close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 09 01


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 09 01
ലക്കം 476
മുൻലക്കം 1985 08 25
പിൻലക്കം 1985 09 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ തെക്കേ ഗെയ്റ്റിനടുത്തു് ഒരു കണിക്കൊന്നമരം നില്ക്കുന്നുണ്ടു്. വിഷുദിനം അടുക്കുമ്പോള്‍ അതങ്ങു പൂക്കും. മഞ്ഞപ്പൂക്കളല്ലാതെ ഒരിലപോലും അതില്‍ കാണുകില്ല. ആ സൗന്ദര്യത്തിന്റെ മഹാദ്ഭുതം വര്‍ണ്ണിക്കാന്‍ എന്നെക്കൊണ്ടാവില്ല. വാല്മീകിക്കോ കാളിദാസനോ അതിനു കഴിഞ്ഞെന്നു വരും. ഓരോ വര്‍ഷവും വിഷുദിനത്തോടു് അടുപ്പിച്ചു് ഞാന്‍ അതിന്റെ മുന്‍പില്‍ച്ചെന്നു നില്ക്കാറുണ്ടു്. അപ്പോഴൊക്കെ എനിക്കു് എന്തെന്നില്ലാത്ത ആഹ്ലാദമാണു്; ആഹ്ലാദപാരവശ്യമാണു്. “വര്‍ഷത്തില്‍ മുന്നൂറ്ററുപതു ദിവസവും നിങ്ങള്‍ എന്നെ അവഗണിച്ചു. എന്നാല്‍ അതിനു ഞാന്‍ പ്രതികാരം ചെയ്യുന്നതു് നിങ്ങളെ കോരിത്തരിപ്പിച്ചാണു്” എന്നു പറഞ്ഞുകൊണ്ടു വൃക്ഷം അതിന്റെ ആന്തരചൈതന്യം മുഴുവന്‍ സ്വര്‍ണ്ണപുഷ്പങ്ങളായി ആവിഷ്കരിക്കുകയാണു്. പക്ഷേ, മനുഷ്യന്‍ അപ്പോഴും കൃതഘ്നനാണു്. അവന്‍ അതിനെ പൂജിക്കാതെ അതിന്റെ പൂക്കള്‍ തല്ലിക്കൊഴിക്കുന്നു. വിഷുദിനത്തില്‍ ചെന്നു നോക്കിയാല്‍ പൂക്കളെല്ലാം നഷ്ടപ്പെട്ടു് അതു വെറും തടിയായി, കമ്പായി നില്ക്കുന്നതു കാണാം. കണിക്കൊന്നയ്ക്കു പ്രതികാരവാഞ്ഛയില്ല. അടുത്തവര്‍ഷം അതേ മാസത്തില്‍ അതു് സൗവര്‍ണ്ണകാന്തി പ്രസരിപ്പിക്കും. പ്രകൃതിയും മനുഷ്യനും വിഭിന്നരല്ല. വൃക്ഷവും മനുഷ്യനും ഒന്നുതന്നെ. മരം സ്വര്‍ണ്ണപ്പൂക്കളായി അതിന്റെ ആന്തര സമ്പത്തിനെ വാരിയെറിയുന്നതുപോലെ മനുഷ്യന്‍ തന്റെ ആന്തര ചൈതന്യത്തെ ഉചിതയായി ആവിഷ്കരിക്കുന്നു. വൃത്തികെട്ട മനുഷ്യന്‍ അതിനെയും തല്ലിചതയ്ക്കുന്നു. ടാഗോര്‍ കവിയല്ല, ഷേക്സ്പിയര്‍ നാടക കര്‍ത്താവല്ല. എഴുത്തച്ചന്‍ തര്‍ജ്ജമക്കാരനാണു്, ജി. ശങ്കരക്കുറുപ്പു് കവിയല്ല എന്നൊക്കെ പറയുന്ന മനുഷ്യന്‍ കണിക്കൊന്നയുടെ പൂക്കള്‍ തല്ലിവീഴ്ത്തുന്ന മനുഷ്യനെപ്പോലെയാണു്. എല്ലാ വൃക്ഷങ്ങള്‍ക്കും അവയുടെ ചൈതന്യത്തെ പൂക്കളായി സ്ഫുടീകരിക്കാനാവില്ല. എല്ലാ മനുഷ്യര്‍ക്കും കാളിദാസനെപ്പോലെ, ടാഗോറിനെപ്പോലെ കവിത രചിക്കാന്‍ കഴിയുകയില്ല. വൃക്ഷത്തെ ഉപദ്രവിക്കാതിരിക്കു; കവിയെ ഉപദ്രവിക്കാതിരിക്കു.

സെക്സും ഗന്ധവും

“മഞ്ഞക്കണിക്കൊന്ന പൂത്തപോലെ”യുള്ള ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ജമന്തിപ്പൂവിന്റെ സുഗന്ധത്താല്‍ രാഗമങ്കുരിച്ചതെങ്ങനെയെന്നു് പെരുന്ന എന്‍. ആര്‍. കഥയുടെ രൂപത്തില്‍ വിശദമാക്കുന്നു. (കുങ്കുമം- ജമന്തിപ്പൂവിന്റെ ഗന്ധം) ജയപ്രിയയാണു് പെണ്‍കുട്ടി. അവള്‍ യഥാര്‍ത്ഥത്തില്‍ ജമന്തിപ്രിയയാണു്. അതുകൊണ്ടാവണം ജമന്തിപൂവിന്റെ മണം പ്രസരിപ്പിക്കുന്ന ഒരാളെക്കണ്ടു് അവള്‍ ചലനംകൊള്ളുന്നതു്. എന്നാല്‍ അയാള്‍ “ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്നെഴുതിക്കൊടുത്തപ്പോള്‍ എല്ലാ പെണ്‍കുട്ടികളെപ്പോലെയും അവളും ഞെട്ടി. ഞെട്ടല്‍ വെറുപ്പിന്റെ ഫലമോ? അല്ല. ഉദ്യാനത്തില്‍ വിടരുന്ന ഒരു ജമന്തിപ്പൂവിനെ അവള്‍ കൗതുകത്തോടെ നോക്കുന്നുണ്ടല്ലോ. പൂവു് വിടരുന്നതുപോലെ അവളുടെ രാഗവും വിടരുന്നു. ‘പൈങ്കിളിയാകാന്‍ സാദ്ധ്യതയുള്ള കഥയെ കഥാകാരന്റെ ഔചിത്യബോധം സാഹിത്യഗുണമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഗന്ധവും സെക്സും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം പരോക്ഷമായിക്കൊണ്ടുവരുന്നുണ്ടു് ഇതില്‍. ഓരോ വികാരമുണ്ടാകുമ്പോള്‍ ഓരോ ഗന്ധമാണു് സ്ത്രീയില്‍നിന്നു്, പുരുഷനില്‍നിന്നു് ഉദ്ഭവിക്കുക. ദേഷ്യപ്പെടുന്ന പുരുഷന്റെയോ സ്ത്രീയുടെയോ ഗന്ധം ആര്‍ക്കും ഉഷ്ടപ്പെടില്ല. സ്നേഹത്തില്‍ വീണ പുരുഷന്റെ ശരീരത്തില്‍ നിന്നു ജമന്തിപ്പൂവിന്റെ ഗന്ധം പുറപ്പെടുമായിരിക്കും. Magica Sexualis എന്ന പുസ്തകത്തില്‍ കക്ഷത്തു കൈലേസ് വച്ചുകൊണ്ടു നൃത്തം ചെയ്യുന്ന ഒരുത്തന്റെ രീതി വര്‍ണ്ണിച്ചിട്ടുണ്ടു്. ആ കൈലേസ് എടുത്തു് ഏതു സ്ത്രീയുടെ മൂക്കിനടുത്തുവച്ചാലും അവള്‍ അയാള്‍ക്കു വിധേയയാകുമത്രേ. എന്തെല്ലാം വൈകൃതങ്ങള്‍! വൈകൃതങ്ങളാണെങ്കിലും അവയെല്ലാം സത്യാത്മകങ്ങളും ‘സെക്സും ഗന്ധവും’ എന്നൊരു വലിയ ഗ്രന്ഥംതന്നെ എഴുതാം. ഇന്ത്യയിലെ ഒരു ഹാവ്‌ലക് എലിസ് അതെഴുതുമ്പോള്‍ ജമന്തി പ്രിയയായ ജയ പ്രിയയെ ആ എഴുത്തുകാരന്‍ വിട്ടുകളയാതിരിക്കട്ടെ.

മനുഷ്യനും മരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞു് നമ്മള്‍ പുഷ്പഗന്ധത്തിലെത്തി. പുഷ്പത്തിന്റെ മണവും മനുഷ്യന്റെ സെക്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് പര്യാലോചന ചെയ്തു. ഇപ്പോള്‍ എനിക്കോര്‍മ്മവരുന്നതു് ഒരു ജപ്പാനീസ് കഥയാണു്. ലഫ്കാഡിയോ ഹേണ്‍ എവിടെയോ എഴുതിയതാണതു്. “ജപ്പാനില്‍ ഒരിടത്തു് ഒരു ‘വില്ലോ’മരം വളര്‍ന്നു നിന്നിരുന്നു. അതു മുറിക്കാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചപ്പോള്‍ അയല്‍ക്കാരന്‍ പറഞ്ഞു അയാളതു് പിഴുതെടുത്തു് തന്റെ പാട്ടപ്പുരയിടത്തില്‍ നട്ടുകൊള്ളാമെന്നു്. അങ്ങനെ വില്ലോ മരം ഇപ്പുറത്തെ പുരയിടത്തിലായി. മരത്തിനു് ആത്മാവുണ്ടെന്നും അതിനെ മുറിക്കുന്നതു് ക്രൂരതയാണെന്നുമാണു് അയല്‍ക്കാരന്‍ കരുതിയതു്. വൃക്ഷം പുതിയ സ്ഥലത്തു് തഴച്ചുവളര്‍ന്നു. അതിന്റെ ചൈതന്യം സുന്ദരിയായ തരുണിയായി അയാളുടെ മുന്‍പിലെത്തി. അവള്‍ അയാളുടെ ഭാര്യയാകുകയും ചെയ്‌തു. കാലം കഴിഞ്ഞു. അവര്‍ക്കു് ഒരാണ്‍കുഞ്ഞു ജനിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പുരയിടത്തിന്റെ ഉടമസ്ഥന്‍ ആ മരം മുറിക്കാന്‍ തീരുമാനിച്ചു. (അയല്‍ക്കാരന്‍ പാട്ടക്കാരന്‍ മാത്രമായിരുന്നല്ലോ) ആ തീരുമാനം അറിഞ്ഞയുടനെ അയല്‍ക്കാരന്റെ ഭാര്യ “നമ്മുടെ കുഞ്ഞു് നിങ്ങൾക്കു് ആശ്വാസമരുളട്ടെ” എന്നു പറഞ്ഞുകൊണ്ടു വൃക്ഷത്തില്‍ ലയിച്ചു. മരം മുറിക്കരുതെന്നു് അയല്‍ക്കാരന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഉടമസ്ഥന്‍ അതു് ചെവിക്കൊണ്ടില്ല. രാജകല്പനയനുസരിച്ചാണു് താനതു മുറിക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. ഒരു ബുദ്ധദേവാലയം നിര്‍മ്മിക്കാന്‍ രാജാവിനു തടിവേണമായിരുന്നു. മരം മുറിച്ചിട്ടു. പക്ഷേ, പെട്ടെന്നു് അതിന്റെ കനം കൂടി. മുന്നൂറുപേര്‍ ഒരുമിച്ചു വലിച്ചിട്ടും അതു് അനങ്ങിയില്ല. അപ്പോള്‍ ആ കൊച്ചുകുട്ടി അതിന്റെ ഒരു ചില്ലയില്‍ പിടിച്ചുകൊണ്ടു് “വരൂ” എന്നു് പറഞ്ഞു. നിലത്തിലൂടെ തെന്നിത്തെന്നി ആ മരം കുട്ടിയെ അനുഗമിച്ചു. അങ്ങനെ കുട്ടി മരവുമായി ബുദ്ധദേവാലയത്തിന്റെ മുറ്റത്തെത്തി.

നാദമല്ല, നക്ഷത്രമാണു്

തരുണി സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവളാകട്ടെ, സമുദ്രത്തില്‍നിന്നു് ഉയര്‍ന്നവളാകട്ടെ. അവൾക്കു തലമുടിയില്ലെങ്കില്‍ സുന്ദരിയേയല്ല എന്നു് The Golden Ass എന്ന പരിഹാസാത്മകമായ ആത്മകഥ എഴുതിയ അപലീയസ് പറയുന്നു. (Lucius Apuleis– 2nd Century) നോട്ടംകൊണ്ടു കാമനെ ദഹിപ്പിച്ചു മുക്കണ്ണന്‍ ആയതലോചന അതേ നോട്ടത്താല്‍ കാമനു ജീവന്‍ നല്കിയിട്ടു് ശിവനെ തോല്പിച്ചു. ആ സുന്ദരിയെ വാഴ്ത്തി സംസ്കൃതകവി രാജശേഖരന്‍. അവളുടെ കറുകപ്പുല്ലുപോലെ കറുത്ത തലമുടിയെ വീര്യമിത്രന്‍ എന്ന മറ്റൊരു സംസ്കൃതകവി പ്രശംസിച്ചു. ഫ്രഞ്ച് കവി ബോദലേറിന്റെ സങ്കല്പമനുസരിച്ചു് എല്ലാ സ്മരണകളും അവളുടെ തലമുടിയില്‍ ഉണ്ടു്. കൈലേസ് എടുത്തു വീശുന്നതുപോലെ കവിക്കു് ആ തലമുടിയെടുത്തു വീശാനാണു് കൗതുകം. പുരുഷനെ വല്ലാതെ ആകര്‍ഷിക്കുന്നതാണു സ്ത്രീയുടെ തലമുടി. കെട്ടിവച്ച തലമുടി അഴിഞ്ഞു് തരംഗങ്ങൾ ഉളവാക്കിക്കൊണ്ടു് താഴോട്ടു വീഴുമ്പോള്‍ അതു കാണുന്ന പുരുഷനു വികാരപാരവശ്യമുണ്ടാകും. “നീലക്കരിഞ്ചായല്‍ കെട്ടഴിഞ്ഞൂര്‍ന്നിട്ടൊഴുകുന്നതു” കണ്ടു് കവി ജി. ശങ്കരക്കുറുപ്പു് ഹര്‍ഷമൂര്‍ച്ഛയിലെത്തുന്നതു് നമ്മള്‍ കാണുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ “കാമുക! മുകരുക, നിന്നെ മൂടുക ഞാനാപ്പൂമുടിച്ചുരുളിന്നു സൗഭാഗ്യമാശംസിപ്പൂ!” എന്നും അദ്ദേഹം പറയുന്നു. “വീണതന്‍ കടം പോലാം നിതംബം വീണുരുമ്മുന്ന വേണീകദംബം വാരി ഞാനെന്റെ മാറിലാ ലജ്ജാകോരകങ്ങളെ സ്പന്ദിതമാക്കി” എന്നാണു് വൈലോപ്പിള്ളിയുടെ ആഹ്ലാദാതിരേകം കലര്‍ന്ന വാക്കുകള്‍. തലമുടിക്കു് ഇത്രത്തോളം വശ്യതയുള്ളതുകൊണ്ടു് ഷെറീഫ് നെടുമങ്ങാടിന്റെ നായിക ചാന്ദ്നി മനോഹരമായ തലമുടിയെ പരിലാളിച്ചതില്‍ ഒരു തെറ്റുമില്ല. അവള്‍ മുറച്ചെറുക്കന്റെ പ്രേമാഭ്യര്‍ത്ഥനയെ നിരാകരിച്ചപ്പോള്‍ അവന്‍ പ്രതികാരനിര്‍വ്വഹണമെന്നമട്ടില്‍ അവളുടെ ആ നീണ്ട മുടി മുറിച്ചെടുത്തതിലും തെറ്റില്ല. അലക്സാണ്ടര്‍ പോപ്പിന്റെ ബലിന്‍ഡ എന്ന നായിക കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോഴാണു് അവളുടെ മുടിച്ചുരുളുകള്‍ മുറിച്ചെടുത്തതു്. അതു് അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു. അവിടെ നക്ഷത്രമായി തിളങ്ങുകയും ചെയ്തു. നക്ഷത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ബ്രൗണിങ്ങിന്റെ ഒരു പ്രയോഗം ഓര്‍മ്മയിലെത്തുന്നു. വോഗ്‌ലര്‍ എന്ന ക്രൈസ്തവ പുരോഹിതനെക്കുറിച്ചുള്ള ഒരു കാവ്യത്തിലാണതു്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളായ സംഗീതോപകരണങ്ങള്‍ പലതുണ്ടു്. ആ ഉപകരണമെടുത്തു് അദ്ദേഹം മൂന്നുനാദങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ നാലാമതുണ്ടാകുന്നതു് നാദമല്ല, നക്ഷത്രമാണു്. ആ നക്ഷത്രമാണു് ഓരോ കലാസൃഷ്ടിയും. അതിനെ സൃഷ്ടിക്കാന്‍ നെടുമങ്ങാട്ടെ ഷെറീഫിനു് അറിഞ്ഞുകൂടാ. (കുങ്കുമം വാരിക)

വയലെന്‍സ്

ലോകത്തു് വയലെന്‍സ്– അക്രമം അല്ലെങ്കില്‍ ഹിംസ– കൂടിക്കൂടിവരുന്നു എന്നതു സത്യം. ആരെങ്കിലും അക്രമത്തിനു വിരാമമിടാന്‍ ശ്രമിച്ചാല്‍ ഒരു ‘റിയാക്ഷന്‍’ എന്ന നിലയില്‍ മറ്റൊരു ഭാഗത്തു് അതു വര്‍ദ്ധിച്ചുവരും. പ്രതികൂലങ്ങളായ ഗ്രൂപ്പുകളെ സോവിയറ്റ് യൂണിയന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തതു കൊണ്ടു് ഒരു Coercive dictatorship ആവശ്യമില്ലെന്നു് ക്രൂഷ്ചേവ് പറഞ്ഞെന്നും അതിനെ മവോസേതൂങ് എതിര്‍ത്തെന്നും നീല്‍ഹാര്‍ഡിങ് A Dictionary of Marxist Thought എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. മവോയുടെ എതിര്‍പ്പിനു യോജിച്ച മട്ടില്‍ സമൂഹം കൂടുതല്‍ അക്രമാസക്തമായി ഭവിച്ചിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്തേക്കും കണ്ണോടിക്കു. അക്രമവും ഹിംസയുമല്ലാതെ വേറൊന്നുമില്ല. രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലങ്ങളില്‍ അതുണ്ടാകുന്നതു് മനസ്സിലാക്കാം. പക്ഷേ, കവിതയുടെ മണ്ഡലത്തില്‍ ഹിംസയെന്തിനു്? അതു് തീരെ മനസ്സിലാക്കാന്‍വയ്യ. മാത്യൂസ് കടമ്പനാടു് കവിതയെ ഹിംസിക്കുന്നതു നോക്കൂ:

പണ്ടു ദ്രൗപദി വാര്‍ത്ത കണ്ണുനീര്‍
പാണ്ഡവ കോപാഗ്നി പെരുപ്പിച്ചു
സ്നേഹപ്രവാഹമായി മാറിപോല്‍
അന്നവള്‍ചെയ്ത ശപഥത്താല-
ഹന്തയൂരുക്കള്‍ ഞെരിഞ്ഞമര്‍ന്നു.
(മാമാങ്കം)

തുടര്‍ന്നുള്ള എല്ലാ വരികളും ഇമ്മട്ടിലാണു്. ഒടുവില്‍ സാര്‍ത്ഥകമായി “വാക്കുകളില്ലാത്ത പാമരന്‍ ഞാന്‍” എന്നൊരു പ്രസ്താവവും.

പല തരത്തിലുള്ള അഭിമര്‍ദ്ദങ്ങള്‍ക്കു വിധേയരാണു് ജനങ്ങൾ. ഓഫീസില്‍ പോകുന്നവരാണെങ്കില്‍ മേലുദ്യോഗസ്ഥന്റെ ആജ്ഞ മാത്രമല്ല സാന്നിദ്ധ്യം പോലും അസ്വസ്ഥത ഉളവാക്കുന്നതാണു്. സഹപ്രവര്‍ത്തകര്‍ വിമര്‍ശനദൃഷ്ടിയോടെ ഇരിക്കുന്നതു കാണുമ്പോള്‍ മറ്റൊരു വിധത്തിലുള്ള അസ്വസ്ഥത. ജോലികഴിഞ്ഞു് സായാഹ്നത്തില്‍ ബസ്സില്‍ കയറിയാല്‍ കണ്ടക്ടറുടെ പെരുമാറ്റം അസുഖകരമാകുമോ എന്ന ശങ്ക. അതും അസ്വസ്ഥത ജനിപ്പിക്കുന്നു. വീട്ടിലെത്തിയാല്‍ മക്കളുടെ ഹിതകരമല്ലാത്ത പെരുമാറ്റം വേറൊരു അഭിമര്‍ദ്ദമാണു്. ഇതില്‍ നിന്നെല്ലാം രക്ഷപ്രാപിക്കാമെന്നു കരുതി മാമാങ്കം വാരികയെടുത്തെന്നിരിക്കട്ടെ. അതില്‍ ‘പാമരന്‍ ഞാന്‍’ എന്ന ദുഷ്കവിത മറ്റൊരു അഭിമര്‍ദ്ദം. ചുരുക്കത്തില്‍– നമുക്കു് ഒരു മണ്ഡലത്തിലും സ്വസ്ഥതയില്ല.

മരണമാണു ഭേദം

മരണം എന്നെ ചായകുടിക്കാന്‍ വിളിക്കുന്നു എന്നു കരുതു. ആ ക്ഷണം സ്വീകരിച്ചാല്‍ എനിക്കു് അയാളോടുകൂടി പോകേണ്ടതായിവരും. ഒരു സംശയവുമില്ല. അതേ സമയം ഷീല ലൂയിസ് മംഗളം വാരികയിലൂടെ ഒരു ക്ഷണം നടത്തുന്നു. “വരൂ എന്റെ ‘വെയില്‍ ചേക്കേറുന്ന സന്ധ്യകള്‍’ എന്ന ചെറുകഥ ഒന്നു വായിച്ചിട്ടുപോകൂ. നന്ദിനിക്കുട്ടിയുടെ കാമുകന്‍ രാഷ്ട്രീയ പ്രവര്‍ത്തകനാണു്. അയാള്‍ക്കുവേണ്ടി അവള്‍ കാത്തിരുന്നില്ല. ജയിലില്‍ നിന്നിറങ്ങിയ അയാള്‍ അവളെ കാണുന്നു. ഇതാണു് കഥ. വരൂ, വായിക്കു” മരത്തിന്റെ നിമന്ത്രണം നിരാകരിണമാണു് അവിടെ ചൊരിഞ്ഞതു്. ഓരോ സംഭവവും നമ്മളെ ഞെട്ടിക്കും. 1914 ആകുമ്പോള്‍ പാലത്തിനു തകര്‍ച്ച സംഭവിക്കുന്നു. അതിന്റെ ട്രാജഡി മനുഷ്യന്റെ ട്രാജ‍ഡിയായി മാറുന്നു. നോവല്‍ വായിച്ചു് അവസാനിപ്പിക്കുമ്പോള്‍ നമ്മള്‍ മൂന്നൂറ്റമ്പതു വര്‍ഷങ്ങളില്‍ ജീവിച്ച മനുഷ്യരെ സ്മരിച്ചു് ദുഃഖിക്കുന്നു. പാലത്തിന്റെ തകര്‍ച്ചയില്‍ ദുഃഖിക്കുന്നു. അങ്ങനെ നോവലിനു് സാര്‍വകാലിക സ്വഭാവവും സാര്‍വലൗകിക സ്വഭാവവും കൈവരുന്നു. കവിയാണു് ആന്‍ഡ്രീച്ച്. തീക്ഷ്ണതയില്ലാത്ത ഒരു വാക്യംപോലും അദ്ദേഹത്തിനു് എഴുതാന്‍ വയ്യ. ഈ കാവ്യശക്തിയോ തീക്ഷ്ണതയോ ‘കയറി’ല്‍ ഇല്ല. Majestic എന്നു വിശേഷിപ്പിക്കേണ്ട ഒരു യൂഗോസ്ലാവ്യന്‍ നോവലിനെ ‘കയറി’നോടു സദൃശമാക്കിക്കല്പിച്ചതു ശരിയല്ലെന്നാണു് എന്റെപക്ഷം. മനുഷ്യനും പ്രകൃതിയും, മനുഷ്യനും കുടുംബവും, മനുഷ്യനും സമൂഹവും ഇവയെ വിഷനറി ഇന്റന്‍സിറ്റിയോടുകൂടി– അഭിവീക്ഷണത്തിന്റെ തീക്ഷ്ണതയോടുകൂടി– ആവിഷ്കരിക്കുന്ന ‘ഡ്രീനാനദിയിലെ പാലം’ എന്ന നോവലിനു സദൃശമായി വിശ്വസാഹിത്യത്തില്‍ത്തന്നെ കൃതികള്‍ കുറവാണു്. ‘കയറി’ലും ഈ മൂന്നു ഘടകങ്ങളുണ്ടു്. പക്ഷേ അഭിവീക്ഷണത്തിന്റെ തീക്ഷ്ണതയില്ല. മാതൃഭൂമിയിലെ ലേഖനത്തിന്റെ താഴെ ഇങ്ങനെയൊരു വാക്യമെഴുതാം. P. K. Balakrishnan is guilty of surface judgment.

നിര്‍വ്വചനങ്ങളും മറ്റും

സ്കൂട്ടറിന്റെ പിറകിലിരിക്കുന്ന ഭാര്യ: കണ്ടോ, ഇദ്ദേഹമാണു് എന്റെ ഭര്‍ത്താവു് എന്നു് അഭിമാനഭരിതയായി നമ്മെ നോക്കുന്ന പാവം.

സ്കൂട്ടര്‍ ഓടിക്കുന്ന ഭര്‍ത്താവു്: നിര്‍ബ്ബന്ധം സഹിക്കാന്‍ വയ്യാതെയാണു് ഞാനിവളെ ഇതിന്റെ പിറകിലിരുത്തിക്കൊണ്ടു പോകുന്നതു് എന്നു് ഓരോ ചേഷ്ടയാലും നമ്മെ ധരിപ്പിക്കുന്ന സാധു.

മുട്ടത്തുവര്‍ക്കി: ജീവിതത്തിന്റെ മുദ്ര മുഖത്തുള്ള നല്ല മനുഷ്യന്‍. നോവലുകളില്‍ അതില്ലാത്തതുകൊണ്ടു് എനിക്കു പരാതിയില്ല.

ബോംബെയിലെ ഒരു കഥയെഴുത്തുകാരിയായിരിക്കാം. അവര്‍ എല്‍. ആര്‍. ഹേമ എന്ന കള്ളപ്പേരില്‍ എനിക്കെഴുതിയ ഒരു കത്തിലെ അവസാനത്തെ ഖണ്ഡിക: “അശ്ലീല കഥകള്‍ വായിക്കുകയും അവയെ അതിലേറെ അശ്ലീല ഭാഷയില്‍വിമര്‍ശനം ചെയ്യുകയും ചെയ്യുന്ന താങ്കള്‍ക്കു് (ഉദരപൂരണത്തിനായി ചെയ്യുന്ന) ഈ പ്രവൃത്തി ഇനിയെങ്കിലും നിറുത്തിക്കൂടെ?” -ഉദരപൂരണത്തിനായി ഞാന്‍ എഴുതുക മാത്രമല്ലേ ചെയ്യുന്നുള്ളു സഹോദരീ?

[കത്തിലെ മുദ്ര വളരെ സ്പഷ്ടം. ബോംബേ, സീപ്സ് P. O. 6-8-85–1]

മാന്ത്രികശക്തി: ശാന്താറാമിന്റെയും സത്യജിത്റേയുടെയും ചലച്ചിത്രങ്ങളില്‍ ഉള്ളതു്. ഇന്നത്തെ ആര്‍ട്ട് ഫിലിമുകളില്‍ ഇല്ലാത്തതു്.

അവസാനിക്കുന്നില്ല. അല്ലെങ്കില്‍ തുടരും:–

വായനക്കാരന്റെ ചങ്കുപൊളിക്കുന്ന ഈ വാക്കു് ഓരോ പൈങ്കിളി നോവലിന്റെയും ഓരോ ഭാഗം അവസാനിക്കുമ്പോഴും പത്രാധിപര്‍ അച്ചടിക്കുന്നു.

അച്ഛന്‍: ഇന്നത്തെ നിഘണ്ടുക്കളില്‍ ഈ വാക്കില്ല. കുറെക്കാലം ഇതിനു പകരമായി മൂപ്പില്‍സ് എന്ന പദമുണ്ടായിരുന്നു. ഇപ്പോള്‍ അതിനു പകരമായി ശില്പി എന്നു കാണാം. ആധുനികോത്തര നിഘണ്ടുവില്‍ സിറിഞ്ജ് (Syringe) എന്ന വാക്കാണു് ഉള്‍പ്പെടുത്താന്‍ പോകുന്നതു്. ഈ രഹസ്യം എന്നോടു പറഞ്ഞതു് പ്രസിദ്ധനായ ഹാസ്യസാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ സുകുമാറാണു്.

ഭൂതാവേശം

എന്റെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കു് ഭൂതാവേശമുണ്ടായി. അവള്‍ “ഹെന്തിനു്, ഹെന്തിനു്? നിന്നെക്കൊണ്ടേ പോകൂ” എന്നൊക്കെ പറയുമായിരുന്നു. അവളുടെ അച്ഛന്‍ മന്ത്രവാദിയെ കൊണ്ടുവന്നു. അയാള്‍ പെണ്‍കുട്ടിയുടെ മുടിയെടുത്തു് തടിക്കഷണത്തില്‍ ചേര്‍ത്തുവച്ചു് അതില്‍ ആണിയടിച്ചു. ഓരോ തവണ ആണിതറച്ചു കയറ്റുമ്പോഴും “നീ ഒഴിയുമോ നീ ഒഴിയുമോ” എന്നു് അയാള്‍ ചോദിക്കുമായിരുന്നു. മറുപടി കുറെ ജല്പനങ്ങല്‍ മാത്രം. ഭൂതാവേശത്തിന്റെ ഫലമായ ഈ പ്രലപനം പിന്നീടു് നമ്മുടെ നാടകങ്ങളില്‍ കടന്നുകൂടി. “മാറത്തെ മാറാത്ത മാണിക്ക മതല്ലികേ” എന്നും മറ്റും നാടകത്തിലെ നായകന്‍ വിളിച്ചുതുടങ്ങി. ഇപ്പോള്‍ അതു് ചില ചെറുകഥകളിലാണുള്ളതു്. കേട്ടാലും:

പിന്നെ ചിറകൊച്ച നേര്‍ത്തു. നിഴലുകള്‍ മങ്ങി. ഞൊടിയിടെ ഉള്ളിലെ ഇരുളില്‍ ഒരു ഭീകരദൃശ്യം. ദുസ്മൃതിയുടെ ശ്മശാനത്തില്‍ ആളിപ്പടരുന്ന ചിത. ഒരാള്‍രൂപത്തോളം വലിപ്പത്തില്‍ ഉരുകിക്കത്തുന്ന മെഴുതിരി! തീവെളിച്ചത്തില്‍ ഈയാംപാറ്റകളെപ്പോലെ ചലിക്കുന്ന ഒരുപാടു കണ്ണുകള്‍. കണ്ണീരണിഞ്ഞ ജ്വാലാമുഖങ്ങള്‍.

ഉണ്ണി ജോസഫ് മനോരാജ്യം വാരികയിലെഴുതിയ മെഴുകുതിരികള്‍ എന്ന ചെറുകഥയില്‍ നിന്നാണു് ഈ വാക്യങ്ങള്‍. കഥയാകെ ഇമ്മട്ടിലാണു് രചിക്കപ്പെട്ടിട്ടുള്ളതു്. എന്താണു കഥ? ഒരുത്തന്‍ മൂകയായ മുറപ്പെണ്ണിനെ സ്നേഹിച്ചു. അവന്റെ അച്ഛന്‍ മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ പെണ്ണു് ആറ്റില്‍ ചാടി ചത്തു. അടുത്ത രംഗം ആശുപത്രി. അവിടെ മരിച്ച പെണ്ണിന്റെ ഛായയുള്ള വേറൊരു പെണ്ണു്. അവള്‍ രോഗിയായ അച്ഛനെ ശുശ്രൂഷിക്കുന്നു. ചാടിച്ചത്ത പെണ്ണിന്റെ കമിതാവു് അയാളുടെ അച്ഛനെ പരിചരിച്ചുകൊണ്ടു് ആശുപത്രിയിലിരിക്കുന്നു. മരിച്ച പെണ്ണിന്റെ സാദൃശ്യമുള്ളവളുടെ അച്ഛന്‍ മരിച്ചു. കമിതാവിന്റെ അച്ഛനും മരിക്കുമെന്ന സൂചനയോടെ കഥ അവസാനിപ്പിക്കുന്നു ഉണ്ണിജോസഫ്.

നമ്മള്‍ ബന്ധുക്കളെയും സ്നേഹിതരെയും സ്നേഹിക്കുന്നില്ലേ? അതുപോലെ വാക്കുകളേയും സ്നേഹിക്കുന്നു. പദങ്ങള്‍ ബന്ധുക്കളാണു്, കൂട്ടുകാരാണു്. അവ രചനകളില്‍ വന്നുനില്ക്കുമ്പോഴും ആ സ്നേഹം തോന്നണം. തോന്നും. അതു തോന്നുന്നില്ല എന്നതാണു് ഉണ്ണിജോസഫിന്റെ വാക്കുകളെക്കുറിച്ചു പറയാനുള്ളതു്. നമ്മെ സംബന്ധിച്ചിടത്തോളം അവ അപരിചിതങ്ങളായിരിക്കുന്നു; ഭൂതാവേശംകൊണ്ട സ്ത്രീയുടെ വാക്കുകള്‍ എങ്ങനെ അപരിചിതങ്ങളോ അതുപോലെതന്നെ, ഉന്മത്ത പ്രലപനങ്ങള്‍പോലെ ചില പദസമൂഹങ്ങള്‍ നിരത്തിവച്ചാല്‍ സാഹിത്യമാകും എന്ന തെറ്റിദ്ധാരണയില്‍നിന്നു രൂപം കൊണ്ടതാണു് ഈ കഥാസാഹസം.

ബോയ്ല്‍

1972-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഹൈന്‍ റിഹ്ബോയ്ല്‍ (Heinrich Boll) 68-ആമത്തെ വയസ്സില്‍ ചരമം പ്രാപിച്ചിരിക്കുന്നു. മതവിദ്വേഷി, മതസ്നേഹാസക്തന്‍, ഭീകരപ്രവര്‍ത്തകന്‍, പിന്തിരിപ്പന്‍, സന്മാര്‍ഗ്ഗവാദി എന്നീ വിവിധ നിലകകളില്‍ പ്രശസ്തനായിരുന്നു ബോയ്ല്‍. റഷ്യന്‍ സാഹിത്യകാരന്‍ സോള്‍ഷെനിറ്റ്സ്യനെ സഹായിച്ചതുകൊണ്ടു് അദ്ദേഹം പിന്തിരിപ്പനായി. ജര്‍മ്മന്‍ സര്‍ക്കാര്‍ ഭീകര പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചതിനാല്‍ ഭീകരപ്രവര്‍ത്തകനെന്നു മുദ്രയടിക്കപ്പെട്ടു. മനഃസാക്ഷിക്കു് എതിരായി ഒന്നും പറയാത്തതിനാല്‍ ബോയ്ല്‍ moral authority ആയി പരിഗണിക്കപ്പെട്ടു.

അദ്ദേഹം ആരുമാകട്ടെ, നോവലിസ്റ്റും കഥാകൃത്തുമായ ബോയ്ല്‍ ഉജ്ജ്വല പ്രതിഭാശാലിയാണു്. മനുഷ്യകഥാനുഗായിയാണു്. അദ്ദേഹത്തിന്റെ Billiards at half-past nine (1959), The Clown (1963) The End of a Mission (1966) Group Portrait with Lady (1971) The Lost Honour of Katharina Blum (1974) The Safety Net (1979) എന്നീ നോവലുകളാകെ മാസ്റ്റര്‍ പീസുകളാണു്. അവയുടെ സ്വഭാവം സൂചിപ്പിക്കാന്‍പോലും ഇവിടെ സ്ഥാനമില്ല. ലോകത്തിന്റെ സാന്മാര്‍ഗ്ഗിക സംസ്കാരത്തെയും സാഹിത്യസംസ്കാരത്തെയും വികസിപ്പിച്ച മഹാനായിരുന്നു ബോയ്ല്‍ എന്നു മാത്രം പറയട്ടെ.

ബോയ്‌ലിന്റെ മരണം പ്ലാറ്റിറ്റ്യൂഡായി പറഞ്ഞാല്‍ വലിയ നഷ്ടംതന്നെ. എല്‍. എ. രവിവര്‍മ്മ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിറുത്താന്‍വേണ്ടി ചിലതൊക്കെ ചെയ്യണമെന്നു് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. പണപ്പിരിവിനു് ഇറങ്ങി. അക്കാലത്തു് തിരുവിതാംകൂറിലാകെ പ്രശസ്തനായിരുന്ന ഒരു ക്രിമിനല്‍ വക്കീലിന്റെ വീട്ടിലെത്തി ഞങ്ങള്‍. പണം ചോദിച്ചപ്പോള്‍ സാഹിത്യകാരന്‍ കൂടിയായ അദ്ദേഹം പറഞ്ഞു: “എല്‍. എ. രവിവര്‍മ്മ മരിച്ചപ്പോള്‍ ‘നഷ്ടം നഷ്ടം’ എന്നു പത്രത്തിലൊക്കെ കണ്ടു. അതു് നഷ്ടംതന്നെന്നു ഇപ്പോഴാണു് മനസ്സിലായതു്” ഇങ്ങനെ മൊഴിഞ്ഞിട്ടു് അദ്ദേഹം ഒരഞ്ചുരൂപ നോട്ടെടുത്തു് ഞങ്ങളുടെ നേര്‍ക്കു നീട്ടി. അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങളും കൊട്ടാരത്തോടുള്ള അടുപ്പവും മഹാശയസ്സും ഒക്കെ സ്മരിച്ചു് ആ ഫൈ ഹണ്‍ഡ്രഡ് നയാപൈസ ഞങ്ങള്‍ വാങ്ങിക്കൊണ്ടു പോന്നു. അടുത്ത വീട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍– സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ആള്‍– അമ്പതുരൂപ തന്നു.