരുന്ന ബാബുറാവുപട്ടേല്‍ പണ്ടെഴുതിയതു് എന്റെ ഓര്‍മ്മയിലെത്തുന്നു.

* * *

കുമാരിവാരികയില്‍ “ന്യൂട്ടന്റെ പ്രധാന കണ്ടുപിടിത്തങ്ങള്‍ എന്തെല്ലാമാണു്?” എന്നൊരു ചോദ്യവും അതിനുള്ള ഉത്തരവുമുണ്ടു്. അതില്‍ ന്യൂട്ടന്റേതു് എന്ന മട്ടില്‍ കൊടുത്തിരിക്കുന്ന പടം അദ്ദേഹത്തിന്റെതാണെന്നു കരുതാന്‍ വയ്യ. ഫ്രായിറ്റിന്റെ പടംപോലിരിക്കുന്നു അതു്. മുന്‍പു് ഇരയിമ്മന്‍തമ്പിയുടെ പടം ഒരു സ്ഥാപനത്തില്‍ വയ്ക്കേണ്ടിവന്നു. ഇരയിമ്മന്‍തമ്പിയെ കണ്ടവരാരും ഇന്നില്ല. അദ്ദേഹത്തിന്റെ പടവുമില്ല. അതുകൊണ്ടു് എന്റെ ഒരു സ്നേഹിതനെ വിളച്ചുകൊണ്ടുപോയി ആറുപോസുകളില്‍ ഫോട്ടോ എടുത്തു ആര്‍ടിസ്റ്റ്. ആറു ഫോട്ടോയിലെയു ഛായകൂട്ടിക്കലര്‍ത്തി ഒരു രൂപം വരച്ചു. അതു തന്നെ ഇരയിമ്മന്‍തമ്പി. എത്രയെത്ര ആളുകള്‍ അതുനോക്കി പുളകമണിഞ്ഞിരിക്കും! ഇരയിമ്മന്‍തമ്പിയുടെ ഒറിജിനല്‍ മാര്‍ത്താണ്ഡത്തു് ഒരിടത്തു സുഖമായി ഇപ്പോഴും കഴിയുന്നു എന്നു് അവരറിയുന്നുണ്ടോ?

സെക്സിന്റെ അധീശത്വം

സെക്സിന്റെ ആകര്‍ഷണം വല്ലാത്തതാണു്. അതിനെ ജയിക്കുന്ന മറ്റൊരു ശക്തിയില്ല. അതിനു് അടിമപ്പെട്ട സ്ത്രീ പ്രോത്സാഹനാര്‍ത്ഥം കാണിക്കുന്ന അടയാളങ്ങള്‍ ഇവയാണു്: (1) ഉയര്‍ത്തിയ പുരികങ്ങള്‍, (2) വിടര്‍ന്ന കണ്ണുകള്‍, വിടര്‍ന്ന കൃഷ്ണമണികള്‍, ദീര്‍ഘനേരത്തെ നോട്ടം, (3) തുറന്ന വായും ചിരിയും (4) കീഴ്ച്ചുണ്ടു് നാക്കുകൊണ്ടു നനയ്ക്കല്‍ (5) സമ്മതത്തോടുകൂടിയുള്ള തലയാട്ടല്‍ (6) ശരീരം മറ്റേ വ്യക്തിയോടു ചേര്‍ത്തു വയ്ക്കല്‍ (7) ഭാവസൂചകങ്ങളായ കരചലനങ്ങള്‍ (8) ചെറിയ തോതിലുള്ള സ്പര്‍ശങ്ങള്‍ ഇഷ്ടമില്ലെങ്കിലോ? അപ്പോഴുണ്ടാകുന്ന അടയാളങ്ങള്‍: (1) ദേഷ്യം കലര്‍ന്ന നോട്ടം. (2) നിര്‍വികാരമായ തുറിച്ചു നോട്ടം. ചിലപ്പോള്‍ ദൂരെയുള്ള നോട്ടം. (3) പുച്ഛം കോട്ടുവാ (4) ഞെട്ടയൊടിക്കല്‍. (5) മറ്റേ വ്യക്തിയില്‍ നിന്നു മാറിനില്‍ക്കല്‍ (Sex - Auser’s Manual എന്ന ഗ്രന്ഥത്തില്‍ നിന്നു്)

പ്രോത്സാഹിപ്പിക്കുന്ന അടയാളങ്ങള്‍ കന്യകയ്ക്കും വേശ്യയ്ക്കും ചേരും. കന്യക യഥാര്‍ത്ഥമായി അവ കാണിക്കുന്നു. വേശ്യ അയഥാര്‍ത്ഥമായും അയഥാര്‍ത്ഥമായി ഭാവഹാവാദികള്‍ കാണിച്ചു് ഒരു വേശ്യ പൊലീസുദ്യോഗസ്ഥന്മാരെപ്പോലും പാട്ടിലാക്കുന്നു. സമുദായം അവളെ എതിര്‍ക്കുന്നു. പക്ഷേ, സമുദായമെന്നതു് വ്യക്തികള്‍ ഒരുമിച്ചുകൂടിയതല്ലേ? ഓരോ വ്യക്തിയേയും അവള്‍ വശപ്പെടുത്തുമ്പോള്‍ സമുദായം പരാജയപ്പെടുന്നു. അവള്‍ വിജയം പ്രാപിക്കുന്നു. സെക്സിന്റെ അദമ്യശക്തിയേയും അസാധാരണമായ ആകര്‍ഷണത്തേയും എം. പത്മനാഭന്‍ ‘പുതിയ അയല്‍ക്കാര്‍’ എന്ന ചെറുകഥയിലൂടെ സ്ഫുടീകരിക്കുന്നു. (ജനയുഗം വാരിക)

മരണം

അല്‍ബേര്‍ കമ്യൂവിന്റെ “പ്ലേഗ്” എന്ന നോവല്‍ വായിച്ചിട്ടില്ലേ? പ്ലേഗ് ഒരു സാര്‍വലൗകികാവസ്ഥയാണെന്നു കമ്യൂ പറയുന്നു. താല്‍ക്കാലികമായി പ്ലേഗ് പട്ടണത്തില്‍ നിന്നു് അപ്രത്യക്ഷമാവുകയാണു്. എങ്കിലും അതു വീണ്ടും വരും. ആ പ്ലേഗിനെതിരായി - മരണത്തിനെതിരായി - സമരം ചെയ്യുകയാണു വേണ്ടതു്. നമ്മളെ ഭീഷണിപ്പെടുത്തുന്ന ലോകത്തോടു പടവെട്ടി ‘റെബലാവുക’ (rebel) എന്നാണു് കമ്യൂവിന്റെ നിര്‍ദ്ദേശം. പ്ലേഗ് വീണ്ടും വരുമെന്നു അദ്ദേഹം പറഞ്ഞില്ലേ? വന്നിട്ടുണ്ടു്, മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ താളുകളില്‍; അഖിലയുടെ “പകലുറക്കത്തിലെ സ്വപ്നം” എന്ന പൈങ്കിളിക്കഥയായി. “എന്റെ സേതുവേട്ടാ, എന്റെ സേതുവേട്ടാ” എന്ന കഥയിലെ അനിത വിളിക്കുന്നതുപോലെ “എന്റെ പ്ലേഗേ, എന്റെ പ്ലേഗേ” എന്നു നമ്മളും വിളിച്ചുപോകുന്നു. എത്ര വേണമെങ്കിലും നിങ്ങള്‍ ‘റെബല്യസാ’യിക്കൊള്ളു. മരണം നിങ്ങളെ കീഴ്പ്പെടുത്തും. പൈങ്കിളിക്കഥ എന്ന മരണം എന്നെയും നിങ്ങളെയും കൊണ്ടുപോകും.

പുനത്തില്‍ കുഞ്ഞബ്ദുള്ള

കൊടുങ്കാട്ടില്‍ പോയാല്‍ കടുവ തുടങ്ങിയ ജന്തുക്കള്‍ ഉണ്ടെന്നും അവ ഏതു സമയത്തും നമ്മെ ആക്രമിക്കുമെന്നും നമുക്കറിയാം. അതുകൊണ്ടു് കരുതിക്കൂട്ടിയേ നമ്മള്‍ നടക്കുകയുള്ളു. അതല്ല തിരുവനന്തപുരം പട്ടണത്തിലെ സ്ഥിതി. ക്ലിക്കിലെ അംഗമായ വ്യാഘ്രം വിചാരിച്ചിരിക്കാത്ത സന്ദര്‍ഭത്തില്‍ പിറകേ വന്നു നമ്മളെ അടിച്ചുവീഴ്ത്തിക്കളയും. ഈ വ്യാഘ്രസമൂഹത്തിന്റെ തനിനിറം പുനത്തില്‍ കുഞ്ഞബ്ദുള്ള വ്യക്തമാക്കിയിരിക്കുന്നു. “ഇന്നു മലയാള സാഹിത്യം ക്ലിക്കുകളുടെ സാഹിത്യമാണു്. തിരുവനന്തപുരമാണു് ക്ലിക്കുകളുടെ കേന്ദ്രം” എന്നു് അദ്ദേഹം വി.ആര്‍. സുധീഷിനോടു പറഞ്ഞിരിക്കുന്നു. (കഥാമാസിക പുറം 10) സത്യത്തില്‍ സത്യമാണിതു്. ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്കാരെല്ലാം ഒന്നു്. ഒരു പുതിയ യാത്രക്കാരനെ കയറ്റാന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ ബസ്സിനകത്തിരിക്കുന്നവര്‍ക്കു് ദേഷ്യമാണു്. എന്നാല്‍ തീപിടിത്തമുണ്ടാകട്ടെ ബസ്സില്‍. യാത്രക്കാരുടെ ഐക്യം തകരുന്നു. അവര്‍ ഇടിച്ചും ചവിട്ടിയും പുറത്തേക്കു ചാടാന്‍ ശ്രമിക്കുന്നു. നേരേമറിച്ചാണു് ക്ലിക്കുകളുടെ സ്ഥിതി. ആപത്തിന്റെ നിഴല്‍ വീണാല്‍ അംഗങ്ങള്‍ കൂടുതല്‍കൂടുതല്‍ അടുക്കുന്നു. “രാഷ്ട്രീയക്കാര”ന്റെ ഭാഷയില്‍ അവര്‍ ഒറ്റക്കെട്ടായിത്തീരുന്നു.

* * *

ഇ.വി. കൃഷ്ണപിള്ള മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുന്ന കാലം. ഞാന്‍ അന്നു് വടക്കന്‍ പറവൂര്‍ ഇംഗ്ളീഷ് ഹൈസ്കൂളില്‍ ഫിഫ്ത്ത് ഫോമില്‍ പഠിക്കുകയായിരുന്നു. വരാപ്പുഴെനിന്നു് പറവൂര്‍ക്കു് ബസ്സില്‍ വരുമ്പോള്‍ ഒരു യാത്രക്കാരന്‍ മനോരമ ആഴ്ചപ്പതിപ്പു് വായിച്ചു് പൊട്ടിച്ചിരിക്കുന്നതു കണ്ടു. ഇ.വി. കൃഷ്ണപിള്ളയുടെ ഹാസ്യലേഖനമായിരിക്കുമെന്നു കരുതി ഞാന്‍ എത്തിനോക്കി. അതേ ഇ. വി. യുടെ ‘കണ്ടക്ടര്‍കുട്ടി’ വായിച്ചു യാത്രക്കാരന്‍ ചിരിക്കുകയാണു്. വളരെക്കാലത്തിനു ശേഷം ഞാന്‍ ഈ സംഭവത്തെക്കുറിച്ചു് ഹാസ്യസാഹിത്യകാരന്‍ സീതാരാമനോടു പറഞ്ഞു. അപ്പോള്‍ സീതാരാമന്‍ അറിയിച്ചു: “കൃഷ്ണന്‍നായരേ, നിങ്ങള്‍ ഒന്നും വായിച്ചിട്ടില്ല. ഇ.വി.യുടെ രചനകളെല്ലാം മോഷണങ്ങളാണു്. പബ്ലക്‍ ലൈബ്രറിയില്‍ നമുക്കു പോകാമോ? എന്നാല്‍ ഇ.വി.യുടെ ഓരോ കഥയുടെയും ഒറിജിനല്‍ ഞാനെടുത്തു തരാം. ‘സ്പെക്റ്റേയ്റ്റര്‍’ മാസികകള്‍ അവിടെ ഒരുമിച്ചു ബൈന്‍ഡ് ചെയ്തു വച്ചിട്ടുണ്ടു്. അതിലുണ്ടു് എല്ലാം.” ഞാനതു വിശ്വസിച്ചോ? എന്തോ?

പി.കെ. പരമേശ്വരന്‍നായര്‍ ‘പ്രേമ ഗൗതമന്‍’ എന്ന പേരില്‍ സ്ഥാനത്യാഗം ചെയ്ത എഡ്വേര്‍ഡ് രാജാവിനെക്കുറിച്ചു് ചില ലേഖനങ്ങള്‍ എഴുതി ഇ.വി. യുടെ നിര്‍ദ്ദേശമനുസരിച്ചു്. ഒരു ഇംഗ്ലീഷ് പുസ്തകത്തെ അവലംബിച്ചാണു് പരമേശ്വരന്‍നായര്‍ അവ എഴുതിയതു്. ആ കടപ്പാടു് അദ്ദേഹം കൈയെഴുത്തുപ്രതിയുടെ താഴെ കാണിച്ചിരുന്നു. ഇ.വി. കൃഷ്ണപിള്ള ആ വാക്യം വെട്ടിക്കളഞ്ഞിട്ടു് പരമേശ്വരന്‍നായരോടു പറഞ്ഞു: “എടാ ഇതൊന്നും വെളിയില്‍ പറയരുതു്.” പി.കെ. പരമേശ്വരന്‍നായര്‍ എന്നോടു പറഞ്ഞതാണിതു്.