close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 08 28


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 08 28
മുൻലക്കം 1998 08 21
പിൻലക്കം 1998 09 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അമേരിക്കയിലെ ധിഷണാശാലിനിയായ സൂസൻ സൊന്റ്റാഗ് (Susan Sontag ജനനം 1933) മൗലികങ്ങളായ വിമർശന ഗ്രന്ഥങ്ങൽ കൂടാതെ നോവലുകളും എഴുതിയിട്ടുണ്ട്. അവയിൽ പ്രാധാന്യമുള്ളത് The Volcano Lover എന്ന ചരിത്രസംബന്ധിയായ ആഖ്യായികയ്ക്കാണ്. (Historical Romance) തെക്കെ ഇറ്റലിയിലെ നേപൾസ് ഉൾക്കടലിന്റെ കിഴക്കുഭാഗത്തുള്ള വെസൂവിയസ് (Naples- Vesuvius) അഗ്നിപർവ്വതത്തെക്കുറിച്ച് ഒരിംഗ്ലീഷുകാരനുണ്ടാകുന്ന നിരന്തരപീഡയാണ് ആ നോവലിന്റെ പ്രതിപാദ്യവിഷയം. അഗ്നിപർവ്വതത്തിന്റെ അംശങ്ങൾ ശേഖരിച്ചു പരിശോധിച്ചാൽ അതിന്റെ (അഗ്നിപർവ്വതത്തിന്റെ) സത്യം ഗ്രഹിക്കാമെന്നാണ് അയാളുടെ വിചാരം. ഇതൊരു വ്യാമോഹമാണല്ലോ. കടലിലെ ഒരുതുള്ളി വെള്ളത്തിൽ കടലിന്റെ എല്ലാ സ്വഭാവവും കാണാമെന്നു ഖലീൽ ജിബ്രാൻ പറഞ്ഞെങ്കിലും അതത്ര ശരിയല്ല. കവിയുടെ ഭാവനാത്മകമായ പ്രസ്താവമായി മാത്രം അതിനെ കണ്ടാൽ മതി. മരത്തെ വർണ്ണിക്കാൻ ഉദ്യമിക്കുന്ന എഴുത്തുകാരൻ അതിന്റെ ഒരിലയെ മാത്രം വർണ്ണിച്ചാൽ മതിയോ? അതുപോലെ ഒരു സാഹിത്യകൃതിയെക്കുറിച്ചു സമ്പൂർണ്ണമായും അറിയാൻ അതു ജനനം കൊണ്ട ഭൂവിഭാഗം, നഗരം, രാജ്യം ഇവയെല്ലാം അറിയണമെന്ന് അഭിപ്രായമുണ്ട്. ഇതിന്റെ സാക്ഷാത്കാരമാണ് The Atlas of Literature എന്ന അതിസുന്ദരമായ ഗ്രന്ഥം. (General Editor Malcom Bradbury- De Agostini Editions- London- Pages 392) നോവലെഴുത്തുകാർ, കവികൾ, കഥാകാരന്മാർ ഇവരൊക്കെ അവരുടെ ഭൂവിഭാഗങ്ങളോട്, നഗരങ്ങളോട്, രാജ്യത്തോട് എങ്ങനെ ബന്ധപ്പെട്ടു, ആ സ്ഥലങ്ങൾ അവരിൽ എന്തു പ്രതികരണമുളവാക്കി എന്നൊക്കെ വിശദീകരിക്കുന്ന ഇപ്പുസ്തകം നമ്മുടെ സാഹിത്യാസ്വാദനത്തെ വികസിപ്പിക്കുന്നു. ദാന്തെയുടെ ഫ്ലോറെൻസ്, ഷേക്സ്പിയറിന്റെ സ്റ്റ്രാറ്റ്ഫോഡ് അപോൺ ഏവൻ, മൊണ്ടേന്റെ (ഫ്രഞ്ച് ഉച്ചാരണം വിഭിന്നം) ബോർദോ (Bordeaux), വൊൾതേറിന്റെ പാരീസ്, ജോൺസന്റെ ലണ്ടൻ. ഇവയെല്ലാം ആലേഖനം ചെയ്തിട്ട് പ്രധാനപ്പെട്ട എഡിറ്ററും മറ്റു ലേഖകരും മാർകേസിന്റെ കൊളംബിയ, നെറൂദയുടെ ചിലി, ഔഗുസ്തോ റോഅ ബാസ്തോസിന്റെ പരാഗ്വേ, ബോർഹെസിന്റെ ആർജന്റിന, അമാദുവിന്റെ ബ്രസീൽ എന്നീ രാജ്യങ്ങളിലേക്ക് എത്തുന്നു. ആയിരമായിരം സാഹിത്യകാരന്മാരുടെയും അവരുടെ കൃതികളെയും കുറിച്ചുള്ള പ്രതിപാദനങൾ. നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത അവരുടെ (സാഹിത്യകാരന്മാരുടെ) കമനീയങ്ങളായ ചിത്രങ്ങൾ. ഇൻഡോ ആംഗ്ലിയൻ സാഹിത്യകാരന്മാരെയും ഇവിടെ വിട്ടുകളഞ്ഞിട്ടില്ല. പണ്ഡിതന്മാരായ വിമർശകരാണ് ഇതിലെ പ്രബന്ധങ്ങൾ എഴുതിയത്. രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച നിരൂപകരാണല്ലോ മാൽക്കം ബ്രാഡ്ബറി (Malcom Bradbury). അദ്ദേഹമാണ് ഇതിലെ പല പ്രബന്ധങ്ങളുടെയും രചയിതാവ്. ഗ്രന്ഥത്തിന്റെ സ്വഭാവം ഗ്രഹിക്കാൻ “Latin American Writing: A Literary Heritage Explained” എന്ന വിഭാഗത്തിൽനിന്ന് ഒരു ഭാഗം എടുത്തെഴുതട്ടെ:

“Like Borges, Marquez is a very great poet who happens to write in prose; we read him with an intense pleasure that overlooks ram shackle narrative and neglect of characterization. However the great phase of Magical Realism is probably over. The currency has been devalued, become self-conscious, self-mocking, as in Mexican Laura Esquivel’s popular ‘Like Water For Chocolate’ (1989)” (Page 301)

സാഹിത്യത്തെ സ്നേഹിക്കുന്നവരുടെയെല്ലാം കൈയിലുണ്ടായിരിക്കേണ്ട പുസ്തകമാണിത്.

ഉദാത്ത സംഗീതം

പാവ്ലോ കാസാൽസ് (Pablo Cassala 1876-1973) വിശ്വവിഖ്യാതനായ വയലൻ ചെലിസ്റ്റായിരുന്നു. (Violoncellist. Cello- ചെലോ എന്നത് ഒരു സംഗീതോപകരണം. ചെലോ വായിക്കുന്നയാൾ ചെലിസ്റ്റ് അല്ലെങ്കിൽ വയലൻ ചെലിസ്റ്റ്). അമേരിക്കൻ പ്രബന്ധകാരനും ദീർഘകാലം Saturday Review എന്ന ഉജ്ജ്വലമായ പ്രസാധനത്തിന്റെ എഡിറ്ററുമായിരുന്ന നോർമൻ കസൻസ് (Norman Cousins 1912-1990) അദ്ദേഹത്തെ കണ്ടതിന്റെ ഒരു വിവരണം ഞാൻ വായിച്ചിട്ടുണ്ട്. കസാൽസിന് തൊണ്ണൂറുവയസ്സ്. പലതരത്തിലുള്ള രോഗങ്ങൾ അദ്ദേഹത്തിന്. അതുകൊണ്ട് തനിയെ വസ്ത്രധാരണം ചെയ്യാൻ വയ്യ. നടക്കൻ പ്രയാസം. Rheumatoid arthritis ആയിരുന്നു അദ്ദേഹത്തിന്റെ രോഗമെന്നു കസൻസിനു തോന്നി. ശ്വാസോച്ഛ്വാസത്തിനു തടസ്സം സൃഷ്ടിച്ചു എംഫിസീമ (emphysema) എന്ന രോഗം. യുവതിയും സുന്ദരിയുമായിരുന്ന ഭാര്യയുടെ സഹായത്തോടെ അദ്ദേഹം പീയാനോയുടെ അടുത്തുവന്ന് ഇരുന്നു. കാസാൽസിനു വല്ലാത്ത കൂന്. നടത്തം വേച്ചുവേച്ച്. കൈകൾ നീരുവന്നു വീർത്തിരുന്നു. വിരലുകൾ കൂട്ടിപ്പിടിച്ചുവച്ചിരുന്നു അദ്ദേഹം. കാസാൽസ് ഒരുവിധം പിയാനോക്ക് അടുത്ത് ഇരുന്നു. അതിന്റെ കട്ടകളിൽ അദ്ദേഹം വരലുകൾ വച്ചപ്പോൾ ഒരു മഹാദ്ഭുതം തന്നെയുണ്ടായി. പ്രകാശത്തിന്റെ നേർക്കു വിരിയുന്ന പൂമൊട്ടുകൾ പോലെ അദ്ദേഹത്തിന്റെ വിരലുകൾ വിരിഞ്ഞു. അവകൊണ്ട് അദ്ദേഹം ദിവ്യസംഗീതം പ്രവഹിപ്പിച്ചു. വിരലുകൾ അപ്പോൾ എത്ര ശക്തങ്ങൾ! എന്തൊരു വേഗത്തിലാണ് പിയാനോയുടെ കട്ടകളിലൂടെ അദ്ദേഹത്തിന്റെ വിരലുകൾ ഓടിയത്. വായനകഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു. അപ്പോൾ അദ്ദേഹത്തിനു പൊക്കം കൂടിയതുപോലെ തോന്നി. മുതുകിലെ കൂനും അപ്പോഴില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരലുകൾ മുറുകി. കൂന് തിരിച്ചെത്തി. അന്നു ടെലിവിഷന്റെ ആളുകൾ കാമറയുമായി വരുമെന്നും റെക്കേർഡിങ്ങ് നടത്തുമെന്നും അറിയാമായിരുന്നു. കാസാൽസിന് അതിനു സമ്മതമില്ല. എങ്കിലും ഭാര്യയുടെ നിർബന്ധത്താൽ അദ്ദേഹം വഴങ്ങി. അവരെത്തി. കാസാൽസിന്റെ നട്ടെല്ല് നിവർന്നു. അദ്ദേഹം സംഗീതോപകരണത്തിന്റെ അടുത്തെത്തി. ഉദാത്തസംഗീതം ഒഴുകുകയായി. ഈ മഹാദ്ഭുതം കസൻസ് ഒരു ദിവസം രണ്ടുതവണ കണ്ടതാണ്. പിന്നീടുള്ള ഓരോദിവസവും ഇതേരീതിയിലുള്ള പ്രക്രിയ നടന്നു. ഐശ്വരമായ പ്രപഞ്ചസംഗീതം അംഗവൈകല്യത്തെയും രോഗത്തെയും അതിലംഘിച്ചുകൊണ്ട് ഒരു മഹാനിലൂടെ ബഹിർഗ്ഗമിക്കുന്നതാണ് നമ്മൾ ഇവിടെ കാണുന്നത്.

ഇദ്ദേഹത്തെപ്പോലെയാണ് ശ്രീ. അഷ്ടമൂർത്തിയുടെ ‘ഉസ്താദ് അമീർഖാൻ’ എന്ന രചനയിലെ കഥാപാത്രമായ ആ പേരുള്ള ഗായകൻ. (രാജീവ്. കെ. എഴുതിയ ഹിന്ദുസ്ഥാനിസംഗീതം ഒരു പ്രദക്ഷിണം എന്ന പുസ്തകത്തോടുള്ള കടപ്പാട് സമ്മതിച്ചുകൊണ്ടാണ് അഷ്ടമൂർത്തി കഥ എഴുതിയിരിക്കുന്നത്). പ്രായം കൂടിയ അമീർഖാൻ ഒരു വേശ്യയോടുകൂടി കഴിയുന്നു. അവളാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നത്. സംഗീതത്തിൽ തല്പരരായ രണ്ടു യുവാക്കൾ കൂടെത്താമസിക്കാൻ ക്ഷണിച്ചിട്ടും അദ്ദേഹം പോയില്ല. മഹനീയമായ കലയുടെ ഉപാസകനായി അമീർഖാൻ തന്നെ സ്നേഹിക്കുന്ന ഗണികയോടുകൂടിത്തന്നെ താമസിച്ചു. ആഖ്യാനത്തിന്റെ സവിശേഷതകൊണ്ട് സംഭവങ്ങളുടെ സന്നിവേശത്തിന്റെ ചാരുതകൊണ്ട് ഹൃദ്യമായിരിക്കുന്നു അഷ്ടമൂർത്തിയുടെ രചന. പക്ഷേ കഥയുടെ അർത്ഥനകൾ മാനിക്കുന്നില്ല അദ്ദേഹമെന്നതുകൊണ്ട് ഇതിനെ കഥയെന്നു വിശേഷിപ്പിക്കാൻ എനിക്കു ധൈര്യമില്ല. (രചന ഭാഷാപോഷിണി മാസികയിൽ- ഓഗസ്റ്റ് 1998)

ചോദ്യം, ഉത്തരം


Symbol question.svg.png എന്റെ ഒരു സ്നേഹിതൻ എപ്പോഴും വാ തുറന്നുവച്ചാണിരിക്കുന്നത്. എന്തുകൊണ്ട്?

നിങ്ങളുടെ സ്നേഹിതൻ പിശുക്കനാണ്. പിശുക്കു കൂടുന്തോറും വാ കൂടുതൽ കൂടുതൽ തുറന്നുവരും. ആ പ്രക്രിയയോടൊരുമിച്ച് മടിശ്ശീലയുടെ കെട്ട് കൂടുതൽ മുറുക്കുകയും ചെയ്യും. ഇതു വെറുതെ പറയുകയല്ല. എന്റെ ഒരു ബന്ധുവുണ്ടായിരുന്നു, വലിയ പിശുക്കനായി. അദ്ദേഹം എപ്പോഴും വാ തുറന്നുവച്ചേ ഇരിക്കൂ.

Symbol question.svg.png എന്റെ ചെറുപ്പകാലത്ത് കാറുകൾക്ക് ‘പ്ലഷർ കാർ’ എന്നു പറയുമായിരുന്നു. ഇപ്പോഴെന്തേ പ്ലഷർ എന്ന വാക്ക് ഇല്ലാതെയായി?

സുന്ദരിയായ ചെറുപ്പക്കാരി ഓടിക്കുന്ന കാറിന്റെ ഇടതുഭാഗത്ത് അവളുടെ വിരൂപനായ ഭർത്താവിരുന്നാൽ പ്ലഷർ എവിടെ? സുന്ദരനായ യുവാവ് ഓടിക്കുന്ന കാറിന്റെ ഇടതുവശത്ത് വൈരൂപ്യമുള്ള ഭാര്യയിരുന്നാൽ പ്ലഷർ എവിടെ? പണ്ട് ഇങ്ങനെ ദമ്പതികൾ യാത്ര നടത്തുകയില്ലായിരുന്നു. ഇപ്പോഴുണ്ട് അത്. അങ്ങനെ പ്ലഷർ കാർ വെറും കാറായി.

Symbol question.svg.png വർജ്ജിക്കേണ്ടത് എന്തെല്ലാം?

ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും? അത്രയ്ക്കു വ്യാപ്തിയില്ലേ ഇതിന്? പിന്നെ വീട്ടിൽ ഉറക്കെശ്ശബ്ദിക്കുന്ന സ്ത്രീയും പുരുഷനും കുട്ടിയും വർജ്ജിക്കപ്പെടേണ്ടവരാണെന്ന് എനിക്കു തോന്നുന്നു. പുരുഷൻ ശബ്ദമുയർത്തിയാൽ അതു തെറ്റാണെങ്കിലും ഒരളവിൽ സഹിക്കാം. അട്ടഹസിക്കുന്ന സ്ത്രീ സ്ത്രീയല്ല. Caricature ആണ്.

Symbol question.svg.png ഞാനൊരു എൻ. ജി. ഒ യാണ്. എന്താണ് എന്റെ എപ്പോഴുമുള്ള വിചാരം?

ശമ്പളം കിട്ടുന്ന ദിവസം വരാതിരിക്കേണമേ എന്നാകും വിചാരം.

Symbol question.svg.png എഴുപതുവയസ്സു കഴിഞ്ഞ സ്ത്രീകൾ മുടിപകുത്തു തലയിൽ സിന്ദൂരം വാരിത്തേക്കുന്നതെന്തിന്?

അന്തരിച്ചുപോയ അനുഗ്രഹീതനായ ഹാസ്യചിത്രകാരൻ പി. കെ. മന്ത്രിയുടെ ഒരാശയം കടമെടുത്തു ഉത്തരമെഴുതുകയാണ്. ‘ഞാൻ വിവാഹം ചെയ്തവളാണ്. എന്നെ ഒരു പുരുഷനും ആഗ്രഹിക്കേണ്ടതില്ല’ എന്ന് അറിയിക്കാനാണ് അത്.

Symbol question.svg.png താങ്കളുടെ ഏറ്റവും വലിയ പേടി?

പ്രഗൽഭരാണ് പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഡോക്ടർമാർ. എങ്കിലും എനിക്ക് അവരുടെ വീടുകളിൽ പോകാൻ പേടിയാണ്. കാരണങ്ങൾ: 1. രോഗികൾ ഊഴം കാത്തിരിക്കുന്ന സ്ഥലത്ത് ഫാൻ കാണുകില്ല. വേണ്ടിടത്തോളം വെളിച്ചം കാണുകില്ല. 2. റ്റീപോയിയിൽ ഇട്ട വാരികകൾക്ക് ഒരു വർഷത്തോളം പഴക്കം കാണും. 3. ഡോക്ടറുടെ അടുത്തേക്ക് ചെന്നാൽ അല്പം മുൻപ് മെഡിക്കൽ റെപ്രസെന്റെറ്റീവ് കൊടുത്ത പുതിയ മരുന്നുകൾ കാണും. ചെല്ലുന്ന പാവപ്പെട്ട രോഗിക്കു അവ കൊടുത്ത് മരുന്നുകളുടെ നന്മയോ തിന്മയോ പരിശോധിച്ചുകളയും ഡോക്ടർ.

Symbol question.svg.png ഇപ്പോൾ വാക്യങ്ങളിലെ തെറ്റുകൾ എടുത്തുകാണിക്കാത്തതെന്താണ്?

അന്യൂനമായ ഗദ്യമെഴുതാൻ ഒക്കുകില്ല എന്നതുകൊണ്ടുതന്നെ. എ. ആർ. രാജരാജവർമ്മ, ഉള്ളൂർ, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, കുട്ടികൃഷ്ണമാരാർ ഇവരുടെ രചനകൾ നോക്കുക. പല വാക്യങ്ങളും തെറ്റാണെന്നു കാണാം. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിന്റെ തുടക്കത്തിൽതന്നെ തെറ്റുകൾ ഏറെയുണ്ട്. 1. ‘ഒരുവൻ തന്റെ അന്തർഗ്ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ച് അന്യനു ഗ്രഹിക്കുവാൻ പര്യാപ്തവുമായ വർണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ’- ഈ വാക്യം ശരിയല്ല. ഉച്ചരിക്കുന്നതും എന്നെഴുതിയ സ്ഥിതിക്ക് പര്യാപ്തവുമായ എന്നതിനു ഉചിതമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ‘ഉച്ചരിക്കുന്നതും’ എന്നത് ഒരു രൂപത്തിൽ. ‘പര്യാപ്തവുമായ’ എന്നതു മറ്റൊരുവിധത്തിൽ. വാക്യവൈരൂപ്യമാണ് ഇവിടെ. 2. ‘ഒരു മനുഷ്യന്റെ വായിൽനിന്നു പുറത്തുപോകുന്ന ശ്വാസം ഏതെങ്കിലും ഒച്ച പുറപ്പെടുവിക്കുന്നു എങ്കിൽ അതിനെ ധ്വനിയെന്നും ഒറ്റതിരിഞ്ഞു നിൽകുന്ന ധ്വനിയെ വർണ്ണമെന്നും പറയുന്നു’- ഈ വാക്യം ഹതബന്ധമാണ്. എങ്കിൽ എന്നെഴുതിയതുകൊണ്ട് അതിനുസമാനമായ വേറൊരു പ്രയോഗം വേണ്ടിയിരുന്നു. ഉള്ളൂർ അനവധാനതയാൽ ‘ഒറ്റതിരിഞ്ഞുനിൽക്കുന്ന ധ്വനിയെ’ എന്നെഴുതി തുല്യതയ്ക്കു ഹാനിവരുത്തി. ഇനി സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയുടെ ഒരു പ്രയോഗം കാണുക. അദ്ദേഹമെഴുതി: ‘കോലഭംഗി എന്നാൽ രൂപസൗന്ദര്യമെന്നാണ് വിവക്ഷ. ശുദ്ധമലയാളമായ കോലവും സംസ്കൃതമായ ഭംഗിയും ചേർത്തു സമാസിച്ചത് കുറെ വിലക്ഷണമായി തോന്നുന്നു’- ഭംഗി എന്ന സംസ്കൃതപദത്തിന് സൗന്ദര്യം എന്ന അർത്ഥമുണ്ടെന്ന് പി. കെ. ധരിച്ചതാണ് തെറ്റ്. സൗന്ദര്യമെന്ന അർത്ഥം സംസ്കൃതപദമായ ഭംഗിക്കില്ല. ഇങ്ങനെ ഏറെപ്പറയാം. ആർക്കും അന്യൂനമായി എഴുതാൻ കഴിയുകയില്ല എന്നു ഒരിക്കൽക്കൂടി പറയട്ടെ. ‘സകലമാന’ പ്രയോഗങ്ങളെയും തിരുത്തുന്ന ഒരു പണ്ഡിതൻ- വൈയാകരണൻ- ‘കവിതാവാസന ജന്മസിദ്ധമായി ലഭിക്കുന്നതാണ് എന്ന് എഴുതിയിരിക്കുന്നു. ‘കവിതാവാസന ജന്മസിദ്ധമാണ്’ എന്നു പറഞ്ഞാൽ മതിയാവുകയില്ലേ? സിദ്ധമെന്ന പ്രയോഗത്തിനുതന്നെ ലഭിച്ചത് എന്ന് അർത്ഥമില്ലേ. ഇതൊക്കെക്കൊണ്ട് സുസ്പഷ്ടതയുള്ള തെറ്റുകളെ മാത്രമേ ഞാൻ തിരുത്താറുള്ളൂ. അതു ചെയ്യുമ്പോൾ എനിക്കു തെറ്റുവരില്ല എന്ന നാട്യവുമില്ല. ഈ ലേഖനത്തിൽത്തന്നെ തെറ്റുകൾ ഏറെക്കാണും.

ചവിട്ടിന്റെ സുഖം

പുരുഷന്മാർക്ക് സ്ത്രീകളുടെ ചവിട്ട് ഇഷ്ടമാണെന്നു പണ്ടത്തെ ആളുകൾ പറഞ്ഞിട്ടുണ്ട്. അതു മറന്നാണ് പാർവ്വതിയുടെ തോഴി ദേവിയോടുപറഞ്ഞത്, പ്രണയപരിഭവമകറ്റാൻവേണ്ടി ശിവൻ കുമ്പിടുമ്പോൾ അദ്ദേഹത്തിന്റെ തലയിലെങ്ങും ചവിട്ടരുതെന്ന്. ‘ശതോദരീ നീ ചവിട്ടരുതെങ്ങുമേ’ എന്ന ഒരു വരി മാത്രമേ ഓർമ്മയിലുള്ളൂ (ഗിരിജാകല്യാണം). തോഴി അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നാണ് എന്റെ തോന്നൽ. കാരണം തളിരിനു തുല്യമായ കാലുകൊണ്ടുള്ള പാർവ്വതിയുടെ ചവിട്ട് ശിവനു സുഖപ്രദമാകാനേ വഴിയുള്ളൂ. മരം പുഷ്പിക്കുന്നതിനുവേണ്ടി നായിക അതിനെ ചവിട്ടുമ്പോൾ ‘സരസപല്ലവ കോമളമായ’ പാദം “പരുപരുത്ത മരത്തിലണയ്ക്കയാൽ പറക ചെറ്റൊരു വേദന പറ്റിയോ?” എന്നാണ് നായകന്റെ ചോദ്യം അവളോട് (മാളവികാഗ്നിമിത്രം). നായികയ്ക്കു വേദനയുണ്ടായിരിക്കില്ല. മരത്തിന് ആഹ്ലാദവും ജനിച്ചിരിക്കും. തീർച്ച.

ബസ്സുകളിലാണ് ചവിട്ടിന് പ്രധാന്യം. പുരുഷൻ സ്ത്രീയെയും സ്ത്രീ പുരുഷനെയും ചവിട്ടും. മൃദുലമായ ചവിട്ടായിരിക്കുമെന്നേയുള്ളൂ. മുൻപിലത്തെ സുന്ദരിയുടെ കാലിൽ ചവിട്ടാനായി പിറകിലെ സീറ്റിൽ ഇരിക്കുന്നവൻ അറിയാത്തമട്ടിൽ കാല് മെല്ലെ മുന്നോട്ടുനീക്കുമ്പോൾ പുരുഷന്റെ ഏതു പരാക്രമവും ഉള്ളിലെ കണ്ണുകൊണ്ടുകാണുന്ന സ്ത്രീ കാല് ഇരുത്തിടത്തുതന്നെ വച്ച് പുരുഷപാദത്തിനു സ്വാഗതമരുളിയാൽ അവൾക്കു ചവിട്ടു ഇഷ്ടമെന്നർത്ഥം. അതല്ല, പുരുഷന്റെ കാല് ലക്ഷ്യത്തിലെത്തിക്കഴിയുമ്പോൾ അവിടെ സ്ത്രീപാദമില്ലെന്നു മനസ്സിലാക്കിയാൽ അയാളെ അവൾക്കിഷ്ടമല്ലെന്നർത്ഥം. പല സ്ഥലങ്ങളിലും അയാൾ കാലോടിച്ച് ഒരിടത്തുമില്ല പെണ്ണിന്റെ കാല് എന്നുമനസ്സിലാക്കി സ്വന്തം കാല് പിൻവലിക്കും. അപ്പോൾ അയാളുടെ മുഖം കാണേണ്ടതാണ്. വിളറിവെളുത്തിരിക്കും.

ഞാൻ ഇരുപത്തിയഞ്ചുകൊല്ലമായി തിരുവനന്തപുരത്തെ ‘സിറ്റി സർവീസ്’ ബസ്സിൽ കയറിയിട്ട്. ഇനിയുള്ള ഹ്രസ്വകാലം ബസ്സിൽ കയറാതെ കഴിച്ചുകൂട്ടാനാണ് ഉദ്ദേശം. ഈ കാൽ ശതാബ്ദത്തിനുമുൻപ് സിറ്റി ബസ്സിൽ കയറിനിന്നപ്പോൾ ഒരു ദുഷ്ടൻ എന്റെ കാലുചവിട്ടിത്തിരുമ്മിക്കളഞ്ഞു. വല്ലാത്ത വേദനയുണ്ടായെങ്കിലും ഞാൻ ദേഷ്യപ്പെട്ടില്ല. അയാളുടെ മുതുകിൽത്തട്ടി ഞാൻ ചോദിച്ചു ‘ചെരിപ്പിട്ടിട്ടുണ്ടോ?’ ‘ഉണ്ട്’ എന്ന് അയാൾ മറുപടി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു: ‘എങ്കിൽ നാലഞ്ച് ആണികൂടെ അതിൽ വയ്ക്കണം. എന്റെ കാലിൽ ദ്വാരം വീണില്ല. അതുകേട്ട് മറ്റുയാത്രക്കാർ ചിരിച്ചെങ്കിലും അയാൾ ചിരിച്ചില്ല. പുരുഷന്റെ ചവിട്ട് പുരുഷന് ഇഷ്ടമല്ല. ചെരിപ്പിട്ട കാലുകൊണ്ടുള്ള ചവിട്ട് തീരെയിഷ്ടമല്ല.

കഥയുടെ വാഹനത്തിൽ കയറിയ ശ്രീ. വി വിനയകുമാറിന് സുന്ദരിയായ ഹാസ്യാംഗനയെ കാലുകൊണ്ട് സ്പർശിക്കാൻ ആഗ്രഹം. അദ്ദേഹം സ്പർശിക്കുന്നു. വിനയകുമാറിനു സന്തോഷം. അംഗനയ്ക്കു സന്തോഷം. അതുകാണുന്ന നമുക്കും സന്തോഷം. ദാമ്പത്യജീവിതത്തിലെ ക്ഷുദ്രങ്ങളായ സംഭവങ്ങൾ ആവിഷ്കരിക്കുന്ന ‘തള്ളേ’ എന്ന അദ്ദേഹത്തിന്റെ ചെറുകഥയെക്കുറിച്ച് എനിക്ക് ഇതിൽക്കൂടുതലായി ഒന്നും പറയാനില്ല. പറയാനുണ്ടെന്ന് അദ്ദേഹത്തിനും അഭിപ്രായം കാണുകയില്ല. (ബസ്സിലെ ചവിട്ടിനെക്കുറിച്ച് കൂടുതലറിയണമെങ്കിൽ ഉറുഗ്വേയിലെ സാഹിത്യകാരനായ ഓറാത്യോ കീറോഗയുടെ (Horacio Queroga 1878-1937) Three Letters and Footnote എന്ന മനോഹരമായ കഥ വായിക്കണം).

പല വിഷയങ്ങൾ

രാജവാഴ്ച കൊടുമ്പിരിക്കൊണ്ട കാലയളവിലാണ് ജീവിതത്തിന്റെ മുക്കാൽ പങ്കും എനിക്കു കഴിച്ചുകൂട്ടേണ്ടതായിവന്നത്. സർക്കാരുദ്യോഗസ്ഥനായിരുന്ന ജനയിതാവ് തൊട്ടുയർന്ന ഉദ്യോഗസ്ഥനെ യജമാനൻ എന്നു വിളിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരെ നേരിട്ടുകാണാതെ അദ്ദേഹം അവരെക്കുറിച്ച് ഞങ്ങളോട് സംസാരിക്കുമ്പോൾ അമ്പാട്ടു രാമൻപിള്ള അദ്ദേഹം, ദാമോദരൻ ആശാനദ്ദേഹം, സി. ഒ. മാധവനദ്ദേഹം എന്നൊക്കെയേ പറയൂ. ജനയിതാവ് ചിലപ്പോൾ എന്നെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്മാരെ കാണാൻ അയയ്ക്കാറുണ്ടായിരുന്നു. പന്ത്രണ്ടുവയസ്സുള്ള ബാലൻ പഞ്ചപുച്ഛമടക്കി ‘എന്റെ അച്ഛന് ഇന്ന സ്ഥലത്തേക്കു മാറ്റം കൊടുക്കണേ’ എന്നു അപേക്ഷിച്ചാൽ ഉടനെ മാറ്റം കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അങ്ങനെ എന്നെക്കൊണ്ട് അപേക്ഷിക്കുമ്പോൾ ഞാൻ മേലധികാരിയെ യജമാനൻ എന്നു വിളിക്കണമെന്ന് ജനയിതാവ് പലതവണ ഉപദേശിച്ചിരുന്നു. എക്സൈസ് കമ്മീഷണർ സി. ഒ മാധവൻ കുന്നുകുഴിയിൽ താമസിച്ചിരുന്ന കാലം. ഞാൻ ഒരു ദിവസം കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. നല്ല മനുഷ്യനായ സി. ഒ മാധവൻ എന്നോടു ദയാപൂർവം സംസാരിച്ചു. ‘യജമാനൻ എന്റെ അച്ഛന് ആലപ്പുഴയിലേക്കു മാറ്റം കൊടുക്കണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വന്നത്. യജമാനൻ സഹായിക്കണം. യജമാനൻ’ എന്റെ അസ്ഥാനത്തുള്ള യജമാനൻ വിളി കേട്ട് സി. ഒ. മാധവൻ ചിരിച്ചു. ‘ആട്ടെ. നോക്കാം’ എന്നു കാരുണ്യത്തോടെ പറഞ്ഞ് അദ്ദേഹം എന്നെ യാത്രയാക്കി. ഈ ട്രിക്ക് തന്നെ എക്സൈസ് കമ്മീഷണറായിരുന്ന പി. ജി. നാരായണൻ ഉണ്ണിത്താനോടും എന്റെ ജനയിതാവ് ‘എടുത്തു’. ശാസ്തമംഗലത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ ചെന്നു. ‘യജമാനൻ എന്റെ അച്ഛന് പാലയിലേക്കു സ്ഥലം മാറ്റം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു, യജമാനൻ’ എന്നു എന്റെ മൊഴിയാടൽ. ഉണ്ണിത്താൻ കാരുണ്യം കാണിച്ചില്ല. പരുഷമായി അദ്ദേഹം പറഞ്ഞു: ‘നിന്റെ അച്ഛനു കൈക്കൂലി വാങ്ങാൻ വേണ്ടി നല്ല സ്ഥലത്തു മാറ്റം വേണമല്ലേ? സ്ഥലം മാറ്റത്തിനുവേണ്ടി മകനെ അയയ്ക്കുന്ന അയാളെ ഞാൻ സസ്പെൻഡ് ചെയ്യുന്നുണ്ട്’. എനിക്കു പി. ജി. നാരായണൻ ഉണ്ണിത്താനോടു ബഹുമാനം തോന്നി.ജനയിതാവിന്റെ depravity (അധമത്വം) മനസ്സിലാക്കി, അദ്ദേഹം. മക്കളെ പിതാക്കന്മാർ എങ്ങനെ അധ്:പതിപ്പിക്കുന്നു എന്നു കാണിക്കാനാണ് ഞാൻ ഇതൊക്കെ എഴുതിയത്. ഏതായാലും ജനയിതാവിന്റെ സ്വധീനതയിലമർന്ന് ഞാനും വളരെക്കാലം ജി. എൻ. തമ്പി അദ്ദേഹം, കുമാരദാസ് അദ്ദേഹം ചിദംബരം അദ്ദേഹം എന്നൊക്കെ പറഞ്ഞിരുന്നു. ഈ പാരതന്ത്ര്യം എനിക്കു മാറിക്കിട്ടാൻ കുറെക്കാലം വേണ്ടിവന്നു. ഇപ്പോഴും എന്റെ അതിവിനയത്തിൽ ജനയിതാവിന്റെ depravity വരുത്തിയ അടിമ മന:സ്ഥിതി ഇല്ലേ എന്നാണ് സംശയം.

ഇലകളും പൂക്കളും കൊണ്ട് വന്മരം കാഴ്ചക്കാരെ വിഭ്രമിപ്പിക്കുന്നു.പക്ഷേ അതിന്റെ തീരെച്ചെറിയ വിത്ത് മഹാശക്തിയെ ഒളിച്ചുവയ്ക്കുന്നു

2. മഹാപണ്ഡിതനും മനുഷ്യപ്രേമാത്മകത്ത്വത്തിന്റെ സ്തോതാവുമായിരുന്ന ഇറസ്മസിന്റെ (Erasmus 1466-1536 - Dutch humanist) ഗ്രന്ഥങ്ങൾ എനിക്കേറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ The Praise of Folly എന്ന പുസ്തകം ഞാൻ പരിവൃത്തി വായിച്ചിട്ടുണ്ട്. ഇറസ്മസ് എവിടെയോ എഴുതിയത് എന്റെ ഓർമ്മയിലെത്തുന്നു. ഏറ്റവും പ്രാധാന്യമുള്ളത് ഒരിക്കലും പ്രകടനാത്മകമാവുകയില്ല. ഇലകളും പൂക്കളും കൊണ്ട് വന്മരം കാഴ്ചക്കാരെ വിഭ്രമിപ്പിക്കുന്നു.പക്ഷേ അതിന്റെ തീരെച്ചെറിയ വിത്ത് മഹാശക്തിയെ ഒളിച്ചുവയ്ക്കുന്നു. സ്വർണ്ണവും രത്നവും ഭൂമിയുടെ രഹസ്യസ്ഥലങ്ങളിലാണ് ഇരിക്കുന്നത്. ശരിയാണ് ഇറസ്മസ് പറഞ്ഞത്. യഥാർത്ഥമായ പ്രതിഭയുള്ളവർ ഒളിച്ചിരിക്കുന്നു നമ്മുടെ നാട്ടിൽ. അതില്ലാത്തവർ വിദേശങ്ങളിൽപ്പോലും പോയി സർവകലാശാലകളിൽ കയറിച്ചെന്ന് I shall speak, I shall talk എന്ന് പ്യൂണിനോടും പറയുന്നു. ചോസ്കി പ്രഭാഷണം നിർവഹിക്കുന്ന അമേരിക്കയിലും ദെറിദ പ്രസംഗിക്കുന്ന ഫ്രാൻസിലുമാണ് ഈ മലയാളികളുടെ തള്ളിക്കയറ്റം.

3. നമുക്കു മോഡേണിസം, പോസ്റ്റ് മോഡേണിസം, സ്റ്റ്രക്ചറലിസം, അതിന്റെ ഉപോല്പന്നമായ ഡികൺസ്റ്റ്രക്ഷൻ ഇവയില്ല. ജോയിസിന്റെ യൂലിസിസ് പോലെ നമുക്കു ഒരു മോഡേണിസ്റ്റ് നോവലുണ്ടോ? നബോക്കഫ്, ജോൺ ഫൗൾസ് ഇവരുടെ പോസ്റ്റ് മോഡേണിസ്റ്റ് നോവലുകൾ പോലെ വല്ല നോവലും നമുക്കുണ്ടോ? ഒന്നുമില്ല. എങ്കിലും ഇവിടത്തെ ചില നിരൂപകർ കേരളത്തിലെ ഛോട്ടാ നോവലുകളും കാവ്യവുമെടുത്ത് പടിഞ്ഞാറൻ പുസ്തകങ്ങളിൽനിന്നു കിട്ടുന്ന ആശയങ്ങൾ തിരുകിക്കയറ്റി നിരൂപണ പ്രബന്ധങ്ങൾ എഴുതുന്നു. അറിവില്ലാത്തവർ ആ രചനകളെ പ്രൗഢം, ഗഹനം എന്നു വാഴ്ത്തുന്നു. മോഡേണിസവും മറ്റും ഇവിടെ ഇല്ലെന്നു കണ്ടു മൗനം അവലംബിക്കുന്നവരെ അക്കൂട്ടർ കൊച്ചുവർത്തമാനക്കാർ എന്നു പുച്ഛിച്ചു വിളിക്കുന്നു.

4. നീച്ചയ്ക്കു ശേഷം (Nietzsche 1844-1900) യൂറോപ്പ് കണ്ട തത്ത്വചിന്തകരിൽ അദ്വിതീയൻ എന്നു കമ്യു വാഴ്ത്തിയ ഹോസേ ഒർതേഗാ ഈ ഗാസത് (Jose Ortega Y Gasset 1883-1955) കവിതെയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: “നമ്മൾ കവിത വായിക്കുമ്പോൾ കവിയുടെ അന്തരാത്മാവ് അദ്ദേഹത്തിന്റെ കവിതയിലൂടെ നമ്മളിലേക്ക് സംക്രമിക്കുന്നു. അത് പദ്യമായാലും ഗദ്യമായാലും നമ്മുടെ അന്തരാത്മാവുമായി വലിയ തോതിൽ ഒരുമിച്ചു ചേരുന്നു. അതിനാലാണ് നമ്മൾ അദ്ദേഹത്തെ മനസ്സിലാക്കുന്നത്. നമ്മുടെ അന്തരാത്മാക്കൾക്ക് അദ്ദേഹം ഭാഷ നൽകുന്നു. അങ്ങനെ നമുക്ക് നമ്മളെത്തന്നെ മനസ്സിലാക്കാൻ സഹായമരുളുകയും ചെയ്യുന്നു”. (The Origin of Philosophy- Translated from the Spanish by Toby Tallot- W.W. Norton Co. Rs 372.30)

ഒ. വി. വിജയൻ

മലയാള നോവൽസാഹിത്യത്തെ സംബന്ധിച്ചിറ്റത്തോളം ഒരു നവീനയുഗം സമുദ്ഘാടനം ചെയ്ത പ്രതിഭാശാലിയാണ് ഒ. വി. വിജയൻ

അമേരിക്കൻ നോവലിസ്റ്റ് ഫോക്നർ (William Faulkner 1897-1962) യാക്നപറ്റോഫ Yoknapatawpha) എന്നൊരു സാങ്കല്പികപ്രദേശം നോവലുകളിൽ സൃഷ്ടിച്ചതുപോലെ, തോമസ് ഹാർഡി (ഇംഗ്ലീഷ് നോവലിസ്റ്റ്. Thomas Hardy 1840-1928) വെസിക്സ് എന്നൊരു സാങ്കല്പിക പ്രദേശം Far from the Madding Crowd തുടങ്ങിയ നോവലുകളിൽ സൃഷ്ടിച്ചതുപോലെ ശ്രീ. ഒ. വി. വിജയൻ ‘ഖസാക്ക്’ എന്ന ദേശം സൃഷ്ടിച്ച് സങ്കല്പത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും നേരിയ അതിരിനെ ഭാവനയുടെ പ്രസരംകൊണ്ട് ഇല്ലാതാക്കി. ഖസാക്കും അവിടത്തെ ആളുകളും വിജയന്റെ നോവലിലെ കറുത്ത അക്ഷരങ്ങളിൽനിന്ന് എഴുന്നേറ്റുവന്നു ജീവനുള്ള വ്യക്തികളെപ്പോലെ നമുക്ക് അഭിമുഖീഭവിച്ചു നിൽക്കുന്നു. അവർ നമ്മളോട് സംസാരിക്കുന്നു. നമ്മുടെ ജീവിതാവബോധത്തെ തീക്ഷ്ണതമമാക്കുന്നു. മലയാള നോവൽസാഹിത്യത്തെ സംബന്ധിച്ചടത്തോളം ഒരു നവീനയുഗം സമുദ്ഘാടനം ചെയ്ത പ്രതിഭാശാലിയാണ് ഒ. വി. വിജയൻ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അനാരോഗ്യം, അതിൽനിന്നു ഉദ്ഭവിക്കുന്ന ജന്മദേശാതുരത്വം, ജീവിതത്തിന്റെ ക്ഷണികത ഇവയൊക്കെ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപോർട് നൽകി നമ്മളെ ഗ്രഹിപ്പിക്കുന്നു ശ്രീ. ഗോപീനാരായണൻ. “നടക്കാനാവാതെ നടക്കുക, കുനിയാനാവാതെ കുനിയുക, എഴുന്നേൽക്കാനാവാതെ എഴുന്നേൽക്കുക, വായിക്കാനാവാതെ വായിക്കുക എല്ലാം ഒരു സഹായിയുടെ പിൻബലത്തോടെ. തലമുറകളും കടന്നു ഇനിയും എഴുതാൻ തയ്യാറവുകയാണ് വിജയൻ. ദൈവം പ്രാർത്ഥന കേൾക്കുമെങ്കിൽ വരയ്ക്കാനും വിജയൻ തയ്യാറായിരിക്കുന്നു” എന്ന് പ്രസാദാത്മകത്വത്തിന്റെ മയൂഖങ്ങൾ പ്രസരിപ്പിച്ചുകൊണ്ട് ഗോപീനാരായണൻ വിവരണം അവസാനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ പ്രസാദാത്മകത്വം നമുക്കു ശുഭാപ്തിവിശ്വാസമുളവാക്കുന്നു.