close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 01 13


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 01 13
ലക്കം 487
മുൻലക്കം 1985 01 06
പിൻലക്കം 1985 01 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എറണാകുളം ബസ്സ് സ്റ്റേഷനിൽ നിന്നു ബസ്സിൽ കയറിയിട്ടുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ് ഇവിടെ എഴുതുന്നത്. യാത്രയ്ക്ക് സന്നദ്ധമായ ബസ്സ്. ക്ഷമകെട്ട് ഇരിക്കുന്ന യാത്രക്കാർ. ആ സന്ദർഭത്തിലാണ് ഒരു ചെറുപ്പക്കാരൻ ബസ്സിലേക്കു കടക്കുക. അഴുക്ക് ഒട്ടും പറ്റാത്ത പാന്റ്സ്, സ്ലാക്ക് ഷർട്ട് ഇവ ധരിച്ചു ‘ക്ലീൻഷേവ്’ നടത്തിയ കനത്ത മുഖത്തോടെ അയാൾ വാതിൽ തൊട്ട് ഡ്രൈവർ ഇരിക്കുന്നിടം വരെ നടക്കുന്നു. ഇടതു ഭാഗത്തും വലതു ഭാഗത്തും ഇരിക്കുന്ന യാത്രക്കാരോടെല്ലാം പണം ചോദിക്കുന്നു. അയാളോട് ആർക്കും ഇഷ്ടം തോന്നുകയില്ല. അങ്ങനെയുള്ള മുഖഭാവവും ചേഷ്ടാവിശേഷങ്ങളും ശരീരാകൃതിയുമാണ് അയാൾക്ക്. എങ്കിലും യാത്രക്കാരിൽ തൊണ്ണൂറു ശതമാനവും പണം കൊടുക്കും. കൊടുക്കുന്ന തുക കൈനീട്ടി വാങ്ങാൻ വയ്യ അയാൾക്ക്. തോളുതൊട്ടു കൈമുട്ടുവരെ മാത്രമേ അയാൾക്കു കൈയായിയുള്ളൂ. ‘സ്റ്റമ്പ്’ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചു കൊള്ളട്ടെ. ആ സ്റ്റമ്പിന്റെ അറ്റം ഉരുണ്ടിരിക്കും. ഡോക്ടർമാർ നടത്തിയ ‘തയ്യലി’ന്റെ ഫലമാണോ എന്നറിയാൻ പാടില്ല, ചില വരകളും മറ്റും അവിടെയുണ്ട്. ജുഗുപ്സാ ജനകമാണ് ആ ഉച്ഛിഷ്ട ഭാഗമെന്ന് എഴുതിയാൽ ഈശ്വരൻ എന്നെയും ആ രീതിയിൽ ആക്കിക്കളയുമോ എന്നു പേടിയുണ്ട്. എങ്കിലും എഴുതുന്നു. പണം കൊടുക്കുന്നവർ നാണയം ആ ഉരുണ്ട ഭാഗത്തു തന്നെ വച്ചു കൊടുക്കണമെന്ന് ആ യുവാവിനു നിർബ്ബന്ധമുണ്ട്. പോക്കറ്റിൽ ഇട്ടു കൊടുത്താൽ പോരാ. ഭുജാഗ്രത്തിൽ നാണയം വച്ചാൽ നാടകീയമായ മട്ടിൽ ചെറുപ്പക്കാരൻ കൈ ചലിപ്പിക്കുന്നു. അതു ഒരു പാരബല — അനുവൃത്തം — ഡിസ്ക്രൈബ് ചെയ്യുന്നു. നാണയം ടക് എന്നു അയാളുടെ കീശയിൽ വീഴുന്നു. ഒരിക്കൽപ്പോലും നാണയം താഴെ വീണു കണ്ടിട്ടില്ല. ‘സാറേ, സാറേ’ എന്ന പരുക്കൻ വിളികളും പാരബല ഡിസ്ക്രൈബ് ചെയ്യലും. രണ്ടു ബല്ല് മുഴങ്ങുമ്പോൾ യുവാവ് ഇറങ്ങുകയായി. ആ സ്റ്റമ്പാണോ കൂടുതൽ ജുഗുപ്സാവഹം? അതോ അനുവൃത്തം ആലേഖനം ചെയ്യലോ? രണ്ടും എന്നാണ് ഉത്തരം. ആ യുവാവ് കൈയില്ലാത്തവനാണെന്ന മട്ടിൽ വന്നു പണം ചോദിച്ചാൽ ആരും സന്തോഷത്തോടെ കൂടുതൽ കൊടുക്കും. പക്ഷേ അയാൾക്കതു വയ്യ. സ്റ്റമ്പ് കാണിക്കണം. അതുകൊണ്ടുള്ള വിദ്യ കാണിക്കണം. ഫലം യാത്രക്കാരുടെ വെറുപ്പ്. കഴിഞ്ഞ കുറേക്കാലമായി സാഹിത്യത്തിനുള്ള സമ്മാനങ്ങൾ വാങ്ങുന്നവരിൽ ഭൂരിപക്ഷവും കൈമുട്ടിനു ശേഷമുള്ള ഭാഗമില്ലത്താവരാണ്. അവരുടെ ഭുജാഗ്രത്തിൽ ശസ്ത്രക്രിയയുടെ ഫലമായ ഉണങ്ങിയ ചാലുകൾ കാണുന്നു. സമ്മാനത്തുക അവിടെ വച്ചു കൊടുക്കുന്നു. അനുവൃത്താലേഖനം നടക്കുന്നു. തുക കീശയിൽ വീഴുന്നു. പോകുന്നു. ഭാരതത്തിലോ കേരളത്തിലോ ഉള്ള സ്റ്റമ്പുകാരുടെ പേരുകൾ പറയാൻ വൈഷമ്യമുണ്ട്. അതുകൊണ്ട് അവയവത്തിന്റെ ഉച്ഛിഷ്ടം കാണിക്കുന്ന സായ്പന്മാരുടെ നാമധേയങ്ങൾ മാത്രം എഴുതാം. ചെസ്വാഫ്മീവാഷ്, വില്യം ഗോൾഡിങ്, യാറോസ്ലാഫ് ബിഫെർട്ട്. ഇതു സാഹിത്യത്തിനുള്ള സമ്മാനം നേടുന്നവരുടെ സ്ഥിതി. സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങുന്നവർക്കു കൈകളുമില്ല, കാലുകളുമില്ല. തലയും നെഞ്ചും വയറും മാത്രമേ അവർക്കുള്ളൂ. മഹാത്മാഗന്ധിക്കു കൊടുക്കാത്ത സമാധാന സമ്മാനം അനേകമാളുകളെ കൊന്നൊടുക്കിയ ബഗിനു കൊടുത്തവരാണ് നോബൽ സമ്മാന കമ്മിറ്റി. ആ യുവാവിനെ നോക്കാതെ ഞാൻ ബസ്സിലിരിക്കുമ്പോൾ കഥാകാരനായ ടി. ആറും, ഇന്നു തൃപ്പൂണിത്തുറ കോളേജിലെ പ്രിൻസിപ്പലായ സി. എ. മോഹൻദാസും കൂടി “കാഫ്ക, കാഫ്ക” എന്നു പറയുന്നു. ഞാൻ അദ്ഭുതപ്പെട്ട് എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോൾ അവർ ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ബോർഡ് ചൂണ്ടിക്കാണിച്ചു. Trial എന്നു ബോർഡ്. ട്രയൽ എന്ന നോവലെഴുതിയ കാഫ്കയ്ക്കു നോബൽ സമ്മാനം കിട്ടിയില്ല. ഇറ്റലിക്കാരി ഗ്രാറ്റ്സീയ ഡേലഡ്ഡയാണ് അതു കൊണ്ടുപോയത്. ആരോർമ്മിക്കുന്നു അവരെ?

* * *

ഇതൊക്കെ മുൻകൂട്ടി കണ്ടു കൊണ്ടാവണം ബർണാഡ് ഷാ പറഞ്ഞത്: “ഡൈനമൈറ്റ് കണ്ടുപിടിച്ചതിന് ആൽഫ്രഡ് നോബലിനു മാപ്പു കൊടുക്കാം: പക്ഷേ, മനുഷ്യ രൂപമെടുത്ത ഒരു രാക്ഷസനേ നോബൽ സമ്മാനം കണ്ടുപിടിക്കാൻ കഴിയൂ” (ആർ. കെ. നാരായൺ ‘ഫ്രന്റ് ലൈനി’ ൽ എഴുതിയ ലേഖനത്തിൽ നിന്ന്).

പി. ഗോവിന്ദപ്പിള്ള

മാർക്സിസ്റ്റായ പി. ഗോവിന്ദപ്പിള്ളയെ എനിക്കു നേരിട്ട് പരിചയമുണ്ട്. തമ്മിൽ കാണുമ്പോൾ അദ്ദേഹം ബൂർഷ്വാ സാഹിത്യകൃതികളുടെ മനോഹാരിതയെ നിന്ദിച്ചു സംസാരിക്കാറില്ല. സാഹിത്യത്തെ സംബന്ധിച്ച് അദ്ദേഹത്തിനുള്ള ഈ ഹൃദയ വിശാലതയും ഔദാര്യവും എന്നെ അദ്ദേഹത്തോടു കൂടുതൽ കൂടുതൽ അടുപ്പിച്ചു. ഇക്കാര്യം ചില സുഹൃത്തുക്കളോടു ഞാൻ പറഞ്ഞപ്പോൾ അവരിൽ ചിലർ അറിയിച്ചു: “അതൊക്കെ നേരിട്ടുള്ള സംഭാഷണത്തിൽ. പ്ലാറ്റ്ഫോമിൽ കയറുമ്പോൾ ഗോവിന്ദപ്പിള്ള വിട്ടുവീഴ്ച്ചയില്ലാത്ത മാർക്സിസ്റ്റാണ്. ‘മാജിക് മൗണ്ട’ നെപ്പോലും അദ്ദേഹം പുച്ഛിച്ചു തള്ളും.” അവരുടെ ഈ അഭിപ്രായം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. എങ്കിലും വല്ല സംശയത്തിന്റെ പാടെങ്കിലും എന്റെ മനസ്സിൽ വീണിട്ടുണ്ടോ? ഉണ്ടെങ്കിൽ താഴെ ചേർക്കുന്ന ഭാഗം അതിനെ നിർമ്മാർജ്ജനം ചെയ്തിരിക്കുന്നു. പി. ഗോവിന്ദപ്പിള്ള ‘മുഖാമുഖം’ എന്ന ചലചിത്രത്തെ വിമർശിച്ചു കൊണ്ടെഴുതിയ “ഭഗവാൻ മക്രോണിയുടെ പുനരവതാരം” എന്ന ലേഖനത്തിൽ പറയുന്നു:

“ഒരു മോഹഭംഗവൗമ് ഇതേവരെ അനുഭവപ്പെടാത്ത ഒരു കമ്മ്യൂണിസ്റ്റ് ആണ് ഈ ലേഖകൻ. എങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധസാഹിത്യകൃതികളേയോ കലാസൃഷ്ടികളേയോ അപ്പാടെ എതിർക്കുകയോ വെറുക്കുകയോ ചെയ്യുന്ന ഒരുവനല്ല. ചിലപ്പോൾ അസത്യത്തെക്കാൾ ആപത്ക്കരവും വഴി തെറ്റിക്കുന്നതുമായ അർദ്ധസത്യങ്ങളെ ആസ്പദിച്ചവയായാലും കലയുടെ നിയമങ്ങൾക്ക് വിധേയമായി കലാചാതുരിയോടെയും ആത്മാർത്ഥതയോടെയും രചിക്കുന്ന കമ്യൂണിസ്റ്റ് വിദഗ്ധ കൃതികൾക്കും അവയുടേതായ ആസ്വാദ്യതയും പ്രയോജനവും സാംസ്ക്കാരിക മൂല്യവും ഉണ്ടെന്ന് ഞാൻ കരുതുന്നു. ആത്മാർത്ഥതയുള്ള ഒരു കമ്യൂണിസ്റ്റുകാരൻ അത്തരം കൃതികളെ — അവ ഭാഗിക വീക്ഷണങ്ങളാണെങ്കിൽ പോലും — സ്വയം വിമർശനത്തിനും തെറ്റുതിരുത്തലിനും ഉപയുക്തമായ ഉപാധിയായി കാണുന്നു. വിമർശനാത്മകമായി പ്രതികരിക്കുമ്പോഴും അവയുടെ നീക്കിബാക്കി ഫലം മാലിന്യവിരേചനവും അതുകൊണ്ട് ആരോഗ്യസിദ്ധിയും ആയിരിക്കും. അങ്ങനെയാണ് ഓർവെല്ലിന്റെ “ആനിമൽ ഫാം” കോയ്സ്ലറുടെ “നട്ടുച്ചക്കിരുട്ട്” മുതലായവ എനിക്ക് ഹൃദയംഗമങ്ങളായി അനുഭവപ്പെടുന്നത്. അവയിലെ പ്രകടമായ സന്ദേശങ്ങൾ സ്വീകാര്യമായതുകൊണ്ടല്ല.”

ജനറ്റിക്സ്, ഭൗതികശാസ്ത്രം ഇവയിൽപ്പോലും മർക്സിസത്തിന്റെ അതിപ്രസരവും അധിപ്രസരവും ഉള്ള ഇക്കാലത്ത് വികാരത്തിൽ മാത്രം, അടിയുറച്ച സാഹിത്യത്തെ ‘റെജ്‌മെന്റേഷ’നു വിധേയമാക്കാത്ത ഗോവിന്ദപ്പിള്ളയുടെ മാനസികനില ആദരണീയം തന്നെ. കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാർക്ക് മയകോവ്സ്കിയുടെയും നെറുതയുടെയും കാവ്യങ്ങൾ വായിച്ചു രസിക്കാമെങ്കിൽ, ജനാധിപത്യവാദികൾക്ക് ഫാസിസ്റ്റായ എസ്റാ പൗണ്ടിന്റെ കൃതികൾ ആസ്വാദ്യങ്ങളാണെങ്കിൽ കമ്മ്യൂണിസ്റ്റുകൾക്ക് ബൂർഷ്വാ കലാകാരന്മാരുടെ സൃഷ്ടികളും രസോത്പാദകങ്ങളാവേണ്ടതാണ്. റഷ്യയിലും ചൈനയിലും ആ മാറ്റം സംഭവിച്ചിരിക്കുന്നു. എന്നിട്ടും ഇവിടെയുള്ളവർ അതറിഞ്ഞിട്ടില്ല. അറിഞ്ഞവരുടെ കൂട്ടത്തിൽ പി. ഗോവിന്ദപ്പിള്ളയുടെ കാര്യം സന്തോഷപ്രദമായിരികുന്നു.

* * *

മനുഷ്യാത്മാക്കളുടെ എഞ്ചിനീയറന്മാരാണ് എഴുത്തുകാരെന്ന് സ്റ്റാലിൻ 1932-ൽ ഉദ്ഘോഷിച്ചു (Main Currents of Marxism, Leszek Kolakowski, Part III, Page 92). കല, കലാപരമായി നന്മയാർന്നതായിരുന്നാൾ മാത്രം പോരാ, അത് രാഷ്ട്രവ്യവഹാരപരമായും ശരിയായിരിക്കണം എന്ന് മാവോ അഭിപ്രായപ്പെട്ടു (ibid — page 499). റഷ്യയിലെയും ചൈനയിലെയും സങ്കല്പങ്ങൾ സ്റ്റാലിന്റെയും മവോയുടെയും കലാസങ്കൽപ്പങ്ങളെ ബഹുദൂരം അതിശയിച്ചിരിക്കുന്നു.

പാവം നായ്

ഫ്രഞ്ച് സാഹിത്യകാരൻ വീക്തോർ യൂഗോയുടെ ‘ലേ മീസേറബ്‌ല’ എന്ന വിശ്വവിഖ്യാതമായ നോവലിൽ ഭക്ഷണശാല നടത്തുന്ന തെനാർദിയ കുടുംബത്തെ വർണ്ണിച്ചിട്ടുണ്ട്. തെനാർദിയ കൃശഗാത്രനാണ്. അയാളുടെ ഭാര്യ സി. വി. രാമൻപിള്ളയുടെ ഭാഷയിൽ ‘മാംസഗോപുരശരീരിണി’യാണ്. പക്ഷേ, ഒച്ചുപോലുള്ള ആ മനുഷ്യനെ കണ്ടാൽ അവൾ ഞെട്ടും. നേരേ മറിച്ചാണ് പല വീടുകളിലും. ഓഫീസിനെ വിറപ്പിക്കുന്ന പല കപ്പടാമീശക്കാരും വീട്ടിൽ വിറകൊള്ളുന്നവരാണ്. അച്ചിക്ക് ദാസ്യപ്രവൃത്തി ചെയ്യുന്ന അയാൾ കൊച്ചിക്ക് പോയങ്ങു തൊപ്പിയിടാതെ ഓഫീസിലേക്ക് വന്ന് ഒരു ഹേതുവും കൂടാതെ അവിടെയുള്ളവരോട് തട്ടിക്കയറുന്നു. ‘ഹേതുവില്ലാതെ’ എന്ന് ഞാനെഴുതിയത് ശരിയല്ല. വീട്ടിലെ അടിമത്തമാണ് ഓഫീസിലെ ദേഷ്യമായി മാറുന്നത്. വീട്ടിൽ കുഴപ്പമില്ലാത്തവൻ ഓഫീസിലും കുഴപ്പക്കാരനല്ല.

ഇനി മറ്റൊരു രംഗം. മന്ത്രി ചീഫ് സെക്രട്ടറിയോട് കയർക്കുന്നു. ചീഫ് സെക്രട്ടറി ദേഷ്യം തീർക്കുന്നത് സെക്രട്ടറിയോട്. അയാൾ ഡെപ്യൂട്ടി സെക്രട്ടറിയെ കുറ്റപ്പെടുത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി അണ്ടർ സെക്രട്ടറിയുടെ നേർക്ക് കണ്ണുരുട്ടുന്നു. അയാൾ സെക്ഷൻ ഓഫീസറുടെ നേർക്കും. സെക്ഷൻ ഓഫീസർ ക്ലാർക്കിനെ ശകാരിക്കുന്നു. ക്ലാർക്ക് പ്യൂണിനെയും. പ്യൂണിന് ആരോടും മല്ലിടാനില്ല. അയാൾ കിട്ടിയ ശകാരം തലയിലേറ്റി വീട്ടിലേക്ക് പോകുന്നു. ഇടവഴിയിൽ കയറുമ്പോൾ ഒരു പാവപ്പെട്ട പട്ടി അതിന്റെ പാട്ടിന് പോകുന്നത് കാണുന്നു. പ്യൂൺ ശങ്കരപ്പിള്ള കല്ലെടുത്ത് ഒറ്റയേറ്. പട്ടിയുടെ കാല് ഒടിഞ്ഞു. അത് ദയനീയമായി നിലവിളിച്ചുകൊണ്ട് ഓടുമ്പോൾ ശങ്കരപ്പിള്ളയ്ക്ക് സ്വസ്ഥത.

തക്ക സമയത്ത് ഭർത്താവിനെ കിട്ടാത്തതുകൊണ്ട് ജീവിതം മുഴുവനും “വൃദ്ധകന്യകാത്വം” നയിക്കേണ്ടിവരുമ്പോൾ പട്ടിക്കുട്ടികളെ സ്നേഹിച്ചു തിടങ്ങും. അവയെ വളർത്തും. പട്ടിക്കുട്ടിയെ കിട്ടിയില്ലെങ്കിൽ പൂച്ചക്കുട്ടി മതി. അല്ലെങ്കിൽ ആതുരാലയം നടത്താൻ പോകും. മനഃശാസ്ത്രത്തിൽ ഇതിനെ ‘Displacement’ എന്നു പറയും. രസാവഹമാണ് ഇതിനെക്കുറിച്ച് പഠിക്കുക എന്നത്. ഭാര്യയ്ക്ക് ഭർത്താവിനെ കണ്ടുകൂടാ, ഭർത്താവിന് ഭാര്യയെയും. എന്നാൽ സത്യസന്ധമായി അവർ രണ്ടുപേരും അതു പുറത്തുപറയുകയില്ല. ഭർത്താവ് അവിയലിന് ഉപ്പു കൂടിപ്പോയെന്ന് കുറ്റം പറയുന്നു. അയാൾ ഫാൻ സ്വിച്ചോഫ് ചെയ്യാതെയാണ് ഓഫീസിലേക്ക് പോയതെന്ന് ഭാര്യ കുറ്റപ്പെടുത്തുന്നു. നിസ്സാര കാര്യങ്ങളിൽ തുടങ്ങുന്ന ഈ സംഭഷണം വലിയ ശണ്ഠയായി അവസാനിക്കുന്നു. അവർ പരസ്പരം വെറുക്കുന്നു എന്നതാണ് ഇതിന് ഹേതു.

കെ. രഘുനാഥൻ “ഞാൻ നിവേദിത” എന്ന കഥയിൽ അവതരിപ്പിക്കുന്ന സ്ത്രീ വിവാഹിതയാണ്. പക്ഷേ, അവൾ ഉള്ളുകൊണ്ട് സ്നേഹിക്കുന്നത് വേറൊരു പുരുഷനെ. സാമൂഹിക നിയമങ്ങൾ ആ സ്നേഹസാക്ഷാൽക്കാരത്തിന് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് അവൾ നഴ്സറി സ്കൂൾ നടത്തുന്നു. കുട്ടികളെ സ്നേഹിക്കുന്നു. ഇരുപത്തേഴു കുട്ടികൾ. തൽക്കാലത്തേയ്ക്ക് അവരില്ല എന്നിരിക്കട്ടെ. കുളത്തിൽ കുളിക്കാൻ പോകുമ്പോൾ അവിടെ മത്സ്യമുണ്ട്. കുഞ്ഞുങ്ങളോടുള്ള സ്നേഹം മത്സ്യങ്ങളിലേക്ക് മാറ്റിയാൽ മതി. രഘുനാഥന്റെ ഈകഥ “സ്വഭാവപഠന”മാണ്; മനഃശാസ്ത്രത്തിൽ അടിയുറച്ച പഠനം (കഥ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ).

സൗന്ദര്യം മരിക്കുന്നു

രണ്ട് നിർവചനങ്ങൾ —

നളിനി: ടാഗോറിന്റെ ‘കവികാഹ്നി’ ചൂഷണം ചെയ്ത് രചിക്കപ്പെട്ടത് എന്ന് ജി. ശങ്കരക്കുറുപ്പ് എന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ള നല്ല ഖണ്ഡകാവ്യം.

ഇന്ദുലേഖ: ആവശ്യത്തിലധികം വാഴ്ത്തപ്പെട്ട ഒരിടത്തരം സൂപ്പർ‌ഫിഷൽ നോവൽ.

“ചീത്തക്കവിതയെഴുതാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന്: ചീത്തയായിത്തന്നെ എഴുതുക; രണ്ട്: അലക്സാണ്ടർ പോപ്പിനെപ്പോലെ എഴുതുക.” ഇങ്ങനെയോ ഇതിന് സദൃശമായ വിധത്തിലോ പറഞ്ഞത് ഓസ്കർ പൈർഡാണെന്നാണ് എന്റെ ഓർമ്മ . ഇത് മാന്യമായ ശകാരം. അമാന്യമായ ശകാരവുമുണ്ട്. വായനക്കാരോട് മാപ്പുചോദിച്ചുകൊണ്ട് ഞാനത് കുറിക്കുന്നു. പി. ദാമോദരൻ പിള്ള നല്ല നിരൂപകനായിരുന്നു, നല്ല ഗദ്യകാരനാായിരുന്നു, വലിയ ബുദ്ധിമാനായിരുന്നു. പക്ഷേ, അദ്ദേഹം പുരോഗമനത്തിന് എതിരായി നിന്നിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സ് “ഉത്തരവാദഭരണ” ത്തിനുവേണ്ടി പ്രക്ഷോഭണം കൂട്ടിയപ്പോൾ ദാമോദരൻ പിള്ള ഒരിക്കൽ എന്നോടു പറഞ്ഞു: ഇവന്മാർക്ക് സി.പി. രാമസ്വാമി അയ്യരുടെ കോണകം ഇടങ്ങഴി വെള്ളത്തിലിട്ട് വേകിച്ച്, പതിനാറിൽ ഒന്നാക്കി വറ്റിച്ച്, കഷായമുണ്ടാക്കി സേവിക്കാൻ കൊടുക്കണം. ഇത് അമാന്യമായ ശകാരം. കലാഹിംസ കാണുമ്പോൾ ചിലർ അമാന്യമായ ഉപാലംഭം നടത്താൻ പ്രവണതയുള്ളവരായിത്തീരും. തൊഴിലാളികളോട് ചേർന്ന് നിന്നുകൊണ്ട് അവരെ വഞ്ചിക്കുന്നവരുടെ നേർക്ക് ആ തൊഴിലാളികൾ മൂന്നാം കണ്ണ് തുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുലിയൂർ രവീന്ദ്രന് പറഞ്ഞേ തീരൂ. പറയട്ടെ. പക്ഷേ അദ്ദേഹത്തിന്റേത് പാട്ടല്ല, ഗർജ്ജനമാണ്. കവിതയുടെ നേർക്കുള്ള മൂന്നാംകണ്ണു തുറക്കലാണ്.

എന്റെ കോരം!
നിന്റെ കമ്പിളി-
ലിളകിമറിയൂ, കായലലകളി-
ലെന്റെ ദുഃഖക്കായമിത്തിരി
ഞാൻ കലക്കുമ്പോൾ
നിന്റെ നെഞ്ചിൽ നഞ്ചിടാനൊരു
പൊതിയഴിക്കുമ്പോൾ

ഇങ്ങനെ പോകുന്നു രവീന്ദ്രന്റെ ‘കാവ്യം’ (ദേശാഭിമാനി). ഇതു വായിക്കുമ്പോൾ ഓസ്കർ വൈൽഡാകാനല്ല, ദാമോദരൻപിള്ളയാകാനാണെന്റെ ആഗ്രഹം.അത് മനസ്സിൽ അടക്കിവയ്ക്കട്ടെ. രവീന്ദ്രൻ ഇമ്മട്ടിൽ സൗന്ദര്യഹന്താവാകരുതെന്ന് ഉപദേശിക്കുകയും ചെയ്യട്ടെ.

ക്ഷമാപണത്തോടെ

പ്രസംഗംകൊണ്ടു സെൻസേഷൻ സൃഷ്ടിച്ച പ്രഭാഷകനുണ്ടായിരുന്നു മുൻപ്. ഞാനതു ഒരിക്കൽ കേട്ട് പുളകം കൊണ്ടു. രണ്ടാമതു കേട്ടപ്പോൾ പുളകം ഉണ്ടായില്ല. കാരണം കാണാതെ പഠിച്ച കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ ചിറയിൻകീഴ് വച്ചു കൂടിയ ഒരു സമ്മേളനത്തിൽ അദ്ദേഹവും പി. കേശവദേവും പ്രഭാഷകരായിരുന്നു. അവർ തമ്മിലൊരു തർക്കം. രണ്ടാമതായിട്ടേ താൻ പ്രസംഗിക്കുകയുള്ളൂ എന്ന് അദ്ദേഹം. കേശവദേവും അങ്ങനെ ശഠിച്ചു. ഒടുവിൽ ദേവ് എഴുന്നേറ്റു പറഞ്ഞു: “ശരി, ഞാൻ ആദ്യം പ്രസംഗിച്ചേക്കാം. പക്ഷേ മിസ്റ്റർ… എന്തു പ്രസംഗിക്കുമെന്നും ആ പ്രസംഗത്തിലെ വാക്യം എന്തായിരിക്കുമെന്നും എനിക്കറിയാം. അതിനുള്ള സമാധാനവും ഞാൻ നൽകിയേക്കാം.” ദേവ് രണ്ടാമത്തെ പ്രഭാഷകൻ പറയാൻ പോകുന്ന വാക്യങ്ങൾ ഓരോന്നായി പറഞ്ഞു. അവയ്ക്കു വിമർശനവും നൽകി. രണ്ടാമത്തെയാളിന്റെ ഊഴമെത്തി. അദ്ദേഹത്തിന്റെ വായടഞ്ഞു പോയി. താൻ പറയേണ്ട വാക്യങ്ങളാകെ ദേവ് പറഞ്ഞു കഴിഞ്ഞു. ‘എനിക്കൊന്നും പറയാനില്ല’ എന്നു പറഞ്ഞ് അദ്ദേഹം പോയി. ആളുകൾ ചിരിച്ചു. മനോരമ ആഴ്ചപ്പതിപ്പ് ഞാൻ കൈയിലെടുക്കുന്നു. അഞ്ചു നോവലുകൾ. ഒന്നും വായിക്കുന്നില്ല. എങ്കിലും ദേവിനെപ്പോലെ അഭിപ്രായപ്പെടുന്നു. അഞ്ചും പൈങ്കിളി നോവലുകളായിരിക്കും. പിന്നെ ഒരു കൊലപാതകവർണ്ണനം. ഇവ കഴിഞ്ഞാൽ പ്രൊഫസർ കെ. എം. തരകന്റെ ചിന്താപ്രധാനമായ ‘കാര്യവിചാരം’, വെല്ലൂർ പി. എം. മത്യുവിന്റെ മനശാസ്ത്രപരമായ വിശകലനം, ടോംസിന്റെ രസകരമായ കാർട്ടൂൺ. ഈ മൂന്നും ഞാൻ നോക്കാറുണ്ട്. അതു കഴിഞ്ഞാലോ? സ്റ്റുപിഡിറ്റിക്ക് പര്യായമെന്ന മട്ടിൽ സ്ഥലം നികത്താനായി കൊടുക്കുന്ന കൊച്ചു കാർട്ടൂണുകൾ. മാന്യന്മാരെ നിരന്തരം നിന്ദിക്കുന്ന വേറൊരു കാർട്ടൂൺ. ഇവ നോക്കേണ്ടതില്ല. അതുകൊണ്ട് കവർ പേജിലേക്കു “നടത്തി നേരേ നയനങ്ങൾ രണ്ടും”. സുഹാസിനിയുടെ ചിത്രം. സുന്ദരി. പക്ഷേ അവരുടെ സൗന്ദര്യം നിസ്സാരതയിലേക്കു ചെന്നു വിളറിപ്പോകും ‘ഫ്രന്റ് ലൈനി’ൽ കൊടുത്തൊരിക്കുന്ന സ്മിതപാട്ടീലിന്റെ ചിത്രങ്ങൾ കണ്ടാൽ. വിശേഷിച്ചും 106-ആം പുറത്തെ ചിത്രം. സ്ത്രീക്ക് ഈ സൗന്ദര്യം എങ്ങനെ കിട്ടി? What makes a woman beautiful? എന്ന ലേഖനത്തിൽ ഹാവ്‌ലകു എല്ലിസ് ഇതിനു മറുപടി നൽകിയിട്ടുണ്ട്. ഇതിനു മറുപടിയല്ലെങ്കിലും മറുപടിയായി തോന്നുന്ന മട്ടിൽ എഡ്‌വേഡ് ഷോർട്ടർ A History of Women’s Bodies എന്നൊരു നല്ല പുസ്തകം എഴുതിയിട്ടുണ്ട്. സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ച് ഒരു ‘ഡിമിസ്റ്റിഫിക്കേഷൻ’ നടന്നു കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതാണു ശരിയെന്ന് എനിക്കു തോന്നുന്നു. ഈ പുസ്തകത്തിൽ നൽകിയിട്ടുള്ള രണ്ടു നേരമ്പോക്കുകൾ: 1) ഒരുത്തൻ ഭാര്യയെ കണ്ടമാനം തല്ലിയതു കൊണ്ട് ഡോക്ടറെ വിളിച്ചു. ഫീസിന്റെ ഇരട്ടികൊടുത്തു. “ഇരട്ടി എന്തിന്?” “ഒന്ന് ഇത്തവണത്തേക്ക്. മറ്റേത് രണ്ടാമത് അടി കൊടുക്കുമ്പോഴേക്കുള്ളത്.” 2) ഗർഭച്ഛിദ്രം സംഭവിച്ച് ഡോക്ടറുടെ അടുത്തെത്തിയ സ്ത്രീയോട് അദ്ദേഹം: “ആ ചൊവ്വാഴ്ച നിങ്ങളുടെ ഭർത്താവ് നിങ്ങളെ തല്ലിയോ?” അവളുടെ മറുപടി: “അയാൾ എന്റെ തലയിലടിച്ചു. ഞാൻ വെളിയിൽ പോയിട്ടു തിരിച്ചുവന്നപ്പോൾ അയാൾ എന്റെ ഉടുപ്പാകെ വലിച്ചു കീറി.”

* * *

ഒരു കമന്റുമില്ലാതെ എം.പി. നാരായണപിള്ളയുടെ കലാകൗമുദി ലേഖനത്തിൽ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നു. കമന്റ് വായനക്കാർ നടത്തിയാൽ മതി.

“കൃഷ്ണമേനോൻ മത്സരിച്ച ബോബെയിലാരാണ് ഇന്നു മത്സരിക്കുന്നതെന്നറിയാമോ?

സുനിൽദത്ത്.

സുനിൽദത്ത് ആരാണ്?

നർഗീസിന്റെ ഭർത്താവ്.

നർഗീസാരാണ്?

രാജ്കപൂറിന്റെ ആയകാലത്തെ ചരക്ക്” (പുറം 20).

നിർവ്വചനങ്ങൾ

ഖസാക്കിന്റെ ഇതിഹാസം
അശ്ലീല പടങ്ങൾ പ്രയോഗിക്കാതെ സെക്സിന്റെ തേജസ്സെടുത്തു കാണിക്കുന്ന നല്ല നോവൽ.
ഫിഡിൽ
അശ്ലീല പദങ്ങൾ പ്രയോഗിക്കാതെ കലയെ വൾഗറാക്കിക്കാണിക്കുന്ന നോവൽ.
നളിനി
ടാഗോറിന്റെ ‘കവികാഹ്നി’ ചൂഷണം ചെയ്ത് രചിക്കപ്പെട്ടത് എന്നു ജി. ശങ്കരക്കുറുപ്പ് എന്നോടു പലപ്പോഴും പറഞ്ഞിട്ടുള്ള നല്ല ഖണ്ഡകാവ്യം.
ഇന്ദുലേഖ
ആവശ്യത്തിലധികം വാഴ്ത്തപ്പെട്ട ഒരിടത്തരം ‘സൂപർ‌ഫിഷൽ’ നോവൽ.
ലൈബ്രറി
ഭാര്യയുടെ ഉപദ്രവത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഗവേഷണത്തിന്റെ പേരിൽ വന്നിരിക്കാൻ പറ്റിയ സ്വർഗ്ഗം.
സർവ്വകലാശാലാ പ്രഭാഷണങ്ങൾ
അവിദഗ്ദന്മാരുടെ ‘പ്ലാറ്റിറ്റ്യൂഡുകൾ’ ആവിഷ്കരിക്കപ്പെടുന്ന വാക്യസമുച്ചയം.
കോളേജ് യൂണിയൻ ഉദ്ഘാടനം
അദ്ധ്യക്ഷ്യം വഹിക്കാൻ ചെർനെൻകോയും, ഉദ്ഘാടനം ചെയ്യാൻ റെയ്ഗനും, പ്രസംഗിക്കാൻ സിയോപിങ്ങും, കൃതജ്ഞത പറയാൻ താച്ചറും വേണമെന്നു കരുതി തിരുവനന്തപുരത്തെത്തുന്ന യൂണിയൻ ഭാരവാഹികൾ ആരെയും കിട്ടാതെ എം. കൃഷ്ണൻ നായരെ വിളിച്ചു കൊണ്ടുപോയി പ്രസംഗിപ്പിക്കുകയും കൃതജ്ഞത പ്രകാശിപ്പിക്കുന്ന സന്ദർഭത്തിൽ അയാളെ അപമാനിച്ചു വിടുകയും ചെയ്യുന്ന ചടങ്ങ്.

ക്രിസ്തു ശിഷ്യന്റെ മര്യാദ

പ്രേതബാധ — ഒരപഗ്രഥനം എന്ന പേരിൽ പി.എം. മാത്യു വെല്ലൂർ മനോരമ ആഴ്ചപ്പതിപ്പിൽ രണ്ടു ലേഖനങ്ങളെഴുതി. അവയ്ക്കു മറുപടിയെന്ന നിലയിൽ ഫാദർ ജിയോ കപ്പലുമാക്കൽ പൗരധ്വനി വാരികയിലെഴുതിയ ലേഖനം (ലക്കം 52) പ്രിയപ്പെട്ട വായനക്കാർ ഒന്നു നോക്കേണ്ടതാണ്. ഒരു മര്യാദയുമില്ലാത്ത കാലമാണിതെന്ന് എനിക്കറിയാം. എങ്കിലും ഇത്രത്തോളമാകാമോ? ക്രിസ്തു ശിഷ്യനായ ജിയോ കപ്പലുമാക്കൽ എഴുതുന്നു:

അസുഖത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ സെന്ററിൽ കിടക്കുമ്പോഴാണ് ഞാൻ ശ്രീ. പി.എം. മാത്യുവിനെ ആദ്യമായി കാണുന്നത്. പ്രസിദ്ധമായ വെല്ലൂർ ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്ത പ്രശസ്തനും പക്വമതിയുമായ ഒരാളുടെ ചിത്രമാണു മാത്യു വെല്ലൂർ എന്ന നാമം എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നത്. എന്നാൽ മറുനാടൻ ഫോമിലുള്ള, ചെറുപ്പക്കാരനായ ഒരു താടിമീശക്കാരനെയാണു നേരിൽ കണ്ടത്. ഈ പ്രശസ്തൻ എന്തേ ഇത്ര വേഗം ആശുപത്രിവിട്ടുപോരേണ്ടിവന്നു എന്ന ചിന്തയാണ്, അദ്ദേഹം സ്വയം എനിക്കു പരിചയപ്പെടുത്തിയപ്പോൾ മനസ്സിലേക്ക് കടന്നു വന്നത്.

മാത്യുവിന്റെ വാദങ്ങൾക്കു മറുപടി പറയുക എന്ന മുഖ്യമായ പ്രവൃത്തി മറന്ന് പുരോഹിതനായ ജിയോ അദ്ദേഹത്തിന്റെ ആകൃതി വർണ്ണിക്കുന്നു; അതും പുച്ഛമാർന്ന മട്ടിൽ. “എന്നോടു ചേർന്നു നിൽക്കാത്തവൻ എന്റെ എതിരാളി” എന്നു പറഞ്ഞ മനുഷ്യപുത്രൻ കപ്പലുമാക്കലിനെ സുഹൃത്തായി കരുതുമോ? അതോ എതിരാളിയായി കരുതുമോ? എന്നെപ്പോലുള്ള സാധാരണ മനുഷ്യർ നിയന്ത്രണം വിട്ടു സംസാരിക്കുന്നത് ഒരളവിൽ മനസ്സിലാക്കാം. സുജനമര്യാദയുടെ ശാശ്വത പ്രതിരൂപങ്ങളായി വർത്തിക്കേണ്ട പുരോഹിതന്മാർ ഇമ്മട്ടിൽ സഭ്യതയുടെ സീമ ലംഘിക്കുന്നത് ശരിയല്ല. മര്യാദ വെറും കാപട്യമല്ല. അന്തരംഗം ശുദ്ധമായവനേ മര്യാദ പാലിക്കാൻ കഴിയൂ.

* * *

കരഘോഷം കൊണ്ടു മുഖരിതമായ ഹോളിൽ നിന്നു പിയാനോ വായിച്ചയാൾ പോകാൻ ഭാവിച്ചപ്പോൾ ഒരു പെൺകുട്ടി അയാളെ സമീപിച്ച് “സർ, ഓട്ടോഗ്രാഫ് തരുമോ?” എന്നു ചോദിച്ചു. “ഇല്ല കുട്ടീ എന്റെ കൈകൾ പിയാനോ വായിച്ചു തളർന്നിരിക്കുകയാണ്” എന്നു മറുപടി. പെൺകുട്ടി പറഞ്ഞു: “എന്റെ കൈകളും തളർന്നിരിക്കുകയാണ്. കൈയടിച്ചതിന്റെ ഫലമായ തളർച്ച.” പുഞ്ചിരിയോടെ പിയാനിസ്റ്റ് ഓട്ടോഗ്രാഫ് നൽകി.

പലരും പലതും

സങ്കര സംസ്കാരത്തിന്റെ ഉജ്ജ്വല പ്രതീകമായി ഇന്ദിരാഗാന്ധിയെ കാണുന്നു, പി.പി. ഉമ്മർ കോയ (ചന്ദ്രിക വാരിക) സംസ്കാരഭദ്രമായ മനസ്സ് സംസ്കാരസൗന്ദരഭ്യം ശ്വസിക്കുന്നു. ആ മനസ്സിന് എന്റെ അഭിവാദനം.

രാമകൃഷ്ണൻ ഒരു കുറ്റവും ചെയ്യാത്ത നല്ലവൻ. പക്ഷേ, തെളിവുകൾ അയാളെ കൊലപാതകിയാക്കുന്നു. ഇതാണ് വി.പി. മനോഹരൻ ‘ഈയാഴ്ച’ വാരികയിലെഴുതിയ “ഒരു കുറ്റാന്വേഷണ കഥയുടെ അന്ത്യം” എന്ന കഥയുടെ സാരം. ഐഡന്റിറ്റിയെക്കുറിച്ചുള്ള ഇത്തരം കഥകൾ ഞാൻ ധാരാളം വായിച്ചിട്ടുണ്ട്. വിശേഷിച്ചും മാക്സ്ഫ്രിഷിന്റെ I’am not Stiller എന്ന ഉജ്ജ്വലമായ നോവലും. അതുകൊണ്ടു മനോഹരന്റെ കഥയിൽ ഒരു പുതുമയും തോന്നിയില്ല എനിക്ക്.

കുഞ്ഞച്ചൻ പള്ളിയിൽ പോകേണ്ട സമയത്ത് ഷാപ്പിൽ കയറി കള്ളു കുടിക്കുന്നു. അയാളുടെ ഛർദ്ദിക്കലും പശ്ചാത്താപവും മതിവിഭ്രമവും ചെറിയാൻ കെ. ചെറിയാന്റെ “കുഞ്ഞച്ചൻ” എന്ന കഥയിലെ വിഷയങ്ങൾ. കവിയും കഥാകാരനുമായ അദ്ദേഹം ഇത്തരത്തിലൊരു ബോറൻ കഥ എങ്ങനെ രചിച്ചു എന്നാലോചിച്ച് ആലോചിച്ച് എനിക്കും കുഞ്ഞച്ചനെപ്പോലെ മതിവിഭ്രമം (കഥ, കഥാമാസികയിൽ).

* * *

ഞാനൊരു പണ്ഡിതനും വിവേകശാലിയുമാണെന്നു തെറ്റിദ്ധരിച്ച് പലരും ജീവിതത്തെ സംബന്ധിക്കുന്ന സംശയങ്ങൾ പരിഹസിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. എന്റെ വായനക്കാരിൽ നിന്ന് ഒരു വ്യത്യസ്തതയും എനിക്കില്ല. എങ്കിലും “പരാജയം എങ്ങനെ ഒഴിവാക്കാം” എന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകട്ടെ.

  1. സ്വന്തം അഭിമാനത്തിനു മുറിവു പറ്റുന്ന വിധത്തിൽ സ്ത്രീകളോടു ദാക്ഷിണ്യം കാണിക്കരുത്.
  2. ഒന്നിലും ഒരുത്തനെയും ചൂഷണം ചെയ്യരുത്.