close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 10 10


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 10 10
മുൻലക്കം 1997 10 03
പിൻലക്കം 1997 10 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
ജിബ്രാൻ
കടലിന്റെ ബോധമണ്ഡലത്തെ പ്രകാശിപ്പിക്കലാണു കലയുടെ ലക്ഷ്യം. പതഞ്ഞുയരുന്ന തിരകളെയും നീലജലത്തെയും ചിത്രീകരിക്കലല്ല.
* * *

ചർച്ചകൾ നടക്കുന്ന വേളകളിൽ മറ്റു ഗ്രന്ഥകാരന്മാരുടെ സഹായം തേടിപ്പോകുന്നവർ സ്വന്തം ബുദ്ധിയെയല്ല ഓർമ്മയെയാണ് ഉപയോഗിക്കുന്നതെന്ന് ലേയോനാർദോ ദാവീഞ്ചി പറഞ്ഞിട്ടുണ്ട്. ഇതു ശരിയാണെങ്കിൽ എന്റ ബുദ്ധിശക്തിയിൽ സന്ദേഹമുള്ളവരാകണം മറ്റുള്ളവർ. പക്ഷേ എന്നെക്കാൾ ബുദ്ധിലോപമുള്ളവരാണ് കേരളത്തിലെ പല എഴുത്തുകാരും. സാർത്ര് പറഞ്ഞപോലെ, കമ്യൂ എഴുതിയതുപോലെ, ദെറിദ അഭിപ്രായപ്പെട്ടതുപോലെ എന്നു പറഞ്ഞുകൊണ്ടാണ് അവർ ലേഖനങ്ങൾ തുടങ്ങുക. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാത്തവർക്ക് അറിവു പകരാനായിട്ടാണ് സായ്പന്മാരുടെ കൃതികളെക്കുറിച്ചു ഞാൻ എഴുതുന്നാതെന്നു ഇതിനു സമാധാനം നൽകുന്നതു എനിക്കു ബുദ്ധിലോപമില്ല എന്നു സ്ഥാപിക്കാനല്ല. ഈ പരമാർത്ഥം മറക്കാതെ തന്നെ ഞാൻ ഒരാഫ്രിക്കനെഴുത്തുകാരന്റെ രചനയെക്കുറിച്ചു എഴുതിക്കൊള്ളട്ടെ.

ചിൻവാ ആച്ചേബേ (Chinue Achebe) എന്ന സാഹിത്യകാരന്റെ ‘The Madman’ എന്ന ചെറുകഥയെക്കുറിച്ച് എഴുതുന്നതാണ് എനിക്കു കൗതുകം.

മാന്ത്രികശക്തിയുള്ള രണ്ടു ചന്തകളുണ്ട് ആ സ്ഥലത്ത്. അവയെ കൂട്ടിയിണക്കുന്ന ഗൂഢാർത്ഥദ്യോതകമായ ഋ‌ജുവായ പാതയും. അയാൾ രണ്ടു ചന്തകളിലും പോകും. ചന്തകൾ കൂടുന്നതു രണ്ടു ദിവസങ്ങളിലായതു കൊണ്ട് മാറി മാറി അവിടങ്ങളിൽ പോകാൻ സൗകര്യമുണ്ട്. രണ്ടു ഭാര്യമാരാണ് അയാൾക്ക്. ക്ഷുദ്രങ്ങളായ കാര്യങ്ങളെ സംബന്ധിച്ച് അവർ കൂടെക്കൂടെ ശണ്ഠകൂടും. ഭ്രാന്താണ് ഒരുത്തിക്കെന്നു പറഞ്ഞു ഉരുക്കുമുഷ്ടി പ്രയോഗിച്ച് അയാൾ രണ്ടുപേരെയും അമർത്തിയിരുത്തും. ഒരുദിവസം അയാൾ ആറ്റിലിറങ്ങി കുളിച്ചു. കുളിക്കുന്നതിനു മുൻപ് വസ്ത്രമഴിച്ച് കരയിലോരിടത്തു വച്ചു. അപ്പോഴാണ് ഒരു ഭ്രാന്തൻ അതിലേ വന്നത്. അയാൾ കുളിക്കുന്നവനെ നോക്കി പൊട്ടിച്ചിരിച്ചു. ‘നിന്നെ തുണിയുടുക്കാതെ ഞാൻ കണ്ടല്ലോ’ എന്നു പറഞ്ഞു ഭ്രാന്തൻ. എന്നിട്ട് കരയിൽ വച്ച വസ്ത്രമെടുത്ത് ഉടുത്തുകൊണ്ട് ഓടി. ‘ഞാൻ നിന്റെ ഭ്രാന്ത് ഇല്ലാതെയാക്കും’ എന്നു ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അയാൾ ഭ്രാന്തന്റെ പുറകെയും. ‘ഭ്രാന്തനെ പിടിക്കൂ’ എന്നു നിലവിളിച്ചുകൊണ്ട് ഓടിയ അയാളെക്കണ്ട് ആളുകൾ ചിരിച്ചു. ഒരിടത്ത് അയാളുടെ ഭാര്യ നിൽക്കുകയായിരുന്നു. ആളുകൾ പിടിച്ചു നിർത്തിയ അയാളെ കണ്ട് അവൾ സ്വന്തം വസ്ത്രത്തിൽ നിന്ന് ഒരു ഭാഗം കീറിയെടുത്ത് ആ നഗ്നത മറച്ച് ഭർത്താവിനെ വീട്ടിലേക്കു കൊണ്ടുപോയി. അയാൾർ രണ്ടു ഡോക്ടർമാർ പരിശോധിച്ചു. രണ്ടാമത്തെ ഡോക്ടറുടെ ചികിത്സയിൽ അയാളുടെ ഭ്രാന്ത് മാറി. ‘ഓസോ’ എന്നൊരു സംഘടനയിൽ ചേരാനായിരുന്നു അയാളുടെ കൊതി. ഭ്രാന്ത് മാറിയെങ്കിലും ആ സംഘടന അയാളെ അതിൽ ചേരാൻ സമ്മതിച്ചില്ല.

നഗ്നനായി ഓടിയ ആൾ യഥാർത്ഥത്തിൽ ഭ്രാന്തനാണോ? അസന്ദിഗ്ദ്ധമായ ഉത്തരം നൽകുന്നില്ല ഇക്കാര്യത്തിൽ. അയാൾ പതയിലൂടെ നടന്നപ്പോൾ അതിനോടു സംസാരിച്ചതായി കഥയിൽ പ്രസ്താവമുണ്ട്. അതിനാൽ ഭ്രാന്തനായിരുന്നു അയാളെന്നു തീരുമാനിക്കാമോ? ചരങ്ങളായവയോടും അചരങ്ങളായവയയോടും ഭ്രാന്തില്ലാത്തവർ തന്നെ സംസാരിക്കാറുണ്ടല്ലോ. ഉന്മാദവും ഉന്മാദരാഹിത്യവും വേർതിരിക്കാനൊക്കുകയില്ല നമ്മുടെ സമുദായത്തിൽ എന്നു പറയുകയാവാം ആച്ചേബേ. സമകാലിക സമുദായത്തിലെ ഓരോ വ്യക്തിയേയും കഥയിലെ ഭ്രാന്തനെപ്പോലെ ഒറ്റപ്പെട്ടവനാണ് എന്നും പറയുകയാവാം ആച്ചേബേ. പ്രത്യക്ഷത്തിൽ ബഹിർഭാഗംസ്ഥം എന്നു തോന്നുന്ന ഇക്കഥ ആന്തരതലത്തിൽ പ്രൗഢമാന്. ഇങ്ങനെയൊക്കെ വേണം കഥയെഴുതാനെന്നു പറഞ്ഞാൽ അതു വനരോദനമായേ ഇവിടെ കാലശിക്കു.

ചോദ്യം, ഉത്തരം

Symbol question.svg.png ട്രിവാൻഡ്രമും തിരുവനന്തപുരവും തമ്മിലുള്ള വ്യത്യാസമെന്ത്?

പണ്ടത്തെ ട്രിവാൻഡ്രം എന്നോടു ഉള്ളറിഞ്ഞു പെരുമാറിയിരുന്നു. അതു ഇംഗ്ലീഷിലെഴുതുമ്പോഴും തിരുവനന്തപുരമായപ്പോൾ അസ്തിത്വ വാദികൾ പറയുന്ന അന്യവത്കരണ ബോധം എനിക്ക് ചെന്നെയും മദ്രാസും എനിക്ക് ഒരേ പോലെ രണ്ടിലും ഞാൻ അന്യനായി വർത്തിക്കുന്നു.


“സാഹിത്യകാരന്മാർ പൊതുവേ സ്ത്രീജിതന്മാരായത് എന്തുകൊണ്ട്?”

“സാഹിത്യകാരന്മാർ സൗന്ദര്യം സൃഷ്ടിക്കുന്നവരാണ്. അതിനാൽ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായ സ്ത്രീകളിൽ അവർക്കു താല്പര്യം കൂടും.”

സാഹിത്യകാരന്മാർ പൊതുവേ സ്ത്രീജിതന്മാരായത് എന്തുകൊണ്ട്?” സാഹിത്യകാരന്മാർ സൗന്ദര്യം സൃഷ്ടിക്കുന്നവരാണ്. അതിനാൽ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായ സ്ത്രീകളിൽ അവർക്കു താല്പര്യം കൂടും.

“‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന ചൊല്ലിനെക്കാൾ നിന്ദ്യമായി ഈ ലോകത്ത് വേറെ വല്ല ചൊല്ലുമുണ്ടോ?” “നിങ്ങൾ മനുസ്മൃതി ശരിയായി വായിച്ചില്ല എന്നതിനു തെളിവാണ് ഈ ചോദ്യം. കൗമാരത്തിൽ അച്ഛൻ രക്ഷിക്കുന്നു. യൗവനത്തിൽ ഭർത്താവു രക്ഷിക്കുന്നു. വാർദ്ധക്യകാലത്തു പുത്രന്മാർ രക്ഷിക്കുന്നു എന്നാണ് അതിന്റെ മുൻപുള്ള ഭാഗം. ഓരോ കാലയളവിലും സ്ത്രീക്കു സംരക്ഷണം വേണം എന്നേ അതിന് അർത്ഥമുള്ളൂ.

 
യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:
യത്രൈതാസ്തു ന പൂജ്യന്തേ സർവ്വാസ്തത്രാ
ഫലാ: ക്രിയാ:

-എവിടെ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവോ അവിടെ ഈശ്വരന്മാർക്ക് ആഹ്ലാദമാണ്. എവിടെ അവർ അപമാനിക്കപ്പെടുന്നുവോ അവിടെച്ചെയ്യുന്ന കൃത്യങ്ങളാകെ ഫലരഹിതങ്ങളാവുന്നു എന്നു സ്മൃതിയിൽ നേരത്തേ പറഞ്ഞിട്ടുണ്ട്. സ്ത്രീയെ ബഹുമാനിച്ചു സ്മൃതികാരൻ” “മുട്ടത്തുവർക്കി, കാനം ഇ. ജെ. ഇവരോട് അവരെഴുതിയ കൃതികളെക്കുറിച്ചു ചോദിച്ചാൽ എന്താവും ഉത്തരം?” “രണ്ടുപേർക്കും തങ്ങളുടെ രചനകളെക്കുറിച്ച് വലിയ മതിപ്പായിരുന്നു. മലയാളനാട് പത്രാധിപരായിരുന്ന എസ്. കെ. നായർ എന്നെച്ചൂണ്ടി ‘ഈ ഇരിക്കുന്ന ആളിനെ അറിയുമോ?’ എന്നു മുട്ടത്തുവർക്കിയോടു ചോദിച്ചപ്പോൾ ‘ എന്റെ നോവലുകളെ കാരണം കൂടാതെ തെറി പറയുന്ന ആളല്ലേ? എനിക്കറിയാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എറണാകുളത്ത് ലൂസിയ ഹോട്ടലിൽ ഞാൻ താമസിക്കുമ്പോൾ കാനം ഇ. ജെ. അടുത്ത മുറിയിലുണ്ടെന്ന് അറിഞ്ഞ് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. ‘ഓ ഹൈപർ ക്രിട്ടിക് ഞാൻ സിനിമയ്ക്കു സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. busy-യാണ് എന്നു എന്നെ കണ്ടയുടനെ പറഞ്ഞു. ഞാൻ ക്ഷീണിച്ചു. എങ്കിലും അതു മറയ്ക്കാനായി ‘പതിനായിരം രൂപ കിട്ടുമല്ലോ’ എന്നു കാനത്തിനോടു പറഞ്ഞു. ഉടനെ അദ്ദേഹം ‘പതിനായിരം രൂപയ്ക്ക് ആരെഴുതുന്നു എനിക്ക് അമ്പതിനായിരം രൂപയാണ് കിട്ടുന്നത്’ എന്നു പറഞ്ഞു. മുട്ടത്തുവർക്കിയും കാനവും വലിയ ആളുകൾ”

“ഒരു ഉപദേശം തരുമോ?” “ഒന്നും അതിരു കടക്കരുത്. 27 കൊല്ലമായി വാരികകളിൽ വരുന്ന സാഹിത്യവാരഫലത്തിനും ഇതു ചേരും” “വലതു ചെവികൊണ്ടു കേൾക്കുന്നതു ഇടതുചെവി വഴി പുറത്തേക്ക് അയയ്ക്കുന്ന സ്ത്രീകളുണ്ട്. രണ്ടു ചെവി കൊണ്ടും കേൾക്കുന്നതു വാ വഴി കൂട്ടുകാരികളുടെ മുൻപിലേക്ക് എറിയുന്നവരുണ്ട് സ്ത്രീകളിൽ. ഇവരിൽ നിങ്ങൾക്കു ബഹുമാനം ആരോട്?”

“രണ്ടുപേരോടും ബഹുമാനമില്ല. രണ്ടു ചെവികൊണ്ടും കേട്ടത് മനസ്സിൽ തന്നെ വച്ച് റ്റെലിഫോണിലൂടെ അത്യുക്തി കലർത്തി മറു ചെവിയിൽ എത്തിക്കുന്ന ഒരു സ്തീയെ എനിക്കറിയാം. സീമോൻ ദബൊവ്വാറിനെ, റബേക്കവെസ്റ്റിനെ ബഹുമാനിക്കുന്നതിലധികം ഞാൻ അവരെ ബഹുമാനിക്കുന്നു.” “കവികൾ ഭീരുക്കളാണോ?” “എല്ലാക്കവികളും ഭീരുക്കളല്ല. യൊസിഫ് ബ്രൊഡ്സ്കിയെ കുറ്റവിചാരണ ചെയ്തപ്പോൾ റഷൻ ജ്ഡ്ജി അദ്ദേഹത്തോടു ചോദിച്ചു: who incuded you among the ranks of the poet? ബ്രൊഡ്സ്കി ഉടനെ മറുപടി നൽകി: Who included me among the ranks of the human race? മഹാനായ കവി ബ്രൊഡ്സ്കി. ധീരന്മാരിൽ ധീരനായ മനുഷ്യൻ ബ്രൊഡ്സ്കി”

* * *
ജിബ്രാൻ
പച്ചമുന്തിരിയിൽ നിന്നു മുന്തിരിച്ചാറു കിട്ടുമോ?

ഞങ്ങൾ കാത്തിരിക്കുന്നു

ഞാൻ കടപ്പുറത്തു പോകാറില്ല. ഈ വർഷാകാലസന്ധ്യയിൽ തീർച്ചയായും പോകുകയില്ല. എങ്കിലും അവിടെപ്പോയെന്നും പഞ്ചാരമണലിൽ നിന്ന് ഉത്കണ്ഠയോടുകൂടി കടലിലേക്കു ഞോക്കിയെന്നും സങ്കല്പിക്കുന്നു. എന്തിന് ഉത്കണ്ഠ? ശ്രീ വട്ടപ്പാറ ശശിയുടെ ‘മറ’ എന്ന കഥയിലെ (മലയാളം വാരിക) മുക്കുവത്തരുണിയെ കാണാനുള്ള ഉത്കണ്ഠയാണ് എനിക്ക്. ഭർത്താവിന്റെ ക്രൂരത സഹിക്കാനാവാതെ അവൾ കടലിൽച്ചാടി ആത്മഹനനം നടത്തിയെന്നാണ് കഥാകാരൻ പരോക്ഷമായി പറയുന്നത്. എങ്കിലും എന്റെ സങ്കല്പത്തിലുള്ള ആ തരുണിയെത്തന്നെ അനുഗൃഹീതനായ കലാകാരൻ നമ്പൂതിരി മലയാളം വാരികയുടെ നാല്പത്തിയൊന്നാം പുറത്ത് ഇരുത്തിയിരിക്കുന്നു. എന്തൊരു സൗന്ദര്യമാണവൾക്ക്! അവൾ കടലിൽച്ചാടി മരിച്ചെന്ന സത്യം എനിക്ക് സ്വീകരിക്കാൻ വയ്യ. കഥ പറയുന്ന ആൾ അവളെ കാത്തിരിക്കുന്നതു പോലെ ഞാനും കടൽത്തീരത്ത് കാത്തിരിക്കുന്നു. അന്തരീക്ഷത്തിൽ ആരോ വാരിയിട്ട ചെമ്പരത്തിപ്പൂവിന്റെ സൗന്ദര്യത്തോടു കൂടി, തരംഗപരമ്പരകളുടെ മൃദുല സഗീതത്തിലൂടെ ഉയിർക്കൊണ്ട് അവൾ കടലിന്റെ അഗാധതയിൽ നിന്നുയർന്നു വന്നു കഥ പറയുന്ന ആളിനോട് ‘എന്താ സാറേ മീൻ വേണോ’ എന്നു ചോദിക്കുന്നതു പോലെ എന്നോടും ചോദിക്കുമെന്നു ഞാൻ വിചാരിക്കുന്നു. കടലിലെ തണുത്ത കാറ്റുതട്ടി ഞാൻ വിറയ്ക്കുന്നു. ആ വിറയലിനു തീക്ഷ്ണത കൂടുന്നത് അവൾ ഇനി വരില്ല എന്നു വിചാരിക്കുമ്പോഴാണ്. എങ്കിലും ആകാശത്തിൽ തിളങ്ങുന്ന ചന്ദ്രനെപ്പോലെയുള്ള മുഖവുമായി അവൾ വരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്താണ് ഈ വിഭ്രമത്തിനു ഹേതു? കഥാകാരനായ വട്ടപ്പാറ ശശി അത്രകണ്ടു ഹൃദയാവർജ്ജകമായ രീതിയിൽ എന്റെ മുൻപിൽ അവളെ അവതരിപ്പിച്ചു എന്നതു തന്നെ.

ശുദ്ധമായ ഗ്രാമീണ ഭാഷയിൽ അവൾ സംസാരിക്കുന്നു. അവൾക്കു മാനസികങ്ങളായ നിരോധങ്ങളില്ല. പക്ഷേ സ്വന്തം ചാരിത്രത്തിനു ‘വെണ്മയല്ലാത്തതൊന്നും’ ചെയ്യുന്നുമില്ല. കഥ പറയുന്ന ആളിനുണ്ടായ കാമാവേശം മുഴുവൻ അവൾ അറിയുന്നുണ്ട്. പണം കൊടുത്ത് അവളെ വഴി പിഴപ്പിക്കാനൊക്കുകയില്ല അയാൾക്ക്. കഥ തീരുമ്പോൾ ഇത്ര സുന്ദരിയായ ഒരു മുക്കുവത്തരുണി, ഇത്ര പാതിവ്രത്യം ഉള്ള ഒരു മുക്കുവത്തരുണി ജീവനൊടുക്കിക്കളഞ്ഞല്ലോ എന്ന് എനിക്കു ദുഃഖമുളവാകുമാറ് കഥാകാരൻ കഥ പറഞ്ഞിരിക്കുന്നു. ആ തിരമാലയിൽ കയറി ഞാൻ കടലിന്റെ മധ്യഭാഗത്തേക്കു ചെല്ലട്ടോ അവളെക്കാണാനായി? വ്യർത്ഥയത്നം. തിരകൾ എന്നെ വിഷാദത്തിന്റെ കരയിലേക്കേ കൊണ്ടുവരൂ. ആഞ്ഞടിക്കുന്ന ശീതക്കാറ്റിലൂടെ ഞാൻ അമ്പുപോലെ പാഞ്ഞു പോകട്ടോ സാഗരമധ്യത്തിലേക്ക്? എന്തൊരു ബുദ്ധിശൂന്യത! കടൽക്കാറ്റ് എന്നെ വിഷാദതീരത്തിലേക്കേ കൊണ്ടുവരൂ. സുന്ദരിയായ ആ “മത്സ്യഗന്ധി” യെ ഞാനിനിക്കാണില്ല. കഥ പറയുന്ന ആളും കാണില്ല. എങ്കിലും ഞങ്ങൾ രണ്ടുപേരും അവളെ കാണാൻ കാത്തിരിക്കുന്നു. ശോകം മൂർദ്ധന്യാവസ്ഥയിൽ ആഹ്ലാദമായി മാറും. കലയുടെ ആഹ്ലാദമാണത്. അത് എനിക്കുളവാക്കിയ കഥാകാരനു നന്ദി.

* * *
ജിബ്രാൻ
ഭാജനത്തെ മാത്രം നോക്കിയാൽ അതിനകത്തെ മുന്തിരിച്ചാറിന്റെ രുചി അറിയാൻ പറ്റുമോ?

നീ തന്നെ

കാമുകൻ കാമുകിയുടെ വാതിലിൽ തട്ടി. “ആരത്” എന്ന് അവൾ ചോദിച്ചു. കാമുകൻ മറുപടി നൽകി: “ഞാൻ തന്നെ” കാമുകി പറഞ്ഞു: “പൊയ്‌ക്കൊള്ളു. നമുക്കു രണ്ടുപേർക്കും ഈ മുറിയിൽ സ്ഥലമില്ല.” കാമുകൻ മണൽക്കാട്ടിൽച്ചെന്നു കുറെക്കാലം ധ്യാനനിമഗ്നനായി ഇരുന്നു. പിന്നീട് കാമുകിയുടെ മുറിക്കു മുന്നിൽ വന്നു വാതിലിൽ തട്ടി. ‘ആരത്’ എന്ന് അവളുടെ ചോദ്യം. കാമുകൻ പറഞ്ഞു: “നീ തന്നെ” ഉടനെ വാതിൽ തുറക്കപ്പെട്ടു.

കാമുകനും കാമുകിയും ഒന്നാണെന്നും അവർ വിഭിന്നരായ വ്യക്തികളല്ലെന്നുമാണ് ഇക്കഥയിലെ ആശയം. ഇതുപോലെ കഥയും കഥാകാരനും ഒന്നാകണം. എങ്കിലേ പ്രേമസാക്ഷാത്കാരം പോലെ സൗന്ദര്യസാക്ഷാത്കാരം ഉണ്ടാകൂ. ശ്രീ. മുണ്ടൂർ കൃഷ്ണൻകുട്ടി സമകാലിക സമുദായത്തിന്റെ ദുർദ്ദശയെ സൂചിപ്പിക്കാൻ. സ്ത്രീകളുടെ ദുരഭിമാനത്തെ പ്രദർശിപ്പിക്കാൻ ‘ഈശ്വരൻമാർ എല്ലാം കേൾക്കുന്നുണ്ടു’ എന്ന ചെറുകഥയെഴുതുന്നു ദേശാഭിമാനി ഓണം വിശേഷാൽപ്പതിപ്പിൽ. ഇവിടെ മോരും മുതിരയുമെന്ന കൃഷ്ണൻകുട്ടി മാറി നിൽക്കുന്നു. അദ്ദേഹത്തിൽ നിന്നു ബഹുദൂരം മാറി നിൽക്കുന്നു കഥ. സമുദായത്തിലെ ആഢ്യത്വം തൊലി വെളുത്ത കുഞ്ഞുങ്ങളെ മാത്രമേ അംഗീകരിക്കൂ. തന്റെ കറുത്ത കുഞ്ഞിനെ വെളുപ്പിക്കാൻ അമ്മ പരസ്യത്തിൽ കണ്ട ഒരു മരുന്നു തേച്ച് അതിനു വൈകൃതം വരുത്തുന്നതാണ് മുണ്ടൂരിന്റെ കഥ.

കലാപരമായ ആവശ്യകതയിൽക്കവിഞ്ഞ് കഥാകാരൻ ആശയത്തിനു പ്രാധാന്യം നൽകിയതാണ് ഇക്കഥയുടെ ദോഷം. പട്ടാളക്കാർ ‘ലെഫ്‌റ്റ് റൈറ്’ ചവിട്ടി മുന്നോട്ടു പോകുന്നതു പോലെ ഇതിലെ പ്രചരണാംശം സഹൃദയനെ ക്ഷോഭിപ്പിക്കുമാറ് മാർച്ച് ചെയ്യുന്നു. മുണ്ടൂർ കൃഷ്ണൻകുട്ടി കുറച്ചു കാലത്തെ തപസ്സിനു ശേഷം കലാദേവതയുടെ മുറിയുടെ മുൻപിൽ വന്നു തട്ടി ‘നീ തന്നെ’ എന്നു പറയണം. അപ്പോൾ മാത്രമേ വാതിൽ തുറക്കപ്പെടുകയുള്ളൂ.

പലരും പലതും

1. മലയാള സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ ശക്തിയും ദൗർബല്യവും എടുത്തു കാണിക്കാൻ എനിക്കു താല്പര്യം.
സി. വി. രാമൻപിള്ള
ശക്തി: കഥാപാത്രങ്ങളുമായി താദാത്‌മ്യം പ്രാപിച്ച് അവരുടെ ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്. ഉദാഹരണം- അനന്തപദ്മനാഭനും ഹരിപഞ്ചാനനും തമ്മിലുള്ള സംഭാഷണം.
ദൗർബല്യം: ഭാഷയുടെ വക്രത. നോവലിസ്റ്റിനു ചേർന്ന ഭാഷയല്ല സി. വി. യുടേത്.
ഒ. ചന്തുമേനോൻ
ശക്തി: റ്റൈപ്പുകളായ (വെറും താരങ്ങളായ) കഥാപാത്രങ്ങളെ ഏറ്റക്കുറവുകൂടാതെ ആവിഷ്കരിക്കാനുള്ള പ്രാഗത്ഭ്യം.
ദൗർബല്യം: മധ്യമകോടിയിൽ നിന്ന് പരകോടിയിലേക്ക് ഒരിക്കലും ചെല്ലാൻ കഴിവില്ലാത്ത അവസ്ഥ.
കുമാരനാശാൻ
ശക്തി: പാരമ്പര്യത്തിൽ നിന്ന് അകന്നു പോകാതെ കവിതയ്ക്കു അന്യാദൃശസ്വാഭാവം കൈവരുത്തിയ പ്രാഗത്ഭ്യം.
ദൗർബല്യം: ആവശ്യകതയിൽക്കവിഞ്ഞ ആധ്യാത്മിക പ്രതിപത്തി. ഉചിതങ്ങളായ പദങ്ങളെ ഉചിതങ്ങളായ സന്ദർഭങ്ങളിൽ നിവേശിപ്പിക്കാനുള്ള കഴിവിന്റെ കുറവ്.
ചങ്ങമ്പുഴ
ശക്തി: അനുവാചകന് കവിത കൊണ്ടു ഹർഷാതിരേകം ഉളവാക്കാനുള്ള സിദ്ധി.
ദൗർബല്യം: ബഹിർഭാഗസ്ഥത
വള്ളത്തോൾ
ശക്തി: ഏതു ക്ഷുദ്രവിഷയത്തെയും സുന്ദരമാക്കിത്തീർക്കുന്ന ഭാവന.
ദൗർബല്യം: അതിരുകടന്ന വൈഷയിക കൗതുകം.
പി. കുഞ്ഞിരാമൻനായർ
ശക്തി: മലയാള ഭാഷയുടെ മനോഹാരിത.
ദൗർബല്യം: ആവർത്തനം.
ജി. ശങ്കരക്കുറുപ്പ്
ശക്തി: ജീവിതാസ്തമയത്തോട് അടുത്ത കാലത്തു രചിച്ച കാവ്യങ്ങളിലെ ജഗത്‌സംബന്ധീയമായ വീക്ഷണം.
ദൗർബല്യം: ഭാഷയുടെ പ്രകടനാത്മകത. ഓരോ കാലത്തു ഓരോ തത്ത്വചിന്ത. ഭാവത്തെ തുച്ഛീകരിക്കുന്ന കൃത്രിമത്വം.
2. പത്തൊൻപതാം ശതാബ്ദത്തിന്റെ അവസാനത്തോട് അടുപ്പിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിലുണ്ടായ ഒരു കലാപ്രസ്ഥാനമാണ് മോഡേണിസം വിശുദ്ധമായ ഭാഷ എന്ന സങ്കല്പത്തെ കാറ്റിൽപ്പറത്തി യുക്തിരഹിതമായി. ദുർഗ്രഹതയോടെ രചിക്കപ്പെട്ട കൃതികളായിരുന്നു ആ പ്രസ്ഥാനത്തിലേത്. ജോയിസ്, വൂൾഫ്, എല്യറ്റ് ഇവരാണു മോഡേണിസ്റ്റുകൾ. നമുക്കു മോഡേണിസമെന്നൊരു പ്രസ്ഥാനമില്ല.

പോസ്റ്റ് മോഡേണിസം ഇരുപതാം ശതാബ്ദത്തിന്റെ ഉത്തരാർദ്ധ കാലയളവിൽ ഉണ്ടായ കലാ പ്രസ്ഥാനമത്രേ. വിവിധസംസ്കാരങ്ങൾ ആധിപത്യം ചെലുത്തുന്ന ആധുനിക കാലയളവിൽ സ്പഷ്ടതയ്ക്കും അർത്ഥങ്ങളുടെ അന്യോന്യ ബന്ധത്തിനും ഒരു സ്‌ഥാനവുമില്ല എന്നു ഉദ്‌ഘോഷിച്ചു കൊണ്ട് കലാസൃഷ്‌ടികൾക്കു രൂപം കൊടുത്തവരാണ് പോസ്റ്റ് മോഡേണിസം അംഗീകരിച്ചവർ. നബോക്കോഫ്, പിഞ്ചൻ, ഡി. എം. തോമസ് ഇവർ ഈ പ്രസ്ഥാനത്തിന്റെ പ്രചാരണം നിർവഹിക്കുന്നു. നമുക്ക് ഈ പ്രസ്ഥാനവുമില്ല. ഇവിടെയാകെയുള്ളത് റൊമാൻസുകളും റീയലിസ്റ്റിക് കൃതികളുമാണ്. അതുകൊണ്ട് ഈ രണ്ടു പ്രസ്ഥാനങ്ങളെയും ചിലർ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നത് വ്യർത്ഥ യത്നമാണ്. മാർക്സിസ്റ്റ് നിരൂപകരായ ഫ്രെഡറിക് ജെയിംസനും റ്റെറി ഈഗശറ്റനും പോസ്റ്റ് മോഡേണിസം എന്നത് വില കുറഞ്ഞ ചരക്കുകൾ വിൽക്കാനുള്ള ബൂർഷ്വാസിയുടെ ചന്തയാണെന്ന് അസന്ദിഗ്‌ദ്ധമായി പറഞ്ഞിട്ടുണ്ട്. സാഹിത്യത്തിലെ സ്റ്റ്രക്‌ചറലിസവും പോസ്റ്റ് സ്റ്റ്രക്‌ചറലിസവും പിന്തിരിപ്പൻ പ്രസ്ഥാനങ്ങളാണെന്നു കൂടി ഞാനും എഴുതിക്കൊള്ളട്ടെ. പോസ്റ്റ് മോഡേണിസത്തെ ലാളിക്കുന്നവർ അവരുടെ ആരാധ്യപുരുഷന്മാർ. എന്തുകൊണ്ട് ‘വാർ ആന്റ് പീസ്’ പോലെ, ‘അന്നാകരേനീന’ പോലെ, ’മദാം ബോവറി’ പോലെ നോവലുകൾ എഴുതിയില്ല എന്നും കൂടി ആലോചിക്കണം.

പോസ്റ്റ് മോഡേണിസത്തെ ലാളിക്കുന്നവർ അവരുടെ ആരാധ്യപുരുഷന്മാർ. എന്തുകൊണ്ട് ‘വാർ ആന്റ് പീസ്’ പോലെ, ‘അന്നാകരേനീന’ പോലെ, ’മദാം ബോവറി’ പോലെ നോവലുകൾ എഴുതിയില്ല എന്നും കൂടി ആലോചിക്കണം.

3.ഖലീൽ ജിബ്രാന്റെ ‘Visions of the Prophet’ പുതിയ പുസ്തകമാണ്. Margaret Crosland ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തതാണ് ഇത്. അറബിക് വായിക്കുന്നവർക്ക് മാത്രം ലഭിച്ചിരുന്ന ഇതിലെ കവിതകൾ ഇംഗ്ലീഷ് വായിക്കുന്നവർക്കു ആദ്യമായി ലഭിച്ചിരുന്നുവെന്നാണ് പുസ്തകത്തിന്റെ പുറംചട്ടയിലെ പ്രസ്താവം. അതു സമ്പൂർണമായും ശരിയല്ല. ജിബ്രാൻ ജീവിച്ചിരുന്ന കാലത്തും അദ്ദേഹത്തിന്റെ മരണത്തിനുശേഷവും പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ നിന്നു ചിലതൊക്കെ ഇതിൽ ചേർത്തിട്ടുണ്ട്. എങ്കിലും നമ്മിളിതുവരെ വായിച്ചിട്ടില്ലാത്ത കവിതകൾ വായിക്കുന്നതിനു വേണ്ടി ഇപ്പുസ്തകം കൈയിലിരിക്കുന്നതു നന്ന്. ജിബ്രാനെ ഏതു വരിയിലും കവിതയുണ്ട്. അതിനാൽ പുസ്തകം തുറന്നയുടനേ ഞാൻ കണ്ട രണ്ടു വരികൾ എടുത്തെഴുതട്ടെ.

Death is like the sea-he who i light will traverse it,
while he who carries the mill stone of matter will founder

4. തീരെക്കൊച്ചായ കുഞ്ഞുങ്ങളെ അതിഥികൾ വീട്ടിൽ കൊണ്ടുവരും. അച്ഛനമ്മമാരും മക്കളും തിരിച്ചു പോകാറാകുമ്പോൾ അച്ഛനോ അമ്മയോ ഗൃഹനായകനെ ചൂണ്ടിക്കാണിച്ചു കുഞ്ഞിനോടു പറയും: ‘അങ്കിളിന് ഒരു നമസ്‌കാരം പറയൂ.’. കുഞ്ഞ് ‘നക്കാരം’എന്ന് ഉടനെ പറയും. ’ഇനി അങ്കിളിന് ഷേക്‌ഹാൻഡ് കൊടുക്കൂ’. ഗൃഹനായകന്റെ വലിയ കൈയിൽ പൂപോലെയുള്ള കൊച്ചു കൈ അമരുന്നു. എന്തോ ചെയ്യുന്നു അച്ഛനല്ലെങ്കിൽ അമ്മ പറഞ്ഞിട്ട് എന്നാണ് കുഞ്ഞിന്റെ വിചാരം. അല്ലാതെ കൈപിടിച്ചു കുലുക്കുന്നതിന്റെ പിറകിലുള്ള മാനസികാവസ്ഥ അതിനുണ്ടോ? ഇല്ല. ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിലാണ് അതു നമസ്കാരം പറയുന്നതും. ഇമ്മട്ടിലാണ് പലരും ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നത്. സാർത്ര് ഒരു കാലത്ത് ഫാഷനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ‘Being and Nothingness’ എന്ന പുസ്തകം ഞാൻ വായിച്ചു തീർത്തതും ഇങ്ങനെ തന്നെ.

ദുഃഖത്തിന്റെ പ്രതിനിധി

പ്രധാനപ്പെട്ട പട്ടണങ്ങളിൽ ട്രാഫിൿ ലൈറ്റ് ഉണ്ടല്ലോ. തിടുക്കത്തിൽ കാറോടിച്ചു പോകുമ്പോൾ നാലും കൂടുന്ന വഴിയിൽ നീണ്ടതും വീതിയുള്ളതുമായ ചുവന്ന പ്രകാശഖണ്ഡം. തിടുക്കത്തിൽ ബ്രെയ്‌ക്ക് ചവിട്ടി വാഹനം നിറുത്തുന്നു ഡ്രൈവർ. കുറച്ചുനേരം കാത്തു നിൽക്കുമ്പോൾ ആ ചുവപ്പു നിറം ക്രമേണ അന്തർദ്ധാനം ചെയ്യുകയും ലഘുത്വമാർന്ന വർണ്ണം വരികയും ചെയ്യുന്നു. കാത്തിരിക്കുമ്പോൾ ലഘുവർണ്ണം ഇളംപച്ചയാകുന്നു. ഇളംപച്ച കടുംപച്ചയാകുന്നു. വാഹനം നീങ്ങുന്നു. ജങ്‌ഷൻ കടന്നു പോകുന്നു അത്.

മലയാളത്തിലെ ചെറുകഥകളിൽ പലതും സ്ഥിരമായി ചുവന്ന നിറം കാണിക്കുന്നവയാണ്. സഹൃദയനു മുന്നോട്ടുപോകാൻ വയ്യ. അയാൾ റിവേഴ്‌സെടുത്തു വേറെ വഴി അന്വേഷിക്കുന്നു. മറ്റു ചില കഥകൾ എപ്പോഴും ലഘുവർണ്ണം പ്രദർശിപ്പുക്കുനവയത്രേ.അപ്പോഴും മുന്നോട്ടുപോകാൻ വയ്യ. സ്ഥിരമായി പച്ചനിറം കാണിക്കുന്ന കഥകളാണ് ശ്രീമതി അഷിതയുടേത്. അനായാസമായി അനുവാചകനു കഥയിലൂടെ സഞ്ചരിക്കാം.

മലയാള മനോരമ വാർഷികപ്പതിപ്പിൽ അഷിത എഴുതിയ ‘ഒരു സ്ത്രീയും പറയാത്തത്‘ എന്ന കഥയിലൂടെ വായനക്കരനു ലഘുത്വതയോടെ സഞ്ചരിക്കാം. കുടിയിലും മാംസാഹാരത്തിലും മാത്രം തല്പരനായ ഒരുത്തൻ. അയാൾക്ക് അതൊക്കെ തയ്യാറാക്കിക്കൊടുക്കുന്ന ഭാര്യ. വിദ്യാലയത്തിൽ നിന്നു തിരിച്ചു വരേണ്ട സമയത്തു മകളെക്കുറിച്ച് അവൾക്ക് ഉത്‌കണ്ഠ. ആ ഉത്കണ്ഠ ഭർത്താവിന് തീരെയില്ല. അവൾ ഓടുന്നു. ഒരു കാറിന്റെ ചില്ലിലമർന്ന മുഖം പെൺകുട്ടിയുടേത്. അത് മകളുടെ മുഖമാണോ? നിർണ്ണയിക്കാൻ വയ്യ. അപഹരിക്കപ്പെടുന്ന ആയിരക്കണക്കിനുള്ള പെൺകുട്ടികളിൽ ഒരുത്തിയാകാം അവൾ. അത്തരം പെൺകുട്ടികളേയും അവരുടെ അമ്മമാരുടെയും ദുഃഖത്തിന്റെ പ്രതിനിധി ശക്തമായി കേൾക്കുമാറ് അതാവിഷ്‌കരിക്കുന്ന നല്ല കഥയാണിത്.

* * *
ജിബ്രാൻ
‘പൂവും അതിന്റെ മണവും തമ്മിൽച്ചേർന്ന് ഒന്നുപോലെ ‘വായുവിലൂടെ ഒഴുകിവരുന്ന സൗരഭ്യം മാത്രമാണു പൂവെ‘ന്നു പറയുന്ന അന്ധൻ ‘പൂവ് ആകൃതിയും നിറവും മാത്രമുള്ളതാണെ’ന്നു പറയുന്ന ജലദോഷിയെപ്പോലെയാണ്.