close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 06 22


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 06 22
ലക്കം 562
മുൻലക്കം 1986 06 15
പിൻലക്കം 1986 06 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പൊടുന്നനെ താരപദവിയിലേക്കു് ഉയര്‍ന്ന അമിതാവ് ഘോഷിന്റെ The Circle Reason എന്ന നോവല്‍ ഞാന്‍ വായിച്ചു. ‘ഹേമിഷ് ഹമില്‍ടന്‍’ പ്രസാധനം ചെയ്ത ഈ പുസ്തകത്തിനു് പത്തു പവന്‍ തൊണ്ണൂറ്റിയഞ്ചു പെന്‍സാണു വില. ഏതാണ്ടു് ഇരുന്നൂറു രൂപ. നോവല്‍ പ്രസിദ്ധപ്പെടുത്തിയിട്ടു് ഏതാനും ദിവസങ്ങളേ ആയുള്ളു. അതിനകം ഫ്രഞ്ച്, ഇറ്റാലിയന്‍, സ്വീഡിഷ് ഈ ഭാഷകളിലേക്കു് അതു് തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു. സംസ്കാരത്തിന്റെ കാര്യത്തില്‍ പിന്നിലാവേണ്ട എന്നു തീരുമാനിച്ചു് നേവല്‍ വാങ്ങി. കഥ പറയാന്‍ വല്ലാത്ത വൈദഗ്ദ്ധ്യമാണു് ഘോഷിനു്. അതുകൊണ്ടു് നോവലിന്റെ 423 പുറങ്ങളും അനായാസമായി വായിച്ചു തീര്‍ത്തു.

“യുക്തിചക്രം (The Circle of Reason) പിക്കറെസ്ക് നോവലാണു്. പലരുടെയും അധീശത്വത്തിനു വിധേയനാകുന്ന കഥാനായകന്‍ തന്റെ വൈവിദ്ധ്യവും വൈജാത്യവുമാര്‍ന്ന ജീവിതത്തിലൂടെ സമുദായം പരിഹസിക്കപ്പെടേണ്ടതാണെന്നു് വ്യക്തമാക്കിത്തരുമ്പോള്‍ പിക്കാറെസ്ക് നോവല്‍ ജനനം കൊള്ളുന്നു. ഇംഗ്ലീഷില്‍ ‘റോഗ്’ എന്നു വിളിക്കുന്ന കുസൃതിക്കാരനാണു് പിക്കറെസ്ക് നോവലിലെ നായകന്‍. എന്നാല്‍ ‘യുക്തിചക്ര’ത്തിലെ പ്രധാന കഥാപാത്രമായ ആലു ആ വിധത്തില്‍ ‘റോഗ’ല്ല. അയാള്‍ ബുദ്ധിശക്തികൊണ്ടു ജീവിക്കുന്നു. അതിരു കടന്ന വൈകാരികത്വം ആലുവിനില്ല. ഏതു സംഭവത്തിന്റെയും ഏതു വ്യക്തിയുടെയും ആന്തരഘടനയിലേക്കു് അയാള്‍ പ്രയത്നമില്ലാതെ പ്രയാസമില്ലാതെ കടന്നു ചെല്ലുന്നു. ഇങ്ങനെ കടന്നു ചെല്ലുമ്പോള്‍ സമുദായത്തിന്റെ വൈകൃതങ്ങള്‍ അയാള്‍ കാണുന്നു. അവയെ നമുക്കുവേണ്ടി ചിത്രീകരിക്കുന്നു.

നൗഖാലിക്കു് അടുത്തുള്ള ലാല്‍ പുക്വര്‍ എന്ന സ്ഥലത്താണു കഥ തുടങ്ങുന്നതു്. അവിടേക്കു്, കാറപകടത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ആലു വന്നെത്തുന്നു. ബന്ധുവായ ബലറാമിനോടു് ഒരുമിച്ചു കഴിഞ്ഞുകൂടുവാനാണു് അവന്റെ വരവു്. ബലറാമിനും അയാളുടെ ഭാര്യതോരുദേവിക്കും സന്താനമില്ല. ആലു അവിടെ അവരുടെ മകനായി താമസിച്ചു. ആലുവിനു വലിയ തലയാണുള്ളതു്. ഒരു വലിയ ഉരുളക്കിഴങ്ങുപോലുള്ള തല. അതുകൊണ്ടു് നചികേത ബോസായ ആ ബാലന്‍ ആലു (ഉരുളക്കിഴങ്ങു്) എന്ന പേരില്‍ അറിയപ്പെട്ടു.

ആലുവന്റെ “അമ്മാവനാ”ണു് (അവന്റെ അച്ഛന്റെ സഹോദരന്‍) ബലറാം. ഫ്രെനോളജിയിലാണു് അയാള്‍ക്കു താല്പര്യം. (തലയോടിന്റെ ആകൃതിയെ അവലംബിച്ചു് വ്യക്തിയുടെ സ്വഭാവം, കഴിവു് ഇവയെക്കുറിച്ചു് അനുമാനത്തിലെത്തുന്ന ശാസ്ത്രം.) യുക്തിവാദത്തില്‍ വ്യാപരിച്ചിരുന്ന ബലറാം ഫ്രെനോളജിയിലേക്കു ചെന്നു് ക്യാലിപ്പെഴ്‌സ് ഉപകരണംകൊണ്ടു് എല്ലാവരുടെയും ശിരസ്സുകള്‍ അളന്നു. വലിയ തലയുള്ള ആലുവിന്റെ സ്വഭാവമെന്തു്? വൈദഗ്ദ്ധ്യമെന്തു്? എന്ന ചോദ്യങ്ങള്‍ക്കു സമാധാനം നല്കാനായില്ല ബലറാമിനു്. ഫ്രെനോളജിയിലുള്ള ഈ കൗതുകം അതിരു കടന്നപ്പോള്‍ ബലറാമിന്റെ ഭാര്യ അയാളുടെ ഗ്രന്ഥങ്ങളാകെ തീയിലിട്ടു നശിപ്പിച്ചു. (ഡോണ്‍ക്യുക്സോട്ടിന്റെ ഗ്രന്ഥങ്ങള്‍ തീയിലെരിച്ചു കളയുന്നതു് ഓര്‍മ്മിക്കുക.) അതോടെ അയാള്‍ വീണ്ടും യുക്തിവാദത്തിലേക്കു തിരിഞ്ഞു.

ബലറാം ആലുവിനെ നെയ്ത്തുകാരനാക്കി. ശംഭു ദേവനാഥാണു് (Shombhu Debnath) നെയ്ത്തില്‍ അയാളുടെ ഗുരു. കുറെക്കാലം അങ്ങനെ കഴിഞ്ഞിട്ടു് ആലു കൂട്ടുകാരോടുകൂടി പേര്‍ഷ്യന്‍ ഗള്‍ഫിലെ അല്‍ഗസീറയിലേക്കു പോയി (സാങ്കല്പികമായ സ്ഥലം). ബംഗാളിലെ പൊലീസുകാരനായ ജ്യോതിദാസുമുണ്ടു് ആലുവിന്റെ പിറകേ.

‘മറിയാമ്മ’ എന്ന യാനപാത്രത്തിലാണു് ആലുവിന്റെയും കൂട്ടുകാരുടെയും യാത്ര. സിന്‍ഡി എന്ന സ്ത്രീയുമുണ്ടു് അവരുടെ കൂടെ. അവള്‍ ആലുവിനെ വീഴ്ത്തുന്നതു ഗ്രന്ഥകാരന്റെ വാക്കുകളില്‍ തന്നെ കേട്ടാലും: Then in one quick movement she pulled him down and planted a hand in his crotch… she tore open the knot in his pajamas and pushed them down to his knees… With a flick of her wrists she flung her skirts back over her waist, baring a dark, surging pile of a belly and trunk-like thighs. She took hold of the small of his back and with one powerful heave of her shoulders, pulled him astride her.” (Pages 188, 189.) സിന്‍ഡിയുടെ വക്ഷോജങ്ങളാല്‍ പകുതി ശ്വാസം മുട്ടിക്കൊണ്ടു് അവളുടെ തോളിന്റെ മുകളില്‍ക്കൂടി ആലു അന്‍ഗസീറയിലെ ദീപങ്ങള്‍ കണ്ടു. ജ്യോതിദാസ് ഉള്‍പ്പെടെയുള്ളവര്‍ പല സ്ഥലങ്ങളിലേക്കും പോയി. ആലുവും സിന്‍ഡിയും ജന്മഭൂമിയിലേക്കു തിരിച്ചു പോകാനായി കപ്പല്‍ കാത്തു നില്‍ക്കുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. Hope the beginning.

ഇത്രയും കേട്ടതുകൊണ്ടു് ‘യുക്തി ചക്രം’ ബഹിര്‍ഭാഗസ്ഥമായ നോവലാണെന്നു വായനക്കാര്‍ക്കു തോന്നുന്നുണ്ടാവാം. അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ അപരാധം കഥ സംഗ്രഹിച്ച എന്റേതാണു്. തികച്ചും മനോഹരവും അതേസമയം സങ്കീര്‍ണ്ണവുമാണു് ഈ നോവല്‍. നോവലിസ്റ്റ് അനിത ദേശായി പറയുന്നു ഘോഷ് സല്‍മാന്‍ റഷ്ദിയെ ‘എമ്യൂലെയ്റ്റ്’ ചെയ്യുന്നുവെന്നു്. സദൃശമാകുകയോ, അതിശയിക്കുകയോ ചെയ്യുന്നതാണു് എമ്യുലെയ്ഷന്‍. സല്‍മാന്‍ റഷ്ദിയുടെ നോവലുകള്‍ കൃത്രിമങ്ങളാണു്. ഘോഷ് ജന്മനാ നോവലിസ്റ്റാണു്. അദ്ദേഹവും റഷ്ദിയുമായി ഒരു സാദൃശ്യവുമില്ല. ഭാരതത്തിന്റെയും ഗള്‍ഫ് രാജ്യത്തിന്റെയും സമുദായത്തെ പരിഹാസപൂര്‍വം വീക്ഷിക്കുന്ന ഈ കലാസൃഷ്ടി ആ പരിഹാസത്തിലൂടെ നമ്മളെ സത്യസൗന്ദര്യങ്ങളുടെ ലോകത്തു് എത്തിക്കുന്നു. പ്രതീക്ഷയാണു് ആരംഭമെന്നു ഘോഷ് . അദ്ദേഹത്തിന്റെ അടുത്ത നോവല്‍ — രണ്ടാമത്തെ നോവല്‍ — ഇതിനെക്കാള്‍ മനോഹരമാവുമെന്നു നമുക്കു പ്രതീക്ഷിക്കാം.

* * *

“ശ്ലോകമുത്തശ്ശിയോ ഇന്നത്തെ കവിതയോ” എന്ന തലക്കെട്ടില്‍ പ്രൊഫസര്‍ ജോര്‍ജ് തോമസ് കടുത്തുരുത്തി കലാകൗമുദിയില്‍ എഴുതിയ കത്തില്‍ “എന്നിത്യാദിവരികള്‍” എന്നു പ്രയോഗിച്ചിരിക്കുന്നതു് കാണാനിടയായി. ‘ഇതി’ എന്നതിനു് എന്നതിനാല്‍ ഇപ്രകാരം, എന്നൊക്കെയാണു് അര്‍ത്ഥം. അപ്പോള്‍ ‘എന്നിത്യാദി’ എന്നു പ്രയോഗിക്കേണ്ടതുണ്ടോ? “അറിയാഞ്ഞിട്ടു ചോദിച്ചേന്‍ അരിശമുണ്ടാകവേണ്ട.”

ദാരുമയം

ആലപ്പുഴ തോണ്ടുംകുളങ്ങര എന്ന സ്ഥലത്തു് ഒരമ്പലമുണ്ടു്. ആ അമ്പലത്തിലെ വിഗ്രഹത്തെ നോക്കിനില്ക്കുന്ന ആളിന്റെ വലതു വശത്തേക്കുള്ള റോഡേ ഒരു നാഴിക പോയാല്‍ ഒരു കുളമുണ്ടു്. (ദിക്കറിഞ്ഞുകൂടാ. അതുകൊണ്ടാണു് ഈ വളച്ചുകെട്ടു്.) ആ കുളത്തിലാണു് ഞാന്‍ എന്നും കുളിക്കുക. ഒരു ദിവസം കുളിക്കാനെത്തിയപ്പോള്‍ കുളക്കരയില്‍ ഒരു ചെറുപ്പക്കാരി ജലാശയത്തെ ഉറ്റുനോക്കിക്കൊണ്ടു് നില്ക്കുന്നതു് കണ്ടു. നോട്ടത്തിന്റെ ഏകാഗ്രതകൊണ്ടു് ഞാന്‍ ചെന്നതു് അവളറിഞ്ഞതേയില്ല. ഒരു പായലുമില്ലാത്ത നിര്‍മ്മലമായ ജലം. അതിന്റെ വിശുദ്ധിയെക്കുറിച്ചു് അവള്‍ക്കു തെല്ലും സംശയം വേണ്ട. എങ്കിലും കണ്ണെടുക്കാതെ അവള്‍ കുളം നോക്കിക്കൊണ്ടു നില്‍ക്കുന്നു. അപ്പോഴാണു് എനിക്കു മനസ്സിലായതു് അവള്‍ നോക്കിയതു് ജലാശയത്തെയല്ല , ജലാശയത്തില്‍ പ്രതിഫലിക്കുന്ന സ്വന്തം രൂപത്തെയാണെന്നു്.

കടകളുടെ മുന്‍പില്‍ ബസ്സ് കാത്തു നില്ക്കുന്ന തരുണികള്‍ ഷോപ്പ് വിന്‍ഡോകളില്‍ ഇരിക്കുന്ന വസ്തുക്കളെയല്ല നോക്കുന്നതു്. അവയ്ക്കു് ആവരണവും സുരക്ഷിതത്വവും നല്കുന്ന കണ്ണാടികളിലാണു്. അവയാണു് അവരുടെ സുന്ദരരൂപങ്ങള്‍ പ്രതിഫലിപ്പിക്കുക. വീട്ടിലിരിക്കുമ്പോള്‍ കണ്ണാടിയെടുത്തു നോക്കുന്നു. ഓഫീസുകളില്‍ വന്നാല്‍ പ്രൈവറ്റ് റൂമില്‍ച്ചെന്നു് ബാഗിലെ കൊച്ചു കണ്ണാടിയെടുത്തു നോക്കുന്നു. ഡബിള്‍ ഡെക്കര്‍ ബസ്സില്‍ കയറിയാല്‍ വശത്തുള്ള കണ്ണാടിയില്‍ നോക്കുന്നു. ഭോഷന്മാരായ നമ്മള്‍ വിചാരിക്കും അവര്‍ കണ്ണാടിയുലൂടെ റോഡ് നോക്കുകയാണെന്നു്. കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ തോണ്ടംകുളങ്ങരയ്ക്കടുത്തുള്ള ജലാശയത്തെ നോക്കിനിന്ന സ്ത്രീയാണു്. കൃഷ്ണന്‍ നായര്‍ ആന്‍ഡ് സണ്‍സിന്റെ വാച്ചു് കടയില്‍ കയറി വാച്ചു് നോക്കുന്നു എന്ന വ്യാജേന കണ്ണാടിപ്പെട്ടിയില്‍ മുഖം നോക്കുന്ന സ്ത്രീയാണു്. എനിക്കു കഥാസ്ഫടികത്തില്‍ എന്നെത്തന്നെ കാണണം. ‘കലാകൗമുദി’യിലെ ‘ചിത്രശലഭങ്ങള്‍’ എന്ന കഥയില്‍ ഞാന്‍ നോക്കി. ഒരു പ്രതിഫലനവുമില്ല. ദാരുനിര്‍മ്മിതമായ കാല്‍പ്പെട്ടിയില്‍ പ്രതിഫലനം എങ്ങനെയുണ്ടാകാനാണു്? ഒരു കപ്പലിനെക്കുറിച്ചും ചിത്ര ശലഭങ്ങളെക്കുറിച്ചും കപ്പിത്താന്റെ ഭാര്യയെക്കുറിച്ചും എന്തൊക്കെയോ കഥാകാരനായ തോമസ് ജോസഫ് പറയുന്നു. എന്റെ ബുദ്ധിരാഹിത്യം കൊണ്ടാവാം. എനിക്കൊന്നും മനസ്സിലായില്ല. ഈ ലോകത്തു് ഏറ്റവും പ്രയാസം ക്ലോദ് സീമോങ്ങിന്റെ നോവലുകള്‍ വായിക്കാനാണു്. അദ്ദേഹത്തിന്റെ Conducting Bodies എന്ന നോവല്‍ വായിച്ചു് ഞാന്‍ കുഴങ്ങിപ്പോയി. വാക്കുകളുടെ സര്‍ഗ്ഗാത്മക ശക്തിയെക്കുറിച്ചുള്ളതാണു് ആ നോവല്‍. അതും എനിക്കു് ആസ്വാദ്യമായി. എന്നാല്‍ തോമസ് ജോസഫിന്റെ കഥ എന്താണെന്നു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കഥാകാരന്റെ ഭാഷ സ്വാഭാവികമല്ല, ഭാവാത്മകമല്ല, അതു ദാരുമയമാണു്.

കുഞ്ഞുണ്ണി

ത-റ- തറ എന്നു പറഞ്ഞു കുട്ടിയെ പഠിപ്പിക്കുന്നതു ശരിയല്ലെന്നു കുഞ്ഞുണ്ണി അഭിപ്രായപ്പെടുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പു്). കാരണമുണ്ടു് ‘ത’ എന്നും ‘റ’ എന്നും വേറെ വേറെ ഉച്ചരിച്ചതിനു ശേഷം ‘തറ’ എന്നു ഉച്ചരിപ്പിച്ചാല്‍ ശരിയാവില്ല. തറ എന്ന വാക്കിന്റെ ഉച്ചാരണം ‘ത’ ‘റ’ ഈ അക്ഷരങ്ങളുടെ വെവ്വേറെയുള്ള ഉച്ചാരണമല്ലല്ലോ. കുഞ്ഞുണ്ണി ഒരു പടികൂടി കടക്കുന്നു. ‘തറ’ എന്ന വാക്കു് വാക്യത്തിലായാലോ? അപ്പോഴും ഉച്ചാരണം മാറുന്നു. ‘രാമന്‍ തറയിലിരുന്നു’ (ഉദാഹരണം എന്റേതു്) എന്നു പറയുമ്പോള്‍ ഒറ്റവാക്കായ ‘തറ’യ്ക്കുള്ള ഉച്ചാരണമല്ല വാക്യത്തിലെ ‘തറ’യ്ക്കുള്ള ഉച്ചാരണം. അതിനാല്‍ കുട്ടികളെ വാക്യം പറഞ്ഞു കൊടുത്തു പഠിപ്പിക്കണം. ഉച്ചാരണം അക്ഷരത്തിനല്ല, വാക്കിനല്ല, വാക്യത്തിനാണു് എന്നു് കുഞ്ഞുണ്ണി ചൂണ്ടിക്കാണിക്കുന്നു. ഈ വാദം വലിച്ചു നീട്ടിയാല്‍ എത്രവരെപ്പോകും? വാക്യം അടുത്ത വാക്യത്തോടു ചേരുമ്പോള്‍ ഉച്ചാരണത്തിനു മാത്രമല്ല അര്‍ത്ഥത്തിനും വ്യത്യാസം വരില്ലേ? ഖണ്ഡികയിലാകുമ്പോള്‍ പിന്നെയും മാറില്ലേ? ഖണ്ഡിക അദ്ധ്യായത്തിലെ പല ഖണ്ഡികകളോടു ചേര്‍ന്നു വരുമ്പോഴോ? ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളെ വച്ചു നോക്കുമ്പോള്‍ ഒറ്റ വാക്യത്തിനു് എന്തു മാറ്റം! കാലം കഴിയുമ്പോള്‍ ഗ്രന്ഥത്തിനാകെ മാറ്റം വരില്ലേ? ശ്രീ മൂലം തിരുനാളിന്റെ കാലത്തെ ആളുകള്‍ ‘രാമരാജാ ബഹദൂര്‍’ വായിച്ചിരുന്ന രീതിയില്‍ തന്നെയാണോ ഇന്നത്തെ ആളുകള്‍ ആ നോവല്‍ വായിക്കുന്നതു്? അതുകൊണ്ടു് പ്രത്യക്ഷത്തില്‍ സമഞ്ജസമെന്നു തോന്നുന്നു, കുഞ്ഞുണ്ണിയുടെ വാദം അസമഞ്ജസമത്രേ. ഇംഗ്ലീഷുകാരന്‍ സി-യു-റ്റി എന്നു് കുട്ടിയെക്കൊണ്ടു പറയിപ്പിച്ചിട്ടു് ‘കട്ട്’ എന്നു പറഞ്ഞു കൊടുക്കുന്നു. പി-യു-റ്റി എന്നു ഉച്ചരിപ്പിച്ചിട്ടു് ‘പുട്ട്’ എന്നു് പറയിക്കുന്നു. ‘യു’ എന്ന അക്ഷരത്തിനു് ഈ രണ്ടു വാക്കുകളിലും വിഭിന്നങ്ങളായ ഉച്ചാരണങ്ങല്‍. ഇതു പഠിച്ച ഒരു സായ്പ് ശിശുവും പിഴച്ചു പോയില്ല. അതുംകൊണ്ടു് ത-റ- തറ എന്നു തന്നെ കേരളത്തിലെ കുട്ടി പഠിക്കട്ടെ. അറിയാറാകുമ്പോള്‍ അവന്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിക്കൊള്ളും.

* * *

ഇതിനോടു വലിയ ബന്ധമില്ലാത്ത ഒരു കാര്യം പറയട്ടെ. ഭാഷയെക്കുറിച്ചു മൗലികങ്ങളായ സത്യങ്ങള്‍ പ്രചരിപ്പിച്ച തത്ത്വചിന്തകനായിരുന്നു വിറ്റ്ഗന്‍ ഷ്ട്രൈന്‍ (Wittgenstein). അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം വികസിക്കുന്നതു് ‘ലിങ് ഗ്വസ്റ്റിക് ഗെയിംസി’ലൂടെയാണെന്നു്. ജാം (jam) എന്ന വാക്കു കേവലാര്‍ത്ഥത്തില്‍ ജാം മാത്രമാണു്. ഖരു ലിങ് ഗ്വിസ്റ്റിക് ഗെയിമിലൂടെ മാത്രമേ അതിന്റെ അര്‍ത്ഥം നമുക്കു മനസ്സിലാകു. കടയില്‍ച്ചെന്നു നമ്മള്‍ ‘ജാം’ എന്നു പറയുമ്പോള്‍ അതൊരു ലിങ് ഗ്വസ്റ്റിക്ഗെയിമായി മാറുന്നു. വില്പനക്കാരന്‍ ജാമെടുത്തു പൊതിഞ്ഞുതരുന്നു. ഈ ഗെയിമാണു് ജാമിന്റെ അര്‍ത്ഥം നമ്മെഗ്രഹിപ്പിക്കുന്നതു്. (Tractatus വായിച്ച ഓര്‍മ്മയില്‍ നിന്നു്. പുസ്തകത്തിന്റെ പൂര്‍ണ്ണമായ പേരു് മറന്നുപോയി.)

സ്ത്രീ ചെയ്ത ദ്രോഹം

കടകളുടെ മുമ്പില്‍ ബസ്സ് കാത്തു നില്‍ക്കുന്ന തരുണികള്‍ ഷോപ്പ് വിന്‍ഡോകളില്‍ ഇരിക്കുന്ന വസ്തുക്കളെയല്ല നോക്കുന്നതു്. അവയ്ക്കു് ആവരണവും സുരക്ഷിതത്വവും നല്‍കുന്ന കണ്ണാടികളിലാണു്. അവയാണു് അവരുടെ സുന്ദര രൂപങ്ങള്‍ പ്രതിഫലിപ്പിക്കുക. വീട്ടിലിരിക്കുമ്പോള്‍ കണ്ണാടിയെടുത്തു നോക്കുന്നു. ഓഫീസുകളില്‍ ചെന്നാല്‍ പ്രൈവറ്റ് റൂമില്‍ച്ചെന്നു് ബാഗിലെ കൊച്ചു കണ്ണാടിയെടുത്തു നോക്കുന്നു.

* * *

സ്ത്രീകളാണോ അധികം സംസാരിക്കുന്നതു്? അതോ പുരുഷന്മാരോ? സംശയില്ല. സ്ത്രീകള്‍ തന്നെ. അതിനു കാരണമുണ്ടു്. പ്രവര്‍ത്തന ശക്തികള്‍ കുറവാണല്ലോ അതിനൊരു നഷ്ടപരിഹാരം എന്ന നിലയില്‍ അവര്‍ കൂടുതല്‍ സംസാരിക്കും. പുരുഷനെപ്പോലെ ജീവിതമണ്ഡലത്തില്‍ പടവെട്ടാന്‍ സ്ത്രീക്കു കഴിഞ്ഞെങ്കില്‍ അവര്‍ ഇത്രത്തോളം വാചാലതയില്‍ മുഴുകുമായിരുന്നില്ല.

സ്ത്രീകളാണോ അധികം സംസാരിക്കുന്നതു്? അതോ പുരുഷന്മാരോ? സംശയമില്ല. സ്ത്രീകള്‍ തന്നെ. അതിനുകാരണമുണ്ടു്. പ്രവര്‍ത്തനശക്തി സ്ത്രീകള്‍ക്കു കുറവാണല്ലോ. അതിനൊരു നഷ്ടപരിഹാരമെന്ന നിലയില്‍ അവര്‍ കൂടുതല്‍ സംസാരിക്കും. പുരുഷനെപ്പോലെ ജീവിത മണ്ഡലത്തില്‍ പടവെട്ടാന്‍ സ്ത്രീക്കു കഴിഞ്ഞെങ്കില്‍ അവര്‍ ഇത്രത്തോളം വാചാലതയില്‍ മുഴുകുമായിരുന്നില്ല. അതുകൊണ്ടു പുരുഷനാണു് ഭാഷ കണ്ടുപിടിച്ചതെന്ന മതം ശുദ്ധമായ ഭോഷ്കാണു്. സ്ത്രീ തന്നെയാണു ഭാഷ കണ്ടുപിടിച്ചതു്. സ്ത്രീ കണ്ടുപിടിച്ച ഭാഷയെ പുരുഷന്മാര്‍ അപമാനിച്ചു കൊണ്ടിരിക്കുന്നു. അതിനു തെളിവു് കുങ്കുമം വാരികയിലെ ‘വേലി’ എന്ന ചെറുകഥയാണു്. ‘അമ്മായിയും മരുമകളും സംഘട്ടനത്തില്‍ തള്ളയുടെ മകന്‍ കുടിച്ചുകൊണ്ടു വീട്ടിലെത്തുന്നു. എന്നിട്ടും മരുമോള്‍ വിടുന്നില്ല. അവള്‍ തള്ളയെ പുലഭ്യം പറഞ്ഞു് ഇരുത്തുന്നു. വൈഷമ്യത്താല്‍ അയാള്‍ വീണ്ടും കുടിക്കാനായി പോകുമ്പോള്‍ എല്‍. കൃഷ്ണമൂര്‍ത്തിയുടെ “കഥ” പര്യവസാനത്തിലെത്തുന്നു. സാഹിത്യത്തിന്റെ പല ഗുണങ്ങളില്‍ ഒന്നുപോലുമില്ലാത്ത ഈ സാഹസിക്യം കണ്ടു് ഭാഷ കണ്ടുപിടിച്ചു സ്ത്രീയെ ഞാന്‍ ശകാരിക്കാന്‍ ആരംഭിക്കുന്നു.

* * *

കടപ്പുറത്തെ പഞ്ചാരമണലില്‍ ഇരുന്നു് അവള്‍ അയാളോടു കൊഞ്ചിക്കൊഞ്ചി പലതും പറയുമ്പോള്‍ അയാള്‍ക്കു രോമാഞ്ചം. എന്നാല്‍ അവള്‍ പ്രഭാഷണ വേദിയില്‍ കയറി നിന്നു പത്തു മിനിറ്റ് പ്രസംഗിച്ചാല്‍ അയാള്‍ക്കു പോലും സഹിക്കാനാവില്ല. സ്ത്രീകളുടെ ‘ഹൈപിച്ച്ഡ് വോയ്സ്’ ഒരു പുരുഷനും സഹിക്കാന്‍ വയ്യ. പുരുഷന്‍ കനത്ത ശബ്ദത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ സ്ത്രീക്കു് ഇഷ്ടമാണു്. പക്ഷേ, അതേ ശബ്ദത്തില്‍ ‘വേലി’പോലുള്ള കഥകള്‍ ആഖ്യാനം ചെയ്താല്‍ എഴുന്നോറ്റു് ഓടും.

പാവം വൈലോപ്പിള്ളി

ദുഷ്ടത കാവ്യത്തിന്റെ വിഷയമാണു് പ്രസിദ്ധരായ പല കവികളും അതു വിദഗ്ദ്ധമായി കൈകാര്യം ചെയ്തിട്ടുണ്ടു്. പക്ഷേ, കാവ്യം ദുഷ്ടമാകുമ്പോള്‍ അതു് ആന്റിസോഷ്യല്‍ പ്രവര്‍ത്തനമായി മാറുന്നു. ആ വിധത്തിലുള്ള ഒരു പ്രവര്‍ത്തിയിലാണു് ഡോക്ടര്‍ കിളികൊല്ലൂര്‍ എം. ശിവദാസന്‍ ഏര്‍പ്പെട്ടിരിക്കുന്നതു്. മരിച്ചുപോയ പാവപ്പെട്ട കവി വൈലോപ്പിള്ളിയാണു് ശിവദാസന്റെ കൈകളില്‍ കിടന്നു വീണ്ടും മരണവെപ്രാളം കാണിക്കുന്നതു്.

നൂതന വര്‍ഷാഗമനം സ്വപ്നം
കണ്ടു മയങ്ങിയ നവദിനമുട്ടകള്‍
പൊട്ടിയുടഞ്ഞേപോയി കവിതയി-
ലന്നൊരു നവയുഗമവസാനിച്ചു.

ദിവസത്തെ മൂട്ടയായി കാണുന്ന ആ പ്രതിഭയുടെ ഉജ്ജ്വലത നോക്കൂ. അതു കോഴിമുട്ടയോ താറാമുട്ടയോ എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമെനിക്കു്. ഈ നാലു വരി കഴിഞ്ഞാല്‍ പിന്നെയുമുണ്ടു് ഇതുപോലെ മുപ്പതു വരികള്‍. മുഴുവനും വായിച്ചാല്‍ വായനക്കാരന്‍ മരിക്കും. കവി കിളികൊല്ലൂര്‍ ശിവദാസന്‍ ഡോക്ടറാണല്ലോ. എം.ബി.ബി.എസ്. ഡോക്ടറോ ഫിലോസഫി ഡോക്ടറോ? അലോപ്പതി ഡോക്ടറാണെങ്കില്‍ ചികിത്സ നടത്തുന്നതാണു് നല്ലതു്. അപ്പോള്‍ അദ്ദേഹത്തിന്റെ ഈ കാവ്യം പ്രയോജനപ്പെടും. അനിസ്തീറ്റിക് കൊടുത്തിട്ടും രോഗി ബോധം കെട്ടില്ലെങ്കില്‍ ഇതെടുത്തൊന്നു വായിച്ചു കേള്‍പ്പിച്ചാല്‍ മതി. ഉടനെ രോഗിക്കു ബോധക്ഷയമുണ്ടാകും (കാവ്യം മനോരമ ആഴ്ചപ്പതിപ്പില്‍, ‘വിട’ എന്നു പേരു്).

ഈ ലേഖകനും പൈങ്കിളിക്കഥാകാരന്‍

എഴുപതു വയസ്സായ കിഴവി നരച്ച മുടി കോതിയൊതുക്കി പട്ടുനാട കൊണ്ടു കെട്ടുന്നു. ചുക്കിച്ചുളിഞ്ഞ മുഖത്തു് പൗഡറിടുന്നു. വൃത്തികെട്ട ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുന്നു. എന്നിട്ടു കൂനില്ലാതെയാക്കാന്‍ വടിയൂന്നി നില്‍ക്കുന്നു. എങ്കിലും കൂനു്. ഈ കാഴ്ച കണ്ടാല്‍ വായനക്കാര്‍ക്കു് എന്തു തോന്നും? എന്തു തോന്നുമോ അതാണു് ശശിധരന്‍, ക്ലാരി മനോരാജ്യം ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘പോയ വസന്തത്തിന്റെ ചിറകില്‍’ എന്ന പൈങ്കിളിക്കഥ വായിച്ചപ്പോള്‍ എനിക്കു തോന്നിയതു്. പൈങ്കിളിക്കഥയായതുകൊണ്ടു വിഷയമെന്താണെന്നു പറയേണ്ടതില്ല. എല്ലാ പൈങ്കിളിക്കഥകള്‍ക്കും ഒരു വിഷയമേയുള്ളു.

ഞാന്‍ ആരെക്കണ്ടാലും തൊഴും. ആ വ്യക്തി പോയിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും അയാളെക്കുറിച്ചു വിചാരിക്കില്ല. ഇതു് കാപട്യം നിറഞ്ഞ പ്രവൃത്തിയാണെന്നു് പിന്നീടെനിക്കു് തോന്നിയിട്ടുണ്ടു്. വ്യക്തിയെ തൊഴുതു ബഹുമാനിക്കണമെന്നില്ല. അയാളുടെ ഗുണങ്ങളില്‍ ഏതെങ്കിലുമൊന്നു സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാല്‍ മതി. അതു ചെയ്യാതെ പൊള്ളയായ മട്ടില്‍ ഞാന്‍ കൈകൂപ്പുന്നു. ജീവിതം എതിരേ വരുമ്പോള്‍ കപടമായി തൊഴുതിട്ടു പോകുന്ന എം. കൃഷ്ണന്‍ നായരാണു് പൈങ്കിളിക്കഥാകാരന്‍. ജീവിതത്തെക്കുറിച്ചാലോചിച്ചു് നല്ല അംശങ്ങള്‍ സ്വീകരിക്കാന്‍ അയാള്‍ തയ്യാറാവുന്നില്ല.

പി.കെ. മന്ത്രി

കുരുപ്രധാനന്‍ അന്ധനായിരുന്നു. സഞ്ജയന്റെ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം മുഴുവനും കണ്ടു. ഹോമര്‍ അന്ധനായിരുന്നു. തന്റെ അസാധാരണങ്ങളായ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം മുഴുവനായും കണ്ടു. ബോര്‍ഹെസ് അന്ധനാണു്. അദ്ദേഹവും വാക്കുകളിലൂടെ ജീവിതത്തിന്റെ സവിശേഷതകളാകെ കണ്ടുകൊണ്ടിരിക്കുന്നു. വാക്കുകള്‍ കണ്ണുകളാണു്.

പി.കെ. മന്ത്രിയുടെ ‘പാച്ചുവും കോവാലനും’ എന്ന ഹാസ്യചിത്രങ്ങള്‍ പുസ്തകരൂപത്തില്‍ കോട്ടയത്തെ അമ്പിളി പബ്ളിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതു കണ്ടു ഞാന്‍ അനുഗൃഹീതനായ ആ കലാകാരനെ ഓര്‍മ്മിച്ചു് ആര്‍ദ്രങ്ങളായ നയനങ്ങളോടുകൂടി ഇരിക്കുന്നു. എന്റെ ഉപകര്‍ത്താവും സുഹൃത്തുമായിരുന്നു മന്ത്രി. അദ്ദേഹം തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ കിടക്കുന്നുവെന്നു് ഞാന്‍ വളരെ വൈകിയാണു് അറിഞ്ഞതു്. ഒരു ദിവസം ഒരാള്‍ വന്നു പറഞ്ഞു. “മന്ത്രിക്കു് നിങ്ങളെ കാണണമെന്നു പറയുന്നു. ഉടനെ പോകണം”. എന്റെ സുഹൃത്തിനു് കുറെ പണവും കൂടി കൊണ്ടു പോകാമെന്നു ഞാന്‍ കരുതി. അതുകൊണ്ടു് അന്നു പോയില്ല. അടുത്തതിന്റെ അടുത്ത ദിവസം പണം ശരിപ്പെടുത്തിവച്ചു. വൈകിട്ടേ ആശുപത്രിക്കകത്തു പ്രവേശിക്കാന്‍ പറ്റൂ. അന്നു കാലത്തെ പത്രം നിവര്‍ത്തിയപ്പോള്‍ പി.കെ. മന്ത്രി അന്തരിച്ചു എന്ന വാര്‍ത്ത കണ്ടു. അഭിവന്ദ്യനായ സുഹൃത്തേ എന്റെ പശ്ച്വാത്താപം താങ്കളുടെ ആത്മാവറിയുന്നുണ്ടോ? അറിയുന്നുണ്ടു്. നമ്മള്‍ അത്രയ്ക്കു അടുത്തവരായിരുന്നല്ലോ.

അവസാനമായി ഞാന്‍ മന്ത്രിയെ കണ്ടതു് തിരുവനന്തപുരത്തെ സെക്രിട്ടേറിയറ്റ് കെട്ടിടത്തിന്റെ മുന്‍പില്‍ വച്ചാണു്. എന്നെക്കണ്ടയുടനെ അദ്ദേഹം ചോദിച്ചു: “വേണു എവിടെ? സുഖമാണോ അയാള്‍ക്കു്?” എന്റെ മകന്‍ ഈ ലോകം വിട്ടുപോയതു് മന്ത്രി അറിഞ്ഞിരുന്നില്ല. ‍ഞാന്‍ മറുപടി നല്കി: “വേണുപോയി …” ശേഷം പറയാന്‍ ഞാന്‍ ശക്തനായില്ല. ചോദിച്ചു: മന്ത്രി “എവിടെപ്പോയി? മദ്രാസില്‍ പോകുന്നെന്നു കഴിഞ്ഞ തവണ കണ്ടപ്പോള്‍ എന്നോടു പറഞ്ഞിരുന്നു. അങ്ങോട്ടാണോ പോയതു്?” കണ്ണീരൊഴുക്കിക്കൊണ്ടു നിന്ന എന്നെ മന്ത്രി ആശ്ളേഷിച്ചു. സുഹൃത്തേ, താങ്കളും എന്റെ മകനും ഇപ്പോള്‍ തമ്മില്‍ കാണുന്നില്ലേ? എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ രണ്ടു പേരും കേള്‍ക്കുന്നില്ലേ?

* * *

തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ഹോട്ടലിലിരുന്നു് ഞാന്‍ ചായ കുടിക്കുകയായിരുന്നു. സുകുമാര്‍ അഴീക്കോടും മറ്റു രണ്ടുപേരും അവിടെ വന്നു കയറി. ആശയവിമര്‍ശന തല്പരത്വമല്ലാതെ വ്യക്തിവിദ്വേഷം എനിക്കില്ല. ‘നമസ്കാരം’ എന്നു ഞാൻ. അഴിക്കോടിനും വ്യക്തിവിദ്വേഷമില്ലെന്നു മനസ്സിലായി അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോള്‍. കൂടെയുള്ളവരെ അദ്ദേഹം പരിചയപ്പെടുത്തി. മനയ്ക്കലാത്തു്, സിറിയക്‍. “ചായയോ കാപ്പിയോ?” എന്നു ഹോട്ടലിലെ വിളമ്പുകാരന്‍. സുകുമാര്‍ അഴീക്കോടു് പറഞ്ഞു: “നല്ല ചായ”. നല്ല ചായയെന്നു പറഞ്ഞാല്‍ പ്രതിച്ഛായ. അതു കൊണ്ടു വരൂ.”

വാക്കുകള്‍ നയനങ്ങള്‍

കുരുപ്രധാനന്‍ അന്ധനായിരുന്നു. സഞ്ജയന്റെ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം മുഴുവനും കണ്ടു. ഹോമര്‍ അന്ധനായിരുന്നു. തന്റെ അസാധാരണങ്ങളായ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം സമ്പൂര്‍ണ്ണമായും കണ്ടു. ഹോമര്‍ അന്ധനായിരുന്നു. തന്റെ അസാധാരണങ്ങളായ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം സമ്പൂര്‍ണ്ണമായും കണ്ടു. ബോര്‍ഹെസ് അന്ധനാണു്. അദ്ദേഹവും വാക്കുകളിലൂടെ ജീവിതത്തിന്റെ സവിശേഷതകളാകെ കണ്ടുകൊണ്ടിരിക്കുന്നു. വാക്കുകള്‍ കണ്ണുകളാണു്. നല്ല കാഴ്ചയുള്ള മുണ്ടൂര്‍ സേതുമാധവന്‍ വാക്കുകളിലൂടെ ഒരു ദാക്ഷായണിയുടെ ദുരന്തം ദര്‍ശിക്കുന്നു. ആ സ്ത്രീയുടെ കുഞ്ഞിന്റെ ദുരന്തം കാണുന്നു. അവരെ രണ്ടു പേരെയും രക്ഷിക്കാനെത്തിയ ഒരാളിന്റെ സ്വഭാവം ദര്‍ശിക്കുന്നു. വാക്കുകള്‍ ഈ കഥയില്‍ സജീവങ്ങളാകുന്നു. ജീവനാര്‍ന്ന ആ വാക്കുകളാണു് മൂന്നുപേരുടെ ജീവിതങ്ങളിലൂടെ സാമാന്യമായ മനുഷ്യ ജീവിതത്തെ അഭിവ്യഞ്ജിപ്പിക്കുന്നതു്. ശക്തിയുള്ള ഈ കഥ ‘കഥാ’ ദ്വൈവാരികയില്‍.

മര്‍ദ്ദനം

“മര്‍ദ്ദിക്കപ്പെടുന്ന ജനങ്ങളുടെ ക്ഷമ എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്നു വിചാരിക്കരുതു്” മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞതാണിതു്. ഇതു കഥയെഴുതുന്നവരെ സംബന്ധിച്ചും ശരിയാണു്. നിര്‍മ്മലാ രാജഗോപാല്‍ ജനയുഗം വാരികയിലെഴുതിയ ‘ഉടഞ്ഞ ചില്ലകള്‍’ പോലുള്ള പറട്ടക്കഥകള്‍ എത്രകാലമായി കേരളത്തിലുള്ളവര്‍ വായിക്കുന്നു! അവരുടെ ക്ഷമ നശിക്കാറായി. ആകര്‍ഷകത്വമുള്ള ദാമ്പത്യജീവിതമായിരുന്നു അവരുടേതു്. പക്ഷേ അവള്‍ പ്രസവത്തിനു് ഭര്‍ത്താവിന്റെ വീട്ടില്‍ പോയപ്പോള്‍ അയാളുടെ അച്ഛനമ്മമാര്‍ അയാള്‍ക്കു തെറ്റിദ്ധാരണ ഉളവാക്കി. അവള്‍ മരിച്ചപ്പോള്‍ ആ തെറ്റിദ്ധാരണ നീങ്ങുന്നു. മകളെയും കൊണ്ടു് അയാള്‍ തിരിച്ചു പോരാന്‍ ഭാവിക്കുമ്പോള്‍ കഥ അവസാനിക്കുന്നു. സാര്‍ ചക്രവര്‍ത്തിമാരുടെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ റഷ്യന്‍ ജനത വിപ്ളവമുണ്ടാക്കി. വിശപ്പു സഹിക്കാനാവാതെ ഫ്രഞ്ച് ജനത ബസ്തീല്‍ ആക്രമിച്ചു തകര്‍ത്തു. ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കഴുത്തുകള്‍ മുറിച്ചു. മാര്‍ക്കസിന്റെ മര്‍ദ്ദനവും അയാളുടെ ഭാര്യയുടെ ധൂര്‍ത്തും സഹിക്കാനാവാതെ ഫിലിപ്പീന്‍സിലെ ജനത അവരെ നാട്ടില്‍ നിന്നു ഓടിച്ചു. അത്യുക്തി നടത്തുകയല്ല ഞാന‍്. ഈ മര്‍ദ്ദനപരിപാടികള്‍ക്കു സദൃശം തന്നെയാണു് ചില സ്ത്രീകളുടെ കഥാരചന. ഇമ്മട്ടിലുള്ള കഥകള്‍ക്കു് സ്ഥാനം ചവറ്റുകുട്ടയാണു്. കഥ എഴുതുന്നവര്‍ അതറിഞ്ഞില്ലെങ്കില്‍? എന്റെ അഭിവന്ദ്യസുഹൃത്തായ ആര്യാടു ഗോപിയോടു മാപ്പു ചോദിച്ചുകൊണ്ടു പറയട്ടെ. പത്രാധിപര്‍ അറിയണം.

രാക്ഷസീയത

മുകളില്‍പ്പറഞ്ഞ Conducting Bodies എന്ന നോവലില്‍ (ക്ലോദ് സീമൊങ് എഴുതിയതു്) അരക്കെട്ടിനടുത്തുവച്ചു തുടകള്‍ മുറിച്ചെടുത്ത കാലുകള്‍, പാദങ്ങള്‍ മേല്പ്പോട്ടാക്കി തൂക്കിയിട്ടിരിക്കുന്നതിനെ വര്‍ണ്ണിച്ചിട്ടുണ്ടു്. അവ സ്ത്രീകളുടെ കാലുകളാണു്. അനേകം നര്‍ത്തകികള്‍ ഒരുമിച്ചു കാലുമടക്കി ചവിട്ടുമ്പോള്‍ മുറിച്ചെടുത്ത മട്ടില്‍ അവയുടെ മുട്ടുകള്‍ മടങ്ങിയിരിക്കുന്നു. മുറിച്ചെടുത്ത കാലുകള്‍ എമ്മട്ടിലായാലും ജുഗുപ്സാവഹങ്ങളാണു്. അവ “തലതിരിച്ച്” ഷോപ്പ് വിന്‍ഡോയില്‍ വച്ചാല്‍ കൂടുതല്‍ ജുഗുപ്സാവഹം. ലാക്ഷണിക കഥ അരക്കെട്ടിനടുത്തുവച്ചു മുറിച്ചെടുത്ത കാലാണു്. ഹബീബ് വലപ്പാടു് അതിനെ ചന്ദ്രിക വാരികയില്‍ പാദം മുകളിലാക്കി തൂക്കിയിട്ടിരിക്കുന്നു. ചെറുപ്പക്കാരന്‍ വൃദ്ധന്റെ കൈയില്‍ നിന്നു താക്കോല്‍ വാങ്ങിക്കുന്നു. പൂട്ടു കാണാന്‍ വയ്യാത്തതുകൊണ്ടു് അയാള്‍ വാതില്‍ ചവിട്ടിപ്പൊളിക്കുന്നു. പ്രകാശം കണ്ണില്‍ വന്നു തറച്ചതുകൊണ്ടു് യുവാവു് തളര്‍ന്നു പോയി. എന്താണാവോ ഈ രാക്ഷസീയതയുടെ അര്‍ത്ഥം?

* * *

എന്റെ വീട്ടുമുറ്റത്തു നില്ക്കുന്ന പനിനീര്‍ച്ചെടിയില്‍ നിന്നു് ഞാന്‍ പൂക്കളിറുത്തു് എടുക്കട്ടോ? ശംഖുംമുഖം കടപ്പുറത്തു ചെന്നു വെള്ള മണലില്‍ നടന്നു മൃദുത്വം അനുഭവിക്കട്ടോ? ഒരു പിച്ചിപ്പൂവെടുത്തു പരിമളം ആസ്വദിക്കട്ടോ? ചങ്ങമ്പുഴക്കവിത വായിച്ചു് കലയുടെ തേജോമയമായ ലോകത്തേക്കു് ഉയരട്ടോ?