close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 06 14


സാഹിത്യവാരഫലം
150px-M-krishnan-nair.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 06 14
മുൻലക്കം 2002 06 07
പിൻലക്കം 2002 06 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
സ്റ്റങ്ദല്‍

പത്തൊന്‍പതാം ശതാബ്ദത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ഫ്രാന്‍സില്‍ ജീവിച്ച മഹാനായ നോവലിസ്റ്റ് സ്റ്റങ്ദല്‍ (Stendhal, 1783–1842) “Love” എന്ന പേരില്‍ മനോഹരവും വിദ്വജ്ജ്നോചിതവുമായ പുസ്തകമെഴുതിയിട്ടുണ്ട്. ഇന്നും അതിന്റെ നൂതനത്വം നശിച്ചിട്ടില്ല. അതില്‍ ശാരീരിക പ്രേമത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ʻʻനിങ്ങള്‍ വേട്ടയാടുകയാണ്.ˮ കാട്ടിലൂടെ ഓടുന്ന സുന്ദരിയായ പെണ്‍കുട്ടിയെ നിങ്ങള്‍ കാണുന്നു. ഇത്തരം ആഹ്ളാദത്തില്‍ നിന്നാണ് പ്രേമം ഉണ്ടാകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എത്ര ദയനീയാവസ്ഥയിലാണെങ്കിലും ഇവിടെയാണ് പതിനാറു വയസ്സില്‍ നിങ്ങളുടെ പ്രേമജീവിതം ആരംഭിക്കുന്നത്.ˮ മരങ്ങള്‍ക്കിടയിലൂടെ ഓടുന്ന സുന്ദരിയെക്കണ്ടാല്‍ മാത്രമല്ല പ്രേമത്തിന്റെ ഉദ്ഭവം നിങ്ങള്‍ രാജരഥ്യയിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്കഭിമുഖമായി ഒരു പരിചയവുമില്ലാത്ത സുന്ദരി വരുന്നു. അവളുടെ ചുണ്ടുകളില്‍ മന്ദസ്മിതം. ആ മന്ദസ്മിതത്തോടുകൂടി അവള്‍ നിങ്ങളെ കടന്നുപോകുന്നു. ഉള്‍ക്കുളിരുണ്ടാകുന്നു നിങ്ങള്‍ക്ക്, നിങ്ങള്‍ നടക്കുന്നു. കമ്പിവേലിക്കപ്പുറത്ത് ഒരു പൂ വിടര്‍ന്നു നില്ക്കുന്നതു കാണുന്നു. അതും ആഹ്ലാദജനകം. ഇങ്ങനെയാണ് വ്യക്തികളും വസ്തുക്കളും നമ്മളുമായി ബന്ധപ്പെടുന്നത്. വൈരൂപ്യമാര്‍ന്ന ആളുകളും വസ്തുക്കളും നിങ്ങള്‍ക്കു ക്ഷോഭം ജനിപ്പിച്ചെന്നുവരാം. പക്ഷേ സൗന്ദര്യത്തിന്റെ അതിപ്രസരവും അതില്‍ നിന്ന് ഉണ്ടാകുന്ന ആഹ്ലാദാനുഭൂതിയുമാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്റ്റ്ങ്ങ്ദല്‍ അപരിചിതയെക്കണ്ട് — വൃക്ഷങ്ങള്‍ക്കിടയിലൂടെ ഓടിമറയുന്ന പെണ്‍കുട്ടിയെ ദര്‍ശിച്ച് — കൊടുമ്പിരിക്കൊണ്ട വികാരത്തിനു വിധേയനായി ഈ വികാരം സ്റ്റങ്ദലിന്റെ സൗന്ദര്യബോധത്തോടു ബന്ധപ്പെട്ടിരിക്കുന്നു.


ക്ഷുദ്രവസ്തുക്കള്‍ നേരിട്ടുള്ള ദര്‍ശനത്താലല്ല അവയുടെ പരോക്ഷസാന്നിദ്ധ്യം കൊണ്ടുതന്നെ പുരുഷന്മാരെ ചലനം കൊള്ളിക്കുമെന്നതിന് തെളിവായി ഒരു ഫ്രഞ്ച് കഥയിലെ ചില സംഭവങ്ങളെക്കുറിച്ച് എനിക്കു പറയാന്‍ കൗതുകമുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ താന്‍ താമസിക്കുന്ന മുറിക്ക് മുകളിലായി ഫ്ലാറ്റില്‍ വസിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഷൂസിന്റെ പിന്‍ഭാഗം- മടമ്പു- ഉണ്ടാക്കുന്ന ശബ്ദം കേട്ടു ഹര്‍ഷോന്മാദത്താല്‍ വീഴുന്നു. ആദ്യമാദ്യം മടമ്പിന്റെ ശബ്ദം പോലീസ് ഓഫീസറെ രസിപ്പിച്ചിരുന്നില്ല. ക്രമേണ അയാള്‍ക്കതു രസജന്യമായി. ആ ഒച്ച കേള്‍ക്കാന്‍ അയാള്‍ കാത്തുനില്ക്കുമായിരുന്നു. മുകളിലുള്ള പെണ്‍കുട്ടിയുടെ അണ്‍ഡെര്‍വെയറിനെക്കുറിച്ചു അയാള്‍ വിചാരിച്ചു തുടങ്ങി. ആ നശിച്ച മേല്ത്തട്ട് ഇല്ലാട്യ്ഹിരുന്നെങ്കില്‍ കൈനീട്ടി അവളുടെ തുടയില്‍ തൊടാമായിരുന്നു അയാള്‍ക്ക്. ആ ഊഷ്മളമായ തുടകളാണ് അയാള്‍ക്ക് വേണ്ടിയിരുന്നത്. അവളുടെ തുടകളാല്‍ അമര്‍ത്തപ്പെട്ട് ശ്വാസംമുട്ടി മരിക്കാനായിരുന്നു അയാളുടെ ആഗ്രഹം. പെണ്‍കുട്ടി നടക്കുമ്പോള്‍ മടമ്പില്‍ നിന്നുണ്ടാകുന്ന ശബ്ദം അയാള്‍ റെക്കോർഡ് ചെയ്തുവച്ചു. രാത്രിയില്‍ ഇയര്‍ഫോണിലൂടെ അത് അയാള്‍ വീണ്ടും കേട്ട് ആഹ്ലാദിച്ചു. ഒരു ദിവസം അയാള്‍ തന്റെ കബഡ് (cupbord) പെണ്‍കുട്ടി നടക്കുന്ന സ്ഥലത്തിന്റെ താഴെക്കൊണ്ടു വച്ച് മൂക്ക് മേല്‍ത്തട്ടില്‍ തട്ടത്തക്കവിധത്തില്‍ അതിന്റെ മുകളില്‍ കിടന്നു. ഒരോ ദിവസവും രണ്ടുമണിക്കൂര്‍നേരം അയാള്‍ അവിടെ കിടക്കുമങ്ങനെ. ഏതാനും സെന്റിമീറ്ററിന് താഴെ കിടക്കുന്ന അയാളെ ചവിട്ടികൊണ്ടാണ് അവളുടെ നടത്തം.അയാളുടെ കവിളുകളില്‍ അവളുടെ സൂചിപോലുള്ള മടമ്പിന്റെ സ്പര്‍ശമേറ്റ് തുള വീഴും. അവള്‍ അയാളുടെ മാംസത്തിലൂടെ, വാരിയെല്ലുകളിലൂടെ നടക്കുകയാണ്. അവള്‍ അയാളുടെ ജനനേന്ദ്രിയത്തെ നടത്തത്താല്‍ തകര്‍ക്കുകയാണ്. അടിയില്‍ കിടന്നുകൊണ്ട് അയാള്‍ പെണ്‍കുട്ടിയെ നോക്കുകയാണ്. സ്ക്കുളീല്‍ ടീച്ചര്‍ മുകളിലേക്കു പോകുമ്പോള്‍ കുട്ടി തല വളച്ച് അവരുടെ പാവാടയുടെ താഴത്തെ ഭാഗത്തിലൂടെ മുകളിലേക്കു നോക്കുന്നതുപോലെ. ഞാന്‍ ഇക്കഥ മുഴുവന്‍ സംഗ്രഹിച്ചെഴുതുന്നില്ല. നേരിട്ടുള്ള ദര്‍ശനമില്ലാതെ പരോക്ഷദര്‍ശനം കൊണ്ട് വികാരമനുഭവിക്കാം എന്ന തത്വത്തിന് നിദര്‍ശകമായി ഒരു ഫ്രഞ്ച് കഥയുടെ ഏതാനും ഭാഗം എടുത്തു കാണിച്ചതേയുള്ളൂ. നമ്മുടെ മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ അതു അശ്ലീലതയില്‍ പെട്ടേക്കാം. എനിക്കതില്‍ വിപ്രതിപത്തിയില്ല. പ്രത്യക്ഷവും പരോക്ഷവുമായ വസ്തുക്കളും വസ്തുതകളും സഹൃദയരെ രസിപ്പിക്കുന്നു എന്ന കലാതത്ത്വം സ്പഷ്ടമാക്കാനാണ് ഞാന്‍ ഇത്രയുമെഴുതിയത് (The Oxford Book of French Stories, Elizabeth--Fallaize, Oxford University Press. See page 333 for the story; Total pages 352, Rs. 495.00).

ചോദ്യം, ഉത്തരം


ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍ കുത്തിയതിനുശേഷം അതിനോടുള്ള മാനസികനിലയ്ക്കു മാറ്റം വന്നില്ലേ?

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ ദിനത്തിന്റെ അടുത്ത ദിവസത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണമുണ്ടായിരുന്നു തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍. അദ്ദേഹം പ്രഭാഷണത്തിനിടയ്ക്കു പറഞ്ഞു ʻമനുഷ്യര്‍ ദിവസവും ചന്ദ്രനിലേക്കു യാത്രചെയ്താലും പൂര്‍ണ്ണചന്ദ്രനെ കാണുമ്പോള്‍ വിരഹദു:ഖമനുഭവിക്കുന്ന സ്ത്രീക്ക് ദുഖം കൂടും. ഒരിക്കല്‍ പവനന്‍ പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു. അദ്ദേഹം മദ്രാസ് കടപ്പുറത്തു വെളുത്ത വാവിന്‍നാളില്‍ വിശന്നു കിടക്കുമ്പോള്‍ ആഗ്രഹിച്ചത്രേ ചന്ദ്രന്‍ ദോശയായിരുന്നെങ്കില്‍, അതു തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്.

സന്താനങ്ങളോട് അച്ഛനമ്മമാര്‍ക്കു സ്നേഹം എത്ര വര്‍ഷം നില്ക്കും?

പെണ്‍പിള്ളരോടുള്ള അവരുടെ സ്നേഹം കൂടിവന്നാല്‍ പത്തുവര്‍ഷം നില്ക്കും. ആണ്‍പിള്ളരോടുള്ള സ്നേഹം ഏഴുവര്‍ഷം നില്ക്കും. പിന്നെ നീരസമുണ്ടാകും. അവരോട് നീരസം ഇഷ്ടക്കേടില്‍ നിന്ന് ശത്രുതയിലേക്കു വളരും. ഇരുപതു വയസായ മകനെ അച്ഛനു കണ്ണിനു കണ്ടുകൂടാ എന്നാവും.

സ്ത്രീക്കു മഹാദുഃഖം ഉണ്ടാകുന്നതു എപ്പോള്‍?

മകനെ അതിരറ്റു സ്നേഹിച്ച അമ്മ അവന്റെ വിവാഹത്തിനുശേഷം അമ്മായിഅമ്മയുടെ ദാസനായി മാറി തന്നെ കാണാന്‍ വരാത്തപ്പോള്‍. പല ആണ്‍മക്കളും ഇങ്ങനെ അമ്മമാരെ ദുഃഖിപ്പിക്കുന്നുണ്ട്.

എന്റെ ആപ്തമിത്രം ആഹാരത്തിനു വഴിയില്ലാതെ പട്ടിണി കിടക്കുന്നു. ഞാനും ആ സുഹൃത്തിന്റെ അടുത്തു ചെന്നുകിടക്കുന്നതല്ലേ ഉചിതം?

നിങ്ങളുടെ ആ സ്നേഹിതന്‍ കാറപകടത്തില്‍ പെട്ടു റോഡില്‍ കിടന്നാല്‍ നിങ്ങള്‍ അയാളെ റ്റാക്സിയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകുമോ അതോ അയാളുടെ കൂടെ റോഡില്‍ കിടക്കുമോ?

സാഹിത്യത്തെക്കൂറിച്ചു വിശാലവീക്ഷണമുള്ളവരല്ലേ നമ്മുടെ നിരൂപകര്‍?

അവര്‍ക്കു സങ്കുചിത വീക്ഷണമേയുള്ളൂ. നിരൂപണ പ്രബന്ധങ്ങള്‍ എഴുതുന്ന ഒരു സ്ത്രീ വൈലോപ്പിള്ളിയുടെ ʻകുടിയൊഴിക്കലിനെʼ ക്കുറിച്ച് ആയിരമായിരം ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് വാ തോരാതെ പ്രസംഗികുന്നു; എഴുതുന്നു. ഇതു വിശാലവീക്ഷണമാണോ? ഒരു പുരുഷന്‍ റ്റി. പദ്ഭനാഭനെക്കുറിച്ച് ഗ്രന്ഥമെഴുതി. കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഗ്രന്ഥമെഴുതുമെന്ന് കേരളീയരെ ഭീഷണിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ കഥാകാരന്മാരുടെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍, കോള്‍റിജ്ജ്, എലിയറ്റ് ഇവരുടെ നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ പദ്മനാഭന്‍, മാരാര്‍, ഇവരെപ്പറ്റി അദ്ദേഹം ഗ്രന്ഥമെഴുതാന്‍ തുടങ്ങുമോ?

റോസാപ്പൂ, പിച്ചിപ്പൂ, മുല്ലപ്പൂ, ഇവയില്‍ ഏതു പൂവിന്റെ മണമാണ് നിങ്ങള്‍ക്കിഷ്ടം?

എനിക്ക് ഈ പൂക്കളുടെ മണം ഇഷ്ടമല്ല പെട്രോളിന്റെ മണം ഇഷ്ടമാണ്.

ആറ്റൂര്‍ രവിവര്‍മ്മ, കെ. ജി. ശങ്കരപിള്ള ഇവരുടെ കവിതകള്‍ വായിക്കുന്നുണ്ടോ നിങ്ങള്‍?

പഴയ റ്റെലിഫോണ്‍ ഡയറക്ടറി എന്റെ വീട്ടിലുണ്ട്. ഞാനതു വായിക്കുന്നു. നല്ല രസം.


കൊല്ലരുതനിയാ കൊല്ലരുത്

ഏര്‍വിങ്ങ് സ്റ്റോണിന്റെ നോവലുകള്‍ വായിച്ച് അൽഭുതാധീനനായ കെ. സുരേന്ദ്രന്‍ കേരളത്തിലെ ചിലരുടെ ജീവിതത്തെ അവലംബിച്ച് നോവലുകള്‍ എഴുതി. പക്ഷേ സ്റ്റോണിന്റെ നോവലുകള്‍ക്കുള്ള സൗരന്ദ്യത്തിന്റെ ആയിരത്തിലൊരംശം പോലും സുരേന്ദ്രന്റെ നോവലുകള്‍ക്ക് ഇല്ലായിരുന്നു. കുമാരാനാശാന്റെ ജീവചരിത്രത്തെ അവലംബിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥം മുണ്ടശ്ശേരി വേറൊരു ഗ്രന്ഥത്തെക്കുറിച്ചു പറഞ്ഞതുപോലെ അമ്പേ പരാജയമായിരുന്നു. താന്‍ ചിത്രീകരിക്കുന്ന വ്യക്തിയുടെ ജീവിതം സാമാന്യമായ രീതിയില്‍ പ്രതിപാദിച്ചതേയുള്ളൂ സുരേന്ദ്രന്‍. നോവലിസ്റ്റ് വിദഗ്ദ്ധനായ ഫോട്ടോഗ്രാഫറെപ്പോലെയാണ്. തന്റെ മുന്‍പിലിരിക്കുന്ന വ്യക്തിയുടെ അനാദൃശ്യമായ ഒരു നിമിഷം കണ്ടുപിടിച്ച് ഛായാഗ്രഹണപേടകത്തിന്റെ ബട്ടണ്‍ അമര്‍ത്തിയാല്‍ ആ ഫോട്ടോയ്ക്ക് അനാദൃശ്യസ്വഭാവം വരും. അയാളുടെ സ്വഭാവം മുഖത്തു കാണും. സുരേന്ദ്രന്‍ ഈ വിധത്തില്‍ ഫോട്ടോഗ്രാഫറായിരുന്നില്ല. ജീവചരിത്രം സംക്ഷേപിച്ചെഴുതുമ്പോഴും സൂക്ഷ്മതയിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്. സൂക്ഷ്മതയില്‍ മനസ്സിരുത്തുന്ന ഒരു കലാകാരനും ആ പേരിന് അര്‍ഹനായിട്ടില്ല. അതിനാലാണ് കെ. സുരേന്ദ്രന്‍ എന്ന നോവലിസ്റ്റ് ഇന്നു സാഹിത്യമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷ്യനായിപ്പോയത്.

ഈ കലാതത്ത്വം കവിക്കും കഥാകാരനും യോജിക്കും. മനുഷ്യജീവിതം- കാര്യകാരണബന്ധമുള്ള മനുഷ്യജീവിതം. അതുപോലെ പകര്‍ത്തിവച്ചാല്‍ കലയാവുകയില്ലെന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് അറിഞ്ഞുകൂടാ. വ്യക്തികളെ നേരിട്ടു കഥാപാത്രങ്ങളാക്കിക്കളയും സുരേന്ദ്രന്‍. ഒരു നോവലില്‍ ഡോക്ടര്‍ അയ്യപ്പപ്പണിക്കരെ കയറ്റിയിട്ടുണ്ട് അദ്ദേഹം. പേരു മാത്രം മാറ്റും. ഈ വാചിക വസ്ത്രധാരണം വ്യക്തിയുടെ വ്യക്തിത്വത്തെ അനാവരണം ചെയ്യുകയില്ല. മുണ്ടും ഷേര്‍ട്ടും ധരിച്ച് താടിവളര്‍ത്തി കാറില്‍ സഞ്ചരിക്കുകയോ നടന്നു പോവുകയോ ചെയ്യുന്ന അയ്യപ്പപ്പണിക്കരെ നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അതേ രീതിയില്‍ നോവലിലും കാണുന്നതുകൊണ്ട് എന്തു പ്രയോജനം? പൊക്കം കുറഞ്ഞ തെങ്ങില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതുപോലെ ജീവചരിത്രത്തെ സംബന്ധിച്ച സംഭവനാളികേരങ്ങള്‍ പറിച്ചെടുത്തു നമ്മുടെ മുന്‍പില്‍ വച്ചു കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ പാരമ്പര്യം ഇവിടെ പലരും പുലര്‍ത്തിപ്പോരുന്നു.

രണ്ടാമത്തെ രീതി എന്തെന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല. അതിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന് മാതൃഭൂമി ആഴ്ച്ചപ്പത്തില്‍ ʻകളിത്തോക്ക്ʼ എന്ന പേരില്‍ അര്‍ഷാദ് ബത്തേരി എഴുതിയ കഥ വായിച്ചാല്‍ മതി. സംഭവിക്കാത്തതും സംഭവിക്കുന്നതുമായ പല കാര്യങ്ങളെ അവലംബിച്ച് കഥാകാരന്മാര്‍ എഴുതാറുണ്ട്. അര്‍ഷാദിന്റെ രീതി, സംഭവിക്കാത്തത്. വര്‍ണ്ണിച്ച് വായനക്കാരെ ʻഅങ്കലാപ്പില്‍ʼ ആക്കുക എന്നതാണ്. ആദ്യം നമ്മള്‍ കാണുന്നതു് കൈത്തോക്കാണു്. അത് കളിത്തോക്കാണത്രേ. കാഞ്ചി വലിച്ചപ്പോള്‍ അതില്‍ നിന്നു് വെള്ളം വന്നുപോലും. ഈ കളിത്തോക്കു് മാരകായുധമായിത്തീരുന്നു കഥയുടെ പര്യവസാനത്തില്‍. അതില്‍ നിന്നു പൊട്ടുന്ന വെടി കഥ പറയുന്നവന്റെ നെഞ്ചിലേക്കാണു് പാഞ്ഞുകയറുക. അവന്‍ മരിച്ചില്ലായിരിക്കും. മരിച്ചെങ്കില്‍ ആത്മകഥ രേഖപ്പെടുത്തുന്നതു് എങ്ങനെ. എന്തൊരു ഇഡിയസിയാണ് ഇക്കഥ! ബഷീറും മറ്റും രചനകൊണ്ടു് വായനക്കാരെ hypnotize ചെയ്തിരുന്നു. ഇക്കാലത്ത് ഏറെപ്പേരും കഥയെഴുതി വായനക്കാരെ കൊല്ലുന്നു.

ആത്മവഞ്ചന, ജനവഞ്ചന

ആത്മവഞ്ചനയും ജനവഞ്ചനയും പടിഞ്ഞാറന്‍ പ്രസാധകര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതില്‍ പെടുന്നവര്‍ക്കു ക്ഷോഭമുണ്ടാകുന്നു. ധനനഷ്ടമുണ്ടാകുന്നു. എല്ലാം പറയാന്‍ സ്ഥലമില്ല ഇവിടെ. അല്‍ബെര്‍തോ മൊറാവ്യയുടെ നോവലുകളും ചെറുകഥകളും ഞാന്‍ പണ്ടു വായിച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പു് അദ്ദേഹത്തിന്റെ രണ്ടു നോവലുകളുടെ തര്‍ജ്ജമ വന്നു. പുതിയ പേരുകള്‍. ഞാന്‍ വലിയ വിലകൊടുത്തു് അവ രണ്ടും വാങ്ങി. വീട്ടില്‍ക്കൊണ്ടുവന്ന് വായന തുടങ്ങിയപ്പോള്‍ മുന്‍പു വായിച്ചുവെന്ന തോന്നല്‍. ഷെല്‍ഫില്‍ നിന്ന് മൊറാവ്യയുടെ നോവലുകള്‍ എടുത്തുനോക്കി. പുതിയ നോവലുകളല്ല ഞാന്‍ വാങ്ങിയതു്. നോവലുകളുടെ പേരുകള്‍ മാറ്റി അച്ചടിച്ചിരിക്കുന്നു. ഞാന്‍ വഞ്ചിക്കപ്പെട്ടു. ബോര്‍ഹേസിന്റെ പ്രബന്ധങ്ങള്‍ കണ്ടു വാങ്ങി ഭീകരമായ വിലയ്ക്കു്. വീട്ടിലെത്തി വായന തുടങ്ങിയപ്പോഴാണ് ഓരോ പ്രബന്ധവും ഞാന്‍ മുന്‍പു് വായിച്ചിട്ടുള്ളതാണെന്ന വസ്തുത ഗ്രഹിക്കാനായതു്. പേരുമാറ്റം കരുതിക്കൂട്ടി പ്രസാധകര്‍ ചെയ്യുന്നതാണു് എന്നതില്‍ സംശയമേയില്ല.

രണ്ടാമത്തെ വഞ്ചന പ്രസാധകര്‍ പുസ്തകത്തിന്റെ കവറിലും കവറിന്റെ മടക്കിയ ഭാഗങ്ങളിലും അച്ചടിക്കുന്ന നിരൂപകരുടെ പ്രസ്താവങ്ങളാണു്. അവര്‍ക്കു പണം കൊടുത്താവും ഈ പ്രസ്താവങ്ങള്‍ വാങ്ങി അച്ചടിക്കുക. ബഹുജനം അവ കണ്ടു് പുസ്തകങ്ങള്‍ വാങ്ങുന്നു, വായിക്കുന്നു, ചവറാണെന്നു മനസ്സിലാക്കുന്നു. പണം നഷ്ടപ്പെട്ട ദുഃഖത്തോടുകൂടി ഇരിക്കുന്നു. ഈയിടെ Hari Kunzru വിന്റെ ʻʻThe Impressionistˮ എന്ന നോവല്‍ വാങ്ങി ഞാന്‍ വഞ്ചിതനായി. ʻʻThe most eagerly awaited debut of 2002ˮ എന്നു Observer. ʻʻEpic in scope and ambition... the pace is rollicking... a work that will be talked about everywhereˮ എന്നു് Daily Telegraph. ʻʻBeautifully written, daringly plotted, funny and sweeping... sophisticated, relevant, heart- breakingˮ എന്ന് Tracy Chevalier. ഇത്രയും കള്ളം പറയുകയില്ലെന്നു കരുതി വലിയ വില കൊടുത്തു നോവല്‍ വാങ്ങി വായിച്ചു. തലയ്ക്കു മൂന്നുതവണ ചുറ്റി ആവുന്നത്ര ശക്തി സംഭരിച്ചു് ആഞ്ഞെറിയേണ്ട നോവലാണു് അതെന്ന് ഗ്രഹിച്ചു. ഡൊറത്തി പാര്‍ക്കര്‍ പറഞ്ഞില്ലേ This is not a novel to be tossed aside lightly. It should be thrown with great force. എറിഞ്ഞാല്‍ പ്രസാധകരുടെ മുന്‍പില്‍ ചെന്നുവീഴണം. അത്രകണ്ടു ഗര്‍ഹണീയമാണിതു്.

വര്‍ഷം 1903. ബ്രട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലം. അവരുടെ ഒരുദ്യോഗസ്ഥനായ റൊനാള്‍ഡ് ഫോസ്റ്റര്‍ മലയില്‍ നിന്ന് ഒഴുകിവന്ന- അസാധാരണമായ വേഗത്തില്‍ ഒഴുകിവന്ന- വെള്ളത്തില്‍ പെട്ടുപോയി. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞു് ശ്വാസത്തിനുവേണ്ടി വലിച്ചു വലിച്ച് അയാള്‍ ഒരു ഗുഹാമുഖത്തെത്തി. അവിടെ നില്ക്കുന്നു ഒരു ദേവത. പ്രാകൃതവും നിഷ്ഠൂരവുമായ രൂപം അവളുടേതു്. ശരീരമാകെ ചെളി. താന്‍ അവളെ സൃഷ്ടിച്ചതാണോ എന്ന് അയാള്‍ക്കു സംശയം. അവള്‍ മുന്നോട്ടേക്കുവന്ന് അയാളുടെ ഷേര്‍ടിന്റെ ബട്ടണ്‍ ഊരി. അപ്പോഴാണു് അയാള്‍ക്കു മനസ്സിലായത് അവളാണ് തന്നെ സൃഷ്ടിച്ചതെന്നു്. ഗുഹയ്ക്കു പുറത്തു് കൊടുങ്കാറ്റ് തകര്‍ക്കുന്നു... inside the cave her small hands are curling around his penis and lugging down in a tumble of limbs on to the floor. (ഈ ഭാഗം വായിച്ചപ്പോള്‍ ഞാന്‍ നോവലിസ്റ്റിന്റെ പ്രായം നോക്കി. ജനിച്ചവര്‍ഷം 1969. മുപ്പത്തിമൂന്നു വയസ്സു്. ഈ പ്രായത്തില്‍ ഇത്രയല്ലേ എഴുതിയുള്ളൂ കണ്‍സ്രൂ) ഗുഹയിലെ അഗ്നി കെടുന്നതുവരെ അവര്‍ ഒരുമിച്ചു കിടന്നു. ഫോറസ്റ്റര്‍ ഗുഹയ്ക്കകത്തുനിന്നു പുറത്തു വന്നു. ഒരു മരം വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നു. അയാള്‍ അതില്‍ ചാടിക്കയറി. മരം അയാളെയും കൊണ്ടു ഒഴുകിപ്പോയി. അയാളെ ബലാത്സംഗം ചെയ്ത ദേവതയുടെ പേരു് അമൃത. അവള്‍ക്ക് പത്തൊന്‍പത് വയസ്സ്. അമൃതയുടെ വിവാഹം തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. പോര്‍ട്ടര്‍മാര്‍ അവളെ ഭാവിഭര്‍ത്താവിന്റെ അടുക്കലേക്കു കൊണ്ടുപോകും. ഇങ്ങനെ അവിശ്വാസതയില്‍ ആരംഭിക്കുന്ന നോവല്‍ ആ അവിശ്വാസ്യത പുലര്‍ത്തികൊണ്ടു് മുന്നോട്ടുപോകുന്നു. അമൃത പെറ്റു. സായ്പിന്റെ മകന്‍. പ്രാണ്‍നാഥ് — സായിപ്പിന്റെ മകന്‍ — തന്തയെപ്പോലെതന്നെ. ബലാത്സംഗത്തിലാണ് അവനു താല്‍പര്യം. പരിചാരികയെ ബലാത്കാരസംഭോഗം ചെയ്യാന്‍ അവന്‍ തുനിഞ്ഞു. തന്റെ മകനായി വിലസുന്ന പ്രാണ്‍നാഥിന്റെ യഥാര്‍ത്ഥപിതൃത്വം ഏതാണ്ടു ഗ്രഹിച്ച ഗൃഹനായകന്‍ അവനെ വീട്ടിനു പുറത്താക്കി. കുറെക്കാലം ഒരു വേശ്യാലയത്തില്‍ കഴിഞ്ഞുകൂടിയ പ്രാണ്‍നാഥ് ഒരു ബ്രട്ടീഷ് ഉദ്യോഗസ്ഥന്റെ രതിക്കു വിധേയനായിട്ട് ഒരു സായിപ്പിന്റെ പേരു സ്വീകരിച്ചു് ലണ്ടനില്‍ പോയി. ഓക്സ്ഫഡില്‍ ചെന്ന അയാള്‍ ഒടുവില്‍ ആഫ്രിക്കയിലേക്കു യാത്രയായി.

കുറച്ച് അഡ്ഓലെസന്റ് സെക്സ്. പ്രധാന കഥാപാത്രത്തിന്റെ സാഹസകര്‍മ്മങ്ങള്‍, അവിശ്വാസ്യത ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത ഒരു അവിയല്‍ പൈങ്കിളിയാണ് ഈ നോവല്‍. പതിനാറാം ശതാബ്ദത്തില്‍ ഉണ്ടാകേണ്ട ഒരു കൃതി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം അപഹരിച്ചുകൊണ്ടു് പത്രക്കാരുടെ സൗജന്യമാധുര്യത്താല്‍ പ്രചാരമാര്‍ന്നു് അത് വിരാജിക്കുന്നു. പൊടിപടലത്തെ കാറ്റു് അടിച്ചു പറത്തുമ്പോള്‍ സൂര്യരശ്മി അതില്‍ പതിഞ്ഞാല്‍ ഓരോ പൊടിയും വജ്രമായിത്തീരുമെന്നു് ഒരു ഇംഗ്ലീഷ് കവി പറഞ്ഞിട്ടുണ്ട്. നിത്യജീവിതസംഭവം പൊടിയാണെങ്കില്‍ ഭാവനയുടെ രശ്മി അതില്‍ വീഴുമ്പോഴാണ് വജ്രകാന്തി ചിന്തുന്നത്. കണ്‍സ്രുവിനു് ഭാവനയില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഈ നോവല്‍ വെറും ചവറാണു് (The Impressionist; Hari Kunzru; Hamish Hamilton, Pages 481, Indian price Rs. 7.50).

നിരീക്ഷണങ്ങള്‍

  1. ഞാന്‍ ചെറുപ്പക്കാര്‍ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ കയറാറില്ല. വാഹനം അവര്‍ വലിയ വേഗത്തില്‍ ഓടിക്കും. അത് ആപത്തുണ്ടാക്കും. ഒരു ദിവസം ചെറുപ്പക്കാരന്‍ ഡ്രൈവറായിരുന്ന ഓട്ടോറക്ഷയില്‍ കയറേണ്ടതായി വന്നു എനിക്ക്. മിന്നല്‍വേഗത്തിലാണ് ഓടിക്കല്‍. ഞാനൊരു കള്ളം പറഞ്ഞു: അനിയാ എനിക്കു ഹൃദയത്തിനു രോഗമുണ്ട്. നിങ്ങള്‍ക്കു സഡന്‍ ബ്രെയ്ക്ക് ഇടേണ്ടതായി വന്നാല്‍ ഞാന്‍ ഇതിലിരുന്നു ചാകും. നിങ്ങള്‍ എന്നെക്കൊന്നതാണെന്ന് പൊലീസ് പറയും. ചെയ്യാത്ത കുറ്റത്തിന് നിങ്ങള്‍ മര്‍ദ്ദിക്കപ്പെടും.ʼ ഇത്രയും പറഞ്ഞുതീരുന്നതിനുമുമ്പ് അയാള്‍ വാഹനത്തിന്റെ വേഗം കുറച്ചു. എങ്കിലും സ്വന്തം പ്രവൃത്തിയെ നീതിമത്കരിക്കാനായി അയാള്‍ പറഞ്ഞു: ʻവരാനുള്ളത് വരും. ഈശ്വരനിശ്ചയമനുസരിച്ചേ ഏതും നടക്കൂ.ʼ ഞാന്‍ മറുപടി നല്‍കി:- ഈശ്വരന്‍ ഒരു principle ആണ്. ആ പ്രിന്‍സിപ്പല്‍ അനുസരിച്ച് മൂര്‍ച്ചയുള്ള പേനാക്കത്തി കൊണ്ടു വിരലില്‍ ആഞ്ഞുവെട്ടിയാല്‍ അതു മുറിഞ്ഞുപോകും. അതുപോലെ വാഹനത്തിന്റെ വേഗം കൂടിയാല്‍ അതു മറിയും. മറ്റു വാഹനങ്ങളില്‍ ചെന്നിടിക്കും. അതും ഈശ്വരനിയമമാണ്. പതുക്കെപ്പോയാല്‍ ആപത്തുവരില്ല എന്നത് ഈശ്വരനിയമമത്രേ.ˮ ʻഅതു ശരിʼ എന്നു ഡ്രൈവര്‍ സമ്മതിച്ചു. കഴിഞ്ഞയാഴ്ചയും ഞാന്‍ ചെറുപ്പക്കാരന്‍ ഓടിക്കുന്ന ഓട്ടോറക്ഷയില്‍ കയറി. വാഹനം നിറുത്തികഴിഞ്ഞാല്‍ കേറുക എന്നതേ സാദ്ധ്യമാകൂ. അതല്ലാതെ ഡ്രൈവറുടെ പ്രായം നോക്കാനൊക്കുമോ? പ്രായം ചോദിക്കാനൊക്കുമോ? പ്രായം ചോദിച്ചാല്‍ ഇപ്പോഴത്തെ ഡ്രൈവര്‍മാര്‍എം. എ. ക്കാരും എം. എസ്.സി ക്കാരുമാണ്. ʻഎന്റെ വിവാഹം കഴിഞ്ഞു എന്റെ പ്രായമറിഞ്ഞതുകൊണ്ട് താങ്കള്‍ക്ക് പ്രയോജനമില്ല എന്ന് പറഞ്ഞാലോ? ഞാന്‍ പ്രതീക്ഷച്ചതു സംഭവിച്ചു. പേടിയുണ്ടാകുന്ന മട്ടില്‍ ഡ്രൈവര്‍ വാഹനമോടിച്ചു. വീട് അടുക്കാറായി. മനസ്സിരുത്താതെ ഷേര്‍ടിന്റെ പോക്കറ്റില്‍ വച്ചിരുന്ന നൂറുരൂപ നോട്ട് പറന്നുപോയി. കുറ്റിക്കാടുകളാണ് റോഡിന്റെ ഒരുവശത്ത്. ഞാന്‍ ഓട്ടോറിക്ഷ നിറുത്തിച്ച് നോട്ട് നോക്കി. കണ്ടില്ല. നിരാശനായി. വീണ്ടും വാഹനത്തില്‍ കയറി. തെല്ലു ദൂരം താണ്ടിയപ്പോള്‍ വീട്ടിന്റെ നടയിലെത്തി. രൂപ നഷ്ടപ്പെട്ട ദുഖ:ത്തോടെ കുട്ടികൃഷ്ണമാരാരുടെ രഘുവംശം ഗദ്യപരിഭാഷ വായിച്ചു. രാത്രിയായി. നല്ല നിലാവ്. ഒന്നുകൂടെ നോക്കാമെന്നു വിചാരിച്ച് നോട്ട് നഷ്ടപ്പെട്ട സ്ഥലത്തെത്തി.പാലുപോലുള്ള നിലാവ്. നല്ലപോലെ നോക്കി. നോട്ട് കിട്ടിയില്ല. സൂര്യപ്രകാശത്തില്‍ അതിന്റെ തീക്ഷണതയില്‍ കാണാത്ത നോട്ട് ചന്ദ്രപ്രകാശത്തില്‍ കാണുമോ? വീണ്ടും വീട്ടിലെത്തി. മാരാരുടെ വ്യാഖ്യാനമുള്ള ഗ്രന്ഥമെടുത്തു വായന തുടങ്ങി. അദ്ഭൂതാവഹമായ സാദൃശ്യം മല്ലിനാഥന്‍ പറഞ്ഞതേ കുട്ടികൃഷ്ണമാരാര്‍ക്കും പറയാനുള്ളൂ. മാരാര്‍ പറഞ്ഞത് വെള്ളമേറെ ചേര്‍ത്തിട്ടാണ് എന്നതു വ്യത്യാസം. എന്തിന് അദ്ഭുതം. സൂര്യന്റെ രശ്മികള്‍ പതിഞ്ഞിട്ടല്ലേ ചന്ദ്രന്‍ പ്രകാശിക്കുന്നത്. തീക്‌ഷ്ണത മൃദുത്വമായി മാറൂം പ്രതിഫലനമുണ്ടാകുമ്പോള്‍. മല്ലിനാഥന്റെ മയൂഖതീക്ഷണത കുട്ടികൃഷ്ണമാരാരുടെ വ്യാഖ്യാനത്തില്‍ മയൂഖമൃദുത്വമായി മാറും.
  2. ഞാന്‍ അങ്ങനെ സ്വപ്നം കാണാറില്ല. ഉറക്കത്തില്‍ ഒരു ദിവസം എനിക്കൊരു പേടിസ്വപ്നമുണ്ടായി. സ്വപ്നത്തില്‍ സഹധര്‍മ്മിണി വന്നു പറഞ്ഞു: ʻആരോ കാണാന്‍ വന്നിരിക്കുന്നു.ʼ ഞാന്‍ എഴുന്നേറ്റ് ചെന്നു വാതില്‍ തുറന്നു. കോര്‍പ്പറെയ്‌ഷന്‍ ഉദ്യോഗസ്ഥന്‍ നില്ക്കുന്നു. അദ്ദേഹം ഗൗരവത്തില്‍ ചോദിച്ചു: ʻനിങ്ങള്‍ മൂട്ടയെ വളര്‍ത്തുന്നുണ്ടോ? ʼഇല്ലʼ എന്നു ഉത്തരം. ʻകട്ടിലില്‍ മൂട്ടയില്ലേ?ʼ എന്നു ഉദ്യോഗസ്ഥന്‍. ʻഉണ്ട്ʼ എന്നു എന്റെ മറുപടി. ʻഅവ കടിച്ചാല്‍ നിങ്ങളെന്തു ചെയ്യും?ʼ എന്നു കോര്‍പ്പറെയ്ഷന്‍കാരന്‍ വീണ്ടും. എന്റെ ഉത്തരം. ചൊറിയാന്‍ വയ്യാത്ത സ്ഥലം നോക്കി മൂട്ട മുതുകില്‍ കടിക്കും. ഞാന്‍ നീളമുള്ള പ്ലാസ്റ്റിക് സ്കെയില്‍ അടുത്തുവച്ചിട്ടുണ്ട്. അതു കടികൊണ്ട ഭാഗത്തേക്കുനോക്കി ചൊറിയും. എന്നിട്ട് തീപ്പട്ടി ഉരച്ചു മൂട്ടയുള്ള ഭാഗത്ത് വയ്ക്കും. അതു കരിയുന്ന നാറ്റം വന്നാലേ ഞാന്‍ തീപ്പട്ടികൊള്ളി ഉരയ്ക്കുന്നതും തീവയ്ക്കുന്നതും നിറുത്തുകയുള്ളൂ.ʼ ഉദ്യോഗസ്ഥന്‍ കോപാകുലനായി അറിയിച്ചു. ʻനിങ്ങള്‍ കൊതുകു വളര്‍ത്തുന്നവരാണ്. ഇനി മൂട്ടയും വളര്‍ത്തും. കൊതുകിന് റ്റാക്സ് വയ്ക്കാനുള്ള ഓര്‍ഡറായി. മൂട്ടയെ കൊല്ലരുത്. നിങ്ങളെ അറസ്റ്റ് ചെയ്യും. മൂട്ടയെ ആവോളം വളര്‍ത്തൂ. ഒരു മൂട്ടയ്ക്കു നൂറുരൂപ റ്റാക്സ് ഏര്‍പ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചുകഴിഞ്ഞുʼ. ഞാന്‍ ഞെട്ടി കണ്ണൂ തുറന്നു. എന്താ ഉറക്കത്തില്‍ മൂട്ട. കൊതുക് എന്നൊക്കെപ്പറഞ്ഞത്? പേടിസ്വപ്നത്തിന്റെ പിടിയില്‍നിന്ന് സമ്പൂര്‍ണ്ണമായ മോചനമില്ലാതെ ഞാന്‍ ചോദിച്ചു? അദ്ദേഹം പോയോ? ʻഏതദ്ദേഹം?ʼ എന്നു സഹധര്‍മ്മിണി. ʻകോര്‍പ്പറെയ്ഷന്‍ ഉദ്യോഗസ്ഥന്‍ʼ എന്ന് എന്റെ മറുപടി.
  3. ഓ.വി. വിജയന്റെ ʻഖസാക്കിന്റെ ഇതിഹാസംʼ എന്ന നോവല്‍ ആ പ്രദേശത്തിന്റെ ഇതിഹാസമായി നമുക്കു തോന്നുന്നില്ല. നമ്മളും ഖസാഖില്‍ ജീവിക്കുന്നവരായേ തോന്നുകയുള്ളൂ. അത് രവിയുടെ കഥയല്ല. രവി നമ്മുടെ ബന്ധുവാണ്. ആ ബന്ധുവിന്റെ ഭാഗ്യവും ഭാഗ്യക്കേടും നമ്മുടെ ഭാഗ്യവും ഭാഗ്യക്കേടുമാണ്. ഇതൊരു ഇലൂഷ്യനാകാം. ആ ഇല്യൂഷനുണ്ടാക്കാന്‍ വിജയനു കഴിഞ്ഞിരിക്കുന്നു.
  4. തകഴിയുടെ ʻകയര്‍ʼ എന്ന നോവല്‍ വായിച്ചാല്‍ അദ്ദേഹം വര്‍ണ്ണിക്കുന്ന പ്രദേശവും ക്ലാസിപ്പേര്‍ തുടങ്ങിയ കഥാപാത്രങ്ങളും നമ്മുടേതല്ല എന്നൊരു തോന്നല്‍. വിജയന്‍ അനായാസമായി ഇലൂഷ്യന്‍ നിര്‍മ്മിക്കുന്നു. കയര്‍ എഴുതിയ തകഴിക്ക് ആ നിര്‍മ്മിതിക്കു കഴിയുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ʻവെള്ളപ്പൊക്കത്തില്‍ʼ എന്ന ചെറുകഥയിലെ കുട്ടനാടന്‍ പ്രദേശം നമ്മുടെ സ്വന്തം പ്രദേശമായി തോന്നുന്നു. അവിടെ വെള്ളപ്പൊക്കത്തില്‍ മുങ്ങിച്ചാകാന്‍ പോകുന്ന നായ് നമ്മുടെനായായി മാറുന്നു. അതിന്റെ ശവം കണ്ട് നയനങ്ങള്‍ ആര്‍ദ്രങ്ങളാവുന്നു. ഇല്യൂഷ്യന്‍ നിര്‍മ്മിതി നടന്നുവെന്ന് അര്‍ത്ഥം.
  5. ഈ നിര്‍മ്മിതിയില്‍ ഏറ്റവും വൈദഗ്ദ്യം ബഷീറിനാണുള്ളത്. പൂവമ്പഴം എന്നു ഭാര്യയെക്കൊണ്ടു പറയിച്ച് ഓറഞ്ചിതള്‍ അവളെ തീറ്റിക്കുന്ന ഭര്‍ത്താവിനോട് എനിക്കു ശത്രുത. അതു തിന്ന് പൂവമ്പഴം എന്നു പറയുന്ന ഭാര്യയോട് എനിക്കു സ്നേഹം. അവളെ ജീവനോടെ കാണാന്‍ എനിക്കു കൊതി. കലാകാരന്മാര്‍ ഈ ഇല്യൂഷന്‍ നിര്‍മ്മിക്കണം. അല്ലാതെ അത്യന്താധുനികരെപ്പോലെ വായനക്കാരെ കഥയില്‍ നിന്നു വേര്‍തിരിച്ചു നിറുത്തരുത്.