close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 07 03


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 07 03
മുൻലക്കം 1998 06 26
പിൻലക്കം 1998 07 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സമുദായത്തില്‍ ജൂഡാസുകളുടെ എണ്ണം കൂടിക്കൂടിവന്നാല്‍ ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കാന്‍ ആളുകള്‍ക്കു കൗതുകമേറും. സാഹിത്യത്തില്‍ ഇന്നു ജൂഡാസുകള്‍ക്കാണു സംഖ്യാബലം. അതുകൊണ്ടു് ക്രിസ്തു ഭക്തനായ ഞാന്‍ സാഹിത്യത്തിലെ ക്രിസ്തുവായ ടോള്‍സ്റ്റോയിയെക്കുറിച്ചു് ഏതാനും വാക്യങ്ങള്‍ എഴുതാന്‍ തല്‍പരത്വമുള്ളവനായിത്തീരുന്നു. പ്രിയപ്പെട്ട വായനക്കാര്‍ ടോള്‍സ്റ്റോയിയുടെ Strider എന്ന കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഉടനെ അതു വായിക്കണം. പരിഷ്കൃതലോകത്തെ സാഹിത്യം പേടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഈ കഥയുടെ പാരായണം വായിക്കുന്നവരെ ഉന്നമിത മനസ്കരാക്കും.

ഒരു കുതിര സ്വന്തം കഥ പറയുന്ന രീതിയില്‍ ടോള്‍സ്റ്റോയി എഴുതിയ ഈ കഥ. കുതിരയുടെ കഥ മാത്രമല്ല ലോകമാകെയുള്ള മനുഷ്യരുടെ കഥയായി മാറി സാര്‍വലൗകികസ്വഭാവം ആവഹിക്കുന്നു. സാര്‍വജനീന സ്വഭാവവും അതിനുണ്ടു്. മനുഷ്യന്റെ സ്വത്തായി കുതിരയെ കരുതുന്നതാണു് ആ മൃഗത്തിനു മനസ്സിലാകാത്തതു്. ‘എന്റെ കുതിര’ - എന്നു ഉടമസ്ഥന്‍ പറയുന്നു. ‘എന്റെ ഭൂമി’ ‘എന്റെ വായു’ ‘എന്റെ വെളളം’ എന്നൊക്കെപ്പറയുന്നതുപോലെയല്ലേ ‘എന്റെ കുതിര’ എന്ന പ്രയോഗവും? ‘എന്റെ വീടു്’ എന്നുപറയുന്നവര്‍ അതില്‍ താമസിക്കുന്നതേയില്ല. ‘എന്റെ ഭാര്യ’ എന്നു ഒരുത്തന്റെ പ്രയോഗം. പക്ഷേ അവള്‍ പാര്‍ക്കുന്നതു വേറെയാരുടെയെങ്കിലും കൂടെയായിരിക്കും. കുതിരയുടെ വിചാരം അതു ഈശ്വരന്റേതാണ് എന്നത്രേ. പക്ഷേ ഉടമസ്ഥന്‍ കരുതുന്നു കുതിര അയാളുടെതാണെന്നു്.

കുതിരയ്ക്കു പ്രായം കൂടി പ്രയോജനശൂന്യമായപ്പോള്‍ ഉടമസ്ഥന്‍ അതിന്റെ കഴുത്തു മുറിപ്പിച്ചു. ചെന്നായും അതിന്റെ കുട്ടികളും കുതിയുടെ മാംസം കടിച്ചുതിന്നു. അത്രത്തോളമെങ്കിലും അതു പ്രയോജനം ചെയ്തു. ഉടമസ്ഥനാകട്ടെ കഴിയുന്നിടത്തോളം ഉപദ്രവങ്ങൾ അന്യര്‍ക്കു ചെയ്തുകൊണ്ടു് ജീവിച്ചു. അയാള്‍ മരിച്ചപ്പോള്‍ ആ തടിച്ച മൃതദേഹം വിലകൂടിയ ശവപ്പെട്ടിക്കകത്താക്കി ചിലര്‍ മോസ്കോയിലേക്കു കൊണ്ടുപോയി അയാളുടെ തൊലിയോ മാംസമോ അസ്ഥിയോ ആളുകള്‍ക്ക് പ്രയാജനപ്പെട്ടില്ല. ആരുടെ ജീവിതമാണു് ആദരണീയം? കുതിരയുടെതോ അതിന്റെ ഉടമസ്ഥന്റേതോ? സംശയമില്ല. കുതിരയുടെ ജീവിതം തന്നെ. കഥയുടെ ആന്തരതത്ത്വത്തിലേക്കു കൈ ചൂണ്ടുന്ന ഒരു വാക്യമുണ്ടു് ഇതില്‍ “… and people considered that I did not belong to God and to myself as is natural to all living creatures, but that I belonged to the stud groom” ഈ ലോകത്തുള്ളതെല്ലാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഈശ്വചൈതന്യം അവയിലെല്ലാം ഒരേ രീതിയില്‍ പ്രകാശിക്കുന്നു എന്നു പറയുകയാണു് സാഹിത്യത്തിലെ ഈശ്വരനായ ടോള്‍സ്റ്റോയി.

റഷന്‍ ‘ഫോര്‍മലിസ’ത്തിന്റെ ഉദ്ഘോഷകനായ ഷ്കോലോഫ്സകി (Viktor Shklovsky 1893-1984) ഇക്കഥയുടെ സവിശേഷത എന്തെന്ന് സ്പഷ്ടമാക്കിയിട്ടുണ്ട്. ഒരു വസ്തുവിനെ പലതവണ നമ്മള്‍ കാണുമ്പോള്‍ അതിനെ തിരിച്ചറിയാന്‍ തുടങ്ങുന്നു. വസ്തു നമ്മുടെ മുന്‍പിലുണ്ടു്. നമുക്കു അതിനെക്കുറിച്ചു് അറിയാം. പക്ഷേ നമ്മള്‍ അതിനെ കാണുന്നില്ല. അതിനാല്‍ അതിനെപ്പററി നമുക്കു കാര്യമായിട്ടെന്തെങ്കിലും പറയാന്‍ വയ്യ. കല എന്തുചെയ്യുന്നു? തോന്നലുകളില്‍ നിന്നു വസ്തുവിനെ മാററുകയാണു് അതിന്റെ ജോലി. പരിചിതമായ വസ്തുവിനെ അപരിചിതമാക്കുമ്പോഴാണ് കലയുടെ കൃത്യം നടക്കുക. ടോള്‍സ്റ്റോയി അനുഷ്ഠിച്ചതും അതുതന്നെ. അദ്ദേഹമെഴുതിയ കുതിരയുടെ കഥയുടെ ഉള്ളടക്കം ചിരപരിചിതമായ ഒരു വിഷയത്തെ അഭൂതപൂര്‍വമാക്കുന്നു. The words ‘my horse’ referred to me, a living horse and seemed as strange to me as the words ‘my land’, ‘my air’, ‘my water’ എന്നു കുതിരയെക്കൊണ്ടു് ടോള്‍സ്റ്റോയി പറയിക്കുമ്പോള്‍ പരിചിത വിഷയം അഭൂതപൂര്‍വമാകുന്നു.

ഞാന്‍ സമീകരിച്ചു പറയുകയല്ല. ശ്രീ. ടി. വി. കൊച്ചുബാവ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘നിങ്ങള്‍ ജീവിച്ചു. മരിച്ചു. ഒക്കെ ശരി ചെയ്തു അദ്ഭുതമെന്തു?’ എന്ന കഥ സുപരിചയമുള്ള വിഷയത്തെ അപരിചിതസ്വഭാവമുള്ളതാക്കുന്നു. അതിലദ്ദേഹം വിജയം പ്രാപിക്കുകയും ചെയ്യുന്നു.

ലെസ്ബാസ് (Lesbos) ദ്വീപിലെ കവി (സ്ത്രീ) സഫോ (Sappho or Psappho C 610 BC-C 580 BC)എഴുതിയ ഒരു കവിത ഞാന്‍ കുറിക്കുന്നു.

With his venom
Irresistible
and bitter sweet

That loosener
of limbs. Love
reptile-like
Strikes me down.

അവയവങ്ങളെ ശിഥിലീകരിക്കുന്നതും തടുക്കാന്‍ വയ്യാത്തതും കയ്പും മാധുര്യവും കലര്‍ന്നതുമായ പ്രേമമെന്ന വിഷം കൊണ്ടു് അവന്‍ എന്നെ ഇഴജന്തുവെന്നപോലെ അടിച്ചു താഴെ വീഴ്ത്തുന്നു. പ്രേമത്തെ ഇവിടെ സര്‍പ്പവിഷമായി കവി കരുതുന്നുണ്ടെങ്കിലും അതു നല്കുന്ന ആഘാതം അവര്‍ക്കു തികച്ചും നിന്ദ്യമല്ല. പക്ഷേ ഗര്‍ഹണീയമായ വിഷമാണു് നമ്മളില്‍ ബന്ധുക്കളും സ്നേഹിതരും കുത്തിവയ്ക്കുന്നതു്. ആ വിഷത്തിന്റെ പേരാണു സ്നേഹം എന്നതു്. ഈ കപടസ്നേഹത്തില്‍ നിന്നു രക്ഷ പ്രാപിക്കലാണു് ഏററവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. ശത്രുവിനെ വിശ്വസിക്കാം. സൗകര്യം കിട്ടിയാല്‍ അവന്‍ നമ്മളെ അടിച്ചുവീഴ്തുമെന്നു് അറിയാം. പക്ഷേ സ്നേഹം ഭാവിച്ചുകൊണ്ടു് വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ നമ്മളെ മരണത്തിലേക്കു നയിക്കുന്ന ബന്ധുവെന്ന സര്‍പ്പത്തെയും സ്നേഹിതനെന്ന സര്‍പ്പത്തെയും നമുക്കു മുന്‍കൂട്ടി കാണാനാവില്ല. അതിനാല്‍ ഇവിടെ മൂല്യാരാധനം വിഫലമായിബ്ഭവിക്കുന്നു. കൊച്ചുബാവയുടെ കഥയിലെ ആ കഥാപാത്രത്തെ നോക്കുക. അയാള്‍ നന്മയല്ലാതെ വേറൊന്നും ചെയ്തിട്ടില്ല. പക്ഷേ ചരിത്രഗവേഷകനു് ആ നന്മയൊന്നും പരിഗണനാര്‍ഹമല്ല. അമാനുഷികമായി അയാള്‍ വല്ലതും ചെയ്തോ? ഇല്ലെങ്കില്‍ അയാള്‍ക്കു് ഒരു പ്രാധാന്യവുമില്ല. ഗവേഷണത്തിനു് എത്തുന്നവന്‍ ആ മനുഷ്യസ്നേഹിയുടെ കാരുണ്യാര്‍ദ്രങ്ങളായ പ്രവൃത്തികളെ തുച്ഛീകരിച്ചുകൊണ്ടു പിന്‍വാങ്ങുമ്പോള്‍ കഥ അവസാനിക്കുന്നു. ഉത്കൃഷ്ടങ്ങളായ മൂല്യങ്ങളെ നിരസിക്കുന്നവരുടെ നേര്‍ക്കുളള ശക്തമെങ്കിലും കലാത്മകമായ ഉപാലംഭമാണു് ഈ കഥ. ഉളളടക്കത്തെ രൂപത്തില്‍ തിരുകുകയല്ല കൊച്ചുബാവ. ഭാവത്തെ സമുചിതമായ രീതിയില്‍ ആവിഷ്കരിക്കുമ്പോള്‍ അതുതന്നെ രൂപമായിത്തീരുകയാണു്. ചിരപരിചിതമായ വിഷയത്തെ ചിരപരിചിതമല്ലാതാക്കുന്ന പ്രക്രിയയാണു് കഥാകാരന്റേതു്.

ചോദ്യം, ഉത്തരം


Symbol question.svg.png “നിങ്ങള്‍ സാഹിത്യകൃതകളെക്കുറിച്ചു് മാത്രമല്ല ഗണിതശാസ്ത്രം. ഭൗതികശാസ്ത്രം. തത്ത്വചിന്ത ഇവയെക്കുറിച്ചുമൊക്കെ എഴുതുന്നു. അവയൊക്കെ മനസ്സിലാകുമോ നിങ്ങള്‍ക്കു്?”

“ഇതൊരു ചോദ്യം തന്നെയാണു്. പക്ഷേ മണ്ടന്റെ ചോദ്യം. സാഹിത്യകൃതികളൊക്കെ മനസ്സിലാക്കിയിട്ടുതന്നെയാണു് ഞാന്‍ ഈ കോളമെഴുതുന്നതു്. എന്നാല്‍ ഗണിതശാസ്ത്രം തുടങ്ങിയവയില്‍ എനിക്കു് അറിവില്ല. ഫ്രഞ്ച് സൈക്കോയനാലിസ്ററ് ഷാക് ലകാങിന്റെ (Jacques Lacan, 19014-1981) കൃതികള്‍ വായിക്കുമ്പോള്‍ എനിക്കു സമ്പൂര്‍ണ്ണമായും മനസ്സിലാകാറില്ല. ലകാങിനും അദ്ദേഹത്തെപ്പോലെയുള്ളവര്‍ക്കും തങ്ങളുടേതായ jargon (അനര്‍ത്ഥ ഭാഷ) ഉണ്ടു്. അതു് എനിക്കെന്നല്ല പലര്‍ക്കും അറിയാന്‍ പാടില്ല. അറിഞ്ഞുകൂടാ എന്നതു കുററവുമല്ല. ശ്രീ. എം. എച്ചു്. ശാസ്ത്രികള്‍ മഹാപണ്ഡിതനാണു് സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം. അദ്ദേഹത്തിനോടു ദെറിദയുടെ Differance എന്ന പ്രയോഗത്തന്റെ വിശദീകരണം ആവശ്യപ്പെട്ടാന്‍ മറുപടി കിട്ടുമോ? ‘എനിക്കറിയില്ല’ എന്നു് ശാസ്ത്രികള്‍ പറഞ്ഞാല്‍ നിങ്ങള്‍ അദ്ദേഹത്തെ ബുദ്ധിശൂന്യന്‍ എന്നു വിളിക്കുമോ?”

Symbol question.svg.png “ബുദ്ധിയും (inelligence) വിവേകവും (wisdom) ഒന്നല്ലേ?”

“അല്ല. ബുദ്ധിയുള്ളവന്‍ ഗാന്ധിജിയെപ്പൊലെ രാജ്യത്തന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കും. വിവേകമുളളവന്‍ അരവിന്ദഘോഷിനെപ്പോലെ ചിന്തകളിലൂടെ ഒരു നൂതന മണ്ഡലം സൃഷ്ടിക്കും. ബുദ്ധിമാന്‍ ഉറക്കെസ്സംസാരിക്കും. വിവേകമുള്ളവന്‍ തന്റെ നൂതന ചിന്താലോകത്തെ പ്രദര്‍ശിപ്പിച്ചിട്ടു മിണ്ടാതിരിക്കും.”

Symbol question.svg.png “പരീക്ഷയില്‍ റാങ്ക് വാങ്ങിക്കുന്നവര്‍ക്കു് ഇത്ര പ്രാധാന്യം പത്രങ്ങള്‍ കൊടുക്കേണ്ടതുണ്ടോ?”

“അത്രകണ്ടു് പ്രചാരമാര്‍ജ്ജിക്കാത്ത ഒരു ലേഖനം ഞാന്‍ വായിച്ചു. (അല്‍ഡസ് ഹക്സിലിയുടേതു്) നൂറുപേരടങ്ങുന്ന കുട്ടികളുടെ സമൂഹത്തില്‍ പത്തുപേര്‍ ആരോഗ്യമുള്ളവരായിരിക്കും. അവര്‍ കായികാഭ്യാസങ്ങളിൽ പ്രഗൽഭരുമായിരിക്കും. അവരെ ചൂണ്ടിക്കാണിച്ചു് ശേഷമുള്ള എണ്‍പതുപേരെ പുച്ഛിച്ചാല്‍ അവരില്‍ പലരും ഞരമ്പുരോഗമുള്ളവരായിത്തീരുമെന്നു് ഹക്‌സ്‌ലി പറയുന്നു. പരീക്ഷ ബുദ്ധിശക്തിയുടെ ടെസ്റ്റല്ല. ഉന്നതമായ വിധത്തില്‍ ജയിക്കുന്നവരെ ഇത്രത്തോളം പൊക്കുമ്പോള്‍ മററുള്ള കുട്ടികള്‍ക്കു നിരാശതയുണ്ടാവും. അവര്‍ ന്യൂറോട്ടിക്കാവും. വിചാരിച്ച മാര്‍ക്ക് കിട്ടാതെ നിരാശപ്പെട്ടു കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങള്‍ പത്രങ്ങളില്‍ വരുന്ന ഈ സ്ഥുലീകരിച്ച വാര്‍ത്തകളും മന്ത്രിയുടെ അഭിനന്ദവും വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിദ്ധ്യവും (അഭിനന്ദനവേളകളില്‍) ആണു് ഇത്തരം റാങ്ക് വാര്‍ത്തകള്‍ പത്രത്തിന്റെ ഒരു കോളത്തിലൊതുക്കണം. ഇല്ലെങ്കില്‍ അതു സമുദായദ്രോഹമായി മാറും.”

Symbol question.svg.png “സ്ത്രീകള്‍ നിങ്ങളോടു സംസാരിക്കുമ്പോള്‍ അവര്‍ വളരെ നേരമിരിക്കണമെന്നു തോന്നുമോ അതോ വേഗം പോയെങ്കില്‍ എന്നു തോന്നുമോ?”

“വരുന്ന സ്ത്രീകള്‍ പെര്‍ഫ്യും തേച്ചുകൊണ്ടു് വരികയാണെങ്കില്‍ അവര്‍ ഉടനെ വീട്ടില്‍ നിന്നു പോകണമെന്നു് എനിക്കു തോന്നാറുണ്ടു്. പോയില്ലെങ്കില്‍ ‘ഡോക്ടറെ കാണാന്‍ appointment ഉണ്ടു്.’ എന്നു വിനയത്തോടെ പറഞ്ഞു് അവരെ യാത്ര അയയ്ക്കാറുണ്ടു് ഞാന്‍. പെര്‍ഫ്യും എനിക്കു തലവേദനയുണ്ടാക്കും.”

Symbol question.svg.png “പൂക്കളിഷ്ടമാണോ വിരസനായ നിങ്ങള്‍ക്കു്?”

“വധുവിന്റെ കഴുത്തില്‍ വരന്‍ താലികെട്ടുമ്പോള്‍ അവരുടെ ശരീരങ്ങളിലേക്കു വര്‍ഷിക്കാന്‍ പൂക്കള്‍ വേണം. അതുകൊണ്ടു് ഞാന്‍ പൂക്കളെ ഇഷ്ടപ്പെടുന്നു. ചാണകവും എനിക്കിഷ്ടമാണു് ദൂരദര്‍ശനില്‍ സീരിയല്‍ കാണുമ്പോള്‍ എന്റെ അടുത്തു ചാണകക്കുമ്പാരമുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടു്.”

Symbol question.svg.png “ശൂന്യാകാശത്തു നക്ഷത്രങ്ങള്‍ എപ്പോഴും വരും. ധൂമകേതുക്കള്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേയുള്ളു. കാരണം?”

“സാഹിത്യത്തില്‍ എപ്പോഴും ധൂമകേതുക്കള്‍ വരുന്നു. നക്ഷത്രം വല്ലപ്പോഴും മാത്രം. കാരണം?”

Symbol question.svg.png “കവിത എങ്ങനെയാവണം?”

“എന്തൊരു ചോദ്യം! കവിത പക്ഷിയെപ്പോലെയാണു്. അതു് അതിരുകളെ മാനിക്കുന്നില്ല എന്നു് ഒരു റഷന്‍ കവി പറഞ്ഞിട്ടുണ്ടു്.”

അറിയാത്തതു് എഴുതുന്നു

കൊല്ലത്തു തേവാടി നാരായണക്കുറുപ്പു് എന്നൊരു ഭിഷഗ്വരനുണ്ടായിരുന്നു. ആറടിപ്പൊക്കം. വെളുത്ത നിറം. വിശാലമായ വക്ഷസ്സു്. തീക്ഷ്ണതയാര്‍ന്ന കണ്ണുകള്‍. തോള്‍ വരെ നീട്ടിവളര്‍ത്തിയ കറുത്ത തലമുടി. നെഞ്ചുവി

ഈ ലോകത്തുള്ളതെല്ലാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു, ഈശ്വരചൈതന്യം അവയിലെല്ലാം ഒരേ രീതിയില്‍ പ്രകാശിക്കുന്നു എന്നു് പറയുകയാണു് സാഹിത്യത്തിലെ ഈശ്വരനായ ടോള്‍സ്റ്റോയി.

രിച്ച് അദ്ദേഹം നടക്കുന്നതു കണ്ടാല്‍ ആരും ആദരപൂര്‍വ്വം നോക്കിപ്പോകും. നാരായണക്കുറുപ്പു് സാഹിത്യകാരനുമായിരുന്നു. മിസ്ററിക് കവിതകള്‍ എഴുതിയിട്ടുണ്ടു് അദ്ദേഹം. വളളത്തോളിന്റെ ശാകുന്തളം തര്‍ജ്ജമയെക്കുറിച്ചു് അദ്ദേഹം എഴുതിയ പ്രതികൂലപ്രബന്ധം ഇന്നും എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ശാകുന്തളത്തിലെ “ദര്‍ഭാങ്കുരേണ ചരണക്ഷത ഇത്യകാണ്ഡേ തന്വീ സ്ഥിതാ കതിചിദേവ പദാനിഗത്വാ (തന്വീ കതിചിദ് ഏവ പതാനിഗത്വാ അകാണ്ഡേ ദര്‍ഭാങ്കുരേണ ചരണഃ ക്ഷതഃ ഇതി സ്ഥിതഃ എന്നു് അന്വയം) എന്ന ശ്ലോകം വളളത്തോള്‍ തര്‍ജ്ജമ ചെയ്തതു് ‘കാന്താംഗി നാലടി നടന്നഥ നിന്നുകൊണ്ടാള്‍’ എന്നായിരുന്നു. അതിനു തേവാടിയുടെ അഭിപ്രായക്കുറിപ്പു് ഏതാണ്ടിങ്ങനെ: ശകുന്തള കുററിയടിച്ചു കയറു വലിച്ചു കെട്ടുകയായിരുന്നു. ഒരു കുററിയടിച്ചിട്ടു നാലടി നടന്നു. അതിനുശേഷം നിന്നു. (ഓര്‍മ്മയില്‍ നിന്നു് എഴുതുന്നതു്) മഹാനായ ഈ ഭിഷഗ്വരനെ. സാഹിത്യകാരനെ ഞാന്‍ കൂടക്കൂടെ കണ്ടിരുന്നു. അദ്ദേഹം ‘ടാഗോര്‍’ എന്ന പേരില്‍ ഒരു മാസിക തുടങ്ങി. അന്യാദൃശമായിരുന്നു അതും. ആ മാസികയെക്കുറിച്ചു് സംസാരിക്കുന്നതിന്നിടയില്‍ തേവാടി എന്നോടു പറഞ്ഞു: “ചെറുകഥകളിലെ സംഭവങ്ങള്‍ വായനക്കാരുടെ ജീവിതങ്ങളിലെ സംഭവങ്ങളോടു സാദൃശ്യമുള്ളവയായി വന്നാലേ കഥകള്‍ ആസ്വാദ്യങ്ങളാവൂ” ശരിയാണ് അദ്ദേഹം പറഞ്ഞതു്. മലയാളത്തിലെ ചൊല്‍ക്കൊണ്ട കഥകളിലെ സംഭവങ്ങളെല്ലാം വായനക്കാരുടെ ജീവിതത്തിലെ സംഭവങ്ങള്‍ തന്നെ. ഇപ്പോഴുണ്ടാകുന്ന ചെറുകഥകള്‍ക്കു് ഈ സ്വഭാവമില്ല. ദേശാഭിമാനി വാരികയില്‍ “ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ ഹെന്‍ട്രി” എന്നൊരു കഥയുണ്ടു് ശ്രീ. ആര്‍. സന്തോഷ് ബാബുവിന്റേതായി. എന്തൊരു കൃത്രിമത്വം! എന്തൊരു പ്രകടനാത്മകത്വം! ഹെന്‍ട്രി ചലചിത്ര ലോകത്തെ കാപട്യങ്ങള്‍ കണ്ടു ഞരമ്പുരോഗിയായിത്തീരുന്നതും മനഃശാസ്ത്രജ്ഞന്റെ ഉപദേശമനുസരിച്ചു് സമനില വീണ്ടെടുക്കുന്നതുമാണു് കഥ. കടലാകെ ഒരൗണ്‍സ് വെളളമായി എന്റെ വീട്ടുമുററത്തെ കൊച്ചുകുഴിയില്‍ ഒതുങ്ങുമോ? പോക്കറ്റിലിട്ടുകൊണ്ടു് പോകത്തക്കവിധം ആന കൊച്ചു മൃഗമാകുമോ? ‘ചന്ദ്രബിംബമെടുത്തു് ചാണയാക്കി’ അതില്‍ ചന്ദനമുട്ടി ഉരയ്ക്കാനാവുന്ന കാലം വരുമോ? വരുമെങ്കില്‍ ഇക്കഥയും സാഹിത്യമാകും. ചലച്ചിത്രനിര്‍മ്മാണത്തെക്കുറിച്ചു്. അതു നടക്കുന്ന സ്ഥലങ്ങളില്‍ വൃത്തികേടുകളെക്കുറിച്ചു് കഥയെഴുതിയ ആളിനു് ഒരഭിപ്രായമുണ്ടു്. അതു സൂചിപ്പിക്കുകയല്ലാതെ അദ്ദേഹത്തിനു വേറൊന്നും ചെയ്യാനില്ല. കഥയിലെ സംഭവങ്ങള്‍ നമ്മുടെ ജീവിതത്തിലെ സംഭവങ്ങളോടു തുല്യമാകണമെന്നു തേവാടി നാരായണക്കുറുപ്പു് പറഞ്ഞെങ്കിലും കഥാകാരന്മാർ ആ വാസ്തവികത കൊണ്ടു് ഒരു നൂതന ലോകം സൃഷ്ടിക്കണം. അതിന്റെ നൂതനത്വമാണു് നമ്മളെ അദ്ഭുതപ്പെടുത്തുന്നതു്. സന്തോഷ് ബാബുവിനു് ഇതൊന്നുമറിയില്ല.

ഷോയെങ്കായുടെ പുസ്തകം

കവിത പക്ഷിയെപ്പോലെയാണു്. അതു് അതിരുകളെ മാനിക്കുന്നില്ല എന്നു് ഒരു റഷ്യൻ കവി പറഞ്ഞിട്ടുണ്ടു്

“1993 നവംബറില്‍ മധ്യകാല ഗവണ്‍മെന്റില്‍ നിന്നു് അബാച്ച അധികാരമേറ്റെടുത്തപ്പോള്‍ ഞാന്‍ മുന്നറിയിപ്പു നല്കി നമ്മുടെ രാജ്യം ഇതുവരെ സഹിച്ച ഏതു ഏകശാസനാധിപതിയെക്കാളും അയാള്‍ ദയാരഹിതനായിരിക്കുമെന്ന്. പ്രാരംഭകാലയളവില്‍ ഞാനൊരു ഭയോത്പാദകനാണെന്നു സ്പഷ്ടമാക്കുമ്പോലെ തോന്നി. ഇപ്പോൾ തീർച്ചയായും അയാൾ ഏതു വിധത്തിലുള്ളവനാണെന്നു നമ്മള്‍ ഗ്രഹിക്കുന്നു. ഏററവും തിന്മയാര്‍ന്നതു വരാനിരിക്കുന്നതേയുള്ളു എന്നു പറയാന്‍ എനിക്കു ദുഃഖമുണ്ടു്. തനിക്കു മനസ്സിലാക്കാന്‍ കഴിയാത്ത നൈജീരിയയുടെ എല്ലാ അംശങ്ങളും നശിപ്പിച്ചാലേ അബാച്ചയ്ക്ക് തൃപ്തിയുണ്ടാകൂ.”

നോബൽ ലാറിയിറ്റായ ഷോയെങ്കാ (Soyinka-b.1934) തന്റെ രാജ്യമായ നൈജീരിയയെക്കുറിച്ചു നടത്തിയ ഈ ഭാവികഥനം ഇന്ന് സത്യമായിബ്ഭവിച്ചിരിക്കുന്നു. (The Open Sore of a Continent-Wole Soyinka- Oxford University Press- Rs 195- Pages 170) അബാച്ച ഇന്നില്ല. അയാൾ നൈജീരിയയെ എല്ലാ വിധത്തിലും നശിപ്പിച്ചു. അഴിമതിയുടെ പ്രതീകമായി ആ രാജ്യം. പ്രതിയോഗികളെ അയാൾ വധിച്ചു. പ്രതിഭാശാലിയായ കവിയും നോവലിസ്റ്റുമായ കെൻ സരോ വിവായെ കള്ളക്കേസിൽ കുടുക്കി തൂക്കിക്കൊന്നു. കുഴിക്ക് ആഴമില്ലാതിരുന്നതുകൊണ്ട് മഹാനായ ആ സാഹിത്യകാരൻ വളരെനേരം പിടഞ്ഞതിനു ശേഷമാണ് അന്ത്യശ്വാസം വലിച്ചത്. ഈ ക്രൂരതയുടെ ചിത്രം വരയ്ക്കുന്നതോടൊപ്പം നൈജീരിയയുടെ ഐഡന്റിറ്റി- അനന്യത- എന്താണെന്നു ഷോയെങ്കാ പ്രഗൽഭമായി വ്യക്തമാക്കുകയും ചെയ്യുന്നു. സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് അദ്ദേഹം പറയുന്നതുകേട്ടാലും: “The road to the prison is wide open; we must not be afraid to tread where Martin Luther King Jr has trodden, where Nelson Mandela spent his most virile years. There is no terror in a place where Obafemi Awolowo passed years in meditation, a place that Salawa Gambo made her second home… We shall be teargassed, clubbed senseless and some may even lose their lives, but you know and I know that some kinds of existence are worse than death…”

ഇതിലെ ആർജ്ജവവും ശക്തിയും മറ്റുള്ളവരുടെ വാക്കുകളിൽ അപൂർവ്വമായേ കാണാൻ കഴിയൂ.

കെൻ സരോ വിവായെക്കുറിച്ച് ഷോയെങ്കാ ഇതിലൊരു പ്രബന്ധമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യസ്നേഹവും ക്രൂരമായ കൊലപാതകം കണ്ടുണ്ടായ ദുഃഖവും അതിൽ പ്രതിഫലിക്കുന്നു. മഹാനായ ഒരു മനുഷ്യസ്നേഹിയുടെ ഉത്തേജകങ്ങളായ വാക്കുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

മരണം ജയിക്കുന്നു

ഭാരതീയ തത്ത്വചിന്തയിലും സംസ്കൃത വ്യാകരണത്തിലും മലയാള വ്യാകരണത്തിലും പാണ്ഡിത്യമുണ്ടായിരുന്ന കുറിശ്ശേരി ഗോപാലപിള്ളയുമായി ഞാൻ സ്നേഹബന്ധത്തിലാകുന്നത് 1945-ലാണ്. അകാരത്തെ താലവ്യമായും ഓഷ്ഠ്യമായും പരിഗണിക്കുന്ന എ. ആർ. രാജരാജവർമ്മയുടെ മതം ശാസ്ത്രീയമല്ലെന്നു കാണിച്ച് വിദ്യാർത്ഥിയായിരുന്ന ഞാൻ മലയാളരാജ്യം ദിനപത്രത്തിലെഴുതിയ ഒരു ഹ്രസ്വലേഖനത്തിന് കുറിശ്ശേരി ഗോപാലപിള്ള മറുപടി എഴുതി. എന്റെ വാദങ്ങളെ അദ്ദേഹം യുക്തിയുക്തമായി ഖണ്ഡിച്ചു. പാണ്ഡിത്യമില്ലാത്ത ഞാൻ പിന്നെ മൗനം അവലംബിച്ചുകളഞ്ഞു. ആ വാദപ്രതിവാദത്തിൽ തുടങ്ങിയ സൗഹൃദം പിൽക്കാലത്ത് വികസിച്ചു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ നിത്യസന്ദർശകനായി മാറി. കുറിശ്ശേരി ശയ്യാവലംബിയായി. ശാസ്തമഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ കിടന്ന അദ്ദേഹം അന്നത്തെ രാത്രി മരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം സുനിശ്ചിതമാണെന്നു മനസ്സിലാക്കി എല്ലാവരും ദുഃഖിച്ചു. പക്ഷേ ബന്ധുക്കളെയും സ്നേഹിതരെയും അദ്ഭുതപ്പെടുത്തുമാറ് അദ്ദേഹം രാവിലെ ബോധം വീണ്ടെടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “സാറിനും മരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നോ?” കുറിശ്ശേരി മറുപടി നൽകി: “ഉറപ്പ് ഉണ്ടായിരുന്നു” “അപ്പോൾ എന്തുതോന്നി?” അദ്ദേഹത്തിന്റെ മറുപടി: “ഞാൻ മരിക്കാൻ പോകുന്നു എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. വിഷാദമില്ല. മററു വികാരങ്ങളില്ല. ബന്ധുക്കളെക്കുറിച്ച് ഒരു ചിന്ത പോലുമില്ല. ഞാന്‍ മരിക്കുന്നു. മരിക്കുന്നു എന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു.” ഇതു് കുറിശ്ശേരിയുടെ അനുഭവം മാത്രമല്ല. മരിക്കാന്‍ പോകുന്ന എല്ലാവരുടെയും അനുഭവമാണെന്നു് എനിക്കു തോന്നുന്നു. ഫ്രഞ്ചെഴുത്തുകാരനായ മല്‍റോ (Andre Malraux 1901-1976) ഒരു കഥാപാത്രത്തെക്കൊണ്ടു പറയിച്ചതു് സ്മരണീയമാണു്. ‘There is no death… There is only… me…me… who is going to die’. കുറിശ്ശേരി വിചാരിച്ചതും ഈ കഥാപാത്രം വിചാരിച്ചതും തമ്മിലെന്തേ വ്യത്യാസം. ഇതെഴുതുന്നയാള്‍ മരിക്കാന്‍ പോകുന്ന സന്ദര്‍ഭത്തിലും ഇങ്ങനെതന്നെ വിചാരിക്കും. സംശയമില്ല. വ്യക്തി ഇല്ലാതാവുമ്പോള്‍. രക്തമാംസങ്ങളൊടുകൂടി ചലനം കൊണ്ടിരുന്ന ആളിന്റെ ശരീരം സ്പന്ദിക്കാതെയാവുമ്പോള്‍ ആ ആളിനോടു സ്നേഹമുണ്ടായിരുന്നവര്‍ ദുഃഖിക്കും. ചിലര്‍ക്കു് അതു് സ്ഥായിയായ വികാരമായി വര്‍ത്തിക്കും. സ്ഥിരതയാര്‍ന്ന ചിന്തയായി മാറും.

സ്ഥായിത്വമുള്ള ആ ചിന്തയും വികാരവും കൊണ്ടാണ് ശ്രീ. എന്‍. ഇ. സുധീര്‍ ‘മരണത്തിന്റെ നിഴലില്‍’ എന്ന കവിതയെഴുതിയത്. (മലയാളം വാരിക) അന്തരിച്ച വ്യക്തികളെസ്സംബന്ധിച്ച ഓര്‍മ്മയാകുന്ന നൂലില്‍ പിടിച്ചു കൊണ്ടു ജീവനുള്ളവര്‍ ഈ ലോകത്തു കഴിഞ്ഞുകൂടുന്നു. അവര്‍ക്കുമറിയാം മരണം അനിവാര്യമാണെന്ന്. ആ അനിവാര്യ സ്വഭാവത്തെ സുധീര്‍ ആവിഷ്കരിക്കുമ്പോള്‍ ഇതെഴുതന്ന ആളും ചിന്താകുലനായിബ്ഭവിച്ചു.

ബാലചന്ദ്രന്‍ ചുളളിക്കാടു്

മനോഹരങ്ങളായ കാവ്യങ്ങൾ എഴുതുന്നവര്‍ ബുദ്ധിയുടെ വിലാസം കാണിക്കണമെന്നില്ല. അപൂര്‍വമായി കാവ്യരചനാ വൈഭവും ധിഷണാവിലാസവും ഒരാളില്‍ത്തന്നെ സമ്മേളിക്കാറുണ്ടു്. ചങ്ങമ്പുഴ ആ രീതിയില്‍ അനുഗൃഹീതനായിരുന്നു. അദ്ദേഹത്തിന്റെ കവിത നിസ്തുലം. സംസാരിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ ചിന്തകളുടെ ഉജ്ജ്വലത്വം കണ്ടു നമ്മള്‍ അമ്പരന്നു പോകും. ജി. ശങ്കരക്കുറുപ്പു് പ്രഭാഷണം നിര്‍വഹിക്കുന്ന വേളകളില്‍ മൗലികങ്ങളും മനോഹരങ്ങളുമായ ആശയങ്ങള്‍ ആവിഷ്കരിച്ചു് നമ്മളെ അദ്ഭുതപ്പെടുത്തും. നിത്യ ജീവിതത്തിലെ സംഭാഷണങ്ങളില്‍ ശങ്കരക്കുറുപ്പില്‍ നിന്നു് ആകര്‍ഷകത്വമുള്ള ഒരു ചിന്ത പോലും ഉണ്ടായിക്കണ്ടിട്ടില്ല. പ്രത്യക്ഷങ്ങളായ അനുഭവങ്ങളെ അവലംബിച്ചാണു് ഞാന്‍ ഈ രണ്ടു് കവികളെക്കുറിച്ചും പറഞ്ഞതു്. നല്ല കവിതകളെഴുതാനുള്ള കഴിവും മറ്റാര്‍ക്കും ലഭിക്കാത്ത ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രാഗല്ഭ്യവും ശ്രീ. ബാലചന്ദ്രന്‍ ചുളളിക്കാടില്‍ സമ്മേളിച്ചിരിക്കുന്നു. അദ്ദേഹം എന്തു പറഞ്ഞാലും ഒരു നൂതനാശയം ഉണ്ടാകും. അതു നമ്മളെ ആഹ്ലാദിപ്പിക്കുകയും ചെയ്യും. ഇന്നു് (18-6-98) ഞങ്ങള്‍ റ്റെലിഫോണിലൂടെ കുറെ നേരം സംസാരിച്ചു. ചങ്ങമ്പുഴയുടെ പ്രാധാന്യത്തെക്കുറിച്ചു്. ഏതൊരു കവിയുടെ കവിതാസപര്യ പില്ക്കാലത്തു് അനേകം കവികളുടെ ആവിര്‍ഭാവത്തിനു് കാരണമാകുന്നുവോ ആ കവിക്കു് അന്യാദൃശസ്വഭാവമുണ്ടെന്നു ബാലചന്ദ്രന്‍ പറഞ്ഞു. ചങ്ങമ്പുഴ ആ രീതിയിലുള്ള കവിയാണെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. ‘മനസ്വിനി’, ‘യവനിക’ എന്നീ ചങ്ങമ്പുഴക്കാവ്യങ്ങള്‍ അനന്യസാമാന്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇടപ്പള്ളിക്കവിതയ്ക്കു സംക്ഷേപണ സാമര്‍ത്ഥ്യത്തിന്റെ ശോഭയുണ്ടെങ്കിലും ചങ്ങമ്പുഴക്കവിതയുടെ അപ്രതിമത ഇല്ലെന്നും ബാലചന്ദ്രനു മതമുണ്ടു്. എല്ലാ അഭിപ്രായങ്ങളും സാഹിത്യ പഞ്ചാനനന്റെ ഭാഷയില്‍ ആദരണീയങ്ങളും സ്വീകരണീയങ്ങളുമാണു്. നമ്മുടെ കവികള്‍ക്കു ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ ബുദ്ധിവൈഭവം കൂടി ഉണ്ടായിരുന്നെങ്കില്‍’.