close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 01 26


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 01 26
ലക്കം 541
മുൻലക്കം 1986 01 19
പിൻലക്കം 1986 02 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഞാന്‍ പണ്ടു താമസിച്ചിരുന്ന വീട്ടിനടുത്തു് ഒരു സമുന്നതനായ ഉദ്യോഗസ്ഥന്‍ ഉദ്യോഗസ്ഥയായ ഭാര്യയോടൊരുമിച്ചു താമസിച്ചിരുന്നു. അദ്ദേഹം നീതിന്യായ നിര്‍വഹണത്തില്‍ തല്‍പരന്‍. ശുപാര്‍ശ കേള്‍ക്കില്ല. കൈക്കൂലി കൊണ്ടുവരുന്നവനെ പൊലീസ്സ്റ്റേഷനകത്താക്കും. പാവപ്പെട്ട ഗുമസ്തന്‍ തന്റെ ശമ്പളത്തില്‍ നിന്നു മാസം തോറും പ്രോവിഡന്റ് ഫണ്ടിലടച്ച തുകയില്‍ നിന്നു് ഒരു ചെറിയ തുക രോഗ ചികിത്സയ്ക്കായി കടം ചോദിച്ചാല്‍ ആയിരമായിരം ‘ക്വിഅറി’കള്‍ (query) ഫയലില്‍ രേഖപ്പെടുത്തി കാലവിളംബം വരുത്തി അയാളെ കാലനൂര്‍ക്കു് അയയ്ക്കുന്നതില്‍ പ്രഗൽഭന്‍. ആ നവലങ്കാനാഥനെ പേടിച്ചാരും ആ വഴി നടന്നിരുന്നില്ല. ഞാന്‍ കൊളിജിയറ്റ് വിദ്യാഭ്യാസ വകുപ്പിലായിരുന്നതുകൊണ്ടും ഏതു സ്ഥലത്തേക്കു് എന്നെ മാറ്റിയാലും അതു ശഷ്പതുല്യം പരിഗണിക്കുന്നവൻ ആയിരുന്നതുകൊണ്ടും അദ്ദേഹത്തെ പേടിച്ചിരുന്നില്ല. ഈ നിഷ്പക്ഷ ചിന്താഗതിക്കാരനും പ്രാഡ്വിവാക തുല്യനുമായിരുന്ന ഉദ്യോഗസ്ഥധുരന്ധരന്‍ കന്മതിലില്‍ ചേര്‍ന്നു നിന്നു് റോഡേ പോകുന്ന ചെറുപ്പക്കാരികളെ മാരതാപ പരവശനായി കൈകാണിച്ചു വിളിക്കുമായിരുന്നു. ചിലര്‍ ചിരിക്കും. വേറെ ചിലര്‍ പുച്ഛിച്ചു ചിരിക്കും, മറ്റു ചിലര്‍ കാര്‍ക്കിച്ചു തുപ്പും. ഒരു ദിവസം ഉദ്യോഗസ്ഥന്റെ ഭാര്യ ഈ കാമചാപല്യം കണ്ടു. പിന്നെന്തുണ്ടായിയെന്നു് എനിക്കറിയാന്‍ മേല. വല്ല തിരസ്കരിണി വിദ്യയോ മറ്റോ എനിക്കു വശമായിരുന്നെങ്കില്‍ ഞാനതിന്റെ രഹസ്യം കണ്ടുപിടിച്ചു പ്രിയപ്പെട്ട വായനക്കാര്‍ക്കു പറഞ്ഞു തരുമായിരുന്നു. പക്ഷേ ഒന്നും സംഭവിക്കാത്ത മട്ടില്‍ അവര്‍ രണ്ടു പേരും കാറിന്റെ പിറകിലിരുന്നു പാഞ്ഞു പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ടു്. അദ്ദേഹം ഇപ്പോഴും ഗുമസ്തന്മാരെ പീ‍‍ഡിപ്പിക്കുന്നുണ്ടാവും. സന്ദര്‍ശകരെ ആട്ടിപ്പായിക്കുന്നുണ്ടാവും. ഏതു ന്യായമുള്ള കാര്യമായാലും ഫയലില്‍ കീഴുദ്യോഗസ്ഥന്റെ അഭിപ്രായത്തിനു താഴെ വലിയ NO എഴുതുന്നുണ്ടാവും. ദിവസവും കാലത്തു് എഴുന്നേറ്റു് കന്മതിലില്‍ പൊന്മേനി ചേര്‍ത്തു പെണ്‍കിടാങ്ങളെ കൈകാണിച്ചു വിളിക്കുന്നുണ്ടാവും.

ഇങ്ങനെ പ്രവര്‍ത്തിക്കുന്നവന്‍ സ്വന്തം ഭാര്യയില്‍ ഒരു താല്പര്യവും ഉള്ളവനായിരിക്കില്ല. അതിന്റെ പേരിലും അയാളുടെ പരസ്ത്രീഗമനവാഞ്ഛയുടെ പേരിലും ചെറിയ വഴക്കുകള്‍ ഉണ്ടാകാം. അതു വലിയ വഴക്കുകളായിയെന്നു വരാം. ആ ശണ്ഠകള്‍ കൊണ്ടു് അവരുടെ ലൈംഗികജീവിതം തകര്‍ന്നുവെന്നും വരാം. എന്നാല്‍ അതൊന്നും ആരുമറിയില്ല. കാലത്തു രണ്ടുപേരും ഒരുമിച്ചു കാറില്‍ ഓഫീസുകളിലേക്കു പോകുമ്പോള്‍ അവരെ കണ്ടു ചില പെണ്‍പിള്ളേര്‍. “ഹാ, എന്തു ഭാഗ്യം” എന്നു മൊഴിയും.

കെ.പി. ഭവാനി എഴുതിയ ‘ചിറകു മുറിഞ്ഞ പക്ഷി’ എന്ന ചെറുകഥയില്‍ (വിമന്‍സ് മാഗസിന്‍) ഈ വിധത്തിലല്ലെങ്കിലും മറ്റൊരു വിധത്തില്‍ ദുരന്തത്തിലെത്തിയ ഒരു ദാമ്പത്യജീവിതം കാണാം. ഭാര്യയെ അസ്വതന്ത്രയാക്കി വയ്ക്കുന്ന ദുഷ്ടനായ ഭര്‍ത്താവിന്റെ ചിത്രീകരണമാണു് അതിലുള്ളതു്. ഇംഗ്ലീഷില്‍ ‘വെരിസിമിലിറ്റ്യൂഡ്’ എന്നു വിളിക്കുന്ന ‘സത്യസാദൃശ്യം’ ഇക്കഥയ്ക്കുണ്ടു്. പക്ഷേ കലയിലെ സത്യം ഈ സത്യസാദൃശ്യമല്ല. ഈ കഥയിലെ സംഭവങ്ങള്‍ എല്ലാ വായനക്കാര്‍ക്കും അറിയാം. ആ സംഭവവര്‍ണ്ണനകള്‍ അവര്‍ മുന്‍പു് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലക്ഷ്യത്തില്‍ അവരെ എത്തിക്കുമ്പോഴാണു് കലയുടെ ജനനം. കെ.പി. ഭവാനി കുറെക്കാലമായി കഥകള്‍ എഴുതുന്നു. പക്ഷേ ഇന്നുവരെ അവര്‍ ഈ ലക്ഷ്യത്തില്‍ സ്വയം എത്തിച്ചേര്‍ന്നിട്ടില്ല; വായനക്കാരെ കൊണ്ടെത്തിച്ചിട്ടുമില്ല. ഭവാനി രചിക്കുന്നതു് കഥയല്ല, ജര്‍ണ്ണലിസമെന്നു വിളിക്കാവുന്ന എന്തോ ആണു്.

* * *

ഭാര്യയുടെ നൃശംസതയ്ക്കു വിധേയനായിത്തീര്‍ന്ന ഭര്‍ത്താവിനോടു ചോദിക്കു “Sir, do you think that you made the biggest mistake of your life?” സര്‍ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം നിങ്ങള്‍ ചെയ്തുവെന്നു വിചാരിക്കുന്നുണ്ടോ? No എന്നായിരിക്കും ആ അടിമയുടെ ഉത്തരം. ഭര്‍ത്താവിന്റെ ക്രൂരതയ്ക്കു പാത്രമായിബ്ഭവിച്ച സ്ത്രീയോടു് അതേ ചോദ്യം ചോദിക്കു. No, No എന്നു രണ്ടു തവണ പറയും. ദാമ്പത്യ ജീവിതത്തിലെ അസുഖകരങ്ങളായ സത്യങ്ങള്‍ ആരും പുറത്തു പറയാറില്ല.

ഉന്മാദം

കരുതിക്കൂട്ടി കഥയ്ക്കു കനം കൂട്ടുക; എന്നു പറഞ്ഞാലോ? എത്ര ക്ലേശിച്ചാലും അര്‍ത്ഥം മനസ്സിലാകാതിരിക്കത്തക്ക വിധത്തില്‍ സങ്കീര്‍ണ്മത വരുത്തുക — ഇതാണു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘കവര്‍ച്ചകള്‍’ എന്ന ‘ചെറുകഥ’യെഴുതിയ എന്‍. പ്രഭാകരന്റെ പ്രവര്‍ത്തനം. കഥ പറയുന്ന ആളും ഒരു പ്രൊഫസറും വേറൊരുത്തനും കൂടി ഒരു ബാങ്കിന്റെ പൂട്ടു തീ കൊണ്ടു ഉരുക്കിക്കളയുന്നു. എന്നിട്ടു് അകത്തു കയറുന്നു. അവിടെ കമ്പിവലയുടെ അകത്തു് ഒരാള്‍ക്കുരങ്ങു്. അതു് സ്വന്തം ജനനേന്ദ്രിയം കൈയിലെടുത്തു രസിക്കുന്നു. സേഫ് പൊളിച്ചു് അകത്തു തലയിട്ട പ്രൊഫസര്‍ക്കു തല തിരിച്ചെടുക്കാന്‍ വയ്യ. കഥ പറയുന്ന ആള്‍ മാനേജരുടെ റിവോള്‍വിങ് ചെയര്‍ എടുത്തു കൊണ്ടുവരുന്നു. അതിലിരുന്നു കറങ്ങുന്നു. ഇതാണു് കഥ. ആദ്യം ഇതിനെ ‘ഫന്‍റാസ്റ്റിക് ഇക്സ്ട്രാവഗന്‍സ’ എന്നു വിളിക്കാന്‍ തോന്നി എനിക്കു്. പിന്നീടു് അതു പോരെന്നും ‘ഭ്രാന്തു്’ എന്നു വിളിക്കണമെന്നും തോന്നി. ഇതു കഥാസാഹിത്യത്തിലെ തിന്മയുടെ പ്രതിരൂപമാണു്; ഭയജനകമാണിതു്. ഭ്രാന്തും വള്‍ഗാരിറ്റിയും ഇതിനെക്കാള്‍ എത്രയോ മടങ്ങുഭേദം. അതുകൊണ്ടു് ‘ഭ്രാന്തു്’ എന്നു മുന്‍പെഴുതിയതു് ഞാന്‍ പിന്‍വലിക്കുന്നു.

* * *

ചില കഥകള്‍ അവയിലെ ബാഹ്യ ജീവിതംകൊണ്ടു് നമ്മളെ ആകര്‍ഷിക്കും. ഉദാഹരണം പി. കേശവദേവിന്റെ കഥകള്‍. വേറെ ചില കഥകള്‍ അവയിലെ ആന്തരജീവിതംകൊണ്ടു് നമ്മെ ആകര്‍ഷിക്കും. ഉദാഹരണം പി.സി. കുട്ടിക്കൃഷ്ണന്റെ കഥകള്‍. ബാഹ്യ ജീവിതമോ ആന്തരജീവിതമോ ഇല്ലാതെ മനുഷ്യനെ രാവണന്‍കോട്ടയിലേക്കു് എറിയുന്ന കഥകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു.

മരിക്കുന്ന രോഗി

സഹോദരന്‍ സ്നേഹിതനായിരിക്കുകയില്ല; പക്ഷേ, സ്നേഹിതന്‍ പലപ്പോഴും സഹോദരനായിരിക്കും എന്നൊരു ചൊല്ലു് കേട്ടിട്ടുണ്ടു്. സ്നേഹിതനും സഹോദരനാവുകയില്ല എന്നു തെളിയിക്കുന്നു ദേശാഭിമാനി വാരികയിലെ ‘ഒരു പെരുന്നാള്‍ പേക്കിനാവു്’ എന്ന കഥ (ടി.വി.എം. അലി എഴുതിയതു്). ഒരു തെറ്റും ചെയ്യാത്തവനാണു് കുട്ട്യാലി എന്ന പോസ്റ്റ്മാന്‍. അയാളുടെ സ്നേഹിതന്റെ അമ്മ മരിച്ചു. ശവമടക്കാന്‍ പണമില്ല. അമ്മയുടെ പേരില്‍ വന്ന മണിയോര്‍ഡര്‍ കള്ളയൊപ്പിട്ടു് എടുക്കാന്‍ സ്നേഹിതന്‍ കുട്ട്യാലിയെ പ്രേരിപ്പിക്കുന്നു. കഥയുടെ അസ്പഷ്ടമായ പര്യവസാനത്തില്‍ നിന്നു് അയാള്‍ വഴങ്ങിയോ ഇല്ലയോ എന്നു നിശ്ചയിക്കാന്‍ വയ്യ. എങ്കിലും വഴങ്ങി എന്ന തീരുമാനത്തിലാണു് നമ്മള്‍ എത്തേണ്ടതു്. സമകാലിക സമുദായത്തിലെ അനീതികളെ ആക്രമിക്കുന്ന കഥകളാണല്ലോ പുരോഗമന ചിന്തകള്‍ക്കു പ്രാധാന്യം നല്കുന്ന ദേശാഭിമാനിയില്‍ വരാറു്. അതിനാല്‍ സമുദായത്തിന്റെ തെറ്റായ ഘടനയുടെ ഫലമായി പോസ്റ്റ്മാനു് ദാരിദ്ര്യമുണ്ടെന്നും ആ ദാരിദ്ര്യത്തിന്റെ ഫലമായി അയാള്‍ പണം അപഹരിച്ചെന്നും നമ്മള്‍ കരുതുകുയാണു വേണ്ടതു്.

അലിയുടെ കഥയിലെ സമുദായം രോഗം പിടിച്ചു കിടക്കുകയാണു്. രോഗിക്കു് എയ്ഡ്സല്ല രോഗം. വേണ്ടിടത്തോളം ആഹാരം കിട്ടാത്തതുകൊണ്ടു് എല്ലും തോലുമായി മാറിയിരിക്കുകയാണു് അയാള്‍ (സമുദായം) ചോറും കറിയും ഫലവര്‍ഗ്ഗങ്ങളും മറ്റും കൊടുത്താല്‍ രോഗം ഭേദമാകാതിരിക്കില്ല. എന്നാല്‍ അതൊക്കെ കിട്ടാന്‍ എന്തു വഴി? ഒരു വഴിയുമില്ല, കമ്മ്യൂണിസമല്ലാതെ. അലി എന്ന ഡോക്ടര്‍ നിസ്സഹായാവസ്ഥയില്‍ സമുദായരോഗിയുടെ നാഡി പിടിച്ചു നോക്കിക്കൊണ്ടു നില്‍ക്കുന്നു. അയാളുടെ ആ ചിത്രം അത്ര മോശമാണെന്നു പറയാന്‍ വയ്യ.

* * *

ഞാനിത്രയും എഴുതിയിട്ടു് ആകാശത്തേക്കു നോക്കുമ്പോള്‍ രജതപ്രഭയാര്‍ന്ന ഒരു കിളി ധവളാഭമായ മേഘശകലത്തിലേക്കു പറന്നടുക്കുന്നതായി കാണുന്നു. സൂര്യന്റെ തീക്ഷ്ണരശ്മികള്‍ വതിച്ചു്. മേഘശകലത്തിന്റെ വെണ്മയിലേക്കു് ആവാഹിച്ചു് അതു കൂടുതല്‍ ശോഭയുള്ളതായി മാറുന്നു. അതാ അതു് അപ്രത്യക്ഷമായി. ഇനി അതിന്റെ തിളക്കം ഒരോര്‍മ്മ മാത്രം. അതു മതി. ആ ഓര്‍മ്മതന്നെ ഹൃദയത്തിനു് ഉല്ലാസം നല്‍കും. യഥാര്‍ത്ഥത്തില്‍ കല ഇതുപോലൊരു വിഹംഗമമല്ലേ?

രാഷ്ട്രവ്യവഹാരം എന്ന നാറ്റം

നമ്മള്‍ കഴിക്കുന്ന ആഹാരം ദഹന ക്രിയയ്ക്കു വിധേയമാകുമ്പോള്‍ ധാരാളം വായു വയറ്റിലും കുടലിലും ഉണ്ടാകുന്നുവെന്നു് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറഞ്ഞിട്ടു വേണ്ട നമ്മള്‍ മനസ്സിലാക്കാന്‍. എങ്കിലും അദ്ദേഹമതു പറഞ്ഞു. ഇങ്ങനെയുണ്ടാകുന്ന വായു ദുര്‍ഗ്ഗന്ധമാര്‍ന്നതു കൊണ്ടു് അതിനെ പുറത്തേക്കു് അയയ്ക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതും സത്യം. അങ്ങനെ വായുവിനെ അടക്കിവച്ചാല്‍ വല്ലാത്ത വയറ്റുവേദനയും മറ്റു രോഗങ്ങളും ഉണ്ടാകും. ഇതൊഴിവാക്കാന്‍ ഫ്രാങ്കിളിനു് ഒരു നിര്‍ദ്ദേശമുണ്ടു്. ആഹാരത്തോടൊരുമിച്ചു് ഏതെങ്കിലും മരുന്നുകൂടെ കഴിക്കണം. ഇങ്ങനെ കണ്ടുപിടിക്കപ്പെട്ട മരുന്നു് ദുര്‍ഗ്ഗന്ധമാര്‍ന്ന വായുവിനെ പരിമളമുള്ളതാക്കിത്തീര്‍ത്തണം. പഴകിയ മാംസം ഉള്ളിയോടു ചേര്‍ത്തു കഴിക്കുന്നവന്‍ പുറത്തേക്കു് അയയ്ക്കുന്ന വായു അസഹനീയമായ വിധത്തില്‍ ദുര്‍ഗ്ഗന്ധമുള്ളതായിരിക്കും. എന്നാല്‍ സസ്യഭുക്കിന്റേതു് അത്ര തീക്ഷ്ണതയുള്ളതായിരിക്കില്ല (എല്ലാം ഫ്രാങ്ക്ളിന്റെ അഭിപ്രായം).

കേരളത്തിലെ രാഷ്ട്ര വ്യവഹാരത്തെ ഉദരമായി സങ്കല്പിക്കാമെങ്കില്‍ അമ്പതു കൊല്ലം മുന്‍പു് അതില്‍ നിന്നു നിര്‍ഗ്ഗമിച്ചിരുന്ന വായു സസ്യഭുക്കിന്റേതായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ എല്ലാവരും മാംസഭുക്കുകളായി മാറി. അവര്‍ സംസ്കാരം ആവശ്യപ്പെടുന്നതനുസരിച്ചു്, വായുവിനെ നിയന്ത്രിക്കേണ്ടതായിരുന്നു. അതു ചെയ്യാതെ സ്വച്ഛന്ദം അതു നിര്‍ഗ്ഗമിപ്പിച്ചു തുടങ്ങി. ഇന്നു് മൂക്കും കൊണ്ടു് ആര്‍ക്കും ഇറങ്ങി നടക്കാന്‍ വയ്യ. ചില കമ്മിറ്റിയംഗങ്ങള്‍ക്കും ചില സംഘടനകളുടെ പ്രസിഡന്റന്മാര്‍ക്കും ഊ പൂതിഗന്ധം നറുമണമായി തോന്നുന്നുണ്ടെങ്കിലും സ്വാര്‍ത്ഥതാല്‍പര്യമില്ലാത്തവര്‍ക്കു് ഇതു് പൂതിഗന്ധം തന്നെയാണു്. ഇതിനെ പരിമളമുള്ളതാക്കി തീര്‍ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? ഫ്രാങ്ക്ളിന്‍ വിചാരിച്ചാല്‍പ്പോലും അതിനു വഴി കണ്ടുപിടിക്കാന്‍ സാദ്ധ്യമല്ല. ഒറ്റ മാര്‍ഗ്ഗം ഇതു പൂതിഗന്ധമാണെന്നു് ഉറക്കെപ്പറയുക എന്നതാണു്. ആ ‘മംഗളകര്‍മ്മം’ ഭംഗിയായി അനുഷ്ഠിക്കുന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ ‘കോങ്ക്രോത്തു് ഇല്ലവും കൃഷ്ണക്കുറുപ്പും’ എന്ന കഥ വായിച്ചു നോക്കുക. ദുര്‍ഗ്ഗന്ധത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്ന ഈ പ്രവര്‍ത്തനം വിരാമമില്ലാതെ മുന്നോട്ടു പോകട്ടെ. കേരളീയര്‍ മൂക്കു പൊത്തിക്കൊണ്ടു് പരക്കം പായുകയാണല്ലോ.

യേശു വരുമോ?

പ്രായം കുറഞ്ഞവളെ വിവാഹം കഴിക്കുന്നതിനെക്കാള്‍ ഭേദം പ്രായം കൂടിയവളെ സഹധര്‍മ്മിണിയാക്കുകയാണെന്നും ഫ്രാങ്ക്ളിനു് അഭിപ്രായമുണ്ടു്. അതിന്റെ കാരണങ്ങളും അദ്ദേഹം നല്കിയിട്ടുണ്ടു്.

  1. കിഴവിക്കു് ലോകപരിചയം കൂടും. അതിനാല്‍ അവളുടെ വര്‍ത്തമാനം രസകരമായിരിക്കും.
  2. സൌന്ദര്യത്തില്‍ ശ്രദ്ധിക്കാതെ പ്രായോഗികതയില്‍ അവൾ മനസ്സുവയ്ക്കും. അതു പുരുഷനു് സഹായകരമായിരിക്കും.
  3. സന്താനം ഉണ്ടാവുകയില്ല.
  4. സംശയത്തിനു് സ്ഥാനമില്ല (ജലസി ഉണ്ടാവുകയില്ല എന്നര്‍ത്ഥം).
  5. ഇരുട്ടത്തു് എല്ലാ പൂച്ചകള്‍ക്കും ചാരനിറം. അതുപോലെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ തരുണിക്കും വൃദ്ധയ്ക്കും തമ്മില്‍ വ്യത്യാസമില്ല. പലപ്പോഴും വൃദ്ധ മെച്ചവും.
  6. പാപകര്‍മ്മം കിഴവിക്കു കുറവു്. അതുകൊണ്ടു് പുരുഷനു് സ്വസ്ഥത നശിക്കില്ല.
  7. നന്ദി കൂടും വൃദ്ധയ്ക്കു്.

ഇതിനു നേരെ വിപരീതമായി പ്രായം കൂടിയ ഭര്‍ത്താവുമായുള്ള തരുണിയുടെ ജീവിതത്തെ ആദര്‍ശാത്മകമാക്കി ചിത്രീകരിക്കുന്നു ‘ഗൃഹലക്ഷ്മി’യിലെ ഒരു ലേഖനം. എനിക്കു സ്നേഹവും ബഹുമാനവുമുള്ള പുരുഷന്മാരെയാണു് ആ ലേഖനത്തില്‍ കൊണ്ടുവന്നിരിക്കുന്നതു്. അതുകൊണ്ടു് കമന്റിനു മാര്‍ഗ്ഗമില്ല. ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ: “മദ്യം സീതയ്ക്ക് (സീതാലക്ഷ്മി) കണ്ടുകൂടാ. പക്ഷേ, ദേവിനു് (പി. കേശവദേവ്) അതു പ്രിയം. പക്ഷേ, അതും അവരുടെ ജീവിതത്തില്‍ അസ്വസ്ഥതയുണ്ടാക്കിയില്ല. ദേവ് മദ്യപിച്ചു വന്നാല്‍ സീത പിണക്കം നടിക്കും. ഗേറ്റു് കടന്നാലുടന്‍ ചെടിയൊടിച്ചു രണ്ടു മൂന്നു കുഞ്ഞടി കൊടുക്കും. വേദനിക്കുമ്പോള്‍ അദ്ദേഹം ചിരിക്കും. സീതയെ കെട്ടിപ്പിടിച്ചു് ഉമ്മവച്ചു് അകത്തേക്കു കടക്കും. അതോടെ പിണക്കം തീരും” (പുറം 9). ഈ അഴുക്കു മുണ്ടെല്ലാമെടുത്തു പരസ്യമായി അലക്കേണ്ടതുണ്ടോ? വിശേഷിച്ചും അശ്‌മപട്ടം മാതൃഭൂമി പ്രസാധനമായിരിക്കുമ്പോള്‍. യേശുദേവന്‍ കുഷ്ഠരോഗികളുടെ ആ രോഗം മാറ്റി. ജര്‍ണ്ണലിസത്തിലെ കുഷ്ഠം മാറ്റാന്‍ ആരു അവതരിക്കും.

ട്രിക്ക്

കഥ ‘ട്രിക്ക്’ ആകുമ്പോള്‍ രസിക്കുന്നതു് അനാഗത ശ്മശ്രൂക്കളും അനാഗതാര്‍ത്തവകളുമായിരിക്കും. അവരെ രസിപ്പിച്ച ഒരു കഥാകാരനാണു് ഒ. ഹെന്‍ട്രി. അദ്ദേഹത്തിന്റെ While the auto waits എന്ന കഥയുടെ സംഗ്രഹം നല്കാം. ഒരു പാര്‍ക്കില്‍ ചാര നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു് ഒരു സുന്ദരിപ്പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ അടുക്കല്‍ സാധാരണമായ വേഷം ധരിച്ച ഒരു യുവാവു് വന്നു് ഇരിപ്പായി. താനൊരു ‘ലേഡി’യാണെന്നു് അവള്‍ അയാളോടു പറഞ്ഞു. റോഡില്‍ ആ കാറ് കിടക്കുന്നില്ലേ, അതു് തന്റെതാണെന്നും അവള്‍ അറിയിച്ചു. യുവാവു് പറഞ്ഞു. “അതാ അക്കാണുന്ന ഭക്ഷണശാലേയിലെ ക്യാഷ്യറാണു് ഞാന്‍” അവര്‍ കുറെ നേരം സംസാരിച്ചു. തനിക്കു് ഒരു ഡിന്നറിനു പോകണം അതിനു ശേഷം തീയറ്ററിലേക്കും എന്നു് അവള്‍ അയാളെ അറിയിച്ചു. തന്റെ കൂടെ വരരുതെന്നു നിര്‍ദ്ദേശിച്ചിട്ടു് അവള്‍ വേഗം നടന്നു് ഭക്ഷണശാലയില്‍ കയറി. ക്യാഷ്യറുടെ സ്ഥാനത്തിരുന്ന വേറൊരു ചെറുപ്പക്കാരി അവിടെ നിന്നു താഴത്തേക്കിറങ്ങി. അവിടേക്കു പാര്‍ക്കില്‍ വച്ചു നാം കണ്ട യുവതി കയറിയിരുന്നു. യുവാവു് റോഡിലിട്ടിരുന്ന തന്റെ കാറില്‍ കയറി ഡ്രൈവറോടു് ആജ്ഞാപിച്ചു: “ഹെന്‍ട്രി, ക്ലബ്ബിലേക്കു്.” പെണ്‍പിള്ളേരുടെ ദുരഭിമാനത്തെ ചിത്രീകരിക്കുന്ന ഈ കഥയ്ക്കു സാഹിത്യത്തിന്റെ മേന്മയില്ല. ഇതു് ജാലവിദ്യ മാത്രമാണു്. ഇതുപോലൊരു ട്രിക്കാണു് മണര്‍കാടു് വിജയന്റെ “ഹരിഗോവിന്ദന്റെ…” [അടുത്തപദം എന്താണെന്നു് അറിയാന‍് പ്രയാസം. എഴുതിയിട്ടു് അച്ചടിച്ചതല്ലേ? കരിക് എന്നാണോ? എന്തോ!] ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു കഴിയുന്നു. അപ്പോഴുണ്ടു് ഭര്‍ത്താവിന്റെ ഒരു പൂര്‍വ്വസ്നേഹിതന്‍ വരുന്നു. അയാള്‍ ആരെന്നു ഭാര്യക്കു് അറിഞ്ഞുകൂടാ. കണ്ടപ്പോള്‍ മനസ്സിലായി പണ്ടു് താന്‍ അടികൊടുപ്പിച്ച ആളാണെന്നു്. ഒ. ഹെന്‍ട്രിയുടെ കഥകളില്‍ ഉള്ളതുപോലെ ഇതിനും ‘ട്രിക്ക് എന്‍ഡിങ്’ ഉണ്ടു്. ഇത്തരം കഥകള്‍ ജീവിതാവിഷ്കരണാത്മകതിയില്ലാതെ \(ax^2 + bx + c = o\) തുടങ്ങിയ ഇക്വേഷന്‍ പോലെ വിരാജിക്കുന്നു. ചെറുകഥാസാഹിത്യം ഇതില്‍ നിന്നെല്ലാം വളരെ വളര്‍ന്നുപോയിരിക്കുന്നു (കഥ ‘വനിത’യില്‍).

* * *

അമരത്വം വരിച്ച ഒരു സ്നേഹിതനെ ഒരു ദരിദ്രന്‍ കണ്ടു. കൂട്ടുകാരന്റെ ദാരിദ്ര്യത്തിന്റെ കഥകള്‍ കേട്ട അയാള്‍ ഒരു ചുടുകട്ടയുടെ നേര്‍ക്കു വിരല്‍ ചൂണ്ടി അതിനെ സ്വര്‍ണ്ണമാക്കി മാറ്റി അയാള്‍ക്കു കൊടുത്തു. ദരിദ്രനു് തൃപ്തിയായില്ല. അമരത്വമാര്‍ന്നവന്‍ ഓടിപ്പോകുന്ന ഒരു സിംഹത്തിന്റെ നേര്‍ക്കു വിരല്‍ചൂണ്ടി അതിനെയും സ്വര്‍ണ്ണമാക്കി. എന്നിട്ടും ദരിദ്രനു് ഒട്ടും തൃപ്തിവന്നില്ല. “ഇനി എന്തുവേണം?” എന്നു ചോദ്യമായി അയാള്‍. അപ്പോള്‍ ദരിദ്രന്‍ പറഞ്ഞു: “എനിക്കു നിങ്ങളുടെ വിരല്‍ വേണം.” (Ancient Chinese Fables എന്ന പുസ്തകത്തില്‍ നിന്നു്.) വൈലോപ്പിള്ളി ഓരോ തവണ വിരല്‍ ചൂണ്ടിയപ്പോഴും ഓരോ സ്വര്‍ണ്ണശില്പം നമുക്കു കിട്ടി. അദ്ദേഹത്തിന്റെ തൂലിക നമുക്കു വേണമെന്നു പറഞ്ഞതുകൊണ്ടു പ്രയോജനമില്ല. അതുതന്നെയാണു് ജി. ശങ്കരക്കുറുപ്പു് പണ്ടു പറഞ്ഞതും. ചങ്ങമ്പുഴ മരിച്ചപ്പോള്‍ ജി എഴുതി ആ മരണം ജനിപ്പിച്ചു ദുഃഖം പകര്‍ത്താന്‍ ചങ്ങമ്പുഴയുടെ തൂലിക തന്റെ കൈയിലില്ലല്ലോ എന്നു്.

യുണാനിമിസം

ബസ്സില്‍ അല്ലെങ്കില്‍ തീവണ്ടിയില്‍ കയറുമ്പോള്‍ ആളുകള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ അസാധാരണങ്ങളും സംസ്കാര രഹിതങ്ങളുമാണു്. ചവിട്ടാനും ഇടിക്കാനും തള്ളിയിടാനും കഴുത്തില്‍പ്പിടിച്ചു വലിക്കാനും മറ്റും ആര്‍ക്കും മടിയില്ല. സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരും ക്രിസ്തുശിഷ്യന്മാരും കൂടെ കയറാന്‍ ശ്രമിക്കുന്നവരെ ഇടിക്കുന്നതും ചവിട്ടുന്നതും “എന്റെ കണ്ണുകൊണ്ടു്” ഞാന്‍ കണ്ടിട്ടുണ്ടു്. എന്നാല്‍ വാഹത്തിനകത്തു സ്ഥലം പിടിച്ചു കഴിഞ്ഞാല്‍ ആളുകളുടെ സ്വഭാവത്തിനു മാറ്റം വരുന്നു. വൃദ്ധനു യുവാവു് ഇരിപ്പിടമൊഴിഞ്ഞു കൊടുക്കുന്നു. അംഗഭംഗമുള്ളവനെ മറ്റാളുകള്‍ ഇരുത്തുന്നു. വാഹനം കുറെദൂരം ഓടിക്കഴിഞ്ഞാല്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ എല്ലാവരും പെരുമാറുന്നു. ഇതിനെക്കുറിച്ചാണു് പ്രൊഫസര്‍ കെ.എം. തരകന്‍ മനോരമ ആഴ്ചപ്പതിപ്പില്‍ ഉപന്യസിച്ചിട്ടുള്ളതു്. ഈ താല്ക്കാലിക സൗഹൃദം ചിലപ്പോള്‍ സ്ഥിര സൗഹൃദമായി മാറുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

വാഹനത്തിനകത്തു വച്ചുണ്ടാകുന്ന ഈ ബന്ധത്തിനു് അല്ലെങ്കില്‍ ഐക്യത്തിനു് യുണാനിമിസം എന്നാണു് പേരു്. ഫ്രഞ്ചെഴുത്തുകാരന്‍ ഷ്യൂള്‍ റൊമങ്ങിന്റെ കൃതികളുടെ അടിസ്ഥാനം ഈ തത്ത്വചിന്തതന്നെയാണു്. സമഷ്ടിഗതമായ വികാരമാണു് യുണാനിമിസം.

ഫുട്ബോള്‍ കളിക്കാരെ നോക്കൂ. പതിനൊന്നു കളിക്കാരില്‍ ഓരോരുത്തനും ഓരോ സ്വഭാവമാണു്. ചിലപ്പോള്‍ തമ്മില്‍ത്തമ്മില്‍ ശത്രുതയുമുണ്ടായിരിക്കും. എങ്കിലും ഗ്രൗണ്ടില്‍ ഇറങ്ങിക്കഴിയുമ്പോള്‍ ഒറ്റ വികാരമാണു് അവരെ ഭരിക്കുക. ആ വികാരത്തിനു ഭംഗം വരുത്താന്‍ ആരു ശ്രമിച്ചാലും പ്രതിഷേധമുണ്ടാകും. ബസ്സില്‍ സഞ്ചരിക്കുന്നവരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ചെക്കിങ് ഇന്‍സ്പെക്ടര്‍ വരുമ്പോള്‍ ഓരോ യാത്രക്കാരനും വെറുപ്പാണു്. വാഹനത്തില്‍ നാല്പത്തഞ്ചു യാത്രക്കാരുണ്ടെന്നു വിചാരിക്കു. ഓരോ യാത്രക്കാരന്റെയും വികാരത്തിന്റെ അളവു് രണ്ടാണെന്നു കരുതു. അപ്പോള്‍ ആകെ വികാരം തൊണ്ണൂറല്ലേ? അല്ല. അതു് ആയിരമോ അതിലധികമോ ആയിരിക്കും. യുണാനിമിസം സാഹിത്യത്തില്‍ എങ്ങനെ ആവിഷ്കരിക്കുന്ന എന്നറിയണമെങ്കില്‍ ഷ്യൂള്‍ റൊമങ് എഴുതിയ Men of goodwill എന്ന ദീര്‍ഘമായ നോവല്‍ വായിക്കണം. അതിനു സൗകര്യമില്ലെങ്കില്‍ അദ്ദേഹത്തിന്റെ The Death of a Nobody എന്ന ചെറിയ നോവല്‍ വായിച്ചാല്‍ മതി (പേരു് ഇതു തന്നെയോ എന്നു സംശയമുണ്ടു്). അതൊരു കലാശില്പമാണു്. സുപ്രധാനമായ ഈ തത്ത്വചിന്തയെക്കുറിച്ചു് ഓര്‍മ്മിക്കുവാന്‍ എനിക്കു സാഹായ്യമരുളി പ്രൊഫസര്‍ കെ.എം. തരകന്റെ ലേഖനം.

മനഃശാസ്ത്രപരമായ കഥ

സിനിമയില്‍ കണ്ടതാണു്. ചിലര്‍ മലയുടെ മുകളിലേക്കു കയറുന്നു. ഐസ് ആക്സ് കൊണ്ടു് മലയില്‍ വെട്ടി കൊച്ചു കുഴികള്‍ ഉണ്ടാക്കി അതില്‍ അള്ളിപ്പിടിച്ചുകൊണ്ടാണു് കയറ്റം. ഒടുവില്‍ അവര്‍ മലയുടെ മുകളില്‍ കയറിനില്ക്കുന്നു. മലയില്‍ കയറാന‍് ഭാവിച്ചപ്പോള്‍ തങ്ങള്‍ക്കു് ഏതു രീതിയിലുള്ള സ്വത്വം ഉണ്ടായിരുന്നുവോ അതില്‍നിന്നു വിഭിന്നമായ സ്വത്വമാണു് ഉപരിതലത്തില്‍ നില്ക്കുമ്പോള്‍ അവര്‍ക്കു് ഉണ്ടായിരിക്കുക. അതുപോലെ വിവാഹിതയായ സ്ത്രീ മേലുദ്യോഗസ്ഥന്റെ കാരുണ്യമാര്‍ന്ന പെരുമാറ്റത്താലും സ്നേഹപൂര്‍ണ്ണമായ വാക്കുകളാലും വശീകരിക്കപ്പെട്ടു് മറ്റൊരു സ്വത്വം ആര്‍ജ്ജിച്ചു് ദുരന്തത്തില്‍ ചെല്ലുന്നതു് പ്രാഗല്ഭ്യത്തോടെ ചിത്രീകരിക്കുന്നു സി. രാധാകൃഷ്ണന്‍ (‘നിറം മാറുന്ന ജീവികള്‍’ എന്ന ചെറുകഥ, കഥാ ദ്വൈവാരികയില്‍) പെരുമാറ്റവും വാക്കുകളുമാണു് ഇവിടെ ഐസ് ആക്സ് നിര്‍മ്മിക്കുന്ന കുഴികള്‍. ഒരു വ്യത്യാസമുണ്ടു്. മലയുടെ മുകളില്‍ച്ചെന്നു നില്‍ക്കുന്നവനു് ആന്തരശക്തി കൂടും. മേലുദ്യോഗസ്ഥന്റെ (കഥയില്‍ മാനേജിംഗ് ഡയറക്ടര്‍) കെണിയില്‍ വീഴുന്ന വിവാഹിതയ്ക്കു് പ്രതിക്ഷണം ദൗര്‍ബ്ബല്യം വര്‍ദ്ധിക്കുന്നു. ആ ദൗര്‍ബ്ബല്യം വളരെ കൂടുമ്പോള്‍ അവള്‍ തകരുകയാണു്. രാധാകൃഷ്ണന്റെ കഥയുടെ ശില്പവും അതിന്റെ ഭാഗമായ ആഖ്യാനവും നന്നു്.

വൈലോപ്പിള്ളി

Dear reader, ethics demands that I speak the truth — പ്രിയപ്പെട്ട വായനക്കാരെ, സദാചാരസംഹിത എന്നോടു് ആവശ്യപ്പെടുന്നു, സത്യം പറയാന്‍. അതുകൊണ്ടു് സത്യം പറയട്ടെ. നമ്മള്‍ കേരളീയര്‍ കവിയായ വൈലോപ്പിള്ളിയെ അവഗണിച്ചു. ഓരോ കവിയുടെയും കവിത പരിശോധിക്കു. സവിശേഷതകള്‍ കാണാം. കുഞ്ചന്‍ നമ്പ്യാര്‍ ദിര്‍ഘതയിലെ സമ്പന്നതയും ശൂന്യതയും ബഹിര്‍ഭാഗസ്ഥതയും ചിത്രീകരിച്ചു. എഴുത്തച്ഛന്‍ ദീര്‍ഘതയിലെ സമ്പന്നത മാത്രം ആവിഷ്കരിച്ചു. വെണ്മണി ഉപരിപ്ലവതയില്‍ മാത്രം രസിച്ചു. വൈലോപ്പിള്ളി ഒരു ബിന്ദുവിനകത്തുള്ള സമ്പന്നത കണ്ട കവിയാണു്. അക്കാര്യത്തില്‍ അദ്ദേഹത്തിനു സദൃശനായി വേറൊരു കവിയുടെ പേരു പറയാന്‍ പ്രയാസം. ആ കവിക്കു് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം നമ്മള്‍ നല്‍കിയില്ല. വിശ്വസാഹിത്യത്തിലെ ഏതു് ഉത്കൃഷ്ട കാവ്യത്തോടും തുല്യമായ ‘കുടിയൊഴിക്കല്‍’ എന്ന കാവ്യം രചിച്ച കവിക്കു് സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റാകാന്‍ പോലും യോഗ്യത ഇല്ലാതെ പോയി. ജ്ഞാനപീഠം സമ്മാനത്തിനു് അര്‍ഹതയുള്ള അദ്ദേഹത്തിനു് അതു കിട്ടിയില്ല.

അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടോ? നമ്മള്‍ അദ്ദേഹത്തെ അപമാനിച്ചു. നദീതീരത്തു നിന്നു് ആ മൃതദേഹം എടുത്തുമാറ്റി. പട്ടട പൊളിച്ചു മാറ്റി. സി.പി. ശ്രീധരന്‍ എഴുതിയതു പോലെ പതിനാറു് ആളുകള്‍ വേളയില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ സംസ്കാരചക്രവാളത്തെ വികസിപ്പിച്ച, കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനും നിരപരാധനുമായിരുന്ന ആ പ്രതിഭാശാലിയെ നമ്മള്‍ അപമാനിച്ചു. ജീവന്‍ വാര്‍ന്നു പോയ അദ്ദേഹത്തിന്റെ പ്രത്യക്ഷ ശരീരത്തെയും നമ്മള്‍ അപമാനിച്ചു. ഈ അപമാനനവും നിന്ദനവും പൊറുക്കത്തക്കതല്ല.

ഈ നല്ല കവിയെക്കുറിച്ചു് വേറൊരു പ്രതിഭാശാലിയായ കവി — ഒ.എന്‍.വി. കുറുപ്പു് — സത്യസന്ധമായും ഹൃദയസ്പര്‍ശകമായും ‘ട്രയല്‍’ വാരികയില്‍ എവുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിലെ ചില വാക്യങ്ങള്‍ കേട്ടാലും:

…ആ ജ്വാല നാടിന്റെ സംസ്കാരശോഭയായിരിക്കുന്നു. പ്രിയപ്പെട്ട വൈലോപ്പിള്ളി, ഒരു കൈ മടക്കി ഉയര്‍ത്തി, മെയ്യാകെ ഒന്നു കുലുക്കിയുലര്‍ന്നു്. നെഞ്ചു നിവര്‍ന്നു നിന്നു് അങ്ങു പറഞ്ഞിട്ടുള്ള വാക്കുകള്‍ — ചിലപ്പോള്‍ കോപതാപ പരിഭവങ്ങള്‍ കൊണ്ടു തുടുത്ത, എപ്പോഴും സ്നേഹവാത്സല്യങ്ങള്‍ കൊണ്ടാര്‍ദ്രമായ, പലപ്പോഴും ശിശുസഹജമായ നൈര്‍മ്മല്യമാര്‍ന്ന ആ വാക്കുകള്‍ — എന്റെ ഹൃദയത്തിന്റെ അസ്വസ്ഥതയും ധന്യതയുമായിത്തീര്‍ന്നിരിക്കുന്നു.

ദുഃഖം നിയന്ത്രിച്ചുകൊണ്ടു് ഞാന്‍ ഈ വാക്കുകള്‍ വായിക്കുന്നു. കാലത്തിന്റെ ആവര്‍ത്തിക്കപ്പെടാത്ത നിമിഷമായിരുന്ന വൈലോപ്പിള്ളിയോടു്. ‘അങ്ങയ്ക്കു ധന്യവാദം’ എന്നു പറയുന്നു.

* * *

വിശ്വവിഖ്യാതനായ ഗുസ്തിക്കാരനായിരുന്നു ഗാമ. അദ്ദേഹം തിരുവനന്തപുരത്തു വന്നകാലത്തു് തീവണ്ടിയാപ്പീസില്‍ ഞാൻ പോയി. അന്നു് അവിടെക്കൂടിയ ജനത്തിന്റെ വൈപുല്യം വര്‍ണ്ണിക്കാനാവില്ല. ഗാമ എത്തിയ ദിവസം തന്നെ വള്ളത്തോളും തിരുവനന്തപുരത്തു് വന്നു. പക്ഷേ അദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കാനുണ്ടായിരുന്നില്ല. 1950-നോടു് അടുപ്പിച്ചാണെന്നു തോന്നുന്നു ടെന്നീസ് താരം ആര്‍. കൃഷ്ണന്‍ തിരുവനന്തപുരത്തു വന്നു. അദ്ദേഹത്തിന്റെ കളി കാണാന്‍ വലിയ ജനക്കൂട്ടം. അന്നു തന്നെ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണം ടൗണ്‍ ഹാളിലുണ്ടായിരുന്നു. അതു കേള്‍ക്കാന്‍ ഏതാനും ആളുകള്‍ മാത്രം. പ്രതിഭയെക്കാള്‍ കായികശക്തിക്കാണോ പ്രാധാന്യം? അല്ല. പ്രതിഭ ന്യൂനപക്ഷത്തെയും കായികശക്തി ഭൂരിപക്ഷത്തെയും ആകര്‍ഷിക്കുന്നു എന്നതാവാം ഹേതു. ഒരു ചിന്തകന്‍ വേറൊരു വിധത്തില്‍ ഇതിനു സമാധാനം നല്കിയിട്ടുണ്ടു്. ഗുസ്തിക്കാരന്‍ പ്രതിയോഗിയെ മലര്‍ത്തിയിടുന്നു. അവിടെ സന്ദിഗ്ദ്ധതയില്ല. ടെന്നീസ് കളിക്കാരന്‍ എതിരാളിയെ തോല്പിക്കുന്നു. അവിടെയും സന്ദിഗ്ദ്ധതയില്ല. എന്നാല്‍ രണ്ടു കവികളുടെ രണ്ടു മാസ്റ്റര്‍പീസുകളെ തരേതമ്യപ്പെടുത്തിയാല്‍ ഏതു മെച്ചം എന്നു് നിര്‍ണ്ണയിക്കാന്‍ പ്രയാസം. ആ സന്ദിഗ്ദ്ധതയാണു് ബഹുജനത്തെ അകറ്റുന്നതു്.