close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 06 12


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 06 12
ലക്കം 978
മുൻലക്കം 1994 06 05
പിൻലക്കം 1994 06 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
  1. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു ഇതെഴുതുന്ന ആള്‍. ഒരു സ്ഥലത്തെത്തിയപ്പോള്‍ ജാഥ വരുന്നതുകണ്ടു ഡ്രൈവര്‍ വാഹനം നിറുത്തി. അയാള്‍ സംസാരം തുടങ്ങി. “ഈ ജാഥയില്‍ പങ്കുകൊള്ളാന്‍ എന്നെയും അവന്‍ വന്നു ക്ഷ്ണിച്ചതാണ്. എഴുപതുരൂപ തരാമെങ്കില്‍ ചെല്ലാമെന്നു ഞാന്‍ പറഞ്ഞു. അമ്പതു രൂപ തരാമെന്ന് അവര്‍. അപ്പോള്‍ ഞാന്‍ അറിയിച്ചു: “വേറൊരു പാര്‍ട്ടിയുടെ ജാഥയ്ക്ക് എഴുപതു രൂപയാണ് ഞാന്‍ ഇന്നലെ വാങ്ങിയത്. അതിനും നാലു ദിവസം മുന്‍പ് മറ്റൊരു പാര്‍ട്ടിയുടെ ജാഥയ്ക്കും എഴുപതു രൂപ കിട്ടി. ഇവര്‍ അമ്പതു രൂപയില്‍കൂടുതല്‍ തരാനൊക്കുകയില്ലെന്നു പറഞ്ഞതുകൊണ്ടു ഞാന്‍ വേണ്ടെന്നു വച്ചു. വൈയ്കിട്ട് അരിവാങ്ങാന്‍ കാശു വീട്ടില്‍കൊടുക്കേണ്ടേ സാര്‍? ഓട്ടോറക്ഷ ഓടിച്ചാല്‍ മതിയെന്നു ഞാന്‍ തീരുമാനിച്ചു.” — നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത എത്ര കേമം.!
  2. എവിടെയെങ്കിലും പോയിട്ടു തിരിച്ചു വീട്ടിലെത്തുമ്പോഴാണ് ആരോ ടെലിഫോണില്‍ വിളിച്ചു എന്നറിയുന്നത്. ആരെന്ന് ഉത്കണ്ഠയോടെ ചോദിക്കുമ്പോള്‍ മറുപടി “ആരെന്നു പറഞ്ഞില്ല. ഒരു പരിചയക്കാരന്‍. പിന്നെ വിളിച്ചുകൊള്ളാമെന്നു മാത്രം പറഞ്ഞു.” എന്നു വീട്ടിലുള്ളവര്‍ അറിയിക്കുന്നു. നമ്മുടെ ആളുകളുടെ റ്റെലിഫോണ്‍ മാനേഴ്സിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചു ചാരുകസേരയിലേക്കു ചരിയുമ്പോള്‍ ഉറക്കം വരുന്നില്ല. ആരെന്നറിയാത്തതിലുള്ള അസ്വസ്ഥതയാണ് നിദ്രാരാഹിത്യത്തിന്റെ ഹേതു. ചിലര്‍ നമ്മള്‍ ആവശ്യപ്പെടാതെ വലിയ തുക എടുത്തുതന്നിട്ട് പിന്നീടു നമ്മളെ കാണുമ്പോള്‍ സാര്‍ത്ഥങ്ങളായ നോട്ടങ്ങള്‍ എറിയുമ്പോള്‍ നമുക്കുണ്ടാകുന്ന അസ്വസ്ഥതയ്ക്കു തുല്യമാണ് ഈ അസ്വസ്ഥത.
  3. John Caroll എഴുതിയ Humanism എന്ന പുസ്തകത്തില്‍ ദസ്തെയെവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്ന നോവലിലെ കഥാപാത്രമായ റസ്കല്‍ നിക്കഫ് താന്‍ നെപ്പോളിയനാണെന്നു വിചാരിച്ച് ഒരു തത്ത്വത്തിന്റെ പേരില്‍ കൊലപാതകം ചെയ്തുവെന്നും അതിന്റെ പേരില്‍ മനസാക്ഷിയുടെ വേദന സഹിക്കാനാവാതെ കിടന്നു പുളഞ്ഞുവെന്നും ഒടുവില്‍ താന്‍ നെപ്പോളിയനല്ലെന്നു മനസ്സിലാക്കിയെന്നും പറഞ്ഞിട്ടുണ്ട്. റസ്കല്‍ നിക്കഫിനെ humanist monster എന്നാണ് അദ്ദേഹം വിളിക്കുന്നത്. കേരളത്തിലെ രണ്ടു കഥാകാരന്മാര്‍ — ശ്രീ അക്ബര്‍ കക്കട്ടില്‍, ശ്രീ. യു. കെ കുമാരന്‍ — കോട്ടുകള്‍ക്കിടയില്‍ ഒളിച്ചുവച്ച കോടാലികളെടുത്ത് എന്റെ തലയില്‍ ആഞ്ഞടിക്കുന്നു. ദസ്തെയെവ്സ്കിയുടെ നോവലിലെ കഥാപാത്രമായ വൃദ്ധ അടിയേറ്റു മരിച്ചു. ഞാന്‍ മരിച്ചില്ല, മരിക്കുകയുമില്ല. സാഹിത്യവാരഫലക്കാരന്റെ മൂല്യനിര്‍ണ്ണയങ്ങള്‍ തെറ്റാണെന്നാണ് രണ്ടുപേരും ഉദീരണം ചെയ്യുന്നത് (കൂങ്കുമം വാരിക.) സാഹിത്യവാരഫലക്കാരന്‍ ഈ രണ്ടു കഥാകാരന്മാരുടേയും പല കഥകളും ഉത്കൃഷ്ടങ്ങളാണെന്നു മുന്‍പ് എഴുതിയിട്ടുണ്ട്. അതു തെറ്റായിപ്പോയന്നായിരിക്കാം ഇവര്‍ അഭിപ്രായപ്പെടുന്നത്. വിശ്വസാഹിത്യത്തിലെ എല്ലാ മാസ്റ്റര്‍പീസുകളും സാഹിത്യവാരഫലക്കാരന്‍ വായിച്ചിട്ടുണ്ടെന്നും ഭാരതീയരും പാശ്ചാത്യരുമായ എല്ലാ നിരൂപകരുടെയും നിരൂപണ സമ്പ്രദായങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടെന്നും അയാള്‍ പറയുന്നില്ല. പക്ഷേ മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഈ ഭാഷകളുടെ അക്ഷരങ്ങള്‍ എല്ലാം അയാള്‍ക്കറിയാം എന്നു ചുണ്ടിക്കാണിക്കുന്നു. സാഹിത്യവാരഫലക്കാരന്‍ കൈയില്‍ക്കിട്ടിയ സാഹിത്യരചനയെന്ന കൊച്ചുപാക്കറ്റിന്റെ നൂലുകള്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്ന വേളയില്‍ കോടാലിയെടുത്ത് അയാളുടെ തലയില്‍ അടിക്കുന്നത് മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും അക്ഷരമാല മുഴുവനും അറിയുന്നവരായിക്കൊള്ളട്ടെ. നന്ദി എന്റെ Strong point ആണ്. കുമാരനും അക്ബറും എന്നെ പലതരത്തിലും സഹായിച്ചിട്ടുള്ളവരാണ്. അതുകൊണ്ടു കൂടുതല്‍ പറഞ്ഞു ഞാന്‍ കൃതഘ്നനാകാന്‍ ഇഷ്ടപ്പെടുന്നില്ല.
  4. മലയാളസാഹിത്യം കാണാന്‍ ഭേദപ്പെട്ട യുവതി മാത്രമാണ്. അവള്‍ വിശ്വസാഹിത്യത്തിന്റെ കണ്ണാടിയില്‍ തന്നെക്കാണാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ കാണുന്ന പ്രതിഫലനം കാണാന്‍ നമുക്കും പോകാം. കിട്ടിയ സന്ദര്‍ഭം പാഴാക്കാതെ ചില അഭിനേതാക്കള്‍ നായികമാരുടെ അവയവങ്ങളില്‍ അഭിമര്‍ദ്ദം ചെലുത്തുന്നതുപോലെ നമ്മള്‍ അവള്‍ക്ക് അഭിമര്‍ദ്ദപീഡ നല്കരുത്. പിറകിലാവട്ടെ നമ്മുടെ നില. പ്രതിഫലനം കാണാന്‍ താല്‍പര്യമില്ലാത്തവര്‍ മാറിനിന്ന് അന്യരെ തെറിപറയട്ടെ. കൂട്ടുകാരെ വരൂ. നമുക്കു അവളോടൊത്തു പ്രതിഫലനം കാണാം.

വിഷ്ണുനാരായണന്‍ നമ്പൂതിരി

ഒരു ഫ്രോഡില്‍നിന്നു വേറൊരു ഫ്രോഡിലേക്ക് നമ്മള്‍ നയിക്കപ്പെടുന്നു. ഞങ്ങള്‍ക്ക് കൈക്കൂലി അവസാനിക്കേണ്ടതില്ല. അഴിമതികള്‍ നടന്നുകൊള്ളട്ടെ. റോഡുകള്‍ കൂടുതല്‍ കുണ്ടും കുഴിയുമാര്‍ന്നവയാകട്ടെ. ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും വിദ്യുച്ഛക്തി വേണ്ട. ബസ്സുകള്‍ വേണ്ട. അധികാരികള്‍ ഫ്രോഡായ പ്രസ്താവങ്ങള്‍ നടത്താതിരുന്നാല്‍ മാത്രം മതി.

“ഇയം സീതാ മമ സുതാ സഹധര്‍മ്മചരീതവ” എന്നു പറഞ്ഞുകൊണ്ടാണ് ജനകന്‍ സീതയെ ശ്രീരാമനു നല്കിയത്. ഓര്‍മ്മയില്‍നിന്നു കുറിക്കുന്നതാണിത്. തെറ്റുണ്ടെങ്കില്‍ ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരിയെപ്പോലുള്ള അഭിജ്ഞന്മാര്‍ തിരുത്തട്ടെ. വാല്മീകിയുടെ ഈ വരി ചൊല്ലിയിട്ട് ദാമ്പത്യജീവിതത്തിന്റെ ആദര്‍ശാത്മകസ്വഭാവത്തെ (ഈ പ്രയോഗം ശരിയല്ല. എങ്കിലും എഴുതുന്നു അങ്ങനെ) വിശദമാക്കി ഞാന്‍ ഒരു സമ്മേളനത്തില്‍. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ആ യോഗത്തില്‍ പ്രഭാഷകനായിരുന്ന വിഷ്ണുനാരായണൻ നമ്പൂതിരി ആ ആശയത്തെയാകെ എതിര്‍ത്തു സംസാരിച്ചു. മലയാള കവിയുടെ ‘മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീത’ എന്ന വരി ഉപോദ്ബലകമായി ചൊല്ലിയ എന്നെ അദ്ദേഹം തെല്ലു കളിയാക്കുകയും ചെയ്തു. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു സി. വി. കുഞ്ഞുരാമന്‍ പണ്ടു പറഞ്ഞല്ലോ. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആ മതലോഹപിണ്ഡം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “വാനപ്രസ്ഥം” എന്ന മനോഹരമായ കാവ്യത്തിലൂടെ തകര്‍ന്നു വീഴുന്നതു കണ്ടു ഞാന്‍ ആഹ്ളാദിക്കുന്നു. രാഗത്തിലൂടെ, അനുരാഗത്തിലൂടെ, പ്രേമത്തിലൂടെ, പ്രണയത്തിലൂടെ കടന്നുവന്ന ദാമ്പത്യ ജീവിതം വാനപ്രസ്ഥത്തിലേക്കു കടക്കുന്നത് കവി ലയാനുവിദ്ധതയോടെ ചിത്രീകരിക്കുന്നു. ആദ്യത്തെ ഭാഗമിതാ:‌

കണ്ണിലെ നീലത്തിളക്കമായ് പണ്ടെന്റെ
കൗമാരനാളില്‍ കളിത്തോഴിയാകെ നീ
പൂക്കളില്‍ ശ്യാമതുളസിയെ സ്നേഹിച്ചു
രാക്കളില്‍ ഞാന്‍ കൃഷ്ണപഞ്ചമിത്തെല്ലിനെ,
കാര്‍വില്ലില്‍ നീലാഞ്ചലത്തെ, തൂലാക്കോളില്‍
ആടി വിറയ്ക്കും കരിംകൂവളത്തിനെ,
നീറുമോര്‍മ്മയ്ക്കകം മുറ്റും പ്രണയത്തെ
നീരാജനംപോല്‍ പ്രസന്നം കവിതയെ

കവിയുടെ കാവ്യവും പ്രസന്നമത്രേ.

ബി. എം. ഗഫൂര്‍

കൈക്കൂലി അവസാനിപ്പിക്കും, അഴിമതികളാകെ ഇല്ലാതാക്കും, റോഡുകള്‍ സഞ്ചാരയോഗ്യങ്ങളാക്കും, വിദ്യുച്ഛക്തി ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറും മമുടങ്ങാതെ നല്കിക്കൊണ്ടിരിക്കും. പൈപ്പുവെള്ളം ഒരിക്കലും മുടക്കില്ല, ബസ്സുകളിലെ ‘ഓവര്‍ലോഡ് സമ്മതിക്കില്ല’ ഇങ്ങനെയുള്ള പ്രസ്താവങ്ങള്‍ സംവത്സരങ്ങളായി കേട്ടുതുടങ്ങിയതാണ്. പക്ഷേ കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും നേടാനാവില്ല. അഴിമതികളല്ലാതെ വേറൊന്നുമില്ല നാട്ടില്‍. റോഡുകളിലൂടെ നടക്കാന്‍ വയ്യ. വാഹനങ്ങളില്‍ പോയാല്‍ കുണ്ടുകളിലും കുഴികളിലും വീണു ആഘാതമേറ്റ് മുഖം മുറിയുന്നു. വിദ്യുച്ഛക്തി, ബള്‍ബിനകത്തെ ഒരു മഞ്ഞരേഖ മാത്രം. ലോ വോള്‍ട്ടേജ് എന്നാണത്രേ അതിന്റെ പേര്. അരമണിക്കൂര്‍ — ചിലപ്പോള്‍ — ഒരുമണിക്കൂര്‍ കൂരിരുട്ട്. റോഡില്‍ ഒറ്റയ്ക്കു പോകുന്ന സ്ത്രീ മാത്രമല്ല പുരുഷനും പേടിച്ചു വിറയ്ക്കുന്നു. മുന്നറിയിപ്പു കൂടാതെ വെള്ളം ഇല്ലാതാക്കുന്നു. ചിലപ്പോള്‍ കലങ്ങിയ വെള്ളം വരുന്നു. ഇന്നത്തെ പത്രത്തില്‍ കണ്ടു വിഷബീജങ്ങള്‍ കലര്‍ന്നിരിക്കുന്നു വെള്ളത്തിലെന്ന്. ബസ്സുകളില്‍ ഫുട്ബോര്‍ഡില്‍ തൂങ്ങിക്കിടക്കുന്നു ആളുകള്‍. വാഹനം ഒരുവശത്തേക്കു വല്ലാതെ ചരിഞ്ഞാണ് പോകുക. ഇതെഴുതുമ്പോള്‍ ‘ബസ് സമരം’. എന്റെ തലയ്ക്കു മുകളില്‍ അറുപതു വാട്ട്സ് ബള്‍ബ് ഒന്നു മിന്നുതേയുള്ളു. ചാരുകസേരയുടെ കൈയില്‍ മെഴുകുതിരി കത്തിച്ചുവച്ച് ഞാനിത് എഴുതുന്നു. സത്യമിതൊക്കെയായിട്ടും എല്ലാം ശരിപ്പെടുത്തുമെന്ന ഫ്രോഡായ (fraud=വഞ്ചന) പ്രസ്താവങ്ങള്‍ എല്ലാപ്പത്രങ്ങളിലും. ഒരു ഫ്രോഡില്‍നിന്നു വേറൊരു ഫ്രോഡിലേക്കു നമ്മള്‍ നയിക്കപ്പെടുന്നു. ഞങ്ങള്‍ക്കു കൈക്കൂലി അവസാനിക്കേണ്ടതില്ല. അഴിമതികള്‍ നടന്നുകൊള്ളട്ടെ. റോഡുകള്‍ കൂടുതല്‍ കുണ്ടും കുഴിയുമാര്‍ന്നവയാകട്ടെ. ദിവസത്തില്‍ ഇരുപത്തി നാലു മണിക്കൂറും വിദ്യുച്ഛക്തി വേണ്ട. പൈപ്പുവെള്ളംവേണ്ട. ബസ്സുകള്‍ വേണ്ട. അധികാരികള്‍ ഫ്രോഡായ പ്രസ്താവങ്ങള്‍ നടത്താതിരുന്നാല്‍ മതി. അവര്‍ ഇരിക്കുന്ന മണിമാളികകളിലെ ജനലുകള്‍ വഴി അവയെ അങ്ങു ശൂന്യാകാശത്തേക്കു പറത്തിക്കളഞ്ഞാല്‍ മതി. വിധിയാണ് ഞങ്ങുളുടേതെന്നു വിചാരിച്ചു ഞങ്ങള്‍ മരണത്തെ കാത്ത് ഇരുന്നുകൊള്ളാം. ഇതൊക്കെയാണ് ശ്രീ. ബി. എം. ഗഫൂര്‍ 12-ആം ലക്കം മാതൃഭൂമി ആച്ചപ്പതിപ്പിലെ ഹാസ്യചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്. ജങ്ങള്‍ക്കു പറയാനുള്ളത് അവരുടെ പ്രതിനിധിയായ കലാകാരന്‍ പറയുന്നു. ഗഫൂര്‍ താങ്കള്‍ക്കു നന്ദി.

ജോയിക്കൂട്ടി പാലത്തുങ്കല്‍

മനസ്സിന്റെ സമനില പരിപാലിച്ചു ജീവിക്കണം. സമനിലയില്ലാതെ ചഞ്ചലചിത്തയായാല്‍ ഗ്രന്ഥിസ്രാവം കൂടും. അത് അര്‍ബുദത്തിനു ഹേതുവാകും. വസ്തു സമ്പാദിക്കുന്നതിലും, ധനമാര്‍ജ്ജിക്കുന്നതിലും, ആര്‍ത്തികൂടിയവര്‍ക്ക് കുടലിലും വയറ്റിലും കാന്‍സര്‍ വരുന്നതു സ്വാഭാവികമാണ്. മനസ്സിന്റെ സമനില പരിപാലിക്കുന്നതു കൊണ്ടാണ് സന്യാസിമാര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത്.

രാഷ്ട്രവ്യവഹാരപ്രേരിതങ്ങളായ വധങ്ങളെക്കുറിച്ചേ എനിക്കോര്‍മ്മയുള്ളു. ഇന്ദിരാഗാന്ധിയെ ബിയാന്ത്സിംഗും സത്‌വന്ത് സിങ്ങും ചേര്‍ന്നു വെടിവച്ചു കൊന്നു എന്നു മാത്രമേ നമുക്കറിയാവൂ. ഒരു വിദേശ ഏജന്‍സി അവരെക്കൊണ്ടു അതു ചെയ്യിപ്പിച്ചു എന്നു പറയുന്നവരും ഇല്ലാതില്ല. പക്ഷേ ആ കൊലപാതകത്തിന്റെ അന്തര്‍നാടകം നമുക്ക് അജ്ഞാതം. 1984 ഒക്ടോബര്‍ 31-നാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്. പത്തുകൊല്ലം കഴിഞ്ഞിട്ടും നമ്മള്‍ അതിന്റെ ആന്തര രഹസ്യങ്ങള്‍ അറിഞ്ഞിട്ടില്ല. അറിയുകയുമില്ല. 1991 മേ 21ന് രാജീവ്ഗാന്ധി നിഗ്രഹിക്കപ്പെട്ടു. ഇപ്പോഴും അതിന്റെ നിഗൂഢത നിഗൂഢതയായി വര്‍ത്തിക്കുന്നു. ഷേക്ക് മുജിബര്‍ റഹ്‌മാന്‍, ജനറല്‍ സിയാവൂര്‍ റഹ്‌മാന്‍, സിയാ ഉള്‍ ഹക്ക്, പ്രേമദാസ ഇവരുടെയെല്ല്ലാം മരണങ്ങള്‍ക്കു കാരണങ്ങളായ തോക്കുകളെക്കുറിച്ചും സ്ഫോടകവസ്തുക്കളെക്കുറിച്ചും മാത്രമേ ആളുകള്‍ക്ക് അറിവുള്ളു. ഈ വധങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്കശക്തിയേക്കുറിച്ചു ഒന്നുമറിഞ്ഞുകൂടാ. രാഷ്ട്രവ്യവഹാരപ്രേരിതങ്ങളായ ഈ കൊലപാതകങ്ങള്‍ പോകട്ടെ. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന നരഹത്യകളുടെ യഥാര്‍ത്ഥ്യം ആര്‍ക്കാണ് അറിയാവുന്നത്? എല്ലാ വധങ്ങളിലുമുണ്ട് ഒരു നിഗൂഢത. ഈ ആശയത്തെ ഹൃദയസ്പര്‍ശകമായ കഥയാക്കിയിരിക്കുന്നു ശ്രീ ജോയിക്കൂട്ടി പാലത്തുങ്കല്‍. (കലാകൗമുദിയിലെ ‘സാക്ഷിമൊഴി’ എന്ന കഥ) നമുക്ക് എന്തറിയാം? വ്യക്തിയെ നമ്മള്‍തന്നെ ‘നിര്‍വചിക്കുന്നു’ ആ നിര്‍വചനം തെറ്റാണെന്ന് കാലം കഴിഞ്ഞേ മനസ്സിലാക്കു. ജീവിതത്തിന്റെ യഥാര്‍ത്ഥ്യത്തെക്കുറിച്ചും നമ്മള്‍ അജ്ഞരാണ്. ആ ജീവിതത്തിന്റെ ഒരു ഭാഗമായ കൊലപതാകത്തെക്കുറിച്ചും നമുക്കൊന്നുമറിഞ്ഞുകൂടാ. ഈ നിഗൂഢതയെയും അതിനോടു ബന്ധപ്പെട്ട സന്ത്രാസത്തേയും ആഖ്യാന വൈദഗ്ധത്തിലൂടെ പ്രകാശിപ്പിക്കുന്നു കഥാകാരന്‍.

ചോദ്യം, ഉത്തരം

Symbol question.svg.png “പരുക്കന്‍ പെരുമാറ്റം ചിലര്‍ക്ക് ഉണ്ടാകുന്നത് എന്തുകൊണ്ട്?”

“നമ്മുടെ പരുക്കന്‍ പെരുമാറ്റമാണ് അന്യരെ അ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. ഓട്ടോറിക്ഷ, കാറ് ഇവ ഓടിക്കുന്നവര്‍ പരുഷമായി പെരുമാറുന്നുവെന്നു പറയാറില്ലേ? അവരോടു സ്നേഹത്തോടെ സംസാരിച്ചു നോക്കു. നമുക്കുള്ളതിനേക്കാള്‍ സ്നേഹത്തോടെ അവര്‍ നമ്മളോടു സംസാരിക്കും. എന്തു സഹായവും നമുക്കുവേണ്ടി ചെയ്യും. ശബ്ദത്തിനു യോജിപ്പിക്കും പ്രതിധ്വനി.”

Symbol question.svg.png “ഈശ്വരനുണ്ടോ?”

“ഞാനെങ്ങനെയാണ് ഇതിനു മറുപടി പറയുക? ദെസ്തെയെവിസ്കിക്കുപോലും ജീവിതാവസാനംവരെ ഈശ്വരനുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഈശ്വരനില്‍ വിശ്വസിച്ചില്ല, വിശ്വസിക്കാതെയുമിരുന്നില്ല. പിന്നെ നിസ്സാരനായ ഞാനെന്തു പറയാനാണ്? ആഫ്രിക്കയുടെ കിഴക്കു-മധ്യഭാഗത്തുള്ള രാജ്യമാണ് റൂ ആന്‍ഢ (Rwanda)അവിടെ വര്‍ഗ്ഗീയലഹള ഉണ്ടായി. ലക്ഷക്കണക്കിനു അപരാധം ചെയ്യാത്തവര്‍ നിഗ്രഹിക്കപ്പെട്ടു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെട്ടുകത്തികൊണ്ടരിഞ്ഞു. ഇപ്പോഴും ഭീതിദമായ അന്തരീക്ഷം. ‘റ്റൈ’ മിലെ റിപോര്‍ട്ട് വായിച്ചു ഞാന്‍ വിഷാദമഗ്നനായും ഈശ്വരശക്തിയില്‍ സംശയാലുവായുമിരിക്കുന്നു.”

Symbol question.svg.png “ഹെയര്‍ ഓയില്‍ വേണോ, നീലഭൃംഗാദി വേണോ അതോ FACT-ല്‍ ഉണ്ടാക്കുന്ന വളം വേണോ?

“കളിയാക്കാതെ, പെണ്ണൂങ്ങള്‍ കഷണ്ടിക്കാരെയാണ് സ്നേഹിക്കുക.”

Symbol question.svg.png “ജീവിക്കാന്‍ ഒരുപദേശം തരൂ.”

“മനസ്സിന്റെ സമനില പരിപാലിച്ചു ജീവിക്കണം. സമനിലയില്ലാതെ ചഞ്ചലചിത്തയായാല്‍ ഗ്രന്ഥിദ്രാവം കൂടും. അത് അര്‍ബുദത്തിനു ഹേതുവാകും. വസ്തു സമ്പാദിക്കുന്നതിലും ധനമാര്‍ജ്ജിക്കുന്നതിലും ആര്‍ത്തികൂടിയവര്‍ക്കു കുടലിലും വയറ്റിലും കാന്‍സര്‍ വരുന്നതു സ്വാഭാവികമാണ്. മനസ്സിന്റെ സമനില പരിപാലിക്കുന്നതുകൊണ്ടാണ് സന്ന്യാസിമാര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത്.”

Symbol question.svg.png “താങ്കള്‍ സി.വി രാമന്‍പിള്ളയുടെ കഥാപാത്രങ്ങളില്‍ ഏറ്റവും വെറുക്കുന്നത് അരെയാണ്? അങ്ങനെ വെറുപ്പ് ഉണ്ടങ്കില്‍?”

“‘മാര്‍ണ്ഡവര്‍മ്മ’ എന്ന നോവലിലെ സുഭദ്രയെ ഞാന്‍ വെറുക്കുന്നു.”

Symbol question.svg.png “കുമാര മഹാകവിയുടെ ഈ ലോകായതികത്വം ചിലര്‍ക്കു രസിച്ചില്ല എന്നോ മറ്റോ മുണ്ടശ്ശേരി പറഞ്ഞതിന്റെ അര്‍ത്ഥമെന്ത്?”

“ഞാന്‍ ആ സന്ദര്‍ഭം ഓര്‍മ്മിക്കുന്നില്ല. ഒന്നു പറയാം. ‘കുമാര മഹാകവി എന്ന പ്രയോഗം തെറ്റാണ്. ബാലനായ മഹാകവി എന്നേ ആ പ്രയോഗത്തിന് അര്‍ത്ഥമുള്ളു. മഹാകവി കുമാരനാശാന്‍ എന്നു തന്നെ പറയണം.”

Symbol question.svg.png “വായിക്കേണ്ടത് എങ്ങനെ? ശ്രീഘ്രഗതി, മന്ദഗതി, ഇവയാണ് ഞാനുദ്ദേശിച്ചത്?”

“വായന തീരെപ്പതുക്കെയായാല്‍ ചലച്ചിത്രത്തിലെ സ്ലോമോഷന്‍പോലെ അസഹനീയമാകും. വേഗത്തിലായാല്‍ കാസറ്റിലെ പരസ്യമൊഴുവാക്കാനായി റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപകരണം ഉപയോഗിച്ചു വേഗം കൂട്ടുന്നതു പോലെ അസഹനീയമാകും. മധ്യവര്‍ത്തിനയം അംഗീകരിക്കൂ.”
* * *
സ്നേഹവും ചിന്തയും. ഇതാ ഇവിടെ
അതിസൂക്ഷമായ സംഗമപ്രവാഹം.
വെള്ളക്കടലാസ് എന്റെ മുന്‍പില്‍ തിളങ്ങുന്നു.
ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നതുപോലെ ലയത്തിന്റെ നിമിഷങ്ങള്‍ക്കു വിധേയമായി എന്റെ ചിന്ത സ്വയം കഞ്ചുകം ചാര്‍ത്തുന്നു.
വാക്കുകളുടെ ചിറകുകളിൽ തൊട്ടു മാത്രമേ ഞാനവയെ പിടിച്ചെടുക്കൂ. എന്റെ വന കപോതമേ, എന്റെ ആഹ്ലാദമേ ഇതുനീയാണോ? സ്വർഗ്ഗത്തേയ്ക്ക് വീണ്ടും പറന്നുപോകരുതേ. ഇവിടെ താണിറങ്ങിവരൂ. ഇവിടെ വിശ്രമിക്കൂ.

— ആങ്ങ് ദ്രേ ഷിദ്

വൈക്കം മുരളി

ഓസ്ട്രിയന്‍ നാടകകര്‍ത്താവും നോവലിസ്റ്റും ചെറുകഥാകാരനുമായ ആര്‍റ്റൂര്‍ ഷ്നിറ്റ്സ്ളറുടെ Arthur Schnitzler, 1862–1931) എല്ലാചെറുകഥകലും അതിസുന്ദരങ്ങളാണ്. വിശേഷിച്ചും Flowers എന്നത്. “റൊമാന്റിക് പ്രേമം എന്നൊന്ന് ഇല്ല. സുനിയതമായ ശരീരപ്രകൃതിയുള്ള ഏതു ചെറുപ്പക്കാരന്റെയും ആഗ്രഹം അമ്മട്ടില്‍ ശരീരപ്രകൃതിയുള്ള ചെറുപ്പക്കാരിയുടെ കിടക്കയിലേക്കു ചാടിവീഴാനാണ്. അതുപോലെ അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും” എന്ന് എച്ച്. ജി. വെല്‍സ് പറഞ്ഞിട്ടുണ്ട്. ഈ സത്യമാണ് ഇക്കഥയിലുള്ളത്. പൂര്‍വകാമുകി എത്തിക്കുന്ന പുഷ്പങ്ങളിലൂടെ ഒരു വികാരസാമ്രാജ്യം സാക്ഷാത്കരിക്കുന്ന ഒരുത്തന്‍ ക്രമേണ പുതിയ കാമുകിയുമായി അടുക്കുകയും അവള്‍ കൊടുക്കുന്ന ലില്ലിപ്പൂക്കള്‍ പുഷ്പഭാജനത്തില്‍ വച്ചിട്ട് ആദ്യകാമുകി നല്കിയ പൂക്കള്‍ ദൂരെയെറിയുന്നതും വര്‍ണ്ണിക്കുന്ന ഇക്കഥ പ്രതിരൂപാത്മകമാണ്. പൂക്കള്‍ രതിയുടെ സിംബലാണ്. അതിന്റെ ക്ഷണികത ഇതിനേക്കാള്‍ കലാത്മകമായി ആവിഷ്കരിച്ച മറ്റൊരു കഥ എന്റെ ഗ്രന്ഥപരിചയസീമയ്ക്കകത്ത് ഇല്ല.

ഈ കലാപുഷ്പത്തെ മലയാളിയുടെ ഭാജനത്തിലെക്കു മാറ്റിവച്ചത് വിശ്വസാഹിത്യത്തില്‍ അവഗാഹമുള്ള ശ്രീ. വൈക്കം മുരളിയാണ്. (കഥാമാസിക നോക്കുക.) അദ്ദേഹത്തിന്റെ ഈ സ്തുത്യര്‍ഹമായ സേവനം മലയാളഭാഷയ്ക്ക് അനവരതം ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ സാഹീതീഭക്തി കൈവരളട്ടെ. ഞാന്‍ ഈ വിഷയം ഇവിടെ പൂര്‍ണ്ണ വിരാമമിട്ടു നിറുത്തിയതാണ്. എങ്കിലും മതിയായില്ലെന്നു തോന്നല്‍. കമിങ്ങ്സ് (E.E. Cummings, 1894–1962) എന്ന അമേരിക്കന്‍ കവി (e.e.cummings എന്നാണ് അദ്ദേഹം സ്വന്തം പേരു ചെറിയ അക്ഷരങ്ങളില്‍ എഴുതിയിരുന്നത്.)

now the ears of my ears awake and
now the eyes of my eyes are opened

എന്ന് കാവ്യത്തില്‍ എഴുതി. ഇത്തരം കഥകള്‍ എന്റെ കാതിന്റെ കാതിനെ ഉണര്‍ത്തുകയും കണ്ണിന്റെ കണ്ണിനെ തുറപ്പിക്കുകയും ചെയ്യുന്നു.

ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി

പടിഞ്ഞാറന്‍ ദേശങ്ങളിലെ സ്ത്രീകളെക്കുറിച്ച് എനിക്കൊന്നുമറിഞ്ഞുകൂടാ. കേരളത്തിലെ വിവാഹിതകള്‍ വെറും അടിമകളാണ്. ഓഫീസില്‍ പോയി ജോലിചെയ്തു ശമ്പളം മേടിക്കുന്നവരും ആ അടിമത്തത്തില്‍നിന്നു മോചനം നേടിയവരല്ല. ജോലിയില്ലാത്തവരുടെ കാര്യം പറയാനുമില്ല. അവര്‍ വീട്ടില്‍തന്നെ കഴിയുന്നു. വിവാഹം കഴിഞ്ഞയുടനെ നവവരന്‍ അവളെ സിനിമ കാണാനോ ഭക്ഷണശാലയില്‍ കൊണ്ടുപോയി അവള്‍ കഴിച്ചിട്ടിലാത്ത ഭക്ഷണങ്ങള്‍ വാങ്ങിക്കൊടുക്കാനോ സന്നദ്ധനായേക്കും. പക്ഷേ പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ അവളുടെ കിടപ്പു വീട്ടിനകത്തുതന്നെ. ഭര്‍ത്താവ് പിന്നീട് ഒറ്റയ്ക്കു സിനിമ കാണാന്‍ പോകുന്നു. പാര്‍ട്ടിക്കു പോകുന്നു. അല്ലെങ്കില്‍ പ്രതിയോഗികളുമായിട്ട് മല്ലിട്ട് അവരെ തോല്പിച്ചു ജയഭേരിയടിക്കുന്നു. ഓരോ ദിവസവും പുരുഷനു പുതിയ ദിവസമാണ്. അടിമയായ ഭാര്യയ്ക്കു ഓരോ ദിവസവും തലേദിവസം പോലെതന്നെ. അവൾക്ക് വൈരസ്യമാണ് എപ്പോഴും. പ്രവർത്തിക്കുന്ന പുരുഷന്റെ ആരോഗ്യം കൂടുന്നു. സൗന്ദര്യം കൂടുന്നു. മാനസികശക്തി നശിച്ച തരുണി ആ താരുണ്യത്തില്‍തന്നെ കിഴവിയായി മാറുന്നു. ചെറുപ്പകാലത്തു കിളികളെപ്പോലെ പറന്നുനടന്ന പെണ്ണുങ്ങള്‍ വിവാഹം കഴിഞ്ഞ് അധികദിവസമാകുന്നതിനു മുന്‍പ് പേക്കോലങ്ങളായി മാറുന്നത് ഞാന്‍ ഒന്നല്ല, നൂറല്ല, ആയിരമായിരം തവണ കണ്ടിട്ടുണ്ട്. അതിനാല്‍ വിവാഹം സ്ത്രീയ്ക്കു പേടിസ്വപ്നമാണ്. ഒരു യുവതിയുടെ ഈ പേടിസ്വപ്നത്തെയാണ് ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി ‘തനിയാവര്‍ത്തനങ്ങള്‍’ എന്ന ചെറുകഥയിലൂടെ വരച്ചുകാണിക്കുന്നത്. ആ പേടിസ്വപ്നത്തിന്റെ ഭീകരത കൂടാനായി കഥാകാരന്‍ തകര്‍ന്ന മറ്റു ദാമ്പത്യജീവിതങ്ങളെക്കൂടി ഉചിതജ്ഞതയോടെ കഥയില്‍ വര്‍ണ്ണിക്കുന്നു. (കഥ ദേശാഭിമാനി വാരികയില്‍.)

* * *

ഭര്‍ത്താവിനു ഭാര്യയുടെ ശരീരപ്രകൃതിയറിയാം. അവളുടെ നീണ്ട തലമുടിയെ, വിശാലതയാര്‍ന്ന കണ്ണൂകളെ അയാള്‍ പ്രശംസിക്കും. പക്ഷേ, അവളുടെ അന്തരംഗത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് അല്ലെങ്കില്‍ വൈരൂപ്യത്തെക്കൂറിച്ച് അല്ലെങ്കില്‍ വിഷാദത്തെക്കൂറിച്ച് ഒന്നും അറിഞ്ഞുകൂടാ. നമ്മുടെ ചില നിരൂപകര്‍ ഈ ഭര്‍ത്താക്കന്മാരെപ്പോലെയാണ്. അവര്‍ രചനയുടെ ബഹിര്‍ഭാഗസ്ഥതയില്‍ അഭിരമിക്കുന്നു. അതിന്റെ അന്തരംഗം അവര്‍ക്ക് അജ്ഞാതമായതുകൊണ്ട് അവരെഴുതുന്നതും അന്തരംഗസ്പര്‍ശിയല്ല.