close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 06 27


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 06 27
മുൻലക്കം 1997 06 21
പിൻലക്കം 1997 07 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഭാവഗീതത്തിനു സുനിശ്ചിതത്വമുണ്ടെങ്കിലും അവ്യക്ത സ്വഭാവവുമുണ്ട്. നോവല്‍ വായിച്ചു തീരുമ്പോള്‍ ഒരു ഭാവഗീതത്തിലൂടെ പര്യടനം നടത്തിയ പ്രതീതി. ‘Reading in the Dark’ കവിയുടെ നോവല്‍ തന്നെ.

കോണിപ്പടികളില്‍ സ്പഷ്ടമായ മോടിയില്ലാത്ത നിശ്ശബ്ദത. അതൊരു ചെറിയ കോണിപ്പടിക്കെട്ട്. പതിന്നാലു പടികള്‍ മാത്രം. അതിന്റെ രൂപകല്പന നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. അവ്യക്ത സ്മരണ പോലെയുണ്ട് അത്. കഥ പറയുന്ന ആളിനോട് (അന്നു കുട്ടി) അവന്റെ അമ്മ പറഞ്ഞു: “അനങ്ങരുത് ജന്നല്‍ കടന്നു പോരരുത്. നമുക്കിടയില്‍ എന്തോ ഉണ്ട്. ഒരു നിഴല്‍ അനങ്ങരുത് കുട്ടി ഒരു നിഴലും കണ്ടില്ല. എന്നിട്ടും അമ്മ പറഞ്ഞു: “ആരോ അവിടെയുണ്ട്. ആര്‍ക്കോ ദുഃഖം മോനേ കോണിപ്പടിയുടെ താഴത്തേക്കു പോകൂ”

മുകളിലേക്കു പതിനൊന്നുപടികള്‍ കയറിയാല്‍ മതി ജന്നലിന്റെ ചട്ടക്കൂടില്‍ ഭദ്രാസനപ്പള്ളിയും ആകാശവും തൂങ്ങിക്കിടക്കുന്നതു കാണാം. ഐറിഷ് കവി ഷീമസ് ഡീന്‍ (Seamus Deane) എഴുതിയ “Reading in the Dark” എന്ന മനോഹരമായ നോവലിന്റെ തുടക്കം ഇങ്ങനെയാണ്. സാഹിത്യരചനയിലെ സര്‍ഗ്ഗവൈഭവത്തിനു നോബല്‍ സമ്മാനം നേടിയ ഷീമസ് ഹീനി (Seamus Heaney) ഈ നോവല്‍ വായിച്ചിട്ടു പറഞ്ഞു: “Reading in the Dark is a swift, masterful transformation of family griefs and political violence into something at once rhapsodic and heart breaking. If Issac Babel had been born in Derry he might have written this sudden, brilliant work” വര്‍ണ്ണശബളമാണ് ഈ നോവല്‍. അതു ഹൃദയഭേദകവുമാണ്. ഷീമസ് ഡീന്‍ ജനിച്ച വടക്കേ ഐര്‍ലന്‍ഡിലെ ഡെറി പ്രദേശത്തു റഷന്‍ സാഹിത്യകാരന്‍ ഈസാക്ക് ബാബല്‍ ജനിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇതെഴുതുമായിരുന്നു എന്നു പറയുന്നതിനെക്കാള്‍ വലിയ പ്രശംസ ഷീമസ് ഡീന്‍ എന്ന ഐറിഷ് സാഹിത്യകാരനു കിട്ടാനില്ല.

നോവലിന്റെ തുടക്കം നമ്മള്‍ കണ്ടു. പര്യവസാനം കൂടിനോക്കാം. കഥ പറയുന്ന ആളിന്റെ അച്ഛന്‍ ഹൃദയസ്തംഭനത്താല്‍ മരിച്ചു. വടക്കേ ഐര്‍ലന്‍ഡില്‍ പട്ടാളം കേര്‍ഫ്യൂ -നിശാനിയമം - പ്രഖ്യാപിച്ച ദിവസമാണ് അച്ഛന്‍ മരിച്ചത്. ഒന്‍പതു മണിക്കു കേര്‍ഫ്യൂ തീരും. അതു കഴിഞ്ഞാല്‍ മകനും മറ്റുള്ളവരും കൂടി മൃതശരീരം ഭദ്രാസനപ്പള്ളിയിലേക്കു കൊണ്ടുപോകും. ഭദ്രാസനപ്പള്ളിയാകട്ടെ അപ്പോഴും ജന്നലില്‍ തൂങ്ങിക്കിടക്കുകയാണ്.

പ്രതിഭാശാലിയായ ഒരു കവി എഴുതിയതാണ് ഈ നോവല്‍ എന്നതില്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കു വല്ല സംശയവുമുണ്ടോ? ഉണ്ടാകാനിടയില്ല.

കോണിപ്പടികളിലെ ‘ഡിസൈന്‍’ മാഞ്ഞ് അവ്യക്ത സ്മരണകളെപ്പോലെ ആയിരിക്കുന്നില്ലേ അത്? അതുപോലെ അസ്പഷ്ടങ്ങളായ സ്മരണകള്‍ പ്രത്യാനയിച്ച് കഥ പറയുന്ന ആള്‍ തന്റെ നാട്ടിന്റെ ചരിത്രം ആവിഷ്ക്കരിക്കുന്നു. അതില്‍ കെട്ടുകഥകളുണ്ട്, മിത്തുകളുണ്ട്, പ്രേതങ്ങളുണ്ട്, അവ ജനിപ്പിക്കുന്ന അദ്ഭുത പ്രതീതിക്കിടയ്ക്ക് ഐറിഷ് റിപബ്ലിക്ക് ആര്‍മിയുടെ (I.R.A. ബ്രിട്ടീഷുകാര്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന പാര മിലിറ്ററി ഗറില്ല സംഘം - മൗണ്ട് ബാറ്റനെ നിഗ്രഹിച്ചത് ഈ സംഘമാണ് - ലേഖകന്‍) കാരുണ്യരഹിതങ്ങളായ പ്രവര്‍ത്തനങ്ങളുണ്ട്. അങ്ങനെ യാഥാതഥ്യവും മിസ്റ്ററികളും ഈ നോവലില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. ഓരോ സംഭവവും വായനക്കാരനെ ‘ഹോണ്‍ട്’ ചെയ്യും. പക്ഷേ ഹോണ്‍ടിങ്ങിന് സ്വാഭാവികമായുള്ള അനിശ്ചിതത്വം ഇവിടെയില്ല. അവ്യക്തതയ്ക്കു പോലും സൂക്ഷ്മസ്വഭാവമുണ്ട്. തുണ്ടുതുണ്ടുകളായാണ് കുടുംബചരിത്രം ആത്മകഥ എഴുതുന്ന ആളിനു കിട്ടിയത്. കഥ പറയുന്ന ആളിന്റെ അച്ഛനമ്മമാരെ സംസ്കരിച്ച ദിവസം. ആരോ അയാളോടു പറഞ്ഞു (കഥ പറയുന്ന ആളിനോടു പറഞ്ഞു) അച്ഛന്‍ കല്‍ക്കരി നിറച്ച ചാക്കുകള്‍ക്കിടയില്‍ കീറിയിട്ട വിറകുകള്‍ക്കിടയില്‍ കിടന്നു നിറുത്താതെ കരയുന്നുവെന്ന്. അയാളതു വിശ്വസിച്ചു. പക്ഷേ അച്ഛനെ വീണ്ടും നോക്കിയപ്പോള്‍ അത് അച്ഛന്‍ തന്നെയാണോ എന്നു സംശയം. ഒരാള്‍ കിടന്നു കരയുന്നത് സുനിശ്ചിതത്വമാവഹിക്കുന്ന കാഴ്ച. അതു വീണ്ടും വീക്ഷിച്ചപ്പോള്‍ അച്ഛന്‍ തന്നെയാണോ എന്നു സംശയം. ഈ രീതിയില്‍ ദൃഢതയും സന്ദേഹവും കലര്‍ന്ന സ്മരണകളാണ് ഈ നോവലിലാകെ. അതു ഭാവഗീതം പോലെയാണ്. ഭാവഗീതത്തിനു സുനിശ്ചിതത്വമുണ്ടെങ്കിലും അവ്യക്ത സ്വഭാവവുമുണ്ട്. നോവല്‍ വായിച്ചു തീരുമ്പോള്‍ ഒരു ഭാവഗീതത്തിലൂടെ പര്യടനം നടത്തിയ പ്രതീതി ‘Reading in the Dark’ കവിയുടെ നോവല്‍ തന്നെ.

1945 തൊട്ട് 1971 വരെയുള്ള കാലയളവിലെ സ്മരണകള്‍ ആലേഖനം ചെയ്യുകയാണിവിടെ. തുടര്‍ച്ചയായുള്ള കാലമല്ല. ഇടയ്ക്കിടയ്ക്കുള്ള കാലയളവുകള്‍ പക്ഷേ ആഖ്യാനത്തിന്റെ പാടവം കൊണ്ട് അതിന് ഭംഗം വരുന്ന പ്രതീതിയില്ല. സംഭവങ്ങള്‍ക്കും സ്മരണകള്‍ക്കും യുക്തിഭദ്രമായ ചേര്‍ച്ചയില്ലാത്തതുകൊണ്ട് ഇതിന്റെ ഇതിവൃത്തം സംഗ്രഹിച്ചെഴുതുക സാദ്ധ്യമല്ല. അവാസ്തവിക സംഭവങ്ങള്‍ പോലും നോവലിസ്റ്റിന്റെ പ്രാഗല്‍ഭ്യംകൊണ്ട് സത്യാത്മകങ്ങളായി വായനക്കാര്‍ക്കു തോന്നുന്നു. ഒരുദാഹരണം നല്‍കട്ടെ. കഥ പറയുന്ന ആളിന്റെ സഹോദരി ഊന മരിച്ചു. അവളുടെ ശവക്കുഴിയില്‍ പൂക്കള്‍ വയ്ക്കാന്‍ അമ്മ അവനോട് ആവശ്യപ്പെട്ടു. ശ്മശാനത്തിന്റെ വാതില്‍ അടച്ചുപോയിരുന്നതുകൊണ്ട് അവന്‍ മതില്‍ ചാടി ശവമടക്കിയ സ്ഥലത്തുചെന്നു പുഷ്പങ്ങള്‍ വിതറി. എന്നിട്ടു ഊന, ഊന, ഊന, ഊന, ഊന എന്ന് ഉറക്കെ വിളിച്ചു. അവള്‍ അയാളുടെ മുന്‍പിലേക്കു നടന്നുവന്നു. പതിവായി ധരിക്കുന്ന ജംപറും പാവാടയും പട്ടുനാടകൊണ്ട് ഊന മുടികെട്ടിയിരിക്കുന്നു. അവളുടെ പുഞ്ചിരി മധുരതരം. അവന്‍ പേടിച്ച് ഓടി. ശ്മശാനത്തില്‍ അവള്‍ അങ്ങനെ അലഞ്ഞുനടക്കാതിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു.

ഈ അദ്ഭുത സംഭവങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ നോവലിസ്റ്റ് ബ്രിട്ടീഷ് നൃശംസതയിലേക്കും I.R.A - യുടെ അനിയത പ്രവര്‍ത്തനത്തിലേക്കും വായനക്കാരെ നയിക്കുന്നു. അങ്ങനെ ഈ നോവല്‍ സ്വപ്നവും യാഥാതഥ്യവും ഇടകലര്‍ന്ന കലാസൃഷ്ടിയായി മാറുന്നു. This is the work of a master story teller എന്ന് ഒരു നിരൂപകന്‍ പറഞ്ഞതു തികച്ചും സത്യം തന്നെ.

ഷീമസ് ഡീന്‍ വടക്കേ ഐര്‍ലന്‍ഡില്‍ 1940-ല്‍ ജനിച്ചു. ഡബ്ലിനിലെ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രഫെസറാണ് അദ്ദേഹം പ്രശസ്തനായ കവിയും നിരൂപകനുമാണ് ഡീന്‍. ഈ നോവലിന്റെ രചനയോടുകൂടി അദ്ദേഹം ഐര്‍ലന്‍ഡിലെ പ്രമുഖനായ നോവലിസ്റ്റായി മാറിയിരിക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png കലാകാരനായ വാസ്തുശില്പവിദഗ്ധനും എഞ്ചിനീയറിങ് കോളേജില്‍ നിന്നു ഡിഗ്രിയെടുത്തു എഞ്ചിനീയര്‍ എന്നു പറഞ്ഞു നടക്കുന്ന ആളും തമ്മില്‍ എന്താണു വ്യത്യാസം?

Symbol question.svg.png സി.വി. രാമന്‍ പിള്ളയും കാനം ഇ.ജെയും തമ്മിലെന്താണ് വ്യത്യാസം?

Symbol question.svg.png മറ്റുള്ളവരെ എപ്പോഴും കുറ്റം പറയുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം?

തീരെച്ചെറിയ മനസ്സുള്ളവരാണ് അങ്ങനെ കുറ്റപ്പെടുത്തുന്നത് അന്യരെ. കുറെക്കാലം മുന്‍പുവരെ ഞാനും അങ്ങനെയായിരുന്നു. ഇപ്പോള്‍ അതു ചെയ്യാറില്ല. ആരെങ്കിലും നമ്മളെ നിരന്തരം അപവദിച്ചാല്‍ ‘ഇതാണു ലോകം’ എന്നു പറഞ്ഞു സ്വസ്ഥതയോടെ ഇരിക്കണം.

Symbol question.svg.png നിങ്ങള്‍ മന്ത്രിമാരെപ്പോലെ ഞെട്ടാറുണ്ടോ?

തൊണ്ണൂറു വയസ്സു കഴിഞ്ഞവന്റെ മരണത്തില്‍ ഞെട്ടാറില്ല. ദിനപത്രങ്ങളില്‍ മേലേവീട്ടില്‍ പങ്കജാക്ഷി അമ്മ മരിച്ചു എന്ന രീതിയില്‍ തീരെ ചെറുപ്പമായ സ്ത്രീയുടെ പടം. കഷ്ടം ഈ സുന്ദരി മരിച്ചു പോയല്ലോ എന്ന ദുഃഖത്തോടെ വിവരണം നോക്കുമ്പോള്‍ ‘മേലേവീട്ടില്‍ പങ്കജാക്ഷി അമ്മ മരിച്ചു വയസ്സ് 87 മക്കളും പേരക്കുട്ടികളും ഇത്ര’ എന്നു കാണും പടത്തിന്റെയും പ്രായത്തിന്റെയും വ്യത്യാസം എന്നെ ഞെട്ടിക്കും.

Symbol question.svg.png ലോകത്തു ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതലായുള്ളതു മരിച്ചവരാണ് എന്നു ‘ബുദ്ധചരിത’ത്തില്‍ കാണുന്നു. ശരിയോ സാറേ?

മലയാള മനോരമ, മാതൃഭൂമി ഈ ദിനപത്രങ്ങളിലെ ചരമപംക്തി നോക്കിയാല്‍ മരിക്കുന്നവര്‍ ഏറെ എന്നുതോന്നും. കേരളകൗമുദിയും ദേശാഭിമാനിയും നോക്കിയാല്‍ മരിക്കുന്നവര്‍ തീരെക്കുറവ് എന്നു തോന്നും.

Symbol question.svg.png നിങ്ങളാരു ഹേ ഈ വിധത്തില്‍ എഴുത്തുകാരെ ഹിംസിക്കാന്‍?

തിരുമണ്ടന്മാരായ ചോദ്യകര്‍ത്താക്കളെ സഹിഷ്ണുതയോടെ നോക്കുന്ന ഒരു സാധാരണക്കാരന്‍.

Symbol question.svg.png പണം കൂടിയാല്‍? തീരെ ദരിദ്രനായാല്‍?

ധനം കൂടിയാല്‍ മൂകാംബിക ക്ഷേത്രത്തില്‍ കൂടെക്കൂടെ പോകും. പണം തീരെയില്ലെങ്കില്‍ സത്യസായി ബാബയുടെ പടം വീട്ടില്‍ വച്ച് പൂജിക്കും. മൂകാംബികയില്‍ പോക്ക് മനസ്സാക്ഷിക്കുത്ത് ഒഴിവാക്കാന്‍ വീട്ടില്‍ വച്ചുള്ള പൂജകഷ്ടപ്പാടില്‍ നിന്നു മോചനം ലഭിക്കുമെന്നുള്ള ചിന്തയാല്‍.

Symbol question.svg.png വിവാഹത്തെക്കുറിച്ച് നിങ്ങൾ പലപ്പോഴും എഴുതിയിട്ടുണ്ട്. അതേ അഭിപ്രായം തന്നെയാണോ ഇപ്പോഴുമുള്ളത്?

വിവാഹത്തെക്കുറിച്ച് ബര്‍ട്രന്‍ഡ് റസ്സല്‍ പറഞ്ഞതാണു ശരി. സ്ത്രീക്കു ജീവിക്കാന്‍ വേണ്ടിയുള്ള ഒരു ഏര്‍പ്പാടാണ് വിവാഹം. വേശ്യാവൃത്തിയില്‍ ഉള്ളതിനേക്കാള്‍ കൂടുതലും ആവശ്യമില്ലാത്തതും ആയ സെക്സിനു വിധേയയാകാന്‍ വിവാഹം കഴിഞ്ഞ സ്ത്രീ നിര്‍ബ്ബദ്ധയാകുന്നു.

ജന്മനാ കവി

വൈകുന്നേരം ഞാന്‍ എറണാകുളത്തെ കായല്‍ക്കരയില്‍ ചെന്നു നിന്നതാണ്. മലിനമായ ജലത്തില്‍ കുറെ തോണികളും ബോട്ടുകളും നീങ്ങുന്നതല്ലാതെ വേറെയൊന്നും ഞാന്‍ കണ്ടില്ല. അന്നു സന്ധ്യക്ക് ഹോട്ടലിലെ മുറിയില്‍ ഇരുന്നു ജന്നലില്‍ക്കൂടി നോക്കിയപ്പോള്‍ തടാകത്തിലെ ദൃശ്യങ്ങള്‍ക്ക് എന്തൊരു മാറ്റം! ഇളകുന്ന തിരകളില്‍ വഞ്ചികളിലെയും ബോട്ടുകളിലെയും വെളിച്ചം സ്വര്‍ണ്ണത്തകിടുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. അങ്ങുദൂരെ കായലും കടലും ഒന്നിച്ചു ചേരുന്നിടത്ത് അതുവരെയില്ലാതിരുന്ന ശോഭ. യാനപാത്രങ്ങളില്‍ നിന്നുയരുന്ന പരുക്കന്‍ ശബ്ദത്തിനും കേവഞ്ചിയൂന്നുന്നവരുടെ പൂഹോയ് നാദത്തിനും കിനാവില്‍ കേള്‍ക്കുന്ന ഒച്ചയോടു സാദൃശ്യം എങ്ങനെ ഈ മാറ്റമുണ്ടായി? വൈകുന്നേരം - സായാഹ്നം - സന്ധ്യയായി മാറിയതുകൊണ്ടല്ല. അവയ്ക്കു തമ്മില്‍ വലിയ വ്യത്യാസമില്ല. ഹോട്ടലിലെ ജന്നലിന്റെ ചട്ടക്കൂടിലൂടെയുള്ള നോട്ടമാണ് ദൃശ്യങ്ങള്‍ക്കു സവിശേഷത നല്‍കിയത്.

തീവണ്ടികളില്‍ കൊള്ള വീടുകളില്‍ മോഷണം പട്ടാപ്പകലും. വിദ്യുച്ഛക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ചിലര്‍ പറയുന്നു രാജ്യം പുരോഗമിക്കുകയാണെന്ന്.

ഭൂവിഭാഗത്തിന്റെ ചിത്രം നേരേ നോക്കൂ. നാലു വിരലുകളും തള്ള വിരലിനോടു ചേര്‍ത്തുവച്ച് ഉള്ളംകൈക്കകത്തു ദ്വാരമുണ്ടാക്കി അതിലൂടെ അതേ ചിത്രം നോക്കൂ. ചിത്രത്തിനു നൂതന മാനമുണ്ടാകും. ഒരു ‘ഫ്രെയിം’ ദൃശ്യത്തിന് സവിശേഷത നല്‍കും. കവി പറഞ്ഞതുപോലെ എത്രയോ സന്ധ്യകള്‍ എന്നിലോരോ നൃത്തം ചെയ്തു പിരിഞ്ഞുപോയി. പക്ഷേ ഒന്നും എന്റെ സ്മരണയില്‍ തങ്ങി നില്‍ക്കുന്നില്ല. തങ്ങി നിന്ന് അനവദ്യകാന്തി ചിന്തുന്നതു ശ്രീമതി പ്രമീളാ ദേവിയുടെ ‘വാടകവീട്ടിലെ സന്ധ്യ’യാണ്. കവിതയുടെ ഫ്രെയിമിലൂടെ ആ സന്ധ്യ ആവിര്‍ഭവിച്ചപ്പോള്‍ എന്തെന്നില്ലാത്ത മനോഹാരിത.

മണ്‍തുരുത്തുപോല്‍സ്സന്ധ്യ
പകലിന്നെരികടല്‍
വന്‍തിരയിങ്ങേപ്പുറ, മപ്പുറം രാവിന്‍ സ്വപ്ന
ഗന്ധിയാമപാരത, തഴുകിപ്പിന്‍വാങ്ങിയും
ആഞ്ഞു പുല്കിയും ഉടലുയിരും വിഴുങ്ങിയും
ആളുന്നൊരലയാഴിക്കിടയിലൊത്തിരി
മണ്‍തുരുത്തുപോല്‍സ്സന്ധ്യ…

ശ്രീമതി ഹൃദ്യമായി ചിത്രീകരിക്കുന്ന ഈ സന്ധ്യക്കു ക്രമേണ പ്രാധാന്യം കിട്ടുന്നു. അതു പ്രണയത്തിന്റെ പ്രതിരൂപമായി മാറുന്നു. ആ പ്രതിരൂപത്തിലൂടെ കവി ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് അനായാസമായി ചെല്ലുന്നു. അതിന്റെ ഫലമോ? വായനക്കാരനായ എന്റെ ജീവിതാവബോധം തീക്ഷ്ണതമായി മാറുന്നു. എന്തൊരു ചേതോഹരമായ പര്യവസാനമാണ് ഈ കാവ്യത്തിന്.

പേരറിയാത്തൊരു പൂവിന്‍ സുഗന്ധമെന്‍
പ്രാണനിലിറ്റിച്ച സന്ധ്യേ നിനക്കെന്റെ
സ്നേഹമാം കണ്ണുനീര്‍ ഓര്‍മ്മയില്‍ കാക്കുക
നാമീത്തുടുപ്പു മിരുട്ടും വിളറിയൊ
രീറന്‍ നിലാവും തുളുമ്പും മിഴിയിലൂ
ടൂറിച്ചിരിക്കുന്നൊരാദ്യ നക്ഷത്രവും…
നാമിനിക്കണ്ടുമുട്ടും വരെയല്ലെങ്കില്‍
ഏതോ വഴിയില്‍ തളര്‍ന്നുവീഴുംവരെ.

(കവിത ദേശാഭിമാനി വാരികയുടെ വാര്‍ഷികപ്പതിപ്പില്‍ 97 സ്ത്രീപര്‍വം എന്നു വാര്‍ഷികപ്പതിപ്പിന്റെ പേര്) ജന്മനാ കവിയാണ് പ്രമീളാ ദേവി.

വിചാരങ്ങള്‍

തിരുവനന്തപുരത്തെ ജനറല്‍ ഹോസ്പിറ്റലില്‍ E.N.T സ്പെഷലിസ്റ്റ് ആയി ഡോക്ടര്‍ നാരായണന്‍ നായരുണ്ടായിരുന്നു. പ്രശസ്തനായിരുന്നു അദ്ദേഹം. ഞാനൊരു ദിവസം അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്റെ ഗുരുനാഥന്‍ ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ വരാന്തയില്‍ കാത്തു നില്‍ക്കുന്നതു കണ്ടു. സാറ് വന്നതിനു ശേഷം ഡോക്ടറെ കാണാനെത്തിയ പല രോഗികളും അദ്ദേഹത്തിന്റെ മുറിയിലേക്കു പോകുകയും തിരിച്ചിറങ്ങുകയും ചെയ്തു. പക്ഷേ സാറ് മാത്രം സംശയാകുലനായി നില്‍ക്കുന്നു. ‘സാറെന്താ അകത്തേക്കു പോകാത്തത്?’ എന്നു ഞാന്‍ ചോദിച്ചു തെല്ലൊരു ലജ്ജയോടെ അദ്ദേഹം പറഞ്ഞു: “I am timid in such matters”. ഞാനതു കേട്ടയുടനെ ഡോക്ടറുടെ മുറിയിലേക്കു തള്ളിക്കയറി ‘ഡോക്ടര്‍ കെ.ഭാസ്കരന്‍നായര്‍ വളരെ നേരമായിതാങ്കളെ കാണാന്‍ വന്നു നില്‍ക്കുന്നു’ എന്നു പറഞ്ഞു. നാരായണന്‍ നായര്‍ ഉടനെ വരാന്തയിലേക്കു വന്ന് സാറിനെ അകത്തേക്കു വിളിച്ചുകൊണ്ടുപോയി. ഇത്ര ‘റ്റിമിഡിറ്റി’ (ഭയം)ഉള്ള ആളാണ് പില്‍ക്കാലത്ത് നിരപരാധരെ സ്ഥലംമാറ്റി ശിക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. ഒരിക്കല്‍ ശൂരനാടു കുഞ്ഞന്‍ പിള്ളസ്സാര്‍ ഭാസ്കരന്‍ നായര്‍സ്സാറിനോടു പറഞ്ഞതു ഞാന്‍ കേട്ടു: “ആരെയും സ്ഥലം മാറ്റി ദ്രോഹിക്കരുത് പുണ്യക്ഷയമുണ്ടാകും”. കുഞ്ഞന്‍ പിള്ളസ്സാറിന്റെ സഹൃദയത്വവും പാണ്ഡിത്യവും കണ്ട് ഞാന്‍ അദ്ദേഹത്തെ ബഹുമാനിച്ചു. ഇന്നും ബഹുമാനിക്കുന്നു. പക്ഷേ ധൈര്യം കലര്‍ന്ന ഈ നിര്‍ദ്ദേശം കേട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയായി. കണ്ണീരിനും ക്രൂരതയ്ക്കും ബന്ധമുണ്ട്. റ്റിമിഡിറ്റിക്കും ഹൃദയകാഠിന്യത്തിനും ബന്ധമുണ്ടെന്നു തോന്നുന്നു. ഇതൊക്കെയാണെങ്കിലും മഹാനായ സാഹിത്യകാരനാണ് ഭാസ്കരന്‍ നായര്‍സ്സാര്‍. അദ്ദേഹത്തെ ഇന്നു കേരളം വിസ്മരിച്ചിരിക്കുന്നു. മലയാളം എഴുതാന്‍ അറിഞ്ഞുകൂടാത്തവരെ ആളുകള്‍ ഉയര്‍ത്തിക്കൊണ്ടു നടക്കുന്നു.

2. ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. അതിന് അനുസരിച്ച് ഒരോ മുഖത്തും വിഷാദം ഘനീഭവിക്കുന്നു. എഴുന്നൂറു രൂപയില്‍ കുറഞ്ഞു പുസ്തകമില്ല. പോട്ടെ. പുസ്തകം വാങ്ങാതിരിക്കാം. മരുന്നു വാങ്ങാതെ പറ്റുമോ? കൊള്ള വിലയാണ് ഓരോ ഗുളികയ്ക്കും. കൈക്കൂലി വാങ്ങുന്ന അധികാരികള്‍ കൂടിക്കൂടിവരുന്നു. അവരെ എതിര്‍ക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ കൈക്കൂലിക്കാരെ അനുകൂലിക്കുന്നവരാണ് ഭൂരിപക്ഷവും നിയമത്തിന്റെ സന്ദിഗ്ധത കൊണ്ടും തെളിവില്ലാത്തതുകൊണ്ടും പ്രാഡ്വിവാകന്‍ വൈമനസ്യത്തോടെ വിട്ടയയ്ക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് സ്വീകരണം വരെ നല്‍കുന്നു ആളുകള്‍. തീവണ്ടികളില്‍ കൊള്ള. വീടുകളില്‍ മോഷണം പട്ടാപ്പകലും. വിദ്യുച്ഛക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ചിലര്‍ പറയുന്നു രാജ്യം പുരോഗമിക്കുകയാണെന്ന്.

3. പണ്ടു ഞാന്‍ മയ്യനാട്ടോ മറ്റോ സമ്മേളനത്തിനുപോയപ്പോള്‍ സ്വാഗതമാശംസിച്ച ഹെഡ്മാസ്റ്റര്‍ എന്നെ എന്‍. കൃഷ്ണപിള്ളയാക്കി പ്രശംസിച്ചു. ഞാന്‍ കോപിച്ച് എന്റെ പ്രഭാഷണത്തിനിടയ്ക്ക് ഹെഡ്മാസ്റ്ററെ ആക്ഷേപിച്ചു. സംസ്കൃത കോളേജില്‍ ഹിന്ദി അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന ഒരു ഹിന്ദി പ്രഫെസറുടെ ഇനിഷ്യല്‍ സ്വാഗത പ്രഭാഷകന്‍ തെറ്റിച്ചു പറഞ്ഞതുകൊണ്ട് അദ്ദേഹം കോപിച്ച് പ്ലാറ്റ് ഫോമില്‍ നിന്ന് ഇറങ്ങിപ്പോയി. ഞങ്ങളുടെ രണ്ടുപേരുടെയും കോപം അല്പത്വത്തിന്റെ ഫലമാണ്. ഹൃദയവിശാലതയുള്ളവര്‍ നിസ്സാര സംഭവങ്ങളില്‍ ദേഷ്യപ്പെടുകയില്ല. ബസ്സില്‍ വച്ച് ആരെങ്കിലും ചെരിപ്പിട്ടു ചവിട്ടിയാല്‍. റോ‍ഡിലൂടെ പോകുമ്പോള്‍ കുടക്കമ്പി കൊണ്ടു അറിയാതെ ശരീരത്തില്‍ കുത്തിയാല്‍ അപരാധം ചെയ്യാത്തവരെ തെറി വിളിക്കുന്നവരുണ്ട്. ഇത് മാന്യതയുടെ ലക്ഷണമല്ല. ക്ഷുദ്രങ്ങളായ കാര്യങ്ങളില്‍ ദേഷ്യപ്പെടാതിരിക്കുന്നവനെയാണു ലോകം ബഹുമാനിക്കുക.

കൃത്രിമത്വം

ജര്‍മ്മന്‍ സൈന്യം ഗര്‍നീക എന്ന പട്ടണത്തെ ബോംബിട്ടു നശിപ്പിച്ചു. അതറിഞ്ഞു ധര്‍മ്മരോഷത്തോടെ പീകാസോ വരച്ച ചിത്രമാണു ‘ഗര്‍നീക’ എന്നത്. മഹനീയമായ കലയാണ് അതിന്റേതെന്ന് നിരൂപകര്‍ പറയുന്നു. ഈ ചിത്രത്തെക്കുറിച്ച് ഒരു കഥയുള്ളത് എല്ലാവര്‍ക്കുമറിയാം. പില്‍ക്കാലത്ത് ജര്‍മ്മന്‍കാര്‍ പീകാസോയോട് ഇതു നിങ്ങളുടെ സൃഷ്ടിയാണോ’ എന്നു ചോദിച്ചപ്പോള്‍ ‘അല്ല നിങ്ങളുടെ സൃഷ്ടിയാണിതെ’ന്ന് അദ്ദേഹം മറുപടി നല്‍കിയത്രേ. ‘ഫിക്ഷന്‍’ മാത്രമാണിതെന്ന് ഞാന‍് കരുതുന്നു. ശ്രീ. കെ. രഘുനാഥന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ലാലൂര്‍’ എന്ന കഥയില്‍ ഇതിനു തുല്യമായ ഒരു മറുപടി ഞാന്‍ കണ്ടു. അദ്ധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു വിദ്യാര്‍ത്ഥിനി വരച്ച ലാലൂരിന്റെ ചിത്രം അവര്‍ വീട്ടിലേക്കു കൊണ്ടുപോരുന്നു. പ്രകൃതി ക്ഷോഭത്താല്‍ കെട്ടളിഞ്ഞ ലാലൂരിന്റെ ചിത്രം റ്റീച്ചറിന്റെ വീട്ടില്‍ പൂതിഗന്ധം പരത്തുമ്പോള്‍ അവരുടെ ഭര്‍ത്താവു ചോദിക്കുന്നു: ‘ആരാണിതു വരച്ചത്?’

റ്റീച്ചര്‍ മറുപടി നല്‍കി: ‘നമ്മള്‍’

പികാസോയെസ്സംബന്ധിച്ചുണ്ടായ ആ ഭാവനാധിഷ്ഠിതമായ മറുപടിയുണ്ടല്ലോ അതറിയാതെതന്നെ രഘുനാഥന് ഇങ്ങനെയൊരു സംഭവം കഥയില്‍ നിവേശനം ചെയ്യാന്‍ കഴിയും. അതുകൊണ്ട് ഒരുതരത്തിലുള്ള ആധമര്‍ണ്യവും ഞാന്‍ കഥാകാരനില്‍ ആരോപിക്കുന്നില്ല. എങ്കിലും രഘുനാഥന്റെ കഥ കൃത്രിമത്വത്തിന്റെ സന്തതിയായിട്ടാണ് എനിക്കു തോന്നിയത്. effect-നു വേണ്ടി - ഫലപ്രാപ്തിക്കുവേണ്ടി - അദ്ദേഹം വസ്തുതകളെ സ്ഥൂലീകരിക്കുന്നു. വാക്യങ്ങള്‍ക്കു പ്രകടനാത്മകത വരുത്തുന്നു. കഥ സത്യമായിത്തോന്നണം. അതിനു ചൈതന്യം വേണം. വിശ്വാസ്യത എന്ന ഗുണം ഉണ്ടാകണം. നമ്മള്‍ തന്നെയാണ് ഈ പരിത:സ്ഥിതിക്ക് ഉത്തരവാദികള്‍ എന്ന പ്രസ്താവത്തിലേക്കു മാത്രം ചെല്ലാന്‍ വേണ്ടി രഘുനാഥന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥാസാഹസിക്യം.

സംശയ പരിഹാരം

റ്റെലിഫോണ്‍ മണിനാദം ഓടിച്ചെന്നു റിസീവറെടുത്തു. ‘ശൂ’ എന്നൊരു ശബ്ദം മാത്രം. റിസീവര്‍ വച്ചിട്ട് കസേരയില്‍ വന്നിരുന്നു പത്രമൊന്നു മറിച്ചു നോക്കി. മണിനാദം ഉയര്‍ന്നു, വേഗമോടി, റിസീവര്‍ കൈയില്‍ അതു കാതില്‍ ചേര്‍ത്തു. ശൂ ശൂ ശൂ വീണ്ടും താഴെയായി റിസീവര്‍. പിന്നീട് റ്റെലിഫോണിന്റെ അടുത്തു തന്നെയിരുന്നു. മണിനാദം കേട്ടയുടനെ റിസീവറെടുത്തു കാതില്‍ ചേര്‍ത്തു. “സര്‍. സാഹിത്യ വാരഫലത്തിന്റെ ഒരു വായനക്കാരനാണ്. ഡികണ്‍സ്റ്റ്രക്ഷന്‍ എന്നു പറഞ്ഞാലെന്താണ്?” ഞാനൊന്നു ഞെട്ടി. കാരണം അതിനെക്കുറിച്ച് എനിക്കു അധികമൊന്നും അറിഞ്ഞുകൂടാ എന്നതാണ്. അല്പം കഴിഞ്ഞു വിളിക്കൂ. എന്റെ thoughts ഒന്നു collect ചെയ്തോട്ടെ എന്നു പറഞ്ഞിട്ട് പുസ്തകമെടുത്തു നോക്കി കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം ഡികണ്‍സ്റ്റ്രക്ഷന്‍ എന്താണെന്ന് അദ്ദേഹത്തോടു പറയാമെന്നു വിചാരിച്ചു. പക്ഷേ വിളിക്കുന്നയാള്‍ ബുദ്ധിമാനാണെങ്കില്‍ ‘ഇയാള്‍ക്ക് അറിഞ്ഞുകൂടാ. പുസ്തകം നോക്കാന്‍ പോകുകയായിരിക്കും’ എന്നു വിചാരിക്കില്ലേ? മാത്രമല്ല ഒരു ഫ്രഞ്ചെഴുത്തുകാരന്‍ പറഞ്ഞ ഒരു സംഭവവും എന്റെ ഓര്‍മ്മയിലെത്തി. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു വ്യാജ പണ്ഡിതനുണ്ടായിരുന്നത്രേ. ആരെന്തു സംശയം ചോദിച്ചാലും “നോക്കിപ്പറയാം” എന്നു മറുപടി നല്‍കും. ചോദിക്കുന്നവരോടെല്ലാം ‘നോക്കിപ്പറയാം’ എന്നു മറുപടി നല്‍കി നല്‍കി അയാള്‍ പുച്ഛം ക്ഷണിച്ചു വരുത്തി. ഒരു ദിവസം ഒരാള്‍ സംശയ പരിഹാരത്തിന് അയാളെ സമീപിച്ചപ്പോള്‍ ‘നോക്കിപ്പറയാം’ എന്നു മറുപടി. അതുകേട്ടയുടനെ സംശയവുമായി വന്നയാള്‍ കപട പണ്ഡിതനോടു ചോദിച്ചു: ‘തന്റെ ചന്തിയില്‍ ചൊറിയുണ്ടോയെന്നു ഞാന്‍ ചോദിച്ചാലും നോക്കിപ്പറയാം എന്നു താന്‍ പറയുമോ?’ ഈ സംഭവമോര്‍മ്മിച്ച് പേടിച്ച ഞാന്‍ പാണ്ഡിത്യം ഭാവിച്ച് റ്റെലിഫോണിലൂടെ ഇങ്ങനെ മൊഴിയാടി: “അതൊരു പിന്തിരിപ്പന്‍ പ്രസ്ഥാനമാണ്. ദെറിദ എന്നു പേരുള്ള ഒരാളാണ് അതിന്റെ ആശാന്‍. കൈയില്‍ കിട്ടിയ ടെക്സ്റ്റിനെ വിഘടനം ചെയ്യുകയാണ് അതിന്റെ ജോലി. വിഘടനം നടത്തി നടത്തി ശൂന്യതയിലെത്തും. താങ്കളുടെ റ്റെലിഫോണ്‍ മേശപ്പുറത്തു വച്ചിരിക്കുകയല്ലേ? മേശയെ വിധടനം ചെയ്താല്‍ മോളിക്യൂളിലെത്തും. മോളിക്യൂളിലെത്തിക്കഴിഞ്ഞ് അതിനെയും വിഘടനം ചെയ്യാം. അപ്പോള്‍ ആറ്റമില്‍ ചെല്ലും. ആറ്റത്തെ വിഘടനം ചെയ്യൂ. ഇലക്ട്രോണിലും പ്രോട്ടോണിലുമെത്തും. സാഹിത്യസൃഷ്ടിയെ അല്ലെങ്കില്‍ ടെക്സ്റ്റിനെ ഇമ്മട്ടില്‍ വിഘടനം ചെയ്യുന്ന പ്രവൃത്തിയാണ് ഡി കണ്‍സ്റ്റ്രക്ഷന്‍. ഇലക്ട്രോണും പ്രോട്ടോണും സത്യമാണെങ്കിലും മേശ അവയെക്കാള്‍ വലിയ സത്യമാണ്. ടെക്സ്റ്റ് വിഘടനം ചെയ്താല്‍ കുറെ വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും കിട്ടും. ആ അര്‍ത്ഥങ്ങളെത്തന്നെ പിന്നെയും വിഘടനം ചെയ്യാം. പിന്നീടോ? മിണ്ടാതിരിക്കാനേ കഴിയൂ.

കലാസൃഷ്ടി ആസ്വാദനത്തിനു വേണ്ടി വര്‍ത്തിക്കുന്നു. ഡികണ്‍സ്റ്റ്രക്ഷന്‍ കൊണ്ട് ഒരാസ്വാദനവുമുണ്ടാകുകയില്ല. തികച്ചും പ്രയോജനശൂന്യമായ ഒരു ഏര്‍പ്പാടാണ് ഈ ഡികണ്‍സ്റ്റ്രക്ഷന്‍. A poet could not but be gay എന്ന കവി വചനത്തിലെ gayക്ക് ആഹ്ലാദമെന്ന് അര്‍ത്ഥം. ഗെയ് എന്ന വാക്കിന് സ്വവര്‍ഗ്ഗാനുരാഗമെന്നും അര്‍ത്ഥമുണ്ട്. ഈ വരിയെഴുതിയ വേഡ്സ്‌വര്‍ത്തിന് സ്വവര്‍ഗ്ഗ രതിയുണ്ടായിരുന്നുവെന്നു ഡികണ്‍സ്റ്റ്രക്ഷന്‍ നടത്തുന്ന ആളിനു പറയാം. അതുകൊണ്ട് എന്തുമെച്ചം?

ഞാനിത്രയും പറഞ്ഞിട്ട് താങ്കള്‍ ആരെന്ന് അറിഞ്ഞാല്‍ കൊള്ളാം’ എന്നു പറഞ്ഞു. മറുപടി ഉടനെ കിട്ടി. ‘ഒരു വായനക്കാരന്‍’ നമ്മുടെ റ്റെലിഫോണ്‍ എറ്റിക്കെറ്റ് ഇങ്ങനെയൊക്കെയാണ്. നാക്കിലെ വെള്ളം വറ്റിച്ചപ്പോള്‍ കിട്ടിയത് അടി.