close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 11 21


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 11 21
മുൻലക്കം 1997 11 14
പിൻലക്കം 1997 11 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.”

ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ ‘The God of small Things’ എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം? അരുന്ധതീ റോയി ഭാവന കൊണ്ടു ചിരപരിചിതമായവയെ നൂതനത്വമുള്ളവയാക്കുന്നു. ശീലമെന്ന മട്ടില്‍ നമ്മള്‍ ലോകത്തുള്ളവയെയെല്ലാം കാണുന്നു. ശീലജന്യങ്ങളായ അനുഭൂതികള്‍ക്കു മാറ്റം വരുത്തി നൂതനമായ അനുഭൂതികള്‍ നല്‍കുന്നു. പ്രതിഭാശാലിനിയായ അരുന്ധതീ റോയി. ഓരോ പ്രാപഞ്ചിക സംഭവത്തിലും അദ്ഭുതാംശം അടങ്ങിയിരിക്കുന്നുവെന്നും ചിരപരിചിതത്വത്തിന്റെ ഒരു നേര്‍ത്ത പാട അതിനെ ആവരണം ചെയ്തിരിക്കുന്നുവെന്നും കലാകാരന്‍ പ്രതിഭ കൊണ്ട് ആ പാട മാറ്റി വിസ്മയാംശത്തെ പ്രത്യക്ഷമാക്കുന്നുവെന്നും കോള്‍റിജ്ജ് പറഞ്ഞിട്ടുണ്ട്. ഈ ആവരണത്തെ അനായാസമായി ദൂരീകരിക്കുന്ന പ്രക്രിയയാണ് അരുന്ധതീ റോയിയുടേത്. അപ്പോള്‍ അയ്മനമെന്ന പ്രദേശവും ആ വീടും സമീപത്തൊഴുകുന്ന നദിയും മുഖ്യകഥാപാത്രങ്ങളായ മാമാച്ചിയും അമ്മുവും (മാമാച്ചിയുടെ മകള്‍ ചാക്കോയും(മാമാച്ചിയുടെ സഹോദരൻ)മാർഗററ്റും ( ചാക്കോയുടെ ഭാര്യ-ഇംഗ്ലണ്ടുകാരി) സോഫിയും (ചാക്കോയുടെ മകള്‍) റാഹേല്‍, എസ്ത ഈ ഇരട്ടക്കുട്ടികളും (അമ്മുവിന്റെ മക്കള്‍) വെളുത്തയും (പരവ വര്‍ഗ്ഗത്തില്‍പ്പെട്ടവന്‍) ബേബിക്കൊച്ചമ്മയും (അമ്മുവിന്റെ അമ്മായി) നൂതന പ്രകാശത്താല്‍ മുങ്ങി നില്‍ക്കുന്നു. അവര്‍ വല്ല വ്യക്തികളുടേയും പ്രതിരൂപങ്ങളാണോ? നിരൂപകന് അത് ആലോചിക്കേണ്ടതില്ല. അവരുടെ വികാരവിചാരങ്ങള്‍ തുല്യങ്ങളായ വികാരവിചാരങ്ങള്‍ വായനക്കാരില്‍ ജനിപ്പിക്കുന്നതുകൊണ്ട് അവ കലാപരമായി സത്യസന്ധതയുള്ളവയായിത്തീര്‍ന്നു. സത്യാത്മകതയുടെ തോന്നല്‍ ഉളവാക്കുന്നതിനാലാണ് നോവലിന്റെ വിജയമിരിക്കുന്നത്. ആ തോന്നല്‍ അരുന്ധതി റോയി ഭാവന കൊണ്ടു ജനിപ്പിക്കുന്നതിനാല്‍ അമ്മുവിന്റെ മരണം സോഫിയയുടെ മുങ്ങിമരണം ഇവയെല്ലാം നമ്മളെ പിടിച്ചു കുലുക്കുന്നു. ഇതിലൊക്കെ കൂടുതലായി നോവലിസ്റ്റ് എന്തനുഷ്ഠിക്കാനുണ്ട്?

ചാക്രികഗതി അവലംബിച്ചാണ് അരുന്ധതീ റോയി ആഖ്യാനം നിര്‍വഹിക്കുന്നത്. രേഖാരൂപമാണ് ആഖ്യാനമെങ്കില്‍ ഒരു സ്ഥലത്തു ചെന്ന് എത്തണമല്ലോ. ചാക്രികമായ ആഖ്യാനത്തില്‍ ലക്ഷ്യമില്ല. അത് പ്രശ്നങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടു അനവരതം ഭ്രമണം ചെയ്യുന്നു. ചാക്രികഗതിയല്ല സോഫൊക്ലിസിന്റെ ‘ഈഡിപ്പസ് നാടകത്തിലുള്ളത്. എങ്കിലും എന്റെ ആശയം വ്യക്തമാക്കാനായി അതിനെ അവലംബിച്ചു പറയുകയാണ്. ഈഡിപ്പസ്, തന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതോടെ നാടകം അവസാനിക്കുന്നില്ല, അതിനുശേഷം എന്തുണ്ടായി എന്ന് പ്രേക്ഷകര്‍ അല്ലെങ്കില്‍ വായനക്കാര്‍ ആലോചിക്കുന്നു. ഒരു പ്രദേശത്തിലെയും അവിടത്തെ ആളുകളുടെയും ദുരന്തങ്ങള്‍ക്കുശേഷം എന്തുണ്ടായി എന്നു നമ്മളെക്കൊണ്ട് ആലോചിപ്പിക്കുന്നു അരുന്ധതിറോയി. ഇതൊരു കലാവൈദഗ്ധ്യമാണ്. ചാക്രികമായ ആഖ്യാനം സ്വീകരിച്ചതിന്റെ ഫലമാണ് ഇത്.

എല്ലാ നോവലിസ്റ്റുകളും അനുഭവങ്ങളെ ആവിഷ്കരിക്കുന്നു. പക്ഷേ ആ അനുഭവങ്ങളുടെ പുനരാവിഷ്കാരം അനുവാചകരിലും അനുഭൂതി ഉളവാക്കണമെങ്കില്‍ ഉചിതങ്ങളായ പദങ്ങളെ വിന്യസിക്കണം. ഈ അസുലഭസിദ്ധിയാല്‍ അനുഗ്രഹീതയാണ് അരുന്ധതീറോയി. അസാധാരണമായ പദവിന്യാസ പാടവമാ

ണ് ഈ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്. കഥകളില്‍ ഭീമന്‍ ദുശ്ശാസനനെ കൊല്ലുന്ന രംഗം അരുന്ധതീ റോയി വര്‍ണ്ണിക്കുന്നതു നോക്കുക:

“He clubbed Dushasana to the floor. He pursued every feeble tremor in the dying body with mace, hammering at it until it was stilled. An ironsmith flattening every pit and bulge. He continued to kill him long after he was dead. Then, with his bare hands he tore the body open.He ripped its innards out and stooped to lap blood straight from the bowl of the torn carcass, his crazed eyes peeping over the rim, glittering with rage and hate and mad fulfilment. Gurgling blood-bubbles pale pink between his teeth. When he had drunk enough, he stood up, bloody intestines draped around his neck like a scarf and went to Draupadi and bathed her hair in fresh blood”

വികാരങ്ങള്‍ക്കും ബിംബങ്ങള്‍ക്കും നിറമുണ്ടെന്നു സങ്കല്പിക്കാമോ? സങ്കല്പിക്കാമെങ്കില്‍ നോവലിസ്റ്റിന്റെ ഇ വര്‍ണ്ണന വര്‍ണ്ണനോജ്ജ്വലതയാര്‍ന്നതാണ്. കവിഹൃദയമുള്ള എഴുത്തുകാരിയില്‍ നിന്നേ ഇത്തരം വാക്യങ്ങള്‍ വരികയുള്ളൂ.

ലാറ്റിനമേരിക്കയില്‍ മാര്‍കേസിന്റെയും മറ്റുള്ളവരുടെയും നോവലുകള്‍ ആവിര്‍ഭവിച്ചപ്പോള്‍ പൂര്‍വ്വ നോവലുകളില്‍ നിന്ന് അവ വേര്‍പെട്ടുനില്‍ക്കുന്നുവെന്നു കണ്ട് നിരൂപകര്‍ അവരുടെ നോവലുകള്‍ ജനിപ്പിച്ച സ്ഥിതിവിശേഷത്തെ boom എന്നു വിളിച്ചു. പരമ്പരാഗതമായ സങ്കല്പങ്ങളെയും ഋജുരേഖയിലൂടെയുള്ള ആഖ്യാനങ്ങളെയും ദൂരീകരിച്ച് മാര്‍കേസും സുഹൃത്തുക്കളും നോവല്‍ രചനയില്‍ ഒരു നൂതന കലാസങ്കേതം കൊണ്ടുവന്നപ്പോള്‍ ലാറ്റിനമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ഒരു നൂതനശബ്ദം കേള്‍ക്കുകയുണ്ടായി. അതാണ് boom, മുഴക്കം. അരുന്ധതീ റോയിയുടെ ഈ നോവലില്‍ ആ വിധത്തിലൊരു മുഴക്കം ഉണ്ടാക്കിയിരിക്കുന്നു. ഇംഗ്ലീഷില്‍ എഴുതുന്ന മറ്റു ഇന്ത്യന്‍ എഴുത്തുകാരില്‍ നിന്നു മാറി നവീനമായ ആവിഷ്കാരശൈലിയില്‍ തന്റെ പാടവം പ്രദര്‍ശിപ്പിക്കുന്നു ഈ നോവലെഴുത്തുകാരി. ശാരീരികാനുഭവങ്ങളെ മാനസികാനുഭവങ്ങളാക്കി മാറ്റാന്‍ അവര്‍ അചുംബിതങ്ങളായ കല്പനകള്‍ ബിംബങ്ങള്‍ ഇവ സ്വീകരിക്കുന്നു. ഭാരതീയ സാഹിത്യാന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്ന ഈ നക്ഷത്രത്തെ നോക്കി ഞാന്‍ ആദരാത്ഭുതങ്ങളോടെ നില്‍ക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png “സന്മാര്‍ഗ്ഗത്തിനു ദൈവികാടിസ്ഥാനമുണ്ടോ?”

“ക്ളോദ് ലേവി സ്റ്റ്രോസ് പറഞ്ഞതിനെ അവലംബിച്ചാണ് ഞാന്‍ ഈ ചോദ്യത്തിനു ഉത്തരം എഴുതുന്നത്. ഒരു മുന്തിരിച്ചാറു തന്നെ ഒരേയളവില്‍ ഒരേ തരത്തിലുള്ള ഗ്ലാസുകളിലാക്കി അതിഥിയും ആതിഥേയനും അവ പരസ്പരം കൈമാറുന്നു. കുടിക്കുന്നു. സാമൂഹികബന്ധമുണ്ടാക്കാനുള്ള പ്രവൃത്തിയാണത്. അഗമൃഗമനം ഒഴിവാക്കാനായി ഒരു കുടുംബത്തിലെ ആളുകള്‍ മറ്റു കുടുംബത്തില്‍ നിന്നു വിവാഹം കഴിക്കുന്നു. ആ മറ്റു കുടുംബത്തിലെ ആളുകള്‍ ഇങ്ങോട്ടും. ഇതും സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്കു അന്യോന്യബന്ധമുണ്ടാക്കാനുള്ള പ്രക്രിയയാണ്. ഈ പ്രവൃത്തികളില്‍ ഐശ്വരാംശമെവിടെ?”}}

Symbol question.svg.png കൊലുസ്സിട്ട ചില പെണ്‍കുട്ടികള്‍ അതില്‍ മുത്തുകള്‍ ചേര്‍ത്തു ശബ്ദമുണ്ടാക്കി നടക്കുന്നതു അസഹനീയമല്ലേ?”

പെണ്‍കുട്ടികള്‍ക്കു സൗന്ദര്യമുണ്ടെങ്കില്‍ അവരുടെ പാദാഭരണത്തില്‍ നിന്നുയരുന്ന ശബ്ദം ശ്രോതാക്കള്‍ക്ക് ആഹ്ലാദദായകമായിരിക്കും. സൗന്ദര്യവും മൃദുലനാദവും നല്ലപോലെ ഇണങ്ങും”

Symbol question.svg.png “അന്യരെ അപമാനിക്കാതിരിക്കാന്‍, അഹങ്കരിക്കാതിരിക്കാന്‍ ഞാന്‍ എന്തുചെയ്യണം?”

കവി പറഞ്ഞതുപോലെ ഓരോ ദിനം പുലരുമ്പോഴും ഇതു എന്റെ അവസാനത്തെ ദിനമാണെന്നു കരുതണം”

Symbol question.svg.png “ഇന്നത്തെ എല്ലാ മണ്ഡലങ്ങളിലും ലൈംഗികീകരണം കാണുന്നു. ഇങ്ങനെ പോയാല്‍ ലോകം നശിക്കില്ലേ സാറേ?”

“ഈ പ്രക്രിയ ഇപ്പോള്‍ മാത്രമല്ല പണ്ടും ഉണ്ടായിരുന്നു. വിശ്വവശ്യമായ സ്ത്രീ സൗന്ദര്യം ഉള്ള കാലമത്രയും അതു നിലനില്‍ക്കുകയും ചെയ്യും. മഹാനായ വാസ്തുശില്പവിദഗ്ദന്‍ ബ്രൂനേല്‍ ലാസ്കി (Brunelleschi) കുംഭഗോപുരങ്ങള്‍ (domes) നിര്‍മ്മിച്ചതു അദ്ദേഹത്തിന്റെ കാമുകിയുടെ വക്ഷോജങ്ങളുടെ ആകൃതിയിലായിരുന്നുവെന്നു ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്”

Symbol question.svg.png “വ്യായാമം ചെയ്യാറുണ്ടോ?”

“ഇപ്പോഴില്ല, ഒരു കാലത്തു ചെയ്തിരുന്നു. അന്നു വ്യായാമം ചെയ്യുന്നതില്‍ നിന്നു പല രോഗങ്ങളും എനിക്കുണ്ടായി. അതോടെ അതു നിറുത്തി. ഇപ്പോള്‍ വ്യായാമം ഇല്ലാത്തതുകൊണ്ടു രോഗങ്ങള്‍ ഇല്ല”

Symbol question.svg.png “സെക്രട്ടറിയറ്റിനു മുന്‍പില്‍ നില്‍ക്കുന്ന വേലുതമ്പിദളവയുടെ പ്രതിമ അനങ്ങുകില്ലേ?”

അനങ്ങും. ഞാന്‍ ഒരു ദിവസം രാത്രി പത്തുമണിയോട് അടുപ്പിച്ച് ആ പ്രതിമയുടെ അടുത്തുകൂടെ പോയപ്പോള്‍ അതു രണ്ടുകൈയും മുതുകിലോട്ടാക്കി ‘പടാപടാ’-യെന്നു അടിക്കുന്നതു കണ്ടു. മുതുകില്‍ കടിച്ച കൊതുകുകളെ അടിച്ചു കൊല്ലുകയായിരുന്നു പാവം വേലുത്തമ്പി”

Symbol question.svg.png “ഏറ്റവും വൃത്തികെട്ട കാഴ്ചയേത്?”

“പുരുഷന്‍ തടിച്ച മുലക്കണ്ണുകള്‍ കാണിച്ചുകൊണ്ട് സ്ത്രീകളുടെ മുന്‍പില്‍ നില്‍ക്കുന്നത് (His nipples peeped at Rahel over the top of the boundary wall like a sad st.Bernard’s eyes’ എന്ന് അരുന്ധതീ റോയിയുടെ വാക്യം നല്‍കിയ പ്രചോദനത്തില്‍ നിന്നാണ് ഈ ഉത്തരം)

സ്പഷ്ടത, അസ്പഷ്ടത

യാഥാതത്ഥ്യത്തിലെ അംശങ്ങളെ മറ്റൊരു രീതിയില്‍ സംവിധാനം ചെയ്യുന്നതാണ് ഭാവനയെന്ന് അയന്‍ റാന്‍ഡ് പറഞ്ഞിട്ടുണ്ട്. അതു യാഥാതത്ഥ്യത്തില്‍ നിന്നുള്ള പലായനമല്ല മാനുഷികമൂല്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ള യഥാതത്ഥ്യാംശങ്ങളുടെ പുനസ്സംവിധാനമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വീണ്ടും സംവിധാനം ചെയ്യാനുള്ള അംശങ്ങളെക്കുറിച്ച് അയാള്‍ക്ക് അറിവുണ്ടായിരിക്കണം. ആ അറിവു കൂടാതെ സംവിധാനം നടത്തിയാല്‍ ഭാവനയല്ല, പേടിസ്വപ്നമാണുണ്ടാവുകയെന്നും മദാമ്മയുടെ അഭിപ്രായം.

ഈ അറിവ് ബുദ്ധിയോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ ജനിക്കുന്നത് മസ്തിഷ്കപരമായ ഭാവന, അറിവ് വികാരത്തോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ ഉളവാകുന്നതു കലാത്മക ഭാവന. മസ്തിഷ്കത്തോടു ബന്ധപ്പെട്ട ഭാവന മസ്തിഷ്കത്തിനു മാത്രമേ ആഹ്ലാദം നല്‍കൂ. കലാത്മക ഭാവന സഹൃദയന്റെ സത്തയെ ആഹ്ലാദമുളവാക്കും. മദ്ധ്യാഹ്നവേളയില്‍ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ അകലെയുള്ള സൗധങ്ങള്‍ സ്പഷ്ടതയോടെ കാണപ്പെടുന്നു. സായാഹ്നം കഴിഞ്ഞ് അര്‍ദ്ധാന്ധകാരം വ്യാപിക്കുമ്പോള്‍ ആ സൗധങ്ങള്‍ അസ്പഷ്ടത ആവഹിക്കുന്നു. ആദ്യത്തെ കാഴ്ച കലാത്മക ഭാവനയ്ക്കു സദൃശ്യം. രണ്ടാമത്തേത് മസ്തിഷ്കപരമായ ഭാവനയ്ക്കു തുല്യം.

ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘വെളിവ്’എന്ന കാവ്യം (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ബുദ്ധിക്ക് സംതൃപ്തിയരുളുന്നു. വേശ്യയുടെ ശവം ശകുനമായി കണ്ടപ്പോള്‍ എല്ലാം ശുഭമായി വരുമെന്ന് കാവ്യത്തിലെ വ്യക്തിക്കു വിശ്വാസം. പക്ഷേ സമകാലിക ലോകത്തിനു യോജിച്ചമട്ടില്‍ എല്ലാം അശുഭമായി പര്യവസാനിക്കുന്നു. ചന്ദ്രന്‍ പോലും തിമിരകാളിയുടെ കുണ്ഡലം പോലെ. കവിയുടെ കര്‍ത്തവ്യം അനുവാചകന്റെ ചിത്തത്തിനു വ്യാപകത്വം വരുത്തി, പഞ്ഞിക്കെട്ടില്‍ തീ പിടിക്കുന്നതു പോലെയുള്ള ഒരനുഭവം ജനിപ്പിച്ച് അയാളെ മറ്റൊരു മണ്ഡലത്തില്‍ എത്തിക്കുകയണ്. ‘ഇന്റലക്ച്വലിന്റെ’-ധൈഷണിക ജീവിതം നയിക്കുന്നവന്റെ-ജോലി സമുദായത്തെ അപഗ്രഥന പാടവത്തോടെ നോക്കി വായനക്കാരന്‍ കാണാത്ത അംശങ്ങള്‍ അയാളുടെ മുന്‍പില്‍ കൊണ്ടുവരികയെന്നതാണ്. ആ കൃത്യം അനുഷ്ഠിക്കുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. അദ്ദേഹത്തിനു മാത്രമുള്ള പ്രാഗത്ഭ്യത്തോടെ.

കുട്ടികള്‍ കളിക്കുന്നതുപൊലെ

മല്ലാരി പ്രിയയായ ഭാമ ഒരു സമരം ചെയ്തു. സുഭദ്ര തേര്‍ തെളിച്ചു. പാരിതു ഭരിച്ചു വിക്റ്റോറിയ മല്ലാക്ഷീമണിയാള്‍ക്കു പാടവം ഇവയ്ക്കെല്ലാറ്റിനെന്നാകിലും ചൊല്ലേറും കവിതയ്ക്കു മാത്രം അവരാളല്ലെന്നു വന്നീടുമോ? ആര്‍ക്കും സംശയമില്ല. അവര്‍ കവിതയെഴുതും. കഥയെഴുതും. പക്ഷേ പരിമിതമാണ് അവരുടെ വിഷയത്തിന്റെ വ്യാപ്തി എന്നു മാത്രം.ഒരു വെര്‍ജീനിയ വുള്‍ഫോ ലേഡി മൂറസാക്കിയോ മറ്റോ കാണും ആ റെയ്ഞ്ച് ലംഘിച്ചു ചെല്ലാന്‍ കഴിയാത്തവര്‍. ജെയ്ന്‍ ഓസ്റ്റിന്റെ ഭാവനയ്ക്കു പോലും പരിമിതത്വമുണ്ട്. ദാമ്പത്യജീവിതം, പ്രേമജീവിതം കാമുകന്റെ ചതി ഇവയൊക്കെ ലംഘിച്ചു വൈജാത്യവും വൈവിധ്യവുമാര്‍ന്ന മണ്ഡലങ്ങളില്‍ സഞ്ചരിക്കാന്‍ അവര്‍ക്കു കഴിയുകയില്ല. ചൊട്ടച്ചാണ്‍ വഴി മാത്രം കഷ്ടിച്ചങ്ങു പറക്കും പിടക്കോഴിയാണ് സാഹിത്യകാരി. നീലാന്തരീക്ഷത്തില്‍ കണ്ണെത്താത്ത ദൂരത്തില്‍ ചിറകുകള്‍ വിടര്‍ത്തി അവയ്ക്കു ചലനം കൂടാതെ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തല്ല ശ്രീമതി. വിരളമാണ് സമഗ്രസ്പര്‍ശിയായ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞ എഴുത്തുകാരികള്‍. ഏതുപോലെ വിരളം? മകന്റെ ഭാര്യയെ സ്നേഹിക്കുന്ന അമ്മയുണ്ടോ? എന്തു വാരിക്കോരി കൊടുത്താലും മുഖം തെളിയുന്ന വേലക്കാരിയുണ്ടോ? സുന്ദരിയായ കൊച്ചമ്മ തന്നെ ആഗ്രഹിക്കുന്നുവെന്നു പറയാത്ത വേലക്കാരനുണ്ടോ? ഉപകര്‍ത്താവിനെ കാണാനിടയായാല്‍ കണ്ടു എന്നു ഭാവിക്കുന്ന സ്ത്രീയുണ്ടോ? പുസ്തകം വായിക്കാന്‍ കൊടുത്താല്‍ അതില്‍ ഒരു തുള്ളി മഷിയെങ്കിലും വീഴ്ത്താതെ അതു തിരിച്ചു തരുന്ന ആളുണ്ടോ? സ്നേഹിതനെ ചതിക്കാത്ത സുഹൃത്തുണ്ടോ? കാണാന്‍ കൊള്ളാവുന്ന വേലക്കാരി വീട്ടിലുണ്ടെങ്കില്‍ ഭാര്യ ഓഫീസില്‍ പോയ സമയത്ത് തലവേദന ഭാവിച്ച് നേരത്തെ വീട്ടിലെത്താത്ത പുരുഷനുണ്ടോ? ഭര്‍ത്താവ് ചിലപ്പോള്‍ നേരത്തെ വീട്ടില്‍ ചെന്നിരിക്കുമെന്നു ശങ്കിച്ചു കുഞ്ഞിനെ നേഴ്സറിയില്‍ നിന്നു വിളിക്കണമെന്നു കൂട്ടുകാരികളോടു പറഞ്ഞിട്ട് ഓഫീസില്‍ നിന്നു മൂന്നുമണിക്കേ ഇറങ്ങി വീട്ടിലേക്ക് ഓടാത്ത സ്ത്രീയുണ്ടോ? ‘സമഗ്രമായതേ താല്‍പര്യജനകമാവൂ’ Only the exhaustive is interesting എന്നോ മറ്റോ റ്റോമസ് മാനിന്റെ ‘മാജിക് മൗണ്ടി’ന്റെ അവതാരികയില്‍ കണ്ട ഓര്‍മ്മയുണ്ടെനിക്ക്. സ്ത്രീകളുടെ രചനകള്‍ പ്രതിപാദ്യ വിഷയത്തിന്റെ സങ്കുചിത്വം കാണിക്കുന്നു. ഷൊര്‍ഷ് സാങ്ങ്തിന്റെ (Sand)നോവലുകള്‍ പോലും ഈ സാമാന്യ നിയമത്തിന് അപവാദങ്ങളായി വര്‍ത്തിക്കുന്നില്ല. അരുന്ധതീ റോയുടെ നോവലിനെ വാഴ്ത്തിയിട്ട് ഇങ്ങനെ പറയുന്നതില്‍ വൈരുദ്ധ്യമില്ലേ എന്നു ചോദിച്ചേക്കും ചിലര്‍. അരുന്ധതീറോയി തീര്‍ച്ചയായും exception ആണ്. അവരുടെ നോവല്‍ ഉപരിതല സ്പര്‍ശിയല്ല. ആ പ്രവാഹത്തില്‍ ആന്തര പ്രവാഹമുണ്ട്.

ചിരപരിചിതവും സ്ത്രീകള്‍ക്കുമാത്രം പ്രാപ്യവുമായ വിഷയത്തിന്റെ അര്‍ത്ഥനകള്‍ക്കു വിധേയരായി കഥയെഴുതുകയാണ് ശ്രീമതി രേഖ. കെ. (മലയാളം വാരിക) വിവാഹിതയാകാന്‍ പോകുന്ന യുവതി കാമുകനെ കാണാന്‍ വരുന്നു. വിവാഹവാര്‍ത്ത അയാളെ അറിയിച്ചിട്ടു തിരിച്ചു പോകുന്നു. രണ്ടുപേര്‍ക്കും ദു:ഖം. ഇതു ‘നേരേ ചൊവ്വേ’ പറഞ്ഞിരുന്നെങ്കില്‍ ഒരു പൈങ്കിളിക്കഥ എന്നു പറഞ്ഞ് വായനക്കാരന് ആശ്വസിക്കാമായിരുന്നു. കഥയുടെ പൈങ്കിളിസ്വഭാവം മറയ്ക്കാനായി ശ്രീമതി. വക്രരചനയില്‍ അഭിരമിക്കുന്നു. അനുഭവം കൃത്രിമമായതുകൊണ്ട് ഭാവാവിഷ്കരണം അവര്‍ക്കു സാധ്യമാവുന്നില്ല. കുട്ടികള്‍ പേനാക്കത്തിക്കൊണ്ടു കളിക്കുന്നതു പോലെ സുന്ദരികള്‍ സൗന്ദര്യം കൊണ്ടു കളിക്കുന്നതുപോലെ കഥാകാരി വാക്കുകള്‍ കൊണ്ടു കളിക്കുന്നു. ഈ ബഹിര്‍ഭാഗസ്ഥങ്ങളായ വാക്കുകള്‍ക്കു പിറകില്‍ ജീവനുള്ള കഥാപാത്രങ്ങളില്ല. വികാരമാര്‍ന്ന സംഭവങ്ങളില്ല. കാമുകിയുടെ നിരാശതാജന്യമായ ശക്തി കാമുകന്റെ നിരാശാജന്യമായ ശക്തിയോട് ഏറ്റുമുട്ടുന്നില്ല. ഭാവനാത്മകമായ മാനുഷികാനുഭവമാണ് കഥയില്‍ കാണേണ്ടത്. അത് രചനയില്‍ ഇല്ല. ഉള്ളത് കൃത്രിമത്വം മാത്രം.വാചാടോപം മാത്രം.

പകിട്ടുകാണിക്കല്‍

ഉച്ചയ്ക്ക് ഊണു കഴിക്കുന്നതിനോടു ചേര്‍ന്ന ലഹരിയില്‍ ജനയിതാവു പറയും ‘ഇന്നു ഫസ്റ്റ് ഷോക്ക് നിങ്ങളെയെല്ലാവരെയും സിനിമയ്ക്കു കൊണ്ടുപോകും ഞാന്‍. ഒരുങ്ങി നിന്നേക്കണം. ഞാന്‍ അഞ്ചരമണിക്ക് കാറുമായി വരും. ഈ വാക്കുകള്‍ വിശ്വസിച്ച് ആ നിമിഷം തൊട്ട് അമ്മ, സഹോദരിമാര്‍. ഞാന്‍ ഇവരെല്ലാം ഒരുങ്ങിത്തുടങ്ങും. ‘അഞ്ചരമണിയായല്ലോ അച്ഛനെ കാണുന്നില്ലല്ലോ’ എന്ന് ഒരുവള്‍ പറയും. അങ്ങനെ കാത്തു നില്‍ക്കുമ്പോള്‍ രക്തരൂഷിതങ്ങളായ കണ്ണുകളോടു കൂടി ഗൃഹനായകന്‍ വീട്ടില്‍ കയറി വരും. ‘എന്തിനാടീ ഈ ഒരുക്കമൊക്കെ? എവിടെപ്പോകാനാണ്’ എന്നു ചോദ്യം. അദ്ദേഹത്തെ അമ്മ ഓര്‍മ്മിപ്പിക്കും. ‘ഇന്നു സിനിമയ്ക്കു കൊണ്ടു പോകാമെന്നു പറഞ്ഞല്ലൊ”. ജനയിതാവ്: “സിനിമ! ഞാന്‍ പറഞ്ഞൊ. പറഞ്ഞെങ്കില്‍ ഇനിയൊരു ദിവസമാകാം.” ഇങ്ങനെ ഒന്നല്ല ഒരായിരം തവണ ജനയിതാവ് എന്നെയും മറ്റുള്ളവരെയും പറ്റിച്ചിട്ടുണ്ട്. ഒരു ദിവസം അടുത്ത വീട്ടിലെ ആംഗ്ലോ ഇന്ത്യക്കാരന്‍ എന്നോടു ചോദിച്ചു: “What is the mater” ഞാന്‍ മറുപടി നല്‍കി: “We are all dressed up. But cannot go anywhere”.

ശ്രീമതി കെ.കെ. യശോദ ദേശാഭിമാനി വാരികയില്‍ എഴുതിയ “മെറ്റില്‍ഡയുടെ കണ്ണുകള്‍’ എന്ന ചെറുകഥ വായിച്ചപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ കൂടെക്കൂടെ ഉണ്ടാകുമായിരുന്ന ‘സാര്‍ട്ടോറിയല്‍ പോംപൊസിറ്റി (Sartorial pomposity=വസ്ത്രസംബന്ധിയായ പകിട്ടു കാണിക്കല്‍) ഓര്‍മ്മിച്ചുപോയി. ക്രൂരനായ ഭര്‍ത്താവ് വേണ്ടാത്ത ചായമെല്ലാം വാരിത്തേച്ച് അയാളെ ഒരു ബീഭത്സ സൃഷ്ടിയാക്കിയിരിക്കുന്നു കഥാകാരി. പിന്നെ ദു:ഖമനുഭവിക്കുന്ന ഭാര്യ. പാവം പെണ്ണ്. ചായങ്ങളെല്ലാം ഭര്‍ത്താവിന്റെ ചിത്രീകരണത്തിനു യശോദ ഉപയോഗിച്ചു പോയതുകൊണ്ടാവാം അവള്‍ വെറും സ്ത്രീയായിത്തന്നെ നില്‍ക്കുന്നു. അവളില്‍ നേരിയ വികാരം ഉളവാക്കുന്നു അയല്‍ക്കാരന്‍. ഭര്‍ത്താവിന്റെ - അയാള്‍ തിരുവനന്തപുരത്തെ പദ്ഭനാഭസ്സ്വാമിക്ഷേത്രത്തിനു മുന്‍പില്‍ വര്‍ഷം തോറും ഉണ്ടാക്കിവയ്ക്കുന്ന ഭീമനെപ്പോലെയിരിക്കുന്നു - നൃശംസത സഹിക്കാതെ അവളങ്ങു പോകുന്നു.

“അന്യരെ അപമാനിക്കാതിരിക്കാന്‍, അഹങ്കരിക്കാതിരിക്കാന്‍ ഞാന്‍ എന്തുചെയ്യണം?” “കവി പറഞ്ഞതുപോലെ ഓരോ ദിനം പുലരുമ്പോഴും ഇതു എന്റെ അവസാനത്തെ ദിനമാണെന്നു കരുതണം”

പ്രതിപാദ്യ വിഷയത്തിന്റെ മനം മടുപ്പിക്കുന്ന ഈ ആവര്‍ത്തനം സഹിക്കാം. പക്ഷേ കലാപരമായ ആവശ്യകതയ്ക്ക് അതീതമായി കഥാഗാത്രത്തെ വൃഥാസ്ഥൂലത കൊണ്ടി മോടിപിടിപ്പിക്കുന്ന രീതി സഹിക്കാനാവില്ല. ഭര്‍ത്താവു ക്രൂരനാണെന്നു കാണിക്കണമെങ്കില്‍ ന്യൂനോക്തിയിലൂടെ അയാളുടെ മാനസികാവസ്ഥ ചിത്രീകരിക്കണം. കുട്ടികൃഷ്ണമാരാർ എഴുതിയതുപോലെ പഞ്ചാരയുടെ മാധുര്യമറിയാന്‍ അതു നാക്കിൽ വച്ചു നോക്കണം. അല്ലാതെ കടലാസ്സില്‍ പഞ്ചാരയെന്ന് എഴുതി ആ വാക്ക് നക്കി നോക്കിയാല്‍ മതിയാവുകയില്ലല്ലോ.

“ഗ്രീക്ക് അന്തോളജി” വായിക്കാത്തവര്‍ പരിഹാസത്തിന്റെ മൂര്‍ച്ച അറിഞ്ഞവരല്ല. ചിലത്:

പാട്ടുകാരനെക്കുറിച്ച്:

‘റേവ’ന്റെ ചിറകില്‍ മരണത്തിന്റെ ഇരുട്ട്
റേവന്റെ നിലവിളിയില്‍ മരണത്തിന്റെ ഗാനം
പക്ഷേ ഡേമോഫിലസ് പാടാന്‍ തുടങ്ങുമ്പോള്‍
റേവന്‍ മരിക്കുന്നു

(റേവന്‍= വല്ലാതെ കറുത്ത ഒരു തരം കാക്ക)

പരാജയം വിജയത്തിലേക്ക്

“ശത്രുക്കളെ തോല്പിക്കാന്‍ ആരുമില്ലേ?”

“ഒരു സ്ത്രീയുണ്ട്. അവളെ നഗ്നയാക്കി പുറത്തേക്ക് കൊണ്ടുചെല്ലൂ-ശത്രുക്കള്‍ ഓടുന്നത് എങ്ങനെയെന്നു കാണു”

മനുഷ്യശത്രു

ഒരു ഉഷ്ണദിനത്തില്‍ ഒരു മനുഷ്യവിദ്വേഷിക്കു തോന്നി വിഷസര്‍പ്പം തന്നെ കടിച്ചുവെന്ന്. അയാള്‍ ഒന്നു പുളയുക മാത്രം ചെയ്തു അങ്ങു നടന്നുപോയി. സര്‍പ്പമാണു മരിച്ചത്.

മുറിവൈദ്യന്‍

ഈശ്വരന്റെ പ്രതിമയില്‍ ഡോക്ടര്‍ കൈ വയ്ക്കാനിടയായി ഇന്നലെ. അദ്ദേഹം ഈശ്വരനാണെങ്കിലും മാര്‍ബിള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടവനാണെങ്കിലും അദ്ദേഹത്തിന്റെ ശവസംസ്കാരമാണിന്ന്.