close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 09 07


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 09 07
ലക്കം 573
മുൻലക്കം 1986 08 31
പിൻലക്കം 1986 09 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇസ്രായേലിലെ പേരുകേട്ട എഴുത്തുകാരിയാണ് റേമണ്ടഹാവ തവിൽ. അവരുടെ ആത്മ കഥാപരമായ “എന്റെ വീടു്, എന്റെ തടവറ” എന്ന പുസ്തകത്തിൽ പെൺകുട്ടികളിൽ രതി ആവിർഭവിച്ചു വികാസം കൊള്ളുന്നതെങ്ങനെയെന്നു മനോഹരമായി വർണ്ണിച്ചിട്ടുണ്ടു്. അറബിപ്പെൺകുട്ടിയായ തവിൽ ഇസ്രായേലിലെ പട്ടണമായ ഹൈഫയിലെ ഒരു കോൺവെന്റ് സ്‌ക്കൂളിൽ പഠിക്കാനെത്തി. ഫ്രഞ്ച് കന്യാസ്ത്രീകളായിരുന്നു തവിലിനെയും കൂട്ടുകാരികളെയും പഠിപ്പിച്ചിരുന്നതു്. അവർ പെൺകുട്ടികളുടെ ലൈംഗികാഭിലാഷങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു; പക്ഷേ വിജയം പ്രാപിച്ചില്ല. ജീവിതത്തെക്കുറിച്ചും വിശേഷിച്ച് ലൈംഗിക ജീവിതത്തെക്കുറിച്ചും അരോഗമായ ജിജ്ഞാസയുള്ള ആരോഗ്യമുള്ള പെൺകുട്ടികളായിരുന്നു അവർ. കന്യാസ്ത്രീകൾ പള്ളിയിൽ പ്രാർത്ഥിക്കാൻ പോകുമ്പോൾ കുട്ടികൾ പഠിച്ചുകൊള്ളണമെന്നാണ് നിയമം. പക്ഷേ അവരിലൊരാൾ അപ്പോൾ എഴുന്നേറ്റു് അവരുടെ അച്ഛനമ്മമാർ ശയനീയങ്ങളിൽ അനുഷ്ഠിക്കുന്നത് എന്താണെന്നു വിശദീകരിച്ചു പ്രസംഗിക്കും. പടങ്ങളും വരയ്‌ക്കും ബ്ലാക്ക് ബോർഡിൽ. അവ കാണുന്ന പെൺകുട്ടികൾ ചിരിക്കും. ഒരു ദിവസം ഒരു കന്യാസ്ത്രീ അവിടെ കയറിവന്നു. ചിരിയുടെ കാരണമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുക്കാൻ പറ്റുമോ? വളരെ തിടുക്കത്തിൽ അവർ ഒരു കാരണം കണ്ടുപിടിച്ചു.

ഒരു ദിവസം ഒരു കന്യാസ്ത്രീ അവരെ കടപ്പുറത്തു കൊണ്ടുപോയി. ‘സാഹസങ്ങൾ’ അന്വേഷിച്ച് അവർ നടക്കുകയായി. കന്യാസ്ത്രീ അങ്ങു ദൂരെ നിൽക്കുകയാണ്. അങ്ങനെ നടക്കുമ്പോൾ ഒരു കാഴ്ച അവരുടെ കണ്ണിൽപ്പെട്ടു. കാമുകിയും കാമുകനും കടൽത്തീരത്ത് പ്രേമലീലകളിൽ ഏർപ്പെട്ടിരിക്കുന്നു. പെൺകുട്ടികൾ മരത്തിൽ കയറിനിന്നു നോക്കി. അനന്തകാലത്തിന്റെ പ്രതീതി ഉളവാക്കിക്കൊണ്ട് അവർ ലൈംഗികവേഴ്ചയുടെ അനുഷ്ഠാന മുറകളിൽ വ്യാപരിക്കുന്നു. തവിൽ നോക്കി; മോഹത്തിന് അടിമയായി. ജിജ്ഞാസയുടെയും ഉത്കടവികാരത്തിന്റെയും സങ്കലനം അവളെ സമാക്രമിച്ചു. ആ ഇന്ദ്രിയാനുഭൂതി അവൾ മറക്കുകയേയില്ല. തന്റെ പഞ്ചേന്ദ്രിയങ്ങളും തുറക്കപ്പെട്ടു എന്ന് അവൾക്കൊരു തോന്നൽ. ഒറ്റച്ചാട്ടത്തിന് തവിൽ ശൈശവത്തിൽ നിന്ന് യൗവ്വനത്തിന്റെ പ്രാരംഭത്തിലെത്തി. കാമുകിയും കാമുകനും വിരമിച്ചപ്പോൾ പെൺകുട്ടികൾ ആഹ്ലാദാധിക്യത്തോടു കൂടി “എത്ര സുന്ദരം” എന്നു തുടങ്ങുന്ന പാട്ടുപാടി. സംഭ്രമിച്ച കാമുകിയും കാമുകനും വസ്ത്രങ്ങളിലേക്കു തിടുക്കത്തോടെ വലിഞ്ഞുകയറിയപ്പോൾ താൻ അരുതാത്തതു ചെയ്തല്ലോ എന്നു വിചാരിച്ചു തവിലിനു വല്ലായ്മയുണ്ടായി. എങ്കിലും താൻ കണ്ടത് അവൾക്കു മറക്കാനായില്ല.

ആശയം

ലോകം കണ്ട വാഗ്മികളിൽ അദ്വിതീയനായ സിസറോ (Cicero, BC 106–43) Orator എന്നൊരു ഗ്രന്ഥമെഴുതിയിട്ടുണ്ട്. വാഗ്മിതയുടെ സ്വഭാവം വിശദീകരിക്കുന്ന ആ ഗ്രന്ഥത്തിൽ അന്യൂനതയാർന്ന വാഗ്മിയെ “ആശയ”ത്തോടു് ഉപമിക്കുന്നു. ഈ “ആശയ”ത്തെ നമുക്ക് അനുഭവം കൊണ്ടു സാക്ഷാത്കകരിക്കാൻ പറ്റില്ല. സങ്കല്പിക്കാനേ ആവൂ. അതു കലാകാരന്റെ മനസ്സിൽ ഒരു ബിംബമായി മാത്രം നിൽക്കുന്നു. ഈ ലോകത്തെ ഏറ്റവും സുന്ദരമായ മുഖം നിങ്ങൾ കാണുന്നുവെന്നിരിക്കട്ടെ. അതിനേക്കാൾ സുന്ദരമായ മുഖം ഈ ലോകത്തില്ലെന്നുമിരിക്കട്ടെ. എങ്കിലും ആ മുഖത്തെക്കാൾ സൗന്ദര്യമുള്ള വേറൊരു മുഖം നമുക്കു മനസ്സുകൊണ്ട്, ചിന്തകൊണ്ട് പിടിച്ചെടുക്കാം. നമുക്ക് അങ്ങനെയൊരു സുന്ദരമായ മുഖം സങ്കല്പിക്കാം. ഇതാണ് “ആശയം”. പ്ലേറ്റോ പറഞ്ഞത് ഈ “ആശയ”ത്തെക്കുറിച്ചാണ്. പരകോടിയിലെത്തിയ വാഗ്മിത ഈ ലോകത്തുണ്ട്. എന്നാൽ അതിനെക്കാൾ അന്യൂനമായ വാഗ്മിത നമുക്കു സങ്കൽപിക്കാം. ഇതു തന്നെ “ആശയം”. (സിസറോയുടെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. Erwin Panofsky എഴുതിയ Idea — A concept in Art Theory എന്ന പുസ്തകത്തിൽ നിന്നു ലഭിച്ചതാണ് ഈ വിവരം.)

മരുമകളുടെ സ്വഭാവശുദ്ധിയെ പ്ലേറ്റോയുടെ “ആശയ”ത്തോളമുയർത്തിക്കാണിക്കുന്നു പി. അജയകുമാർ. (“അവൾ” എന്ന ചെറുകഥ — മലയാളമനോരമ ആഴ്‌ച്ചപ്പതിപ്പ്) പക്ഷേ അത്രയ്ക്ക് അന്യൂനതയുള്ള ഗുണം മനസ്സിൽ ഒരു ബിംബമായിട്ടേ ഇരിക്കൂ. അതുകൊണ്ട് തന്റെ വിചാരം വെറുമൊരു ‘ഫാൻസി’ മാത്രമാണെന്നു സൂചിപ്പിച്ചുകൊണ്ട് അജയകുമാർ കഥ അവസാനിപ്പിക്കുന്നു. നല്ല വിഷയം. വിഷയത്തിനു നന്മ വന്നാൽ കഥയായിക്കൊള്ളണമെന്നില്ലല്ലോ. ഭേദപ്പെട്ട ഒരു ഉപന്യാസമായിട്ടുണ്ട് അജയകുമാറിന്റെ ചെറുകഥ. കഥയാവണമെങ്കിൽ അടിസ്ഥാനപരങ്ങളായ മാനുഷിക ബന്ധങ്ങളെ സൂക്ഷ്മതയോടും സാന്ദ്രതയോടും കൂടി പ്രതിപാദിക്കണം. അതിനു കഴിവില്ല അജയകുമാറിന്.

* * *

ഡോറ തീവണ്ടിയിൽ സഞ്ചരിക്കുകയാണ്. ഇരുപതു മിനിട്ടു കഴിഞ്ഞാൽ അവൾക്ക് ഇറങ്ങേണ്ട സ്റ്റേഷനാവും. തീവണ്ടിയാപ്പീസിൽ പോൾ കാത്തു നിൽക്കുന്നുണ്ടാവും. അപ്പോഴാണ് എതിരെയിരിക്കുന്ന യാത്രക്കാരന്റെ ബൂട്ട്സിട്ട കാലുകൾക്കിടയിലായി തറയിൽ ഒരു ചിത്രശലഭം നീങ്ങുന്നത് അവൾ കണ്ടത്. മറ്റെല്ലാ ചിന്തകളും ഡോറയിൽ നിന്നു ഓടിപ്പോയ ചിത്രശലഭം ബൂട്ട്സിനടുത്തേക്കു നീങ്ങുകയാണ്. അവ ചലനം കൊള്ളുന്നു. ചിത്രശലഭം തകർക്കപ്പെടും. ഡോറ കുനിഞ്ഞ് അതിനെ കൈയിലെടുത്തു. അത് ഉള്ളംകൈകളിലിരുന്നു സ്പന്ദിക്കുന്നു. ചിത്രശലഭത്തെ എന്തു ചെയ്യണം? ജനലിൽക്കൂടി പുറത്തേക്ക് ആക്കിയാൽ തീവണ്ടിയുടെ ചുഴലിക്കാറ്റിൽപ്പെട്ട് അതു മരിക്കും. തീവണ്ടി നിന്നു. ഡോറ തമ്മിൽച്ചേർത്ത കൈകളുമായി പ്ലാറ്റ് ഫോമിലേക്കിറങ്ങി. പോൾ അവിടെയുണ്ട്. “നിന്റെ പെട്ടിയെവിടെ?” എന്ന് അയാൾ ചോദിച്ചു. “ദൈവമേ” എന്ന് ഡോറ. അവളത് തീവണ്ടിയിൽ വച്ചുമറന്നു. പോളിനു ദേഷ്യം. അയാൾ ചോദിച്ചു: “വരൂ. നിന്റെ കൈയെന്താണ് ഇങ്ങനെ വച്ചിരിക്കുന്നത്? പ്രാർത്ഥിക്കുകയാണോ നീ?” ഡോറ കണങ്കൈകൾ ചേർത്തു കൈകൾ വിടർത്തി. പൂപോലെ അതു വിടർന്നു. ഉജ്ജ്വലവർണ്ണമാർന്ന ശലഭം ഉയർന്നു. അവർക്കു ചുറ്റും അതു ഒരു നിമിഷം പറന്നു. എന്നിട്ട് സൂര്യപ്രകാശം വീണ പ്ലാറ്റ് ഫോമിൽ തെല്ലുനേരം ചിറകടിച്ചിട്ട് വിദൂരതയിലേക്കു പറന്നുപോയി. ഐറിസ് മർഡോക്കിന്റെ “The Bell” എന്ന നോവലിലെ ഒരു ഭാഗമാണിത്. ഇതാണു കല.

പൈങ്കിളിയല്ല

തിരുവനന്തപുരത്തെ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിൽ ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ എന്നെ കണക്കു പഠിപ്പിച്ചത് പി. ജി. സുന്ദരം സാറായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എം. കെ. കെ. നായർ “ആരോടും പരിഭവ മില്ലാതെ”, എന്ന ലേഖന പരമ്പരയിൽ എഴുതിക്കഴിഞ്ഞു. കണക്കിനു മോശമാണ് ഞാനെന്നു മനസ്സിലാക്കിയ സുന്ദരം സാറ് എന്നോടു ചോദ്യമൊന്നും ചോദിക്കില്ല. അതല്ല, ചാല ഇംഗ്ലീഷ് ഹൈസ്‌കൂളിൽ എന്നെ കണക്കു പഠിപ്പിച്ച സുന്ദരമയ്യർ സാറിന്റെ രീതി. അദ്ദേഹം എന്നോടു മാത്രമേ ചോദ്യങ്ങൾ ചോദിക്കൂ. മുഖക്ഷൗരം കഴിഞ്ഞുവരുന്ന ദിവസം സാറിനു വലിയ ദേഷ്യമാണ്. നീറ്റൽ ഉണ്ടാകുമായിരിക്കും. അങ്ങനെയുള്ള ഒരു ദിവസം സാറ് ക്ലാസ്സിൽ വന്ന് എന്നെ തുറിച്ചുനോക്കി. “എടാ കൃഷ്ണാ, പിത്തഗ്രസ് തിയറം കേൾക്കട്ടെ.” ഞാൻ പേടിച്ച് എഴുന്നേറ്റു “ദി സ്‌ക്വയർ ഓൺ ദി ഹൈപ്പോറ്റിന്യൂസ് ഒഫ് എ റൈറ്റ് ആങ്കിൾഡ്…” തീർന്നു. ശേഷമറിഞ്ഞുകൂടാ. സാറ് അടുത്തുവന്ന് കരണക്കുറ്റി നോക്കി ഒരടി. ഇന്നു നെടുമങ്ങാട് എം. എൽ. എ. ആയിരിക്കുന്ന കെ. വി. സുരേന്ദ്രനാഥ് അന്ന് എന്റെ സഹപാഠി. ക്ലാസ്സിലെ ഏറ്റവും ബുദ്ധിമാനായ അദ്ദേഹം പൊട്ടിച്ചിരിച്ചു. ഇന്നും എന്റെ വലതുകാത് കേഴ്വിക്ക് അസമർത്ഥമാണ്. സുന്ദരമയ്യർ സാറിന്റെ അടിയാണതിനു കാരണം. ചെവിക്കുറ്റിയിലടിച്ചു എന്നറിഞ്ഞയുടനെ വിദ്യാഭ്യാസ ഡയറക്ടറെ കണ്ടു പരാതിപ്പെടാൻ എന്റെ അച്ഛൻ സന്നദ്ധനായി. അതു വേണ്ടെന്നു പറഞ്ഞിട്ട് ഞാൻ സാറിനെക്കണ്ടു പറഞ്ഞു: “സാർ, ഓരോ ആളിന്റെയും ബുദ്ധിക്ക് റെയ്ഞ്ച് ഉണ്ട്. ആ പരിധി വിട്ടു പോകാനൊക്കുകയില്ല. ഇംഗ്ലീഷിനും മലയാളത്തിനും എപ്പോഴും ഒന്നാമനാണ് ഞാൻ. കണക്കിനു മോശവും. സാറ് അടിച്ചതുകൊണ്ട് കണക്കിനെസ്സംബന്ധിച്ച എന്റെ ബുദ്ധിയുടെ പരിധി കൂടുകയില്ല.” സാറ് പിന്നെ എന്നെ ഉപദ്രവിച്ചിട്ടില്ല. സ്നേഹത്തോടെ പെരുമാറുകയും ചെയ്തു.

സാഹിത്യകാരന്മാരുടെ ഭാവനയ്‌ക്കും പരിധിയുണ്ട്. ആ പരിധിക്കകത്തു മാത്രമേ അവർക്കു വ്യാപരിക്കാനാവൂ. സി. വി. രാമൻപിള്ളയ്ക്ക് വൈത്തിപ്പട്ടരെ സൃഷ്ടിക്കാൻ കഴിയുകയില്ല. ചന്തുമേനോനു ഹരിപഞ്ചാനനനെ സൃഷ്ടിക്കാനും സാധിക്കില്ല. വള്ളത്തോളിന്റെ റെയ്ഞ്ച് ഒരുവിധം. ശങ്കരക്കുറുപ്പിന്റേതു മറ്റൊരുവിധം. വള്ളത്തോൾ ശങ്കരക്കുറുപ്പിനെപ്പോലെ എഴുതിയില്ല എന്നു പറയുന്നതും ശങ്കരക്കുറുപ്പു വള്ളത്തോളിനെപ്പോലെ എഴുതിയില്ല എന്ന് അഭിപ്രായപ്പെടുന്നതും ബുദ്ധിശൂന്യം. പൈങ്കിളിക്കഥകൾക്ക് ഒരു റെയ്ഞ്ചുണ്ട്. തകഴി തുടങ്ങിയവരുടെ കൃതികൾക്കു വേറൊരു റെയ്ഞ്ചും. ഈ മണ്ഡലങ്ങൾക്ക് ഇടയ്ക്കുള്ള ഒരു മണ്ഡലത്തിലാണ് ജോസഫ് വൈറ്റിലയുടെ സ്ഥാനം. അദ്ദേഹമെഴുതുന്നതു പൈങ്കിളിസ്സാഹിത്യമാണോ? അല്ല. തകഴി, ബഷീർ ഇവരുടെ സാഹിത്യവുമായി അദ്ദേഹത്തിന്റെ സാഹിത്യത്തിന് വല്ല ബന്ധവുമുണ്ടോ? ഇല്ല. തന്റേതായ മണ്ഡലത്തിൽ അദ്ദേഹം വിരാജിക്കുന്നു. അത് ഉത്കൃഷ്ടമല്ല, അധമവുമല്ല. കൃഷിക്കാരനായ അച്ഛൻ മകനെ എം. എ വരെ പഠിപ്പിച്ചു. ജോലികിട്ടാതെ അവൻ നന്നേ വിഷമിച്ചു. അച്ഛൻ ശകാരിച്ചെങ്കിലും വല്യമ്മ സമാശ്വസിപ്പിച്ചു. ഒരിന്റർവ്യൂ ബോർഡ്, കൂടിക്കാഴ്ച നടന്നപ്പോൾ പരുഷമായി പെരുമാറിയ അയാളെ അറസ്റ്റു ചെയ്യിച്ചു. ഈ സംഭവം അയാളുടെ കണ്ണു തുറപ്പിച്ചു. അയാൾ അതോടെ കൃഷിക്കാരനായി മാറി. അയാൾക്ക് സന്തോഷം. അച്ഛനും വല്യമ്മയ്ക്കും സന്തോഷം. ജീവിതത്തിന്റെ അദ്ഭുതാംശങ്ങളിൽ ഒന്നിലേക്കുപോലും കൈ ചൂണ്ടാത്ത ഇക്കഥ നോവലെന്ന പേരിൽ മനോരാജ്യം വാരികയിൽ കിടക്കുന്നു. ഇതു ജർണ്ണലിസം മാത്രമാണ്. ജർണ്ണലിസത്തിന്റെ പരിധിവിട്ട് ജോസഫ് വൈറ്റില പോകണമെന്നു ഞാൻ പറയുകയില്ല. പറഞ്ഞാൽ അത് സാഹിത്യവാരഫലം കോൾറിജ്ജിന്റെ നിരൂപണം പോലെ ഉയരണം എന്നഭിപ്രായപ്പെടുന്നതുപോലെയാവും. കുന്നിക്കുരു മഞ്ചാടിമുത്തു പോലെയാവണമെന്നു പറയുന്നതുപോലെയാവും. മഞ്ചാടി കോഹിന്നൂർ രത്നമാകണമെന്നു പറയുന്നതുപോലെയാവും.

ശരീരസാദാദ സമഗ്രഭൂഷണാ
മുഖേനസാലക്ഷ്യതലോധ്ര
പാണ്ഡുനാ
തനുപ്രകാശേന വിചേയതാരകാ
പ്രഭാതകല്പാ ശശിനേവ ശർവരി.
 

ശരീരസാദാത് (ശരീരത്തിന്റെ തളർച്ചകൊണ്ട്) അസമഗ്രഭൂഷണാ (പരിമിതങ്ങളായ ആഭരണങ്ങളണിഞ്ഞവളായി) ലോധ്രപാണ്ഡുനാമുഖേനസാ (പാച്ചോറ്റിപ്പൂപോലെ വിളർത്ത മുഖമുള്ളവളായി) അവൾ (സുദക്ഷിണ) വിചേയ താരകാ തനുപ്രകാശേന ശശിനാപ്രഭാത കൽപ്പാ ശർവ്വരീ ഇവ അലക്ഷ്യത. (അന്വേഷിച്ചു കാണേണ്ട നക്ഷത്രങ്ങളും അല്പകാന്തിയാർന്ന ചന്ദ്രനുമായി പുലരിയോട് അടുത്ത രാത്രി എന്നപോലെ കാണപ്പെട്ടു.).

സുദക്ഷിണയുടെ ഗർഭലക്ഷണം വർണ്ണിക്കുകയാണ് കാളിദാസൻ (രഘുവംശം. മൂന്നാം സർഗ്ഗം രണ്ടാം ശ്ലോകം). ഇതിനു സദൃശമായി ഭംഗിയാർന്ന കാവ്യഭാഗങ്ങൾ വിശ്വസാഹിത്യത്തിൽപ്പോലും വിരളമായേ കാണൂ.

മരണം

രാജാവ് മകനെ വിളിച്ചു പറഞ്ഞു. ദ്വീപുകളില്ല, രാജകുമാരികളില്ല, ഈശ്വരനുമില്ല. രാജകുമാരൻ അച്ഛൻ പറഞ്ഞത് ശരിയാണെന്നു കരുതി നടന്നു. ഒരിക്കൽ അയാൾ കൊട്ടാരത്തിൽനിന്നുപോയി. അടുത്ത രാജ്യത്തിലെത്തി. അവിടെ നിന്നപ്പോൾ അനേകം ദ്വീപുകൾ കണ്ടു. ദ്വീപുകളിൽ ആകർഷകത്വമുള്ള ചിലരും. അപ്പോൾ ഒരുത്തൻ രാജകുമാരന്റെ അടുക്കലെത്തി. ആഗതൻ പറഞ്ഞു: അക്കാണുന്നതു ദ്വീപുകളാണ്. അവയിൽ സഞ്ചരിക്കുന്നവർ രാജകുമാരികളും. “നിങ്ങളോ?” എന്നു രാജകുമാരൻ ചോദിച്ചു. “ഞാൻ ഈശ്വരൻ” എന്നായിരുന്നു മറുപടി. രാജകുമാരൻ സ്വന്തം കൊട്ടാരത്തിലെത്തി താൻ കണ്ട കാര്യങ്ങൾ പറഞ്ഞു. രാജാവ് അപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്: യഥാർത്ഥങ്ങളായ ദ്വീപുകളല്ല അവ. രാജകുമാരികൾക്കും യാഥാർത്ഥ്യമില്ല. യഥാർത്ഥം എന്നു പറയാവുന്ന ഈശ്വരനുമില്ല. “ഞാൻ കണ്ടല്ലോ”എന്നായി മകൻ. അപ്പോൾ രാജാവു ചോദിച്ചു: “ഈശ്വരൻ കോട്ടിന്റെ കൈ ചുരുട്ടി വച്ചിരുന്നോ?” “അതേ” എന്നു രാജകുമാരൻ. “എന്നാൽ അയാൾ മജീഷ്യനാണ്. നീ ചതിക്കപ്പെട്ടു.” രാജകുമാരൻ വീണ്ടും ആ നാട്ടിലെത്തി ഈശ്വരൻ എന്നു അവകാശപ്പെട്ട ആളിനോടു സംസാരിച്ചു. “നിങ്ങൾ മജീഷ്യനാണെന്നും ദ്വീപുകളും രാജകുമാരികളും യാഥാർത്ഥ്യങ്ങളല്ലെന്നും എന്റെ അച്ഛൻ അറിയിച്ചല്ലോ” അയാൾ ചിരിച്ചിട്ടു പറഞ്ഞു: “കുട്ടീ നീയാണ് ചതിക്കപ്പെട്ടത്. നിന്റെ രാജ്യത്ത് ദ്വീപുകളുണ്ട്, രാജകുമാരികളുണ്ട്. നീ നിന്റെ അച്ഛന്റെ മാന്ത്രിക വിദ്യയ്ക്ക് അടിമപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അവയെ കാണാൻ കഴിയാത്തത്.” മകൻ തിരിച്ചുവന്ന് അച്ഛനോടു ചോദിച്ചു:

“അച്ഛാ, അച്ഛൻ ശരിയായ രാജാവല്ലേ? മജീഷ്യൻ മാത്രമാണോ?”
“മകനേ ഞാൻ മജീഷ്യനാണ്”
“എന്നാൽ ഞാൻ കണ്ട മനുഷ്യൻ ഈശ്വരനാണ്.”
“അയാൾ വേറൊരു മജീഷ്യൻ”
“എനിക്കു സത്യമറിയണം. മാജിക്കിന് അപ്പുറത്തുള്ള സത്യം.”
രാജാവ് പറഞ്ഞു
“മാജിക്കിന് അപ്പുറത്ത് സത്യമേയില്ല.”
“എന്നാൽ ഞാൻ ആത്മഹത്യ ചെയ്യും” എന്നായി രാജകുമാരൻ.

രാജാവ് മാജിക് കൊണ്ട് മരണത്തെ വരുത്തി. മരണം രാജകുമാരനെ മാടിവിളിച്ചു. വിറച്ചുകൊണ്ട് അയാൾ സുന്ദരങ്ങളെങ്കിലും അയഥാർത്ഥങ്ങളായ ദ്വീപുകളേയും അയഥാർത്ഥങ്ങളെങ്കിലും സുന്ദരികളായ രാജകുമാരികളെയും ഓർമ്മിച്ചു. “ശരി. എനിക്കിതു സഹിക്കാനാവും” എന്നു മകൻ. അതുകേട്ടു രാജാവ് പറഞ്ഞു: “മകനേ, നീയും ഇപ്പോൾ മജീഷ്യനായി മാറുകയാണ്”. ഈ ലോകത്തുള്ളതെല്ലാം മാജിക്കാണ്. മരണമേ സത്യമായുള്ളൂ. ഈ സത്യം സ്പഷ്ടമാക്കിത്തരുന്നു മുകളിലെഴുതിയ അർത്ഥവാദകഥ (വിഖ്യാതനായ ആധുനിക നോവലിസ്റ്റ് ജോൺ ഫൗൾസിന്റേതാണ് ഇക്കഥ). മാജിക് മാത്രമായ ഈ ലോകത്ത് മരണം സർവാധിപത്യം നടത്തുന്നതിനെ കലാത്മകമായി ചിത്രീകരിക്കുന്നു രമേശൻ നായർ (‘അനുഭവം’ എന്ന കാവ്യം കലാകൗമുദിയിൽ).

ആരറിയുന്നൂ സത്യമിന്നലെക്കൂടിത്താങ്കൾ
പാതിരയുടെയൂടുവഴിയിലൂടെ
നിദ്രിതമെന്റെ നാലുകെട്ടിന്റെയുമ്മറത്തും
എത്തിപോൽ, പ്പൊടുന്നനെപ്പോയി പോലും.

എന്നു തുടങ്ങുന്നു കാവ്യം.മരണത്തിന്റെ അജ്ഞേയതയും ഗഹനതയും ഒക്കെ ഇതിലുണ്ട്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് നമ്മൾ ജീവിക്കുന്നു. എന്തുകൊണ്ട്? ഒരു കവി സമാധാനം നൽകുന്നു: “കത്തി നിങ്ങളെ വേദനിപ്പിക്കും; നദിക്കു തണുപ്പ്; ആസിഡു പാടു വീഴ്ത്തും; വിഷം വേദനിപ്പിക്കും; തോക്ക് നിയമാനുസൃതമല്ല; കുരുക്ക് അഴിഞ്ഞുപോകും; ഗ്യാസ് വല്ലാതെ നാറും — നിങ്ങൾ ജീവിച്ചിരിക്കുന്നതാണ് നല്ലത്.”

* * *

ലോകസാഹിത്യത്തിലെ ഒരു ലാൻഡ് മാർക്കായി — ചിരസ്മരണീയമായ സംഭവമായി — ഡോക്ടർ ഷിവാഗോ എന്ന നോവലിന്റെ ആവിർഭാവം കരുതപ്പെടുന്നു. ഡോക്ടർ ഷിവാഗോ വിവാഹിതനാണെങ്കിലും ലാറ എന്ന നേഴ്സിൽ അനുരക്തനാവുന്നു. അവൾക്കും ഷിവാഗോയോടു പ്രേമം. അർദ്ധരാത്രികഴിഞ്ഞു. ഷിവാഗോ എഴുതുകയാണ്; ലാറ ഉറങ്ങുന്നു. ഏതോ ശബ്ദം കേട്ട് അദ്ദേഹം നോക്കി. പെൻസിൽ വരകളെക്കാൾ കനം കൂടാത്ത നാലു നീണ്ട നിഴലുകൾ. മഞ്ഞു വീണ വയലിന്റെ അരികിലാണ് അവ. ചെന്നായ്ക്കൾ. ഉയർത്തിയ തലയോടുകൂടി അവ ചന്ദ്രനെ നോക്കി കുരയ്ക്കുകയാവാം. അല്ലെങ്കിൽ ഷിവാഗോയുടെ ഭവനത്തിലെ കണ്ണാടി ജനലുകളിലെ പ്രതിഫലനം കണ്ടു കുരയ്ക്കുകയാവാം. ഷിവാഗോയുടെ ചിന്തകൾ മനസ്സിലാക്കിയെന്നതുപോലെ അവ തിരിഞ്ഞ് ഓടിക്കളഞ്ഞു. ലാറ ഉണർന്നു. നിദ്രകൊണ്ടു കനത്ത ശബ്ദത്തിൽ അവൾ ചോദിച്ചു: “Still at work, my love? Burning and shinning like a candle in the night. Come and sit beside me for a moment. I’ll tell you my dream.” He put out the light. (ഇതു തർജ്ജമ ചെയ്ത് വികലമാക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല).

ടി. വി. വർക്കി

രാഷ്ട്ര വ്യവഹാരത്തിന്റെ മണ്ഡലത്തിൽ ഉന്നതസ്ഥാനമുള്ള കെ. അനിരുദ്ധൻ എന്റെ അഭിവന്ദ്യസുഹൃത്താണ്. അടുത്തകാലത്ത് അദ്ദേഹം എന്റെ വീട്ടിൽ വരാനുള്ള സന്മനസ്സു പ്രദർശിപ്പിച്ചു. കൂടെ “ഈനാട്” പത്രാധിപർ വി. ജഗന്നാഥപ്പണിക്കരുമുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് സംസാരിക്കേണ്ടിവന്നു ഞങ്ങൾക്ക്. പൊടുന്നനെ ഞാൻ പറഞ്ഞു: “ഹി ഈസ് എ ഹിപക്രിറ്റ്.” അതുകേട്ടയുടനെ അനിരുദ്ധൻ ‘ശരി’യെന്നു പറയുമെന്നാണ് ഞാൻ വിചാരിച്ചത്. എന്റേതു തെറ്റായ വിചാരം. ‘ശരി’യെന്ന് അനിരുദ്ധൻ പറഞ്ഞാൽ അദ്ദേഹം അനിരുദ്ധനല്ല. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നമ്മളെല്ലാം ഒരളവിൽ ഹിപക്രിറ്റുകളാണ് സാർ”. അദ്ദേഹത്തിന്റെ ഈ പ്രസ്താവം എന്റെ കണ്ണു തുറപ്പിച്ചു. ഞാൻ ഹിപക്രിറ്റാണോ? അതേ. സംശയമില്ല. പ്രസംഗത്തിനു പോകാമെന്ന് ഏറ്റിട്ട് എനിക്കിഷ്ടമില്ലാത്ത ഒരാൾ കൂടി വരുന്നുവെന്നറിഞ്ഞ് ഞാൻ സമയത്തിനു വീട്ടിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ആയിരം പുറങ്ങളുള്ള നോവലിന്റെ കൈയെഴുത്തുപ്രതി വായിക്കാമെന്നു പറഞ്ഞ് വാങ്ങി വച്ചിട്ട് മൂന്നുമാസം കഴിഞ്ഞ് വായിക്കാതെ ‘വായിച്ചു നന്നായിരിക്കുന്നു’ എന്നു പറഞ്ഞ് പാവപ്പെട്ട എഴുത്തുകാരനു തിരിച്ചുകൊടുത്തിട്ടുണ്ട്. ഗ്രന്ഥം വിമർശിക്കാമെന്നു പലതവണ വാക്കു കൊടുത്തിട്ട് മിണ്ടാതിരുന്നിട്ടുണ്ട്. ഒരു തവണ — ഒരു തവണ മാത്രം — സമ്മേളനത്തിന്റെ നടത്തിപ്പുകാർ മീറ്റിംഗ് സ്ഥലത്തു കൊണ്ടുപോകാൻ വന്നപ്പോൾ വീട്ടിനകത്തു ഒളിച്ചിരുന്നുകൊണ്ട് “ഇവിടെ ഇല്ല. കാലത്ത് എവിടെയോ പോയി” എന്നു സഹധർമ്മിണിയെക്കൊണ്ട് പറയച്ചിട്ടുണ്ട്. പിന്നീട് അങ്ങനെ ചെയ്യാത്തത് സദാചാരനിഷ്ഠ കൊണ്ടല്ല. നമ്മുടെയൊക്കെ വീട്ടിലെ സ്ത്രീകൾക്കു കള്ളം കള്ളമായി പറയാൻ അറിഞ്ഞുകൂടാ. “ഇവിടെ ഇല്ല” എന്ന് അവർ പറഞ്ഞാൽ “ഇവിടെ ഉണ്ട്; അകത്തിരിക്കുന്നു. നിർബ്ബന്ധിച്ചതുകൊണ്ട് ഞാൻ നിങ്ങളോട് ഇങ്ങനെ പറയുകയാണ്” എന്നു വന്നവൻ ഗ്രഹിക്കും. അമ്മട്ടിലാണ് അവർ അസത്യ പ്രസ്താവം നടത്തുന്നത്. വന്നവർ പൊയ്ക്കഴിഞ്ഞാൽ “എന്നോട് ഇങ്ങനെ കള്ളം പറയാൻ ആവശ്യപ്പെടരുത്. എന്നെക്കൊണ്ട് അതു വയ്യ” എന്നു പരുഷമായി നമ്മോടു പറയുകയും ചെയ്യും. ശരിയാണ് അനിരുദ്ധൻ പറഞ്ഞത്. നമ്മെളെല്ലാവരും ഒരളവിൽ ഹിപക്രിറ്റുകളത്രേ.

ഞാനും കൂടി ഉൾപ്പെട്ട ഹിപക്രിറ്റുകളിൽ ഒരുത്തനെ ടി. വി. വർക്കി പ്രഗല്ഭമായി അവതരിപ്പിച്ചിരിക്കുന്നു. “ഞാൻ വെറും ഞാൻ” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ആത്മകഥയ്ക്ക് അവതാരിക വേണം ഇട്ടിയവരാഗുരുജിക്ക്. കഥ പറയുന്ന ആൾ വിമർശകൻ. ആത്മകഥയ്ക്ക് കലാമൂല്യമില്ലാത്തതുകൊണ്ട് വിമർശകന് അതെഴുതാൻ വയ്യ. എന്നാൽ ഗ്രന്ഥകാരന്റെ മുഖത്തുനോക്കി സത്യം പറയാനും കഴിവില്ല. വിമർശകന്റെ വീട്ടിൽ അയാൾ “ആയിരം തവണ” വന്നു. അപ്പോഴൊക്കെ ഭാര്യയെക്കൊണ്ടു കള്ളം പറയിച്ചു. സാറ് കാലത്തെ പോയല്ലോ എന്നൊക്കെ. ഒടുവിൽ അവതാരിക കിട്ടാതെ തന്നെ ഗുരുജി മരിച്ചു. ഇനി അയാളെക്കൊണ്ടു ഉപദ്രവമില്ലല്ലോ എന്ന് വിമർശകന് ആശ്വാസം. എങ്കിലും അയാൾ മനുഷ്യനല്ലേ? പശ്ചാത്താപം ഉണ്ടായി അയാൾക്ക്. ഗുരുജിയുടെ മൃതദേഹമെങ്കിലും കാണാമെന്ന് വിചാരിച്ച് അയാൾ ശവപ്പറമ്പിലേക്കു പോയി. ഫലമുണ്ടായില്ല. ശവം അയാൾ ചെല്ലുന്നതിനുമുൻപു തന്നെ അടക്കിക്കഴിഞ്ഞു. അതിഭാവുകത്വമില്ലാത്ത നല്ല കഥയാണിത്. സഹതാപം പ്രകടമാകുന്നില്ല. അതു മറഞ്ഞിരിക്കുന്നു. മരിച്ച ഗുരിജിയോടും അയാളെ വേദനിപ്പിച്ച വിമർശകനോടും നമുക്കു സഹാനുഭൂതി.

* * *

അതി സുന്ദരമായ ഒരു പുസ്തകം വായിച്ചു. ഗാബ്രീയൽ ഗാർസീആ മാർകേസ് (Gabriel Garcia Marquez, 1928) എഴുതിയ The story of a Shipwrecked Sailor (Borzoi book, Alfred. A. Knopf, വില $13.95, പ്രസാധനം 1986-ൽ) ഇതു സാങ്കൽപികമായ കഥയല്ല; യാഥാർത്ഥ്യം. യഥാർത്ഥമായ കഥ ഹൃദയഹാരിയാകും, എങ്ങനെ ഉത്കൃഷ്ടമായ കലയാവും എന്നതു ഇതു തെളിയിക്കുന്നു.

കൊളമ്പിയൻ നേവിയുടെ വകയായ കാൽഡാസ് കപ്പൽ അമേരിക്കയിലെ മോബീൽ (Mobile) പട്ടണത്തിൽ നിന്നു കൊളമ്പിയയിലെ കാർട്ടാജീന പട്ടണത്തിലേക്കു (cartagena — കാർട്ടാഹിനാ എന്ന സ്പാനിഷ് ഉച്ചാരണം) പോരികയായിരുന്നു. മാർഗ്ഗമദ്ധ്യേ അതിലുണ്ടായിരുന്നവരിൽ എട്ടുപേർ കടലിൽ വീണ് അപ്രത്യക്ഷരായിയെന്ന് 1955 ഫെബ്രുവരി 28-നു വാർത്ത വന്നു. അന്വേഷണങ്ങൾ ആരംഭിച്ചു. പക്ഷേ ആരെയും കണ്ടെത്താനായില്ല. ഒരാഴ്ച്ച കഴിഞ്ഞ് പകുതി മരിച്ച നിലയിൽ ഒരാൾ വടക്കേക്കൊളമ്പിയയുടെ കടൽത്തീരത്ത് വന്നു കയറി. ഒരു ലൈഫ് റാഫ്റ്റിൽ ആ മനുഷ്യൻ പത്തു ദിവസം കടലിൽ ഒഴുകി നടന്നു; ആഹാരമില്ലാതെ, വെള്ളമില്ലാതെ. അയാളുടെ പേരു ലൂയിസ് അലേഹാന്ദ്രോ വേലാസ്കോ. (Luis Alejandro Velasco) മരണത്തെ പല തവണ അടുത്തു കണ്ട ആ ഹതഭാഗ്യൻ മാർകേസിനോടു സ്വന്തം അനുഭവങ്ങൾ പറഞ്ഞു. അതിന്റെ പുനരാവിഷ്കരണമാണ് ഈ പുസ്തകം. വിനയത്തോടുകൂടി മാർകേസ് അതിനെ Journalistic reconstruction എന്നു വിളിക്കുന്നുണ്ടെങ്കിലും കലാസൃഷ്ടിയിൽ കുറഞ്ഞ് ഒന്നുമല്ല അത്. കൊളമ്പിയയുടെ തലസ്ഥാനമായ ബൊഗൊറ്റയിലെ ഒരു പത്രം മാർകേസ് എഴുതിയ വർണ്ണനം പ്രസിദ്ധപ്പെടുത്തി. അതോടെ അതിന്റെ സർക്കുലേഷൻ ഇരട്ടിയായി. വേലാസ്കോ ഒരു ദിവസം കൊണ്ടു ഹീയ്റോ (Hero) ആയി. ബഹുമതികൾ അയാളിൽ വന്നു വീണു. റേഡിയോയിൽ അയാളുടെ പ്രഭാഷണങ്ങൾ കേൾക്കാറായി. ടെലിവിഷനിൽ അയാൾ പ്രത്യക്ഷനായി. ബ്യൂട്ടിക്വീൻസ് (beauty queens) അയാളെ ചുംബിച്ചു.

നേവിയുടെ വകയായ യാനപാത്രത്തിൽ വ്യാജചരക്കുകൾ കയറ്റിക്കൂടാ. എങ്കിലും ഉദ്യോഗസ്ഥന്മാർ അതിൽ റെഫ്രിജിറെയ്റ്ററുകൾ, ടെലിവിഷൻ സെറ്റുകൾ, വാഷിംഗ് യന്ത്രങ്ങൾ ഇവ കയറ്റിയിരുന്നു. കപ്പലിനു താങ്ങാനാവാത്ത ഭാരം. വേലാസ്കോ സംശയിച്ചതുതന്നെ സംഭവിച്ചു. നടുക്കടലിൽ എത്തിയപ്പോൾ വലിയ കാറ്റുണ്ടായി. തിരകൾ കപ്പലിൽ അടിച്ചുകയറി. തിരകളുടെ ആഘാതത്തിൽപ്പെട്ട് അയാൾ ഉൾപ്പെടെ എട്ടുപേർ കടലിൽ മുങ്ങിപ്പോയി. വേലാസ്കൊ ഒരു ലൈഫ് റാഫ്റ്റിൽ (കോർക്കുകൊണ്ടുണ്ടാക്കിയതും വെളുത്ത ചായമടിച്ചതുമായ ഒരു കൊച്ചു യാനപാത്രം) കടലിൽ ഒഴുകുകയായി. സ്നേഹിതന്മാർ മുങ്ങിമരിക്കുന്നത് അയാൾ കണ്ടു. വൈകുന്നേരമാകുമ്പോൾ സ്രാവുകൾ ആക്രമിക്കാനെത്തും. കടുത്ത ദാഹം, കൊടിയ വിശപ്പ്. ദാഹം സഹിക്കാതെയായപ്പോൾ രണ്ടു മൂന്നു തവണ അയാൾ ഉപ്പുവെള്ളം കോരിക്കുടിച്ചു. ഒരു കടൽപ്പക്ഷിയെ പിടിച്ചെടുത്ത് തിന്നാൻ ശ്രമിച്ചു. പച്ച നിറമാർന്ന ഒരു മൽസ്യത്തെ ചവച്ചരച്ചുതിന്നു. ബൽറ്റു ചവച്ചു. ഷൂസിന്റെ സോൾ കടിച്ചുതിന്നാൻ ശ്രമിച്ചു. ഇടയ്ക്കിടയ്ക്ക് മതി വിഭ്രമങ്ങളും. മരിച്ചു കഴിഞ്ഞ സ്നേഹിതനാണ് ലൂയിസ്റെഞ്ചിഫോ. കാറ്റിന്റെ ഗർജ്ജനത്തിനിടയിൽ വേലാസ്കോ ആ സ്നേഹിതന്റെ ശബ്ദം കേട്ടു. “ഈ വഴി തുഴഞ്ഞു വരൂ, ഈ വഴി തുഴഞ്ഞു വരൂ”. മരിച്ച മറ്റൊരു സ്നേഹിതൻ അയാളോടു പല തവണ സംസാരിച്ചു. അതിരില്ലാത്ത കടൽ. ആ കടലിൽ അയാൾ കര കണ്ടു. അങ്ങനെ എന്തെല്ലാം മതിവിഭ്രമങ്ങൾ. ഇങ്ങനെ മരണത്തിന്റെ അതിഥിയായി പത്തു ദിവസം കഴിഞ്ഞിട്ട് അയാൾ കരയിലടുത്തു. അതിലേ പോയ ഒരാളിനോട് ‘ഈ സ്ഥലമേത്?’ എന്നു വേലാസ്കോ ചോദിച്ചു. “കൊളംബിയ” എന്നു മറുപടി കിട്ടി. കാർട്ടാജീനിയയിൽ നിന്നു എത്രയോ നാഴിക അകലെയുള്ള ഒരു സ്ഥലത്താണ് അയാൾ എത്തിയത്. ജീവിതത്തിന്റെ സംഘട്ടനങ്ങളും പ്രയാസങ്ങളും ഇവിടെയുണ്ട്. ഏകാന്തതയുടെ ഭീകരത ഇവിടെകാണാം. അസുഖദായകങ്ങളായ ഈ അനുഭവങ്ങളെ മാർകേസ് മാന്ത്രിക ശക്തികൊണ്ട് കലാത്മകങ്ങളാക്കുന്നു. വേലാസ്കോ സ്വന്തം അനുഭവങ്ങൾ ആവിഷ്ക്കരിക്കുന്നു എന്ന മട്ടിലാണ് ഗ്രന്ഥത്തിന്റെ രചന. അത് അവസാനിക്കുന്നത് ഇങ്ങനെ: “ചില ആളുകൾ പറയുന്നു ഇക്കഥ ഫാന്റസിയാണെന്ന്. ഞാൻ അവരോടു ചോദിക്കുന്നു: അങ്ങനെയാണെങ്കിൽ കടലിൽ പത്തു ദിവസം ഞാനെന്താണു ചെയ്തത്?”

* * *

ഇംഗ്ലീഷിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്ക് ‘the’ എന്നതാണ്. മലയാളത്തിൽ ‘ഒരു’ എന്നതും. എന്നാൽ അടുത്തകാലത്ത് ഈ ‘ഒരു’വിനെ രണ്ടു വാക്കുകൾ പരാജയപ്പെടുത്തി. 1) കമ്മി; 2) പ്രതിച്ഛായ.