close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 11 10


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 11 10
ലക്കം 530
മുൻലക്കം 1985 11 03
പിൻലക്കം 1985 11 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

1938. വടക്കന്‍പറവൂരിനടുത്തുള്ള വരാപ്പുഴ എന്ന സ്ഥലത്തു് ഒരു നാടകമുണ്ടെന്നറിഞ്ഞു് ഞാന്‍ അതു കാണാന്‍ ചെന്നു. നാടകത്തിന്റെ പേരും അതിലെ അഭിനേതാക്കളുടെ പേരുകളും എന്റെ ഓര്‍മ്മയില്‍നിന്നു് ഓടിപ്പോയിരിക്കുന്നു. ഒരഭിനേതാവിന്റെ പേരുമാത്രം ഓര്‍മ്മയിലുണ്ടു്. അദ്ദേഹത്തിന്റെ രൂപം സ്മരണദര്‍പ്പണത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്നു. മാത്തപ്പന്‍, ഹാസ്യ ചലച്ചിത്രനടന്‍ എസ്. പി. പിള്ളയുടെ ഗുരുനാഥനായിരുന്നു അദ്ദേഹം. അടൂര്‍ഭാസി ചലച്ചിത്രത്തില്‍ പ്രത്യക്ഷനായാലുടന്‍ ആളുകള്‍ ചിരിച്ചു തുടങ്ങുമല്ലോ. അതുപോലെയാണു് മാത്തപ്പനെ കാണുന്ന ആളുകളുടെ രീതിയും. പ്രേക്ഷകരുടെ പൊട്ടിച്ചിരിക്കിടയില്‍ അദ്ദേഹം കഥ പറഞ്ഞുതുടങ്ങി: “ഞാന്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന കാലം എവിടെയെങ്കിലും വേലക്കാരനായി നിന്നാലും മതി എന്നു തോന്നല്‍. അങ്ങനെ കോട്ടയത്തു് ഒരു കുടുംബത്തില്‍ കടന്നുകൂടി. യജമാനരും കൊച്ചമ്മയും എല്ലാക്കാര്യത്തിലും തര്‍ക്കിക്കും. രണ്ടുപേരെയും പ്രീതിപ്പെടുത്തി കഴിഞ്ഞുകൂടാനായിരുന്നു എന്റെ സൂത്രം. അങ്ങനെയിരിക്കെ ആ വീട്ടിലെ പൂച്ച പ്രസവിച്ചു. പൂച്ചക്കുട്ടി ആണോ പെണ്ണോ എന്ന കാര്യത്തില്‍ തര്‍ക്കമായി യജമാനനും കൊച്ചമ്മയും. തര്‍ക്കം മൂത്തപ്പോള്‍ അവര്‍ എന്നെ വിളിച്ചു. “മാത്തപ്പാ അതിയാന്‍ പറയുന്നു ഇതു ചക്കിപ്പൂച്ചയാണെന്നു് ഞാന്‍ പറയുന്നു കണ്ടന്‍പൂച്ചയാണെന്നു്. മാത്തപ്പന്‍ എന്തുപറയുന്നു?” എന്നു കൊച്ചമ്മ എന്നോടൊരു ചോദ്യം. ഞാന്‍ ധര്‍മ്മ സങ്കടത്തിലായി. കണ്ടന്‍പൂച്ചയാണെന്നു പറഞ്ഞാല്‍ യജമാനന്‍ എന്നെ അവിടെനിന്നു പറഞ്ഞയയ്ക്കും. ചക്കിപ്പൂച്ചയാണെന്നു പറഞ്ഞാല്‍ കൊച്ചമ്മ എന്നെ വീട്ടിനു വെളിയിലാക്കും ഉള്ള കഞ്ഞിയില്‍ പാറ്റയിടുന്നതെന്തിനു്? ജോലിയില്ലാതെ പട്ടിണികിടക്കാനും വയ്യ. അതുകൊണ്ടു രണ്ടുപേരുടെയും പ്രതിക്കായി ഞാന്‍ പറഞ്ഞു: “ഇതു് ഏതാണ്ടൊരു കണ്ടനും ഏതാണ്ടൊരു ചക്കിയുമാണു്.” ഈ പരുക്കന്‍ നേരമ്പോക്കു കേട്ടു് സദസ്സു പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. നമ്മുടെ ചില നിരൂപകര്‍ മാത്തപ്പന്മാരാണു്. സത്യം പറയാതെ ഗ്രന്ഥകാരനെയും പ്രസാധകനെയും സന്തോഷിപ്പിക്കാന്‍വേണ്ടി പുസ്തകത്തെ ചൂണ്ടിക്കാണിച്ചു് “ഇതു് ഏതാണ്ടൊരു കണ്ടനും ഏതാണ്ടൊരു ചക്കിയുമാണെ”ന്നു് അഭിപ്രായപ്പെടുന്നു. സാക്ഷാല്‍ മാത്തപ്പനെ യജമാനനും കൊച്ചമ്മയും കൂടി വീട്ടിനു വെളിയിലാക്കിയിരിക്കും. നമ്മുടെ ഈ നിരൂപകര്‍ക്കും ഇതുതന്നെയായിരിക്കും ഗതി.

* * *

പികാസ്സോയുടെ ഭാര്യ ഒരിക്കല്‍ അഭിപ്രായപ്പെട്ടു — “എന്റെ ഭര്‍ത്താവു വരയ്ക്കുന്ന ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ ഒരു സ്ത്രീയെ റോഡില്‍വച്ചു് കാണാന്‍ അദ്ദേഹത്തിനിടവന്നാല്‍ അദ്ദേഹം ബോധശൂന്യനായി നിലത്തുവീഴുമെന്നതില്‍ ഒരു സംശയവുമില്ല.” മേല്പറഞ്ഞ നിരൂപകര്‍ “ഔട്ടാ”യി ബഹുജനത്തിനു് അഭിമുഖീഭവിച്ചു നിന്നാലും ഒരു കുഴപ്പവും കൂടാതെനില്ക്കും. എന്നല്ല ജീവിതത്തില്‍ അടിക്കടി ഉയരുകയും ചെയ്യും. സകല ഭാഗ്യങ്ങളും അവര്‍ക്കുള്ളതാണു്. സത്യം പറയുന്നവന്‍ അധഃപതിച്ചുപോകും. ആദ്യത്തെ കൂട്ടരില്‍ നിന്നു രണ്ടാളുകളുടെ പേരുകള്‍ എഴുതാന്‍ എനിക്കു താല്‍പര്യം “വേണ്ട, മനമേ. അടങ്ങു്” രണ്ടാമത്തെ ആളിന്റെ പേരെഴുതാനും കൗതുകം. അപ്പോള്‍ വിനയം ഉപദേശിക്കുന്നു. “വേണ്ട, അടങ്ങു്”

കുത്സിതഗന്ധം

അഴിമതിയുടെയും ദുഷ്ടതയുടെയും ദുര്‍ഗ്ഗന്ധം ഉയരുന്ന ഈ നാട്ടില്‍ സാഹിത്യവും ദുര്‍ഗ്ഗന്ധം ഉയര്‍ത്തിയില്ലെങ്കിലേ വിസ്മയിക്കാനുള്ളു, വിസ്മയമില്ല. കലാരാഹിത്യത്തിന്റെ ദുര്‍ഗ്ഗന്ധം ദേവസ്സി ചിറ്റമ്മലിന്റെ ‘ഈ എസ്. ഐ. ആശുപത്രി’ എന്ന ചെറുകഥയില്‍ നിന്നു് ഉത്ഭവിക്കുന്നു. ഗോപാലന്‍നായര്‍ക്കു രോഗം കൂടുതല്‍, ചിലര്‍ അയാളെയെടുത്തു് ഈ. എസ്. ഐ. ആശുപത്രിയില്‍ എത്തിക്കുന്നു. ഡോക്ടറില്ല അവിടെ. അയാള്‍ വന്നെത്തുമ്പോഴെയ്ക്കും രോഗി ഇവിടെനിന്നു യാത്ര പറയുന്നു. കലയുടെ സത്യത്തില്‍ വിലയംപ്രാപിക്കാന്‍ കഴിയാതെ ജീവിതത്തിന്റെ ഉപരിതലത്തില്‍ക്കൂടി എപ്പോഴും ഇഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു അപ്രഗൽഭനാണു ദേവസ്സി ചിറ്റമ്മല്‍. അദ്ദേഹം ഇതിനകം ‘റബിഷ്’ — ചവറു് ധാരാളം വലിച്ചുകൂട്ടിയിട്ടുണ്ടു് ചവറിന്റെ കൂമ്പാരത്തില്‍നിന്നു ദുര്‍ഗ്ഗന്ധമേ വരൂ. ഏതു വലിയ ‘റബിഷ്ഹീപ്പി”നെയും കാറ്റു് അടിച്ചുമാറ്റും. ആ “ഝംഝാ മാരുത”ന്റെ ആഗമനം എത്ര വേഗമുണ്ടാകുമോ അത്രയും നന്നു്.

* * *

റഡ്‌യര്‍ഡ് കിപ്ലിങ്ങിന്റെ ‘The Wish House’, ‘They’ എന്നീ ചെറുകഥകള്‍ വായിക്കുക. അവ അച്ചടിച്ച പുറങ്ങളിലൂടെ ഈശ്വരന്‍ നടക്കുന്നതായി തോന്നും. നമ്മുടെ ചില കഥാകാരന്മാരുടെ കഥകളുള്ള താളുകളില്‍ പിശാചാണു് നടക്കുന്നതു്.

യോഗാഭ്യാസം രാത്രിയില്‍

ശുചീന്ദ്രത്തുനിന്നു് ഏതാനും നാഴിക കിഴക്കോട്ടു പോയാല്‍ അഴകപ്പാപുരം എന്ന സ്ഥലത്തെത്തും. അവിടെനിന്നു പിന്നെയും കിഴക്കോട്ടു യാത്രചെയ്താല്‍ അഞ്ചുഗ്രാമത്തില്‍ചെല്ലാം. അഞ്ചുഗ്രാമത്തില്‍നിന്നു് കന്യാകുമാരിയിലേക്കു വലിയ ദൂരമില്ല. അഴകപ്പാപുരത്തു താമസിച്ചിരുന്ന ഞാന്‍ പലപ്പോഴും വൈകുന്നേരത്തു് അഞ്ചുഗ്രാമത്തില്‍നിന്നു സൈക്കില്‍ ചവിട്ടി കന്യാകുമാരിയിലേക്കു പോയിട്ടുണ്ടു്. 1940-ലെ കഥയാണു് പറയുന്നതു്. അഴകപ്പാപുരവും കുറെയകലെയുള്ള ശുരാങ്കുടി എന്ന സ്ഥലവും കുപ്രസിദ്ധനായ ചെമ്പുലിംഗംനാടാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ത്തന്നെ ആ തസ്ക്കരപ്രമാണി രാത്രി കടന്നുവന്നു കൈത്തോക്കു കാണിച്ചു് പണം കൊള്ളയടിച്ചിട്ടുണ്ടെന്നു് അവിടത്തെ ചില നാടാര്‍ പ്രമാണികള്‍ എന്നോടു പറഞ്ഞു. ഒരുദിവസം കാലത്തു് വീട്ടിന്റെ മുറ്റത്തു് ഇറങ്ങിനിന്നു് തെക്കോട്ടേക്കു നോക്കിയപ്പോള്‍ മരുത്വമലയുടെ പംക്തികള്‍ കാണാറായി. നിലാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലുള്ളനീലമലകള്‍. “വലിയ ദൂരമില്ല നമുക്കു വേണമെങ്കില്‍ അവിടെപോകാം” എന്നൊരു എക്സൈസ്ശിപായി പറഞ്ഞതനുസരിച്ചു് ഞാന്‍ അയാളുടെ കൂടെ യാത്രയായി ഉട എന്നു വിളിക്കുന്ന ഒരുതരം മുള്ളുള്ള വൃക്ഷങ്ങളും കുറ്റിക്കാടുകളും താണ്ടി ഞങ്ങള്‍ മരുത്വാമലയിലെത്തി ശരീരത്തിലെവിടെ മുറിവുണ്ടായാലും അതിനെ ഉട നടി ഉണക്കുകയും വിണ്ടുകീറിയ തൊലിയുടെ ഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന മുറിവൊട്ടി എന്ന പച്ചയില ഞങ്ങള്‍ പറിച്ചെടുത്തു കൈയില്‍ വച്ചിട്ടുണ്ടു്. അനേകം സെന്റിനറി ആഘോഷിച്ചുകഴിഞ്ഞ മാമരങ്ങളുടെ ഇടയിലൂടെ കടന്നു് മരുത്വാമലയിലേക്കു കയറി. ഒരു ഗുഹ. ഗുഹയ്ക്കകത്തു് നീണ്ട കറുത്ത താടിയോടു് കൂടിയ മൂന്നു മഹര്‍ഷികള്‍ കിടക്കുന്നു. ഞങ്ങള്‍ അവരെക്കണ്ടു കൈകൂപ്പി. സന്ന്യാസിശ്രേഷ്ഠന്മാര്‍ ലൗകികാചാരങ്ങളില്‍ തല്‍പരരല്ല. അവര്‍ തിരിച്ചു തൊഴുതില്ലെന്നു മാത്രമല്ല ഞങ്ങളെ ഒന്നു നോക്കിയതുപോലുമില്ല. എങ്കിലും ആ പാദങ്ങല്‍ തൊട്ടു് ഞങ്ങള്‍ കണ്ണില്‍വച്ചു നീലാന്തരീക്ഷം കറുക്കാന്‍ തുടങ്ങി. ഒരു നക്ഷത്രം ഉദിക്കുകയും ചെയ്തു. ഇനിയും നിന്നാല്‍ കൂടുതലിരുട്ടും, മഹര്‍ഷിമാരുടെ ദര്‍ശനമുളവാക്കിയ പാവനത്വമുള്ളതുകൊണ്ടു് വഴിയില്‍ പാമ്പുകടിക്കില്ല. എങ്കിലും തിരിച്ചു് നടന്നുതുടങ്ങി. മലയുടെ താഴ്വരയില്‍ രണ്ടു് ഊളന്മാര്‍ ഇണചേരുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ അവ രസഭംഗത്തോടെ ഓടിപ്പോയി പല പ്രയാസങ്ങളും തരണം ചെയ്തു് വീട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മഹര്‍ഷിമാരെ കാണണമെന്നു മോഹം. എക്സൈസ് ശിപായിയോടു “പോകാമോ?” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “വേണ്ട അന്നു രക്ഷപ്പെട്ടതു് നമ്മുടെ ഭാഗ്യം. അവിടെക്കിടന്ന മൂന്നു താടിക്കാരും കൊലപാതകികളായിരുന്നു. തമിഴ്‌നാട്ടിലെവിടെയോ കൊലനടത്തിയിട്ടു് താടി നീട്ടിവളര്‍ത്തി മലയിലെ ഗുഹയില്‍ വന്നു കിടക്കുകയായിരുന്നു അവര്‍. അവരെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയി”. അന്നുതൊട്ടു തുടങ്ങിയതാണു് സന്ന്യാസിയുടെ വേഷം ധരിച്ചവരെസ്സംബന്ധിച്ചു് എനിക്കുള്ള സംശയം എങ്കിലും ഭൗതികത്വം ആധ്യാത്മികത്വത്തെ അന്വേഷിക്കാതിരിക്കുന്നില്ല. ധര്‍മ്മരാജാവിന്റെ കാലത്തെ ഹരിപഞ്ചാനനന്‍ തൊട്ടു് ഇക്കാലത്തു് വരെ തിരുവനന്തപുരത്തെത്തുന്ന സന്ന്യാസിമാരെ കാണാനും വന്ദിക്കാനും അവര്‍ കൊടുക്കുന്ന ഭസ്മം നെറ്റിയില്‍ ചാര്‍ത്താനും ഭക്തജനങ്ങള്‍ക്കു് എന്തൊരു താല്‍പര്യമാണു്! കല്പിത കഥാപാത്രമായ ഹരിപഞ്ചാനനന്റെ യാഥാര്‍ത്ഥ്യം സി. വി. രാമന്‍പിള്ള നമുക്കു കാണിച്ചുതന്നു. ഇക്കാലത്തു് പ്രത്യക്ഷമാകുന്ന സന്ന്യാസിമാരുടെ ഉണ്മ നമ്മെ ഗ്രഹിപ്പിക്കാന്‍ ആരുമില്ല. പാറക്കെട്ടിനടിയില്‍ ഒറ്റപ്പൂവ് വിരിഞ്ഞുനില്‍ക്കുന്നതു പോലെ ചിലപ്പോള്‍ സത്യം വിടരാറുണ്ടു് എന്നു മാത്രം. താഴെച്ചേര്‍ക്കുന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ചെറിയ വര്‍ണ്ണന സമയം ശ്രദ്ധിച്ചാലും 1950-നും 1955-നും ഇടയ്ക്കുള്ള കാലം തിരുവനന്തപുരത്തു നിന്നു പത്തു പതിനഞ്ചു നാഴികയ്ക്കപ്പുറത്തുള്ള ഒരു സ്ഥലം അവിടെയുള്ള ഒരു വീട്ടില്‍ ഞാന്‍ ഉച്ചയ്ക്കു് മയങ്ങിക്കിടക്കുന്നു: അര്‍ദ്ധസുഷാപ്തി അടുത്ത മുറിയിലെ അടക്കിയ സംഭാഷണം കേട്ടു ഞാന്‍ ഉണര്‍ന്നു പ്രായംകൂടിയ സ്ത്രീ. മദ്ധ്യവയസ്കയും സുന്ദരിയുമായ വേറൊരു സ്ത്രീയോടു ആശ്രമജീവിതം എങ്ങനെയിരിക്കുന്നു? മധ്യവയസ്ക: തരക്കേടില്ല. പക്ഷേ അര്‍ദ്ധരാത്രിയോടടുപ്പിച്ചു് പ്രധാനപ്പെട്ട സ്വാമിയുടെ പരിചാരകന്‍ വന്നു് “സ്വാമി വിളിക്കുന്നു. യോഗത്തിന്റെ മുറകള്‍ പറഞ്ഞുതരാനാണു്” എന്നു പറയാറുണ്ടു്. ഞാന്‍ പോകാറില്ല. ഇങ്ങനെ പല ദിവസവും രാത്രിയില്‍ എന്നെ ശല്യപ്പെടുത്തുന്നു. എനിക്കു വേറെ ഒരിടത്തും പോകാന്‍ സ്ഥലമില്ലാത്തതുകൊണ്ടു് അവിടെത്തന്നെ കഴിഞ്ഞുകൂടുന്നു.” കേള്‍ക്കേണ്ടതു് ഞാന്‍ കേട്ടു. പ്രായംകൂടിയ സ്ത്രീ അന്തരിച്ചു കഴിഞ്ഞു. സ്വാമിജി സമാധിയായി. മധ്യവയസ്ക ഇന്നു വൃദ്ധയായി ജീവിച്ചിരിക്കുന്നു. ഈ കാപട്യത്തെയാണു് പി. ആര്‍. ശ്യാമള ‘പിന്നിലായിപ്പോകുന്നവര്‍’ എന്ന ചെറുകഥയിലൂടെ സ്പഷ്ടമാക്കിത്തരുന്നതു്. ഒരു സന്ന്യാസിയും സന്ന്യാസിനിയും അവരെ കാണാനെത്തുന്ന വേറൊരാളും ഭൗതികത്വം ആധ്യാത്മികത്വത്തെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഭൗതികത്വത്തിനു പരാജയം. പ്രതിപാദ്യ വിഷയത്തിനു യോജിച്ച ശൈലിയും ആഖ്യാനവും കഥാകാരിക്കുണ്ടു് (കഥ കലാകൗമുദിയില്‍).

* * *

മുടക്കംകൂടാതെ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന സുന്ദരിയായ ചെറുപ്പക്കാരിയോടു വെറുതെ ഞാന്‍ ചോദിച്ചു: “ആരാണു് പള്ളിയിലെ അച്ചന്‍?” അവള്‍; ഇന്നലെവരെ പ്രായംകൂടിയ ഒരച്ചനായിരുന്നു അദ്ദേഹത്തെ..ലേക്കു് മാറ്റി. ഇന്നു പുതിയ അച്ഛന്‍വന്നു” “അദ്ദേഹമെങ്ങനെ?” എന്നു ഞാന്‍ വീണ്ടും. ചെറുപ്പക്കാരിക്കു ചിരിയടക്കാന്‍ വയ്യാതെയായി അവള്‍ മൊഴിഞ്ഞു. “ഓ, യങ് ആന്‍ഡ് ഹാന്‍സം” (ചെറുപ്പക്കാരനും സുന്ദരനും) യൗവനത്തിലും സൗന്ദര്യത്തിലുമാണ് ഭക്തിയിരിക്കുന്നതു്. കിഴട്ടു കിഴവനെക്കണ്ടാല്‍ ഭക്തിയുണ്ടാകുമോ?

ഒ.വി. വിജയന്‍

ടെക്നിക്കിനു് അപ്പുറത്തുള്ള ഒരു മണ്ഡലത്തില്‍ സാഹിത്യകാരന്‍ എത്തുമ്പോഴാണു് അയാളെ യഥാര്‍ത്ഥത്തിലുള്ള സാഹിത്യകാരനായി കരുതുന്നതു് സമുദായമദ്ധ്യത്തിലെ താല്‍കാലിക ക്ഷോഭങ്ങളെ ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ ബഹുജനപ്രീതിയുണ്ടാകും. പക്ഷേ ധൈഷണിക ജീവിതം നയിക്കുന്നവരുടെ അംഗീകാരം അയാള്‍ക്കു ലഭിക്കുകയില്ല. ഒ. വി. വിജയന്‍ ആ ക്ഷോഭങ്ങള്‍ക്കുമതീതമായുള്ള മണ്ഡലങ്ങളിലേക്കു ഭാവനകൊണ്ടു കടന്നുചെല്ലുന്നു. ഉള്‍ക്കാഴ്ചയുടെ അഗാധത എന്നു പറയുന്നതു് അതാണു്. അതു് ഒ. വി. വിജയനുള്ളതുകൊണ്ടാണു് അദ്ദേഹത്തെ സുപ്രധാനനായ കലാകാരനായി അഭിജ്ഞന്മാര്‍ കാണുന്നതു് കഥകളിലും ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിലും ഈ ‘അഗാധത’ പ്രദര്‍ശിപ്പിച്ച വിജയനെ ദില്ലിയില്‍ വച്ചു് കഥാകാരനായ വി. നടരാജന്‍ കാണുകയുണ്ടായി. ആ കൂടിക്കാഴ്ചയുടെ ആകര്‍ഷകത്വമുള്ള റിപ്പോര്‍ട്ടു് ‘ശ്രീരാഗം’ മാസികയുടെ രണ്ടാം ലക്കത്തിലുണ്ടു്.

എന്നും കാലത്തെഴുന്നേറ്റു് പെണ്‍കുട്ടി കണ്ണാടിജന്നലില്‍ മുഖമര്‍പ്പിച്ചു് പാതയിലേക്കു നോക്കുന്നു. പുതിയ മുഖം കാണാനുള്ള ആഗ്രഹമാണു് അവള്‍ക്കു്. പക്ഷേ, കാണുന്നതൊക്കെ മുന്‍പുകണ്ട മുഖങ്ങള്‍ അങ്ങനെയിരിക്കെ ഒരു നവയുവാവു വരുന്നു. എന്തൊരു സൗന്ദര്യം! പെണ്‍കുട്ടിയുടെ മുഖത്തു് അരുണിമ. രോമാഞ്ചം. അവള്‍ ജന്നല്‍ തുറന്നിട്ടു് അയാളെ നോക്കി ചിരിക്കുന്നു. യുവാവിന്റെ മുഖവും തിളങ്ങുന്നു. ഈ പെണ്‍കുട്ടിയാണു് മലയാള സാഹിത്യം. ഈ യുവാവാണു് ഒ.വി. വിജയന്‍.

പീഡനം രാവണന്‍ കോട്ടയിലൂടെ

വൈശാഖന്റെ ഇക്കാലത്തെ കഥകള്‍ വായിക്കുന്നതു് വലിയ പീഡനമായിത്തീര്‍ന്നിരിക്കുന്നു. ഏതു കഥയും ദീര്‍ഘം, ദീര്‍ഘതരേഖാരൂപത്തിലല്ല അനുഭവപ്പെടുന്നതു്. രാവണന്‍ കോട്ടയില്‍ കയറിയാലുണ്ടാകുന്ന “ചാക്രിക വൈഷമ്യ”മാണു് അദ്ദേഹത്തിന്റെ കഥകള്‍ പ്രദാനം ചെയ്യുന്നതു്. രേഖാരൂപമാണു് ആഖ്യാനമെങ്കില്‍ ഏതെങ്കിലും കാലത്തു് എവിടെയെങ്കിലും ചെന്നു നില്ക്കുമല്ലോ. ചാക്രികയാനത്തിനു് അന്തമില്ല. നടന്നു നടന്നു് മനുഷ്യന്റെ ശരീരവും മനസ്സും കുഴയുന്നു. എന്തെങ്കിലും പ്രയോജനമുണ്ടോ, ലക്ഷ്യമുണ്ടോ? അവയൊട്ടു് ഇല്ലതാനും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹമെഴുതിയ ‘രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍’ എന്ന കഥയും ഈ ദോഷത്താല്‍ മലീമസമായിരിക്കുന്നു. ഒരു തീവണ്ടിയാപ്പീസിലെ വെയിറ്റിങ് റൂമില്‍ കുറെയാളുകളെ പ്രവേശിപ്പിച്ചു് സംസാരിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയുമാണു് കഥാകാരന്‍. പിന്‍കഴുത്തിലെ എല്ലിനു രോഗമുള്ളതുകൊണ്ടു് കോളര്‍ ധരിച്ച ഒരു കിഴവന്‍. അയാള്‍ ഒരു മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്നുവെന്നാണു് കഥാകാരന്റെ അഭിപ്രായം. അതു ശരിയുമാണു് ഇത്തരത്തിലുള്ള ഹിപോക്രിസിയെ പല കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നു. പക്ഷേ, അതിനെ കേന്ദ്രസ്ഥാനത്തു നിറുത്തി വികസിപ്പിക്കാതെ ഒരു മാധവന്‍നായരുടെയും യൂണിയനുകളുടെയും കാര്യങ്ങള്‍ പറഞ്ഞു ശാഖാ ചംക്രമണം നടത്തുന്നു. ഫലമോ? ലളിതമായ സത്യത്തിന്റെ വായില്‍ അമര്‍ത്തിപിടിച്ച് അതിനെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന പ്രതീതി. വൈശാഖന്‍ പണ്ടത്തെ രീതിയില്‍ നല്ല കഥകളെഴുതണമെന്നാണു് എന്റെ ആഗ്രഹം.

* * *

തിരുവനന്തപുരത്തു നിന്നു തിരിച്ചു് മദ്രാസില്‍ ഇറങ്ങേണ്ട വിമാനത്തെ പൈലറ്റ് തിരുവനന്തപുരത്തുനിന്നു് നേരെ ടോക്കിയോവിലേക്കു കൊണ്ടുപോകുകയും അവിടെനിന്നു് മഡഗാസ്കറില്‍ ഇറക്കുകയും പിന്നീടു് അന്റാര്‍ട്ടിക്കയിലേക്കു കൊണ്ടുചെന്നിട്ടു് ന്യൂയോര്‍ക്ക് നഗരത്തിന്റെ മുകളില്‍ നിരന്തരം കറക്കിക്കൊണ്ടിരിക്കുകയും ചെയ്താല്‍ വിമാനയാത്രയ്ക്കു് പുതിയ മാനങ്ങൾ (dimensions) ഉണ്ടാക്കുകയാണു് അയാളെന്നു് (പൈലറ്റെന്നു്) ആരെങ്കിലും പറയുമോ? ചിലര്‍ പറയുമായിരിക്കും. പക്ഷേ, അതു് ഉന്മാദത്തോടു് ബന്ധപ്പെട്ട മാനങ്ങളാണു്.

പ്രകൃതി നേരം വെളുപ്പിച്ചു, ഉച്ചയായി, സായാഹ്നമായി, രാത്രിയായി. നക്ഷത്രങ്ങളെയെടുത്തു് ആകാശത്തു വിതറി. ഇവിടെ ഭ്രാന്തില്ല. നേരേ മറിച്ചു് പ്രഭാതം കഴിഞ്ഞയുടനെ രാത്രിയായാല്‍? രാത്രിക്കു ശേഷം മദ്ധ്യാഹ്നമായാല്‍? പ്രകൃതിക്കു് കിറുക്കാണെന്നു നമ്മള്‍ പറയും. അതോടെ നമ്മള്‍ക്കും കിറുക്കു പിടിക്കും. സാഹിത്യകാരന്മാര്‍ ജനങ്ങളെ ഊളമ്പാറയിലേക്കു് അയയ്ക്കരുതു്.

അര്‍ത്ഥം, ഓര്‍മ്മ, പരകീയം

 1. “ചേട്ടന്റെ ശരീരത്തിനു് ഒരു ഷേപ്പുമില്ല” എന്നു് ഭാര്യ ഭര്‍ത്താവിനോടു് സിനിമ കണ്ടതിനു ശേഷം. ഷേപ്പുള്ള മമ്മൂട്ടി എന്റെ ഭര്‍ത്താവായിരുന്നെങ്കില്‍ എന്നു് ആ പ്രസ്താവത്തിന്റെ അര്‍ത്ഥം.

  “മധുരചുംബനം വേണ്ട. വെറും ചുംബനം മതി” എന്നു് ഭര്‍ത്താവു് ഭാര്യയോടു്. അയാള്‍ക്കു ഡയബിറ്റിസ് എന്ന രോഗമുണ്ടെന്നു് അര്‍ത്ഥം.

 2. വാരികയുടെ പേരു കവറില്‍ അച്ചടിച്ച എഴുത്തു് തിടുക്കത്തില്‍ പൊട്ടിച്ചു നോക്കുന്നു എഴുത്തുകാരന്‍. മുഖം മങ്ങുന്നു “എന്താ ദുഃഖം?” എന്നു ഭാര്യയുടെ ചോദ്യം. “ഓ വിശേഷാല്‍പ്രതിക്കു കഥ ചോദിച്ചിരിക്കുന്നു പത്രാധിപര്‍” എന്നു് ഉത്തരം. ചെക്ക് കാണുമെന്നു് ഞാന്‍ വിചാരിച്ചു. അതില്ല എന്നാണു് ആ ഉത്തരത്തിന്റെ അര്‍ത്ഥം.
 3. “ഭാവനാ മോഹനഗാനങ്ങള്‍ പാടി
  വി. വി. കെ. നമ്പ്യാര്‍ സമുല്ലസിക്കെ”

  എന്നു ചങ്ങമ്പുഴ ആ കവിയെക്കുറിച്ചു്

  “ഞാന്‍ പോയാലോമനേ നീലാംബരിയില്‍ നീ
  യെന്‍ നാമംചൊല്ലി വിലപിക്കല്ലേ”

  എന്ന വരികള്‍ വി.വി.കെ. നമ്പ്യാരുടേതാണോ എന്നു ഞാന്‍ ചങ്ങമ്പുഴയോടു ചോദിക്കുന്നു. അപ്പോള്‍ ക്രിസ്റ്റീന റോസറ്റി ശവകുടീരത്തില്‍ കിടന്നുകൊണ്ടു് എന്നോടുചോദിക്കുന്നു.

  “When I am dead, my dearest
  sing no sad songs for me”

  എന്നതു് ഞാനെഴുതിയതല്ലന്നാണോ നിങ്ങളുടെ അഭിപ്രായം?

 4. “ഓ ഈ വയസ്സുകാലത്തു്...” എന്നു് പ്രായംകൂടിയ ആള്‍ കൂടക്കൂടെ. അത്രയ്ക്കു വയസ്സായില്ലെന്നു മറ്റുള്ളവര്‍ പറയാണാനാണതു്.
 5. “ഇന്നു് ഓഫീസില്‍ വലിയ ജോലിയായിരുന്നോ?” എന്നു് ഭര്‍ത്താവിനോടു ഭാര്യയുടെ ചോദ്യം. സുന്ദരിയായ സ്റ്റെനോഗ്രാഫറെ വിളിച്ചു് ഡിക്ടേഷന്‍ കൊടുത്തോ ധാരാളം? എന്നാണു് ആ ചോദ്യത്തിന്റെ അര്‍ത്ഥം.

  “വെണ്ണിക്കുളത്തിന്റെ സൗന്ദര്യ പൂജയില്‍
  കണ്ണും കരളും കുളിര്‍ത്തുപോകെ”

  ഇതാരെഴുതിയെന്നു് ഞാന്‍ വെണ്ണിക്കുളത്തിനോടു ചോദിച്ചു “അറിഞ്ഞുകൂടാ” എന്നു് ഉത്തരം. “ചങ്ങമ്പുഴ” എന്നു ഞാന്‍ “ആങ്ഫാ, ഇങ്ങനെയും എഴുതിയോ ചങ്ങമ്പുഴ?” എന്നു നന്ദിയോടും അദ്‌ഭുതത്തോടുംകൂടി കവിയുടെ ചോദ്യം. ഞങ്ങള്‍ രണ്ടുപേരും തിരുവനന്തപുരത്തെ വാട്ടര്‍വര്‍ക്ക്സ് പാര്‍ക്കില്‍ കുറെ നേരമിരുന്നു സംസാരിച്ചു. ഞാനൊരു സിഗററ്റ് കവിക്കു കൊടുത്തു. വെണ്ണിക്കുളത്തിനു സിഗററ്റ് വലിച്ചു ശീലമില്ല. സിഗററ്റ് പകുതിയോളം വായ്ക്കകത്തു് വച്ചിട്ടു് തിരിച്ചെടുത്തപ്പോള്‍ അതു “കൊഴകൊഴുന്നേ” നനഞ്ഞിരിക്കുന്നു.

ക്ഷമിക്കു

ഓസ്ട്രിയന്‍ നാടകകര്‍ത്താവും നോവലിസ്റ്റുമാണു് ആര്‍റ്റൂര്‍ ഷ്നിറ്റ്സ്ലര്‍ (Arthur Schnitzler, 1862–1981). അദ്ദേഹത്തിന്റെ ‘ലേ റൊങ്ട്’ എന്ന നാടകം പ്രഖ്യാതമാണു്. ആ നാടകത്തിലെ ഒരു രംഗത്തിന്റെ ഒരു ഭാഗം. വീട്ടില്‍ ആല്‍ഫ്രെഡ് എന്ന ചെറുപ്പക്കാരനും മേരി എന്ന ചെറുപ്പക്കാരിയായ വേലക്കാരിയും മാത്രമേയുള്ളു.

ആല്‍ഫ്രെഡ്
... മേരി ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവരു. (മേരി വെള്ളം കൊണ്ടുവന്നു കൊടുക്കുന്നു. അവരുടെ വിരലുകള്‍ സ്പര്‍ശിക്കുന്നു.)
ആല്‍ഫ്രെഡ്
ഇവിടെ വരൂ മേരി.
മേരി
(കൂടുതല്‍ അടുത്തേക്കു വരുന്നു) സര്‍
ആല്‍ഫ്രെഡ്
കുറച്ചുകൂടെ അടുത്തു വരൂ... അതേ... ങ്ഹും... ഞാന്‍ വിചാരിച്ചു...
മേരി
സാറെന്തു വിചാരിച്ചു?
ആല്‍ഫ്രെഡ്
ഞാന്‍ വിചാരിച്ചു... ഞാന്‍ വിചാരിച്ചു... നിന്റെ ബ്ലൗസിനെക്കുറിച്ചാണു് ഞാന്‍ വിചാരിച്ചതു്. എന്തു തുണിയാണിതു്?
മേരി
എന്റെ ബ്ലൗസിനു് എന്തു കുഴപ്പം സര്‍ അങ്ങയ്ക്കു് ഇഷ്ടപ്പെട്ടോ ഇതു്?

(മേരിയെ കൂടുതല്‍ തന്നിലേക്കു് അടുപ്പിക്കുന്നു യുവാവ് — ലേഖകന്റെ വാക്യം)

ആല്‍ഫ്രെഡ്
മേരി നിനക്കു് എത്ര സുന്ദരമായ വെളുത്ത ശരീരം!
മേരി
സര്‍ അങ്ങെന്നെ പ്രശംസിക്കുന്നു.
ആല്‍ഫ്രെഡ്
(അവളുടെ വക്ഷോജങ്ങളില്‍ ചുംബിച്ചുകൊണ്ടു്) ഇതു് നിന്നെ വേദനിപ്പിക്കുന്നുണ്ടോ?
മേരി
ഓ ഒരിക്കലുമില്ല... പക്ഷേ... സര്‍, വാതില്ക്കലെ മണി ശബ്ദിച്ചാല്‍.

(മേരിയെ ഇത്രത്തോളം തന്നെ വസ്ത്രങ്ങളില്ലാതെ രണ്ടു ദിവസങ്ങല്‍ക്കു മുന്‍പു് രാത്രി താന്‍ കണ്ടുവെന്നു് ആല്‍ഫ്രെഡ് അവളോടു പറഞ്ഞു. രാത്രി അയാള്‍ വൈകി വീട്ടിലെത്തിയപ്പോള്‍ വെള്ളം കുടിക്കണമെന്നു തോന്നി. മേരി കിടക്കുന്നിടത്തു ചെന്നപ്പോഴാണു് അക്കാഴ്ച — ലേഖകന്റെ വാക്യങ്ങള്‍.)

ആല്‍ഫ്രെഡ്
അപ്പോള്‍ ഞാന്‍ ഒരു പാടു കണ്ടു. ഇതും... ഇതും... ഇതും... പിന്നീടു്...
മേരി
പക്ഷേ, സര്‍
ആല്‍ഫ്രെഡ്
ഇവിടെ വരൂ... അടുത്തേക്ക്. ശരി... അങ്ങനെ തന്നെ.
(La Ronde, Scene 3)


സുന്ദരികളായ വേലക്കാരികളെ മാത്രം വീട്ടില്‍ നിറുത്താറുള്ള ഒരുദ്യോഗസ്ഥനെ എനിക്കറിയാം. ആ ഉദ്യോഗസ്ഥന്റെ ഒരടുത്ത ബന്ധു ചിലപ്പോള്‍ ആ വീട്ടില്‍ വരും. വന്നാലുടന്‍ (ഉദ്യോഗസ്ഥയില്ലെങ്കില്‍) ഒരു ബീഡിയെടുത്തു ചുണ്ടില്‍ വയ്ക്കും. എന്നിട്ടു് അടുക്കളയിലേക്കു് ഒറ്റപ്പോക്കാണു് “കമലമ്മേ, തീപ്പെട്ടി ഇങ്ങെട്” അല്പനേരം കഴിഞ്ഞു ബീഡി വലിച്ചുകൊണ്ടു് അയാള്‍ മുന്‍വശത്തേക്കു വരും. “നീ ഇത്രതാമസിച്ചന്തെന്നു്?” എന്നു് ഗൃഹനായികയുടെ ചോദ്യം” “പെണ്ണു പാത്രം തേക്കുകയായിരുന്നു തീപ്പെട്ടി നോക്കിയെടുത്തപ്പോള്‍ താമസിച്ചു്” എന്നു് ഉത്തരം കൊച്ചമ്മ അപ്പോള്‍ അടുക്കളയില്‍ ചെന്നു നോക്കിയാല്‍ വ്യാജമായി പെണ്ണു മുഖം വേര്‍പ്പിച്ചു നില്ക്കുന്നുണ്ടാവും.

ഒരാഴ്ചപ്പതിപ്പിലെ കഥ വായിച്ചപ്പോള്‍ അതിന്റെ രചയിതാവു് ഷ്നിറ്റ്സ്ലറുടെ നാടകത്തിലെ യുവാവിനെപ്പോലെ, ഉദ്യോഗസ്ഥന്റെ ബന്ധുവിനെപ്പോലെ സാഹിത്യാംഗനയെ കടന്നാക്രമിക്കുന്നു എന്നു് എഴുതാന്‍ പോയതാണു ഞാന്‍, അപ്പോഴാണു് കഥാകാരന്റെ പേരു പറയുന്നതു് മര്യാദകേടാണെന്നു ആശയം എന്നിലുദിച്ചതു്. അതുകൊണ്ടു് ആഴ്ചപ്പതിപ്പിന്റെ പേരും കഥാകാരന്റെ പേരും ഞാന്‍ എഴുതുന്നില്ല. വായനക്കാര്‍ ക്ഷമിക്കട്ടെ.

പലരും പലതും

അനപത്യതകൊണ്ടുള്ള ദുഃഖം അനുഭവിക്കുന്ന ഒരു തമിഴത്തിയെ കിടങ്ങറ ശ്രീവത്സന്‍ ഹൃദയസ്പര്‍ശകമായ വിധത്തില്‍ അവതരിപ്പിക്കുന്നു ‘ദേശാടനപ്പക്ഷി’ എന്ന കഥയില്‍ (സുനന്ദവാരിക)-‘എനിക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണു്; കാരണം അവര്‍ കരയും എന്നതുതന്നെ: കരയുമ്പോള്‍ അവരെ ആരെങ്കിലും എടുത്തുകൊണ്ടു പോകുമല്ലോ’ എന്നു് ബ്രിട്ടീഷ് നോവലിസ്റ്റ് നന്‍സി മിറ്റ്ഫോഡ് പറഞ്ഞതു് എനിക്കോര്‍മ്മവരുന്നു.

ഉമ എന്ന കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ ജോലിക്കായി കൊണ്ടുവന്നപ്പോള്‍ ഗൃഹനായകനും അനിയനും മകനും അവളെ കുറ്റംപറഞ്ഞു. പക്ഷേ, വെളിയില്‍ വെറുപ്പു ഭാവിച്ചുകൊണ്ടു് അവരോരോരുത്തരും അവളെ പ്രാപിക്കാന്‍ ശ്രമിച്ചു. അതറിഞ്ഞ ഗൃഹനായിക അവളെ അവിടെനിന്നു പറഞ്ഞയച്ചു. ഇതാണു് ബിന്ദു തുറവൂര്‍ എഴുതിയ ‘ചെന്നായ്ക്കള്‍’ എന്ന കഥ (സെപ്റ്റംബര്‍ മാസത്തില്‍ മനോരാജ്യം നടത്തിയ കഥാമത്സരത്തില്‍ വിജയം വരിച്ച കഥയാണിതു്). പ്രതിപാദ്യവിഷയം നിത്യജീവിതത്തിലെ സത്യം. ആ സത്യത്തെ കലയുടെ സത്യമാക്കാന്‍ ബിന്ദുവിനു് അറിഞ്ഞുകൂടാ. ജീവിതവ്യാഖ്യാനം നിര്‍വ്വഹിക്കാതെ ബ്ളോട്ടിങ് പേപ്പര്‍പോലെ ഏതും ഒപ്പിയെടുക്കുന്ന രചനയ്ക്കു് വൈരൂപ്യമാണുള്ളതു്.

യാചകനോടു് ‘ഒന്നുമില്ല’ എന്നു പറഞ്ഞു കാര്യസ്ഥന്‍. വീട്ടിലെ മൂപ്പിന്നു് യാചകനെ തിരിച്ചു വിളിച്ചു് ഭിക്ഷയ്ക്കാണു വന്നതെങ്കില്‍ ഇവിടെ ഒന്നുമില്ല. അതു പറയാന്‍ കാര്യസ്ഥനല്ല, തനിക്കാണു് അധികാരമെന്നു് പറയുന്നു. ഇതാണു് ധീരപാലന്‍ ചാളിപ്പാട്ടു് ജനയുഗം വാരികയിലെഴുതിയ ഒരു പദ്യത്തിന്റെ സാരം — പലരും പറഞ്ഞുപറഞ്ഞു് പഴങ്കുഞ്ഞിയായ ഒരു നേരമ്പോക്കിനെ പഴങ്കുഞ്ഞിയിലും കെട്ടരീതിയില്‍ ധീരപാലനു് എടുത്തെഴുതാന്‍ അറിയാം.

പ്യേര്‍ ഒഗ്യുസ്ത് റന്‍വേര്‍ (Renoir) ഫ്രഞ്ചു ചിത്രകാരനായിരുന്നു. സ്ത്രീകള്‍ പുസ്തകമെഴുത്തുകാരികളും അഭിഭാഷകകളും രാഷ്ട്രീയക്കാരികളുമായി മാറുമ്പോള്‍ രാക്ഷസികളായിത്തീരുന്നുവെന്നു് അദ്ദേഹം പറഞ്ഞു. ശരിയാണോ എന്തോ? പക്ഷേ ഒരു സുന്ദരിയായ പുസ്തകമെഴുത്തുകാരി റന്‍വേറിന്റെ നേര്‍ക്കു് ഒരു കടാക്ഷമെറിഞ്ഞാല്‍ അദ്ദേഹം വീണുപോകും. സുന്ദരിയായ കാവ്യാംഗന കടാക്ഷിച്ചാല്‍ ഞാനും വീഴും. ചുനക്കര രാമന്‍കുട്ടിയുടെ കാവ്യാംഗന കടാക്ഷിച്ചിട്ടും ഞാന്‍ വീഴാത്തതു് അവള്‍ക്കു വൈരൂപ്യമുള്ളതു കൊണ്ടാണു് (മംഗളം വാരികയുടെ മൂന്നാംപുറത്തു് അവള്‍ നില്ക്കുന്നു).

* * *

പൊന്‍കുന്നം വര്‍ക്കിയുടെ ഗദ്യകവിതകള്‍ ബാല്യകാലത്തു വായിച്ചു് ഞാന്‍ ആഹ്ലാദിച്ചിരുന്നു. ആ നല്ല മനുഷ്യന്‍ നിശ്ശബ്ദനായി ഇരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി അതു് എന്നെപ്പോലുള്ളവര്‍ക്കു വിഷാദമുളവാക്കുന്നു. ധൈര്യവും ആര്‍ജ്ജവവുമുള്ള ആ ശബ്ദം ഞങ്ങള്‍ക്കു കേള്‍ക്കണം.