close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 01 19


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 01 19
ലക്കം 540
മുൻലക്കം 1986 01 12
പിൻലക്കം 1986 01 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇത്ര വളരെ വായിക്കുന്നതെങ്ങനെ? ഇത്ര വളരെ എഴുതുന്നതെങ്ങനെ? ഇത്ര മാത്രം ഓര്‍മ്മിച്ചു വയ്ക്കുന്നതെങ്ങനെ? അഭിനന്ദിക്കുന്നുവെന്ന മട്ടില്‍ നിന്ദ ഒളിച്ചുവച്ചു് പലരും എന്നോടു് ഈ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടു്. മറുപടിയായി ഒന്നു ചിരിച്ചിട്ടു് ഞാനങ്ങു പോകുകയാണു പതിവു്. തിരുവനന്തപുരത്തു പറയാറുള്ളതു പോലെ ഇതത്ര “ശീമക്കാര്യ”മൊന്നുമല്ല. ഏകാഗ്രത കൊണ്ടും പ്രയോഗം കൊണ്ടും ഇതാര്‍ക്കും കഴിയുമെന്നു റോമന്‍ രാജ്യതന്ത്രജ്ഞനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന സിസറോ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബഹുജനനേതാക്കന്മാര്‍ക്കു് മാത്രമല്ല ജോലിയില്‍ നിന്നു വിരമിച്ചു് വിശ്രമജീവിതം നയിക്കുന്നവര്‍ക്കും ഇതു സാധിക്കുമെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. വളരെ വയസ്സാനായിട്ടും സോഫക്ലീസ് ദുരന്തനാടകങ്ങള്‍ രചിച്ചിരുന്നു. സാഹിത്യത്തിലുള്ള ഈ താല്പര്യത്താല്‍ അദ്ദേഹം കുടുംബകാര്യങ്ങളില്‍ മനസ്സു വയ്ക്കുന്നില്ലെന്നു് പുത്രന്മാര്‍ കരുതി. അച്ഛന്‍ ക്ഷീണബലനായി ഭവിച്ചിരിക്കുന്നുവെന്നു പരാതിപ്പെട്ടുകൊണ്ടു മക്കള്‍ കേസ് കൊടുത്തു വസ്തുക്കള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്നു വേര്‍പെടുത്തി കിട്ടണമെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന. സോഫക്ലീസ് അപ്പോള്‍ എഴുതിക്കൊണ്ടിരുന്ന “ഇഡപസ് അറ്റ് കലോനസ്” (Oedipus at Colonus) എന്ന നാടകം പ്രാഡ്വിവാകന്മാരെ വായിച്ചു കേള്‍പ്പിച്ചു. അതുകേട്ടു് സോഫക്സീസ് ദുര്‍ബ്ബലമനസ്കനല്ലെന്നു് അവര്‍ വിധിച്ചു. (Cicero, On Old Age എന്ന പ്രബന്ധം. ഡാനിഷ് തത്ത്വചിന്തകന്‍ കീര്‍ക്കഗോറിന്റെ Repetition എന്ന ഗ്രന്ഥത്തിലും ഇതു് എടുത്തെഴുതിയിട്ടുണ്ടു്.) അതിമാനുഷശക്തികള്‍ ഉള്ള ആളായിരുന്നല്ലോ സോഫക്ലിസ്; സാധാരണ മനുഷ്യര്‍ക്കു് ഇതു് എങ്ങനെ ചേരുമെന്നു സംശയം തോന്നാം. ശൂരനാട്ടു കുഞ്ഞന്‍ പിള്ളയ്ക്കു മാനുഷാതിഗ ശക്തിയൊന്നുമില്ലല്ലോ. എന്നാല്‍ പ്രായം കൂടിയ അദ്ദേഹത്തോടൊന്നു സംസാരിച്ചു നോക്കൂ. യുക്തിക്കു് ഒരു ഭംഗവും കൂടാതെ വിദ്വജ്ജനോചിതമായി അദ്ദേഹം ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ ആവിഷ്കരിക്കും. എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും അദ്ദേഹം ഇപ്പോഴും യുവാവു തന്നെ. വാര്‍ദ്ധക്യത്തില്‍ ശരീരം ക്ഷീണിക്കും. ഏതൊരു വിഷയത്തില്‍ വ്യാപരിച്ചിരുന്നുവോ ആ വിഷയത്തെസ്സംബന്ധിച്ചു് ഒരു ന്യൂനതയുമുണ്ടാവില്ല ആ കാലയളവിലും. കൊല്ലങ്കോട്ടു ഗോപാലന്‍ നായര്‍ മഹാപണ്ഡിതനായിരുന്നു. ജരാപരിണതാവസ്ഥയിലും അദ്ദേഹത്തിന്റെ ബുദ്ധി തെളിഞ്ഞു വിലസിയിരുന്നു. മറ്റൊരു മഹാപണ്ഡിതനായ എം.എച്ച്. ശാസ്ത്രീയെ നോക്കൂ. വൃദ്ധത അദ്ദേഹത്തിന്റെ കഴിവുകളെ വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ. ചെറുപ്പകാലത്തു് ധിഷണാപരങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വാര്‍ദ്ധക്യത്തിലും അവ തുടര്‍ന്നു കൊണ്ടു പോവുകയും ചെയ്താല്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കു ന്യൂതന സംഭവിക്കില്ലെന്നു് എറിക്‍ ഫ്രം എഴുതിയതും ഞാന്‍ വായിച്ചിട്ടുണ്ടു്.

വസ്തുസ്ഥിതികഥനം

മുകളില്‍ കീര്‍ക്കഗോറിന്റെ Repetition എന്ന കൃതിയെക്കുറിച്ചു പറഞ്ഞു. നിത്യജീവിതത്തിലെ ആവര്‍ത്തനത്തെപ്പറ്റിയല്ല. ആ തത്ത്വചിന്തകന്‍ പ്രതിപാദിക്കുന്നതു്. അദ്ദേഹത്തിന്റെ ചിന്തകള്‍ ദാര്‍ശനികതലത്തിൽ ഉള്ളവയാണു്. കാല്പനികവാദികളുടെ മതം, നഷ്ടപ്പെട്ടു പോയ നിഷ്കളങ്കതയെ വീണ്ടെടുക്കാന്‍ കഴിയുകയില്ല എന്നതാണു്.

There was a time when meadow, grove and stream
The earth, and every common sight
To me did seem
Apparelled in Celestial light,
The glory and the freshness of a dream
It is not now as it hath been of yore;
Turn wheresoe’er I may
By night or day,
The things which I have seen
I now can see no more

എന്നു വഡ്സ്വര്‍ത്ത് പറയുന്നു. ഈ കവിയെ അനുകരിച്ചു് “ജീവിതം സ്വയം വേഷം മാറുന്ന മാറ്റത്തോടെ ഭൂവിനും വരും ഭാവഭേദമാണസഹ്യം മേ. ശൈശവത്തിങ്കല്‍ കണ്ട ഞാനല്ല ഞാനിക്കാലം ശൈശവക്കണ്ണാല്‍ കണ്ട പാരല്ലപാരും നൂനം” എന്നു ശങ്കരക്കുറുപ്പു് പാടുന്നു. രണ്ടുപേരും നഷ്ടപ്പെട്ട നിഷ്കളങ്കതയെക്കുറിച്ചാണു് എവുതുന്നതു്. പൂര്‍വ്വകാലാനുഭവത്തെയും നിഷ്കളങ്കതയെയും പ്രത്യാനയിക്കാനുള്ള ഈ ശ്രമത്തെയാണു് കീര്‍ക്കഗോര്‍ Repetition എന്നു വിളിക്കുന്നതു്. “ആവര്‍ത്തനത്തിനു ശ്രമിക്കുന്നവനാണു് മനുഷ്യന്‍. ആ ലക്ഷ്യം എത്രത്തോളം അവനു വ്യക്തമാകുന്നുവോ അത്രകണ്ടു് അവന്‍ കൂടുതല്‍ മനുഷ്യനായി ഭവിക്കുന്നു” എന്നു് അദ്ദേഹം പറയുന്നു.

കീര്‍ക്കഗോര്‍ സാഹിത്യത്തിലെ പ്രതിപാദ്യവിഷയത്തിന്റെ ആവര്‍ത്തനത്തെയും അംഗീകരിക്കുമായിരുന്നോ? സംശയമാണു്. ഇത്ര വളരെ ഗ്രന്ഥങ്ങളെഴുതിയിട്ടും അദ്ദേഹം ഒരിടത്തും ഒരു വാക്യമോ ഒരാശയമോ ആവര്‍ത്തിച്ചിട്ടില്ല. നമ്മുടെ വാരികകളില്‍ വരുന്ന ചെറുകഥകളുടെ വിഷയങ്ങള്‍ നോക്കൂ. എന്താവര്‍ത്തനമാണു് കാമം, വിശപ്പു് ഇങ്ങനെ രണ്ടു് പ്രാഥമിക വികാരങ്ങളേയുള്ളൂവെന്നും അവയെ അവലംബിച്ചു മാത്രമേ സാഹിത്യരചനയ്ക്കു് മാര്‍ഗ്ഗമുള്ളൂവെന്നും അതിനാല്‍ പല സാഹിത്യസൃഷ്ടികളും ഒരേ മട്ടിലിരിക്കുമെന്നും ഇതിനു ചിലര്‍ സമാധാനം നല്കിയേക്കും. ഇതു ശരി തന്നെ. എങ്കിലും പ്രതിപാദ്യവിഷയത്തിനു് നല്കുന്ന ‘വേരിയേഷന്‍സാ’ണു്- തുടരെയുള്ള മാറ്റമാണു് — സാഹിത്യസൃഷ്ടികള്‍ക്കു് അന്യാദൃശസ്വഭാവം നല്കുന്നതു്. ഫ്ളോബറിന്റെ ‘മദാം ബൊവറി’യും ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിനയും’ ഫോണ്‍ടേന്റെ ‘എഫീ ബ്രൈസ്റ്റും’ ലേയോപോള്‍ഡോ ആലാസിന്റെ ‘ലാ റേഹന്റ’യും ഒരേ വിഷയം — വ്യഭിചാരം — പ്രതിപാദിക്കുന്നു. പക്ഷേ, ഓരോന്നിനും അന്യാദൃശസ്വഭാവമുണ്ടു്. കലാകൗമുദിയില്‍ കിളിരൂര്‍ രാധാകൃഷ്ണനെഴുതിയ ‘റീന’ എന്ന കഥയില്‍ സമ്പത്തിന്റെ ഔന്നത്യവും ദാരിദ്ര്യത്തിന്റെ അധമത്വവും തമ്മിലുള്ള സംഘട്ടനമാണു് രണ്ടു കുട്ടികളിലൂടെ സ്ഫുടീകരിച്ചിട്ടുള്ളതു്. നല്ല ആഖ്യാനം, ആകര്‍ഷകത്വമുള്ള ശൈലി, വിഷയത്തിനു യോജിച്ച സംഭവങ്ങളുടെ നിവേശനം — ഇവയെല്ലാമുണ്ടായിട്ടും വായിച്ചു കഴിയുമ്പോള്‍ “ഹായ്, ലോകത്തു് ഇത്രനാള്‍ ഇതുണ്ടായിരുന്നിട്ടും എനിക്കിതു കാണാന്‍ കഴിഞ്ഞില്ലല്ലോ. ഈ കഥാകാരനാണല്ലോ എനിക്കിതു കാണിച്ചുതന്നതു്” എന്നു നമ്മള്‍ പറയുമോ? തീര്‍ച്ചയായും പറയുകയില്ല. പുതിയ ഉള്‍ക്കാഴ്ചയില്ലാത്ത വസ്തുസ്ഥിതികഥനം സാഹിത്യമാവുകയില്ല.

* * *

എഴുതിയെഴുതി ഉറക്കം വരുന്നു എനിക്കു്. ചാരുകസേരയില്‍ കിടന്നു മുകളിലേക്കു നോക്കുമ്പോള്‍ ഒരെട്ടുകാലി വെള്ളച്ചുവരിലൂടെ മുകളിലോട്ടു കയറുന്നു. അതിന്റെ ഭീതിദമായ വലിയ നിഴല്‍. എട്ടുകാലിയെക്കാള്‍ എന്നെ പേടിപ്പിക്കുന്നതു് അതിന്റെ ഈ നിഴലാണു്. യഥാര്‍ത്ഥ സാഹിത്യം വീഴ്ത്തുന്ന നിഴലാണു് — ഭയപ്രദമായ നിഴലാണു് — പൈങ്കിളി സാഹിത്യം.

കഥകള്‍, കവിതകള്‍ ഇവ രാജവീഥികളിലും ബസ്സുകളിലും തീവണ്ടികളിലും വച്ചു് യുവാക്കന്മാര്‍ കാണുന്ന സുന്ദരികളായ തരുണികളെപ്പോലെയാണു്. ചെറുപ്പക്കാര്‍ക്കു് ആ പെണ്ണുങ്ങളോടു സംസാരിക്കാന്‍ കൊതി, അവരെ തൊടാന്‍ കൊതി. ഒരു യുവാവിനു് ഒരു ചെറുപ്പക്കാരിയെ നിശീഥിനിയുടെ നിശ്ശബ്ദതയില്‍ കിട്ടിയാല്‍ എന്തു തന്നെ സംഭവിക്കില്ല. കിട്ടിയെന്നിരിക്കട്ടെ. അവള്‍ ഇങ്ങനെ പറയുന്നുവെന്നും കരുതു: “സ്ട്രീറ്റ് വിളക്കുകളൊക്കെ കെട്ടു. നല്ല ഇരുട്ടു്. മഴയും പെയ്യുന്നു. എന്റെ വീട്ടിലേക്കു് ഇനിയും ഒരു നാഴികയുണ്ടു്. എന്റെ കൂടെ വീടുവരെ വരുമോ. എനിക്കു പേടിയാകുന്നു.” യുവാവു് ‘വരാ’മെന്നു പറഞ്ഞു തന്റെ കൈയിലിരിക്കുന്ന കുട നിവര്‍ത്തി അവള്‍ക്കു കൊടുക്കും. മഴ നനഞ്ഞുകൊണ്ടു് അവളില്‍ നിന്നു അല്പമകന്നു മാറി നടക്കും. വീട്ടില്‍ കൊണ്ടാക്കിയിട്ടു് കുട തിരിച്ചു വാങ്ങുന്ന വേളയില്‍ വിരല്‍ പോലും സ്പര്‍ശിക്കരുതെന്നു കരുതി അതുപോലെ പ്രവര്‍ത്തിച്ചു തിരിച്ചു പോരും. അവളെ സഹായിക്കാന്‍ കൂടെനടക്കുമ്പോള്‍ സംസാരിക്കാനോ തൊടാനോ കൊതിയില്ല. പിന്നീടു് അവളെ എത്ര തവണ കണ്ടാലും ചീത്ത വികാരങ്ങള്‍ അയാള്‍ക്കില്ല. ഒരു രാത്രി അവള്‍ തന്റെ സംരക്ഷണത്തിലായി എന്നതാണു് വികാരരാഹിത്യത്തിനു ഹേതു. അനുജത്തിയോടെന്ന വിധത്തില്‍ അയാള്‍ പിന്നീടു് പെരുമാറിക്കൊള്ളും.

കഥകളും കാവ്യങ്ങളും ഈ യുവതികളെപ്പോലെയാണെന്നു ഞാന്‍ പറഞ്ഞു. അവയുടെ രചയിതാക്കള്‍ ‘എന്റെ കഥയെക്കുറിച്ചു എഴുതു. എന്റെ കാവ്യത്തെക്കുറിച്ചു എഴുതു’ എന്നു് അഭ്യര്‍ത്ഥിക്കുമ്പോള്‍ ആ കഥയും കാവ്യവും എന്റെ സംരക്ഷണത്തില്‍ വരുന്നു. രചനകളെക്കുറിച്ചുള്ള എന്റെ വികാരങ്ങള്‍ കെട്ടടങ്ങുന്നു. കെട്ടടങ്ങിയ വികാരത്തോടുകൂടി എഴുതുമ്പോള്‍ ഞാന്‍ അവയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ സംരക്ഷണം നിരൂപണത്തെ സംബന്ധിച്ചിടത്തോളം അസത്യ പ്രസ്താവത്തിനു് കാരണമാകുന്നു. അതുകൊണ്ടു് ആരും സ്വന്തം രചനയെക്കുറിച്ചു് എഴുതാന്‍ എന്നോടു് പ്രത്യക്ഷമായും പരോക്ഷമായും അപേക്ഷിക്കരുതെന്നു് ഞാന്‍ അപേക്ഷിക്കുന്നു. ഇതുവരെയുള്ള എല്ലാ അപേക്ഷകളും ഞാന്‍ നിരാകരിച്ചിട്ടേയുള്ളു എന്നു കൂടി പ്രിയപ്പെട്ട വായനക്കാരെ അറിയിച്ചു കൊള്ളട്ടെ.

വ്യര്‍ത്ഥം

ഒരു സ്ത്രീക്കു് ഒരു കാമുകനുണ്ടായിരുന്നു. അവളുടെ ഭര്‍ത്താവു വരുന്നുവെന്നറിഞ്ഞു് അയാള്‍ ജന്നല്‍ വഴി പുറത്തേക്കു ചാടി. ഭര്‍ത്താവു് അകത്തെത്തിയപ്പോള്‍ ഒരു ചെരിപ്പു് അവിടെ കിടക്കുന്നതു കണ്ടു. അയാള്‍ അതെടുത്തു് കിടക്കയുടെ അടിയില്‍ വച്ചിട്ടു പറഞ്ഞു: “നാളെ ഞാന്‍ കണ്ടുപിടിക്കും ഇതാരുടെ ചെരിപ്പെന്നു്. എന്നിട്ടു് നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കാം. അയാള്‍ കിടന്നുറങ്ങി. രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന ഭാര്യ, ഭര്‍ത്താവു് ഗാഢനിദ്രയിലാണ്ടു എന്നു മനസ്സിലാക്കിയ ഉടനെ ഭര്‍ത്താവിന്റെ ഒരു ചെരിപ്പെടുത്തു് കിടക്കയ്ക്കു താഴെ വച്ചിട്ടു് കാമുകന്റെ ചെരിപ്പു് ഒളിച്ചു വച്ചു. നേരം വെളുത്തു. ചെരിപ്പെടുത്തു പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിനു മനസ്സിലായി അതു തന്റെ ചെരിപ്പു തന്നെന്നു്. പശ്ചാത്താപത്തോടെ അയാള്‍ ഭാര്യയോടു പറഞ്ഞു: “ഞാന്‍ നിന്നെ തെറ്റിദ്ധരിച്ചതു ശരിയായില്ല. ജന്നലില്‍ക്കൂടി വെളിയില്‍ ചാടിപ്പോയ ആള്‍ ഞാന്‍ തന്നെയായിരിക്കണം.”

അസ്വാഭാവികവും പ്രാകൃതവും ആയ ഈ നേരമ്പോക്കു് ഒരളവില്‍ നമ്മളെ രസിപ്പിക്കുന്നുണ്ടു്. ഈ രസം പോലും പ്രദാനം ചെയ്യാന്‍ നമ്മുടെ പല ഹാസ്യ സാഹിത്യകാരന്മാര്‍ക്കും കഴിയുന്നില്ല. ഭാര്യയുടെ കാഞ്ചീപുരം സാരി നാത്തൂന്റെ കൈയില്‍ നിന്നു തിരിച്ചു വാങ്ങാന്‍ പോകുന്ന ഭര്‍ത്താവു്. അയാള്‍ രണ്ടു കുട കളഞ്ഞിട്ടുള്ളവനാണു്. അതു കൊണ്ടു് കുട കളയരുതേയെന്നു് അവള്‍ അപേക്ഷിക്കുന്നു. നാത്തൂന്റെ വീട്ടില്‍ ചെന്നു സാരി വാങ്ങിക്കൊണ്ടു് അയാള്‍ വീട്ടിലെത്തിയപ്പോള്‍ കുട കൈയിലുണ്ടു്. സാരി കൈയിലില്ല. ജെ. ഫിലിപ്പോസ് തിരുവല്ല ‘മനോരാജ്യം’ വാരികയിലെഴുതിയ ഈ ‘ഹാസ്യ’ കഥ വായിക്കുമ്പോള്‍ ഞാന്‍ അമ്പരന്നു് ഇതില്‍ ഹാസ്യം എവിടെയിരിക്കുന്നു എന്നു് ചോദിച്ചു പോകുന്നു, ഓര്‍മ്മകുറവു തുടങ്ങിയ ദൗര്‍ബ്ബല്യങ്ങളെ നോക്കി ഹാസ്യ സാഹിത്യകാരന്‍ ചിരിക്കും. ചിരിക്കേണ്ടതുമാണു് അപ്പോള്‍ നിന്ദപാടില്ല താനും. ഈ ഗുണങ്ങളെല്ലാം ഫിലിപ്പോസിനുണ്ട്. പക്ഷേ, വായനക്കാരന്‍ ചിരിക്കുന്നില്ല എന്നൊരു ദോഷവും.

* * *

നേരമ്പോക്കിനു വേണ്ടി എഴുതുകയല്ല! യഥാര്‍ത്ഥ സംഭവമാണു്. കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്കൂളില്‍ ഞാന്‍ പറിക്കുന്ന കാലം. കണക്കിനു മോശമായിരുന്നു ഞാന്‍. അതുകൊണ്ടു് എന്റെ ക്ലാസ്സിലെ ഏറ്റവും പ്രഗല്ഭനായ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഞാന്‍ കണക്കു പഠിക്കാന്‍ പോകുമായിരുന്നു. ഒരു ദിവസം സന്ധ്യാവേളയില്‍ ഞാന്‍ കൂട്ടുകാരന്റെ വീട്ടിലെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. അയാള്‍ എന്തോ വാങ്ങാന്‍ കടയില്‍ പോയിരിക്കുകയാണു്. സുഹൃത്തിന്റെ അമ്മ ഒരു പരിപ്പുവട കൈയിലെടുത്തുകൊണ്ടു് എന്റെ അടുക്കലെത്തി പതുക്കെപ്പറഞ്ഞു: “മോനേ വട വേഗം തിന്നോ. ഇല്ലെങ്കില്‍ ആ കൃഷ്ണന്‍ നായര്‍ ഇപ്പോള്‍ പഠിക്കാന്‍ കയറിവരും.”

ഗ്രഷമിന്റെ സിദ്ധാന്തം

ഇംഗ്ലണ്ടിലെ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു സര്‍ തോമസ് ഗ്രഷം. ഇലിസബത്ത് രാജ്ഞിയുടെ ഉപദേശകനായിരുന്ന അദ്ദേഹം ‘bad money drives out good’ — ‘ചീത്തപ്പണം നല്ല പണത്തെ പലായനം ചെയ്യിക്കുന്നു’ — എന്ന സിദ്ധാന്തം പ്രചരിപ്പിച്ചു. വില കൂടിയ ലോഹത്താല്‍ നിര്‍മ്മിതമായ നാണയങ്ങള്‍ വില കുറഞ്ഞ ലോഹത്താല്‍ നിര്‍മ്മിതമായ നാണയങ്ങളോടൊപ്പം പ്രചരിക്കുമ്പോള്‍ ആ നല്ല നാണയങ്ങള്‍ അപ്രത്യക്ഷങ്ങളാകുന്നു എന്നതാണു ഗ്രഷം നിയമം. ഭാരതത്തിലെ രാഷ്ട്രവ്യവഹാരത്തില്‍ ഇന്നു പ്രവര്‍ത്തിക്കുന്നതു്. ഈ നിയമം തന്നെയാണെന്നു ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെടുന്നു (കുങ്കുമം, “അധികാരം ദുഷിപ്പിക്കുന്നു”). ‘അധികാരത്തിനും അതില്‍ നിന്നു കിട്ടുന്ന സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പരക്കം പായുന്ന’ വ്യക്തികള്‍ അടങ്ങിയതാണു് സമകാലിക സമുദായം. ആ വിധത്തിലുള്ള സമുദായത്തില്‍ ത്യാഗികള്‍ക്കു് ഒരു സ്ഥാനവുമില്ലെന്നു് അദ്ദേഹം പറയുന്നു. പുലിക്കുന്നേലിനോടു ആരും യോജിക്കും. തിന്മയോടെതിരിട്ടു് അതിനെ തോല്പിച്ചവര്‍ ‘നിജ ജന്മകൃത്യം സാധിച്ചു’വെന്നു കണ്ടു് നിശ്ശബ്ദരായിരിക്കുന്നു. ഏറ്റു മുട്ടലില്‍ പരാജയം സംഭവിച്ചവരും മിണ്ടാതെ കഴിഞ്ഞു കൂടുന്നു. എന്നാല്‍ പൊതുജന ദാസന്മാരെന്നു ഭാവിച്ചുകൊണ്ടു് രാഷ്ട്രവ്യവഹാരത്തില്‍ കടന്നുകൂടുന്നവര്‍ കപടമായി അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദമുണ്ടാക്കുന്നു. അതേ സമയം അവര്‍ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു, മാളികകള്‍ പണിയുന്നു, മക്കള്‍ക്കും മരുമക്കള്‍ക്കും വലിയ ഉദ്യോഗങ്ങള്‍ നേടിക്കൊടുക്കുന്നു. ഇവര്‍ അധികാരത്തില്‍ വന്നുവെന്നു വിചാരിക്കു. മറ്റുള്ളവരെ പീഡിപ്പിക്കും. അധികാരം നഷ്ടപ്പെട്ടാല്‍ “ആത്മാര്‍ത്ഥതയുള്ളവനു് ഇവിടെ കഴിഞ്ഞു കൂടാന്‍ കഴിയുകയില്ലെന്നു്” പരിദേവനം തുടങ്ങും. ഒരിക്കല്‍ താന്‍ ആട്ടിപ്പുറത്താക്കിയ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ പിന്നീടു് പിച്ചച്ചട്ടിയുമായി ചെന്നു നില്‍ക്കാനും ഇയാള്‍ക്കു മടിയില്ല. ഈ വിധത്തിലുള്ള അടിമകള്‍ നിറഞ്ഞതാണു് നമ്മുടെ ഇന്നത്തെ ഭാരതം. ഇക്കാര്യത്തില്‍ ‘രാഷ്ട്രീയക്കാരെ’ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, അവരെക്കാള്‍ ഹീനന്മാരാണു് സാഹിത്യകാരന്മാര്‍. ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ അംഗമാകാന്‍ സൗകര്യമുണ്ടെന്നു കണ്ടാല്‍ എല്ലിന്‍ കഷണം കണ്ട നായ് എന്ന പോലെ അവര്‍ ചാടി വീഴുന്നു. കിട്ടിയ എല്ലു് നുണഞ്ഞുകൊണ്ടു്, ‘ചാളുവ’ ഒഴുക്കിക്കൊണ്ടു് അവര്‍ അവിടെ പറ്റിപ്പിടിച്ചു് ഇരിക്കും. എന്നിട്ടു് കൂടക്കൂടെ വ്യാസനെന്നും വാല്മീകിയെന്നും കോയ്റ്റ്സ്‌ലറെന്നും പറയുകയും ചെയ്യും. അടിമകളായ രാഷ്ട്രീയക്കാരും എമ്പോക്കികളായ സാഹിത്യകാരന്മാരും നമ്മുടെ നാടിനെ അധഃപതിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരായി ധീരശബ്ദം മുഴുക്കിയ ജോസഫ് പുലിക്കുന്നേലിനു് അഭിനന്ദനം.

* * *

വ്യാളം ബാലമൃണാളതന്തുഭിരസൗരോദ്ധ്യം സമുജ്ജൃംഭതേ
ഭേത്തും വജ്രമണിന്‍ ശിരീഷകുസുമപ്രാന്തേന സന്നഹ്യതേ
മാധൂര്യം മധുവിന്ദുനാ രചയിതും ക്ഷാരാംബുധേ രീഹതേ
മൂര്‍ഖാന്‍ യഃ പ്രതിനേതുമിച്ഛതി ബലാല്‍ ::സൂക്തൈസ്സുധാസ്യന്ദിഭിഃ

(അമൂതമൊഴുകുന്ന വാക്കുകളെക്കൊണ്ടു മൂര്‍ഖന്മാരെ അറിവുള്ളവരാക്കാന്‍ യത്നിക്കുന്നവന്‍ ലോലമായ താമരനൂലു കൊണ്ടു് മദയാനയെ കെട്ടാനും വജ്രത്തെ വാകപ്പൂവിന്റെ അറ്റം കൊണ്ടു് മുറിക്കാനും തേന്‍തുള്ളി കൊണ്ടു് ഉപ്പുകടലിനെ മാധുര്യമുള്ളതാക്കാനും ആഗ്രഹിക്കുന്നവനെപ്പോലെയാണു്).

പ്രതീക്ഷ തകര്‍ന്നാല്‍

കെ. ബാലകൃഷ്ണനും (കൗമുദിയുടെ എഡിറ്റര്‍) ഞാനും ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോയിട്ടു തിരുവനന്തപുരത്തേക്കു തിരിച്ചു വരികയായിരുന്നു. എനിക്കു വല്ലാത്ത ജലദോഷം. ബാലകൃഷ്ണന്‍ പറഞ്ഞു: “ജലദോഷത്തിനു ഞാന്‍ നല്ല മരുന്നു പറഞ്ഞു തരാം. ഒരു സ്മാള്‍ ബ്രാന്‍ഡി. അതേയളവില്‍ ചൂടുവെള്ളം. ഒരു ടീസ്പൂണ്‍ തേന്‍. പകുതി നാരങ്ങ പിഴിഞ്ഞെടുത്ത ചാറു്. ഇവ ഒരുമിച്ചു ചേര്‍ത്തു് ഒറ്റ ഗള്‍പ്പില്‍ (gulp) അകത്താക്കണം. സിപ്പ് ചെയ്യരുതു്. ജലദോഷം അപ്പോള്‍ പോകും. നല്ല ഉറക്കവും കിട്ടും.” ഞങ്ങള്‍ കൊല്ലത്തെ ‘സേവിയറി’ല്‍ കയറി. ബാലകൃഷ്ണന്‍ പറഞ്ഞതു പോലെ ഞാന്‍ ‘മരുന്നു്’ കുടിച്ചു. ജലദോഷം കൂടി. ഉറങ്ങിയതുമില്ല. നേരം വെളുക്കുന്നതു വരെ കണ്ണു മിഴിച്ചു കിടന്നു.

സാംസ്കാരിക മണ്ഡലത്തിലെ ഒരു നേതാവും ഞാനും കൂടെ വേറൊരു മീറ്റിങ്ങിനു പോയിട്ടു തിരിച്ചു വരികയായിരുന്നു. നേതാവിനു് കടുത്ത ദവദോഷം. ഞാന്‍ ബാലകൃഷ്ണന്‍ പറഞ്ഞു തന്ന മരുന്നു് അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു. അന്നും സേവിയറില്‍ കയറി. സ്കാളിനു പകരം ലാര്‍ജാണു് നേതാവു് നാരങ്ങാച്ചാറു്, തേന്‍ ഇവയോടുകൂടി അകത്താക്കിയതു്. തിരിച്ചു കാറില്‍ കയറിയ ഉടന്‍ അദ്ദേഹം ഡ്രൈവറോടു ചോദിച്ചു: സത്യാ, സോഡാ വാങ്ങി തലയിലൊഴിച്ചോ? (സത്യന്‍, പേട്ടയിലെ ഒരു ടാക്സി ഡ്രൈവര്‍ അന്തരിച്ചുപോയി.) സത്യന്‍ മറുപടി പറയാത്തതുകൊണ്ടു് നേതാവു് ഒരടി കാറോടിക്കുന്ന അയാളുടെ തോളില്‍. എന്നിട്ടു് എന്റെ നേര്‍ക്കു തിരിഞ്ഞു. “കൃഷ്ണന്‍ നായര്‍ സാറേ, ഉണ്ടാഗ്ഗിരിക്കരികില്‍ മേക്കുവശത്തൊളിപ്പൂച്ചെണ്ടായ് ശിവാദ്രിയുടെ തെക്കളകാപുരംപോല്‍… മലയാളരാജ്യം. കുമാരനാശാന്റെ ഈ കേകയുടെ അര്‍ത്ഥം അറിയാമെങ്കില്‍ പറഞ്ഞാട്ടേ.” ഇങ്ങനെ തിരുവനന്തപുരമെത്തുന്നതുവരെ അദ്ദേഹം അതുമിതും പുലമ്പിക്കൊണ്ടിരുന്നു. വീട്ടില്‍ ചെന്നിട്ടും അദ്ദേഹം ഉറങ്ങിയിരിക്കില്ല.

ആലപ്പുഴെ തത്തംപള്ളി എന്ന സ്ഥലത്തു് ഞാന്‍ കുറേക്കാലം താമസിച്ചിട്ടുണ്ടു്. ഒരു ദിവസം രാത്രി അമ്മ എന്നെ വിളിച്ചുണര്‍ത്തി വീട്ടിന്റെ വരാന്തയില്‍ കൊണ്ടു നിര്‍ത്തിയിട്ടു് ആകാശത്തേക്കു കൈചൂണ്ടി “നോക്കു്” എന്നു പറഞ്ഞു. പള്ളിയിലെ പെരുന്നാളിനോടു ചേര്‍ന്ന കമ്പക്കെട്ടു്. ഞാന്‍ വരാന്തയിലെത്തുന്നതുവരെ അമിട്ടുകള്‍ രസഗോളങ്ങളായി പൊട്ടിച്ചിതറുകയായിരുന്നു. ചേതോഹരമായ ആ കാഴ്ചകാണാനാണു് അമ്മ എന്നെ വിളിച്ചുണര്‍ത്തിയതു്. പക്ഷേ, ഞാന്‍ വരാന്തയിലെത്തി നോക്കിയപ്പോള്‍ അമിട്ടു് ആകാശത്തേക്കു് ഉയര്‍ന്നു രസക്കുടുക്കകള്‍ വാരി വിതറാതെ ‘ശ്ശു’ എന്ന ശബ്ദം കേള്‍പ്പിച്ചു കൊണ്ടു പൊലിഞ്ഞു പോയി. “ഇതിനാണോ എന്നെ വിളിച്ചുണര്‍ത്തിയതു്?” എന്നു ഞാന്‍ അമ്മയോടു ചോദിച്ചു. പ്രതീക്ഷയ്ക്കു ചേര്‍ന്നവിധം ഫലമുണ്ടായില്ലെങ്കില്‍ നമുക്കു നിരാശതയാണു് ഫലം. മാതൃഭൂമി ആഴ്ചപ്പതിപ്പു് തുറന്നു വിഷയവിവരം നോക്കുന്നു. എട്ടാം പുറത്തു് സക്കറിയയുടെ ചെറുകഥ — “ഒരു ക്രിസ്മസ് കഥ.” എട്ടാം പുറം നോക്കുന്നു. വായിക്കുന്നു. രണ്ടു പേര്‍ ഒരു വേശ്യയെ പാര്‍പ്പിടത്തില്‍ കൊണ്ടുവരുന്നു. അവള്‍ സ്വന്തം കഥ പറയുന്നു. ഒരാള്‍ അവളെ പ്രാപിക്കുന്നു. ഇതില്‍ക്കവിഞ്ഞു് ഇക്കഥയിലൊന്നുമില്ല. സക്കറിയ എന്ന പേരു ഉണര്‍ത്തി വിട്ട പ്രതീക്ഷകള്‍ നൈരാശ്യത്തിലേക്കു കൊണ്ടു ചെല്ലുന്നു. അമിട്ടു് പൊട്ടുന്നില്ല, ബ്രാന്‍ഡി ജലദോഷം മാറ്റുന്നില്ല. ഉറക്കമൊട്ടു് വരുന്നതുമില്ല.

പ്രേതവിഷയകം

പൈങ്കിളിക്കഥകളെക്കുറിച്ചു പറഞ്ഞു പറഞ്ഞു് ഞാനേറെ മടുത്തു. അപ്പോള്‍ വായനക്കാര്‍ക്കു് എന്റെ വാക്കുകള്‍ കേട്ടുകേട്ടു് എത്ര മടുപ്പു് ഉണ്ടായിരിക്കണം. എങ്കിലും വിമര്‍ശിക്കേണ്ടി വരുമ്പോള്‍ പറയാതിരിക്കാനും വയ്യ. കുമാരി വാരികയില്‍ ‘ധന്യ’ എന്നൊരു രചനയുണ്ടു്. ആശാ അജയ് എം എഴുതിയതു്. ഒരു വിവാഹിതനെ (അവന്‍ ഒരു കൊച്ചിന്റെ തന്തയുമത്രേ) ഒരു പെണ്ണു കേറിയങ്ങു സ്നേഹിക്കുന്നു. അവന്‍ ആദ്യമൊന്നും വിധേയനാകുന്നില്ല [പുരുഷന്റെ ട്രിക്ക്]. ഒടുവില്‍ രണ്ടു പേരും കെട്ടിപ്പിടിക്കുന്നു. മലയാളത്തില്‍ ഈ ‘വളിപ്പി’നു് ഒരു പേരില്ല. അതുകൊണ്ടു് ഇംഗ്ലീഷില്‍ ഇതിനെ ghostly എന്നും ghastly എന്നും വിളിച്ചു കൊള്ളട്ടെ (പ്രേതവിഷയകമെന്നും ഭയാനകമെന്നും). കൊല ചെയ്യപ്പെട്ടവന്റെ ശരീരം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കു ശേഷം കഴിച്ചിട്ടാല്‍ പരിശോധന ശരിയായില്ല എന്ന പരാതി പിന്നീടുണ്ടാകും. അപ്പോള്‍ അതു മാന്തിയെടുത്തു ഒന്നുകൂടെ പരിശോധിക്കും. ചീഞ്ഞളിഞ്ഞ ആ മൃതദേഹം ഡോക്ടര്‍ക്കും മറ്റുള്ളവര്‍ക്കും ബോധക്കേടുണ്ടാക്കും. ജീവിത ശ്മശാനത്തില്‍ നിന്നു് പൊക്കിയെടുത്ത ഈ കഥാശവം പരത്തുന്ന നാറ്റം അസഹനീയമാണു്. ബോധക്കേടുണ്ടാകരുതു് എന്നു കരുതുന്നവര്‍ പത്തു നാഴിക മാറിനില്ക്കൂ. ഇതൊരു ആജ്ഞയല്ല. അപേക്ഷയാണു്.

* * *

എഴുതിയെഴുതി ഉറക്കം വരുന്നു എനിക്കു്. ചാരുകസേരയില്‍ കിടന്നു മുകളിലേക്കു നോക്കുമ്പോള്‍ ഒരെട്ടുകാലി വെള്ളച്ചുവരിലൂടെ മുകളിലോട്ടു കയറുന്നു. അതിന്റെ ഭീതിദമായ വലിയ നിഴല്‍. എട്ടുകാലിയെക്കാള്‍ എന്നെ പേടിപ്പിക്കുന്നതു് അതിന്റെ ഈ നിഴലാണു്. യഥാര്‍ത്ഥസാഹിത്യം വീഴ്ത്തുന്ന നിഴലാണു് — ഭയപ്രദമായ നിഴലാണു് — പൈങ്കിളി സാഹിത്യം.

ഭംഗിക്കു് ആസ്പദം

അങ്ങു വടക്കു് — എന്നു പറഞ്ഞാല്‍ ഉത്തരേന്ത്യയില്‍ ഒരു പാര്‍ക്കിലിരിക്കാനുള്ള സന്ദര്‍ഭം കിട്ടിയെനിക്കു്. അവിടെ ചാരു ബഞ്ചുകള്‍ ഇട്ടിരിക്കുന്നതു് സവിശേഷമായ രീതിയിലാണു്. ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുണമെങ്കില്‍ ആ ബഞ്ചിലിരുന്നാല്‍ മതി. അവ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയാല്‍ — ഒരിഞ്ചു് മാറ്റിയാല്‍ ഭംഗികാണില്ല പ്രദേശത്തിനു്. ജീവിതരംഗങ്ങള്‍ കണ്ടാസ്വദിക്കാന്‍ സവിശേഷമായ മട്ടില്‍ ഇരിപ്പിടങ്ങള്‍ ഇടുന്ന അനുഗൃഹീതനാണു് ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി. അദ്ദേഹം കാവ്യം രചിക്കട്ടെ, കഥയെഴുതട്ടെ, ഹാസ്യലേഖനം എഴുതട്ടെ, ഭാഷയാകുന്ന ഇരിപ്പിടങ്ങളെ വേണ്ടപോലെ നിവേശിപ്പിക്കാനറിയാം അദ്ദേഹത്തിനു്. അവയിലിരിക്കു, നിങ്ങള്‍ രസിക്കും. ജനയുഗം വാരികയില്‍ അദ്ദേഹമെഴുതിയ ‘ഇളനീരാട്ടം’ എന്ന കഥയുടെ സ്വഭാവവും വിഭിന്നമല്ല. താച്ചുണ്ണി, ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ മത്സരം നടത്തുന്നതും ഒരു സൂത്രം പ്രയോഗിച്ചു് സ്വന്തം ടീമിനെ ജയിപ്പിക്കുന്നതും ഉള്ളു കുളിര്‍ക്കെ ചിരിച്ചുകൊണ്ടു് വായനക്കാര്‍ക്കു വായിച്ചു തീര്‍ക്കാം. കഥപോലെ തന്നെ കഥയിലെ സംഭാഷണങ്ങളും രസപ്രദങ്ങള്‍. ഒരുദാഹരണം: താച്ചുണ്ണിയുടെ ബന്ധുവയേ പത്രറിപ്പോര്‍ട്ടര്‍: ഈ പത്രക്കാരെ കൈകാര്യം ചെയ്യാന്‍. അല്ല. വയ്യാനല്ല.

താച്ചുണ്ണി
മൂടിവയ്ക്കാതെ പറഞ്ഞോ.
പത്രറിപ്പോര്‍ട്ടര്‍
പത്രക്കാര്‍ സ്വതവെ സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍ എന്നൊക്കെപ്പറയും. പക്ഷേ…
താച്ചുണ്ണി
ലാര്‍ജ് ഈസ് ബ്യൂട്ടിഫുള്‍ എന്നു പറയും എന്നല്ലേ? സാരമില്ല. ലാര്‍ജ്, ലാര്‍ജര്‍, ലര്‍ജസ്റ്റ് — പോരേ?

വായിക്കുമ്പോള്‍ നിസ്സാരമെന്നു തോന്നും. എന്നാല്‍ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചു് കഥാപാത്രങ്ങളെക്കൊണ്ടു സംസാരിപ്പിക്കാന്‍ നോക്കൂ. അപ്പോഴറിയാം പ്രയാസം.

നിരീക്ഷണങ്ങള്‍

  1. ശൈലജയെയും അവളുടെ നാഥനെയും കൊണ്ടു ക്ഷുദ്രമായ കളികളിക്കുന്ന എന്‍. രാജനു (ക്ഷണിക്കപ്പെടാത്ത അതിഥി) എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പില്ലാതെ സാഹിത്യ ലോകത്തു ജീവിക്കാന്‍ പ്രയാസം. പക്ഷേ എക്സ്പ്രസ്സിനു് രാജനില്ലാതെ തന്നെ മുന്നോട്ടു പോകാം.
  2. വര്‍ഷസംക്രമപ്പക്ഷീ — വിഷുപ്പക്ഷീ ഹര്‍ഷചിത്തമരുളുന്നു സ്വാഗതം എന്നു തുടങ്ങുന്നു വെരൂര്‍ രാമകൃഷ്ണന്‍ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ ‘വിഷുപ്പക്ഷി’ എന്ന ‘കാവ്യം’. ഇതുപോലുള്ള പത്തു കാവ്യങ്ങള്‍ വായിച്ചാല്‍ ഹൃദയം തോലാകും. അതെടുത്തു ചെരിപ്പു് ഉണ്ടാക്കാം.
  3. വൈകാരിക സത്യം ഉള്ളതുപോലെ വൈകാരികമായ അസത്യവുമുണ്ടു്. രണ്ടാമത്തേതാണു് കിളിമാനൂര്‍ കേശവന്റെ ‘മിഴി തുറക്കുവിന്‍’ എന്ന കാവ്യം (പൗരദ്ധ്വനിവാരിക).
  4. ‘കാടിനെ കാടായി കാണാത്ത കാട്ടാളര്‍’ എന്നതു് സക്കീര്‍ പരിമണത്തു് ‘കൈരളീസുധ’യില്‍ എഴുതിയ ഒരു കാവ്യത്തിന്റെ ഒരു വരിയാണു്. ഇതു വായിച്ചതേയുള്ളു. പരിചാരകന്‍ വന്നു് ഊണു കഴിക്കാന്‍ വിളിക്കുന്നു. കപ്പത്തോരനും കാച്ചില്‍പ്പുഴുക്കും കാ മെഴുക്കുപെരട്ടിയും കറികളായി ഉണ്ടോ? എങ്കിലേ എനിക്കു ചോറു് വേണ്ടൂ എന്നു ഞാന്‍ പരിചാരകനോടു മറുപടിയായി പറയുന്നു. കവിതയില്‍ പ്രാസമുണ്ടെങ്കില്‍ ഊണിനും വേണ്ടേ പ്രാസമുള്ള കറികള്‍?
  5. ഗര്‍ഭിണി ആഹാരം കഴിക്കുമ്പോള്‍ രണ്ടുപേരെ കരുതിയാണു് അതു ചെയ്യുന്നതെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. “കൊച്ചുകോവിന്ദ”നിലൂടെ ഡിറ്റക്ടീവ് നോവലെഴുത്തുകാരെ പരിഹസിക്കുന്ന ശത്രു (മാമാങ്കം) അവരെയും വായനക്കാരെയും നന്നാക്കാന്‍ ശ്രമിക്കുകയാണു്.
  6. വേങ്ങയില്‍ കുഞ്ഞുരാമന്‍നായര്‍ (കേസരി) എന്ന സരസ സാഹിത്യകാരന്‍ ദുഷ്ടനായിരുന്നുവെന്നു മുണ്ടൂര്‍ സുകുമാരന്‍ നവയുഗം ആഴ്ചപ്പതിപ്പില്‍ വിവാഹം കഴിഞ്ഞ ദിവസം വരന്റെ വധുവിനെ നായനാര്‍ ആവശ്യപ്പെട്ടു പോലും. കൊടുക്കാത്തതുകൊണ്ടു് വരനെ ആ സാഹിത്യകാരന്‍ ഒരു മുറിയുടെ അകത്താക്കി. ഉണങ്ങിയ മുളകും ചകിരിയും പുകുച്ചിട്ടു് വാതിലുകളും ജന്നലുകളും അടച്ചു കളഞ്ഞു. ഇതാണു് ‘പറങ്കിപ്പുക മുറിശിക്ഷ’. ഷോക്കിങ് ആ നാട്ടില്‍ മറ്റാളുകള്‍ ഇല്ലായിരുന്നോ? അന്നു സര്‍ക്കാരില്ലായിരുന്നോ?
* * *

വള്ളത്തോള്‍, കുമാരനാശാനെപ്പോലെ ദാര്‍ശനികത അംഗീകരിക്കാത്തതെന്തു്? അംഗീകരിച്ചിരുന്നെങ്കില്‍ ‘മഗ്ദലനമറിയും’ ഇത്രത്തോളം സുന്ദരമാവുകില്ലായിരുന്നു. കുമാരനാശാന്‍ വള്ളത്തോളിന്റെ മധുരപദപ്രയോഗം അംഗീകരിക്കാത്തതെന്തു്? അംഗീകരിച്ചെങ്കില്‍ ‘കരുണ’യ്ക്കു് ഇത്രമാത്രം ഉജ്ജ്വലത ലഭിക്കുമായിരുന്നില്ല.