close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 09 27


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 09 27
ലക്കം 889
മുൻലക്കം 1992 09 20
പിൻലക്കം 1992 10 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ വീട്ടിന്റെ മുറ്റത്തു നില്‍ക്കുന്ന പനിനീര്‍പ്പൂക്കള്‍ക്ക് എന്തൊരു ചുവപ്പാണ്! സുന്ദരിയുടെ ചുണ്ടിനെക്കാള്‍, പവിഴത്തെക്കാള്‍ അവയ്ക്ക് അരുണിമയുണ്ട്. ചങ്ങമ്പുഴയുടെ പരിവര്‍ത്തനാത്മകമായ കവിതയ്ക്ക് ഇത്രത്തോളം ചുവപ്പില്ല. വയലാര്‍ രാമവര്‍മ്മയുടെ വിപ്ലവകവിതയ്ക്കും ഈ റോസാപ്പൂക്കളുടെ ശോണിമയില്ല. കെടാമംഗലം പപ്പുക്കുട്ടിയുടെ കാവ്യങ്ങള്‍ക്കു ചുവപ്പുനിറം കൂടുതലാണ്. പക്ഷേ അവ കാവ്യപുഷ്പങ്ങളല്ല. എന്നാല്‍ മഹാനായ കമ്മ്യൂണിസ്റ്റ് കവി Yannis Ritsos ഗ്രീക്ക് ആഭ്യന്തര യുദ്ധത്തെക്കുറിച്ച് എഴുതിയ ഒരു കാവ്യത്തില്‍

You will fire a shot into the bosom
of the sky, seeking out the
sky blue target.
As if seeking through her blouse
The nipple of the woman who
tomorrow will be suckling your child
As if groping after many years
for the bolt on the gate of your
father’s house

എന്നു പറയുമ്പോള്‍ അതില്‍ അരുണിമയുണ്ട്, സൗന്ദര്യമുണ്ട്, പരിമളമുണ്ട് എന്ന് അനുവാചകന്‍ അറിയുന്നു.

മരിക്ക സാധാരണമീവിശപ്പില്‍
ദ്ദഹിക്കലോ നമ്മുടെ നാട്ടില്‍ മാത്രം
ഐക്യക്ഷയത്താല്‍ അടിമശ്ശവങ്ങ-
ളടിഞ്ഞുകൂടും ചുടുകാട്ടില്‍ മാത്രം

എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ ചുവന്ന പനിനീര്‍പ്പൂവാണ് ആ കാവ്യമെന്നും അനുവാചകന്‍ കാണുന്നു.

വീട്ടുമുറ്റത്തു നിശാഗന്ധിയുടെ വെണ്മ. ഈ ധവളിമ വേറെ എവിടെയുണ്ട്? അന്തരീക്ഷത്തില്‍ അനങ്ങാതെ നില്‍ക്കുന്ന വാരിദശകലത്തിന് ആ വെണ്‍മയുണ്ട്. വീട്ടുമുറ്റത്തിനപ്പുറം, മതിലിനപ്പുറം, പാതയ്ക്കപ്പുറം കാണുന്ന വയലില്‍ വന്നിരുന്നു തപസ്സുചെയ്യുന്ന കൊക്കിനുമുണ്ട് ആ നിറം. പ്രഭാതത്തില്‍ അമ്പലത്തിലേക്ക് ഈ വഴി പോകുന്ന തരുണിയുടെ വസ്ത്രങ്ങള്‍ക്ക് ഈ ധവളിമ, അവളുടെ ചാരിത്രത്തിന് ഈ വെണ്‍മ പിന്നെയോ?

തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-
ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍
വടിവൊടവള്‍ വിളങ്ങി വാനില്‍നിന്നും
ഝടിതി പതിച്ചൊരു കൊച്ചു താരപോലെ

എന്ന കാവ്യം ധവളാഭ കലര്‍ന്നു വിലസുന്നു. വേമ്പനാട്ടു കായലിലെ ഓളങ്ങളുടെ മുകളിലായി കളിവഞ്ചിയില്‍ സഞ്ചരിക്കുന്ന ഞാന്‍ ഉയര്‍ന്നും താണും മറുകരെ എത്തുന്നതുപോലെ ഇത്തരം കാവ്യലയങ്ങളിലൂടെ സത്യസൗന്ദര്യങ്ങളുടെ ലോകത്ത് പ്രവേശിക്കുന്നു. വീട്ടുമുറ്റത്തെ പൂക്കളേ, നിങ്ങളെ എനിക്കു വേണ്ടെന്നു വയ്ക്കാം. ഈ കാവ്യപുഷ്പങ്ങളെ നിരാകരിക്കാനാവില്ല.

ടി. പദ്മനാഭന്‍

പുരുഷനും സ്ത്രീയും പരിഹാസ പാത്രങ്ങളാവുന്നതെപ്പോള്‍? വൃദ്ധന്‍ യുവതിയോടു പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അയാള്‍ പരിഹാസപാത്രം. വൃദ്ധ യുവാവിന്റെ മുന്‍പില്‍ കന്യകയുടെ സംഭ്രമം കാണിക്കുമ്പോഴും അതേ അവസ്ഥയുണ്ടാകുന്നു.

ജന്തുശാല. അവിടത്തെ പക്ഷിക്കൂട്. അതിനകത്ത് ഒറ്റപ്പക്ഷി. പക്ഷിയെന്നു പറഞ്ഞതുകൊണ്ടു ചെറുതാണെന്നും മറ്റും വിചാരിക്കേണ്ടതില്ല. ഏതാണ്ടു മയിലിനോളം വരും. അതു മഞ്ഞച്ചായമടിച്ച കൊക്കു നീട്ടി പക്ഷിക്കൂടിന്റെ ഇരുമ്പുവലയിലെ ദ്വാരങ്ങളിലൂടെ അകലെ നോക്കുന്നു. അവിടെയാകെ ബുഗന്‍വിലി എന്ന വള്ളിച്ചെടികള്‍. അവയിലാകെ വയലെറ്റ് പൂക്കള്‍. ഇലകളെക്കാള്‍ കൂടുതലാണു പൂക്കള്‍. ആ പൂക്കളെ ഇഷ്ടമാണോ ആ പക്ഷിക്ക്? പൂക്കള്‍ക്കും പക്ഷിയെ ഇഷ്ടമായിരിക്കാം. അതുകൊണ്ടാണല്ലോ കൂട്ടിനകത്തുനിന്നു വരുന്ന നോട്ടത്തിനനുസരിച്ച് അവ നൃത്തമാടുന്നത്. റ്റി.പദ്മനാഭന്റെ ‘കടല്‍’ എന്ന ചെറുകഥയില്‍ (കലാകൗമുദി) മഞ്ഞച്ചായത്തിന്റെ കൃത്രിമത്വം ഒട്ടുമില്ലാതെ നോട്ടമെറിയുന്നത് ഒരാചാര്യനാണ്. ആ ആചാര്യന്റെ വീക്ഷണത്തിനു യോജിച്ച വിധത്തില്‍ മാനസോല്ലാസത്തോടെ നൃത്തംവയ്ക്കുന്നത് ഒരു തരുണിയാണ്. ഈ പരസ്പരാധനത്തിനുശേഷം അവള്‍ മറ്റൊരുവന്റെ സഹധര്‍മ്മിണിയാകുന്നു. ഭാര്യയുടേയും ആചാര്യന്റെയും പാവനബന്ധത്തെ തെറ്റിദ്ധരിക്കുന്നു ഭര്‍ത്താവ്. അതില്‍ ആശയറ്റവളായി പ്രതിനിമിഷം മരണത്തിലേക്കു നീങ്ങുന്നു ആ പാവപ്പെട്ട സ്ത്രീ. ജീവിതാസ്തമയത്തില്‍ അവര്‍ മകളെ വിളിച്ചു വരുത്തി താന്‍ എഴുതിവച്ച ഡയറിക്കുറിപ്പുകള്‍ ഭര്‍ത്താവിലൂടെ അവള്‍ക്കു നല്കുന്നു. ജീവിതമാകുന്ന കടല്‍ കാണാന്‍ കഴിയാത്ത ഒരു സ്ത്രീയുടെ നിഷ്ക്കളങ്കതയുടെ ചിത്രം കഥാകാരന്‍ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളും ഭാവനയും പ്രദാനം ചെയ്യുന്ന ചാപല്യങ്ങള്‍ക്കു വിധേയയായി ജീവിതം നഷ്ടപ്പെടുത്തിയ സ്ത്രീയല്ല ഇക്കഥയിലുള്ളത്. മൃദുലതയോടെ ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചവരാണ് അവര്‍. അവരുടെ അന്ത്യം നമ്മെ സ്പര്‍ശിക്കുന്ന വിധത്തില്‍ കഥാകാരന്‍ കഥ പറഞ്ഞിട്ടുണ്ട്. അര്‍ദ്ധരാത്രി മഴ തകര്‍ത്തുപെയ്യുമ്പോള്‍ ഒരു മിന്നല്‍പ്രവഹമുണ്ടായിയെന്നു കരുതൂ. അപ്പോള്‍ വര്‍ഷപാതമേറ്റ് നനഞ്ഞു നില്ക്കുന്ന മാമരത്തിന്റെ ആര്‍ദ്രത ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം നേരമെങ്കിലും നമ്മുടെ കണ്ണില്‍ വന്നുവീഴില്ലേ? ആ ആര്‍ദ്രതയാണ് കലയുടെ മിന്നലൊളിയിലൂടെ പത്മനാഭന്‍ നമുക്കു കാണിച്ചുതരുന്നത്.

അടുത്തകാലത്ത് ഞാന്‍ ജന്തുശാലയില്‍ പോയിരുന്നു. പക്ഷി അതിന്റെ കൂട്ടിലില്ല. വയലിറ്റ്പ്പൂക്കളുമില്ല.

ചോദ്യം, ഉത്തരം

ജീനിയസ്സുകളോടു സംസാരിച്ചിട്ടുണ്ടോ? പ്രാണനും കൊണ്ടു ഓടാന്‍ തോന്നും. അത്രയ്ക്കു വിരസമാണ് അവരുടെ വര്‍ത്തമാനം. ചിലര്‍ മിണ്ടുകയേ ഇല്ല. സംഭാഷണവൈദഗ്ദ്ധ്യം ഒരനുഗ്രഹമാണ്.

Symbol question.svg.png പുരുഷനും സ്ത്രീയും പരിഹാസപാത്രങ്ങളാവുന്നത് എപ്പോള്‍?

വൃദ്ധന്‍ യുവതിയോടു പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അയാള്‍ പരിഹാസപാത്രം. വൃദ്ധയുവാവിന്റെ മുന്‍പില്‍. കന്യകയുടെ സംഭ്രമം കാണുമ്പോഴും അതേ അവസ്ഥയുണ്ടാകുന്നു.

Symbol question.svg.png ആരുമില്ലാത്തിടത്ത് ഇരുന്നു സ്ത്രീയും പുരുഷനും സംസാരിക്കുന്നതില്‍ തെറ്റുണ്ടോ?

രണ്ടു പാടങ്ങളുടെ മധ്യത്തിലുള്ള വരമ്പിലൂടെ നടക്കുമ്പോള്‍ സൂക്ഷിച്ചു കാലുവച്ചില്ലെങ്കില്‍ പാടത്തില്‍ച്ചെന്നു വീഴും. അതുപോലെ സ്ത്രീയും പുരുഷനും ഏകാന്തതയില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നാല്‍ അസഭ്യത്തില്‍ അറിയാതെ വഴുതിവീഴും. പുരുഷന്‍ എത്ര നന്മയുള്ളവനാണെങ്കിലും മുന്‍പിലിരിക്കുന്നത് ആകര്‍ഷകത്വമുള്ളവളാണെങ്കില്‍ നല്ല വിചാരങ്ങള്‍ ക്രമേണ ചീത്തവിചാരങ്ങളായി മാറും.

Symbol question.svg.png ഏതു തെമ്മാടിക്കും സാഹിത്യവാരഫലം എഴുതിക്കൂടേ?

എഴുതാം. ഏതു മുഴുത്തെമ്മാടിക്കും അതിനെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാം.

Symbol question.svg.png ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും കാലസങ്കല്പത്തെക്കുറിച്ചു അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്?

ക്രൈസ്തവ സങ്കല്പം ഋജുരേഖയിലൂടെ. ഭൂതം, വര്‍ത്തമാനം, ഭാവി ഇവ ക്രമാനുഗതമായി വരുന്നു. ഹൈന്ദവ സങ്കല്പം ചാക്രികം. ഒരു ചക്രത്തില്‍ മൂന്നു കാലങ്ങളും വര്‍ത്തിക്കുന്നു.

Symbol question.svg.png കൃസ്തു എന്നെഴുതണോ അതോ ക്രിസ്തു എന്നോ?

ക്രൈസ്തവം എന്നെഴുതുന്നത് എങ്ങനെ? നിങ്ങള്‍ ശരിയായിത്തന്നെ എഴുതിയല്ലോ. അതിനാല്‍ ക്രിസ്തു എന്നുവേണം.

Symbol question.svg.png പ്രസവവേദനയില്‍ പുളയുന്ന സ്ത്രീ ഭര്‍ത്താവിനെ ‘ദുഷ്ടന്‍’, ‘കാലമാടന്‍’ എന്നൊക്കെ വിളിക്കുന്നതു ശരിയാണോ?

തീവ്രവേദനയില്‍പ്പെട്ടുഴലുമ്പോള്‍ ആരെ എന്തു വിളിച്ചാലും തെറ്റില്ല. ദൗര്‍ഭാഗ്യം വരുമ്പോള്‍ ചിലര്‍ പൂജാമുറി തകര്‍ത്തുകളയാറുണ്ട്. ഈശ്വരന്റെ ചിത്രം ചവിട്ടി കീറാറുണ്ട്. യാതനമാറുമ്പോള്‍ അയാള്‍ വീണ്ടും പൂജിച്ചുതുടങ്ങും. ഭര്‍ത്താവിനെ ഭര്‍ത്സിക്കുന്ന സ്ത്രീ പെറ്റുകഴിഞ്ഞാല്‍ അയാളെ സ്നേഹിക്കും.

Symbol question.svg.png ബലാത്സംഗത്തിനു വധശിക്ഷ നല്കേണ്ടതല്ലേ?

നിയമമൊന്നും എനിക്കറിഞ്ഞുകൂടാ. സൂചിയില്‍ നൂലു കോര്‍ക്കണമെങ്കില്‍ സൂചി അചഞ്ചലമായി നിന്നാലേ പറ്റുകയുള്ളുവെന്ന് ബല്‍സാക്ക് പറഞ്ഞിട്ടുണ്ട്.

Symbol question.svg.png നിങ്ങള്‍ ഒരു നവവധുവിനെ അവളുടെ തലയില്‍തൊട്ടു അനുഗ്രഹിക്കുന്നതു കണ്ടു. നിങ്ങള്‍ ദിവ്യനോ?

ദിവ്യനല്ല. അതൊരു ചടങ്ങായി മാത്രം കരുതിയാല്‍ മതി. എന്നാല്‍ ഈശ്വരസാക്ഷാത്കാരമുള്ളവര്‍ വിരലുകളുടെ അറ്റംകൊണ്ടു. അന്യന്റെ ഉച്ചിയില്‍ തൊട്ടാല്‍ അദ്ദേഹത്തിന്റെ ശക്തിവിശേഷം ആ അന്യന്റെ സഹസ്രാരചക്രത്തിലേക്കു കടന്നുചെല്ലാം. അയാള്‍ക്ക് അതു പരിവര്‍ത്തനമുണ്ടാക്കും.

Symbol question.svg.png നിങ്ങള്‍ കൃത്യനിഷ്ഠയുള്ളവനാണോ?

അല്ല. സമയനിഷ്ഠ കേരളത്തിലെന്നല്ല ഭാരതത്തിലാകെ ആപത്തുണ്ടാക്കുന്നതാണ്. അഞ്ചുമണിക്ക് തുടങ്ങുമെന്ന് അറിയിച്ച സമ്മേളനത്തിന് ‘കാറ് വേണ്ട, ഞാന്‍ അഞ്ചുമണിക്ക് അവിടെ എത്തിക്കൊള്ളാം.’ എന്നു പറഞ്ഞ് അഞ്ചുമണിക്കുതന്നെ ചെന്നുനോക്കൂ. ഒഴിഞ്ഞ സമ്മേളനസ്ഥലമായിരിക്കും അവിടെ കാണുക. പ്രവര്‍ത്തകര്‍പോലും കാണില്ല. പത്തുമണിക്കു പുറപ്പെടുന്ന ബസ്സില്‍ പോകാന്‍ ചെല്ലൂ. ഒന്നുകില്‍ പത്തരയ്ക്കാവും അതു പോവുക. അല്ലെങ്കില്‍ പത്തിനു പത്തു മിനിറ്റുള്ളപ്പോള്‍ പോയിരിക്കും.

ഹരികുമാര്‍

ആങ്റി പ്വങ്റേ (Henri Poincare, 1854–1912) എന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്‍ സര്‍ഗ്ഗാത്മകത്വത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. മനുഷ്യന്റെ ബോധമണ്ഡലം സങ്കുചിതമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അബോധമണ്ഡലം വ്യാപ്തിയുള്ളതും. സങ്കുചിതമായ ബോധമണ്ഡലത്തിന് വിഭിന്നങ്ങളായ സങ്കലനങ്ങള്‍ (different combinations) ഉളവാക്കാന്‍ കഴിയുകയില്ല. അബോധമണ്ഡലത്തിന് അതിനു സാധിക്കുകയും ചെയ്യും. പ്വങ്കറേയുടെ ആശയം ഇവിടെ അവസാനിക്കുന്നു. ഇനി ഞാന്‍ നല്‍കുന്നത് എന്റെ വിശദീകരണം. സ്ഥിരീകൃതനിയമങ്ങള്‍ അനുസരിച്ചാണ് ബോധമണ്ഡലം ബിംബങ്ങളെയോ സംഖ്യകളെയോ കൂട്ടിയിണക്കുന്നത്. അബോധമണ്ഡലത്തിനു നിയമങ്ങളില്ല. അത്ഭുതാവഹമായ രീതിയില്‍ അതു കണ്ടുപിടിത്തങ്ങള്‍ നടത്തും. സ്ഥിരതയുള്ള നിയമങ്ങളനുസരിച്ചു സൃഷ്ടി നടത്തുമ്പോള്‍ അതു യാന്ത്രികമായിത്തീരും. ഈ യാന്ത്രികസ്വഭാവമാണു നവീനകഥകള്‍ക്കുള്ളത്. അജാഗരിതഹ്യത്തിന്റെ സ്പന്ദനങ്ങളോ അത്ഭുതങ്ങളോ അവയിലില്ല. ഹരികുമാറിന്റെ ‘അലക്കുയന്ത്രം’ എന്ന ചെറുകഥ (കലാകൗമുദി) നവീന കഥാവിഭാഗത്തില്‍ പെടുന്നില്ലെങ്കിലും അതിനു യാന്ത്രിക സ്വഭാവം വന്നു പോയി. സാമ്പത്തികമായി ഔന്നത്യം നേടിയ ഒരു കുടുംബം. അവിടെ ആധുനികങ്ങളായ എല്ലാ ഉപകരണങ്ങളുമുണ്ട്. സ്വയം പ്രവര്‍ത്തിക്കുന്ന അലക്കുയന്ത്രം. ആള് പ്രവര്‍ത്തിപ്പിക്കേണ്ട മറ്റൊരു അലക്കുയന്ത്രം. ആദ്യത്തേത് അന്യരെ കാണിച്ച് സ്വന്തം പകിട്ടും മേന്മയും കൂട്ടാന്‍. രണ്ടാമത്തേതു അഴുക്കായ വസ്ത്രങ്ങള്‍ അലക്കാനുള്ളതു തന്നെ. ദാരിദ്യത്തിന്റെ ലോകത്തിനു പ്രതിനിധീഭവിക്കുന്ന വേലക്കാരി ആ വീട്ടില്‍ ദിവസവും വരുന്നു. ജോലി ചെയ്യുന്നു. പോകുന്നു. പരിചാരികയുടെ വീട്ടില്‍ അലക്കുയന്ത്രമുണ്ടോ എന്നു ധനികയുടെ നിഷ്ക്കളങ്കമായ കൊച്ചുമകള്‍ ചോദിക്കുന്നു. ഉണ്ട്, കേടായിക്കിടക്കുന്നു എന്ന് അവളുടെ മറുപടി. അത് ശരിയാണോ എന്നറിയാന്‍ കുഞ്ഞ് പരിചാരികയുമൊത്ത് അവളുടെ വീട്ടിലെത്തുമ്പോള്‍ മരണത്തോട് അടുത്തു കിടക്കുന്ന അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവള്‍ പറയുന്നു അവര്‍തന്നെയാണ് കേടായിപ്പോയ അലക്കുയന്ത്രമെന്ന്. ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ അതു ചുഴികളുണ്ടാക്കി അതില്‍പ്പെട്ടുപോയ കരിയിലകളെ വട്ടംകറക്കി ഒരു സൂച്യാകാരം ഉണ്ടാക്കുന്നതുപോലെ ഒരു നൂതനനിര്‍മ്മാണം ഹരികുമാര്‍ നടത്തുന്നില്ല. കാരണം സ്വര്‍ഗ്ഗപ്രക്രിയയുടെ ചുഴലിക്കാറ്റ് അദ്ദേഹത്തിന്റെ അജാഗരിതഹൃത്തില്‍ ഇല്ല എന്നതുതന്നെയാണ്. വെറുമൊരു വേലക്കാരി അലങ്കാരഭാഷയില്‍ അമ്മയെ കേടായ വാഷിങ് മെഷ്യനായി വര്‍ണ്ണിക്കുമോ എന്ന ചോദ്യം ഞാന്‍ ചോദിക്കുന്നില്ല. ദാരിദ്ര്യത്താല്‍ തകര്‍ന്നടിഞ്ഞ സ്ത്രീ കേടുപറ്റിയ അലക്കുയന്ത്രമാണെന്ന ആശയം ആദ്യമുണ്ടാവുകയും അതിനെ (ആശയത്തെ) യാന്ത്രികമായി ചിത്രീകരിക്കുകയും ചെയ്യുകയല്ലേ ഹരികുമാര്‍ എന്നു ഞാന്‍ ചോദിച്ചുപോകുന്നു. ഭാവനയുടെ സമ്പന്നതയില്ലാത്ത ഒരു ‘മെക്കാനിക്കല്‍ സ്റ്റോറി’.

നിരീക്ഷണങ്ങള്‍

വിധിയുടെ രൂപത്തില്‍ വരുന്ന മരണത്തെ കവി കുട്ടിക്കൃഷ്ണന്‍ കണ്ടിരുന്നില്ലെന്നു വ്യക്തം. എങ്കിലും അതു വന്നു. അന്ധകാരത്തില്‍ പ്രകാശം പ്രസരിപ്പിക്കുന്നവനാണ് കവി. അതിനു ശ്രമിച്ചിരുന്ന കവിയെ മരണം ഗ്രസിച്ചു.അതിനുശേഷമേ വിലപ്പെട്ടതായിരുന്നു ആ ജീവിതമെന്നു നമ്മളറിയൂ.

  1. ജീനിയസ്സുകളോടു സംസാരിച്ചിട്ടുണ്ടോ? പ്രാണനുംകൊണ്ട് ഓടാന്‍ തോന്നും. അത്രയ്ക്കു വിരസമാണ് അവരുടെ വര്‍ത്തമാനം. ചിലര്‍ മിണ്ടുകയേ ഇല്ല. സംഭാഷണവൈദഗ്ദ്ധ്യം ഒരനുഗ്രഹമാണ്. അങ്ങനെയുള്ള അനുഗ്രഹീതരുമുണ്ട്.എനിക്കറിയാവുന്ന സംഭാഷണവിദഗ്ദ്ധരില്‍ അദ്വിതീയന്‍ ചങ്ങമ്പുഴകൃഷ്ണപിള്ളയാണ്. മൂന്നു മണിക്കൂര്‍ നേരം അദ്ദേഹം തുടരെസ്സംസാരിച്ചാലും നമുക്കു മുഷിയില്ല. മാധവിക്കുട്ടിയും സംഭാഷണവിദഗ്ദ്ധയാണ്.

    വാതോരാതെ സംസാരിച്ചു ശ്രോതാവിനെ ക്ലേശിപ്പിക്കുന്നതു ശരിയല്ല. ഒരു സാഹിത്യകാരന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ പൂര്‍ണ്ണവിരാമമിടുകയില്ല. കോമപോലും കാണില്ല. കോമയിട്ടാല്‍ അവിടെ ബലാല്‍ക്കാരമായി ഒരു വാക്കു കടത്തിക്കൊണ്ട് ശ്രോതാവിനു ചിലതു പറയാമല്ലോ. അതിനുപോലും അദ്ദേഹം സമ്മതിക്കില്ല. പ്രസിദ്ധനായ ജോസഫ് ചാഴിക്കാടന്‍. ഈ സാഹിത്യകാരനെ പരാജയപ്പെടുത്തണമെന്നു തീരുമാനിച്ച് അദ്ദേഹത്തിന്റെ ഓഫീസിലേക്കു നടന്നു. ഓഫീസിന്റെ പടിക്കെട്ടു കയറുമ്പോള്‍ത്തന്നെ ചാഴിക്കാടന്‍ സംസാരം തുടങ്ങി. Please come in എന്നു സാഹിത്യകാരന്‍ പറഞ്ഞിട്ടും ചാഴിക്കാടന്‍ കോമയിട്ടില്ല. സംസാരിച്ചുകൊണ്ട് അകത്തേക്കു കയറി.സംസാരത്തോടെ കസേരയിലിരുന്നു. ഒരു മണിക്കൂര്‍നേരം പെരുവെള്ളപ്പാച്ചില്‍പോലെ വാക്കുകളുടെ പ്രവാഹം. എന്നിട്ടു സംസാരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റു. മുറിയില്‍നിന്നു നടന്നു പുറത്തേക്കു പോകുമ്പോഴും പടിക്കെട്ടിറങ്ങുമ്പോഴും ചാഴിക്കാരന്‍ പദപ്രവാഹം നിറുത്തിയില്ല. അദ്ദേഹമങ്ങു പോയി. സാഹിത്യകാരന്‍ വാതുറന്നു കണ്ണുതള്ളി ഇരുന്നുപോയി.

    വേറൊരു എഴുത്തുകാരനെ ചില ആവശ്യങ്ങളുടെ പേരില്‍ ഞാന്‍ ടെലെഫോണില്‍ വിളിക്കാറുണ്ട്. ഒന്നുകില്‍ അദ്ദേഹത്തിന്റെ രചനയെക്കുറിച്ചുള്ള സംശയം തീര്‍ക്കാന്‍; അല്ലെങ്കില്‍ മലയാളത്തിലെ ഏതു കൃതിക്കാണ് സമ്മാനം കിട്ടേണ്ടതെന്നു ചോദിക്കാന്‍. പക്ഷേ അദ്ദേഹം ടെലെഫോണ്‍ എടുത്താലുടനെ സ്വന്തം കാര്യം പറഞ്ഞുതുടങ്ങും. ഫുള്‍സ്റ്റോപ്പില്ല, കോമയില്ല. പതിനഞ്ചു മിനിട്ടുനേരം ഇടവിടാതെ സംസാരിച്ചിട്ട് ഒ.കെ.എന്നുപറഞ്ഞു റിസീവര്‍ വയ്ക്കും. എന്റെ സംശയം സംശയമായിത്തന്നെ അവശേഷിക്കും. ഇതെല്ലാം ഒരുതരത്തിലുള്ള എഗ്രെഷനാണ് (aggression), ആരും ചെയ്തുകൂടാത്ത ആക്രമണം.

  2. ഇടിനാദം കേട്ടു ഞാന്‍ ഞെട്ടും. ഞാനെന്നല്ല, എല്ലാവരും ഞെട്ടും. മിന്നല്‍പ്രവാഹത്തില്‍ ഞെട്ടുകയില്ല. എന്നാല്‍ പേടിക്കേണ്ടത് മിന്നലിനെയാണ്. അത് നമ്മളെ ഭസ്മമാക്കിക്കളയും. ദേഷ്യപ്പെട്ടു ശബ്ദമുയര്‍ത്തുന്ന ഉദ്യോഗസ്ഥനെ ഭയപ്പെടേണ്ട കാര്യമില്ല. മിണ്ടാതിരുന്നു വെറുതെ മുന്‍പില്‍ നില്ക്കുന്ന ആളിനെ പുഞ്ചിരിയോടെ നോക്കുന്നവനെ പേടിക്കണം.അയാളെ ആ മനുഷ്യന്‍ നശിപ്പിച്ചുകളയും. ഒരുദ്യോഗസ്ഥന്‍ ഓഫീസിലെ ശിപായിയെ വീട്ടുജോലിക്കാക്കി. മുണ്ടു നനയ്ക്കല്‍ അയാളുടെ ജോലി. സോപ്പ് കൂടുതല്‍ ചെലവാക്കുന്നു. മുണ്ടുകള്‍ വെളുക്കുന്നില്ല എന്ന് ഉദ്യോഗസ്ഥന്റെ ഭാര്യ അയാളോടു പറഞ്ഞപ്പോള്‍ ‘കൊച്ചമ്മാ, എനിക്കിതേ അറിയാവൂ’ എന്ന് അയാള്‍ മറുപടി പറഞ്ഞു. വീട്ടിലെ ജോലി കഴിഞ്ഞ് ഓഫീസില്‍ ജോലിക്കെത്തിയ അയാളെ ഉദ്യോഗസ്ഥന്‍ വിളിച്ചപ്പോള്‍ ഞാന്‍കൂടി അവിടെയുണ്ടായിരുന്നു. സ്റ്റാലിന്‍ വധിക്കാന്‍ പോകുന്ന ആളിനോടു ദേഷ്യപ്പെടുകയില്ലെന്നും ഇടതുകണ്ണ് ഒന്നിറുക്കി പുഞ്ചിരി പൊഴിക്കുകയേയുള്ളുവെന്നും സോള്‍ഷെനിറ്റ്സിന്‍ എഴുതിയതു വായിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ സോപ്പ് കൂടുതല്‍ ചെലവാക്കിയ ശിപായിയുടെ നേര്‍ക്കു ഇടതുകണ്ണിറുക്കി പുഞ്ചിരിയിട്ടു. “താന്‍ നാളെ മുതല്‍ ജോലിക്കു വരണ്ട” എന്നാജ്ഞാപിച്ചു. കണ്ടിന്‍ജന്‍സി ജീവനക്കാരനെ ഡിസ്മിസ് ചെയ്യാന്‍ അദ്ദേഹത്തിനു അധികാരമുണ്ട്. പറഞ്ഞയയ്ക്കപ്പെട്ട ശിപായി തിരുവനന്തപുരത്തെ പേരൂര്‍ക്കട എന്ന സ്ഥലത്ത് റോഡിലിരുന്നു ഭിക്ഷ യാചിക്കുന്നതു ഞാന്‍ പിന്നീടു കണ്ടു. അക്കാലത്ത് മൂല്യംകൂടിയ ഒരു പത്തു രൂപ നോട്ട് ഞാന്‍ ആ പാവത്തിന്റെ കൈയിലിട്ടു. അയാള്‍ അധികം വൈകാതെ മരിച്ചുപോയി. ഉദ്യോഗസ്ഥന്‍ പിന്നീട് അര്‍ബ്ബുദം വന്നു മരിച്ചു. ആരെയും ദ്രോഹിക്കരുത്. ആക്ഷനു റിയാക്ഷനുണ്ട്. ന്യൂട്ടന്റെ സിദ്ധാന്തം എല്ലാത്തലങ്ങളിലും ശരിയാണ്.

കടവനാട് കുട്ടിക്കൃഷ്ണന്‍

തീവ്രവേദനയില്‍പ്പെട്ടുഴലുമ്പോള്‍ ആരെ എന്തു വിളിച്ചാലും തെറ്റില്ല ദൗര്‍ഭാഗ്യം വരുമ്പോള്‍ ചിലര്‍ പൂജാമുറി തകര്‍ത്തുകളയാറുണ്ട്. ഈശ്വരന്റെ ചിത്രം ചവിട്ടിക്കീറാറുണ്ട്. യാതന മാറുമ്പോള്‍ അയാള്‍ വീണ്ടും പൂജിച്ചു തുടങ്ങും. ഭര്‍ത്താവിനെ ഭര്‍ത്സിക്കുന്ന സ്ത്രീ പെറ്റുകഴിഞ്ഞാല്‍ അയാളെ സ്നേഹിക്കും.

ശിവഗിരിയിലോ അതിനടുത്തോ വച്ചു കൂടിയ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവേ ഞാന്‍ അങ്ങു പറഞ്ഞുപോയി ഔപചാരികം എന്ന പ്രയോഗത്തിന് formal എന്ന അര്‍ത്ഥമില്ല എന്ന്. ശ്രീരാമനെ പൂജിക്കാന്‍ വയ്യാത്തതിനാല്‍ ശ്രീരാമന്റെ പ്രതിമയെ വച്ചു പൂജിക്കുന്നതു ഔപചാരിക കര്‍മ്മം. മുഖ്യം എന്നതിന്റെ വിപരീതപദമാണ് ഔപചാരികം. secondary എന്നേ അതിനര്‍ത്ഥമുള്ളു. അതിനാല്‍ ‘ഞാന്‍ ഈ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു’ എന്നു പ്രഭാഷകന്‍ പറയുന്നത് രണ്ടാംതരം തെറ്റല്ല, ഒന്നാന്തരം തെറ്റാണ്. സ്വാഗത പ്രഭാഷണം നടത്തിയ ആള്‍ ഔപചാരികം എന്നു പറഞ്ഞുവെന്നു ഞാനറിഞ്ഞതേയില്ല. എന്താണ് പ്രസംഗിക്കേണ്ടതെന്ന് ആലോചിച്ചിരുന്ന ഞാന്‍ സ്വാഗത പ്രഭാഷണം കേട്ടില്ല. എന്റെ പ്രഭാഷണത്തില്‍ ആ വാക്കിനെ കുറിച്ച് പറഞ്ഞത് തന്നെ ആക്ഷേപിക്കാനാണ് എന്ന് തെറ്റിദ്ധരിച്ച ആ സ്വാഗതപ്രഭാഷകന്‍ കരുതിക്കൂട്ടി കൃതജ്ഞത പ്രകാശിപ്പിക്കാന്‍ കയറി. തൊടുത്തിന് അഞ്ഞൂറു തവണ ഔപചാരികം എന്ന വാക്കു പ്രയോഗിച്ചു. ഞാന്‍ പറഞ്ഞതിനെ പുല്ലുപോലെ കരുതുന്നു എന്നു വരുത്താന്‍ അദ്ദേഹം ആ പ്രയോഗം വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ ഞാന്‍ സംശയിച്ച് അടുത്തിരുന്ന അധ്യക്ഷനോടു “സാര്‍ ഇദ്ദേഹം സ്വാഗതം ആശംസിച്ചപ്പോള്‍ ഔപചാരികമെന്നു പറഞ്ഞോ?” എന്നു ചോദിച്ചു.“പറഞ്ഞു” എന്ന് അദ്ധ്യക്ഷന്റെ മറുപടി.

സമ്മേളനം കഴിഞ്ഞ് വേദിയില്‍ നിന്നു താഴത്തേക്കു വന്നപ്പോള്‍ അഭിജാതനും അന്തസ്സാര്‍ന്നവനുമായ ഒരാള്‍ എന്റെ അടുക്കലെത്തി തെറ്റുകള്‍ പരസ്യമായി തിരുത്തരുതെന്ന് ഉപദേശിച്ചു. “തിരുത്തിയതല്ല ഞാന്‍. സ്വാഗതപ്രഭാഷകന്‍ ആ വാക്കു പ്രയോഗിച്ചതു ഞാന്‍ കേട്ടതേയില്ല” എന്നു എന്റെ മറുപടി. “താങ്കള്‍ ആരെന്നറിഞ്ഞാല്‍ കൊള്ളാം”എന്നു വിനയത്തോടെ ഞാന്‍ പറന്ഞപ്പോള്‍ “കടവനാടു കുട്ടികൃഷ്ണന്‍” എന്നു അദ്ദേഹം മറുപടി നല്കി. അന്ന് ആദ്യമായി ഞാന്‍ ആ കവിയെ കണ്ടു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ നഗറില്‍ ചങ്ങമ്പുഴയെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചിട്ട് സദസ്സിനിടയിലേക്കു ചെന്നപ്പോള്‍ അവിടെ നില്ക്കുന്നുണ്ടായിരുന്നു മന്ദഹാസമാധുര്യത്തോടെ കടവനാടു കുട്ടിക്കൃഷ്ണന്‍. കൂടെ കവി സി. കൃഷ്ണന്‍നായരുമുണ്ടായിരുന്നു.

കടവനാടു കുട്ടിക്കൃഷ്ണന്റെ ചില കാവ്യങ്ങള്‍ മനോഹരങ്ങളാണ്. മറ്റു ചിലതു ശുഷ്ക്കങ്ങളും. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘മുട്ടറുക്കുക’ എന്ന കാവ്യം നോക്കുക. സവിശേഷമായ വികാരത്തെ മനുഷ്യവികാരത്തിന്റെ പ്രകാശത്തില്‍ വച്ചു നിരീക്ഷണം ചെയ്യാന്‍ കഴിയാത്ത രസശുഷ്കമായ കാവ്യമാണത്. കടവനാടു കുട്ടിക്കൃഷ്ണന്‍ എന്ന പേരിലല്ല ഈകാവ്യം വന്നതെങ്കില്‍ ഒരു പത്രാധിപരും അതു പരസ്യപ്പെടുത്താന്‍ സന്നദ്ധനാവുകയില്ല. ഒരു നല്ല മനുഷ്യന്റെ, നല്ല കവിയുടെ ചുടലച്ചാരത്തിന്റെ ചൂടു മാറുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ കാവ്യത്തെ വിമര്‍ശിക്കുന്ന എന്റെ നൃശംസതയ്ക്കു മാപ്പു കൊടുത്താലും. വിമര്‍ശകന്‍ തനിക്കു തോന്നുന്നതല്ലേ പറയാവൂ.

ആ അഭിവന്ദ്യ മിത്രത്തിന്റെ ചരമത്തില്‍ മനസ്സു നൊന്ത് കേഴുന്ന അക്കിത്തത്തെ ഞാന്‍ അദ്ദേഹത്തിന്റെ “ലക്ഷ്മണന്റെ വിഷാദം” എന്ന പ്രബന്ധത്തില്‍ കണ്ടു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ശ്രീരാമന്റെ വേര്‍പാടില്‍ ലക്ഷ്മണന്‍ ദുഃഖിക്കുന്നു. ആര്‍ജ്ജവമാണ് ആ പ്രബന്ധത്തിന്റെ മുദ്ര. അതു വായിച്ചപ്പോള്‍ ഇതെഴുതുന്ന ആളും ആര്‍ദ്രനയനങ്ങളോടെ ഇരുന്നു. കെ.വി.രാമകൃഷ്ണന്‍ ആശുപത്രിയിലെത്തിയ കടവനാട് കുട്ടിക്കൃഷ്ണമേനോനോടു ചോദിച്ചു സ്നേഹിതന്മാരെ ഒന്നറിയിക്കട്ടോ എന്ന്. വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിധിയുടെ മട്ടില്‍വരുന്ന മരണത്തെ കവി കുട്ടിക്കൃഷ്ണന്‍ കണ്ടിരുന്നില്ലെന്നു വ്യക്തം. എങ്കിലും അതു വന്നു. അന്ധകാരത്തില്‍ പ്രകാശം പ്രസരിപ്പിക്കുന്നവനാണു കവി. അതിനു ശ്രമിച്ചിരുന്ന കവിയെ മരണം ഗ്രസിച്ചു. അതിനുശേഷമേ വിലപ്പെട്ടതായിരുന്നു ആ ജീവിതമെന്നു നമ്മള്‍ അറിയൂ.

ഓര്‍മ്മകള്‍

  1. അനുഗൃഹീതനായ കവി വൈലോപ്പിള്ളി സാഹിത്യപ്രവര്‍ത്തക സംഘത്തോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാലം. ഞാന്‍ അവതാരികയെഴുതിയ ഒരു കാവ്യഗ്രന്ഥം വിതരണത്തിന് എടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കവി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന വൈലോപ്പിള്ളിയെ ചെന്നു കണ്ടു. ഞാന്‍ മുറിക്കുള്ളിലേക്കു പോയില്ല. വെളിയില്‍നിന്നതേയുള്ളു. പുസ്തകം വാങ്ങി മറിച്ചു നോക്കിയിട്ടു വൈലോപ്പിള്ളി പറഞ്ഞു:“വിതരണത്തിന് എടുക്കാമായിരുന്നു പക്ഷേ മലയാളം എഴുതാന്‍ അറിയാവുന്ന ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ അവതാരിക എഴുതേണ്ടിയിരുന്നു. ഞാന്‍ വെളിയില്‍ നില്ക്കുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. വൈലോപ്പിള്ളി തുടര്‍ന്നു പറഞ്ഞു:“ഇയാള്‍ അവതാരിക എഴുതിയതുകൊണ്ടു ഇത് വിതരണത്തിന് എടുക്കാന്‍ പറ്റില്ല.”
  2. തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജില്‍ ഞാന്‍ ജോലി നോക്കുന്ന കാലം. വൈലോപ്പിള്ളി ഏതോ സമാജം ഉദ്ഘാടനം ചെയ്യാന്‍ അവിടെ എത്തി. സുഗതകുമാരി കവിത വായിച്ചു. ഒ.എന്‍.വി.കുറുപ്പും ഉണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. മീറ്റിങ്ങെല്ലാം കഴിഞ്ഞ് കോണിപ്പടികള്‍ ഇറങ്ങിയപ്പോള്‍ “കൃഷ്ണന്‍ നായര്‍ക്ക് എന്താ ക്ഷീണം?” എന്ന് വൈലോപ്പിള്ളി ചോദിച്ചു. “സര്‍എനിക്ക് രക്തധമനികള്‍ കട്ടിയാകുന്ന രോഗമാണ്. ഏതാനും മാസങ്ങള്‍ കൂടിയേ ഞാന്‍ ജീവിച്ചിരിക്കൂ. അതു കേട്ടു വൈലോപ്പിള്ളി പറഞ്ഞു: “അയ്യോ നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടത് മലയാള സാഹിത്യത്തിന്റെ ആവശ്യകതയാണ്.”
  3. അവള്‍ക്ക് എന്നെക്കാള്‍ അല്പം പ്രായം കൂടുമെങ്കിലും ഞങ്ങള്‍ — ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഒരു പറമ്പില്‍ അടുത്തടുത്തുള്ള വീടുകളില്‍താമസം. ഒരു ദിവസം അവളുടെ വീട്ടിനടുത്തുകൂടെ ഞാന്‍ നടന്നപ്പോള്‍ വരാന്തയില്‍ അവള്‍ സൗന്ദര്യത്തിടമ്പായി ഇരിക്കുന്നതു കണ്ടു. എനിക്ക് അവളെ തൊടണമെന്നു തോന്നി. പുസ്തകമെടുക്കുന്ന മട്ടില്‍ ഞാന്‍ ആ പൊന്മേനി സ്പര്‍ശിച്ചു. “അയ്യോ എന്നെ തൊട്ടോ? ഇന്ന് എന്നെ തൊടാന്‍ പാടില്ല. വേഗം ചെന്നു കുളിക്കൂ. കുളിച്ചിട്ടേ വീട്ടില്‍ കയറാവൂ. ഇല്ലെങ്കില്‍ പാപമാണ്.” എന്ന് അവള്‍. അന്ധവിശ്വാസിയായിരുന്ന ഞാന്‍ വീട്ടിനു പിറകിലുള്ള കുളത്തില്‍ ചാടി. നനഞ്ഞൊലിച്ചു വീട്ടില്‍ കയറിയ എന്നെ “എന്തിനെടാ ഇപ്പോള്‍ കുളിച്ചത്? നിനക്കു പനിയല്ലേ” എന്നു ചോദിച്ചുകൊണ്ട് അമ്മ തല്ലി. കുളിച്ചത് എന്തിനാണെന്നു പറയാനൊക്കുമോ? നാല്പത്തിയേഴുവര്‍ഷം കഴിഞ്ഞ്, 19991-ല്‍ എനിക്കൊരു കത്ത് കിട്ടി. മേല്‍വിലാസം:എം.കൃഷ്ണന്‍നായര്‍, കവിതക്കാരന്‍, തിരുവനന്തപുരം. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സൗജന്യമാണ് ഈ കത്ത് എനിക്കു എത്തിച്ചുതന്നത്. വൃത്തികെട്ട കൈയക്ഷരം. ഞാന്‍ കവറു കീറി എഴുത്തു വായിച്ചു. മേല്‍വിലാസത്തിലെ കവിതക്കാരന്‍ എന്ന പ്രയോഗമല്ലാതെ അന്തസ്സുകെട്ട ഒരു വാക്യംപോലും അതിലില്ല. പക്ഷേ ആ കത്ത് എന്നെ വരാന്തയിലിരുന്ന ഒരു സൗന്ദര്യത്തിടമ്പിനെ ഓര്‍മ്മിപ്പിച്ചു. തണുത്ത വെള്ളത്തിലുള്ള കുളിയേയും അമ്മയുടെ തല്ലിനേയും ഓര്‍മ്മിപ്പിച്ചു. സ്പര്‍ശത്തിന്റെ “മാദകമധുരിമ”യെ ഓര്‍മ്മിപ്പിച്ചു. ഒരു കഷണം കെയ്ക്ക് ചായയില്‍ മുക്കിയ പ്രൂസ്ത് ഭൂതകാലസ്മരണകളിലേക്കു പോയില്ലെ? അങ്ങനെ സത്യം കണ്ടില്ലേ? അതിനു സദൃശമായ അനുഭവം.