close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 07 08


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 07 08
ലക്കം 460
മുൻലക്കം 1984 07 01
പിൻലക്കം 1984 07 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഈറ്റലോ സ്വേവോ രചിച്ച “സീനോയുടെ ഏറ്റു പറച്ചിലുകള്‍” എന്ന നോവല്‍ (Italo Svevo, 1861–1928, Confessions of Zeno) വിശ്വസാഹിത്യത്തിലെ ഒരു മാസ്റ്റര്‍പീസാണു്. നോവലിലെ പ്രധാന കഥാപാത്രമായ സീനോ ഡോക്ടര്‍ എസ് എന്ന മനോവിശ്ലേഷകന്റെ ചികിത്സയിലായിരുന്നു. അയാള്‍ മുന്നറിയിപ്പു കൂടാതെ ചികിത്സ മതിയാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനായി അയാളുടെ പാപനിവേദനങ്ങള്‍ ഡോക്ടര്‍ പ്രസിദ്ധപ്പെടുത്തുന്നു എന്ന രീതിയിലാണു നോവല്‍ എഴുതിയിട്ടുള്ളതു്. സീനോയുടെ ഏറ്റവും വലിയ ആസക്തി — അഡിക്ഷന്‍ — പുകയിലെ സംബന്ധിച്ചതാണു്. ഓരോ സിഗ്രറ്റ് വലിച്ചു തീര്‍ക്കുമ്പോഴും ‘ഇതാണു് എന്റെ അവസാനത്തെ സിഗ്രറ്റ്’ എന്നു് അയാള്‍ കരുതും. പക്ഷേ ഒടുവിലത്തെ സിഗ്രറ്റ് എപ്പോഴും തീക്ഷ്ണമായിരിക്കുമല്ലോ. അതുകൊണ്ടു് അയാള്‍ പിന്നെയും പിന്നെയും പുക വലിക്കും. ഈ അത്യാസക്തിയില്‍ നിന്നു് രക്ഷപ്രാപിക്കാനായി സീനോ ഒരു ചികിത്സാലയത്തില്‍ ആശ്രയം തേടി. അവിടെ സൗന്ദര്യം ഒട്ടുമില്ലാത്ത ഒരു നേഴ്സുണ്ടു്. സൗന്ദര്യമില്ലെങ്കിലും കാമവികാരം കൂടുതലാണു് അവള്‍ക്കു്. പത്തു സിഗ്രറ്റ് വലിച്ചു കഴിയുമ്പോള്‍ സ്വയം നിയന്ത്രിക്കാനാവാത്തവിധം താന്‍ കാമപരവശനായിപ്പോകുമെന്നു് സീനോ അവളോടു പറഞ്ഞു. അതുകൊണ്ടു് ഭാര്യയ്ക്കാണു നിര്‍ബ്ബന്ധം സിനോ സിഗ്രറ്റ് വലി നിറുത്തണമെന്നു്. ഇതു കേട്ടയുടനെ നേഴ്സ് അവിടെ നിന്നു പോയി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പ്യാക്കറ്റ് സിഗ്രറ്റ് സീനോ ഇരിക്കുന്ന മുറിയുടെ നടുക്കു വന്നു വീണു. അയാള്‍ ഉടനെ അതെടുത്തു. അതില്‍ പതിനൊന്നു സിഗ്രറ്റ് ഉണ്ടായിരുന്നു. നേഴ്സ് സ്വന്തം മുറിയുടെ വാതില്‍ തുറന്നിട്ടു കിടക്കുകയാണു്. എങ്കിലും സീനോ അങ്ങോട്ടു നോക്കുക പോലും ചെയ്യാതെ ആശുപത്രിയില്‍ നിന്നു് ഓടി (Confessions of Zeno, Page 46).

ശ്ലീലവും അശ്ലീലവും വേര്‍തിരിക്കാന്‍ എളുപ്പമല്ല. സഭ്യതയുടെ നേര്‍ത്ത അതിര്‍വരമ്പു് എവിടെയാണു് എന്നു കണ്ടു പിടിക്കുക പ്രയാസം. ഇംഗ്ലീഷിലെ ആ നാലക്ഷരമുള്ള വാക്കു് പ്രയോഗിച്ചിട്ടുള്ള പല നോവലുകളും അശ്ലീലങ്ങളല്ല; പ്രയോഗിക്കാത്തവ അശ്ളീലങ്ങളാണു താനും പലപ്പോഴും. സഭ്യതയില്‍ നിന്നു മറുകണ്ടം പാടുന്ന വിഷയമാണു് സ്വേവോ കൈകാര്യം ചെയ്യുന്നതു്. എങ്കിലും വായനക്കാരനു് ഉദ്വേഗം ജനിപ്പിക്കാതെയാണു് അദ്ദേഹം അതു പ്രതിപാദിക്കുന്നതു്. നമ്മുടെ സാഹിത്യകാരന്മാര്‍ അശ്ലീല പ്രതിപാദനത്തില്‍ തല്പരരല്ല ഇപ്പോള്‍. എങ്കിലും ചിലര്‍ അനാഗതശ്മശ്രുക്കളുടെയും അനാഗതാര്‍ത്തവകളുടെയും സിരാപടലങ്ങളില്‍ കാമാഗ്നി ജ്വലിപ്പിച്ചു വിടാന്‍ കൊതിയുള്ളവരാണു്. അവര്‍ ഒരു സിഗ്രറ്റ് എറിയാതെ പതിനൊന്നു സിഗ്രറ്റുകള്‍ എറിയുന്നു. സീനോയെപ്പോലെ പരിപാകമാര്‍ജ്ജിച്ചവര്‍ ഓടുന്നു. കുറച്ചാളുകള്‍ അവയെടുത്തു വലിക്കുന്നു, സുഖിക്കുന്നു.

കഥാപാത്രങ്ങളുടെ ആത്മാവു് അനാവരണം ചെയ്യുന്നതില്‍ മാത്രം എഴുത്തുകാര്‍ ഉത്സുകരായിരിക്കുമ്പോള്‍ രതിവിഷയങ്ങളായ വര്‍ണ്ണനകള്‍ ഉണ്ടായാല്‍ അവ അസുഖപ്രദങ്ങളായിരിക്കുകയില്ല. “Rippling, rippling, rippling like a flapping overlapping of soft flames, soft as feathers, running to points of brilliance, exquisite, exquisite and melting her all molten inside” എന്നു ഡി.എച്ച്. ലോറന്‍സ് എഴുതുമ്പോള്‍ അതു് അശ്ലീലമാണെന്നു് ആരു പറയും? ബഷീറിന്റെ “ശബ്ദങ്ങള്‍” എന്ന കൊച്ചു നോവല്‍ ചേര്‍ത്തലപ്പൂരപ്പാട്ടിനു സദൃശമാണെന്നു പറയുന്നവര്‍ സഹൃദയരല്ല.

നിത്യചൈതന്യയതി

രമണ മഹര്‍ഷി ഒരിക്കല്‍ പറഞ്ഞു: “നിങ്ങള്‍ക്കു് ആത്മജ്ഞാനം ലഭിക്കുന്നതു വരെ സന്ന്യാസിയുടെ അവസ്ഥ എന്തെന്നു് അറിയാന്‍ സാധിക്കില്ല. ചിലര്‍ ചോദിക്കാറുണ്ടു് ശിവനെന്തിനു് കാട്ടില്‍ക്കൂടെ നഗ്നനായി നടന്നു് മഹര്‍ഷി പത്നികളുടെ ചാരിത്രം ധ്വംസിച്ചുവെന്നു്. ഈ ചാരിത്രധ്വംസനത്തെക്കുറിച്ചു പറയുന്ന പുരാണം തന്നെ ശിവന്‍ ഹലാഹലം (ഹാലാ ഹലം എന്നും — ലേഖകന്‍) ഭക്ഷിച്ചു് പ്രപഞ്ചത്തെയും ദേവന്മാരെയും രക്ഷിച്ചതിനെ വിവരിക്കുന്നു. മാരകമായ വിഷത്തില്‍ നിന്നു പ്രപഞ്ചത്തെ രക്ഷിക്കുകയും സന്ന്യാസിമാര്‍ക്കു മോക്ഷം നല്‍കുകയും ചെയ്ത ശിവന്‍ സ്ത്രീകളുടെ ഇടയില്‍ക്കൂടെ നഗ്നനായി നടന്നു. സാധാരണ മനുഷ്യര്‍ക്കു സന്ന്യാസിയുടെ പ്രവര്‍ത്തനത്തിന്റെ പൊരുള്‍ അറിഞ്ഞു കൂടാ. സന്ന്യാസിയെ അറിയാന്‍ കൗതുകമുള്ളവന്‍ സന്ന്യാസിയായിരിക്കണം.” മഹാത്മാഗാന്ധി ആത്മനിയന്ത്രണം പരിശോധിക്കാന്‍ വേണ്ടി അനുഷ്ഠിച്ച ഒരു കൃത്യത്തെ സ്ഥൂലീകരിച്ചു് പ്രതിപാദിച്ചു് അദ്ദേഹത്തെ അധിക്ഷേപിക്കുന്നവര്‍ രമണ മഹര്‍ഷിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കണം. സന്ന്യാസിയായ ഗാന്ധിജിയെ മറ്റൊരു സന്ന്യാസി മനസ്സിലാക്കുന്നതു കാണണമെന്നുണ്ടോ പ്രിയപ്പെട്ട വായനക്കാര്‍ക്കു്? എങ്കില്‍ ശ്രീ. നിത്യചൈതന്യയതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ “എന്റെ ദൈവം” എന്ന ഹൃദ്യമായ ലേഖനം വായിച്ചാലും. ഒരു കാലത്തു മാര്‍ക്സിന്റെ സിദ്ധാന്തങ്ങളില്‍ വിശ്വസിച്ചിരുന്ന നിത്യചൈതന്യയതി ഗാന്ധിജിയോടു വര്‍ഗ്ഗസമരത്തിന്റെ അനിവാര്യതയെക്കുറിച്ചു് ധൈര്യത്തോടെ സംസാരിച്ചു. അന്നു യുവാവായിരുന്ന അദ്ദേഹത്തോടു ഗാന്ധിജി ദേഷ്യപ്പെട്ടില്ല. തനിക്കു സദൃശനായ ഒരാള്‍ തന്നോടു വാദപ്രതിവാദം ചെയ്യുന്നതായി കരുതിക്കൊണ്ടു് ഗാന്ധിജി സത്യത്തിന്റെ മുഖം എന്താണെന്നു് നിത്യചൈതന്യയതിക്കു കാണിച്ചു കൊടുത്തു. റീയലൈസേഷന്റെ — സത്യസാക്ഷാത്കാരത്തിന്റെ — മുഹൂര്‍ത്തമായിരുന്നു അതു്. ആ സന്ദര്‍ഭത്തെ ‘ദൈവം’ എന്നു സ്വാമിജി വിളിക്കുന്നു. ഈ ലേഖനം അല്പജ്ഞനായ എന്നെയും ധന്യതയുടെ നിമിഷത്തിലേക്കു് ഉയര്‍ത്തുന്നു. നിത്യചൈതന്യയതിക്കു് എന്റെ കൃതജ്ഞത.

* * *

നിത്യചൈതന്യയതി ‘മാസ്മരികത’ എന്നൊരു വാക്കു് പ്രയോഗിച്ചിരിക്കുന്നു. അങ്ങനെയൊരു പദമില്ല. മെസ്മറുടെ ഹിപ്നോട്ടിക് ചികിത്സയെയാണു് മെസ്മെറിസം എന്നു വിളിക്കുന്നതു്. മെസ്മറില്‍ നിന്നോ മെസ്മെറിസത്തില്‍ നിന്നോ ഉണ്ടായതാണു് മാസ്മരം. മാസ്മരികത ഈ വാക്കുകള്‍. സ്വാമിജിയുടെ ഈ പ്രയോഗം ഒരളവില്‍ ക്ഷമിക്കത്തക്കതാണു്. ഒരു നാടകത്തില്‍ ശ്രീരാമന്‍ സീതയോടു് “ഭവതിയുടെ മാസ്മരശക്തി” എന്നു പറയുന്നതു കേള്‍ക്കാനിടയായി എനിക്കു്. ശ്രീരാമന്‍ ആ ജര്‍മ്മന്‍ ഡോക്ടര്‍ക്കു മുന്‍പു് ജീവിച്ചിരുന്ന ആളാണല്ലോ. അതുകൊണ്ടു് അദ്ദേഹത്തിന്റെ ഭാഷണത്തില്‍ ‘മാസ്മരം’ എന്ന പദം തിരുകി വച്ചതു് ഒട്ടും ശരിയായില്ല. അതു ക്ഷമിക്കത്തക്കതുമല്ല.

പനച്ചിപ്പുറവും പുനത്തിലും

അനിയതമായതു് കാലമേറെക്കഴി

ഞ്ഞാല്‍ രസാവഹമായിരിക്കും. നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ ഒ.വി. വിജയന്റെ തറവാട്ടിലെ ഒരു മുറിയില്‍ നടന്ന ഒരു ഭീകരസംഭവം ഇന്നു് അറിയുമ്പോള്‍ രസാസ്പദമായി ഭവിക്കുന്നു. വിജയന്റെ പ്രപിതാമഹനോ അദ്ദേഹത്തിന്റെ മുന്‍ തലമുറയിലുള്ള ആരോ ആണു് ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ പോകുന്ന വ്യക്തി. ആ ഗൃഹനായകന്‍ ജന്നലിലൂടെ മുറ്റത്തു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിലം കൊയ്തുകൊണ്ടുവന്നു് കറ്റകള്‍ മുറ്റത്തിട്ടിരിക്കുന്നു. വേലക്കാരനും ഹൃഹനായികയും കറ്റ മെതിക്കുന്നുണ്ടു്. അപ്പോള്‍ അദ്ദേഹം ഒരു കാഴ്ച കണ്ടു. സുന്ദരിയായ ഭാര്യയുടെ തലമുടിയില്‍ ഉടക്കിയ ഒരു വയ്ക്കോല്‍ത്തുരുമ്പു് യുവാവായ വേലക്കാരന്‍ മന്ദസ്മിതത്തോടുകൂടി എടുത്തു കൊടുത്തു. മധുരമന്ദസ്മിതം കൊണ്ടു് ഗൃഹനായിക അതിനു നന്ദി പ്രകാശിപ്പിച്ചു. ഇതു കണ്ട അദ്ദേഹത്തിനു സംശയമായി. അറയില്‍ നെല്ലിടാനും നെല്ലു് അളക്കാനും വേണ്ടി പോകുന്ന ഭാര്യയെയും ആകാരസൌഷ്ഠവമാര്‍ന്ന പരിചാരകനെയും അദ്ദേഹം സൂക്ഷിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹത്തിന്റെ സംശയം നിശ്ചയമായി. പിന്നെ അധിക ദിവസം അദ്ദേഹം കാത്തുനിന്നില്ല. ഭാര്യയ്ക്കും വേലക്കാരനും ഉടുക്കാന്‍ കോടിവസ്ത്രങ്ങള്‍ അദ്ദേഹം തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു. സദ്യ ഒരുക്കാന്‍ ഭാര്യയോടു് ആജ്ഞാപിച്ചു. വിസ്മയാധീനയായി ആ സ്ത്രീ അതൊക്കെ അനുസരിച്ചു. കളിച്ചെത്തിയ ഭാര്യയോടും വേലക്കാരനോടും കോടി വസ്ത്രങ്ങള്‍ ധരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം സദ്യ. ഊണു കഴിഞ്ഞു് മൂന്നു പേരും പത്തായമിരിക്കുന്ന അറയില്‍ എത്തി. എന്നിട്ടു് ഭാര്യയോടു് ഭര്‍ത്താവു് ചോദിച്ചു: “എടീ, ഇവിടെ വച്ചല്ലേ നീ എന്റെ വിശുദ്ധമായ ദാമ്പത്യ ജീവിതം തകര്‍ത്തതു്?” അദ്ദേഹം ആദ്യം വെട്ടുകത്തിക്കൊണ്ടു് വേലക്കാരന്റെ കഴുത്തു മുറിച്ചു. രണ്ടാമതു് ഭാര്യയുടെയും രണ്ടു ശരീരങ്ങളില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ രക്തം അറയിലെ തടിച്ചുവരുകളില്‍ തെറിച്ചു വീണു. ആ ചോരപ്പാടുകള്‍ ഇന്നും മാഞ്ഞു പോയിട്ടില്ല. ഗൃഹനായകന്‍ ചോര പുരണ്ട വെട്ടുകത്തി ഒരു കൈയിലും ശരീരമറ്റ രണ്ടു തലകള്‍ മറ്റേക്കൈയിലുമെടുത്തു് പൊലീസ് സ്റ്റേഷനിലെത്തി. കുറ്റം ഏറ്റു പറഞ്ഞു. ജീവപര്യന്തം തടവിനാണു് കോടതി അദ്ദേഹത്തെ ശിക്ഷിച്ചതു്. പ്രതി കൊലപാതകിയാണെങ്കിലും മാന്യനും നല്ല സ്വഭാവമുള്ളവനും ആയിരുന്നതിനാല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നാലു വര്‍ഷത്തിനു ശേഷം ജയിലില്‍ നിന്നു മോചിപ്പിച്ചു (എഡ്വേര്‍ഡ് ഏഴാമന്റെ ഭരണകാലം). കാരാഗൃഹത്തില്‍ നിന്നിറങ്ങിയ ആ മനുഷ്യന്‍ വലതുകൈ കൂടക്കൂടെ വെട്ടിക്കുമായിരുന്നു. ഭാര്യയുടെ തലയില്‍ നിന്നു് വൈക്കോല്‍ത്തുരുമ്പു് വേലക്കാരന്‍ എടുത്തില്ലേ? അതിനെ സൂചിപ്പിക്കുന്ന ചേഷ്ടയാവാമതു്. കാലം കഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഈ സംഭവത്തിനു് ഭീകരതയില്ല. അതിനു് ഒരു റൊമാന്റിക് പരിവേഷം സിദ്ധിച്ചിരിക്കുന്നുവെന്നു് ഒ.വി. വിജയന്‍ എന്നോടു പറഞ്ഞു.

പിരിലൂസുകളുടെ പ്രവര്‍ത്തനങ്ങളും നമ്മെ രസിപ്പിക്കും. ബര്‍ണാഡ് ഷാ കിടക്കയില്‍ കിടന്നുകൊണ്ടാണത്രേ നാടകങ്ങളെല്ലാം എഴുതിയതു്. കിടക്കയില്‍ത്തന്നെ ഒരു കൊച്ചു മേശ അദ്ദേഹം ഘടിപ്പിച്ചിരുന്നു. പിന്നെ വിശ്രമിക്കണമെന്നു തോന്നുമ്പോള്‍ ഷാ കിടക്കയില്‍ നിന്നു് എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയോ നില്‍ക്കുകയോ ചെയ്യും.

പേര്‍ഷ്യയിലെ ഷാ ആയിരുന്ന നാസിറുദ്ദീന്‍ (1837–1884) നീളം കൂടിയ മീശയ്ക്കു കുപ്രസിദ്ധനായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ജയിലു കാണാന്‍ പോയി. കഴുമരം കണ്ടിട്ടു് അതു് ഉപയോഗിക്കുന്നതെങ്ങനെയാണെന്നു കണ്ടാല്‍ കൊള്ളാമെന്നു പറഞ്ഞു. ആരെയും തൂക്കിക്കൊല്ലാനില്ലല്ലോ എന്നു ജയിലധികാരികള്‍ അറിയിച്ചപ്പോള്‍ “എന്റെ കൂടെ വന്നവരില്‍ ആരെയെങ്കിലും തൂക്കിലേറ്റു” എന്നു ഷാ പറഞ്ഞു പോലും.

അമേരിക്കന്‍ സി.ഐ.എ.യുടെ പ്രേരണയാല്‍ 1973-ല്‍ വധിക്കപ്പെട്ട ചില്ലിയിലെ പ്രസിഡന്റ് സാല്‍വാതോര്‍ ആയേന്ദേ (Salvador Allende) പ്രസിഡന്റാകുന്നതിനു് അല്പം മുമ്പു് ഇംഗ്ലണ്ടിലെ ഫിലിപ്പ് രാജകുമാരനെ ബഹുമാനിക്കാന്‍ നടത്തിയ സ്റ്റേറ്റ് ബാന്‍ക്വിറ്റില്‍ പങ്കുകൊള്ളാനെത്തി. സാധാരണക്കാരന്റെ വേഷം ധരിച്ചെത്തിയ അദ്ദേഹത്തോടു് രാജകുമാരന്‍ ചോദിച്ചു: “എന്താ ഈ വേഷം?്” അദ്ദേഹം മറുപടി പറഞ്ഞു. “എന്റെ പാര്‍ട്ടിക്കു പണമില്ല. പാവങ്ങളുടെ പാര്‍ട്ടിയാണതു്.്” ഫിലിപ്പ് വീണ്ടും ചോദിച്ചു: “നീന്തല്‍ വേഷം ധരിച്ചു വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താങ്കള്‍ അങ്ങനെ തന്നെ വരുമോ?” ആയേന്ദേ പറഞ്ഞു: “ഒരിക്കലുമില്ല സര്‍, എന്റെ പാര്‍ട്ടി ഗൗരവമുള്ള പാര്‍ട്ടിയാണു്.്”

ഈ അനിയതത്വമോ വിചിത്ര സ്വഭാവമോ ആണു് ജോസ് പനച്ചിപ്പുറത്തിന്റെ “ഒരേയൊരു മരം” എന്ന കഥയിലുള്ളതു്. ഇന്റര്‍വ്യൂ നടത്തുന്ന മനഃശാസ്ത്രജ്ഞന്‍ ഉദ്യോഗാര്‍ത്ഥിയോടു മരത്തിന്റെ പടം വരയ്ക്കാന്‍ ആവശ്യപ്പെടുന്നു. മനഃശാസ്ത്രജ്ഞന്‍ മരത്തില്‍ കെട്ടിയ കയറില്‍ തൂങ്ങുന്നതായി അയാള്‍ ചിത്രം വരയ്ക്കുന്നു. വിശേഷിച്ചൊരു പോയിന്റുമില്ലെങ്കിലും ആഖ്യാനപാടവം പ്രദര്‍ശിപ്പിക്കുന്ന കഥയാണിതു്. “എനിക്കു വേണ്ടതു മാജിക്. ഞാന്‍ സത്യം പറയുകയല്ല. സത്യമാകേണ്ടതു് എന്താണോ അതാവിഷ്കരിക്കുകയാണു്” എന്നു് അമേരിക്കന്‍ നാടകകര്‍ത്താവായ ടെനസ്സി വില്യംസ് പറഞ്ഞു. ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള സ്വപ്നത്തിലൂടെ, മാജിക്കിലൂടെ സത്യമാകേണ്ടതു് ഭംഗിയായി ആലേഖനം ചെയ്യുന്നു (മനോരമ ആഴ്ചപ്പതിപ്പിലെ “ആര്‍. കെ. മലയത്തു്” എന്ന ചെറുകഥ). കഥയുടെ സംഗ്രഹം നല്കിയാല്‍ വായനക്കാരനു രസഭംഗമുണ്ടാകും. അതുകൊണ്ടു് സംക്ഷേപണം ഒഴിവാക്കട്ടെ.

നെട്ടോട്ടം

തന്റെ ധര്‍മ്മരോഷത്തെ ജ്വലിപ്പിച്ചു വിടുന്ന അനീതികളെ ഏതൊരു എഴുത്തുകാരനും പരിഹാസപരമായോ ഗൌരവപൂര്‍ണ്ണമായോ പ്രതിപാദിക്കാനുള്ള അധികാരമുണ്ടു്. ആരും അതു ചോദ്യം ചെയ്യുകയില്ല. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തില്‍ ഇന്നു സ്ട്രിപ്പ് ഡാന്‍സ് നടത്തുന്ന കത്സിതത്വങ്ങളെ അശോകന്‍ ചരുവിലിനോടൊപ്പം ഞാനും നിന്ദിക്കുന്നു. പക്ഷേ നിന്ദനം ചെറുകഥയിലൂടെയാവുമ്പോള്‍ അതു കലാപരമായിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ കഥയെഴുതണമെന്നില്ല. ലഘുലേഖ അച്ചടിച്ചു വിതരണം ചെയ്താല്‍ മതി.

കോണ്‍ഗ്രസ്സുകാരനായ (ഖദര്‍ധാരിയെന്നു മാത്രമേ അശോകന്‍ പറയുന്നുള്ളു) ഒരു രവികുമാരന്‍ പിള്ളയുടെ ദുഷിച്ചതും വികൃതവുമായ രാഷ്ട്രീയജീവിതവും സ്വകാര്യജീവിതവുമാണു് കഥാകാരന്റെ ഉപലംഭങ്ങള്‍ക്കു ഹേതുക്കളാവുന്നതു്. രവികുമാരന്‍ പിള്ള വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്തു് ആരോ ചുമരില്‍ ‘രവികുമാരന്‍ പിള്ള നമ്മെ നയിക്കും’ എന്നെഴുതിവച്ചു. ‘നയിക്കും’ എന്നതിലെ ‘യി’ മാറ്റി ‘നക്കും’ എന്നാക്കി വേറൊരാള്‍. അന്നത്തെ ആ ഭാവികഥനം ശരിയായി. രവികുമാരന്‍ പിള്ള പണത്തിനു വേണ്ടി, പെണ്ണിനു വേണ്ടി, മദ്യത്തിനു വേണ്ടി നക്കാന്‍ തുടങ്ങി. ഇയാളെപ്പോലുള്ള പലരെയും ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ടു്. പക്ഷേ അശോകന്‍ ചരുവിലിന്റെ കഥയ്ക്ക് സാഹിത്യത്തിന്റെ മണ്ഡലത്തില്‍ പ്രവേശമില്ല. എഴുത്തുകാരന്റെ കലാപരങ്ങളായ മാര്‍ഗ്ഗങ്ങള്‍ക്കു സമ്പൂര്‍ണ്ണമായ വ്യാപ്തി ഉണ്ടാകുമ്പോഴാണു് കഥ സാഹിത്യത്തിന്റെ ലോകത്തു ചെന്നു ചേരുന്നതു്. അശോകന്‍ ചരുവിലിനു് ആ മാര്‍ഗ്ഗങ്ങളില്ല, അവയ്ക്കു വ്യാപ്തിയുമില്ല. ആകെയുള്ളതു് നിന്ദനമെന്ന ഫോര്‍മ്യൂല മാത്രം. ഉള്‍ക്കാഴ്ചയില്ലാതെ, പ്രതിപാദ്യവിഷയത്തിന്റെ സാരാംശം ഗ്രഹിക്കാതെ ‘ആള്‍ജിബ്രേയിക് സിംബലുകള്‍’ കൊണ്ടു് തത്ത്വമാവിഷ്കരിച്ചാല്‍ കലയാവുമോ? ബൂര്‍ഷ്വാ നാടകകര്‍ത്താവായ ഗര്‍ഹാര്‍ട്ട് ഹൗപ്റ്റ്മാന്‍ ‘വീവേഴ്സ്’ എന്ന നാടകമെഴുതി ജര്‍മ്മന്‍ കൈസറെ പേടിപ്പിച്ചു. ബ്രിഹ്റ്റ് ചുവപ്പു തുണിയില്ലാതെ, ചുവപ്പു നൂലു പോലും ഇല്ലാതെ വിപ്ലവാത്മകങ്ങളായ നാടകങ്ങള്‍ രചിച്ചു. ഇക്വേറ്റ് ചെയ്യുകയല്ല ഞാന്‍. അശോകന്‍ ചരുവില്‍ ചുവന്ന കൊടി വീശിക്കൊണ്ടു് വ്യര്‍ത്ഥമായി നെട്ടോട്ടം ഓടുന്നു.

എബ്രഹാം ലിങ്കണ്‍ന്റെ ഒരു നേരമ്പോക്കു് ഓര്‍മ്മയിലെത്തുന്നു. എത്ര കണ്ടു് യുക്തിയുക്തമായി സംസാരിച്ചിട്ടും പ്രതിയോഗി വഴങ്ങുന്നില്ലെന്നു കണ്ടു് ലിങ്കണ്‍ അയാളോടു ചോദിച്ചു: “പശുവിനു് എത്ര കാലുണ്ടു്?”

“നാലു്.്”

“അതിന്റെ വാലിനെക്കൂടി കാലായിക്കരുതിയാല്‍ എത്ര കാലു്?്”

പ്രതിയോഗിയുടെ മറുപടി: “അഞ്ചു്.”

ലിങ്കണ്‍: “അവിടെയാണു നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു്. പശുവിന്റെ വാലിനെ കാലെന്നു വിളിച്ചാല്‍ അതു കാലാവുമോ?്”

പ്രചാരണ സ്വഭാവമുള്ള രചനകളെ കഥകളെന്നു വിളിച്ചാല്‍ അവ കഥകളാവുമോ?

പൂച്ചമല്ലന്റെ പ്രയോഗം

പണ്ടു് — എന്നു പറഞ്ഞാല്‍ വളരെപ്പണ്ടല്ല — ഒരു നാട്ടുരാജാവിനു പട്ടാളം കമന്‍ഡാന്റിന്റെ ഭാര്യയുമായി ലൈംഗികബന്ധമുണ്ടായിരുന്നു. കമന്‍ഡാന്റില്ലാത്ത സമയം നോക്കി രാജാവു് അയാളുടെ ഭാര്യ മദാമ്മയെ പ്രാപിക്കാന്‍ ചെല്ലും. അങ്ങനെ പ്രാപിച്ചുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍ സായ്പ് വന്നു വാതിലില്‍ തട്ടി. മദാമ്മയും രാജാവും പരിഭ്രമിച്ചു. എങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ധൈര്യം കാണിക്കാറുണ്ടു്. മദാമ്മ മറുവശത്തെ വാതില്‍ തുറന്നു്, കോണിപ്പടിയിലൂടെ ഇറങ്ങിപ്പോകാന്‍ തിരുമേനിയോടു് ആംഗ്യം കാണിച്ചു. എന്നിട്ടു് തട്ടുകേട്ട വാതില്‍ തുറന്നു. സായ്പ് സംശയിച്ചു് എത്തിയവനാണു്. അയാള്‍ ഓടി മറുവശത്തെ വാതില്‍ക്കല്‍ വന്നു നോക്കി. രാജാവല്ലേ. വെണ്ണയും പാലും കഴിച്ചു് ജീവിക്കുന്നയാള്‍. ഓരോ പടിയും ഇറങ്ങുന്നതു് പതുക്കെപ്പതുക്കെ സായ്പിന്റെ കൈയില്‍ തോക്കില്ലായിരുന്നു. പെട്ടെന്നു നോക്കിയപ്പോള്‍ മേശപ്പുറത്തു് ഒരു വലിയ റൂള്‍ത്തടി ഇരിക്കുന്നു. അതെടുത്തു് അയാള്‍ തിരുമേനിയെ എറിഞ്ഞു. റൂള്‍ത്തടി മുതുകിലേറ്റ രാജാവു് താഴെ വീണു. അക്കാലത്തു് കാറും പൈലറ്റ് കാറും ഒന്നുമില്ലായിരുന്നു. കുതിര വണ്ടിയിലാണു് തിരുമേനി വ്യഭിചരിക്കാന്‍ എത്തിയതു്. രാജഭക്തനായ വണ്ടിക്കാരന്‍ ഏറു കൊണ്ടു വീണ രാജാവിനെ എടുത്തു് വണ്ടിയില്‍ കിടത്തി കൊട്ടാരത്തിലേക്കു പോയി. അവിടെച്ചെന്നയുടനെ തിരുമേനി …ക്കുളങ്ങരെയുള്ള ചട്ടമ്പി പൂച്ചമല്ലനെയും കൂട്ടുകാരെയും വരുത്തി. കല്പനയായി. “മല്ലാ, മറ്റന്നാള്‍ വൈകുന്നേരം പട്ടാളം കമന്‍ഡാന്റ് കടപ്പുറത്തു് കാറ്റു കൊള്ളാന്‍ വരും. നീയും കൂട്ടുകാരും അയാളെപ്പിടിച്ചു് അയാളുടെ മീശയിലെ ഓരോ രോമവും പിഴുതെടുക്കണം. ആ സമയത്തു് ഞാന്‍ അവിടെ വന്നു് നിങ്ങളെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കും. പിന്നീടു് നിങ്ങളെ സ്വര്‍ണ്ണവും തന്നു വിട്ടയയ്ക്കും. മനസ്സിലായോ?”

“അടിയന്‍, കല്പന പോലെ.്”

പറഞ്ഞതു പോലെ സംഭവിച്ചു. പൂച്ചമല്ലനും കൂട്ടുകാരും സായ്പിന്റെ മീശ ഓരോ രോമമായി പിഴുതെടുത്തു. ചോര പൊടിയുന്ന മേല്‍ച്ചുണ്ടിന്റെ മേല്‍ഭാഗവുമായി സായ്പ് പിടഞ്ഞു. നിലവിളിച്ചു. മീശ മിക്കവാറും തീര്‍ന്നപ്പോള്‍ രാജാവു് ചെന്നു് സായ്പിനെ രക്ഷപ്പെടുത്തി.

കഥയാണെന്നു തോന്നുന്നുണ്ടാവും വായനക്കാര്‍ക്കു്. കഥയല്ല, സത്യം തന്നെ. പോയിന്റ് അതല്ല. സായ്പിനു മീശ ഇല്ലായിരുന്നെങ്കിലോ? മല്ലന്‍ എന്തുചെയ്യും? തലമുടി ഓരോ നാരായി പിഴുതെടുക്കുമായിരിക്കും. അതത്ര വേദന ഉണ്ടാക്കുകയുമില്ല. തലമുടി ഒട്ടുമില്ലാത്ത മുഴുക്കഷണ്ടിക്കാരനാണു് സായ്പെങ്കിലോ? എനിക്കറിഞ്ഞുകൂടാ. റൂള്‍ത്തടികൊണ്ടുള്ള ഏറു കൊണ്ട രാജാവിനേ മാര്‍ഗ്ഗം തോന്നൂ. എനിക്കു തോന്നുന്നില്ല. സ്ത്രീകളുടെ ചെറുകഥകള്‍ മീശയില്ലാത്ത, മുഴുക്കഷണ്ടിയുള്ള, പട്ടാളം കമന്‍ഡാന്റുകളാണു്. എനിക്കു് പിഴുതെടുക്കാന്‍ ഒന്നുമില്ല. ഉഷ റ്റി. സാവിത്രി എഴുതിയ ‘അഹല്യ’ എന്ന കഥ ദീപിക വാരികയില്‍ “അച്ചുക്കൂടക്കാരന്റെ അഭിമര്‍ദ്ദ പീഡയേറ്റു്” വന്നിരിക്കുന്നു. വേണു ഭാര്യയെ സ്നേഹിക്കുന്നില്ല. വേണുവിന്റെ അനിയന്‍ അവളെ സ്നേഹിക്കുന്നു. താന്‍ അഹല്യയാണെന്നും തന്റെ ശ്രീരാമനായ വേണു മോക്ഷം നല്കാന്‍ എത്തുമെന്നും ഉദ്ഘോഷിച്ചുകൊണ്ടു് അയാളുടെ പ്രണയാഭ്യര്‍ത്ഥന അവള്‍ തിരസ്കരിക്കുന്നു. മേല്‍മീശയില്ലാത്ത, തലമുടിയില്ലാത്ത സായ്പ് പീഡിപ്പിക്കാന്‍ വയ്യാതെ, സ്വര്‍ണ്ണം തൃക്കൈയില്‍ നിന്നു വാങ്ങാതെ ഞാന്‍ നിഷ്ക്രമിക്കട്ടെ.

ഭയങ്കരത്വവും മറ്റും

പൌരദ്ധ്വനി വാരികയിലെ “നിന്റെ ദുഃഖം എന്റെയും” എന്ന കഥ. എസ്.കെ. കുറ്റിക്കാട്ടു് രചയിതാവു്. ശകുന്തള എന്ന പെണ്‍കുട്ടിയെ ചിലര്‍ പീഡിപ്പിക്കുന്നു. അവള്‍ ഒരു ഇഞ്ചിനീയറെ ശരണം പ്രാപിക്കുന്നു. എസ്.കെ. കുറ്റിക്കാട്ടിന്റെ തൂലിക ഈ ഭയങ്കരത്വം മാത്രമല്ല ഇനിയും പല ഭയങ്കരത്വങ്ങളും സൃഷ്ടിക്കുമെന്നു് ഞാന്‍ അറിയുന്നു. കൊല്ലം ശിവകുമാര്‍ കുമാരി വാരികയില്‍ എഴുതിയ മരണം എന്ന കാവ്യം. സാമ്പിളിനു മൂന്നു വരികള്‍: “കഷ്ടം മഹാകഷ്ടം, കഷ്ടം മഹാകഷ്ടം വര്‍ഷങ്ങളായി ചികിത്സയിലൂടുള്ള സമ്പാദ്യങ്ങളെല്ലാം പൊലിഞ്ഞുപോയ്…” ഭാവനയെക്കൂടി കൊല്ലുന്ന ഈ കാവ്യത്തിന്റെ പേരു് അന്വര്‍ത്ഥം തന്നെ. കഥാ മാസികയില്‍ ഹൈന്റിഹ് ബോയ്ലിന്റെ Laughter എന്ന കഥയുടെ ഭാഷാന്തരീകരണം. തര്‍ജ്ജമയ്ക്കു ഗുരുത — ഹെവിനെസ്സ് — വന്നിട്ടുണ്ടെങ്കിലും രത്നമാണു് ഈ ചെറുകഥ. ബോയ്ലിന്റെ ആത്മാവു് കലയായി രൂപം കൊള്ളുകയാണിവിടെ. കുങ്കുമംവാരികയില്‍ കിടുവത്ത് ഗോപാലന്‍ എഴുതിയ ‘അദ്ഭുതസൃഷ്ടികള്‍’ എന്ന കഥ. സുന്ദരിയായ പെണ്‍കുട്ടിയുടെ മുന്‍പില്‍ യുവാവു് വന്നു നില്ക്കുന്നു. അവള്‍ പതറുമ്പോള്‍ അയാള്‍ പറയുന്നു: “നീ [അമ്പലത്തില്‍ച്ചെന്നു്] പ്രാര്‍ത്ഥിച്ചതു ഞാന്‍ കേട്ടു. കാമദേവനെപ്പോലെ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ നിന്റെ മുറിയില്‍ പ്രത്യക്ഷപ്പെടണമെന്നു് നീ പ്രാര്‍ത്ഥിച്ചില്ലേ. ഞാനിതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.” തനിക്കു തെറ്റുപറ്റിയതാണെന്നു പെണ്‍കുട്ടി. വിടര്‍ന്നു നില്ക്കുന്ന റോസാപ്പൂവിനെ ചെടിയില്‍ നിന്നു് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അതൊന്നു പിറകോട്ടു മാറുമല്ലോ. അതേ പ്രതീതി. (റോസാപ്പൂവിനെക്കുറിച്ചുള്ള ഈ അലങ്കാരപ്രയോഗം യൂഗോയുടെ പാവങ്ങള്‍ വായിച്ച ഓര്‍മ്മയില്‍ നിന്നാണു്.) ഒരു സ്ത്രീയുടെ ജീവിതദുഃഖമാണു് കൊച്ചമ്മിണി പെരിങ്ങളം എഴുതിയ “വന്ധ്യയുടെ കണ്ണുനീ”രിലുള്ളതു് (വനിത). വായനക്കാര്‍ ബലിമൃഗങ്ങളായി മാറുന്നു ഇവിടെ.

* * *

ആരെ ലക്ഷ്യമാക്കി ഹാസ്യം പ്രയോഗിക്കുന്നുവോ അയാളെയും അതു രസിപ്പിച്ചാല്‍ അതുതന്നെയാണു് ഉത്തമ ഹാസ്യമെന്നു കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞിട്ടുണ്ടു്. തിരുവനന്തപുരത്തെ ടൗണ്‍ ഹാള്‍. തോപ്പില്‍ ഭാസിയുടെ നാടകം. മുന്‍വശത്തെ വരിയില്‍ ഇടത്തേയറ്റത്തു് ഞാന്‍. വലത്തേയറ്റത്തു് എന്റെ മകള്‍. വരിയുടെ ഇടതുഭാഗത്തു് ഞാന്‍ ഉള്‍പ്പെടെ മൂന്നോ നാലോ പുരുഷന്മാരേയുള്ളു. മറ്റുള്ളവരെല്ലാം പെണ്‍കുട്ടികള്‍. എന്റെ നേരെ പിറകിലിരുന്ന ഒരു പെണ്‍കുട്ടി അവളുടെ അമ്മയോടു പറയുന്നതു് ഞാന്‍ കേട്ടു: “അമ്മാ നമ്മുടെ മുന്‍പില്‍ ഇരിക്കുന്നയാള്‍ കൃഷ്ണന്‍ നായര്‍ സാര്‍. അതാ വലതു ഭാഗത്തു് അറ്റത്തിരിക്കുന്നതു് സാറിന്റെ മകള്‍ ലേഖ, എന്റെ കൂട്ടുകാരി.” അതുകേട്ടു് അമ്മ ചോദിച്ചു: “അയ്യോ, അച്ഛന്‍ ഒരറ്റത്തും മകള്‍ മറ്റേയറ്റത്തും ഇരിക്കുന്നതെന്തിനു്? അടുത്തടുത്തു് ഇരുന്നുകൂടേ?” നര്‍മ്മബോധമുള്ള

പെണ്‍കുട്ടി മറുപടി നല്കി: “അയ്യയ്യോ, ഒരറ്റം തൊട്ടു മറ്റേയറ്റം വരെ സാറിന്റെ മക്കള്‍ തന്നെയാണു് അമ്മാ.” എന്റെ സന്താനസംഖ്യാബലത്തെ പെണ്‍കുട്ടി ഇങ്ങനെ പരിഹസിച്ചു കേട്ടപ്പോള്‍ ഞാന്‍ പൊട്ടിചിരിച്ചു. ഉത്തമഹാസ്യം.

പ്രൈമറി സ്കൂളിന്റെ വാര്‍ഷികാഘോഷം. പിള്ളേരിരുന്നു് ‘ഈക്കീക്കിത്തമ്പലം’ കളിക്കുന്നു. അവരെ നോക്കി വിരൂപനായ സാഹിത്യകാരന്‍ സന്താന നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്നു. ഒന്നര മണിക്കൂറായി. നിര്‍ത്തുന്നതേയില്ല. സഹികെട്ടു. അദ്ധ്യക്ഷനായ ശൂരനാട്ടു കുഞ്ഞന്‍ പിള്ള സാറ് എന്റെ കാതില്‍: “കൃഷ്ണന്‍ നായരേ എന്തിനു് ഈ പ്രസംഗം. ഇയാള്‍ ഏതു സ്ത്രീയുടെ മുന്‍പില്‍ച്ചെന്നു നിന്നാലും അവള്‍ക്കു സന്താനനിയന്ത്രണത്തിനുള്ള ആഗ്രഹം ഉണ്ടാകുമല്ലോ.” ഫലിതം കൊള്ളാം. എങ്കിലും സാഹിത്യകാരന്‍ അതു കേള്‍ക്കാനിടയായാല്‍ രസിക്കുമോ?

സാന്തായാനായും കുറ്റിപ്പുഴയും

ബസ്സ് റ്റേര്‍മിനസ്സില്‍ വന്നു നിന്നു. യാത്രക്കാര്‍ തിരക്കോടെ, തള്ളിയും ഉന്തിയും പുറത്തേക്കു് ഇറങ്ങുന്നു. ഒരാള്‍ മാത്രം ഇരിപ്പിടത്തില്‍ നിന്നു് അനങ്ങുന്നില്ല. എല്ലാവരും ബസ്സില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റു. പതുക്കെ ബസ്സില്‍ നിന്നിറങ്ങി. ആരാണദ്ദേഹം? വിശ്വവിഖ്യാതനായ ദാര്‍ശനികന്‍ സാന്തായാനാ. താന്‍ ഉള്‍ക്കൊണ്ട തത്ത്വചിന്തയ്ക്കു യോജിച്ച പ്രശാന്തത.

മുണ്ടശ്ശേരിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുകയാണു്. കുട്ടിക്കൃഷ്ണ മാരാര്‍ പ്രസംഗിക്കുന്നു. പ്രഭാഷണത്തിനിടയില്‍, ഒരെഴുത്തുകാരന്‍ പണ്ടു ഗാന്ധിജിയെ നിന്ദിച്ചതിനെക്കുറിച്ചു് അദ്ദേഹം വേദനയോടെ പരാമര്‍ശിച്ചു. ആ ‘ഒരെഴുത്തുകാരന്‍’ താനാണെന്നു മനസ്സിലാക്കിയ കുറ്റിപ്പുഴ കൃഷ്ണപിള്ള ചാടിയെഴുന്നേറ്റു് മര്യാദ ലംഘിക്കുന്ന രീതിയില്‍ മാരാര്‍ക്കു മറുപടി നല്കി. കുട്ടിക്കൃഷ്ണ മാരാരല്ലേ? ചങ്കില്‍ തറയ്ക്കുന്ന ചില വാക്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. കുറ്റിപ്പുഴയെ ആരോ പിടിച്ചിരുത്തി. ഇല്ലെങ്കില്‍ ബഹളം ഉണ്ടായേനെ. ഈ സംഭവം ഓര്‍മ്മയിലെത്തിയതു് തകഴിയുടെ ആത്മകഥാപരമായ ലേഖനം വായിച്ചതുകൊണ്ടാണു് (കലാകൗമുദി). സ്കൂള്‍ വിട്ടു് ചിത്രശലഭങ്ങളെപ്പോലെ പെണ്‍കുട്ടികള്‍ ഓടിപ്പോകുന്നതു കണ്ടു് കുറ്റിപ്പുഴ പറഞ്ഞു: “അയ്യോ ഇവറ്റകളെല്ലാം പെറാന്‍ തുടങ്ങിയാല്‍ ഈ ലോകത്തു നിന്നു തിരിയാനൊക്കുമോ?” തത്ത്വചിന്ത പലര്‍ക്കും മുഖാവരണമാണു്. സാന്തായാനായെപ്പോലുള്ള ചിലര്‍ക്കേ അതു് ആത്മാവിന്റെ ഒരംശമായി ഭവിച്ചിട്ടുള്ളു.