സാഹിത്യവാരഫലം 1985 03 31
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 03 31 |
ലക്കം | 498 |
മുൻലക്കം | 1985 03 24 |
പിൻലക്കം | 1985 04 07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഒരു കൊച്ചുപലകക്കഷണത്തില് ആ ചെറുപ്പക്കാരിയുടെ തലമുടി ചേര്‍ത്തുവച്ചു് ഒരാണി അതിലമര്‍ത്തി ചുറ്റികകൊണ്ട് ആഞ്ഞടിച്ചു് ആ മന്ത്രവാദി ചോദിക്കുകയാണു്: “നീയാരാണു്? നീ ഒഴിയുമോ?” മറുപടി: “ഞാന്‍ അങ്ങേവീട്ടിലെ സാവിത്രി. ഗര്‍ഭിണിയായിരിക്കെ മരിച്ചവള്‍. ഞാന്‍ ഈ കമലമ്മയെയും കൊണ്ടേ പോകൂ.” അതു കേട്ടു മന്ത്രവാദി ഓം ഹ്രീം എന്നു മന്ത്രം ഉച്ചരിച്ചു് പൂര്‍വാധികം ശക്തിയോടെ ആണി തറച്ചു കയറ്റി. “നീ ഒഴിയുമോ?” എന്ന ചോദ്യവും മറ്റു മാര്‍ഗ്ഗമില്ലെന്നു കണ്ടപ്പോള്‍ കമലമ്മ അറിയിച്ചു: “ഒഴിയാം ഒഴിയാമേ.” മന്ത്രവാദി പല്ലു ഞെരിച്ചു. പുരികം വളച്ചു. “പോ, പോ” എന്നു് ആക്രോശിച്ചു. ആ ബാധ കഴിഞ്ഞോ ഇല്ലയോ എന്നതു നമ്മള് ആലോചിക്കേണ്ടതില്ല. അടുത്ത വീട്ടിലെ മരിച്ച സാവിത്രിയുണ്ടല്ലോ. അവളുടെ ശബ്ദം കമലമ്മയുടെ ശബ്ദമായിരുന്നില്ല. സാവിത്രിയുടേതുമായിരുന്നില്ല. സാവിത്രിയുടെ ശബ്ദം ഞാന്‍ കേട്ടിട്ടുണ്ടു്. കമലമ്മ എന്റെ ബന്ധുമാവയതുകൊണ്ടു് അവളുടെ ശബ്ദം എനിക്കു പരിചിതമാണു് എന്നു് ഞാനെന്തിനു് വായനക്കാരോടു പറയണം?…
ഞാന്‍ ശംഖുംമുഖം കടപ്പുറത്തിരിക്കുകയാണു്. വിദൂരചക്രവാളത്തിലും നീലക്കടലിലും തരുണികളുടെ കവിള്‍ത്തടത്തിലും റോസാപ്പൂക്കള്‍. അപ്പോഴുണ്ട് ഹിപ്പി യുവാക്കന്മാരും ഹിപ്പി യുവതികളും കടലിനടുത്തേക്കു ദൂരെയുള്ള റോഡില്‍ നിന്നു നടന്നുവരുന്നു. അവര്‍ ആ അന്തരീക്ഷവുമായി യോജിക്കുന്നില്ല. കടപ്പുറത്തെ വെണ്മണലില് അവര്‍ വന്നിരുന്നു. എന്നിട്ടും ആ പഞ്ചാരമണല്‍ അവരെ അംഗീകരിക്കുന്നില്ല…
അതാ നോക്കു. യാനപാത്രങ്ങള്‍ — വഞ്ചികളല്ല, കപ്പലുകള്‍ — തീരം തേടി വരുന്നുണ്ടു്. ഈ ശതാബ്ദത്തിന്റേതാണോ അവ? അല്ല. പതിനെട്ടാം ശതാബ്ദത്തില്‍ യാത്ര ആരംഭിച്ചു് ഇരുപതാം ശതാബ്ദത്തിന്റെ അന്ത്യമായപ്പോഴേക്കും ശംഖുംമുഖത്തിനു് തൊട്ടപ്പുറത്തുള്ള കടല്പാലത്തിലേക്കു അടുക്കുകയാണു് അവ. സാവിത്രിയുടെ ശബ്ദം അപരിചിതം: ഹിപ്പികളുടെ സാന്നിദ്ധ്യം അപരിചിതം; യാനപാത്രങ്ങള്‍ അപരിചിതം. നവീനസാഹിത്യവും ഇതുപോലെയാണു്. അതില്‍ സായാഹ്നരാഗമില്ല. നീലജലത്തിന്റെ ഉപരിതലത്തില്‍ വീണ അരുണിമയില്ല. സുന്ദരികളുടെ കവിള്‍തടത്തിലെ റോസാപ്പൂക്കളില്ല. തികച്ചും വൈദേശികം.
Contents
ഐസ്ക്രീം—ചെറി
ഭക്ഷണശാലയില്‍ ചെന്നിട്ടു് ‘ഐസ്ക്രീം’ കൊണ്ടു വരൂ എന്നു പറഞ്ഞാല്‍ അര മണിക്കൂര്‍ കഴിഞ്ഞു് വെള്ളസൂട്ടും കിന്നരിത്തൊപ്പിയും വച്ച ഒരു പാവം അതു നമ്മുടെ മുന്പില് കൊണ്ടുവയ്ക്കും. ഐസ്ക്രീം എന്ന വെള്ളക്കൂമ്പാരത്തില് ഒരു ‘ചെറി’കൂടി വച്ചിരിക്കും. ആ ചുവന്ന പഴത്തിനു് ഭംഗിയുണ്ടെങ്കിലും ഐസ്ക്രീമിനോടു ബന്ധമില്ലെന്ന ഒരു തോന്നല്‍ നമുക്കു്. എന്‍.പി. രാജശേഖരന്റെ ‘ഉരുളാംപാറ’ എന്ന ചെറുകഥയിലെ സിംബല്‍ — ഉരുളാംപാറ എന്ന പ്രതീകം — കഥയുടെ ഐസ്ക്രീമില് വച്ച ചെറി എന്ന പഴമാണു് (കുങ്കുമം വാരിക). ചേര്‍ച്ചയില്ല. എങ്കിലും വേണമെങ്കില്‍ സ്പൂണില്‍ കോരിയെടുത്തു വായ്ക്കകത്തേക്കു് ഇടാം. ചവയ്ക്കാം. കുരു തുപ്പിക്കളയുകയും ചെയ്യാം. ഗ്രാമത്തിലെ ഉരുളാംപാറ കൊള്ളരുതാത്തവരെ കൊന്നു കളയും. കുറെപ്പേര് പാറയ്ക്ക് എതിരായി ഹര്‍ജി കൊടുത്തപ്പോള്‍ രാത്രി അതു ഉയരത്തില്‍ നിന്നു താഴോട്ടു വീണു് ടേണ്‍ ചെയ്യേണ്ടിടത്തു ടേണ്‍ ചെയ്തു് പെറ്റിഷനേഴ്സിനെ മാത്രം കൊന്നിട്ടു് സ്വന്തം സ്ഥാനത്തു് കയറിയിരുന്നു. അങ്ങനെയിരിക്കെ ശരീരശക്തിയാര്ന്ന ഒരു കൂലിക്കാരന് അവിടെയെത്തി. പാറയുടെ നേരേ താഴെ താമസിക്കാന്‍ ഒരുമ്പെട്ടു. കഥ പറയുന്ന ആളിനു പേടി. അവനെയും തന്നെയും പാറ ഉരുണ്ടു വന്നു വീഴ്ത്തുമോയെന്നു്: തങ്ങളെ രണ്ടുപേരെയും അതു ചതച്ചരച്ചു കളയുമോ എന്നു്. ഈ ചെറിപ്പഴം അയവു് ഒട്ടുമില്ലാത്ത നിയമമായിരിക്കാം. എന്തായാലും കഥാകാരന് മനസ്സിന്റെ ഉപരിതലം കൊണ്ടു സൃഷ്ടിച്ചു വച്ച ഒരു പ്രതീകമാണതു്. പതിനെട്ടാം ശതാബ്ദത്തില്‍ യാത്ര തുടങ്ങി ഇരുപതാം ശതാബ്ദത്തില്‍ കടല്പ്പാലത്തിലേക്കു് അടുക്കാന്‍ ശ്രമിക്കുന്ന യാനപാത്രം. അല്ലെങ്കില്‍ ഐസ്ക്രീമില് ചേര്ച്ചയില്ലാതെയിരിക്കുന്ന ചെറിപ്പഴം.
സ്വര്‍ണ്ണാഭരണങ്ങളില്‍ തിളക്കമുള്ള കല്ലുകള്‍ വയ്ക്കുന്നതുപോലെ ആഖ്യാനത്തില്‍ പ്രതീകങ്ങള്‍ വച്ചാല്‍ പ്രയോജനമില്ല. കല്ലുവച്ച ആഭരണങ്ങള്‍ ബാങ്കുകാര് പണയവസ്തുക്കളായി സ്വീകരിക്കില്ല. അലിഗറിയുടെ മട്ടിലുള്ള രചനകള്‍ സഹൃദയന്മാര്ക്കും വേണ്ട.
മൂക്കെടുപ്പു്
എം.പി. മന്മഥന് “മൂക്കെടുത്തു കുളിപ്പിക്കുന്ന”തിനെക്കുറിച്ചു പറയാറുള്ളതു് ഓര്‍മ്മയിലെത്തുന്നു. കുഞ്ഞുങ്ങള്‍ വളര്‍ന്നു പ്രായമെത്തുമ്പോള്‍ നല്ല മൂക്കുള്ളവരായിരിക്കണമെങ്കില് കൊച്ചിലേ അവരെ കുളിപ്പിക്കുമ്പോള്‍ മൂക്കു് എണ്ണതേച്ചു് വേണ്ടപോലെ തടവണമല്ലോ. ഇതിനെയാണു് മൂക്കെടുത്തു കുളിപ്പിക്കുക എന്നു വിളിക്കുന്നതു്. ഒരമ്മ മകളെ ഇമ്മട്ടില്‍ കളിപ്പിച്ചില്ല. അവള് വളര്‍ന്നു. വിവാഹം നിശ്ചയിച്ചു. കല്യാണ മണ്ഡപത്തിലിരിക്കുകയാണു്. വരന് താലികെട്ടാന്‍ പോകുന്നു. അപ്പോള്‍ ആരോ പറഞ്ഞു പെണ്ണിന്റേതു ചപ്പമൂക്കാണെന്നു്; മൂക്കെടുത്തു കുളിപ്പിക്കാത്തതിന്റെ തകരാറാണു് അതെന്നു്. ഇതു കേട്ടയുടനെ തള്ള കല്യാണമണ്ഡപത്തിലേക്കു് ഓടിക്കയറി പെണ്ണിന്റെ മൂക്കുപിടിച്ചുവലിക്കാനും തടവാനും തുടങ്ങി.
നമ്മുടെ കഥാനാസികകള് പതിമൂക്കുകളോ ചപ്പമൂക്കുകളോ ആണു്. വേണ്ട സമയത്തു് അവയെ എണ്ണ പുരട്ടിരൂപപ്പെടുത്തി എടുത്തിരുന്നെങ്കില്‍ ഇന്നു കാണുന്ന വൈരൂപ്യം വരികില്ലായിരുന്നു. മനോരമ ആഴ്ചപ്പതിപ്പില്‍ ഇതാ ഒരു ചപ്പമൂക്കു് — ‘അഷിത’ (ഷെരീഫി, നെടുമങ്ങാടു്). ഒരുത്തന് വിവാഹം കഴിക്കാന്‍ പോകുന്നവള്ക്കു സുഖമില്ലെന്നറിഞ്ഞു് അവളെ കാണാന്‍ ചെല്ലുന്നു. അവള് റിസ്റ്റ് വാച്ച് കെട്ടി കിടക്കുന്നു. എതിരെയുള്ള ചുവരില്‍ വലിയ നാഴികമണിയുണ്ടു്. അതുള്ളപ്പോള്‍ റിസ്റ്റ് വാച്ച് എന്തിനു്? ‘പ്രൗഢി’ക്കു വേണ്ടിയല്ലേ? ഭാവി ഭര്‍ത്താവിനുള്ള സംശയം ഭാവി പത്നിദൂരീകരിച്ചു. “വിനയേട്ടനു് അറിയുമോ ആ ക്ലോക്ക് ചലിക്കാതെയായിട്ടു് രണ്ടു മാസം കുഴിഞ്ഞു. അപ്പോള്‍ കൈത്തണ്ടയില്‍ വാച്ചു് കെട്ടാതെ ഞാനെന്തു ചെയ്യും?” അതു കേട്ടു് അയാള്‍ “ക്ഷമിക്കു മുത്തേ, ക്ഷമിക്ക്” എന്നു പറയുമ്പോള്‍ കഥ അവസാനിക്കുന്നു. ഇമ്മട്ടിലുള്ള ചെറുകഥകള്‍ ഉണ്ടായിത്തുടങ്ങിയ കാലം തൊട്ടു” പത്രമാപ്പീസുകളിലെ ചവറ്റു കുട്ടകളില്‍ എറിയേണ്ടതായിരുന്നു. അതു തന്നെയാണു് നാസികാചികിത്സ. ഇനി പറഞ്ഞിട്ടു പ്രയോജനമില്ല. ചൈനാ മൂക്കോടുകൂടി കഥാംഗന മനോരമ എന്ന കല്യാണമണ്ഡപത്തില്‍ കയറിയിരിക്കുന്നു. എണ്ണകൊണ്ടും തടവല്കൊണ്ടും ഒരു പ്രയോജനവുമില്ല.
പരാജയപ്പെട്ട കഥ
അനേകം യൂണിറ്റുകളുടെ — എകകങ്ങളുടെ — ഘോഷയാത്രയോ പ്രവാഹമോ ആണു് ജീവിതം. ഈ ഘോഷയാത്രയെ അല്ലെങ്കില്‍ പ്രവാഹത്തെ അതു പോലെ ചിത്രീകരിക്കാം. അല്ലെങ്കില്‍ ഒരു യൂണിറ്റിനു് എല്ലാ പ്രാധാന്യവും നല്കി ആവിഷ്കാരമാകാം. തിരഞ്ഞെടുപ്പു ജോലിക്കു പോകുന്ന ഒരാളിനു് ഒരു ബോള്‍പോയിന്റ് പേനയുണ്ടു്. കാമുകി കടിച്ചു പാടുവരുത്തിയ പേന. അതു മറ്റൊരാള്‍ക്കു് എഴുതാന്‍ കൊടുക്കാന്‍പോലും അയാള്‍ക്കു മടിയാണു്. തിരഞ്ഞെടുപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ആ പേന ഒരു സ്ത്രീക്കു കൊടുക്കേണ്ടിവന്നു അയാള്‍ക്കു് കാമുകിയുടെ ദന്തക്ഷതമേറ്റ പേന മറ്റൊരു സ്ത്രീയുടെ കൈയില്‍ എത്തിയതു് അബോധാത്മകമായിട്ടെങ്കിലും അയാള്‍ക്ക് ഇഷ്ടപ്പെട്ടിരിക്കുകയില്ല. അതുകൊണ്ടു ചായക്കടയില്‍ അതു കളഞ്ഞിട്ടു് അയാള്‍ പോകുന്നു. കടക്കാരന് അതു കണ്ടെടുത്തുകൊണ്ടു ബസ്സിനു് പിറകേ ഓടുന്നു. പേന വീണ്ടും അയാളുടെ കൈയില്‍ വന്നു ചേരുന്നു. ഇതാണു ജി.എന്‍. പണിക്കരുടെ “ഓര്‍മ്മയില്‍ ഉയരുന്ന സ്മാരകങ്ങള്‍” (മാതൃഭൂമി ആഴ്ചപ്പതിപ്പു്) എന്ന ചെറുകഥ. ഇത്തരം കഥകള്‍ രചിക്കുമ്പോള്‍ തിരഞ്ഞെടുക്കുന്ന ഏകകത്തിനു് എല്ലാവിധത്തിലും പ്രാധാന്യം നല്കാന് കഥാകാരന് ശ്രമിക്കണം. ഇല്ലെങ്കില്‍ ആ ഏകകം വായനക്കാരനെ സ്പര്‍ശിക്കില്ല. ദന്തക്ഷതമേറ്റ പേന ഒരു ബാഹ്യപ്രേരകമാണു്. ആ ബാഹ്യപ്രേരകം പേനയുടെ ഉടമസ്ഥന്റെ അന്തരംഗത്തില്‍ മറ്റു പ്രേരകങ്ങള്‍ ജനിപ്പിക്കുമ്പോള്‍, അവയെ കഥാകാരന് വേണ്ടപോലെ ചിത്രീകരിക്കുമ്പോള്‍ കഥ വിജയം പ്രാപിക്കും. ഈ രീതിയിലുള്ള മാനസിക പ്രവര്‍ത്തനത്തിന്റെ പ്രതിപാദനം ഇക്കഥയില്‍ ഇല്ല. അതുകൊണ്ടു് ജി.എന്‍. പണിക്കര്‍ തിരഞ്ഞെടുത്ത എകകം കഥയിലെ ബസ്സ്, മോശപ്പെട്ട ചായ ഇവപോലെ അപ്രധാനമായി ഭവിക്കുന്നു. എല്ലാ എകകങ്ങള്ക്കും പ്രാധാന്യം നല്കി “തിരഞ്ഞെടുപ്പു്” എന്നതിന്റെ സവിശേഷതയും വ്യക്തമാക്കാം. അങ്ങനെ നോക്കിയാലും കഥാകാരനു് വിജയമില്ല. എല്ലാവിധത്തിലും ഇതു് പരാജയപ്പെട്ടിരിക്കുന്നു.
മണ്ടന്മാര് വായനക്കാര്‍
ഒരു പ്രായമൊക്കെ ആയിക്കഴിഞ്ഞാല്‍ സ്വഭാവം ഇരുമ്പുകുടം പോലെയാകും. അതില്‍ മാറ്റം വരുത്താന്‍ കഴിയുകയില്ല. അതുകൊണ്ടു് പ്രായമായവന്‍ ചെയ്യുന്ന തെറ്റിനു് മാപ്പു കൊടുക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. “ഒരിക്കലിതു സംഭവിച്ചു പോയി. ഇനിഇതു ചെയ്യുകയില്ല” എന്നു പറയുന്നവനെ വിശ്വസിക്കു അടുത്ത ദിവസം അതേ തെറ്റു് അവന് ചെയ്തിരിക്കും. ഒരു കല്ലെടുത്തു് ആയിരം തവണ മുകളിലേക്കു് എറിയൂ. ഓരോ തവണയും അതു താഴത്തേക്കുതന്നെ പോരും. എറിയുന്നവന്റെ തലയില്‍ വന്നു വീണെന്നും വരും.
“എന്നെ മുകളിലേക്കു പോകാന്‍ പഠിപ്പിക്കുകയാണു്. ഞാന്‍ ഇനി മുകളിലേക്കു തന്നെ പോകും” എന്നു കല്ലു വിചാരിക്കില്ല. മനുഷ്യനും കല്ലും സദൃശമായി പെരുമാറുന്നു. ഒരിക്കല്‍ സ്ഫടികപാത്രം പൊട്ടിക്കുന്ന പരിചാരകന് പതിവായി അതു പൊട്ടിക്കും. ഊര്‍മ്മിള എന്ന പേരില്‍ കുമാരി വാരികയില്‍ “മൗനത്തിന്റെ തീരം” എന്ന കഥയെഴുതിയ ആള് ഇതുപോലുള്ള പീറക്കഥകള്‍ ഇനിയും എഴുതും. ഡോക്ടറായ ഭാര്യയ്ക്കു ലൈംഗികാസക്തി കൂടുതലായതുകൊണ്ടു് ഭര്‍ത്താവിനു് കാലത്തു ക്ഷീണം. അതിനാല്‍ അയാള്‍ക്കു് അവളോടൊരുമിച്ചു് കാറില്‍ പോകാന്‍ വൈകേണ്ടി വരുന്നു. ആശുപത്രിയില്‍ വൈകിച്ചെന്നതുകൊണ്ടു് അവള് സസ്പെന്റ് ചെയ്യപ്പെടുന്നു. ഊര്‍മ്മിളയുടെ ഭാഷയിലാണെങ്കില്‍ “ഡോക്ടര്‍ വിനോദിനി ഈസ് സസ്പെന്റ് പെന്റിംഗ് എന്‍ക്വയറി” (നമ്മുടെ തിരുവനന്തപുരത്തെ കുന്നുകുഴി യൂണിവേഴ്സിറ്റിയില്‍ പഠിച്ച ആരെങ്കിലുമായിരിക്കും ഈ സസ്പെന്ഷന് ഓര്‍ഡര്‍ ഡ്രാഫ്റ്റ് ചെയ്തതു് — ലേഖകന്‍). ഈ കഥാസാഹസത്തെക്കുറിച്ചു് ഞാനെന്താണു് പറയേണ്ടതു്? ഫൂളിഷായിട്ടുള്ള കാര്യങ്ങള്‍ മനുഷ്യന്റെ മുഖത്തു നോക്കിപ്പറഞ്ഞാല് അവന് ചിരിക്കുമെന്നതുകൊണ്ടു് കഥാകാരന്മാര് കഥകളെഴുതുന്നു. വായനക്കാരെ മണ്ടന്മാരാക്കുന്നു.
ശാസ്താംകോട്ട
വിത്തം, വിദ്യ, രോഗം ഇവ മൂന്നും അന്യരെ കാണിക്കരുതു് എന്നാണു് സ്മൃതികാരന്റെ ഉപദേശം. എനിക്കു വിത്തമോ വിദ്യയോ രോഗമോ ഇല്ലാത്തതുകൊണ്ടു് അവ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. അപമാനനം സംഭവിച്ചാല്‍ (അപമാനം = insult; അപമാനനം = അപമാനിക്കല്‍) അതും പുറത്തു പറയരുതെന്നു് നിയമം. ഈ ലേഖകന്‍ ആ നിയമം പാലിക്കാറില്ല. ശാസ്താംകോട്ടയിലെ കോളേജില്‍ ഒരിക്കല്‍ പ്രസംഗിക്കാന്‍ പോയി. കൂടെ പുനലൂര്‍ ബാലന്, നബീസാ ഉമ്മാള്. കൊണ്ടുപോയ ആള് ജോണ്‍ സാമുവല്‍ (ഇപ്പോള്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍). ഞാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എഴുന്നേറ്റു. “ഇരിയെടാ പഴഞ്ചന്‍ സാഹിത്യകാരാ” എന്നു് ഒരു വിളി. കൂടെ കൂവലും കല്ലേറും, ഇരുന്നില്ല. ഒരു കല്ലു് നെറ്റിയില്‍ കൊണ്ടു രക്തമൊഴുകി. അപ്പോള്‍ ഇരുന്നു. “ഞാന്‍ സ്ത്രീയാണു്. എന്നെ കൂവുകയില്ല.” എന്നു പറഞ്ഞു് നബീസ എഴുന്നേറ്റു. “ഇരിയെടീ…” എന്നു വിളി. ഇരുന്നു. “ഞാന്‍ എസ്.എഫ്.ഐ.ക്കാരനാണു്. എന്നെ കൂവുകയില്ല എന്നു പുനലൂര്‍ ബാലന്.” എഴുന്നേറ്റു. ‘കൂ കൂ’. ഇരുന്നു. ഞാന്‍ പ്ലാറ്റ്ഫോമില്‍ നിന്നു താഴത്തേക്കിറങ്ങിയപ്പോള് കല്ലു് എറിഞ്ഞ കുട്ടികള്‍ തന്നെ പഞ്ഞിയും സ്പിരിറ്റും കൊണ്ടു വന്നു ഡ്രസ്സ് ചെയ്യാന്‍. “സാറിനോടുള്ള ദേഷ്യം കൊണ്ടല്ല ഞങ്ങള്‍ കൂവിയതും എറിഞ്ഞതും” അവര്‍ മുറിവു തുടച്ചു. മരുന്നു വച്ചു തന്നു. ഞാന്‍ ശാസ്താംകോട്ടയിലാണു് ബാല്യകാലം കഴിച്ചു കൂട്ടിയതു്. ശുദ്ധജലതടാകം അമ്പലത്തിനു ചുറ്റും പ്രശാന്തത. ആദ്ധ്യാത്മികാന്തരീക്ഷം എങ്ങും. എന്‍. ബാലചന്ദ്രന്‍നായര്‍ ശാസ്താംകോട്ടയെക്കുറിച്ചു് കുമാരി വാരികയിലെഴുതിയതു വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്നുതോന്നി. അന്നു ഞങ്ങളെ കുട്ടികള്‍ പീഡിപ്പിച്ചപ്പോള്‍ മലയാളം പ്രൊഫസറായിരുന്ന ജി. ശങ്കരപ്പിള്ള (പ്രശസ്തനായ നാടക കര്‍ത്താവു്) വല്ലാതെ കോപിച്ചു. അദ്ദേഹം കുട്ടികളോടു കയര്‍ത്തു. ചില അദ്ധ്യാപകരോടും ശാസ്താംകോട്ടയ്ക്ക് എല്ലാ മേന്മകളും കൈവരട്ടെ. ഇന്നത്തെ കുട്ടികള്‍ക്കു് പഞ്ഞിയും സ്പിരിറ്റും മെര്ക്കുറോക്രോമം വേണമോ എന്നറിഞ്ഞുകൂടാ. അവര്‍ക്കു് അതു വേണമെങ്കില്‍ ദേവസ്വം ബോര്‍ഡ് എത്തിച്ചുകൊടുക്കുമല്ലോ.
“വിദ്യാര്‍ത്ഥികളോടു് നിങ്ങള്‍ക്കു ദേഷ്യമുണ്ടോ?” എന്നു് എന്നോടു ചോദ്യം. “ഇല്ലേയില്ല” എന്നു് ഉത്തരം. കലാകൗമുദി അയയ്ക്കുന്ന ചെക്കു് പോസ്റ്റ്മാന് കൊണ്ടുവന്നു തരുമ്പോള്‍ എനിക്കു് അയാളോടു സ്നേഹം. കോടതിയിലെ പ്യൂണ്‍ സമന്‍സ് കൊണ്ടുവരുമ്പോള്‍ എനിക്കു് അയാളോടു ദേഷ്യം. രണ്ടുപേരും സര്‍ക്കാര്‍ അനുശാസിച്ചതേ ചെയ്യുന്നുള്ളു. തങ്ങളെ അധഃപതിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതിരൂപമായ കോളേജ് പ്രൊഫസറെ കുട്ടികള്‍ കല്ലെറിഞ്ഞാല്‍ ആ അദ്ധ്യാപകന് എന്തിനു കോപിക്കണം?
ഡോ. എസ്. കൃഷ്ണകുമാര്‍
ആരോഗ്യത്തോടെ കഴിഞ്ഞുകൂടുന്നവനു പെട്ടെന്നു രോഗം വന്നാല്‍ അയാള്‍ ഡോക്ടറുടെ അടുക്കലേക്കു് ഓടുന്നു. അയാള്‍ക്കു് അപ്പോള്‍ രോഗം ഭേദമാകണം. “ഡോക്ടര്‍ എനിക്കു നാളെ ഒരു കോണ്‍ഫറന്‍സിനു പോകണം. ഇതു് ഇന്നു ചികിത്സിച്ചു മാറ്റിയേ പറ്റൂ.” ഡോക്ടര്‍ ആന്റിബയോട്ടിക്ക് കൊടുക്കുന്നു. ആ രോഗം ഭേദമായി അടുത്ത ദിവസം മറ്റൊരു രോഗം ആന്റിബയോട്ടിക്സിന്റെ ഫലമായി ഉണ്ടാകുന്നു. വേറെ ചിലര്‍ സംശയാലുക്കളാണു്. കതകിന്റെ കുറ്റികൊണ്ടു് വിരലൊന്നു പോറിയാല്‍ മതി. ഉടനെ ഡെറ്റോള്‍ ലോഷന്കൊണ്ടു് അവിടം കഴുകുന്നു. ഡെറ്റോള്‍ ആന്റി സെപ്റ്റിക്ക് ഓയിന്റ്മെന്റ് പുരട്ടുന്നു. ആഴ്ചയിലൊരിക്കല്‍ മൂത്രം പരിശോധിക്കുന്നു, രക്തം പരിശോധിക്കുന്നു. മെഡിക്കല്‍ ബുക്സ് വായിച്ചു കിട്ടിയ അല്പജ്ഞാനം ഡോക്ടറുടെ മുന്‍പില്‍വച്ചു് സംശയങ്ങള്‍ ചോദിക്കുന്നു. ഡോക്ടര്‍ നീരസം മറച്ചുവച്ചു് മറുപടി നല്കുന്നു. തിരിച്ചു വീട്ടിലേക്കു പോരുമ്പോള്‍ കുതിരലത്തിയില്‍ ചവിട്ടിയെന്നിരിക്കട്ടെ. “ഹാ കാലില്‍ ഒരു അബ്രേഷന്‍ ഉണ്ടല്ലോ. ഒരാന്റി ടെറ്റനസ് ഇന്ജെക്ഷന് എടുത്തു കളയാം” എന്നു തീരുമാനിക്കുന്നു. മരുന്നു കുത്തിവയ്പിക്കുകയും ചെയ്യും. ഈ രണ്ടുകൂട്ടരും പരിഹസിക്കുപ്പെടേണ്ടവരാണു്. ഇവരില്‍പ്പെടാതെ ചാഞ്ചല്യരഹിതരായിക്കഴിയുന്നവരുണ്ടു്. രോഗംവന്നോ? എന്നാല്‍ ചികിത്സിക്കാം. അതില്‍ തിടുക്കമില്ല, വെപ്രാളമില്ല. അങ്ങനെ നിയതമായി ജീവിക്കുന്നവര്‍ക്കു പ്രയോജനപ്പെടും ഡോക്ടര്‍ എസ്. കൃഷ്ണകുമാറിന്റെ “നിങ്ങളും ഡോക്ടറും” എന്ന പംക്തി (ജനയുഗം വാരിക). വൈവിധ്യമുള്ള വിഷയങ്ങള്‍ അദ്ദേഹം ലളിതമായി പ്രതിപാദിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിലാണു് ഡോക്ടര്‍ക്കു താല്പര്യം. ഓരോ ഉത്തരവും ഈ സത്യത്തിലേക്കു കൈചൂണ്ടുന്നു.
ഒരു നേരമ്പോക്കു് രോഗിയോടു് സത്യം മുഴുവന്‍ പറയാന്‍ ഡോക്ടര്‍ തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വലിയ രോഗിയാണെന്നു എനിക്കു് പറയേണ്ടിയിരിക്കുന്നു. കാര്യങ്ങള്‍ യഥാര്ത്ഥസ്ഥിതിയില് അറിയാന്‍ നിങ്ങള്‍ക്കും താല്പര്യമില്ലേ? പിന്നെ, വേറെ ആരെയെങ്കിലും നിങ്ങള്‍ക്കു കാണണമെന്നുണ്ടോ?”
രോഗിയുടെ ദുര്ബ്ബലശബ്ദം “കാണണം”.
“ആരെ?” ഡോക്ടറുടെ ചോദ്യം.
“വേറൊരു ഡോക്ടറെ” രോഗിയുടെ മറുപടി.
നീന പ്രസാദ്
ഞാനങ്ങനെ ടെലിവിഷന്‍ കാണാറില്ല. ഇന്നു സന്ധ്യക്കു് (6-3-85) ചിലങ്കയുടെ നാടകവും ചങ്ങമ്പുഴയുടെ “വാഴക്കുല” എന്ന കാവ്യത്തിലെ ഭാഗങ്ങളുടെ സംഗീതാത്മകമായ ആവിഷ്കാരവും കേട്ടപ്പോള്‍ ചെന്നു നോക്കി. തിരുവനന്തപുരം ഹോളി ഏയ്ന്‍ജല്‍സ് കോണ്‍വെന്റിലെ ഒരു വിദ്യാര്‍ത്ഥിനി — നീന പ്രസാദ് — ഹൃദയഹാരിയായി നൃത്തം ചെയ്യുന്നു. ആ കുട്ടിയുടെ ചലനങ്ങള്‍ ഭാവാത്മകങ്ങളായിരുന്നു. രമണീയങ്ങളായിരുന്നു. അതിസൂക്ഷ്മവും സുനിശ്ചിതവും എന്നു പറയാന്‍ വയ്യ. കൊച്ചുകുട്ടിയല്ലേ? പരിചയവും അഭ്യാസവും കൂടുമ്പോള്‍ ആ ഗുണങ്ങളും ഈ കുട്ടിക്കു കിട്ടിക്കൊള്ളും. നീന പ്രസാദിന്റെ നൃത്തം അസുലഭമായ ഒരനുഭവം എനിക്കു പ്രദാനം ചെയ്തു. ഈ കുട്ടിയുടെ പേരില്‍ നമുക്കു് അഭിമാനം കൊള്ളാം.
ലാക്ഷണിക കഥ
‘അലിഗറി’ യാന്ത്രികമാണ്, നിശ്ചേതനമാണു്. പ്രതിരൂപാത്മകത്വം ചലനാത്മകമത്രേ. അതിനു മൂല്യമുണ്ടു്. ജീവിതത്തോടു ബന്ധമുണ്ടു്. പ്രതിരൂപാത്മകത്വം പല അര്‍ത്ഥങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അലിഗറി ഒരു അര്‍ത്ഥം മാത്രം ചൂണ്ടിക്കാണിച്ചു തരുന്നു. മറ്റൊരുതരത്തില്‍ പറയാം. രാജ്യത്തിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍വേണ്ടി ഒരുതരത്തിലുള്ള പ്രച്ഛന്ന രചന — ക്രിപ്റ്റോഗ്രഫി — സ്വീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. അതുപോലെയൊരു പ്രച്ഛന്നരചനയാണു് അലിഗറി. ജീവിതത്തിന്റെ മഹാദ്ഭുതമോ മനസ്സിന്റെ സങ്കീര്‍ണ്ണതകളോ അനാവരണം ചെയ്യാന്‍ ഇതു് അസമര്‍ത്ഥമാണു്. ‘ചന്ദ്രിക’ വാരികയില്‍ രാഘവന് പുന്നശ്ശേരി എഴുതിയ “വീടു്” വിരസമായ അലിഗറിയാണു്. ഇടിഞ്ഞുവീഴാറായ വീടു്. അതു കൂടക്കൂടെ നന്നാക്കി വീട്ടുകാര്‍ താമസിക്കുന്നു. ജീര്‍ണ്ണിച്ചുവരുന്ന രാജ്യത്തിന്റെ പ്രതീകമായിട്ടാണു് വീടു് സങ്കല്പിക്കപ്പെട്ടിരിക്കുന്നതു്. മൂല്യമില്ലാത്ത, അഗാധതയില്ലാത്ത വിരസമായ ലാക്ഷണിക കഥ.
കണ്ണു് ഒരളവില്‍ സൂര്യനായി മാറിയില്ലെങ്കില്‍ ആ കണ്ണുകൊണ്ടു് സൂര്യനെ കാണാന്‍ പറ്റുകയില്ലെന്നു പ്ലോട്ടിനസ് താന്‍ ആലേഖനം ചെയ്യുന്ന രൂപമായി ചിത്രകാരന് മാറിയില്ലെങ്കില്‍ അയാള്‍ക്കു് ആ രൂപം അന്യൂനമായി ആലേഖനം ചെയ്യാന്‍ കഴിയുകയില്ലെന്നു് ഡാന്റേ.
ഒരു പ്രശസ്തനായ ചിരൂകാരന് പറഞ്ഞു: “സാഹിത്യവാരഫലക്കാരനു് കുറ്റം പറയുകയാണു് ജോലി.” ഇങ്ങനെ അഭിപ്രായപ്പെട്ട ചിത്രകാരന് കേരളത്തിലെ എല്ലാ വാരികകളും വായിച്ചിട്ടു് ഇതുപോലെയൊരു പംക്തി എഴുതട്ടെ. അദ്ദേഹത്തിനു് ഇതിലുമധികം കുറ്റം പറയേണ്ടതായി വരും എന്നതിനു് ഒരു സംശയവുമില്ല.
കഴുതസ്സ്വരം, പിക്കാക്സ്
ഭാര്യയും ഭര്‍ത്താവും രണ്ടുപേരുടെയും ദ്വിതീയ വിവാഹമാണു്. അവളുടെ ആദ്യത്തെ ഭര്‍ത്താവിലുണ്ടായ മകന് അയാളെ അപമാനിക്കുന്നു. മകന് അമ്മുമ്മയുടെ വീട്ടില്‍പ്പോയി. അതോടെ അവള്‍ക്കു ദുഃഖം ദുഃഖത്തിന്റെ കാരണമറിഞ്ഞു് അയാള്‍ അവനെ തിരിച്ചുവിളിച്ചുകൊണ്ടുവരുന്നു. അതോടെ ഹര്ഷോന്മാദം. ഇതാണു് ‘സഖി’ വാരികയില്‍ അമ്പലപ്പുഴ വേണു എഴുതിയ “ഗ്രീഷ്മവര്‍ഷം” എന്ന കഥ — ഹാര്‍മ്മോണിയത്തിന്റെ ഒരു കട്ട താഴ്ത്തുമ്പോള്‍ ഗര്ദൃസ്വരവും രണ്ടാമത്തെ കട്ട താഴ്ത്തുമ്പോള്‍ മൂങ്ങയുടെ മൂളലും മൂന്നാമത്തെ കട്ട താഴ്ത്തുമ്പോള്‍ തവളയുടെ ശബ്ദവും കേട്ടാല്‍ എങ്ങനെയിരിക്കും? ഭാഷ എന്ന സംഗീതോപകരണത്തിലെ കട്ടകള്‍ താഴ്ത്തി അമ്പലപ്പുഴ വേണു നമ്മളെ പേടിപ്പിക്കുന്നു.
അവളെ കാണാന്‍ അയാള്‍ ഹോസ്റ്റലില്‍ ചെന്നു. അവര്‍ അന്യോന്യം അനുരക്തര്. പക്ഷേ, അയാള്‍ക്കു് ജോലിയുണ്ടെങ്കിലേ അവള് വിവാഹം കഴിക്കാന്‍ സന്നദ്ധയാകൂ. മിടുക്കിയെന്നു പറഞ്ഞു് അയാള്‍ നടന്നകലുന്നു. ഇതു് ‘പൗരദ്ധ്വനി വാരികയില്‍ തോമസ് കുട്ടി ചെഞ്ചേരില്‍ എഴുതിയ “സ്നേഹമാണു് പക്ഷേ…” എന്ന കഥ — ചെക്കോവും മോപസാങ്ങും തോമസ് കുട്ടിയും സദൃശരാണു്. മൂന്നുപേരെയും അമ്മമാരാണു് പ്രസവിച്ചതു്. ആ വിധത്തില്‍ സാദൃശ്യം. ഒരു കാര്യത്തില്‍ ചെറിയ വ്യത്യാസവും റഷ്യാക്കാരനും ഫ്രഞ്ചുകാരനും തങ്കത്തൂലികകൊണ്ടു് മനോരഞ്ജകങ്ങളായ ചിത്രങ്ങള്‍ വരച്ചു. കേരളീയന് തൂലിക പിക്കാക്സാക്കി ഭാഷയാകുന്ന പറമ്പു് കിളച്ചു മറിക്കുന്നു.
മനോരാജ്യം വാരികയില്‍ (ലക്കം 15) “കാരൂര്‍ ഫലിതങ്ങള്‍” — അനുഗൃഹീതനായ ആ കഥാകാരനു് നര്‍മ്മബോധം തീരെയില്ലായിരുന്നുവെന്നു് വിജയം രവി തെളിയിക്കുന്നു.
കുഞ്ഞിത്തോമാച്ചന് ചെറുപ്പത്തില്‍ വലിയ ചട്ടമ്പിയായിരുന്നു. പ്രായമായപ്പോള്‍ നാക്കില്‍ ക്യാന്‍സര്‍ വന്നു. നാക്കിന്റെ അറ്റം മുറിച്ചു. അയാള്‍ എതിര്‍ത്തിരുന്ന വീട്ടുകാരില്‍ ഒരു സ്ത്രീ അയാള്‍ക്കു പത്തു രൂപ കൊടുക്കുന്നു. ‘ദേശാഭിമാനി’ വാരികയിലെ “അസ്തമയത്തിനു മുന്‍പു്” എന്ന കഥയാണിതു്. സി.പി. ഓമന എഴുതിയതു് — ഈ ലോകത്തുള്ള ഏതും മനുഷ്യനെ വേദനിപ്പിക്കുന്നതാണു്. കഥ മാത്രം വേദനിപ്പിക്കാതിരിക്കുന്നതെന്തിനു്?
രണ്ടു തലങ്ങള്‍
കഥ പറയുന്ന ആളിന്റെ വീട്ടിനടുത്തു് മൂന്നു സന്ന്യാസിനിമാര്‍ വന്നു താമസിക്കുന്നു. അവരില്‍ ഒരാള്‍ അയാളുടെ കൂടെപ്പഠിച്ച രുക്മിണി. സ്കൂളില്‍ വച്ചു കാലുരുമ്മിയിരുന്നവര് രണ്ടുപേരും. ആ സന്ന്യാസിനിമാരുടെ കണ്ണുകള്‍ കാക്ക കൊത്തിപ്പറിക്കുമ്പോള്‍ ശത്രുഘ്നന്‍ കലാകൌമുദിയിലെഴുതിയ “സന്ധ്യകളും സന്ന്യാസിനിമാരും” എന്ന ചെറുകഥ അവസാനിക്കുന്നു. രണ്ടു സത്യങ്ങളുണ്ടു് ഇക്കഥയില്‍. ഒന്നു കണ്ണുകൊത്തി പറിക്കുന്നതിനോടു ചേര്‍ന്ന പ്രതിരൂപാത്മക സ്വഭാവമാര്‍ന്ന സത്യം. രണ്ടാമത്തേതു് യാഥാര്തത്ഥ്യത്തിന്റെ തലത്തിലുള്ള സത്യം. രണ്ടും ഒരുമിച്ചു ചേരാതെ നില്ക്കുന്നതുകൊണ്ടു് കഥയുടെ വിശ്വാസ്യത എന്ന ഗുണം നഷ്ടപ്പെടുന്നു.
ഐന്സ്റ്റൈന് കുളിമുറിയില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു ജുതന് അതിനകത്തേക്കു കയറി. അയാളുടെ വേറൊരു ജുതന് പറഞ്ഞു: “അങ്ങനെ ഒരു കൊല്ലം കഴിഞ്ഞു അല്ലേ സുഹൃത്തേ.” [ജുതന്മാര് വര്‍ഷത്തിലൊരിക്കലേ കുളിക്കൂ എന്നു സൂചന.]
|
|