close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 11 24


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 12 01
ലക്കം 533
മുൻലക്കം 1985 11 24
പിൻലക്കം 1985 12 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സ്പെന്‍സര്‍ ദേസി അഭിനയിച്ച Boys Town എന്ന അതിസുന്ദരമായ ചലച്ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇതെഴുതുന്ന ആള്‍. രണ്ടുവരിമുന്‍പിലായി ഒരു ചെറുപ്പക്കാരി. എന്റെ അടുത്തിരുന്നു് അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നവരില്‍ ഒരാള്‍ പറഞ്ഞു നോക്കു് എന്തൊരു ഭംഗി! സിനിമ തീര്‍ന്നു. അവള്‍ പോകാനെഴുന്നേറ്റു. ഒറ്റയ്ക്കാണു് ആ സുന്ദരി എത്തിയതെന്നു കരുതി പലരും അടുത്തുകൂടി; സാമീപ്യത്തിനു്, സ്പര്‍ശത്തിനു്. അവളുടെ തിളങ്ങുന്ന വസ്ത്രത്തിനടിയിലുള്ള പൊന്മേനിയെ അവരൊക്കെ സ്വപ്നത്തില്‍ക്കണ്ടിരിക്കണം. മനോഹരങ്ങളായ കൈകള്‍, അവ ചിറകുകളായി മാറിയെങ്കില്‍ അവള്‍ മാലാഖയായി അന്തരീക്ഷത്തിലേക്കു് — സ്വര്‍ഗ്ഗത്തേക്കു് — പറന്നുപോകുമായിരുന്നു. അങ്ങനെ അഭിനന്ദിക്കുന്ന, കാമിക്കുന്ന, ബഹുമാനിക്കുന്ന കടാക്ഷങ്ങളുടെ പ്രകാശത്തിലൂടെ അവള്‍ നടന്നുനീങ്ങുമ്പോള്‍ സിഗററ്റോ മറ്റോ വാങ്ങാന്‍പോയ ഭര്‍ത്താവു് അടുത്തെത്തി. “എവിടെപ്പോയി” എന്നൊരു ചോദ്യം അവളെറിഞ്ഞു. അതോടെ എല്ലാ അഭിനന്ദനവും അവസാനിച്ചിരിക്കണം. പരുക്കന്‍സ്വരം, പാറപ്പുറത്തു ചിരട്ട ഉരച്ചാലുണ്ടാകുന്ന കഠോര ശബ്ദം കവിതയും ഇതുപോലെയാണു് ഒരു പരുഷശബ്ദം അതിലുണ്ടായാല്‍മതി കവിതയാകെ തകരും.

പ്രതിബദ്ധത

കണ്ണൂര്‍...ഒക്ടോബര്‍ 27: ദശാബ്ദങ്ങളായി സാഹിത്യചര്‍ച്ചാവേദികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു പദത്തെച്ചൊല്ലി ഏതാനും സാഹിത്യനായകന്മാര്‍ ഇവിടെ പരസ്യമായ ഒരു വിവാദം സൃഷ്ടിച്ചു.

കണ്ണൂര്‍ ടൗണ്‍ഹാളില്‍ വമ്പിച്ച ഒരു ജനക്കൂട്ടം ഇതിനു് സാക്ഷ്യം വഹിക്കുകയും ചെയ്തു:

വയലാര്‍ അവാര്‍ഡ് ദിനത്തോടനുബന്ധിച്ചു് സംഘടിപ്പിച്ച സാഹിത്യ ചര്‍ച്ചാസമ്മേളനമായിരുന്നു രംഗവേദി. “സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധത:” എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാരംഭിച്ച ചര്‍ച്ച തകഴി ശിവശങ്കരപ്പിള്ളയാണു് ഉദ്ഘാടനം ചെയ്തതു്. കാര്യമായൊന്നും പ്രസംഗിക്കാതെ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു് അദ്ദേഹം രംഗത്തുനിന്നു് പിന്മാറി പിന്നാലെവന്ന എസ്. ഗുപ്തന്‍ നായരും പി. ഗോവിന്ദപ്പിള്ളയും പവനും ഡോ. വി. രാജകൃഷ്ണനും പ്രതിജ്ഞാബദ്ധതയെച്ചൊല്ലി ഒരു വാഗ്സമരം തന്നെ നടത്തി. കമിറ്റ്മെന്റ് എന്ന ഇംഗ്ലീഷ് വാക്കിനു് പ്രതിബദ്ധതയെന്നും പ്രതിജ്ഞാബദ്ധതയെന്നും പല പരിഭാഷകളും പ്രചാരത്തിലുണ്ടു്. അതില്‍ പ്രതിജ്ഞാബദ്ധതയാണു് ശുദ്ധമായ പ്രയോഗമെന്നു് ഗുപ്തന്‍നായര്‍ വാദിച്ചപ്പോള്‍ ‘പ്രതിബദ്ധത’ മതിയെന്നായി പി. ഗോവിന്ദപ്പിള്ള. പവനനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും തെറ്റായിരുന്നു. പ്രതിബാദ്ധ്യതയാണു് കൂടുതല്‍ ശരിയെന്നാണു് പവനന്റെ പക്ഷം.

കേരളകൗമുദി ദിനപത്രത്തില്‍ (ഒക്ടോബര്‍ 28) വന്ന ഒരു റിപ്പോര്‍ട്ടിന്റെ ഒരു ഭാഗമാണിതു്. ‘കമിറ്റ്മെന്റ്’ എന്ന ഇംഗ്ലീഷ് പദത്തിന്റെ തര്‍ജ്ജമയായിട്ടാണു് പ്രഭാഷകന്‍ “പ്രതിബദ്ധത”യെന്നം “പ്രതിജ്ഞാബദ്ധത”യെന്നും “പ്രതിബാദ്ധ്യത”യെന്നും പ്രയോഗിച്ചതു്. ഇവയില്‍ പ്രതിബാദ്ധ്യതയെക്കുറിച്ചു് ആദ്യം പറയാം. അങ്ങനെയൊരു പ്രയോഗം സംസ്കൃതത്തില്‍ ഇല്ല. മലയാള ഭാഷയിലുമില്ല. ‘അടിച്ചമര്‍ത്തേണ്ടതു്. ‘പീഡിപ്പിക്കേണ്ടതു്’, ‘നിയന്ത്രിക്കേണ്ടതു്’ എന്നൊക്കെയാണു് ‘ബാദ്ധ്യ’ എന്നതിന്റെ അര്‍ത്ഥം. അതിന്റെ ഭാവം ബാദ്ധ്യത. മലയാളത്തില്‍ കടപ്പാടു് എന്ന അര്‍ത്ഥത്തില്‍ ‘ബാദ്ധ്യത’ എന്നു പ്രയോഗിക്കാറുണ്ടു്: സംസ്കൃതത്തില്‍ ആ അര്‍ത്ഥം ആ പദത്തിനില്ല. (അടിച്ചമര്‍ത്തല്‍, പീഡിപ്പിക്കല്‍ എന്നീ അര്‍ത്ഥങ്ങളില്‍ ബാദ്ധ്യശബ്ദം സംസ്കൃതഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ടു്. രഘുവംശം നോക്കുക) അതിനാല്‍ കമിറ്റ്മെന്റ് എന്ന അര്‍ത്ഥത്തില്‍ ‘പ്രതി’ എന്ന ഉപസര്‍ഗ്ഗം ചേര്‍ത്തു ‘പ്രതിബാദ്ധ്യത’ എന്നു പ്രയോഗിക്കാന്‍ പാടില്ല. അതു തെറ്റുതന്നെ.

‘പ്രതിബദ്ധത’ എന്ന പ്രയോഗത്തിനും ഇവിടെ സാധുതയില്ല. സ്വന്തം ആഗ്രഹത്തിനു് അന്യനില്‍നിന്നു ഭംഗം പ്രാപിച്ചവനാണു് പ്രതിബദ്ധന്‍, “മനോഹതഃ പ്രതിഹതഃ പ്രതിബദ്ധോ ഹതശ്ചസഃ” എന്നു് അമരകോശം. പ്രതിബദ്ധതയ്ക്കു് അതുകൊണ്ടു് അഭിലാഷഭംഗം എന്ന അര്‍ത്ഥമേ വരൂ.

കമിറ്റ്മെന്റ് എന്ന അര്‍ത്ഥത്തില്‍ ‘പ്രതിജ്ഞാബദ്ധത’ എന്നു പ്രയോഗിക്കുന്നതും തെറ്റാണു്. കമിറ്റ്മെന്റിനു പ്രതിജ്ഞ- വാക്കു നല്കല്‍ - എന്ന അര്‍ത്ഥമുണ്ടെങ്കിലും കമിറ്റഡ് സാഹിത്യത്തിനു പ്രതിജ്ഞയോടു ബന്ധമില്ല. 1930-ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കമിറ്റ്മെന്റിനു് സാമൂഹികവും രാഷ്ട്രവ്യവഹാരപരവും ആയ അര്‍ത്ഥമാണുണ്ടായിരുന്നതു്. തുടര്‍ന്നു് അസ്തിത്വവാദം പ്രചരിച്ചപ്പോള്‍ അതിനു് ആത്മതത്ത്വവിചാരസംബന്ധിയായ അര്‍ത്ഥം കൂടെ ലഭിച്ചു. അപ്പോള്‍ മാര്‍ക്സിസ്റ്റുകളും സാര്‍ത്രം ഏറേഗൊങ്ങും (Aragon) വിഭിന്നങ്ങളായ അര്‍ത്ഥങ്ങളിലാണു് കമിറ്റ്മെന്റ് എന്ന പദമുപയോഗിച്ചതു് എന്നു സ്പഷ്ടമാകുന്നു. എങ്കിലും അവരെയെല്ലാം കൂട്ടിയിണക്കുന്ന ഒരു ധര്‍മ്മമുണ്ടു്. എഴുത്തുകാരന്‍ താനറിയാതെ സമകാലികസമുദായത്തിന്റെ സത്യത്തില്‍ പെട്ടുപോകുന്നു എന്നതാണു് അതു്. പഴയ സാഹിത്യകാരന്മാര്‍ മാറിനിന്നിരുന്നു; ഇന്നുള്ളവര്‍ക്കു മാറിനില്ക്കാന്‍ കഴിയുകയില്ല. അവര്‍ നവീന സമുദായത്തെസ്സംബന്ധിക്കുന്ന സത്യത്തില്‍ നിമഗ്നരായിപ്പോകുന്നു. ഈ നിമഗ്നമാകാന്‍ ഇന്‍വോള്‍വ്മെന്ററാണു്. അതു് പ്രതിജ്ഞയല്ല - പ്രോമിസല്ല. The writer is inevitably involved in the world and his authenticity can be measured by the extent to which he acknowledges this through his positive commitment in literature എന്നു് ഒരു നിരൂപകന്‍ ഇക്കാരണത്താല്‍ കമിറ്റ്മെന്റിനു് പ്രതിജ്ഞയുമായി ഒരു ബന്ധവുമില്ല. പ്രതിബാദ്ധ്യതപോലെയല്ലെങ്കിലും പ്രതിജ്ഞാബദ്ധതയും അര്‍ത്ഥരഹിതമത്രേ. ഫ്രഞ്ച്ഭാഷയില്‍ കമിറ്റഡ് സാഹിത്യത്തിനു് litterature engagee എന്നാണു് പറയുക ആങ്ഗേഷ -engage എന്ന വാക്കു് ഇന്‍വോള്‍വ്മെന്റിനെയാണു്- നിമഗ്നമാകലിനെയാണു്- കാണിക്കുന്നതു്.

പിന്നെ ഏതു വാക്കു സ്വീകരിക്കാം? പ്രതിബദ്ധതയ്ക്കു് ആശാഭംഗം, ഹതാവസ്ഥ എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും അതിലെ &lsqui;ബദ്ധ’ ശബ്ദത്തിനു ബാധിക്കപ്പെട്ടതു് എന്ന അര്‍ത്ഥമുണ്ടല്ലോ. നിമഗ്നമാകല്‍ ഒരുതരത്തിലുള്ള ബന്ധനമാണെന്നു കരുതിയാല്‍ പ്രതിബദ്ധതയാകാം. വൈയാകരണൻ അതിനു സമ്മതം മൂളുകില്ല എന്നുകൂടി പറയട്ടെ.

* * *

കമിറ്റഡ് സാഹിത്യവും അതിനോടു ബന്ധപ്പെട്ട ആശയങ്ങളും 1950-ല്‍ ഫ്രാന്‍സില്‍ മരിച്ചു. ഇപ്പോഴാണ് കേരളത്തില്‍ അതിനെക്കുറിച്ചു വാദപ്രതിവാദങ്ങള്‍ നടക്കുന്നതു്. അദ്ഭുതപ്പെടാനില്ല. ഇവിടെ അങ്ങനെയൊക്കെയാണു്. ഫ്രഞ്ചുഭാഷയിലെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമചെയ്യാന്‍ കാലം വൈകും. ആ ഇംഗ്ലീഷ് തര്‍ജ്ജമ ഇന്ത്യയിലെത്താന്‍ ഏറെ വര്‍ഷങ്ങള്‍ വേണം. സാഹിത്യത്തിലെ നവീനത പടിഞ്ഞാറു മരണമടഞ്ഞിട്ടു് കാലമധികമായി. ഇവിടെ ഇപ്പോഴാണു് ആളുകള്‍ തൊണ്ടകീറി അതിന്നുവേണ്ടി വാദിക്കുന്നതു്.

ഗുഡ് ഈവനിങ്

സന്ധ്യക്കു ദേവീക്ഷേത്രത്തിന്റെ മുന്‍പില്‍ക്കൂടി പോകുന്നവന്‍ അവിടെ നില്ക്കും. കൈകൂപ്പി “ദേവീ എന്നെ രക്ഷിക്കണേ” എന്നു പ്രാര്‍ത്ഥിക്കും. അല്ലാതെ “ഗുഡ് ഈവനിങ് മാഡം. ഹൗ ഡൂ യു ഡൂ? ഗറ്റിങ് ഓണ്‍ വെരിവെല്‍?” എന്നു ചോദിക്കുമോ? അതുപോലെ മദാമ്മയെ കണ്ടാല്‍ ഗുഡ് ഈവനിങ് തുടങ്ങിയ വാക്കുകള്‍ പറയാം. അവളോടു് “ദേവി എന്നെ രക്ഷിക്കണേ” എന്നു പറഞ്ഞാല്‍ അവള്‍ക്കു മലയാളം അറിയാമെങ്കില്‍ അടികിട്ടും. സന്ദര്‍ഭത്തിനു യോജിച്ചവിധത്തിലേ പദങ്ങള്‍ പ്രയോഗിക്കാവു. ഈ സാരസ്വതരഹസ്യം പൈങ്കിളിക്കഥാകാരന്‍മാര്‍ മറന്നുപോകുന്നതുകൊണ്ടാണു് വിവേകമുള്ളവര്‍ അവരെ പരിഹസിക്കുന്നതു്. ഒരു കൊച്ചു കുട്ടിക്കു് ഒരു മുതിര്‍ന്ന പെണ്‍കുട്ടിയെസ്സംബന്ധിച്ചു കൗതുകം. പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ അവന്‍ അവളെ കാണാന്‍ ചെല്ലുന്നു. “ആയിരം മഴവില്ലുകള്‍ പൂത്തപോലെ അവള്‍ കുടുകുടെ ചിരിക്കുന്നു.” -എന്നിട്ടു് അവനോടു്: “...എന്നെങ്കിലുമൊരിക്കല്‍ എന്റെ മനസ്സിലാകെ പുഴുവരിച്ചുകഴിഞ്ഞാല്‍ കുട്ടിടെ ചുവന്ന ചെറിയ മനസ്സിന്നൊരു തുളമ്പെനിക്കു തരണം. തരോ?” (‘മനസ്സില്‍ നിന്നൊരു തുളുമ്പു’ - സളെറ്റാസ്- എക്സ് പ്രസ്സ് ആഴ്ച്ചപ്പതിപ്പ്- ലക്കം 30) നിത്യജീവിതത്തിലും കലാലോകത്തും ഇങ്ങനെയാരും പറയാറില്ല. വൈഷയികത്വം വരുത്തി അനാഗതശ്മശ്രുക്കളെയും അനാഗതാര്‍ത്തവകളെയും ഇളക്കാനുള്ള ‘പരിപാടി’യായിട്ടേ ഇത്തരം രചനകളെ കരുതാനാവൂ. സന്ദര്‍ഭത്തിനു യോജിക്കാത്ത വിധത്തില്‍ പദപ്രയോഗം വരുത്തുന്നു എന്നതാണു് ഇവിടത്തെ ന്യൂനത. ദേവീവിഗ്രഹത്തെ കണ്ടയുടനെ ഗുഡ് ഈവിനിങ്, മാഡം ഹൌ ഡൂ യു ഡൂ എന്നു ചോദിക്കലാണിതു്.

ആളുകളുടെ ഇംഗിതമറിയാതെ വാക്കു പ്രയോഗിച്ചാലും ആപത്തുണ്ടാകുമെന്നതിനു തെളിവായി ഒരു സംഭവം പറയാം. തൃപ്പൂണിത്തുറ സംസ്കൃതകോളേജില്‍ ഞാനൊരു സമ്മേളനത്തിനുപോയി. അസാമാന്യമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതനായിരുന്ന എസ്സ്. ഗോപാലകൃഷ്ണയ്യര്‍ പ്രിന്‍സിപ്പല്‍. അദ്ദേഹം അദ്ധ്യക്ഷനായിരുന്നു ആ സമ്മേളനത്തിന്റെ പ്രസംഗിക്കാന്‍ ജാൻ എന്ന സുന്ദരിയായ ഒരു മദാമ്മപ്പെണ്‍കുട്ടിയുമുണ്ടായിരുന്നു. കലാമണ്ഡലത്തില്‍ അവള്‍ നൃത്തം പഠിക്കുകയായിരുന്നു എന്നാണെന്റെ ഓര്‍മ്മ. എന്റെ പ്രഭാഷണം കഴിഞ്ഞപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു: “Mr. Krishnan Nair, your voice has grandeur and power-” അതുകേട്ടു് ഞാന്‍ “Thank you madam” എന്നു മറുപടി നല്‍കി. മദാമ്മപ്പെണ്‍കുട്ടിയുടെ മുഖം വല്ലാതെയായി. വീണ്ടും എന്തോ അവള്‍ പറഞ്ഞപ്പോള്‍ Thank your, madam എന്നു് എനിക്കു് ആവര്‍ത്തിക്കേണ്ടിവന്നു. ജാനിനു് വല്ലാത്ത ദേഷ്യം അവള്‍ ആജ്ഞാപിച്ചു. “Mr. Krishnan Nair. don’t call me madam: Call me Jan.” മാഡം എന്നു് അഭിസംബോധന ചെയ്തതു ശരിയായില്ല എന്നു് ഞാന്‍ മനസ്സിലാക്കി. ഒരു സമ്മേളനത്തിന്റെ സ്വാഗത പ്രഭാഷകന്‍ ചലച്ചിത്രതാരം ജലജയെ ശ്രീമതി എന്നു വിശേഷിപ്പിച്ചപ്പോള്‍ ആ പെണ്‍കുട്ടി അസഹിഷ്ണുതയോടെ കൈകുടഞ്ഞു് “ഞാന്‍ ശ്രീമതിയല്ല ശ്രീമതിയല്ല” എന്നു് എന്നോടു പറഞ്ഞതും അതിനു മറുപടിയായി “ശ്രീയുള്ളവള്‍ ശ്രീമതി: അതുകൊണ്ടു ജലജ ശ്രീമതിതന്നെ, വിവാഹം കഴിഞ്ഞാലേ ശ്രീമതിയാകൂ എന്നതു തെറ്റിദ്ധാരണയാണു്” എന്നു ഞാന്‍ പറഞ്ഞതും ഒരിക്കല്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. ആവര്‍ത്തനത്തിനു മാപ്പു്.

കഥദ്വൈവാരികയിലെ കഥകള്‍

ദാമ്പത്യജീവിതത്തിന്റെ യാതനകളെ ജോണ്‍ അപ്ഡൈക്ക് എന്ന അമേരിക്കന്‍ നോവലെഴുത്തുകാരന്‍ കലാഭംഗിയോടെ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടു്. ആ കൃതികളില്‍ പ്രാധാന്യം Marry Me എന്ന നോവലിനാണു് പഴയ സന്മാര്‍ഗ്ഗത്തിന്റെ അന്തിവെളിച്ചം ദാമ്പത്യജീവിതത്തിനു ദാര്‍ഢ്യം നല്കുന്നില്ലെന്നു കണ്ടു് അതിനു വിരാമമിടാന്‍പോകുന്ന ഭര്‍ത്താവിന്റെയും അയാളുടെകൂടെ ദയനീയജീവിതം നയിക്കുന്ന ഭാര്യയുടെയും കഥയാണതു്. ഹൃദയസ്പര്‍ശകമായ ഈ നോവലില്‍ അയാള്‍ ഇങ്ങനെ പറയുന്നു: “ബുദ്ധിശൂന്യയായി വീട്ടിനു ചുറ്റും വൈരസ്യത്തോടെ [നടക്കുന്ന] നിന്നെ ഞാന്‍ നോക്കുമ്പോള്‍ എനിക്കുതോന്നുന്നു കലാശാലയില്‍നിന്നു് ഒരു പക്ഷിയെ പിടിച്ചു് ഞാന്‍ കൂട്ടിലാക്കിയെന്നു് വാതില്‍ തുറന്നിരിക്കുന്നു എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളു.” ‘കഥ’ ദ്വൈവാരികയില്‍ ബേബിമേനോനും കണ്ണന്‍ മേനോനുംകൂടി എഴുതിയ ‘അവസാന ദിവസം’ എന്ന ചെറുകഥയില്‍ തുറന്നിരിക്കുന്ന കൂട്ടില്‍നിന്നു് പുറത്തേക്കു പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭാര്യയെ നൂതനമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ വിവാഹമോചനമില്ല. താല്‍കാലികമായി രക്ഷപ്പെടാനുള്ള അഭിലാഷം മാത്രമേ ഭര്‍ത്താവിനും ഭാര്യക്കുമുള്ളു. ആ വേദനയെയും അഭിലാഷത്തെയും വികാരം മുറ്റിനില്ക്കുന്ന ഒരു സന്നര്‍ഭത്തിലേക്കു കഥയെഴുതിയവര്‍ കൊണ്ടുചെന്നിട്ടുണ്ടു്. വൈകാരികവും മാനസികവുമായ വേര്‍പെടലുണ്ടു്. അതു് ശാരീരികമായി വേര്‍പെട്ടു നില്ക്കലിനെക്കാള്‍ യാതന നിറഞ്ഞതാണു്. അതിന്റെ ചിത്രമാണു് ഇക്കഥയിലുള്ളതു്.

പരുക്കന്‍ നേരമ്പോക്കാണോ കഥ ദ്വൈവാരികയില്‍ വി. പി. മുഹമ്മദ് എഴുതിയ ‘അവന്റെ രാവുകള്‍’ എന്ന കഥയിലുള്ളതു് ആയിരിക്കാം. എങ്കിലും പരുക്കന്‍ ഫലിതങ്ങളും നമ്മളെ ചിരിപ്പിക്കാറുണ്ടു് തികച്ചും ഗ്രാമ്യമായ ഒരു ഫലിതം കേട്ടാലും. സ്വന്തമല്ല; പരകീയം. രണ്ടു കുട്ടികള്‍ തര്‍ക്കിക്കുകയാണു്:

“എന്റെ അച്ഛന്‍ നിന്റെ അച്ഛനെക്കാള്‍ കൊള്ളാം”

“അല്ല”

“എന്റെ ചേട്ടന്‍ നിന്റെ ചേട്ടനെക്കാള്‍ കൊള്ളാം”

“അല്ല”

“എന്റെ അമ്മ നിന്റെ അമ്മയെക്കാള്‍ കൊള്ളാം.”

ഒരു നിമിഷത്തേക്കു നിശ്ശബ്ദത.

“അതു ശരിയാണെന്നു തോന്നുന്നു. എന്റെ അച്ഛനും അങ്ങനെതന്നെയാണു് പറയുന്നതു്.”

വി. പി. മുഹമ്മദിന്റെ ഫലിതം കുറെക്കൂടി ‘കട്ടി’യാണു്. ഏഴുവയസ്സുള്ള പെണ്‍കുട്ടിയെ ഇരുപതുവയസ്സുള്ള ഒരുത്തന്‍ കല്യാണം കഴിച്ചു. പിറ്റേ ദിവസം കാലത്തു് ഭക്ഷണത്തിനിരുന്നപ്പോള്‍ നവവരന്റെ പ്ലേറ്റിലേക്കു് അമ്മായിഅമ്മ എടുത്തുവച്ച കോഴിയിറച്ചിക്കറി “എനിക്കുമതി”യെന്നു പറഞ്ഞു് അയാള്‍ അടുത്തിരിക്കുന്ന അമ്മാവന്റെ പ്ലോറ്റിലേക്കു് എടുത്തിട്ടു അപ്പോള്‍ താഴെയിരുന്നു് കൊത്തന്‍കല്ലു കളിച്ചുകൊണ്ടിരുന്ന വധു- ഏഴുവയസ്സുകാരി- അച്ഛനോടു പറഞ്ഞു: “അയാളു വിരലുകൊണ്ടു തൊട്ടതു് തിന്നണ്ട ഉപ്പാ...ഇന്നലെ...” വരന്‍ ചാടിയിറങ്ങി വധുവിന്റെ വായ്‌പൊത്തിപ്പിടിച്ചു. ശിശു വിവാഹത്തിന്റെ ബീഭത്സതയെ ചിരിച്ചുകൊണ്ടു നോക്കുന്നു കഥാകാരന്‍.

* * *

ഒരു പരകീയഫലിതം കൂടി അശ്ശീല സാദൃഷമല്ലാത്തതു്. ആദവും ഔവ്വയും തോട്ടത്തില്‍ നടക്കുകയായിരുന്നു. ഔവ്വ ചോദിച്ചു: “അങ്ങു എന്നെ സ്നേഹിക്കുന്നുണ്ടോ?” ആദം ഒരു ക്ഷോഭവും കൂടാതെ അങ്ങോട്ടു് ഒരു ചോദ്യം: “പിന്നെ ഇവിടെ വേറെ ആരെ സ്നേഹിക്കാന്‍?”

പുരുഷന്റെ ശബ്ദം

പുരുഷന്മാരായ ചില കവികളുടെ ശബ്ദം സ്ത്രൈണമാണു്. സ്ത്രീകളായ ചില കവികളുടെ ശബ്ദം പുരുഷസ്വഭാവമാര്‍ന്നതാണു്. തികച്ചും പാരുഷമായ ശബ്ദമാണു് തോന്നയ്ക്കല്‍ വാസുദേവന്റെ ‘ഘടികാര’മെന്ന കാവ്യത്തില്‍നിന്നു് ഉയരുന്നതു്.

ഘടികാരസൂചിയില്‍ നിമിഷം വിറയ്ക്കുന്ന
ഘനമൂകരാത്രി! നിന്‍പൊലിമ ഞാന്‍ പാടുന്നു!
മധുരങ്ങള്‍ പെയ്തകിനാവിന്റെ പകലുകള്‍
ചിറകറ്റുവീണു കിടക്കുമെന്നോര്‍മ്മയില്‍
സുഖശീതളാര്‍ദ്രമാം രാവിന്റെ നിശ്വാസ
മൊഴുകിയെത്തുന്നിതാ ജാലക വാതിലില്‍
നിറമൂകരാത്രി! നിന്‍ഘടികാര സൂചിതന്‍
മുനയിലണുബോംബിന്റെ ഗര്‍ജനകാഹളം!

ഉറക്കെച്ചൊല്ലിനോക്കൂ ഈ വരികള്‍.

പുരുഷസ്വഭാവമാര്‍ന്ന കവിതയാണിതെന്നു് അന്തരംഗം പ്രഖ്യാപിക്കും. എന്താണു് സ്ത്രൈണശബ്ദം? അസ്തിത്വത്തിനു്- ജീവിതത്തിനു്- ഒന്നു് രണ്ടു് മൂന്നു് ഈ വിഭജനങ്ങള്‍ കല്പിക്കാമെങ്കില്‍ ഒന്നാമത്തെ തലത്തില്‍ പുരുഷന്‍ നില്ക്കുന്നുവെന്നു പറയാം. സ്ത്രീ രണ്ടാമത്തെ തലത്തിലാണു് നില്ക്കുക. സ്ത്രീകളില്‍ ആരും വഴക്കിനു വരരുതു്. ഒരു സാമാന്യനിയമമാണു് ഇവിടെ എഴുതിയതു്. ഈ സാമാന്യനിയമത്തിനു് അപവാദമെന്ന നിലയില്‍ (exception എന്ന അര്‍ത്ഥത്തില്‍) ഒന്നാമത്തെ തലത്തില്‍ത്തന്നെ വര്‍ത്തിക്കുന്ന മഹിളകളുണ്ടു്. പി. ടി. ഉ‍ഷ, പ്രൊഫസര്‍ മീനാക്ഷിതമ്പാന്‍, ഡോക്ടര്‍ എം. ലീലാവതി ഇവരെയൊക്കെ ഓര്‍മ്മവരുന്നു എന്നാല്‍ സ്ത്രീകളില്‍ 99 ശതമാനവും രണ്ടാമത്തെ തലത്തില്‍ വര്‍ത്തിക്കുന്നു. അവര്‍ക്കു ക്ഷുദ്രങ്ങളയേ സങ്കല്പങ്ങളും ആശകളുമാണുള്ളതു്. നിരാശതയാണു് അവരില്‍ പലര്‍ക്കും, അതുകൊണ്ടു് അവര്‍ സാഹിത്യം രചിക്കുമ്പോള്‍ ആ ക്ഷുദ്രത്വവും നൈരാശ്യവും പ്രകടമാകും അതുതന്നെയാണു് സ്ത്രൈണശബ്ദം. ഒ. എന്‍. വി. കുറുപ്പിന്റെ കവിതയില്‍ നിന്നുയരുന്ന ശബ്ദം തികച്ചും മാസ്‌ക്യുലിനാണു് (പുരുഷത്വമുള്ളതു്). വയലാര്‍ രാമവര്‍മ്മ സമരങ്ങളുടെ ആവശ്യകതയെക്കുറിച്ചും വര്‍ഗ്ഗരഹിതസമുദായത്തിന്റെ അനിവാര്യതയെക്കുറിച്ചും പാടിയെങ്കിലും അദ്ദേഹത്തിന്റെ കവിതയില്‍ നിന്നു് ഫെമിനിന്‍ (സ്ത്രീയെസ്സംബന്ധിച്ച) നാദമേ ഉദ്ഭവിക്കുന്നുള്ളു.

പറഞ്ഞുവന്നതു് തോന്നയ്ക്കല്‍ വാസുദേവന്റെ കാവ്യത്തെക്കുറിച്ചാണു്. ആധുനിക മനുഷ്യന്റെ ദുര്‍ദ്ദശയെ അദ്ദേഹം ശക്തിയോടെ ആവിഷ്കരിക്കുന്നു. അതിലെ ലയം വിഷയത്തിനുയോജിച്ചതു തന്നെ ശിഷ്യരില്‍ ഗുരുനാഥന്മാരുടെ സ്വാധീനശക്തി ഉണ്ടാവും. ഒ. എന്‍. വി. കറുപ്പു് തോന്നയ്ക്കല്‍ വാസുദേവന്റെ ഗുരുനാഥനാണോ? അതേ എന്നാണു് ഉത്തരമെങ്കില്‍ നാരായണന്റെ ഡിക്ഷനില്‍ അദ്ദേഹത്തിനുള്ള സ്വാധീനശക്തി ഒഴിവാക്കുന്നതു് ഉത്തമമായിരിക്കും.

* * *

അവരുടെ കാര്യങ്ങളിൽ വിശേഷിച്ചും സ്ത്രീകളെസ്സംബന്ധിക്കുന്ന കാര്യങ്ങളില്‍- ജിജ്ഞാസകൂടും സ്ത്രീക്കു്. അതിനെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന സി. എല്‍. ശാന്തകുമാരിയുടെ ‘അല്ലിജയുടെ അയല്‍ക്കാരി’ എന്ന കഥ (ദേശാഭിമാനിവാരിക) കൗതുകത്തോടെ ഞാന്‍ വായിച്ചു. കഥവായിക്കുന്നവര്‍ക്കു് അതേ കൗതുകമുണ്ടാകുമെന്നു് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

നിര്‍വ്വചനങ്ങള്‍, നിരീക്ഷണങ്ങള്‍

  1. തോപ്പില്‍ഭാസി: തിംബ്ള്‍ കണ്ടാല്‍ അതു പറയാണെന്നും ടീസ്പൂണ്‍ കണ്ടാല്‍ അതു വാര്‍പ്പിലെ പായസമിളക്കുന്ന വലിയ ചട്ടുകമാണെന്നും കല്ലടയാറു് ഗംഗയാണെന്നും മൂക്കുന്നിമല ഹിമാലയമാണെന്നും ധരിച്ചുവയ്ക്കുന്ന വിശാലഹൃദയന്‍. അല്ലെങ്കില്‍ വിപുലീകരണകാചനേത്രന്‍ പാശ്ചാത്യ വിദ്യാഭ്യാസം കുറയുന്തോറും നേത്രകാപത്തിന്റെ വിപുലീകരണശക്തി കൂടുമെന്നതു പുതിയ സിദ്ധാന്തമല്ല; പഴയ സിദ്ധാന്തംതന്നെ. 10- ആം ലക്കം കുങ്കുമം വാരികയില്‍ നിസ്സാരനായ എന്നെക്കുറിച്ചു് അദ്ദേഹമെഴുതിയതു വായിച്ചപ്പോള്‍ തോന്നിയതാണു് ഈ നിര്‍വ്വചനം. പണ്ടു് (വളരെ പണ്ടല്ല) അദ്ദേഹം സാഹിത്യവാരഫലത്തെ പുകഴ്ത്തിയിട്ടുണ്ടു്. അര്‍ജ്ജുനന്റെ അസ്ത്രപ്രയോഗം പോലെയാണു് എന്റെ രചനാരീതിയെന്നു് അദ്ദേഹം പറഞ്ഞു. അമ്പ് എടുക്കുമ്പോള്‍ ഒന്നു്, തൊടുക്കുമ്പോള്‍ പത്തു്, ഞാണു് വലിക്കുമ്പോള്‍ നൂറു്, പായുമ്പോള്‍ ആയിരം, കൊള്ളുമ്പോള്‍ പതിനായിരം എന്നോ മറ്റോ ആയിരുന്നു സ്തുതി ഇപ്പോള്‍ ആ പംക്തി തന്നെ അദ്ദേഹത്തിനു കത്സിതമായിത്തീര്‍ന്നിരിക്കുന്നു. തോപ്പില്‍ ഭാസി സത്യംപറഞ്ഞതു് പണ്ടോ, അതോ ഇപ്പോഴോ?

    തോപ്പില്‍ ഭാസിക്കു് ഇംഗ്ലീഷ് ഒഴിച്ചു പല ഭാഷകള്‍ അറിയാം. അറിയാമെന്നല്ല പറയേണ്ടതു്; അവഗാഹമുണ്ടു്. അവയില്‍ ഒരു ഭാഷ അശ്ശീലഭാഷയാണു്. അതുകൊണ്ടാണല്ലോ മാന്യമായ രീതിയില്‍ സാഹിത്യനിരൂപണം നിര്‍വ്വഹിച്ചു എന്നെ തോല്പിക്കാന്‍ “എന്റെ അമ്മയ്ക്കു് പറയുന്ന”തു്. (സ്വന്തം അമ്മയെപ്പറ്റിയും എന്നു തുടങ്ങുന്ന ഭാഗം നോക്കുക). ഉജ്ജ്വല പ്രതിഭാശാലിയും മഹാപണ്ഡിതനും സംസ്ക്കാര സമ്പന്നനുമായ എന്‍. വി. കൃഷ്ണവാരിയര്‍ എഡിറ്ററായിരിക്കുന്ന കുങ്കുമത്തില്‍ ഇങ്ങനെയൊരു ലേഖനം വന്നല്ലോ. കഷ്ടം!

  2. കേരളസംസ്കാരം മാസികയില്‍ പ്രൊഫസര്‍ പി. ടി ചാക്കോ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ: “അടുത്തകാലത്തു് ശ്രീ. ആഷാമേനോന്‍ മാതൃഭൂമിയില്‍ അഭയാര്‍ത്ഥികളേ’പ്പറ്റി എഴുതിയ അതിദീര്‍ഘമായ ഒരു ലേഖനം മൂന്നുനാലു തവണ ഈ ലേഖകന്‍ വായിച്ചുനോക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ വാക്യങ്ങളും എനിക്കു പിടികിട്ടി പക്ഷേ ഏതെങ്കിലും ഒരു ഖണ്ഡിക വായിച്ചശേഷം അതിന്റെ അര്‍ത്ഥമെന്തെന്നു് കുറിച്ചിടാന്‍ ശ്രമിച്ചിട്ടു് ഞാന്‍ അമ്പേ പരാജയപ്പെട്ടു. ഒരര്‍ത്ഥവുമില്ലാത്ത ഒരു ഡസന്‍ പ്രയോഗങ്ങള്‍ ഈ ഒരു ലേഖനത്തിലുണ്ടായിരുന്നു. ‘വാക്കുകളുടെ അതിസാരം’ (diarrohoea of words) ‘എഴുത്തുകാരന്റെ കടി’ (cacoethes seribeadi) എന്നീ സാഹിത്യരോഗങ്ങള്‍ ബാധിച്ച മലയാളികളായ എഴുത്തുകാരില്‍ ആഷാമേനോന്‍ ഒറ്റപ്പെട്ട വ്യക്തിയല്ല. ചെറിയാൻ കെ. ചെറിയാനും സച്ചിദാനന്ദനും ഇതേ രോഗമുള്ളവരാണു്.”

    അപ്പോള്‍ ആളുകള്‍ സത്യം പറയാന്‍ തുടങ്ങിയിരിക്കുന്നു അല്ലേ? കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ സത്യം ഉറക്കെ പറയട്ടെ. അതുതന്നെയാണു് ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സ. ടാഗോര്‍ പറയുന്നപോലെ ആഹ്ലാദത്തിന്റെ പാൽക്കടലില്‍ ലക്ഷ്മിദേവിയെപ്പോലെ നില്‍ക്കുന്ന വധു. അതി സുന്ദരിയായ അവളെ വിവാഹം കഴിച്ചു് അയാള്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുന്നു അയാള്‍ക്കു് എന്തു രസം! ഏഴുമാസം കഴിയുമ്പോള്‍ അവള്‍ ഉദര വൈപുല്യത്തോടുകൂടി സ്വന്തം വീട്ടിലെത്തുമ്പോള്‍ വൈരൂപ്യത്തിനു് ആസ്പദം ആഷാമേനോനു് ഭാഷയുമായുള്ള സമ്പര്‍ക്കം രസപ്രദമാണു്. പക്ഷേ അവളെ വൈരൂപ്യമുള്ളവളാക്കുന്നതില്‍ ഞങ്ങള്‍‍ക്കു ദുഃഖം: വൈഷമ്യം.

ക്ളോദ് സീമൊങ്

നോബല്‍ സമ്മാനംകിട്ടിയ ക്ളോദ് സീമൊങ്ങിനെക്കുറിച്ചു് എന്‍. വി. കൃഷ്ണവാരിയര്‍ കുങ്കുമത്തിലെഴുതിയ ലേഖനത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടു്. “സീമൊങ്ങിനുതന്നെയോ ഈയാണ്ടിലെ സമ്മാനം നൽകപ്പെടേണ്ടിയിരുന്നതു്”? എനിക്കറിയാവുന്ന മറ്റുചില എഴുത്തുകാരുടെ കൃതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീമൊങ്ങിന്റെ നോവലുകള്‍ എവിടെ നില്ക്കും? ഉദാഹരണത്തിനു്, തകഴിയുടെ നോവലുകളുമായി സീമൊങ്ങിന്റെ കൃതികളെ താരതമ്യപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും?”

സീമൊങ്ങിന്റെ നോവലുകളെ വിശ്വവിഖ്യാതരായ ഗൃന്തര്‍ഗ്രാസ്സ്, മാര്‍കേസ്, ഗ്രേയംഗ്രീന്‍, വാര്‍ഗാസ് യോസ ഇവരുടെ കൃതികളുമായി താരതമ്യപ്പെടുത്താന്‍വയ്യ. കാരണം അദ്ദേഹത്തിന്റെ നോവലുകള്‍ ആന്റി നോവല്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു എന്നതാണു്. നിയമിതങ്ങളായ (conveational) നോവലുകള്‍ വായനക്കാരെ അവാസ്തവികതയിലേക്കു് എറിയുന്നു എന്നാണു് ആന്റി നോവലിസ്റ്റുകളുടെവാദം. ഉണ്മയേതെന്നു് അവര്‍ക്കു് അറിയാന്‍ കഴിയാതെ വരുന്നു. പുതിയ ഭാവസംദൃബ്ധതയെ സ്ഫുടീകരിക്കാന്‍വേണ്ടി പുതിയ നോവലിസ്റ്റുകള്‍ (ആന്റി നോവലിസ്റ്റുകള്‍) കഥാപാത്ര സംഭാവ ചിത്രീകരണം. രേഖാരൂപമായ ആഖ്യാനം ഇവയെല്ലാം നിരാകരിക്കുന്നു കിളോദ് സീമൊങ്ങിന്റെ നോവലുകളില്‍ ഈ സവിശേഷതകള്‍ ദര്‍ശിക്കാം. ആഖ്യാനരീതി കാണിക്കാന്‍ അദ്ദേഹത്തിന്റെ ‘The Grass’ എന്ന നോവലില്‍നിന്നു് ഒരു ഭാഗം എടുത്തെഴുതാം. വാക്യം തുടങ്ങുന്നതു് ഒരു പത്തുപുറത്തിനു് മുന്‍പായിരിക്കും. അതുകൊണ്ടു് ആരംഭത്തില്‍ നിന്നു് ഉദ്ധരിക്കാനാവില്ല “...and the cat too, fierce, cold, circum spect, frozen in that same attitude like a sudden condensation of spend (Just as a stick of dynamite contains a million times its volume of noise and destruction) petrified, maring at her, spying on her through these two narrow vertical sits ...” (Page 17), പല പരിവൃത്തി വായിച്ചാലേ സീമൊങ്ങിന്റെ നോവല്‍ എന്താണെന്നു നമുക്കു മനസ്സിലാകൂ. സംഭാഷണം വിരളം. ഉള്ളതു പുതിയ മട്ടിലും.

do you think you’re being funny?
no I said Listen I’ve got to go be careful
what?
(Page 232 Histoire എന്ന നോവല്‍)

ക്ലോദ് സീമൊങ് അദ്ദേഹത്തിന്റെ രീതിയില്‍ വലിയ എഴുത്തുകാരനായിരിക്കാം. എങ്കിലും മീലാന്‍ കുന്ദേരയെക്കാള്‍ ബോർഹെസ്സിനെക്കാള്‍ യോസയെക്കാള്‍ മഹാനായ എഴുത്തുകാരനല്ല.

പലരും പലതും

  1. അടിപതറുന്നൂയിനിനടക്കുവാന്‍
    വടിയുണ്ടായാലുമിടയ്ക്കിടറുന്നൂ
    തനു കുഴയുന്നൂ മനം കലങ്ങുന്നൂ
    ചെകിടടയുന്നൂ നയനം മങ്ങുന്നു.

    കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി മംഗളം വാരികയിലെഴുതിയ ‘ശാക്തേയം’ എന്ന ‘കാവ്യ”ത്തിന്റെ ആരംഭം ഇങ്ങനെ. ഇത് നോവലല്ല. ചെറുകഥയല്ല, ആത്മകഥയല്ല, പ്രബന്ധമല്ല, ഹാസ്യരചനയല്ല, ഒന്നു മല്ലാത്തതുകൊണ്ടു കവിത തന്നെ, തന്നെ തന്നെ.

  2. ഏതു ബന്ധു എന്നെ കാണാത്ത മട്ടില്‍പോയാലും എനിക്കു് ഒരു വൈഷമ്യവുമില്ല. കാരണം അങ്ങനെയുള്ളവരെ നോവലിലെ കഥാപാത്രങ്ങളെപ്പോലെ ഞാന്‍ പരിഗണിക്കുന്നു എന്നതാണു് എന്നാല്‍ രചനകളിലെ വ്യക്തികള്‍ എന്റെ ബന്ധുക്കളും മിത്രങ്ങളുമാണു് അതുകൊണ്ടു് മിസ്സിസ് റെയ്‌ച്ചല്‍ തോമസ് അവതരിപ്പിക്കുന്ന “നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയും ഉള്ള ബ്രിട്ടീഷ് സുന്ദരി” എന്റെ ബന്ധുതന്നെ. ആ പെണ്‍കുട്ടിയെ നേരിട്ടു കാണാന്‍ കഴിഞ്ഞെങ്കില്‍! (മനോരാജ്യംവാരിക)
  3. ഇടതുപക്ഷ ചിന്താഗതിയുള്ള വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഇന്ദിരാ ഗാന്ധിയെക്കുറിച്ചു കുമാരി വാരികയില്‍ എഴുതിയതു നന്നായി. നക്ഷത്ര യുദ്ധം നടത്താന്‍ തയ്യാറായി നിൽക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിറത്തില്‍ കാണിച്ചുതരികയും പുരോഗമനാത്മകങ്ങളായ ആശയസംഹിതകള്‍ പുലര്‍ത്തിക്കൊണ്ടു പൊരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധി ഇടതുപക്ഷക്കാര്‍ക്കു പോലും ആദരണീയയാണല്ലോ.
  4. “എറണാകുളത്തു സര്‍ക്കാര്‍ റോഡിലെ കുഴിയില്‍വീണു് രണ്ടു സ്കൂട്ടര്‍യാത്രക്കാര്‍ മരണമടഞ്ഞു.
  5. തിരുവനന്തപുരത്തു് സര്‍ക്കാരിന്റെ റോഡരികില്‍ ഇട്ടിരുന്ന പൊതുമരാമത്തുവക റോഡ്റോളറില്‍ ചെന്നിടിച്ചതിന്റെ ഫലമായി ഒരു സ്ക്കൂട്ടര്‍ യാത്രക്കാരന്‍ മരണമടഞ്ഞു. ഈ രാജ്യത്തു് ഭരണം കൊണ്ടുപിടിച്ചു നടക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ടു് എന്നതിനു് ഇതില്‍കൂടുതല്‍ തെളിവുവേണോ...?
  6. മഹത്തായ ഈ രാജ്യത്തുനിന്നു്, ഈ യോഗക്ഷേമരാഷ്ട്രത്തില്‍നിന്നു് എന്നേക്കും എന്നെന്നേക്കുമായി സലാം പറഞ്ഞുപോയവരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍....!”
  7. ഇതു് തോമസ് പാല പറഞ്ഞതാണു് (മാമാങ്കം വാരിക). മൂര്‍ച്ചയുള്ള സറ്റയര്‍ മാംസപേശികള്‍ പിളര്‍ന്നു് അതു് അങ്ങു് അകത്തുചെന്നിട്ടും അധികാരികള്‍ അറിയാത്തതു് അവരുടെ കാഠിന്യം കൊണ്ടാവാം. വാസവദത്തയുടെ നഗ്നത മറയ്ക്കപ്പെട്ടു. “മഹിളമാര്‍ മറക്കാമാനം” എന്നു കവി. ലൂയി പതിനാറാമന്റെ സഹോദരി ഇലിസബത്തിനെ കഴുത്തുമുറിച്ചു കൊന്നു വിപ്ലവാകാരികള്‍. മരിക്കുന്നതിനുമുന്‍പ് In the name of modesty cover my bosom എന്നു് അവര്‍ ആവശ്യപ്പെട്ടു. വേശ്യക്കും ജനദ്രോഹം ചെയ്തവള്‍ക്കും ഉണ്ടായിരുന്ന മാന്യതയുടെ ബോധം റോഡിലെ കുഴിമൂടാത്തവര്‍ക്കും റോഡരികില്‍ റോളര്‍ ഇടുന്നവര്‍ക്കും ഇല്ലല്ലോ.
* * *

കേരളത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും ഇവിടത്തെ അനീതികള്‍കണ്ടു് “ഈശ്വരാ ഞാന്‍ മരിക്കാറായി” എന്നു സന്തോഷത്തോടെ പറയുന്നദിനം സമാഗതമാകാന്‍ പോകുന്നു.

കാലം കഴിഞ്ഞു

കാലാവസ്ഥയുടെ സുക്ഷ്മമായ മാറ്റം പോലും ബരോമീറ്ററിനെ ബാധിക്കും. രസം ഉയരുകയോ താഴുകയോ ചെയ്യും. സാഹിത്യകൃതി മനസ്സിന്റെ ബരോമീറ്ററില്‍ വരുത്തുന്ന മാറ്റം സ്ഥിരതയുള്ളതാണു്. നാല്പത്തഞ്ചുകൊല്ലം മുന്‍പ് ഒരു കഥ വായിച്ചു. ഇന്നും അതു് എനിക്കു പുളകപ്രദമാണു്. ഹിന്ദു–മുസ്ലിം ലഹളയില്‍ ഒരു മുസ്ലിം ഒരു ഹിന്ദുവിനെ രക്ഷിക്കുന്ന കഥ. ലളിതാംബിക അന്തര്‍ജ്ജനം എഴുതിയതാണതു്. ഇന്നു് അതേ വിഷയത്തെക്കുറിച്ചു് റജിമുദ്ദീന്‍ സിദ്ദീഖി എഴുതിയ ഒരു ചെറുകഥ കലാകൗമുദിയില്‍ വായിച്ചു. (കെ.എ. കൊടുങ്ങല്ലൂരിന്റെ തര്‍ജ്ജമ). ലഹളക്കാലത്തു് ആപ്ത മിത്രമായ — ഹിന്ദു തന്റെ വീട്ടിലെ വിലപിടിച്ച ഓരോ സാധനവും എടുത്തുകൊണ്ടുപോയപ്പോള്‍ ഒരു മുസ്ലിം വല്ലാതെ ദുഃഖിച്ചു. ഒടുവിലാണു് അയാള്‍ അറിയുന്നതു് ഹിന്ദു. കൊള്ളക്കാരില്‍ നിന്നു തന്നെ രക്ഷിക്കാനായിട്ടാണു് അതൊക്കെ ചെയ്യുന്നതെന്നു്. സാഹിത്യത്തെ ‘ക്രിക്കാ’ക്കി — സൂത്രവിദ്യയാക്കി — മാറ്റുന്ന ഇത്തരം സാഹസിക്യങ്ങളുടെ കാലം കഴിഞ്ഞുപോയിയെന്നു കെ. എ. കൊടുങ്ങല്ലൂര്‍ അറിഞ്ഞില്ലേ?

* * *

മുറ്റത്തു നില്‍ക്കുന്ന റോസാച്ചെടിയില്‍ ഒരു പൂവു പോലുമില്ല. “ഒരു പൂവിരിയട്ടെ” എന്നു ഞാന്‍ ആജ്ഞാപിച്ചാല്‍ പൂ ഉണ്ടാകുകയില്ല. വര്‍ഷാകാലത്തിന്റെ കൂരിരുട്ടാണിപ്പോള്‍ ”അന്ധകാരം മാറട്ടെ” എന്നു കല്പിച്ചാല്‍ ഇരുട്ടു മാറില്ല. സാഹിത്യത്തില്‍ ഇപ്പോള്‍ പൂക്കളില്ല. ഇരുട്ടാണെങ്ങും. ആരു വിചാരിച്ചാലും ഈ ദുരവസ്ഥമാറാന്‍ പോകുന്നില്ല.