close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 06 12


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 06 12
ലക്കം 665
മുൻലക്കം 1988 06 5
പിൻലക്കം 1988 06 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
ഊംബെർട്ടോ എക്കോ

ഇറ്റലിയിലെ സീമീയോട്ടിക്സ് പ്രൊഫസർ ഊംബെർട്ടോ എക്കോയുടെ Name of the Rose എന്ന നോവൽ ലോകമാകെ അതിഹർഷമുളവയാക്കിയതു പോലെ സുസ്കിൻറിന്റെ (Patrick Suskind) Perfume: The Story of a Murderer എന്ന ജർമ്മൻ നോവൽ അതിനു സദൃശമോ അതിനെക്കാൾ കവിഞ്ഞതോ ആയ അതിഹർഷം ജനിപ്പിച്ചിരിക്കുന്നു. ജർമ്മനിയിൽ അതിന്റെ 400,000 പ്രതികൾ ഏതാനും ദിവസങ്ങൾ കൊണ്ടു വിറ്റു തീർന്നു. ഇംഗ്ലീഷ് തർജ്ജിമ വാങ്ങാൻ സഹൃദയർ പുസ്തകശാലകളുടെ മുൻപിൽ വരിവരിയായി നിന്നു. യൂറോപ്പിലെ മറ്റു ഭാഷകളിലേക്ക് ഈ നോവൽ തർജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു.

ഫ്രാൻസിൽ പതിനെട്ടാം ശതാബ്ദത്തിന്റെ കാലമാണിത്. നമുക്ക് സങ്കല്പിക്കാൻ പോലും വയ്യാത്ത ദുർഗ്ഗന്ധമാണ് അവിടെ. തെരുവുകൾ വളം കൊണ്ടു നാറുന്നു, മുറ്റങ്ങൾ മൂത്രത്താൽ. കോണിപ്പടികളിൽ പൊടിയുന്ന തടിയുടെയും എലിക്കാട്ടത്തിന്റെയും നാറ്റം. അഴുകുന്ന മുട്ടക്കോസ്സിന്റെയും മാംസക്കൊഴുപ്പിന്റെയും പൂതിഗന്ധം അടുക്കളയിൽ. വിയർപ്പ്, കഴുകാത്ത വസ്ത്രം ഇവ കൊണ്ട് ആളുകൾ നാറി. അവരുടെ വായിൽ നിന്ന് അഴുകിയ പല്ലിന്റെ നാറ്റം വന്നു. വയറ്റിൽ നിന്ന് ഉള്ളിയുടെ ദുർഗ്ഗന്ധവും. നദികൾക്കും ചന്തസ്ഥലങ്ങൾക്കും നാറ്റം. പള്ളികൾ നാറി. ഈ ദുർഗ്ഗന്ധത്തിനിടയിൽ ഒരുത്തി പെറ്റിട്ട കുഞ്ഞാണ് ഗ്രനോയി. അവൾ ആ ശിശുവിനെ ഒരു മീൻകടയിലെ മേശയ്ക്കടിയിൽ ഇട്ടിട്ടു പോയി. നാറ്റത്തിന്റെ കാലയളവിൽ ജനിച്ച ആ കുഞ്ഞിന് ഗന്ധമില്ല. അതിനു പോലും സ്വന്തം മണമറിയാൻ വയ്യ. പക്ഷെ, അദ്ഭുതാവഹമായി അതിന്റെ ആ ഘ്രാണശക്തി വികസിച്ചു വന്നു. ചുവരുകൾക്കിടയിലൂടെ ഗ്രനോയിക്കു പണം മണക്കാനാവും. അടുത്ത മുറിയിൽ ആരൊക്കെയുണ്ടെന്നു മൂക്കുകൊണ്ടറിയും. നാഴികകൾക്കപ്പുറത്തുള്ള പരിമളം അയാൾക്ക് മണത്തറിയാൻ ഒരു പ്രയാസവുമില്ല. ലോകത്തെ ഏറ്റവും വലിയ സൗരഭ്യനിർമ്മാതാവാകാനാണ് ഗ്രനോയിയുടെ താൽപര്യം. മനുഷ്യരുടെ ഗന്ധമെന്തെന്നറിയാൻ അയാൾക്ക് മണത്തു നോക്കിയാൽ മാത്രം പോരാ. ഒരു പെൺകുട്ടിയുടെ “സുരഭിലമായ ആത്മാവി”നെ അപഹരിക്കാൻ വേണ്ടി അയാൾ അവളെ കൊന്നു. ഇതു കഴിഞ്ഞ് ഏഴു വർഷത്തേക്ക് അയാൾ അപ്രത്യക്ഷനായി. തിരിച്ചെത്തിയപ്പോൾ അയാളുടെ ഗന്ധാസ്വാദനശക്തി വളരെ കൂടിയിരുന്നു. അനേകം പെൺകുട്ടികളെ കൊന്നു അവരുടെ ഗന്ധം മനസ്സിലാക്കിയ അയാൾ അവരെ നിർഗ്ഗന്ധകളാക്കി മാറ്റി. ഒടുവിൽ ഗ്രനോയി അറസ്റ്റ് ചെയ്യപ്പെടുന്നു.

ഈ നോവൽ തിന്മയുടെ സർവ്വസാധാരണത്വത്തിലേക്കു കൈ ചൂണ്ടുന്നുവെന്നാണ് നിരൂപകമതം. ഹിറ്റ്‌ലറുടേ ഉയർച്ചയേയും താഴ്ചയെയും ചിത്രീകരിക്കുന്ന ഒരർത്ഥവാദ കഥയാണിത്. മതവും കൊണ്ട് നടക്കുന്ന ചില ഭഗവാന്മാരുണ്ടല്ലോ നമുക്ക്. അവരെ കളിയാക്കുകയാണ് സുസ്കിന്റ് എന്നും അഭിപ്രായമുണ്ട്. പടിഞ്ഞാറൻ ജർമ്മനിയിലെ ഒരു നോവലെഴുത്തുകാരന്റെ ‘മേജർ വർക്കാ’യി ഈ കൃതി പരിഗണിക്കപ്പെടുന്നു.

[Perfume: The story of a Murderer, Patrick Suskind. Translated by John. E. Woods, Hamish Hamilton £ 9.95. ഞാൻ ഈ നോവൽ വായിച്ചിട്ടില്ല. Cristopher Lehmann, Haupt, Jonathan Keates, Peter Ackroyd (നോവലിസ്റ്റ്) Ruth Baumgarten, Paul Gray, John Updike (നോവലിസ്റ്റ്), Sara Terry, Robert Taylor, ഇവരെഴുതിയ നിരൂപണങ്ങൾ വായിച്ചിട്ടാണ് ഇതു കുറിച്ചത്. ഇങ്ങനെയൊരു കലാശില്പം യൂറോപ്പിൽ ഉണ്ടായിരിക്കുന്നുവെന്നു വായനക്കാരെ അറിയിക്കാനുള്ള അഭിലാഷത്തിന്റെ പെരിലാണ് വായിക്കാത്ത നോവലിനെക്കുറിച്ച് എഴുതിയത്. നിരൂപണപരങ്ങളായ ഈ നിരീക്ഷണങ്ങൾക്കു മൗലികതയില്ല.]

* * *

മുകളിൽപ്പറഞ്ഞ നോവലിലെ ചില വാക്യങ്ങൾ:

“The scent floating out of the garden was the scent of the red headed girl he had murdered that night. To have found that scent in this world once again brought tears of bliss to his eyes—and to know that it could not possibly be true frightened him to death …”

പരാജയം

സംശ്ലേക്ഷമായ, അവിരുദ്ധമായ ഒരു ‘വിഷൻ’ ഭാരതത്തിലെ അക്രമങ്ങളെക്കുറിച്ച് കവി പി. ഭാസ്കരനുണ്ടെങ്കിലും അതു കാവ്യാത്മകമായില്ല എന്നതിനു തെളിവു നൽകുന്നു അദ്ദേഹത്തിന്റെ “ഭീകരരുടെ സംഘഗാനം” എന്ന കാവ്യം (മാത്രഭൂമി). വിഷൻ കാവ്യാത്മകമാകണമെങ്കിൽ അത് ഒന്നിനൊന്നു വികസിക്കണം. വികാസം രമണീയങ്ങളായ ഭാഷണങ്ങളിലൂടെ, ഉക്തികളിലൂടെ രൂപം കൊള്ളുന്നു. ഇതൊന്നും ഇവിടെ സംഭവിക്കുന്നില്ല.

കാവ്യാനുഭവം വ്യക്തിഗതമാകാം, സമഷ്ടിഗതവുമാകാം. ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തേയും അക്രമരാഹിത്യപ്രവണതയെയും ശഷ്പതുല്യങ്ങളാക്കി നിരപരാധികളെ കൊന്നൊടുക്കുന്നു നമ്മൾ എന്നു കവി പറയുമ്പോൾ അത് സമഷ്ടിഗതമായ അനുഭവം തന്നെയണ്. പക്ഷെ, ആ കൂട്ടുവികാരത്തിൽ തന്നെ പ്രതിഷ്ഠിച്ച് അതിനെ വ്യക്തിഗത വികാരമാക്കാൻ അനുവാചകനു കഴിയുന്നില്ല. കവിയുടെ ആശങ്കാജനകങ്ങളായ പ്രശ്നമാല —

നമുക്കേതു ഭൂമി? നമുക്കേതു സ്വർഗ്ഗം?
നമുക്കേതു രാജ്യം? നമുക്കേതു ദേശം?
നമുക്കേതു പാപം? നമുക്കേതു പുണ്യം?
നമുക്കേന്തു സുന്ദരസ്സ്വപ്നസങ്കല്പം?

എന്ന മട്ടിലുള്ള പ്രശ്നാവലി സത്യത്തിന്റെ നിഴലെ ഉളവാക്കുന്നുള്ളു. അതിനാൽ ഈ കാവ്യം രണ്ടാംതരം പരാജയമല്ല; ഒന്നാന്തരം പരാജയമാണ്.

നിർവ്വചനങ്ങൾ

മരച്ചീനി
നല്ലപോലെ വേകുന്നതാണെങ്കിൽ ചമ്മന്തി കൂട്ടി തിന്നാൻ നല്ല സ്വാദാണ്. വിദ്യാർത്ഥിയായിരുന്ന കാലത്ത് ഞാൻ ധാരാളം കഴിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ എന്റെ ബോട്ടണിസ്സാറ് അതിന്റെ പേര് മാനിഹോട്ട് യൂടിലിസ്മ എന്നോ മാനിഹോട്ട് എസ്കുലന്റ എന്നോ പറഞ്ഞു തന്നു. അതിനു ശേഷം മരഷീനി കണ്ടാൽ ഛർദ്ദിക്കാൻ വരും എനിക്ക്.
സിന്ദൂരം
വൃദ്ധകൾക്കു സീമന്തത്തിൽ വാരിതേക്കാനുള്ളത്. എന്റെ വിവാഹം കഴിഞ്ഞു, ഇനി ആരും എന്നെ കൊതിക്കരുത്. എന്നാണ് അതിന്റെ അർത്ഥം (അന്തരിച്ച പ്രതിഭാശാലി പി. കെ. മന്ത്രിയോടു കടപ്പാട്).
സേഫ്റ്റി പിൻ
അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് ബ്ലൗസിൽ കഴുത്തു തൊട്ട് വയറുവരെ അടുത്തടുത്ത് കുത്തിവയ്ക്കാനുള്ള ഉപകരണം. ആക്രമിക്കപ്പെടാത്ത കോട്ടയെ കൂടുതൽ സുരക്ഷിതമാക്കുമെന്ന് വിക്ടർ യൂഗോ “പാവങ്ങ”ളിൽ പറഞ്ഞിട്ടുണ്ട്.
സ്ത്രീകൾക്കുള്ള മാസികകൾ
ശാസ്ത്രത്തിന്റെ മറവിൽ സെക്സ് പ്രചരിപ്പിക്കുന്ന പ്രസാധനങ്ങൾ.
ഒവിഡ് പറഞ്ഞു
“എന്റെ പുറകെ ഓടി വരുന്നവളിൽ നിന്ന് ഞാൻ ഓടിയകലുന്നു. എന്നിൽ നിന്ന് ഓടിയകലുന്നവളുടെ പുറകെ ഞാനോടുന്നു.” ആദ്യത്തെ പ്രസ്താവം ഇന്നത്തെ യുവാക്കന്മാരെ സംബന്ധിച്ചിടത്തോളം ശരിയല്ല. ഓടേണ്ട കാര്യമില്ല. ഒച്ചിനെപ്പോലെ അവൾ ഇഴഞ്ഞു വന്നാലും പുരുഷൻ കാത്തു നിൽക്കും.
* * *

എം. സുധാകരന്റെ “അവസ്ഥ” എന്ന ചെറുകഥ (മാതൃഭൂമി ആഴച്ചപ്പതിപ്പിൽ).

ബസ്സ് യാത്ര എന്ന പ്രതിരൂപത്തിലൂടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഈ ലാക്ഷണിക കഥ (അലിഗറി) ഒരനൂഭൂതിയും ജനിപ്പിക്കുന്നില്ല. കഥാകാരൻ നിവേശിപ്പിക്കുന്ന പ്രതിരൂപങ്ങൾ മൂർത്തമായ ജീവിതത്തെ സ്ഫുടീകരിക്കുണം. അതിൽ ഇക്കഥയിൽ കുട്ടികൃഷ്ണമാരാർ ഒരിക്കൽ എന്നോടു ചോദിച്ചു: “തിരുവനന്തപുരത്തുകാരായ നിങ്ങൾക്കു നിരാശതയില്ല, നിരാശയേയുള്ളു അല്ലേ?” സുധാകരൻ ‘നിരാശ’ എന്നു പ്രയോഗിക്കുന്നു. നിരാശൻ = ആശയറ്റവൻ. നിരാശ = ആശയറ്റവൾ. നിരാശത അവരുടെ ഭാവം മറ്റോരു വികലമായ പ്രയോഗം വേഗത, വേഗമെന്നേ ആകാവു.

വൈരസ്യം

ഒവിഡ് പറഞ്ഞു: “എന്റെ പുറകെ ഓടി വരുന്നവളിൽ നിന്ന് ഞാൻ ഓടിയകലുന്നു. എന്നിൽ നിന്ന് ഓടിയകലുന്നവളുടെ പുറകെ ഞാനോടുന്നു. ആദ്യത്തെ പ്രസ്താവം ഇന്നത്തെ യുവാക്കന്മാരെ സംബന്ധിച്ചിടത്തോളം ശരിയല്ല. ഓടേണ്ട കാര്യമില്ല. ഒച്ചിനെപ്പോലെ അവൾ ഇഴഞ്ഞു വന്നാലും പുരുഷൻ കാത്തു നിൽക്കും.

അമേരിക്കൻ നാടക കർത്താവായ പാഡീ ചൈയഫ്സ്കിയുടെ (Paddy Chayefsky) Martin എന്ന സ്ക്രീൻ പ്ലേയിൽ രണ്ടുപേർ സംസാരിക്കുന്നു:

Angie
Well, what do you feel like doing tonight?
Marty
I don’t know. What do you feel like doing?
Angie
Well, We’re back to that, huh? I say to you: What do you feel like doing tonight. And you say to me “I don’t know, what do you feel like doing?”
പാഡീ ചൈയഫ്സ്കി

സമകാലിക ജീവിതത്തിലെ വൈരസ്യത്തെയാകെ ചിത്രീകരിക്കുകയാണ് നാടകകർത്താവ്. ഈ വൈരസ്യമാണ് നമ്മെ തളർത്തുന്നത്. ധനികർ ‘ബോർഡ’മില്ലാതെയാണ് ജീവിക്കുന്നതെന്ന് ധനമില്ലാത്തവർ വിചാരിക്കുന്നുണ്ടാകാം. തെറ്റാണത്. ധനികന് പത്തു ലക്ഷം രൂപ ചെലവാക്കിവച്ച കൊട്ടാരം പോലുള്ള വീടുണ്ട്. അയാൾക്ക് പോകാൻ ജർമ്മൻ കാറ്. ഭാര്യയ്ക്ക് ബന്ധുക്കളെയും കൂട്ടുകാരികളെയും കാണാൻ പോകുന്നതിലേക്ക് മാരുതിക്കാറ്. മകന് കൂട്ടുകാരുമൊത്ത് കോവളത്തു പോകാൻ മാരുതി വാൻ. ഒറ്റയ്ക്ക് പോകാൻ സ്ക്കൂട്ടർ. വീട്ടിൽ ഉദ്യാനം. അതിൽ നിറയെ വിലകൂടിയ റോസാച്ചെടികൾ. അതിനൊരു പാലകൻ. പണം എങ്ങനെ ചെലവാക്കണമെന്ന് അറിയാൻ പാടില്ല. വാരിക്കോരി എറിയുന്നു. ധൂർത്തടിക്കുന്നു. എന്നിട്ടും പണം ബാക്കി. വീട്ടിൽ വയ്ക്കാമോ? വയ്യ. ബാങ്കിലിടാമോ? വയ്യ. റെയ്ഡ് എപ്പോഴുണ്ടാകുന്നുവെന്ന് ആർക്കറിയാം? അതുകൊണ്ട് കാത്തിരിക്കും. മകന്റെ വിവാഹം വരട്ടെ. പത്തു ലക്ഷം രൂപ ചെലവാക്കുന്നു. മകളുടെ വിവാഹം വരട്ടെ. അവൾക്കു മുന്നൂറു പവന്റെ ആഭരണം. ഒമ്പതു ലക്ഷം പോട്ടെ, പുല്ലു പോലെ. ഇതൊക്കെയായിട്ടും ആ മനുഷ്യന് വൈരസ്യത്തിൽ നിന്നു രക്ഷനേടാൻ കഴിയുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കാലത്തെഴുന്നേറ്റ് കോട്ടുവായിട്ട് കസേരയിലിരിക്കുന്നു. പാലുകൊണ്ടു വരുന്ന കാണാൻ കൊള്ളാവുന്ന പെണ്ണിനോടു തോന്നുന്ന ലൈംഗിക വികാരം മറയ്ക്കാനായി ‘ഇന്നെന്താ വൈകിയത്?’ എന്നു തേനൂറുന്ന ശബ്ദത്തിൽ മൊഴിയാടുന്നു. ഈ ലോകത്തെ സകല കൊള്ളരുതായ്മകൾക്കൂം ഹേതു വൈരസ്യമാണ്. മകൻ വഴിയേപോകുന്ന പെൺപിള്ളേരെ നോക്കി കമന്റടിക്കുന്നോ? അവൻ LSD 25 കഴിക്കുന്നോ? “കാഫ്ക അച്ഛനെ വെറുത്തതു പോലെ ഞാനും എന്റെ അച്ഛനെ വെറുക്കുന്നു” എന്നു പറയുന്നോ? കുറ്റം പറയാനില്ല. ബോർഡമാണ് ഇതിനെല്ലാം കാരണം. ഞാനും വൈരസ്യത്തിൽ നിന്നു മോചനം നേടിയവനല്ല. അതുകൊണ്ട് ഞാൻ വലിയ വിലകൊടുത്തു (പണം ഉണ്ടായിട്ടല്ല) പുസ്തകങ്ങൾ വാങ്ങുന്നു, വായിക്കുന്നു. ഇന്നു വാങ്ങിയ പുസ്തകം Bhisham(?) Sahni എഴുതിയ Tamas. അതവിടെ ഇരിക്കട്ടെ. സാഹിത്യവാരഫലമെഴുതണ്ടേ? കാലാകൗമുദിയെടുത്ത് നല്ല സുഹൃത്തായ രാജാമണി എഴുതിയ “ഒരു കത്തിനെപ്പറ്റി” എന്ന ചെറുകഥ വായിക്കുന്നു. അസഹനീയമായ ‘ബോർഡ’ത്തിലെക്ക് അത് എന്നെ എറിയുന്നു. ഒരു സായ്പിനു വന്ന കത്ത് ഒരു ഗുമസ്തൻ എടുത്തു കൊണ്ടു പോയിപോലും. സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ വിദേശികൾക്കു വരുന്ന കത്തൂകളിൽ കാണും പോലും. കഥയെക്കുറിച്ചുള്ള സകല സങ്കല്പങ്ങളെയും തകർക്കുന്ന ഒരു രചന. ഇതു വായിച്ച സമയം കൊണ്ട് ‘തമസ്സ്’ വായിച്ചാൽ മതിയായിരുന്നു. സുസ്കിന്റിന്റെ നോവൽ കിട്ടിയിരുന്നേങ്കിൽ! അതു വായിക്കാമായിരുന്നു. വിരസമായ ജീവിതത്തെ കൂടുതൽ വിരസമാക്കരുത് കഥയെഴുത്തുകാർ.

ഇതു വേണ്ടിയിരുന്നില്ല

ഞാനിപ്പോൾ ബസ്സിൽ അങ്ങനെ കയറാറില്ല. ആപത്തുണ്ടെങ്കിലും, കൈയിലുള്ള പണം മുഴുവൻ പോകുമെങ്കിലും ഓട്ടോറിക്ഷയിലാണ് സഞ്ചാരം. ഒരു ദിവസം ഇരുപത്തഞ്ചുരൂപയോളം ഓട്ടോറിക്ഷക്കാരനു കൊടുത്തതു കൊണ്ട് ബസ്സിൽ പൊയ്ക്കളയാമെന്നു തീരുമാനിച്ചു. അതിൽ നല്ല തിരക്ക്. ഒരു സ്ത്രീയും പുരുഷനും കൂടി ആ ബസ്സിൽ കയറി. സ്ത്രീ അല്പം മുൻപോട്ടു നീങ്ങിനിന്നു. പുരുഷൻ അവരുടെ അടുത്തുണ്ട്. ബസ്സ് വേഗത്തിൽ പോകുകയാണ്. സ്ത്രീ അസ്വസ്ഥതയോടെ ഞെളിയുകയും പിരിയുകയും ചെയ്യുന്നുണ്ട്. കുറേനേരം ക്ഷമിച്ചിട്ട് അവർ ‘ഛീ’ എന്ന് ആട്ടിക്കൊണ്ട് പിറകിലേക്കു തിരിഞ്ഞുനോക്കി. അവരുടെ ദേഷ്യം പുഞ്ചിരിയായി മാറി. അവിടെ നിന്ന് അവരുടെ നിതംബത്തിൽ ‘അംഗുല്യഗ്രപീഡനം’ നടത്തിയത് ഭർത്താവുതന്നെയായിരുന്നു. അയാൾ ഓവർസെക്സ്ഡ് ആയിരുന്നിരിക്കണം. അല്ലെങ്കിൽ വീട്ടിൽവച്ച് അതിനെക്കാൾ കടുപ്പമാർന്ന പ്രക്രിയകൾ നടത്താമായിരുന്നല്ലോ. ആരും അറിയുകയുമില്ല.

പ്രൊഫസർ മാത്യു സി. എബ്രഹാം മനോരാജ്യം വാരികയിലെഴുതിയ “ഒരു പഴയ കാർഡ്” എന്ന സാക്ഷാൽ പൈങ്കിളിക്കഥ വയിച്ചപ്പോൾ ഈ സംഭവം ഓർമ്മയിലെത്തി. ഒരു കോളേജധ്യാപകന് താൻ പഠിപ്പിക്കുന്ന പെൺകുട്ടിയോടു തോന്നുന്ന സ്നേഹമാണ് ഇക്കഥയിലെ വിഷയം. തകഴിയും മറ്റും കഥയെഴുതുന്നു. തനിക്കുകൂടേ ആ പ്രവൃത്തി ആയാലെന്ത് എന്ന് അദ്ദേഹം വിചാരിക്കുന്നു. വിചാരത്തിന് അനുസരിച്ചു പ്രവർത്തിക്കുന്നു. ഫലമോ? സാഹിത്യാംഗനയുടെ കോപത്തോടെയുള്ള തിരിഞ്ഞുനില്പ്. പ്രൊഫസറല്ലേ, വിഷ്ഫുൾ തിങ്കിങ്ങല്ലേ എന്നൊക്കെ വിചാരിച്ച് അവൾ കൂടുതൽ പരാക്രമമൊന്നും കാണിക്കാതെ മിണ്ടാതെ നിൽക്കുന്നു. എങ്കിലും ഈ പ്രവൃത്തി വേണ്ടിയിരുന്നില്ല അദ്ദേഹത്തിന്.

* * *
ദസ്തെയെവ്സ്കി

സി.വി. രാമൻപിള്ളയുടെ ‘പ്രേമാമൃത’ത്തിലെ ഒരു കഥാപാത്രം അക്കാലത്ത് ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്ന കപ്പാഴം രാമൻപിള്ളയാണെന്നു പലരും പറയാറുണ്ട്. സി.വിയും കൂട്ടുകാരും തിരുവനന്തപുരത്തു കണ്ട ഒരു കള്ളസ്സന്ന്യാസിയാണ് “ധർമ്മരാജ”യിലെ ഹരിപഞ്ചാനനൻ.

ദസ്തെയെവ്സ്കിയുടെ The Insulted and the Injured എന്ന നോവലിലെ നടാഷ അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യയണ്.

ഡി.എച്ച്. ലോറൻസിന്റെ Lady Chatterley’s Lover എന്ന നോവലിലെ ദമ്പതികൾക്കു നിത്യജീവിതത്തിൽ പ്രതിരൂപങ്ങളുണ്ടായിരുന്നു. വില്യം ആർക്ക്റൈറ്റ് എന്നൊരാൾ അപകടത്തിൽപ്പെട്ട് ധ്വജഭംഗം സംഭവിച്ചവനായി. അയാൾ ഭാര്യയുമായി അകന്നു ജീവിച്ചു. ഈ സംഭവമാണ് ലോറൻസിന്റെ നോവലിൽ ആവിഷ്കൃതമായത്.

സ്ത്രീസൗന്ദര്യം

ജർമ്മേൻ ഗ്രീർ

1885-ൽ ജർമ്മനിയിൽ Das Weib എന്നൊരു പുസ്തകം പ്രസിദ്ധപ്പെടുത്തി. രണ്ടായിരം പുറങ്ങളോളം വരുന്ന അസാധാരണമായ പുസ്തകം സ്ത്രീയെക്കുറിച്ചുള്ള പഠനമാണ്. ജർമ്മേൻ ഗ്രീറിനു പോലും റഫെറൻസ് ഗ്രന്ഥമായിത്തീർന്ന അതിന്റെ സാരാംശമെടുത്തു History’s Mistress എന്ന പേരിൽ Paula Weideger പുസ്തകമാക്കിയിട്ടുണ്ട് (പെൻഗ്വിൻ പ്രസാധനം). അതിൽ ഉദ്ധരിച്ചിട്ടുള്ള ഒരു കാവ്യശകലമിതാ:

A lovely maid, i’ve heard it said
Should get from Prague her little head,
Two sparkling eyes from France
From Austria her red mouth
Her snow-white hands from Cologne,
Her slim loins from Brabant,
Her narrow feet from England’s seas,
Her small round breasts from the Low Countries
From spain her body, from Flanders hr arms
And her round buttocks from Swabia
She who hath all these is worth all gifts.

ഈ ലോകത്ത് സൗന്ദര്യം കൂടുതലുള്ളത് സ്ത്രീക്കാണ്. അവളെ അതിശയിച്ച മറ്റൊരു സുന്ദരവസ്തുവില്ല. അതുക്കൊണ്ട് സ്ത്രീയെക്കുറിച്ചെഴുതുന്നതെന്തും ചേതോഹരമായിരിക്കും. ഈ തത്ത്വം താഴെച്ചേർക്കുന്ന വരികളിലും കാണാം:

അഞ്ചുപൂവുകൾ പുഞ്ചിരിതൂകുംനി
ന്നഞ്ചിതകരവല്ലിയിലെന്തിനു വളകൾ?
മധുരസ്വപ്നമനോഹരമാം നിൻ
തരളിതമിഴികളിലെന്തിനു കരിമഷി?
തേനൂറും നിൻ മധുരാധരമതിലി
ന്നെന്തിനുവേണം ലിപ്സ്റ്റിക്
എള്ളിൻപൂ തോറ്റോടും നാസിക നിന്നുടെ
പിന്നവിടെന്തിനു മൂക്കുത്തി.

ജോർജ്ജ് പള്ളിപ്പറമ്പന്റെ “ആത്മസൗന്ദര്യം” എന്ന കാവ്യത്തിലെ ഈ വരികളിലൂടെ സ്ത്രീയുടെ സൗന്ദര്യം തിളങ്ങുന്ന‌തു നോക്കുക. കവിത കുറവാണെങ്കിലും സ്ത്രീ സൗന്ദര്യത്തിനു കുറവില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png കേരളത്തിലെ ഹാസ്യസാഹിത്യകാരന്മാർ?

അവർ ഒരോന്ന് എഴുതിയിട്ട് തനിയെ ചിരിക്കുന്നു. വായനക്കാരായ നമ്മൾ ചിരിക്കുമെന്നു വിചാരിക്കുകയും ചെയ്യുന്നു

Symbol question.svg.png പ്രസംഗിക്കുമ്പോൾ സംഭവിക്കാവുന്ന ഒരാപത്ത്?

കല്ലേറല്ല. ചിലപ്പോൾ ഈച്ച തൊണ്ടയിലേക്കു കയറിപ്പോകും. അപ്പോഴുണ്ടാകുന്ന അസുഖം വിവരിക്കാനാവില്ല.

Symbol question.svg.png സ്നേഹപ്രകടനം?

വല്ലവന്റെയും ടെലിഫോണിൽ ദില്ലിയിലേക്കോ കൽക്കത്തയിലേക്കോ വിളിച്ചിട്ട് അരമണിക്കൂർ സംസാരിക്കുന്നത്. സ്നേഹിതന്റെ ടെലിഫോണിലല്ലാതെ വേറെ ഏതു ടെലിഫോണിലാണ് അങ്ങനെ സംസാരിക്കുക.

Symbol question.svg.png വിവാഹം?

ഒരു രസികൻ പറഞ്ഞ ഉത്തരം എഴുതാം. ‘രണ്ടു ടൂത്ത് ബ്രഷ്. ഒരു ട്യൂബ് പെയ്സ്റ്റ് മാത്രം.’ — ഭർത്താവ് ഓർമ്മപ്പിശകുള്ളവനാണെങ്കിൽ, മദ്യപനാണെങ്കിൽ ഭാര്യയുടെ ബ്രഷെടുത്ത് പല്ലുതേച്ചെന്നുവരും എന്നത് എന്റെ കമന്റ്.

Symbol question.svg.png പത്രം വായിക്കുമ്പോൾ നിങ്ങളെ രസിപ്പിക്കുകയോ അദ്ഭുതപ്പെടുത്തുകയോ ചെയ്യുന്ന വാർത്തയേത്?

പ്രശസ്തനായ സാഹിത്യകാരൻ കുഞ്ഞുണ്ണി നമ്പ്യാർ അന്തരിച്ചു എന്ന വാർത്ത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രശസ്തി എന്തേ എന്റെ അടുക്കൽ എത്താത്തത് എന്നലോച്ചിച്ച് ഞാൻ ദുഃഖിക്കാറുണ്ട്. രസവുമില്ല അദ്ഭുതവുമില്ല. അതുപോലെ പ്രശസ്തനായ നോവലിസ്റ്റ് കീഴ്ക്കാംതൂക്ക് രാമൻപിള്ളയുടെ നോവലുകളെക്കുറിച്ച് സിംപോസിയം. ജി. എൻ. പണിക്കർ കീഴ്ക്കാംതൂക്കിന്റെ ആഖ്യാനപാടവത്തെക്കുറിച്ചും ഡോക്ടർ പി. വേലായുധൻപിള്ള നോവലുകളിലെ സാമൂഹികാംശത്തെക്കുറിച്ചും ഡോക്ടർ ബഞ്ചമിൻ അവയിലെ ബോധധാരാംശത്തെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ് എന്നു വയിക്കുമ്പോൾ ആരപ്പാ ഈ പ്രശസ്തനായ കീഴ്ക്കാംതൂക്ക് എന്ന് എന്നോടുതന്നെ ചോദിച്ച് ഞൻ എന്റെ അറിവില്ലായ്മയിൽ ഞെട്ടിപ്പോകാറുണ്ട്. അപ്പോഴുമില്ല രസവും വിസ്മയവും.

നാനാവിഷയകം

 1. ഇവിടിരുന്നു റോഡിനപ്പുറത്തേക്കു നോക്കുമ്പോൾ എം. കെ. കെ. നായരുടെ മകൻ ഗോപിനാഥിന്റെ കുട്ടി‌ — കഷ്ടിച്ച് രണ്ടുവയസ്സുള്ള കുഞ്ഞ് — പിറകിൽ അമ്പിന്റെ മട്ടിൽ ഏതാനും തെങ്ങോലവച്ച് കൈയിൽ ഒരു കളിവില്ലുമായ് മുറ്റത്തു നടക്കുന്നതു കാണുന്നു. ശ്രീരാമനായി നടക്കുകയാണ് ആ കുഞ്ഞ്. ഇതുപോലുള്ള ഒരു കുട്ടിക്കളിയാണ് കെ. കെ. പുരുഷോത്തമന്റെ ‘ഓർഡർലി’ എന്ന കഥ (ചന്ദ്രിക വാരിക). സൈനികോദ്യോഗസ്ഥന്റെ ഭാര്യ ‘ആടുതലി’യായ യുവാവിനെ പ്രാപിച്ചത്രേ. ഉദ്യോഗസ്ഥൻ അതു കണ്ടുപിടിച്ച് അയാളെ തടവറയിലാക്കിയത്രേ. കുട്ടിക്കളിയും ഈ കഥാരചനയും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കുഞ്ഞിന്റെ ശ്രീരാമനായുള്ള അഭിനയം കൗതുകമുളവാക്കും. പുരുഷോത്തമന്റെ ഹാസ്യവിഡംബനം ഛർദ്ദിയുണ്ടാക്കും.
 2. കടപ്പുറത്തുവച്ചു കണ്ട പരിചയമില്ലാത്ത യുവതിയെ അവിടെയെത്തിയ യുവാവ് കെട്ടിപ്പിടിക്കുന്നു. യുവാവിനെ അവൾക്കുമറിഞ്ഞു കൂടാ. ആദ്യത്തെ ദിവസംതന്നെ ഇങ്ങനെ ചെയ്യുന്നതു ശരിയല്ലെന്ന് യുവതി പറഞ്ഞപ്പോൾ അവസാന ദിവസമാണെങ്കിലോ എന്ന് യുവാവ് ചോദിച്ചു. വിനോദ് കട്ടച്ചിറ ജനയുഗം വാരികയിലെഴുതിയ ഒരു മിനിക്കഥയുടെ സാരമാണിത്. മിനിക്കഥയാണെങ്കിലും ഇതു വായിച്ചു തീർക്കാൻ ഒരു വർഷം വേണം. 1500 പുറങ്ങളോളം വരുന്ന ‘യുദ്ധവും സമാധാനവും’ എന്ന നോവൽ ഒരാഴ്ച്ച കൊണ്ടു വായിച്ചു തീർക്കാം.
 3. സരോവരം മാസികയിൽ സച്ചിദാനന്ദന്റെ “വിരലടയാളങ്ങൾ”, “ആലിലയും നെൽക്കതിരും” ഇങ്ങനെ രണ്ടു കാവ്യങ്ങൾ. രണ്ടിനും ആശയസൗകുമാര്യമുണ്ട്. പക്ഷേ,

  ആശയത്തിന്റെ ചാരുത മാത്രമല്ലല്ലോ കവിത.

 4. പൗരദ്ധ്വനി വാരികയിൽ മതിര ബാലചന്ദ്രൻ എഴുതിയ ‘വിട’ എന്ന കാവ്യം അവസാനിക്കുന്നത് ഇങ്ങനെ: “വ്യഥകളൊക്കെയുമനുഭവിക്കുന്നു/പദങ്ങളാടി ഞാൻ തളർന്നു വീഴുന്നു/ഇനി മരണമേയടുത്തു വന്നാലും!/ഇനി ഭവാനെന്നെയനുഗ്രഹിച്ചാലും‌” — അയ്യോ അതു വേണ്ട. ജീവിക്കൂ ബാലചന്ദ്രൻ. താങ്കളെഴുതുന്ന ഇമ്മാതിരി കവിതകൾ വായിച്ച് ഞങ്ങൾ വായനക്കാർ മരിച്ചുകൊള്ളാം.
 5. സഖി വാരികയിൽ എം. എസ്. ദിവാകരന്റെ “പാട്ടും പടുപാട്ടും” എന്ന കാവ്യം. തുടക്കം ഇങ്ങനെ:

  “തീവണ്ടിമുറിക്കുള്ളിലെപ്പൊഴുമൊരു തീരാ
  ബാധയിപ്പിച്ചക്കാരും പാട്ടുപാടീടുന്നോരും.”

  — പ്രസംഗിച്ചുകൊണ്ടു നിൽക്കുമ്പോൾ സദസ്സിന്റെ കൈയടി കേൾക്കുന്നു പ്രഭാഷകൻ. ആ കരഘോഷം രണ്ടുതരത്തിലാകാം. “ഹാ ഭേഷ്” എന്ന് ഒന്ന്. “നിറുത്തു ഈ പരമബോറ്” എന്ന് രണ്ട്. ദിവാകരന്റെ കാവ്യം വായിച്ച് ഞാൻ കൈയടിക്കുന്നു. അദ്ദേഹത്തിന് ഇഷ്ടംപോലെ അതു വ്യാഖ്യാനിക്കാം.

 6. തനൂജ എസ്. ഭട്ടതിരി ‘വനിത’യിൽ എഴുതിയ “കൂട്ടിലേക്കൊരു മടക്കയാത്ര” എന്ന ഉപന്യാസം വായിച്ചു. സ്ത്രീസമത്വത്തിൽ വിശ്വസിക്കുന്ന അമ്മ മകൾ രാത്രിയേറെച്ചെന്നിട്ടും വീട്ടിലെത്തിയില്ലെന്നു കണ്ട് പരിഭ്രമിക്കുന്നു. എന്തിനു പരിഭ്രമിക്കുന്നു, സ്ത്രീക്കു സ്വാതന്ത്ര്യം വേണ്ടതല്ലേ എന്ന് ഭർത്താവിന്റെ മട്ട്. ഒടുവിൽ അയാൾ പോയി മകളെ കൂട്ടിക്കൊണ്ടു വരുന്നു. ഇതൊരു സ്ക്കൂൾ ബോയ് കോംപൊസിഷനാണ്. പത്തിൽ മൂന്നര മാർക്ക് കൊടുക്കാം. ഈ രചനയുടെ മുകളിൽ കഥ എന്ന് അച്ചടിച്ചിരിക്കുന്നു. അച്ചടിത്തെറ്റുകൾ വരാറില്ല ‘വനിതാ’ മാസികയിൽ. പക്ഷേ, ഇതൊരു അച്ചടിത്തെറ്റ് തന്നെയാണ്.

  സ്ത്രീകൾക്കുള്ള മാസികകൾ: ശാസ്ത്രത്തിന്റെ മറവിൽ സെക്സ് പ്രചരിപ്പിക്കുന്ന പ്രസാധനങ്ങൾ

  * * *

  എവിടെയോ വായിച്ചത്: ഒരു പത്രാധിപർ പത്രത്തിൽ ഇങ്ങനെ അച്ചടിച്ചു. ‘എന്റെ പത്രത്തിൽ എവിടെയെങ്കിലും തെറ്റു കണ്ടാൽ അതു കരുതിക്കൂട്ടി അച്ചടിച്ചതാണെന്നു വിചാരിച്ചുകൊള്ളും. എല്ലാവർക്കും വേണ്ടിയാണ് ഞങ്ങൾ പത്രമച്ചടിച്ചു പരസ്യപ്പെടുത്തുന്നത്. അവരിൽ ചിലർക്കു വിമർശിക്കാനും എന്തെങ്കിലും വേണമല്ലോ.

കലയാവണമെങ്കിൽ

“ഗോപാലൻ കാട്ടിൽ പോയപ്പോൾ പുലി അവനെ കടിച്ചു കൊന്നു” എന്നു മാത്രമെഴുതിയാൽ സാഹിത്യമാവുകയില്ല. ഗോപാലനെ വർണ്ണിക്കണം. അവന്റെ കൂസലില്ലായ്മയെ ചിത്രീകരിക്കണം. കാടിന്റെ ഭയങ്കരതയെ ആവിഷ്കരിക്കണം. പുലി കാട്ടിനുള്ളിൽ അനങ്ങുന്നതും അതു ഗോപാലന്റെ നേർക്കു ചാടി വരുന്നതും വിവരിക്കണം. അവന്റെ ഭീതിയും ക്രൂരജന്തുവിന്റെ ആക്രമണവും ചലനചിത്രത്തിലെ രംഗം പോലെ സ്ഫുടീകരിക്കണം. ഇത്രയും വിദഗ്ദ്ധമായി നിർവഹിച്ചാൽ അത് നല്ല വർണ്ണനമാകും. എന്നാലും സാഹിത്യമാവുകയില്ല. സാഹിത്യമാകണമെങ്കിൽ ഗോപാലന്റെ മരണം എന്ന പ്രത്യക്ഷസത്യത്തിന്റെ പിറകിലുള്ള പരോക്ഷസത്യങ്ങളും എഴുത്തുകാരൻ കാണിച്ചുതരണം. ആ കാഴ്ച വായനക്കാരന്റെ ജീവിതാവബോധത്തെ തീക്ഷണമാക്കും.

‘യാത്രയയപ്പ്’ എന്ന പേരിൽ മുയ്യം രാജൻ കഥാമാസികയിൽ എഴുതിയതിന് ഇപ്പറഞ്ഞ ഒരു ഗുണവുമില്ല. പ്രത്യക്ഷസത്യമില്ല, പരോക്ഷസത്യമില്ല. നല്ല വർണ്ണനം പോലുമല്ല അത്. മേലുദ്ദ്യോഗസ്ഥൻ പെൻഷൻപറ്റിയപ്പോൾ സ്വന്തം കൈയിലെ പണം ചെലവാക്കി യാത്രയയപ്പ് നടത്തിയവൻ തന്നെ വർഷങ്ങൾ കഴിഞ്ഞ് പെൻഷൻ പറ്റുന്നു. അയാൾക്ക് ‘സെൻഡോഫ്’ കിട്ടുന്നില്ല. നിത്യജീവിതത്തിലെ സത്യത്തെ കലയിലെ കള്ളമാക്കുന്നു ഈ കുത്സിതമായ ജേണലിസം.

* * *

ആർ. ശങ്കറിന്റെ അടുത്തുചെന്ന് കൂടക്കൂടെ പണം കടമെന്ന പേരിൽ വാങ്ങിച്ചിരുന്ന ഒരു വിപ്ലവ സാഹിത്യകാരൻ പ്രഭാഷണ വേദിയിൽ നിന്ന് കാച്ചിവിടുന്നത് ഞാൻ കേട്ടു. “ഈ ലോകം ഭരിക്കുന്നത് ദ്വന്ദ്വങ്ങളാണ്. മാർക്സിന്റെ ബൂർഷ്വാസിയും പ്രോലിറ്ററിയേറ്റും, ഭാരതീയന്റെ ജീവാത്മാവും പരമാത്മാവും.” ഇത്രയും പറഞ്ഞിട്ട് അദ്ദേഹം കസേരയിലിരുന്ന് എന്നെ ഒന്നു നോക്കി. ഞാൻ പറഞ്ഞു: യുങ്ങിന്റെ അനമസും അനമയും, ചൈനാക്കാരന്റെ യിന്നും യാങ്ങും. സാഹിത്യകാരന് അതൊന്നും മനസ്സിലായില്ല. എങ്കിലും എന്റെ തോളിൽ കൈകൊണ്ടടിച്ചു കൊണ്ട് ‘കറക്ട്’ എന്ന് അദ്ദേഹം ഉദ്ഘോഷിച്ചു.