close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 07 03


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 07 03
ലക്കം 668
മുൻലക്കം 1988 06 26
പിൻലക്കം 1988 07 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പ്രായോഗികതലം ലംഘിച്ച് പസ്തര്‍നക്ക് ആദ്ധ്യാത്മികതലത്തില്‍ എത്തിയപ്പോള്‍ ‘ഡോക്ടര്‍ ഷിവാഗോ എന്ന ഉജ്ജ്വല കലാ ശില്പം ഉണ്ടായി. ഭീഷ്മ സാഹ്നിയാകട്ടെ, പണ്ടുണ്ടായ കലാപങ്ങളെയും രക്തപ്രവാഹങ്ങളെയും വാക്കുകള്‍കൊണ്ട് ഒപ്പിയെടുത്തു നമ്മുടെ മുന്‍പില്‍ വയ്ക്കുന്നതേയുള്ളു. അവ കാണുമ്പോള്‍ ഉണ്ടാകുന്ന ക്ഷോഭത്തിനു കല ജനിപ്പിക്കുന്ന രസബോധനിഷ്ഠമായ വികാരവുമായി ഒരു ബന്ധവുമില്ല.

ഭീഷ്മ സാഹ്നിയുടെ “തമസ്സ്” എന്ന നോവല്‍ വായിച്ചു തീര്‍ത്തു താഴെ വച്ചതേയുള്ളു. ‘മലയാളമനോരമ’, ‘കേരളകൗമുദി’, ‘മാതൃഭൂമി’ ഈ ദിനപത്രങ്ങളോടൊപ്പം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് വീട്ടിന്റെ മുന്‍വശത്തെ ഗ്രില്ലിനിടയില്‍ക്കൂടി പോര്‍ട്ടിക്കോയില്‍ തെറിച്ചുവീണു. പാപംനിറഞ്ഞ ഈ ലോകത്തു വന്നെത്തിയ ഒരു കുഞ്ഞ് അവിടെ ഒരു കൊച്ചുപായില്‍ കിടക്കുകയായിരുന്നു. ഒരു മാസംപോലുമായില്ല ആ കുഞ്ഞ് ഇവിടെ അവതരിച്ചിട്ട്. പത്രങ്ങള്‍ മര്യാദ ലംഘിക്കാതെ വീണത് അതിന് അല്പമകലെയാണ്. ആഴ്ചപ്പതിപ്പ് ആപത്തുളവാകുമാറ് കുഞ്ഞിന്റെ മുഖത്തിനടുത്തുതന്നെ വന്നുവീണു. ഒരു നെല്ലിട തെറ്റിയെങ്കില്‍ അതിന്റെ കണ്ണു പൊടിഞ്ഞുപോകുമായിരുന്നു. പത്രക്കാരന്‍ പയ്യനെ കുറ്റംപറയാന്‍ വയ്യ. അയാള്‍ തിടുക്കമുള്ളവനാണ്. ആ തിടുക്കത്തിനു ഹേതു പത്രങ്ങളിലെ വാക്കുകളാണ്. വാക്കുകള്‍ നമ്മെ സമാക്രമിക്കുകയാണല്ലോ. പത്രങ്ങളിലെ വാക്കുകളില്‍നിന്ന്, പുസ്തകങ്ങളുടെ വാക്കുകളില്‍നിന്ന്, സാഹിത്യവാരഫലത്തിലെ വാക്കുകളില്‍ നിന്ന് രക്ഷനേടാന്‍വേണ്ടി നമ്മള്‍ റോഡിലേക്കു പോയാല്‍ ഫ്രഞ്ച് കവി വലേറി പറഞ്ഞതുപോലെ റോഡാകെ അഗ്നികൊണ്ടെഴുതിയ അക്ഷരങ്ങള്‍. മടുത്ത് തിരിച്ചു വീട്ടിലെത്തിയാല്‍ ടെലിവിഷനിലെയും റേഡിയോയിലെയും വാക്കുകള്‍. ആക്രമണോത്സുകങ്ങളായ വാക്കുകള്‍ പത്രക്കാരന്‍ പയ്യനെ ചലനംകൊള്ളിക്കുന്നു. അയാള്‍ എറിയുന്നു, പോകുന്നു. വാരിയെറിഞ്ഞു ശിശുവിന്റെ കണ്ണു പൊട്ടിക്കാന്‍ പോയ പയ്യനെ വഴക്കുപറയാതെ ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കൈയിലെടുത്തു തുറന്നു. ആദ്യം എന്റെ നേത്രങ്ങള്‍ ചെന്നുവീണത് വിജയവാഡയിലെ ആര്‍. രാജേന്ദ്രന്‍പിള്ള എഴുതിയ കത്തിലാണ്. അദ്ദേഹം ആഴ്ചപ്പതിപ്പില്‍ വരുന്ന തര്‍ജ്ജമ വായിച്ച് ‘കൈമെയ്’ മറന്നു നിൽക്കുകയാണ്. അങ്ങനെ നിൽക്കുമ്പോള്‍ ഭീഷ്മസാഹ്നിയെ നേരിട്ടു കാണുന്നു. അദ്ദേഹത്തിന് മലയാള ലിപിയിലുള്ള തര്‍ജ്ജമ കാണിച്ചുകൊടുക്കുന്നു. സാഹ്നിക്കും രാജേന്ദ്രന്‍പിള്ളയ്ക്കും പുളകം. പക്ഷേ, ഈ പുളകപ്രസരമനുഭവിച്ച ധന്യനല്ല ഞാന്‍. കാരണം ‘തമസ്സ്’ സാധാരണമായ ജേണലിസമോ സൂപര്‍ ജേണലിസമോ ആണ് എന്നതത്രേ.

ദൈനംദിന ജീവിതത്തിന്റെ വലയം ഭേദിച്ച് സര്‍ഗ്ഗാത്മകത്വം അപ്പുറത്തുള്ള മണ്ഡലത്തില്‍ എത്തുമ്പോഴാണ് യഥാര്‍ത്ഥമായ കലയുടെ ഉദയം. അങ്ങനെ പ്രത്യക്ഷമാകുന്ന കലയ്ക്ക് പ്രായോഗികജീവിതവുമായി ഒരു ബന്ധവുമില്ല. മനുഷ്യത്വമുള്ള ഏതു ഭാരതീയന്റെയും മനസ്സിനെ മഥിക്കുകയും അവന്റെ ഹൃദയത്തെ പിടിച്ചുകുലുക്കുകയും ചെയ്ത ഒരു കാലയളവിനെയാണ് സാഹ്നി ചിത്രീകരിച്ചത്. ഇന്ത്യയെ ബ്രിട്ടീഷുകാര്‍ ഭാരതമെന്നും പാകിസ്ഥാനെന്നും പേരിട്ടു വിഭജിച്ച കാലം. മുസ്ലിങ്ങള്‍ ഹിന്ദുക്കളെയും സിക്കുകാരെയും കൊന്നു. ഹിന്ദുക്കളും സിക്കുകാരും മുസ്ലിങ്ങളെ കൊന്നു. അങ്ങനെ ആയിരക്കണക്കിന് അപരാധം ചെയ്യാത്തവര്‍ മരിച്ചു. ഈ സംഭവമാണ് സാഹ്നിയുടെ നോവലില്‍. പക്ഷേ, ദൈനംദിന ജീവിതത്തിന്റെ വലിയത്തിന് ഇപ്പുറത്തുനിന്നുകൊണ്ട് താണതരം മനസ്സുകളെ പ്രകമ്പനംകൊള്ളിക്കുന്ന വാക്യങ്ങള്‍ എഴുതാനേ സാഹ്നിക്കു കഴിഞ്ഞിട്ടുള്ളു.

വലയത്തിന് ഇപ്പുറത്തുനിന്നുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എപ്പോഴുമുണ്ട്. ജോലിക്കയറ്റം കിട്ടാന്‍വേണ്ടി ശംഖുമുഖത്തെ ദേവീക്ഷേത്രത്തില്‍ എന്നും പോയി തൊഴുക; രോഗം ഭേദമാകാന്‍വേണ്ടി പൂട്ടപ്പര്‍ത്തിയില്‍ പോകുക; പരീക്ഷ ജയിക്കാന്‍വേണ്ടി പാഠപുസ്തകങ്ങള്‍ മാത്രം വായിക്കുക; വിവാഹത്തിനു ക്ഷണിച്ചാല്‍ ഒരു സ്റ്റീല്‍പ്പാത്രവും കൊണ്ടുപോവുക ഇവയെല്ലാം പ്രായോഗികതലത്തിലെ പ്രവൃത്തികളേ ആകുന്നുള്ളു. ഫലേച്ഛകൂടാതെ ഈശ്വരസാക്ഷാത്കാരത്തിനു യത്നിക്കുക, ജ്ഞാനമാര്‍ജ്ജിക്കാന്‍വേണ്ടി മാത്രം ഗ്രന്ഥപാരായണത്തില്‍ മുഴുകുക, സ്നേഹിതന്റെ മകളുടെ വിവാഹം തന്റെ വീട്ടിലെ വിവാഹമാണെന്നു കരുതി അതില്‍ പങ്കുകൊള്ളുക ഇവയൊക്കെ നടക്കുമ്പോള്‍ മാത്രമേ പ്രായോഗികതലം ഭേദിക്കപ്പെടുന്നുള്ളു. ആധ്യാത്മിക മണ്ഡലം സാക്ഷാത്കരിക്കപ്പെടുന്നുള്ളു.

പ്രായോഗികതലം ലംഘിച്ച് പസ്തര്‍നക്ക് ആധ്യാത്മികതലത്തില്‍ എത്തിയപ്പോള്‍ ‘ഡോക്ടര്‍ ഷിവാഗോ’ എന്ന ഉജ്ജ്വലകലാ ശില്പം ഉണ്ടായി. സാഹ്നിയാകട്ടെ, പണ്ടുണ്ടായ കലാപങ്ങളെയും രക്തപ്രവാഹങ്ങളെയും വാക്കുകള്‍കൊണ്ട് ഒപ്പിയെടുത്ത് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നതേയുള്ളു. അവ കാണുമ്പോള്‍ ഉണ്ടാകുന്ന ക്ഷോഭത്തിനു കല ജനിപ്പിക്കുന്ന രസബോധനിഷ്ഠമായ വികാരവുമായി ഒരു ബന്ധവുമില്ല. യഥാര്‍ത്ഥമായ കല സൃഷ്ടിക്കുന്ന ലോകം കാണാന്‍ സാഹ്നിക്കു കണ്ണില്ല. ഏതെങ്കിലും കാലത്ത് ആ കാഴ്ച അദ്ദേഹത്തിനു ലഭിക്കുമെന്നും എനിക്കു തോന്നുന്നില്ല.

ഞാന്‍ വിജയവാഡയിലൂടെ തീവണ്ടിയില്‍ കടന്നുപോയിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍വച്ച സമോസ തുടങ്ങിയ പലഹാരങ്ങളില്‍ കറുത്തതും തടിച്ചതുമായ ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്നതു കണ്ടിട്ടുണ്ട്. തീവണ്ടിയാപ്പീസിലെ വൃത്തികേടും വാടയും എന്നെ ഓര്‍ക്കാനത്തോളം എത്തിച്ചിട്ടുണ്ട്. വിജയവാഡയില്‍നിന്നുണ്ടാകുന്ന സാഹിത്യപരങ്ങളായ പ്രസ്താവങ്ങള്‍ക്കും വാടയുണ്ടാകുമെന്ന് ഇപ്പോള്‍ മനസ്സിലാക്കി.

ഉചിതമോ?

കവി വിചാരവികാരങ്ങളെ ആവിഷ്കരിക്കുന്നത് സാമൂഹിക പ്രവര്‍ത്തനമാണ്. അതിന് അയാള്‍ ഉപയോഗിക്കുന്ന ഭാഷ സമൂഹത്തിന്റേതാണ്. ഇതൊക്കെ സത്യമാണെങ്കിലും കവി തന്നില്‍നിന്നാണ് സൃഷ്ടി നടത്തുന്നത്. അതിനാലാണ് സമൂഹത്തിന് പരമപ്രാധാന്യം നൽകുന്ന കവികളുടെ കാവ്യങ്ങള്‍ വിഭിന്നങ്ങളായിരിക്കുന്നത്.

അനുഗൃഹീതനായ കവി പാലാ നാരായണന്‍ നായര്‍ ഈ വലയം ഭേദിച്ച് ആധ്യാത്മികതലത്തില്‍ അല്ലെങ്കില്‍ പരോക്ഷസത്യത്തില്‍ എത്തിയോ? നോക്കു. അദ്ദേഹത്തിന്റെ ‘ക്രൗഞ്ചമിഥുനം’ എന്ന കാവ്യമുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.

ആയിരമിതള്‍ വിരിഞ്ഞുള്ളതാം ചെന്താമര-
ത്തീയിലൊരാരോമലാള്‍ കര്‍ണികോപമയാകേ,
താര്‍മകളവതരിച്ചെന്നപോലാഹ്ലാദിച്ചെന്‍-
മാനസം പാലാഴിയായ്; ചിന്ത ഞാന്‍ കടഞ്ഞപ്പോള്‍
രാജസ്ഥാന്‍ മരുഭൂവില്‍ കത്തുന്ന ചിതയ്ക്കുമേല്‍
സ്ത്രീജന്മം യുവതിയായ് ചാരിത്രവതിയായി,
മൃതനാം പതിയെത്തന്നങ്കത്തില്‍ വയ്ക്കും രൂപവതി’
വന്‍സമാധിയില്‍ നിശ്ചലമിരിക്കുന്നു.

പാലാക്കവിതയുടെ ചൊൽക്കൊണ്ട ധര്‍മ്മങ്ങളാകെ ഈ തുടക്കത്തില്‍ത്തന്നെയുണ്ട്. മിഥോളജിയോടു ബന്ധപ്പെട്ട ‘ഇമേജ്’ അതിനു രൂപംകൊടുക്കുന്ന പദസന്നിവേശം. ഓരോ പദത്തിനും താമരപ്പൂവിന്റെ മൃദുത്വം. പക്ഷേ, ഉടന്തടിച്ചാട്ടത്തിന്റെ ഗര്‍ഹണീയതയിലേക്കു നമ്മളെ നയിക്കേണ്ട കാവ്യത്തില്‍ ഇങ്ങനെയൊരു ബിംബം കൊണ്ടു വന്നത് ഉചിതമായോ എന്നു സഹൃദയത്വമുള്ളവര്‍ ചോദിച്ചുപോകും. ഒരു വസ്തുവിനെയോ സംഭവത്തെയോ വിഷയത്തെയോ കാണുമ്പോള്‍ കവിക്കുണ്ടാകുന്ന ചിത്തസംസ്കാരമാണ് ബിംബമായി വാക്കുകളിലൂടെ രൂപംകൊള്ളുന്നത്. ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഖലന്മാര്‍ ഉയര്‍ത്തിയെടുത്ത് തീയിലേക്ക് എറിയുകയും അവള്‍ അതില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി ചാടിയെഴുന്നേൽക്കുമ്പോള്‍ വീണ്ടും അവളെ അതിലേക്കു തള്ളിയിടുകയും ചെയ്യുന്ന രാക്ഷസീയമായ പ്രവൃത്തിമനസ്സിന്റെ കണ്ണുകൊണ്ടു കാണുന്ന കവിക്ക് ‘മാനസത്തിനെ പാലാഴി’യാക്കാന്‍ കഴിയുന്നതെങ്ങനെ? ഉടന്തടിച്ചാട്ടത്തിന് നിര്‍ബ്ബദ്ധയായ പെണ്‍കുട്ടിയെ ലക്ഷ്മീദേവിയായി കാണുന്നതെങ്ങനെ? വെന്തു മരിക്കുന്ന അവളുടെ അവസ്ഥയെ സമാധിയായി ദര്‍ശിക്കുന്നതെങ്ങനെ? വിഷയത്തെക്കുറിച്ചു കവിക്കുണ്ടായ ദര്‍ശനത്തെ (vision) പ്രതിരൂപാത്മകമായി ആവിഷ്കരിക്കുമ്പോള്‍ ആ ദര്‍ശനത്തിനു യോജിച്ച ബിംബങ്ങളേ ജനിക്കു. അതല്ലാതെ ഇമ്മട്ടില്‍ ബിംബങ്ങളുണ്ടായാല്‍ അതില്‍നിന്നു നമ്മള്‍ മനസ്സിലാക്കേണ്ടത് കവിക്ക് ഒട്ടുംതന്നെ ആര്‍ജ്ജവമില്ല എന്നതാണ്. ഈ ആര്‍ജ്ജവമില്ലായ്മയാണ് ഈ കാവ്യത്തിന്റെ മുദ്ര. അതുകൊണ്ട്

എന്തെല്ലാം തരപ്പിഴ കാണിച്ചുമനുസ്മൃതി?
നൊന്തില്ലേ ജനമനം; തിരുത്തു വേഗം വേഗം!
പത്നിയും പതിയുമായ്ത്തീര്‍ന്നവര്‍ മരിക്കുവ-
തൊന്നിച്ചുവേണം, ക്രൗഞ്ചമിഥുനം പിരിയാതെ,
ഹേ! നിഷാദ, നീ വന്നു രണ്ടു പക്ഷിക്കും
ഹാനി നല്‍കീലേ കൃതകൃത്യനായ്ത്തീരൂമേലില്‍!

എന്ന വരികള്‍ ‘ആക്ഷേപഹാസ്യം’ ഉള്‍ക്കൊണ്ടിട്ടും ദുര്‍ബ്ബലമായി ഭവിക്കുന്നു. പ്രായോഗികതലത്തിനു യോജിച്ച ശബ്ദാര്‍ത്ഥത്തിനപ്പുറത്ത്, പ്രകൃതാര്‍ത്ഥത്തിനപ്പുറത്ത് ഈ കാവ്യം പോകുന്നില്ല. സൂക്ഷിച്ചുനോക്കിയാല്‍ ചിന്താക്കുഴപ്പവും ഇതില്‍ കാണാവുന്നതാണ്. ഉടന്തടിച്ചാട്ടം നിന്ദ്യമാണെന്നു വരുത്തുന്ന കാവ്യത്തില്‍ യോഗാഗ്നിയില്‍ ചാടിയ സതിയെക്കുറിച്ചുള്ള പ്രസ്താവം ഉചിതജ്ഞതയുടെ ലക്ഷണം തന്നയോ?

* * *

വള്ളത്തോളിന്റെ “മഗ്ദലനമറിയം” ആരംഭിക്കുന്നത് ഇങ്ങനെ:

“വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാ
വേതോ വെണ്‍ചാറൊന്നു പൂശിക്കയാല്‍
ശ്രീലഗലേല ജില്ലയ്ക്കൊരു തൂമുത്തു
മാലയായ് മിന്നീ നെയിന്‍ പട്ടണം.

ഇവിടെ ചിന്തയും വികാരവും വേര്‍തിരിച്ചെടുക്കാൻ വയ്യാത്തവിധം യോജിക്കുന്നു. ഭാവന വേറെ യുക്തി വേറെ എന്ന സ്ഥിതിവിശേഷമില്ല. അതല്ല ജി. ശങ്കരക്കുറുപ്പിന്റെ “ഇന്നു ഞാന്‍ നാളെ നീ” എന്ന കാവ്യത്തിന്റെ അവസ്ഥ. അതിലെ പൂര്‍വഖണ്ഡത്തിലെ അധ്യാരോപം മുഴുവനും കൃത്രിമമാണ്. പൂര്‍വഖണ്ഡവും ഉത്തരഖണ്ഡവും തമ്മില്‍ യോജിക്കുന്നില്ല. ചത്ത പകലിന്റെ ശരീരം ചുമന്നുനിൽക്കുന്ന ദിക്കുകള്‍ വേറെ; ശവമടങ്ങിയ പെട്ടി ചുമന്നുപോകുന്ന ആളുകള്‍ വേറെ. വള്ളത്തോളിന്റെ കാവ്യത്തില്‍ യുക്തിയും ഭാവനയും അന്യോന്യം ആശ്ലേഷിക്കുന്നു. ശങ്കരക്കുറുപ്പിന്റ കാവ്യത്തില്‍ അവ വെവ്വേറെ നിൽക്കുന്നു.

നിസ്സംഗാവസ്ഥ

കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷുകി’എഴുതിയതുകൊണ്ടാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതെന്ന് മുന്‍പൊരിക്കല്‍ പല്ലനയില്‍ ഒരാള്‍ പ്രസംഗിച്ചു. ആ പ്രഭാഷണം ഞാനും കേട്ടു. അപ്പോള്‍ എന്റെ മനസ്സില്‍ വന്ന ചിത്രങ്ങള്‍ ഇങ്ങനെ: സി.പി. രാമസ്വാമി അയ്യര്‍ ‘ചണ്ഡാലഭിക്ഷുകി’യുടെ ഒരു കോപ്പിയുമായി കവടിയാര്‍ കൊട്ടാരത്തില്‍ച്ചെന്ന് മഹാരാജാവിനെ കാണുന്നു. ‘തിരുമേനീ, ഇനി രക്ഷയില്ല. കുമാരനാശാന്‍ എന്നൊരു കവി ഇവിടെ പണ്ടുണ്ടായിരുന്നു. അദ്ദേഹം മതത്തെ നിന്ദിച്ചും സര്‍വ മതസാഹോദര്യത്തെ പുകഴിത്തിയും ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഉടനെ ക്ഷേത്രപ്രവേശനം നൽകണം. ഇല്ലെങ്കില്‍ കാര്യമെല്ലാം കുഴപ്പമാകും” സി.പിയുടെ ഉപദേശം സ്വീകരിച്ച് ഉടനെ വിളംബരം തയ്യാറാക്കുന്നു ഇംഗ്ലീഷില്‍. ഹെഡ്ട്രാന്‍സ്ലേറ്റര്‍ പി. ബാലകൃഷ്ണപിള്ള അതു മലയാളത്തിലാക്കുന്നു. തുല്യം ചാര്‍ത്തി അന്നുവരെ ക്ഷേത്രത്തില്‍ കയറാത്തവര്‍ ചണ്ഡാല ഭിക്ഷുകിയും പൊക്കിപ്പിടിച്ചുകൊണ്ട് ‘കുമാരനാശാന്‍ സിന്ദാബാദ്’ എന്നുവിളിച്ച് അമ്പലങ്ങളില്‍ പാഞ്ഞുകയറുന്നു.

അങ്ങനെ പ്രസംഗിച്ചാല്‍ ഇങ്ങനെ ചിത്രങ്ങളും ഉണ്ടാകും. സമുദായം പരിവര്‍ത്തനത്തിനു വിധേയമായിരിക്കുമ്പോള്‍ സമുദായത്തിലെ വ്യക്തിയായ കവിയും അതിനെക്കുറിച്ച് എഴുതുന്നുവെന്നേയുള്ളു. കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷുകി’ എഴുതിയില്ലെങ്കിലും ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകും എന്നതാണ് സത്യം. റൂസ്സോയും വൊള്‍തെറും എഴുതിയതുകൊണ്ടല്ല ഫ്രഞ്ച് വിപ്ലവമുണ്ടായത്. വിപ്ലവത്തിനു സന്നദ്ധമായി സമുദായം നിന്നപ്പോള്‍ ആ സമുദായത്തിലെ അംഗങ്ങളായ രണ്ടുപേര്‍ അതിനെക്കുറിച്ചെഴുതി എന്നേയുള്ളു. ഇതുപോലെയാണ് പ്രഥമദര്‍ശനത്തിലെ സ്നേഹം. രാഗപ്രവണതയാര്‍ന്ന മനസ്സുള്ളവന്‍ പെണ്ണ് എന്നൊരു കോലത്തെ കണ്ടാല്‍ മതി ചാടിവീണു സ്നേഹിക്കും. പെണ്ണിനെ കാണണമെന്നുതന്നെയില്ല. ടെലിഫോണില്‍ക്കൂടി പെണ്ണിന്റെ മധുരനാദം കേട്ടാല്‍ മതി. പ്രേമമുണ്ടാകും. തരുണിയെ കാണാതെ അവളുടെ നിഴലിനെ മാത്രം കണ്ടു അവളെ സ്നേഹിച്ച ഒരാളെക്കുറിച്ചു ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. കഥയല്ലത്, യഥാര്‍ത്ഥ സംഭവം. ഇവര്‍ക്കെല്ലാം പെട്ടെന്നു മോഹഭംഗമുണ്ടാകും. പ്രഥമദര്‍ശനാനുരാഗമില്ലാതെ ദമ്പതികളായവര്‍ക്കും പൊടുന്നനവേ മോഹഭംഗമുണ്ടാകുന്നു. പിന്നെ, എടുത്ത ഭാരം കൊണ്ടിറക്കണമല്ലോ എന്നു വിചാരിച്ച് അവര്‍ കഴിഞ്ഞുകൂടുന്നുവെന്നേയുള്ളു. സതീഷ് ബാബു പയ്യന്നൂരിന്റെ ‘സരോജം വന്നു’ എന്ന കഥയിലെ സരോജം എന്തിനാണ് അപ്പേട്ടനെ തനിച്ചാക്കിയിട്ട് തറവാട്ടിലേക്കു പോയത്? ചില കാരണങ്ങള്‍ കഥാകാരന്‍ സൂചിപ്പിക്കുന്നുണ്ട്. അതിരിക്കട്ടെ. തറവാട്ടില്‍ച്ചെന്ന സരോജത്തിന് അവിടെയും മോഹഭംഗം. അങ്ങനെയിരിക്കെ അവള്‍ തിരുവില്വാമലയില്‍ തൊഴുതിട്ടു തിരിച്ചുപോരുമ്പോള്‍ അപ്പേട്ടനെ ഒന്നു കണ്ടുകളയാമെന്നു തീരുമാനിക്കുന്നു. സരോജം അയാളെ കാണാന്‍ വീട്ടിലേക്കു കയറിയിട്ടും സന്താനങ്ങള്‍ കാറില്‍ത്തന്നെ ഇരിക്കുന്നതേയുള്ളു. അപ്പേട്ടന് ആ അവഗണനയിലും സ്നേഹമില്ലായ്മയിലും വല്ലായ്മയില്ല. പ്രായമായവന്റെ മാനസികനില അതാണ്. സ്നേഹിച്ചാലെന്ത്? വിരോധം കാണിച്ചാലെന്ത്? ബഹുമാനിച്ചാലെന്ത്? നിന്ദിച്ചാലെന്ത്? ക്ഷണികജീവിതം. ഏതാനും മാസംകൂടി ഇവിടെ കഴിഞ്ഞുകൂടും. ഒരുദിവസം അങ്ങുപോകും. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മറക്കപ്പെടുന്നു. പിന്നെയല്ലേ മരിച്ചാലത്തെ അവസ്ഥ. അപ്പേട്ടന്റെ നിസ്സംഗാവസ്ഥയെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു കഥാകാരന്‍. ഈ അവസ്ഥയ്ക്ക് സാര്‍വജനീന സ്വഭാവവും സാര്‍വകാലികസ്വഭാവവുമുണ്ട്.

ചോദ്യം, ഉത്തരം

Symbol question.svg.png ഈ ലോകത്തെ വലിയ പാപിയാര്?

നമ്മള്‍ എന്തെങ്കിലും വേദനയോടെ പറയുമ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ നിൽക്കുന്നവന്‍.

Symbol question.svg.png സ്പര്‍ശിച്ചാല്‍ തകര്‍ച്ചയാണെന്ന് നിങ്ങള്‍ എഴുതിയല്ലോ. വിശദീകരിക്കാമോ? (ചോദ്യം കിട്ടിയത്)

അടിത്തട്ടു കാണാവുന്ന ജലാശയത്തെ സ്പര്‍ശിച്ചാല്‍ അത് തകരും. എണ്ണച്ചായ ചിത്രത്തെ തൊട്ടുനോക്കിയാല്‍ വിരലിന്റെ പാട് അതില്‍ വീഴും.

Symbol question.svg.png സ്നേഹം?

ഏതു സ്നേഹവും സ്നേഹമില്ലായ്മയായി മാറും.

Symbol question.svg.png യാദൃച്ഛികത്വവും വ്യവസ്ഥയില്ലായ്മയും ലോകത്തിന്റെ സ്വഭാവമല്ലേ? (ചോദ്യം കിട്ടിയത്)

ഇലക്ട്രോണ്‍ അതിന്റെ വലയത്തില്‍ നിന്ന് മറ്റൊന്നിലേക്കു ചാടുന്നു. ആ ചാട്ടത്തിന് ക്രമമില്ലാത്തതുകൊണ്ട് പ്രപഞ്ചത്തിനും ക്രമമില്ല, വ്യവസ്ഥയില്ല എന്നു ചിലര്‍ പറയുന്നു. പക്ഷേ, ഇതിനപ്പുറത്ത് വ്യവസ്ഥയുള്ള, ക്രമമുള്ള ഒരു ലോകമുണ്ട്. അതാണ് നമ്മെ ഭരിക്കുന്നത്. അതിനെ നിഷേധിച്ചാല്‍ നമുക്ക് ആപത്തുണ്ടാകും. സാര്‍ത്രിനെക്കാള്‍, ബര്‍ട്രന്‍ഡ് റസ്സലിനെക്കാള്‍ മഹനീയതയുള്ള ഋഷികള്‍ പറഞ്ഞതാണിത്.

Symbol question.svg.png ഒരിക്കലും മരിക്കാത്ത ഒരു ചൊല്ല്?

“It is better to die on your feet than to live on your knees” — മുട്ടുകുത്തി ജീവിക്കുന്നതിനെക്കാള്‍ നിന്നു മരിക്കുന്നതാണ് നല്ലത്. സ്പാനിഷ്/റഷ്യന്‍ റെവല്യൂഷനറി La Pasionaria (Dolores Ibarruri എന്ന ശരിയായ പേര്) പറഞ്ഞതാണിത്. 1936 ജൂലൈ 18-ലെ ഒരു റേഡിയോ പ്രഭാഷണത്തില്‍.

Symbol question.svg.png “ജീവിതത്തിന്റെ അന്ത്യം?

ഹൃദയാഘാതം വന്നു പെട്ടെന്നു മരിച്ചാല്‍ ഭാഗ്യം. പത്തുദിവസം കിടന്നുപോയാല്‍ സ്നേഹിതര്‍ അകലും, ബന്ധുക്കള്‍ വെറുക്കും. മക്കള്‍ ‘കിഴവനു ചത്തുകൂടേ’ എന്നതു യുഫമിസ്റ്റിക്കായി — കാര്‍ക്കശൃം കുറച്ച് — ഇങ്ങനെ കിടന്നു കഷ്ടപ്പെടാതിരുന്നാല്‍ മതിയായിരുന്നു അല്ലേ, എന്നു ചോദിക്കും. കാഫ്കയുടെ ‘രൂപാന്തരപ്രാപ്തി’ എന്ന കഥ വായിക്കു. കൂടുതല്‍ ഇതിനെക്കുറിച്ചറിയാം.

ഹാസ്യം

കൊയ്റ്റ്സ്ലറുടെ The Act of Creation എന്ന പുസ്തകത്തില്‍നിന്നു രണ്ടു നേരമ്പോക്കുകള്‍:

“സത്യസന്ധതയില്ലാത്ത രണ്ടു വ്യാപാരികള്‍ ധാരാളം പണമുണ്ടാക്കി. പിന്നീടും ഉയരാന്‍ അവര്‍ക്കു മോഹം. പേരുകേട്ട ഒരു ചിത്രകാരനെക്കൊണ്ട് അവര്‍ തങ്ങളുടെ പടം വരപ്പിച്ച് സ്വര്‍ണ്ണഫ്രെയിമിനകത്താക്കി ഒരു സ്വീകരണവേളയില്‍ പ്രദര്‍ശിപ്പിച്ചു. അതിഥികളുടെ കൂട്ടത്തില്‍ പ്രഖ്യാതനായ ഒരു കലാനിരൂപകനുമുണ്ടായിരുന്നു. ആതിഥേയര്‍ അയാളെ ചിത്രങ്ങളുടെ അടുത്തേക്കു കൊണ്ടുചെന്നു. നിരൂപകന്‍ കുറച്ചുനേരം ആ ചിത്രങ്ങള്‍ നോക്കിയിട്ട് എന്തോ കുറവുണ്ടെന്ന മട്ടില്‍ തലയാട്ടി. എന്നിട്ട് രണ്ടു ചിത്രങ്ങളുടെയും ഇടയ്ക്കുള്ള സ്ഥലം ചൂണ്ടിക്കാണിച്ചിട്ട് അയാള്‍ ചോദിച്ചു: “യേശുക്രിസ്തു എവിടെ?”

ഇനി രണ്ടാമത്തെ നേരമ്പോക്ക്. ഇതു കഥയല്ല, യഥാര്‍ത്ഥ സംഭവമാണ്.

ചിത്രം വാങ്ങുന്ന ഒരാള്‍ പീകാസ്സോയുടെ പേരുള്ള ഒരു ചിത്രം വാങ്ങിയിട്ട് അത് അസ്സലാണോ എന്നറിയാന്‍വേണ്ടി പീകാസ്സോ താമസിക്കുന്ന സ്ഥലത്തു ചെന്നു. അദ്ദേഹം ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ കൊണ്ടുവന്ന ചിത്രം ഒന്നു നോക്കിയിട്ടു പീകാസ്സോ പറഞ്ഞു: “വ്യാജം.”

കുറച്ചുമാസം കഴിഞ്ഞ് അയാള്‍ വേറൊരു ചിത്രം അദ്ദേഹത്തിനെ കാണിച്ചു. അതിലും പീകാസ്സോ എന്നെഴുതിയിരുന്നു. ഒരു നോട്ടം. അദ്ദേഹം പറഞ്ഞു: “വ്യാജം.”

അതുകേട്ട് അയാള്‍ അറിയിച്ചു: “അങ്ങ് കുറെ വര്‍ഷംമുമ്പ് ഈ ചിത്രം വരയ്ക്കുന്നത് ഞാന്‍ കാണാനിടയായല്ലോ.”

പീകാസ്സോ ചുമലുകുലുക്കിയിട്ട് അറിയിച്ചു: “ഞാന്‍ വ്യാജചിത്രങ്ങള്‍ പലപ്പോഴും വരയ്ക്കാറുണ്ട്.”

ഈ രണ്ടു നേരമ്പോക്കുകള്‍ക്കും കൊയ്റ്റ്സ്ലര്‍ എന്തു വ്യാഖ്യാനം നല്കിയെന്ന് നോക്കാന്‍ ഞാന്‍ ഒരുമ്പെട്ടില്ല. ‘രക്ഷകനെവിടെ’ എന്നു കലാനിരൂപകന്‍ ചോദിക്കുന്ന ആദ്യത്തെ ഫലിതത്തില്‍ തീക്ഷ്ണമായ പരിഹാസമാണുള്ളത്. രണ്ടാമത്തേതില്‍ അദ്ഭുതാംശവും, യാഥാതഥ്യത്തിന്റെ അതിരു ലംഘിക്കാതെ, സ്ഥുലീകരണമില്ലാതെ നേരിയ പരിഹാസം സൃഷ്ടിക്കാന്‍ താന്‍ പ്രഗൽഭനാണെന്ന് വി.പി. മുഹമ്മദാലി വ്യക്തമാക്കുന്നു (ക്രിക്കറ്റും പെണ്ണും, കുങ്കുമം). ഒരു ക്രിക്കറ്റ് ഭ്രാന്തന്റെ പെങ്ങളെ വിവാഹം ചെയ്യാന്‍ സന്നദ്ധനായി ഒരു ഡോക്ടര്‍ എത്തുന്നു. പക്ഷേ, ഡോക്ടര്‍ക്കു ക്രിക്കറ്റ് ഇഷ്ടമില്ലെന്ന് ആങ്ങള അറിഞ്ഞപ്പോള്‍ ബ്രദര്‍ ഇന്‍ ലായായി അയാളെ വേണ്ടെന്ന് അയാള്‍ (പെണ്ണിന്റെ സഹോദരന്‍) ഉറക്കെപ്പറയുന്നു. അതോടെ ഡോക്ടറുടെ സമാരംഭം പത്രഭാഷയില്‍ പറഞ്ഞാല്‍ അലസിപ്പോകുന്നു. എന്റെ കഥാസംഗ്രഹം നേരമ്പോക്ക് ഇല്ലാതാക്കി. പക്ഷേ, കഥ വായിച്ചാല്‍ നമ്മള്‍ ചിരിക്കും. അതില്‍ക്കൂടുതലായി ഹാസ്യ സാഹിത്യകാരന് എന്താണു വേണ്ടത്?

പടപ്പാട്ട്

ഒരു കവിക്കും സമുദായത്തില്‍നിന്നു മാറി നിൽക്കാനാവില്ല. കാരണങ്ങള്‍ സ്പഷ്ടങ്ങളാണ്. അയാളുടെ ഓരോ ചലനവും ഓരോ ചിന്തയും സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കവി വിചാരവികാരങ്ങളെ ആവിഷ്കരിക്കുന്നതു സാമൂഹികപ്രവര്‍ത്തനമാണ്. അതിന് അയാള്‍ ഉപയോഗിക്കുന്ന ഭാഷ സമൂഹത്തിന്റേതാണ്. ഇതൊക്കെ സത്യമാണെങ്കിലും കവി തന്നില്‍നിന്നാണ് സൃഷ്ടി നടത്തുന്നത്. അതിനാലാണ് സമൂഹത്തിനു പരമപ്രാധാന്യം നൽകുന്ന കവികളുടെ കാവ്യങ്ങള്‍ വിഭിന്നങ്ങളായിരിക്കുന്നത്. യാനീസ് റീറ്റ്സോസിന്റെ വിപ്ലവകാവ്യം പാവ്ലോ നെറൂതയുടെ പാവ്ലോ നെറൂതയുടെ വിപ്ലവകാവ്യത്തില്‍നിന്നു വിഭിന്നമാണ്. യമകോവ്സ്കിയുടെ കാവ്യം ഇവര്‍ രണ്ടുപേരുടെയും കാവ്യങ്ങളില്‍നിന്നു വിഭിന്നം. എന്നാല്‍ ഓരോന്നും ‘യുനീ’ക്കാണ് താനും. (യുനീക് = അന്യാദൃശ്യം) ഈ അന്യാദൃശസ്വഭാവത്തിന് ഹേതു പ്രാഥമികമായും കവിയുടെ വ്യക്തിഗതമായ ജീനിയസ്സ് തന്നെ. രണ്ടാമത്തേത് കവി ജീവിക്കുന്ന സമൂഹത്തിന്റെ സവിശേഷതയും. ഗ്രീസിലെ സാമൂഹികാവസ്ഥയല്ല റഷ്യയില്‍. അതുകൊണ്ട് കവികളുടെ പ്രതികരണങ്ങള്‍ക്കു വിഭിന്നസ്സ്വഭാവം വരും.

റീറ്റ്സോസിന്റെ സുന്ദരമായ ഒരു കാവ്യം എടുത്തെഴുതട്ടെ:

An abrupt, unexpected movement; his hand
clutched the wound to stop the blood
although we had not heard a shot
nor a bullet flying. After a while
he lowered his hand and smiled
but again he moved his palm slowly
to the same sport; he took out his wallet
he paid the waiter politely and went out.
Then the little coffee cup cracked
This at least we heard clearly.
(Testimonies A. 1963, Audible & Inaudible.
Selected Poems, Yannis Ritsos,
Penguin, Page 51.)

John Pilling എഴുതിയ Modern European Poets എന്ന പുസ്തകത്തിലും ഈ കാവ്യം ഉദ്ധരിച്ചിട്ടുണ്ട്. ഒരു വധോദ്യമം. വെടിയൊച്ചയില്ല. വെടിയുണ്ട ആരും കണ്ടില്ല. അയാള്‍ രക്തപ്രവാഹം തടയുന്നതിനുവേണ്ടി മുറിവില്‍ അമര്‍ത്തിപ്പിടിച്ചു. എന്നിട്ട് പുഞ്ചിരിതൂകി, പേഴ്സ് തുറന്ന് പണമെടുത്തു വെയ്റ്റര്‍ക്കു കൊടുത്തു. അതിനുശേഷം അയാള്‍ പുറത്തേക്കു പോയി. അപ്പോഴാണ് കൊച്ചു കാപ്പിക്കപ്പ് പൊട്ടിയത്. അതിന്റെ ശബ്ദം എല്ലാവരും കേട്ടു. പട്ടാളനിയമം നിലവിലിരിക്കുന്ന രാജ്യത്ത് മനുഷ്യന്റെ മരണത്തിന് കപ്പ് പൊട്ടുന്നതിന്റെ വിലയേയുള്ളു എന്നാണ് സൂചന. ഇത്തരം വധോദ്യമങ്ങള്‍ സമൂഹത്തെ തകര്‍ക്കുമെന്നും അതിന്റെ ശബ്ദം എല്ലാവരും കേള്‍ക്കുമെന്നും റീറ്റ്സോസ് എത്ര സുന്ദരമായി പറയുന്നു! (രണ്ടാശയങ്ങള്‍ക്കും മേല്പപറഞ്ഞ നിരൂപകനോടു കടപ്പാട്) ഇതൊക്കെ വായിക്കുന്ന എനിക്കു മുല്ലനേഴിയുടെ

“പുതിയൊരു ലോകം പടുത്തുയര്‍ത്താന്‍ കുതികൊള്ളുന്നോരെ,
മതിലുകളെല്ലാം പൊളിച്ചുമാറ്റണമാദ്യം നാംതന്നെ
ഒരൊറ്റ മാനവനെങ്കിലുമിവിടെപ്പട്ടിണിയാകുമ്പോള്‍
ഉടച്ചുവാര്‍ക്കണമീലോകം എന്നുറച്ചുമുന്നേറാം.”

ഈ വരികള്‍ വായിക്കുമ്പോള്‍ എങ്ങനെ ആ കവിയോടു ബഹുമാനം തോന്നും? ഇതി കവിതയോ അതോ പടപ്പാട്ടോ? ഇതൊക്കെ ഞാനും എന്നെപ്പോലുള്ളവരും പറയുമ്പോള്‍ പരിഭവിച്ചിട്ടു കാര്യമില്ല. ഉന്നതന്മാരായ മാര്‍ക്സിസ്റ്റ് കവികള്‍ സമൂഹപരിവര്‍ത്തനത്തെ ലക്ഷ്യമാക്കി കാവ്യം രചിക്കുന്നതെങ്ങനെയെന്ന് മുല്ലനേഴിയും കൂട്ടുകാരും ഗ്രഹിക്കേണ്ടിയിരിക്കുന്നു. മാര്‍ക്സിസവും അതിനോടു ബന്ധപ്പെട്ട വിപ്ലവവും അസാധാരണമായ ശക്തിയോടുകൂടി പടിഞ്ഞാറന്‍ കമ്മ്യൂണിസ്റ്റു കവികളുടെ കാവ്യങ്ങളില്‍ പ്രത്യക്ഷമാകുന്നുണ്ട്. ഈ സത്യം എല്ലാവരും അറിഞ്ഞെങ്കില്‍!

ചുവരെഴുത്തുകള്‍

  1. തിരുവനന്തപുരത്തെ ഹോട്ടലുകളും ചായക്കടകളും വൃത്തിയുള്ളതായിരിക്കണം. (കോര്‍പ്പറെയ്ഷന്റെ പരോക്ഷനിര്‍ദ്ദേശം) — പഴകിയ ആഹാരസാധനങ്ങള്‍ കഴിച്ച് ഹോട്ടലുകളും ചായക്കടകളും വൃത്തിയായി സൂക്ഷിക്കുന്നുണ്ട് ബഹുജനം.
  2. സ്ത്രീസമത്വവാദം ശുദ്ധഭോഷ്കാണ് (സാഹിത്യവാരഫലക്കാരന്റെ അഭിപ്രായം) — ഭോഷ്ക്‌തന്നെ. സൗന്ദര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ മുന്നിട്ടുനിൽക്കുന്നുണ്ടല്ലോ.
  3. ‘വാടകവീടുകള്‍’ ഉറൂബിന്റെ മനോഹരമായ കഥയാണ് — പേരു നൽകിയതു വാടകവീടുകളെന്നാണെങ്കിലും സ്വന്തം വീട്ടില്‍ താമസിച്ച കഥാകാരനാണ് ഉറൂബ്. കൊതുകുവലയ്ക്കുള്ളിലെ കൊതുകിനെക്കുറിച്ചു കഥയെഴുതിയപ്പോള്‍ മാത്രമേ അദ്ദേഹം സോവിയറ്റ് റഷ്യയിലെ ‘മസ്കിറ്റോസ്’ എന്ന വീട്ടില്‍ വാടകയ്ക്കു താമസിച്ചുള്ളു.
  4. ‘അതിപരിചയമാര്‍ക്കും മാനമില്ലാതെയാക്കും’ — ശരിയാണ്. കൂടാതെ പണവും സമയവും നഷ്ടമാകും. കാമുകിക്കും കാമുകനുമാണെങ്കില്‍ ഡോക്ടറുടെ അടുക്കല്‍ പോകേണ്ടതായും വരും.

ദുഃഖം

എല്ലാവര്‍ക്കും അറിയാവുന്ന കഥ ക്ഷമാപണപൂര്‍വ്വം എഴുതുന്നു. എല്ലാം ഈശ്വരനാണെന്ന് ഗുരു പഠിപ്പിച്ചു ശിഷ്യനെ. അന്നുശിഷ്യന്‍ തെരുവിലൂടെ പോയപ്പോള്‍ എതിരെ ആന വന്നു. ആനപ്പുറത്തിരുന്നയാള്‍ “മാറിപ്പോകൂ, മാറിപ്പോകൂ” എന്നു വിളിച്ചു. ശിഷ്യന്‍ വിചാരിച്ചു. “ഞാന്‍ ഈശ്വരന്‍, ആന ഈശ്വരന്‍. ഈശ്വരന് ഈശ്വരനെ എന്തുചെയ്യാന്‍ കഴിയും?” അയാള്‍ ആനയുടെ നേരേ ചെന്നു. മൃഗം അയാളെ തുമ്പിക്കൈകൊണ്ടു പിടിച്ചെടുത്തു ദുരെയെറിഞ്ഞു. മുറിവു പറ്റിയ ശിഷ്യന്‍ ഗുരുവിനോടു ചെന്നു ചോദിച്ചു: “അങ്ങല്ലേ എല്ലാം ഈശ്വരനെന്ന് എന്നെ പഠിപ്പിച്ചത്? പിന്നെ എങ്ങനെയാണ് ആനയെന്ന ഈശ്വരന്‍ ഞാനെന്ന ഈശ്വരനെ ക്ഷതമേല്പിച്ചത്?” ഗുരു ചോദിച്ചു: “ആനയുടെ പുറത്തിരുന്ന ഈശ്വരന്‍ ‘മാറിപ്പോകു’ എന്നു പറഞ്ഞത് നീ കേള്‍ക്കാത്തതെന്ത്? അതനുസരിച്ച് പ്രവര്‍ത്തിക്കാത്തത് എന്തു കൊണ്ട്?”

ഈശ്വരന്‍ ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരിക്കും. അതു കേട്ടാല്‍ നന്ന്. കേട്ടില്ലെങ്കില്‍ ദോഷം. ഞാന്‍ രാജവീഥിയിലൂടെ പോകുമ്പോള്‍ യാചകന്‍ കൈനീട്ടുന്നു. പോക്കറ്റില്‍നിന്നു പണമെടുക്കാന്‍ അസൗകര്യമായതുകൊണ്ട് ഞാന്‍ മിണ്ടാതെ പോകുന്നു. എന്റെ മനഃസാക്ഷി എന്നോടു പറയുന്നു: “നീ ദുഷ്ടനാണ്.” ഞാന്‍ കേള്‍ക്കുന്ന ഈ ശബ്ദമാണ് ഈശ്വരന്‍. അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്, വാരികകളിലെ മിനിക്കഥകളും സ്ഥലമടയ്ക്കാന്‍ വേണ്ടി ചേര്‍ക്കുന്ന കൊച്ചു ഹാസ്യചിത്രങ്ങളും നോക്കരുതെന്ന്. ഞാനതു വകവയ്ക്കാതെ ജനയുഗം വാരികയില്‍ എസ്. അരുണഗിരി എഴുതിയ ‘നുണ’ എന്ന മിനിക്കഥ വായിച്ചു. ഫലം ദുഃഖം.

* * *

ചന്തുമേനോന്‍ മൈനര്‍ നോവലിസ്റ്റ് മാത്രമാണ്. പക്ഷേ, അദ്ദേഹത്തിന്റെ നോവലുകളിലെ സമൂഹവിമര്‍ശത്തിനു ശക്തിയും ഭംഗിയുമുണ്ട്. ജീവനുള്ള കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ഈ വിമര്‍ശനം നടത്തിയത്. പിൽക്കാലത്തെ റീയലിസ്റ്റുകളുടെ നോവലുകളില്‍ കാണുന്ന സമൂഹ വിമര്‍ശത്തിനു ശക്തിയും ഭംഗിയും ഇല്ല. കാരണം, സൂരി നമ്പൂതിരിപ്പാടിനെപ്പോലെ, വൈത്തിപ്പട്ടരെപ്പോലെ ജീവനുള്ള കഥാ പാത്രങ്ങളെ അവര്‍ക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. അതിനാല്‍ അവരുടെ കൃതികളിലെ സമൂഹവിമര്‍ശം വാക്യങ്ങളില്‍ മാത്രം ഒതുങ്ങിനിൽക്കുന്നു. അതുതന്നെ അവരുടെ കൃതികള്‍ക്കു ബഹിര്‍ഭാഗസ്ഥത നൽകി.