close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 06 26


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 06 26
മുൻലക്കം 1998 06 19
പിൻലക്കം 1998 07 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തിരുവനന്തപുരത്തെ പട്ടമെന്ന സ്ഥലത്തു് ബിഷപ്പ് പാലസിനടുത്തു് ഒരു സര്‍ക്കാരാപ്പിസുണ്ടായിരുന്നു. ആപ്പിസ് ഇപ്പോഴുമുണ്ടോ എന്നറിഞ്ഞുകൂടാത്തതുകൊണ്ടാണ് ‘ഉണ്ടായിരുന്നു’ എന്നു ഞാന്‍ എഴുതിപ്പോയതു്. ആപ്പീസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു പ്രവര്‍ത്തിപ്പിച്ചിരുന്ന സൗധം ഇന്നും രാജകീയ പ്രൗഢിയോടെ വിലസുന്നുണ്ടു്. മുപ്പത്തിയഞ്ചുകൊല്ലം മുന്‍പു് ഞാന്‍ ആ സൗധത്തിന്റെ രണ്ടാമത്തെ നിലയില്‍ എത്തി ഒരു സ്നേഹിതനെ കാണാനായി. ഞങ്ങള്‍ സംഭാഷണം തുടങ്ങിയതേയുള്ളു. പൊടുന്നനെ കര്‍ണ്ണരന്ധ്രങ്ങളെ പിളര്‍ന്നുകൊണ്ടുള്ള നിലവിളി. Get down, get down എന്നു് ആക്രോശിച്ചുകൊണ്ടു് സ്ത്രീകളും പുരുഷന്മാരും ഉന്തും തളളും നടത്തി കോണിപ്പടികളിലൂടെ താഴത്തേക്കു് ഓടി. ചിലര്‍ ബഹളത്തിനിടയില്‍ പടികളില്‍ത്തന്നെ വീണു. വീണുവരെ ചവിട്ടിയരച്ചുകൊണ്ടാണു് പ്രാണരക്ഷയ്ക്കായി മററുള്ളവരുടെ ഓട്ടം. ദയനീയമായ നിലവിളി. കോപം കലര്‍ന്ന ഭര്‍ത്സനങ്ങള്‍ എന്താണു സംഭവിച്ചതെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. കോലാഹലം പെട്ടെന്നു് ഇല്ലാതെയായി. കെട്ടിടം ഇടിഞ്ഞുവീഴാന്‍ പോകുന്നുവെന്നു് ആരോ പറഞ്ഞതു വിശ്വസിച്ചായിരുന്നു ആളുകളുടെ ഓട്ടം. രണ്ടോ മൂന്നോ ദിവസം മുന്‍പു് മിന്നലേററു് സൗധത്തിന്റെ ഒരു ചുവരു പിളര്‍ന്നു പോയതുകണ്ടുള്ള പേടിയാവാം ഒരുത്തനെ അസത്യ പ്രസ്താവത്തിനു പ്രേരിപ്പിച്ചതു്. ഏതാനും നിമിഷങ്ങള്‍ കൊണ്ടു് എല്ലാം ശാന്തമായി. ഞാന്‍ സ്നേഹിതനോടു സംസാരിച്ചതിനുശേഷം തിരിച്ചു പോരികയും ചെയ്തു.

ബോംബ് പരീക്ഷണം നടത്തിയപ്പോള്‍ ഭാരതീയരില്‍ പലര്‍ക്കും വിവിധ വികാരങ്ങളാണുണ്ടായതു്. ചിലര്‍ക്കു് ആഹ്ലാദാതിരേകം. വേറെ ചിലര്‍ക്കു് നിരാശത. മററു ചിലര്‍ക്കു് ഉത്കണ്ഠാധിക്യം. ഈ വിവിധ വികാരങ്ങള്‍ കുറെ ദിവസത്തേക്കുണ്ടായിരുന്നു ഓരോ പൗരനും. പിന്നീടു് അതു കെട്ടടങ്ങി. ഒരു വികാരത്തിനും സ്ഥായിത്വമില്ലല്ലോ. “അതിനാല്‍ ആ കെട്ടടങ്ങള്‍ തികച്ചും സ്വാഭാവികം. പാകിസ്ഥാന്‍ ബോംബ് പൊട്ടിച്ചപ്പോള്‍ അതേ വികാരങ്ങള്‍ വീണ്ടുമുളവായി. കുറച്ചു സ്ഥായിത്വമില്ലല്ലോ.” അതിനാല്‍ ആ കെട്ടടങ്ങള്‍ തികച്ചും സ്വാഭാവികം. പാകിസ്ഥാന്‍ ബോംബ് പൊട്ടിച്ചപ്പോള്‍ അതേ വികാരങ്ങള്‍ വീണ്ടുമുളവായി. കുറച്ചു ദിവസങ്ങള്‍ കൊണ്ടു് അവയും ഇല്ലാതായി. പക്ഷേ ഒരു ഇംഗ്ലീഷ് വാരിക ഭയം ജനിപ്പിക്കുന്ന തലക്കെട്ടുകള്‍ നല്കിയും പ്രമുഖന്മാരുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ തമോവ്യതങ്ങളായ റിപോടുകള്‍ അച്ചടിച്ചും ഉഗ്രദര്‍ശനങ്ങളായ ചിത്രങ്ങല്‍ നല്കിയും വായനക്കാര്‍ക്കു് അസ്വസ്ഥത ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. ആയുധപരീക്ഷണങ്ങള്‍ക്കു ശേഷം പ്രശാന്തയാര്‍ജ്ജിച്ച മനസ്സുകളെ വീണ്ടും ആകുലാവസ്ഥയിലാക്കുകയും അതിനെ വിദഗ്ദ്ധമായി നിലനിറുത്തുകയും ചെയ്യുകയാണു് ഈ വാരിക. ‘ഞങ്ങള്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ നിരത്തുന്നു’ എന്നു വാരികയുടെ മട്ടു്. പക്ഷേ ലേഖനങ്ങളുടെയും മററു രചനകളുടെയും അടിത്തട്ടില്‍ ഭയം ജനിപ്പിക്കുന്ന അംശങ്ങള്‍ പ്രഗല്ഭനായി നിവേശിപ്പിക്കുന്നുഹ് വാരികയുടെ അധിപന്മാര്‍. ഭയാദിവികാരങ്ങള്‍ വായനക്കാരില്‍ ഉത്പാദിപ്പിച്ചു് അവയ്ക്കു സ്ഥായിത്വം നല്കിയാലേ വാരിക ചെലവാകുകയുള്ളു. ഇതു ആത്മവഞ്ചനയും ജനവഞ്ചനയുമാണു്.

ഇതുപോലെയൊരു ആത്മവഞ്ചനയും ജനവഞ്ചനയും നടത്തുകയാണ് ഡി. സി. ബുക്സ് അടുത്തകാലത്തു പ്രസാധനം ചെയ്ത ആധുനിക മലയാള സാഹിത്യചരിത്രം — പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥം. സാഹിത്യത്തിലും സംസ്കാരത്തിലും താല്‍പര്യമുള്ളവരും സത്യം പറയണം എന്നു ദൃഢനിശ്ചയത്തിലെത്തിയവരുമായ രണ്ടോ മൂന്നോ എഴുത്തുകാരെ മാററി നിറുത്തിയാല്‍ ശേഷമുള്ളവരെല്ലാം ‘ആനാലും എന്‍പിള്ളയല്ലവാ’ എന്ന നയം സ്വീകരിച്ചാണു് എഴുതുന്നതു്. ചിലര്‍ വ്യക്തിശത്രുത എന്ന പേപ്പട്ടിയെ അഴിച്ചുവിട്ടു് ഒരുപദ്രവവും ചെയ്യാത്ത മാന്യന്മാരെ കടിപ്പിക്കുന്നു. വേറെ ചിലര്‍ അനര്‍ഹന്മരെ സ്തുതിച്ചു് ബ്രഹ്മാണ്ഡ കടാഹത്തിന്റെ മേല്‍തതട്ടിലേക്കു കൊണ്ടു ചെല്ലുന്നു. മററു ചിലര്‍ സ്വന്തം കൃതികളെ അനുകൂലമായി വിലയിരുത്തുന്നു. മരണത്തിനുശേഷം പിണ്ഡം വയ്ക്കാന്‍ ആളില്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സ്വയം പിണ്ഡം വയ്ക്കണമല്ലോ. നന്നു്. ചിലര്‍ക്കും നാലുവാക്യം ശരിയായി എഴുതാനറിഞ്ഞുകൂടാ. ദുശ്ശാസനന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തു് നിന്ദനവും അപമാനനവും ഒരിമിച്ചു് നിര്‍വഹിച്ചതുപോലെ മനോഹരമായ മലയാള ഭാഷയെ വസ്ത്രാക്ഷേപം ചെയ്തു ഈ രണ്ടു കൃത്യങ്ങളും അനുഷ്ഠിക്കുന്നു ചില വിദ്വാന്‍മാര്‍. ഒരാളിന്റെ പ്രയോഗം ‘അക്കാദമീയം’ എന്നു്. അതു് എന്തൊരു ‘ഈയ’മാണ്? എനിക്കറിഞ്ഞുകൂടാ. ‘രാജരാജവര്‍മ്മയുടെ സ്വാധീനം’ എന്നൊരു പ്രയോഗം ഒരിടത്തു കണ്ടു. ഇതില്‍ സ്വാധീനം വിശേഷണവും സ്വാധീനത നാമവുമാണു്. അതിനാല്‍ ‘രാജരാജവര്‍മ്മയുടെ സ്വാധീനത’ എന്നാണു് എഴുതേണ്ടതെന്നു സ്ക്കൂള്‍ക്കുട്ടികള്‍ക്കു പോലുമറിയാം.

സാഹിത്യരചന വ്യക്തിയുടെ സര്‍ഗ്ഗവൈഭവത്തിന്റെ ഫലമാണെങ്കിലും കേരളീയ ജീവിതത്തിന്റെ സവിശേഷതകള്‍ അതില്‍ പ്രതിഫലിക്കാതിരിക്കില്ല. ആ ജീവിതം സാഹിത്യ കൃതികളിലൂടെ എങ്ങനെ ആവിഷ്കരിക്കപ്പെട്ടു എന്നു സ്പഷ്ടമാക്കിയില്ലെങ്കില്‍ വായനക്കാര്‍ക്കു് ഒന്നും നേടാന്‍ കഴിയുകയില്ല. നമ്മുടെ കാലയളവിനു് സാഹിത്യം എങ്ങനെ പ്രയോജനപ്പെടുന്നുവെന്നും സ്പഷ്ടമാവുകയില്ല. ഇവയെല്ലാം ഈ ഗ്രന്ഥത്തില്‍ അന്വേഷിക്കുന്നതു് വ്യര്‍ത്ഥ യത്നമായേ പരിണമിക്കു. സാഹിത്യത്തിന്റെ അനുസ്യൂതവും അനര്‍ഗ്ഗളവുമായ പ്രവാഹത്തില്‍ വ്യക്തിയായ കാററലോഗിന്റെ രീതിയില്‍ എഴുത്തുകാരുടെ വിവരങ്ങള്‍ നല്കാനാണു് ഭൂരിപക്ഷം പ്രബന്ധകാരന്മാരും മനസ്സിരുത്തിയിട്ടുള്ളതു് ഒരുദാഹരണം:

“പി. ശങ്കരന്‍ നമ്പ്യാര്‍: പാശ്ചാത്യ പൗരസ്ത്യ സാഹിത്യങ്ങളിലെ അഭിനവാശയങ്ങള്‍ ഉള്‍ക്കൊണ്ടു് ഉപന്യാസങ്ങള്‍ എഴുതിയിരുന്ന പി. ശങ്കരന്‍ നമ്പ്യാര്‍ (1892–1954) വിമര്‍ശകനും സാഹിത്യ ചരിത്രകാരനുമായിരുന്നു. സാഹിത്യനിഷ്കുടം മകരന്ദമഞ്ജരി എന്നീ സമാഹാരങ്ങളിലെ ഉപന്യാസങ്ങള്‍ വിജ്ഞാനപ്രദങ്ങളാണു്” (പുറം 514)

ഞാനൊരു നാടകമെഴുതികയും അതിലെ കഥാപാത്രമായ ഗോപാന്‍നായരെക്കുറിച്ചു് താഴെയെഴുതുന്ന രീതിയില്‍ വിവരങ്ങള്‍ നല്കുകയും ചെയ്യുന്നുവെന്നു കരുതുക:

ഗോപാലന്‍നായര്‍: 22 വയസ്സു്. കറുത്ത നിറം. ലേശം വിക്കുണ്ടു്. വെളുത്ത വസ്ത്രമേ ധരിക്കൂ. കുഞ്ഞുരാമന്‍ എന്ന കഥാപാത്രത്തിന്റെ ചേട്ടനാണു് ഇയാള്‍.

ശങ്കരന്‍ നമ്പ്യാരെക്കറിച്ചു് പ്രബന്ധകാരന്‍ തരുന്ന തുച്ഛ വിവരങ്ങളും ഞാന്‍ നല്കുന്ന കഥാപാത്ര സൂചനകളും തമ്മില്‍ എന്തേ വ്യത്യാസം? ക്ഷുദ്രതയോളം ചെന്നെത്തുന്ന ഇത്തരം ഹ്രസ്വ പ്രസ്താവങ്ങളുടെ സമാഹാരമാണു് ഈ സാഹിത്യചരിത്രം. ഇതു വായിച്ചാല്‍ മലയാള സാഹിത്യത്തിന്റെ ചാരുതയെവിടെ ഇരിക്കുന്നുവെന്നു് നമുക്കറിയാന്‍ കഴിയുകയില്ല. നിരൂപണസംബന്ധിയും വിമര്‍ശനസംബന്ധിയുമായ അന്വേഷണങ്ങളിലൂടെ സ്ഫുരിക്കുന്ന ശക്തിവിശേഷം ഇവിടെയില്ല. സമകാലിക സാഹിത്യത്തിന്റെ സവിശേഷത കാറ്റലോഗില്‍ നിന്നു കിട്ടുന്നതെങ്ങനെ? Literary fraud എന്നു ഞാന്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നു.

ബാലചന്ദ്രന്‍ ചുളളിക്കാടു്

ബൈറണ്‍ എഴുതിയ Don Juan എന്ന മനോഹരമായ കാവ്യത്തില്‍ Dead Scandals form Good Subjects for dissection എന്നു പറഞ്ഞിട്ടുണ്ടു്. (1st Canto–XXXI) ശ്രീ. ബാലചന്ദ്രന്‍ ചുളളിക്കാടു് മലയാളം വാരികയിലെഴുതിയ ‘ശിഷ്യ’ എന്ന അനുഭവര്‍ണ്ണനത്തിന്റെ വിഷയം മരിച്ച കുത്സിതത്വം തന്നെ. വൈരൂപ്യമുള്ള ഒരു പെണ്ണിന്റെ കാമഭ്രാന്ത് വിശ്വസനീയമായ വിധത്തില്‍ വര്‍ണ്ണിക്കുന്നു ബാലചന്ദ്രന്‍. ഒടുവില്‍ പെണ്ണു് ഒളിച്ചോടാന്‍ സന്നദ്ധയാവുമ്പോള്‍ സംഭവം വര്‍ണ്ണിക്കുന്നയാള്‍ അവളുടെ അച്ഛനെ അതറിയിച്ചു രക്ഷനേടുന്നു. കാമഭ്രാന്തു് എന്നു ഞാന്‍ എഴുതിയെങ്കിലും പെണ്ണിന്റേതു് ഗുരുനാഥനെസ്സംബന്ധിച്ചുണ്ടാകുന്ന അതിരുകടന്ന അഭിലാഷമാണു്. ആ അഭിലാഷത്തെ ആവിഷ്കരിക്കുമ്പോഴും അതിനെ വിദഗ്ദ്ധമായി വിച്ഛേദനം ചെയ്യുമ്പോഴും ചുളളിക്കാടിന്റെ തൂലിക പതറുന്നില്ല. ആ ശക്തി വിശേഷമാണു് ഈ രചനയ്ക്കു വിശ്വാസ്യത എന്ന ഗുണം കൈവരുത്തുന്നതു്. വൈരൂപ്യമുള്ള ആ പെണ്ണു് മജ്ജയും മാംസവുമാര്‍ന്നു് ചോരയോട്ടത്തോടു കൂടി എന്റെ മുന്‍പില്‍ നില്ക്കുന്നു. അല്ലെങ്കില്‍ വാരികയുടെ വെണ്‍മയാര്‍ന്ന താളുകളിലെ കറുത്തയക്ഷരങ്ങളില്‍ നിന്നു് എഴുന്നേററു വരുന്നു. അവളോടു് സഹതാപം തോന്നുമാറു്. സന്മാര്‍ഗ്ഗത്തിന്റെ ശബ്ദമുയര്‍ത്തി ബാലചന്ദ്രന്‍ ചുളളിക്കാടു രചന നിര്‍വഹിക്കുന്നു.

ചോദ്യം, ഉത്തരം


Symbol question.svg.png “ആര്‍ടും ക്രാഫ്ററും തമ്മിലെന്താണു് വ്യത്യാസം?”

“ആര്‍ട് ആധ്യാത്മികതലത്തിലേക്കു നമ്മളെ കൊണ്ടു ചെല്ലും. ക്രാഫ്ററിനു കഴിവില്ല അതിനു്.”

Symbol question.svg.png “ചങ്ങമ്പുഴ ‘രമണ’നുമായി നിങ്ങളുടെ മുന്‍പിൽ വന്നു നിന്നാല്‍?”

“മിണ്ടാതെയാണു് അദ്ദേഹം നില്ക്കുന്നതെങ്കില്‍ ഞാനും ഒന്നും മിണ്ടുകയില്ല. അതല്ല അദ്ദേഹം അതു തുറന്നുവായിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ഓടും. ചങ്ങമ്പുഴയുടെ കവിത വായിക്കല്‍ അത്രയ്ക്കു് അസഹനീയമാണു്.”

Symbol question.svg.png “ഇന്നത്തെ ചെറുകഥകളുടെ ദോഷം?”

“മനുഷ്യബന്ധങ്ങളുടെ കഥ അവയില്‍ ഇല്ല.”

Symbol question.svg.png “നിങ്ങള്‍ക്കു് ഇത്ര പ്രായമായിട്ടും ഒരു രോഗവുമില്ലാത്തതെന്താണു്”?

“ആരു പറഞ്ഞു രോഗമില്ലെന്നു്. എനിക്കു സാഹിത്യത്തിന്റെ രോഗമുണ്ടു്. അതു ചികിത്സിച്ചു മാററാന്‍ ഏറെ ഡോക്ടര്‍മാര്‍ വരുന്നുണ്ടു്.”

Symbol question.svg.png “കഷണ്ടിക്കു മരുന്നുണ്ടോ?”

“ഉണ്ടു്. മരണം. എന്നാണു് ഔഷധത്തിന്റെ പേരു്.”

Symbol question.svg.png “ധര്‍മ്മരാജ. രാമരാജബഹദൂര്‍ ഇവ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ?”

“ധര്‍മ്മരാജാ. രാമരാജബഹദൂര്‍ എന്നെഴുതണം. ആ പേരുകള്‍ നവാബ് കൊടുത്തവയാണു്: ബുരുദങ്ങള്‍. രണ്ടു നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ടു്. രണ്ടും നന്നു്. വായിക്കുമ്പോള്‍ അരമണിക്കൂറിലൊരിക്കല്‍ ഓരോ ഗ്ലാസ് ജീരകവെളളം കൂടിക്കണമെന്നേയുള്ളൂ.”

Symbol question.svg.png ലോകത്തു് ഏററവും മനോഹരം സുന്ദരിയായ യുവതിയുടെ ചിരിയാണെന്നു നിങ്ങള്‍ പണ്ടു് ‘മലയാളനാട്ടി’ല്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ഏറെ സുന്ദരികളുടെ ചിരി കണ്ടിട്ടുണ്ടു്. വെറും പല്ലിളിക്കല്‍ എന്നേ എനിക്കു തോന്നിയിട്ടുളളു. എന്തു പറയുന്നു?”

“സൂര്യപ്രകാശം തിരമാലയില്‍ പതിച്ചു് അതു വെളളിത്തകിടു പോലെയാകുന്നതു കണ്ടാലും നിങ്ങള്‍ക്കൊന്നും തോന്നുകില്ല.”

മൂന്നു തവണ അസഹനീയം

ചെടിക്കൂട്ടങ്ങളെ വകഞ്ഞുമാററിക്കൊണ്ടു് വൈരൂപ്യമില്ലാത്ത ഒരു സ്ത്രീ നെഞ്ചു തളളി മാമറി ഗ്ലാന്‍ഡ്സിന്റെ പര്‍വ്വത വൈപുല്യം പ്രേക്ഷകരെ കാണിച്ചുകൊണ്ടു് ഓടുന്നു. പുരുഷന്‍ വേറൊരു സ്ഥലത്തു നിന്നു് ഓടിയെത്തുന്നു. രണ്ടുപോരും ചുംബനത്തിനു തയ്യാറാവുന്നു. അപ്പോള്‍ പ്രേക്ഷകരുടെ വികാരം ഉദ്ദീപിപ്പിക്കുമാറു് പെണ്ണു് ഒരു തേയിലക്കുടെടുത്തു തന്റെയും പുരുഷന്റെയും മുഖങ്ങള്‍ക്കിടയില്‍ വയ്ക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഒരു കഥാവനിത ഓടിവരുന്നു.തേയിലക്കാരിക്കു വകഞ്ഞുമാററാന്‍ ചെടികളുളളതുപോലെ ഈ കഥാംഗനയ്ക്കു് ആകര്‍ഷകത്വമിയററാന്‍ വര്‍ണ്ണോജ്ജ്വലങ്ങളായ ചിത്രങ്ങളുണ്ടു്. സഹൃദയന്‍ ചുണ്ടുകളുടെ സ്പര്‍ശനത്തിനു് ഉദ്യമിക്കുമ്പോള്‍ അവള്‍ അര്‍ത്ഥശൂന്യതയുടെ കൂടെടുത്തു രണ്ടുപേരുടെയും മുഖങ്ങള്‍ക്കിടയില്‍ വയ്ക്കുന്നു. ഹുക്ക വലിക്കുന്ന ഒരുത്തന്‍. അയാളുടെ ഭാര്യ. ഒരു പാട്ടുകാരന്‍. കൃഷ്ണ എന്ന പെണ്ണു്. ആണും

സാഹിത്യരചന വ്യക്തിയുടെ സര്‍ഗ്ഗവൈഭവത്തിന്റെ ഫലമാണെങ്കിലും കേരളീയ ജീവിതത്തിന്റെ സവിശേഷതകള്‍ അതില്‍ പ്രതിഫലിക്കാതിരിക്കില്ല. ആ ജീവിതം സാഹിത്യകൃതികളിലൂടെ എങ്ങനെ ആവിഷ്കരിക്കപ്പെട്ടു എന്നു സ്പഷ്ടമാക്കിയില്ലെങ്കില്‍ വായനക്കാര്‍ക്കു് ഒന്നും നേടാന്‍ കഴിയുകയില്ല.

“ചങ്ങമ്പുഴ ‘രമണ’നുമായി നിങ്ങളുടെ മുന്‍പില്‍ വന്നു നിന്നാല്‍?” “മിണ്ടാതെയാണു് അദ്ദേഹം നില്ക്കുന്നതെങ്കില്‍ ഞാനും ഒന്നും മിണ്ടുകില്ല. അതല്ല അദ്ദേഹം അതു തുറന്നു വായിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ഓടും. ചങ്ങമ്പുഴയുടെ കവിത വായിക്കല്‍ അത്രയ്ക്കു് അസഹനീയമാണു്.”

പെണ്ണുമല്ലാത്ത ഒരു ജീവി. ഇത്രയും ആളുകളെക്കൊണ്ടു് ഒരു പോയിന്റുമില്ലാതെ സംസാരിപ്പിച്ചു് കഥ പര്യാവസനാത്തില്‍ കൊണ്ടുവരുന്നു ശ്രീ. ബോണി തോമസ്. വെറുമൊരു ആഖ്യാനമാണോ ഇതു്? അല്ല. പ്രമേയത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി കഥാപാത്രങ്ങളുടെ പ്രക്രിയകള്‍ കൊണ്ടു് അതിനു തിളക്കം വരുത്തുന്നുണ്ടോ ഇവിടെ? ഇല്ല. എവിടെയെങ്കിലും ഇതു ചെന്നെത്തുന്നുണ്ടോ? ഇല്ല ഏതൊരു സാഹിത്യകൃതിയും സാംസ്കാരികമായ അനുഭാവമാണല്ലോ. അതും പ്രദാനം ചെയ്യുന്നില്ല ഈ രചനാഭാസം. പണ്ടു് സി. കേശവന്‍ മന്ത്രിയായിരുന്ന കാലം. കോട്ടയത്തു ചിലരെ നിയമപരിപാലകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ടായി. മന്ത്രി കോട്ടയത്തെ പോലീസ് സ്റ്റെയ്ഷനിലെത്തി ക്ഷതാംഗരായ തടവുകാരെ കണ്ടു. കൂടയുണ്ടായിരുന്ന ഡി. എസ്. പി യോട് അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍ ഇതു കാണുന്നില്ലേ. കാണുന്നില്ലേ? അസഹനീയം. അസഹനീയം. അസഹനീയം’. സി. കേശവന്റെ ആ വാക്കുകള്‍ കടമെടുത്തു് വികലാംഗരായിക്കിടക്കുന്ന അനുവാചകരെച്ചൂണ്ടി ഞാന്‍ എന്നോടുതന്നെ പറയുന്ന അസഹനീയം. അസഹനീയം. അസഹനീയം.

വിചാരങ്ങള്‍

ചിന്തയിലേക്കു് അതിവേഗത്തോടെ കടന്നുചെന്നു് അജാഗരിതഹൃദയത്തില്‍പ്പോലും പ്രകമ്പനം ഉളവാക്കുന്നതാണ് കവിത. മനസ്സിന്റെ താഴ്ചയുടെയും താഴെ കാരണം കൂടാതെയുള്ള ക്ഷോഭത്തിന്റെ സ്ശക്തമായ പ്രകമ്പനം ജനിപ്പിക്കുന്നതാണു കവിത– ഇതു പറഞ്ഞതു് എ. ഇ. ഹൗസ്മന്‍ എന്ന കവിയാണു്. ഇതു ശരിയാണെങ്കില്‍ താഴെ ചേര്‍ക്കുന്ന കവിതയുടെ സ്ഥാനമെന്തായിരിക്കും മലയാള സാഹിത്യത്തില്‍?

അര്‍ബ്ബുദം കാര്‍ന്ന കണ്ണുകള്‍ക്കു്
കാഴ്ച വേണം
അവന്‍ തന്ന അഗ്നിയാണു്
എന്റെ നെഞ്ചില്‍

(ശ്രീ. എ. അയ്യപ്പന്‍, ഭാഷാപോഷിണി, ജൂണ്‍ 1998)

പണ്ടു് ഒരു തിരുമണ്ടന്‍ ചീഫ് സെക്രട്ടറിയുണ്ടായിരുന്നു തിരുവിതാംകൂറില്‍. അദ്ദേഹം പെന്‍ഷന്‍ പററിയ നാളില്‍ ‘പാര്‍ടിങ് കിക്ക്’ എന്ന നിലയില്‍ സെന്റോഫ് നടത്തി. കാപ്പികുടി. എല്ലാവര്‍ക്കും ബോളി കൊടുത്തപ്പോള്‍ ചീഫ് സെക്രട്ടറിക്കും അതു കൊടുത്തു. ബോളിയിലൊഴിക്കാന്‍ പാല്പായസം കൊണ്ടുവരുന്നതിനു മുന്‍പു് അദ്ദേഹം അതു തിന്നുതീര്‍ത്തു. എന്നിട്ടു് പായസം വിളമ്പുന്നവനോടു് അഭ്യര്‍ത്ഥിച്ചു. “എനിക്കു ഇനിപ്പുള്ള ഈ ദോശ ഒന്നു കൂടി വേണം” (ഇനിപ്പു് = മാധുര്യം) ബോളിയെ ഇനിപ്പുള്ള ദോശയാക്കുന്ന ചീഫ് സെക്രട്ടറിമാര്‍ വാണരുളിയ സെക്രട്ടേറിയററില്‍ ശ്രീ. ആര്‍. രാമചന്ദ്രന്‍ നായരുടെയും ശ്രീ. സി. പി. നായരുടെയും ഭരണകാലം സാഹിത്യത്തില്‍ തല്‍പരത്വമുള്ള എനിക്കു് ആഹ്ലാദദായകമായിരുന്നു. രാമചന്ദ്രന്‍ നായര്‍ പ്രതിഭാസമ്പന്നനാണു്. അദ്ദേഹത്തിന്റെ മുക്തകങ്ങള്‍ ഒന്നാന്തരം. പാര്‍വതീ പരിണയം ആട്ടക്കഥ ദോഷമുക്തം. പ്രഭാഷകന്‍ എന്ന നിലയില്‍ രാമചന്ദ്രന്‍ നായര്‍ക്കുള്ള പ്രാഗല്ഭ്യം നിസ്തുലമത്രേ. ഏതു വിഷയവും രസകരമായും വിദ്വജ്ജനോചിതമായും അദ്ദേഹം പ്രഭാഷണത്തിലൂടെ ആവിഷ്കരിക്കുന്നതു കണ്ടും കേട്ടും മലയാളാധ്യപകനായ എനിക്കു് അസൂയ ഉണ്ടായിട്ടുണ്ടു്.

ശ്രീ. സി. പി. നായര്‍ വിദഗ്ദ്ധനാണു്. സമുദായത്തിലെ മാലിന്യങ്ങളെ ആക്ഷേപിച്ചു് അദ്ദേഹം ഹാസ്യം സൃഷ്ടിക്കുന്നു. ശബ്ദമുയര്‍ത്തിയല്ല അദ്ദേഹം പരിഹസിക്കുന്നു. കടക്കണ്ണില്‍ പുഞ്ചിരിയോടെ അദ്ദേഹം ഓരോ മാലിന്യത്തെയും അധാര്‍മ്മിക പ്രവൃത്തിയെയും നോക്കുന്നു. കണ്ടതു് ഹാസ്യത്തിന്റെ പട്ടുപൊതിഞ്ഞു് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നു. പണ്ടു് അദ്ദേഹം കടമ്മനിട്ടയുടെ ഒരു കവിതയെ അവലംബിച്ചുകൊണ്ടു് രചിച്ച സററയര്‍ (മഴ പെയ്യുന്നു. മദ്ദളം കൊട്ടുന്നു) നിസ്തുലമായിരിക്കുന്നു.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രീ. എം. മോഹന്‍കുമാര്‍ ഇംഗ്ലീഷില്‍ കവിതയെഴുതുമെന്ന് ഞാന്‍ പനച്ചി പറഞ്ഞു മനസ്സിലാക്കി (ഭാഷാപോഷിണിയിലെ കവിതയും കഥയും ഒരു നിഷേധക്കുറിപ്പും എന്ന ലേഖനം). അതില്‍ മോഹന്‍കുമാറിന്റെ ഒരിംഗ്ലീഷ് കവിതയുടെ മലയാള തര്‍ജ്ജമ ചേര്‍ത്തിട്ടുണ്ടു്. ഭാഷാന്തരീകരണം ആരുടേതെന്നു് അറിഞ്ഞുകൂടാ. മംഗളം ദിനപത്രത്തില്‍ വന്നതാണു് അതെന്നു് പനച്ചി നമ്മളെ അറിയിക്കുന്നു. തര്‍ജ്ജമ മോഹന്‍കുമാറിന്റേതായിരിക്കില്ല. അതില്‍ ‘ജീവിത പന്ഥാവ്’ എന്നൊരു പ്രയോഗം കണ്ടു. പന്ഥാവ് സമാസത്തിന്റെ ഉത്തരപദമായി വരുമ്പോള്‍ ‘പഥം’ എന്നാകും. പുണ്യപഥം സാഹിത്യപഥം. താരാപഥം ഈ പ്രയോഗങ്ങള്‍ നോക്കുക. ജലത്തിനു മുകളില്‍ നിലാവു് വീണുകിടക്കുന്നതുപോലെ പനച്ചിയുടെ ലേഖനത്തില്‍ ഹാസ്യചന്ദ്രിക വീണിരിക്കുന്നു.

കൂന്ദേരയുടെ കലാശില്പം

ചെക്ക് നോവലിസ്ററും ചെറുകഥാകാരനും നാടകകര്‍ത്താവും കവിയുമായ മിലാന്‍ കൂന്ദേര (Milan Kundera b. 1929) ബ്രിട്ടീഷ് നോവലിസ്റ്റായ ഈയന്‍ മക്യൂയനോടു (Ian McEwan- b. 1948) പറഞ്ഞു: “നോവലിന്റെ ലക്ഷ്യം സമുദായത്തെ വര്‍ണ്ണിക്കലല്ല. അതിനു കൂടുതല്‍ നല്ല മാര്‍ഗ്ഗങ്ങള്‍ വെറെയുണ്ടു്. ചരിത്രകാരന്മാര്‍ക്കു് അതു ചെയ്യാമല്ലോ. സ്റ്റാലിനിസത്തെ തളളിപ്പറയുക എന്നതും അതിന്റെ (നോവലിന്റെ) ലക്ഷ്യമല്ല. സല്‍ഷന്യീറ്റ്സനു് (Soizhenitsyn- b. 1918) പ്രഖ്യാപനങ്ങളിലൂടെ അതു നിര്‍വഹിക്കാം. നോവലിന്റെ മാര്‍ഗ്ഗം വര്‍ണ്ണിക്കലാണു്. പ്രദര്‍ശിപ്പിക്കലാണു്. മനുഷ്യജീവിതത്തെ അതിന്റെ എല്ലാ അംശങ്ങളിലും നിസ്ത്വചീകരണം (peeling = തൊലിയുരിക്കല്‍) നിര്‍വഹിക്കലാണു്. നോവല്‍ സാക്ഷാത്കരിക്കുന്നതു മറ്റൊരു ധൈഷണിക പ്രവര്‍ത്തനം കൊണ്ടും സാക്ഷാത്കരിക്കാന്‍ വയ്യ. അസ്തിത്വവാദമെന്ന തത്ത്വചിന്തയ്ക്കും വയ്യ.” സിതോപലത്തിന്റെ സുതാര്യാവസ്ഥയോടു സാദൃശ്യം കല്പിക്കാവുന്ന തരത്തിൽ സുതാര്യതയുള്ള ഈ പ്രസ്താവം കേട്ടുകഴിഞ്ഞിട്ടും കൂന്ദേരയെ സ്വദേശം ത്യജിച്ച സാഹിത്യകാരനായും അസ്തത്വവാദം സ്വീകരിച്ച എഴുത്തുകാരനായും കാണുന്നതു് ശരിയല്ല. അദ്ദേഹത്തന്റെ പുതിയ നോവല്‍ identity-യും (Translated from the French by Linda Asher, faber & faber, London) ഈ സത്യം ഉദ്ഘോഷിക്കുന്നു. നോവലിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ഐഡന്റിറ്റി- അനന്യത- എന്ന വിഷയം അദ്ദേഹം അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നുണ്ടു്. എങ്കിലും സമഗ്രജീവിതത്തിന്റെ പ്രതീതി ഈ മനോഹതമായ നോവല്‍ ഉളവാക്കുന്നു.

ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറു് ഭാഗത്തുള്ള നൊര്‍മാങ്ദീ (Normandy) പ്രദേശത്തു് ഒരു ഹോട്ടലില്‍ ഷാങ്തല്‍ (Chantal) എന്ന യുവതി വന്നു ചേരുന്നു. തന്റെ കാമുകന്‍ ഷാങ്മറിനെ (Jean-Marc) കാണാനാണു് അവള്‍ക്കു താല്‍പര്യം. റ്റെലിവിഷന്‍ സെററ് പ്രവര്‍ത്തിക്കുന്നുണ്ടു്. കാണാതെയായ ആളുകളേക്കുറിച്ചു് വിവരങ്ങള്‍ പ്രേക്ഷകര്‍ക്കു നല്കുകയാണു് റ്റെലിവിഷന്‍. ഹോട്ടലിലെ ജോലിക്കാരി ഷാങ്തലിനോടു പറഞ്ഞു: “You know that programme on TV about people who’ve disappeared? “Lost to Sight” it is called. ‘കാണാതെയായവര്‍’- ഇതാണു നോവലിലെ പ്രധാനപ്പെട്ട ആശയം. ഹോട്ടലില്‍ കിടന്നുറങ്ങുമ്പോള്‍ ഷാങ്തല്‍ സ്വപ്നം കണ്ടു്. അവളുടെ അമ്മ (വളരെക്കാലത്തിനു മുന്‍പു് അപ്രത്യക്ഷയായി- മരിച്ചു എന്നര്‍ത്ഥം) ആദ്യത്തെ ഭര്‍ത്താവു് (അയാളും അവളുടെ മുന്‍പില്‍ വരുന്നില്ല ഏറെക്കാലമായി) ഷാങ്മറിന്റെ കൂട്ടുകാരന്‍ എഫ് ഇവര്‍ കാണപ്പെടുന്നില്ല. ഇങ്ങനെ ഓരോ വ്യക്തിയും കാണാതെയാവുന്നു. ഷാങ്തല്‍ കടപ്പുറത്തേക്കു ചെന്നു. അവിടെ ഭാര്യമാരുടെ ദൃഷ്ടിപഥത്തില്‍ നിന്ന് ഓടിപ്പോയ ഭര്‍ത്താക്കാന്മാര്‍ പട്ടം പറത്തുകയാണു്. ജീവിതമെന്നതു വൈരസ്യം നിറഞ്ഞതായതുകൊണ്ടു് നമ്മള്‍ തന്നെ മറ്റുള്ളവരിൽ നിന്നു് അകലുന്നു. അവർ നമ്മളിൽ നിന്നു് അകലുന്നു. Lost to Sight– ഇതുതന്നെയാണു ജീവിതം. മൂന്നു വിധത്തിലാണു വൈരസ്യം. ജഡതയാര്‍ന്ന വൈരസ്യം– നൃത്തം ചെയ്തുകൊണ്ടു് കോട്ടുവായിടുന്ന പെണ്‍കുട്ടി. അനലസമായ വൈരസ്യം– പട്ടം പറത്തുന്നതില്‍ തല്‍പരര്‍. വിപ്ലവാത്മകമായ വൈരസ്യം– കാറുകള്‍ കത്തിക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്യുന്ന ചെറുപ്പക്കാർ. ഈ മൂന്നു വൈരസ്യങ്ങളും ഒരിമിച്ചു ചെരുമ്പോള്‍ ജീവിതമായി. ആ ജീവിതത്തിനു പ്രതിനിധീഭവിക്കുകുയാണു് ഈ നോവലിലെ കഥാപാത്രങ്ങള്‍.

ഈ ജീവിതത്തില്‍ വന്നുചേരുന്നതാണു് ഐഡന്റിറ്റിയുടെ– അനന്യതയുടെ– പ്രശ്നം. (പ്രശ്നമെന്നതു മലയാളത്തില്‍ പ്രയോഗിക്കുന്ന അര്‍ത്ഥത്തില്‍. പ്രശ്നത്തിനു ചോദ്യമെന്നാണര്‍ത്ഥം സംസ്കൃതത്തില്‍) ഹോട്ടലില്‍ നിന്നു കടപ്പുറത്തേക്കു പോയ ഷാങ്തലിനെ അന്വേഷിച്ചു് അവിടെ വൈകിയെത്തിയ ഷാങ്മര്‍ ചെന്നു.

‘I live in a world where men will never turn to look at me again’ എന്നാലോചിച്ചു് ഐഡന്റിറ്റി നഷ്ടപ്പെട്ടു കടപ്പുറത്തു നില്ക്കുന്ന ഷാങ്തലിനെ Sea yatcht-ല്‍ നിന്നു രക്ഷിക്കാന്‍ (yacht– മത്സരത്തിനുള്ള നൗക) അയാള്‍ ഓടിച്ചെന്നപ്പോള്‍ കണ്ടതു് വാര്‍ദ്ധ്യക്യമുള്ള വൈരൂപ്യമുള്ള. ദയനീയമായ വിധത്തില്‍ അന്യതയുള്ള വ്യക്തിയെയാണു്. അനന്യത– ഐഡന്റിറ്റി– നഷ്ടപ്പെട്ട ഷാങ്തല്‍.

ഷാങ്തലിനു് ശരിയായ പേരുവയ്ക്കാത്ത പ്രമേലേഖനങ്ങള്‍ മുറയ്ക്കു കിട്ടിക്കൊണ്ടിരുന്നു. ലൈംഗികത്വത്തിന്റെ പനിനീര്‍പ്പൂ സൗരഭ്യം ആസ്വദിക്കാന്‍ കൗതുകമുളള അവള്‍ അവ ‘ബ്രാ’കളുടെ അടിയില്‍ ഒളിച്ചുവച്ചു. കളളക്കത്തുകളിലെ കൈയക്ഷരവും ഷാങ്മറിന്റെ യഥാര്‍ത്ഥ പ്രമേലേഖത്തിലെ കൈയക്ഷരവും ഒന്നാണെന്ന് ഒരു ഹോട്ടല്‍ ബോയിയില്‍ നിന്നു മനസ്സിലാക്കിയ ഷാങ്തല്‍ ലണ്ടനിലേക്കു പോയി. അവളറിയാതെ ഷാങ്മറും അവളെ അനുഗമിച്ചു. ആഹ്ലാദ വിഹാരത്തിന്റെ പരകോടിയിലെത്തിയ ഒരു ഭവനത്തില്‍ വച്ചു് അവള്‍ സ്വന്തം നഗ്നത (burning nakedness എന്നു കുന്ദേര) കണ്ടു. ഒരാള്‍ അവളെ ‘ആന്‍’ എന്നു വിളിച്ചു. (അനന്യതയുടെ നഷ്ടം– ലേഖകന്‍) ഒടുവില്‍ അവള്‍ ഷാങ്മറുടെ കൈകളിലായി. അയാള്‍ അവളെ ചുംബിക്കാന്‍ ഭാവിച്ചപ്പോള്‍. ‘No, I just want to watch you’ എന്നായി മറുപടി. എല്ലാ രാത്രികളിലും അവള്‍ വിളിക്കു കത്തിച്ചു വയ്ക്കുമെന്നു പറയുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. ഇനി സ്നേഹമില്ല. വേഴ്ചയില്ല. അന്യോന്യമുള്ള വീക്ഷണങ്ങള്‍ മാത്രം.

സമകാലിക ജീവിതത്തിന്റെ വിഷാദമത്രയും കലാത്മകമായി ആവിഷ്കരിക്കുന്ന ഉദാത്തമായ നോവലാണിതു്. മനുഷ്യത്വത്തെ ഗ്രസിക്കുന്ന ഏകാന്തതയെ, ഉത്കണ്ഠയെ ഇതിനെക്കാള്‍ ശക്തമായി സ്ഫുടീകരിച്ച മറ്റൊരു നോവല്‍ എന്റെ അറിവില്ലില്ല.