close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 02 02


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 02 02
ലക്കം 855
മുൻലക്കം 1992 01 26
പിൻലക്കം 1992 02 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വേദനിപ്പിക്കുന്ന സത്യത്തെ മറച്ചു വച്ച് അതിന്റെ സ്ഥാനത്ത് അസത്യത്തെ പ്രതിഷ്ഠിക്കുന്ന ഒരു രീതി പലർക്കുമുണ്ട്; വിശേഷിച്ചും ബന്ധുക്കൾക്ക്. അച്ഛൻ ആഭാസനും മദ്യപനുമാണെങ്കിൽ, അമ്മ വ്യഭിചാരിണിയാണെങ്കിൽ അതു മറ്റുള്ളവരെ അറിയിക്കാൻ ഒരു മകനും മകളും സന്നദ്ധത കാണിക്കില്ല. മാത്രമല്ല, അച്ഛൻ പരമയോഗ്യനും അമ്മ സുചരിതയും ആണെന്നു അവർ പറയുകയും ചെയ്യും. ഒരടികൂടി മുന്നോട്ടു വച്ച്, മരിച്ചു പോയ അച്ഛനമ്മമാരുടെ ഫോട്ടോഗ്രാഫുകൾ ഷോകെയ്സിൽ വച്ചു നിത്യവും പൂമാല ചാർത്തുന്ന സമ്പ്രദായവും അവർക്കുണ്ടായിരിക്കും. മഹാനായ നാടകകർത്താവ് ഇബ്സൻ ഇമ്മാതിരിയുള്ള കള്ളത്തെ vital lie എന്നു വിളിച്ചു. അദ്ദേഹത്തിന്റെ പല നാടകങ്ങളിലും ഈ അസത്യത്തിന്റെ ഗർഹണീയതയെ സ്പഷ്ടമാക്കിയിട്ടുണ്ട്. ജീവനരക്ഷകങ്ങളായ ഇത്തരം അസത്യങ്ങളുടെ വിഹാരരംഗങ്ങളായിട്ടുണ്ട് നമ്മുടെ സാഹിത്യത്തിന്റെ മണ്ഡലങ്ങൾ. വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ദേഹത്തിന്റേതായ രീതിയിൽ ഭേദപ്പെട്ട കവിയാണ്. അതിൽക്കൂടുതലായി ഒന്നുമില്ല താനും. നിരൂപകർ പൊക്കിക്കൊണ്ടു നടക്കുന്ന അദ്ദേഹത്തിന്റെ പല കാവ്യങ്ങളിലും കവിതാംഗനയുടെ കങ്കാളമേയുള്ളൂ; മജ്ജയില്ല, മാംസമില്ല, രക്തമില്ല. ഈ സത്യം മറച്ചു വച്ച് അവർ അതിന്റെ സ്ഥാനത്ത് അസത്യം പ്രതിഷ്ഠിക്കുന്നു. അതു പോകട്ടെ. നിസ്സന്ദേഹമായി, അസന്ദിഗ്ദ്ധമായി ചൂഷണമെന്നു വിളിക്കാവുന്ന കാവ്യങ്ങളിൽ പോലും മൗലികത്വം കാണാൻ തുടങ്ങിയാൽ എന്തു ചെയ്യും? രണ്ടാഴ്ച്ചയ്ക്കു മുൻപ് മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന “മാധവി” എന്ന കാവ്യം റ്റെനിസൻ എഴുതിയ “Dora” എന്ന കാവ്യത്തിന്റെ തർജ്ജമയാണ്. വർഷങ്ങൾക്കു മുൻപ് സി. പി. പരമേശ്വരൻപിള്ള (“ആഗസ്മേര” ത്തിന്റെ കർത്താവ് — തിരുവനന്തപുരത്തെ സയൻസ് കോളേജിലെ അധ്യാപകൻ — ഇംഗ്ലീഷ് പ്രഫെസറായിരുന്ന ഈശ്വരി അമ്മയുടെ ബന്ധു) “ഡോറ” മലയാളത്തിലേക്കു തർജ്ജമ ചെയ്ത് സി. എൻ. എ. രാമയ്യാശാസ്ത്രിയുടെ അവതാരികയോടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൈലോപ്പിള്ളിയുടെ തർജ്ജമയെക്കാൾ അതു നന്നാണുതാനും.

തന്റെ കാവ്യം തർജ്ജമയാണെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാലോ എന്നു കരുതിയാവും ഒരു ഇംഗ്ലീഷ് കഥയെ അവലംബിച്ച് എന്നോ മറ്റോ ഒരൊഴുക്കൻ കുറ്റസമ്മതം രേഖപ്പെടുത്തിയിട്ടാണ് വൈലോപ്പിള്ളി കാവ്യരചനാവ്യവസായത്തിൽ തല്പരനായത് (പഴയ ആഴ്ചപ്പതിപ്പ് എന്റെ കൈയിലില്ല. അതിനാൽ കവിയുടെ പ്രസ്താവന അതേ രീതിയിൽ ഇവിടെ എടുത്തെഴുതാൻ വയ്യ). ഭാഷാന്തരീകരണം എന്ന അസുഖസത്യത്തെ അബോധമനസ്സിന്റെ അടിത്തട്ടിലേക്ക് അറിഞ്ഞോ അറിയാതെയോ തള്ളി നീക്കിയിട്ട് ചിലരൊക്കെ ആഴ്ചപ്പതിപ്പിന്റെ നാല്പത്തിമൂന്നാം പുറത്തു കയറി നിന്ന് പുളകപ്രസരം അനുഭവിക്കുന്നു. “മാധവി”ക്കു ശക്തമായ പ്രമേയമുണ്ടെന്ന് ഒരാൾ. മനോഹരം എന്ന് ആ ആൾ തന്നെ. “വൈലോപ്പിള്ളിക്കവിതകളുടെ വികാസ പരിണാമങ്ങളെപ്പറ്റി പഠിക്കുന്നവർക്ക് ഈ കവിത മുതൽക്കൂട്ടാകും” എന്നു വേറൊരാൾ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അന്ത്യവിശ്രമം കൊള്ളുന്ന റ്റെനിസൻ ഇതൊക്കെ അറിഞ്ഞാൽ അസ്വസ്ഥനായി താനേ തിരിഞ്ഞും മറിഞ്ഞും കിടക്കും, ഒരിക്കലും സ്വസ്ഥനാവുകയുമില്ല എന്നൊക്കെയാണ് എന്റെ വിചാരം. നിന്ദ്യങ്ങളായ കുടുംബരഹസ്യങ്ങൾ പരസ്യപ്പെടുത്തണമെന്ന് എനിക്കു പക്ഷമില്ല. എന്നാൽ ഫോട്ടോഗ്രാഫുകൾ വീട്ടിൽ വച്ച് ആളുകൾ ആത്മവഞ്ചന നടത്തരുതെന്ന് അഭിപ്രായമുണ്ട്. സാഹിത്യത്തിന്റെ മണ്ഡലത്തിൽ ഈ ആത്മവഞ്ചനയും ജനവഞ്ചനയും തീരെപ്പാടില്ല.

* * *

രക്തസമ്മർദ്ദമുള്ള ചിലർ ഡോക്ടറെ കാണാൻ പോവുകയേയില്ല. രക്തത്തിലും മൂത്രത്തിലും പഞ്ചാരയുണ്ടെന്ന് അറിഞ്ഞാലും പരിശോധിക്കില്ല. പരിശോധന സത്യം വെളിവാക്കുമല്ലോ, അതറിയാതെയിരിക്കുന്നതാണ് നല്ലത് എന്നാണ് അവരുടെ വാദം. ഈ വാദവും ഒരു തരത്തിലുള്ള vital lie മാത്രമാണ്. തങ്ങളറിയാതെ ഇവർ ശ്മശാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.

ഗുരുദക്ഷിണ

ചില കഥാകാരന്മാർ നൂതന ലോകങ്ങൾ സൃഷ്ടിച്ചിട്ടു മാറിനിൽക്കുന്നു. അവയുടെ പ്രാധാന്യവും അർത്ഥവും കണ്ടുപിടിക്കുന്നതു വായനക്കരുടെ ജോലിയാണ്. കാഫ്‌കയുടെ ചെറുകഥകൾ നവീനങ്ങളായ ലോകങ്ങൾ സൃഷ്ടിക്കുന്നു. അനുവാചകർ ഇപ്പോഴും അവയുടെ ആന്തരമായ അർത്ഥവിശേഷങ്ങളെക്കുറിച്ച് വാദപ്രദിവാദം നടത്തിക്കൊണ്ടിരിക്കുകയാണ്. കുളത്തിലേക്ക് എറിയുന്ന കല്ല് അനേകം തരംഗങ്ങൾ ഉളവാക്കുന്നതുപോലെ, ആ തരംഗങ്ങൾ വായുവിൽ അനന്തങ്ങളായ തരംഗങ്ങൾ സൃഷ്ടിക്കുന്നതു പോലെ കഥാകാരൻ എടുത്തിടുന്ന വാക്കാകുന്ന കല്ല് അനുഭവത്തിന്റെ തിരകളെ ഉല്പാദിപ്പിക്കുകയാണ്. ഇത്തരം സൃഷ്ടികളെയാണ് മഹനീയം എന്നു നിരൂപകർ വിശേഷിപ്പിക്കുന്നത്. ദൗർഭാഗ്യത്താൽ മലയാളത്തിൽ ഇങ്ങനെയുള്ള കഥകൾ ഇല്ല. അവ നേരിട്ടുള്ള പ്രതിപാദനം നടത്തി ചരിതാർത്ഥമാകുന്നു. ആ വിധത്തിലുളള ചെറുകഥയാണ് ശ്രീ. എൻ. രാജൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുള്ളത്. “ഗുരുദക്ഷിണ” എന്നു കഥയുടെ പേര്. പക്ഷേ ശിഷ്യൻ ഗുരുവിനു നൽകുന്ന ദക്ഷിണയല്ല ഇവിടെ കാണുക. ശിഷ്യനായിരുന്ന ആൾ പഠിപ്പിക്കുന്ന പാരലൽ കോളേജിൽനിന്ന് അയാളെ സൂത്രത്തിൽ ഗളഹസ്തം ചെയ്തിട്ട് ഗുരുനാഥൻ അവിടെ പറ്റിക്കൂടുന്ന നൃശംസതയാണ് ഇക്കഥയിലെ പ്രതിപാദ്യം. ഗുരു ശിഷ്യനു നൽകുന്ന ദക്ഷിണയായി ഈ ക്രൂരതയെ നമ്മൾ കരുതണം. ആ ഗുരു ഇതും ഇതിലപ്പുറവും ചെയ്യും എന്നു നമുക്കു തോന്നത്തക്കവിധത്തിൽ കഥാകാരൻ അയാളുടെ സ്വഭാവം ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത. ഒരധ്യാപകന്റെ സാന്മാർഗ്ഗികമായ അധഃപതനത്തെ നർമ്മബോധത്തോടെ ആവിഷ്കരിക്കുന്ന കഥയാണിത്.

ഇതൊക്കെ നിത്യജീവിതത്തിൽ സംഭവിക്കുമോ എന്നു ചോദിക്കുന്നവരുണ്ടാകാം. സംഭവിക്കും. ലീവ് വേക്കൻസിയിൽ അധ്യാപകനായി ഒരാൾ. ലീവ് വേക്കൻസി തീർന്നപ്പോൾ അയാൾ പിരിഞ്ഞുപോയി. രണ്ടാമതു ഒഴിവു വന്നപ്പോൾ അയാൾ പണ്ടു പഠിപ്പിച്ച ആൾ ആ ജോലിക്കു വേണ്ട യോഗ്യത നേടിയിരിക്കുന്നു. രണ്ടുപേരും അപേക്ഷിക്കുന്നു. ആദ്യത്തെ അധ്യാപകന്റെ ശിഷ്യന് ജോലി കിട്ടുന്നു. ആ മനുഷ്യനെ പഠിപ്പിച്ചവൻ തെരുവുതോറും അലയുന്നു.

ഇനിയുമൊരു സംഭവം. പരീക്ഷ കഴിഞ്ഞു. ശിഷ്യൻ വന്നു ഗുരുവിനെക്കണ്ടു പറയുന്നു “സാർ ഫസ്‌റ്റ് ക്‌ളാസ്സ് കിട്ടിയില്ലെങ്കിൽ എം. എ ക്‌ളാസ്സിൽ ചേരാനൊക്കുകയില്ല. സാറ് സഹായിക്കണം.” സാറിന്റെ കൈകൊണ്ട് ഇട്ട മാർക്കിന്റെ അടിസ്ഥാനത്തിൽ ശിഷ്യന് ഒന്നാംക്‌ളാസ്സ്. അയാൾ എം. എ ജയിക്കുന്നു. അധ്യാപകനായി അതേ സ്ഥാപനത്തിൽ വരുന്നു. മാർക്കിട്ട ഗുരു ലക്‌ചററായിരിക്കെ മറ്റൊരു വിഷയം പഠിപ്പിക്കുന്ന ആ ശിഷ്യൻ സെക്കൻഡ് ഗ്രേഡ് പ്രഫസറാകുന്നു. കുറെക്കഴിഞ്ഞ് ഫസ്റ്റ് ഗ്രേഡ് പ്രഫസർ. അല്പംകൂടി കഴിഞ്ഞപ്പോൾ പ്രിൻസിപ്പിൽ. പഴയ ഗുരു അപ്പോഴും ലക്‌ചറർ. ഒരു ദിവസം ആ ലക്‌ചറർ വൈകിയെത്തിയപ്പോൾ പ്രിൻസിപ്പിൽ അയാളോടു സമാധാനം ചോദിക്കുന്നു. “ഞാൻ നിങ്ങളെ പഠിപ്പിച്ച ആളല്ലേ. നിങ്ങൾ എന്നോടു സമാധാനം ചോദിക്കുന്നോ?” എന്ന് ലക്‌ചറർ “നിങ്ങളെ” എന്ന പദം ഉപയോഗിക്കാതെ അയാളോടു ചോദിക്കുന്നു. അപ്പോൾ മറുപടി. “പഠിപ്പിച്ചത് ക്‌ളാസ്സിൽ ഞാനിരുന്നപ്പോൾ. ഇപ്പോൾ ഞാൻ പ്രിൻസിപ്പിൽ.” ലക്‌ചറർ ഓഫീസ് മുറിയിൽച്ചെന്നു കടലാസ്സെടുത്ത് “Iam sorry I came late. I might kindly be excused” എന്നു എഴുതിക്കൊടുക്കുന്നു പ്രിൻസിപ്പിലിന്. അതിൽ “explanation accepted” എന്നു പ്രിൻസിപ്പിൽ എഴുതുന്നു. രണ്ടു സംഭവങ്ങളിലെയും അധ്യാപകൻ എം. കൃഷ്ണൻനായർതന്നെ.

ചോദ്യം, ഉത്തരം

Symbol question.svg.png പെൺകുട്ടി ഒറ്റയ്ക്കു വരുമ്പോൾ വിജനപ്രദേശത്തുവച്ച് ഒരു യുവാവ് അവളുടെ നേരേ വന്നാൽ അവൾ വല്ലാതെ പേടിക്കില്ലേ?

ഇല്ല. എതിരേ വരുന്നതു തന്നെക്കാൾ സുന്ദരിയായ പെൺകുട്ടിയാണെങ്കിൽ അവൾ പേടിക്കും. വല്ലാതെ പേടിക്കും.

Symbol question.svg.png കഷണ്ടിക്കുള്ള സൗകര്യങ്ങൾ എന്തെല്ലാം?

മുഴുക്കഷണ്ടിയാണെങ്കിൽ ചീപ്പ് വേണ്ട. കുളികഴിഞ്ഞാൽ തല തോർത്തൻ എളുപ്പമുണ്ട്. ബ്രിൽ ക്രീം വേണ്ട. പിന്നെ പെണ്ണുങ്ങൾ സ്നേഹിക്കും. അന്നാ കരേനിന എന്ന അതിസുന്ദരി സുന്ദരനായ ഭർത്താവിനെ ഉപേക്ഷിച്ച് കഷണ്ടിക്കാരനായ വ്രോൺസ്കിയെ സ്നേഹിച്ചു. അർദ്ധകഷണ്ടിക്കാരനായ ഭരത് ഗോപിക്കുള്ള ആരാധികകൾ തലനിറയെ മുടിയുള്ള മറ്റഭിനേതാക്കൾക്ക് ഉണ്ടോ?

Symbol question.svg.png നല്ല ഭാര്യയെ എങ്ങനെ മനസ്സിലാക്കാം.

ഭർത്താവ് അവളുടെ സാരി നനച്ചുപിഴിഞ്ഞ് ഉണങ്ങാൻ വിരിക്കുമ്പോൾ അതു കാറ്റിൽ പറന്നുപോകാതെ ക്‌ളിപ്പ് ഇടുന്നവൾ നല്ല ഭാര്യ. അയാൾ കരിത്തോർത്തുടുത്തുകൊണ്ട് അരി വാർക്കുമ്പോൾ ‘താഴെ എല്ലാംകൂടെ വന്നുവീഴരുത്’ എന്നു നിർദ്‌ദേശിക്കുന്നവൾ നല്ല ഭാര്യ. ഭർത്താവും ഭാര്യയും രണ്ടാഫീസുകളിൽ ജോലിയായിരിക്കുമ്പോൾ,അവർക്കു കാറുണ്ടാണ്ടായിരിക്കുമ്പോൾ അവൾ കാറിൽ ഓഫീസിൽ പോകുകയും അയാൾ നടന്നുപോകുകയും ചെയ്താൽ അവൾ നല്ല ഭാര്യ.

Symbol question.svg.png നല്ല ഭർത്താവിനെ എങ്ങനെ മനസ്സിലാക്കാം.

ഭാര്യയും ഭർത്താവും രണ്ട് ഓഫീസുകളിൽ ജോലിയായിരിക്കുമ്പോൾ, കാണാൻ കൊള്ളാവുന്ന വേലക്കാരി വീട്ടിലിരിക്കെ കൂടെക്കൂടെ തലവേദന വന്നു വീട്ടിൽ ഉച്ചയ്ക്കു ശേഷം എത്തുന്ന മനുഷ്യൻ നല്ല ഭർത്താവ്. വളരെ നല്ല ഭർത്താവ്.

Symbol question.svg.png നിങ്ങൾ ആജാനുബാഹുവാണോ?

കാലിന്റെ മുട്ടുവരെ എത്തുന്ന കൈയോടു കൂടിയവൻ ആജാനുബാഹു. ഞാൻ സാഹിത്യ സൃഷ്ടികളെ സമീപിക്കുമ്പോൾ സത്യത്തെ വലിച്ചുനീട്ടാറില്ല. അങ്ങനെ നീട്ടുന്നവർ ആജാനുബാഹുക്കളായിരിക്കും. നവീനനിരൂപകരുടെ കൈകൾ അളന്നുനോക്കൂ.

Symbol question.svg.png ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമേത്?

ദൗർഭാഗ്യമെന്നു പറയൂ. വിവാഹിതനായ മകന്റെ വീട്ടിലോ വിവാഹിതയായ മകളുടെ വീട്ടിലോ പെൻഷൻപറ്റിയതിനുശേഷം ജീവിക്കുക എന്നത്. അങ്ങനെ ജീവിക്കുന്നവനു നേഴ്‌സറി സ്കൂളിലേക്കുള്ള ദൂരം, റേഷനരി വിൽക്കുന്ന കടയിലേക്കുള്ള ദൂരം, പഞ്ചാര വിൽക്കുന കടയിലേക്കുള്ള ദൂരം ഇവ ദിവസം തോറും കൂടിക്കൂടി വരും.

Symbol question.svg.png നിങ്ങൾ നൂറിന് നൂറും സത്യസന്ധനാണോ?

അല്ലേയല്ല. കോളേജിൽ ജോലിയായിരിക്കുമ്പോൾ ഞാൻ എത്ര കുട്ടികൾക്കാണ് conduct certificate എഴുതിക്കൊടുത്തിട്ടുള്ളത്.


സാഹിത്യചിന്ത

ഈ ശതാബ്ദത്തിലെ മഹനീയങ്ങളായ നാടകങ്ങളിൽ ഒന്നായിട്ടാണ് മില്ലറുടെ “സെയിൽസ്‌മാന്റെ മരണം” എന്നത് പരിഗണിക്കപ്പെടുന്നത്. ഞാനത് വായിച്ചിട്ട് വർഷങ്ങൾ ഏറെക്കഴിഞ്ഞിരിക്കുന്നു. വായിച്ച നാളിൽ അതത്ര കേമമാണെന്ന് എനിക്ക് തോന്നിയില്ല. ഐഡൻഡിറ്റി — അനന്യത — തകർന്നു തകർന്ന് ഒടുവിൽ ഇൻഷ്വറൻസ് പണം മകനു കിട്ടട്ടെ എന്ന് തീരുമാനിച്ച് ആത്മഹത്യ ചെയ്ത ഒരു വില്ലി ലോമനെക്കുറിച്ചാണ് ആ നാടകമെന്ന് ഓർമ്മ എന്നോടു പറയുന്നു. ഒരുത്തന്റെ തകർച്ചയെ മില്ലർ സ്ഥൂലീകരിച്ച് പ്രതിപാദിച്ചു എന്നതാണ് നാടകത്തിന്റെ ദോഷമായി എനിക്ക് തോന്നിയത്. സ്ഥൂലീകരണം വരുമ്പോൾ സത്യം അസത്യമാകും. ഈ ദോഷം തന്നെയാണ് ഏതൽ ഫ്യൂഗാഡ് 1990 - ൽ പ്രസിദ്ധപ്പെടുത്തിയ My Children! My Africa! എന്ന നാടകത്തിനുമുള്ളത്. മിസ്റ്റർ എം ഒരു സ്കൂളിന്റെ ഹെഡ്‌മാസ്റ്ററാണ്. അദ്ദേഹം ഒരു വെള്ളക്കാരി പെൺകുട്ടി ഇസബെല്ലിനേയും കറുത്ത വർഗ്ഗക്കാരൻ തമിയെയും ഡിബേറ്റിൽ പങ്കെടുപ്പിക്കുന്നു. രണ്ടുപേരുടേയും സാമർത്ഥ്യത്തിൽ സന്തോഷം തോന്നിയ എം അവരെ ക്വിസ് പരിപാടിയിൽ ഉൾപ്പെടുത്തുന്നു. മൂന്നുപേരും അന്യോന്യം മനസ്സുകൊണ്ടടുക്കുമ്പോൾ എമ്മിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നു. വിജ്ഞാനമാർജ്ജിക്കലിനും സത്യപ്രസ്താവത്തിനും പരമപ്രാധാന്യം കൽപ്പിക്കുന്ന എം പോലീസിന് വിപ്ലവകാരികളായ വിദ്യാർത്ഥികളെ ഒറ്റിക്കൊടുത്തു എന്നതാണ് ആരോപണം. പോലിസിനെ എം കണ്ടത് സത്യമാണെങ്കിലും അദ്ദേഹം ഒറ്റിക്കൊടുക്കൽകാരനല്ല; ധർമ്മചിന്തയുടെ ശാശ്വത പ്രതീകമാണ്. അദ്ദേഹത്തിന്റെ ആ ഐഡൻഡിറ്റിയെ നശിപ്പിക്കാൻ തമിയും മറ്റുള്ളവരും ശ്രമിച്ചിട്ടും ഫലമുണ്ടാകുന്നില്ല. രക്ഷപ്പെടാൻ മാർഗ്ഗമുണ്ടായിരുന്നിട്ടും അതു പ്രയോജനപ്പെടുത്താതെ സോക്രട്ടീസിനെപ്പോലെ അദ്ദേഹം വധകർത്താക്കൾക്കായി ഇരുന്നു കൊടുക്കുന്നു. ഈ കഥാപാത്രം ബൃഹദാകാരമാർന്നുപോയതു കൊണ്ട് അസത്യാത്മകമായി പരിണമിക്കുന്നു. ഏതൽ ഫ്യൂഗാഡിന്റെ രാഷ്ട്രവ്യവഹാര സിദ്ധാന്തത്തിന് യോജിച്ച വിധത്തിൽ അദ്ദേഹം നാടകത്തിലൂടെ ഒരു കൊലപാതകം നടത്തുകയാണ്. “The Road to Mecca” എന്ന അതിസുന്ദരമായ നാടകം രചിച്ച ഫ്യൂഗാഡാണ് ഇതും എഴുതിയതെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുകയില്ല. “കല്ലുകളും പെട്രോൾ ബോംബുകളും പോലീസിന്റെ സായുധവാഹനങ്ങൾക്കകത്തു ചെല്ലുകില്ല. വാക്കുകൾക്ക് അതിനു കഴിയും” എന്ന് ഏം വിദ്യാർത്ഥിയായ തമിയോട് പറയുന്നു. പക്ഷേ ആ വാക്കുകൾ — സുശക്തങ്ങളായ വാക്കുകൾ — ഏതൽ ഫ്യൂഗാഡിന്റെ കൈയിൽ അശക്തങ്ങളായിത്തീരുന്നു.

2. വാക്കുകൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ നമ്മുടെ കവികൾക്കുള്ള പ്രാഗൽഭ്യം സുവിദിതമാണ്. അതുകൊണ്ട് വെണ്മണി, വള്ളത്തോൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇവരുടെ ശ്ലോകങ്ങൾ ഉദ്ധരിക്കേണ്ടതില്ല. അടുത്ത കാലത്ത് ഞാൻ ഡബ്ലു. എച്ച്. ഓഡന്റെ “The Age of Anxiety — A. Baroque Eclogue” വായിച്ചു. നാടകത്തിന്റെ രൂപത്തിൽ എഴുതിയ ആ കാവ്യത്തിൽ പദങ്ങൾ കൊണ്ടുള്ള മനോഹരമായ ഒരു ചിത്രമുണ്ട്.

Peasant wives are pounding
Linen on stones by a stream
And a doctor’s silk hat dances
On top of a hedge as he hurries
Along a sunken lane

(Page 304, Collected Longer Poems —Faber)


കഥകൾ

മഹനീയമായ പ്രേമം തീർച്ചയായുമുണ്ട് എന്നൊരു വിചാരം പണ്ട് എനിക്കുണ്ടായിരുന്നു. അതില്ലെങ്കിൽ ഷേക്സ്പിയർ “റോമിയോ ആൻഡ് ജൂലിയറ്റ്” എഴുതിയത് എങ്ങനെ എന്നായിരുന്നു ഞാൻ എന്നോടു തന്നെ ചോദിച്ചത്. നമുക്ക് ഒരിക്കലും കാണാൻ കഴിയാത്തതിനെയാണ് കവികൾ കാണിച്ച് തരുക. തന്റെ നാടകത്തിലൂടെ ഷേക്സ്പിയർ മഹത്വമാർന്ന പ്രേമത്തെ ചിത്രീകരിച്ചു. അതുകൊണ്ട് സംശയരഹിതമായി പറയാം, മഹനീയമായ പ്രേമമുണ്ട്. പക്ഷേ ഇന്ന് എനിക്ക് ആ വിചാരമില്ല

ഓഡന്റെ നാടകീയ രൂപമാർന്ന കാവ്യത്തിൽ ഏകാന്തതയുടെ ദുഃഖമനുഭവിച്ച് ആദ്ധ്യാത്മിക സത്യം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ചില കഥാപാത്രങ്ങളെ കാണാം. സ്നേഹം സാക്ഷാത്കരിക്കാൻ കഴിയാത്തതാണ് ഒരു യുവാവിന്റെ ദുഃഖം. അയാൾ പറയുന്നു:

My mortal body
Has sinned on sofas; assigning to each
Points of pleasure, I have pencilled on envelopes
Lists of my loves

(Page 321)


ശ്രീ. ഇ. വി. ശ്രീധരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ശരണം നാരായണീയം” എന്ന ചെറുകഥയിൽ സ്നേഹിക്കാൻ കഴിയാത്ത ഒരാളെ കാണാം. ഐസ്ക്രീം വാങ്ങിക്കൊടുത്ത ലക്ഷ്മിക്കുട്ടിയെ, അതു കഴിക്കാതെ അയാൾ നിരാകരിക്കുന്നു. ബന്ധുക്കളെ അയാൾക്ക് സ്നേഹിക്കാനാവുന്നില്ല. തന്നോട് നിഷ്കളങ്കമായ സ്നേഹമുള്ള ഒരു കൊച്ചു കുട്ടിയെപ്പോലും അയാൾ സ്നേഹമില്ലായ്മ കൊണ്ട് വേദനിപ്പിക്കുന്നു. ഒടുവിൽ ആദ്ധ്യാത്മികത്വത്തിൽ വിലയം കൊള്ളാൻ പോവുകയാണ് അയാൾ. അവിടെയും അയാൾ പരാജയപ്പെടുകയേയുള്ളൂ. കാരണം അത്രകണ്ട് അയാളുടെ മനസ്സ് ശൂന്യമാണ് എന്നതു തന്നെ. സമകാലിക മനുഷ്യന്റെ ആന്തര ശൂന്യതയെ ഒരു കഥാപാത്രത്തിലൂടെ ചിത്രീകരിക്കുകയാണ് ഇ. വി. ശ്രീധരൻ.

മഹനീയമായ പ്രേമം തീർച്ചയായുമുണ്ട് എന്നൊരു വിചാരം പണ്ട് എനിക്കുണ്ടായിരുന്നു. അതില്ലെങ്കിൽ ഷേക്സ്പിയർ “റോമിയോ ആൻഡ് ജൂലിയറ്റ്” എഴുതിയത് എങ്ങനെ എന്നായിരുന്നു ഞാൻ എന്നോടു തന്നെ ചോദിച്ചത്. നമുക്ക് ഒരിക്കലും കാണാൻ കഴിയാത്തതിനെയാണ് കവികൾ കാണിച്ച് തരുക. തന്റെ നാടകത്തിലൂടെ ഷേക്സ്പിയർ മഹത്വമാർന്ന പ്രേമത്തെ ചിത്രീകരിച്ചു. അതുകൊണ്ട് സംശയരഹിതമായി പറയാം, മഹനീയമായ പ്രേമമുണ്ട്. പക്ഷേ ഇന്ന് എനിക്ക് ആ വിചാരമില്ല. “പൂവുപോലുള്ളൊരോമനക്കൗതുകം” മാത്രമാണ്-അതെന്നും അതു യൗവനകാലത്തേ ഉണ്ടാവുകയുള്ളൂവെന്നും ഞാൻ കരുതുന്നു. ദാമ്പത്യജീവിതത്തിലെ ആ കൗതുകം വിവാഹം കഴിഞ്ഞ് പതിനഞ്ചുദിവസത്തിനുശേഷം കെട്ടടങ്ങുന്നു. പിന്നെ അനുരഞ്ജനംകൊണ്ടേ ആ ജീവിതം നിലനിറുത്തിക്കൊണ്ടുപോകാൻ സാധിക്കൂ. അനുരഞ്ജനം സാദ്ധ്യമാകണമെങ്കിൽ ജീവിതത്തിന്റെ മാധുര്യംകലർന്ന ഭാഗങ്ങളും കയ്‌പുചേർന്ന ഭാഗങ്ങളും ഒരേമട്ടിൽ സ്വീകരിക്കണം. ഒരു സ്ത്രീ ജീവിതവൈഷമ്യങ്ങൾ പരിഹരിക്കാൻ വേണ്ടി ഒരു മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തി. അവൾ കെയ്‌ക്ക് തിന്നുമോ എന്നു അയാളുടെ ചോദ്യം. തിന്നുമെന്നു മറുപടി കിട്ടിയപ്പോൾ കെയ്‌ക്കിന്റെ ഫ്രോസ്‌റ്റിങ്ങാണോ (പഞ്ചാരയും മുട്ടയും ചേർത്ത് മുകളിൽ ‌വച്ച ഭാഗം) അതിന്റെ താഴത്തെ ഭാഗമാണോ ആദ്യം കഴിക്കുന്നത് എന്ന് അയാൾ ചോദിച്ചു. ഫ്രോസ്റ്റിങ് കഴിച്ചിട്ടേ മറ്റേഭാഗത്തു പല്ലമർത്തൂ എന്ന് അവർ മറുപടി നല്കി. ചിലർ അങ്ങനെയാണ്. വേറെ ചിലർ അത്രകണ്ടു രുചികരമല്ലാത്ത താഴത്തെ ഭാഗം ആദ്യം കഴിച്ചിട്ട് മാധുര്യമേറിയ മുകൾഭാഗത്തേയ്ക്കു വരും. മറ്റു ചിലർ രണ്ടും ഒരേസമയം കടിച്ചു ഉള്ളിലാക്കും. ഫോസ്റ്റിങ് ആദ്യം കഴിക്കുന്നവർ ജീവിതത്തിന്റെ സുഖപ്രദമായ അംശം മാത്രം സ്വീകരിക്കുന്നവർ. താഴത്തെ ഭാഗം ആദ്യം കഴിക്കുന്നവർ സുഖപ്രദമായതിനെ പിന്നീട് അനുഭവിച്ച് സുഖാനുഭൂതി കൂട്ടാം എന്നു വിചാരിക്കുന്നവർ. രണ്ടും ഒരുമിച്ചു കഴിക്കുന്നവർ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേരീതിയിൽ സ്വീകരിക്കുന്നവർ. നമ്മളിൽ പലർക്കും ഇതിനു കഴിയില്ല. ഫ്രോസ്‌റ്റിങ് മാത്രം മതി എന്നു കരുതുന്നവരാണ് ഇക്കൂട്ടർ.

ശ്രീ. സതീഷ്ബാബു പയ്യന്നൂർ കലാകൗമുദിയിൽ എഴുതിയ “ഭാമാമുകുന്ദൻ കഥ വായിക്കുന്നു” എന്ന ചെറുകഥയിൽ ആദ്യമൊക്കെ ഫ്രോസ്‌റ്റിങ്തിന്നു ശീലിച്ച സ്ത്രീ ഒടുവിൽ ഭേദചിന്തകൂടാതെ കെയ്‌ക്കാകെ ഭക്ഷിക്കുന്നതിന്റെ ചിത്രം കാണാം. വേരൊരുതരത്തിൽ പ്രയാം. ദാമ്പത്യജീവിതത്തിന്റെ പ്രാരംഭകാലത്തു ഭർത്താവുമായി അനുരഞ്ജനം തേടാത്തവൾ പില്‌ക്കാലത്ത് അതു തേടുന്നു. ജീവിതത്തിൽ വിജയം പ്രാപിക്കുന്നു. ജീവിതസ്‌പന്‌ദത്തെക്കാൾ ടെക്നിക്കിനാണ് ഇക്കഥയിൽ പ്രാധാന്യം.(കെയ്‌ക്കിന്റെ കഥ ഞാനേതോ ഇംഗ്ലീഷ് പുസ്തകത്തിൽ കണ്ടതാണ്.)

ഒക്‌താവ്യോ പാസ്

1990-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഒക്താവ്യോ പാസ്സിന്റെ കാവ്യങ്ങൾ (1957 തൊട്ട് 1987 വരെയുള്ളത്) ലണ്ടനിലെ paladin Grafton Books പ്രസാധനം ചെയ്തിരിക്കുന്നു. വിഖ്യാതമായ“Sunstone” തൊട്ട് ഏറ്റവും പുതിയ കാവ്യമായ “A Tree Within” എന്നതുവരെ 669 പുറങ്ങളുള്ള ഈ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു. (വില £ 9=99. Spl.£ 4=95) പെൻഗ്വിൻ ബുക്ക്സ് 1979-ൽ പ്രസാധനം ചെയ്ത “Selected Poems’’ ഈ ഗ്രന്ഥത്തിന്റെ മുൻപിൽ നിഷ്പ്രഭമായിപ്പോകുന്നു.

ജീവിതം ഭ്രമജനകസ്ഥാനമാണെന്നും (labyrinth) അതിൽനിന്നു രക്ഷനേടാൻ അന്യനി,തന്നെ സാക്ഷാത്കരിക്കണമെന്നും വിശ്വസിക്കുന്ന കവിയാണ് പാസ്. അന്യൻ നരകമാണെന്ന സാർതിന്റെ വിശ്വാസം അദ്ദേഹത്തിനില്ല. അധ്യാത്മിക വിശുദ്ധി, സ്നേഹം, കവിത ഈ മൂന്നിലൂടെയുമാണ് അന്യനിൽ സാക്ഷാത്കാരം നേടി മനുഷ്യൻ സമ്പൂർണ്ണനാകുക. ഈ ചിന്താഗതിയുടെ കലാത്മകങ്ങളായ ആവിഷ്കാരങ്ങളാണ് പാസ്സിന്റെ കാവ്യങ്ങളെന്നു സാമാന്യപ്രസ്താവം നടത്താവുന്നതാണ്. പക്ഷേ ആസ്വാദനത്തിനു വഴങ്ങിത്തരുന്നവയല്ല അദ്ദേഹത്തിന്റെ കാവ്യങ്ങൾ. ഇമേജറിയ സ്വന്തം നാട്ടിന്റെ ചരിത്രത്തോടു ബന്ധപ്പെടുത്തി സറീയലിസത്തിന്റെ ടെക്നിക്കിലൂടെ സ്‌ഫുടീകരിക്കുന്ന കാവ്യങ്ങൾ ആവർത്തിച്ചുള്ള പാരായണത്തിനുശേഷവും അനഭിഗമ്യങ്ങളായി വർത്തിക്കുന്നു. വിരളമായി അത് സ്‌പഷ്ടതയോടെ വിരാജിക്കുന്നുമുണ്ട്.

നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയുടെ ഉദാത്ത സൗന്ദര്യം ആസ്വദിക്കുന്ന കവി കള്ളിച്ചെടികളും മുള്ളുകളും പാറക്കെട്ടുകളുമുള്ള ലോകത്തു നില്‌ക്കുകയാണെന്നു പെട്ടെന്ന് മനസ്സിലാക്കുന്നു:

Tell me, drouth, tell me, burnt earth,
earth of ground nones, tell me agonized moon:
is there no water
is there only blood, only dust, only
naked footsteps on the thorns.

തുടർന്നു വരുന്ന എല്ലാ വരികളും ഇതുപോലെ സുശക്തങ്ങളാണ്. നമ്മുടെ ലോകത്തിന്റെ ഗർഹണീതയെ വ്യഞ്ജിപ്പിക്കുന്നതാണ്. (ഐക്കവിത പെൻഗ്വിൻ പ്രസാധനത്തിൽനിന്ന്) സമ്പൂർണ്ണമായ ആസ്വാദനമുണ്ടായാലും ഇല്ലെങ്കിലും ഈ Paladin പ്രസാധനം കവിതയിൽ താൽപര്യമുള്ളവരുടെ കൈയിൽ ഉണ്ടായിരിക്കേണ്ടതാണ്.

ശ്രീരേഖ

ജന്‌മനാ കവിയാണ് ശ്രീ. ശ്രീരേഖ. അദ്ദേഹം അർഹിക്കുന്ന രീതിയിൽ കീർത്തി കിട്ടിയില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇന്നു മഹായശ്ശസ്സ് ആർജ്ജിച്ച് വിരാജിക്കുന്ന പല കവികൾക്കുള്ളതിനെക്കാൾ കാവ്യശക്തി അദ്ദേഹത്തിനുണ്ട്. ദേശാഭിമാനി വാരികയിൽ അദ്ദേഹം എഴുതിയ “ഗുഹൻ” എന്ന കാവ്യം ഏകാന്തത്തിലിരുന്നു പ്രിയപ്പെട്ട വായനക്കാർ ഉറക്കെ വായിച്ചുനോക്കുക. കാവ്യത്തിന്റെ ലയത്തിൽ അവർ ആമജ്‌ജനം ചെയ്ത് അസുലഭാനുഭൂതിക്കു വിധേയരാകും. ആ ലയം സത്യത്തിന്റെ തേജോമയമായ മണ്ഡലത്തിൽ അവരെ കൊണ്ടുചെല്ലും.

വാല്‌മീകിരാമായണത്തിലും അധ്യാത്മരാമായണത്തിലും പ്രതിപാദിക്കപ്പെട്ട ഒരു വിഷയത്തെ അവലംബിച്ചു കാവ്യം രചിക്കുന്ന ശ്രീരേഖ അതിനെ സമകാലികമായ സംഭവങ്ങളോടു കൂട്ടിയിണക്കി അനുവാചകരെ ചിന്തയുടെ തീരത്തിലേക്കു നയിക്കുന്നു. അവിടെ കുറച്ചുനേരം നിന്നിട്ട് കാവ്യത്തിന്റെ ലയത്തിലൂടെ വികാരസമുദ്രത്തിലേക്കു അവർ ഒഴുകിപ്പോകുന്നു. ഒഴുകിപ്പോകുന്ന സഹൃദയൻ കയങ്ങളിൽ ആണ്ടുപോകുന്നില്ല. ആ തരംഗപരമ്പരകളിലൂടെ വീണ്ടും ചിന്തയുടെ തീരത്ത് എത്തുന്നു. അവിരാമമായ സഞ്ചാരം. ശ്രീരേഖയുടെ ആശയവിശേഷത്തോടു യോജിക്കാത്തവർപോലും ഇക്കാവ്യം ആർജ്ജവമാർന്നതാണെന്നും അതുകൊണ്ടുതന്നെ കലാപരമായ ദൃഢപ്രത്യയം ഉളവാക്കുന്നതാണെന്നും സമ്മതിക്കും.

ത്രേതായുഗത്തിൻ നിലവറയിൽപ്പെട്ടു
കാണാതെ മൂടിക്കിടന്നൊരിത്താളുകൾ
തട്ടിക്കുടഞ്ഞു മഷിയിട്ടയോദ്ധ്യയിലെത്തിക്ക
കണ്ണുള്ളവർക്കു വായിക്കുവാൻ.

കണ്ണുള്ളവർ ശ്രീരാമൻ ആയിരുന്നെന്നു ഗ്രഹിക്കും. കണ്ണുള്ളവർ ശ്രീരേഖയുടെ കാവ്യം വായിച്ച് കവി അർഹിക്കുന്ന രീതിയിൽ അദ്ദേഹത്തെ മാനിക്കും.

നിർവ്വചനങ്ങൾ

(ബുദ്ധിമാനായ ശ്രീ. എം. പി. നാരായണപിള്ള ഒരിക്കൽ ദയാപൂർവ്വം എന്റെ വീട്ടിൽ വന്നു. പലതും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു സാഹിത്യവാരഫലത്തിൽ പതിവായി നിർവ്വചനങ്ങൾ വേണമെന്ന്. അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചു ചിലതു കുറിക്കട്ടെ.)

വയറുപിഴപ്പ്
കൃതി നന്നായില്ലെന്നു നിരൂപണത്തിൽ പ്രവർത്തിക്കുന്നവൻ പറഞ്ഞാൽ ഉടനെ അയാളുടെ രചനയ്ക്കു ഗ്രന്ഥകാരൻ നൽകുന്ന വിശേഷണം.
കഴുത്ത്
നിരൂപകനു കവിയെ ശ്വാസം മുട്ടിക്കാനും കവിക്കു നിരൂപകനെ ശ്വാസം മുട്ടിക്കാനും വേണ്ടി ഞെക്കിപ്പിടിക്കാനുള്ള ഒരവയവം.
കൊലപാതകം
പഞ്ചാബിലെ നിത്യസംഭവങ്ങളെ അവലംബിച്ചുനോക്കുമ്പോൾ നിയമാനുസാരിയായി പ്രഖ്യാപിക്കപ്പെടാവുന്ന ഒരു നിസ്സാരപ്രവർത്തനം.
സിറ്റി ട്രാൻസ്പോർട്ട് ബസ്സ്
കാലത്ത് എട്ടുമണിതൊട്ട് കാലത്തു പതിനൊന്നു മണിവരെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഏതു കൊലപാതകിക്കും നിർഭയം തൂണുപോലെ നിൽക്കാൻ സൗകര്യം നൽകുന്ന ഒരു സ്ഥലം. (ആൾക്കൂട്ടം അയാളെ ആച്ഛാദനം ചെയ്തുകൊള്ളുമെന്ന് അർത്ഥം.)
അടപ്പായസം
നിശബ്ദമായ വിവാഹസദ്യപ്പന്തലിനെ പെട്ടെന്നു വൾഗറായ ശബ്ദത്തിലേക്കു കൊണ്ടുചെല്ലുന്ന ഒരു സാധനം.
സാരി
അനാകർഷകമായ മുതുകുള്ളവർക്ക് അതു പുതച്ചു മറയ്ക്കുവാൻ ഉപകരിക്കുന്ന ഒരു തുണിക്കഷണം.
ബ്രീഫ് കെയ്സ്
എല്ലാ പ്പി എച്ച് ഡിക്കാർക്കും കൊണ്ടുനടക്കാനുള്ള ഒരുപകരണം.
സിഗ്ററ്റ്
കാൻസർ സ്റ്റിക് (സ്വന്തമല്ല ഈ നിർവ്വചനം.)
വാഗ്മി
ചിന്താദാരിദ്ര്യത്തെ അനർഗ്ഗളവാക്യപ്രവാഹം കൊണ്ടു മൂടിവയ്ക്കുന്നവൻ.
കവിത
ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയത്.

സർഗ്ഗാത്മകത്വം

മുൻപ് ബന്ധമില്ലാതിരുന്ന അനുഭവത്തിന്റെ മാനങ്ങളെ ബന്ധപ്പെടുത്തുകയും മനുഷ്യനെ മാനസികപരിണാമത്തിന്റെ ഉന്നതതലത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് സർഗ്ഗാത്മക പ്രവർത്തനമെന്നു കൊയ്റ്റ്സ്‌ളർ “The Act of Creation” എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. ഇനി എഴുതുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമല്ല. ഒരനുഭവത്തെ കൂടുതൽ സമ്പന്നമാക്കാൻ വേണ്ടി സത്യത്തെ അതിന്റെ അഗാധതയിൽ ചിത്രീകരിക്കുന്നതും സർഗ്ഗപ്രവർത്തനമാണ്.

“ഒന്നു നടുങ്ങി ഞാൻ; ആ നടുക്കംതന്നെ
മിന്നു മുഡുക്കളിൽ ദൃശ്യമാണിപ്പൊഴും”

എന്നു വായിക്കുമ്പോൾ സത്യത്തെ അതിന്റെ ആഴത്തിൽ നമ്മൾ കാണുന്നു.