close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 08 14


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 08 14
മുൻലക്കം 1998 8 07
പിൻലക്കം 1998 08 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഞാൻ തന്നെ ആരാണ്? ഞാൻ എന്തുചെയ്തു? ഞാൻ കണ്ടതും കേട്ടതും വേർതിരിച്ചറിഞ്ഞതുമൊക്കെ ഒരുമിച്ചുകൂട്ടി ഉപയോഗിച്ചു. ആയിരക്കണക്കിനുള്ള വിഭിന്നവ്യക്തികൾ എന്റെ കൃതികളെ ബഹുമാനിക്കുന്നു… മറ്റുള്ളവർ വിതച്ചതാണ് ഞാൻ പലപ്പോഴും കൊയ്തത്. കൂട്ടായിച്ചേർന്ന വ്യക്തിയുടെ കൃതിയാണ് എന്റേത്. അത് ഗറ്റേ എന്ന പേരു വഹിക്കുന്നുവെന്നു മാത്രം.” (Goethe 1749-1832 - ജർമ്മൻ കവി. ഗറ്റേ എന്നതു ഡാനിയൽ ജോൺസിന്റെ നിഘണ്ടു നൽകുന്ന ഉച്ചാരണം). നാലോ അഞ്ചോ വിശ്വമഹാകവികളുള്ളതിൽ ഒരാളായ ഗറ്റേ പറഞ്ഞതാണിത്.ഉപചിത സംസ്കാരത്തിന്റെ (Collective Culture) ഫലമാണ് സാഹിത്യസൃഷ്ടിയെന്നും വ്യക്തിനിഷ്ഠതയ്ക്കു പ്രാധാന്യമില്ലെന്നും പറയുകയാണ് ജർമ്മൻ മഹാകവി. ഇത് വിനയം കലർന്ന പ്രസ്താവമായി മാത്രം നമ്മൾ കരുതിയാൽ മതി. കാരണം ഗറ്റേയ്ക്കു സദൃശനായി ലോകസാഹിത്യത്തിൽ ഗറ്റേ മാത്രമേയുള്ളൂ എന്നതാണ്. ഈ മതത്തോട് ഒറ്റോ റാങ്ക് (Otto Rank 1884-1937) എന്ന ഓസ്റ്റ്രിയൻ മന:ശാസ്ത്രജ്ഞൻ യോജിക്കില്ല. ഫ്രായിറ്റിന്റെ ശിഷ്യനായിരുന്ന അദ്ദേഹമെഴുതിയ സമുജ്ജ്വലമായ ‘Art and Artist’ എന്ന ഗ്രന്ഥത്തിൽ ഇതിനു വിപരീതമായ അഭിപ്രായമാണ് കാണുക. സമഷ്ടിയാക്കലിനോട്- കൂട്ടായ്മ ഉണ്ടാക്കുന്നതിനോട്- ഏതു കലാകാരനും സ്പഷ്ടമായി പ്രതികരിക്കുമെന്നു റാങ്ക് പറയുന്നു. മാത്രമല്ല, തന്നെയും തന്റെ കൃതിയെയും ഒരു കാലയളവിന്റെ ശാശ്വതപ്രതീകമാക്കിമാറ്റുന്നതും കലാകാരന് ഇഷ്ടമല്ല. മഹാനായ കലാകാരൻ നൂതനസൃഷ്ടികൾ നൽകി സമഷ്ടിയാക്കലിന്റെ സ്വാധീനതയിൽനിന്ന് രക്ഷനേടും. ദുർബ്ബലവാസയുള്ളവരാണ് ആ പ്രക്രിയയ്ക്ക് അസംസ്കൃതവസ്തുവായി നിന്നുകൊടുക്കുന്നത്. അതിനാലാണ് മഹാപ്രതിഭയുള്ളവർ ജീവിതകാലത്തിനുശേഷം കീർത്തിയാർജ്ജിക്കുന്നതും ഇടത്തരം കഴിവുള്ളവർ ജീവിതകാലത്തു തങ്ങൾക്ക് അർഹതയില്ലാത്ത വിജയം കൈവരിക്കുന്നതും. (പുറം 406) സുശക്തമായ ഇച്ഛാശക്തിയുള്ളവർ (will power ശക്തിപരത്തിന്റെ ആവർത്തനം ക്ഷന്തവ്യം) സമഷ്ടിയാക്കലിന്റെ സ്വാധീനതയ്ക്ക് അടിമപ്പെടുകയില്ലെന്നും കുറഞ്ഞ വാസനയുള്ള ഇടത്തരം കലാകാരന്മാർ ജനക്കൂട്ടത്തിനുവേണ്ടിയുള്ള സൃഷ്ടികളിൽ വ്യാപരിക്കുന്നുവെന്നും റാങ്ക് തുടർന്നു പറയുന്നു. പ്രതിഭാശാലി എതിർക്കുന്നതു സാമാന്യജനതയ്ക്കുവേണ്ടിയുള്ള ഈ സർഗ്ഗപ്രക്രിയയെയാണ്. ഈ വിശിഷ്ടഗ്രന്ഥം അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രാന്തരീയ പ്രശസ്തിനേടിയ അനൈയസ് നിൻ (Anais Nin 1903-1977) എന്ന അമേരിക്കനെഴുത്തുകാരി പറയുന്നു ഈ മതം റാങ്കിനെക്കുറിച്ചും ശരിയാണെന്ന്. ഗ്രന്ഥം ആവിർഭവിച്ച കാലയളവിൽ അർഹമായ പരിഗണന അതിനു കിട്ടിയില്ല. ഇപ്പോൾ മൂല്യനിർണ്ണയത്തിനുള്ള സമയമായിയെന്നും.

മീക്കലാഞ്ചലോ, ഷേക്സ്പിയർ, റെംബ്രാന്റ്, ഗറ്റേ ഇവർ ജീവിച്ച കാലയളവുകളോടു ബന്ധിക്കപ്പെട്ടവരാണെങ്കിലും സമഷ്ടിയായ കലയെ എതിർത്തവരാണ്. അവർ ഒറ്റയ്ക്കുനിന്നു. അന്യാദൃശസ്വഭാവം കാണിച്ചു. സ്വത്വശക്തിയിലും ആശയസംഹിതയുടെ സ്വീകാരത്തിലും അവർ തികഞ്ഞ വ്യക്തിത്വം പുലർത്തി

മതം അനശ്വരതയിലുള്ള സമഷ്ടിവിശ്വാസത്തിൽ നിന്നും ജനിക്കുന്നു; കല വ്യക്തിയുടെ ബോധമണ്ഡലത്തിൽനിന്നും. (‘Religion springs from the collective belief in immortality; art from the personal consciousness of the individual’ Page 17)കലയും മതവും തമ്മിലുള്ള സംഘട്ടനം വ്യക്തിയായ കലാകാരനിൽ നമുക്കു നിഷ്പ്രയാസം കാണാം. ഇത് വ്യക്തിത്വവും കൂട്ടായ്മയും തമ്മിലുള്ള സംഘട്ടനമാണ്. കലാകാരന്റെ ആത്മാംശത്തിൽ ഈ ദ്വന്ദ്വഭാവങ്ങളുണ്ട്. ഈ അർത്ഥത്തിൽ അവയ്ക്ക് അന്യോന്യമായ ആശ്രയമുണ്ടാകുന്നു. എങ്കിലും അതോടൊരുമിച്ച് രണ്ടും സംഘട്ടനത്തിൽ ഏർപ്പെടുന്നു. സമൂഹത്തിന്റെ ആശയസംഹിതകൾ, അതാതുകാലത്തിന്റെ മതവിശ്വാസം ഇവയെല്ലാം കല പ്രയോജനപ്പെടുത്തുമെങ്കിലും അത് (കല) സമഷ്ടിയായതിന് എതിരായി വർത്തിക്കുന്നു. കലാകാരൻ സ്വത്വശക്തികൊണ്ട് അതിനെ ജയിച്ചടക്കുമ്പോഴാണ് യഥാർത്ഥമായ കലയുടെ ആവിർഭാവം. ജീനിയസ് സമഷ്ടിയോടു ഒരിക്കലും പൊരുത്തപ്പെടില്ല. മധ്യകാലം (Middle Ages) ക്രിസ്തുമതത്തിന്റെ സമഷ്ടിസ്വഭാവത്തോടു യുദ്ധം ചെയ്തു സ്വത്വശക്തിയുള്ളവരെ വിജയത്തിലെത്തിച്ചു. മീക്കലാഞ്ചലോ, ഷേക്സ്പിയർ, റെംബ്രാന്റ്, ഗറ്റേ ഇവർ ജീവിച്ച കാലയളവുകളോടു ബന്ധിക്കപ്പെട്ടവരാണെങ്കിലും സമഷ്ടിയായ കലയെ എതിർത്തവരാണ്. അവർ ഒറ്റയ്ക്കുനിന്നു. അന്യാദൃശസ്വഭാവം കാണിച്ചു. സ്വത്വശക്തിയിലും ആശയസംഹിതയുടെ സ്വീകാരത്തിലും അവർ തികഞ്ഞ വ്യക്തിത്വം പുലർത്തി.

കലാകാരനും കലയും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന ഈ ഗ്രന്ഥത്തിന്റെ നാന്നൂറ്റിമുപ്പതുപുറങ്ങളിലും കമനീയങ്ങളായ ചിന്താരത്നങ്ങൾ ഉണ്ട്. അവ കാന്തി ചിന്തുന്നു. അവയിൽ ഒരു രത്നത്തിന്റെ ഒരംശം മാത്രമേ ഞാൻ ഇവിടെ പ്രദർശിപ്പിച്ചുള്ളൂ. നമ്മുടെ ഈ കാലയളവിന് സംഗതങ്ങളായ ആശയസാമ്രാജ്യങ്ങളിൽ അലയാൻ താല്പര്യമുള്ളവർക്ക് ഈ ഗ്രന്ഥം കൈയിലെടുക്കാം (Translated by Charles Francis Atkinson. W.W. Norton Company, New York/London Rs 838=77)

ചോദ്യം, ഉത്തരം

Symbol question.svg.png രഹസ്യം സ്നേഹിതനോട് പറയുന്നതിൽ തെറ്റുണ്ടോ?

സ്നേഹിതനും സ്നേഹിതനുണ്ടെന്ന് ജൂതപഴമൊഴി ഓർമ്മിക്കൂ


Symbol question.svg.png നിങ്ങളെയും വേറെ ചിലരെയും ബഹുമാനിക്കാനായി തോന്നയ്ക്കലിൽ കൂടിയ സമ്മേളനത്തിന്റെ ക്ഷണക്കത്തിൽ ‘ആചാര്യപൂജ’ എന്ന് അച്ചടിച്ചതിൽ പ്രതിഷേധിച്ച് ഒരു സാഹിത്യകാരൻ സമ്മേളനത്തിൽ പങ്കുകൊണ്ടില്ല എന്നു ഞാനറിഞ്ഞു. ശരിയല്ലേ അദ്ദേഹത്തിന്റെ നിലപാട്?

ആചാര്യപദത്തിനു യാസ്കമുനിവിരചിതമായ നിരുക്തത്തിൽ ‘ആചാര്യ ആചാരം ഗ്രാഹയതി’ എന്നാണ് വ്യുത്പത്തി പ്രദർശനം. പരമ്പരാഗതമായ വിധികൾ (ശിഷ്യനെ) ഗ്രഹിപ്പിക്കുന്നവർ ആചാര്യൻ. ‘ആചിനോത്യർത്ഥാൻ’ എന്നും നിരുക്തത്തിൽ. പരിജ്ഞാനസംബന്ധികളായ വസ്തുതകൾ നിരത്തിവയ്ക്കുന്നവൻ ആചാര്യൻ. ‘ആചിനോതി ബുദ്ധിമതി വാ’ എന്നും നിരുക്തം. ധൈഷണികശക്തിയെ വികസിപ്പിക്കുന്നവനും ആചാര്യൻ തന്നെ. ഇതു ഗ്രഹിച്ചാൽ പ്രതിഷേധമുണ്ടാവുകയില്ല. ആചാര്യപദം കേൾക്കുന്നയാൾ ശങ്കരാചാര്യരോട് പാവങ്ങളെ കൂട്ടിച്ചേർക്കുന്നതുകൊണ്ടാണ് അസഹിഷ്ണുത കാണിക്കുന്നത്. ‘പൂജ’യ്ക്ക് ആദരം എന്നേ അർത്ഥമുള്ളൂ. ആ വാക്കിനും ഇല്ലാത്ത അർത്ഥം സങ്കല്പിച്ച് അദ്ദേഹം ആകുലാവസ്ഥയിൽ എത്തിയിരിക്കാം. ‘പ്രതിബധ്നാതി ഹി ശ്രേയ: പൂജ്യപൂജാവ്യതിക്രമ:’ (ആദരിക്കേണ്ടവരെ ആദരിക്കാതിരുന്നാൽ ശ്രേയസ്സിനു ഭംഗം വരും) എന്ന കാളിദാസവചനത്തിലും പൂജയ്ക്ക് ആദരമെന്നേ അർത്ഥമുള്ളൂ. പൂജ എന്നു കേട്ടാൽ ഇടതുകൈയിലെ മണികിലുക്കി വലതുകൈയിലെ ദീപസമുച്ചയം വിഗ്രഹത്തിന്റെ മുൻപിൽ പലവട്ടം കറക്കുന്ന ശാന്തിക്കാരനെ ഓർമ്മിക്കുന്നതുകൊണ്ടാണ് ദേഷ്യം വരുന്നത്.

Symbol question.svg.png നിങ്ങളെ ആളുകൾ തൊഴുതാൽ ആവശ്യത്തിലധികം നട്ടെല്ല് മുൻപോട്ടുവളച്ച് നിങ്ങൾ അതു സ്വീകരിക്കുന്നു. ഇതു കാപട്യമല്ലേ?

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. എന്റെ ശീലമതാണ്. കാപട്യമല്ല അത്. കൂടുതൽ നട്ടെല്ലുവളച്ചാൽ മുഖം കുത്തി റോഡിൽ വീഴും. ആളുകൾ എന്നെ ചവിട്ടിക്കൊണ്ടു നടന്നുപോകും. ഇനി അതിൽ മനസ്സിരുത്താം.

Symbol question.svg.png മാന്യനാര്?

പലപ്പോഴും ഉത്തരം നൽകിയിട്ടുണ്ട്, ഇതിന്. ഭാര്യയെ അന്യരുടെ മുൻപിൽ വച്ച് അപമാനിക്കാത്തവൻ മാന്യൻ.

Symbol question.svg.png ലജ്ജ സ്ത്രീകൾക്കു ഭൂഷണമല്ലേ?

അതേ. പക്ഷേ കൂടുതൽ ലജ്ജയുള്ളവളെ വിശ്വസിക്കരുത്. മൃഗശാലയിൽനിന്ന് രക്ഷപ്പെട്ട് അലഞ്ഞുതിരിയുന്ന കടുവ സ്കൂട്ടറുമായി വന്നാൽ അതിലജ്ജാശീല അതിന്റെ പിറകിൽകയറി അച്ഛനോ ചേട്ടനോ കണ്ടുകൊണ്ടിരിക്കെ ശംഖുമുഖം കടപ്പുറത്തു പൊയ്ക്കളയും. തിരിച്ചു രാത്രിയിൽ വീട്ടിൽ വന്നാലായി, വന്നില്ലെങ്കിലായി.

Symbol question.svg.png പ്രേമലേഖനങ്ങൾ പുസ്തകത്തിൽ വച്ചുകൊടുക്കുന്നതിനെക്കാൾ നല്ലതല്ലേ പോസ്റ്റ് വഴി അയക്കുന്നത്?

പുസ്തകത്തിൽ വച്ചുകൊടുത്താൽ മതി. പോസ്റ്റിലയച്ചാൽ കാമുകൻ വായിക്കുന്നതിനുമുൻപ് പോസ്റ്റ്മാൻ അതു വായിച്ചിരിക്കും. ഒടുവിൽ കുട്ടിക്കു പോസ്റ്റുമാനെ വിവാഹം കഴിക്കേണ്ടതായിവരും.

Symbol question.svg.png വയസ്സുകൂടുന്തോറും പേടിയും കൂടുമല്ലേ?

ഇല്ല. ഇൻഷ്വറൻസിൽ ചേരണമെന്നു പറഞ്ഞ് ഏജന്റുകൾ വരില്ല വൃദ്ധന്മാരുടെ അടുക്കൽ. പക്ഷേ ഇപ്പോൾ പ്രായം കുറഞ്ഞവർക്കും പ്രായം കൂടിയവർക്കും പേടിയുളവാക്കിക്കൊണ്ട് വില്പനക്കാർ വീട്ടിൽ നിരന്തരം കയറിയിറങ്ങുന്നു. തനിയൂറോപ്യൻ വേഷത്തിൽ അവർവന്നുനിന്ന് തീപ്പെട്ടിക്കൂടുവരെ ഡെമോൺസ്റ്റ്രേറ്റ് ചെയ്യാം എന്നു പറയും. വേണ്ടെന്നുപറഞ്ഞാലും അവർ പോകുകില്ല. ഈശ്വര, ഇവരിൽനിന്ന് ആളുകളെ രക്ഷിക്കണേ. ആമേൻ.

Symbol question.svg.png രഹസ്യം സ്നേഹിതനോട് പറയുന്നതിൽ തെറ്റുണ്ടോ?

സ്നേഹിതനും സ്നേഹിതനുണ്ടെന്ന് ജൂതപഴമൊഴി ഓർമ്മിക്കൂ.

Symbol question.svg.png ഞാൻ നേരമ്പോക്കു പറഞ്ഞാലും ആളുകൾ ചിരിക്കുന്നില്ലല്ലോ?

മെയ്ൻ റോഡിൽ പഴത്തൊലിയിൽ ചവിട്ടിവീണു നൊക്കൂ. ആളുകൾ ചിരിക്കും.

സഹൃദയത്വമില്ലായ്മ, പരിപാകക്കുറവ്

ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ നൂറു നല്ല നോവലുകളുടെ ലിസ്റ്റ് മോഡേൺ ലൈബ്രറിയുടെ പത്രാധിപസമിതി തയ്യാറക്കിയത് ഓഗസ്റ്റ് മൂന്നിന്റെ Outlook വാരികയിലുണ്ട്. ആ ലിസ്റ്റിൽ ഒന്നാം സ്ഥാനം ജെയിംസ് ജോയിസിന്റെ ‘യൂലിസിസി’നു നൽകിയിരിക്കുന്നു. ജോയിസിന്റെ അനുഗ്രാഹതയോടെ ഒരാൾ എഴുതിയ ഗൈഡിന്റെ (സ്റ്റുഏർട് ഗിൽബർട്ട് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് ദുർബ്ബലമായ ഓർമ്മ പറയുന്നു) സഹായത്തോടെ ഞാൻ മൂന്നുതവണ ആ നോവൽ വായിച്ചു. വളരെയൊന്നും മനസ്സിലായില്ല. പ്രശസ്തനായ ഒരു ഇംഗ്ലീഷ് പ്രഫെസറും എന്നെ പണ്ടറിയിച്ചിട്ടുണ്ട് ആ നോവൽ അദ്ദേഹത്തിനു മനസ്സിലായില്ലെന്ന്. എനിക്കു സമ്പൂർണ്ണമായിം ഗ്രഹിക്കാത്ത ഒരു നോവലിന് പ്രഥമസ്ഥാനം കല്പിച്ചതിൽ എനിക്കു അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാനാവില്ല, രണ്ടാമത്തെ സ്ഥാനം എഫ്. സ്കോട്ട് ഫിറ്റ്സ് ജെറൾഡിന്റെ The Great Gatsby എന്ന നോവലിനാണ്. ഒരമേരിക്കക്കാരനുണ്ടാകുന്ന മോഹനസ്വപ്നങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്ന ഈ കൃതി അമേരിക്കൻ ജനതയെ രസിപ്പിക്കും. സാർവലൗകിക സ്വഭാവമില്ലാത്ത ഈ നോവലിന് മഹത്വം കല്പിക്കുകയില്ല നമ്മൾ. അതിനാൽ ഇതിനു രണ്ടാമത്തെ സ്ഥാനം നൽകിയത് അത്ര ശരിയല്ല. കലാപരമായ ആവശ്യകതയ്ക്ക് അതീതമായി ലൈംഗികത്വം നോവലുകളിൽ കലർത്തുന്ന ഫിലിപ്പ് റോത്ത് ഇടത്തരം എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ‘Portnoy’s Complaint’ എന്ന നോവൽ ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രധാനകഥാപാത്രമായ Alexander Portnoy വായനക്കാർക്ക് അസ്വസ്ഥത ഉളവാക്കിക്കൊണ്ട് എപ്പോഴും സ്വയംഭോഗം നടത്തുന്നു. സാഹിത്യത്തിന്റെ ഭംഗിയില്ലാത്ത വിലക്ഷണമായ കൃതിയാണിത്. ഏറ്റവും വിചിത്രമായി എനിക്കു തോന്നിയത് James M Cain എഴുതിയ The Postman Always Rings Twice എന്ന നോവൽ മഹനീയങ്ങളായ നോവലുകളുടെ കൂട്ടത്തിൽ വന്നിരിക്കുന്നു എന്നതാണ്. ഇതു വെറുമൊരു ‘ത്രില്ലറാ’ണ്. കലയുടെ ‘ഏഴയലത്ത്’ വരാത്ത രചന!. ഇമ്മട്ടിൽ ഏറെപ്പറയാനുണ്ട് പട്ടികയിൽപ്പെട്ട പല നോവലുകളെക്കുറിച്ചും. മോഡേൺ ലൈബ്രറിയുടെ എഡിറ്റോറിയൽ ബോർഡംഗങ്ങൾക്ക് സാഹിത്യമെന്തെന്ന് അറിഞ്ഞുകൂടാ എന്നു പറയേണ്ടതായി വന്നിരിക്കുന്ന് എനിക്ക്. വായനക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം ലിസ്റ്റുകൾ സംസ്കാരലോപമുണ്ടാക്കും.

2. ഈ ആഴ്ചത്തെ sensationalism ജനങ്ങൾക്കു ക്ഷോഭമുളവാക്കുന്ന സംഭവത്തെ സ്ഥൂലീകരിച്ച് അവർക്ക് കൂടുതൽ ഉന്മത്തത നൽകുക എന്നത്- ശ്രീമതി അരുന്ധതീറോയിയുടെ ലേഖനമാണ്. അതു പ്രസംഗമാണെന്നു തോന്നുന്നു. കേന്ദ്രസർക്കാർ മരുഭൂമിയിൽ ബോംബ് പരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള ആ ലേഖനം പല ഇംഗ്ലീഷ് വാരികകളും അതർഹിക്കുന്ന പ്രാധാന്യത്തിലധികം പ്രാധാന്യം കൊടുത്തു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പരീക്ഷണം തെറ്റാണെന്നു യുക്തികൾ കാണിച്ചു വാദിക്കാം. അതു ശരിയാണെന്നു യുക്തിപ്രദർശനത്തോടെ സ്ഥാപിക്കാം. കേന്ദ്രസർക്കാരിന്റെ ആ പരീക്ഷണം ശരിയല്ലെന്നു പറയാൻ അരുന്ധതീറോയിക്ക് എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷേ ശ്രീമതി യുക്തിയെ കൂട്ടുപിടിക്കാതെ വൃഥാസ്ഥൂലതയിലൂടെ വികാരപ്രകടനം നടത്തുകയാണ്. അവരുടെ പ്രബന്ധം വായിച്ചാൽ സർക്കാർ ഇൻഡ്യയിലാകെ ഹൈഡ്രജൻ ബോംബ് വർഷിച്ചു എന്നാണ് തോന്നിപ്പോകുക. എല്ലാം ഭസ്മീകരിച്ചു, ഭസ്മീഭവിച്ചു താൻ മാത്രം അതിനെക്കുറിച്ചെഴുതാൻ ജീവിച്ചിരിക്കുന്നു എന്ന രീതിയിലാണ് ശ്രീമതി ആക്രോശിക്കുന്നത്. ‘I am female but have nothing against eunuchs’ എന്നത് അമ്മട്ടിലുള്ള അനേകം വാക്യങ്ങളിൽ ഒരു വാക്യം. ഇതിലെ യൂനക്സ്- നപുംസകങ്ങൾ- ആരൊക്കെയാണ്? ആരെല്ലാമായാലും ശ്രീമതിയുടെ ഈ പദപ്രയോഗം അവർക്ക് അപമാനമുണ്ടാക്കുന്നില്ല. സംസ്കാരസമ്പന്നമായ മനസ്സിൽനിന്നു വരാൻ പാടില്ലാത്ത ഈ പദം അതുപ്രയോഗിച്ചയാളിന് അപമാനം സംഭവിപ്പിക്കുന്നു. വായനക്കാരും അപമാനിക്കപ്പെടുന്നു. ഈ പ്രകടനാത്മകതയും വികാരചാപല്യവും വിവേചനമില്ലായ്മയുമാണ് പ്രബന്ധത്തിന്റെ ദോഷങ്ങൾ. സത്യസന്ധത ഈ ദോഷങ്ങളാൽ അന്തർദ്ധാനം ചെയ്യുന്നു. ബർട്രൻഡ് റസ്സൽ, ആൽഡസ് ഹക്സിലി ഇവരുടെ രചനകളിലെ ചിന്തകൾക്കുള്ള ഉജ്ജ്വലത നമ്മളെ സമാക്രമിച്ച് കീഴടക്കുന്നു. നമുക്ക് അതോടെ പ്രതിപാദ്യവിഷയങ്ങളിൽ വിശ്വാസമുണ്ടാകുന്നു. അരുന്ധതീറോയിയുടെ കനം കുറഞ്ഞ വിചാരബുദ്ബുദങ്ങൾ അവരുടെ വാവദൂകതയുടെ അടിയേറ്റ് പൊടുന്നനെ പൊട്ടിത്തകരുന്നു. ഫലമോ? വായനക്കാർക്ക് ഉണ്ടാകേണ്ട ദൃഢപ്രത്യയം (Conviction) ഇല്ലാതെയാവുന്നു. ‘The lady doth protest too much, methinks’ എന്നു ഷേക്സ്പിയറിന്റെ ഹാംലിറ്റ് നാടകത്തിൽ. The truthfulness of the argument is lost by the wordiness of Arundhati Roy എന്നു സാഹിത്യവാരഫലക്കാരൻ.

എന്താണു സത്യം?

“സർ ഒരു പെൺകുട്ടി കാണാൻ വന്നുനിൽക്കുന്നു. അങ്ങോട്ട് വരാൻ പറയട്ടോ?” ഞാൻ താമസിച്ചിരുന്ന ലൂസിയ ഹോട്ടലിലെ അക്കാലത്തെ റിസപ് ഷനിസ്റ്റ് ശ്രീ. സി. എ. സെബാസ്റ്റിൻ ടെലഫോണിലൂടെ ചോദിക്കുകയാണ്. വന്നയാളിനെ എനിക്കു മനസ്സിലായി, അതുകൊണ്ട് ‘ഞാൻ കുളിക്കുകയാണെന്നു പറഞ്ഞേക്കൂ, സെബാസ്റ്റിൻ’ എന്നു മറുപടി പറഞ്ഞു. പുരുഷന്മാർ മാത്രം താമസിക്കുന്ന ഹോട്ടലിൽ കൂടെക്കൂടെ എന്നെക്കാണാനെത്തുന്ന യുവതിയാണ് അവൾ. (പെൺകുട്ടിയല്ല). കള്ളം പറഞ്ഞസ്ഥിതിക്കു കുളിക്കാമെന്നുവിചാരിച്ചു കുളിതുടങ്ങി. ഒരുത്തിയെ വേദനിപ്പിച്ചല്ലോ എന്നു വിചാരിച്ചുകൊണ്ട് സോപ്പ് ശരീരത്തിൽ തേച്ചപ്പോൾ മൂന്നുതവണ അതു താഴെവീണു. നാലാമത്തെത്തവണ സോപ്പ് വീണത് കമോഡിലാണ്. സോപ്പ് തേക്കാതെ കുളിച്ചു. ആവശ്യത്തിലധികം സമയമെടുത്തു പ്രാതൽ കഴിച്ചു. ഡ്രസ്ചെയ്ത് ലിഫ്റ്റിനടുത്തേക്കു വന്നപ്പോൾ സുന്ദരി അവിടെ നിൽക്കുന്നു. ലിഫ്റ്റിൽ ഒരുമിച്ചുകയറി. താഴെവന്നു. സെബാസ്റ്റിനെ ഒന്നുനോക്കി പുഞ്ചിരിപൊഴിച്ചിട്ടു ഞാൻ റോഡിലേക്കു പോയി. ‘മേരി എനിക്കുവേണ്ടി ഒരു മണിക്കൂർ കാത്തുനിന്നല്ലോ. എന്തുകാര്യം?’ എന്നു ഞാൻ വിനയത്തോടെ ചോദിച്ചു. ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ ചുമലുകുലുക്കി. റോഡിലൂടെ നടക്കുന്ന ഞങ്ങളെ ചില യുവാക്കന്മാർ ഹോട്ടലിന്റെ അഞ്ചാമത്തെ നിലയിൽനിന്നു നോക്കിക്കൊണ്ട് ങ്ഹ്, ങ്ഹ് എന്നും മറ്റും ശബ്ദമുണ്ടാക്കി. ഞാൻ തളർന്നു. നിരപരാധരെ കുരിശിലേറ്റുന്ന കാലം. മിണ്ടാതെ ബസ്സിൽകയറി. മേരി അവളുടെ ഓഫീസിനടുത്തു ബസ്സിൽനിന്നിറങ്ങി. ഞാൻ മഹാരാജാസ് കോളേജിലേക്കും പോയി.

തികച്ചും ധൈഷണികമായ അന്തരീക്ഷമാണ് കോളേജിൽ. ഡോക്ടർ എം. ലീലാവതി, എം. കെ. സാനു, തോമസ് മാത്യു, എം. അച്യുതൻ ഇവരെല്ലാം ഔന്നത്യമാർന്ന മണ്ഡലങ്ങളിലേക്കു വിദ്യാർത്ഥികളെയും എന്നെയും നയിക്കും. അതിനു മാറ്റുകൂട്ടാനായി റ്റി. ആർ എന്നറിയപ്പെടുന്ന കഥാകാരനും സാഹിത്യത്തിൽ വിശേഷിച്ചും ഒ. വി. വിജയന്റെ സാഹിത്യത്തിൽ തല്പരനായ സി. എ. മോഹൻദാസും എത്തും.

ക്ലാസ്സുകൾ കഴിഞ്ഞു. പോകാൻ എഴുന്നേറ്റപ്പോൾ ‘സാർ ഇതൊന്നു തിരുത്തിത്തരുമോ’ എന്നു ചോദിച്ചുകൊണ്ട് എം. എ ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി എന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു. വിദ്യാർത്ഥികൾ എന്താവശ്യപ്പെട്ടാലും ‘നോ’ എന്നു പറയാറില്ല ഞാൻ. കഥ മേടിച്ചുകൊണ്ട് ഞാൻ കസേരയിൽ വീണ്ടുമിരുന്നു വായന തുടങ്ങി. ഓരോ വാക്യം വായിച്ചു തീരുമ്പോഴും എനിക്ക് അദ്ഭുതമെന്ന വികാരം. ചെക്കോവ് എഴുതുമ്പോലെ മോപസാങ് എഴുതുമ്പോലെ മനോഹരമായ കഥ. ‘ഒന്നാന്തരമായിരിക്കുന്നു’ എന്ന് ആ കുട്ടിയോടു പറഞ്ഞു. ‘സാർ ഇത് ഏതെങ്കിലും വാരികയിൽ പ്രസിദ്ധപ്പെടുത്തിത്തരുമോ?’ എന്ന് അവളുടെ ചോദ്യം. ‘ആകട്ടെ’ എന്നു പറഞ്ഞു ഞാൻ കഥയും കൊണ്ട് ലൂസിയ ഹോട്ടലിലെത്തി കഥയുടെ കൈയെഴുത്തുപ്രതി നോക്കുമ്പോഴൊക്കെ എനിക്ക് അസ്വസ്ഥത. ഇത്രയും ഭാവനയുള്ള ഒരു പെൺകുട്ടിയുടെ ഗുരുവായിരിക്കാൻ എനിക്കെന്ത് യോഗ്യത! എന്നെക്കാൾ എത്ര ഉയരത്തിൽ നിൽക്കുന്നു ശിഷ്യ. ഞാനെത്രമാത്രം താഴ്ന്ന സ്ഥലത്താണ് നിൽക്കുന്നത്. അസ്വസ്ഥതയോടും അസൂയയോടും കൂടി ഉറങ്ങാൻ കിടന്ന എനിക്കന്ന് ഉറങ്ങാൻ സാധിച്ചില്ല.

വിശാലകേരളം മാസികയിൽ ‘സുമംഗലയുടെ മാംഗല്യം’ എന്ന പറട്ടക്കഥയെഴുതിയ ശ്രീമതി ചന്ദ്രമതി ബാലകൃഷ്ണൻ പ്രഫെസറാണ്. അവർക്ക് എനിക്കുണ്ടായ അനുഭവമുണ്ടായിരിക്കണമെന്നാണ് എന്റെ വിചാരം. വിദ്യാർത്ഥികൾ മനോഹരങ്ങളായ കഥകളെഴുതി ഗുരുനാഥയെ കാണിച്ചിരിക്കും. അവ വായിച്ച് അസൂയയോട്, അസ്വസ്ഥതയോട് ‘എനിക്കും കഥയെഴുതാൻ കഴിയു’ മെന്നു തന്നോടുതന്നെ പറഞ്ഞ് ഒന്നെഴുതിനോക്കി. ആ സാഹസിക്യമാണ് ‘വിശാലകേരള’ത്തിന്റെ വെണ്മയാർന്ന താളുകളെ മലിനമാക്കിക്കൊണ്ട് കിടക്കുന്നത്. എന്തൊരു കഥ! വിഷയ്ത്തിന് വലിയ പഴക്കമില്ല. രണ്ടായിരം കൊല്ലത്തെ പ്രാക്കാലീനത മാത്രമേ വരൂ. കഥ പറയുന്ന രീതിക്ക് ആയിരത്തഞ്ഞൂറുവർഷത്തെ വൃദ്ധത്വവും. ഒരു പാവം പെണ്ണിനെ ഒരുത്തൻ വിവാഹം കഴിച്ചുകൊണ്ടു പോകുന്നു. മറ്റുള്ളവർക്കു കൂട്ടിക്കൊടുക്കാനാണ് അവൻ അവളെ കല്യാണം കഴിച്ചത്. ആരോരുമില്ലാത്ത പെണ്ണ് ആത്മഹത്യ ചെയ്യുന്നു. ഇവിടെ കഥയുടെ പര്യവസാനമായി. ഇതു കഥയല്ല. കലയല്ല എന്നു ഞാൻ വിശദമാക്കേണ്ടതില്ല. വിമർശനത്തിന്റെ തത്ത്വങ്ങൾ എടുത്തു കാണിക്കണമെങ്കിൽ കഥയ്ക്ക് അതിനുള്ള യോഗ്യത വേണമല്ലോ. ബുദ്ധിശൂന്യത ഏറെ താണ്ഡവനൃത്തം നടത്തുമ്പോൾ ദൂരെനിന്ന് സത്യം വരും പ്രകാശം പ്രസരിപ്പിച്ചുകൊണ്ട്. വിദ്യാർത്ഥിനിയുടെ കഥ വായിച്ചപ്പോൾ ആ സത്യദർശനം എനിക്കുണ്ടായി. ചന്ദ്രമതി ബാലകൃഷ്ണൻ കഥയെഴുതിയപ്പോഴും സത്യം പ്രകാശിച്ചു. സത്യത്തിന്റെ സ്വഭാവമെന്ത്? എം. കൃഷ്ണൻ നായർക്കും ചന്ദ്രമതി ബാലകൃഷ്ണനും കഥയെഴുതാൻ അറിഞ്ഞുകൂടാ എന്നതുതന്നെ. കൃഷ്ണൻ നായർ അതുമനസ്സിലാക്കി മിണ്ടാതിരുന്നു. ചന്ദ്രമതി ബാലകൃഷ്ണൻ മിണ്ടാതിരുന്നില്ല.

* * *

​​ കൈപ്പുണ്യമുള്ള അധ്യാപകനെന്ന് എന്നെ പ്രശംസിച്ച എം. പി നാരായണപിള്ള അദ്ദേഹത്തിന്റെ കഥാസമാഹാരഗ്രന്ഥം ദയാപൂർവം, സ്നേഹപൂർവം എനിക്ക് അയച്ചുതന്നു. അതു കിട്ടിയയുടനെ ഞാൻ ‘റെവ്യുവിന് അയച്ചുതന്ന പുസ്തകം കിട്ടി’ എന്ന് നാരായണപിള്ളയ്ക്കു എഴുതി അയച്ചുവെന്ന് ശ്രീ. എം. ജി. രാധാകൃഷ്ണൻ ബോബെയിലെ കലാകൗമുദി ദിനപത്രത്തിൽ എഴുതിയിരിക്കുന്നു. അത് ‘എം. കൃഷ്ണൻ നായരു’ടെ ആത്മവഞ്ചനയാണെന്ന് ആ തലക്കെട്ടിലൂടെ ലേഖകൻ ഉദ്ഘോഷിക്കുന്നു. ഞാൻ അമ്മട്ടിൽ പെരുമാറുന്ന അധമനല്ലെന്ന് രാധാകൃഷ്ണനെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനം അപകീർത്തികരമാണെന്നും സൗജന്യമാധുര്യത്താൽ ഞാൻ കോടതിയിൽ പോകുന്നില്ലെന്നും കൂടി രാധാകൃഷ്ണനോടു പറയട്ടെ. എന്നെക്കുറിച്ച് വൾഗറായി പലതും എഴുതിയിട്ടുണ്ട് അദ്ദേഹം. പത്രാധിപർ സ്ഥലമനുവദിക്കുന്നതുകൊണ്ട് ആരെക്കുറിച്ചും എന്തും എഴുതാമെന്നു രാധാകൃഷ്ണൻ വിചാരിക്കരുത്.

ബിർബെറേവ

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ റഷ്യവിട്ട് പാരീസിലേക്കും അവിടെനിന്നു അമേരിക്കൻ ഐക്യനാടുകളിലേക്കും പോയ നയീന ബിർബെറേവ (Nina Berberova 1901-1993) സിദ്ധികളുള്ള നോവലിസ്റ്റും ചെറുകഥാകാരിയുമാണ്. അവരുടെ ‘The Italics are Mine’ എന്ന ആത്മകഥ ഞാൻ വായിച്ചിട്ടുണ്ട്. രസകരമായ ആ പുസ്തകത്തിൽനിന്ന്:

പസ്ത്യർനാക്ക് കാവ്യങ്ങൾ ചൊല്ലിയ ഒരു സമ്മേളനത്തിൽ പങ്കുകൊണ്ടിട്ട് ഞങ്ങൾ തിരിച്ചു പോരികയായിരുന്നു. കൃത്രിമമായ പാരായണം കൊണ്ട് അദ്ദേഹം കാവ്യങ്ങളെ കൂടുതൽ ദുർഗ്രഹമാക്കി.

തന്റെ കവിതയുടെ സാരാംശത്തിലേക്കു ആളുകൾ കടന്നുചെല്ലണമെന്ന് പസ്ത്യർനാക്കിന് ആഗ്രഹമുണ്ടായിരുന്നോ? കാവ്യം ശകലം ശകലമായി വ്യാഖ്യാനിക്കേണ്ടതില്ല എന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. കവിതയിൽ നിശ്ചിതഭാഗവും (stanza) വരിയും ബിംബവും വാക്കും അബോധാത്മകമായി പ്രവർത്തിക്കും. ഇതു പൂർണ്ണമായ അർത്ഥത്തിൽ ജ്ഞാനദായകമായ കവിതയല്ല; വൈകാരികമായ കവിതയാണ്. ശബ്ദത്തിലൂടെ കാഴ്ചയിലൂടെ നമ്മളിൽ എന്തോ ചിറകടിക്കും. അതിന്റെ താഴ്ചയിലേക്കു പോകേണ്ട കാര്യമില്ല. ഒരു മുറി- അത് ഒരു ഓറഞ്ചുള്ള പെട്ടി, അല്ലെങ്കിൽ വസന്തകാലം- ആയിരം ആശുപത്രികളിൽനിന്നു ഉദ്ഗമിക്കുന്ന മണം പോലെ… ഇതുപോരേ? അതേ. ഇതു കൂടുതലുണ്ട്. (പസ്ത്യനാക്കിന്റെ കവിതയിൽ) വളരെക്കൂടുതലുണ്ട്. ഇവിടെ ജീനിയസുണ്ട്. നമ്മൾക്കു അതുകൊണ്ട് (കവിയോട്) നന്ദിയുണ്ട്.

അറിയാത്തത് എഴുതുമ്പോൾ

വ്യാകരണത്തിന്റെ ‘തലതട്ടുന്ന പ്രയോഗങ്ങൾ ‘ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന പുസ്തകത്തിൽ ഏറെയുണ്ട്. ഡോക്ടർ. ഡി. ബഞ്ചമിനാണ് ഈ വ്യാകരണവധകാരികളിൽ അദ്വിതീയൻ.

1. ‘അപസാമാന്യവത്കൃതമാകുന്ന’ എന്നു ബഞ്ചമിന്റെ പ്രയോഗം (പുറം 262) സാമാന്യശബ്ദം വിശേഷണമായതുകൊണ്ട് ‘വത്’ അതിനോടുചേരുകയില്ല. സാമാന്യകരണമാണ് ശരി.

2.‘ഭോഗാലലസതയ്ക്ക്’ (പുറം 266) ഭോഗലാലസത എന്നു ബഞ്ചമിൻ എഴുതിയത് അച്ചടിയിൽ ഇങ്ങനെ ആയതാവാം. എങ്കിലും ‘ലാലസത’ എന്ന പ്രയോഗം തെറ്റാണ്. ‘ലാലസാ’ ശരി. ‘തസ്മിൻ മുഹൂർത്തേ പുരസുന്ദരീണാമീശാന സന്ദർശന ലാലസാനാം’ എന്ന് ‘കുമാരസംഭവ’ത്തിൽ (7-56) ഈശാന സന്ദർശന ലാലസാനാം.

3. ‘അദ്ദേഹത്തിന്റെ സർഗാത്മകത സ്വാച്ഛന്ദ്യമനുഭവിക്കുന്നത്’ (പുറം 268) സ്വച്ഛന്ദപദത്തിന്റെ അർത്ഥം ‘സ്വൈരീ’ എന്നാണ്. തന്നിഷ്ടം പോലെ നടക്കുന്നവൻ, താന്തോന്നി. സ്വസ്യ ഛന്ദ: ഇതാണു സ്വച്ഛന്ദം. ഛന്ദശബ്ദത്തിന്റെ അർത്ഥം അഭിലാഷം. ഇഷ്ടം എന്നൊക്കെ. ജഗന്നാഥ പണ്ഡിതരുടെ ഭാമിനീവിലാസത്തിൽ ‘സ്വച്ഛ്ന്ദം ഗലദരവിന്ദ തേ മരന്ദം’ എന്നു തുടങ്ങുന്ന ശ്ലോകം നോക്കുക.

മൗലികങ്ങളായ വ്യാകരണ നിയമങ്ങൾ അറിഞ്ഞുകൂടാത്ത അധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളുടെ സ്ഥിതി എന്താവും? അല്ലെങ്കിൽ ദു:ഖിക്കാനെന്തിരിക്കുന്നു? ജീർണ്ണതയാണല്ലോ എങ്ങും.